മൂന്ന് ഭാഗങ്ങളുള്ള ഈ നോവൽ ആരംഭിക്കുന്നത് ക്രിസ്ത്യൻ വിശ്വാസ പ്രമാണങ്ങളെ തീവ്രമായി പിന്തുടരുന്ന ഒരു കർഷക കുടുംബത്തിലെ നാല് മക്കളിൽ ഒരാളായ മാത്തീസിന്റെ മരണത്തെക്കുറിച്ചുള്ള മോശം വാർത്തയുമായാണ് .തന്റെ മൂത്ത സഹോദരനെ നഷ്ടപ്പെട്ട ആ കുടുംബത്തിലെ പത്തു വയസ്സുള്ള ജാസ് എന്ന പെൺകുട്ടിയാണ് നമ്മോടു കഥ പറയുന്നത്. ജീവിതം, മരണം, സ്വത്വം, വിശ്വാസം, ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഒരു പ്രമേയ പരിസരമാണ് നോവൽ കൈകാര്യം ചെയ്യുന്നത്.
ക്രിസ്മസിന് തൊട്ടുമുമ്പ് മൂത്തമകൻ മാത്തീസ് സ്കേറ്റിംഗിനിടെ മുങ്ങിമരിക്കുന്നു.
തന്റെ സഹോദരൻ മാത്തീസിനോടൊപ്പം ഐസ് സ്കേറ്റിംഗ് നടത്താൻ അനുവദിക്കാത്തതിൽ ദേഷ്യപ്പെടുകയും, അവളുടെ മുയലിന് പകരം അവൻ മരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തവളാണ് നിഷ്കളങ്കയും, എപ്പോഴും സ്വപ്നം കാണുന്നവളുമായ പത്തുവയസ്സുകാരി ജാസ് എന്ന പെൺകുട്ടി. സഹോദരനോടുള്ള ആ നീരസത്തിൽ നിന്നും പുറപ്പെട്ട ദൈവത്തോടുള്ള ആ പ്രാർത്ഥനയാണ് സഹോദരന്റെ മരണത്തിന് കാരണമായതെന്ന് ജാസ് ഉറച്ചു വിശ്വസിക്കുന്നു.
സ്വന്തം സങ്കടം മനസിലാക്കാനോ,അതിനെ വേണ്ടരീതിയിൽ കൈകാര്യം ചെയ്യാനോ കഴിയാത്ത ജാസ്, അവളനുഭവിക്കുന്ന യാഥാർത്ഥ്യത്തെ വളച്ചൊടിക്കുകയും,അതിനെ വികൃതമാക്കുകയും ചെയ്യുന്ന ഭയാനകമായ ചിന്തകളും ഭാവനകളും കൊണ്ട് മനസ്സ് നിറയ്ക്കുന്നു . മാത്തീസ് ജീവിച്ചിരിപ്പുണ്ടായിരുന്ന ആ പഴയ ദിവസങ്ങളിലേക്കു തിരിച്ചുപോകാൻ ജാസ് അതിയായി ആഗ്രഹിക്കുന്നുമുണ്ട് .
വേദപുസ്തകത്തിലെ വാചകങ്ങളും, ബൈബിൾ വ്യക്തികളുമായുള്ള താരതമ്യവും നോവലിൽ അവതരിപ്പിച്ചതിലൂടെ ആളുകൾക്ക് ദൈവവചനത്താൽ സ്വയം ആശ്വാസം കണ്ടെത്താൻ മാത്രമല്ല , അതിലൂടെ തങ്ങളെത്തന്നെ സ്വയം വേദനിപ്പിക്കാനും കഴിയും എന്നൊരു സൂചന എഴുത്തുകാരി വായനക്കാർക്കു തരുന്നുണ്ട്.
സങ്കീർണ്ണമായ വികാരങ്ങളെ ആകർഷകമായ രീതിയിൽ അവതരിപ്പിക്കാനുള്ള പാടവം എഴുത്തുകാരി കാണിച്ചിട്ടുണ്ട്. ജാസിന്റെ എപ്പോഴുമുള്ള വയറുവേദനയും,മലബന്ധവും , അവളുടെ സങ്കടത്തിന്റെ ഏറ്റവും വേദനാജനകവും ശാരീരികവുമായ പ്രകടനമാണ്.എങ്കിലും ആവർത്തിച്ചുള്ള ഇത്തരം വിവരണങ്ങൾ വായനക്കാരുടെ നെറ്റിചുളിപ്പിക്കാനും മറ്റും സാധ്യതയുണ്ട്. ജാസിന്റെ ആകുലതകൾ വായനക്കാർക്കുമേലും ചൊരിഞ്ഞിടാൻ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ സുഖകരമായ ഒരു പാരായണാനുഭവം ഈ നോവൽ സമ്മാനിക്കാനിടയില്ല.
ഹിറ്റ്ലറുമായി തനിക്ക് ഒരു ബന്ധമുണ്ടെന്ന് ജാസ് കരുതുന്നുണ്ട് . അതിനു കാരണമായി പറയുന്നത് അവളുടെയും ,ഹിറ്റ്ലറുടെയും ജന്മദിനം ഒരേ ദിവസമാണ് എന്നാണ്. നോവലിലെ ആഖ്യാതാവ് ഒരു പത്തുവയസ്സുകാരിയാണെന്നതുകൊണ്ടു തന്നെ അവളനുഭവിക്കുന്ന ദുഖം കൈകാര്യം ചെയ്യാൻ വിചിത്രമായ മാർഗ്ഗങ്ങൾ കണ്ടെത്തുന്നത് വായനക്കാരെ തെല്ലൊന്നു അമ്പരിപ്പിച്ചേക്കാം. അവളുടെ കാഴ്ചകളിലൂടെയാണല്ലോ നോവൽ നമ്മോടു സംസാരിക്കുന്നത്. വെറും പത്തു വയസുള്ള ഒരു പെൺകുട്ടിക്ക് ഈ പുസ്തകത്തിലെ ആഖ്യാതാവിനെപ്പോലെ ഇത്രമേൽ സങ്കീർണ്ണവും,പക്വതയാർന്നതുമായിരിക്കാൻ കഴിയുമോ എന്ന സംശയം അപ്പോഴും മുഴച്ചു നിൽക്കുന്നു.
വ്യക്തിപരമായി അനുഭവിച്ച ആഘാതത്തിൽ നിന്നും പ്രചോദിക്കപ്പെട്ട് ഒരു കലാസൃഷ്ടി പിറക്കുന്നത് ഇതാദ്യമായിട്ടൊന്നുമല്ലെങ്കിലും , റിജ്നെവെൽഡിന്റെ സായാഹ്നത്തിന്റെ ആകുലതകൾ എന്ന നോവൽ ഈ വിഭാഗത്തിന് വിലപ്പെട്ട ഒരു കൂട്ടിച്ചേർക്കലാണ് എന്ന് പറയേണ്ടിയിരിക്കുന്നു.
എഴുത്തുകാരി വളർന്നത് നെതർലാൻഡിലെ നോർത്ത് ബ്രബന്റ് എന്ന പ്രദേശത്താണ്.അവർക്കു മൂന്നുവയസുള്ളപ്പോൾ അപകടത്തിൽ മരിച്ച സഹോദരന്റെ ഓർമകൾ പുസ്തകത്തിന്റെ രചനയ്ക്ക് പ്രചോദമായിട്ടുണ്ട് . നോവലിലെ മാത്തീസിൽ അവർ തനറെ സഹോദരനെ കാണുന്നുണ്ടാകാം.കടുത്ത മതവിശ്വാസങ്ങൾ പേറുന്ന കുടുംബത്തിൽ മാന്ത്രികതയുമായി ബന്ധപ്പെട്ട വർത്തമാനങ്ങൾക്കു വിലക്കുണ്ടായിരുന്നു. എന്നിട്ടും സ്കൂൾ വിദ്യാഭ്യാസ കാലത്തു ലൈബ്രറിയിൽ നിന്നെടുത്തു വായിച്ച ഹാരിപോട്ടർ പുസ്തകമാണ് തന്നെ എഴുതാൻ പ്രേരിപ്പിച്ചതെന്ന് റിജ്നെവെൽഡ് പറയുന്നു.
ഈ നോവൽ പൂർത്തിയാക്കാൻ മാരിക്ക് ലൂക്കാസിന് ആറ് വർഷമെടുത്തു. നോവൽ 2018 ൽ പ്രസിദ്ധീകരിച്ചപ്പോൾ നെതർലാന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു. മിഷേൽ ഹച്ചിസൺ ആണ് ഇത് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത്. മലയാളത്തിലേക്ക് പരിച്ചെടുത്തിയിരിക്കുന്നത് രമാ മേനോനും. ഗ്രീൻ ബുക്ക്സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിന്റെ വില 399 രൂപ.









