അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ -സിവി ബാലകൃഷണൻ

 ആയുസ്സിന്റെ പുസ്തകമാണ് ഞാൻ ആദ്യം വായിച്ച സി വി ബാലകൃഷ്ണന്റെ നോവൽ .ഭാഷയെ ഇത്ര മനോഹരമായി ഉപയോഗിക്കുന്ന ചുരുക്കം ചില എഴുത്തുകാരിലൊരാളാണ് സി വി.അദ്ദേഹത്തിന്റെ ഞാൻ വൈകി വായിച്ച ഒരു നോവലാണ് അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ. കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിലെവിടെയോ ആണ് കഥ നടക്കുന്നത്. ഒരു പ്രദേശത്തെയും,അവിടുത്തെ ആളുകളെയും എങ്ങനെ മനോഹരമായ ഭാഷയിൽ വിവരിക്കാം എന്ന കാര്യത്തിൽ എല്ലാവർക്ക്കും ഒരു പാഠപുസ്തകമാകേണ്ട ആളാണ് സി വി ബാലകൃഷ്ണൻ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.അത്രയ്ക്കുണ്ട് വിവരണത്തിൽ സൂക്ഷ്മത. നോവൽ വായിച്ചു കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങളും പ്രദേശങ്ങളും നമ്മളിൽ നിന്നും ഇറങ്ങിപ്പോകാൻ വല്യപാടാണ്. നോവൽ കാലഘട്ടം ഏകദേശം 1960 കളിലാകണം,സംസ്ഥാനം പിറവി കൊണ്ടതിൽ പിന്നീട് നടക്കുന്ന ആദ്യത്തെ പഞ്ചായത്തു തിരഞ്ഞെടുപ്പിനെക്കുറിച്ചും ,നടന്നു കഴിഞ്ഞ ഇന്ത്യ ചൈന യുദ്ധത്തെക്കുറിച്ചും,അമേരിക്കൻ പ്രസിഡന്റ് കെന്നഡിയുടെ മരണവും,കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പുമെല്ലാം ആ നാട്ടിൻ പുറത്തു ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആ പ്രദേശത്തെ സിഗരറ്റ് വ്യാപാരത്തിന്റെ മൊത്തക്കച്ചവടക്കാരനാണ് കേന്ദ്രകഥാപാത്രം. സ്വന്തമായി,കാറും,ബംഗ്ളാവുമൊക്കെയുള്ള ഒരു ധനികൻ. കൂട്ടായി വിശ്വസ്തനും ,ഡ്രൈവറുമായ അമരേശ്വനും ഉണ്ട്.കണ്ടമാനം സ്വത്തുണ്ടെങ്കിലും അയാൾക്കു കുഞ്ഞുങ്ങളില്ലായിരുന്നു.അയാളുടെ  അമിത ലൈംഗികാസക്തി ഭാര്യയെയും അവരുടെ വേലക്കാരിയെയുമൊക്കെ കടന്നു മറ്റു പെണ്ണുങ്ങളെ കൂടി തേടി പോകുന്ന തരത്തിലുള്ളതാണ്.അവിചാരിതമായി ഒരു സന്ദർഭത്തിൽ കാണുന്ന നാഗിനി എന്ന പെണ്ണുടലിൽ അയാൾ ആകർഷിക്കപ്പെടുന്നു. അയാളുടെ നിർദേശപ്രകാരം അമരേശ്വരൻ അവരെ വിലപേശികൊണ്ടു വരുന്നു. എന്നാൽ ആ സമയത്തു അയാൾക്ക് തന്റെ ജീവിതത്തിലെ ആദ്യത്തെ ദുരന്തം സംഭവിക്കുന്നു.തന്റെ ലൈംഗികശേഷി നഷ്ടപ്പെട്ടതറിഞ്ഞു അയാൾ ഒരു പ്രഭു ഡോക്ടറെയും, തുടർന്ന് ഒരു സിദ്ധനെയും കാണുന്നു.അതുകൊണ്ടൊന്നും ഒരു മാറ്റവും കാണാതെ വരുമ്പോൾ അയാൾ വേറൊരു ഉപായത്തിലേക്കു കടക്കുന്നു  .അമരേശ്വനെ താനായി കാണാനും, തന്റെ  ഇംഗിതം അയാളിലൂടെ സാധിക്കുവാനും അയാൾ തീരുമാനിക്കുന്നു.അമരേശ്വനെ ഒരുവിധത്തിൽ പറഞ്ഞു മനസിലാക്കി അയാൾ മുന്നോട്ടു പോകുന്നു. അമരേശ്വൻ അയാൾക്കുവേണ്ടി അയാൾ പറയുന്ന സ്ത്രീകളെ പാട്ടിലാക്കിയും പ്രലോഭിപ്പിച്ചും കൊണ്ടുവരുന്നു. തന്റെ മുതലാളിയുടെ ആഗ്രഹപൂർത്തീകരണത്തിനായി അമരേശ്വൻ അവരെ ഉപയോഗിക്കുന്നു.അതെല്ലാം മറ്റൊരു ഇരുട്ടുമുറിയിലോ അല്ലെങ്കിൽ കണ്ണിൽ പെടാത്ത ഇടങ്ങളിലോ ഇരുന്നു അയാൾ ആനന്ദിക്കുന്നു. ആ സമയങ്ങളിൽ അയാൾ അമരേശ്വനിലൂടെ കാര്യം സാധിച്ചതായി തൃപ്തിപ്പെടുന്നു. ആ പ്രദേശത്തു പാട്ടു പഠിപ്പിക്കാൻ വരുന്ന ശാരദാമണിയെന്ന ടീച്ചറെ തനിക്കുവേണ്ടി കൊണ്ടുവരാൻ അമരേശ്വനെ അയാൾ പറഞ്ഞയക്കുന്നു. എന്നാൽ തുല്യ നിലയിലുള്ളവരുമായേ തനിക്കു ഇടപാടുള്ളു എന്ന നിബന്ധന ടീച്ചർ മുന്നോട്ടു വെയ്ക്കുന്നു. അതിനുവേണ്ടി അയാൾ അമരേശ്വനു സ്വന്തമായി ഭൂമിയും,തുണിക്കടയും നൽകി തന്റെ പാർട്ണർ സ്ഥാനത്തേക്ക് ഉയർത്തുന്നു.പതിയെ അമരേശ്വന് ആ പ്രദേശത്തെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയായി മാറുന്നു. എങ്കിലും അയാൾ മൊതലാളിയോടുള്ള തന്റെ കൂറും വിശ്വസ്തയും നിലനിർത്തുന്നു. ഒടുവിൽ ടീച്ചറുടെ നിബന്ധനകളനുസരിച്ചു അമരേശ്വൻ അവരെ കൊണ്ടുവന്ന രാത്രി അയാൾക്ക് തന്റെ ജീവിതത്തിലെ രണ്ടാമത്തെ ദുരന്തം സംഭവിക്കുന്നു.പിന്നീട് കഥ തുടരുന്നതും,അവസാനിപ്പിക്കുന്നതും കഥാകൃത്താണ്. 
നോവൽ കഥാപാത്രങ്ങളും ,പരിസരങ്ങളും എം മുകുന്ദന്റെ പ്രശസ്ത നോവലുകളിലെ ചില കഥാപാത്രങ്ങളുമായും,ദേശസമൃദ്ധിയെയും ഓർമിപ്പിക്കുന്നുണ്ട് .  ലൈംഗികത പ്രമേയമായുള്ള നോവലുകൾ മലയാളത്തിൽ പുതുമയൊന്നുമില്ല .ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അശ്ലീലത്തിന്റെ കെട്ടിമറിച്ചിലുകളിലേക്കു വീഴാവുന്ന ഒരു സംഗതിയാണത്. ഒരു വിദഗ്ദ്ധനായ എഴുത്തുകാരന് മാത്രമേ കയ്യടക്കത്തോടെ അവയെ പറ്റി വിവരിക്കാൻ സാധിക്കുകയുള്ളു. സി വിയുടെ ആ കയ്യടക്കം നമുക്കീ നോവലിൽ നിരവധിയിടങ്ങളിൽ  കാണാം.ഭാഷയുടെ തെളിച്ചവും, ഭംഗിയും വേണ്ടുവോളം എടുത്തുപയോഗിച്ചിട്ടുണ്ട് ഈ നോവലിൽ. അതുകൊണ്ടു തന്നെ സുഖമായി  വായിച്ചുപോകാവുന്ന ഒരു പുസ്തകമാണിത്. ഡി സി ബുക്‌സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് 

ഞാൻ ജഡ്ജിയുടെ ശിപായിയായിരുന്നു -നിന്ദർ ഖുഗിയാനവി

ജനാധിപത്യത്തിന്റെ അടിസ്ഥാനസ്തംഭങ്ങളിലൊന്നായാണ് കോടതിയും നീതിപീഠവുമൊക്കെ അറിയപ്പെടുന്നത്.  ഭരണാധിപരാൽ നീതി നിഷേധിക്കപ്പെട്ടാൽ ജനങ്ങളുടെ അവസാനത്തെ പ്രതീക്ഷ മതവും ദൈവവുമൊന്നുമല്ല, അത് കോടതി തന്നെയാണ്. അവിടെ നിന്നും നീതി ലഭിക്കുമെന്ന് തന്നെയാണ് എല്ലാവരും ഉറച്ചു വിശ്വസിക്കുന്നത്.എന്നാൽ ആ നീതിപീഠത്തിലും പുഴുക്കുത്തുകളും,വിശ്വാസതയുടെ വിള്ളലുകളും വീണിട്ടുണ്ടെന്നും ,അവിടങ്ങളിൽ നടക്കുന്നതെന്താണെന്ന്  സ്വാനുഭവങ്ങൾ കൊണ്ട് തുറന്നു കാട്ടുകയാണ് നിന്ദർ ഖുഗിയാനവി “ഞാൻ ജഡ്ജിയുടെ ശിപായിയായിരുന്നു” എന്ന പുസ്തകത്തിലൂടെ .
ഇനിയും പൂർത്തീകരിക്കാത്ത ആത്മകഥയിലെ ഒരു അധ്യായമായി ഈ പുസ്തകത്തെ വേണമെങ്കിൽ കാണാം. കോടതിയും,ജഡ്ജിയുടെ വസതിയുമൊക്കെയാണ് നോവൽ പരിസരം മൊത്തമായി അപഹരിക്കുന്നത്. മൂന്നു ജഡ്ജിമാരുടെ കീഴിൽ ജോലി ചെയ്തയാളാണ് നിന്ദർ.പുസ്തകത്തിലൊരിടത്തും കോടതിനടപടികളെ വിമർശിച്ചതായി കണ്ടില്ല. ജഡ്ജിമാരുടെ പേരുകളോ,അവരെ തിരിച്ചറിയാൻ സാധിക്കുന്ന മറ്റു വിവരങ്ങളോ ഒന്നും തന്നെ വിവരിച്ചതായി കണ്ടില്ല. എങ്കിലും അവിടങ്ങളിൽ എങ്ങനെ കൈക്കൂലിയുടെയും,അഴിമതിയുടെയും കറകൾ പുരളുന്നതെന്നു നിരവധി സംഭവങ്ങളിലൂടെ അദ്ദേഹം വിവരിക്കുന്നു. 
ആത്മകഥകളിൽ പൊതുവെ കാണുന്ന താൻ മാത്രം സൽസ്വഭാവിയായ  നായകനാകുകയും മറ്റുള്ളവരൊക്കെ കൊള്ളാത്തവർ എന്ന പ്രതിഭാസം എന്തോ ഇവിടെ കാണാൻ കഴിഞ്ഞില്ല. സ്വയം വിമർശനങ്ങൾ നടത്തിയും തന്റെ നിലയും വിലയും നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ്  നിന്ദർ മുന്നോട്ടു പോകുന്നത് .കക്ഷികളിൽ നിന്നും കൈക്കൂലിയായി എരുമയെ വാങ്ങിച്ചു കേസ് അവർക്കു അനുകൂലമായി വിധിക്കുന്ന ജഡ്ജിയുടെ കഥ പറയുന്നുണ്ടിതിൽ. ആ എരുമയെ വീട്ടിൽ കൊണ്ടുവന്നു അതിന്റെ പാൽ ദിവസേന കറന്നു വിറ്റു പണം വാങ്ങുന്ന ആളാണ് നിന്ദറിന്റെ  ജഡ്ജിമാരിലൊരാൾ .സർക്കാർ ശമ്പളം കൊടുത്തു നിയമിക്കുന്ന ശിപായിമാരുടെ യോഗ്യത അവരുടെ വീട്ടുജോലിക്കുള്ള മികവാണ് . നല്ല ചപ്പാത്തിയും കിഴങ്ങു കറിയും ഉണ്ടാക്കാനറിഞ്ഞാൽ ജോലി ഉറപ്പ്. ഒരു മനുഷ്യൻ എന്ന പരിഗണന പോലും നൽകാത്ത കുടിലമനസുള്ളവരാണ് ഇത്തരക്കാർ.എങ്കിലും മൂന്ന് ജഡ്ജിമാരിൽ ആദ്യത്തെ ആൾ നിന്ദറിന് ഭേദപ്പെട്ട പരിഗണയും ,സ്നേഹവും കാണിക്കുന്നുണ്ട്. 
നിന്ദർ സാഹിത്യത്തിൽ താല്പര്യമുള്ളയാളാണെന്നും ,പത്രങ്ങളിൽ അച്ചടിച്ചു വരുന്നത് അയാളുടെ  കഥകളാണെന്നും അറിയുമ്പോൾ ജഡ്ജിയുടെ മകനും സവിശേഷമായ പരിഗണനയും,സ്നേഹവും അയാൾക്കു കൊടുക്കുന്നുണ്ട്.അതിനു ശേഷം വീട്ടുജോലികളിൽ നിന്നും നിന്ദർ മുക്തനാകുന്നു. എന്നാൽ ആ ജഡ്ജി സ്ഥലം മാറിപോകുന്നതോടെ നിന്ദറിന്റെ ജീവിതം പഴയപോലെ ആയിത്തീരുന്നു. നിന്ദറെ മോശമായി പരിഹസിക്കുന്നവനും ,മരാസി എന്ന് വിളിച്ചു അയാളുടെ വാദ്യോപകരണമായ തുമ്പിയുമെടുത്തു ബസ് സ്റ്റാൻഡിൽ പോയിരുന്നു പാടാൻ പറയുന്ന ജഡ്ജിയായിരുന്നു  പിന്നീട് വന്നത്.സമയം കിട്ടുമ്പോഴൊക്കെ അയാളുടെ ഗുരുനാഥനെയും ആ ജഡ്ജി അവഹേളിച്ചു.അവഹേളനങ്ങൾ മടുത്തു ഒടുവിൽ നിന്ദർ രാജിവെച്ചു പോകുന്നുന്നുമുണ്ട്.
നിന്ദർ പത്താം ക്ലാസ്‌ വരെയേ പഠിച്ചിട്ടുള്ളു. എങ്കിലും അയാളുടെ ഭാഷ ശക്തമാണ്,ആശയങ്ങൾ ബഹുവിധമാണ്.രണ്ടു വർഷത്തോളം കോടതിയിൽ ഗുമസ്തനായും ,മൂന്നു വർഷം ശിപായിയായും ജോലി ചെയ്തിട്ടുണ്ട്. നാല്പത്തഞ്ചോളം  പുസ്തകങ്ങൾ ഇതുവരെ എഴുതിയിട്ടുണ്ട്. പഞ്ചാബിലെയടക്കം നിരവധി സർവ്വകലാശാലകളിൽ നിന്ദറിന്റെ സാഹിത്യ സംഭവനകളെ കുറിച്ച് ഗവേഷണ പ്രബന്ധങ്ങൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. പഞ്ചാബി ഭാഷയിലാണ് എഴുത്തു മുഴുവനും. അവിടങ്ങളിൽ അദ്ദേഹത്തിന്റെ കൃതികൾ പരക്കെ അംഗീകരിക്കപ്പെട്ടു.അതോടെ നിന്ദറിന്റെ നിരവധി കൃതികൾ ഹിന്ദി,ഉറുദു ,തെലുഗു ഭാഷകളിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. 
മലയാളത്തിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് അലിഗഢ് മുസ്ലിം സർവകലാശാലയിലെ ആധുനിക ഭാരതീയ ഭാഷാ വിഭാഗത്തിൽ മലയാളം പ്രൊഫസറായ ടി എൻ സതീശനാണ്. മാതൃഭൂമി ബുക്സിന്റെ തന്നെ ഗ്രാസ് റൂട്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

ജോഖ ആൽഹാരിസിയുടെ നിലാവിന്റെ പെണ്ണുങ്ങൾ

പലകാരണങ്ങൾ കൊണ്ടും നോവൽ ചരിത്രത്തിൽ ഇടം പിടിച്ച നോവലാണ് ജോഖ ആൽഹാരിസിയുടെ നിലാവിന്റെ പെണ്ണുങ്ങൾ എന്ന നോവൽ. ഒരു ഒമാനി വനിതയുടെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആദ്യത്തെ നോവൽ,അറബിയിൽ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് നേടിയ ആദ്യത്തെ നോവൽ എന്നിങ്ങനെ വിശേഷണങ്ങൾ നിരവധിയാണ്. 1950 കളോടെ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള തുടർവർഷങ്ങളിൽ ആൽ അവാഫി യെന്ന ഗ്രാമത്തിലെ മൂന്നു സഹോദരിമാരുടെയും അവരുടെ കുടുംബങ്ങളിലൂടെയും,ജീവിതങ്ങളുടെയും കഥയാണ് നോവൽ പറഞ്ഞു വെയ്ക്കുന്നത്. അബ്ദുള്ളയെ കല്യാണം കഴിക്കുന്ന മയ്യാ,തന്റെ ഉത്തരവാദിത്തബോധം ഉൾക്കൊണ്ട് വിവാഹം കഴിക്കുന്ന അസ്മ,കാനഡയിലേക്ക് കുടിയേറിയവളും താൻ  സ്നേഹിക്കുന്ന പുരുഷനുമായി വീണ്ടുമൊരു ഒത്തുചേരലിനായി കാത്തിരിക്കുന്ന ഖൌല. മൂന്നുപേരും ഒരു ഉയർന്ന  കുടുംബത്തിൽ ജനിച്ചുവെങ്കിലും ഓരോരുത്തരും വ്യത്യസ്തവും ,വ്യക്തിപരവും ,സാമൂഹികവുമായ പ്രചോദനങ്ങളിൽ പെട്ട് വിവാഹിതരാകുന്നു. അവരുടെ ആ ജീവിതം അവർക്ക്  ചുറ്റുമുള്ള  മറ്റു ആളുകളുടെ ജീവിതത്തെയും സ്വാധീനിക്കുന്നുണ്ട് . ഒരേ സമയം ശക്തരും ദുർഭലരുമായ സ്ത്രീകൾ എന്നാൽ അവർ സ്വന്തം മണ്ണിൽ എങ്ങനെ അന്യവൽക്കരിക്കപ്പെടുന്നുവെന്ന് നോവലിൽ കാണാം. ഓരോ സ്ത്രീ കഥാപാത്രവും മറ്റൊന്നിൽ  നിന്നും തികച്ചും വ്യതസ്തമാണ്. അവരുടെ വ്യക്തിത്വവും ,അതിന്റെ വിവിധ വശങ്ങളും സൂക്ഷ്മതയോടെ നോവലിൽ കൈകാര്യം ചെയ്തിരിക്കുന്നു . അത്തരം വിഷയങ്ങളാണ് നോവലിനെ മുന്നോട്ട് കൊണ്ടുപോകുന്നതും. 1950 കൾ മുതലുള്ള സംഭവങ്ങളാണ് നോവലിനെ മുന്നോട്ടുകൊണ്ടുപോകുന്നതെങ്കിലും 1880 മുതലുള്ള ഒമാനി കുടുംബങ്ങളുടെയും പിൻതലമുറക്കാരുടെയും  കഥയാണിത്.58 അധ്യായങ്ങളിലായി അവ പരന്നു കിടക്കുന്നു. നോവലിലെ പ്രധാന കഥാപാത്രമായ ദരീഫ ആഫ്രിക്കൻ വംശജരായ  അടിമകളുടെ കുടുംബത്തിൽ ജനിച്ച ഒരു അടിമ സ്ത്രീയാണ്. ആവർക്കു   ആൽ അവാഫി ഗ്രാമമല്ലാതെ മറ്റൊരിടത്തേകുറിച്ചും അറിയില്ല. ഒമാന്റെ ചരിത്രത്തെ കുറിച്ചുമുള്ള വിവരങ്ങൾ നോവലിൽ പലയിടങ്ങളിലായി ചിതറികിടക്കുന്നുണ്ട്. 1970 ൽ അവസാനിച്ച ഒമാനിലെ അടിമത്തത്തെകുറിച്ചും നോവലിൽ പരാമർശമുണ്ട്. അതുപോലെ 1920 ലെ സിബ് ഉടമ്പടിയെക്കുറിച്ചും നോവലിൽ വിവരങ്ങൾ ഉണ്ട്. നോവൽ എഴുതപ്പെട്ടത് 2010 ലാണ് .സയ്യിദാത്തുൽ ഖമർ എന്ന നോവൽ പേര് നേരെ ഇംഗ്ലീഷിലേക്കാക്കിയാൽ ലേഡീസ് ഓഫ് മൂൺ എന്നാകും, പക്ഷെ മർലിൻ ബൂത്ത് അതിന്റെ ഇംഗ്ലീഷ് വിവർത്തനം ചെയ്തപ്പോൾ ഇട്ട പേര് Celestial Bodies എന്നായിരുന്നു. ഒരുപക്ഷെ അതിന്റെ അറബിപേരിൽ നിന്നും  മലയാളത്തിലേക്ക് വായിച്ചാൽ ചന്ദ്രന്റെ പെണ്ണുങ്ങൾ എന്നർത്ഥം വരും.അത്തരമൊരു പേര് ഈ നോവൽ ഉള്ളടക്കത്തിനെ ചൊല്ലിയുള്ള  വായനക്കാരുടെ പ്രതീക്ഷകളെ ഒരു പക്ഷെ തകിടം മറിച്ചേനെ !മലയാളത്തിലേക്കെത്തിയപ്പോൾ നോവലിന്റെ പേര് നിലാവിന്റെ പെണ്ണുങ്ങൾ എന്നായി മാറി. അങ്ങനെ  മനോഹരമായ തലക്കെട്ടാണ് മലയാളത്തിൽ അതിന് ലഭിച്ചത് . മലയാള വിവർത്തനം ചെയ്തിരിക്കുന്നത് ഡൽഹി സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഗവേഷണ വിദ്യാർത്ഥിയായ ഇബ്രാഹിം ബാദ്ഷ വാഹിയാണ്. മറ്റൊരു പ്രധാന കാര്യം , ഇത് അറബിയിൽ നിന്നും നേരിട്ടുള്ള മൊഴിമാറ്റമാണ്.അതുകൊണ്ടു തന്നെ നോവലിന്റെ ആത്മാവിനെ അതേപടി പറിച്ചു നടാൻ ഗ്രന്ഥകർത്താവിന് കഴിഞ്ഞിട്ടുണ്ടെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.ഇത് ജോഖയുടെ രണ്ടാമത്തെ നോവലാണ്.മറ്റൊരു പ്രധാന സംഗതി, നോവലിൽ അൽ-മുത്താനബി,ബുഹ്‌ത്രുയി,പേർഷ്യൻ കവി നിമി ഗഞാവി എഴുതിയ ലയല ,മജ്ജുൻ  എന്നിവരുടെ  നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗത അറബി പ്രണയ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് . ഒരുപക്ഷേ പുസ്തകം വായിച്ച് മടക്കി കഴിയുമ്പോൾ ചിലരെങ്കിലും ഒമാനി ചരിത്രവും,അതിന്റെ സാംസ്കാരികപാരമ്പര്യങ്ങളും തേടി പോയാൽ അതിൽ തെല്ലും അത്ഭുതമൊന്നുമില്ല. ഒലിവ് ബുക്ക്സ് ആണ് ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് .

ടോകാർചുക്കിന്റെ നിലയ്ക്കാത്ത സഞ്ചാരങ്ങൾ

പോളിഷ് ഭാഷയിൽ സഞ്ചാരം എന്ന ആശയമാണ് ബൈഗുണി എന്ന വാക്കിനർത്ഥം.കൃത്യമായി പറഞ്ഞാൽ അലഞ്ഞുതിരിയുന്നവർ. ഓൾഗ  ടോകാർചുക്ക് ഈ പേരുള്ള നോവൽ എഴുതിയത് അവരുടെ പോളിഷ് ഭാഷയിലായിരുന്നു. ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തിയപ്പോൾ അതിന്റെ പേര് ഫ്ലൈറ്റ്സ് എന്നായി.എനിക്ക് തോന്നുന്നു, ആ ഇംഗ്ലീഷ് പേരിനേക്കാൾ ഏറ്റവും അനുയോജ്യവും നോവലിനോട് നീതിപുലർത്തിയതുമായ പേര് നൽകിയത് അതിന്റെ മലയാള വിവർത്തനത്തിൽ ആണെന്നാണ്. നിലയ്ക്കാത്ത സഞ്ചാരങ്ങൾ എന്നാണ് മലയാളത്തിൽ അവരുടെ പുസ്തകം അറിയപ്പെടുന്നത്. നോവൽ മുഴുവൻ വായിച്ചു തീരുമ്പോൾ വായനക്കാരും എന്റെ പക്ഷം ചേരുമെന്ന് തന്നെയാണ് ഇക്കാര്യത്തിൽ  എന്റെ വിശ്വാസം. ഇവിടെ നോവലിന്റെ ശൈലി തീർത്തും പുതിയ ഒരു അനുഭവമാണെന്ന് പറഞ്ഞുകൂടാ. യൂറോപ്പ്യൻ സാഹിത്യത്തിൽ മിലൻ കുന്ദേരയും .ഇറ്റാലിയോ കാൽവിനോയും സൃഷ്ടിച്ച വായനയുടെ ഒരു പുതുലോകമുണ്ട്. ഫ്രാഗ്മെന്റഡ് നോവൽ (fragmented Noval ) എന്നാണ് ഇതിനെ പൊതുവായി പറയപ്പെടുന്നത്. കേന്ദ്രീകൃതമായ ഒരു നായകനില്ലാത്ത അവസ്ഥ, ഒന്നിനോടൊന്നു ബന്ധമില്ലാത്ത അദ്ധ്യായങ്ങൾ .എന്നാൽ എല്ലാം കൂടി ഒത്തുചേർന്നു നോവലിന്റെ ഒരു വലിയ വിതാനം തീർക്കുന്ന ഒരു അവസ്ഥ. അത്തരമൊരു വിഭാഗത്തിൽ പെടുന്ന ഒരു കൃതിയാണ് ടോകാർചുക്കിന്റെ നിലയ്ക്കാത്ത സഞ്ചാരങ്ങൾ എന്ന പുതു നോവൽ.പുതു നോവൽ എന്ന് പറഞ്ഞുകൂടാ. 2007 ൽ പോളിഷ് ഭാഷയിൽ ആദ്യം പ്രസിദ്ധീകരിച്ച ഈ നോവൽ ഒരു പതിറ്റാണ്ടോളം ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടില്ല എന്നത് ആശ്ചര്യമുളവാക്കുന്ന ഒന്നാണ് . ഒരു വിദേശ പ്രസാധകനെ കണ്ടെത്താൻ നല്ലവണ്ണം ബുദ്ധിമുട്ടേണ്ടിവന്നു എന്ന് അവർ പറയുന്നുണ്ട്.എന്നാൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ട് വളരെ പെട്ടെന്ന് തന്നെ 2018 ലെ ആ നോവൽ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് നേടി. ജെന്നിഫർ ക്രോഫ്റ് ആയിരുന്നു ഇംഗ്ലീഷ്  വിവർത്തനം.അതുവരേയ്ക്കും ടോകാർചുക് അവരുടെ മാതൃരാജ്യത്തിനു പുറത്തു അജ്ഞാതമായിരുന്നു എന്ന് വേണമെങ്കിൽ പറയാം.
ടോകാർചുക് വിവിധ സ്ഥലങ്ങളിലൂടെയും സമയങ്ങളിലൂടെയും അസാധാരണമായ ഒരു യാത്രയിലേക്കു വായനക്കാരെ കൊണ്ടുപോകുകയാണ് ഈ പുസ്തകത്തിലൂടെ .സ്വന്തം വേരുകളുമായി  ബന്ധമില്ലാത്ത നാടോടികളാണ് ഈ നോവലിലെ നായികാനായകന്മാർ. നോവൽ അതിന്റെ ബഹുമുഖ വിഷയങ്ങളാൽ നമ്മളെ അത്ഭുതപ്പെടുത്തും .കാണുക എന്നുവെച്ചാൽ അറിയുക എന്നതാണെന്ന് നിരവധി തവണ ഈ നോവലിൽ അവർ ആവർത്തിക്കുന്നുണ്ട് .നോവലിന്റെ ഇതിവൃത്തം വളരെ വ്യത്യസ്തമാണ്.ചെറുകഥകളുടെ ഒരു ശേഖരം പോലെ വായിക്കപ്പെടാവുന്ന ഒന്ന്.ടോകാർചുക് അവരുടെ ഭൂരിഭാഗം സമയവും വിമാനത്തിൽ ചെലവഴിക്കപ്പെട്ടതുകൊണ്ടാകാം അവരുടെ പുസ്തകം ഇംഗ്ലീഷിലെത്തിയപ്പോൾ ഫ്ലൈറ്റ്സ് എന്നാൽ മാറിയത്.എന്നാൽ അവരുടെ മറ്റുകഥാപത്രങ്ങൾ വിമാനത്തിൽ മാത്രമല്ല,സമകാലീനവും ,പഴയതുമായ   ട്രെയിനുകൾ ,വണ്ടികൾ,ബസ്സുകൾ ,കുതിരവണ്ടികൾ  തുടങ്ങിയ  ഗതാഗതമാർഗ്ഗങ്ങൾതെരഞ്ഞെടുക്കുന്നു.പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യയിൽ നിന്നുള്ള ഒരു നിഗൂഢ വിഭാഗത്തിന്റെ പേരാണെത്രെ ബൈഗുണി,പാപത്തെ മാനസികമായി മാത്രമല്ല ശാരീരികമായും നിരന്തരമായ യാത്രയിലൂടെയും രക്ഷപ്പെടാമെന്ന് വിശ്വസിച്ചവർ.ഒരു കേന്ദ്ര കഥാപാത്രത്തിന്റെ, നമുക്ക് എല്ലായ്‌പോഴും സുപരിചിതമായ ആ സൂത്രവാക്യത്തിനുപകരം ഒരു ചെറിയക്കൂട്ടം കഥാപത്രങ്ങൾ പ്രത്യക്ഷപ്പെടുകയും എഴുത്തുകാരി അവരുടെ വഴിയിലേക്കു വലിച്ചെറിയപ്പെടുകയും അങ്ങനെ ഏകീകൃതമായ ഒരു യാത്ര സൃഷ്ടിക്കപ്പെടുകയുമാണിവിടെ.പരസപരം ബന്ധിപ്പിക്കുന്ന കഥാപാത്രങ്ങളാൽ ,നിരവധി ആശയങ്ങളാൽ സമ്പന്നമാണീ നോവൽ .ശരീരം,യാത്ര,ജീവിതം,മരണം, എന്നിങ്ങനെ നിരവധി അടരുകൾ കൊണ്ട് അടുക്കിവെക്കപ്പെട്ട ഒരുകൂട്ടം കഥകളുടെ ആകെത്തുകയാണീ പുസ്തകം  .
നോവലിലെ രസകരമായ ഒരു ഭാഗം ശ്രദ്ധിക്കുക 
“പുരാതനകാലത്തു ആളുകൾ തീർത്ഥയാത്രക്ക് പോകാറുണ്ട്.വളരെ ബുദ്ധിമുട്ടി,ക്ലേശങ്ങൾ സഹിച്ചു അവർ ഒരു പുണ്യസ്ഥലത്തിലെത്തിച്ചേരുന്നു.അവരുടെ വിശ്വാസം ആ സ്ഥലത്തിന്റെ പുണ്യം അവർക്ക് കിട്ടുമെന്നാണ്.നമ്മുടെ പാപങ്ങളെ നീക്കി അത് നമ്മളെ ശുദ്ധീകരിക്കുന്നു.എങ്കിൽ അവിശുദ്ധമായ ,കൊള്ളരുതാത്ത ഒരു സ്ഥലത്തേക്ക് പോകുമ്പോഴും അത് തന്നെ സംഭവിക്കുമോ? “(സഞ്ചാര മനഃശാസ്ത്രം:ഒരു ബൈബിൾ വിമർശനം)

ഇങ്ങനെ 116 അദ്ധ്യങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്. 
നോവലിസ്റ്റ് എഴുത്തിലേക്ക് വന്നത് യാദൃച്ഛികമായാണ് .സൈക്കോളജിസ്റ്റായിരുന്നു അവർ.വർഷങ്ങൾക്ക് മുൻപ് ലണ്ടനിലേക്കുള്ള തന്റെ ആദ്യ വിദേശയാത്രയിലൂടെയാണ് എഴുതാനുള്ള താൽപ്പര്യം അവരിൽ മുള പൊട്ടിയത്.അധികം താമസിയാതെ അവർ തന്റെ ആദ്യ ചെറു കഥ എഴുതി. 2018 ലെ നോബൽ സമ്മാനം അവരുടെ ഫ്ലൈറ്റ്സ് എന്ന നോവലിന് ലഭിച്ചു. മലയാളത്തിൽ ഇതിന്റെ വിവർത്തനം ചെയ്‌തിരിക്കുന്നത്‌ ,മുപ്പതിലേറെ പുസ്തകങ്ങൾ ഇംഗ്ലീഷിൽ  നിന്ന് മലയാളത്തിലേക്കു വിവർത്തനം ചെയ്ത രമാ മേനോൻ ആണ്. നോബൽ കിട്ടിയ സ്ഥിതിക്ക് ടോകാർചുക്കിന്റെ മറ്റു പുസ്തകങ്ങളും ഉടനെ മലയാളത്തിൽ ലഭ്യമാകാൻ സാധ്യതയുണ്ട് .അതാകട്ടെ നമ്മെ പോലുള്ള വായനക്കാർക്ക് ഏറെ സന്തോഷം തരുന്ന ഒരു സംഗതിയും. 

നാദിയ മുറാദ് അവസാനത്തെ പെൺകുട്ടി ആകുമോ?

വടക്കൻ ഇറാഖിലെ നിരവധി കർഷക കുടുംബങ്ങൾ പാർക്കുന്ന ഒരു ചെറിയ ഗ്രാമമാണ് കൊച്ചോ. അധികമാരും അറിയപ്പെടാതിരുന്ന ആ സ്ഥലം ഇന്ന് ലോകപ്രശസ്തമാണ്;നാദിയ മുറാദ് എന്ന യസീദി പെൺകുട്ടി പിറന്ന നാട് എന്ന പേരിൽ.സ്വന്തമായി ബ്യൂട്ടി പാർലർ നടത്തുക അല്ലെങ്കിൽ ചരിത്ര അധ്യാപിക ആകുക എന്ന സ്വപ്നവുമായി അവിടെ അവളും കൂടെ അവളുടെ സഹോദരന്മാരുമായി  വളരെ സ്വസ്ഥമായി ജീവിച്ചു പോരുന്നതിനിടയിൽ 2014 ഓഗസ്റ്റ് 15 നു അവൾക്കു വെറും പതിനഞ്ചു വയസ്സുള്ളപ്പോൾ അവരുടെ  ജീവിതം തകർക്കപ്പെട്ടു.

ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ അവളുടെ ഗ്രാമത്തിൽ അഴിഞ്ഞാടി,ജനങ്ങളെ കൂട്ടക്കശാപ്പ്‌ ചെയ്തു.പേഷ്‌മാർഗ എന്ന സൈനിക സേന യസീദികളെ സംരക്ഷിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തിന് മുൻപേ അവർ കടന്നു കളഞ്ഞിരുന്നു.ഇസ്ലാം മതം സ്വീകരിക്കാൻ കൂട്ടാക്കാത്ത പുരുഷന്മാരെയും ,ലൈംഗിക അടിമകളാക്കാൻ പറ്റാത്ത പ്രായമായ സ്ത്രീകളെയും ഉടനടി വധിച്ചു കളഞ്ഞു. നാദിയയുടെ ആറു സഹോദരന്മാർ കൊല്ലപ്പെട്ടു. അവളുടെ അമ്മ കൊല ചെയ്യപ്പെട്ട് ഏതോ കുഴിയിൽ അടക്കം ചെയ്യപ്പെട്ടു.നാദിയയെ മൊസൂളിലേക്കു കൊണ്ട് പോയി അടിമ കച്ചവടത്തിലേക്ക് വലിച്ചെറിയപ്പെട്ടു. അവിടെ വച്ച് അവളുടെ പീഡനപർവ്വം ആരംഭിക്കുന്നു.അവിടെ വെച്ച് നാദിയയെ ഒരു ജഡ്ജിക്കാണ് വിൽക്കുന്നത്. അതോടെ അവൾക്കു ഇസ്ലാം മതം സ്വീകരിക്കേണ്ടി വന്നു . ജഡ്‌ജിയുടെ വീട്ടിൽ വെച്ച് ക്രൂരമായ പീഡനങ്ങളും എണ്ണമറ്റ ബലാത്സംഗങ്ങളും അവൾക്കു ഏറ്റുവാങ്ങേണ്ടി വന്നു.ജഡ്ജിയുടെ അധികം പ്രായമാകാത്ത ഒരു മകനാലും അവൾ പീഡിപ്പിക്കപ്പെട്ടു. രക്ഷപെടാൻ ശ്രമിച്ച ആദ്യ ഉദ്യമം കണ്ടുപിടിക്കപ്പെട്ടു . അതിനെ തുടർന്ന് കൊടിയപീഡനം വീണ്ടും അനുഭവിക്കേണ്ടി വന്നു. അവിട നിന്ന് വേറോരാൾക്കു വിൽക്കപ്പെട്ടു.

നിരവധി തീവ്രവാദികളാൽ കൂട്ടബലാത്സംഗങ്ങളും പീഡന പരമ്പരയും നടക്കുന്നതിനിടയിൽ വീണുകിട്ടിയ ഒരു അവസരത്തിൽ അവൾ മൊസൂളിലെ തെരുവുകളിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. അങ്ങനെ ഒരു സുന്നി മുസ്ലിം കുടുംബത്തിൽ ചെന്നെത്തിപ്പെടുകയും അവിടുത്തെ മൂത്തമകൻ ജീവൻ പണയംപെടുത്തി കള്ള പാസ്സ്പോർട്ടും ,വ്യാജ തിരിച്ചറിയൽ രേഖകളുമൊക്കെ സംഘടിപ്പിച്ചു അവളെ അവിടെ നിന്നും രക്ഷപ്പെടാൻ  സഹായിക്കുന്നു.നസീർ എന്ന സുന്നി പുരുഷന്റെ ഭാര്യയായി വേഷമിട്ട് കുർദിസ്ഥാനിലേക്കു അവർ അവിടെ നിന്നും പാലായനം ചെയ്യുന്നു. തങ്ങളുടെ ശ്രമം ജയിക്കുമോ തോൽക്കുമോ എന്നൊന്നും അറിയാതെ സദാ  സമയം വെടിയുണ്ടകളെയും,മരണത്തെയും പ്രതീക്ഷിച്ചു ഒടുവിൽ സുരക്ഷിത സ്ഥലത്ത് എത്തിപ്പെടുന്നു.എന്നാൽ ചെക്‌പോയിന്റിൽ വെച്ച് അവിടുത്തെ അന്വേഷണ ഉദ്യോഗസ്ഥനാൽ അവളുടെ സ്വകാര്യ കഥ രാഷ്ട്രീയലാഭത്തിനുള്ള ഒരുപകരണമായി മാറുന്നു.നസീറിനെയും, നാദിയയെയും കുർദിഷ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നു.പുറത്തുവിടി ല്ല എന്ന ഉറപ്പിന്മേൽ അവരുടെ കഥകൾ റെക്കോർഡ് ചെയ്യുന്നു.അവർ അവിടം വിട്ട നിമിഷം തന്നെ വിവരങ്ങളെല്ലാം മാധ്യമങ്ങൾക്കു ചോരുന്നു.ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കൊച്ചോ ഉപരോധത്തിന് മുൻപ് യസീദികളേ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട പെഷ്‌മാർഗ സൈനിക വ്യൂഹത്തെ പഴിചാരാൻ കിട്ടിയ സന്ദർഭം ആ ഉദോഗസ്ഥർ കൃത്യമായി ഉപയോഗിക്കുന്നു.പിന്നീട് പല പല ക്യാമ്പുകളിലായി ജീവിതം . ഒടുവിൽ ജർമൻ ഗവണ്മെന്റിന്റെ അഭയാർത്ഥിയായി സ്വൈര്യജീവിതം തുടങ്ങുന്നു. വായിച്ചുകഴിഞ്ഞാൽ ഒരു നെടുവീർപ്പോടെയല്ലാതെ അടച്ചുവെക്കാൻ കഴിയാത്ത ഒരു പുസ്തകമാണ് നാദിയ മുറാദിന്റെ അവസാന പെൺകുട്ടി എന്ന പുസ്തകം. നാദിയായും ജെന്ന ക്റാജെസ്‌കിയും ചേർന്നാണ് പുസ്തക രചന നടത്തിയിരിക്കുന്നത്.നാദിയാ യുടെ രക്ഷപ്പെടലും അനുബന്ധ സംഭവങ്ങളും ,അവിടങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന വംശഹത്യയിൽ ശ്രദ്ധിക്കാൻ ലോകരാജ്യങ്ങൾ നിർബന്ധിതരായി.

    നാദിയ മുറാദ് ഇന്ന് അറിയപ്പെടുന്ന ഒരു മനുഷ്യാവകാശ പ്രവർത്തകയാണ്.2018 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയവളാണ് .വംശഹത്യ,മനുഷ്യരാശിക്കെതിരായുള്ള കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തി ഇസ്ലാമിക് സ്റ്റേറ്റിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഹാജരാകാനുള്ള ശ്രമത്തിലാണ് നാദിയായും സംഘവും .ഒരു വംശഹത്യയും യാദൃച്ഛികമായി നടക്കുന്നതല്ല, നിങ്ങൾക്കത്  ആസൂത്രണം ചെയ്തേ പറ്റൂ എന്ന് നാദിയ പറയുന്നു. നോബൽ സമ്മാനം നേടിയ ശേഷം അവർ പറഞ്ഞത് “എന്റേത് പോലുള്ള ഒരു കഥയുമായി ലോകത്തിലെ അവസാനത്തെ പെണ്കുട്ടിയാകാൻ ഞാൻ ആഗ്രഹിക്കുന്നു ” എന്നാണ്.
 നാദിയയുടെ ജീവിതം മനുഷ്യന്റെ ഇച്ഛാശക്തിയുടെ ഒരു സാക്ഷ്യപത്രമാണ്. ഈ പുസ്തകത്തിന്റെ  മലയാള പരിഭാഷ നിർവഹിച്ചിരിക്കുന്നത് മനോരമ ന്യൂസ് ചാനലിലെ പത്രപ്രവർത്തകയായ നിഷ പുരുഷോത്തമനാണ്.

ഗുസ്താവ് ഫ്ലോബേറെ കോടതി കയറ്റിയ മദാം ബോവറി

 

സാഹിത്യത്തിൽ ശൈലിയിലും,ഘടനയിലും ഉള്ള പൂർണ്ണത കൊണ്ട് ശ്രദ്ധ നേടിയ വെസ്റ്റേൺ നോവലിസ്റ്റുകളിലെ പ്രഥമസ്ഥാനീയനായ എഴുത്തുകാരനാണ് ഗുസ്താവ് ഫ്ലോബേർ. എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി നിയമപഠനം പാതിവഴിയിലുപേക്ഷിച്ച ആളാണ് നമ്മുടെ ഈ കക്ഷി.സാഹിത്യത്തിൽ റിയലിസത്തിന്റെ ആദ്യ കാല പ്രയോക്താക്കളിൽ ഒരാളായാണ് ഫ്ലോബേർ അറിയപ്പെടുന്നത്. 

1850 ൽ ആണ് ഫ്ലോബേർ മദാം ബോവറിയുടെ പണിപ്പുരയിൽ ഇരിക്കുന്നത്.ഏതാണ്ട് അഞ്ചു വർഷത്തോളമെടുത്താണ് നോവൽ പൂർത്തിയാക്കിയത്.1856 ൽ റെവേഡി പാരീസ് എന്ന മാഗസിനിൽ അത് സീരിയലൈസ് ചെയ്യപ്പെട്ടു.അദ്ദേഹത്തിന്റെ ഒരു പ്രത്യേകത എന്തെന്ന് വെച്ചാൽ തന്റെ എഴുത്തിൽ ക്ളീഷേകളെ പൂർണ്ണമായും ഒഴിവാക്കി എന്നുള്ളതാണ്. സാധാരണക്കാരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളി ലേറെയും.കൃത്യതയില്ലാത്തതോ,അമൂർത്തമോഅവ്യക്തമോ ആയ ഒരു പദപ്രയോഗവും തന്റെ നോവലിൽ കാണാൻ കഴിയില്ല. ചിലപ്പോൾ ഒരു പേജ് പൂർത്തിയാക്കുന്നതിനു ഒരാഴ്ചവരെയൊക്കെ അദ്ദേഹം  ചിലവഴിച്ചിട്ടുണ്ടെന്നു പ്രശസ്ത എഴുത്തുകാരൻ മോപ്പസാങ്ങും രേഖപ്പെടുത്തിയിട്ടുണ്ട്. മോപ്പസാങ്ങും എമിലിസോളയുമുൾപ്പെടയുള്ളവരെ ഫ്ലോബേർ അസാധാരണമായി സ്വാധീനിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. മോപ്പസാങ്, ഫ്ലോബേറിന്റെ ചുരുക്കം ചില സുഹൃത്തുക്കളിലൊരാളായിരുന്നു.
 
    1848 ലെ ഒരു വേനൽക്കാലത്തു ഫ്രാൻസിലെ നോർമാൻഡിയിലെങ്ങോളമിറങ്ങിയ മിക്ക പത്രങ്ങളിലും ഒരു ദാരുണ വാർത്ത പ്രത്യക്ഷപ്പെട്ടു ! റൂയിന് തൊട്ടടുത്ത് റൈയിൽ താമസിക്കുന്ന ഡെൽഫിൻ ഡെലമറെ എന്ന 27 വയസുള്ള സ്ത്രീ ആഡംബര വസ്ത്രങ്ങൾക്കും ,വീട്ടുപകരണങ്ങൾക്കും വേണ്ടി ധാരാളിത്തം കാണിച്ചു വൻ കടബാധ്യത വരുത്തി വച്ചു.  ദാമ്പത്യ ജീവിതത്തിൽ നൈരാശ്യം പൂണ്ട് ഒടുവിൽ വൈകാരികവും. സാമ്പത്തികവുമായ സമ്മർദ്ദത്തിൽപ്പെട്ട് ആത്മഹത്യ ചെയ്തു. അവർ അവരുടെ ഒരു ഇളയ മകളെയും, അസ്വസ്ഥനായ ഭർത്താവിനെയും ഉപേക്ഷിക്കുകയായിരുന്നു.

പത്രത്തിൽ അവരുടെ കഥ വായിച്ചറിഞ്ഞവരിൽ ഒരാൾ നമ്മുടെ ഫ്ലോബേർ ആയിരുന്നു. ആ സംഭവ കഥയിൽ ആകൃഷ്ടനായ അദ്ദേഹം അക്കാര്യം തന്റെ പുതിയ നോവലിന് വേണ്ടി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. അങ്ങനെ റൈയിൽ നിന്നുള്ള വ്യഭിചാരിണിയായ മാഡം ഡെലമെറ നോവലിലെ സാങ്കൽപ്പിക യോൺവില്ലിൽ നിന്നുള്ള വ്യഭിചാരിണിയായ മദാം ബോവറിയായി.പക്ഷെ നോവലിൽ ഒരുതരത്തിലും മോശക്കാരിയാകാതെ തികച്ചും ദയനീയമായ ദാമ്പത്യ ബന്ധം നടത്തുന്നത് എത്ര എളുപ്പമാണെന്ന് എമ്മ എന്ന മദാം ബോവറി കാണിച്ചു തന്നു.  ശരിക്കു പറഞ്ഞാൽ വ്യഭിചാരത്തെക്കുറിച്ചുള്ള പൊതുവായ ഒരു കഥയെ ഫ്ലോബേർ അഗാധമായ മാനവികതയുടെ നിലനിൽക്കുന്ന ഒരു കൃതിയാക്കി മാറ്റി. അതുകൊണ്ടു തന്നെയാണ് മദാം ബോവറി ഫ്ലോബേറിന്റെ മാസ്റ്റർപീസായി ലോകസാഹിത്യത്തിൽ അറിയപ്പെടുന്നത്.
 
    ഡോക്ടർ ചാൾസ് ബോവറി ഒരു കോൺവെന്റിൽ വളർന്ന സുന്ദരിയായ പെൺകുട്ടി എമ്മയെ വിവാഹം കഴിക്കുന്നു. അവൾ വായിച്ചുകൂട്ടിയ റൊമാന്റിക് നോവലുകളിലെ ഭവനാലോകത്തുനിന്നും തികച്ചും വ്യത്യസ്തവും വിരസവുമാണ് യഥാർഥ ജീവിതമെന്നവൾ മനസ്സിലാക്കുന്നു. അതിന്റെ അസ്വസ്ഥതകളും,അസന്തുഷ്ടിയും നാൾക്കുമേൽ വളർന്നു വന്നു. അവരുടെ മകളായ ബെർത്തയുടെ ജനനം പോലും അതിൽ നിന്നും അവളെ മോചിപ്പിക്കാൻ കഴിയുന്നില്ല. അങ്ങനെയാണ് പ്രാദേശിക ഭൂവുടമയായ റൊഡോൽഫെയുമായി ഒരു പ്രണയബന്ധം എമ്മ ആരംഭിക്കുന്നത്. 

ഒരുവേള അവർ ഒരുമിച്ച് ഓടിപോകാൻ വരെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. പക്ഷേ റോഡോൽഫെക്കു അവൾ വെറുമൊരു വെപ്പാട്ടി മാത്രമമായിരുന്നു,മാത്രവുമല്ല അവരുടെ അമ്മ പറയുന്നതിനപ്പുറം ആയാൾക്ക് മറ്റൊരു തീരുമാനം എടുക്കാനും കഴിയുമായിരുന്നില്ല. റോഡോൽഫിന് അവളെ മടുത്തു കഴിഞ്ഞിരുന്നു. എമ്മയ്ക്ക് ഒരു കത്ത് കൊടുത്തു വിട്ട് അയാൾ എവിടേക്കൊ ഒരു യാത്ര പോയി. ആ ബന്ധം തകർന്നതിന്റെ ആഘാതത്തിൽ എമ്മയ്ക്ക് മസ്തിഷ്കജ്ജ്വരം പിടിപ്പെടുകയും ഒരുമാസത്തിലേറെ കിടപ്പിലാകുകയും ചെയ്യുന്നു. ഭർത്താവ് ചാൾസിന്റെ പരിചരണത്തിലൂടെ അവൾ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നു . പക്ഷേ അത് ചാൾസിന്റെ ജീവിതത്തിലേക്കായിരുന്നില്ല എന്നു മാത്രം. മുൻപരിചയക്കാരനായ ലിയോൺ എന്ന യുവാവായിരുന്നു ഇത്തവണ അവളുടെ പ്രണയനായകൻ. അതോടെ അവളുടെ ജീവിതം വീണ്ടും കുഴപ്പങ്ങളിലേക്ക് വീഴുന്നു. ആ ബന്ധം നിലനിറത്തുന്നതിനായി അവൾ കണ്ടമാനം പണം ചെലവഴിച്ച് വൻ കടബാധ്യത വരുത്തിവെക്കുന്നു.

 ലിയോണിന്റെയും ,റോഡോൽഫിന്റെയും അടുത്തും പണത്തിനായി അവൾ യാചിച്ചെങ്കിലും അവർ അവളെ കൈയ്യൊഴിയുന്നു. അവളുടെ വഴിവിട്ട ജീവിതം പരസ്യമായി വെളിപ്പെടുന്നതിൽ  ഒന്നും ചെയ്യാൻ കഴിയാതെ വരുമെന്ന് കണ്ട് ആർസെനിക് വിഴുങ്ങി വേദന തിന്നു മരിക്കുന്നു. ദു:ഖിതനായ ചാൾസ് എമ്മയുടെ പൂർവകാല ബന്ധങ്ങളെ കുറിച്ച് ഒന്നും അറിയാതെ  അവൾ വരുത്തിവെച്ച കടങ്ങൾ വീട്ടുന്നതിനായി ആത്മാർഥതയോടെ ശ്രമിക്കുന്നു. പലരും അവസരം മുതലാക്കി ചാൾസിന്റെ പണം കൈക്കലാക്കുന്നു. അയാൾ പാപ്പരാകുന്നു. പിന്നീട് അവളുടെ അലമാരയിലെ രഹസ്യ അറകളിൽനിന്നും റോഡോൽഫിന്റെയും ,ലിയോണിന്റെയും നിരവധി പ്രണയലേഖനങ്ങൾ കണ്ടെത്തുന്നതോടെ അയാൾ കൂടുതൽ നിരാശയിലേക്ക് കൂപ്പുകുത്തുന്നു. ഒടുവിൽ അനിവാര്യമായ മരണം അയാളേയും കവരുന്നു. മകളായ ബെർത്ത് അമ്മൂമ്മയുടെ അടുത്തേക്ക് പോയെങ്കിലും അവരുടെ മരണത്തോടെ അവൾ വീണ്ടും അനാഥയാകുന്നു. ബെർത്ത് ഒരു കോട്ടൺ ഫാക്ടറിയിൽ ജോലിചെയ്യാൻ പോകുന്നതോടെ തികച്ചും ദുരന്തപര്യവസായി നോവൽ അവസാനിക്കുന്നു.

1856  ൽ സീരിയലയസ് ചെയ്തതിനു  ശേഷം ഏറെ വിവാദം സൃഷ്ടിച്ചതാണീ നോവൽ. ഗാർഹിക ജീവിതത്തിലെ പോരായ്മകളെ നേരിടാൻ വിവാഹേതര ബന്ധങ്ങൾ നോവലിൽ ഇഷ്ടം പോലെയുണ്ടല്ലോ. അത്തരം വ്യഭിചാര രംഗങ്ങൾ ഉള്ളതുകൊണ്ട് തന്നെ അന്നത്തെ യാഥാസ്ഥിതിക മനോഭാവമുള്ള വായനക്കാരും പൊതുസമൂഹവും ശക്തമായ എതിർപ്പുകൾ അഴിച്ചു വിട്ടു. നോവലും എഴുത്തുകാരനും കോടതി കയറി. ഫ്ലോബെറിന്റെ ബുദ്ധിപൂർവമായ ന്യായീകരണങ്ങൾ കോടതി അംഗീകരിച്ചു. ഒടുക്കം  കോടതി വിധി പ്രസ്താവിച്ചു.നോവലിൽ   വ്യഭിചാരം ശിക്ഷിക്കപ്പെടുന്നതിനാൽ നോവൽ അടിസ്ഥാനപരമായി ധാർമികമാണ്!!. 

ഫ്ലോബേറിനെ കുറ്റവിമുക്തനാക്കിയതിനു ശേഷം നോവൽ അതിന്റെ ഉത്തുംഗത്തിൽ പ്രതിഷ്ഠിക്കപ്പെടുകയാണുണ്ടായത്.ലോകമെമ്പാടുമുള്ള യൂണിവേഴ്സിറ്റികളിൽ പിന്നീടത് പഠിപ്പിക്കപ്പെട്ടു. നിരവധി ഡോക്യൂമെന്ററികളും ,സിനിമകളും നോവലിനെ ആസ്പദമാക്കി ഇറങ്ങി. സോഫിബെര്തെസ് സംവിധാനം ചെയ്ത്   2014 ൽ പുറത്തിറങ്ങിയ സിനിമ മാഡം ബോവറിയാണ്  ഏറ്റവും ഒടുവിലത്തേത്.

നോവൽ  പ്രസിദ്ധീകരണത്തിന്റെ നൂറ്റി അമ്പതാം വർഷത്തിലാണ് ഇതിന്റെ മലയാള പരിഭാഷ പുറത്തിറങ്ങിയത്. പരിഭാഷ നിർവഹിച്ചിരിക്കുന്നത് സി വേണുഗോപാലാണ്. മോപ്പസാങ്ങിന്റേയും ,എമിലി സോളയുടെയും നോവൽ പഠനങ്ങളുടെ വിവർത്തനവും പുസ്തകത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.  

ചന്ദ്രകാന്ത -ഒരു പ്രണയ കാവ്യം

1990 കളുടെ മദ്ധ്യത്തിൽ ,ഹിന്ദി കാര്യമായി അറിഞ്ഞുകൂടായെങ്കിലും ഞായറാഴ്ചകളിൽ ദൂരദർശൻ ചാനലിനു മുൻപിൽ മുടങ്ങാതെ പ്രതിഷ്ഠിക്കപ്പെട്ടിരുന്നതിന്റെ ഒരു കാര്യം ചന്ദ്രകാന്ത എന്ന സീരിയൽ കാണുക എന്നതായിരുന്നു.ആ സമയങ്ങളിലെ കറന്റ് പോക്കിനെ വൈദുതവകുപ്പിലെ തൊഴിലാളികളെയും  അവരുടെ അപ്പനപ്പൂപ്പന്മാരെ വരെ ചീത്ത പറഞ്ഞ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. അത്രക്കുണ്ടായിരുന്നു ആ സീരിയലിനോടുള്ള താല്പര്യം.കഥ മനസ്സിലാക്കുന്നതിന് അക്കാലത്തു ഭാഷ ഒരു പ്രശനമായി ഒരിക്കലും തോന്നിയിട്ടില്ല എങ്കിലും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണാൻ ശ്രമിച്ചിരുന്നു . അത്തരത്തിൽ ആളുകളെ പിടിച്ചിരുത്തുകയും ഉദ്വേഗപരവും ,സംഭ്രമജനകവുമായ അനുഭവങ്ങൾ സമ്മാനിക്കാൻ തക്കവണ്ണം ഹിന്ദി നോവൽ സാഹിത്യത്തിൽ രേഖപ്പെടുത്തിയ ഒരു ഉജ്ജ്വലമായ പേരാണ് ദേവകി നന്ദൻ ഖത്രിയുടേത്. ഖത്രിയുടെ അതിപ്രശസ്ത നോവലാണ് ചന്ദ്രകാന്ത.
ആധുനിക ഹിന്ദിഭാഷയിലെ ജനപ്രിയ നോവലിസ്റ്റുകളുടെ ആദ്യതലമുറയിൽപ്പെട്ട എഴുത്തുകാരനായിരുന്നു ദേവകിനന്ദൻ  ഖത്രി. ഹിന്ദിയിലെ നിഗൂഢ നോവലുകളുടെ ആദ്യ രചയിതാവായിരുന്നു അദ്ദേഹം.ചന്ദ്രകാന്തയും ഭൂത്നാഥുമൊക്കെ അദ്ദേഹത്തിന്റെ പ്രശ്തമായ കൃതികളാണ്.ചന്ദ്രകാന്ത നോവൽ 1888 നും 1891 നും ഇടയിൽ ആദ്യമായി സീരിയൽ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്.ഹിന്ദിഭാഷയുടെ ജനപ്രീതിക്കും ഈ നോവൽ നിർണായകമായെന്നു പറയപ്പെടുന്നു.

നൗഗഡിലെ രാജകുമാരനായ വീരേന്ദ്രസിങ്ങും വിജയഗൗഡിലെ രാജകുമാരിയായ ചന്ദ്രകാന്തയും തമ്മിൽ അഗാധ പ്രണയത്തിലാണ്. അതവരുടെ പിതാക്കന്മാർക്കും അറിയുകയും ചെയ്യാം. അവരുടെ രാജ്യങ്ങൾ തമ്മിൽ വളരെ പണ്ടേ മുതൽക്കു തന്നെ സൗഹൃദത്തിൽ കഴിയുന്നവരായിരുന്നു. എന്നാൽ വിജയഗൗഡിലെ മന്ത്രിപുത്രനായിരുന്ന ക്രൂസിങ്ങിന് രാജകുമാരിയിൽ ഒരു കണ്ണുണ്ട്. അവളെ വിവാഹം ചെയ്ത് അധികാരം കൈയടക്കാൻ അയാൾ ആഗ്രഹിച്ചു. അതിനു വേണ്ടി സ്വന്തം പിതാവിനെ വരെ അയാൾ കൊലപ്പെടുത്തുന്നുണ്ട്. അയാൾക്കു കൂട്ടായി ജാലവിദ്യകളും , ഇഷ്ടം പോലെ വേഷംമാറി നടന്നു ചാരപ്പണി നടത്താൻ കഴിവുള്ള നടത്താൻ കഴിവുള്ളവരുമായ നിരവധി ആളുകൾ ഉണ്ട്. ക്രൂസിങ് അയൽ  രാജാവായ ശിവദത്തുമായി ചേർന്ന് ഗൂഢാലോചന നടത്തി വിജയ്‌ഗഡിനെയും നൗഗഡിനെയും തമ്മിൽ തെറ്റിക്കുന്നു.ശിവദത്തിന്റെ മായാവിയായ ചാരന്മാർ ചന്ദ്രകാന്തയെ തട്ടിക്കൊണ്ടുപോയി ഒരു നിഗൂഢ സ്ഥലത്തു ഒളിപ്പിക്കുന്നു . കുമാരൻ വീരേന്ദ്രസിംഗ് തന്റെ വിശ്വസ്തനായ തേജ്‌സിംഗുമായി ചേർന്ന്  ചന്ദ്രകാന്തയെ വീണ്ടെടുക്കുവാൻ ശ്രമിക്കുന്നതാണ് നോവൽ ഇതിവൃത്തം. ആൾമാറാട്ടങ്ങളും ജാലവിദ്യകളും, മായകാഴ്ചകളും കൊണ്ട് സമ്പന്നമാണീ നോവൽ. ആയുധവിദ്യയിലും , ധൈര്യത്തിലും മുമ്പനാണ് രാജകുമാരൻ വീരേന്ദ്രസിംഗ് എങ്കിലും ചന്ദ്രകാന്തയോടുള്ള പ്രണയത്താൽ അയാൾ അന്ധനായിമാറിയിരുന്നു .അതുകൊണ്ടു തന്നെ നിരവധി അബദ്ധങ്ങളും കുമാരൻ വരുത്തിവക്കുന്നുണ്ട് . തന്റെ മുന്നിൽ വേഷം മാറി വരുന്ന ആളുകളെ മനസ്സിലാക്കാനോ അവരെ പിടികൂടാനോ കുമാരന് പലപ്പോഴും കഴിയാതെ പോയി. തേജ്‌സിംഗ് കാണിച്ചിരുന്ന  ശ്രദ്ധയും ബുദ്ധിയും കൊണ്ട് മാത്രമാണ് കുമാരൻ പലപ്പോഴും രക്ഷപെട്ടത്.ഒരുവേള തേജ്‌സിങ്ങിന്റെ ആ പരാക്രമങ്ങളും , ധീരതയുമൊക്കെയാണ് നോവലിനെ മുന്നോട്ടു കൊണ്ട് പോകുന്നത് . നോവലിന്റെ അവസാനം വരെ ഉദ്വേഗം നിലനിർത്താൻ ഖത്രിക്കു കഴിഞ്ഞിട്ടുണ്ട് .ചന്ദ്രകാന്തയെ മോചിപ്പിക്കുന്നതിലൂടെയാണ് ആ രഹസ്യങ്ങളും , യഥാർത്ഥത്തിൽ ആരാണ് കുമാരിയെ രക്ഷപ്പെടുത്തിയതെന്നുമൊക്കെ പുറത്തുവരുന്നത് .

പക്ഷെ ഖത്രിയുടെ ചന്ദ്രകാന്തയുടെ ആത്മാവിനോട് നീതിപുലർത്താൻ സീരിയലിലെ ചന്ദ്രകാന്തക്കു കഴിഞ്ഞില്ല എന്നാക്ഷേപമുണ്ട്. ആ ആക്ഷേപത്തിൽ കഴമ്പും ഇല്ലാതില്ല. അല്ലെങ്കിലും കഥാപാത്രങ്ങളെ അമിത അതിശയോക്തിപരമായി അവതരിപ്പിക്കുന്നത് ടി വി സീരിയലുകളിലെ ഒരു സ്ഥിരം കാഴ്ചയാണല്ലോ.
ഈയിടെ അന്തരിച്ച പ്രസ്ഥ നടൻ ഇർഫാൻഖാനും ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ഈ ഹിന്ദി സീരിയയിലിൽ അഭിനയിച്ചിട്ടുണ്ട്.

സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ പുസ്തകങ്ങൾ

പ്രസിദ്ധീകരിച്ചു മൂന്നു മാസത്തിനുള്ളിൽ പത്താം പതിപ്പ് പുറത്തിറങ്ങി വിസ്മയം സൃഷ്‌ടിച്ച നോവലാണ്പത്രപ്രവർത്തകനും,സാഹിത്യനിരൂപകനുമായ അജയ് പി മങ്ങാട്ടിന്റെ ആദ്യ നോവൽ സംരംഭമായ സൂസന്നയുടെ ഗ്രന്ഥപ്പുര.പുസ്തകലോകമാണ് ഈ നോവലിന്റെ മുഖ്യപ്രമേയം.വായനക്കാരുടെ ഇടപെടലില്ലാതെ പൂർത്തീകരിക്കപ്പെടാത്ത ഒരു കൃതി എന്ന് ഒരു മാധ്യമത്തിൽ ഈ പുസ്തകത്തെപ്പറ്റി  സൂചിപ്പിച്ചുകണ്ടു.ഒരു പ്രശസ്ത നിരൂപകൻ നോവലിന്റെ വേഷം കെട്ടിയ പുസ്തകക്കുറിപ്പുകൾ എന്നാണ് ഈ നോവലിനെ വിമർശിച്ചുകണ്ടത്.നമ്മുടെ സാമൂഹിക മണ്ഡലങ്ങളിലെ നിരവധി വിചാരവ്യതിയാനങ്ങളോട് പേർത്തും പേർത്തും സംവദിച്ചുകൊണ്ടിരിക്കുന്നുണ്ട് ഈ നോവൽ.ഒരു പക്ഷെ വായനക്കാർ ഈ പുസ്തകത്തെ ഏറ്റെടുത്തതിന്റെ ഒരു കാരണം അതാകാം. സൂസന്നയുടെ ഗ്രന്ഥപ്പുരയിലൂടെ  കടന്നുപോകുന്ന എത്രയെത്ര എഴുത്തുകാരും പുസ്തകങ്ങളും ഉണ്ടിതിൽ.സൂസന്നയുടെ ഗ്രന്ഥപ്പുരയിൽ അയ്യായിരത്തോളം പുസ്തകങ്ങളുണ്ടെന്നു സൂസന്ന തന്നെ നോവലിൽ ഒരിടത്തു പറയുന്നുണ്ട്. കൂടുതലും വിദേശ എഴുത്തുകാരനാണ് ഉള്ളത്. മലയാള പുസ്തകങ്ങളും ,എഴുത്തുകാരും പരിമിതപ്പെട്ടിരിക്കുന്നു. വിമർശന കുതുകികൾ ഉയർത്തിയ ഒന്നാന്തരമൊരു ആരോപണം ഇതായിരുന്നു. പുകൾപെറ്റ മലയാള എഴുത്തുകാരും,പുസ്തകങ്ങളും എവിടെയോ മറഞ്ഞു നിൽക്കുകയാണിതിൽ. എങ്കിലും ചിലയിടങ്ങളിൽ പാത്തുമ്മയുടെ ആടും ,കോട്ടയം പുഷ്‌പനാഥും,യു പി ജയരാജുമൊക്കെ ഒന്നെത്തിനോക്കി മറഞ്ഞു പോകുന്നുണ്ട് .
നോവലിൽ നോവൽസൂചകങ്ങളും ,അതിലെ കഥാപാത്രങ്ങളുമൊക്കെ പ്രത്യക്ഷപ്പെടുന്നത് നോവലിന്റെ ഒഴുക്കിനെ  ബാധിച്ചിട്ടില്ല എങ്കിൽ തന്നെയും ചിലയിടങ്ങളിൽ കഥാപാത്ര വർണ്ണന മുഴച്ചുക്കെട്ടുന്നപോലെ തോന്നുന്നുണ്ട്. വായനക്കാർക്ക് അവയിൽ ചിലതു പുതിയ അറിവാണെന്നുകൊണ്ടുമാത്രം അവർ ചിലപ്പോൾ ക്ഷമിച്ചേക്കാം.ഒരു കൗതുകത്തിന്റെ പേരിൽ ഈ പുസ്തകത്തിൽ കടന്നു വരുന്ന പുസ്തകകങ്ങളെ ഒന്നോർമിക്കാൻ ശ്രമിക്കുകയാണിവിടെ.; സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ ചില പുസ്തകങ്ങളെ.
1 . മെക്സിക്കൻ കവിയും ജേർണലിസ്റ്റുമായ ഇഫ്രയിൻ ഉർത്തർക്കുവേണ്ടി റോബർട്ടോ ബൊലാനോ എഴുതിയ കവിത  മലയാളരൂപം പൂണ്ടു നോവലിന്റെ ആദ്യ ആദ്യത്തിൽ തന്നെ പ്രത്യക്ഷപ്പെടുന്നു.
2. സ്വന്തം മരണം എങ്ങനെ സംഭവിച്ചു എന്ന് വിവരിച്ചുകൊണ്ട്   അലക്‌സാണ്ടർ പുഷ്‌കിൻ പുസ്തകത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
3. പഞ്ചായത്തു മെമ്പറുടെ അവിഹിതം കഥാനായകൻ അബദ്ധത്തിൽ  കണ്ടെന്ന കാരണം കൊണ്ട് മാത്രം ഒരു വായനശാലയിലെ അതും ഒരിക്കൽപോലും തുറക്കാത്ത അവിടുത്തെ പുസ്തകങ്ങൾ തനിച്ചുപയോഗിക്കാൻ കിട്ടിയ ആ മഹാവസരത്തിൽ ആദ്യമായെടുക്കുന്ന കോട്ടയം പുഷ്പനാഥിന്റെ ഭീതിയുടെ താഴ്വര എന്ന പുസ്തകം.
4.ആർതർ കൊനാൻ ഡോയലിന്റെ വാലി ഓഫ് ഫിയർ
5. ഡോയലിന്റെ ഹൌണ്ട് ഓഫ് ബാസ്കർവില്ല
6. അദ്ദേഹത്തിന്റെ തന്നെ എ സ്റ്റഡി ഇൻ സ്കാർലറ്റ്
7.ഷെർലക് ഹോംസിന്റെ അവസാന കഥയായ ദി ഫൈനൽ പ്രോബ്ലം
8. ഷെഹ്സാദിന്റെ ആയിരത്തൊന്നു രാവുകൾ
9. ഫിറാന്റയുടെ മൈ ബ്രില്ല്യന്റ് ഫ്രണ്ട്
10.ഡേവിഡ് ഗ്രോസ്സ്മാന്റെ ടു ദി എൻഡ് ഓഫ് ദി ലാൻഡ്.
11. എമിലി ഡിക്കൻസൺ സൂസന്നെഴുതിയ കത്തുകൾ- ഓപ്പൺ മി കെയർഫുള്ളി
12. രചയിതാവിന്റെ പേരെഴുതിയ പേജ് ചീന്തിപ്പോയ ഫ്രാൻസ് കാഫ്ക്കയുടെ മലയാള ജീവചരിത്രം.
13.ഫ്രാൻസ് കാഫ്കയുടെ ട്രയൽ
14.കാഫ്കയുടെ തന്നെ ദി മാൻ ഹൂ ഡിസപ്പിയേർഡ്
15. ആന്റൺ ചെഖോവിന്റെ നീണ്ട കഥ ദി സ്റ്റോറി ഓഫ് ആൻ അൺകനൗൺ മാൻ (നോവലിൽ തന്റെ പ്രിയകൃതിയാണിതെണെന്നാണ് സൂസന്ന പറയുന്നത്)
16.പരമേശ്വരൻ പരമാരയുടെ വിഷാദത്തിന്റെ ശരീരഘടന.
17.W.ജി സെയ്‌ബാൾഡിന്റെ ഇഡിയറ്റ്
18.ലൂയിസ് കരോളിന്റെ ആലീസെസ് അഡവഞ്ചേഴ്‌സ് ഇൻ വണ്ടർലാൻഡ്
19.അന്ന അഹ്മതോവയുടെ കവിതകളുടെ സമാഹാരം (മാധ്യമം ആഴ്ചപ്പതിപ്പിൽ ഈയിടെ ഇവരുടെ ഒരു കവിത തർജ്ജമ ചെയ്തു വന്നിരുന്നു)
20 .ദസ്തയേവസ്കിയുടെ കാരമസോവ് സഹോദരന്മാർ (നോവലിൽ സൂസന്ന കളിയായി പറയുന്നുണ്ട് , ഈ നോവൽ വായിച്ചാൽ കുടിക്കാത്തവനും കുടിക്കാൻ തോന്നുമെന്ന്‌)
21. ദസ്തയേവസ്കിയുടെ തന്നെ ക്രൈം ആൻഡ് പണിഷ്മെന്റ്.(ഒരാൾക്ക് ആത്മവിശ്വാസമോ ആശ്വാസമോ തരുന്ന ദസ്തയേവസ്കിയുടെ പുസ്തകമാണിതെന്നാണ് സൂസന്നയുടെ ഭാഷ്യം !)
22.പാബ്ലോ നെരൂദയുടെ വൺ ഹൺഡ്രഡ് ലവ് സോങ്‌സ്  എന്ന കവിതകളുടെ മലയാള വിവർത്തനം -പ്രണയശതകം
23.നെരൂദയുടെ തന്നെ നിരവധി കാമുകികാമുകന്മാരെ ആകർഷിച്ച ട്വന്റി ലവ് പോയംസ് ആൻഡ് എ സോങ് ഓഫ് ഡിസ്പെയർ
24 .ഇറ്റാലോ കാൽവിനോയുടെ ഈഫ് ഓൺ എ വിന്റേഴ്സ് നൈറ്റ് എ ട്രാവലർ
25.ടാഗോറിന്റെ ഹോം ആൻഡ് ദി വേൾഡ്
26.ഗുസ്താവ് ഫ്ലോബേറിന്റെ പരാജയപ്പെട്ട ആദ്യ നോവൽ സൈന്റ്റ് അന്ത്വാ
27 .ഫ്ളോബറിന്റെ തന്നെ മാഡം ബോവറി
28.ബഷീറിന്റെ പാത്തുമ്മയുടെ ആട്
29.ഗൊയ്‌ഥെയുടെ നോവൽ ദി സോറോവ്സ്‌ ഓഫ് യങ് വെർതേർ
30.ആനന്ദിന്റെ ആൾകൂട്ടം
31.ആനന്ദിന്റെ തന്നെ അഭയാർത്ഥികൾ
32.ഷേക്സ്പിയറിന്റെ മാൿബെത്
33. ദസ്തയേവസ്കിയുടെ നോട്സ് ഫ്രം ദി ഹൌസ് ഓഫ് ഡെഡ്
34.അന്ന അഹ്‌മത്തോവയുടെ വൈറ്റ് ഫ്ലോക്‌സ് (ഇത് കവിയുടെ 28- ആം വയസിൽ പ്രസിദ്ധീകരിച്ചതാണെന്നാണ് പറയപ്പെടുന്നത്)
35.ബോറിസ് പാസ്റ്റർനാക്കിന്റെ ഡോക്ടർ ഷിവാഗോ
36.റിൽക്കെയുടെ തിരഞ്ഞെടുത്ത കവിതകൾ
37.വിക്ടർ ലീനസിന്റെ കഥകൾ
38.വിക്ടർ ലീനസിന്റെ തന്നെ സമുദ്ര പരിണാമം
39.പട്ടത്തുവിള കരുണാകരന്റെ കഥകൾ
40. ഷുസെ സരമാഗോയുടെ ദി ഡബിൾ
41.സാരമോഗോയുടെ തന്നെ സ്കൈലൈറ്റ്
42.കേശവദേവിന്റെ അധികാരം
43.റൂമിയുടെ കവിതകൾ
44.ഒടുവിലായി ചങ്ങമ്പുഴയുടെ ആദ്യകവിതയായ ഒടുക്കം 
എല്ലാ മനുഷ്യരും കഥകൾ ഇഷ്ടപ്പെടുന്നത് പരദൂഷണത്തിന്റെ രൂപത്തിലായിരിക്കും എന്ന് ഒരു കഥാപാത്രം തമാശയായി ഈ നോവലിൽ പറയുന്നുണ്ട് . നോവലിൽ ഒരിടത്തു സൂസന്ന ചോദിക്കുന്നുണ്ട്,കഥ എന്തുകൊണ്ടാണ് ഇത്ര ശക്തമായി നമ്മെ കെട്ടിവലിച്ചുകൊണ്ടുപോകുന്നത്? അതിനേക്കാൾ രസകരമായ കാര്യമൊന്നും ചില മനുഷ്യർക്കു ചെയ്യാൻ പറ്റാത്തത്  എന്താകും എന്നൊക്കെ ? കഥയും വായനയുമൊന്നും ഒരു കാലത്തും അവസാനിക്കാത്ത ഒരു പ്രതിഭാസമായി നിൽക്കുന്നത് മേൽപ്പറഞ്ഞ സംഗതികളാണെന്നു നമ്മളെക്കൊണ്ട് പറയിപ്പിക്കാൻ സൂസന്നയ്ക്ക് കഴിയുന്നുണ്ട്.
നോവലിൽ പരാമർശിക്കപ്പെടുന്ന പുസ്തകങ്ങളെക്കുറിച്ചും കഥാകൃത്തുക്കളെ കുറിച്ചുമുള്ള വിവരങ്ങൾ നോവലിസ്റ്റ് തരുന്നുണ്ട് എന്നു പറഞ്ഞല്ലോ.മുൻപ് സൂചിപ്പിച്ച പുഷ്കിന്റെ മരണവും ,ഷെഹ്സാദിന്റെ ആയിരത്തൊന്നു രാവുകളുടെ ഉൽഭവുമൊക്കെ  ചില  ഉദാഹരണം മാത്രം.അത്തരം പരാമർശങ്ങൾ വെറുതെയങ്ങു കടന്നുവരികയല്ല. നോവൽ സംഭവങ്ങൾ കടന്നു വരുമ്പോൾ അവ പ്രത്യക്ഷപ്പെടുകയും കഥാസന്ദർഭങ്ങൾക്കനുസരിച്ച് പൊരുത്തപ്പെടുകയും  പിന്നീട് അപ്രത്യക്ഷമാകുകയുമാണ് ചെയ്‌യുന്നത് .ഒന്നും എഴുതാതെ എന്നാൽ ഒരിക്കൽ താനെഴുതാൻ പോകുന്ന ഒരു രചനയെ മാത്രം വിചാരിച്ചു ഒരു മനുഷ്യന് എത്ര വർഷം  വേണമെങ്കിലും കഴിച്ചുകൂട്ടാമെന്നു ഒരു കഥാപാത്രം പ്രസ്താവിക്കുന്നുണ്ട്.വീണ്ടും വായിക്കുമ്പോൾ അത് എത്രമാത്രം വാസ്തവമായ സംഗതിയാന്നെന്നു നമുക്കു ബോധ്യപ്പെടും. എഴുത്തുകാരും എഴുതാൻ തീവ്രമായി ആഗ്രഹിക്കുന്നവരും ഒരുവളേ അത്തരമൊരു  അവസ്ഥകളിലൂടെ എപ്പോഴെങ്കിലുമോക്കെ  കടന്നുപോയിട്ടുണ്ടാകും.സൂസന്നയുടേത് അതിബൃഹത്തായ ഒരു ഗ്രന്ഥപ്പുരയാണ് .എന്നിട്ടും അതിലെ ഒരു പുസ്തകം പോലും വായിച്ചിട്ടില്ല എന്നവർ പറയുന്നു. പക്ഷെ നോവൽ വായിച്ചു പുസ്തകം മടക്കുമ്പോൾ സൂസന്നയിൽ പ്രസ്താവിച്ച പുസ്തകങ്ങൾ എടുത്തു വായിക്കാൻ തോന്നുന്ന തരത്തിലുള്ള എന്തോ ഒന്ന് നമ്മളിൽ  രൂപപ്പെടും , അത് തീർച്ചയാണ്

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത

പാവാട പൊക്കി തുടയിൽ നുള്ളിയ മാഷെ ‘നീ പുയ്ത്തു പോവ്വടാ നായീന്റെ മോനെ’ എന്ന് അനുഗ്രഹിച്ചിട്ട് ക്ലാസ്സിൽനിന്നും ഇറങ്ങിയ ദാക്ഷായണിയുടെയും മോറൽ സപ്പോർട്ടിന് ഇറങ്ങിയ കല്യാണിയുടെയും കഥയാണ് ആർ . രാജശ്രീ എഴുതിയ പുതിയ നോവൽ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത.
പേരു കേൾക്കുമ്പോൾ , വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ ജോസഫ് പീറ്റ്1858 ൽ , ഹാന കാതറിൻ മുല്ലൻസിന്റെ ബംഗാളി നോവലായ ‘ഫുൽമോണി ഒ കോരുണാർ ബിബോറോണിന്റെ’ മലയാള പരിഭാഷയായ ‘ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ’ യുടെ പേരുമായി നല്ല സാദൃശ്യം തോന്നും . നോവൽ പുസ്തകരൂപത്തിൽ പ്രത്യക്ഷപ്പെടുന്നതിനും മുൻപ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുകയും ,അന്നു തൊട്ടേ ഒട്ടനവധി വായനക്കാരുടെ പിന്തുണയോടെ തുടർരൂപം പ്രാപിക്കുകയും പിന്നീട് അല്ലറ ചില്ലറ മാറ്റങ്ങളോടെ മാതൃഭുമി ബുക്ക്സ് പുറത്തിറക്കുകയാണുണ്ടായത്.

പക്ഷെ ഫേസ്ബുക്കിൽ എഴുതി എന്നതിനേക്കാളും നോവൽ ചർച്ച ചെയ്യുന്നതു തികച്ചും വ്യത്യസ്ത ഇടങ്ങളിലാണ്. സ്ത്രീകളുടെ സാമ്പത്തികവും,ശാരീരികവുമായ സ്വയംപര്യാപ്തതയുടെ നിരവധി തലങ്ങൾ ഇതിൽ കാണാം.ഒരുപക്ഷെ നോവൽ ഇത്രയും സ്വീകരിക്കപ്പെടാനുണ്ടായ ഒരു കാരണം അതാകാം. സോഷ്യൽ മീഡിയ തട്ടകത്തിൽ എഴുതികിട്ടിയപ്പോളുണ്ടായ ധൈര്യമാണ് നോവലിലെ തുറന്നെഴുത്തിനുള്ള മൂലധനം സംഭരിക്കാൻ കഴിഞ്ഞതെന്ന് എഴുത്തുകാരി വെളിപ്പെടുത്തുന്നുണ്ട്.നോവലിൽ പശുവും ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്. അതും മാനകഭാഷയിൽ വ്യവഹരിക്കുന്ന ഒരു കഥാപാത്രം. ചിലയിടങ്ങളിൽ സുപ്രധാന സംവാദങ്ങളിലൂടെ,പ്രസ്താവനകളിലൂടെ നോവലിന്റെ ഒഴുക്കിനൊപ്പം പശു കഥാപാത്രവും നമ്മോടൊപ്പം സഞ്ചരിക്കുന്നു. നോവൽ പരിസരത്തിന്റെ കാലം നേരിട്ട് പരാമർശിച്ചിട്ടെല്ലെങ്കിലും ഏകദേശം പത്തറുപതു കൊല്ലങ്ങൾക്കു മുൻപാണ് കഥകളുടെ ഉത്ഭവംഎന്നു മനസിലാക്കാം

.കല്യാണിയുടെയും ദാക്ഷായണിയുടെയും ജീവിതത്തിൽ കോപ്പുകാരനും , ആണിക്കാരനും അവരുടെ ചെക്കന്മാരായി എത്തുന്നതോടെ അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഘർഷങ്ങളുടെയും ,അവയെ മറികടക്കാനുള്ള പരിശ്രമങ്ങളുടെയും ആഖ്യാനങ്ങളാണ് നോവലിലുടനീളം.ഒരു വിശുദ്ധ കുടുംബത്തിന്റെ യാഥാസ്ഥിതിക വ്യവസ്ഥകളെയും പ്രമാണങ്ങളെയും സ്ത്രീ സ്വാത്രന്ത്യത്തിന്റെ കണ്ണുകളിലൂടെ പൊളിച്ചെഴുതുകയാണ് ഈ നോവൽ.

കേരളത്തിന്റെ വടക്കൻ ദേശങ്ങളിലെ പ്രാദേശിക ഭാഷകളുടെ ഉപയോഗം ഈ നോവലിൽ ധാരാളം എടുത്തുപയോഗിച്ചിട്ടുണ്ട്. ലൈംഗികതയിലും,നാട്ടുവർത്തമാനങ്ങളിലും ,തെറികളിലൂടെയുമൊക്കെ നോവലിൽ അത് മുഴച്ചു നിൽക്കുന്നുണ്ട്. നോവൽ സ്വീകാരിതയുടെ അനുമാനങ്ങൾ എന്തുമാകട്ടെ അതിനും മാത്രം ഒരുൾക്കാമ്പു മേൽപ്പറഞ്ഞ വിഷയങ്ങൾ മാറ്റിവെച്ചാൽ നോവലിൽ കാണാൻ കഴിയില്ല. പ്രാദേശികഭാഷയുടെ അർത്ഥഭേദങ്ങൾ വായനക്കാരൻ സ്വയമേവ കണ്ടെത്തേണ്ടതുണ്ട്. ഓരോപുസ്തകവും ഒരു ദേശവും, സംസ്കാരവും, വ്യത്യസ്ത ജീവിതങ്ങളുമാണെന്നിരിക്കെ താരതമ്യങ്ങൾക്കു പ്രസക്തിയില്ല . എങ്കിലും സമാന ദേശകാല പരിസരങ്ങൾ കൈകാര്യം ചെയ്യുന്ന ഷൈനയുടെ ആവിലാക്കരയിലെ പെൺവൃത്താന്തങ്ങൾ എന്ന നോവൽ ഇതിനേക്കാൾ വായനാസുഖവും നിലവാരവും പുലർത്തുന്നുണ്ടെന്നു തോന്നുന്നു.

ലോകത്തെ നടുക്കിയ കൊലപാതകങ്ങൾ



മനുഷ്യൻ, ലോകത്തിലെ സകല ചരാചരത്തിനെയും അടക്കി വാഴാൻ കഴിവുള്ള ജീവി വർഗ്ഗം.പക്ഷെ മനുഷ്യനെ പോലെ ഇത്ര നീചനായ,നിന്ദ്യനായ,സ്വാർത്ഥനായ,സ്വവർഗ്ഗ സ്നേഹമില്ലാത്ത മറ്റൊരു ജീവി വർഗ്ഗവും ഈ ഭൂലോകത്തു കാണാൻ കഴിയില്ല.ഗീതാലയം ഗീതാകൃഷ്ണൻ രചിച്ച ലോകത്തെ നടുക്കിയ കൊലപാതകങ്ങൾ എന്ന പുസ്തകം ആ ജീവിവർഗ്ഗം നടത്തിയ ചില അരുംകൊലകളുടെയും അതിന്റെ പിന്നാമ്പുറങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നു.ഒരു മരവിപ്പോടെ മാത്രം വായിച്ചു തീർക്കാനാകുന്ന ചില അധ്യായങ്ങളുണ്ടിതിൽ. മനുഷ്യന് എങ്ങനെ ഇത്രയും ക്രൂരമായി പെരുമാറാൻ സാധിക്കുന്നു എന്ന് തോന്നിപോകുന്നതരത്തിലുള്ള കൊലപാതകങ്ങളുടെ വിവരണങ്ങൾ ഇതിലുണ്ട്. കൊലപാതകികളെ സൃഷ്ട്ടിച്ച ഒരു മിശിഹാ എന്ന അധ്യായത്തിലെ ചാൾസ് മാൻസൺ എന്ന കൊടും കുറ്റവാളി പ്രശസ്ത ഫ്രഞ്ച് സംവിധായകൻ റൊമാൻ പൊളാൻസ്കിയുടെ ഗർഭിണിയായ ഭാര്യ ഷാരോൺ ടൈറ്റിനെയടക്കം നിരവധി പേരെ കൊലപ്പെടുത്തിയ ആളാണ്. സമൂഹത്തിൽ നിരവധി ആരാധക സംഘങ്ങളുള്ള ആളായായിരുന്നു മാൻസൺ. നിരവധി വേശ്യകളെ കൊന്നു തള്ളിയ കൊലയാളിയെ കുറിച്ചുള്ള സംഭവങ്ങൾ  മറ്റൊരു അധ്യായത്തിൽ ഉണ്ട് . വൈറ്റ് ചാപ്പൽ കൊലകൾ എന്നാണ് ഈ കൊലപാതക പരമ്പര അറിയപ്പെട്ടത് .1888  ഏപ്രിൽ 3  മുതൽ 1891 ഫെബ്രുവരി 13 വരെ പതിനൊന്നു കൊലപാതകങ്ങൾ കിഴക്കൻ യൂറോപ്പിലെ നിരവധി സ്ഥലങ്ങളിൽ നടന്നു. അടുത്ത കൊലക്കു മുൻപ് പോലീസ് ‌ കൊലയാളിയെ പിടികൂടിക്കാണും എന്ന് കരുതിയെങ്കിൽ തെറ്റി. കൊലയാളി എന്തുകൊണ്ടോ അപ്രത്യക്ഷനായി. രസകരമായ വസ്തുത എന്തെന്ന് വച്ചാൽ ആരാണത് ചെയ്തതെന്ന് ഇന്നും അജ്ഞാതമാണ്.
മറ്റൊരു അധ്യായത്തിൽ രത്ന വ്യാപാരിയായ കൊലയാളിയായി ശോഭരാജ് എത്തുന്നുണ്ട് . അതെ, നമ്മുടെ അതെ ശോഭരാജ് . ശോഭരാജ് ജനിച്ചത് വിയറ്റനാമിലാണ്. അയാളുടെ അച്ഛൻ ഇന്ത്യക്കാരനും ,അമ്മ വിയറ്റനാംകാരിയും ആയിരുന്നു.നിർഭയനായ കൊലയാളി എന്ന അധ്യായത്തിലെ പീറ്റർ മാനുവലിനെ ആധാരമാക്കി നിരവധി പുസ്തകങ്ങൾ ഇറങ്ങുകയുണ്ടായി.മാൻ ഹണ്ടർ ,ബ്ലാക്ക് ആൻഡ് ബ്ലൂ,ഡെഡ് മെൻ ആൻഡ് ബ്രോക്കൻ ഹാർട്സ്,റൂൾസ് 34  തുടങ്ങിയവ പീറ്റർ മനുവലിന്റെ കൊലപാതകങ്ങളെ  ബന്ധപ്പെടുത്തി എഴുതപ്പെട്ട പുസ്തകങ്ങളാണ്.മാനസിക പ്രശ്നങ്ങൾ ഉള്ളവരായിരിക്കും ഇത്തരം വൈകൃതവും ,ക്രൂരവുമായ കൊലപാതക പരമ്പരകൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത് എന്ന് ഉറപ്പിക്കാൻ വരട്ടെ .പീറ്റർ കുർട്ടൻ എന്നയാളുടെ കഥ കേട്ടാൽ ആ ധാരണയൊക്കെ മാറിക്കിട്ടും.
മാനസികമായി ഒരു പ്രശ്നവും ഇല്ലാത്തയാളായിരുന്നു പീറ്റർ .പുറമെ മാന്യമായി പെരുമാറുന്നവൻ, വസ്ത്രധാരണത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നവൻ,സംസാരത്തിലോ കുലീനൻ ,അതൊക്കെയായിരുന്നു പീറ്റർ കുർട്ടൻ . എന്നിട്ടും ആയാൾ വൈകൃതങ്ങളുടെ രാജകുമാരനായി ,കൊടും കൊലയാളിയായി.തന്നെ കഴുത്തറുത്ത്‌ കൊല്ലുവാനുള്ള കോടതി വിധി കേട്ടപ്പോഴും അയാൾ ചോദിച്ചത്, സ്വന്തം കഴുത്തു മുറിഞ്ഞു ചോര ചീറ്റുന്ന ശബ്ദം കേൾപ്പിക്കാൻ പറ്റുമോ എന്നായിരുന്നു. എല്ലാ ആനന്ദവും അവസാനിപ്പിക്കുവാനുള്ള ആനന്ദമയിരിക്കും അത് എന്നയാൾ തന്റെ ആരാച്ചാരോട് പറഞ്ഞു . അപ്പോൾ മാനസിക പ്രശ്നങ്ങൾ മാത്രമല്ല,കുടുംബ പശ്ചാത്തലവും ഒരു മുഖ്യ ഘടകമാണ്. കുടുംബത്തിൽ നിലനിന്നിരുന്ന അന്തച്ഛിദ്രങ്ങൾ തന്നെയാണ് പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന എല്ലാ കൊലയാളികളെയും അവരെ ആ നിലയിൽ കൊണ്ടെത്തിച്ചതെന്നു മനസിലാക്കാം. ക്രൈം /ത്രില്ലർ വിഭാഗങ്ങളിലുള്ള സിനിമയാക്കാൻ പറ്റിയ നിരവധി സംഭവങ്ങളുണ്ട്  ഈ പുസ്തകത്തിൽ. പലതും സിനിമയാക്കിയിട്ടുണ്ട്. മനുഷ്യജീവിതം വെറുത്ത വനിത (അതെ! പുരുഷ കൊലയാളികൾ മാത്രമല്ല ,വനിതകളും ഇക്കാര്യത്തിൽ മോശമല്ല ) എന്ന അധ്യായത്തിലെ അയലിൻ വൂർനോസിന്റെ കഥ 2003 ൽ മോൺസ്റ്റർ എന്ന പേരിൽ സിനിമയാക്കുകയുണ്ടായി. ചാർലിസ് തൊറോണാണ് വൂർണോസ് ആയി വെള്ളിത്തിരയിലെത്തിയത്. അതിനവർക്ക് മികച്ച നടിക്കുള്ള അവാർഡും ലഭിക്കുകയുണ്ടായി. നമ്മുടെ കൊച്ചു കേരളത്തിൽ ഈയിടെ പിടിക്കപ്പെട്ട കൂടത്തായി ജോളിയ്ക്കും  ഈ പുസ്തകത്തിൽ ഒരു അധ്യായം അലങ്കരിക്കാനുള്ള  സർവ യോഗ്യതയും ഉണ്ട് . പുസ്തകത്തിന്റെ അടുത്ത പതിപ്പിലെങ്കിലും അവർ ഉൾപ്പെടുമായിരിക്കാം എന്ന് വിശ്വസിക്കാം.
ഈ പുസ്തകത്തിൽ കൊലപാതകികളെ പോലീസ് എങ്ങനെ കണ്ടെത്തി എന്നുള്ളത് മിക്ക കേസുകളിലും വിശദമായൊന്നും വിവരിച്ചിട്ടില്ല എന്നുള്ളത് ഒരു പോരായ്മയായി തോന്നുന്നുണ്ട്.അങ്ങനെ ആയിരുന്നെകിൽ  വായനക്കാർക്കു കുറച്ചുകൂടി ത്രില്ലിങ് ആയി തോന്നുമായിരുന്നേനെ.