സ്ഥാനാർത്ഥി


അയാളുടെ ചിരികാണാൻ  നല്ല  ചന്തമെന്നു

 പറഞ്ഞു നടന്നവരാണധികവുമിവിടെ.   

പിന്നെയെപ്പോഴോ  ചിരിയെന്തെന്നുപോലും

മറന്ന അയാളുടെ മുഖം കണ്ടവർ

അഞ്ചും മൂന്നെട്ടും ഏറിയാൽ

പത്തിൽ തികയാത്തവരുണ്ടെങ്കിലെയുള്ളൂ

കാലമേറെ ചെന്ന് അയാളിന്ന്

വീണ്ടും വെളുക്കെയുറക്കെ ചിരിച്ചു

കാണുന്നവരോടൊക്കെ കൈകൾ കൂപ്പി

തന്റെ ചിഹ്നത്തിൽ തന്നെ കുത്തണമെന്ന് പറഞ്ഞു.

പരിസ്ഥിതിവാദി

ആഗോളതാപനത്തെക്കുറിച്ച് നീണ്ട പ്രബന്ധങ്ങളെഴുതി ക്ഷീണിച്ച് അയാൾ ദേഹം തണുപ്പിക്കാൻ ഏസി ഓൺ ചെയ്തു . മനസും ശരീരവും കുളിർത്തപ്പോൾ ആരെയോ ഫോണിൽ വിളിച്ചു പറഞ്ഞു. മുറ്റത്തെ പ്ലാവും മാവും ജാതിമരവും നാളെ തന്നെ വെട്ടിക്കൊണ്ടുപോണം.. ഇവിടെല്ലാം പുല്ലുവിരിയിക്കാനുള്ളതാ..
  

ചരിത്രപരീക്ഷകൾ

ചിലരങ്ങനെയാണ്

ചരിത്രമെഴുതിക്കുന്നവർ.

മറ്റുചിലരുണ്ട്

ചരിത്രം മാറ്റിയെഴുതി

ആളാകുന്നവർ.

രണ്ടായാലുമത്

കാണാപാഠം പഠിച്ചെഴുതിയാലേ

എന്നെ പരീക്ഷയിൽ

ജയിപ്പിക്കുകയുള്ളൂ .

വെളിപാട്

കെട്ടിയവന്റെ  തല്ലു കിട്ടിമടുത്തൊരുന്നാൾ 
തിരിച്ചു തല്ലി കടം വീട്ടിയപ്പോൾ 
എണീക്കാൻ വയ്യാതെ കിടന്ന് 
കണ്ണീരവാർത്തയ്യാളോടായിഅവൾ പറഞ്ഞു 
ഞാൻ കുടിച്ച കണ്ണീരിന്റെയത്രയൊന്നും 
നിങ്ങളൊരു ബാറീന്നും കുടിച്ചിട്ടില്ല മനുഷ്യാ