യുഗന്ധരൻ-ശിവജി സാവന്തിന്റെ മറ്റൊരു മാസ്റ്റർപീസ്
ശ്രീകൃഷ്ണന്റെ ജനനം മുതൽ മരണം വരെയുള്ള സംഭവ വികാസങ്ങൾ പ്രധാനമായും ഏഴു കഥാപാത്രങ്ങളിലൂടെയാണ് പറഞ്ഞു പോയിട്ടുള്ളത്. തന്റെ കഥ തുടക്കമിട്ടു വയ്ക്കുന്നത് ശ്രീകൃഷ്‌ണൻ തന്നെയാണ്. ജനനം,ബാല്യം,വിദ്യാഭ്യാസം തുടങ്ങി ജരാസന്ധ വധത്തിനുള്ള ശ്രമങ്ങൾ വരെയുള്ള കഥ അദ്ദേഹം പറഞ്ഞു വയ്ക്കുമ്പോൾ രുക്മിണി,ദാരുകൻ, ദ്രൗപദി, അർജ്ജുനൻ, സാത്യകി, ഉദ്ധവൻ തുടങ്ങിയവരിലൂടെ ആ ജീവിത കഥ പൂർത്തീകരിക്കപ്പെടുന്നു. ഓരോ അദ്ധ്യായങ്ങളിലും അവരവരുടെ കണ്ണിലൂടെയുള്ള കൃഷ്ണന്റെ രൂപത്തെയും, സ്വഭാവത്തെയും,അവർ കടന്നു പോയിട്ടുള്ള സംഭവങ്ങളെയും വിവരിക്കാനാണ് ശ്രമിച്ചരിക്കുന്നത്. പാണ്ഡവരുമായുള്ള ചങ്ങാത്തത്തിൽ എത്തുന്നതോടെ മഹാഭാരത കഥ യുടെ ഒരു ഭാഗം തന്നെ നമ്മുടെ മുന്നിലെത്തുന്നുണ്ട് . തീർച്ചയായും കൃഷ്ണന്റെ ജീവിതത്തിലേക്ക് എത്തിനോക്കാൻ ശ്രമിക്കുന്ന ഈ നോവൽ വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് തന്നെ നൽകുന്നുണ്ട്.
ശ്രീകൃഷ്ണനുമായുള്ള വിവാഹത്തിന്റെയും ദ്വാരകയുടെയും കഥയാണ് രുക്മിണി പറയുന്നത്. അവരുടെ സഹഭാര്യമാരെക്കുറിച്ചും അവർ എങ്ങനെ കൃഷ്ണന്റെ ജീവിതത്തിലേക്ക് വന്നുവെന്നും രുക്മിണിയുടെ അദ്ധ്യായത്തിൽ പറയുന്നു. ദാരുകനാകട്ടെ അവർ നടത്തിയ വിവിധ യുദ്ധങ്ങളുടെയും കഥ പറയുന്നു. അർജുനൻ തന്റെ സൗഹൃദത്തെക്കുറിച്ചും ഭക്തിയെക്കുറിച്ചും പിന്നീട് മഹാഭാരത യുദ്ധത്തിലെ സംഭവങ്ങളും പറയുന്നു. ദ്രൗപതി യുടെ കഥയിൽ ഇന്ദ്രപ്രസ്ഥവും, പാണ്ഢവരും കടന്നു വരുന്നു.സാത്യകി യുടെ അദ്ധ്യായത്തിലാണ് കൃഷ്ണൻ നടത്തിയ യുദ്ധങ്ങളെക്കുറിച്ചും , അതിലെ തന്ത്രങ്ങളെക്കുറിച്ചും വളരെ ആധികാരികമായി മനസ്സിലാക്കാൻ സാധിക്കുന്നത്. കൃഷ്ണന്റെ ബന്ധുവായ ഉദ്ധവനാകട്ടെ തന്റെ , ഏറ്റവും അടുത്ത സുഹൃത്തും , ശ്രീകൃഷ്ണന്റെ നിഴൽ പോലെ ജീവിച്ച ഒരാളായി നടന്നതിന്റെ കഥകളാണ് പറയുന്നത്. ശ്രീകൃഷ്ണന്റെ അവസാന നിമിഷം വരെ കൂടെയുണ്ടായിരുന്നതും ഉദ്ധവനാണ് . ഇന്നത്തെ സമൂഹത്തിന്റെ പ്രതിനിധിയയാണ് കൃഷ്ണ പുത്രൻ സാംബൻ നോവലിൽ പ്രത്യക്ഷപ്പെടുന്നത്. ഭരണം ,സമ്പത്ത്, സ്ത്രീ,അപര വിദ്വേഷം എന്നിവയോടുള്ള നിസ്സീമമായ ആഗ്രഹം കാരണമാണ് യുദ്ധങ്ങൾ പൊട്ടിപുറപ്പെടുന്നത് എന്ന് നോവലിൽ പറഞ്ഞു വെയ്ക്കുന്നുണ്ട്. ഇന്നത്തെ കാലത്തും ആ പറഞ്ഞ കാര്യങ്ങൾക്കും വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല, ആ മേല്പറഞ്ഞ കാരണങ്ങൾ കൂടത്തെ മതം എന്നൊരു സംഗതി കൂടി ഉൾപ്പെടുത്തിയാൽ മാത്രം മതി. അതാകാട്ടെ അപര വിദ്വേഷത്തിനുള്ളിൽ ഉൾപ്പെടുന്ന വിഷയം കൂടിയാണല്ലോ.
ശിവാജി സാവന്തിന്റെ കർണ്ണനെ ഈ നോവലിൽ കാണാൻ കഴിയില്ല . കാരണം കർണ്ണൻ കർണ്ണനായിത്തന്നെ ഇതിൽ പ്രത്യക്ഷപ്പെടുന്നു എന്നുള്ളതാണ്. അഹങ്കാരം പലപ്പോഴും കള്ളനെ പോലെ മനസ്സിൽ കയറിക്കൂടിയ, വഴിപിഴച്ച ജീവിതത്തിന്റെ കൂട്ടാളികൾക്കൊപ്പമാണ് എല്ലായ് പ്പോഴും കർണ്ണൻ. അയാളുടെ ദുര മൂത്ത മനസ്ഥിതി അയാളറിയാതെ തന്നെ ഇടയ്ക്കിടെ പുറത്തുചാടുന്നുന്നുമുണ്ട്.
ഈ നോവലിൽ വളരെ വ്യക്തമായി അവതരിപ്പിക്കുന്ന കൃഷ്ണന്റെ മറ്റൊരു വശം സ്ത്രീകളോടുള്ള കാഴ്ചപ്പാടാണ് . അദ്ദേഹത്തിന്റെ സ്വന്തം കുടുംബത്തിലെ സ്ത്രീകളായാലും അല്ലെങ്കിൽ അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളായാലും അവരോടു മാന്യമായി പെരുമാറാൻ നിങ്ങൾ ഒരു രാജാവാകേണ്ടതില്ലെന്നും ശ്രീകൃഷ്ണൻ കാണിച്ചു തരുന്നുണ്ട്. ഗോകുലത്തിലെ രാധ തൊട്ട് ദ്രൌപദിയോടും,കുന്തിയോടും, ഗാന്ധാരിയോടും അയാള് ഇടപെട്ടത് എങ്ങനെ ആയിരുന്നുവെന്നത് അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങൾ മാത്രം.
തീർച്ചയായും ശിവാജി സാവന്തിന്റെ മറ്റൊരു മാസ്റ്റർപീസ് തന്നെയാണ് യുഗന്ധരൻ എന്ന നോവൽ . 1994 ൽ പ്രശസ്തമായ മൂർത്തിദേവി അവാർഡ് ലഭിച്ച ആദ്യത്തെ മറാത്തി എഴുത്തുകാരൻ കൂടിയാണ് ശിവാജി സാവന്ത്.സാഹിത്യ അക്കാദമി ഡെൽഹിയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് പി കെ ചന്ദ്രനും.
കൊൽക്കത്ത പൊലീസിനെ പരീക്ഷിച്ച പന്ത്രണ്ടു കൊലപാതക കേസുകൾ -Murder in the city
നമ്മൾ വായിക്കുന്ന അപസർപ്പക നോവലുകളിൽ അന്വേഷണം വഴിമുട്ടുന്ന ഒരു സാഹചര്യം വരുമ്പോൾ എഴുത്തുകാരന്റെ യുക്തിക്കനുസരിച്ചു തെളിവുകൾ കൂട്ടിച്ചേർക്കുന്നത് കാണാം ,അതുപോലെ പുതിയ ആളുകളെ അതിലേക്ക് സൃഷ്ടിക്കുകയോ ,വഴിത്തിരിവുകൾ ഉണ്ടാക്കുകയോ ചെയ്യാം . അങ്ങനെ നിരവധി മാർഗ്ഗങ്ങൾ കൊണ്ട് കുറ്റവാളികളിലേക്കെത്തിക്കാം. വായനക്കാരെ തൃപ്തിപ്പെടുത്താൻ അതുമതിയാകും. പക്ഷെ നോവലിന് പുറത്തുള്ള യഥാർഥ അന്വേഷണ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും ഇങ്ങനെ വഴി മുട്ടുന്ന അവസരങ്ങളിൽ എന്ത് ചെയ്യാനൊക്കും? ഒരു തുമ്പും കിട്ടാതെ ഇപ്പോഴും എത്രയോ കേസുകൾ കട്ടപുറത്തിരിക്കുന്നു! പക്ഷെ ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന കേസുകളെല്ലാം തന്നെ പോലീസ് അതിവിദഗ്ദ്ധമായി തെളിയിച്ചതാണ്. കൊൽക്കത്ത പോലീസ് ചരിത്രത്തിലെ പന്ത്രണ്ടു കേസുകൾ ആണ് Murder in the city: twelve incredible case files of the kolkata police എന്ന പുസ്തകത്തിലുള്ളത്.
1.അമരേന്ദ്ര പാണ്ഡെ അഥവാ പാകുർ മർഡർ കേസ്
1934 ൽ ഏകദേശം 85 കൊല്ലം മുൻപ് കൊൽക്കത്ത പോലീസിന്റെ ഉറക്കം കളഞ്ഞ കേസാണിത്. ബ്യോംകേഷ് ബക്ഷിയുടെ പ്രശസ്തമായ ഗ്രാമഫോൺ പിൻ എന്ന കഥയുമായി സാമ്യമുള്ള ഒരു കേസാണിത്. വായിച്ചു പകുതിയായപ്പോൾ തന്നെ ഇതേപോലെ വേറെ എവിടെയോ വായിച്ചിട്ടുണ്ടെന്നു കരുതിയപ്പോഴേക്കും പുസ്തകത്തിൽ തന്നെ ബക്ഷിയുടെ കഥയുടെ റഫറൻസ് വന്നു. ഒരുപക്ഷെ ബക്ഷിയെ നല്ലവണ്ണം സ്വാധീനിച്ചിട്ടുണ്ടാകണം ഈ കേസ് എന്ന് കരുതേണ്ടിയിരിക്കുന്നു.
2.ബേലറാണി കൊലപാതക കേസ്
1954 ൽ ടോളിഗഞ്ചിലെ പോലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്യപ്പെട്ട കേസാണിത്.ഒരു നോവൽ പോലെ വായിക്കിക്കാവുന്ന ഉദ്വേഗം സൃഷ്ടിക്കുന്ന സംഭവങ്ങളാണ് ഈ കേസിൽ നടന്നിട്ടുള്ളത്. അതിരാവിലെ നഗരം വൃത്തിയാക്കാൻ വന്ന ജോലിക്കാർ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ ശരീരഭാഗങ്ങൾ കണ്ടെത്തുന്നതതോടെയാണ് കേസ് ആരംഭിക്കുന്നത്. കണ്ടെത്തിയ മുഖത്തിന്റെ ഭാഗമാകട്ടെ ഒരു തരത്തിലും തിരിച്ചറിയാൻ സാധിക്കാത്ത വിധം വികൃതമാക്കിയിരുന്നു. കുറ്റാന്വേഷണ ചരിത്രത്തിൽ കേസ് തെളിയിക്കുന്നതിനായി ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് സർജറി ചെയ്തു നോക്കിയ കേസ് എന്ന ബഹുമതി കൂടി ഈ സംഭവത്തിനുണ്ട്. ഇന്നിത് കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും ക്രിമിനൽ കേസുകളിൽ DNA ടെസ്റ്റ് ഉപയോഗപ്പെടുത്താൻ തുടങ്ങുന്നതിനും ഏതാണ്ട് മുപ്പതു വർഷങ്ങൾക്കു മുൻപാണ് ഈ സംഭവം നടക്കുന്നത് എന്നുകൂടി ഓർക്കണം . 1986 ലാണ് DNA ടെസ്റ്റ് കേസന്വേഷണങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് തുടങ്ങിയത് . അതിനും മുപ്പതു വർഷങ്ങൾക്കു മുന്പ് നടന്ന ഈ കേസ് ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ്.
3.പഞ്ചം ശുക്ല കൊലക്കേസ്
1960 ലെ ഈ കേസ് എളുപ്പത്തിൽ തെളിയിക്കാൻ കഴിഞ്ഞെങ്കിലും പോലീസിനെ നന്നായി വെള്ളം കുടിപ്പിച്ച കേസായിരുന്നു ഇത് . ബേലറാണി കൊലപാതക കേസിന് ബക്ക് റെക്സ്റ്റൻ ജിഗ്‌സോ മർഡർ കേസുമായി സാദൃശമുണ്ടായിരുന്നു . 1935 ൽ ലങ്കാസ്റ്ററിലെ ഒരു ഫിസിഷ്യൻ കൂടിയായിരുന്ന ബക്ക് റെക്സ്റ്റൻ തനറെ ഭാര്യയെയും, ജോലിക്കാരിയെയും വെട്ടി കൊലപ്പെടുത്തി. വളരെ സൂക്ഷ്മമായി ശവശരീരങ്ങളെ മുറിച്ചു കഷ്ണങ്ങളാക്കി.തിരിച്ചറിയാൻ സഹായിക്കുന്ന എല്ലാ അടയാളങ്ങളും അതിവിദഗ്ധമായി അയാൾ ഇല്ലാതാക്കി. എന്നിട്ടവ സ്കോട്ലൻഡിലെ ഒരിടത്തു ഉപേക്ഷിച്ചു.അഥവാ എന്നെങ്കിലും അവ കണ്ടെത്തിയാൽ അത് തന്റെ ഭാര്യയുടെയും,വേലക്കാരിയുടെയും ആണെന് സ്ഥാപിക്കാൻ കഴിയരുത് എന്നയാൾക്ക് നിർബന്ധമുണ്ടായിരുന്നു. പക്ഷേ നാളുകൾക്ക് ശേഷം ആ ശരീരഭാഗങ്ങൾ ആളുകളുടെ കണ്ണിൽ പെട്ടു. ഒരു ജിഗ്‌സോ പസിലിന്റേതുപോലെ ശരീരഭാഗങ്ങൾ ചേർത്തുവെയ്ക്കേണ്ട ഗതികേടിലായി പൊലീസിന്. ആ കേസും അതേപേരിൽ അറിയപ്പെട്ടു ബക്ക് റെക്സ്റ്റൻ ജിഗ്‌സോ മർഡർ കേസ് ! ആദ്യമായി ഫോട്ടോഗ്രാഫിക് സൂപ്പർ ഇമ്പോസിഷൻ ഒരു അന്വേഷണത്തിനായി ഉപയോഗിക്കുന്നത് ഈ കേസിലായിരുന്നു.
ബേലറാണി കൊലപാതക കേസ് അന്വേഷണ ഉദ്യോഗസ്ഥനായ അനില് ബാനർജി സമാനമായ കേസുകളെ തപ്പി നാഷ്ണൽ ലൈബ്രറിയിൽ അരിച്ചു പെറുക്കിയതിന്റെ ഫലമായി കണ്ണിൽപെട്ടതായിരുന്നു ബക്ക് റെക്സ്റ്റൻ ജിഗ്‌സോ മർഡർ കേസിന്റെ വിവരങ്ങൾ. കേസ് തെളിയിക്കാനുള്ള വഴി തുറന്നു കിട്ടിയത് ആ കേസിൽ നിന്നുമായിരുന്നു.
4. ദേബ്ജാനി ബാനിക് മർഡർ കേസ്
1983 കാലഘട്ടം .അസമയത്തു ഗരിയഹട്ട് പോലീസ് സ്റ്റേഷനിലേക്ക് വന്ന മിസ്സ്ഡ് കോളെന്നു തോന്നിപ്പിച്ച ഒരു ഫോൺ കാൾ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. സംശയം തോന്നിയ പോലീസ് ,മിനുട്ടുകൾക്കുള്ളിൽ ആ നമ്പർ വന്ന ഇടത്തിലേക്ക് എത്തിച്ചേർന്നു. വാതിൽ തുറക്കാൻ ആവശ്യപ്പെട്ടിട്ടും ആരും തുറക്കാതായപ്പോൾ ഫയർ ഫോഴ്‌സ് ടീം എത്തി വാതിൽ തുറക്കുകയിരുന്നു .പേടിച്ചിരിക്കുന്ന ഏതാനും യുവതികളും ,പരിശോധിച്ചപ്പോൾ കട്ടിലിന്റെ അടിയിൽ നിന്നും കിട്ടിയ റിഗർ മോർട്ടിസ് സംഭവിച്ചു കഴിഞ്ഞ ഒരു മൃതദേഹവും പോലീസ് കണ്ടെത്തി. വീടിനകത്തുണ്ടായിരുന്നു പുരുഷന്മാർ അപ്രത്യക്ഷരായിരുന്നു .ഇന്നത്തെ പോലെ ഓൺലൈൻ സാമൂഹിക മാധ്യമങ്ങളുടെ യാതൊരു ബാഹുല്യവും ഇല്ലാതിരുന്ന കാലത്തായിരുന്നിട്ടും പത്രങ്ങളിൽ കുറെ നാൾ മുഖ്യവാർത്തയായി കൊണ്ടാടപ്പെട്ട ഒരു കേസായിരുന്നു ഇത്.
5.അനുരാഗ് അഗർവാൾ കൊലപാതക കേസ്
മധ്യവർഗ്ഗ കുടുംബത്തിലെ സ്കൂൾകുട്ടിയായ പതിനാലു വയസ്സുള്ള അനുരാഗിനെ ഒരു ദിവസം കാണാതായി.രണ്ടു ദിവസം കഴിയുന്നതിനു മുൻപേ മിസ്റ്റർ ഗുപ്ത എന്നവകാശപ്പെട്ട ഒരാളുടെ ഫോൺ കോൾ വന്നു. അനുരാഗിനെ തട്ടികൊണ്ടുവന്നിരിക്കയാണെന്നും 24 മണിക്കൂറിലിനുള്ളിൽ ഒരു ലക്ഷം രൂപ നൽകിയെങ്കിൽ കൊന്നുകളയുമെന്നും അയാൾ പറഞ്ഞു. അവർ പറഞ്ഞ അടയാളമുള്ള ആളിന്റെ പക്കൽ പറയുന്ന സ്ഥലത്തു വച്ച് കൈമാറണം എന്നതായിരുന്നു ഡിമാൻഡ് .എല്ലാം കൃത്യമായി നടന്നു. പക്ഷെ പിന്നീടും ഗുപതയുടെ കോൾ വന്നു. പറഞ്ഞ പണം ഇനിയും കിട്ടിയില്ല എന്ന് പറഞ്ഞുകൊണ്ട്. ഇത്തവണ കുടുംബം പോലീസിൽ പരാതിപ്പെട്ടു. അതിന്റെ പിന്നിലുളള കുരുക്ക് അഴിക്കാനുള്ള യോഗം ഡിറ്റക്റ്റീവ് ഡിപ്പാർട്മെൻറിലെ ദുലാൽ ചക്രവർത്തിക്കായിരുന്നു.
6.നാവോലഖ മർഡർ കേസ്
59 വയസ്സുള്ള ഗിരീഷ് കുമാർ നാവോലഖ തന്റെ ഫ്‌ളാറ്റിലെ കാർപെറ്റിൽ മരിച്ചു കിടന്നു . അവരുടെ ഭാര്യ ബീന അവരുടെ ബെഡ്റൂമിലും .അനാശ്യാസ്യവും, വാടകക്കൊലയാളികളും ഒക്കെ കടന്നുവന്ന കേസ് പോലീസിനെ കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിച്ചത്.
7 .ബിശ്വനാഥ് ദത്ത കൊലപാതകേസ്
പുലർച്ചെ ബർട്ടോല പോലീസ് സ്റ്റേഷനിലേക്കു ഒരു കോൾ വന്നു. സർ ഇവിടെ നിരവധി അനിഷ്ട സംഭവങ്ങൾ നടന്നുകൊണ്ടിരിക്കയാണ് ,പെട്ടെന്ന് വരണം . കേസ് റെജിസ്റ്റർ ചെയ്ത പൊലീസിന് കാര്യങ്ങൾ അത്ര എളുപ്പമല്ലായിരുന്നു . നിയമ സംരക്ഷർ തന്നെ നിയമം തെറ്റിച്ചതിന്റെ ഒരു ഉദാഹരണമായിരുന്നു ഈ കേസ്. വെറുമൊരു കെട്ടിടവിൽപ്പനയുമായി ബന്ധപ്പെട്ട് പൊങ്ങിവന്ന ഒരു കേസ് കൂടിയാണിത് . രാജ്യത്തു ഫോട്ടോഗ്രാഫിക് സൂപ്പർ ഇമ്പോസിഷൻ ഉപയോഗപ്പെടുത്തിയ രണ്ടാമത്തെ മാത്രം കേസായിരുന്നു ഇത്. ആദ്യത്തെ കേസ് ഏതാണെന്നു ഓർമ്മയുണ്ടല്ലോ അല്ലേ ?
8.ഹാരോൺ റഷീദ് കൊലപാതക കേസ്
ഒന്പതു വയസ്സുള്ള ഹാരോൺ സ്കൂൾ വിട്ടു വരേണ്ട സമയം ഏറെ കഴിഞ്ഞിട്ടും കാണാതായപ്പോൾ കുടുംബം പോലീസിൽ പരാതിപ്പെട്ടു. അന്ന് ഉച്ചയ്ക്ക് ശേഷം ഹാരോണിന്റെ പിതാവ് ഹാദിസിന് ഒരുകോൾ വന്നു. ഇരുപത്തയ്യായിരം രൂപയുമായി പാർക്ക് സർക്കസിന് അടുത്തുള്ള ബ്രിഡ്ജ് നമ്പർ നാലിനടുത്തു രാത്രി പത്തുമണിക്ക് വരണം. അവിടെ വലതു കയ്യില് വാച്ച് കെട്ടിയ തലയില് ചുവന്ന തൊപ്പി ധരിച്ച ഒരാളുണ്ടാകും. പണം അയാളെ ഏൽപ്പിക്കുക . പണം കൈമാറി കഴിഞ്ഞാൽ പിറ്റേ ദിവസം സന്ധ്യക്ക് മുന്പ് മകൻ വീട്ടിലെത്തും. ഇല്ലെങ്കിൽ അവന്റെ ജീവനില്ലാത്ത ശരീരമായിരിക്കും കാണുക എന്നതായിരുന്നു സന്ദേശം. കിട്ടാവുന്നിടത്ത് നിന്നൊക്കെ പണം സംഘടിപ്പിച്ച് ഹദീസ് പണവുമായി ബ്രിഡ്ജ് നമ്പർ നാലിനടുത്ത് പോയെങ്കിലും ആരെയും കണ്ടില്ല. മണിക്കൂറുകളോളം കാത്തു നിന്നശേഷം ആരെയും കാണാതായപ്പോൾ അയാൾ നിരാശയോടെ വീട്ടിലേക്കു മടങ്ങി. പിറ്റേന്ന് ആയിരം കിലോമീറ്റർ അപ്പുറത്ത് ഒരു കുട്ടിയുടെ മൃതദേഹം ആളുകൾ കണ്ടെത്തി ,തൊട്ടടുത്ത് തന്നെ സ്കൂൾ ബാഗും ടിഫിൻ ബോക്സും , വാട്ടർ ബോട്ടിലുമൊക്കെ ഉണ്ടായിരുന്നു. സ്കൂൾ ബാഗിൽ നിന്നും ആളുടെ പേർ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അത് ഹാരോണിന്റെതതായിരുന്നു. മൃതദേഹം എങ്ങനെ ആയിരം കിലോമീറ്റർ അപ്പുറത്ത് വന്നു?പണം കൊണ്ട് വന്നിട്ടും അത് കൈപ്പറ്റാൻ ആരും വന്നില്ല?പണമാവശ്യപ്പെട്ടു കൊണ്ട് അതിനു ശേഷം ഒരു ഫോൺ കോൾ പോലും വന്നില്ല?എന്നിട്ടും കുട്ടിയെ കൊന്നത് എന്തിന്? പൊലീസിനെ ഒരുപാട് ചുറ്റിച്ച കേസായിരുന്നു ഇതും. ഈ കേസിലും പോലീസ് തെളിവുകൾ കണ്ടെത്തുന്ന രീതി അതിശയിപ്പിക്കുന്നത് തന്നെയാണ്.
9.റംസാൻ അലി കൊലക്കേസ്
താലത്ത് സുൽത്താന ഗോൽപൊക്കൂറിലെ ഫോർവേഡ് ബ്ലോക് പാർട്ടിയിലെ പ്രമുഖനായ റംസാൻ അലിയുടെ ഭാര്യയായിരുന്നു. സംഭവം നടന്ന അന്ന് രണ്ടുപേരും എം എൽ എ ഹോസ്റ്റലിലായിരുന്നു. അന്നേദിവസം ഉച്ചയ്ക്ക് ശുഭ ദീദി എന്നു വിളിക്കുന്ന അവരുടെ സുഹൃത്ത് റൂമിലേക്ക് വന്നു. മറ്റ് റൂമുകളൊന്നും കിട്ടാത്തതുകൊണ്ടും,ആവരുടെ അടുത്ത സുഹൃത്തുകൂടിആയതുകൊണ്ടും റംസാൻ അലിയും ഭാര്യയും അവരെ അവിടെ താമസിപ്പിച്ചു. തന്റെ ലഗ്ഗേജുകൾ റൂമിൽ വച്ച് അപ്പോൾ തന്നെ അവർ ഷോപ്പിങ്ങിനോ മറ്റോ പുറത്തു പോയി. വൈകീട്ട് ആറു മണിയോടെ തിരികെ വന്നു. രാത്രി 9.15 ആയപ്പോൾ മരുന്ന് വാങ്ങാൻ വീണ്ടും പുറത്തുപോയി പെട്ടെന്ന് തന്നെ തിരികെ വന്നു. ഭക്ഷണം കഴിച്ചു അവർ 10 മണിയോടെ ഉറങ്ങാൻ കിടന്നു. 11.30 ആയപ്പോൾ ആരോ വാതിൽ മുട്ടുന്ന ശബ്ദം കേട്ടു. ശുഭ നല്ല ഉറക്കമാണ് എന്നു കണ്ട് അലി ഭാര്യയോടു വാതിൽ തുറന്നു നോക്കാൻ ആവശ്യപ്പെട്ടു. പാർട്ടിയുടെ ഒരു പ്രവർത്തകനായ മതീനെ അവർ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. പക്ഷേ വാതിൽ തുറന്നു നോക്കിയ ഭാര്യ ആരെയും കണ്ടില്ല. എങ്കിൽ വാതിൽ ലോക്ക് ചെയ്യേണ്ട, അവൻ വരട്ടെ എന്നു പറഞ്ഞുകൊണ്ടു ഉറക്കം നഷ്ടപ്പെട്ട ഭാര്യ പാത്രങ്ങൾ കഴുകി വയ്ക്കുന്നതിന്വേണ്ടി അടുക്കളയിലേക്ക് പോയി. പാത്രങ്ങൾ കഴുകുന്നതിനിടയിൽ ആരോ വന്നു അവരുടെ വായ് പൊത്തി. കൈകാലുകൾ കൂട്ടികെട്ടി,വായിൽ തുണി തിരുകിയപ്പോഴേക്കും ശബ്ദം കേട്ട് ശുഭയും എണീറ്റ് വന്നു. അവരെയും കെട്ടിയിട്ട് വന്നവരിൽ ഒരാൾ അടുത്ത് സ്റ്റാൻഡിൽ ഇട്ടിരുന്ന സാരിയെടുത്ത് റംസാൻ സാഹിബിന്റെ കഴുത്തിലൂടെയിട്ട് മുറുക്കി. പണം വച്ചിരിക്കുന്നത് എവിടെയാണ് എന്ന ചോദ്യത്തിന് മറുപടിക്ക് കാത്തു നിൽക്കാതെ അവിടെയുള്ളതെല്ലാം കൈക്കലാക്കി അവർ സ്ഥലം വിട്ടു . അര മണിക്കൂറിനുള്ളിൽ എല്ലാം തീർന്നു. ശുഭയും, സുൽത്താനയും പരസ്പരം ശ്രമിച്ചു അവരുടെ കെട്ടുകൾ അഴിച്ചെടുത്ത് മാതിനെ പെട്ടെന്ന് തന്നെ വിളിച്ചു വരുത്തി. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. റംസാൻ അലി മരിച്ചു കഴിഞ്ഞിരുന്നു. കൊലയാളിയെ നേരിട്ട് കണ്ടാൽ തിരിച്ചറിയും എന്നതല്ലാതെ മുന്നോട്ട് പോകാനുള്ള ഒരു തെളിവും പൊലീസിന് കിട്ടിയില്ല. സിനിമാ കഥകളെ തോൽപ്പിക്കുന്ന ക്ലൈമാക്സ് ആയിരുന്നു റംസാൻ അലി കൊലപാതക കേസിന്.
10 . ബാപി സെൻ കൊലപാതക കേസ്
കൽക്കത്ത പൊലീസിലെ ഒരു സർജന്റ് ആയിരന് ബാപി. തർത്തലയിലുള്ള തന്റെ സുഹൃത്തിനെ കണ്ടിട്ടു വരികയായിരുന്നു ബാപി, കൂടെ തന്റെ സുഹൃത്തുകളും ഉണ്ടായിരുന്നു. പുതുവർഷ തലേന്ന് ആയതുകൊണ്ട് നിരത്തുകൾ പൊതുവേ തിരക്കിൽവീണു കിടപ്പായിരുന്നു. പ്രതീക്ഷിച്ചതിലും വൈകിയതുകൊണ്ട് തിരക്കുള്ള റോഡുകൾ ഒഴിവാക്കി അവർ വാഹനമോടിച്ചു. അപ്പോഴാണ് ബാപി ഒരു കാഴ്ച കണ്ടത്. ഒരു സ്കൂട്ടറിന്റെ പിന്നാലെ ഒരു കാർ പായുന്നു. സ്കൂട്ടറിന്റെ പിന്നിലിരിക്കുന്ന യുവതിയാണ് കാറിലുള്ളവരുടെ ലക്ഷ്യം. കാറിന്റെയുള്ളില് നിന്നും പുറത്തേക്ക് നിരവധി കൈകൾ അവരെ പിടിക്കാൻ ശ്രമം നടക്കുന്നുണ്ട്. പെട്ടെന്ന് സ്കൂട്ടർ നിർത്തി. ടാക്സിയിലുള്ളവർ വട്ടം നിന്നുകൊണ്ടു ആ യുവതിയെ അങ്ങോട്ടുമിങ്ങോട്ടും തട്ടി കളിക്കാൻ തുടങ്ങി, സിനിമകളിൽ നായകനും കൂട്ടാളികളും ഒറ്റക്കായി പോകുന്ന വില്ലനെ പെരുമാറുന്ന പോലെ. എതിർക്കാൻ ശ്രമിച്ച ബൈക്ക് ഓടിച്ചുകൊണ്ടിരുന്നയാളെ അവർ തള്ളി താഴെയിട്ടു. ഈ സമയത്താണ് ബാപി ഇടപെടുന്നത്. താൻ പോലീസുകാരനാണെന്ന് പറഞ്ഞിട്ടും അവർ ശ്രദ്ധിക്കാൻ പോയില്ല. തങ്ങളും പൊലീസുകരാണ് എന്നു പറഞ്ഞുകൊണ്ടു അവർ ബാപിയെ എതിരിട്ടു. ബാപിയുടെ സുഹൃത്തുക്കൾ എത്തിച്ചേർന്നപ്പോഴേക്കും വൈകിപ്പോയിരുന്നു. മാരകമായി പരിക്കേ റ്റ് ബാപി റോഡിൽ വീണു കഴിഞ്ഞിരുന്നു. ആ ബഹളത്തിനിടയ്ക്ക് സ്കൂട്ടർ യാത്രക്കാരനും ആ യുവതിയും അവിടെ നിന്നും രക്ഷപ്പെട്ടു. ഒരുപാട് തിരിമറികൾ നടന്ന കേസായിരുന്നു ഇത്. ആരായിരുന്നു അവർ? ആക്രമിച്ചവർ പൊലീസുകാർ തന്നെയായിരുന്നുവോ ? സ്കൂട്ടറിൽ ഉണ്ടായിരുന്ന ആ യുവാവും യുവതിയും ആരായിരുന്നു , ആവർക്കെന്ത് സംഭവിച്ചു? അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അതാനു ബന്ദോപാദ്ധ്യയയുടെ മികവ് തന്നെയായിരുന്നു കേസ് തെളിയാൻ സഹായിച്ചത്.
11. തപൻ ദാസ് കൊലപാതക കേസ്
ബോവ് ബസാറിലെ പോലീസ് സ്റ്റേഷനിലെ ഫോൺ ശബ്ദിച്ചു. ഹോട്ടൽ പെൻഗ്വിനിൽ നിന്നായിരുന്നു അത്. ഒരു കൊലപാതകം നടന്നിരിക്കുന്നു. ഹോട്ടലിലെ രജിസ്റ്റർ പ്രകാരം സുമൻ ബിഹാരിയും,മോത്തിലാൽ ഷായും റൂം നമ്പർ നൂറ്റിപ്പത്തിൽ മുറിയെടുത്തിരുന്നു. മോത്തിലാൽ ഫെബ്രുവരി ആറിന് മുറി വിട്ടു പോയിട്ടുണ്ട്. പിന്നീട് അയാളെ ആരും കണ്ടിട്ടില്ല. ഹൌസ് കീപ്പിങ് സ്റ്റാഫുകൾ മുറി വൃത്തിയാക്കാനെത്തിയപ്പോൾ എത്ര വിളിച്ചിട്ടും വാതിൽ തുറക്കാതായപ്പോൾ ഡൂപ്ലികേറ്റ് താക്കോലുപയോഗിച്ച് മുറി തുറന്നു. അവിടെ കട്ടിലിൽ സുമൻ ബിഹാരിയുടെ ശരീരം കിടന്നിരുന്നു.വായിൽ നിന്നും ,മൂക്കിൽ നിന്നും രക്തം ഒലിച്ചിറങ്ങിയിരുന്നു. പോലീസ് അന്വേഷണത്തിൽ സുമൻ ബിഹാരിയുടെ യഥാർഥ പേര് തപൻ ദാസ് എന്നു കണ്ടെത്തി എന്നതല്ലാതെ ഒരു തെളിവും പൊലീസിന് കിട്ടിയില്ല.
ടൈഗർ സിനിമയിൽ ആശുപത്രികിടക്കയിൽ മരണത്തോട് മല്ലിട്ടു കിടക്കുന്ന ഗോപികയുടെ കഥാപാത്രം വാപ്പച്ചി എന്ന വാക്ക് പറയാൻ ശ്രമിക്കുന്ന ഒരു രംഗമുണ്ട്. അതും വച്ച് പോലീസ് കേസിന് ലീഡ് ഉണ്ടാക്കുന്നുണ്ട്. സമാന സംഭവം വേറൊരു രീതിയിൽ ഈ കേസിലും സംഭവിക്കുന്നുണ്ട്. ഒരു ചെറിയ വാക്ക് . അതുമതിയായിരുന്നു പൊലീസിന് പിടിച്ചു കേറാൻ.
12. രവീന്ദർ കൌർ ലൂത്റ കൊലക്കേസ്
തന്റെ ആഡംബര വീട്ടിലെ ഒരു പാർട്ടി കഴിഞ്ഞു അൽപ്പസമയത്തിന് ശേഷം രവീന്ദർ കൌർ മരിച്ച നിലയിൽ കണ്ടെത്തി. വിലപിടിപ്പുള്ള പലതും വീട്ടിൽ നിന്നും മോഷണം പോയിരുന്നു. GI സെക്യൂരിറ്റീസ് എന്ന സെക്യൂരിറ്റി ഏജെൻസി നടത്തുകയായിരുന്നു അവർ. സി സി ടിവി പോലുള്ള നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടായിട്ടും, അവർ താമസിക്കുന്ന അപ്പാർട്മെന്റിൽ മറ്റ് നിരവധി ആളുകൾ ഉണ്ടായിട്ടും കൊലപാതകം എങ്ങനെ നടന്നു എന്നത് പൊലീസിനെ കുഴപ്പിച്ചു. 2007 ൽ നടന്ന ഈ കേസ് ആണ് ഈ പുസ്തകത്തിലെ അവസാനത്തെ കേസ്. ഫോറെൻസിക് ടീമുകൾക്ക് നന്നായി വിയർപ്പോഴുക്കേണ്ടി വന്നു ഈ കേസിനെ ഒന്നു കര പറ്റിക്കാൻ. കാരണം കൊലപാതകി അതിബുദ്ധിമാനായിരുന്നു.
ഡിറ്റെക്ടിവ് കഥകൾ പോലെ വായിച്ചു പോകാവുന്ന 12 കേസുകൾ നല്ല രീതിയിൽതന്നെ സർക്കാർ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. Speaking Tiger Publishing ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്,വില 295 രൂപ.
സുഭാഷ് ചന്ദ്രബോസിന്റെ തിരോധനവും ഗൂഡാലോചനകളും
ബോസിന്റെ ആദ്യകാല രാഷ്ട്രീയപ്രവർത്തനങ്ങളും , കോൺഗ്രസിൽ നിന്നും സ്വയം രാജിവെച്ചു പുറത്തുവന്നതിന് ശേഷം പുതിയ പാർട്ടി രൂപീകരിച്ചതും , വിമാനാപകടത്തിൽ കൊല്ലപ്പെട്ടതുവരെയുള്ള നമ്മൾ വായിച്ചു പഠിച്ച ആ ചരിത്രം പുസ്തകത്തിന്റെ ആദ്യ ഭാഗങ്ങളിലുണ്ട്. എന്നാൽ കൊല്ലപ്പെട്ടു എന്നുപറയുന്ന ആ കഥയ്ക്ക് ശേഷം സംഭവിച്ച മറ്റ് ചില കാര്യങ്ങളിലേക്കാണ് പുസ്തകത്തിന്റെ ബാക്കിയുള്ള അദ്ധ്യായങ്ങൾ വിവരിക്കുന്നത് . ഉത്തരം കിട്ടാത്ത എന്നാൽ കിട്ടിയിട്ടും പുറത്തുവിടാൻ കൂട്ടാക്കാതെ രഹസ്യ അറകളിൽ ഇരിക്കുന്ന നിരവധി പല രേഖകളും ഉണ്ട്.
ബോസിന്റെ അവസാന യാത്രയിൽ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന 63 കിലോ സ്വർണ്ണവും കോടിക്കണക്കിനു രൂപയും എവിടെ പോയി എന്നുള്ളതിന്നു കൃത്യമായ ഒരുത്തരം ഇപ്പോളും നമുക്കറിയില്ല. മരിച്ചുവെന്ന് ഔദോഗിക സ്ഥിരീകരണം കിട്ടിയതുനു ശേഷം നാളുകൾക്കു ശേഷം ബോസിനെ നേരിൽ കണ്ടെന്നു പറയപ്പെടുന്ന അമേരിക്കൻ പത്രപ്രവർത്തകന്റെ മൊഴികൾ കണക്കിലെടുക്കാൻ അന്നത്തെ സർക്കാരോ അന്വേഷണ കമ്മീഷനുകളോ തയാറായിട്ടില്ല. അവസാന യാത്രയിൽ ബോസിനൊപ്പം ഉണ്ടായിരുന്ന ഐ എൻ ഐ സൈനികൻ ഹബീബുൽ റഹ്‌മാന്റെ അന്വേഷണ കമ്മീഷനു മുൻപാകെ നൽകിയ മൊഴി സർക്കാർ ഔദ്യോഗിക രഹസ്യനിയമമനുസരിച്ചു ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.വിമാന അപകടമുണ്ടായ തായ്‌വാനിലെ ഫോർമോസയിലേക്ക് അന്വേഷണ കമ്മീഷന്റെ നീക്കം അന്നത്തെ കേന്ദ്ര സർക്കാർ ഇടപ്പെട്ടു തടസ്സപ്പെടുത്തിയത് എന്തിനായിരുന്നു എന്നതും സംശയസ്പദമാണ്. ഇന്ത്യ വിഭജനം പൂർത്തിയാകുന്നതുവരെ ബോസിനെ ഇന്ത്യയിലേക്ക് തിരിച്ചു വരാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് നെഹ്‌റു മൌണ്ട് ബാറ്റന് അയച്ച കത്തിനെ കുറിച്ചു വെളിപ്പെടുത്തിയ ക്യാപ്ടൻ ലക്ഷ്മിയുടെ മൊഴി ,ബ്രിട്ടീഷ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ബോസിനെപോലുള്ള ഒരാളെ തങ്ങൾ റഷ്യൻ അതിർത്തി വരെ പിന്തുടർന്നുവെന്ന മൊഴിയുടെ രേഖകകൾ, നെഹ്രുവിന്റെ നിർദ്ദേശപ്രകാരം ബോസിന്റെ കുടുംബാംഗങ്ങളെ നിരീക്ഷിക്കാൻ ഐ ബി ഉദ്യോഗസ്ഥരെ നിയമിച്ച സംഭവങ്ങൾ തുടങ്ങിയവയെല്ലാം നിരവധി രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇതിന് പിന്നിൽ ഉണ്ടായിരുന്നു എന്നു വ്യക്തമാക്കുന്നവയായാണ്.
1985 സെപ്റ്റംബർ 19 നു അയോധ്യയിലെ സരയൂ നദിക്കരയിൽ സംസ്കരിച്ച ഭഗവാൻജി എന്ന് വിളിക്കുന്ന ഗുംനാമിബാബ ആരായിരുന്നു എന്നതിനെകുറിച്ചും സംശയങ്ങളുയർന്നിരുന്നു.ഇതിനെ ആസ്പദമാക്കി 2019 ൽ ഗുംനാമി എന്ന പേരിൽ ഒരു ബംഗാളി സിനിമ പുറത്തുവന്നിരുന്നു. വിമാനാപകടമെന്ന പുകമറ സൃഷ്ടിച്ചു ബോസ് ആദ്യം റഷ്യയില്ലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് ആദ്യം പറഞ്ഞ വ്യക്തികളിലൊരാളായിരുന്നു സ്വാതന്ത്യ സമരസേനാനിയും നയതന്ത്രജ്ഞനുമായ സത്യനാരായണൻ സിംഹ ,1965 ൽ ഇറങ്ങിയ നേതാജി മിസ്റ്ററി എന്ന പുസ്തകത്തിൽ ഈ കാര്യം വിശദീകരിക്കുന്നുണ്ട്. സൈബീരിയയിലെ യാകൂത്സുക് ജയിലിൽ ബോസിനെ കണ്ടെത്തിയതായി സോവിയറ്റു രഹസ്യ പോലീസ്ഏജന്റ് ആയിരുന്ന കൊസോലോവിന്റെ വെളിപ്പെടുത്തലുകൾ സിൻഹ പറഞ്ഞ കാര്യങ്ങളെ ശരിയെന്നു തെളിയിക്കുന്നതായിരുന്നു. അതിന്റെ രേഖകൾ അടുത്തകാലത്തു മാത്രമാണ് പുറത്തു വന്നത്.
മിഷൻ നേതാജി എന്ന ഒരു സംഘടനയാണ് ബോസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. അതിനെ കുറിച്ചോ, അതിലെ വിവരങ്ങളെ കുറിച്ചോ ഈ പുസ്തകത്തിൽ എന്തുകൊണ്ടോ പ്രതിപാദിച്ചിട്ടില്ല.
മാതൃഭൂമി ബുക്സ് ആണ് സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഞാൻ മലാല എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് പി എസ് രാകേഷ്.
സ്വാമിവിവേകാനന്ദന്റെ ജീവിതവും മരണത്തിലെ ദുരൂഹതകളും.
ഇന്ന് ജൂലൈ 4 വിവേകാനന്ദൻ ഓർമയായിട്ട് 119 വർഷങ്ങൾ തികയുകയാണ്. പക്ഷേ ഒരു നൂറ്റാണ്ടിന് മുൻപ് അദ്ദേഹം ഉയർത്തിവിട്ട ആശയങ്ങളും,പ്രബോധനങ്ങളും ഇപ്പോഴും ലോകം മുഴുവൻ തിളങ്ങി നിൽക്കുന്നു എന്നത് ഒരു വാസ്തവം തന്നെയാണ്.
1893 ല്‍ ചിക്കാഗോയില്‍ നടന്ന ലോകമത പാര്‍ലമെന്റിൽ നടത്തിയ പ്രഭാഷണങ്ങളിലൂടെ ലോകപ്രശസ്തനായ വേദാന്തിയായ ഒരു സന്യാസി എന്നതിനപ്പുറം ആ മഹാമനീഷിയെ അടുത്തറിയാൻ എല്ലാവരും ശ്രമിച്ചിട്ടുണ്ടോ എന്നു സംശയമാണ്. വിവേകാനന്ദനെക്കുറിച്ച് നിരവധി പുസ്തകങ്ങളും ,വിവരണങ്ങളും ഇന്ന് ലഭ്യമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ധ്യായങ്ങളായി വന്നപ്പോൾ മുതൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടതായിരുന്നു ‘വിവേകാനന്ദൻ:സന്യാസിയും മനുഷ്യനും’ എന്ന പംക്തി. എം പി വീരേന്ദ്രകുമാറായിരുന്നു അതി ബൃഹത്തായ ആ ലേഖനങ്ങൾ എഴുതിയിരുന്നത്. പിന്നീട് അവ മാതൃഭൂമി പുസ്തകമാക്കി ഇറക്കുകയും ചെയ്തു.
പണ്ഡിതനും,പരമ ഭക്തനുമായിരുന്ന ദുർഗ്ഗപ്രസാദ് ദത്ത, അദ്ദേഹത്തിന്റെ ഭാര്യ ശ്യാമസുന്ദരിക്കും അവരുടെ ഒരാൺകുഞ്ഞിനുമൊപ്പം കൽക്കത്ത പട്ടണത്തിലെ സിംലാ ഗ്രാമത്തിൽ താമസിച്ചിരുന്നു. ഭൗതിക ജീവിതത്തിൽ വിരക്തി തോന്നിയ ദുർഗ്ഗപ്രസാദ് ദത്ത ഭാര്യയെയും , അഞ്ചു വയസ്സുള്ള മകനെയും വിട്ട് ഒരു ദിവസം വീട് വിട്ടിറങ്ങിപ്പോയി. ദത്തയുടെ മകന്റെ പേര് ബിശ്വനാഥ് ദത്ത എന്നായിരുന്നു. കാലം പോകേ ഉന്നത വിദ്യാഭ്യാസം നേടിയ ആ മകൻ കൽക്കത്ത ഹൈക്കോടതിയിൽ അറ്റോർണി ജനറലായി ഉയർന്നു വന്നു. സമയമായപ്പോൾ അയാൾ ഭുവനേശ്വരിദേവിയെ വിവാഹം ചെയ്തു. ബിശ്വനാഥ് ദത്ത- ഭുവനേശ്വരിദേവി ദമ്പതിമാരുടെ മകനാണ് നരേന്ദ്രനാഥ് എന്ന സാക്ഷാൽ വിവേകാനന്ദൻ.
വേദാന്തവും,യോഗയും പോലുള്ള ഭാരതീയ ദർശനങ്ങളെ വിദേശ രാജ്യങ്ങളിൽ വേണ്ടവിധം പ്രചരിപ്പിച്ച മഹാ മനീഷിയിയാണ് വിവേകാനന്ദൻ എന്ന് നമുക്കറിയാം. അതിമനോഹരമായ പ്രസംഗ ശൈലിയുടെ ഉടമയും, അത്യഗാധമായ ശാസ്‌താവബോധവുമുള്ളയാളായിരുന്നു അദ്ദേഹം . അദ്ദേഹം കൈ വയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. അതിമനോഹരമായി പാടുകയും, സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യാൻ വിദഗ്ധനുമായിരുന്നു അദ്ദേഹം.നാടകാഭിനയ രംഗത്തും അദ്ദേഹം ഭാവമുദ്ര പതിപ്പിച്ചിട്ടുണ്ട്. പ്രശസ്ത നാടക പ്രവർത്തകനായിരുന്ന ത്രിലോക്നാഥ് സന്യാലിന്റെ സംഗീത നാടകമായ നവവൃന്ദാവനത്തിൽ അഭേദാനന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നരേന്ദ്രനാഥാണ് . വിവേകാനന്ദൻ എന്ന പേരു സ്വീകരിക്കുന്നതിനും വളരെ മുൻപായിരുന്നു ഈ സംഭവം. തന്റെ ഇരുപത്തി മൂന്നാമത്തെ വയസ്സിൽ സംഗീതത്തെ അധികരിച്ച് സംഗീത കല്പതരു എന്നൊരു പുസ്തകം ബംഗാളിയിൽ അദ്ദേഹം രചിച്ചിട്ടുണ്ട്.പക്ഷെ ആധ്യാത്മിക ദാർശനിക പ്രഭാഷണങ്ങളിലൂടെ ചിരപ്രതിഷ്ട നേടിയ വിവേകാനന്ദന്റെ സംഗീതോപാസന അതർഹിക്കുന്നവിധം ശ്രദ്ധിക്കപ്പെടുകയോ ചർച്ചചെയ്യപ്പെടുകയോ ഉണ്ടായില്ല എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
സ്വാഭാവികമായും വിവേകാനന്ദന്റെ ജീവിതം പറയുമ്പോൾ അദ്ദേഹത്തിന്റെ ഗുരുവായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസരെയും , പത്നി ശാരദാദേവിയെയും കുറിച്ചും പറയാതിരിക്കാനാകില്ലല്ലോ. ശിഷ്യനെ ശരിയായ ദിശയിൽ വഴിനയിച്ചുവിടുകയും ,സ്വഭാവ രുപീകരണത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട് ആ ഗുരുനാഥൻ. ഋതുമതിയായിരുന്ന സമയത്തു അന്നത്തെ ആചാരമനുസരിച്ചു ഭർത്താവിനുള്ള ഭക്ഷണം പാകം ചെയ്യാതിരുന്ന ശാരദാദേവിയോട് നിന്റെ ശരീരത്തിൽ ഏതുഭാഗത്താണ് അശുദ്ധിയുള്ളത്?ശുദ്ധിയും,അശുദ്ധിയുമൊക്കെ മനസ്സിലാണ് അതിനപ്പുറത്തു അശുദ്ധിയില്ല! എന്ന് പറഞ്ഞ അത്രയും യുക്തിബോധവും, വിശാലമനസ്കതയും ഉണ്ടായിരുന്ന ഗുരുദേവന്റെയും,തക്കൂർ മണിഎന്ന് പേരുണ്ടായിരുന്ന അവരുടെ പത്നി പിന്നീട് ശാരദാദേവിയായ കഥയും വിശദമായി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ചരിത്രത്തിൽ അത്രയും ഉജ്‌ജ്വലമായ ജീവിതമായിരുന്നുവല്ലോ 1920 ജൂലൈ 31നു സമാധിയായ ശാരദാദേവിയും നയിച്ചത്.നിങ്ങൾക്ക് മനഃശാന്തി വേണമെങ്കിൽ മറ്റുള്ളവരിൽ കുറ്റം കാണാതിരിക്കുക.അതിനു പകരം നിങ്ങളുടെ പോരായ്‌മകളെ കുറിച്ചറിയുക.ആ വാക്കുകളിലുണ്ട് ഏറെയൊന്നും വിദ്യാഭ്യാസമില്ലാത്ത പ്രപഞ്ചസത്യം ഉൾകൊള്ളാൻ കഴിഞ്ഞ അവരുടെ വ്യക്തിത്വത്തിന്.
ആധ്യാത്മികതയ്ക്ക് സിദ്ധിപ്രകടനവുമായി യാതൊരു ബന്ധവുമില്ല എന്ന് വിവേകാനന്ദൻ പറഞ്ഞിരുന്നു.അത്തരത്തിലുള്ള പ്രകടനങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചതുമില്ല. അത്ഭുതങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വാസത്തെ രൂപപ്പെടുത്തരുതെന്നും ശ്വാശ്വത സിദ്ധാന്തങ്ങളിലെ സത്യത്തെയാണ് കണ്ടെത്താൻ ശ്രമിക്കേണ്ടതെന്നുമാണ് ശ്രീബുദ്ധൻ പറഞ്ഞിട്ടുള്ളത്. അടിസ്‌ഥാനരഹിതമായ ധാരണകളെയോ അബദ്ധജടിലമായ സിദ്ധാന്തങ്ങളെയോ അടിസ്ഥാനമാക്കി ഒരിക്കലും അഭിപ്രായരൂപീകരണം നടത്തരുതെന്ന് വിവേകാനന്ദനും പറഞ്ഞിട്ടുണ്ട്. വിവേകാനന്ദനെ ശ്രീബുദ്ധൻ സ്വാധീനിച്ചിരുന്നുവെന്നു പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. രണ്ടു വ്യത്യസ്ത അദ്ധ്യായങ്ങളിലായി പരാമർശിക്കപ്പെട്ട ഇവരുടെ അഭിപ്രായങ്ങളിലെ സാമ്യതയെ ഇവിടെ ഒന്ന് സൂചിപ്പിച്ചു എന്ന് മാത്രം.
വിശ്വവിഖ്യാത എഴുത്തുകാരൻ ടോൾസ്റ്റോയിയെ സ്വാധീനിച്ച വ്യക്തി കൂടിയായിരുന്നു വിവേകാനന്ദൻ. വിവേകാനന്ദ സർവസ്വത്തിലെ മിക്ക ഭാഗങ്ങളും അദ്ദേഹം വായിച്ചിട്ടുണ്ടെന്ന് ടോൾസ്റ്റോയിയുടെ കുറിപ്പുകളിൽ പരാമർശമുണ്ട്. ഒരു മനുഷ്യ സ്നേഹിയെന്നതിലുപരി ഒരു സ്ത്രീപക്ഷവാദികൂടിയായിരുന്നു വിവേകാനന്ദൻ.ഇന്ത്യയിൽ രണ്ടു വലിയ തിന്മകളുണ്ട്, ഒന്ന് സ്ത്രീകളെ അവഹേളിക്കുന്നത് ,മറ്റൊന്ന് ജാതിയുടെ പേരിൽ മനുഷ്യരെ അടിച്ചമർത്തുന്നത്, അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ എല്ലാ ദുരിതങ്ങളും ഇല്ലാതാക്കാൻ ആർക്കും കഴിയില്ല എന്നതുകൊണ്ട് സഹജീവികളോടുള്ള നമ്മുടെ ധാർമിക ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല. വിധവകളുടെ കണ്ണീരൊപ്പാനും അനാഥർക്കൊരു റൊട്ടിക്കഷ്ണം പോലും നൽകാനും കഴിയാത്ത ഒരു ദൈവത്തിലോ മതത്തിലോ താൻ വിശ്വസിക്കുന്നില്ല എന്നൊരിക്കൽ അദ്ദേഹം പറയുകയുണ്ടായി. ദാർശനിക മതപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം.
വിവേകാനന്ദന്റെ ജീവിതത്തിലെ വഴിത്തിരുവായിരുന്ന സംഭവമായിരുന്നല്ലോ ഷിക്കാഗോയിൽ നടത്തിയ പ്രഭാഷണം.എല്ലാ ശ്രോതാക്കളിലും മതിപ്പുളവാക്കാൻ അദ്ദേഹത്തിന്റെ ആ ഒറ്റ പ്രസംഗത്തിനു കഴിഞ്ഞു. ഭാരതത്തിന്റെ ശക്തി രാജ്യതന്ത്രജ്ഞതയിലോ , സൈനികശക്തിയിലോ, വ്യവസായിക പുരോഗതിയിലോ അല്ല എന്നും അടിസ്ഥാനപരമായി ആത്മീയതയിലാണ് അത് കുടികൊള്ളുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ആത്മീയത മാത്രമല്ല ,രോഗശാന്തി പ്രവർത്തനമടക്കമുള്ള മാനവിക ദൗത്യങ്ങളും തനിക്കു വഴങ്ങുമെന്ന് തെളിയിക്കുന്നതായിരുന്നു കടുത്തവെല്ലുവിളികളെ സ്വയമേറ്റെടുത്തുകൊണ്ട് കൽക്കത്തയിൽ പൊട്ടിപ്പുറപ്പെട്ട പ്ളേഗ് എന്ന മഹാമാരിക്കെതിരെ നടത്തിയ സ്വാമിജി നടത്തിയ പ്രവർത്തനങ്ങൾ.
വിവേകാനന്ദനെ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്ധ്യാത്മിക പിതാവ് എന്ന് വിശേഷിപ്പിച്ചത് സുഭാഷ് ചന്ദ്രബോസാണ്. ഇന്ത്യാചരിത്രത്തിന്റെ ഗതിമാറ്റിയ ചർക്കയുപയോഗിച്ചുള്ള നൂൽനൂൽക്കൽ യജ്ഞം എങ്ങനെയാണ് മനസ്സിൽ രൂപംകൊള്ളാനിടയായതെന്നു ഒരിക്കൽ മഹാതമാ ഗാന്ധിയോട് ചോദിച്ചപ്പോൾ സ്വാമി വിവേകാനന്ദനിൽ നിന്ന് എന്നാണദ്ദേഹം മറുപടി പറഞ്ഞത്.നേതാജിയിലും ,ഗാന്ധിജിയിലും ഊർജ്ജം പകർന്ന സന്യാസിയായിരുന്നു അദ്ദേഹം. നെഹ്രുവിലും വിവേകാന്ദന ദർശനങ്ങളുടെ സ്വാധീനം അദ്ദേഹത്തിന്റെ Discovery of India എന്ന പുസ്തകത്തിൽ കാണാം.
അടുത്തുവരാനിരിക്കുന്ന മുന്നേറ്റം പുതിയ യുഗത്തിന്റെ നാന്ദി കുറിക്കുന്നതായിരിക്കും.അതുണ്ടാകുക റഷ്യയിൽ നിന്നോ ,ചൈനയിൽ നിന്നോ ആയിരിക്കും എന്ന സ്വാമിജിയുടെ പ്രവചനം റൊമെയ്ൻ റോലാങ് രേഖപ്പെടുത്തിയിട്ടുണ്ട്. 1917 മാർച്ചിലായിരുന്നുവല്ലോ റഷ്യൻ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. ആ വിപ്ലവം പല രാജ്യങ്ങൾക്കും വഴികാട്ടിയായി എന്നത് പിന്നീട് ചരിത്രം.
ജീവിതത്തിലെ സംഘർഷഭരിതയമായ സമസ്യകൾ മനുഷ്യനെ നിരന്തരം വേട്ടയാടുമ്പോഴും അവനെ മുന്നോട്ടു നയിക്കുന്നത് അന്തമില്ലാത്ത പ്രതീക്ഷകളാണെന്നു സ്വാമി വിവേകാനന്ദൻ എഴുതിയിട്ടുണ്ട്.സന്യാസത്തിന് ഒരു ഉപജീവനമാർഗ്ഗം എന്നതിൽ കവിഞ്ഞു മറ്റു യാതൊരു പ്രാധാന്യവും കല്പിക്കാത്തവരെക്കുറിച്ചു അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു. അന്ധവിശ്വാസിയാകുന്നതിനേക്കാൾ നല്ലത് നിരീശ്വരവാദിയാകുന്നതാണ് നല്ലതെന്നാണ് അദ്ദേഹം പറഞ്ഞത് .1894 മാർച്ചിൽ സ്വാമി രാമകൃഷ്ണാനന്ദയ്ക്കെഴുതിയ ഒരു കത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, വിശക്കുന്ന വയറിനു മതം നല്ലതല്ല.ആ പാവങ്ങൾ മൃഗതുല്യമായ ജീവിതം നയിക്കുന്നത് കേവലം അജ്ഞത കൊണ്ടാണ്. എനിക്ക് ഇവിടെ ഭക്ഷണം നൽകാൻ കഴിയാത്ത ഒരീശ്വരൻ സ്വർഗ്ഗത്തിൽ നിത്യാനന്ദം നൽകുമെന്ന് വിശ്വസിക്കുന്നില്ല എന്നദ്ദേഹം പറഞ്ഞു
മതത്തിന്റെ അനുമതിയോടുകൂടി സാമ്പത്തികവ്യവസ്ഥകളനുസരിച്ചു സൃഷ്ടിക്കപ്പെട്ടവയാണ് സാമൂഹികനിയമങ്ങൾ. മതത്തിനു പറ്റിയ ഭീകരമായ തെറ്റ് സാമൂഹിക കാര്യങ്ങളിൽ ഇടപെട്ടതാണ്. സാമൂഹിക പരിഷ്‌കാരം മതത്തിന്റെ കാര്യമല്ല എന്ന് മതം നിഷ്കർഷിക്കുകയും സ്വയം അതിൽ ഇടപെടുകയും ചെയ്യുക വഴി വലിയ കാപട്യവും, വഞ്ചനയുമാണ് ബന്ധപ്പെട്ടവർ ചെയ്യുന്നത് എന്നദ്ദേഹം ആരോപിച്ചു.
ഒരു മധുരഭാഷിയായിരുന്ന അദ്ദേഹം ഭാവനാസമ്പന്നനായ ഒരു കവികൂടിയായിരുന്നു. മുപ്പത്തിമൂന്നു കവിതകൾ അദ്ദേഹത്തിന്റേതായുണ്ട്. കാവ്യാത്മകത കുടികൊള്ളുന്ന പ്രഭാഷണങ്ങളിലൂടെ ആവിഷ്കരിക്കാനാവാത്ത ചില പ്രത്യേക ഭാവങ്ങളാണ് കവിതകളായി പരിണമിച്ചത്. kaali the Mother എന്ന കവിത നേതാജിയെയും, അരബിന്ദോവിനേയും ആകർഷിച്ചിരുന്നതായി പറയുന്നുണ്ട്. തന്റെ ജീവിതത്തിലെ ആദ്യകാലാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട കവിതയായിരുന്നു In Search of God എന്ന കവിത. തുടക്കക്കാലത്തു ദൈവത്തെ കണ്ടിട്ടുണ്ടോ എന്നദ്ദേഹം പലരോടും അന്വേഷിച്ചു നടന്നിരുന്നതായി പറയപ്പെടുന്നുണ്ടല്ലോ. അത്തരം അനുഭവങ്ങൾ ഈ കവിത രചിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു കാണണം.
സ്വാമിജിയുടെ ആത്മമിത്രവും ,പ്രിയശിഷ്യനുമായിരുന്ന ഖേത്രി മഹാരാജാവ് അജിത്സിംഗ് അസുഖബാധിതനായി കിടക്കുന്ന നേരത്തു അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ടെഴുതിയ ഒരു കവിതയാണ് Hold on yet a while, braveheart എന്ന കവിത.1895 ലെ വസന്തകാലത്തു ന്യൂയോർക്കിൽ വച്ച് എഴുതിയ My play is done, തൗസൻട് ഐലൻഡ് പാർക്കിൽ വച്ച് ആ വർഷം തന്നെയെഴുതിയ song of sannyasin, എന്നീ കവിതകളിൽ നിസ്സഹായനായ മനുഷ്യൻ നേരിടുന്ന നിരാശയും,വ്യഥയും അസഹ്യതയുമൊക്കെ പ്രതിഫലിക്കുന്നുണ്ട്.സമാന ആശയങ്ങൾ തന്നെയാണ് No one to blame എന്ന കവിതയിലും.കർമ്മബന്ധങ്ങളിലകപ്പെട്ട മനുഷ്യന്റെ നിസ്സഹായാവസ്ഥ അതിൽ വരച്ചു ചേർത്തിട്ടുണ്ട് കവി. പ്രിയ ശിഷ്യ സിസ്റ്റർ ക്രിസ്റ്റീനുള്ള സന്ദേശ കവിതയായിരുന്നു To an early violet.1898 ജൂലൈ 4ന് കാശ്മീരിൽ വച്ചെഴുതിയ To the Fourth of July എന്ന കവിത അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന വാർഷിക ദിനത്തിൽ ആലപിക്കനാനായി രചിച്ചതായിരുന്നു.കാശ്മീരിൽ വച്ച് തന്നെ അതെ വർഷം തന്നെയെഴുതിയ മറ്റൊരു കവിതയാണ് Angels Unawares.പ്രശസ്ത കവി മിൽട്ടന്റെ രചനാരീതിയുമായി സാമ്യമുള്ള ഒരു കവിതയാണിത്.
തന്റെ ഗുരുവായിരുന്ന ശ്രീരാമകൃഷ്ണപരമഹംസരുടെതു പോലെ ലളിതമായ ഭാഷയോടായിരുന്നു വിവേകാനന്ദന്റെയും ആഭിമുഖ്യം.താൻ സംസാരിക്കുന്നതും,എഴുതുന്നതും, കേൾക്കുന്നവരുടെയും, വായിക്കുന്നവരുടെയും മനസ്സിലെത്തണം എന്ന കാര്യത്തിൽ അദ്ദേഹം ഒരു വിട്ടു വീഴചയും ചെയ്തില്ല. അദ്ദേഹത്തിന്റെ പല കവിതകളും ഉദാത്തഭാവനകളും,ബിംബങ്ങളുമൊക്കെകൊണ്ട് സമ്പന്നമാണ്,അവയെല്ലാം പഠനാർഹവുമാണ്.
വിവേകാനന്ദന്റെ ആരാധകനായിരുന്നു കവി കുമാരനാശാൻ. 1898ലാണ് കുമാരനാശാൻ ഉപരിപഠനാർത്ഥം കൽക്കത്തയിലെത്തിചേർന്നത്. രണ്ടു വർഷത്തോളം അദ്ദേഹം അവിടെ ഉണ്ടായിരുന്നു. 1900 ൽ അദ്ദേഹം കേരളത്തിലേക്ക് മടങ്ങി. ആ കാലയളവിലെപ്പോഴെങ്കിലും അദ്ദേഹത്തിന് വിവേകാനന്ദനെ നേരിട്ടു കാണാൻ കഴിഞ്ഞിരുന്നുവോ എന്നറിഞ്ഞുകൂടാ. സ്വന്തം സമുദായത്തിൽ നിലനിന്നിരുന്ന അടിമത്ത മനോഭാവത്തിനെതിരെ പോരാടാൻ പ്രേരണയായത് സ്വാമിജിയായിരുന്നു.ആശാന്റെ നേതൃത്വത്തിൽ ആരംഭിച്ച S.N.D.P യോഗത്തിന്റെ മുഖപത്രത്തിന് വിവേകോദയം എന്നാണ് പേരിട്ടത്.വിവേകാനന്ദന്റെ അതിഗംഭീര രചനയായ രാജയോഗം വിവർത്തനം ചെയ്തത് കുമാരനാശാനാണ്.1911 ൽ അതിന്റെ ഒന്നാം ഭാഗം പ്രസിദ്ധീകരിക്കപ്പെട്ടു.നാലു വർഷത്തിനു ശേഷം 1915 ൽ രണ്ടാം ഭാഗവും പുറത്തുവന്നു.
മലയാളത്തിൽ നിരവധി കവിതകൾ വിവേകാനന്ദനെ കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്. മഹാകവി വള്ളത്തോളിന്റെ ‘നരേന്ദ്രന്റെ പ്രാർത്ഥന’,പി കുഞ്ഞിരാമൻ നായരുടെ ‘വിവേകാനന്ദപാറയിൽ’,ഒ .എൻ .വി യുടെ മാതൃദർശനം,വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വിവേകാനന്ദൻ,സുഗതകുമാരിയുടെ എനിക്കു രണ്ടാളെ ഗുരുക്കന്മാർ എന്ന കവിതകൾ സ്വാമിജിയെ കുറിച്ചുള്ളതാണ്.
നിരന്തരമായ ,വിശ്രമമില്ലാത്ത യാത്രകളും ,പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യം താറുമാറാക്കി. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കുവാനുള്ള ഒരു കാരണം അദ്ദേഹമകപ്പെട്ട കടുത്ത സാമ്പത്തിക പ്രതിസന്ധി ആയിരുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1902 മാർച്ച് 4 ന് സിസ്റ്റർ നിവേദിതക്കു ബനാറസ്സിൽ നിന്നുമയച്ച കത്തിനെ അധികരിച്ചാണ് ഇത്തരമൊരു നിരീക്ഷണം. തന്റെ ആശയങ്ങളെ പ്രചരിപ്പിക്കുന്നതിനായി പണം കണ്ടെത്തുന്നതിന് അദ്ദേഹം അക്ഷീണപ്രയത്‌നത്തിലായിരുന്നുവല്ലോ.
1902 ലൈ 4 ന് വിവേകാനന്ദൻ സമാധിയായി.ശ്രീരമകൃഷ്ണറെ മരണ സർട്ടിഫിക്കറ്റ് പല ഗവേഷകരും കണ്ടിട്ടുണ്ട്.എന്നാൽ വിവേകാനന്ദന്റെ മരണ സർട്ടിഫിക്കറ്റ് ആരെങ്കിലും കണ്ടിട്ടുണ്ടോ? വിശ്വപ്രസിദ്ധനായിരുന്ന വിവേകാനന്ദന്റെ സംസ്കാരക്രിയകൾ July 5 ന് വൈകുന്നേരത്തോടെ അവസാനിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ചരമത്തെ കുറിച്ച് പിറ്റേന്ന് ഒരുപത്രവും പ്രസിദ്ധീകരിച്ചില്ല.മരിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ചെമ്പരത്തിപ്പൂ പോലെ ചുവന്നിരുന്നു.മൂക്കിൽ നിന്നും,വായിൽ നിന്നും രക്തം കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു.തലച്ചോറിൽ രക്തം കട്ടപിടിച്ചതാണെന്നു മരണകാരണമെന്ന് ഡോക്ടർ ബിപിൻ ബിഹാരി ഘോഷും,അതല്ല ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടർ മജൂംദാറും ഉറപ്പിച്ചു പറഞ്ഞു. മരണ കാരണത്തിലെ ഈ ദുരൂഹത കൃത്യമായ ഒരു ഉത്തരം നൽകുന്നില്ല.
അദ്ദേഹത്തിന്റെ മരണാനന്തരം സംഭവിച്ച കാര്യങ്ങളെകുറിച്ചും മേൽസൂചിപ്പിച്ച സംശയങ്ങളെല്ലാം ശങ്കർ തന്റെ പുസ്തകമായ The monk as man the unknown life of swami vivekananda എന്ന പുസ്തകത്തിലാണ് ഉന്നയിച്ചിരിക്കുന്നത്. എന്താണ് സത്യം ? സ്വാമി വിവേകാനന്ദന്റെ മരണം സ്വാഭാവിക മരണമായിരുന്നുവോ അതോ എന്തെങ്കിലും ഗൂഢാലോചനകൾ നടന്നിട്ടുണ്ടോ? മരണാന്തരം നടന്ന അത്തരം സംഭവങ്ങൾ സംശയമുണർത്തുന്നതാണ്.
വെറും 39 വർഷവും ,5 മാസവും ,24 ദിവസവും മാത്രം ജീവിച്ചിരുന്ന വിവേകാനന്ദൻ ഏറെ യാതനകൾ അനുഭവിച്ച തനറെ ‘അമ്മ ഭുവനേശ്വരിദേവിയോടുള്ള ഊഷ്മള ബന്ധത്തെകുറിച്ചു പുസ്തകത്തിൽ വിവരണമുണ്ട്. അമ്മയുടെ പ്രിയപുത്രൻ ബിലു മരിക്കുമ്പോൾ ആ അമ്മയ്ക്ക് പ്രായം അറുപത്തിയൊന്ന്.മരിക്കുന്നതിന് മൂന്നു വർഷം മുൻപ് ഖേത്രി മഹാരാജാവ് അജിത് സിംഗിന് അമ്മയെക്കുറിച്ചുള്ള ആവലാതികൾ നിറഞ്ഞതും, അമ്മയെ സഹായിക്കാൻ അപേക്ഷിച്ചുകൊണ്ടുള്ളതുമായ ഒരു കത്തിലെ വരികളോടെയാണ് വിവേകാന്ദനെ കുറിച്ചുള്ള ഈ പുസ്തകം അവസാനിക്കുന്നത്.
ശ്രീരാമകൃഷ്ണ പരമഹംസരുടെ ജനനവർഷം 1896 എന്ന് തെറ്റായാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ ജനനം 1836 ലായിരുന്നു. അതുപോലെ ‘നരേന്ദ്രന്റെ പൗരുഷവും ഉത്സാഹവും തടയുന്നതിന് എന്ന് തുടങ്ങുന്ന അഞ്ചു വരി നീളമുള്ള വാചകങ്ങൾ തൊട്ടടുത്ത പാരഗ്രാഫിൽ അതെ പോലെ ആവർത്തിക്കുന്നുണ്ട് (പുറം 110,111). ’പത്മാസനസ്ഥിതനായി നിൽക്കുമ്പോൾ എന്ന 759 ആമത്തെ പേജിലെ വാചകവും അല്പം ആശയകുഴപ്പം ഉണ്ടാക്കുന്നതാണ്.
വിവേകാനന്ദന്റെ ജീവിച്ചിരുന്ന അക്കാലത്തെ സാമൂഹ്യ അവസ്ഥകളെയും , വ്യവസ്ഥകളെയും കുറിച്ചുമൊക്കെ ചിലതെങ്കിലും മനസ്സിലാക്കാൻ ഈ പുസ്തകം നമ്മെ സഹായിക്കുന്നുണ്ട്.
ഈശ്വരഭക്തിയുടെ പേരിൽ മതഭ്രാന്തിന്റെയും ,മത തീവവ്രവാദത്തിന്റെയും പിടിയലകപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാല ഇന്ത്യയിൽ വിവേകാനന്ദ ദർശനങ്ങൾക്ക് പ്രസക്തിയുണ്ട്.അതുകൊണ്ടു തന്നെ വീണ്ടും വായിക്കപ്പെടുകയും, ചർച്ചചെയ്യപ്പെടണ്ടതും കൂടിയാണ് വിവേകാനന്ദൻ ഉണർത്തി വിട്ട ആശയധാരകൾ
പാറ്റേൺ ലോക്ക് – നമുക്ക് ചുറ്റുമുള്ളവരുടെ ചില കഥകൾ
അടുത്തതെന്ത്? ആകാംക്ഷയും പിരിമുറുക്കവും ഉദ്വേഗവും സൃഷ്ടിക്കാന്‍ പിറന്ന സാഹിത്യങ്ങള്‍
വായിച്ചുവളരുക,ചിന്തിച്ചു വിവേകം നേടുക’ എന്ന മുദ്രാവാക്യം കേട്ടുപരിചയമുള്ളവർ കുറവായിരിക്കും.മുദ്രാവാക്യങ്ങൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത നാടാണല്ലോ നമ്മുടേത്.എന്നാൽ അത്തരമൊരു മുദ്രാവാക്യം ഉയർത്തുകയും അതിന്റെ അലയൊലികൾ ഒരുപാട് ഗ്രാമങ്ങളിലേക്കെത്തിക്കുകയും ചെയ്ത ഒരു മനുഷ്യന് ഇവിടെ ജീവിച്ചിരുന്നു.കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി. എൻ പണിക്കർ ആയിരുന്നു ആ മഹദ് വ്യക്തി. ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരില്‍ ആണ് അദ്ദേഹത്തിന്റെ ജനനം.വിദ്യാഭ്യാസത്തിന് ശേഷം നീലംപേരൂര്‍ മിഡില്‍ സ്കൂളിൽ തന്നെ അധ്യാപകനായി ജോലി നോക്കുകയുണ്ടായി അദ്ദേഹം . സ്കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍തന്നെ അന്നത്തെ ഗവണ്‍മെന്‍റില്‍ നിന്നും അനുവാദം നേടി പണിക്കര്‍ മുഴുവന്‍ സമയഗ്രന്ഥശാലാ പ്രവര്‍ത്തകനായി. പണിക്കരുടെ ശ്രമഫലമായി ജന്മദേശത്തു സ്ഥാപിതമായ വായനശാലയാണ് പില്‍ക്കാലത്ത് പ്രസിദ്ധമായ സനാതന ധര്‍മവായനശാല. സാമാന ചിന്താഗതിയുള്ള സുഹൃത്തുക്കൾക്കൊപ്പം വീടുകളായ വീടുകള്‍തോറും കയറിയിറങ്ങി പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാട്ടില്‍ പടുത്തുയർത്തിയതാണ് ആ വായനശാല. ഗ്രന്ഥശാലാ സംഘത്തിനു സ്വന്തമായി പത്രമൊക്കെ ഉണ്ടായിരുന്നു. ഗ്രന്ഥലോകം എന്നായിരുന്നു അതിന്റെ പേര്.പത്രാധിപർ ആയി സ്വന്തം പത്രത്തിന്റെ മാത്രമല്ല അക്കാലത്തുണ്ടായിരുന്ന ‘കാന്‍ഫെഡ് ന്യൂസ്’, നാട്ടുവെളിച്ചം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം പത്രാധിപരായി തന്നെ സേവനം അനുഷ്ഠിച്ചു. 1977-ല്‍ ആണ് അദ്ദേഹം ആസ്ഥാനത്തുനിന്ന് വിരമിക്കുന്നത്.
പി.കെ. മെമ്മോറിയന്‍ ഗ്രന്ഥശാലയുടെ സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു അദ്ദേഹം . 1945-ല്‍ അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളുടെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്‍റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്.
”വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക” എന്നീ മുദ്രാവാക്യങ്ങളുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയ്ക്കും അദ്ദേഹം നേതൃത്വം നല്കുകയുണ്ടായി. 1995 ജൂണ്‍ 19ന് പി.എന്‍.പണിക്കര്‍ അന്തരിച്ചു.
1996 മുതൽ നമ്മുടെ സർക്കാർ അദ്ദേഹത്തിന്റെ ചരമദിനം ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നുണ്ട്. 2004 ജൂൺ 19 നു അദ്ദേഹത്തിന്‍റെ ഓർമക്കായി അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പും പുറത്തിറക്കി.
ഒരു വായനദിനം കൂടി അങ്ങനെ കടന്നുവരികയാണ്. മലയാളികളെ പുസ്തകങ്ങൾ വായിക്കാൻ പ്രത്യേകിച്ച് പഠിപ്പിക്കേണ്ട അവശ്യമൊന്നുമില്ല. അതിബൃഹത്തായ ഒരു വായനാക്കൂട്ടം ഇന്നിവിടെയുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ അത്തരം പുസ്തകകൂട്ടായമകളുടെ വർദ്ധിച്ച പങ്കാളിത്തം തന്നെ അതിനുദാഹരണം. ഫേസ്ബുക്കിലെ അത്തരം വായനാകൂട്ടങ്ങളിൽ എഴുത്തുകാരും പങ്കുചേരുന്നുണ്ട് എന്നുള്ളതും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ മുൻകാലങ്ങളെ അപേക്ഷിച്ച് എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ദൂരം ഇപ്പോൾ വളരെ കുറവാണ്താനും. കാലത്തിന്റെ മാറ്റങ്ങളിൽ മലയാളിയുടെ വായനരീതിയ്ക്കും ,വായനാ അഭിരുചികൾക്കും മാറ്റങ്ങൾ വന്നു ചേർന്നിട്ടുണ്ട്.ഒട്ടുമിക്ക പുസ്തകങ്ങളും ഇപ്പോൾ ഇ-ബുക്കായി വായിക്കാനുള്ള ആപ്പുകളും ശബ്ദരൂപത്തിൽ കേൾക്കാനുള്ള ഓഡിയോ ആപ്പുകളും വിപണിയിൽ സുലഭമാണ്.
കുറച്ചു വർഷങ്ങൾക്ക് മുന്പ് വരെ മലയാള സാഹിത്യത്തിൽ ക്രൈം ഫിക്ഷൻ വിഭാഗത്തിൽപ്പെട്ട പുസ്തകങ്ങൾക്ക് പൊതുവെ ഒരു തരം പഞ്ഞം പിടിച്ച അവസ്ഥയാണുണ്ടായിരുന്നത് .മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ ജനപ്രിയ നോവലുകളുടെ ഇടയിൽ ബാറ്റൺ ബോസിനെ പോലുള്ള എഴുത്തുകാർ ആ മേഖലകളിൽ തിളങ്ങി നിന്ന ഒരു കാലഘട്ടമുണ്ടായിന്നു. എന്നാൽ ഇടക്കെവിടെയോ ആ പ്രസ്ഥാനം കിതപ്പിൽ വീഴുകയാണുണ്ടായത്.പിന്നീട് വന്നവയാകട്ടെ പാശ്ചാത്യ കഥാസന്ദർഭങ്ങളെയും ,പശ്ചാത്തലവും അപ്പടി അനുകരിക്കുകയാണുണ്ടായത് . അത്തരം കുറ്റാന്വേഷണവും ,രീതികളും തനത് പ്രാദേശിക ചിട്ട വട്ടങ്ങളിലെക്കു പറിച്ചു നട്ടപ്പോളുണ്ടായ മുഴച്ചു കെട്ടലുകളിൽ അഭിരമിച്ചു നില്കുകയല്ലാതെ പുതിയ പന്ഥാവ് വെട്ടി തെളിയിക്കുന്നതിൽ പലപ്പോഴും പരാജയപ്പെട്ടു. എന്നാൽ അത്തരം അവസ്ഥകളെ കാറ്റിൽ പറത്തിക്കൊണ്ട് ആ വിഭാഗത്തിന് ഒരു പുത്തനുണർവ്വ് നൽകികൊണ്ടായിരുന്നു ലാജോ ജോസ് എന്ന എഴുത്തുകാരൻ കടന്നു വന്നത്. അതിനുശേഷം കുറ്റാന്വേഷണങ്ങളും,ഉദ്വേഗവുമൊക്കെ നിറച്ചുകൊണ്ട് നിരവധി പുതിയ എഴുത്തുകാരും പുസ്തകങ്ങളും കടന്നുവന്നു. മലയാളികൾ ഒരു കാലത്ത് ആഘോഷിച്ചു നടന്നിരുന്ന കോട്ടയം പുഷ്പനാഥിന്റെയും ,തോമസ് അമ്പാട്ടിനെയും പോലുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ വീണ്ടും വിപണിയിൽ പ്രത്യക്ഷപ്പെട്ടു,പുതിയ തലമുറയിലെ വായനക്കാർ അവരെ തിരഞ്ഞുപിടിച്ച് വായിക്കാൻ തയ്യാറായി.
എഴുത്തുകാർ, നൂതന ആശയങ്ങളുമായി ഈ മേഖലയിലെ സാമ്പ്രദായിക വഴികളിൽ നിന്നും മാറി സഞ്ചരിക്കുവാൻ തുടങ്ങിയിട്ടുണ്ട് എന്നുള്ളത് പ്രതീക്ഷയ്ക്ക് വക നല്കുന്നതാണ്. അത്തരം പുസ്തകങ്ങളുടെ ബാഹുല്യം ഒരു പക്ഷേ ക്രൈം ത്രില്ലറുകളെ ഇഷ്ടപ്പെടുന്നവരെ സന്തോഷിപ്പിക്കുന്നുണ്ട് . അങ്ങനെ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതിസന്ധിയും ഇത്തരം പുസ്തകങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു പറയാതെ വയ്യ.നിലവാരമുള്ള പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പ് തന്നെയാണ് മേൽസൂചിപ്പിച്ച ആ പ്രതിസന്ധി. ഏതെടുക്കണം എന്ന ഒരു ആശയക്കുഴപ്പം വായനക്കാരനുണ്ടാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
പ്രമുഖ ആഴ്ചപ്പതിപ്പിൽ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച മിനി പി സിയുടെ ബ്ളാക്ക് ഫ്രൈഡേ പോലുള്ള ചെറു കഥകൾ മുൻരീതികളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നതും കുറ്റാന്വേഷണ / ത്രില്ലർ വിഭാഗത്തിൽ മലയാളത്തിൽ നിരവധി പ്രതീക്ഷയും നൽകുന്നുണ്ടെന്ന് പറയാതെ വയ്യ.
ഒ എം ചെറിയാൻ രചിച്ച മിസ്റ്റർ കെയ്ലിയാണ് മലയാളത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കുറ്റാന്വേഷണ നോവൽ. ഭാഷാപോഷിണിയിൽ ആറു ലക്കങ്ങളിലായി അത് വെളിച്ചം കണ്ടു. സ്വാഭാവികമായും ആർതർ കോനൻ ഡോയലിന്റെ ഷെർലോക്ക് ഹോംസ് കഥകളുടെ സ്വാധീനം ആ ചെറു നോവലിൽ കാണാം. 1841 ൽ ഗ്രഹാംസ് മാസികയിൽ പ്രസിദ്ധീകരിച്ച എഡ്ഗർ അലൻ പോയുടെ ചെറുകഥയായ ” ദി മർഡേഴ്സ് ഇൻ ദി റൂ മോർഗ് ” ആണ് ഇംഗ്ലീഷ് ഭാഷയിലെ ആദ്യത്തെ ആധുനിക ഡിറ്റക്ടീവ് കഥയായി വിശേഷിപ്പിക്കപ്പെടുന്നത്. ഒ എം ചെറിയാന്റെ മിസ്റ്റർ കെയ്ലി വന്നതകട്ടെ അലൻ പോയുടെ കഥ വന്ന് ഏതാണ്ട് അമ്പതു വർഷങ്ങൾക്ക് ശേഷം 1900 ലും. അതിനും നാലു വർഷങ്ങൾ കഴിഞ്ഞാണ് അപ്പൻ തമ്പുരാനെഴുതിയ ഭാസ്കരമേനോൻ പുറത്തു വരുന്നത്. രസികരഞ്ജിനി മാസികയിൽ ഒരു ദുർമ്മരണം എന്ന പേരിലായിരുന്നു ആ നോവൽ പ്രത്യക്ഷപ്പെട്ടത്. കാലന്റെ കൊലയറ എന്ന മറ്റൊരു ഡിറ്റെക്ടിവ് നോവൽ കൂടി ചെറിയാന്റെതായിട്ടുണ്ട്.1928 ലാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്.
അപസർപ്പകനോവലുകൾ എന്ന വിഭാഗത്തെ കുറിച്ചോർക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്ന രണ്ടുപേരാണ് ആർതർ കോനൻ ഡോയലിന്റെ ഷെർലോക്ക് ഹോംസും ,അഗത ക്രിസ്റ്റിയുടെ ഹെർക്യുൾ പൊയ്റോട്ടും. ജെയിംസ് ഹാഡ്ലി ചെയ്സും, ചെസ്റ്റർട്ടനും, എഡ്ഗാർ വാലസും,ഏൾ സ്റ്റാന്ലി ഗാർഡ്നറും, വിൽക്കി കോളിനസുമൊക്കെ കൊടികുത്തിവാണിരുന്ന ആ മേഖലയിലെ പുതുകാലത്തിലെ ചില പ്രമുഖർ സാറാ ഗ്രാൻ,മെഗാൻ അബോട്ട്,ജോൺ ഗ്രിഷാം,ഇയാൻ റാങ്കിൻ,സ്റ്റീഫൻ കിങ് ,ജോ നെസ്ബോ തുടങ്ങിയവരാണ്.
അപസർപ്പകവിഭാഗം ക്രൈം,മിസ്റ്ററി,ഡിറ്റെക്ടിവ് തുടങ്ങിയ ചെറുവിഭാഗങ്ങളിലായി മലയാളത്തിൽ ചുറ്റിപ്പറ്റി നിന്നു വളർച്ച പ്രാപിക്കുന്നതായി കാണാം. എഴുത്തുകാർ അധികമാരും കൈവെക്കാത്ത വിഷയങ്ങളെ കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങൾ മലയാളത്തിൽ സംഭവിക്കുന്നുണ്ട് . ലാജോ ജോസിന്റെ റെസ്റ്റ് ഇൻ പീസ് മലയാളത്തിൽ അധികമാരും പരീക്ഷിച്ചു കാണാത്ത cozy murder mystery വിഭാഗത്തിലുള്ളതാണ്. മാതൃഭൂമിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലൈംഗികത, അക്രമങ്ങൾ തുടങ്ങിയവയുടെ അതിപ്രസരമില്ലാതെ ചെറിയ ഇടങ്ങളിൽ ഒതുങ്ങി നിൽക്കുന്നവയായിരിക്കും ഇത്തരം നോവലുകളുടെ പ്രമേയം. ലാജോ ജോസിന്റെ തന്നെ തൊട്ട് മുൻപിറങ്ങിയ നോവലായ ഹൈഡ്രേഞ്ചിയ യിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമായിരുന്നു നോവൽ പറഞ്ഞു വച്ചത്.
മലയാളത്തിലെ പുരുഷകേന്ദ്രീകൃതമായ അപസർപ്പക നോവൽ വിഭാഗത്തിലേക്ക് തന്റെ ആദ്യക്രൈം നോവലുമായി കയറിവന്നു ഇരുപ്പുറപ്പിച്ച എഴുത്തുകാരിയാണ് ജിസാ ജോസ്. അത്യന്തം ദുരൂഹമായ കൊലപാതകങ്ങൾ, അതും വളരെ പഴക്കം ചെന്ന ഒരു കൃത്യമാണെങ്കിൽ തെളിയിച്ചെടുക്കുക ശ്രമകരമാണ്. തെളിവുകളിൽ പലതും നഷ്ടപ്പെട്ടിട്ടുണ്ടാകാം,കൊലയുമായി ബന്ധപ്പെട്ടവർ ചിലപ്പോൾ മരണപ്പെട്ടിട്ടുണ്ടാകാം. ടി പി രാജീവന്റെ പാലേരിമാണിക്യം:ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന അതേപേരിൽ സിനിമയാക്കിയ ആ നോവലിലെ പോലെ അനേകം വർഷങ്ങൾക്കു മുൻപ് നടന്ന കൊലപാതകമാണ് ഈ നോവലിലെയും പ്രധാന സംഭവം. വർഷങ്ങൾക്കു മുൻപ് നടന്ന കൊലപാതകങ്ങൾ,മറഞ്ഞു കിടക്കുന്ന തെളിവുകൾ,അതുമായി ബന്ധപ്പെട്ട മിക്കവരുടെയും മരണം ഈ കാര്യങ്ങൾ ഒഴിച്ചു നിർത്തിയാൽ പാലേരിമാണിക്യവുമായി ഈ നോവലിന് മറ്റു സാദൃശതകളൊന്നും തന്നെയില്ല.
അമ്പതു വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കൂട്ടകൊലപാതകമാണ് യാദൃച്ഛികമായി ഇവിടെ വീണ്ടും അന്വേഷിക്കാനിടയാകുന്നത്. മണിച്ചിത്രത്താഴ് സിനിമയിലെ ആദ്യ രംഗങ്ങൾ പ്രേക്ഷകന് പ്രേതവും യക്ഷിയുമൊക്കെ ഉണ്ടെന്നുള്ള ഒരു ബോധമണല്ലോ സൃഷ്ടിക്കുക. പിന്നീട് യുക്തികൊണ്ടു അത്തരം വിശ്വാസങ്ങളെ തെറ്റാണെന്നു സമർത്ഥിക്കുന്ന ആ ഒരു ബ്രില്യൻസ് ഈ നോവലിലും നമുക്ക് കാണാൻ സാധിക്കും. മറ്റൊരു പ്രധാന കാര്യം ശ്രദ്ധിച്ചത് ,നോവലിന്റെ കേന്ദ്രസ്ഥാനത്തുൾപ്പെടെ ഒട്ടുമിക്കയിടങ്ങളിലുമുള്ള കഥാപാത്രങ്ങൾ സ്ത്രീകൾ തന്നെയാണെനുള്ളതാണ്.
കേസന്വേഷണം വഴിമുട്ടനിൽക്കുന്ന നേരത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് അന്വേഷണത്തിൽ തന്റെ അതിബുദ്ധികൊണ്ടും, നിരീക്ഷണപാടവും കൊണ്ടും നിമിഷ നേരം കൊണ്ട് കേസിനു തുമ്പുണ്ടാകുകയും , തെളിയിക്കുകയും ചെയ്യുന്ന ഒരു സൂപ്പർനായക കഥാപത്രത്തിന്റെ കൈയ്യിൽ കൊണ്ടുപോയി കെട്ടിയിടുന്ന പതിവ് രീതി ഇവിടെ ഉപയോഗിച്ചിട്ടില്ല എന്നുള്ളതും എടുത്തുപറയേണ്ടതാണ്.
ഈ വിഭാഗത്തിൽ ജിസ ജോസിനെ പോലെതന്നെ എടുത്തു പറയേണ്ട മറ്റൊരു എഴുത്തുകാരിയാണ് ശ്രീപാർവതി. അവരുടെ മിസ്റ്റിക് മൗണ്ടന്‍ എന്ന നോവലിലെ ആഗ്നസ് എന്ന സ്ത്രീയിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്. മാതൃഭൂമി തന്നെ പുറത്തിറക്കിയ അവരുടെ നായിക അഗതക്രിസ്റ്റി എന്ന നോവലും ഒരു സ്ത്രീപക്ഷ നോവലാണ്. അഗത ക്രിസ്റ്റിയുടെ വ്യക്തിജീവിതത്തിലെ ഏറ്റവും ദുരൂഹമായ ഒരു സംഭവമാണ് എഴുത്തുകാരി കഥ പറയാൻ തിരഞ്ഞെടുത്തിരിക്കുന്നത് . 1926 ഡിസംബർ നാലിലെ രാത്രിയിൽ സ്വന്തം വീട്ടിൽനിന്നും അപ്രത്യക്ഷയായ അഗതാ ക്രിസ്റ്റിയുടെ അടുത്ത പതിനൊന്നു ദിവസങ്ങളിൽ അവർക്കെന്തായിരിക്കാം സംഭവിച്ചത് എന്നാണ് നോവൽ പറഞ്ഞുവെയ്ക്കുന്നത്. അഗതയുടെ വ്യക്തി ജീവിതത്തിൽ ഒരിക്കൽ പോലും അവരിതിനെകുറിച്ച് മിണ്ടിയിട്ടില്ല എന്നുള്ളതും ,അതിനു പിന്നിലുള്ള ദുരൂഹത എന്തെന്നാറിയാനുള്ള ആകാംക്ഷയും ഈ നോവൽ വാങ്ങി വായിക്കാൻ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ടാകണം.
2008 ലാണ് മലയാളത്തിലെ ആദ്യത്തെ triology എന്നു ശ്രദ്ധനേടിയ കുറ്റാന്വേഷണ സീരീസിലെ ആദ്യ നോവലായ മരണദൂതൻ പ്രസിദ്ധീകരിക്കുന്നത് അത് എഴുതിയതാകട്ടെ കേരളത്തിലെ ആദ്യത്തെ ഐ പി എസ് ഉദ്യോഗസ്ഥയായ ആർ ശ്രീലേഖയും. വിനോദ് നാരായണന്റെ നിരവധി പുസ്തകങ്ങളിൽ മിക്കതും ഇ–ബുക്കുകളായാണ് കൂടുതലും ലഭ്യമാകുന്നത്. മന്ദാരയക്ഷി,ഡബിൾ മർഡർ ,മുംബൈ റെസ്റ്റോറന്റ് ,സ്രീക്കറ്റ് ഏജെൻറ് ജാനകി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രമുഖ ക്രൈം ത്രില്ലർ വിഭാഗത്തിൽ പ്പെടുന്നവയാണ്.
നൂറോളം വർഷങ്ങൾക്ക് മുൻപ് കുംഭകോണം ടി ഡി എസ് സ്വാമികൾ ഒരു ഇംഗ്ലീഷ് നോവലിനെ ആസ്പദമാക്കി തമിഴിൽ എഴുതിയ നോവലാണ് കോമളവല്ലി. തമിഴിൽ നിന്ന് 1919 ലാണ് തരവത്തു അമ്മാളു അമ്മ ആ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നത്. പതിനഞ്ചു വയസ്സുള്ള കോമളവല്ലി എന്ന ബാലികയാണ് കുറ്റാന്വേഷണദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നത്.കോളിളക്കം സൃഷ്‌ടിച്ച രത്നഗിരി കൊലപാതകത്തിന്റെ കഥയാണ് നോവൽ പറയുന്നത്. കോമളവല്ലിയുടെ പുതിയ പതിപ്പുകൾ ഇപ്പോൾ ലഭ്യമാണ്.
കുറ്റാന്വേഷണത്തോടും,കുറ്റകൃത്യങ്ങളോടും ഒരു വല്ലാത്ത ആകർഷണം മിക്കവർക്കുമുണ്ട്. അതുകൊണ്ടായിരിക്കാം അത്തരം കഥകളുടെയും ,നോവലുകളുടെയും പിന്നാലെ ആളുകൾ പായുന്നത്. അത്തരം സിനിമകളോടും ആളുകൾക്ക് ഒരു പ്രത്യേക പ്രതിപത്തിയുണ്ടല്ലോ. മമ്മൂട്ടി അഭിനയിച്ച സേതുരമായ്യരുടെ സിനിമകൾ തന്നെ ഒരു ഉദാഹരണം. വർഷങ്ങൾക്ക് മുൻപെഴുതിയ ഒന്നാം സാക്ഷി സേതുരാമയ്യർ എന്ന നോവലിന്റെ മാറ്റിയെഴുതി വീണ്ടും പ്രസിദ്ധീകരിച്ച നോവലാണ് അൻവർ അബ്ദുള്ളയുടെ പ്രൈം വിറ്റ്നസ്സ് എന്ന നോവൽ . ഒരു സി ബി ഐ ഡയറികുറിപ്പു തൊട്ട് ഒടുവിലിറങ്ങിയ നേരറിയാൻ സി ബി ഐ സിനിമാ പരമ്പരയിലെ സേതുരാമയ്യരെ കേന്ദ്രകഥാപാത്രമാക്കിയ നോവലായിരുന്നു അത്. ആ സീരീസിലെ ആദ്യ നോവലാണ് ദി സിറ്റി ഓഫ് എം. ഡിറ്റെക്ടിവ് ശിവശങ്കർ പെരുമാളിലൂടെ സഹോദരങ്ങളുടെ തിരോധനത്തിന്റെ പിന്നിലുള്ള നിഗൂഡതകൾ നമുക്ക് മുന്നിൽ തെളിയുകയാണ്. മരണത്തിന്റെ തിരക്കഥയായിരുന്നു ആ സീരീസിലെ മറ്റൊരു പുസ്തകം. ആ സീരീസിലെ തന്നെ കംപാർട്ട്മെൻറ് എന്ന നോവലും മാതൃഭൂമി തന്നെയായിരുന്നു പുറത്തിറക്കിയത് . എന്തുകൊണ്ടോ നോവൽ ഇറങ്ങിയ സമയത്ത് ഈ പുസ്തകങ്ങൾ വേണ്ട വിധം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് കഥ മാറി.
പ്രവീൺ ചന്ദ്രന്റെ ഛായാ മരണം,നിഖിലേഷ് മേനോന്റെ പ്രഥമദൃഷ്ട്യാ,അഗോചരം, ഋതുപർണ്ണയുടെ ആൽഫ ലേഡീസിലെ ഹോസ്റ്റലിലെ കൊലപാതകം ,റിജോ ജോർജ്ജിന്റെ ഹവാന ക്ലബ്,ഇന്ദുഗോപന്റെ പ്രഭാകരൻ സീരീസ്, എന്നിവ ഈ വിഭാഗത്തിലെ ശ്രദ്ധേയമായ മറ്റ് പുസ്തകങ്ങളാണ്. ഷെർലോക് ഹോംസിന്റെ കഥകളിൽ ആകൃഷ്ടരായി ഹോംസ്–വാട്സൻ മാതൃകയിലുള്ള കഥകളും ഇപ്പോൾ സംഭവിക്കുന്നുണ്ട്. രഞ്ജു കിളിമാനൂരിന്റെ അലക്സി കഥകൾ അത്തരത്തിലുള്ളവയാണ്. റിഹാൻ റാഷിദിന്റെ തികച്ചും വ്യത്യസ്തമായ ശൈലിയിലുള്ള കഥ പറച്ചിൽ രീതി ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മോഡസ് ഓഫ് ഓപ്പറാണ്ടി ,ഡോൾസ് തുടങ്ങിയ നോവലുകൾ റിഹാന്റേതായി ഈ വിഭാഗത്തിൽ വന്ന് കഴിഞ്ഞു.
അടുത്തതെന്ത് എന്ന ആകാംക്ഷയും,പിരിമുറുക്കവും ഉദ്വേഗവും സൃഷ്ടിക്കാൻ ഇത്തരം നോവലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. അതു തന്നെയാണല്ലോ അവയുടെ വിജയവും. പുതുതലമുറയിലെ ഈ വിഭാഗത്തിലെ എല്ലാവരെയും ഉൾപ്പെടുത്താൻ എളുപ്പവുമല്ല,മുൻപ് സൂചിപ്പിച്ചപ്പോലെ പുതിയ ധാരാളം എഴുത്തുകാർ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്.
ഓണം പോലെയോ വിഷു പോലെയോ ആ ഒരു പ്രത്യേക ദിവസത്തിൽ മാത്രം ആഘോഷിക്കേണ്ട ഒന്നല്ല വായന ദിനം പോലെയുള്ള ഒരു സംഭവം. മലയാളികളുടെ കാര്യമെടുക്കുകയാണെങ്കിൽ അവർ വർഷം മുഴുവൻ വായിക്കുന്നവരാണ്. പുസ്തകങ്ങൾ സ്വന്തമായി വാങ്ങി വായിക്കുന്നവരുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ്. ലൈബ്രറികളെ ആശ്രയിക്കുന്നവരും കുറവല്ല അങ്ങനെ നോക്കുമ്പോൾ നമുക്ക് എല്ലാ ദിവസവും വായനദിനമാണ്.
വായന മരിച്ചുകൊണ്ടിരിക്കുന്നു എന്ന ഇന്നത്തെ കാലത്തെ മുറവിളികളെ എങ്ങനെ പ്രതിരോധിക്കണമെന്ന് പി .ൻ പണിക്കർ എന്ന മഹാമനുഷ്യൻ അന്നേ വഴി കാണിച്ചു തന്നിട്ടുണ്ട്. നമ്മളത് പിന്തുടർന്നു പരിപോഷിപ്പിച്ചാൽ മാത്രം മതിയാകും
Aurangzeb: The Man and the Myth
വർത്തമാനകാലത്തെ ജനപ്രിയ കാഴ്ചപ്പാടുകളിൽ ,യാഥാര്‍ഥ്യത്തിൽ നിന്നും വളരെ അകലെ നിൽക്കുന്നയാളും ,വെറുമൊരു കല്പിതകഥയുടെ സ്ഥാനം ചുമക്കുന്നയാളുമാണ് ഔറംഗസീബ് എന്നുള്ള വാദത്തെ സാധൂകരിക്കാനുള്ള ഒരു ശ്രമമാണ് എഴുത്തുകാരിയായ ഓഡ്രി ട്രുഷ്കെ, Aurangzeb: The Man and the Myth എന്ന പുസ്തകത്തിലുടനീളം ശ്രമിച്ചിരിക്കുന്നത്.
മഹത്തായ മുഗൾ രാജവംശത്തിലെ ആറാമത്തെ രാജാവാണ് ഔറംഗസീബ്. തന്റെ 49 വർഷത്തെ ദീർഘമായ ഭരണനടപടികളാൽ ഏറ്റവും കൂടുതൽ ചരിത്രകാരന്മാരുടെ ശ്രദ്ധയാകർഷിച്ച വ്യക്തി ഒരുപക്ഷെ ഔറംഗസീബ് ആകാൻ സാധ്യതയുണ്ട്.ആധുനിക ഇന്ത്യയുടെ ശില്പിയായ നെഹ്രു ഒരിക്കൽ പോലും ഔറംഗസീബിന്റെ ആരാധകനായിരുന്നില്ല. 1946 ൽ എഴുതപ്പെട്ട ഇന്ത്യയെ കണ്ടെത്തൽ എന്ന തന്റെ പ്രസിദ്ധമായ കൃതിയിൽ തെറ്റുകൾ എണ്ണിപറഞ്ഞുകൊണ്ട് ഒരു മതഭ്രാന്തനായാണ് ഔറംഗസീബിനെ ചിത്രീകരിച്ചിരിക്കുന്നത്. മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ആണിയടിച്ച രാജാവായാണ് ഔറംഗസീബിനെ നെഹ്‌റു നിശിതമായി വിമർശിച്ചു തോലുരിച്ചു വിട്ടിരിക്കുന്നത്.
ആളുകൾ ധരിച്ചുവച്ചിരിക്കുന്നതുപോലെ ഔറംഗസീബ് അത്ര ഭയാനകരമായ തരത്തിൽ മതംമാറ്റ പരിപാടികളോ ,അതിനു സമ്മതിക്കാത്തവരെ കൊന്നു തള്ളിയിട്ടോ ഇല്ല. അതുപോലെ ആരോപിക്കപ്പെടുന്ന അത്ര അളവിലുള്ള ഹിന്ദുക്ഷേത്രങ്ങൾ തകർത്തിട്ടുമില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അത്രയധികമൊന്നുമില്ല. കൂടിപ്പോയാൽ ഒരു ഡസനോളം കാണുമായിരിക്കും എന്നാണ് എഴുത്തുകാരി അഭിപ്രയപ്പെട്ടിരിക്കുന്നത്.ഹിന്ദു വംശഹത്യ എന്നൊന്ന് അദ്ദേഹം നടത്തിയിട്ടില്ല. ഹിന്ദുക്കളുടെ താൽപര്യങ്ങൾക്കു വേണ്ടി പ്രവർത്തിച്ചയാളാണദ്ദേഹം. ബ്രാഹ്മണരെ ദ്രോഹിക്കുന്നതിൽ നിന്നും മുസ്ലീമുകളോട് പിന്തിരിയാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഔറംഗസീബിനെ വിചാരണ ചെയ്യുന്നതിന് മുൻപ് ഇന്ത്യയുടെ കൂടികുഴഞ്ഞുകിടന്നിരുന്ന ഭൂതകാലത്തെകുറിച്ചുകൂടി ഓർക്കണമെന്ന് അവർ നമ്മോടു പറയുന്നു .രാഷ്ട്രീയ തീരുമാനങ്ങളെ മതപരമായി കൂട്ടികുഴക്കുന്നതുകൊണ്ടാണ് ഇത്തരം തെറ്റിദ്ധാരണകൾ വരുന്നതെന്ന് എഴുത്തുകാരി സമർഥിക്കുന്നു
അരനൂറ്റാണ്ടോളം ഭരിക്കുകയും,ഇരുപത്തിയൊന്നാം നൂറ്റാണ്ടിനനുസരിച്ചു കോളനിപൂർവ്വ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെ പുനഃനിർമ്മിക്കുകയും ചെയ്ത ഒരു മനുഷ്യനെകുറിച്ചു തീർച്ചയായും കൂടുതൽ പറയേണ്ടതുണ്ടന്നും അവർ കൂട്ടിച്ചേർക്കുന്നു. ഉത്തരവാദിത്തപ്പെട്ട ചരിത്രകാരന്മാർ ആരോപണങ്ങൾക്ക് പ്രത്യുത്തരം നൽകേണ്ട രീതി തികച്ചും ആശ്വാസകരമല്ല എന്നവർ പരാതിപ്പെടുന്നുണ്ട്.അല്ലറ ചില്ലറ ആസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ഔറംഗസീബ് ഹിന്ദുക്കളെ കൈകാര്യം ചെയ്തത് തികച്ചും വ്യത്യസ്തമായാണ്,പ്രത്യേകിച്ചും അസ്വാസ്ഥ്യങ്ങളുണ്ടാക്കുന്ന മതപരമായ വിഷയങ്ങളിൽ. ഔറംഗസീബ് യഥാർഥ്യത്തിൽ ഒരു അജണ്ടയും പിന്തുണ്ടർന്നില്ല.
ഔറംഗസീബ് യുദ്ധരംഗത്തും,ഭരണ നിർവഹണകാര്യങ്ങളിലും പ്രാഗൽഭ്യം തെളിയിച്ചുകൊണ്ടിരിക്കുന്ന സമയത്ത്,ദാര ഷുക്കോ തന്റെ തത്വചിന്തകളുമായി ഹിന്ദു മുസ്ലിം പണ്ഡിതന്മാരുമായി സംസാരിച്ചു സമയം കളയുകയായിരുന്നു. ദാര ഔറംഗസീബിനെക്കാളും മുന്നിലായിരുന്നു എന്ന് പറയപ്പെടുന്നത് കടലാസുകളിൽ മാത്രമാണ്. ഇന്ത്യ ചരിത്രത്തിൽ ദാരയെ പുകഴ്ത്തിക്കൊണ്ട് കേൾക്കാവുന്ന നിത്യ സംഭവമാണ് പുരോഗമനവാദിയായ ദാര ഷുക്കോ മതഭ്രാന്തനായ ഔറംഗസീബിനു പകരം മുഗൾരാജാവംശത്തിലെ രാജാവായിരുന്നെകിൽ എന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ചരിത്രം മാറി മറിയുമായിരുന്നേനെ എന്നവർ അവകാശപ്പെടുന്നു.
1657 ൽ ഷാജഹാൻ ചക്രവർത്തി ഗുരുതരമായ രോഗം ബാധിച്ചു കിടപ്പിലായതിനു ശേഷം മക്കൾ തമ്മിൽ അധികാരത്തിനായുള്ള വടംവലികൾ തുടങ്ങി. അതിൽ ആത്യന്തികവിജയം ഔറംഗസീബിനായിരുന്നു. 1660 ൽ അതിന്റെ ഭാഗമായി തന്റെ രണ്ടു സഹോദരന്മാരെ അയാൾ വധിക്കുകയും, മൂന്നാമനെ ഇന്ത്യയിൽ നിന്ന് തന്നെ നാടു കടത്തുകയും ചെയ്തു .പിതാവിനെ തടവറയിൽ പൂട്ടുകയും ചെയ്തു.
പിതാവിനെ തടവറയിൽ തള്ളിയതിനെ അന്നത്തെ പല ലോക സഞ്ചാരികളും അപലപിച്ചിട്ടുണ്ട്. ക്രൂരമായ സംഭവങ്ങളും, കൊലപാതകങ്ങളും അവർ രേഖപ്പെടുത്തി വെയ്ക്കുകയും ചെയ്തു. എന്നാൽ അധികാരത്തിനു വേണ്ടിയുള്ള ഈ ചോരപ്പുഴയൊഴുക്കൽ മുഗൾ രാജ വംശത്തിനു ഒട്ടും പുത്തരിയല്ല എന്നാണ് എഴുത്തുകാരി ചൂണ്ടിക്കാണിക്കുന്നത്. ഔറംഗസീബിന്റെ പിതാവായിരുന്ന ഷാജഹാൻ അധികാരത്തിനു വേണ്ടി തന്റെ സഹോദരങ്ങളായ ഖുസ്രുവിനേയും, ഷഹരിയാറിനെയും 1622 ലും ,1628 ലുമായി കൊന്നു തള്ളിയിരുന്നു.
കൂടാതെ രണ്ടു സഹോദരീ പുത്രന്മാരെയും അതുപോലെ ഒഴിവാക്കി. ഷാജഹാന്റെ പിതാവായ ജഹാംഗീറും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല . സ്വന്തം അനുജൻ ദാനിയേലിനെ കൊന്നതിൽ ജഹാംഗീറിനു പങ്കുണ്ടെന്നു പറയപ്പെടുന്നു. ചരിത്രകാരന്മാർ പറയുന്നത് മദ്യത്തിൽ ചേർത്ത വിഷമാണ് പ്രത്യക്ഷത്തിലുള്ള മരണകാരണമെന്നാണ്. എങ്കിലും മറ്റു ചില അഭിപ്രായങ്ങളും കാണാനുണ്ട്.
1652 ൽ ഷാജഹാനയച്ച ഒരു കത്തിൽ ദാരാ ഷുക്കോയെ ഔറംഗസീബ് സൂചിപ്പിച്ചിരിക്കുന്നത്, തന്റെയും,സഹോദരങ്ങളുടെയും ,രക്തത്തിന് വേണ്ടി ദാഹിച്ചിരിക്കുന്നവനായാണ്. അതിലെ വാസ്തവം എന്ത് തന്നെയായാലും ഔറംഗസീബ് വൈകാതെ തന്നെ തന്റെ സഹോദരങ്ങളുടെ കഥ കഴിച്ചു സിംഹസനത്തിൽ തന്റെ ഇരിപ്പിടം ഉറപ്പിച്ചു. ദാരയെ ഒതുക്കാനായി തനറെ മറ്റു സഹോദരങ്ങളായ ഷൂജയുമായും ,മുറാദുമായും ഒരു രഹസ്യ ഉടമ്പടി ഔറംഗസീബ് വളരെ മുൻപേ തന്നെ ഉണ്ടാക്കിയിരുന്നു.
ദാരയുടെ രണ്ടു മക്കളെയും കറുപ്പു ചേർത്ത വെള്ളം കുടിപ്പിച്ചു കൊന്നുകളയുകയാണ് ഔറംഗസീബ് ചെയ്തത്.തന്റെ മുൻഗാമികളെ അപേക്ഷിച്ചു ഔറംഗസീബ് മാത്രമാണ് തന്റെ സഹോദരന്മാരോടും, അവരുടെ സഹായികളോടും ദയ കാണിച്ചതെന്ന് എഴുത്തുകാരി പറഞ്ഞിരിക്കുന്നു. യാതൊരു പ്രതികാര നടപടികളുമെടുക്കാതെ ദാരയുടെ സൈന്യത്തെ സ്വാഗതം ചെയ്യുകയും സ്വന്തം സൈന്യത്തിൽ ചേർക്കുകയും ചെയ്തു.മറ്റൊരു ഉദാരതയായി പറയുന്നത്, ഒരു ഗുജറാത്തി ജെയിൻ വ്യാപാരി ശാന്തിദാസിൽ നിന്നും മുറാദ് എടുത്ത വായ്പ ഔറംഗസീബ് അടച്ചു തീർത്തു എന്നുള്ളതാണ്. തനറെ പിതാവിനെ അട്ടിമറിച്ചു അധികാരം കൈയ്യടക്കിയെന്ന ആരോപണത്തോട് ഔറംഗസീബ് നിഷേധിക്കുന്നത് മറ്റൊരു ന്യായീകരണത്തിലൂടെയാണ്.
ശിവാജിയുമായുള്ള യുദ്ധങ്ങളിൽ നാമമാത്രമായ വിജയങ്ങൾക്കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതും,ശിവാജിയുടെ പിന്നീടുള്ള രക്ഷപ്പെടലും ഔറംഗസീബിന്റെ വിറളിപിടിപ്പിച്ചു എന്ന് പറയപ്പെടുന്നു. ആ സംഭവുമായി ബന്ധപ്പെട്ട എല്ലാവരെയും ശിക്ഷിക്കുകയും ,ബനാറസിലെയും, മഥുരയിലെയും നിരവധി ക്ഷേത്രങ്ങൾ തകർത്തുകളയുകയും ചെയ്തു . ഈയൊരു നടപടിയാണ് ഔറംഗസീബിന്റെ തനറെ ഭരണകാലം മുഴുവനും വേട്ടയാടിയതും ,തനറെ മതഭക്തിയെ രൂപപ്പെടുത്തിയെടുക്കുന്നതിനും കാരണമായി പറയുന്നത്.അതായത് ഔറംഗസീബിന്റെ ഈ ക്ഷേത്രം തകർക്കൽ പദ്ധതി മതപരമായിട്ടല്ല മറിച്ച് രാഷ്ട്രീയനടപടികളുടെ ഭാഗമായി വേണം മനസിലാക്കാൻ എന്നാണ് എഴുത്തുകാരി വാദിക്കുന്നത്. പക്ഷെ ചരിത്രകാരന്മാർ അതിനെ മതപരമായി അടയാളപ്പെടുത്താനാണ് ശ്രമിച്ചതെന്നും അവർ പറയുന്നു.
തനറെ ഭരണത്തിന്റെ ആദ്യ പാദത്തിൽ നിരവധി സന്നധഭീഷണികൾ നേരിടേണ്ടിവന്നെങ്കിലും അദ്ദേഹം തന്റെ ശാന്ത സ്വഭാവം കൈവിട്ടില്ല എന്ന് പറയുന്നു. പക്ഷെ അതിനെ സാധൂകരിക്കാൻ സൂചിപ്പിച്ചിരിക്കുന്ന സംഭവങ്ങൾ ഒന്നുമേ തന്നെ പക്ഷെ എഴുത്തുകാരിയുടെ ന്യായവാദങ്ങളോട് പൊരുത്തപ്പെടുന്നുമില്ല എന്നത് വളരെ വിചിത്രമായി തോന്നി. ആയുധങ്ങൾ കൈവശം വച്ചതിനു സിഖ് ഗുരു തേഗ് ബഹാദൂറിനെ വധിച്ചതും റാത്തോർ -രാജ്പുത് വിപ്ലവകാരികളെ നേരിടാൻ ശക്തമായ സൈന്യത്തെ ഉപയോഗപ്പെടുത്തിയതുമൊക്കെയാണ് ആ പ്രവർത്തികളുടെ ന്യായീകരണത്തിനു വേണ്ടി ഉദാഹരിക്കുന്നത്.മാത്രമല്ല തന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായി തനിക്കെതിരെ നിലകൊണ്ട സ്വന്തം കുടുംബാംഗങ്ങളെയും അയാൾക്ക് നേരിടേണ്ടിവരികയും അവരെയൊക്കെ ഒതുക്കുകയും ചെയ്തു.വിമത സ്വഭാവം കാണിച്ച തന്റെ മകൻ അക്ബറിനെ ഡെക്കാണിലേക്ക് തുരത്തേണ്ടി വന്നു,അവിടെ നിന്ന് ഇറാനിലേക്കും. 1704 ൽ സ്വന്തം നാട്ടിലേക്ക് തിരിച്ചു വരാനാകാതെ അവിടെ തന്നെ മരിച്ചു വീഴാനായിരുന്നു അക്ബറിന്റെ യോഗം.
മറ്റൊരിടത്തു ഔറംഗസീബിന്റെ ഉഗ്രകോപത്തെക്കുറിച്ചു സൂചിപ്പിക്കാൻ ഉദാഹരണമായി പറഞ്ഞിരിക്കുന്നത് ഒമ്പതാമത്തെ സിഖ് ഗുരു തേഗ് ബഹാദൂറിനെ വധിച്ച സംഭവമാണ്.മറ്റൊന്ന് ശിവാജിയുടെ മകൻ സംബാജിയുടെ വധവുമാണ്. കോഹിന്നൂർ പോലുള്ള അമൂല്യമായ രത്നങ്ങളുടെ ഖനജാവുണ്ടായിട്ടും തന്റെ അവസാന നാളുകളിലെ രാഷ്ട്രീയ ന്യൂനതകളെയും,അനിശ്ചിതത്വങ്ങളെയും ശമിപ്പിക്കാൻ അതൊന്നും ഔറംഗസീബിനെ സാഹായിച്ചില്ല എന്നുള്ളത് വാസ്തവമാണ്.
1707 മാർച്ച് 3 നു തന്റെ എൺപത്തിയെട്ടാമത്തെ വയസ്സിൽ ഔറംഗസീബ് അന്തരിച്ചു.
പാകിസ്താൻ നാടകകൃത്തായ ഷാഹിദ് നദീമിന്റെ അഭിപ്രായത്തിൽ ,ഔറംഗസീബ് തന്റെ സഹോദരൻ ദാരാ ഷുക്കോവിനെതിരെ വിജയം നേടിയപ്പോൾ തന്നെ വിഭാഗീയതയുടെ വിത്തുകൾ വിതക്കപ്പെട്ടു കഴിഞ്ഞിരുന്നു എന്നാണ്. ഇന്ത്യ വിഭജനവുമായി ബന്ധപ്പെടുത്തി ഈ അഭിപ്രായത്തെ വിശകലനം ചെയ്യുമ്പോഴാണ് ആ വാക്കുകളുടെ വ്യാപ്തി ബോധ്യപ്പെടുകയുള്ളൂ.
പ്രതാപമുണർത്തുന്ന ആഡംബരം നിറഞ്ഞ തന്റെ മുൻഗാമികളുടെ ശവകുടീരങ്ങളെ അപേക്ഷിച്ച് പേരുപോലും കൊത്തിവെക്കപ്പെടാതെ മഹാരാഷ്ട്രയിലെ ഖുൽദാബാദിലെ വളരെ ലളിതമായ ശവകുടീരത്തിൽ അന്തിയുറങ്ങാനാണ് ഔറംഗസീബ് ആഗ്രഹിച്ചതും. വർഷങ്ങൾക്കു ശേഷം മാർബിൾ തറകളും,ഫലകങ്ങളും ഖബറിനോട് കൂട്ടിച്ചേർക്കപ്പെട്ടുവെന്നു മാത്രം.
ഔറംഗസീബിന്റെ മരണശേഷം ബഹദൂർഷാ രാജ്യാധികാരം ഏറ്റെടുത്തു.തനറെ പിതാവിന്റെയും വംശത്തിന്റെയും പാരമ്പര്യം നിലനിർത്തികൊണ്ടു തന്റെ സഹോദരരായ ആസം ഷായെയും,കംബക്ഷിനെയും വധിച്ചുകൊണ്ടായിരുന്നു ബഹാദൂറും സിംഹാസനത്തിലേറിയത്.പക്ഷെ കഷ്ടിച്ച് അഞ്ചു വർഷമേ സിംഹാസനത്തിലിരിക്കാൻ ബഹാദൂറിനു യോഗമുണ്ടായുള്ളൂ. ബഹാദൂറിന്റെ മരണശേഷം അടുത്ത ഏഴുവർഷങ്ങളിൽ അതായതു 1712 മുതൽ 1719 കാലഘട്ടത്തിൽ നാല് മുഗല് രാജാക്കന്മാർ ആ സിംഹാസനത്തിൽ കേറി. അപ്പോഴേക്കും മുഗൾ രാജ വംശം അതിന്റെ നാശത്തിന്റെ വക്കത്തെത്തി കഴിഞ്ഞിരുന്നു.
ഔറംഗസീബിനെ ഒരു മനുഷ്യനായി വീണ്ടെടുക്കാനുള്ള എഴുത്തുകാരിയുടെ ശ്രമം ഈ പുസ്തകത്തിൽ കാണാം. പക്ഷേ അത്തരം വിവാദപരമായ വിഷയങ്ങളെ ചൂണ്ടിക്കാണിക്കുമ്പോൾ മേൽസൂചിപ്പിച്ചിരിക്കുന്നതുപോലെ അനുബന്ധമായി പറഞ്ഞിരിക്കുന്ന വസ്തുതകൾ വായനക്കാരനെ എത്ര കണ്ടു തൃപ്തിപ്പെടുത്തും എന്നുള്ളതു സംശയമാണ്.
മിയാസാവ കെൻജിയുടെ സിഗ്നലുകളുടെ പ്രേമഗാഥ
ജപ്പാനിൽ നിന്നുള്ള കഥകൾ വായിക്കാനും ശ്രദ്ധിക്കാനും തുടങ്ങിയത് അമലിന്റെ കഥകളിലൂടെയാണ് . അവിടങ്ങളിലെ ഒട്ടുമേ പരിചയമില്ലാത്ത ഇടങ്ങളെയും കൂടെ സങ്കൽപ്പിച്ചു കൂട്ടാൻ അമലിന്റെ കഥകൾ ഒരു കാരണമായി എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഒരു ജാപ്പനീസ് എഴുത്തുകാരന്റെ കഥകൾ വായിക്കുന്നത് ആദ്യമായിട്ടാണ്. മിയാസാവ കെഞ്ചിയുടെ സിഗ്നലുകളുടെ പ്രേമഗാഥ എന്ന ചെറുകഥകളുടെ ഒരു സമാഹാരമാണ് ഈയിടെ വായിച്ച ആ പുസ്തകം.
ഒരിക്കൽ ജപ്പാനിലെ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരനായിരുന്നു മിയാസാവ കെഞ്ചി. കവി,അദ്ധ്യാപകൻ, കാർഷിക ശാസ്ത്രഞൻ, ബാലസാഹിത്യകാരൻ എന്നിങ്ങനെ നിരവധി മേഖലകളിൽ പ്രശസ്തനായിരുന്നു കെൻജി. വളരെയധികം ശ്രദ്ധേയനായിരുന്നുവെങ്കിലും രണ്ടേ രണ്ടു പുസ്തകങ്ങളെ അദ്ദേഹം ജീവിച്ചിരുന്ന സമയത്തു പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. അദ്ദേഹത്തിന്റെ മരണാനന്തരമാണ് പ്രസിദ്ധമായ പല കവിതാ സമാഹാരങ്ങളും പുറത്തുവന്നത്. 1896 ൽ ജനിച്ച അദ്ദേഹം ന്യുമോണിയ ബാധിച്ച് 1933 ൽ മരിക്കുമ്പോൾ വെറും 37 വയസ്സേ ഉണ്ടായിരുന്നുള്ളൂ.
ജാതക കഥകളുടെയും, പഞ്ചതന്ത്രം കഥകളുടെയും ഒരു ശൈലി അദ്ദേഹത്തിന്റെ കഥകൾക്കുണ്ടായിരുന്നു. മനുഷ്യരെ കൂടാതെ മൃഗങ്ങളും ,കാറ്റും, വെളിച്ചവും,മേഘവും, സൂര്യനും നക്ഷത്രങ്ങളുമൊക്കെ അദ്ദേഹത്തിന്റെ കഥകളിൽ പരസ്പരം സംസാരിച്ചു,ശരിതെറ്റുകളെ കുറിച്ച് ചർച്ച ചെയ്തു. മനുഷ്യരും, തിര്യക്കുകളും, ജീവനില്ലാത്ത മറ്റു പല ഘടകങ്ങളും തമ്മിലുള്ള ബന്ധമാണ് കെൻജി കൃതികളുടെ ഒരു സവിശേഷതയായി പറയാനാവുക. അദ്ദേഹത്തിന്റെ കവിതകളൊക്കെ പഠനാർഹവുമാണ്.
സിഗ്നലുകളുടെ പ്രേമഗാഥയിൽ പത്തു കഥകളാണുള്ളത്. ജാപ്പാനീസ് ഭാഷയിൽ നിന്നും നേരിട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണെന്നുള്ള ഒരു പ്രത്യേകതകൂടിയുണ്ടിതിന്. റെയിൽവേ സിഗ്നൽ പോസ്റ്റുകളുടെ പ്രണയമാണ് അതേ പേരിലുള്ള കഥയുടെ വിഷയം. മറ്റുള്ളവരുടെ നല്ലതിനായി ഓരോന്ന് ചെയ്യുമ്പോൾ സ്വയം ജ്വലിക്കുകയും , മറിച്ചുളള പ്രവർത്തികൾ ചെയ്യുമ്പോൾ ശോഭ കുറയുകയും ചെയ്യുന്ന ഒരു തരം ശംഖ് കൈവശം വരുന്ന മുയലിന്റെയും , കൂടെ നടക്കുന്ന കുറുക്കന്റെയും കഥയാണ് ജ്വലിക്കുന്ന ശംഖ് എന്ന കഥയിലുള്ളത്. ബാക്കിയുള്ള കഥകളുടെ വിഷയവും ഇതുപോലൊക്കെതന്നെയാണ്. കഥപറച്ചിൽ ഇങ്ങനെയൊക്കെയാണെങ്കിലും കഥയ്ക്ക് പിന്നിൽ ഗൗരവകരമായ എന്തെങ്കിലും വിഷയം ഒളിഞ്ഞു കിടപ്പുണ്ടാകും.
കുറിപ്പിന്റെ തുടക്കത്തിൽ പറഞ്ഞതുപോലെ ജാപ്പനീസ് ഭാഷയിൽ നിന്നും നേരിട്ടു മലയാളത്തിലേക്ക് ഈ കഥകൾ വിവർത്തനം ചെയ്തിരിക്കുന്നത് പ്രൊഫസ്സർ പി എ ജോർജ്ജ് ആണ്. ഡിസി ബുക്സ് ആണ് വിവർത്തനം.
മനോരഞ്ജൻ ബ്യാപാരിയുടെ ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം
അന്നൊരു ശനിയാഴ്ചയായിരുന്നു പതിവിലും തിരക്കു തോന്നിച്ച ആ ദിവസം, നരച്ച മുടിയുള്ള,കണ്ണട വച്ച ഒരു വൃദ്ധയായ സ്ത്രീ കൈയ്യിലൊരു ബാഗുമായി അയാളുടെ റിക്ഷയിൽ വന്നു കയറി.അവരുടെ ആ രൂപവും കൈയ്യിലുള്ള ബാഗുമൊക്കെ കണ്ടപ്പോൾ അവരൊരു അദ്ധ്യാപികയായിരിക്കണം എന്നയാൾ ഊഹിച്ചു.
“ഒരു പുസ്തകത്തിൽ നിന്നാണ്”. അവർ അയാളോട് അയാൾ എത്ര വരെ പഠിച്ചെന്നും മറ്റും ചോദിച്ചു.
സ്കൂളിൽ പോയിട്ടില്ലെന്നും,സ്വന്തമായി കുറച്ചു പഠിച്ചതാണെന്നും അയാൾ മറുപടി പറഞ്ഞു.
അയാളെപ്പോലുള്ള അധ്വാനിക്കുന്ന ആളുകൾ എഴുതുന്ന ഒരു മാഗസിൻ താൻ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും അതിലേക്കായി അയാൾ എഴുതുകയാണെങ്കിൽ അതിൽ പ്രസിദ്ധീകരിക്കാമെന്നവർ പറഞ്ഞു. എന്തെഴുതണം എന്ന ആശയകുഴപ്പത്തിൽപ്പെട്ട അയാളോട് റിക്ഷാവാല എന്ന നിലയിലുള്ള നിങ്ങളുടെ ജീവിതം തന്നെ എഴുതുക എന്നവർ നിർദ്ദേശിച്ചു. മുന്പെഴുതിയിട്ടില്ലെങ്കിലും താൻ അതിനു ശ്രമിക്കുമെന്നും,എഴുതി കഴിഞ്ഞാൽ അവരെയത് ഏല്പിക്കാമെന്നുമയാൾ ഉറപ്പു കൊടുത്തു. ജാദവ്പൂരിലെത്തിയപ്പോൾ ഒരു ചെറുകഷ്ണം കടലാസിൽ അവർ തന്റെ വിലാസമെഴുതി അയാളെ എൽപ്പിച്ചു.
കുറിപ്പിലെ അവരുടെ പേര് വായിച്ച് ആ റിക്ഷാക്കാരൻ അമ്പരന്നു പോയി. താൻ ഇത്ര നേരം സംസാരിച്ചുകൊണ്ടിരുന്നത് ബംഗാളി സാഹിത്യത്തിലെ തന്നെ പ്രശസ്തയായ ഒരു വ്യക്തിയോടാന്നു അപ്പോൾ മാത്രമാണ് അയാൾക്ക് ബോധ്യമായത്.മഹാശ്വേതാ ദേവിയായിരുന്നു യാത്രക്കാരിയായ ആ വൃദ്ധ.റിക്ഷാ വാലയുടെ പേര് മനോരഞ്ജൻ ബ്യാപാരിയെന്നും. 1981 ൽ തന്റെ ആദ്യ ലേഖനം ‘ റിക്ഷാ ചലായ് എന്ന പേരിൽ ദേവിയുടെ മാസികയായ ബർത്തികയിൽ പ്രസിദ്ധീകരിച്ചു വരികയും ചെയ്തു.മനോരഞ്ജൻ ബ്യാപാരിയുടെ എഴുത്തുജീവിതം അവിടെ തുടങ്ങുകയായിരുന്നു.
മനോരഞ്ജൻ ബ്യാപാരിയുടെ 2019 ൽ പുറത്തിറങ്ങിയ നോവലാണ് ‘ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം’.നക്സൽബാരി പ്രസ്ഥാനം ബംഗാളിൽ ശക്തി സംഭരിച്ചുകൊണ്ടിരുന്ന എഴുപതുകളുടെ തുടക്കമാണ് നോവൽ പരിസരം കൈകാര്യം ചെയ്യുന്നത്. യുവതീ-യുവാക്കൾ തങ്ങളുടെ വീടുപേക്ഷിച്ചു ഫ്യൂഡൽ മാടമ്പികളുടെയും, ഭരണകൂടത്തിന്റെയും കൈയ്യിൽ നിന്നും ഭൂമി വീണ്ടെടുക്കാൻ ആയുധങ്ങളെടുത്തു പോരാടിക്കൊണ്ടിരിക്കയും അവരിൽ നിരവധി പേർ കൂട്ടത്തോടെ ജയിലുകളിൽ അടക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്ന കാലഘട്ടത്തെയാണ് ബ്യാപാരി നോവലിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.
നീതിന്യായ വ്യവസ്ഥയുടെ കാപട്യം, സാമൂഹികപരമായ വർഗ്ഗീയത, മനുഷ്യത്വരഹിതമായ പെരുമാറ്റം, ജയിലിനുള്ളിൽ സൃഷ്ടിക്കപ്പെടുന്ന ഭിന്നിപ്പുകൾ തുടങ്ങി ജയിൽ മതിലുകൾക്കുള്ളിൽ നടക്കുന്ന നിരവധി കാര്യങ്ങൾ നോവലിൽ കടന്നു വരുന്നുണ്ട്. അത്തരമൊരു ജയിലിൽ എത്തപ്പെട്ട അഞ്ച് നക്സലുകൾ ഒരു ജയിൽ തകർക്കാൻ പദ്ധതിയിടുകയാണ് . അവരുടെ വിപ്ലവം തുടരണമെങ്കിൽ അവർ സ്വയം സ്വതന്ത്രരാകണം. അവരുടെ വിധിയിൽ അവർക്കു പരാതികളില്ല ,പരിഭവങ്ങളില്ല.തങ്ങൾക്കു എന്ത് സംഭവിച്ചാലും ഭരണകൂട അധികാരം പിടിച്ചെടുത്ത് വിപ്ലവകരമായ ഒരു പരിവർത്തനം നടത്തണമെന്നു അവർ സ്വപനം കണ്ടു.
പുതുതായി നിയമിതനായ ജയിലറായ ബിരേശ്വർ മുഖർജിയുടെ കഥ പറഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. ഇരുപത്തഞ്ചു വർഷത്തെ സർവീസ് അനുഭവപരിചയമുണ്ടായിട്ടും തനറെ ജയിലിലെ പ്രത്യക സെല്ലിൽ കിടക്കുന്ന നക്സലുകളെ അദ്ദേഹം ഭയപ്പെടുന്നു.അവരുടെ നീക്കങ്ങളെ ശ്രദ്ധിക്കാനും പദ്ധതികളെ ചോർത്താനും ജയിൽ ഉദ്യോഗസ്ഥർ ഒരു ചെറുകിട കള്ളനായ ഭഗൊബാനെ പോലുള്ള ചില ചാരന്മാരെയും നിയോഗിച്ചിട്ടുണ്ട് . ജയിലിലെ ഡോക്ടറുടെ കഥാപാത്രം നക്‌സൽ പ്രത്യയശാസ്ത്രത്തെ നിസ്സംഗതയോടെ ഉയർത്തിപ്പിടിക്കുന്ന ഒന്നാണ്.
വിപ്ലവം, സ്വാതന്ത്ര്യം, വിശ്വസ്തത, കപട ദേശീയത ,കുറ്റബോധം, വിശ്വാസവഞ്ചന, ത്യാഗം, കടമ എന്നിവയുടെയൊക്കെ ഓരോരോ പ്രതീകങ്ങളായി ബന്ധിപ്പിച്ചു നിർത്താൻ ചെറുതല്ലാത്ത ഒരു ശ്രമം നടത്തിയിട്ടുണ്ട്.
സംഭവബഹുലമാണ് മനോരഞ്ജൻ ബ്യാപാരിയുടെ എഴുത്തു ജീവിതത്തിനു മുൻപുള്ള ജീവിതം. 1950 ൽ മുൻ കിഴക്കൻ പാകിസ്ഥാനിലെ ഒരു ഗ്രാമത്തിലാണ് മനോരഞ്ജൻ ബ്യാപാരിയുടെ ജനനം.വിഭജനശേഷം ഇന്ത്യയിലെ പശ്ചിമ ബംഗാളിൽ കുടിയേറുകയായിരുന്നു കുടുംബം. പശുക്കളെയും ,ആടുകളേയും മേച്ചു നടക്കുകയും, അതിനു ശേഷം ചായക്കടകളിലും, ഹോട്ടലുകളിലും പണി ചെയ്തു നടന്നിരുന്നതിനാൽ സ്‌കൂളിൽ പോക്ക് എന്നൊരു സംഗതി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. നക്സലിസ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായിരുന്നു ബ്യാപാരി,അത് പക്ഷെ ജയിലിൽ കിടക്കാനും കാരണമായി. അവിടെ വച്ചാണ് എഴുതാനും ,വായിക്കാനും പഠിച്ചത്. മഹാശ്വേതാ ദേവിയുമായുള്ള കണ്ടുമുട്ടലായിരുന്നു എഴുത്തുജീവിതത്തിലേക്കു കാലെടുത്തുവെയ്ക്കാനിടയായത്.































