മരണം പോലെ ശക്തം

പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മോപ്പസാങ്ങിനെ ചെറുകഥയുടെ സുവർണ്ണ കാലഘട്ടത്തിലെ മുടിചൂടാമന്നനായാണ് കണക്കാക്കപ്പെടുന്നത്.വളരെ പരിമിതമായ കഥാപാത്രങ്ങളെ വച്ച് ഒരു നീണ്ട കഥ നോവലിലേക്കു ആവാഹിക്കാനുള്ള കഴിവുണ്ടായിരുന്നു മോപ്പസാങ്ങിന്.ചെറുകഥകളിലാണ് പേരുകേട്ട സൃഷ്ടിയ്ക്കളത്രയും,എണ്ണം പറഞ്ഞ നോവലുകൾ വേറെയും ഉണ്ട് . മരണംപോലെ ശക്തം എന്ന നോവലിൽ  ആ വൈഭവം വായനക്കാരുടെ ക്ഷമയുടെ പരിധിയെ പരീക്ഷിക്കുന്ന നിലയിലേക്ക് എത്തിക്കുന്നതിൽ മോപ്പസാങ് വിജയിച്ചിരിക്കുന്നു‘.
 ഒലിവിയർ ബാർട്ടിൻ പാരിസിലെ പ്രശസ്തനായ ചിത്രകാരനാണ്.ബാർട്ടിനും മാഡം ഡി ഗ്വില്ലെറോയും തമ്മിലുള്ള പ്രണയവും , അതിനെ തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമൊക്കെയാണ് ഈ നോവലിന്റെ ഇതിവൃത്തം. ബർട്ടിന്റെ പ്രസ്തമായ ഒരു സൃഷ്ടിയായി വാഴ്ത്തപ്പെട്ട ക്ലിയോപാട്രകലാകാരന്മാരുടെ ഇടയിലും പൊതുസമൂഹത്തിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ വളരെയധികം സഹായിച്ചു.ബാർട്ടിൻ താൻ വരയ്ക്കുന്ന സ്ത്രീകളുമായി ഒരു പ്രണയ ബന്ധത്തിലും ഏർപ്പെടാൻ താല്പര്യപ്പെട്ടില്ല.  അത് തീർത്തും ഒരു വിരസമായ സംഗതിയായി അയാൾക്ക്‌ അനുഭവപ്പെടുന്നുവെത്രെ.പക്ഷെ ഒരു രാത്രിപാർട്ടിയിൽ വച്ച് അദ്ദേഹം ഡി ഗ്വില്ലറോയെ  കണ്ടുമുട്ടുന്നതോടെ കാര്യങ്ങൾ മാറി മറയുന്നു.
അവളുടെ സൗന്ദര്യത്തിൽ മനംമയങ്ങി ആകർഷിക്കപ്പെട്ട് ഒടുവിൽ അവരുടെ ഒരു പെയിന്റിംഗ് വരയ്ക്കണമെന്നു അയാൾ തീരുമാനിക്കുന്നു. എല്ലാ പ്രണയബന്ധങ്ങളെയുംപ്പോലെ അവർ തമ്മിലുള്ള പ്രണയം മികച്ച സംഭാഷണങ്ങളോടെയും ,സൗഹൃദത്തോടെയും വളരുന്നു. അവളില്ലാതെ തനിക്കു പിടിച്ചുനിൽക്കാനാവില്ലെന്ന അവസ്ഥയിലേക്ക് അയാൾ എത്തിച്ചേരുന്നു .തങ്ങളുടെ ബന്ധം ഒരു പരിധി വിടുമ്പോൾ ഗ്വില്ലറോക്ക് കുറ്റബോധം തോന്നി തുടങ്ങുന്നു. അതിന്റെ കാരണം രസകരമാണ്. അവളുടെ വിവാഹം കൗണ്ട് ഡി ഗ്വില്ലറോയുമായി കഴിഞ്ഞതും അതിൽ അഞ്ചു വയസുള്ള ഒരു മകളും ഉണ്ട്. പക്ഷെ എന്നിരുന്നാലും ബർട്ടിന് തന്നെ സന്തോഷവതിയാക്കാൻ സാധിക്കുണ്ടെന്നു അവൾ തിരിച്ചറിയുന്നു.കൗണ്ട് ഡി ഗ്വില്ലറോയും ബർട്ടിനും സുഹൃത്തുക്കളാകുന്നു. പാരിസിന് പുറത്തു പഠിച്ചു വളർന്ന ഗ്വില്ലെറോയുടെ മകൾ ആനെറ്റ് പാരിസിലേക്കു തിരിച്ചു വരുന്നതോടെ കഥ വേറൊരു തലത്തിലേക്ക് ഉയരുന്നു. അമ്മയുടെ മുറിച്ചു വെച്ച രൂപമാണ് ആനെറ്റിന്‌. ഗ്വില്ലറോയുടെയും ആനെറ്റിനെയും കുറിച്ചുള്ള കഥാനായകന്റെ വികാര വിചാരങ്ങളെ നോവലിസ്റ്റ് വിശദമായി നോവലിൽ വിവരിക്കുന്നുണ്ട്. ബാർട്ടിന് ഒരുവേള ആനെറ്റിന്റെ പ്രതിശ്രുത വരനോട് അസൂയ തോന്നുന്നുണ്ട്.അയാൾ ഗ്വില്ലറോയെ അവളിൽ കാണുന്നു. ഗ്വില്ലറോയുടെ പ്രായം കൊണ്ടും സൗന്ദര്യം കൊണ്ടും അവരുടെ ചെറുപതിപ്പായ അനെറ്റിനോട് അയാൾക്ക്  താല്പര്യം തോന്നുന്നു. സൗന്ദര്യം, പ്രായം,പ്രണയം,യുവത്വം തുടങ്ങിയ സമൂഹം ഉയർത്തിപ്പിടിക്കുന്ന സൗന്ദര്യത്തിന്റെ നിരവധി അടരുകളെക്കുറിച്ചു മോപ്പസാങ് നോവലിലുടനീളം പറഞ്ഞു  വെക്കുന്നു,
ഗ്വില്ലറോയുടെ വർധിച്ചു വരുന്ന പ്രായവും ,ശരീരത്തിലെ ചുളിവുകളും ബാർട്ടിന് തന്നോടുള്ള പരിഗണനയിൽ കുറവുണ്ടാകുമെന്നു അവൾ ആശങ്കപ്പെടുന്നു. മകളുടെ സൗന്ദര്യത്തിലും ,നിറത്തിലും ഒരുവേള അവർക്കു അസൂയ തോന്നുന്നു.അവർ മേക്കപ്പ് ഉപയോഗിക്കാൻ കൂടുതൽ സമയം കണ്ടെത്തുന്നു. ഒപ്പം ശരീരം മെലിയാനാവശ്യമായ സൂത്രപ്പണികളന്വേഷിച്ചു നടപ്പാക്കുന്നു .പിന്നീട് ഒരു സമയത്തു  ബർട്ടിന്റെ പ്രണയം തിരികെ ഗ്വില്ലറോയിലേക്കു മടങ്ങി എത്തുന്നുണ്ട്.  ഒരു പാരിസ് പത്രമായ ഫിറാഗോയിൽ തന്റെ കലാസൃഷ്ടിയെ പഴഞ്ചനെന്നു വിമർശിച്ചു ലേഖനം പ്രത്യക്ഷപ്പെടുന്നതോടെ ബാർട്ടിൻ അസ്വസ്ഥനാകാൻ തുടങ്ങുന്നു.
തികച്ചും നാടകീയമായ രീതിയിലാണ് നോവൽ അവസാനിക്കുന്നത്. മോപ്പസാങ്ങിന്റെ മുൻപത്തെ മികച്ച രചനകളുടെ പാടുകളൊന്നും ഈ നോവലിൽ കാണുന്നില്ല  എന്ന് പറയേണ്ടി വരും.സ്നേഹം ,ജീവിതം,മരണം എന്നിവയുടെയും മനുഷ്യമനസ്സിന്റെ നിഗൂഢതകളുടെയും കഥയാണിത്. ഈ നോവലിന്റെ മലയാള വിവർത്തനം ചെയ്തിരിക്കുന്നത് വി ആർ ഗോവിന്ദനുണ്ണിയാണ്. മാതൃഭൂമിയിലെ മുൻ അസിസ്റ്റന്റ് എഡിറ്ററായിരുന്നു അദ്ദേഹം. ഈ കഴിഞ്ഞ മാർച്ച് 18 നായിരുന്നു അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്.

സ്പാന്യാഡ് – കുഞ്ഞാലി ചരിത്രം

കേരളത്തിന്റെ ചരിത്രം മുഴുവനായും വേണ്ടവിധം എഴുതപ്പെട്ടിട്ടില്ല . എല്ലാവർക്കും താല്‍പര്യമുള്ള ഒരു വിഷയമാണിന്നും  കേരളോല്പത്തിയും ,അതിന്റെ പിൽക്കാല ചരിത്രവും . കഷ്ടിച്ചു ഇരുന്നൂറു വര്ഷം മുൻപുള്ള ചരിത്രം മാത്രമേ നമുക്ക് നന്നായി  അറിയുകയുള്ളൂ .അതിനു നമ്മൾ പല വൈദേശിക എഴുത്തുകാരോടും സഞ്ചാരികളോടും കടപ്പെട്ടിരിക്കുന്നു. അതിൽ തന്നെ പലതിനും വിരുദ്ധാഭിപ്രായങ്ങളാണ്. ഉദാഹരണത്തിന് പഴശ്ശിയുടെ വീര മരണത്തിന് സംബന്ധിച്ചുള്ള വസ്തുതകൾ . രത്നം വിഴുങ്ങിയെന്നും, വാൾ സ്വന്തം വയറ്റിൽ കുത്തിയിറക്കിയെന്നും ,ബ്രിട്ടീഷുകാരുമായുള്ള ഒരു തുറന്ന യുദ്ധത്തിൽ മാരകമായി മുറിവേറ്റു മരിച്ചു എന്നൊക്കെയുള്ള നിരവധി പതിപ്പുകൾ ലഭ്യമാണ്. എങ്ങനെ മരിച്ചു എന്നതിന്റെ ഒരു ഏകദേശ വിവരണം കരുണാകരമേനോനും ഈസ്റ്റിന്ത്യാ കമ്പനിയും എന്ന പുസ്തകത്തിൽ ആധികാരികതയോടെ ഏറ്റവും വിശ്വസനീയമായ തെളിവുകളോടെ വിവരിക്കുന്നുണ്ട് . അതാകട്ടെ ഭൂരിപക്ഷം  പേർക്കും അജ്ഞാതവുമാണ്. ഇരുന്നൂറു വർഷങ്ങൾക്കു മുൻപുള്ള സംഭവങ്ങളുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ അതിനും ഇരുന്നൂറു വർഷം മുൻപുള്ള ചരിത്രത്തിന്റെ ആധികാരിത എത്രമാത്രം രേഖപെടുത്തിയിട്ടുണ്ടെന്നും ,എത്രകണ്ട് വിശ്വസനീയവുമാണെന്നും ഊഹിക്കാവുന്നതേയുള്ളു .കേരളചരിത്രത്തിന്റെ ഏറിയപങ്കും വാമൊഴികളായി പരക്കുന്നതോ, മിത്തുകളാൽ അലങ്കരിക്കപ്പെടുന്നതോ ആണ് . ഒരുപക്ഷെ ഭാവിയിൽ അത്തരം ചരിത്രാവശേഷിപ്പുകളുടെ നിധികുംഭങ്ങൾ നമുക്ക് മുന്നിൽ വെളിപ്പെടുമെന്നു പ്രത്യാശിക്കയെ ഇപ്പോൾ നിർവ്വാഹമുള്ളൂ.
ചരിത്രത്തിൽ  അത്തരത്തിൽ  വേണ്ടവിധം രേഖപ്പെടുത്താതെപോയിട്ടുള്ള, കുഞ്ഞാലി മരയ്ക്കാർ വംശത്തിന്റെ ചരിത്രവും , ആ പരമ്പരയിലെ അവസാന കണ്ണിയെന്ന് വിശ്വാസിക്കപ്പെടുന്ന , അറബികടലിലും  ,കോറമണ്ഡലത്തിലും ,സിംഹള ദേശത്തും പേടി സ്വപ്നം വിതച്ച ഒരു മനുഷ്യന്റെ ,അലി മരയ്ക്കാരുടെ ജീവിതത്തേകുറിച്ചുമാണ് സ്പാനിയാഡ് -കുഞ്ഞാലി ചരിതം എന്ന ഹിസ്റ്റോറിക്കൽ ഫിക്ഷനിലൂടെ  ജെയിംസ് സേവിയർ നമുക്ക് മുന്നിലെത്തുന്നത്. പോർച്ചുഗീസുകാരാൽ തടവിലക്കപ്പെട്ട ഹോളണ്ടുകാരനായ എഡ്വിൻ എന്ന തടവുപുള്ളിയെ ,തങ്ങൾ നടത്തിയ ഒരു കടൽകൊള്ളക്കിടയിൽ മോചിപ്പിക്കുകയും , അയാളുടെ നേരെചൊവ്വെയുള്ള തുറന്നു പറച്ചിലിൽ വിശ്വാസം തോന്നിയ ഡോം പെഡ്രോ റോഡിഗ്രിസ് തന്റെ പൂർവികരുടെ ചരിത്രവും, തന്റെ അതുവരെയുള്ള കാര്യങ്ങളും വിശദീകരിക്കുന്നതാണ് നോവലിന്റെ മുക്കാൽ പങ്കും. വേലയുധൻ പണിക്കശേരിയുടെ സഞ്ചാരികൾ കണ്ട കേരളം എന്ന പുസ്തകത്തിൽ നിന്നാണ് ഡോം പെഡ്രോ റോഡിഗ്രിസിനെ കുറിച്ച് അറിയുന്നതെന്ന് നോവലിസ്റ്റ് പറയുന്നുണ്ട്. ഫ്രാൻകോയസ് പൈറാർഡ് എന്ന ഫ്രഞ്ചുകാരന്റെ യാത്രാ വിവരണത്തിൽ കഥാ നായകനെ കണ്ടുമുട്ടിയതിനെ കുറിച്ചുള്ള വിവരണങ്ങൾ ഉണ്ട്. താൻ പരിചയപ്പെട്ടത് ഒരു സ്പാനിഷൂകാരനെന്ന് കരുതിയാണ് അയാൾ അവനെ സ്പാന്യാഡ് എന്നു വിശേഷിപ്പിച്ചത്.
 കുഞ്ഞാലി മരയ്ക്കാർ വംശത്തിന്റെ പൂർവികരെ കുറിച്ചും അവർ എവിടെ നിന്നു വന്നു എന്നുള്ളതിനെക്കുറിച്ചുമൊക്കെ ചരിതകാരന്മാര്ക്ക് ഭിന്നഭിപ്രായങ്ങളാണുള്ളത് . മരയ്ക്കാർ എന്ന വാക്കിന് പല അർഥങ്ങളുമുണ്ട്. അതിലൊന്ന് കപ്പിത്താൻ അല്ലെങ്കിൽ കപ്പലോട്ടക്കാരൻ എന്നാണ്. നോവലിൽ ഏഴാം അദ്ധ്യായം മുതലാണ് കുഞ്ഞാലിമാരുടെ ചരിത്രം ചിത്രത്തിൽ വരുന്നത്.
ഈ പുസ്തകം വായിച്ചു കഴിഞ്ഞാൽ തീർച്ചയായും നമ്മൾ ഡോം പെഡ്രോയേകുറിച്ച് കൂടുതൽ തിരയാൻ ആരംഭിക്കുമെന്ന് തീർച്ചയാണ്. നിരഭാഗ്യമെന്ന് പറയട്ടെ അദ്ദേഹത്തെ കുറിച്ച് കൂടുതലായൊന്നും ലഭിച്ചില്ല. എങ്കിലും ലഭ്യമായ വിവരങ്ങൾ ഞാനിവിടെ പങ്കുവെക്കുന്നുണ്ട്.
 1585 ൽ അധികാരമേറ്റ കുഞ്ഞാലി നാലാമനും  പോർച്ചുഗീസുകാർക്കെതിരെ ശക്തമായ പ്രതിരോധം സൃഷടി ച്ചയാളായിരുന്നു .സാമൂതിരിയുടെ സിംഹാസനത്തിൽ കുഞ്ഞാലിക്കൊരു കണ്ണുണ്ടെന്ന് പോർച്ചുഗീസുകാർ സാമൂതിരിയെ വിശ്വാസിപ്പിച്ചു. അതിനു പ്രാദേശിക പിൻബലവും  ഉണ്ടായിരുന്നു എന്നും  അറിയുന്നു.
അങ്ങനെ ഉപജാപക സംഘങ്ങളുടെ ഇടയിൽപ്പെട്ട് സാമൂതിരിയും കുഞ്ഞാലിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ  വീണു. പിന്നീട് നടന്ന ആക്രമണങ്ങളിൽ കുഞ്ഞാലിക്ക് സാമൂതിരിയുടെ പടയോടും പോർച്ചുഗീസുകാരോടും ഏറ്റുമുട്ടേണ്ടിവന്നു. ആദ്യമൊക്കെ പിടിച്ചു നിൽക്കാൻ കുഞ്ഞാലിക്കും കൂട്ടർക്കും കഴിഞ്ഞെങ്കിലും ഒടുവിൽ സമൂതിരിയുമായുള്ള ഒരു സമാധാന ഉടമ്പടിപ്രകാരം കീഴടങ്ങേണ്ടി വന്നു. കീഴടങ്ങിയ കുഞ്ഞാലിയെ പോർച്ചുഗീസുകാർ ഗോവക്ക് കൊണ്ടുപോയി. ആന്ദ്രേ ഫുർടാർഡോ ആയിരുന്നു ആ സമയം പോർച്ചുഗീസുസേനയുടെ തലവൻ. കീഴടങ്ങാനുള്ള നിബന്ധനകൾ പാലിച്ചിട്ടും സമാധാന ഉടമ്പടിയിലെ ചട്ടങ്ങൾ ലംഘിച്ച്   കുഞ്ഞാലിയെ അവർ വിചാരണ ചെയ്തു. സാമൂതിരിക്കു വെറും കാഴചക്കാരനായി നിൽക്കേണ്ടി വന്നു . വിചാരണയ്ക്ക് ശേഷം കുഞ്ഞാലിയെ ഫ്രെഞ്ച് ശൈലിയിലുള്ള ഒരു ഗില്ലാറ്റിൻ ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയാണുണ്ടായത്. എന്നിട്ടും അരിശം തീരാതെ ആ ശരീരം നാലായി വെട്ടിമുറിച്ച് ഗോവയിലെ പല ഭാഗങ്ങളിലും കെട്ടിതൂക്കുകയുണ്ടായി. തല ഉപ്പിലിട്ട് കണ്ണൂരിൽ  കൊണ്ട് വന്നു മുളവടിയിൽ നാട്ടി പൊതുദർശനത്തിന് വച്ചു. എതിർക്കുന്നവരുടെ അവസ്ഥ ഇങ്ങനെയൊക്കെയായിരിക്കും എന്ന മുന്നറിയിപ്പായിരുന്നു അത്.
കുഞ്ഞാലിയെ കൂടാതെ നാല്പതോളം പേരെ പിടികൂടിയിരുന്നു. കൂട്ടാളി ചിന്നാലിയെ ക്രൂര പീഡനങ്ങൾക്ക് ശേഷം മതം മാറ്റി ക്രിസ്ത്യാനിയാക്കി, ബാർത്തലോമീവ് എന്ന പേര് നല്കി. മതം മാറിയാൽ മാപ്പ് നല്കുമെന്ന തങ്ങളുടെ പ്രതീക്ഷ അസ്ഥാനത്താക്കികൊണ്ടു ആ നാല്പതു പേരെയും വധിച്ചു കളഞ്ഞു. എന്തുകൊണ്ടോ എത്ര പീഡനങ്ങളേൽപ്പിച്ചിട്ടും കുഞ്ഞാലിയെ മതം മാറ്റാനവർക്ക് സാധിച്ചില്ല. ചരിത്രത്താളുകളിൽ കുഞ്ഞാലിച്ചരിത്രം ഇതോടെ അവസാനിക്കുകയാണ്.
  ഡോ പെഡ്രോയെ ആദ്യമായി രേഖപ്പെടുത്തുന്നത് ഫ്രാങ്കോയിസ് പൈറാർഡ് ഡി ലാവലാണ്. അക്കാര്യം ഈ ലേഖനത്തിന്റെ തുടക്കത്തില് സൂചിപ്പിച്ചിരുന്നുവല്ലോ. ഒരു ഫ്രഞ്ച് നാവികനായിരുന്നു അയാൾ. പൈറാർഡിനെ പോർച്ചുഗീസുകാർ പിടികൂടി കൊച്ചിയിൽ ജയിയിലിൽ ഇടുകയുണ്ടായി. പിന്നീട് ഗോവയിലെ ഒരു  സിവിൽ ജയിയിലിലേക്ക് മാറ്റി. അവിടെ വച്ചാണ് ഡോം പെഡ്രോയെ പൈറാർഡ് കാണുന്നത്. അവിടെ നടത്തിയ  ഒരു കൊലപാതകത്തിനു ശേഷം സ്പയിനിലേക്ക് കടന്നെന്നു പൈറാർഡ് തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട് . ഡോം പെഡ്രോ ഒരു സ്പെയ്ൻകാരനായിരുന്നില്ല . മരിച്ച കുഞ്ഞാലി നാലാമന്റെ ഒരു ബന്ധുവാണെന്നാണ്  പൈറാർഡ് പറയുന്നത്. ഡോം പെഡ്രോയെ കുറിച്ചുള്ള വിശദമായ ജീവചരിത്രാമൊന്നും ലഭ്യമല്ല. പൈറാർഡും അത്രകണ്ട് രേഖപ്പെടുത്തിയതായി കാണുന്നില്ല. 1581 ലെ ഒരു പോരാട്ടത്തിലാണ് കുഞ്ഞാലി നാലാമന്റെ ഈ ബന്ധുവിനെ ഡോൺ ഫൂർട്ടർഡോ എന്ന പോർച്ചുഗീസു തലവൻ പിടികൂടുന്നത്. അന്നവന് വെറും പതിമൂന്ന് വയസ്സു തികഞ്ഞിരുന്നില്ല എന്നു ഒരു ലേഖനത്തിൽ കാണുന്നുണ്ട്. ഗോവയിലെത്തിയ അവനെ അവർ മതം മാറ്റി ഡോം പെഡ്രോ റോഡിഗ്രിസ് എന്ന പേര് നല്കി . അവിടെവച്ചു തന്നെ  ഒരു പോർച്ചുഗീസു അനാഥ പെൺകുട്ടിയെ വിവാഹം കഴിച്ചു. 1608 ൽ പൈറാർഡ് ലാവൽ സ്പാനിയാഡെന്നു കരുതി കണ്ടുമുട്ടിയ വ്യക്തി ഡോം പെഡ്രോ ആയിരുന്നു, 1600 ൽ ഗോവയിൽ വച്ച് തന്റെ ഉറ്റബന്ധുവായ കുഞ്ഞാലി മരയ്ക്കാറേ പോർച്ചുഗീസുകാർ കഴുത്തുവെട്ടി കൊലചെയ്യപ്പെടുന്നത് നേരിൽ  കാണേണ്ടി വന്ന അതേ ടോം പെഡ്രോ.
ഗോവയിൽ നിന്നും ഒരു ചെറുകപ്പൽ വഴി രക്ഷപ്പെട്ട് പൊന്നാനിയിലെ തന്റെ ബന്ധുക്കളുടെ അടുത്തേക്ക് ഡോം എത്തി. അവർ അവന് അലി മരയ്ക്കാർ എന്ന പുതിയ പേര് നൽകി . ഡോം പെഡ്രോ ഒരു കടൽ കൊള്ളക്കാരനായിട്ടാണ് അറിയപ്പെട്ടത്. അയാളുടെ കണ്ണിൽ പെടാതെ ഒരു പോർച്ചുഗീസ് കപ്പലും കടൽ കടന്നു പോയില്ല .  അവരുടെ കപ്പലുകൾ അയാൾ തിരഞ്ഞു പിടിച്ചു കൊള്ളയടിച്ചു.ഡോം സിലോണിനടുത്തുള്ള താനഡിവാ ദ്വീപിലേക്ക്‌ പോയി.അക്കാലത്തു പോർച്ചുഗീസുകാർ സിലോണിലും ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. 1505 മുതൽ അവരതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു. ടോം പെഡ്രോ ഡിലാസ് മാക്സ് ,ടിസ്റ്റാവോ, ഗോലായോ ദ്വീപുകൾ കൈയ്യടിക്കിയിട്ടുണ്ടെന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് .ലാസ് വാക്സ് ദ്വീപുകൾ ജാഫ്‌നയിൽ നിന്നും മാറി തെക്കു പടിഞ്ഞാറ് ഭാഗത്താണ്. പോർച്ചുഗീസുകാർ ഇതിനെ ദാസ്‌വാക്സ് എന്ന് പേരിട്ടു . ഡച്ചുകാർ വന്നപ്പോൾ വീണ്ടും അതിന്റെ പേരുമാറ്റി ഡെൽഫറ്റ് എന്നാക്കി മാറ്റി. 1619 ലെ അവസാന കൊള്ളക്കുശേഷം ശേഷം ഡോം  പെട്രൊയ്ക്കു എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല .തന്റെ കൂട്ടാളികൾക്കൊപ്പം വമ്പിച്ച കൊള്ളമുതലുകളുമായി മാലദ്വീപിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടാകാം എന്നാണ് വിശ്വസിക്കുന്നത്. ചരിത്രം ചിലപ്പോൾ അങ്ങനെയാണ് . ചിലരുടെ കാര്യത്തിൽ ആകാംക്ഷയും ഉദ്വേഗവും ബാക്കി വെച്ച് അപ്രത്യക്ഷമാകും ,വിട്ടുപോയ കണ്ണികൾ പൂരിപ്പിക്കേണ്ട ജോലി നമ്മളിൽ ഏല്പിച്ചുകൊണ്ട്..
ഈസ്റ്റ് ഇൻഡീസ്, മാലിദ്വീപ്, മൊളൂക്കാസ്, ബ്രസീൽ എന്നിവിടങ്ങളിലേക്ക് ഫ്രാങ്കോയിസ് പൈറാർഡിന്റെ യാത്ര വിവരണങ്ങൾ  3 വോള്യങ്ങളായി ലഭ്യമാണെന്നാണ് അറിയാൻ കഴിഞ്ഞത്.

ജയിൽ ചാടി കടൽ കടന്ന് വന്ന് ബോംബെ വാണ അധോലോക നായകൻ -ശാന്താറാം

ശാന്താറാം എന്ന പുസ്‍തകം ഞാൻ ആദ്യമായി കാണുന്നത് വെള്ളിത്തിരയിലാണ് ,മലയാളത്തിലെ സൂപ്പർ ഹിറ്റായ ലൂസിഫർ എന്ന സിനമയിൽ . അതിൽ വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന കഥാ പാത്രം മകൾ ജാൻവിക്ക്‌ സമ്മാനിക്കുന്നുണ്ട് നീലയും ചുവപ്പും കലർന്ന ,ആരെയും ആകർഷിക്കുന്ന പുറംചട്ടയുള്ള ഒരു കട്ടി പുസ്തകം .ആ പുസ്തകത്തിന്റെ പേര് ആപ്പോഴേ ശ്രദ്ധിച്ചിരുന്നുവെങ്കിലും കൂടുതലൊന്നും അന്വേഷിക്കാൻ മെനക്കെട്ടില്ല. ഇംഗ്ലീഷ് പുസ്തകങ്ങൾ അങ്ങനെ തേടിപിടിച്ചു വായിക്കുന്ന ശീലം തുടങ്ങിയിട്ടില്ലായിരുന്നു.

 പിന്നീട് ഒരു ബുക്ക്സ്റ്റാളിൽ പുസ്തകങ്ങളൊക്കെയെടുത്തു ബില്ല് ചെയ്യാനായി കൊടുക്കുമ്പോഴുണ്ട് അരികിലുള്ള മേശപ്പുറത്തു ഒരു പുസ്തകം കിടക്കുന്നു.വെളുത്ത പുറം ചട്ടയിൽ ഇടതുവശത്തു ചോരവീണൊലിക്കുന്ന ചിത്രമുള്ള ഒന്ന് .പുസ്തകത്തിന്റെ പേര് ശാന്താറാം . ആകാംക്ഷയിൽ പുസ്തകമെടുത്തു മറിച്ചു നോക്കി . അതെ, ഇതതു തന്നെ . ലൂസിഫറിൽ കണ്ട പുസ്തകം .അതിന്റെ മലയാള പരിഭാഷ ഇത്ര പെട്ടെന്ന് വന്നോ എന്ന് ഞാൻ വിചാരിച്ചു. പേജുകൾ മറിച്ചു നോക്കിയപ്പോൾ എനിക്ക് തെറ്റിയെന്ന് മനസിലായി.ഡി.സി ബുക്ക്സ് അതിന്റെ പരിഭാഷ 2013-ലേ പുറത്തിറക്കിയിരുന്നു .ഇപ്പോൾ കൈയിലുള്ളത് 2017 ൽ പുറത്തിറക്കിയ രണ്ടാം പതിപ്പാണ് .ഞാൻ വാങ്ങിയ പുസ്തകങ്ങൾക്കു മീതെ ശാന്താറാമിനെ കൂടി പ്രതിഷ്ഠിച്ചു ബില്ല്‌ ചെയ്യാനായി നീക്കി വെച്ചു .എന്നാൽ എന്നെ അത്ഭുതപ്പെടുത്തികൊണ്ട് ബില്ലടിച്ചു കൊണ്ടിരുന്ന ആ മനുഷ്യൻ ഞാനെടുത്തു വച്ച പുസ്തകക്കെട്ടിൽനിന്നും ശാന്തറാമിനെ എടുത്തു മേശമേൽ മാറ്റിവെച്ചു ബാക്കിയുള്ളവ ബില്ലടിക്കാൻ തുടങ്ങി . ഇതും കൂടി ഉണ്ടെന്നു പറഞ്ഞു മാറ്റിവെച്ച ആ പുസ്തകം ഞാനെടുത്തു കാട്ടി.
 അയ്യോ ആ പുസ്തകം സ്റ്റോക്കില്ല , വരുമ്പോൾ അറിയിക്കാം ” അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
അപ്പോൾ ഇതോ?” ഞാനാ പുസ്തകം  ചൂണ്ടി കാട്ടി. “സോറി സർ , അത് ഞാൻ വായിച്ചുകൊണ്ടിരിക്കുന്നതാ . ഇവിടെ ഇരിക്കുമ്പോൾ സമയം കിട്ടിയാൽ  വായിക്കാനായി വീട്ടിൽ നിന്നും എടുത്തു വച്ച പുസ്തകമാണ്. വിഷമിക്കണ്ട ,പുതിയ കോപ്പികൾ ഉടനെ ഇറങ്ങാൻ സാധ്യതയുണ്ട് . ലൂസിഫർ ഇറങ്ങിയതിനു ശേഷം ധാരാളം ആളുകൾ ഈ പുസ്തകം അന്വേഷിച്ചു വരുന്നുണ്ട് .” അയാൾ പറഞ്ഞു .
(2019 നവംബറിൽ ഡി സി ബുക്ക്സ് ഇതിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി ).
“എങ്കിൽ ഒരു കോപ്പി എനിക്കും വേണം ” . ഞാൻ പറഞ്ഞു.
പക്ഷെ നാളുകളേറെ കഴിഞ്ഞിട്ടും ആ പുസ്തകത്തിന്റെ വിവരങ്ങളൊന്നും കിട്ടിയില്ല .പുസ്തക കടക്കാരൻ വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിച്ചതുമില്ല .  അങ്ങനെ മറ്റു പല ഓൺലൈൻ ബുക്ക് സ്റ്റോറുകൾ കൂടി കയറിയിറങ്ങി ഒടുവിൽ ലൂസിഫറിലെ ജാൻവിയെ പോലെ ആമസോണിൽ നിന്ന് തന്നെ എനിക്കാ പുസ്തകം ഓർഡർ ചെയ്യേണ്ടി വന്നു . (ആമസോണിനു നന്ദി ). ലൂസിഫർ സിനിമ ഇറങ്ങി കഴിഞ്ഞതിനു ശേഷം ശാന്താറാം എന്ന പുസ്തകവും ഏറെ ചർച്ച ചെയ്യപ്പെട്ടു. ആ പുസ്തകവും പൃഥ്‌വിരാജ്ഉം തമ്മിൽ എന്ത് ബന്ധം എന്ന തലക്കെട്ടോടെ സാമൂഹിക മാധ്യമങ്ങളിൽ ലേഖനങ്ങൾ വന്നു . പ്രമുഖ ഓൺലൈൻ വാർത്ത പോർട്ടലുകൾ അതിനെ കുറിച്ച് ചർച്ച ചെയ്തു . അങ്ങെനെയുള്ള ഒരു ലേഖനത്തിൽ പൃഥ്‌വിരാജ് തനിക്കീ പുസ്തകവുമായുള്ള ആത്മ ബന്ധം ഏതു തരത്തിൽ ഉള്ളതായിരുന്നുവെന്നു വിവരിക്കുന്നുണ്ട് .
ഒരു പുസ്തകം വായിച്ചു അതിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ ഒരിക്കലെങ്കിലും പോകാൻ നമ്മൾ ആഗ്രഹിച്ചിട്ടുണ്ടാകില്ലേ? അതുപോലെ ശാന്താറാം വായിച്ചു അതിൽ പറയുന്ന സ്ഥലങ്ങൾ നേരിൽ കാണാൻ താൻ ആഗ്രഹിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ആഗ്രഹിച്ച പോലെ ആ നോവലിൽ പറഞ്ഞിരിക്കുന്ന സുപ്രധാന സ്ഥലങ്ങളിലൊക്കെ സന്ദർശിക്കുകയും ചെയ്തു. ഒറ്റക്കായിരുന്നില്ല  സമാന ചിന്തഗതി വച്ച് പുലർത്തിയ ഒരു സുഹൃത്തും കൂടെയുണ്ടായിരുന്നു . ആ യാത്രയിലെ സുഹൃത്താണ് പിന്നീട് പൃഥ്‌വിരാജിന്റെ പ്രിയ പത്നിയായായി തീർന്ന സാക്ഷാൽ സുപ്രിയാ മേനോൻ .ഒരഭിമുഖത്തിൽ  പൃഥ്‌വിയോട്  ഒരു പുസ്തകം സിനിമയാക്കാൻ അവസരം ലഭിച്ചാൽ ഏതു പുസ്തകം തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് അദ്ദേഹം പറയുന്നത് അത് ശാന്താറാം ആയിരിക്കും എന്നാണ് .
ബോംബയിൽ താമസിക്കുന്ന ഒരാൾക്കുപോലും ചിലപ്പോൾ ഇത്ര കൃത്യമായും ,സൂക്ഷ്മമായും  ബോംബെയും , അവിടുത്തെ പ്രദേശങ്ങളെയും അടയാളപ്പെടുത്താൻ കഴിഞ്ഞെന്നു വരില്ല.അതിൽ ഒട്ടും അതിശയോക്തിയില്ലെന്നു ഈ പുസ്തകം-ശാന്താറാം വായിച്ചു കഴിയുമ്പോൾ എല്ലാവർക്കും ബോധ്യപ്പെടും.
തികച്ചും ഒരു അസാധാരണ നോവലാണ് ശാന്താറാം.ഓസ്‌ട്രേലിയൻ എഴുത്തുകാരനായ ഗ്രിഗറി ഡേവിഡ് റോബെർട്സിന്റെ ആദ്യ നോവലാണിത് . നോവലിസ്റ്റിന്റെ ആത്മാംശം ഉൾക്കൊള്ളുന്ന ഒരു കൃതിയായി എല്ലാവരും ഇതിനെ കണക്കാക്കുന്നുണ്ട് . 1980 കളിലാണ് സായുധ കവർച്ചകൾ നടത്തിയതിനു കഥാനായകൻ പിടിക്കപ്പെടുന്നത് .ഓസ്‌ട്രേലിയയിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിൽ കള്ളപാസ്‌പോർട്ടിൽ ജയിൽ ചാടി ഇന്ത്യയിലെത്തുന്നു . പിന്നീട് നീണ്ട പത്തു വര്ഷങ്ങളോളം ഇന്ത്യയിൽ ആണ് ചിലവഴിച്ചത് ,ലിൻബാബ എന്ന പേരിൽ . ലിൻഡ്‌സെ എന്നായിരുന്നു കള്ളപാസ്‌പോർട്ടിലെ പേര് . ബാബ എന്ന പേര് , ബോബെയിൽ വച്ച് പരിചയപ്പെട്ട ഗൈഡും ,പിന്നീട് ലിന്നിന്റെ ഉത്തമ സുഹൃത്തുമായിത്തീർന്ന പ്രഭാകറാണ് നൽകുന്നത് . ലിൻഡ്സെയ് അങ്ങനെ ലിൻബാബയായി . ബോംബയിൽ വച്ചാണ് ലിൻ കാർലയെ കാണുന്നതും പ്രണയത്തിലാകുന്നതും . എന്നാൽ വളരെ വിശ്വസ്തനും , അയാൾക്ക് അവളോടുള്ള സ്നേഹം നിലനിൽക്കുന്നതും ഉറച്ചതുമാണെന്നറിഞ്ഞിട്ടും കാർല ആ സ്നേഹത്തെ നിരുത്സാഹപ്പെടുത്തുന്നുണ്ട് . അത് പക്ഷെ ലിൻഡ്സെയെ മയക്കുമരുന്നിന് അടിമയാക്കി മാറ്റുകയാണുണ്ടായത്.ലിൻ പക്ഷെ ഒരുസമയത്തു അതിൽ നിന്നെല്ലാം ഊരിപ്പോരുന്നുണ്ട് .പ്രഭാകറുമായുള്ള അയാളുടെ ബന്ധമാണ് കാർലയെ പരിചയപ്പെടാൻ ഇടയാക്കിയത് തന്നെ .
ബോംബയിലെ ചേരിയിൽ  താമസിക്കാൻ പ്രഭാകർ ലിൻഡ്സെയെ സഹായിക്കുന്നുണ്ട് , ഒരു പക്ഷെ നേരിട്ടല്ലെങ്കിലും അയാൾ നിമിത്തമാണ് അതും സംഭവിക്കുന്നത് . അവിടെ വച്ചയാൾ ഒരു ക്ലിനിക് ആരംഭിക്കുകയും തന്റെ ചേരിയിലെ ദരിദ്രർക്ക് സൗജന്യചികിത്സ നൽകുകയും ചെയ്യുന്നു . ചേരി നിവാസികളെ തന്നിലേക്കടുപ്പിക്കാൻ അതയാളെ സഹായിക്കുന്നു . ചേരിവാസത്തിനടയിൽ കോളറപോലുള്ള മഹാദുരന്തങ്ങളെ അയാൾക്കു നേരിടേണ്ടി വരുന്നു .എന്നാൽ ചേരിനിവാസികൾക്കൊപ്പം നിന്ന് അതിനെയെല്ലാം പ്രതിരോധിക്കാൻ അയാൾക്ക്‌ സാധിക്കുന്നു .പ്രതിസന്ധികളെ ഭയന്ന് ഓടിപ്പോകാതെ ചേരിനിവാസികളെ പരിചരിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്നു.
പ്രഭാകറുടെ സ്വന്തം നാട്ടിൽ അയാളുടെ ഗ്രാമത്തിൽ വെച്ചാണ് ലിൻ ,ശാന്താറാം ആയി മാറുന്നത് .അവിടെ വച്ച് അയാൾക്കു പുതിയ പേര് കിട്ടുന്നു . ബോംബയിലെ നിരവധി ചേരികളിലൊന്നിൽ താമസിക്കുമ്പോഴാണ് ലിൻ പോലീസ് പിടിയിലാകുന്നത് .അറസ്റ്റിലായ അയാൾ അവിടുത്തെ പേരുകേട്ട ആർതർ റോഡ് ജയിലിലേക്കയക്കപെടുന്നു .ഏകദേശം മൂന്ന് മാസത്തോളം പുറംലോകവുമായി ബന്ധപെടാനാകാതെ അതിനകത്തു കഴിഞ്ഞു കൂടുന്നു . ജയിലിലെ ഓരോ മുക്കും മൂലയും കൃത്യതയോടെ സൂക്ഷമതയോടെ നോവലിൽ അയാൾ രേഖപ്പെടുത്തുന്നുണ്ട് . ഒരുപക്ഷെ ഒരു മുൻ ജയിൽ പുള്ളിയുടെ ,ഒരു ജയിൽ ചാട്ടക്കാരന്റെ  പതിവ് കരുതലും, നിരീക്ഷണങ്ങൾക്കൊണ്ടൊക്കെയാകാം അങ്ങനെ സംഭവിച്ചത് .ആ സംഭവങ്ങൾ  നോവലിന്റെ ഒരു സുപ്രധാന ഭാഗം തന്നെയാണ് . ജയിലിൽ നിന്ന് മുൻപ് പരിചയപ്പെട്ട ഒരു മാഫിയ നേതാവിന്റെ സഹായത്താൽ ലിൻ അവിടെ നിന്നും പുറത്തുകടക്കുന്നു , അതിനു വേണ്ടി ഒരു വലിയ തുക പോലീസുകാർക്ക് കൈക്കൂലി കൊടുക്കേണ്ടിവന്നെന്നു  മാത്രം .ലിൻ  വീണ്ടും മയക്കു മരുന്നിൽ അഭയം കണ്ടെത്തുന്നു . മാഫിയയിലെ സുഹൃത്തുക്കളുമായി രാത്രികളിലെ ഇടവേളകളിൽ നിരവധി ചർച്ചകളിലും ദാർശനിക ചിന്തകളിലും അയാൾ പങ്കെടുക്കുന്നു . ബോംബയിലെത്തിയതിനു ശേഷം ലിൻഡ്‌സെക്ക് വെളിപ്പെട്ട നിരവധി കാര്യങ്ങൾ പലപ്പോഴായി നോവലിൽ ആത്മഭാഷണമായും മറ്റുള്ളവരോടുള്ള സംഭാഷണങ്ങളിൽകൂടിയും   കടന്നു വരുന്നുണ്ട് . അയാളുടെ അഭിപ്രായത്തിൽ ലോകത്തിലെ മികച്ച രണ്ടാമത്തെ കാര്യം കേൾക്കുന്നവനാകുക എന്നതാണ് . അപ്പോൾ ആദ്യത്തേത്?സംശയമില്ല, അത് അധികാരമാണ്  . ഒരു വിദേശിയായിട്ടുകൂടി ബോംബെ നഗരം അയാൾക്കിപ്പോൾ സ്വന്തം ലോകമാണ് . യഥാർത്ഥ ഇന്ത്യ അതിനു പുറത്താണെന്നയാൾ തിരിച്ചറിയുന്നു . ഇന്ത്യയിൽ വന്നു ഇവിടുത്തെ അധികാരവ്യവസ്ഥിതിയെ ശരിക്കും തിരിച്ചറിഞ്ഞതുകൊണ്ടാകണം ,നീതി അത് എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ടു നടപ്പാകില്ല എന്നയാൾ മനസിലാക്കുന്നു . ദാരിദ്യ്രവും അഭിമാനവും നേർ സഹോദരങ്ങളാണ് ;ഒന്ന് മറ്റൊന്നിനെ കൊല്ലുവരെ എന്ന് ഒരുവേള പട്ടിണി കിടക്കുമ്പോൾ ഓർക്കുന്നുണ്ട് . ഒരിക്കൽ അന്തിചർച്ചകളിലെ ഒരു സന്ദർഭത്തിൽ വേദനയെക്കുറിച്ചു വ്യാഖാനിക്കാൻ കൂട്ടത്തിലൊരാൾ നിർദ്ദേശിച്ചു .ഒരാൾ പറഞ്ഞു, വേദനഎന്നത് തിരഞ്ഞെടുക്കലിന്റെ പ്രശനമാണെന്നും ,സന്തോഷത്തിന്റെ ഭാരം വേദനയുടെ ലേപനത്താൽ ഒഴിവാക്കപ്പെടുന്നുവെന്നും . സ്നേഹത്തെ പരീക്ഷിക്കലാണ് വേദന.ദൈവ സ്നേഹത്തിന്റെ പരീക്ഷകൂടിയാണത് എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. അങ്ങനെ വേദനയെ തത്വചിന്തയുടെ ചുറ്റുവട്ടത്തു കൂടിയും ,മതത്തിന്റെ ദാർശനിക വീക്ഷണങ്ങളിൽകൂടിയുമൊക്കെ  അവർ വിശകലനം  ചെയ്യന്നു.ചർച്ച കഴിഞ്ഞു ലിൻ പുറത്തിറങ്ങുമ്പോൾ പ്രഭാകറെ  കണ്ടുമുട്ടുന്നു  . പ്രഭാകരോടും ലിൻ അതെ ചോദ്യം ചോദിക്കുന്നു . ഒട്ടും ആലോചിക്കാതെ അയാൾ പറയുന്നു , വേദനയെന്നത്  വിശപ്പാണെന്ന് . ലോകത്തെവിടെ പോയാലും ,ഏതു സമൂഹത്തിലും നീതിയുടെ പ്രശ്നങ്ങൾ ഒന്നുതന്നെയാണ് . ലിൻ എല്ലാവരെയും ഉള്ളു തുറന്നു സ്നേഹിച്ചു,സംരക്ഷിച്ചു,, തന്നെക്കൊണ്ടാവും വിധം മറ്റുള്ളവരെ സഹായിച്ചു. അബ്ദുൽ ഖാദർ എന്ന മാഫിയ തലവനെ സ്വന്തം അച്ഛനായി കരുതി പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്തു. അയാളുടെ ആവശ്യപ്രകാരം അഫ്ഗാനിസ്ഥാനിലെ മുജ്‌ജാഹിദിനുമായി യുദ്ധം ചെയ്യാൻ ലിൻ പോകുന്നു  .
അവിട വച്ചുള്ള വെടിപ്പ്യ്പിൽ  ഖാദർ കൊല്ലപ്പെടുന്നു. രക്ഷപെട്ടു തിരികെയെത്തുന്ന ലിൻ മാഫിയയിലെ പ്രധാന കണ്ണിയായി മാറുന്നു .നിരവധി പണം സമ്പാദിക്കുന്നു . ചേരിയിൽ നിന്നും മാറി താമസം ഒരു
അപ്പാർട്മെന്റിലാക്കുന്നു. കള്ളപാസ്സ്പോർട് നിർമാണത്തിന്റെ ചില ജോലികളിലും അയാൾ ഭാഗമാകുന്നു . അത്തരം പാസ്സ്പോർട്ടുകളുപയോഗിച്ചു നിരവധി വിദേശ യാത്രകൾ കള്ളക്കടത്തുമായി ബന്ധപെട്ടു അയാൾ നടത്തുന്നു . നമ്മുടെ നിയമവും, അന്വേഷണവും,പ്രോസിക്യുഷനും , ശിക്ഷയും എല്ലാം ഒരു പാപത്തിൽ എത്ര കുറ്റകൃത്യമുണ്ടെന്നാണ് നോക്കുന്നത് ,അല്ലാതെ ഒറ്റ കുറ്റകൃത്യത്തിൽ എത്ര പാപമുണ്ടെന്നല്ല എന്നയാൾ മനസിലാകുന്നു . തന്റെ പ്രവൃത്തികൾക്ക് ലിൻ സ്വയം കാരണങ്ങൾ കണ്ടെത്തുന്നു . ശരിയായ കാരണങ്ങൾക്കു വേണ്ടി തെറ്റ് ചെയേണ്ടി വരും-നമ്മുടെ കാരണങ്ങൾ ശരിയായിരിക്കണം എന്ന് മാത്രം . ജുഡീഷ്യറിയ്ക്കും  സാമൂഹിക വ്യവസ്ഥകൾക്കും പുറത്തു നിന്നുകൊണ്ടുള്ള ഒരു നിർവചനമായി പോയി അതെങ്കിലും ലിൻ  അങ്ങനെ വിശ്വസിക്കാൻ ഇഷ്ട്ടപെട്ടു . ബോംബേയെ അയാൾ സ്നേഹിച്ചത് മനുഷ്യരുടെ ഹൃദയത്തിലും , മനസിലും, വാക്കുകളിലുമായിരുന്നു . കാർല , പ്രഭാകർ,ഖാദർ ബായി,ഖാലിദ്  അങ്ങനെ എത്രയെത്ര ആളുകൾ അയാൾക്കിടയിലൂടെ കടന്നു പോയി. അവരൊക്കെ അയാളെ വിട്ടുപോയി. ഒരു വിദേശി ആയിരുന്നിട്ടു കൂടി ഇവിടുത്തെ വ്യവസ്ഥിതിയെയും, പ്രശ്ങ്ങളെയും ചൂണ്ടികാണിക്കാൻ  അയാൾ ഒട്ടും ഭയക്കുന്നില്ല . അത് ഒരിക്കലും വെറുപ്പുൽപ്പാദിപ്പിക്കുന്ന സ്വന്തം അനുഭവങ്ങൾകൊണ്ടല്ല എന്ന് മാത്രം .
ഒരു തരത്തിൽ പറഞ്ഞാൽ ഗംഭീരമായ ഭാഷ ഈ പുസ്തകത്തെ മറ്റൊരു നിലയിൽ എത്തിക്കുന്നു എന്ന് പറയാതെ വയ്യ .
തീർച്ചയായും എല്ലാവരും വായിക്കേണ്ട ഒരു പുസ്തകം തന്നെയാണ് ശാന്താറാം .
ഇനി എഴുതുകാരന്റെ ജീവിതത്തെക്കുറിച്‌ – ഗ്രിഗറി ഡേവിഡ് റോബെർട്സ്
 1952 ൽ ഓസ്‌ട്രേലിയയിലെ മെൽബോണിലാണ് റോബർട്സന്റെ ജനനം . എഴുപതുകളുടെ മധ്യത്തിൽ തന്നെ അയാളുടെ ജീവിതം മോശമായി തുടങ്ങിയിരുന്നു . 1976ലാണ് അയാളുടെ വിവാഹമോചനം നടന്നത്  . അതോടെ ഏകമകൾ ഭാര്യക്ക് വിട്ടുകൊടുക്കേണ്ടിവന്നു . അതിനെ തുടർന്ന് മയക്കു മരുന്നിന്റെ അടിമയായി തീർന്നു . പിന്നീട് മയക്കുമരുന്നിനായി നിരവധി കവർച്ചകൾ നടത്തി . 1977 ൽ പോലീസ് പിടിയിലാവുകയും ജയിലിലടക്കപെടുകയും ചെയ്യുന്നു . കഷ്ട്ടിച്ചു രണ്ടു വര്ഷം ജയിലിൽ കിടന്നു കാണും,അവിടെ നിന്നും ജയിൽ ചാടി കള്ളപാസ്സ്പോർട്ടിൽ ഇന്ത്യയിലെത്തി . എത്തിപ്പെട്ടത് ബോംബെയിലും . അവിടെ നിന്നു തനി ഉൾനാടൻ ഗ്രാമത്തിൽ ആറുമാസത്തോളം ജീവിച്ചു . മറാത്തി ,ഹിന്ദി ഭാഷകൾ അവിടെ വച്ചാണ് പഠിച്ചത് . പിന്നീട് ബോംബെ ചേരിയിൽ ഒരു സൗജന്യ ക്ലിനിക് സ്‌ഥാപിച്ചു .ബോംബേ മാഫിയ റോബർട്സിനെ കൂടെകൂട്ടി കള്ളപാസ്സ്പോർട്ട് നിർമാണത്തിലും,കറൻസി കൈമാറ്റ ജോലികളിലും പങ്കു ചേർത്തു .പിനീട് അഫ്‌ഗാനിസ്‌ഥാനിലേക്കു പോയി .അവിടെ വച്ച് വെടിവെയ്പ്പിൽ പരിക്കേറ്റു. പിന്നീട് രക്ഷപെട്ടു ബോംബയിൽ തിരികെയെത്തി .അവിടെ നിന്ന് ജർമനിയിലേക്ക് പോയി , ഒരു റോക്ക് ബാൻഡിൽ ഗായകനായി പണിയെടുത്തു . ബോളിവുഡ് സിനിമകളിലും അയാൾ പിന്നീട് മുഖം കാണിച്ചു . ഒടുവിൽ യൂറോപ്പ്യൻ പോലീസ് റോബർട്സിനെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയുംചെയ്തു. ബോംബെയിലേക്ക് മടങ്ങുന്നതിനു മുൻപ് ഇറ്റലിയിലും സ്വിറ്റ്സർലണ്ടിലും വച്ച് കസ്റ്റഡയിൽ നിന്നും രക്ഷപ്പെട്ടിരുന്നുവെങ്കിലും മയക്കുമരുന്ന് കടത്തുന്നതിനിടെ ഫ്രാങ്ക്ഫർട്ടിൽ വച്ച് പിടികൂടപ്പെട്ട് ജയിലിലായി.
പിന്നെ യൂറോപ്പിൽ 2വർഷനിർബന്ധ സേവനം .രണ്ടു വർഷത്തെ ഏകാന്ത തടവിനിടയിലാണ് ശാന്താറാം എന്ന നോവലിന്റെ പണി തുടങ്ങുന്നത് .രണ്ടു തവണ ജയിൽ വാർഡൻമാർ അതിന്റെ കൈയ്യെഴുത്തു പ്രതി നശിപ്പിച്ചു കളഞ്ഞിരുന്നു . മൂന്നാമത്തെ തവണ എഴുതിയതാണ് ഇപ്പോൾ നമ്മളൊക്കെ വായിച്ചുകൊണ്ടിരിക്കുന്നത് . നോവൽ പുറത്തിറങ്ങിയതോടെ അത് വൻവിജയമായി.വാർണർ ബ്രോസ് അതിപ്പോൾ ചിത്രമാക്കാനുള്ള പദ്ധതിയാണെന്നറിയുന്നു . അതിന്റെ തിരക്കഥയും റോബെർട്സ് തന്നെയാണ്എഴുതിയിരിക്കുന്നത്.
റോബർട്സിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ രസകരമായ ഒരു സംഗതി കൂടി  മനസ്സിലാക്കാൻ  കഴിഞ്ഞു .ആസ്‌ട്രേലിയയിൽ വിലസി  നടന്നിരുന്ന സമയത്തു മാന്യനായ പിടിച്ചുപറിക്കാരൻ എന്നാണ് അയാൾ പരക്കെ അറിയപ്പെട്ടിരുന്നത് . കാരണം അതിലും കൗതുകകരമായിരുന്നു . ഇൻഷുറൻസ് ഉള്ള സ്ഥാപനങ്ങൾ മാത്രമാണ് റോബെർട്സ് കൊള്ള ചെയ്യാനായി തിരഞ്ഞെടുത്തത്.മാന്യമായി വസ്ത്രം ധരിക്കുകയും കൊള്ളയടിച്ച ആളുകളോട് മാന്യമായി പെരുമാറുകയും ചെയ്തു. മാത്രമല്ല അയാൾ അവരോടു നന്ദിയും ക്ഷമയും ചോദിക്കുമായിരുന്നെത്രെ.എത്ര  മോശം സമയത്തുപോലും ഒരാളെ പോലും റോബേർസ് കൊലപ്പെടുത്തിയിട്ടില്ല .
ആദ്യപുസ്തകം പുറത്തിറക്കിയതിനു ശേഷം യൂറോപ്പിലെ നിരവധി രാജ്യങ്ങളിൽ താമസിച്ചിരുന്നെങ്കിലും ഒടുവിൽ ബോംബെയിലേക്ക് തന്നെ തിരിച്ചു വരികയാണുണ്ടായത് . അവിടെ അയാൾ നിരവധി ചാരിറ്റി സൊസൈറ്റികൾ സ്ഥാപിച്ചു . സ്വന്തം മകളുമായി വീണ്ടും ഒന്നിക്കുന്നത് ആയിടെയാണ് .
2014 ഓടെ പൊതുജീവിതത്തിൽ നിന്ന് റോബർട്സ് വിരമിക്കുകയാണെന്നറിയിച്ചു. ഇമെയിലിലും ,മൊബൈൽ ഫോണിലും എന്തിന് സോഷ്യൽ മീഡിയയിൽ പോലും താനിനി ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. റോബർട്സിന്റെ ഫേസ്ബുക് പേജിൽ ആ വിവരം കാണിച്ചു ഒരു പോസ്റ്റും കണ്ടിരുന്നു . അത്ര മാത്രം. 
ശാന്താറാം പുസ്തകത്തിന്‍റെ ഒരു തുടർച്ചയെന്നോണം ദ മൗണ്ടൈൻ ഷാഡോ (The Mountain  Shadow ) എന്ന പേരിൽ ഒരു പുസ്തകം കൂടി 2015 ൽ റോബെർട്സ്  എഴുതുകയുണ്ടായി. അതും വലിയ തോതിൽ സ്വീകരിക്കപ്പെട്ടു .ഈ  പുസ്തകത്തിന്‍റെ മലയാള പരിഭാഷ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. പുറത്തിറങ്ങാനായി കാത്തിരിക്കയാണ് ഞാനും.
  

ദേവാലയം


ഗുരോ, ഏറ്റവും കൂടുതൽ മാലിന്യങ്ങളെവിടെയാണ്?

അവനവന്റെ മനസ്സിലാണോ ? 

അല്ല .. ഗുരു പറഞ്ഞു . 

പിന്നെ എവിടെയാണ്? നഗര വിളുമ്പിൽ ,പുഴകളിൽ ,വീടുകളിൽ ? അതുമല്ലെങ്കിൽ ജോലിസ്ഥലങ്ങളിൽ?

ഞാൻ ചോദിച്ചു.  

അവിടെങ്ങുമല്ല  മകനെ .. അത് മനുഷ്യർ മനസ്സിലെ 
സങ്കടങ്ങളും ,വേവലാതികളും ,പകയും, വെറുപ്പും, വിദ്വേഷവും ,തെറ്റുകുറ്റങ്ങളും കൊള്ളരുതായ്മകളും അങ്ങനെ എല്ലാത്തിന്റെയും ഭാരം ഇറക്കി വച്ചിട്ടു പോകുന്ന ദേവാലയങ്ങളിലാണ്. 

റിബൽ സുൽത്താൻമാർ -ഖില്ജി മുതൽ ശിവാജി വരെ.


ദക്ഷിണ എന്ന സംസ്‌കൃത പദത്തിൽ നിന്നാണ്  ദഖാൻ എന്ന പേരിന്റെ ഉദ്ഭവം . പിന്നീടാണ്   അത് ഡെക്കാൻ എന്ന്  നമ്മൾ വിളിക്കുന്ന  പേരായി മാറിയത് . ഡെക്കാനെ കുറിച്ച് നമ്മൾ ഓർക്കുമ്പോൾ ആദ്യം കയറി വരുന്ന ഔരംഗസേബിൾ നിന്നും , ശിവാജിയിൽ നിന്നും മാറി ആ പ്രദേശത്തിന്റെ ചരിത്രം മറ്റു പല ആളുകളിലെക്കും തിരിച്ചു വയ്ക്കുകയാണ് മനു എസ് പിള്ള തന്റെ റിബ്ബൽ സുൽത്താന്മാർ എന്ന പുസ്തകത്തിലൂടെ. പതിനാലാം നൂറ്റാണ്ടു മുതൽ പതിനേഴാം നൂറ്റാണ്ടു വരെയുള്ള ഡെക്കാന്റെ ചരിത്രം ഇതിൽ വിവരിക്കുന്നു. ഖിൽജി മുതൽ ശിവാജി വരെ.,ഡെക്കാനിലെ വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളിലൂടെ നമ്മോടു ചരിത്രം പറയുകയാണ് ഈ പുസ്തകം . അങ്ങനെ നമ്മിൽ താല്പര്യമുണർത്തുന്ന തരത്തിലുള്ള എന്നാൽ ചരിത്രത്തിൽ നമ്മളാരും ഓർക്കാത്ത അല്ലെങ്കിൽ വേണ്ട വിധം രേഖപ്പെടുത്താത്ത  ഒട്ടനവധിപേർ കടന്ന് പോകുന്നുണ്ടിതിൽ. അത്തരത്തിൽ ഒരാളാണ് മാലിക് അംബാർ.മാലിക് അംബാറിനെകുറിച്ച് മറ്റൊരു ലേഖനത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട് .







   ഇന്ത്യയെ അറിയണമെങ്കിൽ ഡെക്കാനെ  അറിഞ്ഞെ  തീരൂ .അതിന്റെ എല്ലാ കഥകളും ഒരുമിച്ചു പറയുക എന്നത് ഭയമുണർത്തുന്ന സംഗതിയാണ് . ആ ദേശം അത്രയ്ക്കും  സമൃദ്ധമാണ്  . എങ്കിൽ കൂടിയും അതിന്റെ ചരിത്രം ഓർക്കപ്പെട്ടേ മതിയാകൂ .കാരണം ഇന്ത്യയുടെ രൂപപ്പെടലിന് സാക്ഷിയാണ് ഡെക്കാൻ എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ പ്രതിപാദിക്കുന്നുണ്ട് . ഡെക്കാണിന്റെ ഭൂതകാലം അതുവരെ നിർവചിച്ചിരുന്നത് അതിന്റെ ഹിന്ദു അധിപന്മാരും ,അവരുടെ മഹാ ക്ഷേത്രങ്ങളും ,തിളങ്ങുന്ന രത്നങ്ങളുമായിരുന്നു . എന്നാൽ 1565 ലെ തളിക്കോട്ട യുദ്ധത്തോടെ വിജയനഗരത്തിന്റെ പതനം സംഭവിക്കുന്നു.രാജാവായിരുന്ന രാമരായൻ കൊല്ലപ്പെടുകയും ചെയ്യുന്നു.അതിനെ കുറിച്ച് പുസ്തകത്തിൽ വിവരിക്കുന്നത് ഇപ്രകാരമാണ് .
  ഒരു പക്ഷെ ലോകചരിത്രത്തിലൊരിക്കലും ഇത്രയും ഉജ്വലമായ ഒരു നഗരത്തിനു മേൽ ഇത്രയും വിനാശം , ഇത്രയും പൊടുന്നനെയുള്ള വിനാശം വിതയ്ക്കപ്പെട്ടിട്ടുണ്ടാകില്ല .ഒരിക്കൽ എമ്പാടും സമ്പന്നരും,അധ്വാനികളുമുള്ള സമൃദ്ധിയുടെ സമ്പൂർണ്ണ നിറവിൽ കഴിഞ്ഞിരുന്ന ജനത , അടുത്ത നാൾ പിടിച്ചടക്കപ്പെട്ട് ,കൊള്ളയടിക്കപ്പെട്ട്വി,വരിക്കാനാവാത്ത വിധം മൃഗീയമായ കൂട്ടക്കൊലയുടെയും ,ഭീകരതയുടെയും  ദൃശ്യങ്ങൾക്കിടെ തകർന്നടിഞ്ഞു പോയിരിക്കുന്നു . ചരിത്രകാരനായ റോബർട്ട് സെവെൽ തന്റെ പ്രസിദ്ധമായ A Forgotten Empire എന്ന പുസ്തകത്തിൽ ഇതിനെ കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട് . ലോകത്തിലെ അതിമനോഹരമായ ഒരു നഗരം പാറക്കഷണങ്ങളും കൽക്കൂനകളുമായി തകർന്നു കിടക്കുന്നു എന്ന് മനുവും ഈ പുസ്തകത്തിൽ പറഞ്ഞു വെക്കുന്നു .

    പൊതുശത്രുവിനെതിരെ ഒരുമിച്ചു നിൽക്കുന്നതിനുള്ള പ്രാപ്തിക്കുറവാണ് അവരുടെ സമൂഹത്തിന്റെ പതനത്തിലേക്ക് നയിച്ചത് . എന്നാൽ ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി  വലിയ യുദ്ധങ്ങൾക്കും , കുടിപ്പകകൾക്കും കാരണമായത് മതവിശ്വാസങ്ങളേക്കാൾ രാഷ്ട്രീയം തന്നെയായിരുന്നു . പുസ്തകത്തിന്റെ അവസാന ഭാഗങ്ങളിലാണ് ശിവാജി പ്രത്യക്ഷപ്പെടുന്നത് .  ശിവാജി-ഔരംഗസേബ്‌ യുദ്ധങ്ങളെക്കുറിച്ചു വലിയരീതിയിലുള്ള വിവരങ്ങളൊന്നുമില്ല.എങ്കിലും ശിവാജിയുടെ രാഷ്ട്രീയം എന്തായിരുന്നുവെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട് .അത് ഇന്നത്തെ ഹിന്ദുത്വവാദികൾ വച്ച് പുലർത്തുന്ന ധാരണകളിൽ നിന്നും തുലോം വ്യത്യസ്തമാണ് .ഡെക്കാൻ പ്രദേശത്തെ തന്റെ പരമാധികാര രാഷ്ടം സ്ഥാപിക്കുവാനുള്ള ശിവാജിയുടെ പ്രചോദനം പലസിദ്ധാന്തങ്ങൾക്കും രൂപം കൊടുത്തിരുന്നു . അവയിൽ ഏറ്റവും പ്രശസ്തമായത് മുഗൾ അധിനിവേശത്തൊടെതിർത്ത്‌ ഹൈന്ദവ ശക്തിയുടെ നായകനാകുന്ന രീതിയിൽ അദ്ദേഹത്തെ വീക്ഷിക്കുന്നതാണ് .ഡെക്കാൻ രാഷ്ട്രീയത്തിലെ ശക്തമായ ഘടകമായിതീരുവാനുള്ള അടക്കാനാവാത്ത ആവേശമായിരുന്നു സത്യത്തിൽ ശിവാജിയെ നയിച്ചത് . ഒപ്പം സാധാരണ മനുഷ്യരോടുള്ള യഥാർത്ഥ സഹാനുഭൂതിയും .
  ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകത ഓരോ അധ്യായങ്ങൾക്കും മനു എസ് പിള്ള കൊടുത്തിരിക്കുന്ന റെഫെറെൻസുകൾ , അവ തയാറാക്കാൻ അദ്ദേഹം എത്രമാത്രം പണിപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ് അത് പുസ്തകത്തിന്റെ ഗ്രന്ഥസൂചിക കാണൂമ്പോൾ നിങ്ങള്ക്ക് മനസിലാകും . ഏകദേശം എഴുപതോളം പേജുകളാണ് അതിനു വേണ്ടി മാത്രം മാറ്റിവച്ചിരിക്കുന്നത് . ചരിത്രം ഇഷ്ട്പെടുന്നവർക്കും ചരിത്രം പഠിക്കുന്നവർക്കും തീർച്ചയായും ഈ പുസ്തകം ഒരു മുതൽക്കൂട്ടാണ് . പുനർവായനക്ക് നിരവധി കുറിപ്പുകൾ ഈ പുസ്തകത്തിൽ കാണാം.

ഇന്ത്യയിൽ രാജാവായ ഒരു ആഫ്രിക്കൻ അടിമയെകുറിച്ച് കേട്ടിട്ടുണ്ടോ ?

       
      


മനുഷ്യചരിത്രത്തിൽ കറുത്തവർഗ്ഗ ജനതയ്ക്ക് ജീവിതത്തിന്റെ വിവിധ വശങ്ങളിൽ ആധിപത്യം സ്ഥാപിക്കാനാകുമെന്ന് ന്യായമായ സംശയത്തിനപ്പുറം തെളിയിച്ചിട്ടുണ്ട്.മാലിക് അംബാറിന്റെ ജീവിതവും നേട്ടങ്ങളും അത്തരമൊരു  ജനതയ്ക്ക് പ്രചോദനാത്മകമായതിന്റെ  ഒരു കഥകൂടിയാണ്.ഒരു അടിമ രാജാവായതും അയാൾ മുഗൾ സാമ്രാജ്യത്തെ തന്റെ അന്ത്യം വരെ വിറപ്പിച്ച് നിർത്തിയതും പിന്നീട് ചരിത്രം!
മനു എസ് പിള്ളയുടെ റിബ്ബൽ സുൽത്താന്മാർ എന്ന പുസ്തകത്തിൽ നിന്നാണ് മാലിക് അംബറിനെ കുറിച്ച് കേൾക്കുന്നത് തന്നെ. അവിടെ നിന്നുള്ള പുന:രന്വേഷണത്തിൽ നിന്നാണ്  മാലിക് അംബറിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചത്.

1546 ൽ ഇന്നത്തെ എത്യോപ്യയിലുള്ള ഹരാർ രാജ്യത്താണ്  അംബാർ ജനിച്ചത്. അദ്ദേഹത്തെ  ഷെംബു അല്ലെങ്കിൽ ചാപ്പു എന്നായിരുന്നു വീട്ടുകാർ വിളിച്ചിരുന്നത്. അറബികൾ അദ്ദേഹത്തെ അടിമയാക്കി യെമനിലേക്കും പിന്നീട് ബാഗ്ദാദിലേക്കും നാടുകടത്തി.അടിമ ഉടമകളിലൊരാളായ മിർ കാസിംമാണ് ചാപ്പുവിനെ ഇസ്ലാം മതം സ്വീകരിച്ച് അംബാർ എന്ന പേര് നൽകിയത്.അംബാറിന്റെ അസാമ്യനായമായ ബുദ്ധിശക്തി, ബഹുഭാഷാ കഴിവുകൾ, അസാധാരണമായ ഓർമശക്തി എന്നിവ കാസിമിൽ മതിപ്പുളവാക്കി. അയാൾ തന്നെയാണ് അംബാറിനെ സാമ്പത്തിക കാര്യങ്ങളുടെ നടത്തിപ്പിനെ കുറിച്ചും ഭരണകാര്യങ്ങളെ കുറിച്ചും പഠിപ്പികുന്നത് . പിന്നീട് കാസിം മരിച്ചപ്പോൾ അംബാറിനെ  ഇന്ത്യയിലെ ഒരു ഉടമയ്ക്ക് വിറ്റു.അങ്ങനെയാണ് അംബാർ ഇന്ത്യയിലെത്തുന്നത്.
അഹ്മദ്‌നഗറിലെ സുൽത്താനേറ്റിന്റെ പേഷ്വ അല്ലെങ്കിൽ റീജന്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്ന മുൻ ഹബ്ഷി ചെംഗിസ്ഖാന്റെ കീഴിൽ നയതന്ത്ര പരിശീലനം, സൈനിക തന്ത്രം, രാഷ്ട്രീയ സംഘടന പരിശീലനം എന്നിവ അംബറിന് ലഭിച്ചു.

ഖാന്റെ കീഴിൽ 20 വർഷത്തെ സേവനത്തിന് ശേഷം അംബർ അഹ്മദ്‌നഗർ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഹബാഷി സൈനികനായി. അത് സ്വഭാവികമായി സംഭവിച്ചതായിരുന്നില്ല ,അംബാറിന്റെ ബുദ്ധിമികവും ,ശാരീരിക ഗുണങ്ങളും അതിനു വളം വെച്ചു എന്നു പറയാം.
1594 ൽ ഖാന്റെ മരണശേഷമാണ്  അംബാർ സ്വതന്ത്രനാകുന്നത്.
1595 ഓടെ നൂറ്റൻപതോളം  പുരുഷന്‍മാരെയും കൂലിപ്പണിക്കാരെയും അദ്ദേഹം കൂടെ കൂട്ടി. പിന്നീടത് ആയിരക്കണക്കിന് ആളുകലുള്ള ഒരു  വിമത സൈന്യമായി വളർന്നു. 1600 ഓടെ അദ്ദേഹം സ്വന്തം കൂലിപ്പടയുടെ ജനറലായി.1607 മുതൽ 1627 വരെ അഹമ്മദ്‌നഗറിലെ നിസാം ഷാഹി രാജവംശത്തിന്റെ റീജന്റായിരുന്നു മാലിക് അംബാർ.

1620 ആയപ്പോഴേക്കും തന്റെ സൈന്യത്തിന്റെ ശേഷി  50,000-ത്തോളമായി വളർന്നു. അതിൽ 40,000 മറാത്തകളും ഉണ്ടായിരുന്നു.10,000 ത്തോളം വരുന്ന  ഹബ്ഷി എന്നറിയപെടുന്ന ആഫ്രിക്കൻ വംശജരും ആക്കൂട്ടത്തിൽ  ഉണ്ടായിരുന്നു. ആ സൈനിക ബലം കൊണ്ട് തന്നെ  അംബാർ തന്റെ യുദ്ധങ്ങളിൽ മിക്കതിലും വിജയിച്ചു. അപ്പോഴേക്കും അദ്ദേഹം ശക്തനും സ്വാധീനശക്തിയുമുള്ളവനായി തീർന്നിരുന്നു. അറബിയിൽ രാജാവ് എന്നർഥമുള്ള മാലിക് എന്ന പദവി അദ്ദേഹത്തിന് ലഭിച്ചു.


മുഗൾ സാമ്രാജ്യത്തിനെതിരായ യുദ്ധത്തിലേക്ക് അദ്ദേഹം തന്റെ സൈന്യത്തെ നയിച്ചു, അത് പിന്നീട് തെക്കേ ഇന്ത്യയെ കീഴടക്കാൻ ശ്രമിക്കുകയും ഡെക്കാനിലേക്ക് വ്യാപിക്കുകയും ചെയ്തു.രണ്ട് മഹാനായ മുഗൾ ചക്രവർത്തിമാരായ ജഹാംഗീറിന്റെയും അക്ബറിന്റെയും സൈന്യത്തെ അദ്ദേഹം പരാജയപ്പെടുത്തി.1601 ൽ ആണ് അക്ബറിന്റെ സൈന്യത്തെ അംബാർ പരാജയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ സൈന്യവും അവരുടെ തന്ത്രങ്ങളും മുഗൾ സാമ്രാജ്യത്തോട് പോരാടുന്ന നിരവധി പ്രദേശങ്ങൾക്ക് പ്രതീക്ഷയും മനോവീര്യം നൽകി.
അയൽരാജ്യങ്ങളായ പ്രദേശങ്ങളിലേക്ക് അംബാർ തന്റെ സ്വാധീനവും ശക്തിയും വ്യാപിപ്പിക്കുന്നത് തുടർന്നു.

അംബാറിന്റെ സൈന്യം നടത്തിയ ഗറില്ലാ യുദ്ധ തന്ത്രങ്ങളും മുഗളരെ കുറച്ചൊന്നുമല്ല കുഴപ്പിച്ചത് .ഇന്ത്യയുടെ തെക്കൻ പ്രദേശത്തെ അരനൂറ്റാണ്ടിലേറെക്കാലം അവർ പ്രതിരോധിച്ചു. മുഗളന്മാർ അംബറിനെ “കറുത്ത ഭാഗ്യത്തിന്റെ വിമതൻ” എന്നാണ് വിശേഷിപ്പിച്ചത്.മുഗൾ രാജാവായ ജഹാൻഗീർ ചക്രവർത്തിയുടെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു ആംബാറിനെ കൊല്ലുക എന്നത് .എന്നാലത് ഒരിക്കലും  നടക്കാത്ത സ്വപനമായി മാത്രം അവശേഷിച്ചു.മാലിക് അംബറിനെ സുൽത്താൻ  ജഹാംഗീർ എല്ലായ്പ്പോഴും പരുഷമായ പേരുകളിലാണ് വിളിച്ചിരുന്നത് . തന്റെ ഓർമ്മക്കുറിപ്പുകളിൽ നികൃഷ്ടൻ, ശപിക്കപ്പെട്ടയാൾ, ഹബ്ഷി, അംബാർ സിയാരി, കറുത്ത അംബാർ, അംബാർ ബദാഖൂർ തുടങ്ങിയ സംബോധനകളിലൂടെയല്ലാതെ അദ്ദേഹം ഒരിക്കലും ആംബാറിന്റെ യഥാർഥ പേര് പരാമർശിക്കുന്നില്ല.

തന്റെ വിവേകവും ശക്തിയും ഉപയോഗിച്ച്, ഭരണകൂടത്തിന്റെ എതിരില്ലാത്ത കഴിവുള്ള ഭരണാധികാരിയായി ആംബാർ ഉയർന്നു.
ഡെക്കാൻ ആക്രമിച്ച മാലിക് അംബാർ തലസ്ഥാനം പരാണ്ടയിൽ നിന്ന് ജുന്നാറിലേക്ക് മാറ്റി ഖഡ്കി എന്ന പുതിയ നഗരം സ്ഥാപിച്ചു. അത് ഇന്ന് ഓറംഗബാദ് എന്നറിയപ്പെടുന്നു. ഔറംഗസീബാണ് ഇതിന്റെ പേര് പിന്നീട് അങ്ങനെ മാറ്റിയത് . നിരവധി കൊട്ടാരങ്ങൾ പണിത് അംബാർ തന്റെ പുതിയ നഗരത്തെ ശക്തിപ്പെടുത്തി. അക്കാലത്ത് വരൾച്ച നേരിടുകയായിരുന്ന അവിടങ്ങളിൽ ലോകോത്തര ജലസേചന സംവിധാനം അദ്ദേഹം നിർമ്മിക്കുകയും നഗരത്തിന് ശുദ്ധമായ വെള്ളം നൽകുകയും ചെയ്തു. വടക്ക് നിന്ന് തെക്ക് വരെ ജലപാതകൾ നിർമ്മിക്കുകയും വർഷം മുഴുവനും തന്റെ നഗരത്തിന് വെള്ളം നൽകുകയും ചെയ്തു. മഹാരാഷ്ട്രയിലെ മുരുദ് പ്രദേശത്ത് ജഞ്ജിറ കോട്ട നിർമ്മിച്ചതിന്റെ ബഹുമതി മാലിക് അംബറിനാണ്.

എതിരാളികളുമായുള്ള നിരന്തരമായ യുദ്ധം കാരണം അദ്ദേഹത്തിന്റെ ഭരണം പ്രതീക്ഷിച്ചത്ര സുഗമമായിരുന്നില്ല. 1626-ൽ 86 വയസ്സുള്ളപ്പോൾ  അദ്ദേഹം അന്തരിച്ചു.അംബറിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൻ ഫത്തേഹ് ഖാൻ  കുറച്ചു കാലം മാത്രമേ രാജാവായിട്ടുള്ളൂ . അക്കാലത്ത് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഒരു ഡച്ച് തുണിക്കച്ചവടക്കാരനായിരുന്ന പീറ്റർ വാൻ ഡെൻ ബ്രൂക്കാണ് മാലിക് അംബറിനെ വിശദമായി വിവരിക്കുന്നത്.
ഡെക്കാൻ മേഖലയിലെ ഏറ്റവും മികച്ച നേതാക്കളിൽ ഒരാളായാണ് അംബാർ മാലിക്കിനെ ഇന്നും വിശേഷിപ്പിക്കുന്നത്. അംബർ മാലിക്ക് വിദ്യാഭ്യാസത്തിന്റെ കടുത്ത പിന്തുണക്കാരനും കലയുടെ രക്ഷാധികാരിയുമായിരുന്നുവെന്ന് നിരവധി ചരിത്ര പണ്ഡിതന്മാര് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒമർ എച്ച് അലിയുടെ Malik Ambar: Power and Slavery Across the Indian Ocean എന്ന പുസ്തകത്തിൽ അംബാറിനെകുറിച്ച് ചിലതൊക്കെ അറിയാൻ സാധിക്കും. മനു എസ് പിള്ളയുടെ റിബെൽ സുൽത്താന്മാർ എന്ന പുസ്തകത്തിലും മാലിക് ആംബറിനെ കുറിച്ചുള്ള ചെറു വിവരണങ്ങൾ വായിക്കാം.


 മാലിക് ആംബറിന്റെ ഖുൽദാബാദിലെ ശവകുടീരം

ഉദ്വേഗം നിറച്ച് റൂത്തിന്റെ ലോകം

മലയാള സാഹിത്യത്തിൽ ക്രൈം ഫിക്ഷൻ വിഭാഗത്തിൽ പെട്ട സംഭാവനകൾക്ക് പൊതുവെ ഒരു തരം  പഞ്ഞം പിടിച്ച ഒരു അവസ്ഥയാണുണ്ടായിരുന്നത് . എന്നാൽ അത്തരം ആശങ്കകളെ കാറ്റിൽ പറത്തിക്കൊണ്ട് ഒരു തരംഗം തന്നെ  സൃഷ്ടിച്ചിരിക്കുകയാണ് ലാജോ ജോസ് എന്ന എഴുത്തുകാരൻ. കോട്ടയം പുഷ്പനാഥിനെ പോലുള്ള എഴുത്തുകാരെ മറന്നുകൊണ്ടുള്ള ഞാനിതു പറയുന്നത്. മലയാളത്തിലെ പ്രസിദ്ധ മ മാ പ്രസിദ്ധീകരണങ്ങളിൽ ജനപ്രിയ നോവലുകളുടെ ഇടയിൽ ബാറ്റൺ ബോസ് നെ പോലുള്ള എഴുത്തുകാരും വിളങ്ങി നിന്ന ഒരു കാലഘട്ടമുണ്ടായിന്നു നമുക്ക്. എന്നാൽ ഇടക്കെവിടെയോ ആ പ്രസ്ഥാനം കിതപ്പിൽ വീഴുകയാണുണ്ടായത്.ഉണ്ടായി വന്ന കഥകളാകട്ടെ പാശ്ചാത്യ കഥാസന്ദർഭങ്ങളെയും ,പശ്ചാത്തലവും അപ്പടി അനുകരിക്കുകയാണുണ്ടായത് . ഒരിക്കലും അത്തരം കുറ്റാന്വേഷണവും  രീതികളും തനത് പ്രാദേശിക ചിട്ട വട്ടങ്ങളിലെക്കു പറിച്ചു നട്ടപ്പോളുണ്ടായ മുഴച്ചു കെട്ടലുകളിൽ അഭിരമിച്ചു നില്കുകയല്ലാതെ പുതിയ പന്ഥാവ് വെട്ടി തെളിയിക്കുന്നതിൽ പലപ്പോഴും പരാജയപ്പെട്ടു . എന്നാൽ മാധ്യമം ആഴ്ചപ്പതിപ്പിൽ  ഈയിടെ പ്രസിദ്ധീകരിച്ച മിനി പി സിയുടെ ബ്ളാക്ക് ഫ്രൈഡേ പോലുള്ള ചെറു കഥകൾ മുൻരീതികളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നതും കുറ്റാന്വേഷണ / ത്രില്ലർ വിഭാഗത്തിൽ മലയാളത്തിൽ നിരവധി പ്രതീക്ഷയും നൽകുന്നുണ്ടെന്ന് പറയാതെ വയ്യ.

അത്തരം ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒരു നോവൽ ആണ് ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന പുസ്തകം. ഒരു സിനിമ കാണുന്ന സുഖത്തോടെ വായിച്ചു പോകാവുന്ന ഒരു നോവൽ . ഭാഷയിലെ കല്ലുകടി ഒരിടത്തും കാണാൻ കഴിയില്ല.പതിവ് ആഖ്യാന രീതികളിൽ നിന്നും വ്യത്യസ്തമായി കഥപറച്ചിൽ കഥാപാത്രങ്ങൾ നേരിട്ട് വന്നു പറയുകയാണ് .എന്നാൽ അത് തുടർച്ചയായി കഥയുടെ ഗതിവിഗതികളെ ബാധിക്കാതെ മുന്നോട്ടു പോകുന്നു. ഒരു പക്ഷെ മലയാളത്തിൽ ഇങ്ങനെയൊരു ആഖ്യാന ശൈലി ആദ്യമായാണെന്ന്  തോന്നുന്നു. ഓർഹൻ പാമുക്കിന്റെ ചുവപ്പാണെന്റെ പേര് എന്ന നോവലിലും ഇതേ പോലുള്ള ആഖ്യാന ശൈലിയാണ് സ്വീകരിച്ചു പോന്നിട്ടുള്ളത് . ഈ നോവലിൽ കേന്ദ്ര കഥാ പാത്രങ്ങളായ റൂത്തും അവരുടെ ഭർത്താവ് റൊണാൾഡ്‌ തോമസും  ഒന്നിടവിട്ട് ആഖ്യാനങ്ങളെ അവതരിപ്പിക്കുന്ന രീതിയിലാണ് കഥ മുന്നോട്ടു കൊണ്ട് പോകുന്നത് .റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്തും അവരെ പരിചരിക്കുന്ന ഭർത്താവും, അവരവരുടെ മാനസിക വ്യാപാരങ്ങളെ കഥയായി നമുക്ക് മുന്നിൽ എത്തുന്നു.ഓർമകൾക്കും മറവികൾക്കും ഇടയിൽ ജീവിതത്തിൽ പൊരുതി മുന്നോട്ടു പോകുന്നതിനിടയിൽ റൂത്ത്  കാണുന്ന ഒരു വാർത്ത  ക്യാറ്റ് ആൻഡ് മൗസ് കളിക്കുന്ന സത്യത്തിനും മിഥ്യയ്ക്കുമിടയിൽ യാഥ്യാർത്ഥത്തെ വെളിച്ചത്തുകൊണ്ടുവരുന്നതാണ് കഥ. കഥയുടെ ഒരു സ്ഥലമെത്തുമ്പോൾ യാഥാർഥ്യത്തിന്റെ  പൊരുൾ എന്താണെന്നു മനസിലാക്കിത്തരാനുള്ള സൂചനകളൊക്കെ നമ്മുക്ക് കഥാകൃത്ത്‌ ഇട്ടു തരുന്നുണ്ട്.എന്നാൽ അതിന്റെ പിന്നിലുള്ള രഹസ്യത്തിലേക്കും അങ്ങനെ എത്തിച്ചേരാനുള്ള കാരണങ്ങളും ഒടിവിലെ വെളിവാകുന്നുള്ളു. ഒരുവേള കഥാന്ത്യം നമുക്കു ഊഹിക്കാനാകുമെങ്കിലും മേല്പറഞ്ഞ വസ്തുതകളിലേക്കു എത്തിച്ചേരുന്നതെങ്ങനെന്നു വളരെ മനോഹരമായി തന്നെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു . ഇതൊരു ഉദ്വേഗജനകമായ നോവൽ വിഭാഗത്തിൽ പെടുന്നതുകൊണ്ടു കഥ സന്ദർഭങ്ങളെയും മറ്റുവിവരങ്ങളെയും കുറിച്ചു  കൂടുതൽ വിവരിക്കാൻ വയ്യ . ബാക്കി നിങ്ങൾ തന്നെ വായിച്ചു നോക്കു …
      

പരക്കെ പരക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം


സ്നേഹം എന്ന വാക്കിന് ഒരുപാട് അർത്ഥമൂല്യങ്ങൾ ഉണ്ട്. അത് വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് മാറുമ്പോൾ മൂല്യ നിരാസങ്ങൾക്ക് വ്യതിയാനങ്ങൾ വരുന്നതായി കാണാം.ഉദാഹരണത്തിന് സ്നേഹം എന്ന് കേൾക്കുമ്പോൾ ഒരുപക്ഷെ യുവാക്കൾക്ക് അത് തന്റെ കാമുകിയോടുള്ള സ്നേഹമായിരിക്കാം ആദ്യം മനസ്സിൽ വരുന്നത്.ഒരു ചെറുകുട്ടിയാണെങ്കിൽ അത് തന്റെ അമ്മയോടുള്ള സ്നേഹത്തെ കുറിച്ചായിരിക്കും ആദ്യമേ ചിന്തിച്ചു പോകുന്നത്. എന്നാൽ ഒരു പ്രായവും പക്വതയും ഒക്കെ കൈവരുമ്പോൾ സ്നേഹം എന്നത് തന്റെ സഹജീവികളോടുള്ള കരുതലും പരിഗണനയുമാണ് എന്ന വകതിരിവിലേക്കു ചിന്തിച്ചു തുടങ്ങുന്നു എന്നത് സ്വാഭാവികമായ ഒരു പ്രക്രിയ ആണ്. അക്കാരണങ്ങൾ കൊണ്ട് തന്നെ സ്നേഹത്തെ കുറിച്ച് നിർവചിക്കാൻ എളുപ്പമുള്ള സംഗതിയില്ല.ഒട്ടേറെ പേർ സ്നേഹത്തെ നിർവചിക്കാൻ ശ്രമിച്ചിട്ടുണ്ട്.ലോകസാഹിത്യത്തിൽ നമ്മുക്ക് അതിന്റെ നിരവധി പ്രതിഫലനങ്ങൾ കാണാൻ കഴിയും. വർത്തമാനസാഹചര്യത്തിൽ സ്നേഹത്തെ നിർവചിക്കാൻ ആവശ്യപ്പെട്ടാൽ തീർച്ചയായും സഹജീവികളായ തന്റെ സഹോദരീ സഹോദരന്മാരോടുള്ള സ്നേഹത്തെയും അവരോടുള്ള മനോഭാവത്തെയും കുറിച്ച് പറയാനാണ് ഞാൻ താൽപര്യപ്പെടുന്നത്. സോഷ്യൽ മീഡിയ പോലുള്ള മാധ്യമങ്ങളുടെ വരവോടെ സ്നേഹത്തിനു വേറൊരു മാനം കൈവരിക്കുന്നത് കാണാം .സ്നേഹത്തിനു പകരം പരക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ് . എങ്ങനെ മനുഷ്യനെ വെറുക്കാം ഒറ്റപ്പെടുത്താം എന്ന് അത്തരം മാധ്യമങ്ങളിലൂടെ ആളുകൾ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അഭിപ്രായം പറയുന്ന ആളിന്റെ രാഷ്ട്രീയവും നിലപാടുകളുമാണ് അതിന് മുഖ്യപരിഗണന എന്ന് മിക്ക സന്ദർഭങ്ങളിലും നോക്കിയാൽ മനസിലാകും . എതിരഭിപ്രായങ്ങളെ തേജോവധം ചെയുകയും അവരെ ഒറ്റപ്പെടുത്തുകയും ആണ് അക്കൂട്ടർ ചെയുന്നത്.വിമർശനങ്ങളെ ക്രിയാത്മകമായി സമീപിക്കാനുള്ള വിവേചനം നമ്മൾക്ക് കൈമോശം വന്നിരിക്കുന്നു.മുന്നോട്ടു നയിക്കേണ്ട നേതാക്കൾ തന്നെ ഇതിനൊരു അപവാദമായി നിലകൊള്ളുന്ന ഒരു സവിശേഷ സാഹചര്യത്തിലൂടെയാണല്ലോ നമ്മളിപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സാംസ്കാരിക വൈവിധ്യങ്ങളുടെ അടരുകൾ കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ നാട്. അങ്ങനെ വരുമ്പോൾ ഓരോരുത്തരുടെയും അഭിപ്രായങ്ങൾക്ക് പല തലങ്ങൾ ഉണ്ടാവുക സ്വാഭാവികം മാത്രമാണ്. അത്തരം തലങ്ങളെ അംഗീരിക്കാനുള്ള വൈമുഖ്യമാണ് ഈവക പ്രശ്നങ്ങളുടെ മൂലശില പാകുന്നത്. വിശ്വ സ്നേഹത്തിന്റെ നറുമണങ്ങൾ പരക്കേണ്ട ഇടങ്ങളിൽ വെറുപ്പിന്റെയും തിരസ്കാരങ്ങളുടെയും ദുർഗന്ധം കെട്ടിക്കിടക്കുന്നത് അതുകൊണ്ടാണ്.അന്യനെ ഉൾക്കൊള്ളാനുള്ള വിശാലമായ മനസും പരസ്പര സ്നേഹത്തിന്റെ വിശ്വാസക്കുറവും മുന്നോട്ടു പോകുന്തോറും കുറഞ്ഞു വരുന്നതായി കാണാം. ഒരു യുദ്ധവും നമുക്ക് സമാധാനവും സന്തോഷവും കണ്ടുവന്നിട്ടില്ല . സന്തോഷത്തിന്റയും സമാധാനത്തിന്റെയും മാളികകൾ സ്നേഹത്തിന്റെ ആധാരശിലകളാൽ പടുത്തുയർത്തിയെങ്കിൽ മാത്രമേ ഇനിയൊരു നിലനിൽപ്പുള്ളൂ . നമുക്ക് പ്രതീക്ഷിക്കാം അത്തരമോരു കാലത്തിന്റെ മടങ്ങിവരവിലേക്ക് .അവിടെ ഞങ്ങളും നിങ്ങളും ഉണ്ടായിരിക്കില്ല. നമ്മൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു . അവിടെ സ്നേഹമായിരിക്കും പ്രധാന മതം .ബാക്കിയെല്ലാം പടിക്കു പുറത്തും

ചുവപ്പാണെന്റെ പേര്




2006 സാഹിത്യത്തിനുള്ള നോബൽ സമ്മാനം ടർക്കിഷ് എഴുത്തുകാരനായ ഓർഹാൻ പാമുക്കിനാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ നോവലാണ് My name is red (ചുവപ്പാണെന്റെ പേര് ).
പതിനാറാം നൂറ്റാണ്ടിൽ ഇസ്താംബൂളിലാണ് നോവലിന് ആസ്പദമായ സംഭവങ്ങൾ നടക്കുന്നത്. എല്ലാ ആലങ്കാരിക കലകളും ഇസ്ലാമിക മതവിരുദ്ധമെന്ന് കരുതപ്പെട്ടിരുന്ന ഒരു സമയത്ത് യൂറോപ്യൻ ശൈലിയിൽ ഒരു മികച്ച പുസ്തകം രചിക്കുന്നതിന് സുൽത്താൻ ഒരു കൂട്ടം കലാകാരന്മാരെ നിയമിക്കുന്നു . തുടർന്ന് അതിനെ ചുറ്റിപ്പറ്റി സംഭവിക്കുന്ന കാര്യങ്ങളാണ് ഈ നോവലിന്റെ ഇതിവൃത്തം.
കഥ പറയാൻ രചയിതാവ് തിരഞ്ഞെടുക്കുന്ന രീതി അസാധാരണമാണ്. ഒന്നിലധികം ആഖ്യാതാക്കൾ വഴി അതിൽ ജീവനുള്ളവരും മരിച്ചവരും തിര്യക്കുകളും ഉണ്ട്, അവർ ഓരോരുത്തരായി നേരിട്ട് കഥ പറയുന്ന രീതിയിലാണ് ഈ നോവൽ എഴുതപ്പെട്ടിരിക്കുന്നത്.
1591 ൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഇസ്താംബൂളിലാണ് കഥ നടക്കുന്നത്. മതപരമായ അടിച്ചമർത്തലിനെയും സാംസ്കാരിക മാനദണ്ഡങ്ങളെയും കുറിച്ചുള്ള വ്യാഖ്യാനമായതിനാൽ, ഈ ഘടകങ്ങൾ വിവരിക്കുന്ന മാധ്യമമായി കലയെ ഉപയോഗിക്കാൻ നോവലിസ്റ്റ് തിരഞ്ഞെടുത്തതാകാം എന്നു ഞാൻ വിശ്വസിക്കുന്നു. ചൈനീസ് കലയുടെ ഘടകങ്ങൾ, പ്രകാശം, കാലിഗ്രാഫി, വിശദമായ നിറങ്ങളുടെയും രൂപരേഖകളുടെയും ഘടകങ്ങൾ എന്നിവ ഉപയോഗിച്ച് തുർക്കിഷ് പുസ്തക കലകൾ സൃഷ്ടിക്കുന്ന ചിത്രകാരന്മാരായ മിനിയേച്ചറിസ്റ്റുകളെ ചുറ്റിപ്പറ്റിയാണ് നോവൽ.
നോവൽ ആരംഭിക്കുന്നത് തന്നെ മിനിയേച്ചറിസ്റ്റുകളിലൊരാൾ കൊല്ലപ്പെടുന്നതോടുകൂടിയാണ്.ഒന്നാമത്തെ അദ്ധ്യായത്തിന്റെ പേര് തന്നെ ഞാനൊരു മൃതശരീരമാണ് എന്നാണ്.അവർ തന്നെയാണ് ഈ കഥ നമ്മോടു പറയുന്നതും. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ ബ്ലാക്ക് എന്ന മറ്റൊരു മിനിയേച്ചറിസ്റ്റിനെ എൽപ്പിക്കുന്നു . ആ അന്വേഷണങ്ങൾക്കിടയിൽ ഷെകുരെയുടെ സ്നേഹം നേടാനും ബ്ലാക്കിന് കഴിയുന്നു. അയാൾ അവളെ കണ്ടിട്ട് 12 വർഷത്തോളം ആയിരുന്നു. അതിനാൽ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് അയാൾ അവളെ കാണാൻ ശ്രമിക്കുന്നു. ബ്ലാക്ക് അന്വേഷണം ആരംഭിക്കുമ്പോൾ, ബട്ടർഫ്ലൈ, സ്റ്റോർക്ക്, ഒലിവ് എന്നിവരായിരുന്നു കൂടെയുള്ള മറ്റ് മൂന്ന് മിനിയേച്ചറിസ്റ്റുകൾ. ബ്ലാക്കുമായി പ്രണയത്തിൽ ആയതോടെ നാലുവർഷത്തിലേറെയായി കാണാതായ തന്റെ സൈനികൻ ഭർത്താവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നത് നിർത്താൻ അവൾ തീരുമാനിക്കുന്നു. എന്നാൽ അവളുടെ ഭാര്യ സഹോദരൻ ഹസൻ അവരുടെ പ്രണയത്തിനും ഒന്നുച്ചേരലിനും തടസ്സമായി നിലക്കുന്നു. ഹസനെ വിവാഹം കഴിക്കാൻ അവൾ ആഗ്രഹിക്കുന്നില്ല . ഷെകുരയുടെ പിതാവും ആയിടെ കൊല്ലപ്പെടുന്നു. പിതാവിന്റെ മരണത്തിൽ അസ്വസ്ഥയായ ഷെകുരെ, തന്റെ പിതാവിനുവേണ്ടി താൻ വീണ്ടും വിവാഹം കഴിക്കേണ്ടത് പ്രധാനമാണെന്ന് തീരുമാനിക്കുന്നു, അതിനാൽ കാണാതായ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ സഹായിക്കാൻ അവൾ ബ്ലാക്കി നോട് ആവശ്യപ്പെടുന്നു. അതേ ദിവസം, ഷെകുരയും ബ്ലാക്കും വിവാഹം കഴിക്കുന്നു. തന്റെ പിതാവിനെ കൊന്നതാരാണെന്ന് അന്വേഷിച്ചു കണ്ടെത്തുന്നതുവരെ ബ്ലാക്കുമായുള്ള പുതിയ വിവാഹം അതിന്റെ യഥാർഥ ദാമ്പത്യത്തിലേക്ക് എത്താൻ ഷെകുരെ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ രണ്ട് കൊലപാതകികളെ തിരയുന്ന ബ്ലാക്ക്, അവർ ഒരേ വ്യക്തിയായിരിക്കാമെന്ന് കരുതുന്നു.
കൊലപാതകിയെ തിരയുന്നതിനിടയിൽ നിരവധി തിരിച്ചടികൾ അവർ നേരിടേണ്ടി വരുന്നുണ്ട്. ഇതിനിടയിൽ, ഇപ്പോൾ വീട്ടിൽ തനിച്ചായിരിക്കുന്ന ഷെകുരെ കൊല്ലപ്പെടുമെന്ന് അവൾ ഭയപ്പെടുന്നു. അതിനാൽ, സംരക്ഷണത്തിനായി ഹസന്റെ വീട്ടിലേക്ക് പോകാൻ അവൾ മനസ്സില്ലാമനസ്സോടെ തീരുമാനിക്കുന്നു. അപ്പോഴേക്കും ബ്ലാക്ക് തിരിച്ചെത്തി അവളെ രക്ഷപ്പെടാൻ സഹായിക്കുന്നു. മറ്റ് രണ്ട് മിനിയേച്ചറിസ്റ്റുകളുടെ സഹായത്തോടെ ബ്ലാക്ക്, കൊലപാതകി ഒലിവാണെന്ന് കണ്ടെത്തുകയും അവന്റെ അടുത്തേ ക്കെത്തുകയും ചെയ്യുന്നു. പക്ഷേ ഒലിവ് ബ്ലാക്കിനെ ആക്രമിച്ചു മുറിപ്പെടുത്തി അവിടെ നിന്നും രക്ഷപ്പെടുന്നു . പട്ടണത്തിൽ നിന്ന് പോകുമ്പോൾ ഒലിവ് തന്റെ സാധനങ്ങൾ എടുക്കുന്നതിനായി വർക്ക് ഷോപ്പിൽ എത്തുന്നു . പക്ഷേ അവിടെ ഉണ്ടായിരുന്ന ഹസ്സൻ ഒലിവിനെ ആക്രമിക്കുകയും അയാളുടെ തല വെട്ടുകയും ചെയ്യുന്നു. അതിന്റെ പ്രത്യാഘാതങ്ങളെ ഭയന്ന് ഹസൻ നഗരം വിട്ടു പോകുന്നു. ഒളിവിന്റെ ആക്രമണത്തോടെ ബ്ലാക്ക് മുടന്തനായി മാറുന്നു എങ്കിലും ഷെകുരെയുമായി സന്തോഷത്തോടെ ജീവിതം ജീവിച്ചു തീർക്കുന്നു.
പിന്നീട് സുൽത്താൻ തീർക്കാൻ ഏല്പിച്ച ആ പഴയ പുസ്തക പ്രോജക്ടും അടച്ചുപൂട്ടുന്നു . കാലത്തിനനുസരിച്ച്, മതവും പാരമ്പര്യവും കൂടുതൽ പ്രചാരം നേടുന്നു, ഒപ്പം ചിത്രങ്ങളുടെയും പെയിന്റിംഗുകളുടെയും ഉപയോഗം കുറയുന്നു, ഇത് അവരുടെ ചെറിയ ഇരുണ്ട യുഗത്തിന് തുടക്കം കുറിക്കുന്നു.
മരിക്കുന്ന ഒരു കലയുമായി സമാപിച്ചിട്ടും, മൈ നെയിം ഈസ് റെഡ് ഒരു വർണ്ണാഭമായ കഥയാണ്. ഒരു സാഹചര്യത്തിൽ, ചുവപ്പ് നിറം ഒരു അധ്യായത്തിന്റെ ആഖ്യാതാവായി തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഈ പുസ്തകത്തിന് 2006 ൽ ഓർഹൻ പമുക് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി. ഈ പുസ്തകത്തിന്റെ വിവിധ വിവർത്തനങ്ങൾക്ക് എണ്ണമറ്റ അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഈ നോവൽ പ്രണയം, കല, രാഷ്ട്രീയ വ്യവഹാരം എന്നിവയിലേക്ക് ആകർഷകമായ ഒരു കാഴ്ചപ്പാടുകൾ നൽകുന്നു.
ഒരു ഓർഹാൻ പമുക്കിന്റെ നോവൽ വായിക്കുന്നത് ചിലപ്പോൾ ഒരു പെയിന്റിംഗ് പഠിക്കുന്നതിനോ അല്ലെങ്കിൽ വാസ്തുവിദ്യയുടെ ഒരു അനുഭവം അനുഭവിക്കുന്നതിനോ പോലെയാണ് എന്നു എവിടെയോ വായിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ എഴുത്തിൽ നിരീക്ഷിച്ച വിശദാംശങ്ങളും ഇംപ്രഷനുകളും – നിറം, ഘടന, വെളിച്ചം, നിഴൽ, ഇടങ്ങൾ – എന്നിവ മനോഹരമായി നോവലിൽ വിവരിച്ചിരിക്കുന്നു. ഇതിൽ ഒട്ടും അതിശയിക്കേണ്ടതില്ല എന്നു തോന്നുന്നു , കാരണം പമുക്കിന്റെ ബാല്യകാല അഭിനിവേശം ഒരു ചിത്രകാരനാകുക എന്നതായിരുന്നുവെത്രെ . രേഖാമൂലമുള്ള വാക്കുകൾ മാത്രം ഉപയോഗിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചിത്രകലയും വാസ്തുവിദ്യാ സംവേദനക്ഷമതയും വളരെ ശക്തമായി അറിയിക്കുന്ന രീതിയാണ് ശരിക്കും ശ്രദ്ധേയമായത്. മുന്പ് സൂചിപ്പിച്ചതുപോലെ വിഷ്വൽ ഇമേജറിയെക്കുറിച്ചുള്ള ഒരു കഥയാണ് മൈ നെയിം ഈസ് റെഡ് .
റെഡിലെ പ്രധാന കഥാപാത്രങ്ങളിൽ പലതും മിനിയേച്ചറിസ്റ്റുകളായതിനാൽ മിക്ക പ്രഭാഷണങ്ങളും ഈ സംഘട്ടനത്തെ ചുറ്റിപ്പറ്റിയാണ് നിലകൊള്ളുന്നത്.
2006 ൽ തന്റെ നോബൽ സമ്മാന സ്വീകാര്യ പ്രസംഗത്തിൽ പമുക് സദസ്സിനോട് പറഞ്ഞു: “ഞാൻ എന്റെ മേശയിലിരുന്ന്, ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ, ശൂന്യമായ പേജിലേക്ക് പുതിയ വാക്കുകൾ പതുക്കെ ചേർക്കുമ്പോൾ, ഞാൻ ഒരു പുതിയ ലോകം സൃഷ്ടിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. . . .
പമുക്കിന്റെ പുതിയ ലോകം കെട്ടിടങ്ങളോ പെയിന്റിംഗുകളോ അല്ല, മറിച്ച് പുതിയ പദങ്ങൾ ഉൾക്കൊള്ളുന്നു. എല്ലാവർക്കും നന്ദി”
മതപരവും സൗന്ദര്യാത്മകവുമായ തത്ത്വചിന്തയെക്കുറിച്ചുള്ള ഒരു സംവാദം അത്തരമൊരു കൌതുകകരമായ കഥയ്ക്ക് കാരണമാകുമെന്ന് സങ്കൽപ്പിക്കാൻ പ്രയാസമാണ്. എഴുത്തുകാരന്റെ കഴിവ് അവിടെയാണ് ബോദ്ധ്യമാകുന്നത് . മൈ നെയിം ഈസ് റെഡ് എന്നത് ഒരു കൊലപാതക അന്വേഷണത്തിന്റെ കൂടി കഥയാണ്, മിക്ക നല്ല ക്രൈം നോവലുകളെയും പോലെ, ഇത് കൊലപാതകത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ആഴത്തിൽ പരിശോധിക്കുന്നുണ്ട്.
വിശദാംശങ്ങളോടുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ മിനിയേച്ചറിസ്റ്റിന്റെ, ശ്രദ്ധയുടെ സമഗ്രമായ പ്രതിഫലനമാണ്. . മൈ നെയിം ഈസ് റെഡ് എന്ന പുസ്തകത്തിൽ ഒർഹാൻ പമുക് പതിനാറാം നൂറ്റാണ്ടിലെ ഇസ്താംബൂളിനെക്കുറിച്ചും ഈ കലാപരമായ വിപ്ലവത്തെ ഏറ്റവും ആഴത്തിൽ ബാധിച്ചവരുടെ ജീവിതത്തെക്കുറിച്ചും വിശദവും ആകർഷകവുമായ ഒരു ചിത്രം വരച്ചു കാണിക്കുന്നുണ്ട്. ഡി സി ബുക്സ് ആണ് മലയാള പ്രസാധകർ. വിവർത്തനം ചെയ്തിരിക്കുന്നത് ഡെന്നിസ് ജോസെഫും.


സാംസ്‌കാരിക നായകൻ

ഉണരുവാൻ വയ്യെനിക്കിനിയുമുറങ്ങണ-

മൊത്തിരിനേരം കിടന്നിങ്ങനെ.

തട്ടിവിളിച്ചമ്മയോടുള്ളമർഷമത്രയും

പുതപ്പിനുള്ളിൽ നട്ടുച്ചവരെ മയക്കികിടത്തി ഞാൻ.

പിന്നെ തിരക്കൊട്ടുമേയില്ലായെന്നറിഞ്ഞിട്ടും

തിരക്കു കാട്ടി  പത്രപാരായണം തുടങ്ങി.

പത്തു കവിതക്കുള്ള വകയുണ്ടതില്ലെന്ന്കണ്ട്‌

പുസ്തകമെടുത്ത്‌ കുനുകുനെയെഴുത്തും  തുടങ്ങി .

പിന്നെ പ്രസംഗത്തിനുള്ള കഥാകാവ്യങ്ങളു –

മുദ്ധരണികളും മറ്റും ഫേസ്ബുക്കീന്നും

ബാക്കി വാട്സാപ്പ് ഗ്രൂപ്പുകളീന്നുമെടുത്തു .

അപ്പോഴും മുറിയിലെ ചില്ലലമാരയിൽ

ഭാരത രാമായണവും ബൈബിളും പിന്നെ ഖുറാനുമൊക്കെ

പൊടി നിറച്ചു മാറാല പുതച്ചു കിടന്നു .

സന്ധ്യ കഴിഞ്ഞാലന്തി ചർച്ചക്കു പോകണം.

അതിനായി ചാനൽവണ്ടികളത്രയും പുറത്തുകിടക്കും.

ഇവിടെ കൊല്ലിച്ച കണക്കു ചോദിക്കുമ്പം

അവിടെ കൊന്നകണക്കു പറയണം .

പിന്നെ ഉത്തരം മുട്ടുമ്പോൾ  ന്യായീകരണ പട്ടം മേടിച്ചു

വീട്ടിൽ കൊണ്ട് വയ്ക്കണം .

ബുദ്ധിജീവിയെന്ന പേരുണ്ടിപ്പോളതു മാറ്റി

സാംസ്‌കാരിക നായകനെന്നാക്കണം .

അങ്ങനെ ചുളുവിലീകൊല്ലമെണ്ണം പറഞ്ഞവ്വാർഡുകളി-

ലേതെങ്കിലുമൊന്നു തരാക്കണം.

പിന്നെയെന്തെന്നുമേതെന്നുമെപ്പൊഴും  പറയേണ്ട

പറയേണ്ട സമയത്തവർ പറയുമെന്നേരം

കാൽ കീഴിൽ കിടന്നു  വെറുതെ

കുരച്ചുകൊണ്ടിരുന്നാൽ മതി.