പാറ്റേൺ ലോക്ക് – നമുക്ക് ചുറ്റുമുള്ളവരുടെ ചില കഥകൾ

 
മലയാളത്തിലെ ഏറ്റവും സമ്പന്നമായ സാഹിത്യശാഖയാണ് ചെറുകഥാ മേഖല.പുതു തലമുറയിലെ എഴുത്തുകാർ നിരവധി പരീക്ഷണ നിരീക്ഷണങ്ങളുടെ മൂശയിൽ വിളക്കിയെടുത്താണ് ഓരോ കഥകളും പുറത്തിറക്കുന്നത്. അനുഭവങ്ങളിൽ സമ്പന്നനായ ഒരാൾക്കേ വ്യത്യസ്ത അടരുകളിൽ നിന്നുള്ള കഥകളെ വേണ്ടവിധം അടയാളപ്പെടുത്താനാകൂ. തീർച്ചയായും പ്രതിഭ ഒരു ഘടകം ആണെകിൽ തന്നെയും, അനുഭവങ്ങൾകൂടി ചേരുമ്പോഴേ ജീവനുള്ള അന്തസുറ്റ കഥകൾ പിറക്കുകയുള്ളൂ. 
 
പുതുതലമുറ എഴുത്തുകാരിൽ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരെഴുത്തുകാരനാണ് കെ എസ് രതീഷ്. 
ജീവിതം മണക്കുന്ന ഒരുപിടി കഥകളാണ് പാറ്റേൺ ലോക്ക് എന്ന ഈ കഥാസമാഹാരത്തിലുള്ളത് . ഒരു തരത്തിൽ പറഞ്ഞാൽ ജീവിതത്തിന്റെ തനിപ്പകർപ്പു തന്നെയാണല്ലോ സാഹിത്യം.
പല കഥകളിലും കാണാൻ കഴിഞ്ഞ ഒരു കാര്യം ജീവിതത്തിന്റെ അർത്ഥശൂന്യതയെ തുറന്നുകാട്ടുന്ന സുഖകരമല്ലാത്ത അനുഭവങ്ങളെ അവതരിപ്പിച്ചിരിക്കുന്നു എന്നുള്ളതാണ്. സാധാരണമായ അനുഭവങ്ങളിൽ നിന്നും കഥകൾ കണ്ടെത്താനുള്ള അപാരമായ ഒരു കഴിവ് ഈ എഴുത്തുകാരനുണ്ട്. കഥകളുടെ വലിപ്പം മൂന്നോ നാലോ പേജുകളിൽ ഒതുങ്ങുന്നുവെങ്കിലും അതിനുള്ള് ഒതുക്കി വച്ചിരിക്കുന്ന ആശയപ്രപഞ്ചം വളരെ വലുതാണ്. കഥപറയുന്ന ശൈലി ,സംഘർഷഭരിതമായ അത്യന്തം അനുഭവങ്ങളെപോലും സൗമ്യമായി അവതരിപ്പിക്കാറുള്ള പാറപുറത്തിന്റെ കഥകളെ ഓർമിപ്പിച്ചുവെന്നു പറഞ്ഞാൽ മതിയല്ലോ.  
 
കഥാ സമാഹാരത്തിലെ ആദ്യ കഥയായ മുള്ളലിന്റെ മണം തന്നെ നോക്കുക. അമ്മയുടെ മണവും ഓർമകളുമായി  കണ്ണി  ചേർന്നു കിടക്കുന്ന ഒരു കഥ പരിസരമാണ് നമുക്ക് കാണാനാകുക. അരുവാക്കോട്ടെ കുംഭങ്ങൾ എന്ന കഥ  വായിച്ചു തീരുമ്പോൾ പരിചിതമല്ലാത്ത ദേശങ്ങളെ,ഇടങ്ങളെ കുറിച്ച് ഗൂഗിളിൽ പരതിനോക്കാൻ വായനക്കാർക്ക് തോന്നിയാൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. പ്രേമബന്ധത്തിലെ ആത്മാർത്ഥതാ ശൂന്യതയെ വേറൊരു തലത്തിൽ നിന്ന് കൊണ്ട് അവതരിപ്പിച്ചിരിക്കുകയാണ് ഒരു ആംഗ്ലിക്കൻ ക്രിസ്തു എന്ന കഥയിൽ. 
 
ബംഗാളിത്തീവണ്ടി എന്ന കഥ കൈകാര്യം ചെയ്യുന്ന ആശയങ്ങൾ പലവുരു ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണെങ്കിലും പുരോഗമനവാദികളെന്നും,പരിഷ്ക്കാരികളെന്നും സ്വയം  വിശേഷിപ്പിക്കുന്ന മലയാളികളുടെ, അന്യ സംസ്ഥാന തൊഴിലാളികളോട് പ്രത്യേകിച്ച് ബംഗാളികളോടും  അവിടുത്തെ ആളുകളോടും വച്ച് പുലർത്തുന്ന മനോഭാവത്തിന്റെ ഒരു ആവിഷ്കാരമാണ്. ദിപാലി എന്ന മറ്റൊരു കഥയിലും  ബംഗാളിസ്വത്വം കടന്നു വരുന്നുണ്ട്. ആശുപത്രിയും,പരിസരവുമായി ബന്ധപ്പെട്ട പല സംഭവങ്ങളും കഥകളിൽ വരുന്നുണ്ട്. ആശുപത്രി വളപ്പിനകത്തും,പുറത്തുമായി നിറയെ കഥകളാണ് എന്ന് ഒരു ആഖ്യാതാവിന്റെ കുപ്പായം എടുത്തണിഞ്ഞ ഒരു കഥാപാത്രം വെളിപ്പെടുത്തുന്നുമുണ്ട്.ബയോടോയ്ലറ്റ് എന്ന കഥയിലും ആശുപത്രി നിറയെ കഥകളാണെന്നു ഒരുകഥാപാത്രം  ആവർത്തിക്കുന്നുണ്ട്. 
അവിടെ നിന്നും അനുഭവങ്ങൾ പെറുക്കിയെടുത്താൽ വിലാസിനിയെ തോൽപ്പിക്കുന്ന വിധത്തിൽ ഒരു നോവൽ തന്നെ എഴുതാം എന്ന് തമാശയായിട്ടാണെങ്കിലും അയാൾ പറയുന്നുണ്ട്. റിലാക്സ് എന്ന് പേരുള്ള ടോയ്‌ലറ് സമുച്ചയത്തെ ചുറ്റിപറ്റി നീങ്ങുന്ന കഥയ്ക്ക്  ചുറ്റും വൈവിധ്യമാർന്ന ആളുകളെ കാണാം.അവരെല്ലാം ഓരോരോ കഥകൾ പേറുന്നവരാണ്. 
 
പശുസ്ഥാൻ എന്ന കഥയുടെ ആശയം മുമ്പ് പലതവണ പലരും ഉപയോഗിച്ചിട്ടുള്ളതാണെങ്കിലും അതിൽ ഒളിഞ്ഞു കിടക്കുന്ന രാഷ്ട്രീയത്തിന് ഇപ്പോഴും പ്രാധാന്യമുണ്ട്. തങ്ങളെ വരുതിയിലാക്കാൻ എങ്ങനെയൊക്കെ  നീങ്ങണമെന്നു ചിന്തിക്കുന്ന കൂട്ടരുടെ പ്രതിനിധികളാണ് കഥപറച്ചിലുകാരന്റെ എതിർവശത്തു നിൽക്കുന്നത്. 
 
ജീവിതാനുഭവങ്ങളെ ബിംബങ്ങളിലൂടെയോ,പ്രതീകങ്ങളിലൂടെയോ കഥാനുഭവമാക്കി സങ്കീർണ്ണമാക്കി അവതരിപ്പിക്കാനുള്ള  ഒരു ശ്രമവും രതീഷ് ഇവിടെ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വ്യത്യസ്ത രചനാ സമ്പ്രദായങ്ങളുടെ  പരീക്ഷണങ്ങളിലൂടെ മാറിക്കൊണ്ടിരിക്കുന്ന ചെറുകഥ വിഭാഗത്തിന് ഒരു പുത്തൻ പ്രതീക്ഷ തന്നെയാണ് കെ എസ്  രതീഷ് എന്ന എഴുത്തുകാരൻ. ഒരു സംശയവുമില്ല.
 
ഇരുപത്തിനാലു ചെറുകഥാ സമാഹാരങ്ങളടങ്ങിയ ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് യെസ് പ്രസ് ബുക്ക്സ് ആണ്. വില 170 രൂപ.

അടുത്തതെന്ത്? ആകാംക്ഷയും പിരിമുറുക്കവും ഉദ്വേഗവും സൃഷ്ടിക്കാന്‍ പിറന്ന സാഹിത്യങ്ങള്‍

 

വായിച്ചുവളരുക,ചിന്തിച്ചു വിവേകം നേടുക’ എന്ന മുദ്രാവാക്യം കേട്ടുപരിചയമുള്ളവർ കുറവായിരിക്കും.മുദ്രാവാക്യങ്ങൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത നാടാണല്ലോ നമ്മുടേത്.എന്നാൽ അത്തരമൊരു മുദ്രാവാക്യം ഉയർത്തുകയും അതിന്റെ അലയൊലികൾ ഒരുപാട് ഗ്രാമങ്ങളിലേക്കെത്തിക്കുകയും ചെയ്ത ഒരു മനുഷ്യന് ഇവിടെ ജീവിച്ചിരുന്നു.കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി. എൻ പണിക്കർ ആയിരുന്നു ആ മഹദ് വ്യക്തി. ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരില്‍ ആണ് അദ്ദേഹത്തിന്റെ ജനനം.വിദ്യാഭ്യാസത്തിന് ശേഷം നീലംപേരൂര്‍ മിഡില്‍ സ്കൂളിൽ തന്നെ അധ്യാപകനായി ജോലി നോക്കുകയുണ്ടായി അദ്ദേഹം . സ്കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍തന്നെ അന്നത്തെ ഗവണ്‍മെന്‍റില്‍ നിന്നും അനുവാദം നേടി പണിക്കര്‍ മുഴുവന്‍ സമയഗ്രന്ഥശാലാ പ്രവര്‍ത്തകനായി. പണിക്കരുടെ ശ്രമഫലമായി ജന്മദേശത്തു സ്ഥാപിതമായ വായനശാലയാണ് പില്‍ക്കാലത്ത് പ്രസിദ്ധമായ സനാതന ധര്‍മവായനശാല. സാമാന ചിന്താഗതിയുള്ള സുഹൃത്തുക്കൾക്കൊപ്പം വീടുകളായ വീടുകള്‍തോറും കയറിയിറങ്ങി പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാട്ടില്‍ പടുത്തുയർത്തിയതാണ് ആ വായനശാല. ഗ്രന്ഥശാലാ സംഘത്തിനു സ്വന്തമായി പത്രമൊക്കെ ഉണ്ടായിരുന്നു. ഗ്രന്ഥലോകം എന്നായിരുന്നു അതിന്റെ പേര്.പത്രാധിപർ ആയി സ്വന്തം പത്രത്തിന്റെ മാത്രമല്ല അക്കാലത്തുണ്ടായിരുന്ന ‘കാന്‍ഫെഡ് ന്യൂസ്’, നാട്ടുവെളിച്ചം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം പത്രാധിപരായി തന്നെ സേവനം അനുഷ്ഠിച്ചു. 1977-ല്‍ ആണ് അദ്ദേഹം ആസ്ഥാനത്തുനിന്ന് വിരമിക്കുന്നത്.

 പി.കെ. മെമ്മോറിയന്‍ ഗ്രന്ഥശാലയുടെ സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു അദ്ദേഹം . 1945-ല്‍ അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളുടെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്‍റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്.

 ”വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക” എന്നീ മുദ്രാവാക്യങ്ങളുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയ്ക്കും അദ്ദേഹം നേതൃത്വം നല്കുകയുണ്ടായി. 1995 ജൂണ്‍ 19ന് പി.എന്‍.പണിക്കര്‍ അന്തരിച്ചു.

1996 മുതൽ നമ്മുടെ സർക്കാർ അദ്ദേഹത്തിന്റെ ചരമദിനം ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നുണ്ട്. 2004 ജൂൺ 19 നു അദ്ദേഹത്തിന്‍റെ ഓർമക്കായി അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പും പുറത്തിറക്കി.

 ഒരു വായനദിനം കൂടി അങ്ങനെ കടന്നുവരികയാണ്. മലയാളികളെ പുസ്തകങ്ങൾ വായിക്കാൻ പ്രത്യേകിച്ച് പഠിപ്പിക്കേണ്ട അവശ്യമൊന്നുമില്ല. അതിബൃഹത്തായ ഒരു വായനാക്കൂട്ടം ഇന്നിവിടെയുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ അത്തരം പുസ്തകകൂട്ടായമകളുടെ വർദ്ധിച്ച പങ്കാളിത്തം തന്നെ അതിനുദാഹരണം. ഫേസ്ബുക്കിലെ അത്തരം വായനാകൂട്ടങ്ങളിൽ എഴുത്തുകാരും പങ്കുചേരുന്നുണ്ട് എന്നുള്ളതും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ മുൻകാലങ്ങളെ അപേക്ഷിച്ച്  എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ദൂരം ഇപ്പോൾ വളരെ കുറവാണ്താനും. കാലത്തിന്റെ മാറ്റങ്ങളിൽ മലയാളിയുടെ വായനരീതിയ്ക്കും ,വായനാ അഭിരുചികൾക്കും മാറ്റങ്ങൾ വന്നു ചേർന്നിട്ടുണ്ട്.ഒട്ടുമിക്ക പുസ്തകങ്ങളും ഇപ്പോൾ ഇ-ബുക്കായി വായിക്കാനുള്ള ആപ്പുകളും  ശബ്ദരൂപത്തിൽ കേൾക്കാനുള്ള ഓഡിയോ ആപ്പുകളും വിപണിയിൽ സുലഭമാണ്.

 കുറച്ചു വർഷങ്ങൾക്ക് മുന്പ് വരെ മലയാള സാഹിത്യത്തിൽ ക്രൈം ഫിക്ഷൻ വിഭാഗത്തിൽപ്പെട്ട  പുസ്തകങ്ങൾക്ക്  പൊതുവെ ഒരു തരം  പഞ്ഞം പിടിച്ച അവസ്ഥയാണുണ്ടായിരുന്നത് .മലയാളത്തിലെ പ്രമുഖ  പ്രസിദ്ധീകരണങ്ങളിൽ ജനപ്രിയ നോവലുകളുടെ ഇടയിൽ ബാറ്റൺ ബോസിനെ പോലുള്ള എഴുത്തുകാർ  ആ മേഖലകളിൽ തിളങ്ങി നിന്ന ഒരു കാലഘട്ടമുണ്ടായിന്നു.  എന്നാൽ ഇടക്കെവിടെയോ ആ പ്രസ്ഥാനം കിതപ്പിൽ വീഴുകയാണുണ്ടായത്.പിന്നീട്  വന്നവയാകട്ടെ പാശ്ചാത്യ കഥാസന്ദർഭങ്ങളെയും ,പശ്ചാത്തലവും അപ്പടി അനുകരിക്കുകയാണുണ്ടായത് . അത്തരം കുറ്റാന്വേഷണവും ,രീതികളും തനത് പ്രാദേശിക ചിട്ട വട്ടങ്ങളിലെക്കു പറിച്ചു നട്ടപ്പോളുണ്ടായ മുഴച്ചു കെട്ടലുകളിൽ അഭിരമിച്ചു നില്കുകയല്ലാതെ പുതിയ പന്ഥാവ് വെട്ടി തെളിയിക്കുന്നതിൽ പലപ്പോഴും പരാജയപ്പെട്ടു. എന്നാൽ അത്തരം അവസ്ഥകളെ കാറ്റിൽ പറത്തിക്കൊണ്ട് ആ  വിഭാഗത്തിന് ഒരു പുത്തനുണർവ്വ് നൽകികൊണ്ടായിരുന്നു   ലാജോ ജോസ് എന്ന എഴുത്തുകാരൻ കടന്നു വന്നത്. അതിനുശേഷം കുറ്റാന്വേഷണങ്ങളും,ഉദ്വേഗവുമൊക്കെ  നിറച്ചുകൊണ്ട്   നിരവധി പുതിയ എഴുത്തുകാരും പുസ്തകങ്ങളും കടന്നുവന്നു. മലയാളികൾ ഒരു കാലത്ത് ആഘോഷിച്ചു നടന്നിരുന്ന  കോട്ടയം പുഷ്പനാഥിന്റെയും ,തോമസ് അമ്പാട്ടിനെയും  പോലുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ വീണ്ടും വിപണിയിൽ പ്രത്യക്ഷപ്പെട്ടു,പുതിയ തലമുറയിലെ വായനക്കാർ അവരെ തിരഞ്ഞുപിടിച്ച് വായിക്കാൻ  തയ്യാറായി.




 എഴുത്തുകാർ, നൂതന ആശയങ്ങളുമായി ഈ മേഖലയിലെ സാമ്പ്രദായിക വഴികളിൽ നിന്നും മാറി സഞ്ചരിക്കുവാൻ തുടങ്ങിയിട്ടുണ്ട് എന്നുള്ളത് പ്രതീക്ഷയ്ക്ക് വക നല്കുന്നതാണ്. അത്തരം പുസ്തകങ്ങളുടെ ബാഹുല്യം ഒരു പക്ഷേ ക്രൈം ത്രില്ലറുകളെ ഇഷ്ടപ്പെടുന്നവരെ സന്തോഷിപ്പിക്കുന്നുണ്ട് . അങ്ങനെ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതിസന്ധിയും ഇത്തരം പുസ്തകങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു പറയാതെ വയ്യ.നിലവാരമുള്ള പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പ് തന്നെയാണ് മേൽസൂചിപ്പിച്ച ആ പ്രതിസന്ധി. ഏതെടുക്കണം എന്ന ഒരു ആശയക്കുഴപ്പം വായനക്കാരനുണ്ടാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

 പ്രമുഖ  ആഴ്ചപ്പതിപ്പിൽ  കഴിഞ്ഞ വർഷം   പ്രസിദ്ധീകരിച്ച മിനി പി സിയുടെ ബ്ളാക്ക് ഫ്രൈഡേ പോലുള്ള ചെറു കഥകൾ മുൻരീതികളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നതും കുറ്റാന്വേഷണ / ത്രില്ലർ വിഭാഗത്തിൽ മലയാളത്തിൽ നിരവധി പ്രതീക്ഷയും നൽകുന്നുണ്ടെന്ന് പറയാതെ വയ്യ.

   എം ചെറിയാൻ രചിച്ച മിസ്റ്റർ കെയ്ലിയാണ് മലയാളത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കുറ്റാന്വേഷണ നോവൽ. ഭാഷാപോഷിണിയിൽ ആറു ലക്കങ്ങളിലായി അത് വെളിച്ചം കണ്ടു. സ്വാഭാവികമായും ആർതർ കോനൻ ഡോയലിന്റെ ഷെർലോക്ക് ഹോംസ് കഥകളുടെ  സ്വാധീനം ആ ചെറു നോവലിൽ കാണാം. 1841 ൽ ഗ്രഹാംസ്  മാസികയിൽ പ്രസിദ്ധീകരിച്ച എഡ്ഗർ അലൻ പോയുടെ   ചെറുകഥയായ  ” ദി മർഡേഴ്സ് ഇൻ ദി റൂ മോർഗ്ആണ് ഇംഗ്ലീഷ് ഭാഷയിലെ  ആദ്യത്തെ ആധുനിക ഡിറ്റക്ടീവ് കഥയായി വിശേഷിപ്പിക്കപ്പെടുന്നത്. ഒ  എം ചെറിയാന്റെ മിസ്റ്റർ കെയ്ലി വന്നതകട്ടെ അലൻ പോയുടെ കഥ വന്ന് ഏതാണ്ട് അമ്പതു വർഷങ്ങൾക്ക് ശേഷം 1900 ലും. അതിനും നാലു വർഷങ്ങൾ കഴിഞ്ഞാണ് അപ്പൻ തമ്പുരാനെഴുതിയ ഭാസ്കരമേനോൻ പുറത്തു വരുന്നത്. രസികരഞ്ജിനി  മാസികയിൽ ഒരു ദുർമ്മരണം എന്ന പേരിലായിരുന്നു  ആ നോവൽ പ്രത്യക്ഷപ്പെട്ടത്. കാലന്റെ കൊലയറ എന്ന മറ്റൊരു ഡിറ്റെക്ടിവ് നോവൽ കൂടി ചെറിയാന്റെതായിട്ടുണ്ട്.1928 ലാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്.

 അപസർപ്പകനോവലുകൾ എന്ന വിഭാഗത്തെ കുറിച്ചോർക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്ന രണ്ടുപേരാണ് ആർതർ കോനൻ ഡോയലിന്റെ ഷെർലോക്ക് ഹോംസും ,അഗത ക്രിസ്റ്റിയുടെ ഹെർക്യുൾ പൊയ്റോട്ടും. ജെയിംസ് ഹാഡ്ലി ചെയ്സും, ചെസ്റ്റർട്ടനും, എഡ്ഗാർ വാലസും,ഏൾ സ്റ്റാന്ലി ഗാർഡ്നറും, വിൽക്കി കോളിനസുമൊക്കെ കൊടികുത്തിവാണിരുന്ന ആ മേഖലയിലെ പുതുകാലത്തിലെ ചില പ്രമുഖർ സാറാ ഗ്രാൻ,മെഗാൻ അബോട്ട്,ജോൺ ഗ്രിഷാം,ഇയാൻ റാങ്കിൻ,സ്റ്റീഫൻ കിങ് ,ജോ നെസ്ബോ തുടങ്ങിയവരാണ്.



 അപസർപ്പകവിഭാഗം ക്രൈം,മിസ്റ്ററി,ഡിറ്റെക്ടിവ് തുടങ്ങിയ ചെറുവിഭാഗങ്ങളിലായി മലയാളത്തിൽ  ചുറ്റിപ്പറ്റി നിന്നു വളർച്ച പ്രാപിക്കുന്നതായി കാണാം. എഴുത്തുകാർ അധികമാരും കൈവെക്കാത്ത വിഷയങ്ങളെ കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങൾ മലയാളത്തിൽ സംഭവിക്കുന്നുണ്ട് . ലാജോ ജോസിന്റെ റെസ്റ്റ് ഇൻ പീസ്  മലയാളത്തിൽ അധികമാരും പരീക്ഷിച്ചു കാണാത്ത cozy murder mystery വിഭാഗത്തിലുള്ളതാണ്. മാതൃഭൂമിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലൈംഗികത, അക്രമങ്ങൾ തുടങ്ങിയവയുടെ അതിപ്രസരമില്ലാതെ  ചെറിയ ഇടങ്ങളിൽ ഒതുങ്ങി നിൽക്കുന്നവയായിരിക്കും ഇത്തരം നോവലുകളുടെ പ്രമേയം. ലാജോ ജോസിന്റെ തന്നെ തൊട്ട് മുൻപിറങ്ങിയ നോവലായ ഹൈഡ്രേഞ്ചിയ യിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമായിരുന്നു  നോവൽ പറഞ്ഞു വച്ചത്.



 മലയാളത്തിലെ  പുരുഷകേന്ദ്രീകൃതമായ അപസർപ്പക നോവൽ വിഭാഗത്തിലേക്ക് തന്റെ ആദ്യക്രൈം നോവലുമായി കയറിവന്നു ഇരുപ്പുറപ്പിച്ച എഴുത്തുകാരിയാണ് ജിസാ ജോസ്. അത്യന്തം ദുരൂഹമായ കൊലപാതകങ്ങൾ, അതും വളരെ പഴക്കം ചെന്ന ഒരു കൃത്യമാണെങ്കിൽ തെളിയിച്ചെടുക്കുക ശ്രമകരമാണ്. തെളിവുകളിൽ പലതും നഷ്ടപ്പെട്ടിട്ടുണ്ടാകാം,കൊലയുമായി ബന്ധപ്പെട്ടവർ ചിലപ്പോൾ മരണപ്പെട്ടിട്ടുണ്ടാകാം.  ടി പി രാജീവന്റെ പാലേരിമാണിക്യം:ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന അതേപേരിൽ സിനിമയാക്കിയ ആ നോവലിലെ പോലെ അനേകം വർഷങ്ങൾക്കു മുൻപ് നടന്ന കൊലപാതകമാണ് ഈ നോവലിലെയും പ്രധാന സംഭവം. വർഷങ്ങൾക്കു മുൻപ് നടന്ന കൊലപാതകങ്ങൾ,മറഞ്ഞു കിടക്കുന്ന തെളിവുകൾ,അതുമായി ബന്ധപ്പെട്ട മിക്കവരുടെയും മരണം ഈ കാര്യങ്ങൾ ഒഴിച്ചു നിർത്തിയാൽ പാലേരിമാണിക്യവുമായി ഈ നോവലിന് മറ്റു സാദൃശതകളൊന്നും തന്നെയില്ല.


അമ്പതു വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കൂട്ടകൊലപാതകമാണ് യാദൃച്ഛികമായി ഇവിടെ വീണ്ടും അന്വേഷിക്കാനിടയാകുന്നത്. മണിച്ചിത്രത്താഴ് സിനിമയിലെ ആദ്യ രംഗങ്ങൾ പ്രേക്ഷകന് പ്രേതവും യക്ഷിയുമൊക്കെ ഉണ്ടെന്നുള്ള ഒരു ബോധമണല്ലോ സൃഷ്ടിക്കുക. പിന്നീട് യുക്തികൊണ്ടു അത്തരം വിശ്വാസങ്ങളെ തെറ്റാണെന്നു സമർത്ഥിക്കുന്ന ആ ഒരു ബ്രില്യൻസ് ഈ നോവലിലും നമുക്ക് കാണാൻ സാധിക്കും. മറ്റൊരു പ്രധാന കാര്യം ശ്രദ്ധിച്ചത് ,നോവലിന്റെ കേന്ദ്രസ്ഥാനത്തുൾപ്പെടെ ഒട്ടുമിക്കയിടങ്ങളിലുമുള്ള കഥാപാത്രങ്ങൾ സ്ത്രീകൾ തന്നെയാണെനുള്ളതാണ്.

കേസന്വേഷണം വഴിമുട്ടനിൽക്കുന്ന നേരത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് അന്വേഷണത്തിൽ തന്റെ അതിബുദ്ധികൊണ്ടും, നിരീക്ഷണപാടവും കൊണ്ടും നിമിഷ നേരം കൊണ്ട് കേസിനു തുമ്പുണ്ടാകുകയും , തെളിയിക്കുകയും ചെയ്യുന്ന ഒരു സൂപ്പർനായക കഥാപത്രത്തിന്റെ കൈയ്യിൽ കൊണ്ടുപോയി കെട്ടിയിടുന്ന പതിവ് രീതി ഇവിടെ ഉപയോഗിച്ചിട്ടില്ല എന്നുള്ളതും എടുത്തുപറയേണ്ടതാണ്.

 

ഈ വിഭാഗത്തിൽ ജിസ ജോസിനെ പോലെതന്നെ എടുത്തു പറയേണ്ട മറ്റൊരു എഴുത്തുകാരിയാണ് ശ്രീപാർവതി. അവരുടെ മിസ്റ്റിക് മൗണ്ടന്‍ എന്ന നോവലിലെ ആഗ്നസ് എന്ന സ്ത്രീയിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്. മാതൃഭൂമി തന്നെ പുറത്തിറക്കിയ അവരുടെ നായിക അഗതക്രിസ്റ്റി എന്ന നോവലും ഒരു സ്ത്രീപക്ഷ നോവലാണ്. അഗത ക്രിസ്റ്റിയുടെ വ്യക്തിജീവിതത്തിലെ ഏറ്റവും ദുരൂഹമായ ഒരു സംഭവമാണ് എഴുത്തുകാരി കഥ പറയാൻ തിരഞ്ഞെടുത്തിരിക്കുന്നത് . 1926 ഡിസംബർ നാലിലെ രാത്രിയിൽ   സ്വന്തം വീട്ടിൽനിന്നും അപ്രത്യക്ഷയായ അഗതാ ക്രിസ്റ്റിയുടെ അടുത്ത പതിനൊന്നു ദിവസങ്ങളിൽ അവർക്കെന്തായിരിക്കാം സംഭവിച്ചത്  എന്നാണ് നോവൽ പറഞ്ഞുവെയ്ക്കുന്നത്. അഗതയുടെ  വ്യക്തി  ജീവിതത്തിൽ ഒരിക്കൽ പോലും അവരിതിനെകുറിച്ച്  മിണ്ടിയിട്ടില്ല എന്നുള്ളതും ,അതിനു പിന്നിലുള്ള ദുരൂഹത എന്തെന്നാറിയാനുള്ള ആകാംക്ഷയും  ഈ നോവൽ വാങ്ങി വായിക്കാൻ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ടാകണം.

2008 ലാണ് മലയാളത്തിലെ ആദ്യത്തെ triology എന്നു ശ്രദ്ധനേടിയ കുറ്റാന്വേഷണ സീരീസിലെ ആദ്യ നോവലായ മരണദൂതൻ പ്രസിദ്ധീകരിക്കുന്നത് അത് എഴുതിയതാകട്ടെ കേരളത്തിലെ ആദ്യത്തെ ഐ പി എസ് ഉദ്യോഗസ്ഥയായ ആർ  ശ്രീലേഖയും. വിനോദ് നാരായണന്റെ നിരവധി പുസ്തകങ്ങളിൽ മിക്കതും ഇബുക്കുകളായാണ് കൂടുതലും ലഭ്യമാകുന്നത്. മന്ദാരയക്ഷി,ഡബിൾ മർഡർ ,മുംബൈ റെസ്റ്റോറന്റ് ,സ്രീക്കറ്റ് ഏജെൻറ് ജാനകി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രമുഖ ക്രൈം ത്രില്ലർ വിഭാഗത്തിൽ പ്പെടുന്നവയാണ്.



നൂറോളം  വർഷങ്ങൾക്ക് മുൻപ് കുംഭകോണം ടി ഡി എസ്  സ്വാമികൾ ഒരു ഇംഗ്ലീഷ് നോവലിനെ ആസ്പദമാക്കി തമിഴിൽ എഴുതിയ നോവലാണ് കോമളവല്ലി. തമിഴിൽ നിന്ന്  1919 ലാണ് തരവത്തു അമ്മാളു അമ്മ  ആ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നത്. പതിനഞ്ചു വയസ്സുള്ള കോമളവല്ലി എന്ന ബാലികയാണ് കുറ്റാന്വേഷണദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നത്.കോളിളക്കം സൃഷ്‌ടിച്ച രത്നഗിരി കൊലപാതകത്തിന്റെ കഥയാണ് നോവൽ പറയുന്നത്. കോമളവല്ലിയുടെ പുതിയ പതിപ്പുകൾ ഇപ്പോൾ ലഭ്യമാണ്. 



 കുറ്റാന്വേഷണത്തോടും,കുറ്റകൃത്യങ്ങളോടും ഒരു വല്ലാത്ത ആകർഷണം മിക്കവർക്കുമുണ്ട്. അതുകൊണ്ടായിരിക്കാം അത്തരം കഥകളുടെയും ,നോവലുകളുടെയും പിന്നാലെ ആളുകൾ പായുന്നത്. അത്തരം സിനിമകളോടും ആളുകൾക്ക് ഒരു പ്രത്യേക പ്രതിപത്തിയുണ്ടല്ലോ. മമ്മൂട്ടി അഭിനയിച്ച സേതുരമായ്യരുടെ സിനിമകൾ തന്നെ ഒരു  ഉദാഹരണം. വർഷങ്ങൾക്ക് മുൻപെഴുതിയ ഒന്നാം സാക്ഷി സേതുരാമയ്യർ എന്ന നോവലിന്റെ മാറ്റിയെഴുതി വീണ്ടും പ്രസിദ്ധീകരിച്ച നോവലാണ് അൻവർ അബ്ദുള്ളയുടെ പ്രൈം വിറ്റ്നസ്സ് എന്ന നോവൽ . ഒരു സി ബി ഐ ഡയറികുറിപ്പു തൊട്ട് ഒടുവിലിറങ്ങിയ നേരറിയാൻ സി ബി ഐ സിനിമാ പരമ്പരയിലെ സേതുരാമയ്യരെ കേന്ദ്രകഥാപാത്രമാക്കിയ നോവലായിരുന്നു അത്. ആ സീരീസിലെ ആദ്യ  നോവലാണ് ദി സിറ്റി ഓഫ് എം. ഡിറ്റെക്ടിവ് ശിവശങ്കർ പെരുമാളിലൂടെ സഹോദരങ്ങളുടെ  തിരോധനത്തിന്റെ പിന്നിലുള്ള നിഗൂഡതകൾ നമുക്ക് മുന്നിൽ തെളിയുകയാണ്. മരണത്തിന്റെ തിരക്കഥയായിരുന്നു ആ സീരീസിലെ മറ്റൊരു പുസ്തകം. ആ സീരീസിലെ തന്നെ കംപാർട്ട്മെൻറ് എന്ന നോവലും മാതൃഭൂമി തന്നെയായിരുന്നു പുറത്തിറക്കിയത് . എന്തുകൊണ്ടോ നോവൽ ഇറങ്ങിയ സമയത്ത് ഈ പുസ്തകങ്ങൾ വേണ്ട വിധം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് കഥ മാറി.

 

 പ്രവീൺ ചന്ദ്രന്റെ ഛായാ മരണം,നിഖിലേഷ് മേനോന്റെ പ്രഥമദൃഷ്ട്യാ,അഗോചരം, ഋതുപർണ്ണയുടെ ആൽഫ ലേഡീസിലെ ഹോസ്റ്റലിലെ കൊലപാതകം ,റിജോ ജോർജ്ജിന്റെ ഹവാന ക്ലബ്,ഇന്ദുഗോപന്റെ പ്രഭാകരൻ സീരീസ്, എന്നിവ ഈ  വിഭാഗത്തിലെ ശ്രദ്ധേയമായ മറ്റ് പുസ്തകങ്ങളാണ്. ഷെർലോക് ഹോംസിന്റെ കഥകളിൽ ആകൃഷ്ടരായി ഹോംസ്വാട്സൻ മാതൃകയിലുള്ള കഥകളും ഇപ്പോൾ സംഭവിക്കുന്നുണ്ട്. രഞ്ജു കിളിമാനൂരിന്റെ അലക്സി കഥകൾ അത്തരത്തിലുള്ളവയാണ്. റിഹാൻ റാഷിദിന്റെ തികച്ചും വ്യത്യസ്തമായ ശൈലിയിലുള്ള കഥ പറച്ചിൽ  രീതി ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മോഡസ് ഓഫ് ഓപ്പറാണ്ടി ,ഡോൾസ് തുടങ്ങിയ നോവലുകൾ  റിഹാന്റേതായി ഈ വിഭാഗത്തിൽ വന്ന് കഴിഞ്ഞു.


 അടുത്തതെന്ത് എന്ന ആകാംക്ഷയും,പിരിമുറുക്കവും ഉദ്വേഗവും സൃഷ്ടിക്കാൻ ഇത്തരം  നോവലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. അതു തന്നെയാണല്ലോ അവയുടെ  വിജയവും. പുതുതലമുറയിലെ ഈ വിഭാഗത്തിലെ എല്ലാവരെയും ഉൾപ്പെടുത്താൻ എളുപ്പവുമല്ല,മുൻപ് സൂചിപ്പിച്ചപ്പോലെ പുതിയ ധാരാളം എഴുത്തുകാർ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്.  


 ഓണം പോലെയോ വിഷു പോലെയോ ആ ഒരു പ്രത്യേക ദിവസത്തിൽ മാത്രം ആഘോഷിക്കേണ്ട ഒന്നല്ല വായന ദിനം പോലെയുള്ള ഒരു സംഭവം. മലയാളികളുടെ കാര്യമെടുക്കുകയാണെങ്കിൽ  അവർ വർഷം  മുഴുവൻ വായിക്കുന്നവരാണ്. പുസ്തകങ്ങൾ സ്വന്തമായി വാങ്ങി വായിക്കുന്നവരുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ്. ലൈബ്രറികളെ ആശ്രയിക്കുന്നവരും കുറവല്ല അങ്ങനെ നോക്കുമ്പോൾ  നമുക്ക് എല്ലാ ദിവസവും വായനദിനമാണ്.

 വായന മരിച്ചുകൊണ്ടിരിക്കുന്നു എന്ന ഇന്നത്തെ കാലത്തെ മുറവിളികളെ എങ്ങനെ പ്രതിരോധിക്കണമെന്ന് പി .ൻ പണിക്കർ എന്ന മഹാമനുഷ്യൻ അന്നേ വഴി കാണിച്ചു തന്നിട്ടുണ്ട്. നമ്മളത് പിന്തുടർന്നു പരിപോഷിപ്പിച്ചാൽ മാത്രം മതിയാകും

 

Aurangzeb: The Man and the Myth

 

വർത്തമാന ഇന്ത്യയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന മുഗൾ ചക്രവർത്തിയാണ്‌ ഔറംഗസീബ്.സമീപകാലത്തെ പല രാഷ്ട്രീയ നടപടികൾ അദ്ദേഹത്തിന്റെ പേരും പ്രവർത്തികളും വീണ്ടും ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നതിനു ഒരു കാരണമായിട്ടുണ്ട് . ഒരു മതഭ്രാന്തനായ ചക്രവർത്തിയായാണ് ഔറംഗസീബ് പൊതുവെ അറിയപ്പെടുന്നത്. അതിനു പിന്നിലുള്ള നിരവധി വാദങ്ങളും,പ്രതിവാദങ്ങളും  പല ചരിത്രകാരന്മാരും പങ്കുവെച്ചിട്ടുമുണ്ട്. 

വർത്തമാനകാലത്തെ ജനപ്രിയ കാഴ്ചപ്പാടുകളിൽ ,യാഥാര്‍ഥ്യത്തിൽ നിന്നും വളരെ അകലെ നിൽക്കുന്നയാളും ,വെറുമൊരു കല്പിതകഥയുടെ സ്ഥാനം ചുമക്കുന്നയാളുമാണ് ഔറംഗസീബ് എന്നുള്ള വാദത്തെ സാധൂകരിക്കാനുള്ള ഒരു ശ്രമമാണ് എഴുത്തുകാരിയായ ഓഡ്രി ട്രുഷ്കെ, Aurangzeb: The Man and the Myth എന്ന  പുസ്തകത്തിലുടനീളം ശ്രമിച്ചിരിക്കുന്നത്.
മഹത്തായ മുഗൾ രാജവംശത്തിലെ ആറാമത്തെ രാജാവാണ് 
ഔറംഗസീബ്. തന്റെ 49 വർഷത്തെ ദീർഘമായ ഭരണനടപടികളാൽ ഏറ്റവും കൂടുതൽ ചരിത്രകാരന്മാരുടെ ശ്രദ്ധയാകർഷിച്ച വ്യക്തി ഒരുപക്ഷെ ഔറംഗസീബ് ആകാൻ സാധ്യതയുണ്ട്.ആധുനിക ഇന്ത്യയുടെ ശില്പിയായ നെഹ്രു ഒരിക്കൽ പോലും ഔറംഗസീബിന്റെ ആരാധകനായിരുന്നില്ല. 1946 ൽ എഴുതപ്പെട്ട ഇന്ത്യയെ കണ്ടെത്തൽ എന്ന തന്റെ പ്രസിദ്ധമായ കൃതിയിൽ  തെറ്റുകൾ എണ്ണിപറഞ്ഞുകൊണ്ട്  ഒരു മതഭ്രാന്തനായാണ് ഔറംഗസീബിനെ  ചിത്രീകരിച്ചിരിക്കുന്നത്. മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ആണിയടിച്ച രാജാവായാണ് ഔറംഗസീബിനെ  നെഹ്‌റു നിശിതമായി വിമർശിച്ചു തോലുരിച്ചു വിട്ടിരിക്കുന്നത്. 
 
ഹിന്ദുക്കളുൾപ്പെടെയുള്ളവരുടെ കൂട്ടക്കൊലയും,അസംഖ്യം ക്ഷേത്രങ്ങൾ തകർത്തതും ഔറംഗസീബിന്റെ പല നല്ല ഓർമകളെയും,നടപടികളെയും തുടച്ചു നീക്കുന്നതിൽ ഒരു കാരണമായി എന്ന് എഴുത്തുകാരി തന്നെ സമ്മതിക്കുന്നുമുണ്ട്  .എന്നാൽ എല്ലാവരും പൊതുവായി  ഇപ്പോഴും വിശ്വസിച്ചുകൊണ്ടിരിക്കുന്ന ഈ വസ്തുതകൾക്കൊന്നും തന്നെ ചരിത്രപരമായ തെളിവുകളില്ലെന്നു അവർ വാദിക്കുന്നു . ഹിന്ദു ക്ഷേത്രങ്ങളെ സംരക്ഷിക്കാനുള്ള നിരവധി നടപടികളും ,കല്പനകളും പുറപ്പെടുവിച്ചിട്ടുള്ളതും, ബ്രാഹ്‌മണരുടെ ഭൂമിയ്ക്ക് സഹായധനം നൽകിയിട്ടുള്ള കാര്യവും മറന്നുകൊണ്ടാണ് ഇത്തരം കഥകൾ ആളുകൾ ഉന്നയിക്കുന്നത് എന്നാണ് അവർ ആരോപിക്കുന്നത് .ഇത്തരക്കാർ തന്നെയാണ് ഹന്ദുക്കളെ ഹോളി ആഘോഷത്തിൽ നിന്നും അവരെ വിലക്കിയെന്നും,മുഹറവും,ഈദും പോലുള്ള ആഘോഷങ്ങൾ അവർക്കുമേൽ അടിച്ചേൽപ്പിച്ചെന്നു അപലപിക്കുകയും ചെയ്യുന്നത്. 
 
തന്റെ പൂർവികരിൽനിന്നും വ്യത്യസ്തമായി കൂടുതൽ ഹിന്ദുക്കളെ ഭരണസമിതിയിൽ ഉൾപ്പെടുത്തിയതും ഔറംഗസീബാണ്.അദ്ദേഹത്തിന്റെ അന്നത്തെ നടപടികളെ ഇന്നത്തെ ജനാധിപത്യവ്യവസ്ഥകളോടും ,സമത്വചിന്താഗതിയോടും താരതമ്യം ചെയ്യാനാകില്ലെന്നും അവർ വാദിക്കുന്നു.മുന്ഗാമികളായ അക്ബറിനെയും,സഹോദരനായ ദാരയെയും പോലുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരുപക്ഷെ ഔറംഗസീബ് മതഭ്രാന്തനായിരുന്നുവെന്നു തോന്നിയേക്കാം എന്നപോലെയുള്ള വാദമുഖങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. 

ആളുകൾ ധരിച്ചുവച്ചിരിക്കുന്നതുപോലെ ഔറംഗസീബ് അത്ര ഭയാനകരമായ തരത്തിൽ മതംമാറ്റ പരിപാടികളോ ,അതിനു സമ്മതിക്കാത്തവരെ കൊന്നു തള്ളിയിട്ടോ ഇല്ല. അതുപോലെ ആരോപിക്കപ്പെടുന്ന അത്ര അളവിലുള്ള ഹിന്ദുക്ഷേത്രങ്ങൾ തകർത്തിട്ടുമില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അത്രയധികമൊന്നുമില്ല. കൂടിപ്പോയാൽ ഒരു ഡസനോളം കാണുമായിരിക്കും എന്നാണ് എഴുത്തുകാരി അഭിപ്രയപ്പെട്ടിരിക്കുന്നത്.ഹിന്ദു വംശഹത്യ എന്നൊന്ന് അദ്ദേഹം നടത്തിയിട്ടില്ല. ഹിന്ദുക്കളുടെ താൽപര്യങ്ങൾക്കു വേണ്ടി പ്രവർത്തിച്ചയാളാണദ്ദേഹം. ബ്രാഹ്മണരെ ദ്രോഹിക്കുന്നതിൽ നിന്നും മുസ്ലീമുകളോട് പിന്തിരിയാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഔറംഗസീബിനെ വിചാരണ ചെയ്യുന്നതിന് മുൻപ് ഇന്ത്യയുടെ കൂടികുഴഞ്ഞുകിടന്നിരുന്ന ഭൂതകാലത്തെകുറിച്ചുകൂടി ഓർക്കണമെന്ന് അവർ നമ്മോടു പറയുന്നു .രാഷ്ട്രീയ തീരുമാനങ്ങളെ മതപരമായി കൂട്ടികുഴക്കുന്നതുകൊണ്ടാണ് ഇത്തരം തെറ്റിദ്ധാരണകൾ വരുന്നതെന്ന് എഴുത്തുകാരി സമർഥിക്കുന്നു

അരനൂറ്റാണ്ടോളം ഭരിക്കുകയും,ഇരുപത്തിയൊന്നാം നൂറ്റാണ്ടിനനുസരിച്ചു കോളനിപൂർവ്വ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെ പുനഃനിർമ്മിക്കുകയും ചെയ്ത ഒരു മനുഷ്യനെകുറിച്ചു തീർച്ചയായും കൂടുതൽ പറയേണ്ടതുണ്ടന്നും അവർ കൂട്ടിച്ചേർക്കുന്നു. ഉത്തരവാദിത്തപ്പെട്ട ചരിത്രകാരന്മാർ  ആരോപണങ്ങൾക്ക് പ്രത്യുത്തരം നൽകേണ്ട രീതി തികച്ചും ആശ്വാസകരമല്ല എന്നവർ പരാതിപ്പെടുന്നുണ്ട്.അല്ലറ ചില്ലറ ആസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ഔറംഗസീബ് ഹിന്ദുക്കളെ കൈകാര്യം ചെയ്തത് തികച്ചും വ്യത്യസ്തമായാണ്,പ്രത്യേകിച്ചും അസ്വാസ്ഥ്യങ്ങളുണ്ടാക്കുന്ന മതപരമായ വിഷയങ്ങളിൽ. ഔറംഗസീബ് യഥാർഥ്യത്തിൽ ഒരു അജണ്ടയും പിന്തുണ്ടർന്നില്ല.

ഔറംഗസീബ് യുദ്ധരംഗത്തും,ഭരണ നിർവഹണകാര്യങ്ങളിലും പ്രാഗൽഭ്യം തെളിയിച്ചുകൊണ്ടിരിക്കുന്ന സമയത്ത്‌,ദാര ഷുക്കോ തന്റെ തത്വചിന്തകളുമായി ഹിന്ദു മുസ്ലിം പണ്ഡിതന്മാരുമായി സംസാരിച്ചു സമയം കളയുകയായിരുന്നു. ദാര ഔറംഗസീബിനെക്കാളും മുന്നിലായിരുന്നു എന്ന് പറയപ്പെടുന്നത് കടലാസുകളിൽ മാത്രമാണ്. ഇന്ത്യ ചരിത്രത്തിൽ ദാരയെ പുകഴ്ത്തിക്കൊണ്ട് കേൾക്കാവുന്ന നിത്യ സംഭവമാണ് പുരോഗമനവാദിയായ ദാര ഷുക്കോ മതഭ്രാന്തനായ ഔറംഗസീബിനു പകരം മുഗൾരാജാവംശത്തിലെ രാജാവായിരുന്നെകിൽ എന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ചരിത്രം മാറി മറിയുമായിരുന്നേനെ എന്നവർ അവകാശപ്പെടുന്നു. 

1657 ൽ ഷാജഹാൻ ചക്രവർത്തി ഗുരുതരമായ രോഗം ബാധിച്ചു കിടപ്പിലായതിനു ശേഷം മക്കൾ തമ്മിൽ അധികാരത്തിനായുള്ള വടംവലികൾ തുടങ്ങി. അതിൽ ആത്യന്തികവിജയം ഔറംഗസീബിനായിരുന്നു. 1660 ൽ അതിന്റെ ഭാഗമായി തന്റെ രണ്ടു സഹോദരന്മാരെ അയാൾ വധിക്കുകയും, മൂന്നാമനെ ഇന്ത്യയിൽ നിന്ന് തന്നെ നാടു കടത്തുകയും ചെയ്തു .പിതാവിനെ തടവറയിൽ പൂട്ടുകയും ചെയ്തു.

പിതാവിനെ തടവറയിൽ തള്ളിയതിനെ അന്നത്തെ പല ലോക സഞ്ചാരികളും അപലപിച്ചിട്ടുണ്ട്. ക്രൂരമായ സംഭവങ്ങളും, കൊലപാതകങ്ങളും  അവർ  രേഖപ്പെടുത്തി വെയ്ക്കുകയും ചെയ്തു. എന്നാൽ അധികാരത്തിനു വേണ്ടിയുള്ള ഈ ചോരപ്പുഴയൊഴുക്കൽ മുഗൾ രാജ വംശത്തിനു ഒട്ടും പുത്തരിയല്ല എന്നാണ് എഴുത്തുകാരി ചൂണ്ടിക്കാണിക്കുന്നത്. ഔറംഗസീബിന്റെ പിതാവായിരുന്ന ഷാജഹാൻ അധികാരത്തിനു വേണ്ടി തന്റെ സഹോദരങ്ങളായ ഖുസ്രുവിനേയും, ഷഹരിയാറിനെയും 1622 ലും ,1628 ലുമായി കൊന്നു തള്ളിയിരുന്നു.
കൂടാതെ രണ്ടു സഹോദരീ പുത്രന്മാരെയും  അതുപോലെ ഒഴിവാക്കി. ഷാജഹാന്റെ പിതാവായ ജഹാംഗീറും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല . സ്വന്തം അനുജൻ ദാനിയേലിനെ കൊന്നതിൽ ജഹാംഗീറിനു പങ്കുണ്ടെന്നു പറയപ്പെടുന്നു. ചരിത്രകാരന്മാർ പറയുന്നത് മദ്യത്തിൽ ചേർത്ത വിഷമാണ് പ്രത്യക്ഷത്തിലുള്ള മരണകാരണമെന്നാണ്. എങ്കിലും മറ്റു ചില അഭിപ്രായങ്ങളും കാണാനുണ്ട്. 
 
ബാബറിന്റെയും, ഹുമയൂണിന്റെയും കാലത്തും രാജ്യാധികാരത്തിനു വേണ്ടിയുള്ള കലഹങ്ങൾ ധാരാളമായി നടന്നിരുന്നു. അങ്ങനെ വരുമ്പോൾ ഇത്തരം ചെയ്തികളിൽ ഔറംഗസീബിനെ കുറ്റപ്പെടുത്താനോ, ഇക്കാര്യത്തിൽ അദ്ദേഹത്തെ മാത്രം ഉയർത്തികാണിക്കുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നു അവർ സ്ഥാപിക്കുന്നു .ഷാജഹാന്റെ പെട്ടെന്നുള്ള രോഗവും സംശയത്തിന്റെ പുകമറ വീണു കിടപ്പുണ്ട് എന്നൊരു സംശയവും എഴുത്തുകാരി തന്നെ ഉയർത്തുന്നുമുണ്ട്. 

1652 ൽ ഷാജഹാനയച്ച ഒരു കത്തിൽ ദാരാ ഷുക്കോയെ ഔറംഗസീബ് സൂചിപ്പിച്ചിരിക്കുന്നത്, തന്റെയും,സഹോദരങ്ങളുടെയും ,രക്തത്തിന് വേണ്ടി ദാഹിച്ചിരിക്കുന്നവനായാണ്. അതിലെ വാസ്തവം എന്ത് തന്നെയായാലും ഔറംഗസീബ് വൈകാതെ  തന്നെ തന്റെ സഹോദരങ്ങളുടെ കഥ കഴിച്ചു സിംഹസനത്തിൽ തന്റെ ഇരിപ്പിടം ഉറപ്പിച്ചു. ദാരയെ ഒതുക്കാനായി തനറെ മറ്റു സഹോദരങ്ങളായ ഷൂജയുമായും ,മുറാദുമായും ഒരു രഹസ്യ ഉടമ്പടി ഔറംഗസീബ്  വളരെ മുൻപേ തന്നെ ഉണ്ടാക്കിയിരുന്നു. 

ദാരയുടെ രണ്ടു മക്കളെയും കറുപ്പു ചേർത്ത വെള്ളം കുടിപ്പിച്ചു കൊന്നുകളയുകയാണ് ഔറംഗസീബ് ചെയ്തത്.തന്റെ മുൻഗാമികളെ അപേക്ഷിച്ചു ഔറംഗസീബ് മാത്രമാണ് തന്റെ സഹോദരന്മാരോടും, അവരുടെ സഹായികളോടും ദയ കാണിച്ചതെന്ന് എഴുത്തുകാരി പറഞ്ഞിരിക്കുന്നു. യാതൊരു പ്രതികാര നടപടികളുമെടുക്കാതെ ദാരയുടെ സൈന്യത്തെ സ്വാഗതം ചെയ്യുകയും സ്വന്തം സൈന്യത്തിൽ ചേർക്കുകയും ചെയ്തു.മറ്റൊരു ഉദാരതയായി പറയുന്നത്, ഒരു ഗുജറാത്തി ജെയിൻ വ്യാപാരി ശാന്തിദാസിൽ നിന്നും മുറാദ് എടുത്ത വായ്പ ഔറംഗസീബ് അടച്ചു തീർത്തു എന്നുള്ളതാണ്. തനറെ പിതാവിനെ അട്ടിമറിച്ചു അധികാരം കൈയ്യടക്കിയെന്ന ആരോപണത്തോട് ഔറംഗസീബ് നിഷേധിക്കുന്നത് മറ്റൊരു ന്യായീകരണത്തിലൂടെയാണ്. 

ശിവാജിയുമായുള്ള യുദ്ധങ്ങളിൽ നാമമാത്രമായ വിജയങ്ങൾക്കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതും,ശിവാജിയുടെ പിന്നീടുള്ള രക്ഷപ്പെടലും ഔറംഗസീബിന്റെ വിറളിപിടിപ്പിച്ചു എന്ന് പറയപ്പെടുന്നു. ആ സംഭവുമായി ബന്ധപ്പെട്ട എല്ലാവരെയും ശിക്ഷിക്കുകയും ,ബനാറസിലെയും, മഥുരയിലെയും നിരവധി ക്ഷേത്രങ്ങൾ തകർത്തുകളയുകയും ചെയ്തു . ഈയൊരു നടപടിയാണ് ഔറംഗസീബിന്റെ തനറെ ഭരണകാലം മുഴുവനും വേട്ടയാടിയതും ,തനറെ മതഭക്തിയെ രൂപപ്പെടുത്തിയെടുക്കുന്നതിനും കാരണമായി പറയുന്നത്.അതായത് ഔറംഗസീബിന്റെ ഈ ക്ഷേത്രം തകർക്കൽ പദ്ധതി മതപരമായിട്ടല്ല മറിച്ച് രാഷ്ട്രീയനടപടികളുടെ ഭാഗമായി വേണം മനസിലാക്കാൻ എന്നാണ് എഴുത്തുകാരി വാദിക്കുന്നത്. പക്ഷെ ചരിത്രകാരന്മാർ അതിനെ മതപരമായി അടയാളപ്പെടുത്താനാണ് ശ്രമിച്ചതെന്നും അവർ പറയുന്നു.

തനറെ ഭരണത്തിന്റെ ആദ്യ പാദത്തിൽ നിരവധി സന്നധഭീഷണികൾ നേരിടേണ്ടിവന്നെങ്കിലും അദ്ദേഹം തന്റെ ശാന്ത സ്വഭാവം കൈവിട്ടില്ല എന്ന് പറയുന്നു. പക്ഷെ അതിനെ സാധൂകരിക്കാൻ സൂചിപ്പിച്ചിരിക്കുന്ന സംഭവങ്ങൾ ഒന്നുമേ തന്നെ പക്ഷെ എഴുത്തുകാരിയുടെ ന്യായവാദങ്ങളോട് പൊരുത്തപ്പെടുന്നുമില്ല എന്നത് വളരെ വിചിത്രമായി തോന്നി. ആയുധങ്ങൾ കൈവശം വച്ചതിനു സിഖ് ഗുരു തേഗ് ബഹാദൂറിനെ  വധിച്ചതും റാത്തോർ -രാജ്പുത് വിപ്ലവകാരികളെ നേരിടാൻ ശക്തമായ സൈന്യത്തെ ഉപയോഗപ്പെടുത്തിയതുമൊക്കെയാണ്  ആ പ്രവർത്തികളുടെ ന്യായീകരണത്തിനു വേണ്ടി ഉദാഹരിക്കുന്നത്.മാത്രമല്ല തന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായി തനിക്കെതിരെ നിലകൊണ്ട സ്വന്തം കുടുംബാംഗങ്ങളെയും അയാൾക്ക്‌ നേരിടേണ്ടിവരികയും അവരെയൊക്കെ ഒതുക്കുകയും ചെയ്തു.വിമത സ്വഭാവം കാണിച്ച തന്റെ മകൻ അക്ബറിനെ ഡെക്കാണിലേക്ക് തുരത്തേണ്ടി വന്നു,അവിടെ നിന്ന് ഇറാനിലേക്കും. 1704 ൽ സ്വന്തം നാട്ടിലേക്ക് തിരിച്ചു വരാനാകാതെ അവിടെ തന്നെ മരിച്ചു വീഴാനായിരുന്നു അക്ബറിന്റെ  യോഗം. 

മറ്റൊരിടത്തു ഔറംഗസീബിന്റെ ഉഗ്രകോപത്തെക്കുറിച്ചു സൂചിപ്പിക്കാൻ ഉദാഹരണമായി പറഞ്ഞിരിക്കുന്നത് ഒമ്പതാമത്തെ സിഖ് ഗുരു തേഗ് ബഹാദൂറിനെ വധിച്ച സംഭവമാണ്.മറ്റൊന്ന് ശിവാജിയുടെ മകൻ സംബാജിയുടെ വധവുമാണ്. കോഹിന്നൂർ പോലുള്ള അമൂല്യമായ രത്നങ്ങളുടെ ഖനജാവുണ്ടായിട്ടും തന്റെ അവസാന നാളുകളിലെ രാഷ്ട്രീയ ന്യൂനതകളെയും,അനിശ്ചിതത്വങ്ങളെയും ശമിപ്പിക്കാൻ അതൊന്നും ഔറംഗസീബിനെ സാഹായിച്ചില്ല എന്നുള്ളത് വാസ്തവമാണ്.
1707 മാർച്ച് 3 നു തന്റെ എൺപത്തിയെട്ടാമത്തെ വയസ്സിൽ ഔറംഗസീബ് അന്തരിച്ചു.

പാകിസ്താൻ നാടകകൃത്തായ ഷാഹിദ് നദീമിന്റെ അഭിപ്രായത്തിൽ ,ഔറംഗസീബ് തന്റെ സഹോദരൻ ദാരാ ഷുക്കോവിനെതിരെ വിജയം നേടിയപ്പോൾ തന്നെ വിഭാഗീയതയുടെ വിത്തുകൾ വിതക്കപ്പെട്ടു കഴിഞ്ഞിരുന്നു എന്നാണ്. ഇന്ത്യ വിഭജനവുമായി ബന്ധപ്പെടുത്തി ഈ അഭിപ്രായത്തെ വിശകലനം ചെയ്യുമ്പോഴാണ് ആ വാക്കുകളുടെ വ്യാപ്തി ബോധ്യപ്പെടുകയുള്ളൂ. 

പ്രതാപമുണർത്തുന്ന ആഡംബരം നിറഞ്ഞ തന്റെ മുൻഗാമികളുടെ ശവകുടീരങ്ങളെ അപേക്ഷിച്ച് പേരുപോലും കൊത്തിവെക്കപ്പെടാതെ മഹാരാഷ്ട്രയിലെ ഖുൽദാബാദിലെ വളരെ ലളിതമായ ശവകുടീരത്തിൽ അന്തിയുറങ്ങാനാണ് ഔറംഗസീബ് ആഗ്രഹിച്ചതും. വർഷങ്ങൾക്കു ശേഷം മാർബിൾ തറകളും,ഫലകങ്ങളും ഖബറിനോട് കൂട്ടിച്ചേർക്കപ്പെട്ടുവെന്നു മാത്രം. 

ഔറംഗസീബിന്റെ  മരണശേഷം ബഹദൂർഷാ രാജ്യാധികാരം ഏറ്റെടുത്തു.തനറെ പിതാവിന്റെയും വംശത്തിന്റെയും പാരമ്പര്യം  നിലനിർത്തികൊണ്ടു തന്റെ സഹോദരരായ ആസം ഷായെയും,കംബക്ഷിനെയും വധിച്ചുകൊണ്ടായിരുന്നു  ബഹാദൂറും സിംഹാസനത്തിലേറിയത്‌.പക്ഷെ കഷ്ടിച്ച് അഞ്ചു വർഷമേ സിംഹാസനത്തിലിരിക്കാൻ ബഹാദൂറിനു യോഗമുണ്ടായുള്ളൂ. ബഹാദൂറിന്റെ മരണശേഷം അടുത്ത ഏഴുവർഷങ്ങളിൽ അതായതു 1712 മുതൽ 1719  കാലഘട്ടത്തിൽ നാല് മുഗല് രാജാക്കന്മാർ ആ സിംഹാസനത്തിൽ കേറി. അപ്പോഴേക്കും മുഗൾ രാജ വംശം അതിന്റെ നാശത്തിന്റെ വക്കത്തെത്തി കഴിഞ്ഞിരുന്നു. 

ഔറംഗസീബിനെ ഒരു മനുഷ്യനായി വീണ്ടെടുക്കാനുള്ള എഴുത്തുകാരിയുടെ  ശ്രമം ഈ പുസ്തകത്തിൽ കാണാം. പക്ഷേ അത്തരം വിവാദപരമായ വിഷയങ്ങളെ ചൂണ്ടിക്കാണിക്കുമ്പോൾ മേൽസൂചിപ്പിച്ചിരിക്കുന്നതുപോലെ അനുബന്ധമായി പറഞ്ഞിരിക്കുന്ന വസ്തുതകൾ  വായനക്കാരനെ  എത്ര കണ്ടു തൃപ്തിപ്പെടുത്തും എന്നുള്ളതു സംശയമാണ്.
 
ചില ചരിത്രകാരന്മാർ പറയുന്നതുപോലെ ദാരാ  ഷുക്കോവും ഔറംഗസീബും തമ്മിൽ നടന്ന എതിർപ്പുകളും യുദ്ധങ്ങളും ഒരു ഹിന്ദു-മുസ്ലിം പോരാട്ടമായിട്ടോ,വിശുദ്ധയുദ്ധമായിട്ടോ ഒക്കെ ചിത്രീകരിച്ചു കാണുന്നുണ്ട്.അതിൽ തീരെ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. കാരണം അധികാരത്തിനുള്ള വടം വലികൾ നടന്നുകൊണ്ടിരിക്കെ മുഗൾ കൊട്ടാരത്തിലെ ഹിന്ദു അംഗങ്ങൾ മുഴുവനും ദാരയെ അനുകൂലിച്ചില്ല എന്നുള്ളത് വാസ്തവമാണ്. എന്തായാലും ആ സമയത്ത് രജപുത്രർ ദാരയെ അനുകൂലിച്ചപ്പോൾ മാറാത്തർ ഔറംഗസീബിന്റെ പക്ഷം നിന്നു. കൊട്ടാരത്തിലെ ഉദ്യോഗസ്ഥ വൃന്ദങ്ങളിൽ ഏകദേശം തുല്യമായിത്തന്നെയാണ് രണ്ടുയുടെയും പക്ഷം നിന്നത്.അങ്ങനെ വരുമ്പോൾ  ഇപ്പോൾ കൊട്ടിഘോഷിക്കപ്പെടുന്ന  ഔറംഗസീബും ദാരയും തമ്മിൽ നടന്നിരുന്നു എന്നു പറയപ്പെടുന്ന ആ  വിശുദ്ധയുദ്ധത്തിന്റെ സാധ്യതകൾ ഒരുപക്ഷേ അതിൽ എന്തെങ്കിലും ഒരു രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെന്നാലും തികച്ചും  അസാധുവാകുന്നു എന്നുള്ളതാണ്. 
 
എന്നത് തന്നെയായാലും ഓഡ്രി ട്രുഷ്കെയുടെ ഉദ്ദേശം വ്യക്തമാണ്. പണ്ഡിതോചിതമായ ഒരു ശ്രദ്ധ ആവശ്യമാണ് ഔറംഗസീബിന്,എങ്കിൽ മാത്രമേ അദ്ദേഹത്തെ ചുറ്റിപ്പറ്റിനിൽകുന്ന സംശയത്തിന്റെ പല കാർമേഘങ്ങളും നീക്കപ്പെടുകയുള്ളൂ. 
 
 ഔറംഗസീബിനെക്കുറിച്ചും, മുഗൾ രാജാക്കന്മാരെക്കുറിച്ചുമുള്ള പുനർവായനക്ക്‌  ജെ ഡി സർക്കാരിന്റെ നിരവധി പുസ്തകങ്ങൾ ലഭ്യമാണ്. A Short History of Aurangzib, 5 വോളിയങ്ങളിലായി എഴുതിയ History of Aurangzib എന്നിവ അതിൽ ചിലതാണ്. 
പെൻഗ്വിൻ ബുക്സ് ആണ് Aurangzeb:The Man and the Myth ന്റെ പ്രസാധകർ വില 299 രൂപ. 

മിയാസാവ കെൻജിയുടെ സിഗ്നലുകളുടെ പ്രേമഗാഥ

 

 

ജപ്പാനിൽ  നിന്നുള്ള കഥകൾ വായിക്കാനും ശ്രദ്ധിക്കാനും തുടങ്ങിയത് അമലിന്റെ കഥകളിലൂടെയാണ് . അവിടങ്ങളിലെ ഒട്ടുമേ പരിചയമില്ലാത്ത ഇടങ്ങളെയും കൂടെ സങ്കൽപ്പിച്ചു കൂട്ടാൻ അമലിന്റെ കഥകൾ ഒരു  കാരണമായി എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഒരു  ജാപ്പനീസ് എഴുത്തുകാരന്റെ  കഥകൾ വായിക്കുന്നത് ആദ്യമായിട്ടാണ്. മിയാസാവ കെഞ്ചിയുടെ സിഗ്നലുകളുടെ പ്രേമഗാഥ എന്ന ചെറുകഥകളുടെ ഒരു സമാഹാരമാണ് ഈയിടെ വായിച്ച ആ പുസ്തകം. 

 ഒരിക്കൽ ജപ്പാനിലെ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരനായിരുന്നു മിയാസാവ കെഞ്ചി. കവി,അദ്ധ്യാപകൻ, കാർഷിക ശാസ്ത്രഞൻ, ബാലസാഹിത്യകാരൻ എന്നിങ്ങനെ നിരവധി മേഖലകളിൽ പ്രശസ്തനായിരുന്നു കെൻജി. വളരെയധികം ശ്രദ്ധേയനായിരുന്നുവെങ്കിലും രണ്ടേ രണ്ടു പുസ്തകങ്ങളെ അദ്ദേഹം ജീവിച്ചിരുന്ന സമയത്തു  പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. അദ്ദേഹത്തിന്റെ മരണാനന്തരമാണ് പ്രസിദ്ധമായ പല കവിതാ സമാഹാരങ്ങളും പുറത്തുവന്നത്. 1896 ൽ ജനിച്ച അദ്ദേഹം ന്യുമോണിയ ബാധിച്ച് 1933 ൽ  മരിക്കുമ്പോൾ വെറും 37 വയസ്സേ ഉണ്ടായിരുന്നുള്ളൂ. 

ജാതക കഥകളുടെയും, പഞ്ചതന്ത്രം കഥകളുടെയും ഒരു ശൈലി അദ്ദേഹത്തിന്റെ കഥകൾക്കുണ്ടായിരുന്നു. മനുഷ്യരെ കൂടാതെ മൃഗങ്ങളും ,കാറ്റും, വെളിച്ചവും,മേഘവും, സൂര്യനും നക്ഷത്രങ്ങളുമൊക്കെ അദ്ദേഹത്തിന്റെ കഥകളിൽ പരസ്പരം സംസാരിച്ചു,ശരിതെറ്റുകളെ കുറിച്ച് ചർച്ച ചെയ്തു. മനുഷ്യരും, തിര്യക്കുകളും, ജീവനില്ലാത്ത മറ്റു പല ഘടകങ്ങളും തമ്മിലുള്ള ബന്ധമാണ് കെൻജി കൃതികളുടെ ഒരു സവിശേഷതയായി പറയാനാവുക. അദ്ദേഹത്തിന്റെ കവിതകളൊക്കെ പഠനാർഹവുമാണ്.

സിഗ്നലുകളുടെ പ്രേമഗാഥയിൽ പത്തു കഥകളാണുള്ളത്. ജാപ്പാനീസ്‌ ഭാഷയിൽ നിന്നും നേരിട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണെന്നുള്ള ഒരു പ്രത്യേകതകൂടിയുണ്ടിതിന്. റെയിൽവേ സിഗ്നൽ  പോസ്റ്റുകളുടെ പ്രണയമാണ് അതേ പേരിലുള്ള കഥയുടെ വിഷയം. മറ്റുള്ളവരുടെ നല്ലതിനായി ഓരോന്ന് ചെയ്യുമ്പോൾ സ്വയം ജ്വലിക്കുകയും , മറിച്ചുളള പ്രവർത്തികൾ ചെയ്യുമ്പോൾ ശോഭ കുറയുകയും ചെയ്യുന്ന ഒരു തരം ശംഖ് കൈവശം വരുന്ന മുയലിന്റെയും , കൂടെ നടക്കുന്ന കുറുക്കന്റെയും കഥയാണ് ജ്വലിക്കുന്ന ശംഖ് എന്ന കഥയിലുള്ളത്. ബാക്കിയുള്ള കഥകളുടെ വിഷയവും ഇതുപോലൊക്കെതന്നെയാണ്. കഥപറച്ചിൽ ഇങ്ങനെയൊക്കെയാണെങ്കിലും കഥയ്ക്ക് പിന്നിൽ ഗൗരവകരമായ എന്തെങ്കിലും വിഷയം ഒളിഞ്ഞു കിടപ്പുണ്ടാകും. 

കുറിപ്പിന്റെ തുടക്കത്തിൽ പറഞ്ഞതുപോലെ ജാപ്പനീസ് ഭാഷയിൽ നിന്നും നേരിട്ടു മലയാളത്തിലേക്ക് ഈ കഥകൾ വിവർത്തനം ചെയ്തിരിക്കുന്നത് പ്രൊഫസ്സർ പി എ ജോർജ്ജ് ആണ്. ഡിസി ബുക്സ് ആണ് വിവർത്തനം. 

മനോരഞ്ജൻ ബ്യാപാരിയുടെ ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം

അന്നൊരു ശനിയാഴ്ചയായിരുന്നു പതിവിലും തിരക്കു തോന്നിച്ച ആ ദിവസം, നരച്ച മുടിയുള്ള,കണ്ണട വച്ച ഒരു വൃദ്ധയായ സ്ത്രീ കൈയ്യിലൊരു ബാഗുമായി അയാളുടെ റിക്ഷയിൽ വന്നു കയറി.അവരുടെ ആ രൂപവും   കൈയ്യിലുള്ള ബാഗുമൊക്കെ കണ്ടപ്പോൾ  അവരൊരു    അദ്ധ്യാപികയായിരിക്കണം എന്നയാൾ  ഊഹിച്ചു.

                                       
ജാദവ്പൂരിലേക്കായിരുന്നു അവർക്ക് പോകേണ്ടിയിരുന്നത്. യാത്രാമദ്ധ്യേ അയാൾ അവരോടൊരു സംശയം ചോദിച്ചു. ചാണക്യ സെൻ എഴുതിയ ഒരു പുസ്തകത്തിലെ വിഷമം പിടിച്ച ഒരു വാക്ക് നാളുകളായി  അര്‍ത്ഥമറിയാതെ അയാളുടെ നാവിൽ കിടന്നു കുഴങ്ങുന്നുണ്ടായിരുന്നു. ജിജിബിഷ എന്നായിരുന്നു ആ വാക്ക്. അതിന്റെ അർത്ഥമായിരുന്നു അയാൾക്കറിയേണ്ടിയിരുന്നത്.ചോദ്യം കേട്ട് അവർ  തെല്ലൊന്നമ്പരന്നുവെന്നയാൾക്കു തോന്നി. 

“ജിജിബിഷ എന്നാൽ ജീവിക്കാനുള്ള ഇച്ഛ . എന്നാൽ ഈ വാക്ക് നിങ്ങൾക്ക് എവിടെ നിന്ന് ലഭിച്ചു”? ആ സ്ത്രീ ചോദിച്ചു. 
“ഒരു പുസ്തകത്തിൽ നിന്നാണ്”. അവർ അയാളോട് അയാൾ എത്ര വരെ പഠിച്ചെന്നും മറ്റും ചോദിച്ചു. 
സ്കൂളിൽ പോയിട്ടില്ലെന്നും,സ്വന്തമായി കുറച്ചു പഠിച്ചതാണെന്നും അയാൾ മറുപടി പറഞ്ഞു.  

അയാളെപ്പോലുള്ള അധ്വാനിക്കുന്ന ആളുകൾ എഴുതുന്ന ഒരു മാഗസിൻ താൻ  പ്രസിദ്ധീകരിക്കുന്നുണ്ടെന്നും  അതിലേക്കായി അയാൾ എഴുതുകയാണെങ്കിൽ അതിൽ പ്രസിദ്ധീകരിക്കാമെന്നവർ പറഞ്ഞു. എന്തെഴുതണം എന്ന ആശയകുഴപ്പത്തിൽപ്പെട്ട അയാളോട് റിക്ഷാവാല എന്ന നിലയിലുള്ള നിങ്ങളുടെ ജീവിതം തന്നെ എഴുതുക എന്നവർ നിർദ്ദേശിച്ചു. മുന്പെഴുതിയിട്ടില്ലെങ്കിലും  താൻ അതിനു ശ്രമിക്കുമെന്നും,എഴുതി കഴിഞ്ഞാൽ അവരെയത് ഏല്പിക്കാമെന്നുമയാൾ ഉറപ്പു കൊടുത്തു. ജാദവ്പൂരിലെത്തിയപ്പോൾ  ഒരു ചെറുകഷ്ണം കടലാസിൽ അവർ തന്റെ വിലാസമെഴുതി അയാളെ എൽപ്പിച്ചു. 
കുറിപ്പിലെ അവരുടെ പേര് വായിച്ച് ആ റിക്ഷാക്കാരൻ അമ്പരന്നു പോയി. താൻ ഇത്ര നേരം സംസാരിച്ചുകൊണ്ടിരുന്നത് ബംഗാളി സാഹിത്യത്തിലെ തന്നെ പ്രശസ്തയായ  ഒരു വ്യക്തിയോടാന്നു അപ്പോൾ മാത്രമാണ് അയാൾക്ക് ബോധ്യമായത്.മഹാശ്വേതാ ദേവിയായിരുന്നു യാത്രക്കാരിയായ 
ആ വൃദ്ധ.റിക്ഷാ വാലയുടെ പേര് മനോരഞ്ജൻ ബ്യാപാരിയെന്നും. 1981 ൽ തന്റെ ആദ്യ ലേഖനം ‘ റിക്ഷാ ചലായ്  എന്ന പേരിൽ ദേവിയുടെ മാസികയായ ബർത്തികയിൽ  പ്രസിദ്ധീകരിച്ചു വരികയും ചെയ്തു.മനോരഞ്ജൻ ബ്യാപാരിയുടെ എഴുത്തുജീവിതം അവിടെ തുടങ്ങുകയായിരുന്നു. 

മനോരഞ്ജൻ ബ്യാപാരിയുടെ 2019 ൽ പുറത്തിറങ്ങിയ നോവലാണ് ‘ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം’.നക്സൽബാരി പ്രസ്ഥാനം ബംഗാളിൽ ശക്തി സംഭരിച്ചുകൊണ്ടിരുന്ന എഴുപതുകളുടെ തുടക്കമാണ് നോവൽ പരിസരം കൈകാര്യം ചെയ്യുന്നത്.  യുവതീ-യുവാക്കൾ തങ്ങളുടെ വീടുപേക്ഷിച്ചു ഫ്യൂഡൽ മാടമ്പികളുടെയും, ഭരണകൂടത്തിന്റെയും കൈയ്യിൽ നിന്നും ഭൂമി വീണ്ടെടുക്കാൻ ആയുധങ്ങളെടുത്തു പോരാടിക്കൊണ്ടിരിക്കയും അവരിൽ നിരവധി പേർ കൂട്ടത്തോടെ ജയിലുകളിൽ അടക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്ന കാലഘട്ടത്തെയാണ് ബ്യാപാരി നോവലിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. 

 നീതിന്യായ വ്യവസ്ഥയുടെ കാപട്യം, സാമൂഹികപരമായ  വർഗ്ഗീയത, മനുഷ്യത്വരഹിതമായ പെരുമാറ്റം, ജയിലിനുള്ളിൽ സൃഷ്ടിക്കപ്പെടുന്ന ഭിന്നിപ്പുകൾ തുടങ്ങി ജയിൽ മതിലുകൾക്കുള്ളിൽ നടക്കുന്ന നിരവധി കാര്യങ്ങൾ നോവലിൽ കടന്നു വരുന്നുണ്ട്. അത്തരമൊരു ജയിലിൽ എത്തപ്പെട്ട അഞ്ച് നക്സലുകൾ  ഒരു ജയിൽ തകർക്കാൻ പദ്ധതിയിടുകയാണ് . അവരുടെ വിപ്ലവം തുടരണമെങ്കിൽ അവർ സ്വയം സ്വതന്ത്രരാകണം. അവരുടെ വിധിയിൽ അവർക്കു പരാതികളില്ല ,പരിഭവങ്ങളില്ല.തങ്ങൾക്കു എന്ത് സംഭവിച്ചാലും ഭരണകൂട അധികാരം പിടിച്ചെടുത്ത് വിപ്ലവകരമായ ഒരു പരിവർത്തനം നടത്തണമെന്നു അവർ സ്വപനം കണ്ടു. 

പുതുതായി നിയമിതനായ ജയിലറായ ബിരേശ്വർ മുഖർജിയുടെ കഥ പറഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. ഇരുപത്തഞ്ചു വർഷത്തെ സർവീസ്  അനുഭവപരിചയമുണ്ടായിട്ടും  തനറെ ജയിലിലെ പ്രത്യക സെല്ലിൽ കിടക്കുന്ന നക്സലുകളെ  അദ്ദേഹം ഭയപ്പെടുന്നു.അവരുടെ നീക്കങ്ങളെ ശ്രദ്ധിക്കാനും പദ്ധതികളെ ചോർത്താനും ജയിൽ ഉദ്യോഗസ്ഥർ ഒരു ചെറുകിട കള്ളനായ ഭഗൊബാനെ പോലുള്ള ചില ചാരന്മാരെയും നിയോഗിച്ചിട്ടുണ്ട് . ജയിലിലെ ഡോക്ടറുടെ കഥാപാത്രം നക്‌സൽ പ്രത്യയശാസ്ത്രത്തെ നിസ്സംഗതയോടെ ഉയർത്തിപ്പിടിക്കുന്ന ഒന്നാണ്. 

തന്റെ ജയിൽ ജീവിതത്തിന്റെ അനുഭവ വെളിച്ചത്തിൽ ജയിലിലെ സംഭവങ്ങളെ സൂക്ഷ്മമായി തന്നെ വിശദീകരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട് എഴുത്തുകാരൻ. ജയിലിനുള്ളിലെ  കഥാപാത്രങ്ങളുടെ ,അത് വലുതോ, ചെറുതോ പ്രധാനപ്പെട്ടതോ അല്ലാത്തതോ ആകട്ടെ അവരുടെയെല്ലാം കഥകൾ നമുക്ക് മുന്നിലെത്തുന്നുണ്ട്. വിശപ്പും ദാരിദ്ര്യവും തന്നെയാണ് ആ കഥകൾക്ക് പിന്നിലെ പൊതുവായ വിഷയങ്ങൾ. നോവലിൽ ഒരു കേന്ദ്ര കഥാപാത്രം ഇല്ല എന്നുള്ളതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. നോവലിലുടനീളം  മനുഷ്യ വികാരങ്ങളെയും,അവരുടെ അനുഭവങ്ങളുടെ തീവ്രതകളെയും പര്യവേക്ഷണം ചെയ്യാനാണ് എഴുത്തുകാരൻ ശ്രമിച്ചിട്ടുള്ളത്. ഒരു പക്ഷെ തന്റെ ജയിൽജീവിതം എഴുത്തുകാരനെ അത്രമേൽ സ്വാധീനിച്ചിട്ടുണ്ടാകണം. ഓരോ കഥാപാത്രങ്ങളെയും 
വിപ്ലവം, സ്വാതന്ത്ര്യം, വിശ്വസ്തത, കപട ദേശീയത ,കുറ്റബോധം, വിശ്വാസവഞ്ചന, ത്യാഗം, കടമ എന്നിവയുടെയൊക്കെ ഓരോരോ  പ്രതീകങ്ങളായി  ബന്ധിപ്പിച്ചു നിർത്താൻ ചെറുതല്ലാത്ത ഒരു ശ്രമം നടത്തിയിട്ടുണ്ട്. 

സംഭവബഹുലമാണ് മനോരഞ്ജൻ ബ്യാപാരിയുടെ എഴുത്തു ജീവിതത്തിനു മുൻപുള്ള ജീവിതം. 1950 ൽ മുൻ കിഴക്കൻ പാകിസ്ഥാനിലെ ഒരു ഗ്രാമത്തിലാണ് മനോരഞ്ജൻ ബ്യാപാരിയുടെ ജനനം.വിഭജനശേഷം  ഇന്ത്യയിലെ പശ്ചിമ ബംഗാളിൽ കുടിയേറുകയായിരുന്നു കുടുംബം
. പശുക്കളെയും ,ആടുകളേയും മേച്ചു നടക്കുകയും, അതിനു ശേഷം ചായക്കടകളിലും, ഹോട്ടലുകളിലും പണി ചെയ്തു നടന്നിരുന്നതിനാൽ സ്‌കൂളിൽ പോക്ക് എന്നൊരു സംഗതി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. നക്സലിസ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായിരുന്നു ബ്യാപാരി,അത് പക്ഷെ ജയിലിൽ കിടക്കാനും കാരണമായി. അവിടെ വച്ചാണ് എഴുതാനും ,വായിക്കാനും പഠിച്ചത്. മഹാശ്വേതാ ദേവിയുമായുള്ള കണ്ടുമുട്ടലായിരുന്നു എഴുത്തുജീവിതത്തിലേക്കു കാലെടുത്തുവെയ്ക്കാനിടയായത്. 

 നിരവധി ഉപന്യാസങ്ങൾക്കും കവിതകൾക്കും പുറമെ പന്ത്രണ്ട് നോവലുകളും നൂറിലധികം ചെറുകഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്.My Chandal Life: An Autobiography of a Dalit എന്ന തന്റെ ആത്മകഥയ്ക്ക് ബംഗ്ലാ അക്കാദമി യുടെ  സുപ്രഭ മജുംദാർ പുരസ്‌കാരം  കിട്ടുകയുണ്ടായി . 2018 ൽ ഇതേ കൃതിക്ക് ഹിന്ദു അവാർഡും ലഭിക്കുകയുണ്ടായി. 

കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ തിരുവനന്തപുരത്തു വച്ച് നടന്ന മാതൃഭൂമി  ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്‌സിൽ (MBFIL 2020) അദ്ദേഹം പങ്കെടുക്കുകയുണ്ടായി.അതിനു ശേഷം ഏകദേശം ഒരു വർഷം  കഴിയുമ്പോഴേക്കും അദ്ദേഹത്തിന്റെ രണ്ടു പുസ്തകങ്ങൾ മലയാളത്തിലേക്ക് വന്നു. ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധവും, അമാനുഷികും ആണ് ആ പുസ്തകങ്ങൾ . രണ്ടും പുറത്തിറക്കിയിരിക്കുന്നത് വെസ്റ്റ്ലാൻഡ് ന്റെ തന്നെ ‘ഏക’ യാണ്.

2019 ലെ മാൻ ബുക്കർ ഇന്റർനാഷൻ നേടിയ ജോഖ അൽഹാരിസിയുടെ നിലാവിന്റെ പെണ്ണുങ്ങൾ, അവരുടെ തന്നെ മധുര നാരകം തുടങ്ങിയ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഇബ്രാഹിം ബാദ്ഷാ വാഹിയാണ് ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം എന്ന പുസ്തകവും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.

ഒരു പാകിസ്ഥാൻ മലയാളിയുടെ ആത്മകഥ



നാളുകൾക്കു മുൻപ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന എഴുത്തുകാരൻ ബെന്യാമിന്റെ കറാച്ചി യാത്ര അനുഭവങ്ങൾ വായിച്ചാണ് പൊതുവെ അന്യമായ പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ വ്യത്യസ്തമായ മറ്റൊരു മുഖം കൂടി അറിയാൻ കഴിഞ്ഞത്.മാതൃഭൂമിയിലെ ആ സീരീസ് കഴിഞ്ഞതിനുശേഷം ഇരട്ടമുഖമുള്ള നഗരം എന്ന പേരിൽ ഗ്രീൻബുക്സ് ആ ആ കറാച്ചി യാത്രാ അനുഭവങ്ങൾ പുസ്തകമാക്കുകയുണ്ടായി. ആ പുസ്തകം പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ രാഷ്ട്രീയമുഖങ്ങളെക്കുറിച്ചൊന്നും അധികം വെളിപ്പെടുത്തുകയുണ്ടായില്ല.അല്ലെങ്കിലും എഴുത്തുകാരന്റെ  അത്തരം യാത്രകളിലെ പരിമിതമായ സമയം കൊണ്ട് അതുപോലുള്ള ഗൗരവ വിഷയങ്ങളെ അടയാളപ്പെടുത്തിയിടുക അത്ര എളുപ്പവുമല്ല. 

 
ബിയാത്തീൽ  മൊഹിയുദ്ദീൻ കുട്ടി എന്ന ബി എം കുട്ടിയുടെ ആത്മകഥയുടെ പേരാണ് ഒരു പാകിസ്ഥാൻ മലയാളിയുടെ ആത്മകഥ. Sixty years in self exile no regrets:No Regrets എന്ന ഇംഗ്ലീഷ് പുസ്തകം മലയാളത്തിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് പക്ഷെ എ വിജയരാഘവനാണ്. 

1930 ൽ  മലപ്പുറം ജില്ലയിലെ തിരൂരിലാണ് മൊയ്തീൻ  കുട്ടിയുടെ ജനനം. വിദ്യാർത്ഥി കാലഘട്ടത്തിൽ അദ്ദേഹം സോഷ്യലിസ്റ്റ്,ഇടതുപക്ഷ രാഷ്ട്രീയ വീക്ഷണങ്ങളിൽ ആകർഷിക്കപ്പെടുകയും കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിൽ ചേരുകയും ചെയ്തു.കുടുംബത്തിൽ നിന്ന് ആരെയും അറിയിക്കാതെ പാകിസ്ഥാനിലേക്ക് പോകുമ്പോൾ അദ്ദേഹത്തിന് വയസ്സ് വെറും 19 മാത്രം.1949 ലായിരുന്നു അത്. അന്നുമുതൽ അദ്ദേഹം പാകിസ്ഥാൻ ഇടതുപക്ഷ രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടു.  പാകിസ്താനിലെത്തിയപ്പോഴാണ് പേരിലെ മൊയ്തീൻകുട്ടി ,മൊഹിയുദ്ദീൻ കുട്ടി ആയി മാറിയത്. 

സാധരണക്കാരായ ഹിന്ദുക്കളും,നല്ലവരായ ജന്മികളും ലഹളക്കാരുടെ യാതൊരുവിധ ഉപദ്രവത്തിനും ഇടയായില്ല എന്നദ്ദേഹം 1921 ലെ മാപ്പിള ലഹളയെ കുറിച്ച് പരാമർശിച്ചിട്ടുള്ളത്. അതുപോലെ അന്ന് വളരെ ഒച്ചപ്പാടുണ്ടാക്കിയ മുസ്ലിം പ്രമാണിയായ ഖാൻ ബഹാദൂർ കിളിയമണ്ണിൽ ഉണ്ണീൻ സാഹിബ് മതം മാറി കിളിരൂർ രാമസിഹൻ എന്ന പേര് സ്വീകരിച്ചതിനെ  ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെയും കുറിച്ച് പുസ്‌തകത്തിന്റെ തുടക്കത്തിൽ  വിവരിച്ചിട്ടുണ്ട്.(രാമസിംഹൻ എന്നൊരു നോവൽ ഈയിടെ കയ്യിൽ കിട്ടുകയുണ്ടായി.മേല്പറഞ്ഞ  സംഭവത്തെ ആസ്പദമാക്കിയെഴുതിയ ഒരു പുസ്തകമാണത്. അതെ പറ്റി മറ്റൊരു കുറിപ്പിൽ കൂടുതലായി പറയാം)

വിഭജനാന്തര പാകിസ്ഥാനിലെ അരക്ഷിതാവസ്ഥയിൽ പിടിച്ചു നിൽക്കുക അത്ര എളുപ്പമായിരുന്നില്ല ,പക്ഷെ കുട്ടി  അതിനെയെല്ലാം അതിജീവിക്കുക തന്നെ ചെയ്തു .കേരളത്തിൽ നിന്ന് കറാച്ചിയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചും  എന്തുകൊണ്ടാണ് താൻ പാകിസ്ഥാനിൽ താമസിക്കാൻ തീരുമാനിച്ചതെന്നും വിശദമായി പുസ്തകത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷെ പാകിസ്ഥാൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയുടെ ‘നിങ്ങൾ എന്തിനാണ് പാകിസ്ഥാനിൽ വന്നത്? ബീഹാറികളിൽ നിന്നും യുപിക്കാരിൽ  നിന്നും ഡെൽഹിക്കാരിൽ നിന്നും വ്യത്യസ്തനാണ് നിങ്ങൾ.കേരളം എന്ന സ്വർഗ്ഗം വിട്ടുപോരാൻ നിങ്ങൾക്ക് നിർബന്ധിത സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല.നിങ്ങൾക്കിഷ്ടപ്പെട്ട രാഷ്ട്രീയവും അവിടെയുണ്ടായിരുന്നു.പിന്നെ എന്തിനാണ് നിങ്ങൾ അതെല്ലാം ഉപേക്ഷിച്ചു ഇങ്ങോട്ടു പോന്നത്’ എന്ന ചോദ്യത്തിന് മുൻപിൽ വ്യകതമായ ഒരു ഉത്തരം കൊടുക്കാനാവാതെ കുട്ടി പരുങ്ങുകയാണുണ്ടായത് . 

1972 ൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗവർണറായിരുന്ന ഗോസ്  ബക്ഷ് ബിസെൻജോയുമായുള്ള ബന്ധമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായത് . ബലൂചിസ്ഥാൻ ഗവർണറുടെ രാഷ്ട്രീയ സെക്രട്ടറിയായി ഇരുന്നുകൊണ്ട്  തന്റെ പ്രവർത്തന മേഖല വിപുലീകരിക്കാനും കുട്ടിയ്ക്ക് കഴിഞ്ഞു .വിദേശ ഏജന്റാണെന്നാരോപിക്കപ്പെട്ട്  ഒന്ന് രണ്ടു വർഷങ്ങൾ ജയിലിൽ കിടക്കുകയുമുണ്ടായി. 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ പീസ് കോളിഷന്റെ ജനറൽ സെക്രട്ടറിയായിരുന്നു കുട്ടി.
അറുപതുവർഷത്തെ സ്വയംസ്വീകരിച്ച  പ്രവാസജീവിതത്തിലെ വിവരങ്ങളാണ് അദ്ദേഹത്തിന്റെ ഈ ആത്മകഥയിലുള്ളത്. പാകിസ്താനിലെ നമ്മളധികവും അറിയാത്ത രാഷ്ട്രീയ നീക്കുപോക്കുകളുടെയും, സംഭവങ്ങളെയും ഈ പുസ്തകം അടയാളപ്പെടുത്തിയിട്ടുണ്ട്.


അയൂബ് ഭരണത്തിന്റെ നാലുവർഷങ്ങൾ വളരെ വിശദമായി തന്നെ പുസ്തകം കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷെ 1965  ലെ ഇന്ത്യയുമായുള്ള യുദ്ധസാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം സ്വന്തമൊരു അഭിപ്രായം പറഞ്ഞിട്ടില്ല. അത് മാത്രമല്ല 1965 ൽ ജനുവരിയിൽ നടന്ന താഷ്കന്റ് പ്രഖ്യാപനത്തിനു ശേഷം നടന്ന ശാസ്ത്രിയുടെ മരണത്തെകുറിച്ചോ ഒരു ചെറു വിവരം പോലുമില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന യുദ്ധങ്ങളെ കുറിച്ച് നാമമാത്രമായ പരാമർശമേ പുസ്തകത്തിലുള്ളൂ. ആ യുദ്ധങ്ങളുടെ പിന്നിൽ ഉണ്ടായിരുന്ന  രാഷ്ട്രീയ സാഹചര്യങ്ങൾ എന്തുകൊണ്ടാണ് അദ്ദേഹം വിട്ടു കളഞ്ഞതെന്നന്നറിഞ്ഞുകൂടാ. ഇനി അഥവാ യുദ്ധങ്ങളെക്കുറിച്ചു അഭിപ്രായം പറയേണ്ടി വരുന്ന ഏതെങ്കിലും നിർബന്ധിത സാഹചര്യം ഉണ്ടായാൽ തന്നെ ആ വിഷയത്തിൽ മറ്റുള്ളവർ നടത്തിയ  ഏതെങ്കിലും  അഭിപ്രായത്തെ അതേ പടി പകർത്തുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. മുഷറഫിന്റെ കാലത്തു നടന്ന കാർഗിൽ യുദ്ധത്തിന്റെ കാര്യവും ഇക്കാര്യത്തിൽ വ്യത്യസ്ഥമല്ല. 

പാക്കിസ്ഥാനിലാണെങ്കിലും ഇടയ്ക്കിടെ കേരത്തിൽ വരാറുള്ള ബിഎം കുട്ടി ഇ എം എസ്സും ,സുർജിത്തുമായുള്ള കൂടിക്കാഴ്ചയുടെ ഓർമ്മകൾ പങ്കുവെക്കുന്നുണ്ട്. പക്ഷെ നായനാരെ കുറിച്ച് പറഞ്ഞ പരാമർശം എന്തുകൊണ്ടോ വ്യക്തമായില്ല. പ്രാപ്തനെങ്കിലും അല്പം മുൻകോപിയാണ് എന്നാണദ്ദേഹം നായനാരെക്കുറിച്ചു എഴുതിയിരിക്കുന്നത്. ആദ്യത്തേതിൽ ഒട്ടും സംശയമില്ലാത്ത കാര്യമാണെങ്കിലും രണ്ടാമത് പറഞ്ഞിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലും, അനുഭവത്തിലുമാണ് എന്നദ്ദേഹം കൂട്ടി ചേർത്തിട്ടില്ല. 

ഇന്ത്യയിലെ പുതുതലമുറയുടെ സാമ്രജ്യത്വ വിരുദ്ധ പോരാട്ടത്തിലെ അലംഭാവത്തെ അദ്ദേഹം കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനെ പോലെ ഒരു ഏഷ്യൻ യൂണിയൻ രൂപീകരിച്ചു    ഐക്യത്തിനായി പരിശ്രമിക്കണം എന്നദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

വിഭജനവും അതിനു ശേഷമുള്ള ഇന്ത്യയുമായുള്ള യുദ്ധങ്ങളും, പട്ടാള അട്ടിമറിയും, അധികാരത്തിലിരുന്നിരുന്ന പ്രമുഖരുടെ തൂക്കിലേറ്റലും, ബേനസീർ ഭൂട്ടോയുടെ കൊലപാതകവും, പർവേസ് മുഷറഫിന്റെ സമയത്തുണ്ടായ  കാർഗിൽ യുദ്ധവും, ഇപ്പോഴത്തെ ഇമ്രാൻഖാന്റെ കാലത്തുണ്ടായ സംഭവ പരമ്പരകളുമൊക്കെയാണ്  പാകിസ്താനെ കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തുന്നത്. മുഖ്യധാരാ സംഭവങ്ങളൊഴികെ,അതിനുമപ്പുറം പാകിസ്താനിൽ നടക്കുന്ന   രാഷട്രീയ മാറ്റങ്ങളും,മുന്നേറ്റങ്ങളും ,ചരടു വലികളുമൊക്കെ അറിയാനും  പരിമിതികളുമുണ്ട്.
  അതുകൊണ്ടാകണം അമ്മട്ടിൽ നമുക്കൊരു പുസ്തകമില്ലായെന്നത് ഈ  പുസ്തകത്തിന്റെ മൂല്യം വളരെ വർദ്ധിപ്പിക്കുന്നുണ്ടെന്ന്   ഈ പുസ്തകത്തിന്റെ അവതാരികയിൽ എം എൻ കാരശ്ശേരി എഴുതിയത്.

യുപി കാരിയായ  ബിർജിസ് സിദ്ദിഖിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ . തന്റെ ആത്മകഥയുടെ മലയാളം പരിഭാഷ പുറത്തിറങ്ങികാണണമെന്നു അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു , പക്ഷെ ആ ആഗ്രഹം ബാക്കിയാക്കി  2019 ഓഗസ്റ്റ് 25 ന് എൺപത്തിയൊമ്പതാമത്തെ  വയസ്സിൽ അദ്ദേഹം  അന്തരിച്ചു. മനോരമ ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് , വില 495 രൂപ. 

സ്റ്റീവ് അൻഡേഴ്സന്റെ മധ്യവേനൽ അവധിക്കാലം -ഒന്നാം പുസ്തകം

 

കുട്ടിക്കാലത്തെക്കുറിച്ച് ആലോചിക്കാൻ ശ്രമിച്ചാൽ നിരവധി കാര്യങ്ങൾ ചിലപ്പോൾ നമ്മുടെ മനസ്സിലേക്കോടി വരും.വീട്ടിൽ നടന്ന മറക്കാൻ പറ്റാത്ത സംഭവങ്ങൾ,അമ്മൂമ്മയുടെയും,മുത്തച്ഛന്റേയും കൂടെയുള്ള അനുഭവങ്ങൾ, അവർ പറഞ്ഞു തന്നിരുന്ന പല പല കഥകൾ,അവധിക്കാലത്തെ യാത്രകൾ, അച്ഛനോ അമ്മയോ  വായിച്ചു കേൾപ്പിച്ചു തന്നിരുന്ന  ബാലമാസികകളിലെ കഥകൾ ,അവധി ദിവസങ്ങളിൽ മുടങ്ങാതെ കണ്ടിരുന്ന കാർട്ടൂണുകൾ,  ടിവി പരിപാടികൾ, ട്യൂഷന് പോക്ക്,സ്കൂൾ കാലഘട്ടത്തിലെ ആദ്യ പ്രണയം,സ്കൂളിലെ കൂട്ടുകാരുമൊന്നിച്ചുള്ള സാഹസികവും അല്ലാതെയുമുള്ള യാത്രകൾ.. എന്നിങ്ങനെ പറയാൻ തുടങ്ങിയാൽ നിരവധിയുണ്ട്. 


സ്റ്റീവ് ആൻഡേഴ്സന്റെ മധ്യവേനൽ അവധിക്കാലം എന്ന ഒന്നാം പുസ്തകവും കൈകാര്യം ചെയ്യപ്പെടുന്ന വിഷയം ഏതാണ്ടിതൊക്കെ  തന്നെയാണ്. കാലദേശസ്ഥലികൾ മാറിയാലും അവയിൽ മേല്പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊന്ന് കാണാതിരിക്കില്ല. 

ഗോവയിലെ കലാൻഗുട്ടിൽ  ബാർ എക്ലിപ്സ് എന്ന ബാർ നടത്തുകയാണ് ലണ്ടൻകാരിയയായ കാരെനും ഭർത്താവ് ക്രെയ്‌ഗും.തന്റെ  ആ പ്രിയപ്പെട്ട ബാറിലിരുന്നുകൊണ്ടു  നോവലിന്റെ ആഖ്യാതാവും നായകനുമായ സ്റ്റീവ് തന്റെ ബാല്യകാല ഓർമകളെ കുറിച്ച് പങ്കുവെയ്ക്കുകയാണ് മധ്യവേനൽ അവധിക്കാലം :അത് നീയായിരുന്നോ ? എന്ന ആദ്യ പുസ്തകത്തിൽ. പുരുഷന്മാരുടെ മനസ്സ് വായിക്കാൻ അതിവിദഗ്ദ്ധരാണ് സ്ത്രീകൾ എന്നാണ് സ്റ്റീവ്ന്റെ അഭിപ്രായം. കാരെന്റെ  നിർബന്ധത്തിനു വഴങ്ങി  സ്റ്റീവ് തന്റെ ഓർമ്മകളുടെ ആ നല്ല കാലത്തെ  കുറിച്ചു   മനസ്സ് തുറക്കുന്ന രീതിയിലാണ്  നോവൽ അവതരിപ്പിച്ചിട്ടുള്ളത്. 

1974 ജൂണിലെ ഒരു സ്കൂൾ അവധി വേനൽക്കാലത്ത്, പതിനൊന്ന് വയസ്സുള്ള സ്റ്റീവ് ,പത്ത് വയസ്സുള്ള ലോറൈനെ ആദ്യമായി കണ്ടുമുട്ടുന്നതും ,അന്ന് മുതൽ  പ്രായപൂർത്തിയാകുന്നതിലേക്കുള്ള അവരുടെ യാത്രകളുമാണ് ഈ പുസ്തകത്തിലുള്ളത് . നമ്മുടെ ചിലരുടെയെങ്കിലും  ബാല്യകാലത്തെക്കുറിച്ചോർക്കുമ്പോൾ കടന്നു വരാൻ സാധ്യതയുള്ള സാഹസികത നിറഞ്ഞ യാത്രകളും,അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമൊക്കെ തന്നെയാണ് സ്റ്റീവിനും പറയാനുള്ളത്. ബാല്യകാലത്തെ നിഷ്കളങ്കമായ ജിജ്ഞാസകളും,അത് സൃഷ്ടിക്കുന്ന സങ്കീർണ്ണത നിറഞ്ഞ യാത്രകളും, ആശയകുഴപ്പങ്ങളുമൊക്കെ  ഇവിടെയും  കടന്നു വരുന്നുണ്ട്. കുട്ടിക്കാലത്തു വളരെ ആഗ്രഹിച്ച ഒരു വസ്തു സ്വന്തമാക്കാൻ പണിപ്പെടുകയും  അത് കൈയ്യിൽ കിട്ടുന്ന നിമിഷം വരെ അനുഭവിക്കുന്ന ആകാംക്ഷയും, ഉത്കണ്ഠയുമൊക്കെ വായനക്കാരിലും സൃഷ്ടിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു . നാളുകൾക്കു ശേഷം ഒരു പ്രത്യേക സാഹചര്യത്തിൽ അവർക്കു പിരിയേണ്ടിവരികയും, മുതിരുന്നതോടെ കുട്ടിക്കാലത്തുണ്ടായിരുന്ന അവരുടെ ആ നിഷ്കളങ്കത മങ്ങുകയും ,ലോകത്തിന്റെ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ പുറപ്പെട്ടിറങ്ങുന്ന  അവരുടെ മറ്റൊരു വശവും നമുക്കിതിൽ കാണാം.ലോറൈനെ കണ്ടെത്താനുള്ള  സ്റ്റീവിന്റെ ശ്രമങ്ങളെ കുറിച്ചാണ് നോവലിന്റെ അവസാന ഭാഗത്തുള്ളത്. ഒന്നാം പുസ്തകം അവസാനിക്കുന്നതും അതെ കുറിച്ചു പറഞ്ഞുകൊണ്ടാണ്. ഇതിന്റെ രണ്ടാം ഭാഗം ഉടനെ പ്രതീക്ഷിക്കാവുന്നതാണ്. 
 
വളരെ എളുപ്പത്തിൽ വായിച്ചു തീർക്കാവുന്ന ഒരു ചെറു പുസ്തകമാണിത്. അമീഷിന്റെ രാവണൻ,ചേതൻ ഭഗത്തിന്റെ  105-ാം മുറിയിലെ പെണ്‍കുട്ടി തുടങ്ങിയ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കബനി സി തന്നെയാണ് ഈ പുസ്തകം നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. വീസീ ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.  

കാളിദാസന്റെ മേഘസന്ദേശവും കെ പി സുധീരയുടെ പ്രണയദൂതും



സംസ്കൃത സാഹിത്യത്തിലെ ത്രിമൂർത്തികളിലൊരാളായാണ് കാളിദാസനെ വിശേഷിപ്പിക്കുന്നത്. 
പ്രകൃതി വർണ്ണനകളേയും ,ഉപമകളേയും ധാരാളമായി,അതിവിദഗ്ദ്ധമായി  ഉപയോഗപ്പെടുത്തിയിട്ടുള്ള കവിയാണ് കാളിദാസൻ. കുന്തളേശ്വര ദൌത്യം പോലുള്ള   നാല്പതിലധികം കൃതികളുടെ അവകാശം  കാളിദാസന്റെ മേൽ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും വെറും ഏഴെണ്ണം  മാത്രമാണ് അദ്ദേഹത്തിന്റെതായി ഉറപ്പിച്ചു പറയാൻ കഴിഞ്ഞിട്ടുള്ളൂ. 

കാളിദാസന്റെ വ്യക്തിജീവിതത്തെ കുറിച്ച് അധികമൊന്നും ലഭ്യമല്ല. ലഭ്യമായതിൽ പലതും ഐതീഹ്യങ്ങളിൽ പൊതിഞ്ഞതും, അതിശയോക്തികളുമാണ്. ഇരിക്കുന്ന കൊമ്പു മുറിയ്ക്കുന്ന ഒരു വിഡ്ഡിയിൽ നിന്നും കാളീദേവിയുടെ അനുഗ്രഹത്താൽ വിദ്വാനായ കഥയാണ് അതിൽ ഏറ്റവും പ്രശസ്തം.നീലകണ്ഠൻ എന്നു പേരായ ബ്രഹ്മണ്നായിരുന്നു കാളിദാസൻ എന്ന മറ്റൊരു  കഥ  കൂടിയുണ്ട്. അതല്ല ലങ്കയിലെ രാജാവായ കുമാരദാസന്റെ സുഹൃത്തായിരുന്നുവെന്നും പറയുന്നുണ്ട്. അനേകം വിക്രമാദിത്യന്മാർ ഉണ്ടായിരുന്നതുകൊണ്ട്  ഏതു വിക്രമാദിത്യന്റെ സദസ്സിലായിരുന്നു കാളിദാസൻ എന്നും വ്യക്തമല്ല. 

കാളിദാസനെ കുറിച്ച് ഇവിടെ പറയുമ്പോൾ മാരാരെ കുറിച്ച് പറയാതിരിക്കാനാവില്ല. കാളിദാസ കൃതികളെ കുറിച്ച് അത്രമേൽ പഠനങ്ങൾ നടത്തിയിട്ടുണ്ട് മാരാർ. കാളിദാസന്റെ നാല് കൃതികൾക്കെ മാരാർ പരിഭാഷ തയ്യാറാക്കിയിട്ടുളളൂ, കുമാര സംഭവം,  രഘുവംശം ,മേഘസന്ദേശം,അഭിജ്ഞാന ശാകുന്തളം എന്നിവയാണവ. 

സാഹിത്യത്തിൽ സന്ദേഹകാവ്യങ്ങൾക്ക് വഴികാട്ടിയായി ഭവിച്ചത് മേഘസന്ദേശമാണെന്നാണ് പറയപ്പെടുന്നത്.പ്രിയജന വിരഹം മനുഷ്യ മനസ്സിനെ എങ്ങനെ ബാധിക്കുന്നുവെന്നതാണ് മേഘസന്ദേശത്തിന്റെ ഉള്ളടക്കം. മേഘസന്ദേശം പിറന്നതിനു പിന്നിൽ ഒരു കഥയുണ്ട്. 

വിക്രമാദിത്യത്തിന്റെ സദസ്സിൽ കാളിദാസന്റെ കവിതകൾ കേളക്കാൻ നിരവധിയാളുകൾ കാത്തു നിന്നിരുന്നു. കൊട്ടാരകെട്ടിനകത്തും ഒരാൾ അദ്ദേഹത്തിന്റെ കവിതകൾക്കായി അക്ഷമയോടെ ഇരുന്നിരുന്നു. മറ്റാരുമല്ല , രാജാവിന്റെ സഹോദരിയായിരുന്നുവത്. കാളിദാസന്റെ കവിതകൾക്കായി കാത്തുകൊടുത്തിരുന്നവൾ പിന്നീട് കാളിദാസനെ മാത്രം കാത്തിരിപ്പായി. കാവ്യ പൂജ, കവി പൂജയിലേക്ക് വഴിമാറി. കാളിദാസനിൽ അസൂയയുണ്ടായിരുന്ന മറ്റു പണ്ഡിതർ ഈ വിവരം രാജാവിനെ അറിയിച്ചു. കാളിദാസന്റെ ആസ്ഥാന പദവിയിൽ കണ്ണും നട്ടിരുന്ന ആ ഉപജാപകസംഘത്തിന്റെ വാക്കുകൾ രാജാവു വകവെച്ചില്ലെങ്കിലും ,അതിന്റെ പിന്നിലുള്ള സത്യമറിയണമെന്ന് തീരുമാനിച്ചു. അവരുടെ കഥയിൽ കാര്യമുണ്ടെന്ന് ബോധ്യപ്പെട്ട രാജാവ് കാളിദാസനെ കൊട്ടാരത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നതിൽ നിന്നും വിലക്കി. ദൂരെ എവിടെയെങ്കിലും ഒരു വർഷകാലയളവിൽ മാറി തമാസിക്കാനായിരുന്നു ഉത്തരവ്. കണ്ണകന്നാൽ മനസ്സകന്നു എന്നാണല്ലോ , ആ ഒരു വർഷം കൊണ്ട് കുമാരിയുടെ മനസ്സുമാറ്റി ഒരു രാജകുമാരനെക്കൊണ്ട് കുമാരിയുടെ വിവാഹം കഴിപ്പിച്ചു കൊടുക്കാമെന്നാണ് രാജാവു കണക്കുകൂട്ടിയത്. 
ഒരു യക്ഷന്റെ വിരഹകഥ മനസ്സിലുണ്ടായിരുന്ന കാളിദാസൻ ആ വിരഹകാലം ഒരു കാവ്യമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. അവിടെ താൻ യക്ഷനും, രാജകുമാരിയെ യക്ഷപത്നിയുമായി അവരോധിച്ച് രചിച്ചതാണ് മേഘസന്ദേശം. വിരഹമാണ് കാവ്യോല്പത്തിക്ക് കാരണമെങ്കിലും മുഖ്യ വിഷയം ആ വേർപാട് മാത്രമല്ല ,മറിച്ച് പ്രണയത്തിന്റെയും ,പ്രകൃതിയുടേയും കൂടി കാവ്യമാണ്. 

ആദ്യം മനസ്സിലാക്കേണ്ടത്,മനസ്സിലുറപ്പിക്കേണ്ടത് മേഘസന്ദേശം പരമാർത്ഥത്തിൽ ഒരു സന്ദേശം പറഞ്ഞേൽപ്പിക്കലല്ലെന്നാണ് മാരാർ  പറയുന്നത് . പുറമെയുള്ള സന്ദേശരൂപം ഇതിലെ ഭാവനാ ലാവണ്യത്തിനു ചാർത്തിക്കൊടുത്ത ഒരു കസവണി സാരിയാണ്.അതുകൊണ്ടാണ് യക്ഷനും മേഘവും രണ്ടല്ല ഒന്നു തന്നെയാണെന്ന് അദ്ദേഹം പറയുന്നത്.  അതിനുള്ള കാരണവും മാരാർ അക്കമിട്ട്  നിരത്തുന്നുണ്ട്. 
മേഘ സന്ദേശത്തിൽ കാളിദാസൻ  എഴുതിനിർത്തിയിടത്തിനു ഒരു അവസാനം വന്നിട്ടില്ല എന്ന് കരുതി നാലഞ്ചു ശ്ലോകങ്ങൾ കൂടി ആരോ ചിലർ എഴുതി ചേർത്തിട്ടുണ്ടെന്നും  മാരാർ ആരോപിച്ചിട്ടുണ്ട്. മേഘ സന്ദേശത്തിന് ശേഷം മലയാളമുൾപ്പെടെയുള്ള  നിരവധി ഭാഷകളിൽ നിരവധി സന്ദേശ കാവ്യങ്ങൾ ഉണ്ടായി. 

കാളിദാസനെ പ്രശസ്തിയിലേക്ക് ഉയർത്തിവിട്ട നഗരമാണ് ഉജ്ജയിനി, തന്റെ പ്രണയിനിയെ നഷ്ടപ്പെടുത്തിയതും അതേ ഉജ്ജയിനി തന്നെ . തന്റെ പ്രിയപ്പെട്ട നഗരമായതുകൊണ്ടാകണം മേഘസന്ദേശത്തിലും ഉജ്ജയിനിയെ കുറിച്ച് പരാമർശമുണ്ട്.  വഴിയിലെ കാഴ്ചകളെല്ലാം കണ്ട് വേണ്ടത്ര ആസ്വദിച്ചു വേണം യാത്രയെന്നു യക്ഷൻ മേഘത്തോട് പറയുന്നുണ്ടല്ലോ . വഴിയല്പം വളഞ്ഞാലും  വേണ്ടില്ല ,ഉജ്ജയിനി കാണാതെ പോകരുത് എന്നും  കൂടിച്ചേർക്കുന്നുണ്ട്. ഓ.എൻ.വി യുടെ ഉജ്ജയിനി എന്ന പേരിലുള്ള കവിതയും ആ നഗരത്തെ അധികമായി തന്നെ വിവരിക്കുന്നുണ്ട്.  പ്രത്യേക സംഭവങ്ങലൊന്നും കൂടാതെ തന്നെ വളരെ ചെറിയ സംഭവമെടുത്ത് വർണ്ണിച്ചിരിക്കുകയാണ് മേഘസന്ദേശത്തിൽ  കാളിദാസൻ ചെയ്തിരിക്കുന്നത് . 

ആകാശത്ത് കുട്ടികൊമ്പനെ പോലെ തോന്നിക്കുന്ന മേഘകൂട്ടത്തിനോട്  നായകൻ തന്റെ പ്രണയ സന്ദേശം പ്രണയിനിയ്ക്ക് എത്തിക്കാൻ വേണ്ടി  പറഞ്ഞ് കേൾപ്പിക്കുന്നതാണല്ലോ മേഘസന്ദേശം. ആ സന്ദർഭത്തോടു  ചേർന്നു നിന്നുകൊണ്ടുള്ള ഒരു നോവൽ ആവിഷ്കാരമാണ് കെ പി സുധീര പ്രണയദൂത്  എന്ന നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.  മേഘസന്ദേശത്തിലെ  നായകനും നായികയ്ക്കും യഥാര്‍ത്ഥത്തിൽ ഒരു പേരില്ല എങ്കിലും ഇവിടെ യക്ഷന് ആരൂഡൻ  എന്നും നായികയ്ക്കു പൂർണ്ണിമയെന്നും പേരുകൾ നല്കിയിട്ടുണ്ട് എഴുത്തുകാരി. തന്റെ പ്രണയിനി  പൂർണ്ണിമയോടുള്ള വികാര വിക്ഷോഭത്തിന്റെ വിസ്ഫോടനമാണ്  ആരൂഡൻ എന്ന ​വിരഹിയായ  യക്ഷൻ  പ്രകടിപ്പിക്കുന്നത്. 

കളിദാസനെപ്പോലൊരു മഹാപണ്ഡിതന്റെ കൃതിയെ ആധാരമാക്കി നോവലെഴുതുക എന്ന സാഹസികതയെ അവിശ്വസനീയമായി രേഖപ്പെടുത്തിയിരിക്കുന്നത് എഴുത്തുകാരിയുടെ വിനയമായി മാത്രമേ കാണാനാകൂ. പ്രണയദൂത് ഒരിക്കലും കാളിദാസന്റെ മേഘസന്ദേശവുമായി താരതമ്യം ചെയ്യാനാവില്ല.  മേഘസന്ദേശത്തിന്റെ പദാനുപദ മലയാള പരിഭാഷയോ, വ്യാഖാനമോ ഒന്നുമല്ല ഈ നോവലെന്നുള്ളത് തന്നെയാണതിന്റെ കാരണം  .പക്ഷേ കാളിദാസന്റെ മേഘസന്ദേശം മലയാള ഭാഷയിലേക്ക് ഒരു പരകായ പ്രവേശം നടത്തിരിക്കുകയാണ് എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാകില്ല. 

കവിതയിൽ അനുയോജ്യമായ പദങ്ങൾ കണ്ടെത്തുക ശ്രമകരമായ ഒരു വസ്തുതയാണ്. കാവ്യഭംഗിയക്ക് അത്യന്തം സൂക്ഷ്മതയോടെ,കണിശതയോടെ പദങ്ങളുടെ തെരഞ്ഞെടുപ്പുകളിൽ ഔചിത്യം പുലർത്തിയ കവിയാണ് കാളിദാസൻ.  ഈ നോവലിലും അതേ സൂക്ഷ്മതയോടെ വാക്കുകളെയും, പ്രയോഗങ്ങളെയും നിരത്തിയിട്ടുണ്ട് എഴുത്തുകാരി.  പേരറിയാത്ത അനേകവൃക്ഷങ്ങളുടെ തലപ്പുകളിൽ ആനന്ദ നൃത്തം ചെയ്യുന്ന കാറ്റിന്റെ പ്രണയകോലാഹലങ്ങൾ ഞാൻ ആർത്തിയോടെ കണ്ടു നിന്നു എന്ന പോലെയുള്ള നോവലിലെ വാചകങ്ങൾ തന്നെ നോക്കുക . ഗദ്യരൂപത്തിലായിരുന്നിട്ടു കൂടി ആസ്വാദനാത്മകതയിൽ തെല്ലും വിട്ടു വീഴ്ചയില്ലാതെ എഴുതിയ ഒരു നോവലാണ്  പ്രണയദൂത് . നോവലിൽ കാളിദാസൻ സൃഷ്ടിച്ചു വച്ചിട്ടുള്ള ഒരു ജൈവമണ്ഡലത്തെ തികച്ചും തന്റേതായ രീതിയിൽ ഭാഷകൊണ്ടും ,പ്രയോഗങ്ങൾക്കൊണ്ടും ആവിഷ്കരിക്കാൻ എഴുത്തുകാരിയ്ക്കു കഴിഞ്ഞിട്ടുണ്ട്. മാതൃഭൂമി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 190 രൂപ. 

ഉന്മാദിയുടെ കരുനീക്കങ്ങൾ

 


രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രസീലിൽ  പ്രവാസത്തിലായിരിക്കുമ്പോൾ സ്റ്റെഫാൻ സ്വെയ്‌ഗ്‌ എഴുതിയ നോവലാണ് ദി റോയൽ ഗെയിം.യുദ്ധവുമായി ബന്ധപ്പെട്ടു ഈ പുസ്തകത്തിനപ്പുറം നിരവധി കാര്യങ്ങളുണ്ടെങ്കിലും  ആദ്യം പുസ്തകത്തെക്കുറിച്ചു പറയാം. 

ന്യൂയോർക്കിൽ നിന്നും  ബ്യൂണസ് അയേഴ്സിലേക്കുള്ള ഒരു കപ്പൽ  യാത്രയിലെ സംഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം . യാത്ര തുടങ്ങുമ്പോൾ നമ്മുടെ ആഖ്യാതാവ് അറിയപ്പെടുന്ന ലോക ചെസ്സ് ചാമ്പ്യനായ മിർകോ സെന്റോവിച്ചിനെ കപ്പലിൽ വച്ച് കണ്ടുമുട്ടുന്നതോടെയാണ് നോവലാരംഭിക്കുന്നത്.

സ്ലോവേനിയയിലെ തികച്ചും ഗ്രാമീണമായ ചുറ്റുപാടുകളിൽ നിന്നും വളർന്നു വന്നയാളാണ്  മിർകോ സെന്റോവിച്‌. ഒന്നിനെപ്പറ്റിയും കൂടുതൽ അറിയാത്ത ഒരു പാവമായിട്ടാണ് തുടക്കത്തിൽ അവന്റെ കഥ പറഞ്ഞിരിക്കുന്നതെങ്കിലും ഇന്നയാൾ ഉന്നത നിലയിലെത്തിക്കഴിഞ്ഞിരിക്കുന്നു.പക്ഷെ ഒരു ചെസ്സ് ചാമ്പ്യൻ എന്നതിലുപരി അയാൾ മറ്റൊന്നും നേടിയിട്ടില്ല. നേരമ്പോക്കിനായിട്ടുകൂടി കപ്പലിലുള്ളവരോടൊപ്പം അയാൾ  ചെസ്സ് കളിക്കുന്നത്  ഒരു നിശ്ചിത തുകയ്ക്കാണ്. അയാൾക്കെതിരെ ഒരു കൂട്ടം ആളുകൾ തങ്ങളുടെ ചെസ്സിലുള്ള കഴിവുകൾ മുഴുവനും പ്രയോഗിക്കാൻ ശ്രമിച്ചിട്ടും അവരെയൊക്കെ അയാൾ നിഷ്പ്രയാസം തോൽപ്പിച്ചു കളഞ്ഞു. എന്നാൽ അവരെ അമ്പരിപ്പിച്ചു കൊണ്ട് കളിയ്ക്കിടെ ഒരാൾ പ്രത്യക്ഷപ്പെടുകയാണ്.

 അയാളുടെ ഒരു ഉപദേശം കൊണ്ട് തന്നെ സെന്റോവിച്ചിനെ സമനിലയിൽ കുരുക്കാൻ അവർക്കു കഴിഞ്ഞു. അടുത്ത കളി ഡോ. ബി യെന്നു വിളിക്കുന്ന ആ അപരിചിതനെക്കൊണ്ട് യാത്രക്കാർ സെന്റോവിച്ചിനൊപ്പം കളിക്കാൻ പ്രേരിപ്പിച്ചെങ്കിലും ആദ്യം അയാളത് നിരസിക്കുകയാണുണ്ടായത്. ഇങ്ങനെയൊരു വിദഗ്ദ്ധനായ ചെസ്സ് കളിക്കാരനായിത്തീർന്നതെങ്ങനെയെന്ന് ആഖ്യാതാവ്  ചോദിക്കുമ്പോൾ, ഡോ. ബി തന്റെ അമ്പരിപ്പിക്കുന്ന കഥ വിവരിക്കുകയാണ്. നോവലിന്റെ ഏറ്റവും ഹൃദയസ്പൃക്കുമായ  ഭാഗം ഡോ ബി യുടെ കഥയാണ്. മിർകോ സെന്റോവിച്ചും ഡോ.​​ബി യും തമ്മിലുള്ള അവസാന മത്സരമാണ്  കഥയുടെ പ്രധാന ആകർഷണവും. 

രണ്ടു ധ്രുവങ്ങളിൽപ്പെട്ട കഥാപാത്രങ്ങളാണ്  സെന്റോവിച്ചും ഡോ:ബി യും.ഒരു ചെസ്സ് കളിക്കാരനെന്ന നിലയിൽ സെന്റോവിച്ച് പെട്ടെന്ന് പ്രശസ്തി നേടിയെങ്കിലും ഒരു വ്യക്തിയെന്ന നിലയിൽ അയാൾ  വിവരമില്ലാത്തവനും , പണത്തിലും അധികാരത്തിലും മാത്രം താല്പര്യം കാണിക്കുന്നവനാണ്. നോവലിൽ അയാൾ ദേശീയ സോഷ്യലിസത്തിന്റെ പ്രതീകമാണ്. എന്നാൽ ഡോ. ബി യാകട്ടെ അധികാരത്താൽ വേട്ടയാടപ്പെട്ട ഒരുവനും. ആ കപ്പലിൽ വച്ചാണ് ഡോ.ബി ആദ്യമായി നേരിട്ടൊരു ചെസ്സ് കളിക്കുന്നത് തന്നെ. 

കളിയുടെ സൗന്ദര്യം , ഏകാഗ്രത കൂട്ടാനുള്ള കഴിവ്, ആസക്തിയുള്ള വശം, കരുക്കൾ കൈവശം വയ്ക്കാനും നശിപ്പിക്കാനുമുള്ള ശക്തി എന്നിവയെക്കുറിച്ചുള്ള വിശാലമായ ഒരു സംഭാഷണത്തിലൂടെ  നാടകീയമായ പിരിമുറുക്കം സൃഷ്ടിക്കാൻ നോവലിനു കഴിഞ്ഞിട്ടുണ്ട്. ചെസിന്റെ പ്രതീകാത്മകതയിലൂടെ, യുക്തിയുടെ ഏറ്റ കുറിച്ചിലുകളെ കുറിച്ചുള്ള  ആവേശകരവും ഭയാനകവുമായ ഒരു കാഴ്ചപ്പാട് നോവലിൽ കാണാം. നിരാശയും ,നിസ്സഹായതയും വാക്കുകളിലേക്ക് പകർത്തിവെയ്ക്കുന്ന സ്വെയ്‌ഗിന്റെ രീതി അതിഗംഭീരമാണ്.


1881 ൽ ഓസ്ട്രിയയിലെ  വിയന്നയിൽ സമ്പന്നമായ ഒരു ഓസ്ട്രിയൻ-ജൂത കുടുംബത്തിലാണ്  സ്റ്റെഫാൻ സ്വെയ്‌ഗ്  ജനിച്ചത്. സിഗ്മണ്ട് ഫ്രോയിഡിന്റെ കൃതികളിൽ ആകൃഷ്ടനായിരുന്ന  സ്വെയ്‌ഗ് ,നോവലിസ്റ്റ്, നാടകകൃത്ത്, ജീവചരിത്രകാരൻ എന്നീ  മേഖലകളിൽ പ്രശസ്തനായിരുന്നു. 

1933 ൽ ഹിറ്റ്‌ലർ അധികാരത്തിൽ വന്നതോടെ സ്വെയ്‌ഗിന്റെ  പുസ്തകങ്ങൾ ജർമ്മനിയിൽ  നിരോധിക്കപ്പെട്ടു  1934 ൽ പോലീസ് സ്വീഗിന്റെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും അദ്ദേഹം ബ്രസീലിലേക്ക് കടന്നു കളഞ്ഞിരുന്നു. 1942 ഫെബ്രുവരി 23 ന് പെട്രൊപോളിസിലെ അവരുടെ വീട്ടിൽ   അദ്ദേഹത്തെയും ഭാര്യ ലോട്ടെയും മരിച്ച നിലയിൽ കണ്ടെത്തി. 

രണ്ടാം ലോക മഹായുദ്ധകാലത്തു എഴുതപ്പെട്ട നോവലാണിത് എന്ന് പറഞ്ഞുവല്ലോ .1942 ഫെബ്രുവരിയിൽ നോവലെഴുത്തു പൂർത്തീകരിച്ചുവെങ്കിലും 1943 ൽ എഴുത്തുകാരന്റെ മരണാനന്തരമാണ് ഈ നോവൽ  പ്രസിദ്ധീകരിച്ചത്. മൂലകൃതി ജർമൻ ഭാഷയിലാണ് എഴുതപ്പെട്ടത് Schachnovelle എന്ന പേരിൽ . ഇംഗ്ലീഷിൽ പിന്നീട് റോയൽ ഗെയിംഎന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ടു. 

മലയാളത്തിൽ ഉന്മാദിയുടെ കരുനീക്കങ്ങൾ എന്ന പേരിൽ ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് ഏ കെ അബ്ദുൽ മജീദ് ആണ്. സാധാരണ വിവർത്തന പുസ്തകങ്ങൾ നിരാശപ്പെടുത്താറാണുള്ളതെങ്കിലും ഈ പുസ്തകമെന്തായാലും  ആ ചീത്തപ്പേര് പേറുന്നില്ല. മറ്റൊരു കാര്യം, ഈ പുസ്തകത്തിന്റെ പ്രസാധകരെകുറിച്ചാണ്. നിയതം ബുക്ക്സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ കെട്ടിലും മട്ടിലും ഒരു പുതുമയുണ്ട്. ഗുണനിലവാരം ആദ്യപേജുകൾ മുതലേ കാണാം. വില 135 രൂപ. 

സജിൽ ശ്രീധറിന്റെ വാസവദത്തയും ആശാന്റെ കരുണയും




1923 ലാണ് കുമാരനാശാന്റെ  കരുണ എന്ന ഖണ്ഡകാവ്യം പുറത്തുവന്നത്. കരുണയിലെ ഇതിവൃത്തം  Dr. Paul Carus എന്ന അമേരിക്കൻ പണ്ഡിതന്റെ  The Gospel of Budha എന്ന പുസ്തകത്തെ ആസ്പദമാക്കിയതാണ്. 

“അനുപമകൃപാനിധിയഖിലബാന്ധവൻ ശാക്യ
ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ,
ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ”  

എന്ന് തുടങ്ങുന്ന ആശാന്റെ ഈ കവിത വഞ്ചിപ്പാട്ടു
വൃത്തത്തിലെഴുതപ്പെട്ടിട്ടുള്ളതാണ്. മലയാളം ഒന്നാം ഭാഷയായി പഠിച്ചവരിൽ ഭൂരിഭാഗവും ഈ കവിത കാണാപ്പാഠം അറിയുന്നവരായിരിക്കും. 


ഉത്തരമഥുരയിലെ  വാസവദത്ത എന്ന കേൾവിപ്പെട്ട ഒരു വേശ്യയുടെ ജീവിത സംഭവങ്ങളാണ് കരുണയിലെ ഇതിവൃത്തം. ഒരിക്കൽ ബുദ്ധശിഷ്യനായ ഉപഗുപ്തനിൽ അവൾക്കു താല്പര്യമുണ്ടാകുകയും അദ്ദേഹത്തെ പലതവണ സ്വന്തം വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തു. എന്നാൽ ആ സമാഗമത്തിന് ഇനിയും  സമയമായിട്ടില്ല എന്ന മറുപടിയോടെ അവളുടെ അഭ്യർത്ഥനകൾ അയാൾ എല്ലായ്‌പ്പോഴും നിരസ്സിക്കുകയാണുണ്ടായത്. അതേസമയം ഒരു  തൊഴിലാളി പ്രമാണിയുടെ സ്വാധീനത്താലകപ്പെട്ടിരുന്ന വാസവദത്ത മറ്റൊരു ധനികനായ വ്യാപാരിയിൽ ആകൃഷ്ടയായി.തൊഴിലാളി പ്രമാണിയായ അവളുടെ അപ്പോഴത്തെ കാമുകനെ സൂത്രത്തിൽ കൊന്നു ചാണക കുഴിയിൽ മൂടുകയും ചെയ്തു. പക്ഷേ എത്ര മൂടിവെച്ചാലും ഇത്തരം കൃത്യങ്ങളുടെ സത്യാവസ്ഥ ഒരിക്കൽ പുറത്തുവരുമല്ലോ. വിചാരണയിൽ   ചെവിയും മൂക്കും,കൈയ്യും കാലുമെല്ലാം മുറിക്കപ്പെട്ട് അവളൊരു ചൂടുക്കാട്ടിൽ തള്ളപ്പെട്ടു. 

അംഗഭംഗം വന്നു തന്റെ മരണം കാത്തു കിടക്കുന്ന അവസ്ഥയിലാണ് ഉപഗുപ്തന്റെ വരവ്. തന്റെ നല്ല കാലത്തു വരാതിരുന്ന അയാൾ എന്തുകൊണ്ട് ഈ സമയത്തു വന്നു എന്നൊരു ചോദ്യം വാസവദത്ത ഉപഗുപ്തനോട് ചോദിക്കുന്നുണ്ട് .പ്രലോഭനങ്ങളിലകപ്പെട്ട് സുഖസൗകര്യങ്ങളുടെ മെത്തയിൽ ആറാടി നടക്കുന്ന സമയത്ത് അവൾ ധർമ്മോപദേശത്തിന് യോഗ്യയായിരുന്നില്ല. ലൗകിക വിഷയങ്ങളുടെ പിന്നാലെ വിശ്രമമില്ലാതെ ഓടിനടക്കുന്നവർക്ക് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ നേരമില്ല. ഇനി അഥവാ ഉണ്ടായാലും പ്രവൃത്തിയിൽ കൊണ്ടുവരാൻ എളുപ്പവുമല്ല. ശരീര സൗന്ദര്യത്തിനുമപ്പുറം നശ്വരമായ മറ്റൊരു സൗന്ദര്യമുണ്ട്. ദു:ഖാനുഭവങ്ങൾ  അധികമുള്ളിടത്ത് മഹത്തായ അനന്ദമുണ്ടെന്ന ഒരു ചിന്തയാണ് ഉപഗുപ്തൻ അവിടെ മുന്നോട്ട് വെയ്ക്കുന്നത്. 

ഹാ! മിഴിച്ചുനിന്നവനങ്ങമ്മഥുരയിലെ മുഖ്യ-
കാമനീയകത്തിൻ ഭസ്മകദംബം കണ്ടു!

എന്ന കരുണയിലെ അവസാന ഭാഗത്തെ നോക്കുക. ഉപഗുപ്തൻ പൊഴിക്കുന്ന ആ കണ്ണീർക്കണം തന്നെയാണ് കരുണയുടെ ലക്ഷ്യം എന്ന് മുണ്ടശ്ശേരി പറയുന്നു. 

വർണ്ണനാ വിഷയം എന്തായാലും,അതിനെപറ്റി വായനക്കാർക്കുണ്ടാകുന്ന പ്രതീതിയ്ക്ക് വ്യക്തതയും ,ശക്തിയും വരുത്തുകയെന്നതാണ് അലങ്കാരത്തിന്റെ പ്രധാനോദ്ദേശ്യം. അക്കാര്യത്തിൽ ആശാൻ കാളിദാസൻെറ ദാസനാണ് എന്നാണ്  മുണ്ടശ്ശേരി  അഭിപ്രായപ്പെട്ടിട്ടുള്ളത്. വാസവദത്ത എന്ന നോവലെഴുതുമ്പോൾ ഈ വർണ്ണനാ വിഷയം നോവലിസ്റ്റായ സജിൽ ശ്രീധറിന്റെ  മനസ്സിൽ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. ലളിതമായ ഭാഷകൊണ്ട് സങ്കീർണ്ണമായ ഒരു പ്രമേയത്തെ അതിവിദഗ്ദ്ധമായി സജിൽ  ഈ നോവലിൽ  അടയാളപ്പെടുത്തിയിട്ടിട്ടുണ്ട് . എങ്കിലും കുമാരനാശാന്റെ കരുണയെ ഗദ്യരൂപത്തിൽ അതേപടി പകർത്തിയിരിക്കുകയല്ല ഇവിടെ. വാസവദത്തയുടെ ജീവിതം  എഴുത്തുകാരന്റെ കണ്ണിലൂടെ പുനരവതരിപ്പിച്ചിരിക്കുകയാണ്  സജിൽ തന്റെയീ നോവലിലൂടെ. എഴുത്തുകാരന്റെതായ ഭാവനാ സന്ദർഭങ്ങളും ,പാത്രസൃഷ്ടികളുമുണ്ടെങ്കിലും അവയെല്ലാം കഥാ സഞ്ചാരത്തിന്റെ  ഓരം ചേർന്നു പോകുന്നതായതുകൊണ്ടു ഒരു തരം മുഴച്ചുകെട്ടൽ ഒട്ടുമേ അനുഭവപ്പെടാൻ സാധ്യതയില്ല. 

നല്ലൊരു  കുടുംബത്തിൽ പിറന്നവളായിട്ടും  ലൗകിക സുഖങ്ങളുടെ പിന്നാലെ അലഞ്ഞു നടക്കുന്നവളായി വാസവദത്ത  മാറിയതിനു  പിന്നിലെ  കൊടും ചതിയുടെ വിവരണങ്ങളിലൂടെയാണ്   സജിൽ ശ്രീധറിന്റെ വാസവദത്ത എന്ന നോവലാരംഭിക്കുന്നത്. എന്നാൽ ആ ചതിയിൽപ്പെട്ടു തകർന്നു പോകുന്നതിനു പകരം പ്രയോഗികമതിയായിരുന്ന വാസവദത്തയുടെ അതിജീവനത്തിന്റെ കഥകൂടിയാണ് നോവൽ പറഞ്ഞു വെയ്ക്കുന്നത്. മാണിക്യൻ അതിനൊരു നിമിത്തമായപ്പോൾ സേട്ടുവും,ഗൌണ്ടറും അതിലെ കഥയറിയാതെ ആട്ടമാടിയ കഥാപാത്രങ്ങളായി. അവളുടെ വിശ്വസ്തതോഴി ഉത്തരയും കൂട്ടിന്നുണ്ട്. സ്വന്തം വീട്ടിൽ  ചിത്രപണികളാൽ സമ്പന്നമായ വാൽകണ്ണാടിയിൽ മുഖം നോക്കുന്ന വാസവദത്തയുടെ ഒരു രംഗത്തോടെയാണ് നോവലാരംഭിക്കുന്നത്. അവിടെ നിന്നും  ഉപഗുപ്തനാൽ കൊടുക്കുന്ന മറ്റൊരു കണ്ണാടിയിൽ പ്രാർഥനയ്ക്കായി തന്റെ തന്നെ മുഖം കാണുന്ന ,തന്റെ  ശക്തിയും ,ദൗര്‍ബല്യവും  തന്നിൽ  തന്നെയാണെന്നറിഞ്ഞ ,താൻ ആരാണെന്ന് സ്വയം തിരിച്ചറിയ്യപ്പെട്ട  ,ആത്മാവബോധം സിദ്ധിച്ച വാസവദത്തയുടെ മറ്റൊരു മുഖമാണ്  നോവലിന്റെ അവസാനഭാഗത്തു വായനക്കാർക്കു കാണാൻ കഴിയുക. 

ഭൗതിക-ലൗകിക വിഷയങ്ങളുടെ നിസ്സാരതയും, അഹംബോധത്തിന്റെ തിരിച്ചറിവുമൊക്കെ പ്രമേയമായി  വരുന്ന സാഹിത്യകൃതികൾ ധാരാളമായി വന്നിട്ടുണ്ട്. അവയെല്ലാം നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്.  
ഈ പുസ്തകത്തിൽ നോവലിസ്റ്റിന്റെതു കൂടാതെ   ഡോ: സിറിയക് തോമസ്,ഡോ :വെള്ളായണി അർജ്ജുനൻ,ഇന്ദുമേനോൻ തുടങ്ങിയവർ ഈ നോവലിനെ സംബന്ധിച്ച  അനുബന്ധ ലേഖനങ്ങളും ചേർത്തിട്ടുണ്ട്. കൂടാതെ ഈ പുസ്തകത്തെ അഭിനന്ദിച്ചുകൊണ്ടു പത്രമാസികകളിൽ വന്നതും, പ്രമുഖ വ്യക്തികളുടെ അഭിപ്രായങ്ങളും തുടക്കത്തിലേ ചേർത്തിട്ടുണ്ട്.അതൊഴിവാക്കാമായിരുന്നു എന്ന് തോന്നി.നോവൽ വായിച്ചു തുടങ്ങുന്നതിന് മുൻപേ  ഇതൊരു മഹത്തായ കൃതിയാണെന്ന ഒരു  ധ്വനി വായനക്കാരിൽ സൃഷ്ടിച്ചേക്കാം എന്ന് കരുതിയിട്ടാണോ അത്തരമൊരു സാഹസം ചെയ്തിരിക്കുന്നത് എന്നറിഞ്ഞുകൂടാ. എന്ത് തന്നെയായാലും അത്തരമൊരു പരസ്യത്തിന്റെ ആവശ്യവുമില്ലാതെ തന്നെ മികച്ച ഒരു കൃതി തന്നെയാണിത് എന്ന്  നോവൽ വായിച്ചു മടക്കുമ്പോൾ വായനക്കാർക്കും ബോധ്യപ്പെടും. 
സൈകതം ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്,വില 150 രൂപ.