മഹാഭാരതമെന്ന സമുദ്രത്തിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. അതിലെ കഥാപാത്രങ്ങൾക്ക് മേന്മയുള്ളതെന്നും, അതില്ലാത്തതെന്നുമൊക്കെയുള്ള തരംതിരിവുകളും ചർച്ചകളും പലപ്പോഴും കാണാറുമുണ്ട് . ഓരോ കഥാപാത്രവും കെട്ടിയാടേണ്ട വേഷങ്ങൾ സമയാസമയത്ത് അരങ്ങത്തു കൊണ്ടുവരാൻ വ്യാസൻ കാണിച്ച അതിബുദ്ധിയെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. അവിടെ സംഭവിക്കുന്ന ഓരോരോ സംഭവങ്ങൾക്കും ന്യായാന്യായ വിശകലനങ്ങൾക്കുള്ള സാധ്യതകൾ കൂടി തുറന്നിട്ടുകൊണ്ടാണ് ജയം എന്നറിയപ്പെടുന്ന മഹാഭാരതത്തിന്റെ സൃഷ്ടികർമ്മം വ്യാസൻ നടത്തിയിരിക്കുന്നത്. ഓരോ തവണ വായിക്കുമ്പോഴും പുതുചിന്തകളും, വ്യാഖ്യാനങ്ങളുമുണ്ടാകുന്നത് അതുകൊണ്ടാണ്.
പതിനെട്ടു ദിവസം നീണ്ടു നിന്ന അതിഘോരമായ യുദ്ധം കഴിഞ്ഞു. പുറമെ എല്ലാം ശാന്തമായി. എന്നാൽ യുദ്ധാനന്തരം കുരുവംശരാജാവിന്റെ മനസ്സിൽ എന്തൊക്കെയായിരിക്കണം കടന്നു പോയിട്ടുണ്ടാകുക. വ്യാസന്റെ അനുഗ്രഹത്താൽ ജനിച്ച മക്കളിൽ ,പെണ്ണായിപ്പറന്നതുകൊണ്ടു മാത്രം ജീവനോടെയിരുന്ന ദുശ്ശള മാത്രം അവശേഷിച്ചു. പക്ഷെ തനറെ സഹോദരന്മാരുടെ വിധവയാക്കപ്പെട്ട ഭാര്യമാരുടെ കൂടെ അവളും വിധവവേഷം കെട്ടിയാടുകയാണ്. ധൃതരാഷ്ട്രർക്ക് മക്കളിൽ ഒരാളെയെങ്കിലും കിട്ടി,പക്ഷെ മറുവശത്തു പാണ്ഡവപുത്രരിൽ ആരും തന്നെ അവശേഷിപ്പിച്ചിട്ടില്ല.യുദ്ധാനന്തരം ധർമ പുത്രർ രാജ്യഭരണമേറ്റു. സദ്ഭരണം തന്നെയാണ് നടക്കുന്നത്. എവിടേയും സമൃദ്ധിയും, സമാധാനവും തിരികെ വന്നുകൊണ്ടിരിക്കുന്നു. ധൃതരാഷ്ട്രരും , ഗാന്ധാരിയും ഹസ്തിനപുരം കൊട്ടാരത്തിൽ തന്നെയാണ്. അവരുടെ സംരക്ഷണച്ചുമലത ഇപ്പോഴത്തെ രാജാവിനു തന്നെയാണ്. ആർക്കും ഒരു പരാതിയും ഇല്ലാതെ തന്നെയാണ് രാജാവ് അതെല്ലാം നോക്കി നടത്തുന്നത്.
എല്ലാവരാലും ഒറ്റപ്പെട്ട് ,മക്കൾ നഷ്ടപ്പെട്ട ദുഖത്തിലും ആകുലതകളിലും കഴിയുന്ന ധൃതരാഷ്ട്രരുടെ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകളാണ് നോവലിലുടനീളം. ജീവിക്കാൻ ഇനിയൊരു കാരണം കണ്ടെത്തേണ്ട അയാളുടെ മനസ്സിൽ കഴിഞ്ഞ സംഭവങ്ങളെല്ലാം കടന്നു വരികയാണ്. താൻ കാരണമാണോ ഈ യുദ്ധമുണ്ടായതെന്നു അയാൾ ചിന്തിക്കുന്നു. യുദ്ധം ഒഴിവാക്കാൻ തനിക്കു കഴിയുമായിരുന്നില്ല?അമിത പുത്ര സ്നേഹത്താൽ താൻ എല്ലാത്തിനും അനുവാദം കൊടുക്കയായിരുന്നോ എന്നൊക്കെ അയാൾ ചിന്തിച്ചു കൂട്ടുന്നു. ധൃതരാഷ്ട്രരുടെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളുടെ കുരുക്കഴിക്കുയാണ് ഈ നോവലിൽ എഴുത്തുകാരൻ ചെയ്തിരിക്കുന്നത്.
കൗരവർ ഭീമൻ വിഷം നൽകി ഗംഗയിലെറിഞ്ഞതിനും, അരക്കില്ലത്തിൽ പാണ്ഡവരെ ചുട്ടുകൊല്ലാൻ നോക്കിയതിനും,ദ്രൗപദിയുടെ വസ്ത്രാക്ഷേപ സമയത്തെ മൗനത്തിനും, ചൂതുകളിക്കായി പാണ്ഡവരെ ക്ഷണിക്കാൻ പറഞ്ഞതിനും, വിദുരർ പറഞ്ഞിട്ടും പ്രിയ പുത്രൻ ദുര്യോധനനെ ഒഴിവാക്കാതെ യുദ്ധം തുടർന്നതിനും ,ഭീമനെ ഞെക്കി കൊല്ലാൻ ശ്രമിച്ചെന്ന് പറയുന്ന ധൃതരാഷ്ട്രാലിംഗനത്തിനും ധൃതരാഷ്ട്രർക്ക് അയാളുടേതായ യുക്തിയും , ന്യായവുമുണ്ട്. അതൊക്കെയാണ് ഈ നോവലിൽ അയാളുടെ ചിന്തകളിലൂടെ നമുക്ക് മൂന്നിലെത്തുന്നത്.
മനോഹരമായി തന്നെ മഹാഭാരതത്തിലെ മുഹൂർത്തങ്ങൾ കൈലാസ് നാരായണൻ എന്ന എഴുത്തുകാരൻ ഈ നോവലിൽ വരച്ചു ചേർത്തിട്ടുണ്ട്. ആഖ്യാനശൈലികൊണ്ടും , പ്രമേയം കൊണ്ടും വളരെ നിലവാരം പുലർത്തുന്ന ഒരു നോവൽ തന്നെയാണിത്. ഗ്രീൻ ബുക്ക്സ് ആണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്, വില 110 രൂപ









