വിശുദ്ധ സഖിമാരിലൂടെ വീണ്ടുമൊരു തുറന്നെഴുത്ത്

2020 ന്റെ തുടക്കത്തിൽ കോഴിക്കോട്ടെ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വച്ചാണ് സഹീറ തങ്ങൾ എന്ന എഴുത്തുകാരിയെ നേരിൽ കാണുന്നതും കൂടുതൽ അറിയാനിടവന്നതും. അവരുടെ അപ്പോൾ പുറത്തിറങ്ങിയ പുസ്തകവും അവിടെ ഗൗരവകരമായ രീതിയിൽ ചർച്ചകൾ നടക്കുന്നതും കണ്ടിരുന്നു. 
ആ ചർച്ചയിലെ ഇടയ്ക്കു വെച്ചാണ് ഞാൻ  അവിടെ എത്തിപ്പെടുന്നത് . വൈകി എത്തപ്പെട്ടത്‌കൊണ്ട്  ചർച്ചയിലെ കാതലായ ഭാഗങ്ങൾ നഷ്ട്ടപെട്ടുപോയെന്നു  കരുതുന്നു. തുറന്നെഴുത്തിനെ കുറിച്ചും , അങ്ങനെ എഴുതാനുള്ള ധൈര്യവും എങ്ങനെ കിട്ടി എന്നൊക്കെ അവതാരിക അവരോടു ചോദിക്കുന്നത് കേട്ടിരുന്നു. അവർ അപ്പോൾ ചർച്ച ചെയ്തിരുന്നത് വിശുദ്ധ സഖിമാർ എന്ന പുസ്തകത്തെ കുറിച്ചായിരുന്നു. അപ്പോൾ തന്നെ ആ  പുസ്തകം എന്തായാലും വായിക്കണമെന്ന് മനസ്സിൽ കുറിച്ചിടുകയും ചെയ്തിരുന്നു. 
വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹീറയുടെ തന്നെ മറ്റൊരു നോവലായ  റാബിയയിൽ  യാഥാസ്ഥിതികസമൂഹത്തിലെ  അനാചാരങ്ങള്‍ക്കെതിരെ അവർ ആഞ്ഞടിച്ചിരുന്നു. അവരുടെ ഈ പുസ്തകത്തിലും സ്ഥിതി തുലോം വ്യത്യസ്തമല്ല. ഒരു പടികൂടി അവർ മുന്നോട്ടു കടന്നിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം . എഴുത്തിൽ അവർ കാണിക്കുന്ന ആ അസാമാന്യ ധൈര്യം പറയാതെ വയ്യ. സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളും ,പ്രതിസന്ധികളും മാത്രമല്ല, അവയെ എങ്ങനെ നേരിടാം എന്നുകൂടി പുസ്തകം പറഞ്ഞു തരുന്നുണ്ട്.
ഒരുപക്ഷെ സര്‍ക്കാരിന്റെ നിര്‍ഭയ പ്രോജെക്റ്റില്‍ ഒരു സൈക്കോളജിസ്‌റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ അനുഭവ പരിചയം അവർ വേണ്ടവിധം ഇതിൽ ഉപയോഗിച്ചിട്ടുണ്ടെന്നു വേണം കരുതാൻ. 
 
തിയതികളൊന്നും കൃത്യമല്ലാത്ത ഒരു ഡയറി എഴുത്തുപോലെ ഓർമ്മയിൽ വരുന്നതു  അതേപടി  നമ്മോട്  പറയുന്ന പോലെയാണ് പുസ്തകം നമ്മളോട് സംസാരിക്കുന്നത്.വായിക്കേണ്ടത് മുപ്പതു വയസ്സിനു മേലെയുള്ള വിവാഹിതകളായതുകൊണ്ട് അടുക്കും ചിട്ടയുമില്ലാതെ എഴുതിയാലും മനസ്സിലാകും എന്നവർ തന്നെ പറയുന്നുണ്ട് .അവരുടെ ഉന്മാദപരവും വൈകാരികവുമായ ചിന്തകളാണ് എഴുത്തുകാരി നമ്മോടു സംവദിക്കുന്നത്. മനോരോഗാശുപത്രിയിൽ  എത്തപ്പെട്ട  ഒരു പെണ്ണിന്റെ ചിന്തകളിലൂടെ നോവൽ മുന്നോട്ടു പോകുന്നു.
ഒട്ടേറെ സവിശേഷതകളുണ്ട് ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും . ഡോ. റോയ്,ഏകാര്‍ഗ്, മസീഹ് മാലിബ് തുടങ്ങിയവർ നമ്മുടെ സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന പുരുഷ കഥാപാത്രങ്ങൾ തന്നെയാണ്. അവരുടെ സ്വഭാവ സവിശേഷതകൾ കഥാനായികയെ പലതരത്തിൽ സ്വാധീനിക്കുന്നുമുണ്ട്. 
ഭർത്താവിനെ കുറിച്ചുള്ള അവളുടെ കാഴ്ചപാടുകൾ ആദ്യത്തേതിൽ നിന്നും പിന്നീട് എത്രത്തോളം മാറുന്നു എന്ന് നമുക്ക് കാണാൻ സാധിക്കും. ഏതൊരു പെണ്ണും കരുതും പോലെ ഒരു യഥാർത്ഥ പുരുഷനാണ് അവളുടെയും ഭർത്താവ്. അവൾക്കങ്ങനെ വിശ്വസിക്കാൻ നിരവധി കാരണങ്ങളുണ്ട്.കാരണം അയാൾ സ്ത്രീയെ ബഹുമാനിക്കുന്നു. അവൾ അയാളെ ദൈവത്തെ പോലെ ബഹുമാനിക്കുന്നു. പിന്നീട് വീട്ടിലെ ജോലിക്കാരി കമല തന്റെ ഭർത്താവിന്റെ ചെയ്തികളെയും തന്നോടുള്ള പെരുമാറ്റങ്ങളെയുംകുറിച്ചു പറയുമ്പോൾ അവൾ അതൊന്നും ആദ്യം വിശ്വസിക്കുന്നില്ല.പിന്നീട് ഓരോരോ സംഭവങ്ങളിലൂടെ അയാൾ അവൾക്കു തീർത്തും വെളിപ്പെടുകയാണ്.അദ്ദേഹം എന്ന വിളിയിൽ നിന്നും അയാൾ എന്ന സംബോധനയിലേക്കു അവളുടെ തിരിച്ചറിവുകൾ കൊണ്ടെത്തിക്കുന്നു.മനോരോഗാശുപത്രിയിൽ കണ്ടുമുട്ടുന്ന  മസീഹ് മാലിബ് അവളെ നല്ല രീതിയിൽ തന്നെ സ്വാധീനിക്കുന്നുണ്ട്. ഒരു പുരുഷൻ ഒരു സ്ത്രീയെ തൊടുന്നത് ലൈംഗിക ചോദനയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്ന് കരുതിയിരുന്ന അവളുടെ ചിന്തകൾക്ക് അയാൾ ഒരു അപവാദമാകുന്നുണ്ട്. 
ഈ പുസ്തകം തുറന്നു കാട്ടുന്ന സാമൂഹിക ഉത്തരവാദിത്തങ്ങൾ അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ്.
പെൺകുട്ടിയുടെ വിവാഹം പ്രായത്തിലധിഷ്ഠിതമല്ലെന്നും വിദ്യാഭാസവും,ജോലിസമ്പാദനവും ,സ്വയം പര്യാപ്തത കൈവരിക്കലും സ്ത്രീകൾക്ക് അവകാശപ്പെട്ടതാണെന്നും അത് കൈവരിക്കാൻ എങ്ങനെ അവളെ പ്രാപ്തയാക്കേണ്ടതെന്നുമൊക്കെ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട് . ചുരുക്കി പറഞ്ഞാൽ സ്ത്രീകൾക്ക് കൈയ്യിൽ സൂക്ഷിക്കാൻ ഒരു കൈപ്പുസ്തകം തന്നെയാണ് ഡി.സി ബുക്ക്സ്  പുറത്തിറക്കിയ സഹീറ തങ്ങളുടെ ഈ വിശുദ്ധ സഖിമാർ. 

അമ്മു എന്ന ഒമ്പതാം ക്ലാസ്സുകരിയുടെ പുസ്തകം -മരുന്നു പുരട്ടാൻ വേണ്ടി മുറിവുണ്ടാക്കുന്നയാൾ

ഈ പുസ്തകമെഴുതിയതു അമ്മു എന്ന ഒമ്പതാം ക്ലാസ് വിദ്ധ്യാർത്ഥിനിയാണ്.അതാണ് ഈ പുസ്തകത്തെ ആകർഷമാക്കുന്ന ഒന്നാമത്തെ ഘടകം. ഒരു സ്കൂൾ കുട്ടിയുടെ ചിന്തകളിലൂടെ അവൾ ലോകത്തെ കാണുകയും അറിയുകയും ചെയ്യുകയുമാണ് ഡയറിക്കുറിപ്പുകളിലെന്നപോലെ പറഞ്ഞിരിക്കുന്ന ഈ പുസ്തകത്തിൽ . ഓണാവധി കഴിഞ്ഞു വീണ്ടും സ്‌കൂളിലെത്തുന്ന ഒരു കുട്ടിയുടെ മാനസിക ചിന്തകളിലൂടെയാണ് പുസ്തകം മുന്നോട്ടു കൊണ്ട് പോകുന്നത്. പുതിയ പാഠം തുടങ്ങുന്ന ദിവസം അപ്പുക്കുട്ടൻമാഷ് വളരെ സ്നേഹത്തോടെയും ,ക്ഷമയോടെയും  പെരുമാറുമെന്നു കുട്ടികൾക്കറിയാം.അങ്ങനത്തെ ഒരു ദിവസം മാഷ് പുതിയ ഒരു പാഠം തുടങ്ങുന്നത് മതനിരപേക്ഷത എന്ന വിഷയത്തെകുറിച്ചാണ്. കുട്ടികളുടെ സ്വാഭാവികമായ  സംശയത്തെ വേണ്ട രീതിയിൽ തന്നെ പുസ്തകത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. മതത്തിൽ വിശ്വസിക്കുന്നവരും,അതിനെ വെറുക്കുന്നവരുമുണ്ട് എന്ന് മാഷ് പറയുമ്പോൾ ,മതത്തെ വെറുക്കുന്നവരെയാണോ മാഷേ വിപ്ലവകാരികൾ എന്ന് വിളിക്കുന്നത് എന്ന് ക്ലാസ്സിലെ ദീപു എന്ന കുട്ടി ചോദിക്കുന്നുണ്ട്. സ്വാഭാവികമായും ഭയം എന്ന വസ്തുത ഭക്തിയുടെ ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടു മാഷ് പറയുന്ന കാര്യങ്ങളിൽ കുട്ടികൾക്കു  സ്വാഭാവികമായും സന്ദേഹമുണ്ടാകുന്നുണ്ട്  സ്കൂൾ വിട്ട് വീട്ടിലെത്തുമ്പോൾ അമ്പലത്തിൽ നിന്നും വന്ന പിരിവുകാരോട് ദൈവത്തിനു  എന്തിനാണ് പണം എന്ന് ചോദിക്കുന്ന ഒരു തലത്തിലേക്ക് അവൾ മാറുന്നുമുണ്ട്. ഈശ്വരന്റെ ആവശ്യങ്ങൾക്കുള്ള പണം ഈശ്വരനല്ലേ ഉണ്ടാക്കേണ്ടത്?അല്ലാതെ മറ്റുള്ളവരല്ലല്ലോ എന്നവൾ അവരോടു പറയുകയും ചെയ്യുന്നു. അങ്ങനെ മതത്തെ കുറിച്ചും അതിനെ ബന്ധപ്പെട്ടു കിടക്കുന്ന ഈശ്വര വിശ്വാസത്തെകുറിച്ചും ഒരു കുട്ടിയുടെ മനസ്സിൽ തിളച്ചു പൊന്തുന്ന ന്യായമായ സംശയങ്ങളെക്കുറിച്ചുമാണ് പുസ്തകം പറയുന്നത്. 
പുസ്തകത്തിന്റെ പേരും  ഇക്കാര്യത്തിൽ കൂടുതൽ ചിന്തിക്കാനുള്ള വക നൽകുന്നുണ്ട്. ദൈവത്തെ കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട് തന്നെ മാറിപോകുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പുസ്തകത്തിന്റെ പേരും . മരുന്നുപുരട്ടാൻ വേണ്ടിയാണോ ദൈവം മുറിവുണ്ടാക്കുന്നത് ? രസകരമായ ചോദ്യമാണത്  ,കൂടുതൽ ചിന്തിക്കേണ്ട ഒരു സംഗതിയും.  
ഒരുപക്ഷെ നമ്മുടെയൊക്കെ കുട്ടികാലത്തും ഇതേ മാതിരിയുള്ള ചോദ്യങ്ങൾ  ഒരുപാടു തവണ മനസ്സിലെങ്കിലും ചോദിച്ചിട്ടുണ്ടാകുമെന്നു തീർച്ചയാണ്.ഈ പുസ്തകത്തിന് വേണ്ടി ചിത്രങ്ങൾ വരച്ചിരിക്കുന്നത് മാളവികയെന്ന മറ്റൊരു എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണെന്നുള്ളതാണ് ഈ പുസ്തകത്തെ ആകർഷമാക്കുന്ന രണ്ടാമത്തെ ഘടകം.പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ചിന്ത പബ്ലിഷേഴ്സ് ആണ്. 

കാറ്റിന്റെ നിഴൽ -കാർലോസ് റൂയിസ് സാഫോൺ





എന്താണ് വായനയുടെ സുഖം എന്ന് നിരവധി ആളുകൾ ചോദിക്കാറുണ്ട് .  അവരെയെല്ലാവരെയും മുഴുവനായി തൃപ്തിപ്പെടുത്തുന്ന ഒരു മറുപടി കൊടുക്കാൻ കഴിയുമോ എന്നു സംശയമാണ്. കാരണമെന്തന്ന് കൃത്യമായി അറിഞ്ഞുകൂടായെങ്കിലും  അതെല്ലാം വ്യകതിപരമായ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന എന്തോ ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. ചിലപ്പോൾ നമ്മളന്വേഷിക്കുന്ന ചോദ്യങ്ങൾക്കുത്തരം പുസ്തകങ്ങളിൽ നിന്നു തന്നെ കണ്ടെത്താനും  സാധ്യതയുണ്ട് . കാർലോസ് റൂയിസ് സാഫോണിന്റെ കാറ്റിന്റെ നിഴൽ എന്ന  പുസ്തകത്തിൽ ആ ചോദ്യത്തിന്റെ ഉത്തരം ഭാഗികമായെങ്കിലും മറഞ്ഞു കിടപ്പുണ്ടെന്നു തോന്നുന്നു. വായനയുടെ സുഖമെന്നത്   സ്വന്തം ആത്മാവിന്റെ പിന്നാമ്പുറങ്ങളിലുഉള്ള ഒരു  തിരച്ചിലാണെന്ന് ഈ പുസ്തകത്തിൽ തന്നെ പറയുന്നുണ്ട് , . തന്റേതു മാത്രമായ ഒരു ഭാവനാ ലോകത്തിൽ വിഹരിക്കുമ്പോഴത്തെ സുഖമാണത്രെ ഓരോ വായനയും തരുന്നത് .ഓരോ പുസ്തകത്തിനും അതിന്റെതായ ആത്മാവുണ്ട്,ഗ്രന്ഥകർത്താവിന്റെ തന്നെ ആത്മാവ്. ആ ആത്മാവിനെ കണ്ടെത്തിക്കഴിഞ്ഞാൽ വായനക്കാർ വിജയിച്ചു. അങ്ങനെ വരുമ്പോൾ ആ പുസ്തകം അയാൾക്ക്‌ സ്വീകരിക്കപ്പെടും ,അല്ലെങ്കിൽ തിരസ്കരിക്കപ്പെടും.

മറന്നുപോയ അല്ലെങ്കിൽ  വിസ്മരിക്കപ്പെട്ട പുസ്തകങ്ങളുടെ സെമിത്തേരിയിലേക്ക് ഡാനിയേലിനെ  അവന്റെ അച്ഛൻ ഒരിക്കൽ കൊണ്ടുപോകുകയാണ്. അവിടുത്തെ  നിയമമനുസരിച്ച് ആദ്യമായി അവിടം  സന്ദര്‍ശിക്കുന്ന ഒരാള്‍ തനിക്കിഷ്ടമുള്ള ഒരു പുസ്തകം തിരഞ്ഞെടുക്കാം . അപ്പോൾ മുതൽ ആ പുസ്തകം അയാളുടെ മാത്രം സ്വന്തമാണ്. മാത്രമല്ല ആ പുസ്തകം നഷ്ടപ്പെടുത്താതെ നശിപ്പിക്കപ്പെടാതെ ജീവിതകാലം മുഴുവൻ സംരക്ഷിച്ചു കൊള്ളണം.അവിചാരിതമായി ഡാനിയൽ തിരഞ്ഞെടുത്ത പുസ്തകം ജൂലിയൻ കാരക്സിന്റെ കാറ്റിന്റെ നിഴൽ എന്ന പുസ്തകമാണ്.അവന്റെ കൈയിലിരിക്കുന്ന ആ പുസ്തകമാകട്ടെ അതിന്റെ ഒരേയൊരു കോപ്പിയും .ബാക്കിയുള്ളവയെല്ലാം കത്തിച്ചു കളയപ്പെട്ടുവെന്ന്   അച്ഛന്റെ സുഹൃത്തും ലൈബ്രേറിയനുമായ ഗുസ്താവോ ബാർസിലോ പറഞ്ഞാണ് അറിയുന്നത് . 

ജൂലിയന്റെ മറ്റു പുസ്തകങ്ങളെ കുറിച്ചും അദ്ദഹത്തിനു എന്ത് പറ്റിയെന്നും അവൻ അന്വേഷിച്ചറിയാൻ പുറപ്പെടുന്നു. അങ്ങനെയിരിക്കെ ആരോ ഒരാൾ ജൂലിയൻ കാരക്സിന്റെ പുസ്തകങ്ങൾ തിരക്കി പുസ്തകശാലകൾ മുഴുവൻ കയറിയിറങ്ങിയിരിക്കുന്നു എന്നൊരു  വാർത്ത കേൾക്കുന്നു.വില കൊടുത്തോ മോഷ്ടിച്ചോ അയാൾ പുസ്തകങ്ങൾ സ്വന്തമാക്കുന്നു.പുസ്തകങ്ങൾ കൈയ്യിൽ കിട്ടി കഴിഞ്ഞാൽ അവ അപ്പാടെ നശിപ്പിച്ചു കളയുന്നു.  ഡാനിയലിന്റെ കൈയിലുള്ള പുസ്തകം തിരക്കി ആ വ്യക്തി  അവന്റെ അടുത്തും എത്തുന്നുണ്ട്.പക്ഷേ ആരാണയ്യാൾ ? പിന്നീട്  നടത്തുന്ന അന്വേഷണത്തിൽ , ജൂലിയൻ കാരക്സിന്റെ പുസ്തകങ്ങൾ ആർക്കും വേണ്ടാതെ കൂടിയിട്ടവയും ,ഒരു നിരൂപണ ശ്രദ്ധ പോലും പതിയാത്തവയുമാണെന്ന് ഡാനിയേൽ  മനസ്സിലാക്കുന്നു . പിന്നെ എന്തിനാണയാൾ പുസ്തകങ്ങൾ നശിപ്പിക്കുന്നത് ?  
തനിക്കു കിട്ടിയ ആ പുസ്തകത്തെ കുറിച്ചും, അറിയപ്പെടാത്ത ജൂലിയൻ കാരക്‌സിന്റെ അതിദുരൂഹമായ  ജീവിതത്തെ കുറിച്ചും അന്വേഷിച്ചു പോകുന്ന ഡാനിയലിനു വെളിപ്പെടുന്നത് അമ്പരിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങളാണ്. 

വെറുതെയല്ല കാർലോസ് റൂയിസ് സാഫോണിന്റെ കാറ്റിന്റെ നിഴൽ എന്ന നോവൽ  15 മില്യൺ കോപ്പികൾ  വിറ്റുപോയത്. മൂലകൃതി എഴുതപ്പെട്ടത് സ്പാനിഷ് ഭാഷയിലാണ് . പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് രമാ മേനോനാണ്,പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കറൻറ് ബുക്സും. 

കുറ്റവും കുറ്റാന്വേഷണവും അതിനു പിന്നിലെ പങ്കപ്പാടുകളും

                      

കുറ്റാന്വേഷണങ്ങളും അതിനോടനുബന്ധിച്ചുള്ള  കഥകളെല്ലാം എല്ലാവർക്കും താല്പര്യമുള്ള സംഗതിയാണെങ്കിലും അതിന്റെ പിറകിലുള്ള അത്യദ്ധ്വാനത്തെ കുറിച്ചോ, അതിനു പിന്നിൽ വിയർപ്പൊഴുക്കിയവരെ കുറിച്ചോ അധികം  ആരും ഓർത്തിരിക്കാറില്ല. നായക പരിവേഷം  കുറ്റം ചെയ്ത ആൾക്ക് തന്ന് ആയിരിക്കും പലപ്പോഴും. സുകുമാരകുറുപ്പിന്റെ കഥ തന്നെ ഉദാഹരണം. സുകുമാരകുറുപ്പിനെയും അതിന്റെ  പിറകിലുള്ള സകല കഥകളും വള്ളി പുള്ളി വിടാതെ നമുക്കറിയാം. എന്നാൽ കേസ് അന്വേഷിച്ചു കണ്ടെത്തിയതാരാണ് എന്ന് ഭൂരിഭാഗം പേർക്കും അറിയില്ല.
സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെയാണ് ജോർജ് ജോസഫ് എന്ന റിട്ടയർഡ് എസ്. പി. ഉദോഗസ്ഥനെ അറിയുന്നത്. അറുപതോളം എപ്പിസോഡുകളിലൂടെ നിരവധി കേസ്സന്വേഷണങ്ങളുടെ കഥകൾ അദ്ദേഹം നമുക്ക് പറഞ്ഞു തന്നു,അതും ഒരിടത്തും  ബോറടിപ്പിക്കാതെ മനോഹരമായി തന്നെ. എപ്പിസോഡുകളുടെ മദ്ധ്യത്തിൽ അദ്ദേഹം  പറഞ്ഞു  തന്നെയാണ് താനെഴുതിയ പുസ്തകങ്ങളുടെ കാര്യം ഞാനറിഞ്ഞത് , ചെറിയ പുസ്തകങ്ങളാണ് , നൂറു പേജ് ഒക്കെ യെ ഉള്ളൂ , എല്ലാം പൂർണ്ണ പബ്ലിക്കേഷൻസ്സ്  ആണ് ഇറക്കിയിരിക്കുന്നത് എന്നൊക്കെ . പിറ്റേന്ന് തന്നെ  ആ മൂന്ന് പുസ്തകങ്ങളും  കൈയ്യിലെത്തി.
മൂന്നു ഭാഗങ്ങളിയാണ് പുസ്തകം ഇറക്കിയിരിക്കുന്നത്. 
പുസ്തകം 1 : കുറ്റവും കുറ്റാന്വേഷണവും സുകുമാരകുറുപ്പു മുതൽ…
പുസ്തകം 2  : കുറ്റവും കുറ്റാന്വേഷണവും ആലുവ കൂട്ടക്കൊല മുതൽ…
പുസ്തകം 3  : കുറ്റവും കുറ്റാന്വേഷണവും ഹംസ കൊലക്കേസ്‌ മുതൽ ….
                
ആദ്യ ഭാഗത്തിൽ സുകുമാരകുറുപ്പിന്റെ കേസ് കൂടാതെ കണ്മണി കൊലക്കേസും ,ഉമ്മക്കൊലുസു വധ കേസും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.സുകുമാരകുറിപ്പിനെ കുറിച്ച് വളരെ രസകരമായ സംഗതികളും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. മുൻപ് സുകുമാരകുറുപ്പിന്റെ കേസിനെ കുറിച്ച് കൂടുതലായി അറിയാൻ കഴിഞ്ഞതു ബി ഉമാദത്തന്റെ ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ എന്ന പുസ്തകത്തിലൂടെയാണ്. ഈ  പുസ്തകം അതിൽ പറയാത്ത ചില വിവരങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. 
രണ്ടാം ഭാഗത്തിൽ ആലുവ കൂട്ടക്കൊല ,കോട്ടയത്തെ നടുക്കിയ ഡോക്ടർ മോഹന ചന്ദ്ര ദാസ് വധം,പനയ്ക്കൽ ചന്ദ്രൻ എന്ന കള്ളന്മാർക്കിടയിലെ സൂപ്പർസ്റ്റാർ എന്നീ ആദ്ധ്യായങ്ങളാണുള്ളത്  
മൂന്നാം ഭാഗത്തിൽ ഹംസ കൊലക്കേസ് , കാശിനാഥന്റെ തിരോധാനം ,ഛോട്ടാ ബാബുവിന്റെ കൂരകൃത്യങ്ങൾ എന്ന ആദ്ധ്യായങ്ങളുമാണുള്ളത്.
ഒരു കഥ പറയുന്ന പോലെ അദ്ദേഹം പറഞ്ഞു പോകുകയാണ് എല്ലാം. കേസുകൾ തെളിയിക്കുന്നതിന് പോലീസുകാർ എന്തെല്ലാം ബുദ്ധികൾ പ്രയോഗിക്കുന്നുവെന്നും അതിനിടയിലെ ബുദ്ധിമുട്ടുകളും അദ്ദേഹം പങ്കുവെയ്ക്കുന്നു . കുറ്റാന്വേഷണ സിനിമകൾ കണ്ട് ഈ കേസ് ഞാൻ ആയിരുന്നേൽ പുഷ്പം പോലെ കണ്ടുപിടിക്കുമായിരുന്നേനെ എന്നൊക്കെ വീരവാദം പറയുന്ന നിരവധി സുഹൃത്തുക്കളെ ഞാൻ കണ്ടിട്ടുണ്ട്. 
സംഭവിച്ചത് കഥയായി പറയാനെളുപ്പമാണ്.കാലങ്ങളെ വെറും രണ്ടു  വരിയിൽ കഥകളിൽ അടയാളപ്പെടുത്താം. നേർ ജീവിതത്തിൽ അങ്ങനെ  പറ്റാത്തിടത്തോളം കാലം ഗാലറിയിൽ ഇരുന്നു ഇങ്ങനെ വിസിലടിക്കാനല്ലേ  അത്തരകാർക്ക്  കഴിയൂ.. 
അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങൾ ഇനിയും പുറത്തിറങ്ങുമായിരിക്കാം. അത്രയും അനുഭവ സമ്പത്തുള്ള അദ്ദഹത്തിൽ നിന്ന് അത്തരം പുസ്തകങ്ങൾ നമുക്കൊരു മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ ഒരു  സംശയവുമില്ല.  

ഉള്ളുരുക്കുന്ന ഓർമകുറിപ്പുകൾ

മലയാളത്തിന്റെ പ്രിയകഥാകാരിയായ അഷിത, കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങൾ ആദ്യമായി മാതൃഭൂമിയിൽ ആഴ്ചപ്പതിപ്പിൽ വന്നു കൊണ്ടിരുന്നപ്പോൾ ,അത് പലപ്പോഴും കണ്ടുവരുന്ന തരം വെറുമൊരു ആത്മഭാഷണമായിരിക്കുമെന്നോ ,അല്ലെങ്കിൽ വെറുമൊരു  നേരമ്പോക്ക് വർത്തമാനങ്ങൾ ആയിരിക്കുമെന്നേ  തുടക്കത്തിൽ വിചാരിച്ചിരുന്നുള്ളൂ. പക്ഷേ ആദ്യ രണ്ടു അദ്ധ്യായങ്ങൾ വായിച്ചു കഴിഞ്ഞപ്പോഴേക്കും വായനക്കാരന്റെ ഉള്ളൂ നീറ്റുന്ന ഒന്നാണെന്ന് ഒരു അമ്പരപ്പോടെ മനസ്സിലക്കേണ്ടി വന്നു.
പെൺകുട്ടികളോടുള്ള സമൂഹത്തിന്റെയും,കൂടുബത്തിന്റെയും മനോഭാവങ്ങളും,അവഗണനയും മുന്പും പല തവണ വായിച്ചും കണ്ടും മനസ്സിലാക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അഷിത പറഞ്ഞ കാര്യങ്ങൾ അതിനേക്കാൾ നമ്മുടെ ഹൃദയത്തെ കൊളുത്തിവലിക്കുന്ന സംഭവങ്ങളായിരുന്നു. 
എപ്പോൾ വേണമെങ്കിലും തന്റെ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെടാം എന്ന അവസ്ഥയിലൂടെ  കടന്നു പോയ  കുട്ടിക്കാലത്തെ കുറിച്ചൊക്കെ അവർ നമ്മോടു പറയുന്നുണ്ട്. അത്തരം തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നു പോയ ഒരാൾ തന്റെ എഴുത്തിലൂടെയും , നിത്യ ചൈതന്യ എന്ന ഗുരുവിലൂടെയും ജീവിതം തരികെ പിടിച്ച ഓർമകളാണ് ഈ പുസ്തകത്തിലുള്ളത്. 
ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് പറഞ്ഞപോലെ   ആ കഥകളിൽ സ്ഫോടനാത്മകമായ അലങ്കാരങ്ങളൊന്നുമില്ലായിരുന്നു. ഇടിമുഴക്കങ്ങളില്ലായിരുന്നു. ജനാലയ്ക്കരികിലെ നിന്ന് ഒറ്റയ്ക്ക് വിദൂരതയിലേക്ക് ഉറ്റുനോക്കുന്നത് പോലെ ഒരു അനുഭവം. അഷിതയുടെ കഥകൾ അത്രയും ആർദ്രമായാണ്നമ്മിലൊക്കെ പെയ്തു നിറയുന്നത്. 
ഒരുപക്ഷേ അഷിത അഷിത ഗൗരവമായി വായിക്കപ്പെട്ടത് ആ അഭിമുഖങ്ങൾ പുറത്തു വന്നതിനു ശേഷമായിരിക്കണം എന്നു തോന്നുന്നു. അപ്പോളായിരിക്കണം അവരുടെ പുസ്തകങ്ങൾ ആളുകൾ വീണ്ടും ശ്രദ്ധിക്കാനും , മുൻപത്തേക്കാൾ കൂടുതലായി വായിക്കാനും തുടങ്ങിയത്. 
അല്ലെങ്കിലും ജീവിച്ചിരിക്കുമ്പോൾ അർഹമായ നിരൂപകശ്രദ്ധയോ സ്ഥാനമോ ഒന്നും കൊടുക്കാതെ മരിച്ച് കഴിയുമ്പോൾ അത്യുന്നതങ്ങളിൽ പ്രതിഷ്ഠിക്കാനും , ചർച്ച ചെയ്യാനുമാണല്ലോ നമുക്കൊക്കെ അറിയാവുന്നത്.
അഷിത ഇപ്പോൾ കൊണ്ടാടപ്പെടുകയാണ്, വീണ്ടും വീണ്ടും വായിക്കപ്പെടുകയാണ്,അവരുടെ ഹൈകു കവിതകളും, മയില്‍ പീലി സ്പര്‍ശമേറ്റ മറ്റു എണ്ണമറ്റ അമൃതാനുഭവങ്ങളും എല്ലാം ..
അങ്ങനെയെങ്കിലും നമ്മൾ ചെയ്ത അവഗണനയ്ക്ക് ഒരു പ്രായശ്ചിത്തമാകട്ടെ . 
ആഴ്ചപ്പതിപ്പിൽ ലേഖനം മുഴുവനായി പ്രസിദ്ധീകരിച്ച് കഴിഞ്ഞു കുറച്ചു നാളുകൾക്ക്  ശേഷം അവർ ഓർമയായി.  പിന്നീട് ആ ഓർമകുറിപ്പുകൾ  മാതൃഭൂമി ബുക്സ് പുസ്തകമാക്കുകയായിരുന്നു. 

ചരിത്രമുറങ്ങുന്ന കാലപാനിയും അവിടുത്തെ കുറിപ്പുകളും

പ്രത്യേക പരിചയപ്പെടുത്തലുകൾ  ആവശ്യമില്ലാത്ത യാത്രയെഴുത്തുകളാണ് ഷെരീഫ് ചുങ്കത്തറയുടേത്.അതിഭാവുകത്വങ്ങളോ,അലങ്കാരങ്ങളോ ഒന്നുമില്ലാതെ ദേശങ്ങളെയും ജീവിതത്തെയും ഷെരീഫ് വിവരിക്കുന്നു.എഴുതാൻ വേണ്ടി മാത്രം ഒരു വരി പോലും എഴുതാത്തതിന്റെ സത്യസന്ധത എന്ന് ആമുഖ കുറിപ്പിൽ വിവരിച്ചിരിക്കുന്നത്തിനോട് എഴുത്തുകാരൻ നീതി പുലർത്തിയിട്ടുണെന്നു തോന്നുന്നു.
പണ്ട് ആഫ്രിക്കൻ അടിമകളുമായി പോയ ഒരു പോർച്ചുഗൽ കപ്പൽ മറിഞ്ഞപ്പോൾ അതിൽ നിന്നും രക്ഷപ്പെട്ടവരുടെ പിൻഗാമികളാണ് ആൻഡമാൻ ദ്വീപുലുള്ളവർ എന്ന് വിശ്വസിക്കപ്പെടുന്നു .അവിടങ്ങളിലക്കു      ഷെരീഫ് നടത്തിയ ഒരു യാത്രയെകുറിച്ചാണ് കാലാപാനി കുറിപ്പുകൾ എന്ന പേരിൽ പുസ്തകമാക്കിയിരിക്കുന്നത്.സന്ദർശിക്കുന്നയിടങ്ങളിലെ അല്പമെങ്കിലും ചരിത്രമറിയാതെയുള്ള അത്തരം യാത്രകൾകൊണ്ട്  പ്രതേകിച്ചൊരു ഗുണവും യാത്രക്കാർക്കുണ്ടാകാൻ പോകുന്നില്ല.പുതിയതായി കാണുന്ന ഒരിടം എന്നതിലുപരി പ്രത്യേകിച്ചൊന്നും അത് നേടി തരുന്നുമില്ല .കാണാൻ ഉദ്ദേശിക്കുന്നയിടങ്ങളിലെ മുഴുവൻ ചരിത്രമറിഞ്ഞുള്ള യാത്രകളും  പ്രയോഗികവുമല്ല തന്നെ. ബാറ്റിൽ ഓഫ് അബർദീൻ എന്ന പെയിന്റിങ്ങും അതിനു പിന്നിൽ ചരിത്രത്തിൽ ഇടം പിടിക്കാതെ പോയ കഥകളും എഴുത്തുകാരൻ തേടി പോകുന്നുണ്ട്. മലബാർ കലാപം മൂലം നാടുകടത്തപ്പെട്ടവരുടെ പുതിയ തലമുറയെ നമ്മൾ അവിടെ കാണുന്നുണ്ട്. പറിച്ചു നട്ടവർ അവരുടെ നാടിന്റെ പേരുകളും കൂടെ നട്ടു. നിലമ്പൂരും,മഞ്ചേരിയും,വണ്ടൂരുമെല്ലാം അങ്ങനെ ആൻഡമാനിൽ സൃഷ്ടിക്കപ്പെട്ടു.ലേഖഖന്റെ അഭിപ്രായത്തിൽ മലബാർ കലാപം ആത്യന്തികമായി കർഷകസമരമായിരുന്നെവെന്നു അവകാശപ്പെടുന്നു. അതുപോലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഒരു സ്വാതന്ത്ര്യ സമര പോരാട്ടമായി പരിഗണിക്കാൻ ലേഖകനു സാധിക്കുന്നില്ല എന്നും പറയപ്പെടുന്നുണ്ട്.ടിപ്പുവും, പഴശ്ശിയും ,ജാൻസീ റാണിയുടേതുമൊക്കെ ശ്രമങ്ങൾ അത്തരത്തിലുള്ളതല്ല എന്നും ഷെരീഫ് പറഞ്ഞുവെയ്ക്കുന്നു.അതുപോലെ സുഭാഷ് ചന്ദ്രബോസും, ജപ്പാനും തമ്മിലുള്ള ബന്ധവും അവരുടെ ദ്വീപുമായുള്ള ബന്ധവും പുസ്തകത്തിലുണ്ട്.ദ്വീപിലെ ജപ്പാനീസ് ക്രൂരതകൾക്ക് ബോസിനാണ് ഉത്തരവാദിത്വം എന്ന രീതിയിലുള്ള വിവരണങ്ങളും കാണാം .അവിടെ വച്ച് കണ്ടുമുട്ടിയ സാഹിബ് എന്ന ഒരു മനുഷ്യനാണ് പല വിവരങ്ങളും എഴുത്തുകാരാനുമായി പങ്കുവെയ്ക്കുന്നത് .ജപ്പാനിൽ നിന്നും ദ്വീപിനെ സ്വതന്ത്രമാക്കാൻ കഴിയാത്ത ഒരാൾക്ക് എങ്ങനെ ഇന്ത്യയെ സ്വതന്തമാക്കാൻ സാധിക്കുമെന്നയാൾ പരിഹസിക്കുന്നുണ്ട്. ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പ്രമുഖ നേതാക്കളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പലരും , ബോസിനെ ഭൂരിപക്ഷ പിന്തുണയുണ്ടായിട്ടും , തങ്ങളുടെ പാർട്ടിയിൽ  നിന്നും പുകച്ചു പുറത്തു ചാടിക്കുകയായിരുന്നുന്നുവെന്നും , മറ്റുള്ള തലമുതിർന്ന നേതാക്കന്മാർ സുഖ സൗകര്യങ്ങൾ തീർത്ത വീട് തടങ്കലിലോ ,അല്ലെങ്കിൽ അത്തരം ജയിലുകളിൽ പുസ്തകമെഴുതിയും, വായിച്ചും ഇരിക്കുമ്പോൾ തന്നെ,  പരിമിതികൾക്കു നടുവിൽ നിന്ന് കൊണ്ട് സ്വന്തം ജീവൻ പണയപ്പെടുത്തി കൊണ്ടായിരുന്നു  സ്വാതന്ത്ര്യസമര പോരാട്ടത്തിലേർപ്പെട്ടു കൊണ്ടിരുന്നതെന്നും എഴുത്തുകാരനെങ്കിലും ആ സാഹിബിനു പറഞ്ഞു കൊടുക്കാമായിരുന്നു എന്ന് തോന്നി പോയി. ആൻഡമാനിലെ മറ്റു ചരിത്രസ്ഥലികളുടെ വിവരങ്ങളും അവിടങ്ങളിലെ ചിത്രങ്ങളും പുസ്തകത്തിൽ കാണാം. പെൻഡുലം ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

വാൽസ്യായനന്റെ ജീവിതം പറയുന്ന കാമയോഗി

ചരിത്രകഥകളെക്കുറിച്ചുള്ള  എണ്ണം പറഞ്ഞ കൃതികൾ ധാരാളമായി  വായിക്കുന്നതിൽ താല്പര്യമുള്ളതിനാൽ തന്നെ ഈ പുസ്തകം കൈയ്യിലെടുത്തപ്പോൾ അതിനുമപ്പുറം ഒരു കൗതുകം തോന്നാതിരുന്നില്ല. അതൊരുപക്ഷേ ഈ പുസ്തകം കൈകാര്യം ചെയ്യുന്ന അതിന്റെ വിഷയമാകാം കാരണം എന്ന് തോന്നുന്നു.
ലൈംഗികതയെക്കുറിച്ചുള്ള പ്രശസ്ത പുസ്തകമായ കാമസൂത്രയുടെ രചയിതാവായ മുനി വാത്സ്യായന്റെ കഥയാണ്  കാമയോഗി എന്ന  നോവളിലൂടെ സുധീർ കക്കർ പറയുന്നത് . വാത്സ്യായനന്റെ  അത്ര അറിയപ്പെടാത്ത ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകമെങ്കിലും അത് തികച്ചും സാങ്കൽപ്പിക കഥ തന്നെയാണ്.
ഇന്ത്യൻ ചരിത്രത്തിലെ ഗുപ്ത കാലഘട്ടത്തിലെ സാമൂഹിക-സാംസ്കാരിക, സാമ്പത്തിക, ചരിത്രപരമായ പശ്ചാത്തലത്തിനു ബദലായി  വാത്സ്യായന്റെ സ്ത്രീലിംഗ ലൈംഗികതയെക്കുറിച്ചുള്ള കുറിപ്പുകൾ കാമയോഗിയുടെ വായനകളിൽ പ്രക്ഷോഭങ്ങൾ സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 
ഒരു യുവ ബ്രാഹ്മണ പണ്ഡിതനും വത്സായനയുടെ ജീവചരിത്രകാരനുമായ നായകന്റെ ശബ്ദമാണ് ഇതിൽ കക്കർ ഏറ്റെടുക്കുന്നത്. ഭാഗികമായ ചരിത്രവസ്തുതകളോടൊപ്പം അദ്ദേഹത്തിന്റെ ഭാവനയും ഒത്തുചേർന്ന് പുസ്തകം പൂർത്തിയാകുന്നു.
വത്സായനയുടെ ജീവിതവും ആശയങ്ങളും രൂപീകരിക്കുന്നത് അവരുടെ അമ്മായി ചന്ദ്രിക എന്ന പ്രശസ്ത സ്ത്രീയായാണ് , അവരാകട്ടെ അറിയപ്പെടയുന്ന വേശ്യയും. 
അവരുടെ ഒരു സ്ഥിരം സന്ദർശകനായിരുന്ന ഒരു  യുവ വാസ്തുശില്പി അവളെ നിരസിച്ചപ്പോൾ അത്തരം പ്രവർത്തികളിൽ നിന്നും മോചിതയാകാൻ അവൾ  തീരുമാനിക്കുന്നു. ഈ അപമാനം അവളുടെ ലൈംഗിക ജീവിതം ഉപേക്ഷിച്ച് ഒരു ബുദ്ധ കന്യാസ്ത്രീയാകാൻ അവളെ പ്രേരിപ്പിക്കുന്നു. ലൈംഗികത സിദ്ധാന്തങ്ങളെയും കെട്ടുകഥകളെയും ഊഹക്കച്ചവടങ്ങളെയും ആത്യന്തികമായി വാൽസ്യായനന്റെ കാഴ്ചപ്പാടിലേക്ക് മാറ്റുന്നതിൽ മുഖ്യ പങ്കു  ചന്ദ്രികയ്ക്കുണ്ട്. 
ജീവചരിത്രകാരൻ ഇതിനു ഇറങ്ങിപുറപ്പെടുന്ന സമയത്തു വാൽസ്യായനന്റെ കാമസൂത്രം എല്ലാവർക്കും പ്രാപ്യമായിരുന്നില്ല.അവർക്കു സംശയങ്ങൾ തീർക്കാൻ ബദ്രൂ എന്നറിയപ്പെടുന്ന ബദ്രവ്യാസന്റെ കൃതികളുണ്ട്.അന്നത്തെ പണ്ഡിതർക്കു കാമസൂത്രം അരോചകമായിരുന്നെവെങ്കിലും വാൽസ്യായനന്റെ എഴുത്തിലും അറിവിലും ബഹുമാനിച്ചിരുന്നു.യാഥാസ്ഥിക സമൂഹത്തിന്റെ ഭാഗമായിരുന്നതുകൊണ്ടു മാത്രം അവർക്കു അദ്ദേഹത്തിന്റെ കൃതിയെ തള്ളിപറയേണ്ടി വന്നു എന്നുള്ളതാണ് സത്യം. സ്ത്രീകൾ വെറും വിറകും പുരുഷൻ അഗ്നിയുമാണെന്ന അത്തരക്കാരുടെ വാദങ്ങളെ അദ്ദേഹം പൊളിച്ചെഴുതി.സ്ത്രീ ലൈംഗികതയോടു കാമസൂത്രം പുലർത്തുന്ന തുറന്ന മനസ്ഥിതി മൂലമാണ് പണ്ഡിതർ അതിനെ അക്രമിക്കുന്നതെന്നു വാൽസ്യായനും മനസ്സിലാക്കിയിരുന്നു.മാത്രവുമല്ല അദ്ദേഹം ഒരു വൈശ്യനുമായിരുന്നുവല്ലോ.
കാമശാസ്ത്രത്തിൽ അതുവരെയ്ക്കും ഉണ്ടായിരുന്നതു 17 ഗ്രന്ഥങ്ങളും അവയുടെ 42 വ്യാഖാനങ്ങളുമായിരുന്നു.രാജാവ് ഉദയനാണ് കാമശാസ്ത്രത്തെ കുറിച്ച് ഇതുവരെയ്ക്കും എഴുതപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും വായിച്ചു അവ ആറ്റികുറുക്കി ഒന്നാക്കണമെന്നു വാൽസ്യായനോട് ആവശ്യപ്പെട്ടത്. 
കാമസൂത്രത്തിലെ ഏഴു ഭാഗങ്ങളെ കുറിച്ച് ചിലയിടങ്ങളിൽ പുസ്തകം പരാമർശിക്കുന്നുണ്ട്. 
ഏറെ രസകരമായ ഒരു സംഗതി , തന്റെ ആയുസു മുഴുവനും കാമത്തെ കുറിച്ചു എഴുതിയെങ്കിലും അതിൽ നിന്നും സ്വയം ഒളിച്ചോടിയ വ്യക്തിയായിരുന്നു വാൽസ്യായനൻ എന്നുള്ളതാണ്.
 ലൈംഗികതയെ സംബന്ധിച്ചിടത്തോളം പുരാതന ഇന്ത്യ കൂടുതൽ ലിബറൽ സമൂഹമായിരുന്നുവെന്ന് പുസ്തകം പറഞ്ഞു വെയ്ക്കുന്നു. മനു എസ്  പിള്ളയുടെ ദന്ത സിംഹാസനം എന്ന പുസ്തകത്തിൽ പൂർവ കേരളം അത്തരമൊരു സാമൂഹികാവസ്ഥയിൽ ആണ് വ്യവഹരിച്ചിരുന്നതെന്നു കാണാം. പിന്നീട് നമ്മൾ വിക്ടോറിയൻ സദാചാരം ഇറക്കുമതി ചെയ്യുകയും അതിനെ സ്വീകരിച്ചു  ഇവിടുള്ളതിനെ പുറംതള്ളുകയുമാണുണ്ടായത്.
 പൊതുവേ സ്ത്രീകളുടെയും പ്രത്യേകിച്ച് വേശ്യകളുടെയും നിലപാട് പുസ്തകത്തിൽ വ്യക്തമാക്കുന്നു. ചന്ദ്രിക യുമായും മാത്രമല്ല  വാത്സ്യായനയുടെ ഭാര്യ മാളവികയുമായും ഇതിലെ  ജീവചരിത്രകാരൻ ബന്ധം പുലർത്തുന്നുണ്ട് . എഴുത്തുകാരൻ സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗികതയുടെ വിവിധ വശങ്ങൾ പലപ്പോഴായി വിശദീകരിച്ചു കാണുന്നു .
ഒരുപക്ഷെ  ഒരു മന:ശാസ്ത്രവിദഗ്ദ്ധനെന്ന നിലയിൽ കക്കറിന്റെ  വൈദഗ്ദ്ധ്യം ഈ പുസ്തകത്തിൽ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടുണ്ടെന്നു തോന്നുന്നു.പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ഗ്രീൻ ബുക്ക്സ് ആണ്. മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് സുരേഷ് എം ജി യും.

ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മലയാള ഭാഷയിൽ രചിക്കപ്പെട്ട നോവലുകളിനൊന്നാണ് ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ. ഒരുപക്ഷെ ഇന്ന് പ്രചുര പ്രചാരത്തിൽ ഇരിക്കുന്നതും ഏവർക്കും പരിചയമുള്ളതുമായ ഇന്നത്തെ നോവലിന്റെ ആഖ്യാന നിയമങ്ങളൊന്നും രൂപപ്പെടുന്നതിനും വളരെ നാളുകൾക്കു മുന്നേ പിറന്നതാണീ നോവൽ . ഇതിനെ ഒരു നോവൽ ആയി അന്ന് കണ്ടിരുന്നോ എന്നും സംശയമാണ്. കൊളോണിയൽ ആധിപത്യവും ,അതിന്റെ സാംസ്‌കാരിക അധിനിവേശവും കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ സൃഷ്ടിച്ച ആഘാതങ്ങളുടെയും ,നിർമ്മിതികളുടെയും ഒരു ഛായ നോവലിലിൽ കാണാം എന്ന്  നോവൽ പഠനത്തിന്റെ കുറിപ്പിൽ പി പി  രവീന്ദ്രൻ  കുറിച്ചിട്ടുണ്ട് .ഇത്തരം നോവലുകൾ ഇപ്പോൾ വായിക്കപ്പെടേ ണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെടുന്ന കാലത്താണ് നാമിപ്പോൾ ഉള്ളത്. അന്നത്തെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളെ നേരം വണ്ണം അന്നത്തെ എഴുത്തുകളിൽ തീർച്ചയായും പ്രതിഫലിക്കപ്പെട്ടിട്ടുണ്ടാകും എന്നത് തീർച്ചയാണ്. 

നോവൽ പിറന്നിട്ടു ഒരു നൂറ്റാണ്ടിനിപ്പുറം അവ വായിക്കുമ്പോൾ വിനോദോപാധി എന്നതിനുമപ്പുറം മേല്പറഞ്ഞ ഘടകങ്ങൾ ഓർക്കുന്നത് നന്നായിരിക്കും. ആദ്യത്തെ ഭാരതീയ ഭാഷ നോവൽ ആയാണ് ഫുൽമോനി ഓ കരുണാർ ബിബരൺ എന്ന ബംഗാളി നോവൽ അറിയപ്പെടുന്നത് തന്നെ. 1852 ൽ ഫുൽമോനി പിറന്നു വീണത് ഒരു നോവലായല്ല എന്നതാണ് സത്യം!മറിച്ചു   മത പ്രചാരണത്തിനായുള്ള വെറുമൊരു ഗദ്യമായിട്ടാണ് അത് അറിയപ്പെട്ടത്. അങ്ങനെ നോക്കുമ്പോൾ ഈ പുസ്തകം എവിടെ രേഖപ്പെടുത്തും എന്നുള്ളതിന് ഒരു സംശയമില്ല .അതെന്തായാലും സാഹിത്യ ചരിത്രത്തിന്റെയോ അതുമായി ബന്ധപ്പെട്ട ഒരിടത്തുമില്ല ,സാമൂഹിക ചരിത്രത്തിന്റെ ഏടുകളിൽ തന്നെയാണ് അടയാളപ്പെടുത്തേണ്ടത് , അതിൽ തർക്കമില്ല. 

ബംഗാളിഭാഷയിൽ എഴുതപ്പെട്ട ഈ നോവൽ മിസ്സിസ് കാതറീൻ ഹന്നാ മുല്ലൻസ് എന്ന പാശ്ചാത്യവനിതയാണ് എഴുതിയയത്  . 1852-ൽ കൽക്കട്ടയിൽ അത് ആദ്യം പ്രസിദ്ധപ്പെടുത്തി.  പിന്നീട് 1853-ൽ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി. 1858-ൽ ആണ് മലയാളത്തിൽ ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ എന്ന പേരിൽ ഈ ക്യതി പരിഭാഷ ചെയ്തത്. തുടർ വർഷങ്ങളിൽ  തെലുങ്കു , കന്നഡ, മറാഠി തുടങ്ങി ഭാഷകളിലും ഇതിന്റെ വിവർത്തനങ്ങൾ പുറത്തിറങ്ങി.ഇന്ദ്യായിലെ സ്ത്രീ ജനങ്ങൾക്ക് പ്രയോജനത്തിനായുള്ള ഒരു  മദാമ്മ അവർകൾ എഴുതിയ ഇമ്പമായ ചരിത്രങ്ങൾ എന്ന ഉൾ പേജിലെ ശീർഷകത്തോടെയാണ് എന്നത് ഇറങ്ങിയത്. കോട്ടയത്തെ സിഎം പ്രെസ്സിലാണ്‌ അതച്ചടിച്ചതെന്നും പറയ്യപ്പെടുന്നു .അന്ന് അത് മലയാളത്തിലേക്കു തർജ്ജമ ചെയ്‍തത് റവ:ജോസഫ് പീറ്റാണ്‌. ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ പതിപ്പാണ് എന്റെ കൈയിലുള്ളത്.  

പിൻ കുറിപ്പ് : ഈ നോവലിന് ആർ രാജശ്രീ യുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്ന നോവലുമായി യാതൊരു ബന്ധവുമില്ല.

പാറ്റ്ന ബ്ലൂസിൽ വിരിയുന്ന ജീവിതങ്ങൾ

സ്വപനം,ആസക്തി,വിഷാദം,ദൈവകല്പിതം എന്നിങ്ങനെ നിരവധി അടരുകളിൽ കഥയുടെ ഭാഗങ്ങളെ കോർത്തിണക്കി കൊണ്ട് കഥപറയുകയാണ് അബ്‌ദുള്ള ഖാൻ തന്റെ പാറ്റ്ന ബ്ലൂസ് എന്ന കന്നി നോവലിലൂടെ. കഥയിലെ കേന്ദ്ര കഥാപാത്രം ആരിഫ് എന്ന യുവാവാണെങ്കിലും പാറ്റ്ന എന്ന ഇടവും അതിന്റെ സാമൂഹ്യ,രാഷ്ട്രീയ ജീവിത പരിസരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഒപ്പം നീങ്ങുന്നുണ്ട്. 
 1980 കളുടെ അവസാനവും 1990 കളുടെ തുടക്കവും ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്ന അതിന്റെ തനതു രൂപത്തിൽ നോവലിൽ വരച്ചു ചേർത്തിട്ടുണ്ട് എഴുത്തുകാരൻ. 
പട്‌നയിലെ ഒരു സബ് ഇന്‍സ്‌പെക്റ്ററുടെ മകനായ ആരിഫിനു  ഒരു സഹോദരനും മൂന്ന് സഹോദരിമാരുമുണ്ട്.ഒരുകാലത്ത് നിരവധി ഭൂസ്വത്തിനുടമകളും, സമ്പത്തുമുണ്ടായിരുന്ന  അവരുടെ കുടുംബം, പിന്നെപ്പോഴോ  അതെല്ലാം നഷ്ടപ്പെട്ട് മധ്യ വർഗ്ഗ കുടുംബങ്ങളുടേതിനും താഴെയുള്ള ഒരു അവസ്ഥയിലേക്ക് വീണു. 
ഒരു ഐ‌എ‌എസ് ഉദ്യോഗസ്ഥനാകാൻ അതിതീവ്രമായി ആഗ്രഹിക്കുകയും അതിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുകയും സിവിൽ സർവീസ് പരീക്ഷയ്ക്ക് ഹാജരാക്കുകയും ചെയ്യുന്നുണ്ട് അയാൾ.സിവില്‍ സര്‍വീസ് പരീക്ഷ പാസായി ഒരു ഐ എ എസ് ഓഫീസര്‍ ആയാൽ തന്റെ കുടുംബത്തിന് നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിക്കാമെന്നയ്യാൾ സ്വപനം കണ്ടു. 
എന്നാൽ നാലു തവണയും അയാൾക്കു തന്റെ ലക്‌ഷ്യം  കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെടുന്നു.
അതിനിടയ്ക്ക് യാദൃച്ഛികമായി നീണ്ട മുടിയും , ധൈര്യശാലിയും ,സുന്ദരിയും ,തന്നെക്കാള്‍ പ്രായമുളളവളും , മറ്റൊരാളുടെ ഭാര്യയുമായ സുമിത്ര എന്ന ഹിന്ദു സ്ത്രീയുമായി  ആരിഫ് പ്രണയത്തിലാകുന്നു. 
തന്റെ പ്രണയത്തിന്റെ ആത്യന്തിക  ഫലത്തെ കുറിച്ച് അവൻ ബോധവാനാണെങ്കിലും  അതിൽ നിന്ന് പുറത്തു കടക്കാൻ പലതവണ ശ്രമിച്ചിട്ടും പരാജയപെട്ടുപോകുന്നു. അത്ര മേൽ അവൻ അകന്നു പോകാൻ ശ്രമിക്കുമ്പോഴും സാഹചര്യങ്ങൾ അവനെ അവളുടെ അടുത്തേക്ക് തന്നെ കൊണ്ടെത്തിക്കുന്നു. 
സ്വന്തം സഹോദരൻ സക്കീർ  ആരിഫിന്റെ  പ്രണയത്തിനെ കുറിച്ച്  ചോദിക്കുമ്പോൾ അവൻ കള്ളം പറയുന്നില്ല. നിങ്ങൾക്ക്  മാത്രമേ നിങ്ങളുടെ സദാചാരത്തിന്റെ അതിർ വരയ്ക്കാൻ കഴിയൂ എന്ന  സക്കീറിന്റെ വാക്കുകൾ അവനെ ഞെട്ടിക്കുന്നുണ്ട്.
തന്റെ അനിയനാണെങ്കിലും അവന്റെ പക്വത ആരിഫിനെ പലപ്പോഴും ഇത്തരത്തിൽ അത്ഭുതപ്പെടുത്തുന്നുണ്ട്. നോവലിൽ അന്നത്തെ സാമൂഹ്യ,രാഷ്ട്രീയ സംഭവങ്ങളെ അതതു കാലഘട്ടത്തിൽ അടയാളപ്പെടുത്തുന്നുണ്ട് . മണ്ഡൽ കമ്മീഷനെതിരായുള്ള സമരങ്ങൾ,1984 ലെ ഇന്ദിരാ ഗാന്ധി വധം, 1992 ലെ ബാബ്‌റി മസ്ജിദ് തകർക്കൽ ,പിന്നീടുണ്ടായ സംഘർഷങ്ങൾ,ലാലു പ്രസാദ് യാദവിന്റെ അഴിമതിയും പിന്നീടുള്ള ജയിൽവാസം, തുടങ്ങിയ   നിരവധി സംഭവങ്ങൾ നോവലിൽ കടന്നു വരുന്നുണ്ട്. 
ആരിഫിന്റെ അബ്ബാ ദാർശനിക സ്വഭാവമുള്ളവനാണ്.ജീവിതത്തിൽ ഒരിക്കലും കുറുക്കു വഴികൾ തേടാത്ത ഒരാൾ. പോലീസ് സേനയിലെ പടല പിണക്കങ്ങളുടെ അനന്തര ഫലമായി മാവോയിസ്റ് ആക്രമണ ഭീഷണി നില നിൽക്കുന്ന ഒരു സ്ഥലത്തേക്ക് സ്ഥലം മാറ്റം കിട്ടുമ്പോൾ ,ആരിഫിന്റെ ഉമ്മ ഭയന്ന് അവരോടു ഒന്നില്ലെങ്കിൽ ആ നിയമനം നിരസിക്കാനും ,അതിനു കഴിയില്ലെകിൽ ജോലി രാജി വെയ്ക്കാനും ആവശ്യപ്പെടുന്നുണ്ട്.ഒരു ഭീരുവിനെ പോലെ ഒളിച്ചോടാൻ തന്നെ കിട്ടില്ലെന്നും, അവിടങ്ങളിലും ജോലി നോക്കുന്ന പോലീസുകാരുണ്ടെന്നയാൾ മറുപടി നല്കുന്നു.ജീവിതവും മരണവും അല്ലാഹുവിന്റെ കൈകളിലാണെന്നയാൾ കൂട്ടിച്ചേർക്കുന്നു.
ഹിന്ദു മുസ്ലിം ഭിന്നത രൂക്ഷമായ കാലഘട്ടത്തിൽ സംഘർഷ ഭരിതമായ ഒരു ജനതയുടെ ജീവിതവും പിന്നീട് നോവലിൽ കാണാം.ഒരു വേള ആരിഫ്  അതിൽ നിന്നും കഷ്ടിച്ചു രക്ഷപെടുന്നുമുണ്ട്. എങ്കിൽ കൂടി ഇത്തരം സന്ദർഭങ്ങളിൽ അന്യമതസ്ഥരോടുള്ള പൊതുവെ കാണിക്കുന്ന വെറുപ്പൊന്നും ആരിഫിൽ നമുക്ക് കാണാൻ സാധിക്കില്ല.
ബാബറി മസ്ജിദ് സംഭവത്തിന് ശേഷം ഗ്രാമത്തിലെ ക്ഷേത്രം തകർത്ത് പ്രതിഷേധിക്കാൻ കോപ്പ് കൂട്ടുന്ന തന്റെ കൂട്ടരുടെ പദ്ധതികളെ അവൻ എതിർക്കുകയും ആ ശ്രമം തകർക്കാൻ പദ്ധതികൾ ആലോചിക്കയും ചെയ്യുന്നുണ്ട് അയാൾ.
ഡൽഹിയിൽ തന്റെ കാണാതായ സഹോദരൻ സക്കീറിനെ അന്വേഷിച്ചു പോകുന്നതിനിടയിൽ ,ജുമാ മസ്ജിദിനടുത്തുള്ള കടയിൽ നിന്നും കൊത്തിയെരിഞ്ഞ പോത്തിറച്ചി വറക്കുന്നതു കാണുന്ന ആരിഫ് മണമടിക്കാതിരിക്കാൻ തൂവാലയെടുത്തു മൂക്ക് പൊത്തുന്നുണ്ട്. ഡൽഹി ബോംബ് സ്ഫോടന കേസുകളിൽ പോലീസ് സക്കീറിനെ അകത്താക്കുന്നുണ്ടെങ്കിലും അയാളെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കുന്നില്ല.
തന്റെ കുടുംബം ഇത്തരത്തിൽ വഴി മുട്ടി നിൽക്കുമ്പോൾ , എന്തുകൊണ്ട് തനിക്കു ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന് ആരിഫ് ചിന്തിക്കുന്നുണ്ട്. നിരവധി ഏറ്റുമുട്ടൽ കേസുകളിൽ മുസ്ലിം എന്ന പേരുള്ളതുകൊണ്ടു മാത്രം നിരവധി പേർ പിടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയുന്നു. അതുപോലെ ചിലപ്പോൾ സക്കീറും കൊലചെയ്യപ്പെട്ടിട്ടുണ്ടാകാം എന്നു അവൻ വിചാരിക്കുന്നു. ഐ‌എ‌എസ് സെലക്ഷൻ പരീക്ഷയിൽ നാല് തവണ എഴുതിയിട്ടും താൻ തെരെഞ്ഞെടുക്കപ്പെടുന്നില്ല.പക്ഷെ അവനെക്കാൾ കഴിവ് കുറഞ്ഞ, പലപ്പോഴും ആരിഫു തന്നെ പഠന സംബന്ധമായ സംശയങ്ങൾ തീർത്തുകൊടുത്തു സഹായിച്ചുകൊണ്ടിരുന്ന അവന്റെ സുഹൃത്ത് മൃത്യുഞ്ജയ് തെരെഞ്ഞെടുക്കപ്പെടുന്നു.ചിലപ്പോൾ തൻറെ പേരാകാം താൻ തെരെഞ്ഞെടുക്കപ്പെടാത്തതിന്റെ കാരണമെന്ന് കരുതുമ്പോഴും ആരെയും പഴിപറയാന് അവൻ തയാറാകുന്നില്ല. 
2000 ലെ നവംബറിൽ ബീഹാർ വിഭജിക്കപ്പെട്ട് ജാർഖണ്ഡ് രൂപീകരിക്കപ്പെടുന്നു.വിഭജനാന്തരവും ബീഹാറിനെ നോവലിലുടനീളം നോവലിസ്റ്റ് രേഖപ്പെടുത്തുന്നുണ്ട്. സുമിത്രയെ കാണാനുള്ള യാത്രക്കിടയിൽ റെയിൽവേ സ്റ്റേഷന് പുറത്തുള്ള പൊതു ടോയ്‌ലറ്റിന് പുറത്തെ നീണ്ട നിരആരിഫിനെ  ബീഹാറിലെ ഒരു സാമൂഹികാവസ്ഥയെ ഓർമിപ്പിക്കുന്നുണ്ട് .അതല്പം ചിന്തക്കാനുള്ള വകയും നൽക്കുന്നുണ്ട്. “ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ബീഹാറിൽ എല്ലാ നഗരത്തിലും പൊതുടോയ്‌ലറ്റുകൾ കാണാം.നമ്മുടെ സംസ്ഥാനത്തു ഭക്ഷിക്കാൻ അധികമൊന്നുമില്ലങ്കിലും വെറും ഒരു രൂപയ്ക്കു സൗകര്യപ്രദമായി വിസ്സർജ്ജിക്കാൻ സുലഭമായി ശൗചാലയങ്ങളെങ്കിലും ഉണ്ട്.”
താൻ ആഗ്രഹിച്ചതിൽ നിന്നും വിഭിന്നമായി   ആരിഫിന് ഒരു സർക്കാർ ഓഫീസിൽ ഒരു ഉർദു പരിഭാഷകന്റെ ജോലി ലഭിക്കുന്നു. സക്കീർ ജീവിച്ചിരിപ്പുണ്ട് എന്നൊരു കത്ത് വർഷങ്ങൾക്കു മുന്നേ അവർക്കു ലഭിച്ചിരുന്നെങ്കിലും ആ സമയത്ത്  അതിലൊന്നും അവർക്കു തരിമ്പും പ്രതീക്ഷയെ ഉണ്ടായിരുന്നില്ല  . . സുമിത്രയുമായുള്ള ബന്ധം ഉപേക്ഷിച്ചു ഫർസാനയുമൊത്തു കല്യാണ ജീവിതത്തിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ അവിടയും അയാൾക്കു തിരിച്ചടി സംഭവിക്കുന്നു.വിധിയുമായി പൊരുത്തപ്പെടാം എന്ന് വിചാരിക്കുമ്പോഴും അയാൾ അവിടെയൊക്കെ തോറ്റു  പോകുന്നത് കാണാം. വീണ്ടും ആരിഫ് സുമിത്രയെ തേടി പോകുന്നു.പക്ഷെ അയാൾക്കു വിധി സമ്മാനിക്കുന്നത് മറ്റൊന്നാണ്.
പട്ന ബ്ലൂസ് ഒരു സാധാരണ ബീഹാർ മുസ്ലീം കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാണ് പറയുന്നത്. ഒരു കാലത്ത് ബീഹാറിലെ സമ്പന്നമായ ഒരു മുസ്ലീം കുടുംബത്തിന്റെ അഭിലാഷങ്ങളും നിരാശകളും ആഗ്രഹങ്ങളും ഒക്കെ നോവലിൽ പ്രതിഫലിക്കുന്നുണ്ട്.  ഒരു താഴ്ന്ന മധ്യവർഗ കുടുംബത്തിന്റെ പോരാട്ടത്തെ സത്യസന്ധമായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മാത്രം  വരുമാനം കൊണ്ട് എങ്ങനെ മുന്നോട്ടു കൊണ്ട് പോകുന്നു എന്ന് ഇതിൽ കാണാം . കൂടാതെ, ഇന്ത്യൻ സിവിൽ സർവീസുകളിൽ പ്രവേശനം നേടാനുള്ള  മുസ്‌ലിം ചെറുപ്പക്കാരുടെ അഭിലാഷങ്ങളും അവരുടെ പാതയിലെ പ്രതിബന്ധങ്ങളും വെല്ലുവിളികളും നമ്മുക്ക് മുന്നിൽ വിവരിക്കുന്നു.
 അബ്‌ദുള്ള ഖാൻ തനറെ സഹോദരൻ സിയാവുള്ള ഖാൻ സംവിധാനം ചെയ്ത വിരാം (2017) എന്ന സിനിമയ്ക്ക് വേണ്ടി കഥ എഴുതിയിട്ടുണ്ട്.പട്ന ബ്ലൂസ് ഒരു വെബ് സീരീസിൽ പ്രത്യക്ഷപ്പെടാൻ പോകുന്നു എന്ന് കേൾക്കുന്നു. അവസാനിപ്പിക്കുന്നതിന് മുൻപ് ഒന്നുകൂടി പറയാൻ ആഗ്രഹിക്കുന്നു.ഇന്ത്യൻ മുസ്‌ലിംകളുടെ പതിവ് സ്റ്റീരിയോടൈപ്പ് കഥകളിൽ നിന്നും വളരെ വ്യത്യസ്തമാണീ  നോവൽ .എഴുത്തുകാരൻ അക്കാര്യത്തിൽ വളരെയധികം വിജയിച്ചിരിക്കുന്നു എന്ന് വേണം പറയാൻ. 
പുസ്തകം മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത് പോൾ വി മോഹൻ ആണ്. മഞ്ജുൾ പബ്ലിഷിങ് ഹൌസ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് 

ആമ്രപാലിയും ബുദ്ധനും തമ്മിലെന്ത്?

രാജാ ബിംബിസാരനും അദ്ദേഹത്തിന്റെ ശത്രുരാജ്യത്തിലെ സുന്ദരിയായ അമ്രപാലിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് ജർമ്മൻ സാഹിത്യകാരനായിരുന്ന തിയോഡർ കിംഗ് തന്റെ അമ്രപാലി എന്ന നോവലിലൂടെ പറയുന്നത്. 2500 വർഷങ്ങൾക്കുമുമ്പ് മഹാവീരനും ഗൗതമ ബുദ്ധനും ജീവിക്കുകയും അവർ നടന്നു പോയിരുന്ന ആ ഒരു കാലത്തെക്കുറിച്ചാണ് നോവൽ നമ്മോടു സംസാരിക്കുന്നത്. ഇരുവരും  വൈശാലിയുടെ പരിസരത്താണല്ലോ താമസിച്ചിരുന്നത്. ശ്രീബുദ്ധൻ പലതവണ വൈശാലി സന്ദർശിച്ചതായും  പറയപ്പെടുന്നുണ്ട്. ഗൗതമ ബുദ്ധനും ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 
ഒരു മാമ്പഴത്തോട്ടത്തിൽ നിന്ന് കണ്ടെത്തിയതും ഒരു കർഷക ദമ്പതികൾ വളർത്തിയതുമായ ഒരു കുഞ്ഞിന്റെ കഥയാണിത്. മഹാനവും പ്രമോദയും അവളെ എടുത്തു വളർത്തുകയായിരുന്നു. മാവിൻചുവട്ടിൽ നിന്നും കിട്ടിയതുകൊണ്ടാണ് അവൾക്കു അമ്രപാലി എന്നപേരിട്ടത്‌.വളർന്നു വലുതായപ്പോൾ അതിസുന്ദരിയും സകല കലകളിലും, നൃത്തനൃത്യങ്ങളിലും കഴിവ് തെളിയിച്ചവളുമായതുകൊണ്ടു അവിടുത്തെ വൃദ്ധജനങ്ങളുൾപ്പെടെ സകല പുരുഷന്മാരുടെയും ഉറക്കം കെടുത്തുന്നവളായി അവൾ. അവളുടെ വിവാഹവും അതുകൊണ്ടു തന്നെ ഒരു പ്രഹേളികയായി മാറി. അവളെ വിവാഹം ആലോചിച്ചു വന്നവർ അവൾക്കു വേണ്ടി പോരാടി സ്വയം മരണത്തെ വിളിച്ചു വരുത്തി. ഒടുവിൽ അവളുടെ ഭാവി ലിഛാവി എന്നറിയപ്പെടുന്ന നാട്ടുകൂട്ടത്തിന്റെ അഭിപ്രായത്തിനു വിടേണ്ടി വന്നു  . എന്നാൽ അവരുടെ വിധി അതിക്രൂരമായിരുന്നു. അവൾ ഗണഭോഗ്യ ആകട്ടെ എന്നായിരുന്നു നാട്ടുകൂട്ടത്തിന്റെ  അന്തിമ തീരുമാനം . ഒരാൾക്ക് മാത്രമാകാതെ അവൾ എല്ലാവരെയും സേവിക്കട്ടെ എന്നവർ ആക്രോശിച്ചു. എന്നാൽ ചില നിബന്ധനകൾ അവൾ മുന്നോട്ടു  വച്ചു. അതിൻ  പ്രകാരം  ഗണിക എന്ന പദവി അവളിൽ അടിച്ചേല്പിക്കപ്പെട്ടു. അങ്ങനെ ആ രാജ്യത്തു അവൾ ഒരു ഉയർന്ന സമ്പത്തിലും, നിലയിലും ജീവിക്കുന്നതിനിടയിൽ ശത്രു രാജ്യത്തിലെ രാജാവായ രാജാ ബിംബിസാരനുമായി അവൾ പ്രണയത്തിലായി . അവൾക്കു ഒരു കുഞ്ഞു ജനിക്കുകയും അവൾ ഗണിക ജീവിതത്തിൽ നിന്നും വിരമിക്കുകയും ചെയ്തു. ഇതിനിടെ ഗൗതമ ബുദ്ധൻ അവിടം സന്ദർശിക്കുന്നു . അവൾ അദ്ദേഹത്തിന്റെ വരവിനായി വർഷങ്ങാളായി കാത്തിരിക്കുകയായിരുന്നു. മുൻപ് അദ്ദേഹം വന്നപ്പോൾ അവൾ അദ്ദേഹത്തെ കാണുകയും അവളുടെ വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. അന്ന് അദ്ദേഹം വീണ്ടും വരുമെന്ന് പറഞ്ഞിരുന്നു. രണ്ടാം വരവിലെ കൂടിക്കാഴ്ചയിലൂടെ അവളുട ജീവിതം വേറൊരു തലത്തിലേക്ക് ഉയരുകയാണ്. 
നോവൽ ഒരു വേശ്യയുടെ കഥയാണ് പറയുന്നതെങ്കിലും  ഇതിവൃത്തം ലൈംഗിക അഭിനിവേശത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വിവരണത്തിനോ ,ബന്ധപ്പെട്ട വിസ്താരങ്ങൾക്കോ കീഴടങ്ങുന്നില്ല എന്നതാണ് പുസ്തകത്തിന്റെ ഏറ്റവും രസകരമായ സ്വഭാവം. മറ്റൊരു ജർമൻ എഴുത്തുകാരൻ എഴുതി അനശ്വരമാക്കിയ അദ്ദേഹത്തിന്റെ ഒരു  കൃതി കൂടി മുൻപ് വായിച്ചിട്ടുണ്ടായിരുന്നു . ഹെർമൻ ഹെസ്സേ യുടെ സിദ്ധാർത്ഥ ആയിരുന്നു ആ നോവൽ. അതും ബുദ്ധനുമായി ബന്ധപെട്ടതായിയുന്നു. ഈ ജർമൻകാർക്കെന്താണ് ബുദ്ധനെ ഇത്ര പിടുത്തം എന്നാണ് ഞാനിപ്പോ ആലോചിച്ചു പോകുന്നത്? അവരെ ആകർഷിക്കുന്നത്  ബുദ്ധന്റെ ലാളിത്യമാണോ , അതോ അദ്ദേഹത്തിന്റെ ആശയങ്ങളോ? 
രണ്ടായാലും സാഹിത്യത്തിന് അത് മുതൽക്കൂട്ട് തന്നെയാണ്. 
പുസ്തകം മലയാളത്തിലേക്കു തർജ്ജമ ചെയ്തിരിക്കുന്നത് അടയാളം പബ്ലിക്കേഷന് വേണ്ടി കെ എസ് വേണുഗോപാലാണ്.