Death at My Doorstep

മരണം ആരെയും വിശുദ്ധരാക്കുന്നില്ല!

ഇന്ത്യൻ സാഹിത്യത്തിലെ ഒരു പ്രധാന എഴുത്തുകാരനായ ഖുശ്വന്ത് സിംഗിന്റെ പുസ്തകമാണ് “Death at My Doorstep”. വിവിധ പത്ര-മാസികകളിൽ താൻ എഴുതിയ ലേഖനങ്ങളുടെയും പ്രസിദ്ധരും അല്ലാത്തവരുമായ വ്യക്തികൾക്ക് എഴുതിയ അനുശോചനക്കുറിപ്പുകളുടെയും ഒരു സമാഹാരമാണ് ഈ പുസ്തകം.

മരണമെന്ന കേന്ദ്രപ്രമേയത്തിന് ചുറ്റുമാണ് ഈ രചനകളെല്ലാം കറങ്ങുന്നത്. എന്നാൽ മരണത്തെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന ഒരു പുസ്തകവുമല്ല ഇത് എന്നു പറഞ്ഞുകൊള്ളട്ടെ മറിച്ച്, ജീവിതത്തിന്റെ ക്ഷണികതയെ ഓർമ്മിപ്പിച്ചുകൊണ്ട്, ഓരോ നിമിഷവും അർത്ഥപൂർണ്ണമായി ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു പുസ്തകമാണിത്.

മരിച്ചവരെ കുറിച്ച് നല്ലത് മാത്രമേ പറയാവൂ എന്ന ആശയത്തോട് തനിക്ക് ഒട്ടും യോജിപ്പില്ല എന്നദ്ദേഹം പറയുന്നുണ്ട്. ജീവിച്ചിരുന്നപ്പോൾ പാപകളായിരുന്നവർ മരിച്ചു എന്ന ഒറ്റകാരണത്താൽ സാധുക്കളാകുന്നില്ല . അത്തരം അസത്യങ്ങൾ ശവക്കല്ലറകളിൽ കൊത്തി വയ്ക്കുമ്പോൾ മറച്ചു വയ്ക്കാം. എന്നാൽ സ്മാരണാഞ്ജലികളെഴുതുമ്പോൾ മരിച്ചവരെകുറിച്ചുള്ള ഓർമ്മകുറിപ്പുകളെഴുതുമ്പോൾ അതിന്റെ ആവശ്യമില്ല എന്നും അത് സത്യസന്ധമായിരിക്കണം എന്നും ഖുശ്വന്ത് സിംഗ് പറയുന്നു.

ഖുശ്വന്ത് സിംഗ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ, വാർദ്ധക്യത്തിന്റെ അവശതകളെക്കുറിച്ചും മരണത്തെക്കുറിച്ചുള്ള ചിന്തകളെക്കുറിച്ചും തുറന്നെഴുതുന്നുണ്ട് ഈ പുസ്തകത്തിൽ . പ്രശസ്തരായ വ്യക്തികളുടെ മരണവാർത്തകളോടൊപ്പം, തന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിയോഗത്തെക്കുറിച്ചും അദ്ദേഹം അനുസ്മരിക്കുന്നു. ഈ അനുസ്മരണക്കുറിപ്പുകൾ കേവലം ജീവചരിത്രക്കുറിപ്പുകളല്ല, മറിച്ച്, ജീവിതത്തിന്റെയും മരണത്തിന്റെയും അർത്ഥതലങ്ങളെ സ്പർശിക്കുന്ന ഒരു തരം ദീർഘവീക്ഷണങ്ങളാണ്.

“ട്രെയിൻ ടു പാകിസ്ഥാൻ” എന്ന വിഖ്യാത കൃതിയിലൂടെ ഇന്ത്യാ വിഭജനത്തിന്റെ മുറിവുകൾ വരച്ചുകാട്ടിയ അതേ എഴുത്തുകാരൻ തന്നെയാണ് ഇവിടെ മരണത്തിന്റെ നിഴലിൽ ജീവിതത്തിന്റെ അർത്ഥം തേടുന്നതും. വിഭജനകാലത്തെ ഭീകരതകളും കൂട്ടക്കൊലകളും അനുഭവിച്ചറിഞ്ഞ അദ്ദേഹം, ജീവിതത്തിന്റെ അസ്ഥിരതയെക്കുറിച്ച് തികച്ചും ബോധവാനായിരുന്നു. ആ ബോധ്യമാവാം ഒരുപക്ഷേ, “Death at My Doorstep”-ൽ ഉടനീളം പ്രതിഫലിക്കുന്നത്.

മരണത്തെക്കുറിച്ചുള്ള വ്യത്യസ്ത സംസ്കാരങ്ങളുടെയും മതങ്ങളുടെയും കാഴ്ചപ്പാടുകളും ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട് .മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും അദ്ദേഹം പരിശോധിക്കുന്നുണ്ട് . ആത്മാവിന്റെ നശ്വരതയിൽ വിശ്വസമില്ലാത്ത അദ്ദേഹം പക്ഷേ മരണത്തെ ഭയക്കുന്നുമുണ്ട് പുനർജന്മത്തെ കുറിച്ചും സ്വർഗ്ഗത്തെ കുറിച്ചും അദ്ദേഹം ദലൈലാമയോടും ഓഷോയോടും അദ്ദേഹം ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. കേവലമൊരു മറുപടി അല്ലാതെ ആധികാരികമായ ഒരു മറുപടിയാണ് അദ്ദേഹം പ്രതീക്ഷിക്കുന്നതെങ്കിലും കൃത്യമായതോ എന്നാൽ തന്നെ തൃപ്തിപ്പെടുത്തുന്നതോ ആയ ഒരു മറുപടിയും അദ്ദേഹത്തിന് ലഭിക്കുന്നില്ല എന്നു കാണാം.കേവലം തത്ത്വചിന്തകൾക്കപ്പുറം, സ്വന്തം അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും വെളിച്ചത്തിലാണ് അദ്ദേഹം ഈ വിഷയങ്ങളെ സമീപിക്കുന്നത്.

നർമ്മബോധമാണ് ഈ പുസ്തകത്തിന്റെ മറ്റൊരു സവിശേഷത. മരണമെന്ന ഗൗരവമേറിയ വിഷയത്തെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാനാണ് ഖുശ്വന്ത് സിംഗ് ശ്രമിച്ചിട്ടുള്ളത് . മരണത്തെക്കുറിച്ചുള്ള ഭയം കുറയ്ക്കാനും ജീവിതത്തെ കൂടുതൽ സ്നേഹിക്കാനും വേണ്ട നർമ്മബോധം വായനക്കാരനു പകർന്നു നല്കാൻ തന്റെ എഴുത്തിന് കഴിയുമെന്ന് അദ്ദേഹം കരുതുന്നുണ്ട്.

ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയും ഓരോ നിമിഷവും അർത്ഥപൂർണ്ണമായി ജീവിക്കാൻ നമ്മെഓർമ്മിപ്പിക്കുകയും ചെയ്യുന്ന ഈ പുസ്തകം, ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർക്ക് തീർച്ചയായും വായനയിൽ ഉൾപ്പെടുത്താം. സുരേഷ് എം ജി മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഈ പുസ്തകം ഡിസി ബുക്സ് പുറത്തിറക്കിയിട്ടുണ്ട്. Roli Books ആണ് ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പ്രസാധകർ.

ചങ്ങമ്പുഴയുടെ ‘പ്രതികാര ദുർഗ്ഗ’

തലക്കെട്ട് വായിക്കുമ്പോൾ ഒരുപക്ഷേ അതിലെ ‘ പ്രതികാര ദുർഗ്ഗ’ ചങ്ങമ്പുഴ എഴുതിയ ഏതെങ്കിലും കവിതയുടെ പേരാണോ എന്നു  തോന്നിയേക്കാം.  അദ്ദേഹം   ‘പ്രതികാര ദുർഗ്ഗ’ എന്നപേരിൽ ഒരു കവിത എഴുതിയതായി അറിവില്ല. എന്നാൽ  ഒരു നോവൽ എഴുതിയിട്ടുണ്ട്. അതൊരു വിദേശ നോവലിന്റെ വിവർത്തനമാണ് .  ‘കളിത്തോഴി’ എന്ന പേരിൽ മറ്റൊരു  നോവൽ കൂടി അദ്ദേഹം എഴുതിയിട്ടുണ്ട്. അത് സ്വന്തം നോവലാണ്. ഇതുകൂടാതെ  വേറെ നോവലുകളൊന്നും  അദ്ദേഹം എഴുതിയതായി അറിവില്ല. കവിതകൾ മാത്രമല്ല ചങ്ങമ്പുഴ  എഴുതിയിരുന്നത്. നിരവധി കഥാസമാഹാരങ്ങൾ  അദ്ദേഹത്തിന്റേതായുണ്ട്. അതിൽ  ചിലത് വിവർത്തനങ്ങളാണ്. ഗോർക്കി,  സൊളോഗബ് , ചെക്കോവ് , ടോൾസ്റ്റോയ് , മാർക് ട്വയിൻ , അലക്സാണ്ടർ കുപ്രിൻ, മോപ്പസാങ് ,  ജാൻ നെരൂദ തുടങ്ങിയവരുടെ ചില കഥകൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട് . വിശ്വസാഹിത്യത്തിൽ നിന്നുള്ള പ്രശസ്ത നാടകങ്ങളും അദ്ദേഹം മലയാളത്തിലേക്കാക്കി നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.    

പ്രതികാര ദുർഗ്ഗ’ എന്ന പേര്  ‘Gunnar’s Daughter’ എന്ന നോവലിന്റെ മലയാള പരിഭാഷയുടെ പേരാണ്. 1928 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ നോർവീജിയൻ എഴുത്തുകാരിയാണ് സിഗ്രിഡ് ഉൻസെറ്റ്.   സിഗ്രിഡ് ഉൻസെറ്റിന്റെ ‘പ്രതികാര ദുർഗ്ഗ’  പതിനൊന്നാം നൂറ്റാണ്ടിലെ നോർവേ  പശ്ചാത്തലമാക്കിയിരിക്കുന്ന   വീര്യവും പ്രതികാരവും ഇഴചേർന്ന ഒരു ചരിത്ര നോവലാണ്. 1909 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ , ഉൻസെറ്റിന്റെ ആദ്യകാല രചനകളിൽ ശ്രദ്ധേയമായ ഒന്നാണ്. മധ്യകാലഘട്ടത്തിലെ സ്കാൻഡിനേവിയൻ ജീവിതത്തെ സൂക്ഷ്മമായും യാഥാർത്ഥ്യബോധത്തോടെയും ചിത്രീകരിച്ചിരിക്കുന്ന  ഈ നോവൽ, പ്രധാനമായും വിഗ്ഡിസ്  എന്ന യുവതിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്.ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ഒരു നോവലാണ് ‘പ്രതികാര ദുർഗ്ഗ. 

 1907-ൽ “Fru Marta Oulie” എന്ന നോവലിലൂടെയാണ് ഉൻസെറ്റ് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ‘Gunnar’s Daughter’ (1909) ഉൾപ്പെടെയുള്ള നോവലുകൾ പ്രസിദ്ധീകരിച്ചു. ഈ ആദ്യകാല കൃതികൾ അവരുടെ പ്രതിഭ വിളിച്ചുപറയുന്നതായിരുന്നു .   ഉൻസെറ്റിന്റെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘Kristin Lavransdatter‘ ത്രയം (“The Wreath,” “The Wife,” “The Cross” എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ) 1920-1922 കാലഘട്ടത്തിലാണ് പ്രസിദ്ധീകരിച്ചത്. പതിനാലാം നൂറ്റാണ്ടിലെ നോർവേയുടെ പശ്ചാത്തലത്തിൽ ഒരു സ്ത്രീയുടെ ജീവിതം മുഴുവൻ പിന്തുടരുന്നതാണ്  ഈ കൃതി.റിയലിസ്റ്റിക് ആഖ്യാനവും മനഃശാസ്ത്രപരമായ ഉൾക്കാഴ്ചയും ഉൻസെറ്റിന്റെ രചനകളുടെ സവിശേഷതകളാണ്. വളരെ ലളിതമായ ഭാഷയായിരുന്നു അവരുടേത് , എന്നാൽ വളരെ ശക്തവുമായിരുന്നു.സ്നേഹം, വിവാഹം, മതം, കുടുംബം, ചരിത്രം, സ്ത്രീകളുടെ ജീവിതം തുടങ്ങിയവയായിരുന്നു ഉൻസെറ്റിന്റെ കൃതികളിലെ പ്രധാന പ്രമേയങ്ങൾ. രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി ജർമ്മനിയുടെ നോർവേ അധിനിവേശത്തെ എതിർത്ത ഉൻസെറ്റ് 1940-ൽ അമേരിക്കയിലേക്ക് പലായനം ചെയ്തു. യുദ്ധാനന്തരം നോർവേയിൽ തിരിച്ചെത്തി. മരണവും നോർവേയിൽ വച്ചു തന്നെയായിരുന്നു. 

‘പ്രതികാര ദുർഗ്ഗ’ യിലെ  കഥ ആരംഭിക്കുന്നത് വിഗ്ഡിസ് ഗണ്ണർസ്ഡാറ്ററിന്റെ ബാല്യകാലം മുതലാണ്. സമ്പന്നനും ആദരണീയനുമായ ഗണ്ണറിന്റെ മകളായ വിഗ്ഡിസ്  , സ്വാതന്ത്ര്യവും ധൈര്യവും തുളുമ്പുന്ന ഒരു പെൺകുട്ടിയായി വളരുന്നു. ഒരു വൈക്കിംഗ് കടൽക്കൊള്ളക്കാരനാൽ ബലാത്സംഗം ചെയ്യപ്പെടുന്നതോടെ അവളുടെ ജീവിതം പാടെ  തകിടം മറിയുന്നു. തനിക്ക് നേരിട്ട   അതിക്രമം അവളെ ശാരീരികമായും മാനസികമായും തളർത്തുന്നു. മാത്രമല്ല, സമൂഹത്തിൽ അവൾക്ക് അവമതിപ്പും ഏകാന്തതയും അനുഭവിക്കേണ്ടി വരുന്നു.

ഈ സംഭവത്തിനുശേഷം, വിഗ്ഡിസിന്റെ ജീവിതം പ്രതികാരത്തിനായുള്ള ഒരു യാത്രയായി മാറുകയാണ്.. ദുരന്തങ്ങൾ അത്രത്തോളം അനുഭവിക്കുന്നുണ്ടെങ്കിലും, അവൾ ഒരിക്കലും തളരുന്നില്ല. . തന്റെ അപമാനത്തിന് കാരണക്കാരനായ വ്യക്തിയെ കണ്ടെത്താനും ശിക്ഷിക്കാനും അവൾ ദൃഢനിശ്ചയം ചെയ്യുന്നു. ക്രമേണ  കഠിനഹൃദയയും നിശ്ചയദാർഢ്യവുമുള്ള ഒരു സ്ത്രീയായി അവൾ മാറുകയാണ് . പ്രതികാരത്തിനായുള്ള കടുത്ത തീരുമാനങ്ങൾ  അവളെ സ്നേഹത്തിൽ നിന്നും സന്തോഷത്തിൽ നിന്നും അകറ്റുന്ന ഒന്നായി മാറുകയും ചെയ്യുന്നു. 

‘പ്രതികാര ദുർഗ്ഗ’ വെറുമൊരു പ്രതികാരത്തിന്റെ കഥയല്ല. മധ്യകാലഘട്ടത്തിലെ സ്ത്രീകളുടെ ജീവിതത്തെയും, അന്നത്തെ സമൂഹത്തിൽ അവർ നേരിട്ട വെല്ലുവിളികളെയും കുറിച്ചൊക്കെ ഈ നോവലിൽ പ്രതിപാദിക്കുന്നുണ്ട്.  ‘വിഗ്ഡിസിന്റെ കഥയിലൂടെ, അക്കാലത്തെ സമൂഹത്തിന്റെ കാപട്യവും, സ്ത്രീകൾക്ക് നേരെയുള്ള അനീതിയും ‘ഉൻസെറ്റ്’  തുറന്നുകാട്ടുന്നു. ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീക്ക് നീതി ലഭിക്കുക എന്നത് എത്രത്തോളം ദുഷ്കരമായിരുന്നുവെന്നും, അവൾക്ക് സമൂഹത്തിൽ നിന്ന് എങ്ങനെ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരുന്നുവെന്നും നോവലിൽ കാണാം.

അക്കാലത്തെ  ആചാരങ്ങൾ, വിശ്വാസങ്ങൾ, ജീവിതരീതികൾ എന്നിവയെല്ലാം നോവലിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. കൈകാര്യം ചെയ്യുന്ന വിഷയം ഇത്തരത്തിലുള്ള ഒന്നായതുകൊണ്ടു തന്നെ കഥാപാത്രം അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെയും , വിചാരങ്ങളെയും വായനക്കാരെ സ്പർശിക്കുന്ന തരത്തിൽ കൈകാര്യം ചെയ്യുക എന്നുള്ളത് എളുപ്പമല്ല . അതിന്  എഴുത്തിൽ നല്ലവണ്ണം കയ്യടക്കം വന്ന ആളുകൾക്കേ കഴിയുകയുള്ളൂ.  അത്തരത്തിൽ  വിഗ്ഡിസിന്റെ ആന്തരിക സംഘർഷങ്ങളും, വേദനയും, പ്രതികാര താല്പര്യങ്ങളുമൊക്കെ    വായനക്കാർക്ക്  അനുഭവവേദ്യമാകുന്ന രീതിയിലാണ് എഴുത്തുകാരി  അവതരിപ്പിച്ചിരിക്കുന്നത്. സിഗ്രിഡ് ഉൻസെറ്റിന്റെ    മികച്ച രചനകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന  കൃതിയാണ്  ‘പ്രതികാര ദുർഗ്ഗ’  .ചരിത്രത്തിലും മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളിലും താല്പര്യമുള്ളവർക്ക് വായിക്കാൻ തിരഞ്ഞെടുക്കാവുന്ന  ഒരു പുസ്തകമാണിത്. ‘മൈത്രി ബുക്സ്’ ആണ് ഈ നോവൽ  മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് . കൂടാതെ പിരപ്പൻകോട് മുരളി സമ്പാദനവും പഠനവും നടത്തി കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ചങ്ങമ്പുഴയുടെ സമ്പൂർണ്ണ ഗദ്യകൃതികൾ’ എന്ന പുസ്തകത്തിലും ഈ നോവൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട് :മാതൃഭൂമി

മാർക്വേസിന്റെ അവസാന അഭിമുഖവും മറ്റു സംഭാഷണങ്ങളും

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനിക്കപ്പെട്ട എഴുത്തുകാരിൽ ഒരാളായിരുന്നു ഗബ്രിയേൽ ഗാർസിയ മാർക്വേസ്. അദ്ദേഹത്തിന്റെ കൃതികൾ, പ്രത്യേകിച്ച് 1967 ൽ ഇറങ്ങിയ ഏകാന്തതയുടെ നൂറുവർഷങ്ങൾ എന്ന നോവൽ, ലോകമെമ്പാടും സാഹിത്യരചനയിലും വായനയിലും ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. അടിച്ചമർത്തൽ ഭരണകൂടങ്ങളുടെ തുറന്ന വിമർശകനും, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി വാദിക്കുന്ന ആളുമായിരുന്നു മാർക്വേസ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ, ആശയങ്ങൾ, സൃഷ്ടിപരമായ കാഴ്ചപ്പാടുകൾ എന്നിവ പ്രദർശിപ്പിക്കുന്ന അഭിമുഖങ്ങളും സംഭാഷണങ്ങളും നിറഞ്ഞതായിരുന്നു ആ സാഹിത്യ ജീവിതം . 2013-ൽ പുറത്തിറങ്ങിയ ‘അവസാന അഭിമുഖവും മറ്റ് സംഭാഷണങ്ങളും’ ആയിരുന്നു ഈ സംഭാഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. മാർക്വേസിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ നടത്തിയ അഭിമുഖങ്ങളുടെയും സംഭാഷണങ്ങളുടെയും സമാഹാരമാണ് ഈ പുസ്തകം.

അഭിമുഖങ്ങളും സംഭാഷണങ്ങളും പത്രങ്ങൾ, മാഗസിനുകൾ, റേഡിയോ പ്രോഗ്രാമുകൾ, ടെലിവിഷൻ പ്രോഗ്രാമുകൾ എന്നിവയുൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്ന് എടുത്തതാണ്. ഇവയെല്ലാം മാർക്വേസിന്റെ ജീവിതം, അദ്ദേഹത്തിന്റെ കൃതികൾ, സാഹിത്യത്തെയും സംസ്കാരത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്നവയാണ് .

പുസ്തകത്തിന്റെ ആദ്യ ഭാഗം മാർക്വേസിന്റെ കരിയറിലെ “മാന്ത്രിക വർഷങ്ങൾ” ഉൾക്കൊള്ളുന്നവയാണ്.1967-ൽ പ്രസിദ്ധീകരിച്ച ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന അദ്ദേഹത്തിന്റെ നോവലിന്റെ പ്രസിദ്ധീകരണമാണ് ഈ കാലഘട്ടത്തെ പ്രധാനമായും അടയാളപ്പെടുത്തുന്നത്. ഈ കാലയളവിൽ മാർക്വേസ് ഇതിനകം ഒരു പ്രധാന അന്താരാഷ്ട്ര വ്യക്തിയായി തീർന്നിരുന്നുവല്ലോ! നിരവധി അഭിമുഖങ്ങൾക്കും സംഭാഷണങ്ങൾക്കും അദ്ദേഹത്തിന് വളരെയധികം സമയ കണ്ടത്തേണ്ടി വന്നു . ഈ ഭാഗത്ത് സർഗ്ഗാത്മക പ്രക്രിയയെക്കുറിച്ചുള്ള മാർക്വേസിന്റെ ചിന്തകൾ, സാഹിത്യത്തിന്റെ പ്രാധാന്യം, നോവലിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ എന്നിവ നമുക്ക് കാണാൻ കഴിയും. 1971-ലെ ഒരു അഭിമുഖത്തിൽ, മാർക്വേസ് ഇങ്ങനെ അഭിപ്രായപ്പെട്ടു , “നോവൽ മനുഷ്യാത്മാവിന്റെ അനന്തമായ സാധ്യതകളുടെ പര്യവേക്ഷണമാണ്.” സൃഷ്ടിപരമായ പ്രക്രിയയിൽ ഭാവനയുടെ പ്രാധാന്യത്തെക്കുറിച്ചും യാഥാർത്ഥ്യത്തിൽ വേരൂന്നിയ കഥകൾ രചയിതാക്കൾ പറയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം മനസ്സ് തുറക്കുന്നുണ്ട്.

സാമൂഹിക നീതിയോടുള്ള തന്റെ പ്രതിബദ്ധതയെക്കുറിച്ചും സമൂഹത്തിൽ സാഹിത്യത്തിനുള്ള പങ്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളെക്കുറിച്ചും മാർക്വേസ് പറയുന്നുണ്ട് . 1974-ലെ മറ്റൊരു അഭിമുഖത്തിൽ മാർക്വേസ് പ്രസ്താവിച്ചു, “സാഹിത്യത്തിന് ആളുകളുടെ മനസ്സ് തുറക്കണം, അവർക്ക് സത്യം വെളിപ്പെടുത്തണം, അവർക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ച് അവരെ ബോധവാന്മാരാക്കണം, അങ്ങനെ അവർക്ക് സമൂഹത്തെ മെച്ചപ്പെടുത്താൻ ആവശ്യമായ മാറ്റങ്ങൾ വരുത്താനാകും.”

മാർകേസിന്റെ കരിയറിലെ “ഏകാന്തമായ വർഷങ്ങൾ” ഉൾപ്പെടുന്നവയാണ് പുസ്തകത്തിലെ അടുത്ത ഭാഗം . വലിയ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും കൂടുതൽ വ്യക്തിപരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ മാറിയതാണ് ഈ കാലഘട്ടത്തെ മാർകേസ് അടയാളപ്പെടുത്തുന്നത്. . ഈ വിഭാഗത്തിൽ സൃഷ്ടിപരമായ പ്രക്രിയയിൽ ഏകാന്തതയുടെ പ്രാധാന്യത്തെക്കുറിച്ച് മാർക്വേസ് സംസാരിക്കുന്നത് കാണാം. തന്റെ എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മെക്‌സിക്കോ സിറ്റിയിലെ തന്റെ വീട്ടിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ ഏകാന്തത തന്നെ ആഴത്തിലുള്ള ധാരണയുടെയും ഉൾക്കാഴ്ചയുടെയും ആഴത്തിൽ എത്താൻ അനുവദിച്ചതെങ്ങനെയെന്നും അദ്ദേഹം പറയുന്നു.

അസ്വാസ്ഥ്യമുണ്ടെങ്കിൽപ്പോലും എഴുത്തുകാർ സത്യം പറയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാർക്വേസ് പറയുന്നുണ്ട്. 1983-ലെ ഒരു അഭിമുഖത്തിൽ മാർക്വേസ് പ്രസ്താവിച്ചു, “ഒരു എഴുത്തുകാരൻ സത്യം പറയാൻ ഭയപ്പെടേണ്ടതില്ല. വായനക്കാരന് അസ്വസ്ഥതയുണ്ടെങ്കിലും സത്യം വെളിപ്പെടുത്തുന്ന കഥകൾ എഴുതാൻ അവൻ തയ്യാറായിരിക്കണം.” വായനക്കാർക്ക് അവരുടെ ലോകത്തെ കുറിച്ച് ആഴത്തിലുള്ള ധാരണ നൽകുന്നതിന്, എഴുത്തുകാർ അവരുടെ കൃതികളിൽ സത്യസന്ധരും ധീരരും ആയിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

‘അവസാന അഭിമുഖവും മറ്റ് സംഭാഷണങ്ങളുടെയും’ അവസാന ഭാഗം മാർക്വേസിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത് . ഈ കാലഘട്ടത്തിൽ അദ്ദേഹം സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയും അത്തരം അതിശയകരവുമായ പല വിഷയങ്ങളിലേക്കുള്ള തന്റെ ഒരു തിരിച്ചു വരവിനെ അടയാളപ്പെടുത്തുന്നുമുണ്ട്. ഈ ഭാഗത്ത്, സാമൂഹിക നീതിയോടുള്ള തന്റെ പ്രതിബദ്ധതയെക്കുറിച്ചും മാറ്റം സൃഷ്ടിക്കുന്നതിൽ സാഹിത്യത്തിനുള്ള പങ്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളെക്കുറിച്ചും സംസാരിക്കുന്നത് കാണാം. 2002-ലെ ഒരു അഭിമുഖത്തിൽ, മാർക്വേസ് പ്രസ്താവിച്ചു, “മാറ്റം സൃഷ്ടിക്കാനുള്ള സാഹിത്യത്തിന്റെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. കഥകൾ പറയുന്നതിലൂടെ, ലോകത്തെ നോക്കുന്നതിനുള്ള പുതിയ വഴികൾ ആളുകൾക്ക് കാണിച്ചുതരാമെന്നും ഇത് ഒരു നല്ല ഭാവി സൃഷ്ടിക്കാൻ സഹായിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. ” രചയിതാക്കൾ അവരുടെ കൃതികളിൽ ധീരരായിരിക്കേണ്ട ആവശ്യകതയെക്കുറിച്ചും നിലവിലെ അവസ്ഥയെ വെല്ലുവിളിക്കുന്ന കഥകൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറയുന്നു.

സമൂഹത്തിലും സാഹിത്യത്തിലും സ്വാധീനമുള്ള മാർക്വേസ് എന്ന എഴുത്തുകാരന്റെ ജീവിതത്തെയും സൃഷ്ടികളെയും കുറിച്ച് ഒരു സവിശേഷമായ ഉൾക്കാഴ്ച ഈ പുസ്തകം നൽകുന്നുണ്ട് . മാർക്വേസിന്റെ ജീവിതത്തിലും കൃതികളിലും താൽപ്പര്യമുള്ള ഏതൊരാൾക്കും ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ് ഈ പുസ്തകം നമുക്കു മുന്നിൽ വിളമ്പുന്നത്.

പ്രസാധകർ : Melville House Publishing,London

നൂർ ഇനായത് ഖാൻ: ടിപ്പുവിന്റെ കൊച്ചുമകൾ, ചരിത്രത്തിന്റെ മറവിയിൽ ആണ്ടുപോയ നാസിവിരുദ്ധ പോരാളി

ചരിത്രത്തിന്റെ എടുകളിൽ ചില വ്യക്തികൾ അവരുടെ ധൈര്യവും പ്രതിരോധവും അചഞ്ചലമായ നിശ്ചയദാർഢ്യവും കൊണ്ട് എക്കാലത്തും മായാത്ത ഒരു മുദ്ര പതിപ്പിക്കാറുണ്ട്. നമ്മുടെ മുന്നിൽ അങ്ങനെയുള്ള നിരവധി പേരുടെ ചിത്രങ്ങളുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലായാലും ലോകമഹായുദ്ധങ്ങളിലായാലും മേല്പറഞ്ഞ സവിശേഷതകൾകൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റുകയും എന്നാൽ പല കാരണങ്ങൾ കൊണ്ട് നമ്മുടെ മറവിയുടെ ആഴങ്ങളിലേക്ക് വീണുപോയവരും ഏറെയാണ് എന്നു കാണാം. അത്തരത്തിൽ വീര്യവും ദുരന്തവും ഒരുപോലെ പ്രതിധ്വനിക്കുന്ന ഒരു വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്ന പേരായിരുന്നു നൂർ ഇനായത്ത് ഖാന്റേത്.

1914-ൽ ഉസ്ബെക്കിസ്ഥാന്റെ അതിർത്തിക്കടുത്തുള്ള റഷ്യയിലെ യുറാൽ മലനിരകൾക്കടുത്തുള്ള ഒരുഗ്രാമത്തിലാണ് നൂർ ഇനായത് ഖാൻ ജനിച്ചത്. സൂഫി മിസ്റ്റിക്കും സംഗീതജ്ഞനുമായ ഹസ്രത്ത് ഇനായത് ഖാനും ന്യൂ മെക്സിക്കോയിൽ നിന്നുള്ള അമേരിക്കക്കാരിയായ ഓറ റേ ബേക്കറിനും ജനിച്ച നൂറിന്റെ പൈതൃകം മൈസൂരിലെ ടിപ്പു സുൽത്താനുമായും ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. നൂർ ഇനായത് ഖാന്റെത് ഭൂഖണ്ഡങ്ങളിലേക്കും തലമുറകളിലേക്കും വ്യാപിച്ചുകിടക്കുന്ന സങ്കീർണ്ണമായ ഒരു വംശപരമ്പരയാണ്. അവരുടെ  പിതാവ് ഹസ്രത്ത് ഇനായത്ത് ഖാൻ ഈ മൈസൂർ  രണാധികാരിയുടെ പിൻഗാമിയായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ തന്നെ അവൾ ബന്ധുക്കൾക്കൊപ്പം ലണ്ടനിലേക്ക് പറിച്ചു നടപ്പെട്ടു. പിതാവ് അവളെ  ഐക്യം, സ്നേഹം, ആത്മീയ പ്രബുദ്ധത എന്നിവ പഠിപ്പിക്കാനാണ് ഊന്നൽ നൽകിയത്. അവരുടെ വംശാവലിയിലൂടെ പകർന്നുനൽകിയ ഈ മൂല്യങ്ങൾ നൂറിന്റെ വിധി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ചെറുപ്പത്തിൽ തന്നെ നൂർ ദൈവത്തിൽ അഗാധമായ വിശ്വാസം വളർത്തിയെടുക്കുകയും, ദൈവത്തോടുള്ള സ്നേഹത്തിലൂടെയും ഭക്തിയിലൂടെയും സത്യം കണ്ടെത്താൻ ശ്രമിക്കുന്ന സൂഫികളുടെ  വഴി പിന്തുടരാനും  തുടങ്ങിയിരുന്നു 

സംഗീതം, സാഹിത്യം, സൂഫി അധ്യാപനം എന്നിവയിൽ പാരമ്പര്യേതര കഴിവുകൾ അവളെ വേറിട്ടു നിർത്തിയിരുന്നെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രക്ഷുബ്ധമായ കാറ്റ് യൂറോപ്പിലുടനീളം വീശിയടിച്ചപ്പോൾ നൂർ തന്റെ വഴി കണ്ടെത്തിയത് മറ്റൊരു ദിശയിലേക്കായിരുന്നു. നൂർ ഇനായത് ഖാൻ 21 വയസ്സുള്ളപ്പോൾ തന്നെ വനിതാ സഹായ വ്യോമസേനയിൽ (WAAF) ചേർന്നു. അവരുടെ തീക്ഷ്ണമായ ബുദ്ധിയും ഭാഷാ വൈദഗ്ധ്യവും കൊണ്ട് ബ്രിട്ടീഷ് ഇന്റലിജൻസിന്റെ ഒരു വക്താവായി സേവനമനുഷ്ഠിക്കാൻ അവർ  തെരഞ്ഞെടുക്കപ്പെടുകയും  ചെയ്തു. ഈ സമയത്തും  സൂഫിസത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും അവർ തന്റെ സ്ഥാനം ഉപയോഗിച്ചു.

വനിതാ സഹായ വ്യോമസേനയിൽ പ്രവേശിച്ച നൂർ പിന്നീട് നാസി അധിനിവേശ പ്രദേശങ്ങളിൽ രഹസ്യാന്വേഷണ ശേഖരണ പ്രവർത്തനങ്ങൾ  നടത്തുന്ന സംഘടനയായ സ്പെഷ്യൽ ഓപ്പറേഷൻസ് എക്സിക്യൂട്ടീവിലേക്ക് (SOE) റിക്രൂട്ട് ചെയ്യപ്പെട്ടു. പുതിയ ദൌത്യം തന്റെ ജീവൻ അപകടത്തിലാക്കുമെന്നറിഞ്ഞിട്ടും, നൂർ പക്ഷേ ധൈര്യപൂർവ്വം മുന്നോട്ട് പോയി. SOE-യിലെ ആദ്യത്തെ വനിതാ ഏജന്റുമാരിൽ ഒരാളെന്ന നിലയിൽ, നാസി അധിനിവേശത്തിനെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാനും ഇരുളിൽ  കുടുങ്ങിയവർക്കിടയിൽ പ്രത്യാശയും ആത്മവിശ്വാസവും പകരാനും അവർ രഹസ്യമായി പ്രവർത്തിച്ചു. 

നാസി അധിനിവേശ പാരീസിൽ നൂർ ഇനായത് ഖാന്റെ രഹസ്യ പ്രവർത്തനങ്ങൾ അസാധാരണമായിരുന്നില്ല. “മഡലീൻ” എന്ന കോഡ് നാമത്തിൽ പ്രവർത്തിച്ചിരുന്ന നൂർ, ചുറ്റുപാടുകളിൽ എളുപ്പം പൊരുത്തപ്പെടാനുള്ള തന്റെ ശ്രദ്ധേയമായ കഴിവ് പ്രകടമാക്കി. അധിനിവേശ പാരീസിന്റെ ഹൃദയഭാഗത്ത്, നൂർ രഹസ്യമായി തന്റെ വയർലെസ് റേഡിയോ വഴി നിർണായക വിവരങ്ങൾ കൈമാറി, പ്രതിരോധ പ്രസ്ഥാനവും സഖ്യസേനയും തമ്മിലുള്ള വിടവുകൾ നികത്തുന്നതിൽ മുഖ്യമായ പങ്ക് വഹിച്ചു. ഒന്നിലധികം ഭാഷകളിലുള്ള പ്രാവീണ്യവും ചുറ്റുപാടുകളിൽ തടസ്സമില്ലാതെ ഇടപെടാനും പ്രതികരിക്കാനുമുള്ള കഴിവുകൾ അവരെ ആ ജോലിയിൽ മുന്നോട്ട് നയിച്ചു. അവരുടെ “മഡലീൻ” എന്ന കോഡ് നെയിം, പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും പര്യായമായി മാറി. ഒരു ചാരയുവതിയെന്ന നിലയിൽ നൂറിന്റെ ജീവിതം ഓരോ വഴിത്തിരിവിലും അപകടങ്ങൾ നിറഞ്ഞതായിരുന്നു. ദുഷ്‌കരമായ ആ സമയങ്ങളിൽ നൂറിന്റെ ധൈര്യവും അർപ്പണബോധവും വിലമതിക്കാനാവാത്തതായിരുന്നു.


നൂർ ഇനായത് ഖാൻ

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധിനിവേശ ശക്തികൾക്കെതിരായ ടിപ്പു സുൽത്താന്റെ ധീരമായ പോരാട്ടമാണ് നൂറിന്റെ അന്തിമ പോരാട്ടത്തിന് അടിത്തറ പാകിയതെന്നു പറയാം. 

പക്ഷേ അത്യന്തം ദുർഘടവും അപകടം നിറഞ്ഞതുമായ ഈ ജോലി ഏറെക്കാലം മുന്നോട്ട് കൊണ്ടുപോകുക എളുപ്പമായിരുന്നില്ല. നാസി രഹസ്യ പോലീസിന്റെ കണ്ണു വെട്ടിച്ചു നടന്ന നൂർ 1943-ൽ ഗസ്റ്റപ്പോയുടെ പിടിയിലകപ്പെട്ടു. അസഹനീയമായ പീഡനങ്ങൾക്കുമുമ്പിൽ നൂറിന്റെ നിശ്ചയദാർഢ്യത്തിന്റെ ആഴങ്ങൾ പലപ്പോഴും പരീക്ഷിക്കപ്പെട്ടു. അതികഠിനമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ നൂർ തന്നെ പീഡിപ്പിക്കുന്നവരെ പോലും അമ്പരപ്പിക്കുന്ന മനക്കരുത്ത് കൊണ്ട് വേദനകളെ അതിജീവിക്കാൻ ശ്രമിച്ചു. തന്ത്രപ്രധാനമായ ഒരു വിവരം പോലും നാസികൾക്ക് മുന്നിൽ വെളിപ്പെടുത്താൻ അവൾ കൂട്ടാക്കിയില്ല. നൂർ കാണിച്ച ഈ ധീരത തന്റെ  സഹപ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുകയും തന്റെ ദൗത്യത്തിന്റെ സമഗ്രത സംരക്ഷിക്കുകയും ചെയ്തു. മരണത്തിന് മുമ്പിൽ നിൽക്കുമ്പോഴും നൂർ കാണിച്ചത് അസാമാന്യ ധീരതയായിരുന്നു. കാലികവും സാംസ്കാരികവുമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും, ടിപ്പു സുൽത്താനും നൂർ ഇനായത് ഖാനും അവരുടെ ചെറുത്തു നിൽപ്പിന്റെ ഘട്ടങ്ങളിൽ ശ്രദ്ധേയമായ സമാനതകൾ പ്രകടിപ്പിച്ചതായി കാണാം. അസാധാരണമായ ധൈര്യത്തോടെ വെല്ലുവിളികളെയും  പ്രതിസന്ധികളെയും  ഇരുവരും നേരിട്ടു. 

മ്യൂണിക്കിന് വടക്കുള്ള ഡാചൗ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് പോകുന്നതിന് മുമ്പ് ഗസ്റ്റപ്പോ നൂറിനെ ട്രെയിൻ വഴി ജർമ്മനിയിലെ ഫോർഷൈം ജയിലിലേക്കാണ് കൊണ്ടുപോയത്. പിന്നീട് ഡെഹാവുവിലെക്കു കൊണ്ടുവരികയായിരുന്നു. ഓഷ്വിട്സിലേതുപോലെ വിഷവാതകം ഉപയോഗിച്ച് ആളുകളെ കൊല്ലുന്ന പതിവ് ഇവിടെ ഉണ്ടായിരുന്നില്ല. അതിനായി നാസികൾ ഇവിടെ ഗ്യാസ് ചേമ്പർ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എങ്കിൽ തന്നെയും 1944 ൽ ചില തടവുകാർ വിഷവാതകപ്രയോഗം മൂലം ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നു ദൃക്സാക്ഷികൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

ചില ചരിത്രകാരന്മാരും വിശകലന വിദഗ്ധരും നൂർ ഇനായത്ത് ഖാൻ സഖ്യകക്ഷികൾക്കും അച്ചുതണ്ട് ശക്തികൾക്കും വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്ന ഒരു ഡബിൾ ഏജന്റായിരിക്കാം എന്ന സിദ്ധാന്തം മുന്നോട്ടുവച്ചിട്ടുണ്ട്. നൂറിന് മേലുള്ള വിശ്വാസവഞ്ചനയുടെ സംശയങ്ങൾ പതിറ്റാണ്ടുകളായി പ്രചരിക്കുന്നുണ്ടെങ്കിലും, കൃത്യമായ തെളിവുകളുടെ അഭാവവും കാലക്രമേണ ഈ സിദ്ധാന്തത്തിന്റെ അവ്യക്തതയ്ക്ക് കാരണമാകുന്നുണ്ട്. എന്നിരുന്നാലും, ഈ സിദ്ധാന്തം ഏറെക്കുറെ അടിസ്ഥാനരഹിതവും ലക്ഷ്യത്തോടുള്ള നൂറിന്റെ അചഞ്ചലമായ സമർപ്പണത്തെ പിന്തുണയ്ക്കുന്ന നിരവധി തെളിവുകളുടെ ധാരാളിത്തത്താൽ വസ്തുതാ വിരുദ്ധവുമാണ്. 

ചില സ്രോതസ്സുകൾ സൂചിപ്പിക്കുന്നത് ചെറുത്തുനിൽപ്പിന്റെ ഏതെങ്കിലും ഒരു സമയത്ത് കൂട്ടാളികളിൽ ആരെങ്കിലും അവരെ ഒറ്റികൊടുത്തിട്ടുണ്ടാകാം എന്നാണ്. ഇത് നിർഭാഗ്യകരമായ സാഹചര്യങ്ങളുടെയോ പ്രവർത്തനപരമായ അപകടങ്ങളുടെയോ ഫലമായിരുന്നുവെന്നും വാദിക്കുന്നവരുണ്ട്. എങ്കിലും അതിനു പിന്നിലുള്ള യഥാർഥ സംഭവങ്ങൾ  ഇന്നും തർക്കവിഷയമായി തുടരുകയാണ്. നൂറിന്റെ കഥയ്ക്ക്  നിഗൂഢതയുടെ ഒരു അന്തരീക്ഷം അത് നല്കുന്നുമുണ്ട്.  

നൂർ ഇനായത് ഖാന്റെ അന്ത്യം സംഭവിച്ചത് ഡെഹാവു കോൺസെൻട്രേഷൻ ക്യാമ്പിൽ വച്ചാണെന്ന് ചരിത്രരേഖകൾ സ്ഥിരീകരിക്കുമ്പോഴും  മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങൾ വേറെയുമുണ്ട്. ചില സ്രോതസ്സുകൾ സൂചിപ്പിക്കുന്നത് നൂറിന്റെ ഒന്നിലധികം തവണ പരാജയപ്പെട്ട രക്ഷപ്പെടൽ ശ്രമങ്ങൾക്ക് ശേഷമാണ് അവർ വധിക്കപ്പെട്ടതെന്നാണ്. വധശിക്ഷയ്ക്ക് മുമ്പ് അവരെ ഏകാന്ത തടവിൽ പാർപ്പിച്ചതായി പറയുന്നു. ഒന്നിലധികം പ്രാവിശ്യം തടവുചാടാൻ നടത്തിയ ശ്രമങ്ങൾക്ക് ശേഷമാണ് അവരെ കനത്ത കാവലിൽ ഏകാന്ത തടവിൽ പാർപ്പിച്ചതെന്ന് ഷർബാനി ബസുവിന്റെ ‘സ്പൈ പ്രിൻസസ്: ദി ലൈഫ് ഓഫ് നൂർ ഇനായത് ഖാൻ’ എന്ന  പുസ്തകത്തിൽ പറയുന്നുണ്ട്. രക്ഷപ്പെടാനുള്ള ശ്രമങ്ങളെല്ലാം പാളിപോകുകയും അവരെ ‘വളരെ അപകടകാരി’ യായ ഒരു  തടവു പുള്ളിയായി കണക്കാക്കി മിക്ക സമയത്തും ചങ്ങലയിൽ തന്നെ നിർത്തി. ക്രൂരമായ മർദ്ദനത്തിന് ശേഷം വെടിവെച്ചാണ് അവരെ കൊന്നതെന്ന് ചില രേഖകളിൽ കാണുന്നു. 

1944 സെപ്തംബർ 13-ന് രാവിലെ, നൂറിനെയും മറ്റ് മൂന്ന് സഹ തടവുവുകാരായ സ്ത്രീകളെയും കൊണ്ട് വന്നു  നിലത്തു മുട്ടുകുത്തിച്ചു നിർത്തി. കഴുത്തിനു പുറകിലൂടെ വെടിവച്ചാണ് നൂറിനെ കൊലപ്പെടുത്തിയത്. മരണത്തിന് നിമിഷങ്ങൾക്ക് മുമ്പ്, അടിയേറ്റ നൂർ ഇനായത്ത് ‘സ്വാതന്ത്ര്യം’ എന്നർത്ഥം വരുന്ന ‘ലിബർട്ടെ’ എന്ന് നിലവിളിച്ചു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ചില രേഖകൾ അവരെ തീച്ചൂളയിലേക്ക് എടുത്തിടുമ്പോഴും ജീവനുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെടുമ്പോൾ വെറും മുപ്പത് വയസ്സായിരുന്നു നൂറിന് പ്രായം. 

കടുത്ത പീഡനം ഏറ്റു വാങ്ങുമ്പോഴും കാണിച്ച അചഞ്ചലതയും, ധൈര്യവും അന്തേവാസികൾക്കിടയിൽ ഐക്യദാർഢ്യബോധം വളർത്തി. ഡെഹാവു കോൺസെന്റെറേഷൻ ക്യാമ്പിലെ അന്തേവാസിയായിരുന്ന ജീൻ ഓവർട്ടൺ ഫുള്ളർ നൂറിനെ കുറിച്ചുള്ള വിവരണങ്ങൾ തന്റെ ഓർമ്മക്കുറിപ്പുകളിൽ പകർത്തിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും നൂർ പ്രകടിപ്പിച്ച കരുത്ത് അവരുടെ സാന്നിധ്യം കൊണ്ട് എല്ലാവർക്കും പ്രചോദനമായി എന്ന് ഫുള്ളർ സാക്ഷ്യപ്പെടുത്തുന്നു. സഹതടവുകാരിയായ ഹാരിയറ്റ് സ്റ്റാന്റൺ- ലീഫറും, നൂറിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നുണ്ട്. ക്യാമ്പിലെ മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾക്കിടയിൽ മാനവികത നിലനിർത്താൻ പാടുപെടുന്നവർക്ക് നൂറിന്റെ പ്രവർത്തനങ്ങൾ പ്രതീക്ഷയുടെ വെളിച്ചമായെന്ന് ഹാരിയറ്റും പറയുന്നു. നൂർ തന്റെ സഹതടവുകാരിൽ ചെലുത്തിയ അഗാധമായ സ്വാധീനത്തിന് ഹാരിയറ്റിന്റെ ഓർമ്മകൾ അടിവരയിടുന്നുണ്ട്. 

അധിനിവേശ പാരീസിൽ വയർലെസ് ഓപ്പറേറ്ററായിരുന്ന കാലത്ത് നൂർ ഇനായത് ഖാന്റെ അസാധാരണമായ ധീരതയ്ക്ക് മിലിട്ടറി ക്രോസ് നൽകി ആദരിച്ചിരുന്നു. പിടിക്കപ്പെടുമെന്ന ഭീഷണി ഉണ്ടായിരുന്നിട്ടും സഖ്യസേനയുമായി ആശയവിനിമയം നടത്താനുള്ള ദൃഢനിശ്ചയം, ലക്ഷ്യത്തോടുള്ള അർപ്പണബോധവും വലിയ നന്മയ്ക്കായി ജീവൻ പോലും പണയപ്പെടുത്താനുള്ള നൂറിന്റെ പ്രതിബദ്ധതയും പ്രകടമാക്കി.

“സ്പൈ പ്രിൻസസ്: ദി ലൈഫ് ഓഫ് നൂർ ഇനായത് ഖാൻ” എന്ന പുസ്തകത്തിൽ  ടിപ്പു സുൽത്താനെപ്പോലെ ചെറുത്തുനിൽപ്പിന്റെയും ധൈര്യത്തിന്റെയും പ്രതീകമായി മാറിയ നൂർ ഇനായത് ഖാന്റെ അസാധാരണമായ കഥയാണ് എഴുത്തുകാരി ഷർബാനി ബസു പകർത്തുന്നത്. നൂറിനെ കുറിച്ച് ഇനിയും അറിയാത്തവർക്ക് ഒരു പാഠപുസ്തകം തന്നെയാണ് ബസുവിന്റെ ഈ കൃതി. നൂർ ഇനായത് ഖാന്റെ സ്വാതന്ത്ര്യമെന്ന  ലക്ഷ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും വിസ്മയിപ്പിക്കുന്ന ധീരതയും അവളുടെ ജീവിതകാലത്തിനപ്പുറം വ്യാപിച്ച ഒരു പാരമ്പര്യം അവൾക്ക് നേടിക്കൊടുത്തു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. 

യുദ്ധത്തിലെ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള അംഗീകാരമായി നൂർ ഇനായത് ഖാൻ മരണാനന്തരം ജോർജ്ജ് ക്രോസ് നൽകി ആദരിക്കപ്പെട്ടു. ശത്രുക്കളുമായുള്ള നേരിട്ടുള്ള പോരാട്ടത്തിൽ ഉൾപ്പെടാത്ത ധീരതയ്ക്കുള്ള ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നാണിത്. 2012-ൽ ലണ്ടനിലെ ഗോർഡൻ സ്ക്വയറിലെ നൂർ ഇനായത് ഖാൻ സ്മാരകത്തിലൂടെ, അവർക്ക് ലഭിച്ച മെഡലുകൾക്കും ബഹുമതികൾക്കും അപ്പുറം, നൂർ ഇനായത് ഖാന്റെ പാരമ്പര്യം തലമുറകൾക്ക് പ്രചോദനമായി ഇന്നും ജീവിക്കുന്നു. ഈ സ്മാരകം അവരുടെ സംഭാവനകൾക്കും ത്യാഗങ്ങൾക്കും ഒരു ഭൗതിക സാക്ഷ്യമാണ്. രണ്ടാം ലോകമഹായുദ്ധസമയത്തെ ധീരയായ ഒരു ചാരവനിത എന്ന നിലയിൽ അവർ നടത്തിയ  ചെറുത്തുനിൽപ്പിന്റെ ശ്രദ്ധേയമായ യാത്രയെകുറിച്ചറിയാൻ ഈ സ്മാരകം സന്ദർശകരെ ക്ഷണിക്കുന്നു.

ചരിത്രത്തിന്റെ മഹത്തായ ആഖ്യാനത്തിൽ, നൂർ ഇനായത് ഖാന്റെ ജീവിതം സങ്കീർണ്ണതകളും അനിശ്ചിതത്വങ്ങളും കൊണ്ട് ഇഴചേർന്ന ഒരു കഥാപാത്രമായി തുടരുകയാണ്. ചരിത്രകാരന്മാർക്കിടയിൽ അത് നിരവധി സംവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. എങ്കിലും ഭാവനയെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന അവരുടെ ധൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും പാരമ്പര്യത്തെ അവ ഒട്ടും കുറയ്ക്കുന്നില്ല. സത്യത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുമ്പോൾ, ചരിത്രമെന്നത് വസ്തുതകളുടെയും വീക്ഷണങ്ങളുടെയും ശാശ്വതമായ ധാരണയുടെയും കൂടിച്ചേരലാണെന്ന് അവ നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു.  

‘ഓഗസ്റ്റിൽ കാണാം’; നോവൽ മാർക്വേസ് തള്ളിക്കളഞ്ഞിട്ടും കുടുംബം പ്രസിദ്ധീകരിച്ചതെന്തിനാണ്?

മാർക്വേസ് ജീവിച്ചിരുന്നപ്പോൾ പ്രസിദ്ധീകരിച്ച  തന്റെ  അവസാന പുസ്തകം 2014 ലെ ‘എന്റെ വിഷാദ ഗണികാ സ്മൃതികൾ’ എന്ന നോവലാണ് . മറവി രോഗം ബാധിച്ച് എഴുത്തിൽ നിന്നും വിരമിച്ചപ്പോൾ മാർക്വേസിൻ്റെതായി ഇനി ഒന്നും പുറത്തുവരാനില്ല എന്നുതന്നെ ഭൂരിപക്ഷം സാഹിത്യ പ്രേമികളും വിശ്വസിച്ചു. എന്നാൽ പൊടുന്നനെ മാർക്വേസിൻ്റെ കണ്ടെടുക്കപ്പെട്ട നോവൽ   എന്ന തലക്കെട്ടോടെ പുതിയ നോവലിന്റെ പേരും പുറത്തിറങ്ങുന്ന തിയതിയും  പ്രഖ്യാപിച്ചപ്പോൾ ചിലരെങ്കിലും ഒന്നമ്പരന്നിട്ടുണ്ടാകണം. എന്നിരുന്നാലും അത് മുഴുവൻ  മാർക്വേസ് എഴുതിയതാകാൻ വഴിയില്ല എന്നും അദ്ദേഹത്തിന്റെ മക്കളിൽ ആരെങ്കിലുമോ അതുല്ലെങ്കിൽ എഴുത്തുകാരനായ കൊച്ചുമകൻ    ഗാർസിയ എലിസോൻഡോയോ മറ്റോ എഴുതി പൂർത്തിയാക്കിയതാകാം എന്നും  ചിലരെങ്കിലും കളിയായി കരുതിയിരിക്കണം.എന്നാൽ ഈ നോവലിനെ കുറിച്ച് അതിന്റെ ഇന്നത്തെ രൂപത്തിലല്ല അതിന്റെ പ്രാഗ് രൂപങ്ങളെ കുറിച്ച്  വളരെ മുൻപ് മാർക്വെസ് ചിലയിടങ്ങളിൽ സംസാരിച്ചിട്ടുണ്ട്. 

En agosto nos vemos  എന്ന് സ്പാനിഷിലും Until August എന്ന പേരിൽ ഇംഗ്ലീഷിലുമാണ് നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് . മലയാളത്തിൽ ‘ഓഗസ്റ്റിൽ കാണാം’ എന്ന പേരിൽ മാങ്ങാട് രത്നാകരന്റെ വിവർത്തനവും പുറത്തൂവരാനുണ്ട്.    ‘ഓഗസ്റ്റിൽ കാണാം’ എന്ന നോവൽ  ശരിക്കും പൂർണ്ണമായതും എന്നാൽ  മാർക്വേസിനാൽ പൂർത്തിയാകാത്തതുമായ ഒരു കൃതിയാണ് എന്നു വേണമെങ്കിൽ പറയാം. കാരണം  ഒരു എഴുത്തുകാരനെന്ന നിലയിൽ അതിന്റെ പൂർണ്ണതയിൽ തൃപ്തികരമായി നോവൽ  പരിഷ്കരിക്കാൻ  മാർക്വേസിന് കഴിഞ്ഞില്ല. ഓർമ്മകളാണ്  ഒരേസമയം എൻ്റെ ഉറവിടവും എൻ്റെ ഉപകരണവും. അതില്ലാതെ ഒന്നുമില്ല എന്നു വിശ്വസിച്ചിരുന്ന അദ്ദേഹം പക്ഷേ അതിനു മുമ്പേ മറവി രോഗത്തിലേക്ക് വീണു പോയി.

ഇപ്പോൾ നൂറിൽ പരം പേജുകൾ മാത്രം ദൈർഘ്യമുള്ള ഈ നോവൽ പക്ഷേ അറുന്നൂറ് പേജുകളിൽ പരന്നുകിടക്കുന്ന അഞ്ച് ഭാഗങ്ങളുള്ള ആഖ്യാനമായാണ് മാർക്വേസ്  ആദ്യം വിഭാവനം ചെയ്തത്, പക്ഷേ പിന്നീട് മാർക്വേസ് തന്നെ  അത് ഉപേക്ഷിക്കുകയാണുണ്ടായത്. മാർക്കേസിൻ്റെ ഓർമ്മക്കുറിപ്പായ ‘Living to tell the tale ’ (കഥ പറയാനൊരു ജീവിതം)എഡിറ്റ് ചെയ്ത ക്രിസ്റ്റോബൽ പേരയാണ് ഈ നോവൽ സ്പാനിഷിൽ എഡിറ്റ് ചെയ്തിരിക്കുന്നത് . പുറത്തു വന്നിരിക്കുന്ന പുതിയ പുസ്തകം  മാർക്വേസിൻ്റെ അഞ്ചാമത്തെയും അവസാനത്തെയും ഡ്രാഫ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാൽ  നോവലിൽ മുമ്പത്തെ ഡ്രാഫ്റ്റുകളിൽ നിന്നുള്ള ചില ഭാഗങ്ങളും  ഉൾപ്പെടുത്തിയിട്ടുണ്ട്.

1999 മാർച്ചിൽ  സ്പാനിഷ് സൊസൈറ്റി ഓഫ് ഓതേഴ്സ് ആൻഡ് പബ്ലിഷേഴ്സിനായുള്ള ആ വർഷത്തെ ഫോറത്തിൽ, മാർക്വേസ്  ‘ഓഗസ്റ്റിൽ കാണാം’ എന്ന ഒരു അധ്യായം വായിച്ചപ്പോൾ മുതൽ പ്രസിദ്ധീകരിക്കാത്ത ഒരു മാർക്വേസ് നോവൽ ഉണ്ടെന്നുള്ള  കിംവദന്തികൾ പരന്നിരുന്നു  . മൂന്ന് ദിവസത്തിന് ശേഷം, സ്പാനിഷ് പത്രമായ എൽ പേസ് ഈ അധ്യായം പ്രസിദ്ധീകരിച്ചു, അത് പിന്നീട് ന്യൂയോർക്കർ മാഗസിനു വേണ്ടി   ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. എഡിത്ത് ഗ്രോസ്മാൻ ആയിരുന്നു ഇത് വിവർത്തനം ചെയ്തത്.Meeting in August എന്നായിരുന്നു അതിന്റെ തലക്കെട്ട്.  പിന്നീട് 2003-ൽ ‘ഓഗസ്റ്റിൽ കാണാം’  എന്നതിൻ്റെ മറ്റൊരു ഭാഗം കൂടി വെളിച്ചത്തു വന്നു. മാർക്വേസിൻ്റെ ഉടമസ്ഥതയിലുള്ള കൊളംബിയൻ മാസികയായ കാംബിയോയിൽ  ദി നൈറ്റ് ഓഫ് ദി എക്ലിപ്സ് എന്ന പേരിൽ ഇത് ഒരു ചെറുകഥയായി പ്രസിദ്ധീകരിച്ചു അതിനു ശേഷം വളരെ കാലം  ഒരനക്കവും ഉണ്ടായിരുന്നില്ല.  മാർക്വേസിന്റെ മരണത്തിന് പത്തു വർഷങ്ങൾക്ക് ശേഷമാണ് പുതിയ നോവൽ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. 2004-ൽ പുറത്തിറങ്ങിയ  തന്റെ  ‘Memories of my Melancholy Whores’ (എന്റെ വിഷാദ ഗണികാ സ്മൃതികൾ ) എന്ന നോവലിന് 20 വർഷങ്ങൾക്ക് ശേഷവും. .

നാല്പത്തിയാറു വയസ്സുള്ള വിവാഹിതയായ സ്ത്രീയും അമ്മയുമായ അന  മഗ്ദലീന ബാഹിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ജോഹാൻ സെബാസ്റ്റ്യൻ ബാഹിൻ്റെ രണ്ടാം ഭാര്യയുടെ പേരിൽ അറിയപ്പെടുന്ന അന മഗ്ദലീന  എല്ലാ വർഷവും അമ്മയുടെ ചരമവാർഷികമായ ഓഗസ്റ്റ് പതിനാറിന് , കരീബിയൻ ദ്വീപിലെ അവരുടെ  ശവകുടീരത്തിൽ പുഷ്പങ്ങൾ അർപ്പിക്കാൻ  ഒരു ദിവസം മാത്രം നീണ്ടു നിൽക്കുന്ന യാത്ര ചെയ്യുന്നു . അറ്റ്ലാൻ്റിക് തീരത്തെ  പേരിടാത്ത ഒരു രാജ്യവും പേരിടാത്ത കരീബിയൻ ദ്വീപുമാണ് കഥ നടക്കുന്ന പശ്ചാത്തലം.ദ്വീപിലേക്കുള്ള തൻ്റെ യാത്രയിൽ,  ഓരോ വർഷവും അവർ വ്യത്യസ്ത പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരു ശീലത്തിലേക്ക് എത്തിച്ചേരുകയാണ്.എന്നാൽ അതിനും മുൻപ് തന്റെ ഭർത്താവല്ലാതെ വേറൊരാളുമായും അന അത്തരം ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല. എന്നാൽ ഈ ശീലം തുടങ്ങിയ ആദ്യ  അവസരത്തിൽ  ലൈംഗികബന്ധം കഴിഞ്ഞുള്ള പ്രഭാതത്തിൽ  താൻ വായിച്ചു പകുതിയാക്കിയ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള നോവലിന്റെ പേജുകൾക്കിടയിൽ അയാൾ തിരുകിയിട്ടു പോയ ഇരുപതു ഡോളറിന്റെ നോട്ട് അവളെ തെല്ലൊന്നുമല്ല മുറിവേൽപ്പിച്ചത് . 

അഞ്ച് ഭാഗങ്ങളായി   തിരിച്ചിരിക്കുന്ന നോവലിലെ , ഓരോ ഭാഗത്തിലും  അനയുമായി കണ്ടുമുട്ടുകയും ബന്ധപ്പെടുകയും ചെയ്യുന്നത്  അജ്ഞാതരായ  വ്യത്യസ്ത പുരുഷന്മാരാണ്.   അന കണ്ടുമുട്ടുന്ന ഈ പ്രണയികളെ ആകർഷകമായോ അഭിലഷണീയമായോ അല്ല നോവലിൽ ചിത്രീകരിച്ചിട്ടുള്ളത്, പക്ഷേ  നോവൽ പറഞ്ഞുവെയ്ക്കുന്നത്  അവളുടെ ലൈംഗിക വിമോചനത്തെക്കുറിച്ചൊന്നുമല്ല , മറിച്ച് അന മഗ്ദലീനയുടെ സ്വത്വത്തിൻ്റെ മറ്റു പല ഘടകങ്ങളെക്കുറിച്ചാണ്.എന്നിരുന്നാലും, വർഷാവർഷം കണ്ടെത്തുന്ന ഈ ലൈംഗിക ഏറ്റുമുട്ടലുകൾ അവളുടെ കഥാപാത്രത്തെയോ നോവലിൻ്റെ ഇതിവൃത്തത്തെയോ നിർവചിക്കാൻ മാത്രം ശക്തിയുള്ളതായി അനുഭവപ്പെടുന്നുമില്ല . അതേ സമയം നോവൽ മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്യുന്നുണ്ട്. 

അവിശ്വസ്തത, ആഗ്രഹം, ഭൂതകാലത്തിൻ്റെ ഭാരങ്ങൾ എന്നിവയുടെ പ്രമേയങ്ങളാണ് നോവലിൽ  കൂടുതലും കൈകാര്യം  ചെയ്യപ്പെടുന്നത് . വിവാഹേതര ലൈംഗികതയുടെ ചടുലവും വേഗതയുള്ളതുമായ ഒരു കഥ വാഗ്ദാനം ചെയ്യുന്ന ഈ നോവൽ മാർക്വേസിൻ്റെ മറ്റ് പല നോവലുകളേയും  പോലെ ഒരു മാജിക്കൽ റിയലിസ്റ്റ് നോവൽ ഒന്നുമല്ലെങ്കിലും , മാർക്വേസ് എന്ന  പ്രതിഭയുടെ  കാവ്യാത്മകമായ ഗദ്യം കൊണ്ട് ശ്രദ്ധിക്കപ്പെടും എന്നതിൽ സംശയമൊന്നുമില്ല.

ഇതിനോടകം ‘ഓഗസ്റ്റിൽ കാണാം’ എന്നനോവൽ  നിരൂപകരിലും വായനക്കാർക്കിടയിലും സമ്മിശ്ര നിരൂപണങ്ങളാണ്സൃഷ്ടിച്ചിട്ടുള്ളത് . രചയിതാവിൻ്റെ അന്തിമ ആഗ്രഹത്തിന് വിരുദ്ധമായി പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തീരുമാനം, എഴുത്തുകാരുടെ മരണശേഷം അവരുടെ ആഗ്രഹങ്ങളെ എങ്ങനെ പരിഗണിക്കുന്നു  എന്നതിനെക്കുറിച്ചുള്ള ധാർമ്മിക ചോദ്യങ്ങൾ ഉയർത്തുന്നുണ്ട് ഈ പുസ്തകവും . പുസ്തകത്തോടുള്ള രചയിതാവിൻ്റെ സ്വന്തം അതൃപ്തിയും അത് നശിപ്പിക്കപ്പെടണമെന്ന അദ്ദേഹത്തിൻ്റെ ആഗ്രഹവും ഉണ്ടായിരുന്നിട്ടും , തന്റെ  അന്തിമ ആഗ്രഹങ്ങളെക്കാൾ ‘വായനക്കാരുടെ ആനന്ദത്തിന്’ മുൻഗണന നൽകി എന്ന അവകാശവാദവുമായാണ് ഇപ്പോൾ  ഈ പുസ്തകം പുറത്തു വന്നിരിക്കുന്നത്.  “ഈ പുസ്തകം ശരിയാകുമെന്ന് തോന്നുന്നില്ല , ഇത് നശിപ്പിക്കണം ” എന്ന  പ്രസ്താവനയിലൂടെ മാർക്വേസ് തന്നെ ഈ പുസ്തകത്തെ ഒഴിവാക്കിയിട്ടും , നോവൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത് അദ്ദേഹത്തിൻ്റെ കുടുംബമാണ്. ഈ തീരുമാനത്തെ പക്ഷേ ചിലർ വിശ്വാസവഞ്ചനയായി വിശേഷിപ്പിച്ചിട്ടുണ്ട്, എന്നാൽ വായനക്കാർ പുസ്തകം ആസ്വദിക്കുമെന്നും അവരുടെ പിതാവ് അവരോട് ക്ഷമിക്കുമെന്നും മാർക്വേസിൻ്റെ മക്കൾ പ്രതീക്ഷിക്കുന്നു.

മാർക്വേസിൻ്റെ മുൻ കൃതികളെ അപേക്ഷിച്ച് ‘ഓഗസ്റ്റിൽ കാണാം’ എന്ന  നോവലിൻ്റെ സംക്ഷിപ്തതയും ആഴമില്ലായ്മയും ചില വായനക്കാരെയെങ്കിലും  നിരാശരാക്കിയിട്ടുണ്ട്. ഏകാന്തതയുടെ നൂറുവർഷങ്ങൾ’, ‘പ്രവചിക്കപ്പെട്ട മരണത്തിന്റെ പുരാവൃത്തം  ‘ തുടങ്ങിയ മാർക്വേസിൻ്റെ ഏറ്റവും പ്രശസ്തമായ കൃതികളിൽ കാണുന്ന മാജിക്കൽ റിയലിസ്റ്റിക്  ഘടകങ്ങൾ ഈ പുസ്തകത്തിലില്ല എന്നും അവർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ വിചിത്രമായ ലൈംഗിക രംഗങ്ങളും പ്രണയത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയുടെ അഭാവവും നിരൂപകർക്കിടയിൽ തർക്കവിഷയമാണ്.എന്നിരുന്നാലും എഴുതപ്പെട്ട വാക്കിൻ്റെ മാന്ത്രികത കൊണ്ട് എഴുത്തുകാരുടെയും വായനക്കാരുടെയും തലമുറകളെ ഒരുപോലെ മാർക്വെസ്  പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും. ആൻ മക് ലിയാനാണ് നോവലിന്റെ ഇംഗ്ലീഷ്  തർജ്ജമ കൈകാര്യം ചെയ്തിരിക്കുന്നത്.

ഏകാകികളുടെ ശബ്ദം

എം ടി യെ കുറിച്ച് പറയുമ്പോൾ പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യം വരുന്നില്ല. പ്രവർത്തന മേഖലകളിളെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരാൾ . പത്രപ്രവർത്തനവും സാഹിത്യവും ഒരുമിച്ച് കൊണ്ടു നടന്ന ആദ്യത്തെ വ്യക്തിയൊന്നുമല്ല എം. ടി. മുഴുവൻ സമയ സാഹിത്യമേഖലയിലേക്ക് കടന്നപ്പോഴും തീർച്ചയായും പത്രപ്രവർത്തനത്തിലെ അനുഭവങ്ങൾ തന്റെ എഴുത്തിനെ ഒരു പാട് സഹായിച്ചു കാണണം.

ലോക സാഹിത്യത്തിലെ കാര്യം തന്നെ നോക്കുക . പെട്ടെന്ന് ഓർമ്മ വരുന്ന പേരുകളിൽ മിക്കവാറും പത്രപ്രവർത്തന പാരമ്പര്യം ഉള്ളവരാണെന്ന് കാണാം.ചാൾസ് ഡിക്കൻസ്,മാർക്ക് ട്വയിൻ , എച്ച് ജി വെൽസ്, ബ്രാം സ്റ്റോക്കർ, ഹെമിങ്വേ , മാർക്വെസ്, യോസ തുടങ്ങിയ പല എഴുത്തുകാർക്കും ആ ജേർണലിസ്റ്റ് അനുഭവ പരിചയമുണ്ട്. മലയാളത്തിലേക്ക് വരികയാണെങ്കിലോ? കേസരി ബാലകൃഷ്ണപിള്ള ,ബാബു ഭരദ്വാജ്, കാമ്പിശേരി കരുണാകരൻ ,എം പി നാരായണ പിള്ള ,കെ വി രാമകൃഷ്ണൻ , തായാട്ട് ശങ്കരൻ ,കെ എൽ മോഹന വർമ്മ , എൻ വി കൃഷ്ണ വാര്യർ , എം. ടി , കെ രേഖ,കെ ആർ മീര,സുഭാഷ് ചന്ദ്രൻ .. ലിസ്റ്റ് ഇനിയും നീളും. കണ്ണിനു മുൻപിലുള്ള എല്ലാ സമകാലിക പ്രശ്നങ്ങളിലും എഴുത്തുകാർ കാര്യമായി എടുത്തു ചാടാറില്ല . ചിലപ്പോൾ പ്രതികരിക്കേണ്ട വിഷയങ്ങളിൽ പോലും അതിവിദഗ്ദമായി അവർ മൌനം പാലിക്കും. ചുരുക്കം ചിലർ ഇതിനൊരു അപവാദമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ വരവോടെ എഴുത്തുകാർ അവരുടെ അഭിപ്രായങ്ങൾ ആളുകളുമായി വളരെ എളുപ്പത്തിൽ പങ്കു വെയ്ക്കാൻ തുടങ്ങി. പക്ഷേ അത്തരം അഭിപ്രായങ്ങളിലും നിലപാടുകളിലും രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുൻഗണന നല്കുന്നവരാണ് ഏറെയും . എം. ടി യുടെ ‘ഏകാകികളുടെ ശബ്ദം’ എന്ന പുസ്തകത്തിൽ അത്തരം സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ എഴുതിയിട്ടുണ്ട്. പലതും ഇന്നത്തെ കാലത്ത് പ്രസക്തമല്ല എന്നുള്ളത് മറ്റൊരു കാര്യം. ആ കാലഘട്ടത്തിലെ അത്യാവശ്യം ,പക്ഷേ ഇന്ന് നോക്കുമ്പോൾ അതിന് കാര്യമായ പ്രസക്തിയൊന്നും കാണില്ലല്ലോ . ഉദാഹരണത്തിന് കോട്ട മൈതാനത്തെ സർക്കസിനെ കുറിച്ച് 1977 ൽ എഴുതിയ ലേഖനം. അന്നത്തെ ആ വക പ്രതിസന്ധികൾക്ക് ഇന്ന് കാര്യമായ പ്രസക്തി കാണുമോ എന്നത് തന്നെ സംശയം. പക്ഷേ എഴുതുന്നത് എം ടി ആണെങ്കിൽ വായിക്കാൻ ഉള്ള ഒരു സുഖമുണ്ടല്ലോ. അത് പ്രതീക്ഷിക്കുന്നവർക്ക് ഈ പുസ്തകം ഇഷ്ടപ്പെടും. ഇതിലെ എല്ലാ വിഷയങ്ങളും അത്തരത്തിൽ ഉള്ളതല്ല എന്നു പറഞ്ഞു കൊള്ളട്ടെ . ഇതിലെ പതിനേഴ് ലേഖനങ്ങളിൽ ചിലത് ഇങ്ങനെയുള്ള വിഷയങ്ങളെകുറിച്ചാണ് എഴുതിയിരിക്കുന്നത് എന്ന് പറയുകയായിരുന്നു.

എന്തിനെപറ്റി എഴുതിയാലാണ് വായനക്കാരന്റെ ശ്രദ്ധ പിടിച്ചു നിർത്താൻ കഴിയുക?. വായനാസുഖം എന്നു എം. ടി തന്നെ പറയുന്ന ഈ സംഗതി തന്റെ എഴുത്തിൽ കൊണ്ടുവരാൻ അദ്ദേഹം മനപ്പൂർവ്വം പരിശ്രമിച്ചിട്ടുണ്ടാകും എന്നു പറയാൻ പ്രയാസമാണ്. പക്ഷേ നേരത്തെ പറഞ്ഞപോലെ തന്റെ പത്രപ്രവർത്തന പരിചയവും അദ്ദേഹത്തെ ഇങ്ങനെയുള്ള എഴുത്തിനെ സഹായിച്ചു കാണണം . എല്ലാ മികച്ച പത്രപ്രവർത്തകരും നല്ല എഴുത്തുകാരല്ലല്ലോ , ആയിരുന്നെങ്കിൽ നമുക്ക് ഇവിടെ അത്തരക്കാരെ തട്ടി നടക്കാൻ വയ്യാതായേനെ. 1977 മുതൽ 1994 വരെയുള്ള കാലഘട്ടത്തിൽ ടൂറിസം,സാഹിത്യം, വിനോദം, സിനിമ,പരിസ്ഥിതി, വ്യക്തി എന്നിങ്ങനെ പല വിഷയങ്ങളിൽ എം. ടി എഴുതിയ കുറിപ്പുകളാണ് എച്ച് &സി ഇറക്കിയ ഈ പുസ്തകത്തിലുള്ളത്. അതിൽ നോബൽ സമ്മാനം പ്രഖ്യാപിക്കുന്നതിന് തൊട്ട് മുൻപ് പാരീസ് റിവ്യു വിന് വേണ്ടി ടോണി മോറിസനെ ഇൻറർവ്യു ചെയ്ത സംഭാഷണത്തിന്റെ വിവർത്തനത്തിന്റെ ഒരു രൂപം വായനക്കാർക്കായി എം. ടി വിവർത്തനം ചെയ്തിട്ടുണ്ട്. മോറിസന്റെ തുറന്ന നിലപാടുകൾ വായനക്കാരെ ആകർഷിക്കുക തന്നെ ചെയ്യും. ഈ പുസ്തകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു അദ്ധ്യായമായിരുന്നു ‘കറുത്ത രാപ്പാടിയുടെ ഗീതം’ എന്ന തലകെട്ടിൽ വന്ന ടോണി മോറിസന്റെ അഭിമുഖം. അത്തരത്തിലുള്ള എണ്ണം പറഞ്ഞ എഴുത്തുകൾ ഇതിലുണ്ട്. ലോകസാഹിത്യത്തെ അന്നേ എം ടി പിന്തുടരുന്നു എന്നുള്ളത് അതിശയിപ്പിക്കുക തന്നെ ചെയ്യും. ഇതെല്ലാം പലവട്ടം നമ്മൾ പറഞ്ഞിട്ടുള്ളതാണ്. പക്ഷേ പറയുന്നത് എം. ടി യെ കുറിച്ചല്ലേ . എത്ര പറഞ്ഞാലും മടുക്കില്ലല്ലോ.

‘കേരള നവോത്ഥാനം കൊണ്ടു വന്ന  മഹാന്മാരായ മുഗൾ ചക്രവർത്തിമാർ’

തലക്കെട്ട് കണ്ടു കണ്ണു തള്ളണ്ട ..

ഈയിടെ ഒരു പുസ്തകം വായിക്കുകയുണ്ടായി. ഈ പുസ്തകം വായിച്ച് മണിചിത്രത്താഴിലെ സണ്ണി പറയുംപോലെ നിങ്ങളാരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ ഞാൻ അലയുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം. ഏത് പുസ്തകമായിരുന്നു അത് എന്ന് സ്വാഭാവികമായും ചോദ്യങ്ങൾ വന്നേക്കാം. പുസ്തകത്തിലെ ചില ഭാഗങ്ങളെ ഞാനിവിടെ പറയാം. ഏത് പുസ്തകമാണെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ എന്ന് നോക്കൂ. ആഴ്ചയിൽ നിരവധി പുസ്തകങ്ങൾ ഇറങ്ങുന്ന ഇക്കാലത്ത് പുസ്തകത്തിലെ വാചകങ്ങൾ നോക്കി ഏത് പുസ്തകമാണെന്ന് പറയാൻ ബുദ്ധിമുട്ടായിരിക്കുമെന്നറിയാം . ഏത് വിഭാഗത്തിലുള്ള അല്ലെങ്കിൽ ഏത് വിഷയം കൈകാര്യം ചെയ്യുന്ന പുസ്തകമാണിതെന്ന് പറഞ്ഞാലും മതി.

അപ്പോ തുടങ്ങാം..

നായർ ഗുണ്ടകൾ സമരക്കാരെ പിടിച്ചു കൊണ്ടു പോയി ഒരു മുറിയിലിട്ടടച്ച് കഠിനമായി മർദ്ദിക്കുകയുണ്ടായി. ഉടനെ ദിവാൻ സി.മാധവറാവു സ്ഥലത്തേക്ക് കുതിച്ചെത്തുകയും സമരക്കാർക്ക് പ്രതികൂലമായ ഉത്തരവിറക്കുകയും ചെയ്തു.

…….. വേലുത്തമ്പി ദളവ എന്ന നായർ നേതാവ് ബ്രിട്ടീഷുകാരുമായി വഴക്കാകുകയും അതിന് ശേഷം ബ്രിട്ടീഷുകാർക്ക് തിരുവിതാംകൂറിൽ ഇടപെടാൻ അവസരമൊരുക്കുകയും ചെയ്തു..

തുടർന്ന് തിരുവിതകൂറിൽ നിലവിലുണ്ടായിരുന്ന നികുതികളുടെ പേരും വിവരങ്ങളും,മുറജപം,മുലച്ചിപറമ്പ് ഇത്യാദികളെ കുറിച്ചുള്ള വിവരണങ്ങൾ..

തിരുവിതംകൂറുമായി ബന്ധപ്പെട്ട ഏതെങ്കിലും പുസ്തകമായിരിക്കും എന്ന് ആർക്കെങ്കിലും തോന്നിയോ?

പുസ്തകത്തിലെ വേറെ ചില ഭാഗങ്ങളിൽ നിന്നിതാ

മധ്യകാലഘട്ടത്തിലെ അവസാനമായപ്പോഴേക്കും യൂറോപ്പ് നാടകീയമായ സാമ്പത്തിക വളർച്ച നേടുകയുണ്ടായി.

. … അന്നത്തെ മതസാംസ്കാരിക രംഗത്ത് എടുത്തു പറയാവുന്ന സന്യാസിയായിരുന്നു സെയിന്റ് തോമസ് അക്വിനാസ് .

….ഫ്രഞ്ച് വിപ്ലവത്തെ പ്രേരിപ്പിച്ച വിഖ്യാത എഴുത്തുകാരനാണ് വാൾത്തേർ ലോകമെങ്ങുമുള്ള സ്വതന്ത്ര ചിന്തകരുടെ ആവേശമായിരുന്നു അദ്ദേഹം.

ഉത്തരം കിട്ടിയോ? മധ്യകാലഘട്ടത്തിലെ യൂറോപ്പിനെ സംബന്ധിച്ച ഏതെങ്കിലും പുസ്തകമായിരിക്കുമോ?

എന്തിൽ അടുത്തത് നോക്കൂ

ട്രാൻസ്പേരസി ഇന്റർനാഷണൽ നടത്തിയ സർവ്വെ അനുസരിച്ച് കേരളമാണ് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം.

… ശിശുമരണ നിരക്കും ആയുർദൈർഘ്യവും 1947 കാലത്ത് കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലായിരുന്നു. ആരോഗ്യരംഗം നോക്കിയാൽ കേരളത്തിലങ്ങോളമിങ്ങോളം പ്രാഥമിക കേന്ദ്രങ്ങളുണ്ട്. എല്ലാ ആരോഗ്യ സേവനങ്ങളും ഗ്രാമങ്ങളിൽ ജനങ്ങളിലേക്ക് എത്തിക്കുന്ന ഈ സമഗ്ര ജനകീയാരോഗ്യ പദ്ധതി വളരെ വിജയകരമാണ്. ഇതിലൂടെ എല്ലാ ഗർഭിണികൾക്കും പോഷകാഹാരം ലഭിക്കും. പ്രസവം വരെ ശാസ്തീയമായ മെഡിക്കൽ സേവനം അവർക്ക് ലഭിക്കും.

കേരളചരിത്രത്തെകുറിച്ചോ അല്ലെങ്കിൽ ആരോഗ്യരംഗത്തെ കേരളത്തെക്കുറിച്ചോ സംബന്ധിച്ച പുസ്തകമാണെന്ന് തോന്നിയോ?

എന്നാൽ അടുത്തത്.

ഫ്രാൻസിലെ പ്രഭുവായിരുന്ന വില്യം ഒന്നാമൻ 1066 ൽ നോർമൻഡിയിൽ ഇറങ്ങി അവിടെ കീഴടക്കി ഭരണം ആരംഭിച്ചു. സ്വാതന്ത്ര്യം , സമത്വം , സാഹോദര്യം എന്ന് ലോകത്തിന് വിപ്ലവ കാഹളമുഴക്കിയ ഫ്രഞ്ച് വിപ്ലവം 1789 – 1790 കാലഘട്ടത്തിൽ നെപ്പോളിയൻ ബോണോപ്പാർട്ട് അധികാരം പിടിച്ചെടുത്തതോടെയാണ് അവസാനിച്ചത്.

.. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കൻ സ്വാതന്ത്യ സമരത്തോടെ പരമ്പരാഗത വൈരികളായ ബ്രിട്ടനെതിരെ അമേരിക്കയെ സഹായിക്കുവാൻ ഫ്രാൻസിന് താൽപ്പര്യമുണ്ടായിരുന്നു.

… യൂറോപ്പിലെ ആദ്യകാല നവോത്ഥാന നായകന്മാരിൽ ഏറ്റവും പ്രമുഖർ പത്ത് പേരായിരുന്നു.

യൂറോപ്പും നവോത്ഥാനവും വീണ്ടും കടന്നുവരുന്നതു കൊണ്ട് ഇത് അത് തന്നെ എന്നുറപ്പിച്ചോ?

എങ്കിലിതാ അടുത്തത്

ബാബർ ചക്രവർത്തിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത് ബാബർ ജീവിച്ചിരുന്നപ്പോൾ എഴുതപ്പെട്ട ബാബർ നാമ (1590 ) എന്ന അന്നത്തെ ചരിത്ര ഗ്രന്ഥത്തിൽ നിന്നാണ്. ബാബറുടെ ഭരണകാലം 1526-1560 ആണ് .

1530 ൽ മരിച്ച ബാബർ 1560 വരെ ഭരിച്ചു എന്നാണ് പുസ്തകത്തിൽ പറയുന്നത്. ബാബർ നാമ എഴുതിയതാകട്ടെ 1590 ലും എന്നാണ് കൊടുത്തിരിക്കുന്നത്.

…. ഹുമയൂണിന്റെ മരണത്തിന് ശേഷം കുറെ കാലം കഴിഞ്ഞാണ് ഡൽഹിയിൽ സ്മരണക്കായി ഒരു കുടീരം പണിയുന്നത്.

അക്ബറുടെ മുഴുവൻ പേര് അബു അൽ ഫത്തെ ജലാലുദീൻ മുഹമ്മദ് അക്ബർ എന്നായിരുന്നു.

…. മുഗളരിലെ നാലാമത്തെ ചൂവർത്തിയായ ജഹാംഗീർ തന്റെ പിതാവായ അക്ബറുടെ മഹനിയ പാരമ്പര്യമായ മതസഹിഷ്ണുത ഉൾക്കൊണ്ടിരുന്നില്ല.

… ഷാജഹാന്റെ സാമ്രാജ്യത്തിൽ കാശ്മീർ ,മൻകോട്ട്, ഹിമാചൽ പ്രദേശ് എന്നിവ ഉൾപ്പെട്ടിരുന്നു.

… ആറാമത്തെ മുഗൾ ചക്രവർത്തിയാണ് ഔറംഗസേബ്.

മുഗൾ ചരിത്രത്തെ സംബന്ധിക്കുന്ന ഏതെങ്കിലും പുസ്തകമായിരിക്കുമോ ഇത്?

എങ്കിൽ ഇതൊന്നു നോക്കൂ.

ജാതിവ്യവസ്ഥ ഉറപ്പിക്കുന്ന സ്മൃതി നിയമങ്ങൾ ബ്രാഹ്മണാധിപത്യത്തെ ഉറപ്പിച്ചിരുന്നു.

ഹിന്ദുത്വ ശക്തികൾ ഇന്ത്യയുടെ മതനിരപേക്ഷതയെക്കുറിച്ച് അടിസ്ഥാനതത്ത്വങ്ങളെ ആക്രമിച്ചു തുടങ്ങുന്നതിനു മുന്പ് കോൺഗ്രസ്സ് ഭരണം മതനിരപേക്ഷതയക്ക് തുരങ്കം വച്ച് തുടങ്ങിയിരുന്നു.

.. ജനതാ പാർട്ടി പിളർന്നു ബിജെപി രൂപീകരിച്ചതോടെ ജാതി ഫാസിസ്റ്റുകൾ ബിജെപിയിലായി.

..2004 ലെ പൊതു തെരെഞ്ഞെടുപ്പിൽ ബിജെപി അധികാര ഭ്രഷ്ടരായി കോൺഗ്രസ്സ് നു നേതൃത്വമുള്ള യുണൈറ്റെഡ് പ്രോഗ്രസ്സിവ് അലയൻസ് തിരിച്ചു വരികയും മതനിരപേക്ഷതയ്ക്ക് താൽക്കാലികമെങ്കിലും പ്രാമുഖ്യം ലഭിക്കുകയും ചെയ്തു.

ഫാസിസത്തെകുറിച്ചോ ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചോ ഉള്ള പുസ്തകമായിരിക്കും ഇതെന്നാണോ ?

അപ്പോൾ ഇതോ ?

മനുസ്മൃതി പറയുന്നുണ്ട് പശുവും ബ്രാഹ്മണനും ക്ഷേമമാണെങ്കിൽ പ്രദേശത്ത് ലോകാ സമസ്താ സുഖിനോ ഭവന്തു , എല്ലാവർക്കും ക്ഷേമമായിരിക്കും. ഇന്ത്യയിൽ അഞ്ചു ശതമാനത്തിൽ താഴെ മാത്രം വരുന്ന ബ്രാഹ്മണർ ആകെയുള്ള സ്വത്തിൽ ഗണ്യമായ ശതമാനം കയ്യടക്കി വച്ചിരിക്കുന്നു.

ബ്രാഹ്മണോ ജായമാനോ ഹി പൃഥിവ്യാമനുജായതേ। ഈശ്വരഃ സർവഭൂതാനാം ധർമകോശസ്യ ഗുപ്തയേ

ജന്മനാ തന്നെ ബ്രാഹ്മണർ ഭൂമിയിൽ ശ്രേഷ്ഠനാകുന്നു. ധർമ്മനിധി കാത്തു സൂക്ഷിക്കുന്ന ബ്രാഹ്മണൻ സർവ്വജീവികളുടെയും നാഥനാകുന്നു

സർവ്വം സ്വം ബ്രാഹ്മണസ്യേദം യത് കിം ചിത്ജഗതിഗതം |

ശ്രൈഷ്ഠ്യേനാഭിജനനേദം സർവ്വം വൈ ബ്രാഹ്മണോ’ർഹതി

ലോകത്തിലുള്ള സർവ്വ ധനവും ബ്രാഹ്മണന്റെ സ്വന്തമാണ്. ബ്രാഹ്മമുഖത്ത് നിന്നും ഉദ്ഭവിക്കയാൽ ശ്രേഷ്ഠനായ ബ്രാഹ്മണൻ സർവ്വവും ഗ്രഹിക്കാൻ അർഹനാണ്.

ബ്രാഹ്മണൻ ദശവർഷം തു ശതവർഷം തു ഭൂമിപം// പിതാപുത്രൌ വിജാനീയാദ്ബ്രാഹ്മണസ്തു തയോഃ പിതാ

(……മലയാള വ്യാഖാനം )

ന ജാതു ബ്രാഹ്മണം ഹന്യാത്സർവപാപേഷ്വപി സ്ഥിതം/ രാഷ്‌ട്രദേനഷ് ബഹിഷ്കുര്യത്സമഗ്രധനമക്ഷതം

(…..മലയാള വ്യാഖാനം )

മേൽ സൂചിപ്പിച്ച നിരവധി ശ്ലോകങ്ങളും അവയുടെ അർഥവും ധാരാളമായി കടന്നു വരുന്ന മറ്റു ചില തലകെട്ടുകളിതാ

  • മനുസ്മൃതിയുടെ കാലഗണന
  • എല്ലാം ബ്രാഹ്മണന് വേണ്ടി
  • ചാതുർവർണ്യത്തെ ഉറപ്പിക്കുവാനുള്ള അടവു നയങ്ങൾ
  • സ്വാതന്ത്ര ചിന്തയ്ക്ക് കൂച്ചു വിലങ്ങിടുന്നു
  • കൊള്ളയും കളവും പിടിച്ചു പറിയും ന്യായീകരിക്കുന്നു
  • ബ്രാഹ്മണ ക്ഷത്രിയ അച്ചുതണ്ട്
  • ബ്രാഹ്മണരുടെ മാംസവിരോധം
  • കാർഷിക വൃത്തിയെ നിന്ദിക്കുന്നു
  • ശൂദ്രർക്കുള്ള പ്രമോഷൻ സാധ്യതകൾ- ശൂദ്രർ ബ്രാഹ്മണരാകുന്ന വിധം
  • ബ്രാഹ്മണരും മദ്യപാനവും
  • നീചനായ ശൂദ്രൻ

ഈ ശ്ലോകങ്ങളും വ്യാഖ്യാനങ്ങളും എല്ലാം കണ്ടിട്ട് ഇത്

മനുസ്മൃതി ഒരു വിമർശനം എന്നതോ അല്ലെങ്കിൽ ജാതിവ്യവസ്ഥയുടെ ദോഷഫലങ്ങളെകുറിച്ചുള്ള ഏതെങ്കിലും പുസ്തകം ആയിരിക്കുമോ എന്നു വിചാരിച്ചെങ്കിൽ അമ്പേ തെറ്റി .

ഡോ പികെ സുകുമാരൻ എഴുതി മൈത്രി ബുക്സ് പുറത്തിറക്കിയ ‘മഹാന്മാരായ മുഗൾ ചക്രവർത്തിമാർ’ എന്ന പുസ്തകമാണിത്.

പുസ്തകത്തിന്റെ പേരും ബ്ലർബും കണ്ട് പുസ്തകമെടുത്താൽ നിരാശയായിരിക്കും ഫലം. 164 പേജുകളുള്ള ഈ പുസ്തകത്തിൽ വെറും 40 പേജുകൾ മാത്രമേ ഈ മുഗൾ രാജാക്കന്മാരെ കുറിച്ച് പറയുന്നുള്ളു . അതും വിക്കിപീടിക വെറുതെ ഒന്നു മറിച്ചു നോക്കിയാൽ കിട്ടുന്നതിനെക്കാളും കുറച്ചു മാത്രം. ഉള്ളതിൽ തന്നെ വസ്തുതാ പരമായ തെറ്റുകൾ വേറെയും. ചരിത്ര വിദ്യാർഥികളായ സ്കൂൾ കുട്ടികൾക്ക് പോലും ഇത് ഉപകാരപ്പെടുമെന്ന് തോന്നുന്നില്ല. മുഗൾ ചരിത്രത്തിന്റെ വിശദ വിവരങ്ങളെ പ്രതീക്ഷിച്ച് പുസ്തകമെടുക്കുന്നവർക്ക് തുടക്കം തൊട്ടേ കേരളത്തിന്റെ സെൻസസ് റിപ്പോർട്ട്, സാക്ഷരതാ റിപ്പോർട്ട് , അന്യസംസ്ഥാന തൊഴിലാളികൾക്ക് കേരളം എന്തുകൊണ്ട് സ്വർഗ്ഗമാണ്?, ബംഗാൾ കുട്ടിചോറായത് എങ്ങനെ ? കേരള നവോത്ഥാനം, ആറാട്ടുപുഴ വേലായുധ പണിക്കർ ,യൂറോപ്യൻ നവോത്ഥാനം, ഫ്രെഞ്ച് വിപ്ലവം , കാവി രാഷ്ട്രീയം , ഹിന്ദുത്വ, ഫാസിസം , മനുസ്മൃതി വ്യാഖാനം , ഉത്തർ പ്രദേശിലെ യോഗി മുഖ്യമന്ത്രി,കോൺഗ്രസ്സിന്റെ മൃദു ഹിന്ദുത്വനയം ,ഇന്ത്യയിലെ മാനവികത ഇതൊക്കെയാണ് വായിക്കാനുള്ളത്.

വായന കഴിഞ്ഞ് ഒരു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോഴുണ്ട് അക്ബറും ജഹാംഗീറും, ഷാജഹാനുമൊക്കെ ഒരു മൂലയിലിരുന്നു എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു. വായനക്കിടയിൽ എനിക്ക് പുസ്തകം മാറിപോയില്ല എന്നുറപ്പിക്കാൻ ഇടയ്ക്കിടെ കവറിലെ പേരു നോക്കേണ്ടി വന്ന അവസ്ഥയായിരുന്നു.

അപ്പോൾ സംഭവിച്ചിരിക്കാനുള്ള സാധ്യത ഇതാണ് .

1. ലേഖകൻ പി എസ് സി ക്കു കോച്ചിംഗ് ക്ലാസ്സ് നടത്തുന്നുണ്ടാകാം. അതിലേക്കുള്ള ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാകാം.

2. ലേഖകൻ ഇയർ ബുക്കിലേക്കുള്ള വിവരങ്ങൾ തയാറാക്കുന്നുണ്ടാകണം.

3. പുസ്തകം അച്ചടിക്കാൻ കൊടുത്തപ്പോൾ പേജുകൾ തട്ടി മറിഞ്ഞ് വീണ് പ്രസാധകർ വേറെ പുസ്തകത്തിന് വേണ്ടിയോ മറ്റോ തയാറാക്കി വച്ചിരുന്ന ലേഖനങ്ങൾ ഇവിടെ കയറി വന്നതാകാം.

4. അല്ലെങ്കിൽ കൈയ്യിലുള്ളത് നല്ല കൂടിയ ഇനവുമാകാം

അതല്ലാതെ ഇങ്ങനെ ഒരു പുസ്തകം ഈ ഒരു പേരിട്ടു ആളുകളെ പറ്റിക്കാൻ നോക്കിയതിന് ഒരു ന്യായീകരണവും ഞാൻ കാണുന്നില്ല. ‘മഹാന്മാരായ മുഗൾ ചക്രവർത്തിമാർ’ എന്ന പേരോഴികെ മറ്റെന്തു പേരും ഇതിനു യോജിക്കും.

ബാക്കി നിങ്ങൾ വായിച്ചു നോക്കിയിട്ട് പറയൂ..

മഞ്ഞു രാജകുമാരി-സ്വീഡിഷ് അഗതാ ക്രിസ്റ്റിയുടെ ആദ്യ നോവൽ

വായനക്കാരെ സസ്പെൻസിന്റെയും നിഗൂഢതകളുടെയും ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്ന ഒരു പ്രമേയമാണ് തൻ്റെ എഴുത്തുജീവിതത്തിന് തുടക്കമിട്ട ‘മഞ്ഞു രാജകുമാരി’ എന്ന ഈ നോവലിൽ സ്വീഡിഷ് എഴുത്തുകാരിയായ കാമില ലക്ക്ബെറി, കൈകാര്യം ചെയ്തിരിക്കുന്നത് . നോർഡിക് കുറ്റാന്വേഷണ സാഹിത്യത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ ഇടയിലാണ് ഇവരുടെ സ്ഥാനം. അതുകൊണ്ട് തന്നെ ഇവരെ സ്വീഡിഷ് അഗതാ ക്രിസ്റ്റി എന്നും വിശേഷിപ്പിക്കുന്നുണ്ട്.

സ്വീഡനിലെ ഒരു തീരദേശ ഗ്രാമമായ ഫ്യാൽബാക്കയിലാണ് കഥ നടക്കുന്നത്. അവിടെ അലക്‌സാന്ദ്ര ബെക്‌നർ എന്ന യുവതിയുടെ ദാരുണമായ മരണം ആ നാടിനെ പിടിച്ചു കുലുക്കുകയാണ് . മരണപ്പെട്ട അന്ന് അലക്‌സാന്ദ്രയുടെ വയറ്റിലുണ്ടായിരുന്നത് ഫിഷ് കാസറോളും അൽപ്പം ആപ്പിൾ മദ്യവുമാണ് .അടുക്കള തിണ്ണയിൽ ഒരു കുപ്പി വെളുത്ത വൈൻ ഇരിപ്പുണ്ടായിരുന്നു. അതിൽ നിന്ന് ഒരു ഗ്ലാസ്സ് എടുത്തിട്ടുണ്ട് . എന്നാൽ അലക്‌സാന്ദ്രയുടെ വയറ്റിൽ വൈനുണ്ടായിരുന്നില്ല. അടുക്കളയിലെ സിങ്കിൽ രണ്ടു ഗ്ലാസ്സുകൾ കിടന്നിരുന്നു . ഒരു ഗ്ലാസ്സിൽ അലക്‌സാന്ദ്രയുടെ വിരലടയാളം കൃത്യമായി പതിഞ്ഞിട്ടുണ്ട് . മറ്റേ ഗ്ലാസ്സിൽ ഒന്നും തന്നെയില്ല . അതോടെ ഇതൊരു വെറും മരണമല്ല എന്നു തെളിയുകയാണ്. ഡിറ്റക്റ്റീവ് പാട്രിക് ഹെഡ്‌സ്‌ട്രോം ഈ കേസിലേക്ക് ചൂഴ്ന്നിറങ്ങുന്നതോടെ , അലക്‌സാന്ദ്രയുടെ ജീവിതത്തിലെ സങ്കീർണ്ണമായ പല പാളികളും തുറക്കപ്പെടുകയാണ്. നഗരത്തിലെ ഇറുകിയ ജനസഞ്ചയത്തിനുള്ളിൽ കുഴിച്ചിട്ട പല രഹസ്യങ്ങളും അയാൾ വലിച്ചു പുറത്തിടാൻ ശ്രമിക്കുമ്പോൾ നോവൽ മറ്റൊരു തലത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

സമൃദ്ധമായി വികസിപ്പിച്ച കഥാപാത്രങ്ങളാണ് നോവലിലുള്ളത് . നോവലിൻ്റെ വലിപ്പം കൂടാൻ അതൊരു കാരണമാണെന്ന് തോന്നുന്നു .മറ്റൊരു കാര്യം ഡിറ്റക്റ്റീവ് പാട്രിക് ഹെഡ്‌സ്‌ട്രോമിൻ്റെത് ഒരു അതിമാനുഷിക കഥാപാത്രമല്ല എന്നുള്ളതാണ്. വായനക്കാരുമായി ഇടപഴകുന്ന ഒരു നായകനാണയാൾ. അന്വേഷണവുമായി മുന്നോട്ട് പോകുമ്പോൾ അയാളുടെ ബുദ്ധിയും സഹാനുഭൂതിയും മറ്റു മാനുഷിക ദുർബലതകളുമൊക്കെ നമുക്കു മുന്നിൽ വെളിപ്പെടും. അത്രമേൽ സങ്കീർണ്ണമായാണ് അയാളുടെ വ്യക്തിജീവിതം നോവലിൽ എഴുതി ചേർത്തിരിക്കുന്നത്.

കഥാപാത്രങ്ങളുടെ പല രഹസ്യങ്ങളും മുൻകാല സംഭവങ്ങളുമൊക്കെ ഉൾക്കൊള്ളുന്ന വ്യത്യസ്തമായ നിരവധി വ്യക്തിത്വങ്ങളുടെ ഒരു കൂട്ടം തന്നെ എഴുത്തുകാരി നോവലിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് . ഇരയുടെ മാതാപിതാക്കൾ മുതൽ അവളുടെ ബാല്യകാല സുഹൃത്തുക്കൾ വരെയുള്ള കഥാപാത്രങ്ങൾ ആഴത്തിലും സൂക്ഷ്മതയിലും ഇവിടെ അവതരിപ്പിക്കപ്പെടുന്നുണ്ട് .

കഥയുടെ മുന്നോട്ടുള്ള ഗതിയിൽ വിഷാദവും അസ്വസ്ഥതയും കൂടിക്കലർന്ന ഒരു അവസ്ഥയിൽ നോവൽ എത്തിച്ചേരുന്നുണ്ട് . സ്കാൻഡിനേവിയലിലെ ഭൂപ്രകൃതിയും, അവിടുത്തെ കടുത്ത ശൈത്യകാലവും വിജനമായ സൗന്ദര്യവുമൊക്കെ കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥകളുടെ ഒരു പ്രതിഫലനമായാണ് അനുഭവപ്പെടുന്നത്. കഥാപാത്രങ്ങളുടെ കുടുംബബന്ധങ്ങളുടെ സങ്കീർണ്ണതകൾ, വ്യക്തിജീവിതത്തിലെ ദുരന്തത്തിന്റെ ആഘാതം, ഭൂതകാലവും വർത്തമാനവും തമ്മിലുള്ള പരസ്പരബന്ധം എന്നിവയൊക്കെ സമൃദ്ധമായി അടയാളപ്പെടുത്താൻ എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട് . .

ട്വിസ്റ്റുകകളെ കൃത്യമായി പ്രതിഷ്ഠിക്കുന്നതിൽ ലക്ക്ബെറിയുടെ ആഖ്യാന വൈദഗ്ദ്ധ്യം പലയിടങ്ങളിലും പ്രകടമാണ്. തങ്ങൾ സത്യം തുറന്നുകാട്ടിയെന്ന് വായനക്കാർ വിശ്വസിക്കാൻ തുടങ്ങുമ്പോൾ തന്നെ അപ്രതീക്ഷിതമായ വെളിപ്പെടുത്തലുകളിലൂടെ അവരെ തിരികെയിരുത്താൻ ഒരു പരിധി വരെ അവർക്ക് സാധിച്ചിട്ടുമുണ്ട് . ഉദ്വേഗം നിലനിർത്തിക്കൊണ്ട് തന്നെ കഥാപാത്രങ്ങളുടെ മാനസിക ആഴങ്ങൾ ആസ്വദിക്കാൻ വായനക്കാർക്ക് വഴിയൊരുക്കുന്നതിൽ അവർ ഒരുപരിധി വരെ വിജയിച്ചിട്ടുണ്ടെന്ന് പറയാം. .

രഹസ്യങ്ങളുടെ സങ്കീർണ്ണമായ വലയും, വേട്ടയാടുന്ന അന്തരീക്ഷവും കൊണ്ട് വായനക്കാരെ ആകർഷിക്കുന്ന, ആവേശകരവും ചിന്തിപ്പിക്കുന്നതുമായ ഒരു നോവലായി കമീല ലക്ബെറിയുടെ മഞ്ഞു രാജകുമാരിയെ വിശേഷിപ്പിക്കാം . കഥാപാത്രവികസനത്തിന്റെ ആഴം, തണുത്തുറഞ്ഞ സ്കാൻഡിനേവിയൻ പശ്ചാത്തലം, ഗഹനമായ തീമുകളുടെ പര്യവേക്ഷണം എന്നിവ ഈ നോവലിനെ അതിന്റേതായ ഒരു ക്ലാസിലേക്ക് ഉയർത്തുന്നുമുണ്ട്.

സ്വഭാവവികസനത്തിലും, സൂക്ഷ്മവിവരണങ്ങളിലുമുള്ള ലക്ബെറിയുടെ ശ്രദ്ധ നോവലിനെ സമ്പന്നമാക്കുമ്പോൾ തന്നെ ചില വായനക്കാർക്ക് നോവൽ വായന ചിലപ്പോൾ അൽപ്പം മന്ദഗതിയിലായേക്കാം. ഇതിവൃത്തത്തിന്റെ ക്രമാനുഗതമായ വികാസം, ആഴത്തിലുള്ള അനുഭവത്തിന്റെ അവിഭാജ്യഘടകമാണെങ്കിലും മഞ്ഞു രാജകുമാരിയെന്ന ഈ നോവൽ , വേഗതയേറിയ ക്രൈം ത്രില്ലർ അന്വേഷിക്കുന്നവരുടെ ക്ഷമ പരീക്ഷിച്ചേക്കാൻ നല്ല സാധ്യതയുണ്ട്

സിക്സ്ഇയർപ്ലാൻബുക്സ് ആണ് പുസ്തകം മലയാളത്തിൽ പുറത്തിറക്കിയിരിക്കുന്നത്, വിവർത്തനം ചെയ്തിരിക്കുന്നത് ശ്രീദേവി വടക്കേടത്തും. 480 പേജുകളുള്ള പുസ്തകത്തിന്റെ വില 596 രൂപ.

കോട്ടയത്തിന്റെ കഥ

അക്ഷര നഗരിയെന്നാണല്ലോ കോട്ടയത്തെക്കുറിച്ചു പറയുന്നത്. ഏതാണ്ട് ആയിരം വർഷത്തിലധികം പഴക്കമുണ്ടെന്നു പറയപ്പെടുന്നു കോട്ടയത്തിന്. നമുക്ക് അറിഞ്ഞതും അറിയാത്തതും മറന്നുപോയതും മായ്ച്ചു കളഞ്ഞതുമായ അനേകം കഥകളെ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ‘കോട്ടയത്തിന്റെ കഥ’ എന്ന പുസ്തകത്തിലൂടെ ജസ്റ്റിസ് കെ.ടി. തോമസ്.

നമുക്ക് എഴുതപ്പെട്ട പ്രാദേശിക ചരിത്രങ്ങൾ കുറവാണ്. വാമൊഴിയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടവ വേണ്ടവിധത്തിൽ രേഖപ്പെടുത്തിയിട്ടുമില്ല. പ്രാദേശിക ഇടങ്ങളെ കുറിച്ചുള്ള കാര്യമായ വിവരങ്ങൾ ചരിത്ര വിദ്യാർത്ഥികൾക്കു പോലും കിട്ടുന്നുണ്ടെന്നു തോന്നുന്നില്ല. സാഹിത്യകൃതികളിൽ അതതു കാലഘട്ടങ്ങളിലെ ഇടങ്ങളും രീതികളും കണ്ടെത്തിയെന്നു വരാം. പ്രാദേശിക ചരിത്രത്തെ നോവൽ രൂപത്തിലാക്കിയതാണ് സി.ആർ ദാസിന്റെ ‘ആറാട്ടുപുഴ’ എന്ന നോവൽ. തൃശൂർ ജില്ലയിലെ ആറാട്ടുപുഴയെയാണ് ആ നോവലിൽ വരച്ചിടാൻ നോക്കുന്നത്. അതുപോലെ വെള്ളനാട് എന്ന ഗ്രാമത്തിന്റെ ചരിത്രം വളരെ സൂക്ഷ്മമായി രേഖപ്പെടുത്താനുള്ള ശ്രമം വെള്ളനാട് രാമചന്ദ്രന്റെ ‘വെള്ളനാട്: ചരിത്രവും പരിണാമവും’ എന്ന ആയിരത്തോളം പേജുകൾ വരുന്ന പുസ്തകത്തിൽ കാണാം. ഇത്തരത്തില് ചിതറിയ ചില ശ്രമങ്ങൾ അങ്ങിങ്ങായി കാണാം എന്നല്ലാതെ വേണ്ടവിധമുള്ള ഒരു ഗൌരവം ഈ വിഷയത്തിൽ നല്കിയിട്ടുണ്ടോ എന്നു സംശയമാണ്. ഇത്തരത്തിൽ കേരളത്തിലെ ഒട്ടുമിക്കയിടങ്ങളയും അടയാളപ്പെടുത്താൻ കഴിയണം. ആ നാടിനേയും അവിടങ്ങളിലെ മനുഷ്യരേയും മനസ്സിലാക്കാൻ ഒരു പരിധിവരെ അതു സഹായിക്കും.

തെക്കുംകൂർ തലസ്ഥാനമായിരുന്നു കോട്ടയം. ചെറിയ പട്ടണത്തിന്റെ പേരായ കോട്ടയ്ക്കകം ലോപിച്ച് കോട്ടയമായതാണെത്രെ. വളരെ മുമ്പുതന്നേ വിദ്യാഭ്യാസപരമായി ഉയർച്ച നേടിയിട്ടുള്ളതാണിവിടം. മിഷണറി പ്രവർത്തനങ്ങൾ കാര്യമായി ഇവിടെ നടന്നിരുന്നു. കാരൂരിന്റെ അതിപ്രശസ്തമായ ചെറുകഥയാണല്ലാ ‘പൊതിചോറ്’. അതിനു പിന്നിലെ പ്രചോദന കഥയും ‘കോട്ടയത്തിന്റെ കഥ യിൽ ’ വായിക്കാം. ഡി.സിയുടെ കഥ, 1952 ൽ പുസ്തങ്ങൾക്ക് ഏർപ്പെടുത്തിയ വിൽപ്പനനികുതി നിർത്തലാക്കിയത്, കോട്ടയത്ത് വച്ച് നടത്തപ്പെട്ട അഖിലലോക ക്രിസ്ത്യൻ കോൺഫറൻസ് എന്നിങ്ങനെ കോട്ടയത്തെ ചുറ്റിപ്പറ്റി നടന്ന നിരവധി സംഭവങ്ങളും പുസ്തകത്തിലുണ്ട്. ഇതെല്ലാം പരിമിതമായ വിവരണങ്ങളായതുകൊണ്ടു തന്നെ കോട്ടയത്തിന്റെ ഒരു ബൃഹത് ചരിത്രമൊക്കെ ഏതൊരു ചരിത്രകുതുകിയും പ്രതീക്ഷിക്കുന്നുണ്ടാകും. അങ്ങനെയൊന്ന് ഇപ്പോഴും എഴുതപ്പെട്ടിട്ടില്ലെങ്കിൽ ഇനിയും സമയം അതിക്രമിച്ചിട്ടില്ല.

Why don’t you write something l might Read

നിങ്ങളുടെ കൈയ്യിലുള്ള എല്ലാ പുസ്തകങ്ങളും നിങ്ങൾ വായിച്ചിട്ടുണ്ടോ? ഇതൊക്കെ വായിക്കാൻ തന്നെയാണോ നിങ്ങൾ വാങ്ങുന്നത്? ഇത്രയും പുസ്തകങ്ങൾ നിങ്ങൾ ഏത് കാലത്ത് വായിച്ചുതീരും? ഇങ്ങനെയുള്ള ചോദ്യങ്ങൾ കേൾക്കാത്ത വായനക്കാർ കുറവായിരിക്കും. അയാൾ കൊണ്ടുപിടിച്ചു വായിക്കുന്ന ഒരാളാണെങ്കിൽ ഇതിലെ ചില ചോദ്യങ്ങൾ അവരെ അത്രമേൽ പ്രകോപിപ്പിക്കാനും സാധ്യതയുണ്ട്.ഒരു വായനക്കാരൻ എന്ന നിലയിൽ ഇതുപോലുള്ള ചോദ്യങ്ങളെ നേരിട്ടുള്ള ഒരു വ്യക്തിയാണ് സുരേഷ് മേനോൻ.

വിസ്ഡൻ ഇന്ത്യ അൽമനാക്കിന്റെയും ഇന്ത്യൻ എക്സ്പ്രസ്സിന്റെയുമൊക്കെ എഡിറ്ററായി ഇരുന്നു കൊണ്ട് ക്രിക്കറ്റിനെക്കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ള സുരേഷ് മേനോന്റെ പുസ്തകങ്ങളെയും എഴുത്തുകാരെയുമൊക്കെക്കുറിച്ചുള്ള ലേഖന സമാഹാരമാണ് Why don’t you write something l might Read എന്ന പുസ്തകത്തിലുള്ളത്.

തീർച്ചയായും പുസ്തകത്തിന്റെ തലക്കെട്ട് തന്നെയാണ് ഈ പുസ്തകത്തിലേക്ക് എന്നെ ആകർഷിച്ചത്. പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകമായും ഇതിനെ കരുതുന്നതിൽ തെറ്റില്ല. ധാരാളമായി വായിക്കുന്നവർ അവരുടെ വായന ജീവിതത്തിലൂടെ കടന്നുപോയ പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചുമൊക്കെ എഴുതിയത് വായിക്കാൻ താൽപ്പര്യമുള്ളവർക്ക് ഈ പുസ്തകം ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്.. സ്പോർട്സിൽ ഒട്ടും താൽപ്പര്യമില്ലാത്ത തന്റെ ഭാര്യയുടെ ,ഞാൻ വായിച്ചേക്കാവുന്ന എന്തെങ്കിലുമൊന്ന് നിങ്ങൾ എന്തു കൊണ്ടെഴുതുന്നില്ല എന്ന ഒറ്റ ചോദ്യത്തിന്റെ പുറത്താണ് മേനോൻ ഈ പുസ്തകമെഴുതാൻ കാരണമായതെന്നു പറയുന്നുണ്ട്.

ഏതൊരാളും വായനയിൽ എത്തിച്ചേരുന്നതിനു പിന്നിൽ പലവിധ കാരണങ്ങളുണ്ടാകാം. ബാല്യകാലമാകണം ഏവരേയും പ്രധാനമായും സ്വാധീനിക്കുന്ന ഒരു കാലഘട്ടം.രോഗം, ഏകാന്തത, കുടുംബ പശ്ചാത്തലം തുടങ്ങിയവ ഒരാളെ വായനയിലേക്കും എഴുത്തിലേക്കും തള്ളിയിടാനുള്ള ഏറ്റവും കുറഞ്ഞ കാരണങ്ങളിൽ ചിലതാണ്.സുരേഷ് മേനോൻ താൻ കുട്ടിക്കാലത്തു തന്നെ വായനയിലേക്കെത്തിപ്പെട്ട ചില വിവരങ്ങളിലൂടെയാണ് പുസ്തകം തുടങ്ങുന്നത്.

എഴുത്തുകാരും പുസ്തകങ്ങളും അതുമായി ബന്ധപ്പെട്ട കൗതുകരമായ വിവരങ്ങളുടേയും സമൃദ്ധമായ വിവരങ്ങൾ ഈ പുസ്തകത്തിലുണ്ട്. ഒരു ശരാശരി വായനക്കാരന് തന്റെ ജീവിത കാലത്ത് എത്ര പുസ്തകങ്ങൾ വായിച്ചു തീർക്കാൻ കഴിയുമായിരിക്കും അവയിൽ എത്രയെണ്ണം അവരെ തൃപ്തിപ്പെടുത്തിയിട്ടുണ്ടാകും? എത്രയെണ്ണം സ്വാധിനിച്ചിട്ടുണ്ടാകും? പുനർവായനക്ക് എടുക്കപ്പെട്ടത് ഏതൊക്കെ? നീണ്ട കാലവായനയിൽ എത്ര എഴുത്തുകാരുടെ പുസ്തകങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും?എന്തായാലും അതിന്റെയൊന്നും മൊത്ത വിവരങ്ങളൊന്നും ഒരു പുസ്തകത്തിലൂടെ മുഴുവനായി അവതരിപ്പിക്കാനാകില്ല. എങ്കിലും ഈ പുസ്തകത്തിൽ ഇവിടെയും പുറത്തുമുള്ള നിരവധി എഴുത്തുകാർ കടന്നു പോകുന്നുണ്ട്. അവരെ സംബന്ധിച്ച വിവരങ്ങൾ, എഴുത്തുകൾ, ഓർമ്മകൾ ഒക്കെ മേനോൻ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. മാർക്കേസ്, നയ്പോൾ, ജോൺ ലെ കാരെ, അഗത ക്രിസ്റ്റി,പ്രൂസ്റ്റ്, ആൽബർട്ടോ മാംഗ്വൽ തുടങ്ങിയവരൊക്കെ അതിൽ ചിലർ മാത്രം. ആ ലിസ്റ്റ് പക്ഷേ അത്യാവശ്യം നീണ്ടതാണ്.

ഒരു അധ്യായത്തിൽ ഗോസ്റ്റ് റൈറ്റിംഗിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.അമേരിക്കൻ പ്രസിഡണ്ട് കെന്നഡിയുടെ Profiles in Courage എന്ന പുസ്തകം പുലിറ്റ്സർ നേടിയിരുന്നു. ആ പുസ്തകത്തിന്റെ പിന്നിൽ പ്രസിഡണ്ടിന്റെ ഉപദേഷ്ടാക്കളും പ്രസംഗം എഴുതി തയ്യാറാക്കുന്നവരുമായിരുന്നു. രാഷ്ടിയ മേഖലയിൽ നിന്നുള്ളവർ മാത്രമല്ല ഡിറ്റക്ടീവ് ഫിക്ഷൻ എഴുതുന്ന ചിലരേക്കുറിച്ചും ഇവിടെ പരാമർശമുണ്ട്. ഗോസ്റ്റ് റൈറ്റിംഗ് വിദേശരാജ്യങ്ങളിൽ ഒരു ബിസിനസാണ് . സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ അതിപ്രശസ്തനായ ഒരെഴുത്തുകാരൻ അന്നത്തെ ഒരു ചാൻസലറുടെ ഒരു പുസ്തകത്തിനുവേണ്ടി അപരനായതിന്റെ വിവരങ്ങളുമുണ്ട്. ഇംഗ്ലീഷ് ഫുട്ബോളർ ഡേവിഡ് ബെക്കാമിനു അവാർഡ് നേടി കൊടുത്ത ആത്മകഥ എഴുതിയതും അപരനാണ്.

അപ്പോൾ നമ്മുടെ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ ആത്മകഥയോ?ഒരു സ്പോർട്സ് ലേഖകനായതുകൊണ്ട് ഇതേക്കുറിച്ച് സുരേഷ് മേനോൻ അഭിപ്രായപ്പെട്ടതിനോട് യോജിക്കാമെന്നു തോന്നുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ജോലി പത്രപ്രവർത്തനമാണ് എന്ന് പറഞ്ഞത് മാർക്കേസാണ്.മദ്രാസിലെ സ്വന്തം വീട്ടിൽ നയ്പോളിനെ സൽക്കരിച്ച സമയത്ത് പത്രപ്രവർത്തനത്തെ വില കുറച്ചു കാണരുത് എന്ന് സുരേഷ് മേനോനോട് പറഞ്ഞതും പിന്നീടുണ്ടായ സംഭവങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. മുൻപ് സൂചിപ്പിച്ച പോലെഒരു വായനക്കാരന്റെ ജീവിതത്തെ തൊട്ടുതലോടി പോയ അനുഭവങ്ങളും ഓർമ്മകളുമാണ് പുസ്തകത്തിലുള്ളത്.കോവിഡ് അതിന്റെ രൂപം പൂണ്ട് എല്ലാവരേയും തളച്ചിട്ട സമയത്ത് എഴുതിയ ലേഖനങ്ങൾ പുസ്തക രൂപം കൊണ്ടതാണ് Why don’t you write something l might Read .

കെനിയൻ എഴുത്തുകാനായ ഗുഗി തിയാങ്ങ്ഗോ തന്റെ Devils on the cross എന്ന നോവൽ രഹസ്യമായി എഴുതിയത് ജയിലിൽ വച്ചായിരുന്നത്രെ, അതും ടോയ്ലറ്റ് പേപ്പറിൽ.കാമ്പുള്ളതും മികച്ചതുമായ രചനകളുണ്ടായിട്ടും എന്തുകൊണ്ട് ആ എഴുത്തുകാരന് നോബൽ കിട്ടുന്നില്ല എന്നദ്ദേഹം ആശ്ചര്യപ്പെടുന്നു. ബാംഗ്ലൂരിലെ ബ്ലോസം ബുക്ക് ഹൗസിന്റെ മായി ഗാഡയുടെയും കൃഷ്ണ ഗൗഢയുടേയും കഥകൾ ഇനിയും അറിഞ്ഞിട്ടില്ലാത്തവർക്ക് തെല്ലൊരത്ഭുതത്തോടെ വായിച്ചു പോകാം.

വായിക്കാത്ത പുസ്തകങ്ങൾ വായിച്ചവയേക്കാൾ അമൂല്യമെത്രേ.ഇവിടെ മേനോൻ എഴുതിയിട്ട പുസ്തകങ്ങളുടെ പിറകെ ചിലരെങ്കിലും നടക്കാനിടയുണ്ട്. ഒരെഴുത്തുകാരന്റെ താൽപര്യങ്ങളും അവന്റെ വായനക്കാരുടെ താൽപ്പര്യങ്ങളും ഒരിക്കലും ഒന്നായിരിക്കില്ല എന്ന് പറഞ്ഞത് കവിയായ വിസ്‌റ്റാൻ ഹ്യൂ ഓഡനാണ്. ഇനി അഥവാ യാദൃച്ഛികമായി അങ്ങനെയെങ്ങാനും സംഭവിച്ചാൽ ഭാഗ്യമെന്നേ കരുതേണ്ടൂ.

ഈ പുസ്തകവും അങ്ങനെയുള്ള ഒരു കൂട്ടം വായനക്കാരെ പ്രതീക്ഷിക്കുന്നുണ്ട്.Westland ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ കവറിൽ കാണുന്ന ശില്പം അദ്ദേഹത്തിന്റെ ഭാര്യ ഡിംപി മേനോൻ വെങ്കലത്തിൽ ചെയ്ത In Thought എന്ന വർക്കാണ്.

പുസ്തകങ്ങളുടെയും അതിഗംഭീരവായനയുടേയും നടുവിലൂടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന നിരവധി പ്രശസ്തരും അല്ലാത്തവരുമായ ഒരുപാടാളുകളെ നമ്മുടെ ചുറ്റുവട്ടത്തും കാണാം. അവരുടെ കഥകളെഴുതാൻ ഇനി ഏത് സുരേഷ് മേനാനാണ് വരിക?