മനോരഞ്ജൻ ബ്യാപാരിയുടെ ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം

അന്നൊരു ശനിയാഴ്ചയായിരുന്നു പതിവിലും തിരക്കു തോന്നിച്ച ആ ദിവസം, നരച്ച മുടിയുള്ള,കണ്ണട വച്ച ഒരു വൃദ്ധയായ സ്ത്രീ കൈയ്യിലൊരു ബാഗുമായി അയാളുടെ റിക്ഷയിൽ വന്നു കയറി.അവരുടെ ആ രൂപവും   കൈയ്യിലുള്ള ബാഗുമൊക്കെ കണ്ടപ്പോൾ  അവരൊരു    അദ്ധ്യാപികയായിരിക്കണം എന്നയാൾ  ഊഹിച്ചു.

                                       
ജാദവ്പൂരിലേക്കായിരുന്നു അവർക്ക് പോകേണ്ടിയിരുന്നത്. യാത്രാമദ്ധ്യേ അയാൾ അവരോടൊരു സംശയം ചോദിച്ചു. ചാണക്യ സെൻ എഴുതിയ ഒരു പുസ്തകത്തിലെ വിഷമം പിടിച്ച ഒരു വാക്ക് നാളുകളായി  അര്‍ത്ഥമറിയാതെ അയാളുടെ നാവിൽ കിടന്നു കുഴങ്ങുന്നുണ്ടായിരുന്നു. ജിജിബിഷ എന്നായിരുന്നു ആ വാക്ക്. അതിന്റെ അർത്ഥമായിരുന്നു അയാൾക്കറിയേണ്ടിയിരുന്നത്.ചോദ്യം കേട്ട് അവർ  തെല്ലൊന്നമ്പരന്നുവെന്നയാൾക്കു തോന്നി. 

“ജിജിബിഷ എന്നാൽ ജീവിക്കാനുള്ള ഇച്ഛ . എന്നാൽ ഈ വാക്ക് നിങ്ങൾക്ക് എവിടെ നിന്ന് ലഭിച്ചു”? ആ സ്ത്രീ ചോദിച്ചു. 
“ഒരു പുസ്തകത്തിൽ നിന്നാണ്”. അവർ അയാളോട് അയാൾ എത്ര വരെ പഠിച്ചെന്നും മറ്റും ചോദിച്ചു. 
സ്കൂളിൽ പോയിട്ടില്ലെന്നും,സ്വന്തമായി കുറച്ചു പഠിച്ചതാണെന്നും അയാൾ മറുപടി പറഞ്ഞു.  

അയാളെപ്പോലുള്ള അധ്വാനിക്കുന്ന ആളുകൾ എഴുതുന്ന ഒരു മാഗസിൻ താൻ  പ്രസിദ്ധീകരിക്കുന്നുണ്ടെന്നും  അതിലേക്കായി അയാൾ എഴുതുകയാണെങ്കിൽ അതിൽ പ്രസിദ്ധീകരിക്കാമെന്നവർ പറഞ്ഞു. എന്തെഴുതണം എന്ന ആശയകുഴപ്പത്തിൽപ്പെട്ട അയാളോട് റിക്ഷാവാല എന്ന നിലയിലുള്ള നിങ്ങളുടെ ജീവിതം തന്നെ എഴുതുക എന്നവർ നിർദ്ദേശിച്ചു. മുന്പെഴുതിയിട്ടില്ലെങ്കിലും  താൻ അതിനു ശ്രമിക്കുമെന്നും,എഴുതി കഴിഞ്ഞാൽ അവരെയത് ഏല്പിക്കാമെന്നുമയാൾ ഉറപ്പു കൊടുത്തു. ജാദവ്പൂരിലെത്തിയപ്പോൾ  ഒരു ചെറുകഷ്ണം കടലാസിൽ അവർ തന്റെ വിലാസമെഴുതി അയാളെ എൽപ്പിച്ചു. 
കുറിപ്പിലെ അവരുടെ പേര് വായിച്ച് ആ റിക്ഷാക്കാരൻ അമ്പരന്നു പോയി. താൻ ഇത്ര നേരം സംസാരിച്ചുകൊണ്ടിരുന്നത് ബംഗാളി സാഹിത്യത്തിലെ തന്നെ പ്രശസ്തയായ  ഒരു വ്യക്തിയോടാന്നു അപ്പോൾ മാത്രമാണ് അയാൾക്ക് ബോധ്യമായത്.മഹാശ്വേതാ ദേവിയായിരുന്നു യാത്രക്കാരിയായ 
ആ വൃദ്ധ.റിക്ഷാ വാലയുടെ പേര് മനോരഞ്ജൻ ബ്യാപാരിയെന്നും. 1981 ൽ തന്റെ ആദ്യ ലേഖനം ‘ റിക്ഷാ ചലായ്  എന്ന പേരിൽ ദേവിയുടെ മാസികയായ ബർത്തികയിൽ  പ്രസിദ്ധീകരിച്ചു വരികയും ചെയ്തു.മനോരഞ്ജൻ ബ്യാപാരിയുടെ എഴുത്തുജീവിതം അവിടെ തുടങ്ങുകയായിരുന്നു. 

മനോരഞ്ജൻ ബ്യാപാരിയുടെ 2019 ൽ പുറത്തിറങ്ങിയ നോവലാണ് ‘ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം’.നക്സൽബാരി പ്രസ്ഥാനം ബംഗാളിൽ ശക്തി സംഭരിച്ചുകൊണ്ടിരുന്ന എഴുപതുകളുടെ തുടക്കമാണ് നോവൽ പരിസരം കൈകാര്യം ചെയ്യുന്നത്.  യുവതീ-യുവാക്കൾ തങ്ങളുടെ വീടുപേക്ഷിച്ചു ഫ്യൂഡൽ മാടമ്പികളുടെയും, ഭരണകൂടത്തിന്റെയും കൈയ്യിൽ നിന്നും ഭൂമി വീണ്ടെടുക്കാൻ ആയുധങ്ങളെടുത്തു പോരാടിക്കൊണ്ടിരിക്കയും അവരിൽ നിരവധി പേർ കൂട്ടത്തോടെ ജയിലുകളിൽ അടക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്ന കാലഘട്ടത്തെയാണ് ബ്യാപാരി നോവലിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. 

 നീതിന്യായ വ്യവസ്ഥയുടെ കാപട്യം, സാമൂഹികപരമായ  വർഗ്ഗീയത, മനുഷ്യത്വരഹിതമായ പെരുമാറ്റം, ജയിലിനുള്ളിൽ സൃഷ്ടിക്കപ്പെടുന്ന ഭിന്നിപ്പുകൾ തുടങ്ങി ജയിൽ മതിലുകൾക്കുള്ളിൽ നടക്കുന്ന നിരവധി കാര്യങ്ങൾ നോവലിൽ കടന്നു വരുന്നുണ്ട്. അത്തരമൊരു ജയിലിൽ എത്തപ്പെട്ട അഞ്ച് നക്സലുകൾ  ഒരു ജയിൽ തകർക്കാൻ പദ്ധതിയിടുകയാണ് . അവരുടെ വിപ്ലവം തുടരണമെങ്കിൽ അവർ സ്വയം സ്വതന്ത്രരാകണം. അവരുടെ വിധിയിൽ അവർക്കു പരാതികളില്ല ,പരിഭവങ്ങളില്ല.തങ്ങൾക്കു എന്ത് സംഭവിച്ചാലും ഭരണകൂട അധികാരം പിടിച്ചെടുത്ത് വിപ്ലവകരമായ ഒരു പരിവർത്തനം നടത്തണമെന്നു അവർ സ്വപനം കണ്ടു. 

പുതുതായി നിയമിതനായ ജയിലറായ ബിരേശ്വർ മുഖർജിയുടെ കഥ പറഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. ഇരുപത്തഞ്ചു വർഷത്തെ സർവീസ്  അനുഭവപരിചയമുണ്ടായിട്ടും  തനറെ ജയിലിലെ പ്രത്യക സെല്ലിൽ കിടക്കുന്ന നക്സലുകളെ  അദ്ദേഹം ഭയപ്പെടുന്നു.അവരുടെ നീക്കങ്ങളെ ശ്രദ്ധിക്കാനും പദ്ധതികളെ ചോർത്താനും ജയിൽ ഉദ്യോഗസ്ഥർ ഒരു ചെറുകിട കള്ളനായ ഭഗൊബാനെ പോലുള്ള ചില ചാരന്മാരെയും നിയോഗിച്ചിട്ടുണ്ട് . ജയിലിലെ ഡോക്ടറുടെ കഥാപാത്രം നക്‌സൽ പ്രത്യയശാസ്ത്രത്തെ നിസ്സംഗതയോടെ ഉയർത്തിപ്പിടിക്കുന്ന ഒന്നാണ്. 

തന്റെ ജയിൽ ജീവിതത്തിന്റെ അനുഭവ വെളിച്ചത്തിൽ ജയിലിലെ സംഭവങ്ങളെ സൂക്ഷ്മമായി തന്നെ വിശദീകരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട് എഴുത്തുകാരൻ. ജയിലിനുള്ളിലെ  കഥാപാത്രങ്ങളുടെ ,അത് വലുതോ, ചെറുതോ പ്രധാനപ്പെട്ടതോ അല്ലാത്തതോ ആകട്ടെ അവരുടെയെല്ലാം കഥകൾ നമുക്ക് മുന്നിലെത്തുന്നുണ്ട്. വിശപ്പും ദാരിദ്ര്യവും തന്നെയാണ് ആ കഥകൾക്ക് പിന്നിലെ പൊതുവായ വിഷയങ്ങൾ. നോവലിൽ ഒരു കേന്ദ്ര കഥാപാത്രം ഇല്ല എന്നുള്ളതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. നോവലിലുടനീളം  മനുഷ്യ വികാരങ്ങളെയും,അവരുടെ അനുഭവങ്ങളുടെ തീവ്രതകളെയും പര്യവേക്ഷണം ചെയ്യാനാണ് എഴുത്തുകാരൻ ശ്രമിച്ചിട്ടുള്ളത്. ഒരു പക്ഷെ തന്റെ ജയിൽജീവിതം എഴുത്തുകാരനെ അത്രമേൽ സ്വാധീനിച്ചിട്ടുണ്ടാകണം. ഓരോ കഥാപാത്രങ്ങളെയും 
വിപ്ലവം, സ്വാതന്ത്ര്യം, വിശ്വസ്തത, കപട ദേശീയത ,കുറ്റബോധം, വിശ്വാസവഞ്ചന, ത്യാഗം, കടമ എന്നിവയുടെയൊക്കെ ഓരോരോ  പ്രതീകങ്ങളായി  ബന്ധിപ്പിച്ചു നിർത്താൻ ചെറുതല്ലാത്ത ഒരു ശ്രമം നടത്തിയിട്ടുണ്ട്. 

സംഭവബഹുലമാണ് മനോരഞ്ജൻ ബ്യാപാരിയുടെ എഴുത്തു ജീവിതത്തിനു മുൻപുള്ള ജീവിതം. 1950 ൽ മുൻ കിഴക്കൻ പാകിസ്ഥാനിലെ ഒരു ഗ്രാമത്തിലാണ് മനോരഞ്ജൻ ബ്യാപാരിയുടെ ജനനം.വിഭജനശേഷം  ഇന്ത്യയിലെ പശ്ചിമ ബംഗാളിൽ കുടിയേറുകയായിരുന്നു കുടുംബം
. പശുക്കളെയും ,ആടുകളേയും മേച്ചു നടക്കുകയും, അതിനു ശേഷം ചായക്കടകളിലും, ഹോട്ടലുകളിലും പണി ചെയ്തു നടന്നിരുന്നതിനാൽ സ്‌കൂളിൽ പോക്ക് എന്നൊരു സംഗതി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. നക്സലിസ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായിരുന്നു ബ്യാപാരി,അത് പക്ഷെ ജയിലിൽ കിടക്കാനും കാരണമായി. അവിടെ വച്ചാണ് എഴുതാനും ,വായിക്കാനും പഠിച്ചത്. മഹാശ്വേതാ ദേവിയുമായുള്ള കണ്ടുമുട്ടലായിരുന്നു എഴുത്തുജീവിതത്തിലേക്കു കാലെടുത്തുവെയ്ക്കാനിടയായത്. 

 നിരവധി ഉപന്യാസങ്ങൾക്കും കവിതകൾക്കും പുറമെ പന്ത്രണ്ട് നോവലുകളും നൂറിലധികം ചെറുകഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്.My Chandal Life: An Autobiography of a Dalit എന്ന തന്റെ ആത്മകഥയ്ക്ക് ബംഗ്ലാ അക്കാദമി യുടെ  സുപ്രഭ മജുംദാർ പുരസ്‌കാരം  കിട്ടുകയുണ്ടായി . 2018 ൽ ഇതേ കൃതിക്ക് ഹിന്ദു അവാർഡും ലഭിക്കുകയുണ്ടായി. 

കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ തിരുവനന്തപുരത്തു വച്ച് നടന്ന മാതൃഭൂമി  ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്‌സിൽ (MBFIL 2020) അദ്ദേഹം പങ്കെടുക്കുകയുണ്ടായി.അതിനു ശേഷം ഏകദേശം ഒരു വർഷം  കഴിയുമ്പോഴേക്കും അദ്ദേഹത്തിന്റെ രണ്ടു പുസ്തകങ്ങൾ മലയാളത്തിലേക്ക് വന്നു. ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധവും, അമാനുഷികും ആണ് ആ പുസ്തകങ്ങൾ . രണ്ടും പുറത്തിറക്കിയിരിക്കുന്നത് വെസ്റ്റ്ലാൻഡ് ന്റെ തന്നെ ‘ഏക’ യാണ്.

2019 ലെ മാൻ ബുക്കർ ഇന്റർനാഷൻ നേടിയ ജോഖ അൽഹാരിസിയുടെ നിലാവിന്റെ പെണ്ണുങ്ങൾ, അവരുടെ തന്നെ മധുര നാരകം തുടങ്ങിയ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഇബ്രാഹിം ബാദ്ഷാ വാഹിയാണ് ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം എന്ന പുസ്തകവും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.

ഒരു പാകിസ്ഥാൻ മലയാളിയുടെ ആത്മകഥ



നാളുകൾക്കു മുൻപ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന എഴുത്തുകാരൻ ബെന്യാമിന്റെ കറാച്ചി യാത്ര അനുഭവങ്ങൾ വായിച്ചാണ് പൊതുവെ അന്യമായ പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ വ്യത്യസ്തമായ മറ്റൊരു മുഖം കൂടി അറിയാൻ കഴിഞ്ഞത്.മാതൃഭൂമിയിലെ ആ സീരീസ് കഴിഞ്ഞതിനുശേഷം ഇരട്ടമുഖമുള്ള നഗരം എന്ന പേരിൽ ഗ്രീൻബുക്സ് ആ ആ കറാച്ചി യാത്രാ അനുഭവങ്ങൾ പുസ്തകമാക്കുകയുണ്ടായി. ആ പുസ്തകം പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ രാഷ്ട്രീയമുഖങ്ങളെക്കുറിച്ചൊന്നും അധികം വെളിപ്പെടുത്തുകയുണ്ടായില്ല.അല്ലെങ്കിലും എഴുത്തുകാരന്റെ  അത്തരം യാത്രകളിലെ പരിമിതമായ സമയം കൊണ്ട് അതുപോലുള്ള ഗൗരവ വിഷയങ്ങളെ അടയാളപ്പെടുത്തിയിടുക അത്ര എളുപ്പവുമല്ല. 

 
ബിയാത്തീൽ  മൊഹിയുദ്ദീൻ കുട്ടി എന്ന ബി എം കുട്ടിയുടെ ആത്മകഥയുടെ പേരാണ് ഒരു പാകിസ്ഥാൻ മലയാളിയുടെ ആത്മകഥ. Sixty years in self exile no regrets:No Regrets എന്ന ഇംഗ്ലീഷ് പുസ്തകം മലയാളത്തിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് പക്ഷെ എ വിജയരാഘവനാണ്. 

1930 ൽ  മലപ്പുറം ജില്ലയിലെ തിരൂരിലാണ് മൊയ്തീൻ  കുട്ടിയുടെ ജനനം. വിദ്യാർത്ഥി കാലഘട്ടത്തിൽ അദ്ദേഹം സോഷ്യലിസ്റ്റ്,ഇടതുപക്ഷ രാഷ്ട്രീയ വീക്ഷണങ്ങളിൽ ആകർഷിക്കപ്പെടുകയും കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിൽ ചേരുകയും ചെയ്തു.കുടുംബത്തിൽ നിന്ന് ആരെയും അറിയിക്കാതെ പാകിസ്ഥാനിലേക്ക് പോകുമ്പോൾ അദ്ദേഹത്തിന് വയസ്സ് വെറും 19 മാത്രം.1949 ലായിരുന്നു അത്. അന്നുമുതൽ അദ്ദേഹം പാകിസ്ഥാൻ ഇടതുപക്ഷ രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടു.  പാകിസ്താനിലെത്തിയപ്പോഴാണ് പേരിലെ മൊയ്തീൻകുട്ടി ,മൊഹിയുദ്ദീൻ കുട്ടി ആയി മാറിയത്. 

സാധരണക്കാരായ ഹിന്ദുക്കളും,നല്ലവരായ ജന്മികളും ലഹളക്കാരുടെ യാതൊരുവിധ ഉപദ്രവത്തിനും ഇടയായില്ല എന്നദ്ദേഹം 1921 ലെ മാപ്പിള ലഹളയെ കുറിച്ച് പരാമർശിച്ചിട്ടുള്ളത്. അതുപോലെ അന്ന് വളരെ ഒച്ചപ്പാടുണ്ടാക്കിയ മുസ്ലിം പ്രമാണിയായ ഖാൻ ബഹാദൂർ കിളിയമണ്ണിൽ ഉണ്ണീൻ സാഹിബ് മതം മാറി കിളിരൂർ രാമസിഹൻ എന്ന പേര് സ്വീകരിച്ചതിനെ  ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെയും കുറിച്ച് പുസ്‌തകത്തിന്റെ തുടക്കത്തിൽ  വിവരിച്ചിട്ടുണ്ട്.(രാമസിംഹൻ എന്നൊരു നോവൽ ഈയിടെ കയ്യിൽ കിട്ടുകയുണ്ടായി.മേല്പറഞ്ഞ  സംഭവത്തെ ആസ്പദമാക്കിയെഴുതിയ ഒരു പുസ്തകമാണത്. അതെ പറ്റി മറ്റൊരു കുറിപ്പിൽ കൂടുതലായി പറയാം)

വിഭജനാന്തര പാകിസ്ഥാനിലെ അരക്ഷിതാവസ്ഥയിൽ പിടിച്ചു നിൽക്കുക അത്ര എളുപ്പമായിരുന്നില്ല ,പക്ഷെ കുട്ടി  അതിനെയെല്ലാം അതിജീവിക്കുക തന്നെ ചെയ്തു .കേരളത്തിൽ നിന്ന് കറാച്ചിയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചും  എന്തുകൊണ്ടാണ് താൻ പാകിസ്ഥാനിൽ താമസിക്കാൻ തീരുമാനിച്ചതെന്നും വിശദമായി പുസ്തകത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷെ പാകിസ്ഥാൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയുടെ ‘നിങ്ങൾ എന്തിനാണ് പാകിസ്ഥാനിൽ വന്നത്? ബീഹാറികളിൽ നിന്നും യുപിക്കാരിൽ  നിന്നും ഡെൽഹിക്കാരിൽ നിന്നും വ്യത്യസ്തനാണ് നിങ്ങൾ.കേരളം എന്ന സ്വർഗ്ഗം വിട്ടുപോരാൻ നിങ്ങൾക്ക് നിർബന്ധിത സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല.നിങ്ങൾക്കിഷ്ടപ്പെട്ട രാഷ്ട്രീയവും അവിടെയുണ്ടായിരുന്നു.പിന്നെ എന്തിനാണ് നിങ്ങൾ അതെല്ലാം ഉപേക്ഷിച്ചു ഇങ്ങോട്ടു പോന്നത്’ എന്ന ചോദ്യത്തിന് മുൻപിൽ വ്യകതമായ ഒരു ഉത്തരം കൊടുക്കാനാവാതെ കുട്ടി പരുങ്ങുകയാണുണ്ടായത് . 

1972 ൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗവർണറായിരുന്ന ഗോസ്  ബക്ഷ് ബിസെൻജോയുമായുള്ള ബന്ധമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായത് . ബലൂചിസ്ഥാൻ ഗവർണറുടെ രാഷ്ട്രീയ സെക്രട്ടറിയായി ഇരുന്നുകൊണ്ട്  തന്റെ പ്രവർത്തന മേഖല വിപുലീകരിക്കാനും കുട്ടിയ്ക്ക് കഴിഞ്ഞു .വിദേശ ഏജന്റാണെന്നാരോപിക്കപ്പെട്ട്  ഒന്ന് രണ്ടു വർഷങ്ങൾ ജയിലിൽ കിടക്കുകയുമുണ്ടായി. 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ പീസ് കോളിഷന്റെ ജനറൽ സെക്രട്ടറിയായിരുന്നു കുട്ടി.
അറുപതുവർഷത്തെ സ്വയംസ്വീകരിച്ച  പ്രവാസജീവിതത്തിലെ വിവരങ്ങളാണ് അദ്ദേഹത്തിന്റെ ഈ ആത്മകഥയിലുള്ളത്. പാകിസ്താനിലെ നമ്മളധികവും അറിയാത്ത രാഷ്ട്രീയ നീക്കുപോക്കുകളുടെയും, സംഭവങ്ങളെയും ഈ പുസ്തകം അടയാളപ്പെടുത്തിയിട്ടുണ്ട്.


അയൂബ് ഭരണത്തിന്റെ നാലുവർഷങ്ങൾ വളരെ വിശദമായി തന്നെ പുസ്തകം കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷെ 1965  ലെ ഇന്ത്യയുമായുള്ള യുദ്ധസാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം സ്വന്തമൊരു അഭിപ്രായം പറഞ്ഞിട്ടില്ല. അത് മാത്രമല്ല 1965 ൽ ജനുവരിയിൽ നടന്ന താഷ്കന്റ് പ്രഖ്യാപനത്തിനു ശേഷം നടന്ന ശാസ്ത്രിയുടെ മരണത്തെകുറിച്ചോ ഒരു ചെറു വിവരം പോലുമില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന യുദ്ധങ്ങളെ കുറിച്ച് നാമമാത്രമായ പരാമർശമേ പുസ്തകത്തിലുള്ളൂ. ആ യുദ്ധങ്ങളുടെ പിന്നിൽ ഉണ്ടായിരുന്ന  രാഷ്ട്രീയ സാഹചര്യങ്ങൾ എന്തുകൊണ്ടാണ് അദ്ദേഹം വിട്ടു കളഞ്ഞതെന്നന്നറിഞ്ഞുകൂടാ. ഇനി അഥവാ യുദ്ധങ്ങളെക്കുറിച്ചു അഭിപ്രായം പറയേണ്ടി വരുന്ന ഏതെങ്കിലും നിർബന്ധിത സാഹചര്യം ഉണ്ടായാൽ തന്നെ ആ വിഷയത്തിൽ മറ്റുള്ളവർ നടത്തിയ  ഏതെങ്കിലും  അഭിപ്രായത്തെ അതേ പടി പകർത്തുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. മുഷറഫിന്റെ കാലത്തു നടന്ന കാർഗിൽ യുദ്ധത്തിന്റെ കാര്യവും ഇക്കാര്യത്തിൽ വ്യത്യസ്ഥമല്ല. 

പാക്കിസ്ഥാനിലാണെങ്കിലും ഇടയ്ക്കിടെ കേരത്തിൽ വരാറുള്ള ബിഎം കുട്ടി ഇ എം എസ്സും ,സുർജിത്തുമായുള്ള കൂടിക്കാഴ്ചയുടെ ഓർമ്മകൾ പങ്കുവെക്കുന്നുണ്ട്. പക്ഷെ നായനാരെ കുറിച്ച് പറഞ്ഞ പരാമർശം എന്തുകൊണ്ടോ വ്യക്തമായില്ല. പ്രാപ്തനെങ്കിലും അല്പം മുൻകോപിയാണ് എന്നാണദ്ദേഹം നായനാരെക്കുറിച്ചു എഴുതിയിരിക്കുന്നത്. ആദ്യത്തേതിൽ ഒട്ടും സംശയമില്ലാത്ത കാര്യമാണെങ്കിലും രണ്ടാമത് പറഞ്ഞിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലും, അനുഭവത്തിലുമാണ് എന്നദ്ദേഹം കൂട്ടി ചേർത്തിട്ടില്ല. 

ഇന്ത്യയിലെ പുതുതലമുറയുടെ സാമ്രജ്യത്വ വിരുദ്ധ പോരാട്ടത്തിലെ അലംഭാവത്തെ അദ്ദേഹം കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനെ പോലെ ഒരു ഏഷ്യൻ യൂണിയൻ രൂപീകരിച്ചു    ഐക്യത്തിനായി പരിശ്രമിക്കണം എന്നദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

വിഭജനവും അതിനു ശേഷമുള്ള ഇന്ത്യയുമായുള്ള യുദ്ധങ്ങളും, പട്ടാള അട്ടിമറിയും, അധികാരത്തിലിരുന്നിരുന്ന പ്രമുഖരുടെ തൂക്കിലേറ്റലും, ബേനസീർ ഭൂട്ടോയുടെ കൊലപാതകവും, പർവേസ് മുഷറഫിന്റെ സമയത്തുണ്ടായ  കാർഗിൽ യുദ്ധവും, ഇപ്പോഴത്തെ ഇമ്രാൻഖാന്റെ കാലത്തുണ്ടായ സംഭവ പരമ്പരകളുമൊക്കെയാണ്  പാകിസ്താനെ കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തുന്നത്. മുഖ്യധാരാ സംഭവങ്ങളൊഴികെ,അതിനുമപ്പുറം പാകിസ്താനിൽ നടക്കുന്ന   രാഷട്രീയ മാറ്റങ്ങളും,മുന്നേറ്റങ്ങളും ,ചരടു വലികളുമൊക്കെ അറിയാനും  പരിമിതികളുമുണ്ട്.
  അതുകൊണ്ടാകണം അമ്മട്ടിൽ നമുക്കൊരു പുസ്തകമില്ലായെന്നത് ഈ  പുസ്തകത്തിന്റെ മൂല്യം വളരെ വർദ്ധിപ്പിക്കുന്നുണ്ടെന്ന്   ഈ പുസ്തകത്തിന്റെ അവതാരികയിൽ എം എൻ കാരശ്ശേരി എഴുതിയത്.

യുപി കാരിയായ  ബിർജിസ് സിദ്ദിഖിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ . തന്റെ ആത്മകഥയുടെ മലയാളം പരിഭാഷ പുറത്തിറങ്ങികാണണമെന്നു അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു , പക്ഷെ ആ ആഗ്രഹം ബാക്കിയാക്കി  2019 ഓഗസ്റ്റ് 25 ന് എൺപത്തിയൊമ്പതാമത്തെ  വയസ്സിൽ അദ്ദേഹം  അന്തരിച്ചു. മനോരമ ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് , വില 495 രൂപ. 

സ്റ്റീവ് അൻഡേഴ്സന്റെ മധ്യവേനൽ അവധിക്കാലം -ഒന്നാം പുസ്തകം

 

കുട്ടിക്കാലത്തെക്കുറിച്ച് ആലോചിക്കാൻ ശ്രമിച്ചാൽ നിരവധി കാര്യങ്ങൾ ചിലപ്പോൾ നമ്മുടെ മനസ്സിലേക്കോടി വരും.വീട്ടിൽ നടന്ന മറക്കാൻ പറ്റാത്ത സംഭവങ്ങൾ,അമ്മൂമ്മയുടെയും,മുത്തച്ഛന്റേയും കൂടെയുള്ള അനുഭവങ്ങൾ, അവർ പറഞ്ഞു തന്നിരുന്ന പല പല കഥകൾ,അവധിക്കാലത്തെ യാത്രകൾ, അച്ഛനോ അമ്മയോ  വായിച്ചു കേൾപ്പിച്ചു തന്നിരുന്ന  ബാലമാസികകളിലെ കഥകൾ ,അവധി ദിവസങ്ങളിൽ മുടങ്ങാതെ കണ്ടിരുന്ന കാർട്ടൂണുകൾ,  ടിവി പരിപാടികൾ, ട്യൂഷന് പോക്ക്,സ്കൂൾ കാലഘട്ടത്തിലെ ആദ്യ പ്രണയം,സ്കൂളിലെ കൂട്ടുകാരുമൊന്നിച്ചുള്ള സാഹസികവും അല്ലാതെയുമുള്ള യാത്രകൾ.. എന്നിങ്ങനെ പറയാൻ തുടങ്ങിയാൽ നിരവധിയുണ്ട്. 


സ്റ്റീവ് ആൻഡേഴ്സന്റെ മധ്യവേനൽ അവധിക്കാലം എന്ന ഒന്നാം പുസ്തകവും കൈകാര്യം ചെയ്യപ്പെടുന്ന വിഷയം ഏതാണ്ടിതൊക്കെ  തന്നെയാണ്. കാലദേശസ്ഥലികൾ മാറിയാലും അവയിൽ മേല്പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊന്ന് കാണാതിരിക്കില്ല. 

ഗോവയിലെ കലാൻഗുട്ടിൽ  ബാർ എക്ലിപ്സ് എന്ന ബാർ നടത്തുകയാണ് ലണ്ടൻകാരിയയായ കാരെനും ഭർത്താവ് ക്രെയ്‌ഗും.തന്റെ  ആ പ്രിയപ്പെട്ട ബാറിലിരുന്നുകൊണ്ടു  നോവലിന്റെ ആഖ്യാതാവും നായകനുമായ സ്റ്റീവ് തന്റെ ബാല്യകാല ഓർമകളെ കുറിച്ച് പങ്കുവെയ്ക്കുകയാണ് മധ്യവേനൽ അവധിക്കാലം :അത് നീയായിരുന്നോ ? എന്ന ആദ്യ പുസ്തകത്തിൽ. പുരുഷന്മാരുടെ മനസ്സ് വായിക്കാൻ അതിവിദഗ്ദ്ധരാണ് സ്ത്രീകൾ എന്നാണ് സ്റ്റീവ്ന്റെ അഭിപ്രായം. കാരെന്റെ  നിർബന്ധത്തിനു വഴങ്ങി  സ്റ്റീവ് തന്റെ ഓർമ്മകളുടെ ആ നല്ല കാലത്തെ  കുറിച്ചു   മനസ്സ് തുറക്കുന്ന രീതിയിലാണ്  നോവൽ അവതരിപ്പിച്ചിട്ടുള്ളത്. 

1974 ജൂണിലെ ഒരു സ്കൂൾ അവധി വേനൽക്കാലത്ത്, പതിനൊന്ന് വയസ്സുള്ള സ്റ്റീവ് ,പത്ത് വയസ്സുള്ള ലോറൈനെ ആദ്യമായി കണ്ടുമുട്ടുന്നതും ,അന്ന് മുതൽ  പ്രായപൂർത്തിയാകുന്നതിലേക്കുള്ള അവരുടെ യാത്രകളുമാണ് ഈ പുസ്തകത്തിലുള്ളത് . നമ്മുടെ ചിലരുടെയെങ്കിലും  ബാല്യകാലത്തെക്കുറിച്ചോർക്കുമ്പോൾ കടന്നു വരാൻ സാധ്യതയുള്ള സാഹസികത നിറഞ്ഞ യാത്രകളും,അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമൊക്കെ തന്നെയാണ് സ്റ്റീവിനും പറയാനുള്ളത്. ബാല്യകാലത്തെ നിഷ്കളങ്കമായ ജിജ്ഞാസകളും,അത് സൃഷ്ടിക്കുന്ന സങ്കീർണ്ണത നിറഞ്ഞ യാത്രകളും, ആശയകുഴപ്പങ്ങളുമൊക്കെ  ഇവിടെയും  കടന്നു വരുന്നുണ്ട്. കുട്ടിക്കാലത്തു വളരെ ആഗ്രഹിച്ച ഒരു വസ്തു സ്വന്തമാക്കാൻ പണിപ്പെടുകയും  അത് കൈയ്യിൽ കിട്ടുന്ന നിമിഷം വരെ അനുഭവിക്കുന്ന ആകാംക്ഷയും, ഉത്കണ്ഠയുമൊക്കെ വായനക്കാരിലും സൃഷ്ടിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു . നാളുകൾക്കു ശേഷം ഒരു പ്രത്യേക സാഹചര്യത്തിൽ അവർക്കു പിരിയേണ്ടിവരികയും, മുതിരുന്നതോടെ കുട്ടിക്കാലത്തുണ്ടായിരുന്ന അവരുടെ ആ നിഷ്കളങ്കത മങ്ങുകയും ,ലോകത്തിന്റെ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ പുറപ്പെട്ടിറങ്ങുന്ന  അവരുടെ മറ്റൊരു വശവും നമുക്കിതിൽ കാണാം.ലോറൈനെ കണ്ടെത്താനുള്ള  സ്റ്റീവിന്റെ ശ്രമങ്ങളെ കുറിച്ചാണ് നോവലിന്റെ അവസാന ഭാഗത്തുള്ളത്. ഒന്നാം പുസ്തകം അവസാനിക്കുന്നതും അതെ കുറിച്ചു പറഞ്ഞുകൊണ്ടാണ്. ഇതിന്റെ രണ്ടാം ഭാഗം ഉടനെ പ്രതീക്ഷിക്കാവുന്നതാണ്. 
 
വളരെ എളുപ്പത്തിൽ വായിച്ചു തീർക്കാവുന്ന ഒരു ചെറു പുസ്തകമാണിത്. അമീഷിന്റെ രാവണൻ,ചേതൻ ഭഗത്തിന്റെ  105-ാം മുറിയിലെ പെണ്‍കുട്ടി തുടങ്ങിയ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കബനി സി തന്നെയാണ് ഈ പുസ്തകം നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. വീസീ ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.  

കാളിദാസന്റെ മേഘസന്ദേശവും കെ പി സുധീരയുടെ പ്രണയദൂതും



സംസ്കൃത സാഹിത്യത്തിലെ ത്രിമൂർത്തികളിലൊരാളായാണ് കാളിദാസനെ വിശേഷിപ്പിക്കുന്നത്. 
പ്രകൃതി വർണ്ണനകളേയും ,ഉപമകളേയും ധാരാളമായി,അതിവിദഗ്ദ്ധമായി  ഉപയോഗപ്പെടുത്തിയിട്ടുള്ള കവിയാണ് കാളിദാസൻ. കുന്തളേശ്വര ദൌത്യം പോലുള്ള   നാല്പതിലധികം കൃതികളുടെ അവകാശം  കാളിദാസന്റെ മേൽ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും വെറും ഏഴെണ്ണം  മാത്രമാണ് അദ്ദേഹത്തിന്റെതായി ഉറപ്പിച്ചു പറയാൻ കഴിഞ്ഞിട്ടുള്ളൂ. 

കാളിദാസന്റെ വ്യക്തിജീവിതത്തെ കുറിച്ച് അധികമൊന്നും ലഭ്യമല്ല. ലഭ്യമായതിൽ പലതും ഐതീഹ്യങ്ങളിൽ പൊതിഞ്ഞതും, അതിശയോക്തികളുമാണ്. ഇരിക്കുന്ന കൊമ്പു മുറിയ്ക്കുന്ന ഒരു വിഡ്ഡിയിൽ നിന്നും കാളീദേവിയുടെ അനുഗ്രഹത്താൽ വിദ്വാനായ കഥയാണ് അതിൽ ഏറ്റവും പ്രശസ്തം.നീലകണ്ഠൻ എന്നു പേരായ ബ്രഹ്മണ്നായിരുന്നു കാളിദാസൻ എന്ന മറ്റൊരു  കഥ  കൂടിയുണ്ട്. അതല്ല ലങ്കയിലെ രാജാവായ കുമാരദാസന്റെ സുഹൃത്തായിരുന്നുവെന്നും പറയുന്നുണ്ട്. അനേകം വിക്രമാദിത്യന്മാർ ഉണ്ടായിരുന്നതുകൊണ്ട്  ഏതു വിക്രമാദിത്യന്റെ സദസ്സിലായിരുന്നു കാളിദാസൻ എന്നും വ്യക്തമല്ല. 

കാളിദാസനെ കുറിച്ച് ഇവിടെ പറയുമ്പോൾ മാരാരെ കുറിച്ച് പറയാതിരിക്കാനാവില്ല. കാളിദാസ കൃതികളെ കുറിച്ച് അത്രമേൽ പഠനങ്ങൾ നടത്തിയിട്ടുണ്ട് മാരാർ. കാളിദാസന്റെ നാല് കൃതികൾക്കെ മാരാർ പരിഭാഷ തയ്യാറാക്കിയിട്ടുളളൂ, കുമാര സംഭവം,  രഘുവംശം ,മേഘസന്ദേശം,അഭിജ്ഞാന ശാകുന്തളം എന്നിവയാണവ. 

സാഹിത്യത്തിൽ സന്ദേഹകാവ്യങ്ങൾക്ക് വഴികാട്ടിയായി ഭവിച്ചത് മേഘസന്ദേശമാണെന്നാണ് പറയപ്പെടുന്നത്.പ്രിയജന വിരഹം മനുഷ്യ മനസ്സിനെ എങ്ങനെ ബാധിക്കുന്നുവെന്നതാണ് മേഘസന്ദേശത്തിന്റെ ഉള്ളടക്കം. മേഘസന്ദേശം പിറന്നതിനു പിന്നിൽ ഒരു കഥയുണ്ട്. 

വിക്രമാദിത്യത്തിന്റെ സദസ്സിൽ കാളിദാസന്റെ കവിതകൾ കേളക്കാൻ നിരവധിയാളുകൾ കാത്തു നിന്നിരുന്നു. കൊട്ടാരകെട്ടിനകത്തും ഒരാൾ അദ്ദേഹത്തിന്റെ കവിതകൾക്കായി അക്ഷമയോടെ ഇരുന്നിരുന്നു. മറ്റാരുമല്ല , രാജാവിന്റെ സഹോദരിയായിരുന്നുവത്. കാളിദാസന്റെ കവിതകൾക്കായി കാത്തുകൊടുത്തിരുന്നവൾ പിന്നീട് കാളിദാസനെ മാത്രം കാത്തിരിപ്പായി. കാവ്യ പൂജ, കവി പൂജയിലേക്ക് വഴിമാറി. കാളിദാസനിൽ അസൂയയുണ്ടായിരുന്ന മറ്റു പണ്ഡിതർ ഈ വിവരം രാജാവിനെ അറിയിച്ചു. കാളിദാസന്റെ ആസ്ഥാന പദവിയിൽ കണ്ണും നട്ടിരുന്ന ആ ഉപജാപകസംഘത്തിന്റെ വാക്കുകൾ രാജാവു വകവെച്ചില്ലെങ്കിലും ,അതിന്റെ പിന്നിലുള്ള സത്യമറിയണമെന്ന് തീരുമാനിച്ചു. അവരുടെ കഥയിൽ കാര്യമുണ്ടെന്ന് ബോധ്യപ്പെട്ട രാജാവ് കാളിദാസനെ കൊട്ടാരത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നതിൽ നിന്നും വിലക്കി. ദൂരെ എവിടെയെങ്കിലും ഒരു വർഷകാലയളവിൽ മാറി തമാസിക്കാനായിരുന്നു ഉത്തരവ്. കണ്ണകന്നാൽ മനസ്സകന്നു എന്നാണല്ലോ , ആ ഒരു വർഷം കൊണ്ട് കുമാരിയുടെ മനസ്സുമാറ്റി ഒരു രാജകുമാരനെക്കൊണ്ട് കുമാരിയുടെ വിവാഹം കഴിപ്പിച്ചു കൊടുക്കാമെന്നാണ് രാജാവു കണക്കുകൂട്ടിയത്. 
ഒരു യക്ഷന്റെ വിരഹകഥ മനസ്സിലുണ്ടായിരുന്ന കാളിദാസൻ ആ വിരഹകാലം ഒരു കാവ്യമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. അവിടെ താൻ യക്ഷനും, രാജകുമാരിയെ യക്ഷപത്നിയുമായി അവരോധിച്ച് രചിച്ചതാണ് മേഘസന്ദേശം. വിരഹമാണ് കാവ്യോല്പത്തിക്ക് കാരണമെങ്കിലും മുഖ്യ വിഷയം ആ വേർപാട് മാത്രമല്ല ,മറിച്ച് പ്രണയത്തിന്റെയും ,പ്രകൃതിയുടേയും കൂടി കാവ്യമാണ്. 

ആദ്യം മനസ്സിലാക്കേണ്ടത്,മനസ്സിലുറപ്പിക്കേണ്ടത് മേഘസന്ദേശം പരമാർത്ഥത്തിൽ ഒരു സന്ദേശം പറഞ്ഞേൽപ്പിക്കലല്ലെന്നാണ് മാരാർ  പറയുന്നത് . പുറമെയുള്ള സന്ദേശരൂപം ഇതിലെ ഭാവനാ ലാവണ്യത്തിനു ചാർത്തിക്കൊടുത്ത ഒരു കസവണി സാരിയാണ്.അതുകൊണ്ടാണ് യക്ഷനും മേഘവും രണ്ടല്ല ഒന്നു തന്നെയാണെന്ന് അദ്ദേഹം പറയുന്നത്.  അതിനുള്ള കാരണവും മാരാർ അക്കമിട്ട്  നിരത്തുന്നുണ്ട്. 
മേഘ സന്ദേശത്തിൽ കാളിദാസൻ  എഴുതിനിർത്തിയിടത്തിനു ഒരു അവസാനം വന്നിട്ടില്ല എന്ന് കരുതി നാലഞ്ചു ശ്ലോകങ്ങൾ കൂടി ആരോ ചിലർ എഴുതി ചേർത്തിട്ടുണ്ടെന്നും  മാരാർ ആരോപിച്ചിട്ടുണ്ട്. മേഘ സന്ദേശത്തിന് ശേഷം മലയാളമുൾപ്പെടെയുള്ള  നിരവധി ഭാഷകളിൽ നിരവധി സന്ദേശ കാവ്യങ്ങൾ ഉണ്ടായി. 

കാളിദാസനെ പ്രശസ്തിയിലേക്ക് ഉയർത്തിവിട്ട നഗരമാണ് ഉജ്ജയിനി, തന്റെ പ്രണയിനിയെ നഷ്ടപ്പെടുത്തിയതും അതേ ഉജ്ജയിനി തന്നെ . തന്റെ പ്രിയപ്പെട്ട നഗരമായതുകൊണ്ടാകണം മേഘസന്ദേശത്തിലും ഉജ്ജയിനിയെ കുറിച്ച് പരാമർശമുണ്ട്.  വഴിയിലെ കാഴ്ചകളെല്ലാം കണ്ട് വേണ്ടത്ര ആസ്വദിച്ചു വേണം യാത്രയെന്നു യക്ഷൻ മേഘത്തോട് പറയുന്നുണ്ടല്ലോ . വഴിയല്പം വളഞ്ഞാലും  വേണ്ടില്ല ,ഉജ്ജയിനി കാണാതെ പോകരുത് എന്നും  കൂടിച്ചേർക്കുന്നുണ്ട്. ഓ.എൻ.വി യുടെ ഉജ്ജയിനി എന്ന പേരിലുള്ള കവിതയും ആ നഗരത്തെ അധികമായി തന്നെ വിവരിക്കുന്നുണ്ട്.  പ്രത്യേക സംഭവങ്ങലൊന്നും കൂടാതെ തന്നെ വളരെ ചെറിയ സംഭവമെടുത്ത് വർണ്ണിച്ചിരിക്കുകയാണ് മേഘസന്ദേശത്തിൽ  കാളിദാസൻ ചെയ്തിരിക്കുന്നത് . 

ആകാശത്ത് കുട്ടികൊമ്പനെ പോലെ തോന്നിക്കുന്ന മേഘകൂട്ടത്തിനോട്  നായകൻ തന്റെ പ്രണയ സന്ദേശം പ്രണയിനിയ്ക്ക് എത്തിക്കാൻ വേണ്ടി  പറഞ്ഞ് കേൾപ്പിക്കുന്നതാണല്ലോ മേഘസന്ദേശം. ആ സന്ദർഭത്തോടു  ചേർന്നു നിന്നുകൊണ്ടുള്ള ഒരു നോവൽ ആവിഷ്കാരമാണ് കെ പി സുധീര പ്രണയദൂത്  എന്ന നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.  മേഘസന്ദേശത്തിലെ  നായകനും നായികയ്ക്കും യഥാര്‍ത്ഥത്തിൽ ഒരു പേരില്ല എങ്കിലും ഇവിടെ യക്ഷന് ആരൂഡൻ  എന്നും നായികയ്ക്കു പൂർണ്ണിമയെന്നും പേരുകൾ നല്കിയിട്ടുണ്ട് എഴുത്തുകാരി. തന്റെ പ്രണയിനി  പൂർണ്ണിമയോടുള്ള വികാര വിക്ഷോഭത്തിന്റെ വിസ്ഫോടനമാണ്  ആരൂഡൻ എന്ന ​വിരഹിയായ  യക്ഷൻ  പ്രകടിപ്പിക്കുന്നത്. 

കളിദാസനെപ്പോലൊരു മഹാപണ്ഡിതന്റെ കൃതിയെ ആധാരമാക്കി നോവലെഴുതുക എന്ന സാഹസികതയെ അവിശ്വസനീയമായി രേഖപ്പെടുത്തിയിരിക്കുന്നത് എഴുത്തുകാരിയുടെ വിനയമായി മാത്രമേ കാണാനാകൂ. പ്രണയദൂത് ഒരിക്കലും കാളിദാസന്റെ മേഘസന്ദേശവുമായി താരതമ്യം ചെയ്യാനാവില്ല.  മേഘസന്ദേശത്തിന്റെ പദാനുപദ മലയാള പരിഭാഷയോ, വ്യാഖാനമോ ഒന്നുമല്ല ഈ നോവലെന്നുള്ളത് തന്നെയാണതിന്റെ കാരണം  .പക്ഷേ കാളിദാസന്റെ മേഘസന്ദേശം മലയാള ഭാഷയിലേക്ക് ഒരു പരകായ പ്രവേശം നടത്തിരിക്കുകയാണ് എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാകില്ല. 

കവിതയിൽ അനുയോജ്യമായ പദങ്ങൾ കണ്ടെത്തുക ശ്രമകരമായ ഒരു വസ്തുതയാണ്. കാവ്യഭംഗിയക്ക് അത്യന്തം സൂക്ഷ്മതയോടെ,കണിശതയോടെ പദങ്ങളുടെ തെരഞ്ഞെടുപ്പുകളിൽ ഔചിത്യം പുലർത്തിയ കവിയാണ് കാളിദാസൻ.  ഈ നോവലിലും അതേ സൂക്ഷ്മതയോടെ വാക്കുകളെയും, പ്രയോഗങ്ങളെയും നിരത്തിയിട്ടുണ്ട് എഴുത്തുകാരി.  പേരറിയാത്ത അനേകവൃക്ഷങ്ങളുടെ തലപ്പുകളിൽ ആനന്ദ നൃത്തം ചെയ്യുന്ന കാറ്റിന്റെ പ്രണയകോലാഹലങ്ങൾ ഞാൻ ആർത്തിയോടെ കണ്ടു നിന്നു എന്ന പോലെയുള്ള നോവലിലെ വാചകങ്ങൾ തന്നെ നോക്കുക . ഗദ്യരൂപത്തിലായിരുന്നിട്ടു കൂടി ആസ്വാദനാത്മകതയിൽ തെല്ലും വിട്ടു വീഴ്ചയില്ലാതെ എഴുതിയ ഒരു നോവലാണ്  പ്രണയദൂത് . നോവലിൽ കാളിദാസൻ സൃഷ്ടിച്ചു വച്ചിട്ടുള്ള ഒരു ജൈവമണ്ഡലത്തെ തികച്ചും തന്റേതായ രീതിയിൽ ഭാഷകൊണ്ടും ,പ്രയോഗങ്ങൾക്കൊണ്ടും ആവിഷ്കരിക്കാൻ എഴുത്തുകാരിയ്ക്കു കഴിഞ്ഞിട്ടുണ്ട്. മാതൃഭൂമി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 190 രൂപ. 

ഉന്മാദിയുടെ കരുനീക്കങ്ങൾ

 


രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രസീലിൽ  പ്രവാസത്തിലായിരിക്കുമ്പോൾ സ്റ്റെഫാൻ സ്വെയ്‌ഗ്‌ എഴുതിയ നോവലാണ് ദി റോയൽ ഗെയിം.യുദ്ധവുമായി ബന്ധപ്പെട്ടു ഈ പുസ്തകത്തിനപ്പുറം നിരവധി കാര്യങ്ങളുണ്ടെങ്കിലും  ആദ്യം പുസ്തകത്തെക്കുറിച്ചു പറയാം. 

ന്യൂയോർക്കിൽ നിന്നും  ബ്യൂണസ് അയേഴ്സിലേക്കുള്ള ഒരു കപ്പൽ  യാത്രയിലെ സംഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം . യാത്ര തുടങ്ങുമ്പോൾ നമ്മുടെ ആഖ്യാതാവ് അറിയപ്പെടുന്ന ലോക ചെസ്സ് ചാമ്പ്യനായ മിർകോ സെന്റോവിച്ചിനെ കപ്പലിൽ വച്ച് കണ്ടുമുട്ടുന്നതോടെയാണ് നോവലാരംഭിക്കുന്നത്.

സ്ലോവേനിയയിലെ തികച്ചും ഗ്രാമീണമായ ചുറ്റുപാടുകളിൽ നിന്നും വളർന്നു വന്നയാളാണ്  മിർകോ സെന്റോവിച്‌. ഒന്നിനെപ്പറ്റിയും കൂടുതൽ അറിയാത്ത ഒരു പാവമായിട്ടാണ് തുടക്കത്തിൽ അവന്റെ കഥ പറഞ്ഞിരിക്കുന്നതെങ്കിലും ഇന്നയാൾ ഉന്നത നിലയിലെത്തിക്കഴിഞ്ഞിരിക്കുന്നു.പക്ഷെ ഒരു ചെസ്സ് ചാമ്പ്യൻ എന്നതിലുപരി അയാൾ മറ്റൊന്നും നേടിയിട്ടില്ല. നേരമ്പോക്കിനായിട്ടുകൂടി കപ്പലിലുള്ളവരോടൊപ്പം അയാൾ  ചെസ്സ് കളിക്കുന്നത്  ഒരു നിശ്ചിത തുകയ്ക്കാണ്. അയാൾക്കെതിരെ ഒരു കൂട്ടം ആളുകൾ തങ്ങളുടെ ചെസ്സിലുള്ള കഴിവുകൾ മുഴുവനും പ്രയോഗിക്കാൻ ശ്രമിച്ചിട്ടും അവരെയൊക്കെ അയാൾ നിഷ്പ്രയാസം തോൽപ്പിച്ചു കളഞ്ഞു. എന്നാൽ അവരെ അമ്പരിപ്പിച്ചു കൊണ്ട് കളിയ്ക്കിടെ ഒരാൾ പ്രത്യക്ഷപ്പെടുകയാണ്.

 അയാളുടെ ഒരു ഉപദേശം കൊണ്ട് തന്നെ സെന്റോവിച്ചിനെ സമനിലയിൽ കുരുക്കാൻ അവർക്കു കഴിഞ്ഞു. അടുത്ത കളി ഡോ. ബി യെന്നു വിളിക്കുന്ന ആ അപരിചിതനെക്കൊണ്ട് യാത്രക്കാർ സെന്റോവിച്ചിനൊപ്പം കളിക്കാൻ പ്രേരിപ്പിച്ചെങ്കിലും ആദ്യം അയാളത് നിരസിക്കുകയാണുണ്ടായത്. ഇങ്ങനെയൊരു വിദഗ്ദ്ധനായ ചെസ്സ് കളിക്കാരനായിത്തീർന്നതെങ്ങനെയെന്ന് ആഖ്യാതാവ്  ചോദിക്കുമ്പോൾ, ഡോ. ബി തന്റെ അമ്പരിപ്പിക്കുന്ന കഥ വിവരിക്കുകയാണ്. നോവലിന്റെ ഏറ്റവും ഹൃദയസ്പൃക്കുമായ  ഭാഗം ഡോ ബി യുടെ കഥയാണ്. മിർകോ സെന്റോവിച്ചും ഡോ.​​ബി യും തമ്മിലുള്ള അവസാന മത്സരമാണ്  കഥയുടെ പ്രധാന ആകർഷണവും. 

രണ്ടു ധ്രുവങ്ങളിൽപ്പെട്ട കഥാപാത്രങ്ങളാണ്  സെന്റോവിച്ചും ഡോ:ബി യും.ഒരു ചെസ്സ് കളിക്കാരനെന്ന നിലയിൽ സെന്റോവിച്ച് പെട്ടെന്ന് പ്രശസ്തി നേടിയെങ്കിലും ഒരു വ്യക്തിയെന്ന നിലയിൽ അയാൾ  വിവരമില്ലാത്തവനും , പണത്തിലും അധികാരത്തിലും മാത്രം താല്പര്യം കാണിക്കുന്നവനാണ്. നോവലിൽ അയാൾ ദേശീയ സോഷ്യലിസത്തിന്റെ പ്രതീകമാണ്. എന്നാൽ ഡോ. ബി യാകട്ടെ അധികാരത്താൽ വേട്ടയാടപ്പെട്ട ഒരുവനും. ആ കപ്പലിൽ വച്ചാണ് ഡോ.ബി ആദ്യമായി നേരിട്ടൊരു ചെസ്സ് കളിക്കുന്നത് തന്നെ. 

കളിയുടെ സൗന്ദര്യം , ഏകാഗ്രത കൂട്ടാനുള്ള കഴിവ്, ആസക്തിയുള്ള വശം, കരുക്കൾ കൈവശം വയ്ക്കാനും നശിപ്പിക്കാനുമുള്ള ശക്തി എന്നിവയെക്കുറിച്ചുള്ള വിശാലമായ ഒരു സംഭാഷണത്തിലൂടെ  നാടകീയമായ പിരിമുറുക്കം സൃഷ്ടിക്കാൻ നോവലിനു കഴിഞ്ഞിട്ടുണ്ട്. ചെസിന്റെ പ്രതീകാത്മകതയിലൂടെ, യുക്തിയുടെ ഏറ്റ കുറിച്ചിലുകളെ കുറിച്ചുള്ള  ആവേശകരവും ഭയാനകവുമായ ഒരു കാഴ്ചപ്പാട് നോവലിൽ കാണാം. നിരാശയും ,നിസ്സഹായതയും വാക്കുകളിലേക്ക് പകർത്തിവെയ്ക്കുന്ന സ്വെയ്‌ഗിന്റെ രീതി അതിഗംഭീരമാണ്.


1881 ൽ ഓസ്ട്രിയയിലെ  വിയന്നയിൽ സമ്പന്നമായ ഒരു ഓസ്ട്രിയൻ-ജൂത കുടുംബത്തിലാണ്  സ്റ്റെഫാൻ സ്വെയ്‌ഗ്  ജനിച്ചത്. സിഗ്മണ്ട് ഫ്രോയിഡിന്റെ കൃതികളിൽ ആകൃഷ്ടനായിരുന്ന  സ്വെയ്‌ഗ് ,നോവലിസ്റ്റ്, നാടകകൃത്ത്, ജീവചരിത്രകാരൻ എന്നീ  മേഖലകളിൽ പ്രശസ്തനായിരുന്നു. 

1933 ൽ ഹിറ്റ്‌ലർ അധികാരത്തിൽ വന്നതോടെ സ്വെയ്‌ഗിന്റെ  പുസ്തകങ്ങൾ ജർമ്മനിയിൽ  നിരോധിക്കപ്പെട്ടു  1934 ൽ പോലീസ് സ്വീഗിന്റെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും അദ്ദേഹം ബ്രസീലിലേക്ക് കടന്നു കളഞ്ഞിരുന്നു. 1942 ഫെബ്രുവരി 23 ന് പെട്രൊപോളിസിലെ അവരുടെ വീട്ടിൽ   അദ്ദേഹത്തെയും ഭാര്യ ലോട്ടെയും മരിച്ച നിലയിൽ കണ്ടെത്തി. 

രണ്ടാം ലോക മഹായുദ്ധകാലത്തു എഴുതപ്പെട്ട നോവലാണിത് എന്ന് പറഞ്ഞുവല്ലോ .1942 ഫെബ്രുവരിയിൽ നോവലെഴുത്തു പൂർത്തീകരിച്ചുവെങ്കിലും 1943 ൽ എഴുത്തുകാരന്റെ മരണാനന്തരമാണ് ഈ നോവൽ  പ്രസിദ്ധീകരിച്ചത്. മൂലകൃതി ജർമൻ ഭാഷയിലാണ് എഴുതപ്പെട്ടത് Schachnovelle എന്ന പേരിൽ . ഇംഗ്ലീഷിൽ പിന്നീട് റോയൽ ഗെയിംഎന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ടു. 

മലയാളത്തിൽ ഉന്മാദിയുടെ കരുനീക്കങ്ങൾ എന്ന പേരിൽ ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് ഏ കെ അബ്ദുൽ മജീദ് ആണ്. സാധാരണ വിവർത്തന പുസ്തകങ്ങൾ നിരാശപ്പെടുത്താറാണുള്ളതെങ്കിലും ഈ പുസ്തകമെന്തായാലും  ആ ചീത്തപ്പേര് പേറുന്നില്ല. മറ്റൊരു കാര്യം, ഈ പുസ്തകത്തിന്റെ പ്രസാധകരെകുറിച്ചാണ്. നിയതം ബുക്ക്സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ കെട്ടിലും മട്ടിലും ഒരു പുതുമയുണ്ട്. ഗുണനിലവാരം ആദ്യപേജുകൾ മുതലേ കാണാം. വില 135 രൂപ. 

സജിൽ ശ്രീധറിന്റെ വാസവദത്തയും ആശാന്റെ കരുണയും




1923 ലാണ് കുമാരനാശാന്റെ  കരുണ എന്ന ഖണ്ഡകാവ്യം പുറത്തുവന്നത്. കരുണയിലെ ഇതിവൃത്തം  Dr. Paul Carus എന്ന അമേരിക്കൻ പണ്ഡിതന്റെ  The Gospel of Budha എന്ന പുസ്തകത്തെ ആസ്പദമാക്കിയതാണ്. 

“അനുപമകൃപാനിധിയഖിലബാന്ധവൻ ശാക്യ
ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ,
ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ”  

എന്ന് തുടങ്ങുന്ന ആശാന്റെ ഈ കവിത വഞ്ചിപ്പാട്ടു
വൃത്തത്തിലെഴുതപ്പെട്ടിട്ടുള്ളതാണ്. മലയാളം ഒന്നാം ഭാഷയായി പഠിച്ചവരിൽ ഭൂരിഭാഗവും ഈ കവിത കാണാപ്പാഠം അറിയുന്നവരായിരിക്കും. 


ഉത്തരമഥുരയിലെ  വാസവദത്ത എന്ന കേൾവിപ്പെട്ട ഒരു വേശ്യയുടെ ജീവിത സംഭവങ്ങളാണ് കരുണയിലെ ഇതിവൃത്തം. ഒരിക്കൽ ബുദ്ധശിഷ്യനായ ഉപഗുപ്തനിൽ അവൾക്കു താല്പര്യമുണ്ടാകുകയും അദ്ദേഹത്തെ പലതവണ സ്വന്തം വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തു. എന്നാൽ ആ സമാഗമത്തിന് ഇനിയും  സമയമായിട്ടില്ല എന്ന മറുപടിയോടെ അവളുടെ അഭ്യർത്ഥനകൾ അയാൾ എല്ലായ്‌പ്പോഴും നിരസ്സിക്കുകയാണുണ്ടായത്. അതേസമയം ഒരു  തൊഴിലാളി പ്രമാണിയുടെ സ്വാധീനത്താലകപ്പെട്ടിരുന്ന വാസവദത്ത മറ്റൊരു ധനികനായ വ്യാപാരിയിൽ ആകൃഷ്ടയായി.തൊഴിലാളി പ്രമാണിയായ അവളുടെ അപ്പോഴത്തെ കാമുകനെ സൂത്രത്തിൽ കൊന്നു ചാണക കുഴിയിൽ മൂടുകയും ചെയ്തു. പക്ഷേ എത്ര മൂടിവെച്ചാലും ഇത്തരം കൃത്യങ്ങളുടെ സത്യാവസ്ഥ ഒരിക്കൽ പുറത്തുവരുമല്ലോ. വിചാരണയിൽ   ചെവിയും മൂക്കും,കൈയ്യും കാലുമെല്ലാം മുറിക്കപ്പെട്ട് അവളൊരു ചൂടുക്കാട്ടിൽ തള്ളപ്പെട്ടു. 

അംഗഭംഗം വന്നു തന്റെ മരണം കാത്തു കിടക്കുന്ന അവസ്ഥയിലാണ് ഉപഗുപ്തന്റെ വരവ്. തന്റെ നല്ല കാലത്തു വരാതിരുന്ന അയാൾ എന്തുകൊണ്ട് ഈ സമയത്തു വന്നു എന്നൊരു ചോദ്യം വാസവദത്ത ഉപഗുപ്തനോട് ചോദിക്കുന്നുണ്ട് .പ്രലോഭനങ്ങളിലകപ്പെട്ട് സുഖസൗകര്യങ്ങളുടെ മെത്തയിൽ ആറാടി നടക്കുന്ന സമയത്ത് അവൾ ധർമ്മോപദേശത്തിന് യോഗ്യയായിരുന്നില്ല. ലൗകിക വിഷയങ്ങളുടെ പിന്നാലെ വിശ്രമമില്ലാതെ ഓടിനടക്കുന്നവർക്ക് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ നേരമില്ല. ഇനി അഥവാ ഉണ്ടായാലും പ്രവൃത്തിയിൽ കൊണ്ടുവരാൻ എളുപ്പവുമല്ല. ശരീര സൗന്ദര്യത്തിനുമപ്പുറം നശ്വരമായ മറ്റൊരു സൗന്ദര്യമുണ്ട്. ദു:ഖാനുഭവങ്ങൾ  അധികമുള്ളിടത്ത് മഹത്തായ അനന്ദമുണ്ടെന്ന ഒരു ചിന്തയാണ് ഉപഗുപ്തൻ അവിടെ മുന്നോട്ട് വെയ്ക്കുന്നത്. 

ഹാ! മിഴിച്ചുനിന്നവനങ്ങമ്മഥുരയിലെ മുഖ്യ-
കാമനീയകത്തിൻ ഭസ്മകദംബം കണ്ടു!

എന്ന കരുണയിലെ അവസാന ഭാഗത്തെ നോക്കുക. ഉപഗുപ്തൻ പൊഴിക്കുന്ന ആ കണ്ണീർക്കണം തന്നെയാണ് കരുണയുടെ ലക്ഷ്യം എന്ന് മുണ്ടശ്ശേരി പറയുന്നു. 

വർണ്ണനാ വിഷയം എന്തായാലും,അതിനെപറ്റി വായനക്കാർക്കുണ്ടാകുന്ന പ്രതീതിയ്ക്ക് വ്യക്തതയും ,ശക്തിയും വരുത്തുകയെന്നതാണ് അലങ്കാരത്തിന്റെ പ്രധാനോദ്ദേശ്യം. അക്കാര്യത്തിൽ ആശാൻ കാളിദാസൻെറ ദാസനാണ് എന്നാണ്  മുണ്ടശ്ശേരി  അഭിപ്രായപ്പെട്ടിട്ടുള്ളത്. വാസവദത്ത എന്ന നോവലെഴുതുമ്പോൾ ഈ വർണ്ണനാ വിഷയം നോവലിസ്റ്റായ സജിൽ ശ്രീധറിന്റെ  മനസ്സിൽ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. ലളിതമായ ഭാഷകൊണ്ട് സങ്കീർണ്ണമായ ഒരു പ്രമേയത്തെ അതിവിദഗ്ദ്ധമായി സജിൽ  ഈ നോവലിൽ  അടയാളപ്പെടുത്തിയിട്ടിട്ടുണ്ട് . എങ്കിലും കുമാരനാശാന്റെ കരുണയെ ഗദ്യരൂപത്തിൽ അതേപടി പകർത്തിയിരിക്കുകയല്ല ഇവിടെ. വാസവദത്തയുടെ ജീവിതം  എഴുത്തുകാരന്റെ കണ്ണിലൂടെ പുനരവതരിപ്പിച്ചിരിക്കുകയാണ്  സജിൽ തന്റെയീ നോവലിലൂടെ. എഴുത്തുകാരന്റെതായ ഭാവനാ സന്ദർഭങ്ങളും ,പാത്രസൃഷ്ടികളുമുണ്ടെങ്കിലും അവയെല്ലാം കഥാ സഞ്ചാരത്തിന്റെ  ഓരം ചേർന്നു പോകുന്നതായതുകൊണ്ടു ഒരു തരം മുഴച്ചുകെട്ടൽ ഒട്ടുമേ അനുഭവപ്പെടാൻ സാധ്യതയില്ല. 

നല്ലൊരു  കുടുംബത്തിൽ പിറന്നവളായിട്ടും  ലൗകിക സുഖങ്ങളുടെ പിന്നാലെ അലഞ്ഞു നടക്കുന്നവളായി വാസവദത്ത  മാറിയതിനു  പിന്നിലെ  കൊടും ചതിയുടെ വിവരണങ്ങളിലൂടെയാണ്   സജിൽ ശ്രീധറിന്റെ വാസവദത്ത എന്ന നോവലാരംഭിക്കുന്നത്. എന്നാൽ ആ ചതിയിൽപ്പെട്ടു തകർന്നു പോകുന്നതിനു പകരം പ്രയോഗികമതിയായിരുന്ന വാസവദത്തയുടെ അതിജീവനത്തിന്റെ കഥകൂടിയാണ് നോവൽ പറഞ്ഞു വെയ്ക്കുന്നത്. മാണിക്യൻ അതിനൊരു നിമിത്തമായപ്പോൾ സേട്ടുവും,ഗൌണ്ടറും അതിലെ കഥയറിയാതെ ആട്ടമാടിയ കഥാപാത്രങ്ങളായി. അവളുടെ വിശ്വസ്തതോഴി ഉത്തരയും കൂട്ടിന്നുണ്ട്. സ്വന്തം വീട്ടിൽ  ചിത്രപണികളാൽ സമ്പന്നമായ വാൽകണ്ണാടിയിൽ മുഖം നോക്കുന്ന വാസവദത്തയുടെ ഒരു രംഗത്തോടെയാണ് നോവലാരംഭിക്കുന്നത്. അവിടെ നിന്നും  ഉപഗുപ്തനാൽ കൊടുക്കുന്ന മറ്റൊരു കണ്ണാടിയിൽ പ്രാർഥനയ്ക്കായി തന്റെ തന്നെ മുഖം കാണുന്ന ,തന്റെ  ശക്തിയും ,ദൗര്‍ബല്യവും  തന്നിൽ  തന്നെയാണെന്നറിഞ്ഞ ,താൻ ആരാണെന്ന് സ്വയം തിരിച്ചറിയ്യപ്പെട്ട  ,ആത്മാവബോധം സിദ്ധിച്ച വാസവദത്തയുടെ മറ്റൊരു മുഖമാണ്  നോവലിന്റെ അവസാനഭാഗത്തു വായനക്കാർക്കു കാണാൻ കഴിയുക. 

ഭൗതിക-ലൗകിക വിഷയങ്ങളുടെ നിസ്സാരതയും, അഹംബോധത്തിന്റെ തിരിച്ചറിവുമൊക്കെ പ്രമേയമായി  വരുന്ന സാഹിത്യകൃതികൾ ധാരാളമായി വന്നിട്ടുണ്ട്. അവയെല്ലാം നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്.  
ഈ പുസ്തകത്തിൽ നോവലിസ്റ്റിന്റെതു കൂടാതെ   ഡോ: സിറിയക് തോമസ്,ഡോ :വെള്ളായണി അർജ്ജുനൻ,ഇന്ദുമേനോൻ തുടങ്ങിയവർ ഈ നോവലിനെ സംബന്ധിച്ച  അനുബന്ധ ലേഖനങ്ങളും ചേർത്തിട്ടുണ്ട്. കൂടാതെ ഈ പുസ്തകത്തെ അഭിനന്ദിച്ചുകൊണ്ടു പത്രമാസികകളിൽ വന്നതും, പ്രമുഖ വ്യക്തികളുടെ അഭിപ്രായങ്ങളും തുടക്കത്തിലേ ചേർത്തിട്ടുണ്ട്.അതൊഴിവാക്കാമായിരുന്നു എന്ന് തോന്നി.നോവൽ വായിച്ചു തുടങ്ങുന്നതിന് മുൻപേ  ഇതൊരു മഹത്തായ കൃതിയാണെന്ന ഒരു  ധ്വനി വായനക്കാരിൽ സൃഷ്ടിച്ചേക്കാം എന്ന് കരുതിയിട്ടാണോ അത്തരമൊരു സാഹസം ചെയ്തിരിക്കുന്നത് എന്നറിഞ്ഞുകൂടാ. എന്ത് തന്നെയായാലും അത്തരമൊരു പരസ്യത്തിന്റെ ആവശ്യവുമില്ലാതെ തന്നെ മികച്ച ഒരു കൃതി തന്നെയാണിത് എന്ന്  നോവൽ വായിച്ചു മടക്കുമ്പോൾ വായനക്കാർക്കും ബോധ്യപ്പെടും. 
സൈകതം ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്,വില 150 രൂപ. 

ധർമ്മയോദ്ധാ കൽക്കി – വിഷ്ണുവിന്റെ അവതാരം

 



പുരാണ ഇതിഹാസങ്ങളിൽ നിന്നും ,ഐതീഹ്യങ്ങളിൽ നിന്നുമൊക്കെ  പുനർവ്യാഖ്യാനം ചെയ്തുകൊണ്ട് നിരവധി കൃതികളാണ്  ഇറങ്ങിക്കൊണ്ടിരിക്കുന്നത്. അമീഷിന്റെയും, ആനന്ദ് നീലകണ്ഠന്റെയുമൊക്കെ സീരീസുകൾ പ്രചാരത്തിൽ മുന്നിൽ  തന്നെയാണ് നിൽക്കുന്നത്. അത്തരമൊരിടത്തിലേക്കാണ്  കെവിൻ മിസ്സാലിന്റെ കൽക്കി സീരീസും വന്നിരിക്കുന്നത്. കൽക്കി സീരീസിലെ ആദ്യ പുസ്തകമാണ് ധർമ്മയോദ്ധാ കൽക്കി – വിഷ്ണുവിന്റെ അവതാരം എന്ന നോവൽ.  

ഹിന്ദു പുരാണത്തിലെ വിഷ്ണുവിന്റെ പത്താമത്തെ അവതാരമായാണ് കൽക്കിയെ കണക്കാക്കുന്നത്. വിഷ്ണു ഭഗവാൻ ധർമ്മ പുനഃസ്ഥാപനത്തിനായി വീണ്ടും അവതരിക്കും എന്നാണല്ലൊ  അവതാരകഥകളിൽ പറയപ്പെടുന്നത്. ശംബാല ഗ്രാമത്തിൽ  വിഷ്ണുയാതന്റെയും സുമതിയുടെയും മകനായാണ് കൽക്കി ജനിച്ചത്.ഒരു സാധാരണ ഗ്രാമീണൻ എന്നതിൽ കവിഞ്ഞു  തനിക്കുള്ള  കഴിവുകളെയും പൈതൃകത്തെയും കുറിച്ചുമൊന്നും  അയാൾ  ബോധവാനല്ല. തൻെറ ജീവിതത്തിന്റെ ഉദ്ധേശമെന്തെന്നു പോലും അയാൾക്കറിഞ്ഞുകൂടാ. അവിടെ  തികച്ചും അശ്രദ്ധമായ ജീവിതമാണ് കൽക്കി നയിക്കുന്നത്. 

വേദാന്ത രാജാവിനെതിരായ യുദ്ധത്തിൽ തലസ്ഥാന നഗരമായ ഇന്ദ്രഗഡിന്റെ നിയന്ത്രണം കലി പിടിച്ചെടുത്തു കഴിഞ്ഞിരുന്നു .
അയാളുടെ ലക്‌ഷ്യം മറ്റൊന്നായിരുന്നു.കലി  പ്രഭുവിന്റെ അധീനതയിലുള്ള  കീകത്പൂർ പ്രവിശ്യയിൽ വച്ച്  തന്റെ പ്രിയപ്പെട്ടവരുടെ മരണം കാണുന്നതോടെയാണ് താനുൾപ്പെടെയുള്ളവർ ചൂഷണം ചെയ്യപ്പെടുകയാണെന്ന് തിരിച്ചറിയുന്നത്.താൻ ജീവിക്കുന്ന ഈ  ലോകത്തിന്റെ ഒരു ശുദ്ധീകരണം തന്റെ ലക്ഷ്യമാണെന്നു കൽക്കി  മനസ്സിലാക്കുന്നത് അപ്പോൾ മാത്രമാണ്. അതിനായി അയാൾ വടക്കോട്ട് യാത്ര ചെയ്ത് വിഷ്ണുവിന്റെ അവതാരത്തിന്റെ വഴികൾ പഠിക്കുവാൻ ശ്രമിക്കുകയാണ് . രാജാവായി വേദാന്ത വാഴ്ത്തപ്പെട്ടത്തിനു ശേഷം   ഇലാവർത്തത്തിലെ  നിരവധി ഗോത്രങ്ങളെ ഒരുകുടക്കീഴിൽ കൊണ്ടുവരാൻ  കൽക്കി ശ്രമിക്കുന്നു. പലതവണ പിടിക്കപ്പെടുയും എന്നാൽ മരണത്തിന്റെ പിടിയിൽ നിന്ന് പോലും  രക്ഷപ്പെട്ടു പോരുകയും ചെയ്യുന്നുണ്ട് കൽക്കി .

പോരാട്ടങ്ങളും,ഗൂഢാലോചനകളും,തന്ത്രങ്ങളുമൊക്കെ കൊണ്ട് സംഭവ ബഹുലമാണ് ഈ നോവൽ.ഒന്നിൽ നിന്നും മറ്റൊന്നിലേക്കു കുതറി മാറികൊണ്ടുള്ള വിവരണങ്ങൾ നോവലിന്റെ രസം കെടുത്തുന്നുണ്ടെന്നു പറയാതെവയ്യ.
ആർജ്ജാൻ,ദുരുക്തി,കോകോ,വികോകോ,സിമ്രിൻ,മാർക്കാഞ്ച,സർപാഞ്ചാ  തുടങ്ങിയ വിചിത്രമായ പേരുകൾ മനസ്സിൽ പതിഞ്ഞു വരുമ്പോഴേക്കും നോവൽ പകുതി തീർന്നിട്ടുണ്ടാകും.
 
ശംബാല യുദ്ധം,കലിയുടെ ഉയർച്ച എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ് ഈ നോവലിലുള്ളത്.സന്തോഷ് ബാബുവാണ് ഈ നോവൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത്. പൂർണ്ണ ബുക്ക്സ് ആണ് പ്രസാധകർ, വില 490 രൂപ. 

കുതിരപ്പക്ഷി -തിരുവിതാംകൂർ ചരിത്രത്തെ കൂട്ടുപിടിച്ചെഴുതിയ നോവൽ

 

തിരുവിതാംകൂറിലെ  പടനായകനായിരുന്ന വൈക്കം പത്മനാഭപിള്ളയെ കുറിച്ച് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ . 1767- ൽ വടക്കുംകൂർ ദേശത്താണ്  പിള്ളയുടെ ജനനം. അവിടുത്തെ പ്രധാന കളരി ആയിരുന്ന നന്ത്യാട്ടു കളരി നടത്തികൊണ്ടിരുന്നതും പിള്ളയായിരുന്നു. 1789-ൽ തിരുവിതാംകൂർ സൈന്യത്തിൽ ചേർന്നെങ്കിലും  ടിപ്പു സുൽത്താന്റെ നെടുംകോട്ട ആക്രമണത്തെ  ചെറുത്തു തോൽപ്പിച്ചതോടെയാണ് പത്മനാഭപിള്ള പ്രശസ്തിയിലേക്കുയരുന്നത്. 


അഞ്ചു യോജന നീളത്തിലുള്ള ഒരു കോട്ടയാണ് നെടുങ്കോട്ട. പെരുമ്പടപ്പ് സ്വരൂപത്തിന്റെ അധീനതയിൽ നിന്നും തിരുവിതാംകൂർ പാട്ടത്തിനെടുത്ത പെരിയാറിന്റെ തീരത്തുള്ള കൊടുങ്ങല്ലൂർ കോട്ടയ്ക്ക് എതിർകരയിലുള്ള കൃഷ്ണൻകോട്ടയിലനിന്നാണ് നേടുങ്കോട്ടയുടെ തുടക്കം. നെടുംകോട്ട യുദ്ധത്തിൽ ടിപ്പുവും,പിള്ളയും നേരിട്ടു ഏറ്റുമുട്ടിയിരുന്നു.  മുടന്തനാക്കുന്ന വിധത്തിൽ കാലിൽ മുറിവേൽപ്പിച്ചാണ്  പിള്ള ടിപ്പുവിനെ ഓടിച്ചു വിട്ടത്. 

1790 ഏപ്രിലിൽ ടിപ്പു വീണ്ടും തിരുവിതാംകൂർ ആക്രമിക്കാനെത്തി. ടിപ്പുവിന്റെ സൈന്യം പെരിയാറിന്റെ തീരത്ത് തമ്പടിച്ചിരിക്കുമ്പോൾ, കായലിലെ കൽമതിലുകൾ  തകർത്ത് വെള്ളം ഒഴുക്കിവിട്ടു വെള്ളപ്പൊക്കം 
 സൃഷ്ടിച്ചെന്നും ഗത്യന്തരമില്ലാതെ ടിപ്പുവിനു മടങ്ങേണ്ടി വന്നെന്നും ഒരു കഥ നിലനിൽക്കുന്നുണ്ട് . ആ സംഭവത്തിൽ പിള്ളയ്ക്ക് കൂട്ട്  സുഹൃത്തായ  കുഞ്ചുകുട്ടി പിള്ളയാണെന്നും  പറയപ്പെടുന്നുണ്ട്.  എന്നാൽ വെള്ളപ്പൊക്കം കൃത്രിമമായി സൃഷ്ടിച്ചതല്ലെന്നും ,അതിശക്തമായ മഴയിൽ പെരിയാർ കര കവിഞ്ഞൊഴുകിയതാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. എന്ത് തന്നെയായാലും ടിപ്പുവിന്റെ പരാജയത്തിന് ചുക്കാൻ പിടിച്ചവരുടെ മുൻനിരയിൽ തന്നെയാണ് പത്മനാഭപിള്ളയുടെ സ്‌ഥാനം. 

പത്മനാഭപിള്ളയും, കേശവ പിള്ളയും ,കുഞ്ചുകുട്ടിയും ,കുതിരപ്പക്ഷിയുമൊക്കെയാണ് സജിത് മോഹന്റെ കുതിരപ്പക്ഷി എന്ന നോവലിലെ മുഖ്യ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നത്. എന്നാൽ കുതിരപ്പക്ഷിയെ പോലുള്ള കഥാപാത്രങ്ങളെ ചരിത്രത്തിന്റെ ഏടുകളിൽ ചികയാൻ പോയാൽ നിരാശയായിരിക്കും ഫലം. എന്നാൽ ഈ കഥാപാത്രങ്ങളെ കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമായ ഐതിഹ്യമാലയിൽ കാണുകയും ചെയ്യാം. ഐതിഹ്യമാലയിലെ കുഞ്ചുകുട്ടിപിള്ള സർവാധി വാര്യക്കാർ,കൊട്ടാരക്കര ചന്ദ്രശേഖരൻ എന്നീ  അദ്ധ്യായങ്ങളിൽ ഇവരെക്കുറിച്ചു പറയുന്നുണ്ട്. 

കുതിരപ്പക്ഷി എന്ന നോവൽ തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട ഒന്നാണ്. ചോരയും, കണ്ണീരും വീണുണങ്ങിയ തിരുവിതാംകൂർ മണ്ണിന്റെ കഥ വേറൊരു കാഴ്ചയിൽ അവതരിപ്പിക്കുകയാണിവിടെ. കാർത്തിക തിരുനാൾ ധർമ്മരാജാവിന്റെ കാലഘട്ടമാണ് നോവൽ കാലഘട്ടം . ടിപ്പുവിന്റെ നെടുങ്കോട്ട ആക്രമണങ്ങളിലെ  ചെറുത്തു നിൽപ്പിൽ മാത്രം ഒതുങ്ങി നിൽക്കാതെ , ടിപ്പുവിന്റെ മരണത്തിൽ 
മാത്രമല്ല, അദ്ദേഹത്തിന്റെ പടത്തലവന്മാരായ ഫൈറോസ്ഖാൻ, ബൈറാംഖാൻ  എന്നിവരുടെ എന്നിവരെ കൊന്നു തള്ളിയതിന്റെ പിറകിലും  തിരുവിതാംകൂറിനും പങ്കുണ്ടെന്ന് വിശദമാക്കുന്നുണ്ട് ഈ നോവലിൽ. 

ഭാവനയെ കെട്ടഴിച്ചു വിട്ടിരിക്കുന്ന ഒരു നോവലാണിത്.തിരുവിതാംകൂറിലെ അമൂല്യമായ നിധികളുടെ  സൂക്ഷിപ്പും,രഹസ്യ അറകളുടെ നിർമ്മാണവും ആ കാലഘട്ടവും നോവലിൽ വിശദമാക്കുന്നുണ്ട്. രാമായണത്തിലെ ആശ്വാത്മാവും,രാമായണത്തിലെ ശംബൂകനുമൊക്കെ കടന്നുവരുന്നുണ്ട്. നെപ്പോളിയനും പഴശ്ശിരാജാവും,വേലുത്തമ്പി ദളവയുമൊക്കെ നോവലിലെ കഥാപാത്രങ്ങളാണ്. കഥാ പരിസരം തെക്ക് തിരുവിതാംകൂറിൽ നിന്നും, മലബാറിലേക്കും ,മൈസൂരിലേക്കും, ആസാം പോലുള്ള വടക്ക് കിഴക്കൻ പ്രദേശങ്ങളിലേക്കുമൊക്കെ സഞ്ചരിക്കുന്നുണ്ട്. ടിപ്പുവിന്റെ മരണത്തിനും ശേഷം നോവൽ ഏറെ മുന്നോട്ടുപോകുന്നുണ്ട്. അത് തിരുവിതാംകൂറിലെ രഹസ്യ അറയിലെ നിധിയുമായി  ബന്ധപ്പെട്ടാണ്. കഥയുടെ കേന്ദ്ര കഥാപാത്രമായ പദ്മനാഭ പിള്ള തന്നെയാണ് കഥയെ ഈവിധം മുന്നോട്ട് കൊണ്ടുപോകുന്നത്. 

നോവലിലെ ഏറ്റവും അകർഷകവും,മനോഹരവുമായി തോന്നിയ  ഭാഗം അതിലെ മൂപ്പത്തിയ്യെട്ടാമത്തെ അദ്ധ്യായത്തിലെ  പദ്മനാഭ പിള്ളയും  യുവസന്യാസി  മണികണ്ഠനും തമ്മിലുള്ള സംഭാഷണമാണ്. മഹാഭാരതത്തിലെ വിദുരവാക്യത്തിന്റെയോ, ഭീഷമോപദേശത്തിന്റെയൊക്കെയോ പോലെ  കണക്കാക്കാവുന്ന 
 ഒരു ചെറു അദ്ധ്യായമാണിത്. പിള്ളയുടെ സംശയങ്ങൾക്ക് മറുപടികൊടുക്കുന്ന തരത്തിലാണ് ആ അദ്ധ്യായത്തിലുള്ളത്. ജീവിതവും, മരണവും,ലോകത്തിന്റെ അവസ്ഥകളും, മനസ്സിന്റെ ആകുലതകളും, അതിന്റെ കെട്ടുപാടുകളും അന്വേഷങ്ങളുമൊക്കെയായി ഒരുപാടു  കാര്യങ്ങൾ ചെറിയ രീതിയിലെങ്കിലും അതിൽ ചർച്ച ചെയ്യുന്നുണ്ട്. 

പദ്മനാഭ പിള്ളയുടെ ദൌത്യത്തിന്റെ പൂർത്തീകരണത്തിലൂടെയാണ് നോവലിന്റെ അവസാനവും. അപ്പോഴേക്കും രാജ്യഭരണം അവിട്ടം തിരുനാൾ ബാലരാമവർമ്മ ഏറ്റെടുത്തിട്ടുണ്ടായിരുന്നു. അതും ഒരു ചെറു യുദ്ധവുമായി ബന്ധപ്പെട്ടിട്ടാണുള്ളത്. എങ്കിൽ തന്നെയും അതും ചരിത്ര സംഭവുമായി ബന്ധപ്പെടുത്തിതന്നെയാണ് എഴുത്തുകാരൻ വിശദമാക്കിയിരിക്കുന്നത്.
മാസ്റ്റേർസ് പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്, വില 390 രൂപ. 

പാടലീ പുത്രത്തിലെ യുവരാജാവ്- അശോകത്രയം സീരീസിലെ ആദ്യ പുസ്തകം

 

മൗര്യകാലഘട്ടത്തെകുറിച്ചുള്ള അതിബൃഹത്തായ  വിവരങ്ങളൊന്നും നമ്മുടെ മുന്നിലില്ല . ലഭ്യമായതിൽ പലതും ഐതിഹ്യങ്ങളും, ഭാവനകളും, അതിഭാവുകത്വങ്ങളും കൊണ്ട്  കൂട്ടികുഴച്ചെടുത്ത രൂപത്തിലുള്ളതാണ്. ഇവയിൽ നിന്നും യാഥാർഥ വസ്തുതയെ ഇഴതിരിച്ചെടുക്കുക  ശ്രമകരമായ ഒരു സംഗതിയാണ്. 

പുരാതന ഇന്ത്യയിലെ ഏറ്റവും മഹാനായ രാജാക്കന്മാരിൽ ഒരാളായി വാഴ്ത്തപ്പെടുന്നയാളാണ്  അശോക ചക്രവർത്തി. കലിംഗയുദ്ധമാണ്  അദ്ദേഹത്തിനു മാനസാന്തരം വരുത്തിയെന്നു പറയപ്പെടുന്നു.
മൗര്യരാജാക്കന്മാരിൽ ചക്രവർത്തിയായിവാണ അശോകനെ ആസ്പദമാക്കി നിരവധി ലേഖനങ്ങളും ,പുസ്തകങ്ങളും എഴുതപ്പെട്ടിട്ടുണ്ട്.അശോകന്റെ വിവാദജീവിതവുമൊക്കെ അതിൽ പെടും. 
വളരെ പ്രസിദ്ധമായ മൗര്യ സാമ്രാജ്യവും ,അശോകന്റെ പ്രായണങ്ങളുമൊക്കെയാണ്  ശ്രേയസ്സ് ഭവേയുടെ അശോക ത്രയത്തിലെ ആദ്യപുസ്തകമായ പാടലീ പുത്രത്തിലെ യുവരാജാവ് എന്ന പുസ്തകത്തിന്റെ ഇതിവൃത്തം.


ചന്ദ്രഗുപ്ത മൗര്യന്റെ മകനും, ആര്യന്മാരുടെയും രണ്ടാമത്തെ ചക്രവർത്തിയുമായ  സാമ്രാട്  ബിന്ദുസാരൻ  ഏതോ രോഗം ബാധിച്ചു കിടപ്പിലായിരിക്കുമ്പോഴത്തെ ഒരു അവസ്ഥയിലാണ് നോവൽ ആരംഭിക്കുന്നത് . അമ്പതു വർഷങ്ങൾക്കു മുൻപ് വിശാലമായ സാമ്രാജ്യത്തിനു അടിത്തറയിടുകയും പാടലീപുത്രം തലസ്ഥാനമാക്കി ഭരിച്ചിരുന്നയാളാണ് ചന്ദ്രഗുപ്തൻ. ചന്ദ്രഗുപ്തനെ രാജ്യാധികാരിയാക്കി വളർത്തികൊണ്ടുവന്ന ചാണക്യൻ എന്ന ബുദ്ധിരാക്ഷന്റെ നീക്കങ്ങളെപ്പറ്റി  നമ്മൾ ധാരാളം വായിച്ചിട്ടുണ്ടല്ലോ. 

അസുഖബാധിതനായ ഇപ്പോഴത്തെ രാജാവ്  ഏതു നിമിഷവും മരണപ്പെടാം .അത്തരമൊരു അവസ്ഥയിൽ തന്റെ സാമ്രജ്യത്തിൽ പൊട്ടിമുളച്ചുകൊണ്ടിരിക്കുന്ന 
പ്രശ്നങ്ങളും ,കലാപങ്ങളും കൈകാര്യം ചെയ്യുക എന്നത് ഏതൊരു രാജാവിനും  വെല്ലിവിളി തന്നെയാണ്. ബിന്ദുസാരന് നൂറു  പുത്രന്മാരുണ്ട് . രാജകുമാരൻ സുഷേമൻ  അടുത്ത രാജാവാകുമെന്നാണ് എല്ലവരും പ്രതീക്ഷിക്കുന്നത്. കാരണം വൈശ്യപുത്രനായതുകൊണ്ടു രാജാവിന് അശോകനുമേൽ അത്ര താല്പര്യവുമില്ല. അയാൾ മാറ്റിനിർത്തേണ്ടത് മറ്റുള്ളവരുടെയും ആവശ്യമാണ്.ബിന്ദുസാരന് ശേഷം ഇനിയാര് എന്നുള്ള ചോദ്യത്തിന്റെ ഉത്തരം തന്നെയാണ് ഈ പുസ്തകം നമുക്ക് തരുന്നത്. 

ചന്ദ്രഗുപ്തന്റെ സുവർണ്ണ കാലഘട്ടത്തിൻന്റെ തകർച്ചയാണ് ഈ പുസ്തകത്തിൽ  വിവരിച്ചിരിക്കുന്നത്.  അധികാരത്തിനു വേണ്ടിയുള്ള അത്യാഗ്രഹവും, നാട്ടിൽ മുളച്ചു പൊന്തിയിരിക്കുന്ന അരാജകത്വവും , അടുത്ത സിംഹാസനമേറാൻ കാത്തിരിക്കുന്നവരുടെ അതിനിഗൂഢമായ അഭിലാഷങ്ങളുമൊക്കെ കൊണ്ട് അത്യതം നാടകീയത നിറഞ്ഞതാണ് അശോകത്രയം സീരീസിലെ  ഈ ആദ്യ പുസ്തകം നിറയെ. 

അശോകന്റെ കാലഘട്ടത്തെക്കുറിച്ചാണ് കഥയെങ്കിലും ചന്ദ്രഗുപ്ത മൗര്യന്റെയും, ചാണക്യന്റെയും ജീവിതകാലത്തെയും  കിരീടപോരാട്ടങ്ങളെകുറിച്ചുള്ള ഒരു സമാന്തര ഭൂതകാലം  പറഞ്ഞു പോകുന്നുണ്ട് . അലക്‌സാണ്ടർ ചക്രവർത്തിയോടേറ്റുമുട്ടിയ പുരുഷോത്തമനെന്ന പോറസിന്റെയും ,പോറസിനെ എതിർക്കാൻ അലക്‌സാണ്ടറോട് കൂട്ടുകൂടിയ അംബി രാജാവിന്റെ കഥയും നോവലിന്റെ തുടക്കത്തിൽ തന്നെ കടന്നു വരുന്നുണ്ട്. അലക്‌സാൻഡറും , പോറസ്സും  തമ്മിലുള്ള യുദ്ധം മനോഹരമായി തന്നെ  നോവലിൽ വിവരിക്കുന്നുണ്ട്. 

വിശ്വാസവഞ്ചന , അധികാരരാഷ്ട്രീയം,പ്രേമം, ഗൂഢാലോചനകൾ എന്നിവ കൊണ്ട് സമൃദ്ധമാണീ നോവൽ. ജാതിയും,മതവും എങ്ങനെയാണ് അധികാര രാഷ്ട്രീയത്തിലും ,സമൂഹത്തിലും  ആധിപത്യം പുലർത്തുന്നതെന്ന്  നിരവധി സംഭവങ്ങൾകൊണ്ട് ഉദാഹരിക്കുന്നുണ്ട്  .അത്തരം വിശദാംശങ്ങളിലൂടെ  അന്നത്തെ കാലത്തും  ജാതി എത്രത്തോളം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുവെന്ന് മനസ്സിലാക്കാം .

ചരിത്രത്തിന്റെ പിൻബലമുണ്ടെങ്കിലും ഫിക്ഷനായി തന്നെ വായിക്കേണ്ട ഒരു പുസ്തകമാണിത് എന്ന് എഴുത്തുകാരൻ തന്നെ മുന്നറിയിപ്പ് നല്കുന്നുണ്ട്. അശോകന്റെ ജീവിതകാലത്ത് ചാണക്യൻ ജീവിച്ചിരുന്നതായുള്ള സംഭവങ്ങളൊക്കെ ഭാവന മാത്രമാണ്.മാത്രമല്ല നോവലിൽ ചേർത്തിട്ടുള്ള സാങ്കൽപ്പിക കഥാപാത്രങ്ങളുടെ പേരുകളും അക്കമിട്ടു പറയുന്നുമുണ്ട്. അതുകൊണ്ടു ഈ പുസ്തകത്തെ ചരിത്രകഥയായി തെറ്റിദ്ധരിക്കരുതെന്ന ഒരു മുൻ‌കൂർ ജാമ്യം എഴുത്തുകാരനെടുക്കുന്നുണ്ട്. 

എഴുത്തുകാരൻ ശ്രേയസ് ഭവേയുടെ ആദ്യ പുസ്തകമാണിത്. എന്നാൽ പുസ്തകം വായിച്ചു മടക്കുമ്പോൾ ഇരുത്തം വന്ന ഒരെഴുത്തുകാരന്റെ ഒരു പുസ്തകമായിട്ടേ  നമുക്ക് തോന്നൂ. മലയാള വിവർത്തനം ചെയ്ത റോയ് കുരുവിളയും അതിമനോഹരമായി തനറെ കർത്തവ്യം നിർവ്വഹിച്ചിട്ടുണ്ട്. മാതൃഭൂമിയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്,വില 340 രൂപാ.  

ഡയറികുറിപ്പുകൾ ചുരുളഴിക്കുന്ന കൂട്ടകൊലപാതക ദുരൂഹതകൾ



ക്രൈം ത്രില്ലറുകൾ മലയാളത്തിൽ മുൻപത്തെക്കാൾ നിരവധിയെണ്ണം ഇറങ്ങുന്നുണ്ടിപ്പോൾ. എഴുത്തുകാർ, നൂതന ആശയങ്ങളുമായി ഈ മേഖലയിലെ സാമ്പ്രദായിക വഴികളിൽ നിന്നും മാറി സഞ്ചരിക്കുവാൻ തുടങ്ങിയിട്ടുണ്ട്. അത്തരം പുസ്തകങ്ങളുടെ ബാഹുല്യം ക്രൈം ത്രില്ലറുകളെ ഇഷ്ടപ്പെടുന്നവർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. അങ്ങനെ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതിസന്ധിയും ഇത്തരം പുസ്തകങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു പറയാതെ വയ്യ.നിലവാരമുള്ള പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പ് തന്നെയാണ് മേൽസൂചിപ്പിച്ച ആ പ്രതിസന്ധി. ഏതെടുക്കണം എന്ന ഒരു ആശയക്കുഴപ്പം വായനക്കാരനുണ്ടാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ജിസ ജോസിന്റെ ഡാർക്ക് ഫാന്റസി എന്ന ക്രൈം നോവൽ വായിക്കാനെടുത്തപ്പോഴും ഒട്ടും പ്രതീക്ഷകൾ വച്ചു പുലർത്തിയിരുന്നില്ല എന്നതാണ് സത്യം.
അത്യന്തം ദുരൂഹമായ കൊലപാതകങ്ങൾ, അതും വളരെ പഴക്കം ചെന്ന ഒരു കൃത്യമാണെങ്കിൽ തെളിയിച്ചെടുക്കുക ശ്രമകരമാണ്. തെളിവുകളിൽ പലതും നഷ്ടപ്പെട്ടിട്ടുണ്ടാകാം,കൊലയുമായി ബന്ധപ്പെട്ടവർ ചിലപ്പോൾ മരണപ്പെട്ടിട്ടുണ്ടാകാം.പക്ഷെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകൾ ആരുടെയും കണ്ണിൽപ്പെടാതെ ബാക്കികിടപ്പുണ്ടാകും.
ടി പി രാജീവന്റെ പാലേരിമാണിക്യം:ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന അതേപേരിൽ സിനിമയാക്കിയ ആ നോവലിലെ പോലെ അനേകം വർഷങ്ങൾക്കു മുൻപ് നടന്ന കൊലപാതകമാണ് ഈ നോവലിലെയും പ്രധാന സംഭവം. വർഷങ്ങൾക്കു മുൻപ് നടന്ന കൊലപാതകങ്ങൾ,മറഞ്ഞു കിടക്കുന്ന തെളിവുകൾ,അതുമായി ബന്ധപ്പെട്ട മിക്കവരുടെയും മരണം ഈ കാര്യങ്ങൾ ഒഴിച്ചു നിർത്തിയാൽ പാലേരിമാണിക്യവുമായി ഈ നോവലിന് മറ്റു സാദൃശതകളൊന്നും തന്നെയില്ല.
അമ്പതു വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കൂട്ടകൊലപാതകമാണ് യാദൃച്ഛികമായി ഇവിടെ വീണ്ടും അന്വേഷിക്കാനിടയാകുന്നത്. പൂഞ്ചോലയ്ക്കൽ കൂട്ടക്കൊലപാതകമെന്നറിയപ്പെടുന്ന ആ സാംഭവത്തിൽ ഒരു കുടുംബത്തിലെ ആറു പേരാണ്‌ സംശയിക്കത്തക്ക തെളിവുകളൊ ന്നുമില്ലാതെ ഒരു ദിവസം കൊല്ലപ്പെട്ടത്.
വർഷങ്ങൾക്കു ശേഷം ആ വീട്ടിൽ നിന്നും കിട്ടിയ പഴയ ഒരു ഡയറിയാണ് കുറ്റകൃത്യത്തിന്റെ ചുരളഴിക്കുന്നത്.ആ ഡയറിയിൽ ,പഴയ കാലത്തിലെ എഴുത്തു ഭാഷ മികച്ച രീതിയിൽ തന്നെ കഥാകാരി അവതരിപ്പിച്ചിട്ടുണ്ട്.
മണിച്ചിത്രത്താഴ് സിനിമയിലെ ആദ്യ രംഗങ്ങൾ പ്രേക്ഷകന് പ്രേതവും യക്ഷിയുമൊക്കെ ഉണ്ടെന്നുള്ള ഒരു ബോധമണല്ലോ സൃഷ്ടിക്കുക. പിന്നീട് യുക്തികൊണ്ടു അത്തരം വിശ്വാസങ്ങളെ തെറ്റാണെന്നു സമർത്ഥിക്കുന്ന ആ ഒരു ബ്രില്യൻസ് ഈ നോവലിലും നമുക്ക് കാണാൻ സാധിക്കും. മറ്റൊരു പ്രധാന കാര്യം ശ്രദ്ധിച്ചത് ,നോവലിന്റെ കേന്ദ്രസ്ഥാനത്തുൾപ്പെടെ ഒട്ടുമിക്കയിടങ്ങളിലുമുള്ള കഥാപാത്രങ്ങൾ സ്ത്രീകൾ തന്നെയാണെനുള്ളതാണ്.
കേസന്വേഷണം വഴിമുട്ടനിൽക്കുന്ന നേരത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് അന്വേഷണത്തിൽ തന്റെ അതിബുദ്ധികൊണ്ടും, നിരീക്ഷണപാടവും കൊണ്ടും നിമിഷ നേരം കൊണ്ട് കേസിനു തുമ്പുണ്ടാകുകയും , തെളിയിക്കുകയും ചെയ്യുന്ന ഒരു സൂപ്പർനായക കഥാപത്രത്തിന്റെ കൈയ്യിൽ കൊണ്ടുപോയി കെട്ടിയിടുന്ന പതിവ് രീതി ഇവിടെ ഉപയോഗിച്ചിട്ടില്ല എന്നുള്ളതും എടുത്തുപറയേണ്ടതാണ്.
അടുത്തതെന്ത് എന്ന ആകാംക്ഷയും,പിരിമുറുക്കവും ഉദ്വേഗവും സൃഷ്ടിക്കാൻ ഈ നോവലിന് കഴിഞ്ഞിട്ടുണ്ട്. അതു തന്നെയാണല്ലോ ഇത്തരം നോവലുകളുടെ വിജയവും.
എഴുത്തുകാരി ജിസാ ജോസിന്റെ ആദ്യ ക്രൈം ത്രില്ലർ ആണിത്. ലോഗോസ് ആണ് പ്രസാധകർ,വില 190 രൂപ.