അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ (Mother Mary Comes to Me)

ഓർമ്മകളും ഭാവനയും തമ്മിലുള്ള അതിർവരമ്പുകളിലൂടെയുള്ള ഒരുനീണ്ട യാത്രയാണ് അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ (Mother Mary Comes To Me) എന്ന പുസ്തകം . കേവലമൊരു ഓർമ്മക്കുറിപ്പ് എന്നതിലുപരി, ഒരു സാഹിത്യകാരിയുടെ ബോധമണ്ഡലം എങ്ങനെ രൂപപ്പെട്ടു എന്നതിന്റെ സങ്കീർണ്ണമായ ചരിത്രരേഖ തന്നെയാണ് ഈ പുസ്തകം . തന്റെ പ്രസിദ്ധമായ നോവൽ രൂപംകൊണ്ട വഴികളെയും, അതിന് അടിത്തറയായ യാഥാർത്ഥ്യങ്ങളെയും അരുന്ധതി ഇതിൽ സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുണ്ട് . സംഭവങ്ങളെ രേഖപ്പെടുത്തുക എന്നതിനേക്കാൾ, താൻ കടന്നുവന്ന കാലത്തിന്റെ സാമൂഹികവും വൈകാരികവുമായ അടരുകളെ ഒരു ആർക്കിടെക്റ്റിന്റെ കൃത്യതയോടെ അപനിർമ്മിക്കാനാണ് അവരിവിടെ ശ്രമിച്ചിരിക്കുന്നത്.

മാതൃത്വത്തിന്റെ വാഴ്ത്തപ്പെട്ട ബിംബങ്ങളെ നിഷ്കരുണം ഉടച്ചെറിയുന്ന ആഖ്യാനമാണ് ഈ കൃതിയുടെ കാതൽ. മേരി റോയ് എന്ന സ്ത്രീയെ തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിനെതിരെ പോരാടിയ ഒരു കേവല വിമോചകയായി മാത്രം കാണാതെ, യാഥാസ്ഥിതിക സുറിയാനി ക്രിസ്ത്യാനി സമൂഹത്തിൽ ഒരു ‘ഗ്യാങ്സ്റ്റർ’ ആയി ജീവിച്ച അവരുടെ സങ്കീർണ്ണതകളെ അരുന്ധതി ഇവിടെ വരച്ചുകാട്ടുന്നു. തന്റെ മകളെ കഴുത്തിലെ ഒരു ‘തിരുകല്ല്’ എന്ന് വിശേഷിപ്പിക്കുകയും നിരന്തരം മാനസികമായി മുറിവേൽപ്പിക്കുകയും ചെയ്ത അമ്മയുടെ ചിത്രം പുസ്തകം വായിച്ചു മടക്കിയാലും പെട്ടെന്നൊന്നും വായനക്കാരുടെ മനസ്സിൽ നിന്നും പോകാൻ സാധ്യതയില്ല.

പുസ്തകത്തിലെ ചില വെളിപ്പെടുത്തലുകൾ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. 1969-ൽ ഒമ്പത് വയസ്സുകാരിയായിരിക്കെ വീട്ടിൽ ആദ്യമായി കറുത്ത ബേക്കലൈറ്റ് ഫോൺ വന്നപ്പോൾ കൗതുകം കൊണ്ട് അതിന്റെ ബട്ടണുകളിൽ അമർത്തിയതിന് അമ്മ തന്നെ ‘ബിച്ച്’ എന്ന് വിളിച്ച് അപമാനിച്ച സംഭവം അവർ ഓർത്തെടുക്കുന്നുണ്ട്. അതുപോലെ, അരുന്ധതിക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്ന ഡീഡോ എന്ന വളർത്തുനായ ഒരു തെരുവുനായയുമായി ഇണചേർന്നതിന്റെ പേരിൽ അമ്മ അതിനെ വെടിവെപ്പിച്ചു കൊന്ന ദാരുണമായ അനുഭവവും ഗാർഹികമായ ഈ ഏകാധിപത്യത്തിന്റെ നേർചിത്രമാണ്. ഒരു ‘കൾട്ട്’ പോലെ പ്രവർത്തിച്ചിരുന്ന മേരി റോയിയുടെ ലോകത്ത് ശ്വാസംമുട്ടി ജീവിച്ച ബാല്യകാലം ഗ്രന്ഥകാരി അതീവ സൂക്ഷ്മതയോടെ ഇതിൽ അവതരിപ്പിക്കുന്നുണ്ട്.

വാസ്തുവിദ്യയും പലായനങ്ങളും ഈ കൃതിയിലുടനീളം ശക്തമായ രൂപകങ്ങളായി വർത്തിക്കുന്നുണ്ട്. കോട്ടയത്തെ ശ്വാസംമുട്ടിക്കുന്ന ഗാർഹികാന്തരീക്ഷത്തിൽ നിന്നും ഡൽഹിയിലെ സ്കൂൾ ഓഫ് ആർക്കിടെക്ചറിലേക്കുള്ള മാറ്റം അരുന്ധതിയുടെ വ്യക്തിത്വത്തെയും സൗന്ദര്യശാസ്ത്രത്തെയും നിർവ്വചിക്കുന്നതിൽ വലിയ പങ്കുവഹിച്ചെന്നു കാണാം. പ്രശസ്ത ആർക്കിടെക്റ്റ് ലാറി ബേക്കറുമായുള്ള കണ്ടുമുട്ടലും അദ്ദേഹത്തിന്റെ നിർമ്മാണ ശൈലിയും കലയെക്കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളെ പൂർണ്ണമായും മാറ്റിമറിച്ചു. ഗോവയിലെ കടൽത്തീരങ്ങളിൽ സുഹൃത്തിനൊപ്പം കേക്ക് വിറ്റു നടന്നതും, ഡൽഹിയിലെ ചേരികളിൽ താമസിച്ചതും, ‘മാസ്സി സാഹിബ്’ എന്ന സിനിമയിൽ അഭിനയിച്ചതുമെല്ലാം ഒരു എഴുത്തുകാരിയുടെ ആശയലോകം രൂപപ്പെട്ടതിന്റെ അനുഭവവഴികളായി ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു.

‘ദി ഗോഡ് ഓഫ് സ്മോൾ തിങ്സ്’ എന്ന നോവലിന്റെ അണിയറക്കഥകൾ വായനക്കാർക്ക് ചില ഉൾക്കാഴ്ചകൾ നൽകുന്നതാണ്. നോവലിലെ ചാക്കോ എന്ന കഥാപാത്രം യഥാർത്ഥത്തിൽ അരുന്ധതിയുടെ അമ്മാവനും ഓക്സ്ഫോർഡ് പണ്ഡിതനുമായ ജി. ഐസക് ആയിരുന്നുവെന്നും, പരാജയത്തിന്റെ കല അരുന്ധതി പഠിക്കുന്നത് അദ്ദേഹത്തിൽ നിന്നാണെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്.

കോട്ടയം ജില്ലാ കളക്ടർ മേരി റോയിയുടെ സ്കൂളിൽ ‘ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ’ എന്ന നാടകം നിരോധിച്ചതും, അതിനെതിരെ നടത്തിയ നിയമപോരാട്ടവും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മതപരമായ അസഹിഷ്ണുതയെ തുറന്നുകാട്ടുന്നു. ഡൽഹിയിലെ തന്റെ ഫ്ലാറ്റിൽ ഒരു കൊള്ളക്കാരിയെപ്പോലെ കഴിഞ്ഞിരുന്ന ഫൂലൻ ദേവിയുമായുള്ള അരുന്ധതിയുടെ കൂടിക്കാഴ്ച പുസ്തകത്തിലെ അതിശക്തമായ മറ്റൊരു ഭാഗമാണ്. ‘ബാൻഡിറ്റ് ക്വീൻ’ എന്ന സിനിമയിലെ ബലാത്സംഗ രംഗങ്ങൾ ഫൂലൻ ദേവിയുടെ സമ്മതമില്ലാതെ ചിത്രീകരിച്ചതിനെതിരെ അരുന്ധതി സ്വീകരിച്ച ഉറച്ച നിലപാടുകൾ കൃതിയുടെ രാഷ്ട്രീയമാനങ്ങളെ കൂടുതൽ വിപുലമാക്കുന്നുണ്ട്.

പരമ്പരാഗത ആത്മകഥകളെപ്പോലെ ജനനം, ബാല്യം, കൗമാരം എന്നിങ്ങനെ കാലഗണനകളെ മുൻനിർത്തിയുള്ള ഒരു സുഗമമായ ഒഴുക്കല്ല അരുന്ധതി റോയ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്. മനുഷ്യന്റെ ഓർമ്മകൾ എങ്ങനെയാണോ പ്രവർത്തിക്കുന്നത്, അതേ സ്വാഭാവികതയോടെയാണ് ഇതിലെ അധ്യായങ്ങൾ വികസിക്കുന്നതെന്നു കാണാം . ഭൂതകാലവും വർത്തമാനവും ഭാവിയും ഇതിൽ നിരന്തരം കൂട്ടിമുട്ടുന്നു.

ഉദാഹരണത്തിന്, ‘ഗ്യാങ്സ്റ്റർ’ എന്ന ആദ്യ അധ്യായം ആരംഭിക്കുന്നത് അമ്മയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ്. എന്നാൽ അവിടെനിന്നും തൊട്ടുപിന്നാലെ മൂന്ന് വയസ്സുകാരിയുടെ ഓർമ്മകളിലേക്കും, പിന്നീട് 1976-ൽ പതിനെട്ടാം വയസ്സിൽ വീടുവിട്ടിറങ്ങുന്നതിലേക്കും, തുടർന്ന് നോവലിസ്റ്റായി മാറി ബുക്കർ സമ്മാനം നേടിയ കാലത്തേക്കും ആഖ്യാനം അപ്രതീക്ഷിതമായി സഞ്ചരിക്കുന്നു. സമാനമായ കാലപ്പകർച്ചകൾ ‘ഐ ലവ് യു ഡബിൾ’ എന്ന ഭാഗത്തും കാണാം. ആറാം വയസ്സിൽ മദ്രാസിൽ നിന്നുള്ള ഒരു വിമാനയാത്രയുടെ വൈകാരികത വിവരിക്കുന്നതിനിടയിൽ, ഓർമ്മകൾ പെട്ടെന്ന് വർഷങ്ങൾക്ക് ശേഷം മുപ്പതുകളിൽ നിൽക്കുമ്പോൾ വിവാഹിതരായ സുഹൃത്തുക്കളെ സന്ദർശിക്കുന്ന അനുഭവത്തിലേക്ക് പറന്നുപോകുന്നു.

തന്റെ സഹോദരന്റെ ഇപ്പോഴത്തെ ആഡംബര ജീവിതത്തെക്കുറിച്ച് വർണ്ണിക്കുന്നതിനൊപ്പം തന്നെ, കുട്ടിക്കാലത്തെ ഗാർഹിക സംഘർഷങ്ങളിലേക്കും അവർ അനായാസം സഞ്ചരിക്കുന്നുണ്ട്.

ഒറ്റനോട്ടത്തിൽ ഓർമ്മകളുടെ ഈ പെട്ടെന്നുള്ള വ്യതിയാനങ്ങൾ വായനക്കാരുടെ ഒഴുക്കിനെ ബാധിക്കുന്നതായി തോന്നാമെങ്കിലും, യഥാർത്ഥത്തിൽ അത് വായനക്കാരനിൽ നിന്ന് കൂടുതൽ സൂക്ഷ്മമായ പങ്കാളിത്തം ആവശ്യപ്പെടുന്നുണ്ട്. കാലത്തെയും സ്ഥലത്തെയും ഭേദിക്കുന്ന ഓർമ്മകളുടെ ഈ കുത്തൊഴുക്കും കൂട്ടിമുട്ടലുകളുമാണ് ഈ കൃതിയെ കേവലമൊരു ഓർമ്മപുസ്തകം എന്നതിലുപരി, സങ്കീർണ്ണമായ ഒരു മാനസികവ്യാപാരത്തിന്റെ നേർചിത്രമാക്കി മാറ്റുന്നത്.

സാഹിത്യത്തിൽ ‘വ്യക്തിപരം എന്നത് രാഷ്ട്രീയമാണ്’ (The personal is political) എന്നൊരു പറച്ചിലുണ്ട് . അരുന്ധതി റോയിയെപ്പോലെ ആഗോള രാഷ്ട്രീയ വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന ഒരു എഴുത്തുകാരിയുടെ ഓർമ്മക്കുറിപ്പ് വായിക്കുമ്പോൾ, വായനക്കാർ സ്വാഭാവികമായും വലിയൊരു രാഷ്ട്രീയ കാൻവാസ് പ്രതീക്ഷിച്ചേക്കാം. എന്നാൽ, ഈ കൃതി അതിന്റെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നത് ഗാർഹിക സംഘർഷങ്ങളുടെയും വ്യക്തിപരമായ വൈകാരികതകളുടെയും സൂക്ഷ്മതലങ്ങളിലൂടെയാണ്.

മേരി റോയ് നടത്തിയ പോരാട്ടം വെറുമൊരു കുടുംബവഴക്കല്ല, മറിച്ച് സ്ത്രീകൾക്ക് നേരെയുള്ള വലിയൊരു വിവേചനത്തിനെതിരായ സാമൂഹിക ഇടപെടലായിരുന്നു. അത്തരത്തിൽ വളരെ വലിയ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ അഭിസംബോധന ചെയ്യാൻ കെൽപ്പുള്ള ഒരു കാൻവാസ് ഈ പുസ്തകത്തിനുണ്ട്.

പിതൃമേധാവിത്വവും ജാതിബോധവുമെല്ലാം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത് ഒരു വീട്ടിനുള്ളിലെ വ്യക്തിബന്ധങ്ങളിലാണെന്ന് ഈ കൃതി വരച്ചുകാട്ടുന്നു. തന്റെ കുടുംബാംഗങ്ങളുമായുള്ള സങ്കീർണ്ണമായ ബന്ധങ്ങളും, ബാല്യകാലത്തെ വൈകാരിക മുറിവുകളും ആഖ്യാനത്തിൽ നിറഞ്ഞുനിൽക്കുമ്പോഴും, അതൊരു കേവലമായ കുടുംബകഥയായി ചുരുങ്ങുന്നില്ല; മറിച്ച്, ഒരു വ്യക്തിയുടെ സങ്കടങ്ങൾ എങ്ങനെയാണ് ഒരു കാലഘട്ടത്തിന്റെ സാമൂഹിക പ്രശ്നങ്ങളുടെ പ്രതിഫലനമാകുന്നത് എന്ന് ഈ പുസ്തകം തെളിയിക്കുന്നു.

തുടക്കത്തിൽ പറഞ്ഞപോലെ ഭാവനയുടെയും യാഥാർത്ഥ്യത്തിന്റെയും ഇടയിലുള്ള നേർത്ത അതിർവരമ്പുകളിലൂടെയുള്ള അസാധാരണമായ ഒരു യാത്രയാണ് ഈ കൃതി.

വ്യക്തിപരമായ മുറിവുകളെ എങ്ങനെയാണ് ഒരു എഴുത്തുകാരി തന്റെ സർഗ്ഗാത്മകതയുടെ ഇന്ധനമാക്കി മാറ്റുന്നത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ‘മദർ മേരി കംസ് ടു മി’

എൻ പ്രഭാകരന്റെ ഒറ്റയാൻ നടത്തങ്ങൾ

 



മലയാള സാഹിത്യ പരിസരങ്ങളിൽ എൻ.പ്രഭാകരനെ പ്രത്യേകിച്ചു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ജീവിതത്തെയും, സാഹിത്യത്തെയും പ്രതിബദ്ധതയോടെ വീക്ഷിക്കുകയും ,തന്റെ രചനകളെ സാമൂഹികവും സാംസ്കാരികവും,രാഷ്ട്രീയവുമായ ബാധ്യതകൾക്കപ്പുറം  മനുഷ്യനെയും മനുഷ്യത്വത്തെയും വിലമതിക്കുകയും ചെയ്യുന്നു എന്ന നിലയ്ക്കായിരിക്കും എൻ പ്രഭാകരൻ എന്ന ഒരെഴുത്തുകാൻ   വ്യത്യസ്തനാകുന്നത്  .നൂറ്റമ്പതോളം കഥകളും അഞ്ചു നോവലെറ്റുകളും ആറു  നോവലുകളും രണ്ടു നാടകങ്ങളും മൂന്നു കവിതാ സമാഹരണങ്ങളും ഒരു യാത്രാപുസ്തകവും ഏതാനും ലേഖന സമാഹാരങ്ങളും ഈ എഴുത്തുകാരന്റെതായുണ്ട്. തന്റെ എഴുത്തു സപര്യയുടെ  അമ്പത്തഞ്ചാണ്ടുകൾ  പിന്നിട്ട ഈ നേരത്ത്  ഞാൻ മാത്രമല്ലാത്ത ഞാൻ എന്ന പേരിൽ ഒരു  ആത്മകഥയും  മാതൃഭൂമി ബുക്സ് പുറത്തിറക്കി കഴിഞ്ഞു. വായനയെ  ഗൗരവപ്പെട്ട സാംസ്കാരിക പ്രവർത്തനമായി കരുതുകയും ,തന്റെ കാലത്തെ സംസ്കാരത്തിന്റെ  ജൈവ പ്രക്രിയ രേഖപ്പെടുത്തുന്ന ഒരാളായി  സ്വയം നിർവചിക്കപ്പെടുകയും ചെയ്യുന്ന ഈ എഴുത്തുകാരന്റെ  മായാമനുഷ്യൻ എന്ന നോവലിനാണ് 2019 ലെ  ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്. 

എഴുത്തിനു ചില സാമൂഹിക ലക്ഷ്യങ്ങൾ വേണമെന്നുള്ള തിരിച്ചറിവ് എഴുത്തുകാരനിൽ രൂപപ്പെട്ടത് ബാലസംഘവുമായും  പിന്നീട്  ദേശാഭിമാനി സ്റ്റഡി സർക്കിളുമായും ഉണ്ടായ   ബന്ധങ്ങളാണ് . അച്ചടിച്ചു  കാണുന്നതിലെ കൗതുകവും,അതിലെ ആനന്ദവും  മാത്രം ലക്ഷ്യമാക്കി ചെയ്യേണ്ടുന്ന ഒന്നല്ല എഴുത്ത് എന്ന  ബോധ്യവും  ഒരുപക്ഷെ അവിടെ നിന്നു തന്നെയാകാം എഴുത്തുകാരന് ലഭിച്ചത് .1971 ൽ  മാതൃഭൂമി വിഷു പതിപ്പിൽ വന്ന ഒറ്റയാന്റെ കഥയാണ്  ആദ്യമായി  എൻ പ്രഭാകരൻ  പേരിൽ പ്രത്യക്ഷപ്പെട്ട ആദ്യകഥ . എൻ.പി എരിപുരമെന്നും , എരിപുരം പ്രഭാകരൻ എന്ന പേരിലുമൊക്കെ കഥകളെഴുതികൊണ്ടിരുന്ന  എഴുത്തുകാരൻ പിന്നീട് എൻ.പ്രഭാകരൻ എന്നപേരിൽ മലയാളികൾക്ക് സുപരിചിതനായി. മതത്തിലും, ദൈവത്തിലും ,വിശ്വാസമില്ലാത്ത, മതാതീതമായ ആത്മീയതയെ  സ്വീകരിക്കാൻ ഒട്ടും മടികാണിക്കാത്ത ഈ എഴുത്തുകാരന്റെ ആത്മകഥയാണ് ഞാൻ മാത്രമല്ലാത്ത ഞാൻ.
 
പുതിയ കാലത്തെ  ആർജ്‌ജവത്തോടെ അഭിമുഖീകരിക്കുകയും, ഭാവുകത്വത്തിൽ  അടിസ്ഥാനപരമായ മാറ്റം ആവശ്യപ്പെടുകയും ചെയ്യുന്ന  ഒരു കൃതി  ഉണ്ടായിക്കഴിഞ്ഞാൽ വളരെ സത്യസന്ധ്യമായ വായനയിലൂടെയും,ആരോഗ്യകരമായ  സംവാദങ്ങളിലൂടെയും അതിനെ സമൂഹത്തിന്റെ  ആന്തരിക ജീവിതത്തിലേക്ക് പ്രവേശിപ്പിക്കാൻ കെല്പുള്ള ഒരു വായന സമൂഹവും  നിരൂപകരും വേണം .പക്ഷേ മലയാളത്തിൽ ഈ രണ്ടുകൂട്ടരും  ഉണ്ടായിവരുന്നില്ല എന്നുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ് . കൃത്യവും,ക്രിയാത്മകവുമായ  നിരൂപണങ്ങളുടെ അഭാവമാണ്  മോശം സാഹിത്യ കൃതികളെ വായനക്കാരിൽ അടിച്ചേൽപ്പിക്കപ്പെടുന്നതിന്റെ പ്രധാന കാരണമെന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്. 

സാഹിത്യത്തിന്റെയും   കലകളുടെയും പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിൽ  താല്പര്യം  പുലർത്താത്ത വിദ്യാഭാസ ആശയങ്ങൾ  അവരുടെ മാനസിക ലോകത്തിനുണ്ടാക്കി  വെയ്ക്കുന്ന  നഷ്ടം നികത്താനാകാത്തതു  തന്നെയാണ് .സാഹിത്യ രചനകളിൽ  സാഹിത്യത്തെ പുറകോട്ടു തള്ളി രാഷ്ട്രീയം മുഖ്യ  വിഷയമായി വരുന്നത് എഴുത്തുകാരിലും  നല്ല വായനക്കാരിലും  മടുപ്പുണ്ടാക്കും. എഴുത്തുകാരോടും അവരുടെ കൃതികളോടും  തോന്നുന്ന വിധേയത്വവും ആരാധനയും പ്രോൽസാഹിപ്പിക്കപ്പെടരുതെന്നും  അവ നല്ല വായനയെ  സാധ്യമാക്കില്ലെന്നും അദ്ദേഹം പറയുന്നു . കൃതികളെ സംവദാത്മകമായി സമീപിക്കുന്ന ശീലം പൊതുവേ നഷ്ടപ്പെട്ടു തുടങ്ങിയ ഈ കാലത്ത്  ഇത്തരം തുറന്നു പറച്ചിലുകൾ ചിലരുടെയെങ്കിലും കണ്ണ്  തുറപ്പിക്കാൻ കഴിഞ്ഞെങ്കിൽ നന്നായിരുന്നു.

 
അന്തിമമായി എത്തിച്ചേരേണ്ട  അഭിപ്രായം  ഇന്നതാണെന്ന് സംഘാടകർ  മുൻകൂട്ടി തീരുമാനിക്കുകയാണെങ്കിൽ  ആ ചർച്ച  കൊണ്ട് പിന്നെ കാര്യമായ പ്രയോജനമൊന്നുമുണ്ടാകുകയില്ലല്ലോ? .ബൗദ്ധികമോ, വൈകാരികമോ ആയ  യാതൊരു ഉണർവ്വും  നൽകാത്ത,പുതിയ  തിരിച്ചറിവുകൾ  ഒന്നും തന്നെ ലഭിക്കാത്ത അത്തരം ചർച്ചകൾ  കുറഞ്ഞപക്ഷം   ഉയർന്ന  ഭാവുകത്വവും ദാർശനിക  ശേഷിയുമുള്ള ചിലർക്കെങ്കിലും   തങ്ങൾ  കബളിക്കപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാനിടയുണ്ട്  എന്നദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. 

ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ  അനുഭവങ്ങളുടെയും  ഓർമ്മകളുടെയും  ആവിഷ്ക്കാരത്തിന് വേണ്ടിയാണ്  തന്റെ ഈ ആത്മകഥ എഴുതാൻ  തീരുമാനിച്ചത് എന്നദ്ദേഹം പറയുന്നുണ്ട് . എഴുതാൻ  ഭയന്ന ഡയറികുറിപ്പുകൾ എന്ന അധ്യായത്തിൽ  അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ സഹോദരനെ  കുറിച്ചുള്ള ഓർമകളെ വീണ്ടെടുക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത് . അതിവൈകാരികതയില്ലാതെ തുടർന്നുള്ള അദ്ധ്യായങ്ങളിൽ  തന്റെ സഹോദരനെയും , സഹോദരന്റെ  രോഗത്തെകുറിച്ചുമാണ് പ്രധാനമായും പറഞ്ഞുപോയിട്ടുള്ളത്. ഒരുപക്ഷേ വായനക്കാരെ കൂടുതൽ പിടിച്ചിരുത്താൻ കഴിയുന്ന ഒരു ഭാഗമായിരിക്കും അത്. അനുകൂലമായ ഭൗതിക പരിസരങ്ങളും, സമൂഹം വളരെ സ്വതന്ത്രമായും സത്യസന്ധമായും  ആർജ്ജവത്തോടു കൂടിയും നിലനിർത്തുന്ന ആശയ ലോകവും പിന്തുണക്കാനുണ്ടെങ്കിൽ  വ്യക്തികൾക്കു  ഏതാണ്ട് എല്ലാ മാനസിക പ്രയാസങ്ങളെയും  അതിജീവിക്കാൻ  കഴിയും .ഒരാളുടെ സ്വത്വം  അയാൾക്കു മാത്രമായി  രൂപപ്പെടുത്താവുന്ന  ഒന്നല്ല എന്നറിവ് തന്നെയാണ് ആത്മകഥയിലെ അവസാന ഭാഗങ്ങളിലെ അദ്ധ്യായങ്ങൾ നമുക്ക് ബോധ്യപ്പെടുത്തി തരുന്നത്. അപരത്വത്തെ അസ്ഥിത്വത്തിന്റെ  അടിസ്ഥാനമാണെന്ന് അഭിപ്രായപ്പെട്ടത് മിഖായിൽ ബക്തിനാണ്. അപരത്വത്തിൽ നിന്നു മാത്രമേ ഒരാൾക്ക് തന്റെ സ്വത്വത്തെ വീണ്ടെടുക്കാൻ കഴിയൂ എന്ന  ബക്തിന്റെ വാക്കുകളാണ് ആ ഭാഗങ്ങൾ  വായിച്ചുതീർന്നപ്പോൾ മനസ്സിൽ കടന്നു വന്നത്.
സമീപകാലത്തെഴുതിയ  കളിയെഴുത്ത്  എന്ന കഥയിലെ വിവാദത്തെ കുറിച്ച് എന്തുകൊണ്ടോ തന്റെ ഈ  പുസ്തകത്തിൽ അദ്ദേഹം വിശദീകരിച്ചുകണ്ടില്ല.അതിന്റെ വിശദീകരണങ്ങൾ മറ്റു പല മാധ്യമങ്ങളിൽ കൂടി  നല്കിയിരുന്നുവെങ്കിൽ കൂടിയും  ഈ ആത്മകഥയിൽകൂടി അദ്ദേഹം അതുൾപ്പെടുത്തേണ്ടതായിരുന്നു. സ്ത്രീവിരുദ്ധമെന്ന്  വിമർശകർ ആക്ഷേപിക്കപ്പെട്ട ആ കഥയെ സംബന്ധിച്ച കൂടുതൽ വിശദീകരണങ്ങൾ വായനക്കാർ ഈ പുസ്തകത്തിൽ പ്രതീക്ഷിച്ചാൽ അവരെ കുറ്റം പറയാനൊക്കില്ലല്ലോ!
എഴുത്തുകാരന്റെ ഈ ആത്മഭാഷണങ്ങളിൽ കൃത്രിമത്വമോ മുൻസൂചിപ്പിച്ചപോലെ അതിവൈകരിതയുടെ കെട്ടഴിച്ചുവിടലോ ഒന്നും കാണാൻ കഴിയില്ല. പക്വമതിയായ ഒരെഴുത്തുകാരന് മാത്രമേ ഇത്രമേൽ ആളുകളോട് പുറംമോടികളില്ലാതെ സംവദിക്കാൻ കഴിയുകയുള്ളൂ. അങ്ങനെ നോക്കുമ്പോൾ ആത്മകഥയുടെ ഈ വായന വായനക്കാരിൽ ഒട്ടും  മുഷിച്ചിലുണ്ടാക്കുകയില്ല എന്നു തന്നെ കരുതാം. .  

ഒരു പാകിസ്ഥാൻ മലയാളിയുടെ ആത്മകഥ



നാളുകൾക്കു മുൻപ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന എഴുത്തുകാരൻ ബെന്യാമിന്റെ കറാച്ചി യാത്ര അനുഭവങ്ങൾ വായിച്ചാണ് പൊതുവെ അന്യമായ പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ വ്യത്യസ്തമായ മറ്റൊരു മുഖം കൂടി അറിയാൻ കഴിഞ്ഞത്.മാതൃഭൂമിയിലെ ആ സീരീസ് കഴിഞ്ഞതിനുശേഷം ഇരട്ടമുഖമുള്ള നഗരം എന്ന പേരിൽ ഗ്രീൻബുക്സ് ആ ആ കറാച്ചി യാത്രാ അനുഭവങ്ങൾ പുസ്തകമാക്കുകയുണ്ടായി. ആ പുസ്തകം പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ രാഷ്ട്രീയമുഖങ്ങളെക്കുറിച്ചൊന്നും അധികം വെളിപ്പെടുത്തുകയുണ്ടായില്ല.അല്ലെങ്കിലും എഴുത്തുകാരന്റെ  അത്തരം യാത്രകളിലെ പരിമിതമായ സമയം കൊണ്ട് അതുപോലുള്ള ഗൗരവ വിഷയങ്ങളെ അടയാളപ്പെടുത്തിയിടുക അത്ര എളുപ്പവുമല്ല. 

 
ബിയാത്തീൽ  മൊഹിയുദ്ദീൻ കുട്ടി എന്ന ബി എം കുട്ടിയുടെ ആത്മകഥയുടെ പേരാണ് ഒരു പാകിസ്ഥാൻ മലയാളിയുടെ ആത്മകഥ. Sixty years in self exile no regrets:No Regrets എന്ന ഇംഗ്ലീഷ് പുസ്തകം മലയാളത്തിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് പക്ഷെ എ വിജയരാഘവനാണ്. 

1930 ൽ  മലപ്പുറം ജില്ലയിലെ തിരൂരിലാണ് മൊയ്തീൻ  കുട്ടിയുടെ ജനനം. വിദ്യാർത്ഥി കാലഘട്ടത്തിൽ അദ്ദേഹം സോഷ്യലിസ്റ്റ്,ഇടതുപക്ഷ രാഷ്ട്രീയ വീക്ഷണങ്ങളിൽ ആകർഷിക്കപ്പെടുകയും കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിൽ ചേരുകയും ചെയ്തു.കുടുംബത്തിൽ നിന്ന് ആരെയും അറിയിക്കാതെ പാകിസ്ഥാനിലേക്ക് പോകുമ്പോൾ അദ്ദേഹത്തിന് വയസ്സ് വെറും 19 മാത്രം.1949 ലായിരുന്നു അത്. അന്നുമുതൽ അദ്ദേഹം പാകിസ്ഥാൻ ഇടതുപക്ഷ രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടു.  പാകിസ്താനിലെത്തിയപ്പോഴാണ് പേരിലെ മൊയ്തീൻകുട്ടി ,മൊഹിയുദ്ദീൻ കുട്ടി ആയി മാറിയത്. 

സാധരണക്കാരായ ഹിന്ദുക്കളും,നല്ലവരായ ജന്മികളും ലഹളക്കാരുടെ യാതൊരുവിധ ഉപദ്രവത്തിനും ഇടയായില്ല എന്നദ്ദേഹം 1921 ലെ മാപ്പിള ലഹളയെ കുറിച്ച് പരാമർശിച്ചിട്ടുള്ളത്. അതുപോലെ അന്ന് വളരെ ഒച്ചപ്പാടുണ്ടാക്കിയ മുസ്ലിം പ്രമാണിയായ ഖാൻ ബഹാദൂർ കിളിയമണ്ണിൽ ഉണ്ണീൻ സാഹിബ് മതം മാറി കിളിരൂർ രാമസിഹൻ എന്ന പേര് സ്വീകരിച്ചതിനെ  ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെയും കുറിച്ച് പുസ്‌തകത്തിന്റെ തുടക്കത്തിൽ  വിവരിച്ചിട്ടുണ്ട്.(രാമസിംഹൻ എന്നൊരു നോവൽ ഈയിടെ കയ്യിൽ കിട്ടുകയുണ്ടായി.മേല്പറഞ്ഞ  സംഭവത്തെ ആസ്പദമാക്കിയെഴുതിയ ഒരു പുസ്തകമാണത്. അതെ പറ്റി മറ്റൊരു കുറിപ്പിൽ കൂടുതലായി പറയാം)

വിഭജനാന്തര പാകിസ്ഥാനിലെ അരക്ഷിതാവസ്ഥയിൽ പിടിച്ചു നിൽക്കുക അത്ര എളുപ്പമായിരുന്നില്ല ,പക്ഷെ കുട്ടി  അതിനെയെല്ലാം അതിജീവിക്കുക തന്നെ ചെയ്തു .കേരളത്തിൽ നിന്ന് കറാച്ചിയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചും  എന്തുകൊണ്ടാണ് താൻ പാകിസ്ഥാനിൽ താമസിക്കാൻ തീരുമാനിച്ചതെന്നും വിശദമായി പുസ്തകത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷെ പാകിസ്ഥാൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയുടെ ‘നിങ്ങൾ എന്തിനാണ് പാകിസ്ഥാനിൽ വന്നത്? ബീഹാറികളിൽ നിന്നും യുപിക്കാരിൽ  നിന്നും ഡെൽഹിക്കാരിൽ നിന്നും വ്യത്യസ്തനാണ് നിങ്ങൾ.കേരളം എന്ന സ്വർഗ്ഗം വിട്ടുപോരാൻ നിങ്ങൾക്ക് നിർബന്ധിത സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല.നിങ്ങൾക്കിഷ്ടപ്പെട്ട രാഷ്ട്രീയവും അവിടെയുണ്ടായിരുന്നു.പിന്നെ എന്തിനാണ് നിങ്ങൾ അതെല്ലാം ഉപേക്ഷിച്ചു ഇങ്ങോട്ടു പോന്നത്’ എന്ന ചോദ്യത്തിന് മുൻപിൽ വ്യകതമായ ഒരു ഉത്തരം കൊടുക്കാനാവാതെ കുട്ടി പരുങ്ങുകയാണുണ്ടായത് . 

1972 ൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗവർണറായിരുന്ന ഗോസ്  ബക്ഷ് ബിസെൻജോയുമായുള്ള ബന്ധമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായത് . ബലൂചിസ്ഥാൻ ഗവർണറുടെ രാഷ്ട്രീയ സെക്രട്ടറിയായി ഇരുന്നുകൊണ്ട്  തന്റെ പ്രവർത്തന മേഖല വിപുലീകരിക്കാനും കുട്ടിയ്ക്ക് കഴിഞ്ഞു .വിദേശ ഏജന്റാണെന്നാരോപിക്കപ്പെട്ട്  ഒന്ന് രണ്ടു വർഷങ്ങൾ ജയിലിൽ കിടക്കുകയുമുണ്ടായി. 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ പീസ് കോളിഷന്റെ ജനറൽ സെക്രട്ടറിയായിരുന്നു കുട്ടി.
അറുപതുവർഷത്തെ സ്വയംസ്വീകരിച്ച  പ്രവാസജീവിതത്തിലെ വിവരങ്ങളാണ് അദ്ദേഹത്തിന്റെ ഈ ആത്മകഥയിലുള്ളത്. പാകിസ്താനിലെ നമ്മളധികവും അറിയാത്ത രാഷ്ട്രീയ നീക്കുപോക്കുകളുടെയും, സംഭവങ്ങളെയും ഈ പുസ്തകം അടയാളപ്പെടുത്തിയിട്ടുണ്ട്.


അയൂബ് ഭരണത്തിന്റെ നാലുവർഷങ്ങൾ വളരെ വിശദമായി തന്നെ പുസ്തകം കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷെ 1965  ലെ ഇന്ത്യയുമായുള്ള യുദ്ധസാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം സ്വന്തമൊരു അഭിപ്രായം പറഞ്ഞിട്ടില്ല. അത് മാത്രമല്ല 1965 ൽ ജനുവരിയിൽ നടന്ന താഷ്കന്റ് പ്രഖ്യാപനത്തിനു ശേഷം നടന്ന ശാസ്ത്രിയുടെ മരണത്തെകുറിച്ചോ ഒരു ചെറു വിവരം പോലുമില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന യുദ്ധങ്ങളെ കുറിച്ച് നാമമാത്രമായ പരാമർശമേ പുസ്തകത്തിലുള്ളൂ. ആ യുദ്ധങ്ങളുടെ പിന്നിൽ ഉണ്ടായിരുന്ന  രാഷ്ട്രീയ സാഹചര്യങ്ങൾ എന്തുകൊണ്ടാണ് അദ്ദേഹം വിട്ടു കളഞ്ഞതെന്നന്നറിഞ്ഞുകൂടാ. ഇനി അഥവാ യുദ്ധങ്ങളെക്കുറിച്ചു അഭിപ്രായം പറയേണ്ടി വരുന്ന ഏതെങ്കിലും നിർബന്ധിത സാഹചര്യം ഉണ്ടായാൽ തന്നെ ആ വിഷയത്തിൽ മറ്റുള്ളവർ നടത്തിയ  ഏതെങ്കിലും  അഭിപ്രായത്തെ അതേ പടി പകർത്തുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. മുഷറഫിന്റെ കാലത്തു നടന്ന കാർഗിൽ യുദ്ധത്തിന്റെ കാര്യവും ഇക്കാര്യത്തിൽ വ്യത്യസ്ഥമല്ല. 

പാക്കിസ്ഥാനിലാണെങ്കിലും ഇടയ്ക്കിടെ കേരത്തിൽ വരാറുള്ള ബിഎം കുട്ടി ഇ എം എസ്സും ,സുർജിത്തുമായുള്ള കൂടിക്കാഴ്ചയുടെ ഓർമ്മകൾ പങ്കുവെക്കുന്നുണ്ട്. പക്ഷെ നായനാരെ കുറിച്ച് പറഞ്ഞ പരാമർശം എന്തുകൊണ്ടോ വ്യക്തമായില്ല. പ്രാപ്തനെങ്കിലും അല്പം മുൻകോപിയാണ് എന്നാണദ്ദേഹം നായനാരെക്കുറിച്ചു എഴുതിയിരിക്കുന്നത്. ആദ്യത്തേതിൽ ഒട്ടും സംശയമില്ലാത്ത കാര്യമാണെങ്കിലും രണ്ടാമത് പറഞ്ഞിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലും, അനുഭവത്തിലുമാണ് എന്നദ്ദേഹം കൂട്ടി ചേർത്തിട്ടില്ല. 

ഇന്ത്യയിലെ പുതുതലമുറയുടെ സാമ്രജ്യത്വ വിരുദ്ധ പോരാട്ടത്തിലെ അലംഭാവത്തെ അദ്ദേഹം കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനെ പോലെ ഒരു ഏഷ്യൻ യൂണിയൻ രൂപീകരിച്ചു    ഐക്യത്തിനായി പരിശ്രമിക്കണം എന്നദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

വിഭജനവും അതിനു ശേഷമുള്ള ഇന്ത്യയുമായുള്ള യുദ്ധങ്ങളും, പട്ടാള അട്ടിമറിയും, അധികാരത്തിലിരുന്നിരുന്ന പ്രമുഖരുടെ തൂക്കിലേറ്റലും, ബേനസീർ ഭൂട്ടോയുടെ കൊലപാതകവും, പർവേസ് മുഷറഫിന്റെ സമയത്തുണ്ടായ  കാർഗിൽ യുദ്ധവും, ഇപ്പോഴത്തെ ഇമ്രാൻഖാന്റെ കാലത്തുണ്ടായ സംഭവ പരമ്പരകളുമൊക്കെയാണ്  പാകിസ്താനെ കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തുന്നത്. മുഖ്യധാരാ സംഭവങ്ങളൊഴികെ,അതിനുമപ്പുറം പാകിസ്താനിൽ നടക്കുന്ന   രാഷട്രീയ മാറ്റങ്ങളും,മുന്നേറ്റങ്ങളും ,ചരടു വലികളുമൊക്കെ അറിയാനും  പരിമിതികളുമുണ്ട്.
  അതുകൊണ്ടാകണം അമ്മട്ടിൽ നമുക്കൊരു പുസ്തകമില്ലായെന്നത് ഈ  പുസ്തകത്തിന്റെ മൂല്യം വളരെ വർദ്ധിപ്പിക്കുന്നുണ്ടെന്ന്   ഈ പുസ്തകത്തിന്റെ അവതാരികയിൽ എം എൻ കാരശ്ശേരി എഴുതിയത്.

യുപി കാരിയായ  ബിർജിസ് സിദ്ദിഖിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ . തന്റെ ആത്മകഥയുടെ മലയാളം പരിഭാഷ പുറത്തിറങ്ങികാണണമെന്നു അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു , പക്ഷെ ആ ആഗ്രഹം ബാക്കിയാക്കി  2019 ഓഗസ്റ്റ് 25 ന് എൺപത്തിയൊമ്പതാമത്തെ  വയസ്സിൽ അദ്ദേഹം  അന്തരിച്ചു. മനോരമ ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് , വില 495 രൂപ.