ചങ്ങമ്പുഴയുടെ ‘പ്രതികാര ദുർഗ്ഗ’

തലക്കെട്ട് വായിക്കുമ്പോൾ ഒരുപക്ഷേ അതിലെ ‘ പ്രതികാര ദുർഗ്ഗ’ ചങ്ങമ്പുഴ എഴുതിയ ഏതെങ്കിലും കവിതയുടെ പേരാണോ എന്നു  തോന്നിയേക്കാം.  അദ്ദേഹം   ‘പ്രതികാര ദുർഗ്ഗ’ എന്നപേരിൽ ഒരു കവിത എഴുതിയതായി അറിവില്ല. എന്നാൽ  ഒരു നോവൽ എഴുതിയിട്ടുണ്ട്. അതൊരു വിദേശ നോവലിന്റെ വിവർത്തനമാണ് .  ‘കളിത്തോഴി’ എന്ന പേരിൽ മറ്റൊരു  നോവൽ കൂടി അദ്ദേഹം എഴുതിയിട്ടുണ്ട്. അത് സ്വന്തം നോവലാണ്. ഇതുകൂടാതെ  വേറെ നോവലുകളൊന്നും  അദ്ദേഹം എഴുതിയതായി അറിവില്ല. കവിതകൾ മാത്രമല്ല ചങ്ങമ്പുഴ  എഴുതിയിരുന്നത്. നിരവധി കഥാസമാഹാരങ്ങൾ  അദ്ദേഹത്തിന്റേതായുണ്ട്. അതിൽ  ചിലത് വിവർത്തനങ്ങളാണ്. ഗോർക്കി,  സൊളോഗബ് , ചെക്കോവ് , ടോൾസ്റ്റോയ് , മാർക് ട്വയിൻ , അലക്സാണ്ടർ കുപ്രിൻ, മോപ്പസാങ് ,  ജാൻ നെരൂദ തുടങ്ങിയവരുടെ ചില കഥകൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട് . വിശ്വസാഹിത്യത്തിൽ നിന്നുള്ള പ്രശസ്ത നാടകങ്ങളും അദ്ദേഹം മലയാളത്തിലേക്കാക്കി നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.    

പ്രതികാര ദുർഗ്ഗ’ എന്ന പേര്  ‘Gunnar’s Daughter’ എന്ന നോവലിന്റെ മലയാള പരിഭാഷയുടെ പേരാണ്. 1928 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ നോർവീജിയൻ എഴുത്തുകാരിയാണ് സിഗ്രിഡ് ഉൻസെറ്റ്.   സിഗ്രിഡ് ഉൻസെറ്റിന്റെ ‘പ്രതികാര ദുർഗ്ഗ’  പതിനൊന്നാം നൂറ്റാണ്ടിലെ നോർവേ  പശ്ചാത്തലമാക്കിയിരിക്കുന്ന   വീര്യവും പ്രതികാരവും ഇഴചേർന്ന ഒരു ചരിത്ര നോവലാണ്. 1909 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ , ഉൻസെറ്റിന്റെ ആദ്യകാല രചനകളിൽ ശ്രദ്ധേയമായ ഒന്നാണ്. മധ്യകാലഘട്ടത്തിലെ സ്കാൻഡിനേവിയൻ ജീവിതത്തെ സൂക്ഷ്മമായും യാഥാർത്ഥ്യബോധത്തോടെയും ചിത്രീകരിച്ചിരിക്കുന്ന  ഈ നോവൽ, പ്രധാനമായും വിഗ്ഡിസ്  എന്ന യുവതിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്.ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ഒരു നോവലാണ് ‘പ്രതികാര ദുർഗ്ഗ. 

 1907-ൽ “Fru Marta Oulie” എന്ന നോവലിലൂടെയാണ് ഉൻസെറ്റ് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ‘Gunnar’s Daughter’ (1909) ഉൾപ്പെടെയുള്ള നോവലുകൾ പ്രസിദ്ധീകരിച്ചു. ഈ ആദ്യകാല കൃതികൾ അവരുടെ പ്രതിഭ വിളിച്ചുപറയുന്നതായിരുന്നു .   ഉൻസെറ്റിന്റെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘Kristin Lavransdatter‘ ത്രയം (“The Wreath,” “The Wife,” “The Cross” എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ) 1920-1922 കാലഘട്ടത്തിലാണ് പ്രസിദ്ധീകരിച്ചത്. പതിനാലാം നൂറ്റാണ്ടിലെ നോർവേയുടെ പശ്ചാത്തലത്തിൽ ഒരു സ്ത്രീയുടെ ജീവിതം മുഴുവൻ പിന്തുടരുന്നതാണ്  ഈ കൃതി.റിയലിസ്റ്റിക് ആഖ്യാനവും മനഃശാസ്ത്രപരമായ ഉൾക്കാഴ്ചയും ഉൻസെറ്റിന്റെ രചനകളുടെ സവിശേഷതകളാണ്. വളരെ ലളിതമായ ഭാഷയായിരുന്നു അവരുടേത് , എന്നാൽ വളരെ ശക്തവുമായിരുന്നു.സ്നേഹം, വിവാഹം, മതം, കുടുംബം, ചരിത്രം, സ്ത്രീകളുടെ ജീവിതം തുടങ്ങിയവയായിരുന്നു ഉൻസെറ്റിന്റെ കൃതികളിലെ പ്രധാന പ്രമേയങ്ങൾ. രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി ജർമ്മനിയുടെ നോർവേ അധിനിവേശത്തെ എതിർത്ത ഉൻസെറ്റ് 1940-ൽ അമേരിക്കയിലേക്ക് പലായനം ചെയ്തു. യുദ്ധാനന്തരം നോർവേയിൽ തിരിച്ചെത്തി. മരണവും നോർവേയിൽ വച്ചു തന്നെയായിരുന്നു. 

‘പ്രതികാര ദുർഗ്ഗ’ യിലെ  കഥ ആരംഭിക്കുന്നത് വിഗ്ഡിസ് ഗണ്ണർസ്ഡാറ്ററിന്റെ ബാല്യകാലം മുതലാണ്. സമ്പന്നനും ആദരണീയനുമായ ഗണ്ണറിന്റെ മകളായ വിഗ്ഡിസ്  , സ്വാതന്ത്ര്യവും ധൈര്യവും തുളുമ്പുന്ന ഒരു പെൺകുട്ടിയായി വളരുന്നു. ഒരു വൈക്കിംഗ് കടൽക്കൊള്ളക്കാരനാൽ ബലാത്സംഗം ചെയ്യപ്പെടുന്നതോടെ അവളുടെ ജീവിതം പാടെ  തകിടം മറിയുന്നു. തനിക്ക് നേരിട്ട   അതിക്രമം അവളെ ശാരീരികമായും മാനസികമായും തളർത്തുന്നു. മാത്രമല്ല, സമൂഹത്തിൽ അവൾക്ക് അവമതിപ്പും ഏകാന്തതയും അനുഭവിക്കേണ്ടി വരുന്നു.

ഈ സംഭവത്തിനുശേഷം, വിഗ്ഡിസിന്റെ ജീവിതം പ്രതികാരത്തിനായുള്ള ഒരു യാത്രയായി മാറുകയാണ്.. ദുരന്തങ്ങൾ അത്രത്തോളം അനുഭവിക്കുന്നുണ്ടെങ്കിലും, അവൾ ഒരിക്കലും തളരുന്നില്ല. . തന്റെ അപമാനത്തിന് കാരണക്കാരനായ വ്യക്തിയെ കണ്ടെത്താനും ശിക്ഷിക്കാനും അവൾ ദൃഢനിശ്ചയം ചെയ്യുന്നു. ക്രമേണ  കഠിനഹൃദയയും നിശ്ചയദാർഢ്യവുമുള്ള ഒരു സ്ത്രീയായി അവൾ മാറുകയാണ് . പ്രതികാരത്തിനായുള്ള കടുത്ത തീരുമാനങ്ങൾ  അവളെ സ്നേഹത്തിൽ നിന്നും സന്തോഷത്തിൽ നിന്നും അകറ്റുന്ന ഒന്നായി മാറുകയും ചെയ്യുന്നു. 

‘പ്രതികാര ദുർഗ്ഗ’ വെറുമൊരു പ്രതികാരത്തിന്റെ കഥയല്ല. മധ്യകാലഘട്ടത്തിലെ സ്ത്രീകളുടെ ജീവിതത്തെയും, അന്നത്തെ സമൂഹത്തിൽ അവർ നേരിട്ട വെല്ലുവിളികളെയും കുറിച്ചൊക്കെ ഈ നോവലിൽ പ്രതിപാദിക്കുന്നുണ്ട്.  ‘വിഗ്ഡിസിന്റെ കഥയിലൂടെ, അക്കാലത്തെ സമൂഹത്തിന്റെ കാപട്യവും, സ്ത്രീകൾക്ക് നേരെയുള്ള അനീതിയും ‘ഉൻസെറ്റ്’  തുറന്നുകാട്ടുന്നു. ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീക്ക് നീതി ലഭിക്കുക എന്നത് എത്രത്തോളം ദുഷ്കരമായിരുന്നുവെന്നും, അവൾക്ക് സമൂഹത്തിൽ നിന്ന് എങ്ങനെ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരുന്നുവെന്നും നോവലിൽ കാണാം.

അക്കാലത്തെ  ആചാരങ്ങൾ, വിശ്വാസങ്ങൾ, ജീവിതരീതികൾ എന്നിവയെല്ലാം നോവലിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. കൈകാര്യം ചെയ്യുന്ന വിഷയം ഇത്തരത്തിലുള്ള ഒന്നായതുകൊണ്ടു തന്നെ കഥാപാത്രം അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെയും , വിചാരങ്ങളെയും വായനക്കാരെ സ്പർശിക്കുന്ന തരത്തിൽ കൈകാര്യം ചെയ്യുക എന്നുള്ളത് എളുപ്പമല്ല . അതിന്  എഴുത്തിൽ നല്ലവണ്ണം കയ്യടക്കം വന്ന ആളുകൾക്കേ കഴിയുകയുള്ളൂ.  അത്തരത്തിൽ  വിഗ്ഡിസിന്റെ ആന്തരിക സംഘർഷങ്ങളും, വേദനയും, പ്രതികാര താല്പര്യങ്ങളുമൊക്കെ    വായനക്കാർക്ക്  അനുഭവവേദ്യമാകുന്ന രീതിയിലാണ് എഴുത്തുകാരി  അവതരിപ്പിച്ചിരിക്കുന്നത്. സിഗ്രിഡ് ഉൻസെറ്റിന്റെ    മികച്ച രചനകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന  കൃതിയാണ്  ‘പ്രതികാര ദുർഗ്ഗ’  .ചരിത്രത്തിലും മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളിലും താല്പര്യമുള്ളവർക്ക് വായിക്കാൻ തിരഞ്ഞെടുക്കാവുന്ന  ഒരു പുസ്തകമാണിത്. ‘മൈത്രി ബുക്സ്’ ആണ് ഈ നോവൽ  മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് . കൂടാതെ പിരപ്പൻകോട് മുരളി സമ്പാദനവും പഠനവും നടത്തി കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ചങ്ങമ്പുഴയുടെ സമ്പൂർണ്ണ ഗദ്യകൃതികൾ’ എന്ന പുസ്തകത്തിലും ഈ നോവൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട് :മാതൃഭൂമി

‘ഓഗസ്റ്റിൽ കാണാം’; നോവൽ മാർക്വേസ് തള്ളിക്കളഞ്ഞിട്ടും കുടുംബം പ്രസിദ്ധീകരിച്ചതെന്തിനാണ്?

മാർക്വേസ് ജീവിച്ചിരുന്നപ്പോൾ പ്രസിദ്ധീകരിച്ച  തന്റെ  അവസാന പുസ്തകം 2014 ലെ ‘എന്റെ വിഷാദ ഗണികാ സ്മൃതികൾ’ എന്ന നോവലാണ് . മറവി രോഗം ബാധിച്ച് എഴുത്തിൽ നിന്നും വിരമിച്ചപ്പോൾ മാർക്വേസിൻ്റെതായി ഇനി ഒന്നും പുറത്തുവരാനില്ല എന്നുതന്നെ ഭൂരിപക്ഷം സാഹിത്യ പ്രേമികളും വിശ്വസിച്ചു. എന്നാൽ പൊടുന്നനെ മാർക്വേസിൻ്റെ കണ്ടെടുക്കപ്പെട്ട നോവൽ   എന്ന തലക്കെട്ടോടെ പുതിയ നോവലിന്റെ പേരും പുറത്തിറങ്ങുന്ന തിയതിയും  പ്രഖ്യാപിച്ചപ്പോൾ ചിലരെങ്കിലും ഒന്നമ്പരന്നിട്ടുണ്ടാകണം. എന്നിരുന്നാലും അത് മുഴുവൻ  മാർക്വേസ് എഴുതിയതാകാൻ വഴിയില്ല എന്നും അദ്ദേഹത്തിന്റെ മക്കളിൽ ആരെങ്കിലുമോ അതുല്ലെങ്കിൽ എഴുത്തുകാരനായ കൊച്ചുമകൻ    ഗാർസിയ എലിസോൻഡോയോ മറ്റോ എഴുതി പൂർത്തിയാക്കിയതാകാം എന്നും  ചിലരെങ്കിലും കളിയായി കരുതിയിരിക്കണം.എന്നാൽ ഈ നോവലിനെ കുറിച്ച് അതിന്റെ ഇന്നത്തെ രൂപത്തിലല്ല അതിന്റെ പ്രാഗ് രൂപങ്ങളെ കുറിച്ച്  വളരെ മുൻപ് മാർക്വെസ് ചിലയിടങ്ങളിൽ സംസാരിച്ചിട്ടുണ്ട്. 

En agosto nos vemos  എന്ന് സ്പാനിഷിലും Until August എന്ന പേരിൽ ഇംഗ്ലീഷിലുമാണ് നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് . മലയാളത്തിൽ ‘ഓഗസ്റ്റിൽ കാണാം’ എന്ന പേരിൽ മാങ്ങാട് രത്നാകരന്റെ വിവർത്തനവും പുറത്തൂവരാനുണ്ട്.    ‘ഓഗസ്റ്റിൽ കാണാം’ എന്ന നോവൽ  ശരിക്കും പൂർണ്ണമായതും എന്നാൽ  മാർക്വേസിനാൽ പൂർത്തിയാകാത്തതുമായ ഒരു കൃതിയാണ് എന്നു വേണമെങ്കിൽ പറയാം. കാരണം  ഒരു എഴുത്തുകാരനെന്ന നിലയിൽ അതിന്റെ പൂർണ്ണതയിൽ തൃപ്തികരമായി നോവൽ  പരിഷ്കരിക്കാൻ  മാർക്വേസിന് കഴിഞ്ഞില്ല. ഓർമ്മകളാണ്  ഒരേസമയം എൻ്റെ ഉറവിടവും എൻ്റെ ഉപകരണവും. അതില്ലാതെ ഒന്നുമില്ല എന്നു വിശ്വസിച്ചിരുന്ന അദ്ദേഹം പക്ഷേ അതിനു മുമ്പേ മറവി രോഗത്തിലേക്ക് വീണു പോയി.

ഇപ്പോൾ നൂറിൽ പരം പേജുകൾ മാത്രം ദൈർഘ്യമുള്ള ഈ നോവൽ പക്ഷേ അറുന്നൂറ് പേജുകളിൽ പരന്നുകിടക്കുന്ന അഞ്ച് ഭാഗങ്ങളുള്ള ആഖ്യാനമായാണ് മാർക്വേസ്  ആദ്യം വിഭാവനം ചെയ്തത്, പക്ഷേ പിന്നീട് മാർക്വേസ് തന്നെ  അത് ഉപേക്ഷിക്കുകയാണുണ്ടായത്. മാർക്കേസിൻ്റെ ഓർമ്മക്കുറിപ്പായ ‘Living to tell the tale ’ (കഥ പറയാനൊരു ജീവിതം)എഡിറ്റ് ചെയ്ത ക്രിസ്റ്റോബൽ പേരയാണ് ഈ നോവൽ സ്പാനിഷിൽ എഡിറ്റ് ചെയ്തിരിക്കുന്നത് . പുറത്തു വന്നിരിക്കുന്ന പുതിയ പുസ്തകം  മാർക്വേസിൻ്റെ അഞ്ചാമത്തെയും അവസാനത്തെയും ഡ്രാഫ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാൽ  നോവലിൽ മുമ്പത്തെ ഡ്രാഫ്റ്റുകളിൽ നിന്നുള്ള ചില ഭാഗങ്ങളും  ഉൾപ്പെടുത്തിയിട്ടുണ്ട്.

1999 മാർച്ചിൽ  സ്പാനിഷ് സൊസൈറ്റി ഓഫ് ഓതേഴ്സ് ആൻഡ് പബ്ലിഷേഴ്സിനായുള്ള ആ വർഷത്തെ ഫോറത്തിൽ, മാർക്വേസ്  ‘ഓഗസ്റ്റിൽ കാണാം’ എന്ന ഒരു അധ്യായം വായിച്ചപ്പോൾ മുതൽ പ്രസിദ്ധീകരിക്കാത്ത ഒരു മാർക്വേസ് നോവൽ ഉണ്ടെന്നുള്ള  കിംവദന്തികൾ പരന്നിരുന്നു  . മൂന്ന് ദിവസത്തിന് ശേഷം, സ്പാനിഷ് പത്രമായ എൽ പേസ് ഈ അധ്യായം പ്രസിദ്ധീകരിച്ചു, അത് പിന്നീട് ന്യൂയോർക്കർ മാഗസിനു വേണ്ടി   ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. എഡിത്ത് ഗ്രോസ്മാൻ ആയിരുന്നു ഇത് വിവർത്തനം ചെയ്തത്.Meeting in August എന്നായിരുന്നു അതിന്റെ തലക്കെട്ട്.  പിന്നീട് 2003-ൽ ‘ഓഗസ്റ്റിൽ കാണാം’  എന്നതിൻ്റെ മറ്റൊരു ഭാഗം കൂടി വെളിച്ചത്തു വന്നു. മാർക്വേസിൻ്റെ ഉടമസ്ഥതയിലുള്ള കൊളംബിയൻ മാസികയായ കാംബിയോയിൽ  ദി നൈറ്റ് ഓഫ് ദി എക്ലിപ്സ് എന്ന പേരിൽ ഇത് ഒരു ചെറുകഥയായി പ്രസിദ്ധീകരിച്ചു അതിനു ശേഷം വളരെ കാലം  ഒരനക്കവും ഉണ്ടായിരുന്നില്ല.  മാർക്വേസിന്റെ മരണത്തിന് പത്തു വർഷങ്ങൾക്ക് ശേഷമാണ് പുതിയ നോവൽ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. 2004-ൽ പുറത്തിറങ്ങിയ  തന്റെ  ‘Memories of my Melancholy Whores’ (എന്റെ വിഷാദ ഗണികാ സ്മൃതികൾ ) എന്ന നോവലിന് 20 വർഷങ്ങൾക്ക് ശേഷവും. .

നാല്പത്തിയാറു വയസ്സുള്ള വിവാഹിതയായ സ്ത്രീയും അമ്മയുമായ അന  മഗ്ദലീന ബാഹിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ജോഹാൻ സെബാസ്റ്റ്യൻ ബാഹിൻ്റെ രണ്ടാം ഭാര്യയുടെ പേരിൽ അറിയപ്പെടുന്ന അന മഗ്ദലീന  എല്ലാ വർഷവും അമ്മയുടെ ചരമവാർഷികമായ ഓഗസ്റ്റ് പതിനാറിന് , കരീബിയൻ ദ്വീപിലെ അവരുടെ  ശവകുടീരത്തിൽ പുഷ്പങ്ങൾ അർപ്പിക്കാൻ  ഒരു ദിവസം മാത്രം നീണ്ടു നിൽക്കുന്ന യാത്ര ചെയ്യുന്നു . അറ്റ്ലാൻ്റിക് തീരത്തെ  പേരിടാത്ത ഒരു രാജ്യവും പേരിടാത്ത കരീബിയൻ ദ്വീപുമാണ് കഥ നടക്കുന്ന പശ്ചാത്തലം.ദ്വീപിലേക്കുള്ള തൻ്റെ യാത്രയിൽ,  ഓരോ വർഷവും അവർ വ്യത്യസ്ത പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരു ശീലത്തിലേക്ക് എത്തിച്ചേരുകയാണ്.എന്നാൽ അതിനും മുൻപ് തന്റെ ഭർത്താവല്ലാതെ വേറൊരാളുമായും അന അത്തരം ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല. എന്നാൽ ഈ ശീലം തുടങ്ങിയ ആദ്യ  അവസരത്തിൽ  ലൈംഗികബന്ധം കഴിഞ്ഞുള്ള പ്രഭാതത്തിൽ  താൻ വായിച്ചു പകുതിയാക്കിയ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള നോവലിന്റെ പേജുകൾക്കിടയിൽ അയാൾ തിരുകിയിട്ടു പോയ ഇരുപതു ഡോളറിന്റെ നോട്ട് അവളെ തെല്ലൊന്നുമല്ല മുറിവേൽപ്പിച്ചത് . 

അഞ്ച് ഭാഗങ്ങളായി   തിരിച്ചിരിക്കുന്ന നോവലിലെ , ഓരോ ഭാഗത്തിലും  അനയുമായി കണ്ടുമുട്ടുകയും ബന്ധപ്പെടുകയും ചെയ്യുന്നത്  അജ്ഞാതരായ  വ്യത്യസ്ത പുരുഷന്മാരാണ്.   അന കണ്ടുമുട്ടുന്ന ഈ പ്രണയികളെ ആകർഷകമായോ അഭിലഷണീയമായോ അല്ല നോവലിൽ ചിത്രീകരിച്ചിട്ടുള്ളത്, പക്ഷേ  നോവൽ പറഞ്ഞുവെയ്ക്കുന്നത്  അവളുടെ ലൈംഗിക വിമോചനത്തെക്കുറിച്ചൊന്നുമല്ല , മറിച്ച് അന മഗ്ദലീനയുടെ സ്വത്വത്തിൻ്റെ മറ്റു പല ഘടകങ്ങളെക്കുറിച്ചാണ്.എന്നിരുന്നാലും, വർഷാവർഷം കണ്ടെത്തുന്ന ഈ ലൈംഗിക ഏറ്റുമുട്ടലുകൾ അവളുടെ കഥാപാത്രത്തെയോ നോവലിൻ്റെ ഇതിവൃത്തത്തെയോ നിർവചിക്കാൻ മാത്രം ശക്തിയുള്ളതായി അനുഭവപ്പെടുന്നുമില്ല . അതേ സമയം നോവൽ മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്യുന്നുണ്ട്. 

അവിശ്വസ്തത, ആഗ്രഹം, ഭൂതകാലത്തിൻ്റെ ഭാരങ്ങൾ എന്നിവയുടെ പ്രമേയങ്ങളാണ് നോവലിൽ  കൂടുതലും കൈകാര്യം  ചെയ്യപ്പെടുന്നത് . വിവാഹേതര ലൈംഗികതയുടെ ചടുലവും വേഗതയുള്ളതുമായ ഒരു കഥ വാഗ്ദാനം ചെയ്യുന്ന ഈ നോവൽ മാർക്വേസിൻ്റെ മറ്റ് പല നോവലുകളേയും  പോലെ ഒരു മാജിക്കൽ റിയലിസ്റ്റ് നോവൽ ഒന്നുമല്ലെങ്കിലും , മാർക്വേസ് എന്ന  പ്രതിഭയുടെ  കാവ്യാത്മകമായ ഗദ്യം കൊണ്ട് ശ്രദ്ധിക്കപ്പെടും എന്നതിൽ സംശയമൊന്നുമില്ല.

ഇതിനോടകം ‘ഓഗസ്റ്റിൽ കാണാം’ എന്നനോവൽ  നിരൂപകരിലും വായനക്കാർക്കിടയിലും സമ്മിശ്ര നിരൂപണങ്ങളാണ്സൃഷ്ടിച്ചിട്ടുള്ളത് . രചയിതാവിൻ്റെ അന്തിമ ആഗ്രഹത്തിന് വിരുദ്ധമായി പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തീരുമാനം, എഴുത്തുകാരുടെ മരണശേഷം അവരുടെ ആഗ്രഹങ്ങളെ എങ്ങനെ പരിഗണിക്കുന്നു  എന്നതിനെക്കുറിച്ചുള്ള ധാർമ്മിക ചോദ്യങ്ങൾ ഉയർത്തുന്നുണ്ട് ഈ പുസ്തകവും . പുസ്തകത്തോടുള്ള രചയിതാവിൻ്റെ സ്വന്തം അതൃപ്തിയും അത് നശിപ്പിക്കപ്പെടണമെന്ന അദ്ദേഹത്തിൻ്റെ ആഗ്രഹവും ഉണ്ടായിരുന്നിട്ടും , തന്റെ  അന്തിമ ആഗ്രഹങ്ങളെക്കാൾ ‘വായനക്കാരുടെ ആനന്ദത്തിന്’ മുൻഗണന നൽകി എന്ന അവകാശവാദവുമായാണ് ഇപ്പോൾ  ഈ പുസ്തകം പുറത്തു വന്നിരിക്കുന്നത്.  “ഈ പുസ്തകം ശരിയാകുമെന്ന് തോന്നുന്നില്ല , ഇത് നശിപ്പിക്കണം ” എന്ന  പ്രസ്താവനയിലൂടെ മാർക്വേസ് തന്നെ ഈ പുസ്തകത്തെ ഒഴിവാക്കിയിട്ടും , നോവൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത് അദ്ദേഹത്തിൻ്റെ കുടുംബമാണ്. ഈ തീരുമാനത്തെ പക്ഷേ ചിലർ വിശ്വാസവഞ്ചനയായി വിശേഷിപ്പിച്ചിട്ടുണ്ട്, എന്നാൽ വായനക്കാർ പുസ്തകം ആസ്വദിക്കുമെന്നും അവരുടെ പിതാവ് അവരോട് ക്ഷമിക്കുമെന്നും മാർക്വേസിൻ്റെ മക്കൾ പ്രതീക്ഷിക്കുന്നു.

മാർക്വേസിൻ്റെ മുൻ കൃതികളെ അപേക്ഷിച്ച് ‘ഓഗസ്റ്റിൽ കാണാം’ എന്ന  നോവലിൻ്റെ സംക്ഷിപ്തതയും ആഴമില്ലായ്മയും ചില വായനക്കാരെയെങ്കിലും  നിരാശരാക്കിയിട്ടുണ്ട്. ഏകാന്തതയുടെ നൂറുവർഷങ്ങൾ’, ‘പ്രവചിക്കപ്പെട്ട മരണത്തിന്റെ പുരാവൃത്തം  ‘ തുടങ്ങിയ മാർക്വേസിൻ്റെ ഏറ്റവും പ്രശസ്തമായ കൃതികളിൽ കാണുന്ന മാജിക്കൽ റിയലിസ്റ്റിക്  ഘടകങ്ങൾ ഈ പുസ്തകത്തിലില്ല എന്നും അവർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ വിചിത്രമായ ലൈംഗിക രംഗങ്ങളും പ്രണയത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയുടെ അഭാവവും നിരൂപകർക്കിടയിൽ തർക്കവിഷയമാണ്.എന്നിരുന്നാലും എഴുതപ്പെട്ട വാക്കിൻ്റെ മാന്ത്രികത കൊണ്ട് എഴുത്തുകാരുടെയും വായനക്കാരുടെയും തലമുറകളെ ഒരുപോലെ മാർക്വെസ്  പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും. ആൻ മക് ലിയാനാണ് നോവലിന്റെ ഇംഗ്ലീഷ്  തർജ്ജമ കൈകാര്യം ചെയ്തിരിക്കുന്നത്.

മഞ്ഞു രാജകുമാരി-സ്വീഡിഷ് അഗതാ ക്രിസ്റ്റിയുടെ ആദ്യ നോവൽ

വായനക്കാരെ സസ്പെൻസിന്റെയും നിഗൂഢതകളുടെയും ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്ന ഒരു പ്രമേയമാണ് തൻ്റെ എഴുത്തുജീവിതത്തിന് തുടക്കമിട്ട ‘മഞ്ഞു രാജകുമാരി’ എന്ന ഈ നോവലിൽ സ്വീഡിഷ് എഴുത്തുകാരിയായ കാമില ലക്ക്ബെറി, കൈകാര്യം ചെയ്തിരിക്കുന്നത് . നോർഡിക് കുറ്റാന്വേഷണ സാഹിത്യത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ ഇടയിലാണ് ഇവരുടെ സ്ഥാനം. അതുകൊണ്ട് തന്നെ ഇവരെ സ്വീഡിഷ് അഗതാ ക്രിസ്റ്റി എന്നും വിശേഷിപ്പിക്കുന്നുണ്ട്.

സ്വീഡനിലെ ഒരു തീരദേശ ഗ്രാമമായ ഫ്യാൽബാക്കയിലാണ് കഥ നടക്കുന്നത്. അവിടെ അലക്‌സാന്ദ്ര ബെക്‌നർ എന്ന യുവതിയുടെ ദാരുണമായ മരണം ആ നാടിനെ പിടിച്ചു കുലുക്കുകയാണ് . മരണപ്പെട്ട അന്ന് അലക്‌സാന്ദ്രയുടെ വയറ്റിലുണ്ടായിരുന്നത് ഫിഷ് കാസറോളും അൽപ്പം ആപ്പിൾ മദ്യവുമാണ് .അടുക്കള തിണ്ണയിൽ ഒരു കുപ്പി വെളുത്ത വൈൻ ഇരിപ്പുണ്ടായിരുന്നു. അതിൽ നിന്ന് ഒരു ഗ്ലാസ്സ് എടുത്തിട്ടുണ്ട് . എന്നാൽ അലക്‌സാന്ദ്രയുടെ വയറ്റിൽ വൈനുണ്ടായിരുന്നില്ല. അടുക്കളയിലെ സിങ്കിൽ രണ്ടു ഗ്ലാസ്സുകൾ കിടന്നിരുന്നു . ഒരു ഗ്ലാസ്സിൽ അലക്‌സാന്ദ്രയുടെ വിരലടയാളം കൃത്യമായി പതിഞ്ഞിട്ടുണ്ട് . മറ്റേ ഗ്ലാസ്സിൽ ഒന്നും തന്നെയില്ല . അതോടെ ഇതൊരു വെറും മരണമല്ല എന്നു തെളിയുകയാണ്. ഡിറ്റക്റ്റീവ് പാട്രിക് ഹെഡ്‌സ്‌ട്രോം ഈ കേസിലേക്ക് ചൂഴ്ന്നിറങ്ങുന്നതോടെ , അലക്‌സാന്ദ്രയുടെ ജീവിതത്തിലെ സങ്കീർണ്ണമായ പല പാളികളും തുറക്കപ്പെടുകയാണ്. നഗരത്തിലെ ഇറുകിയ ജനസഞ്ചയത്തിനുള്ളിൽ കുഴിച്ചിട്ട പല രഹസ്യങ്ങളും അയാൾ വലിച്ചു പുറത്തിടാൻ ശ്രമിക്കുമ്പോൾ നോവൽ മറ്റൊരു തലത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

സമൃദ്ധമായി വികസിപ്പിച്ച കഥാപാത്രങ്ങളാണ് നോവലിലുള്ളത് . നോവലിൻ്റെ വലിപ്പം കൂടാൻ അതൊരു കാരണമാണെന്ന് തോന്നുന്നു .മറ്റൊരു കാര്യം ഡിറ്റക്റ്റീവ് പാട്രിക് ഹെഡ്‌സ്‌ട്രോമിൻ്റെത് ഒരു അതിമാനുഷിക കഥാപാത്രമല്ല എന്നുള്ളതാണ്. വായനക്കാരുമായി ഇടപഴകുന്ന ഒരു നായകനാണയാൾ. അന്വേഷണവുമായി മുന്നോട്ട് പോകുമ്പോൾ അയാളുടെ ബുദ്ധിയും സഹാനുഭൂതിയും മറ്റു മാനുഷിക ദുർബലതകളുമൊക്കെ നമുക്കു മുന്നിൽ വെളിപ്പെടും. അത്രമേൽ സങ്കീർണ്ണമായാണ് അയാളുടെ വ്യക്തിജീവിതം നോവലിൽ എഴുതി ചേർത്തിരിക്കുന്നത്.

കഥാപാത്രങ്ങളുടെ പല രഹസ്യങ്ങളും മുൻകാല സംഭവങ്ങളുമൊക്കെ ഉൾക്കൊള്ളുന്ന വ്യത്യസ്തമായ നിരവധി വ്യക്തിത്വങ്ങളുടെ ഒരു കൂട്ടം തന്നെ എഴുത്തുകാരി നോവലിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് . ഇരയുടെ മാതാപിതാക്കൾ മുതൽ അവളുടെ ബാല്യകാല സുഹൃത്തുക്കൾ വരെയുള്ള കഥാപാത്രങ്ങൾ ആഴത്തിലും സൂക്ഷ്മതയിലും ഇവിടെ അവതരിപ്പിക്കപ്പെടുന്നുണ്ട് .

കഥയുടെ മുന്നോട്ടുള്ള ഗതിയിൽ വിഷാദവും അസ്വസ്ഥതയും കൂടിക്കലർന്ന ഒരു അവസ്ഥയിൽ നോവൽ എത്തിച്ചേരുന്നുണ്ട് . സ്കാൻഡിനേവിയലിലെ ഭൂപ്രകൃതിയും, അവിടുത്തെ കടുത്ത ശൈത്യകാലവും വിജനമായ സൗന്ദര്യവുമൊക്കെ കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥകളുടെ ഒരു പ്രതിഫലനമായാണ് അനുഭവപ്പെടുന്നത്. കഥാപാത്രങ്ങളുടെ കുടുംബബന്ധങ്ങളുടെ സങ്കീർണ്ണതകൾ, വ്യക്തിജീവിതത്തിലെ ദുരന്തത്തിന്റെ ആഘാതം, ഭൂതകാലവും വർത്തമാനവും തമ്മിലുള്ള പരസ്പരബന്ധം എന്നിവയൊക്കെ സമൃദ്ധമായി അടയാളപ്പെടുത്താൻ എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട് . .

ട്വിസ്റ്റുകകളെ കൃത്യമായി പ്രതിഷ്ഠിക്കുന്നതിൽ ലക്ക്ബെറിയുടെ ആഖ്യാന വൈദഗ്ദ്ധ്യം പലയിടങ്ങളിലും പ്രകടമാണ്. തങ്ങൾ സത്യം തുറന്നുകാട്ടിയെന്ന് വായനക്കാർ വിശ്വസിക്കാൻ തുടങ്ങുമ്പോൾ തന്നെ അപ്രതീക്ഷിതമായ വെളിപ്പെടുത്തലുകളിലൂടെ അവരെ തിരികെയിരുത്താൻ ഒരു പരിധി വരെ അവർക്ക് സാധിച്ചിട്ടുമുണ്ട് . ഉദ്വേഗം നിലനിർത്തിക്കൊണ്ട് തന്നെ കഥാപാത്രങ്ങളുടെ മാനസിക ആഴങ്ങൾ ആസ്വദിക്കാൻ വായനക്കാർക്ക് വഴിയൊരുക്കുന്നതിൽ അവർ ഒരുപരിധി വരെ വിജയിച്ചിട്ടുണ്ടെന്ന് പറയാം. .

രഹസ്യങ്ങളുടെ സങ്കീർണ്ണമായ വലയും, വേട്ടയാടുന്ന അന്തരീക്ഷവും കൊണ്ട് വായനക്കാരെ ആകർഷിക്കുന്ന, ആവേശകരവും ചിന്തിപ്പിക്കുന്നതുമായ ഒരു നോവലായി കമീല ലക്ബെറിയുടെ മഞ്ഞു രാജകുമാരിയെ വിശേഷിപ്പിക്കാം . കഥാപാത്രവികസനത്തിന്റെ ആഴം, തണുത്തുറഞ്ഞ സ്കാൻഡിനേവിയൻ പശ്ചാത്തലം, ഗഹനമായ തീമുകളുടെ പര്യവേക്ഷണം എന്നിവ ഈ നോവലിനെ അതിന്റേതായ ഒരു ക്ലാസിലേക്ക് ഉയർത്തുന്നുമുണ്ട്.

സ്വഭാവവികസനത്തിലും, സൂക്ഷ്മവിവരണങ്ങളിലുമുള്ള ലക്ബെറിയുടെ ശ്രദ്ധ നോവലിനെ സമ്പന്നമാക്കുമ്പോൾ തന്നെ ചില വായനക്കാർക്ക് നോവൽ വായന ചിലപ്പോൾ അൽപ്പം മന്ദഗതിയിലായേക്കാം. ഇതിവൃത്തത്തിന്റെ ക്രമാനുഗതമായ വികാസം, ആഴത്തിലുള്ള അനുഭവത്തിന്റെ അവിഭാജ്യഘടകമാണെങ്കിലും മഞ്ഞു രാജകുമാരിയെന്ന ഈ നോവൽ , വേഗതയേറിയ ക്രൈം ത്രില്ലർ അന്വേഷിക്കുന്നവരുടെ ക്ഷമ പരീക്ഷിച്ചേക്കാൻ നല്ല സാധ്യതയുണ്ട്

സിക്സ്ഇയർപ്ലാൻബുക്സ് ആണ് പുസ്തകം മലയാളത്തിൽ പുറത്തിറക്കിയിരിക്കുന്നത്, വിവർത്തനം ചെയ്തിരിക്കുന്നത് ശ്രീദേവി വടക്കേടത്തും. 480 പേജുകളുള്ള പുസ്തകത്തിന്റെ വില 596 രൂപ.

ചങ്കാനച്ചട്ടമ്പി

ലോകസാഹിത്യത്തിൽ ശ്രീലങ്കയുടെ കാലം വരുമെന്ന ഷെഹാൻ കരുണതിലകെ നടത്തിയ പ്രവചനത്തെകുറിച്ച് നമ്മൾ വായിച്ചതാണ്. ബുക്കർ നേടിയതിലൂടെ എന്തായാലും ഇനിയുമെത്തപ്പെടാത്തയിടങ്ങളിലും അദ്ദേഹത്തിന്റെ പുസ്തകങ്ങളും മറ്റു ലങ്കൻ സാഹിത്യവും എത്തിച്ചേരുമെന്നുറപ്പ് . ശ്രീലങ്കൻ സാഹിത്യത്തിൽ ശ്രദ്ധേയമായ രചനകൾ നടത്തുന്നവരുണ്ട്. ഉപാലി ലീലാരത്ന ,കലാനിധി ജീവകുമാരൻ ,വവുനിയൂർ രാ ഉദയണ്ണൻ,വി ജീവകുമാരൻ എന്നിവർ അതിലെ ചില ശ്രദ്ധേയമുഖങ്ങളാണ്. ഇംഗ്ലീഷിൽ ഒരു പക്ഷെ ഇവരുടെ കൃതികൾക്ക് വിവർത്തനങ്ങൾ കണ്ടേക്കാം , മലയാളത്തിലേക്ക് , പക്ഷെ ലങ്കൻ സാഹിത്യം അത്രക്കൊന്നും കടൽ കടന്നു വന്നിട്ടില്ല. നമ്മുടെ രാജ്യത്തിൻറെ തൊട്ടടുത്തു കിടക്കുന്ന ഒരു രാജ്യമായിട്ടു കൂടി എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് വെറുതെയെങ്കിലും ആലോചിക്കാവുന്നതാണ്.

ലങ്കൻ സാഹിത്യത്തിൽ നിന്നും മലയാളത്തിലേക്ക് വന്ന പുസ്തകങ്ങളുടെ അന്വേഷണത്തിനിടയിലാണ് വി. ജീവകുമാരന്റെ ചങ്കാനച്ചട്ടമ്പി എന്ന പുസ്തകം കൈയ്യിൽപ്പെട്ടത്. യുദ്ധത്തിന്റെയും അതിനു ശേഷമുള്ള ദുരിതങ്ങളുടെയും തീക്ഷണ ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു ഇടമാണ് ലങ്ക. പോരാത്തതിന് വർത്തനമാനകാല സാഹചര്യവും ഒട്ടും സുഖകരമല്ല .ശ്രീലങ്കയെ യുദ്ധത്തിന് മുമ്പും , ശേഷവും, വീണ്ടും ആയുധങ്ങൾ മൗനമായ കാലം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി തിരിച്ചാൽ ഇത് യുദ്ധത്തിനു മുമ്പ് നടന്ന കഥയാണ് എന്ന് എഴുത്തുകാരൻ പറയുന്നുണ്ട്. അതായത് വംശീയതകൊണ്ട് ഒരു ജനതയ്ക്ക് പലതും നഷ്ടപ്പെടേണ്ടിവന്ന ഒരു കാലഘട്ടത്തിനും വളരെ മുമ്പ് നടന്ന ഒരു കഥയാണ് ചങ്കാനചട്ടമ്പിയിലൂടെ ജീവകുമാരൻ പറഞ്ഞു വയ്ക്കുന്നത് .

തികച്ചും ഒരു ഗ്രാമാന്തരീക്ഷത്തിൽ നടക്കുന്ന ഒരു കഥയാണിത്. ഒരു നാട്, ആ നാടിനൊരു ക്ഷേത്രം ,അവർക്കൊരു സ്കൂൾ,നാടിനൊരു തലവൻ അതുപോലെ തന്നെ നാടിനൊരു ചട്ടമ്പിയും ഇവിടെയുണ്ട് .പൊതുവെ ചട്ടമ്പിമാർ അറിയപ്പെടുന്നത് അവരുടെ വട്ടപ്പേരുകളിലായിരിക്കുമല്ലോ .ഇവിടെയും അതുപോലെ തന്നെ. മോഹനരാശു നാട്ടുകാർക്ക് ചങ്കാനച്ചട്ടമ്പിയാണ്. അയാളുടെ ജീവിതവും, പ്രതികാരവും,അഭിമുഖീകരിക്കേണ്ടി വന്ന പല പ്രശ്നങ്ങളുമൊക്കെ വളരെ മനോഹരമായി നോവലിസ്റ്റ് വരച്ചിട്ടിട്ടുണ്ട്‌ . ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസുമായി ബന്ധമൊന്നുമില്ലെങ്കിലും കഥപറച്ചിലിന്റെയും ചങ്കാന ചട്ടമ്പിയുടെ ചില രീതികളും മനസ്സ് പലപ്പോഴും അമ്മിണിപിള്ളയിലേക്ക് കൊണ്ടു പോയി .

ശ്രീലങ്കയിലെ തമിഴ് രാഷ്ട്രീയക്കാരെ പരിഹസിക്കാനുള്ള അവസരമൊന്നും ജീവകുമാരൻ നഷ്ടപ്പെടുത്തിയിട്ടില്ല.വാചകകസർത്തുക്കളൊന്നുമില്ലാതെ മനോഹരമായി തന്നെ കഥപറഞ്ഞിട്ടുണ്ട് നോവലിസ്റ്റ്. അദ്ദേഹത്തിന്റെ ‘മക്കൾ,മക്കളാൽ,മക്കൾക്ക് വേണ്ടി’ എന്ന നോവൽ വളരെ ചർച്ചചെയ്യപ്പെട്ട ഒന്നാണ് .ലങ്കയിലെ മിക്ക എഴുത്തുകാരെയും പോലെ ഇദ്ദേഹവും പ്രവാസ ലോകത്തിലാണ്.സ്വാതി എച് പദ്‌മനാഭനാണ് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.

ബോഡിലാബും ക്രൈം ലാബും

ഒന്നാം ഫോറൻസിക് അദ്ധ്യായം എന്ന തന്റെ ആദ്യ നോവലിന് ശേഷം ഡോക്ടർ രജതിന്റെതായി പുറത്തിറങ്ങിയ നോവലാണ് ബോഡി ലാബ് . ഫോറൻസിക് ഒരു മുഖ്യ വിഷയമായി കടന്നു വന്ന ഒരു നോവലായിരുന്നു ഒന്നാം ഫോറൻസിക് അദ്ധ്യായം .മലയാളത്തിലെ ഫോറൻസിക് ഫിക്ഷന്റെ കാര്യമെടുത്താൽ അതിന്റെ വളർച്ച തുടങ്ങിയിട്ടേയുള്ളൂ എന്നു കാണാം. ഫോറൻസിക് വിഷയം ഒരുമുഴുനീള പ്രമേയമായി അധികമങ്ങനെ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടുകണ്ടിട്ടില്ല. ഫോറെൻസിക് സർജനായ ഡോക്ടർ ഉമാദത്തന്റെ ‘കപാലം‘ എന്ന പുസ്തകത്തിൽ നിരവധി ചെറു കഥകളുടെ രൂപത്തിൽ അത്തരം വിഷയങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെതന്നെ ‘ഒരു ഫോറെൻസിക് സർജന്റെ ഓർമകുറിപ്പുകൾ‘ എന്ന പുസ്തകം ഫോറൻസിക് മെഡിസിനെ കുറിച്ചു വളരെ ആധികാരിമായി വിവരങ്ങൾ നൽകുന്ന ഒന്നാണ് . കുറ്റാന്വേഷണത്തിൽ ഫോറൻസിക് ശാഖയ്ക്ക് പ്രത്യേകിച്ചും ഫൊറൻസിക് മെഡിസിനു എത്രമാത്രം പ്രാധാന്യമുണ്ടെന്ന് സാധാരണകാർക്ക് കൂടി എളുപ്പത്തിൽ മനസ്സിലാക്കി തരുന്ന തരത്തിലാണ് ആ പുസ്തകം തയ്യാറാക്കപ്പെട്ടിട്ടുള്ളത് .

പക്ഷേ മലയാള സാഹിത്യത്തിലേക്ക് കടക്കുമ്പോൾ കുറ്റാന്വേഷണത്തിൽ ഫോറൻസിക് സയൻസിന്റെ സാധ്യതകൾ അത്രമേൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ എന്നു സംശയമാണ്. മേൽ സൂചിപ്പിച്ച ഒന്നാം ഫോറൻസിക് അദ്ധ്യായം എന്ന നോവൽ ഫോറൻസിക് മെഡിസിന്റെ അനവധി സാധ്യതകളെ തരക്കേടില്ലാത്ത രീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള ഒരു പുസ്തകമാണ് . അങ്ങനെ നോക്കുമ്പോൾ മലയാളത്തിലെ ഫോറൻസിക് ഫിക്ഷൻ എഴുത്തുകാരനെന്ന വിശേഷണം ഡോക്ടർ രജതിനു നന്നായി ചേരുമെന്നു തോന്നുന്നു. ഫോറൻസിക് ഒരു മുഖ്യ പ്രമേയമായി കടന്നുവന്നിട്ടുള്ള മലയാളത്തിലെ ആദ്യത്തെ ഫോറൻസിക് ഫിക്ഷൻ നോവലെഴുതിയതും ഇദ്ദേഹമാകാൻ സാധ്യതയുണ്ട്.

നോവലിന്റെ പേരു തന്നെ വായനക്കാരിൽ പ്രമേയത്തെ സംബംന്ധിച്ചു കൗതുകമുണർത്താൻ സാധ്യതയുള്ള ഒന്നാണ് .ബോഡിലാബ് എന്ന പേരു കേൾക്കുമ്പോൾ മനസ്സിൽ തെളിയാൻ സാധ്യതയുള്ള ഒരു പേര് ക്രൈം ലാബ് എന്നായിരിക്കും. ഫോറൻസിക് തെളിവുകൾ ശേഖരിക്കുക, അവയെ സംരക്ഷിക്കുക, പുതിയ ശാസ്ത്രസാങ്കേതിക വിദ്യകളിലൂടെ അവയെ വിശകലനം ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഈ ക്രൈം ലാബുകൾ എന്നറിയപ്പെടുന്ന സ്ഥാപനങ്ങൾ ചെയ്യുന്നത് .കുറ്റകൃത്യങ്ങൾക്ക് പിന്നിലുള്ള സത്യാവസ്ഥകളെ പുറത്തുകൊണ്ടുവരുന്നതിൽ ക്രൈം ലാബുകൾ ചില്ലറ പങ്കൊന്നുമല്ല വഹിക്കുന്നത്. ഇവിടെ നോവലിൽ മണ്മറഞ്ഞു പോയേക്കാവുന്ന കുറ്റകൃത്യങ്ങളുടെ പിറകിലെ തെളിവുകളെ പുറത്തുകൊണ്ടുവരുന്നത് മൃതദേഹമായതുകൊണ്ടാകണം ബോഡിലാബ് എന്ന പേര് എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നത്.

പ്രശസ്തമായ ഒരു സ്വാശ്രയമെഡിക്കൽ കോളേജിൽ ഒന്നാം വർഷ മെഡിക്കൽവിദ്യാർത്ഥികളെ ശരീരശാസ്ത്രം പഠിപ്പിക്കാൻ ലക്ച്റർ ആയി എത്തിയതാണ്‌ അഹല്യ . പലകാരണങ്ങളാൽ സഹതാപവും പരിഹാസവും വേണ്ടുവോളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കഥാപാത്രമാണവർ. കോളേജിൽ വിദ്യാർഥികളെ പഠിപ്പിക്കാൻ കൊണ്ടുവന്ന അഞ്ചാമത്തെ മൃതദേഹമാണ് ദുരൂഹതകൾ സൃഷ്ടിക്കുകയും പിന്നീട് കഥയെ മുന്നോട്ടു നയിക്കാൻ ഒരു കാരണമാകുന്നതും. ഓരോ മൃതശരീരവും അതിന്റെ മരണകാരണങ്ങൾ നിശ്ശബ്ദമായി അതിന്റെ അന്വേഷകരോട് സംസാരിക്കുമെന്നാണല്ലോ പറയപ്പെടുന്നത്. എന്നാൽ ഇവിടെ കാര്യങ്ങൾ അല്പം കൂടി വ്യത്യസ്തവും സങ്കീർണ്ണവുമാണ്.

സൈക്കോളജിക്കൽ ത്രില്ലറുകളുടെ ഒരു പൊതുസ്വഭാവമെടുത്താൽ തുടക്കത്തിലെ അവതരണത്തിലൂടെ വായനക്കാരെ സമര്‍ഥമായി കബളിപ്പിക്കുകയും പിന്നീട് യുക്തികൊണ്ടവയെ വിശകലനംചെയ്തു ബോധ്യപ്പെടുത്തുന്ന ഒരു രീതിയാണ് കാണാനാകുക. ഇതിനിടയിൽ പിരിമുറുക്കവും ആകാംക്ഷയും വേണ്ടുവോളം വായനക്കാർ അനുഭവിച്ചിട്ടുണ്ടാകും.നോവലിന്റെ ആദ്യ അദ്ധ്യായങ്ങളിൽ ഒരു ഹൊറർ മൂഡ് സൃഷ്ടിക്കാനും ,ഒരുഘട്ടം വരെ അത് നിലനിർത്തികൊണ്ടുപോകാനും എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. തുടക്കത്തിൽ ഒരു സൈക്കോളജി ത്രില്ലറെന്നുതോന്നിപ്പിക്കുന്ന നോവൽ പക്ഷെ സൈക്കോളജിക്കൽ സസ്പെൻസായി അവസാനിക്കുന്നു.

സാധാരണ ഇത്തരം നോവലുകൾ വായിച്ചു തുടങ്ങുമ്പോൾ തന്നെ ചില വായനക്കാരെങ്കിലും താനൊരു സ്വയം കുറ്റാന്വേഷകനായി സങ്കല്പിച്ചുകൊണ്ട് നോവലിലെ കഥയ്‌ക്കൊപ്പം സഞ്ചരിക്കാറുണ്ട് . നോവലിലെ ഓരോ സംഭവവികാസങ്ങൾക്കും സ്വന്തമായി അനുമാനങ്ങളും തീർപ്പുകളും അവർ കണ്ടെത്തും. ചിലർ കൃത്യമായി കുറ്റവാളികളിലേക്കെത്തുകയും ചെയ്യും. എന്നാൽ ബോഡി ലാബ് എന്ന ഈ നോവലിൽ കുറ്റവാളികളെ കണ്ടെത്താനുള്ള നിരവധി സാധ്യതകൾ വായനക്കാർക്കു മുൻപിലേക്കിട്ടുകൊടുക്കുകയും ഒടുക്കം സമർത്ഥമായി ട്വിസ്റ്റുകൾ തീർത്തുകൊണ്ടു ആ അനുമാനങ്ങളെ കബളിപ്പിക്കാനും എഴുത്തുകാരൻ നടത്തിയിട്ടുള്ള ശ്രമങ്ങൾ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെന്നു വേണം പറയാൻ.

ഫോറൻസിക് സയൻസിലെ പുരോഗതി,കുറ്റകൃത്യങ്ങൾക്ക് പിന്നിലുള്ള അന്വേഷങ്ങളെ എളുപ്പമാക്കിയിട്ടുണ്ട് .ഫോറൻസിക് വിഷയങ്ങൾ ധാരാളമായി കടന്നുവരുന്ന നോവലുകലെഴുതുമ്പോൾ അത്തരം സാങ്കേതികവിദ്യകളെ കുറിച്ചുള്ള വിപുലമായ ഗവേഷണവും ,അവയുടെ പിന്നിലെ ശാസ്ത്രീയ അറിവുകളെക്കുറിച്ചും വ്യക്തമായ ധാരണകളുണ്ടാകേണ്ടതുണ്ട്. ഒരു ചെറിയ തെറ്റുപോലും ഇന്നത്തെ വായനക്കാർ ക്ഷമിച്ചെന്നുവരില്ല .ഒരു വിരൽ തുമ്പിൽ വിവരങ്ങൾ ലഭ്യമായിരിക്കെ നോവലിലെ തെറ്റായ ഒരു നിഗമനത്തെ പൊളിച്ചെടുക്കാൻ അവർക്ക് നിമിഷങ്ങൾ വേണ്ട.

ഈ നോവലിൽ ഫോറൻസിക് മേഖലയിലെ നിരവധി പ്രയോഗങ്ങളും, ശാസ്ത്രീയവിവരങ്ങളും വളരെ വ്യകതമായി സാധാരണക്കാർക്ക് കൂടി മനസ്സിലാകുന്ന തരത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത് . ഒരു ഡോക്ടർ കൂടിയായ എഴുത്തുകാരന് ഒരു പക്ഷേ തന്റെ മേഖലയിലെ അത്തരം അറിവുകൾ അതിനു സഹായിച്ചിട്ടുണ്ടാകാം. അതൊരിടത്തും അനാവശ്യമായ വിവരണങ്ങളാകാതെ കഥയുടെ മുന്നോട്ടുള്ള ഗതിയിൽ വേണ്ട രീതിയിൽ അവതരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്.

തന്റെ ആദ്യനോവലിൽ നിന്നും എഴുത്തുകാരൻ കൈവരിച്ച ഒരു വളർച്ച ഈ നോവലിൽ പ്രകടമാണ്. കയ്യടക്കമുള്ള ഭാഷ തന്നെയാണ് അതിന്റെ ഹൈലൈറ്റ്. ശ്രദ്ധാപൂർവ്വം അവതരിപ്പിച്ചില്ലെങ്കിൽ പാളിപ്പോയേക്കാവുന്ന ഒരു വിഷയത്തെ തന്റെ അവതരണശൈലികൊണ്ടും ഭാഷകൊണ്ടും മനോഹരമാക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാം. ഡിസി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

ഉന്മാദിയുടെ യാത്ര

പ്രശസ്ത നിരൂപകനായ റിച്ചാർഡ് ലകായോ തയാറാക്കിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 നോവലുകളുടെ പട്ടികയിൽ ഉൾപ്പെട്ട നോവലാണ് ജാക്ക് കെറോവാക്കിന്റെ ഓൺ ദി റോഡ് എന്ന നോവൽ. 1957 ൽ പ്രസിദ്ധീകരിച്ച ഇത് കെറോവാക്കിന്റെ ആത്മകഥാപരമായ നോവലായാണ് കരുതപ്പെടുന്നത് . മലയാളത്തിലേക്കു ഉന്മാദിയുടെ യാത്ര എന്നപേരിൽ ഈ നോവൽ വിവർത്തനം ചെയ്തിരിക്കുന്നത് ഡോ. അശോക് ഡിക്രൂസാണ്. അദ്ദേഹത്തിന്റെ മികച്ച ഒരു വിവർത്തനം തന്നെയാണ് ഉന്മാദിയുടെ യാത്ര.

അമേരിക്കൻ നോവലിസ്റ്റും ബീറ്റ് ജനറേഷന്റെ ഭാഗമായ ഒരു കവിയുമായിരുന്നു കെറോവാക്ക്. അമേരിക്കയുടെ സുവർണ്ണകാലം എന്ന് പലരും വിശേഷിപ്പിക്കുന്ന ഒരു കാലഘട്ടത്തിൻറെ വിവരണമാണ് ഈ നോവലിൽ കാണാനാകുക.

മദ്യം, ലൈംഗികത, മയക്കുമരുന്ന്,സംഗീതം എന്നിവയാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന സാൽ, ഡീൻ എന്ന രണ്ട് സുഹൃത്തുക്കളെക്കുറിച്ചാണ് ഈ നോവൽ മുഖ്യമായും പറയുന്നത്. സാലും, സുഹൃത്തുക്കളും സാമൂഹിക ഉത്തരവാദിത്വങ്ങളെ കുറിച്ചുള്ള ബോധങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് യാതൊരുവിധത്തിലുള്ള നിബന്ധനകളോ കെട്ടുപാടുകളോ ഇല്ലാതെ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഭാവിയെ കുറിച്ചുള്ള ആശങ്ക തെല്ലുമില്ലാതെ അവരുടെ യാത്ര മുന്നോട്ടുപോകുമ്പോൾ തീർച്ചയായും വായനക്കാർക്കും അത്തരമൊരു ജീവിതത്തെക്കുറിച്ചു സ്വപ്നം കാണാൻ തോന്നിയാൽ തെല്ലും അത്ഭുതമില്ല. നോവലിൽ,മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി വിവരണങ്ങൾ കാണാം. ലൈംഗികതയുൾപ്പെടെയുള്ള ഇതേ വിഷയങ്ങളുടെ ദുരുപയോഗത്തെ മഹത്വപ്പെടുത്തുന്ന പരാമർശങ്ങൾ നോവലിൽ പലയിടത്തും കാണാനാകും.

ചില സമയത്തുള്ള തുടർച്ചയായ സന്തോഷം, പലപ്പോഴും മറ്റുള്ളവരെ വേദനിപ്പിക്കുന്നതിലൂടെ നേടിയെടുക്കുന്ന ഒരു തരം ഫാസിസമാണ് . നോവലിലെ സാലിന്റെ പ്രിയ സുഹൃത്തു ഡീൻ, അത്തരമൊരു കഥാപാത്രമാണ്. പണം കണ്ടെത്താൻ ഏതുവഴിയും സ്വീകരിക്കുന്നയാളാണ് ഡീൻ. കാറുകളോ സൂപ്പർമാർക്കറ്റിൽനിന്നും ഭക്ഷണം മോഷ്ടിക്കുന്നതൊ അയാൾക്കൊരു പ്രശ്നമേയല്ല.
അയാൾക്ക്‌ പ്രധാനം വിനോദം മാത്രമാണ്, മറ്റുള്ളവരുമായുള്ള ബന്ധങ്ങൾക്ക്‌ അയാൾ വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല . ഉറ്റസുഹൃത്തായിരുന്നിയിട്ടു കൂടി മെക്സിക്കോയിൽ വച്ച് സാലിന് പനി ബാധിച്ച സമയത്തു ഡീൻ അവനെ ഉപേക്ഷിച്ചു പോകുന്നുണ്ട്.

സാലിന്റെയും ഡീനിന്റെയും അമേരിക്കയിലൂടെയും മെക്സിക്കോയിലൂടെയുമൊക്കെയുള്ള സഞ്ചാരങ്ങൾ വായനക്കാരുടെ മനസ്സിനെ അലോസരപ്പെടുത്താൻ തക്കവിധമുള്ളതാണ് .അവർ എല്ലായ്പ്പോഴും സന്തുഷ്ടരാണ്.അല്ലെങ്കിൽ അങ്ങനെ കരുതാൻ ഇഷ്ടപ്പെടുന്നവരാണ്.മുന്നോട്ടുള്ള യാത്രകളിൽ അവർ പലരീതിയിലും പണം സമ്പാദിക്കുന്നുണ്ട്‌. അതിലെ ശരികേടുകളെ കുറിച്ച് അവർ ഒരിക്കൽ പോലും ചിന്തിക്കുന്നേയില്ല.

പാറ്റേഴ്സൺ മുതൽ മരിൻ സിറ്റി വരെയും റോക്കി മൗണ്ട് മുതൽ സാൻ ഫ്രാൻസിസ്കോ വരെയും ഡെൻവർ മുതൽ ലോംഗ് ഐലൻഡ് വരെയും ഏറ്റവും ഒടുവിൽ ന്യൂയോർക്ക് മുതൽ മെക്സിക്കോ സിറ്റി വരെയും എന്നിങ്ങനെ നാല് യാത്രകളിലായാണ് നോവൽ വിഭജിക്കപ്പെട്ടിരിക്കുന്നത്. ഉന്മാദിയുടെ യാത്ര ഒരു നോവലാണെകിലും ഓർമ്മക്കുറിപ്പിനോട് അനുസ്മരിപ്പിക്കും വിധത്തിലാണ് അതിന്റെ ആഖ്യാനം.

വാസ്തവത്തിൽ നോവലിലെ സാലും ഡീനും മറ്റാരുമല്ല, കെറോവാക്കും അദ്ദേഹത്തിന്റെ സുഹൃത്ത് നീൽ കസാഡിയുമാണ്. യഥാർത്ഥ ജീവിതത്തിൽ കെറോവാക്ക് തന്റെ സുഹൃത്തിൽ പൂർണ്ണമായും ആകൃഷ്ടനായതുപോലെ .നോവലിലെ നായകനും ഡീനിനെ ആരാധിക്കുന്നതായി കാണാം. ആത്മകഥാപരമായ നോവലായതുകൊണ്ട് തന്നെ നോവൽ പുറത്തിറങ്ങിയ നാൾ മുതൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒരു കുറവും ഉണ്ടായിട്ടില്ല. ലൈംഗിക ബന്ധങ്ങളെക്കുറിച്ചുള്ള തുറന്നെഴുത്തുകൾ പിന്നീട് മാറ്റിയെഴുതിയാണ് പിന്നീട് ഈ കാണുന്ന രൂപത്തിൽ നോവൽ പ്രസിദ്ധീകരിച്ചതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. മയക്കുമരുന്ന്, മദ്യം, ലൈംഗികത എന്നിവക്കപ്പുറം സ്വതന്ത്ര ജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ക്ലാസിക് നോവലായി തന്നെയാണ് മിക്ക നിരൂപകരും ഈ പുസ്തകത്തെ കണക്കാക്കുന്നത്.

ആദ്യത്തെ ഒന്ന് രണ്ടദ്ധ്യായങ്ങൾ കഴിഞ്ഞാൽ നോവലിന്റെ ഒഴുക്ക് വളരെ വേഗത്തിലാണ്. അതിനുള്ളിൽ വായന മടുത്തു നിർത്തി പോയാൽ നഷ്ടമായിരിക്കും എന്ന് ഓർമിപ്പിച്ചുകൊള്ളട്ടെ. ഡിസി ബുക്ക്സ് ആണ് മലയാളത്തിൽ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്, വില 460 രൂപ.

ആരാണ് അനന്ത പദ്മനാഭൻ നാടാൾവർ?

തിരുവിതാംകൂറിന്റെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന് നേതൃത്വം നൽകിയ തിരുവിതാംകൂർ രാജക്കന്മാരെ കുറിച്ചെല്ലാം നമുക്കറിയാം. ആ രാജവംശത്തിന് അതിശക്തമായ അടിത്തറ പാകിയ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തന്റെ രാജ്യത്തെ, ശത്രുക്കളിൽ നിന്നും പോരടിച്ചു സൈനികപരമായും ഭരണമായും എങ്ങനെയൊക്കെയാണ് ഉയർത്തികൊണ്ടുവന്നതെന്നു നമ്മൾ വായിച്ചറിഞ്ഞിട്ടുള്ളതാണ്. എന്നാൽ ആ രാജവംശത്തിന്റെ എണ്ണിയാലൊടുങ്ങാത്ത പല രഹസ്യങ്ങളും ഇപ്പോഴും മറഞ്ഞുകിടക്കുകയാണ്. രഹസ്യങ്ങൾ എന്ന് പറയുമ്പോൾ ഇനിയും തുറക്കാത്ത കലവറയിലെ നിധിയുമായി ബന്ധപ്പെട്ടതുമാത്രമല്ല. അത്രയും നിധി എങ്ങനെ സ്വരൂപിച്ചെന്നും പുറംലോകമറിയാതെ എങ്ങനെ ആ കലവറകളിൽ നിക്ഷേപിക്കപ്പെട്ടു എന്നതും, രാജാക്കന്മാരുടെയും, ദിവാനുൾപ്പെടെയുള്ള ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും സംശയാസ്പദമായ മരണങ്ങളും ഉൾപ്പെടും. അതുപോലെ തന്നെ ഇപ്പോഴും കൃത്യമായ വിവരങ്ങളൊന്നും ഇല്ലാത്ത മറ്റു ചിലതുകൂടിയുണ്ട്. അത്തരമൊരു വ്യക്തിയാണ് അനന്ത പദ്മനാഭൻ നാടാർ.

വേണാടിനെ തിരുവിതാംകൂറായി വിപുലീകരിച്ച മാർത്താണ്ഡവർമ്മയെ, ബാലനായിരുന്നപ്പോൾ തൊട്ട് കൊട്ടാരത്തിനകത്തും പുറത്തുമുണ്ടായിരുന്ന നിരവധി ശത്രുക്കളിൽ നിന്നും രക്ഷിച്ചു് അദ്ദേഹത്തെ ഇരുപത്തിമൂന്നാം വയസ്സിൽ സിംഹാസനത്തിലേറ്റിയ അദ്ദേഹത്തിന്റെ ബന്ധുകൂടിയായിരുന്നുവത്രേ ഈ അനന്ത പദ്മനാഭൻ നാടാർ. ചരിത്ര താളുകളിൽ എന്തുകൊണ്ടോ വേണ്ടരീതിയിൽ ഉൾപ്പെടുത്താതെ പുറത്തു നിർത്തിയ നാടാരുടെ ജീവിതത്തെ കുറിച്ചെഴുതിയ പുസ്തകമാണ് പി സുദർശന്റെതായി പുറത്തുവന്ന അനന്ത പദ്മനാഭൻ നാടാൾവർ എന്ന നോവൽ. വേണാടിനെ തിരുവിതാംകൂറാക്കാൻ ജീവൻ നൽകിയ മുക്കുവ,മുസ്ലിം,ഈഴവർ ,നാടാർ ഉൾപ്പെടെയുള്ള ത്യാഗമനസ്കരായ ധീരന്മാരെ ചരിത്രത്തിന്റെ പുറംതാളുകളിൽ പോലും പരാമർശിക്കാതെ പോയത് എന്തുകൊണ്ടാണെന്ന ചോദ്യം ഈ പുസ്തകം ഉയർത്തുന്നുണ്ട്‌. കുളച്ചൽ യുദ്ധത്തിൽ ഡിലനോയിയെ കീഴ്പെടുത്താൻ രാജാവിനെ ഇവർ എങ്ങനെ സഹായിച്ചു എന്നും പുസ്തകം പറയുന്നു. അതാകട്ടെ ചരിത്ര പുസ്തകങ്ങളിൽ കാണാത്തതും എന്നാൽ പ്രാദേശിക ചരിത്രകാരന്മാരുടെ ഇടയിൽ പ്രചാരത്തിലുള്ളതുമാണ്.

അടുത്തകാലത്ത് പ്രാദേശികചരിത്രകാരനായ ശ്രീ വെള്ളനാട് രാമചന്ദ്രനുമായി തിരുവിതാംകൂർ ചരിത്രത്തെ സംബന്ധിച്ച ഒരു ക്ലബ് ഹൌസ് ചർച്ചയിൽ ഡിലനോയെ കീഴ്പ്പെടുത്തിയതിനെക്കുറിച്ചും,അനന്ത പദ്മനാഭൻ നാടാറെ കുറിച്ചും പരാമർശങ്ങളുണ്ടായിരുന്നു. എട്ടുവീട്ടിൽ പിള്ളന്മാരെ വധിച്ചു കുടംബം കുളംതോണ്ടിയതിനു ശേഷം അവരുടെ കുടുംബത്തിലെ സ്ത്രീകളെയും ,കുട്ടികളെയും മുക്കുവർക്ക് പിടിച്ചു കൊടുക്കുകയാണല്ലോ ഉണ്ടായത്. അവർക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നോ അവരുടെ തലമുറ ഇപ്പോഴും ഉണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് വെള്ളച്ചികൾ(വെള്ള അച്ചികൾ) എന്നാണ് രാജകുടുംബത്തിലെ പിന്മുറക്കാറായ സ്ത്രീകളെ ആളുകൾ വിളിക്കുന്നതെന്നാണ് അദ്ദേഹം അതിനു മറുപടിയായി പറഞ്ഞത്. ഈ പുസ്തകത്തിലും അതേക്കുറിച്ചു ചെറിയൊരു പരാമർശമുണ്ട്.

മാർത്താണ്ഡവർമ്മയ്ക്ക് അനന്തനും തന്റെ 108 കളരിക്കാരും നെടുത്തന്നതാണ്
സിംഹാസനവും അധികാരവുമെങ്കിലും രാജവംശത്തിന്റെ ചരിത്രത്തിൽ അവയെപ്പറ്റി ഒരുപരമാർശവുമില്ലാതെ ഒഴിവാക്കപ്പെട്ടതിന്റെ കാരണം എന്താകാം?
സിവിയുടെ മാർത്താണ്ഡവർമയിലും വെറുമൊരു ഭ്രാന്തൻ ചാന്നാറായി മാത്രം അനന്തനെ അടയാളപ്പെടുത്തി മാറ്റി നിർത്തിയിരിക്കുകയാണ്. ഇതിന്റെ കാര്യകാരണങ്ങളാണ് ഈ നോവലിൽ പറഞ്ഞുവെക്കുന്നത്. നോവൽ ആണെങ്കിൽ കൂടിയും ചരിത്രത്തോടു ചേർന്നുകിടക്കുന്നവയാണ് ഇതിലെ പരമാർശങ്ങൾ എന്നതാണ് ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകത.

വലിയ പടത്തലവന്റെ സ്ഥാനം ആദ്യം രാജാവ് കൽപ്പിച്ചു നൽകാൻ ഉത്തരവായത് ഈ അനന്ത പദ്മനാഭനെയായിരുന്നു. പക്ഷെ അതേറ്റെടുക്കുന്നതിനും മുന്നേ (കൊട്ടാരത്തിനകത്തെയോ പുറത്തെയോ) ഉപജാപക വൃന്ദങ്ങളുടെ ഗൂഢാലോചനയിൽ അദ്ദേഹം കൊലപ്പെടുകയാണുണ്ടായത്. രാജാവിന് ഏറ്റവും പ്രിയപ്പെട്ടവനായിട്ടും അനന്തനെ കൊന്നവരെ പിടികൂടാനോ നടപടിയെടുക്കാനോ എന്തുകൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞില്ല അല്ലെങ്കിൽ ഉൽസാഹം കാണിച്ചില്ല എന്നൊക്കെയുള്ള സംശയങ്ങൾ പ്രചരിച്ചിരുന്നു . അതുകൊണ്ടു തന്നെ ഈ ഉപജാപകവൃന്ദം കൊട്ടാരത്തിനകത്തു നിന്നാകാനാണ് സാധ്യത എന്ന് പറയപ്പെടുന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരവധി രേഖകൾ 1826 ലെ കലാപകാലത്ത് പള്ളിമേടയിലെ രേഖകളെല്ലാം കൊള്ളചെയ്തും തീവച്ചും നശിപ്പിക്കപ്പെട്ടു എന്നു പറയപ്പെടുന്നു.

അധികാരത്തിന്റെ പ്രമുഖസ്ഥാനങ്ങൾ വൈദിക ബ്രാഹ്മണരുടെ കൈയ്യിൽപ്പെട്ടത്തിന്റെ മറ്റൊരു ഇരയായ നാടാരുടെ കഥയുടെ ഒരു ചെറിയ വശമെങ്കിലും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.

ആഗസ്റ്റ് 17-ചരിത്രത്തെ ബന്ധിപ്പിച്ച് നിർത്തിയ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചോ?


“വരാൻ പോകുന്ന കാലങ്ങളിൽ കഥാകാരൻ ചരിത്രത്തിൽ ഖനനം ചെയ്യാൻ തുടങ്ങും. കാരണം ഭാവന ചരിത്രത്തിൽ പ്രവേശിക്കാനുള്ള സാധ്യത ഇപ്പോൾ ഏറുകയാണ്. എല്ലാവിധ ഔദ്യോഗിക ചരിത്രത്തിലുമുള്ള അവിശ്വാസം ചരിത്രത്തെ ഭ്രമാത്മക ഭാവനയിലൂടെ ഖണ്ഡിക്കാൻ കഥാകാരനെ പ്രേരിപ്പിക്കും.ഇതിഹാസ സ്വഭാവമുള്ള സംഭവങ്ങൾ ചരിത്രത്തിൽ നിന്നു തിരോഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ കഥാകാരൻ ചരിത്രത്തെ അതിന്റെ ശവക്കുഴിയിൽ നിന്നും പുറത്തെടുത്ത് പ്രകോപനപരമായ വീക്ഷണത്തിലൂടെ പുനരാഖ്യാനം ചെയ്യും. കഥാകാരൻ അയാൾ ജിവിക്കുന്ന വർത്തമാന കാലത്തിനു വേണ്ടി പഴയ ചരിത്രം പറഞ്ഞുതുടങ്ങുകയാണ്.ചരിത്രം കഥയുടെ ആഖ്യാനത്തിൽ ഒരു മാന്ത്രിക ചെപ്പായി മാറുന്ന അനുഭവമുണ്ടാകും. സാമ്പ്രദായിക ചരിത്ര നിർമ്മാണത്തോടുള്ള ഭാവനയുടെ ക്രോധമാണത്.”
കഥയുടെ ഭാവിയിൽ ഖനനം ചെയ്യുമ്പോൾ എന്ന ലേഖനത്തിൽ കെ പി അപ്പൻ പറഞ്ഞതാണിത്.
പ്രവചന സ്വഭാവുമുള്ള ഈ നിരീക്ഷണത്തെ ഊട്ടിയുറപ്പിക്കുകയാണ് എസ് ഹരീഷ് തന്റെ രണ്ടാമത്തെ നോവലായ ആഗസ്റ്റ് 17ലൂടെ ചെയ്തിരിക്കുന്നത്.


ആധുനികാനന്തര കാലഘട്ടത്തിന്റെ സവിശേഷതകൾ തന്റെ രചനകളിൽ പ്രതിഷ്ഠിക്കാൻ തക്കവണ്ണം ആഖ്യാനശൈലി കൈമുതലായുള്ള എഴുത്തുകാരനാണ് എസ് ഹരീഷ്. 2003 ലാണ് ഹരീഷിന്റെ രസവിദ്യയുടെ ചരിത്രം എന്ന കഥ പുറത്തുവരുന്നത്. ഈ കഥയ്ക്ക് പിന്നീട് തോമസ് മുണ്ടശ്ശേരി കഥാ പുരസ്‌കാരം ലഭിക്കുകയുണ്ടായി. 13 സെപ്റ്റംബർ 2013 ലെ സമകാലിക മലയാളം ഓണപ്പതിപ്പിൽ ഈ കഥ പുന:പ്രസിദ്ധീകരിക്കപ്പെട്ടു. ലോകസഞ്ചാരിയായിരുന്ന ഡച്ചുകാരൻ ഹ്യു സ്റ്റാർട്ടിന്റെ യാത്രക്കുറിപ്പുകളുടെ രൂപത്തിലായിരുന്നു രസവിദ്യയുടെ ചരിത്രം എന്ന കഥ അവതരിക്കപ്പെട്ടത്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മലബാർ തീരത്തിന്റെ തെക്കേ അറ്റത്തുള്ള തിരുവിതാംകൂറിൽ നാരായണഗുരുവിന്റെയും,ചട്ടമ്പിസ്വാമിയുടെയും ഗുരുവായ അയ്യാവ് സ്വാമി എന്നയാൾ വിലകുറഞ്ഞ ലോഹങ്ങളെ സ്വർണമാക്കുന്ന രാസവിദ്യ അഥവാ ആൽക്കെമിയുടെ പിന്നിലുള്ള രഹസ്യങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഒരു ചാരന്റെ ആഖ്യാനരൂപത്തിലാണ് ഈ കഥ പറയുന്നത്. ആഗസ്റ്റ് 17 എന്ന നോവലിന്റെ ആഖ്യാനവും ഒരു ചാരന്റേതുതന്നെയാണ്. കഥ നടക്കുന്നതും തിരുവിതാംകൂറിൽ തന്നെ എന്നുള്ളത് മറ്റൊരു യാദൃച്ഛികതയും.


ഒരുപക്ഷേ ബ്രിട്ടീഷ്കാർ ഇന്ത്യ വിട്ടു പോയിരുന്നില്ലെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? സുഭാഷ് ചന്ദ്രബോസ് ഹിറ്റ്ലറുമായി ചേർന്നാണ് ബ്രിട്ടീഷ്കാരെ ഇവിടെ നിന്നും തുരത്തിയിരുന്നതെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പരിണാമം എപ്രകാരമായിരുന്നിരിക്കണം ? രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിയായിരുന്നു വിജയിച്ചിരുന്നെങ്കിൽ എന്തൊക്കെ പിന്നീട് സംഭവിച്ചിരിക്കാം? മേൽപറഞ്ഞ സംഭവങ്ങളെ ഓരോന്നിനെയും വ്യത്യസ്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകാൻ തക്ക വണ്ണം നിരവധി സംഭവങ്ങൾ ഭാവനയിൽ കാണുന്നത് കൗതുകകരമായ ഒരു സംഗതിയാണ്. ചരിത്രത്തിൽ ഈ ‘എങ്കിലു’കൾക്ക് പ്രത്യേകിച്ചൊരു പ്രസക്തിയുമില്ല. എന്നാൽ സാഹിത്യ രംഗത്ത് ഉണ്ടുതാനും. ചരിത്രത്തിലെ ഇത്തരത്തിലുള്ള എങ്കിലുകളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രമേയമാണ് ഹരീഷിന്റെ ആഗസ്റ്റ് 17 എന്ന നോവലിലുള്ളത്. ഒരുപക്ഷേ ഇന്ത്യ സ്വതന്ത്രമായപ്പോൾ തിരുവിതാംകൂർ ഒരു സ്വതന്ത്ര രാജ്യമായി നിലകൊണ്ടിരുന്നെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക ഭാവി എങ്ങനെ ആയിരിന്നിരിക്കണം എന്നൊരു ആശയമാണ് നോവലിൽ പറഞ്ഞു വെയ്ക്കുന്നത്.


ചരിതത്തെ ആധാരമാക്കി സാഹിത്യ രചനകൾ നടത്തുമ്പോൾ ചരിത്രത്തോടു എത്രത്തോളം നീതി പുലർത്തണം എന്നുള്ള ചോദ്യങ്ങളെ പാടെ റദ്ദു ചെയ്തുകൊണ്ടുള്ള ഒരു ശ്രമമാണ് എഴുത്തുകാരന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്. രാഷ്ട്രീയ നോവലോ ചരിത്രനോവലോ എഴുതുമ്പോൾ ചരിത്രത്തോടു നീതിപുലർത്തേണ്ട ആവശ്യമില്ല എന്നിരിക്കലും പുസ്തകത്തെ പുസ്തകമായി കാണാൻ സാധിക്കാത്തവർക്ക് വേണ്ടിയാകണം അത്തരമൊരു മുന്നറിയിപ്പ് തുടക്കത്തിലേ എഴുത്തുകാരൻ തന്നിട്ടുണ്ട്.


ചരിത്രത്തിൽ ഭവനയെയും ഭാവനയിൽ ചരിത്രത്തെയും ഇഴചേർത്തുള്ള ഒരു ആഖ്യാന ശ്രമമാണ് നോവലിൽ കാണാനുക. പക്ഷേ കൃത്യമായി രാഷ്ടീയവും ദേശീയതയും അതിനു പിന്നിലെ പൊള്ളത്തരങ്ങളെയും രേഖപ്പെടുത്താൻ എഴുത്തുകാരൻ മറന്നിട്ടില്ല .തന്റെ മുൻ നോവലായ മീശയിൽ വിവാദമുണ്ടാക്കിയ തരത്തിലുള്ള സമാനമായ ഒരു പരാമർശവും ഈ നോവലിലുമുണ്ട്.തിരുവിതാംകൂർ മഹാരാജവുമായി ബന്ധപ്പെട്ടതാണിത്.


സാഹചര്യങ്ങൾക്കനുസരിച്ച് ഭാസിയെന്നും അവറാച്ചനെന്നുമൊക്കെയുള്ള പേരുകളിൽ അറിയപ്പെടുന്ന ഒരു ചാര കഥാപാത്രത്തിലൂടെയാണ് കഥ പറച്ചിൽ നടത്തിയുട്ടുള്ളത്. മഹാരാജാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ് മുഹമ്മദ് ബഷീറും,കുമ്പളത്ത് ശങ്കുപിള്ളയും,പൊന്നറ ശ്രീധരനുമൊക്കെ. ചരിത്രത്തിൽ ഇവരുടെയൊക്കെ ശരിക്കുമുള്ള സ്ഥാനങ്ങളിൽ നിന്നും പിടിച്ചിറക്കി മറ്റൊരിടത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ് ഹരീഷ്.


ഇവിടെ സർ സി പിയെ അല്ല വധിക്കാൻ ശ്രമിച്ചിരിക്കുന്നത്, മഹാരാജാവിനെയാണ്. അച്ചുതാനന്ദനും, നമ്പൂതിരിപ്പാടുമെല്ലാം വിപ്ലവത്തിന്റെ തുടക്കത്തിലേ കൊല്ലപ്പെട്ടു. തിരുവിതാംകൂർ ഭരണം കമ്മ്യൂണിസ്റ്റ് പാർട്ടി പിടിച്ചെടുത്തു. പൂജപ്പുരയുടെ പുതിയ പേര് ഗോർക്കി സ്ക്വയർ എന്നായി. തിരുവിതാംകൂർ ഇപ്പോൾ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് തിരുവിതാംകൂറാണ്. അപ്പോൾ മുഖ്യമന്ത്രിയോ? കേരള ചരിത്രത്തിലെ മറ്റൊരു പ്രഗൽഭനാണ് ആ വ്യക്തി .


കഥയുടെ ഗതിയെ പലപ്പോഴും മുന്നോട്ട് നയിക്കുന്നത് ഒറ്റബുദ്ധിക്കാരനെന്നു എല്ലാവരും പറയുന്ന പാവപ്പെട്ടവരുടെ വേശ്യയും, പ്രേമലേഖനവുമൊക്കെ എഴുതിയെന്ന് പറയപ്പെടുന്ന ബഷീർ തന്നെയാണ്.ഇത്തരത്തിൽ ചരിത്രത്തെ ബന്ധിപ്പിച്ച് നിർത്തിയ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചതുപോലെ ചരിത്ര സംഭവങ്ങളെ കീഴ്മേൽ മറിച്ചുകൊണ്ടുള്ള ഒരു അപനിർമ്മിതിയാണ് നോവലിലുള്ളത്. ലോകത്തിൽ രഹസ്യങ്ങളും, രഹസ്യ വഴികളുമാണ് യഥാർത്ഥത്തിലുള്ളതെന്നും മനുഷ്യർ പരസ്യമാക്കുന്നതൊക്കെ മറ്റുള്ളവരെ കബളിപ്പിക്കാനുള്ളതാണെന്നും നോവലിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. അതുപോലെ നമുക്കുമുന്നിലുള്ള ചരിത്രവും കബളിപ്പിക്കാനായി എഴുതി വച്ചതാണെന്നും, യഥാർഥ ചരിത്രം ഇതൊന്നുമല്ല എന്നും നോവൽ പറഞ്ഞുവെയ്ക്കുന്നു .


യഥാർഥ ചരിത്രത്തെ വെറും ഫിക്ഷനായി കാണുന്ന, ആരാണ് എഴുതിയതെന്ന് പോലുമറിയാത്ത ഒരു തിരുവിതാംകൂർ ചരിത്രം നോവലിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ചരിത്ര പുനരനിർമ്മിതിയുടെ ഇടങ്ങളിൽ ഈ ചരിത്രത്തിന് എന്തു പ്രധാന്യമാണുള്ളതെന്ന് ചോദ്യം ബാക്കി നിൽക്കുക തന്നെ ചെയ്യും.


ഈ നോവലിനെ ഒരു പ്രത്യേക ചട്ടക്കൂടിൽ നിന്നുകൊണ്ടു വിശകലനം ചെയ്യാനെളുപ്പമല്ല. ചരിത്ര അപനിർമ്മിതി മാത്രമല്ല, വിപ്ലവം കൊണ്ട് വരുമെന്ന് പറയപ്പെടുന്ന സമത്വത്തിന്റെ ആശയ ലോകസാധ്യതകളെ ക്കുറിച്ചും , സാമൂഹ്യ, രാഷ്ട്രീയ ,സാമ്പത്തിക ,ദേശീയത തുടങ്ങിയ വിഷയങ്ങളിൽ നിന്നുകൊണ്ടുമൊക്കെ ഈ നോവലിനെ അപഗ്രഥിക്കാനാകും. കഥപറഞ്ഞുകൊണ്ട് ആളുകളെ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചുവരാനാകാതെ കഥകളിൽ തന്നെ കുരുക്കിയിടുന്ന നോവലിലെ ബഷീർ കഥാപാത്രത്തെ പോലെ എഴുത്തുകാരനും വായനക്കാരെ നോവലിലെ ചരിത്ര കഥകളിൽ കുരുക്കിയിടുന്നുണ്ട്. ഇനി അഥവാ ഒരു കഥയിൽ നിന്നും പുറത്തുകടന്നാൽ തന്നെയും അടുത്തകഥകൾ വരികയായി.അതിൽ വീഴണോ വേണ്ടയോ എന്നു തീരുമാനിക്കും മുന്പെ ചിലപ്പോൾ നമ്മളതിൽ വീണിട്ടുണ്ടാകും.


ഒരു ചരിത്ര നോവലിന്റെ എല്ലാ സവിശേഷ സ്വഭാവങ്ങളെയും നിഷേധിക്കുകയോ നിരോധിക്കുകയോ ചെയ്തുകൊണ്ടുള്ള സ്വതന്ത്രമായ ഒരു ആവിഷ്കാരമാണ് ആഗസ്റ്റ് 17 ലുള്ളത് എന്നു പറയാം.
ഡിസി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 399 രൂപ

ദ്രൗപദി-ആന്ധ്രയിൽ കോളിളക്കം സൃഷ്ടിച്ച നോവൽ

കഥാപാത്രങ്ങളുടെ എണ്ണം കൊണ്ടും സംഭവങ്ങളുടെ ബാഹുല്യം കൊണ്ടും ഒരു അക്ഷയഖനി തന്നെയാണ് മഹാഭാരതം . ഏതു തരത്തിലുളള കഥാപാത്രങ്ങളെയും ഇതിൽ കണ്ടെത്താനാകും. മനുഷ്യന്റെ എല്ലാത്തരത്തിലുമുള്ള സ്വഭാവ സവിശേഷതകൾ ഇതിൽ കാണാനാകുമെന്നുള്ളതാണ് മഹാഭാരതത്തിന്റെ ഒരു പ്രത്യേകത. മനുഷ്യ മനസ്സുകളെക്കുറിച്ച് ഇത്രത്തോളം കൈകാര്യം ചെയ്തിട്ടുള്ള ഒരു സാഹിത്യ കൃതി വേറെ ഉണ്ടോ എന്ന് സംശയമാണ്. ഒരു പക്ഷെ അക്കാരണം കൊണ്ടാകാം ‘ഇതിലുള്ളത് മറ്റു പലതിലും കണ്ടേക്കാം.ഇതിലില്ലാത്തത് മാറ്റൊരിടത്തും കാണുകയില്ല’ എന്ന് മഹാഭാരതത്തെ കുറിച്ചു പറയുന്നത്.

മഹാഭാരതം പോലുള്ള പുരാണകഥകളിൽ നിന്ന് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുകയും അവരെ മനുഷ്യത്വപരമായ വീക്ഷണകോണിൽ നിന്നുകൊണ്ട് ആധുനിക ജീവിത ചലനാത്മകതയോടെ പുന:രവതരിപ്പിക്കുകയുമാണ് പൊതുവെ സാഹിത്യകാരന്മാർ ചെയ്തുപോന്നിട്ടുള്ളത്. യാർലഗഡ്ഡ ലക്ഷ്മി പ്രസാദിന്റെ ‘ദ്രൗപദി’ എന്ന നോവലിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം വേണ്ടുവോളം എടുത്തുപോയോഗിച്ചിട്ടുള്ള നോവലാണിത്. ദ്രൗപദിയുടെ ജനന രഹസ്യം മുതൽ മരണം വരെയുള്ള സംഭവങ്ങളാണ് നോവലിന്റെ പ്രമേയം.

കൃഷ്ണ വർണ്ണമുള്ളതിനാൽ കൃഷ്ണ,ദ്രുപദന്റെ പുത്രിയായതിനാൽ ദ്രൗപദി,യജ്ഞവേദിയിൽ നിന്നും ജനിച്ചതിനാൽ യാജ്ഞസേനി,പാഞ്ചാല രാജപുത്രിയായതിനാൽ പാഞ്ചാലി. അങ്ങനെ പേരുകൾ നിരവധിയുണ്ട് കഥാ നായികയ്ക്ക്. ദ്രുപദ പുത്രിയും പാണ്ഡവരുടെ പത്നിയുമായ ദ്രൗപദിയുടെ കഥയെ ആധുനിക പശ്ചാത്തലത്തിൽ വിലയിരുത്തുന്നതോടൊപ്പം കഥാപാത്രത്തിന്റെ മനഃശാസ്ത്രപരമായ ഒരു അപഗ്രഥനം കൂടി ഇവിടെ നടത്തുന്നുണ്ട്.

കുരുക്ഷേത്രയുദ്ധത്തിന്റെ അവസാന നാളുകളിലെ ഒരു സുപ്രഭാതത്തിലാണ് കഥ തുടങ്ങുന്നത്. യുദ്ധത്തിന്റെ ദാരുണമായ അനന്തരഫലങ്ങളിൽ ദുഃഖിതയായ ദ്രൗപദി, അശ്വത്ഥമാവ് നടത്തിയ കൂട്ടക്കൊലയിൽ തന്റെ പങ്കിനെക്കുറിച്ച് ആത്മപരിശോധന നടത്തുവാൻ നിർബന്ധിതയായിരിക്കുക്കുന്ന ആ ഒരു നിമിഷം മുതൽ അവരുടെ പൊയ്‌പ്പോയ ജീവിതമത്രയും നമ്മുടെ മുന്നിൽ തെളിയുകയാണ്. രാവിലെ ദ്രൗപതിയെ ഉണർത്തിയ നകുലൻ, ദ്രൗപതിയുടെ അഞ്ച് പുത്രന്മാരെ രാത്രിയിൽ അശ്വത്ഥാമാവ് വധിച്ച കഥ പറയുകയാണ് . യുദ്ധക്കളത്തിൽ തന്റെ സഹോദരന്റെയും പുത്രന്മാരുടെയും മൃതദേഹങ്ങൾ കണ്ടപ്പോൾ ദ്രൗപതിക്ക് സങ്കടവും ദേഷ്യവും തോന്നി. അവൾ അശ്വത്ഥാമാവിനെ കൊല്ലുവാനും ,അവരുടെ ചെയ്തികൾക്ക് പ്രതികാരം ചെയ്യാൻ ഭർത്താക്കന്മാരെ പ്രേരിപ്പിക്കുകയും ചെയ്തു.എന്നാൽ അശ്വത്ഥാമാവിനെ വധിക്കാൻ ഭീമനെയും കൂട്ടരെയും അയച്ചു കഴിയുമ്പോഴേക്കും തനിക്കുണ്ടായ ആ ചിന്തയിൽ അവർ പശ്ചാത്തപിക്കുന്നുണ്ട്. ഇപ്പോൾ അവസാനിക്കാനിരിക്കുന്ന ആ മഹായുദ്ധത്തിന്റെ പഴിമുഴുവൻ തനിക്കു മേലെ ചാർത്തിതരാൻ ലോകം മുഴുവൻ കാത്തിരിക്കുന്നുണ്ടെന്ന ബോധ്യമാകാം അത്തരമൊരു പുനർചിന്തയുടെ ഒരു കാരണം. അതുമല്ലങ്കിൽ താൻ കാരണം ഇനിയും ഒരു ചോരപ്പുഴ ഒഴുകുന്നത് കാണാൻ ശക്തിയില്ലാഞ്ഞിട്ടുകൂടിയാകാം.

ദ്രൗപദിയുടെ ആത്മസംഘർഷങ്ങളുടെ കെട്ടഴിഞ്ഞു വീഴുന്നത് സ്വയംവരത്തിന് ശേഷമുള്ള ധർമപുത്രരുമായുള്ള ആദ്യരാത്രിയിലാണ്. അദ്ദേഹത്തിന്റെ സ്വഭാവത്തെ അടുത്തറിയുന്നതും, മനസ്സിലാക്കുന്നതും അപ്പോൾ മാത്രമാണ് . ആദ്യരാത്രികൊണ്ടു തന്നെ ഒരു സ്ത്രീ എങ്ങനെയാണ് ആതമവഞ്ചന നടത്തേണ്ടതെന്ന് ദ്രൗപദി മനസ്സിലാക്കി.വസ്ത്രാക്ഷേപ സഭയിൽ ദുര്യോധന സഹോദരനായ വികർണ്ണൻ കാണിച്ച നീതിമര്യാദകളും,ഔചിത്യ ബോധവും അവിടെ ഉണ്ടായിരുന്ന മഹാരഥർക്കുണ്ടായിരുന്നില്ല.എന്നാൽ സത്യം പറയുന്നവരെ വിഡ്ഢിയാക്കി ചെറുതാക്കി മൂലക്കിരുത്തുന്ന സ്വഭാവം തന്നെയാണ് കർണ്ണൻ അപ്പോളവിടെ ചെയ്തത്. ഒരു മനുഷ്യനിൽ തന്നെ അധമവും,ഉന്നതവുമായ വ്യക്തിത്വം ഒരുമിച്ചുണ്ടാകുമോ എന്ന സംശയം ആ നിമിഷം ദ്രൗപദിക്കുണ്ടായി. തന്റെ സ്വയംവര ദിവസം കർണ്ണന്റെ സംസ്കാരവും,വസ്ത്രാക്ഷേപ സമയത്ത് നീചത്വവും അവൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടിരുന്നു .

നോവലിൽ ദ്രൗപദിയുടെ ഏറ്റവും അടുത്ത സുഹൃത്ത് അവരുടെ അമ്മായിയമ്മയായ കുന്തിയാണ് . ദ്രൗപദിയ്‌ക്ക്‌ കുന്തിയുമായുള്ള അടുപ്പം വളരെ വ്യക്തമായി നോവലിൽ വരച്ചു കാട്ടുന്നുണ്ട്. അവർക്കു തമ്മിൽ ചില കാര്യങ്ങളിലെങ്കിലും സമാനതകളുണ്ടല്ലോ. ദ്രൗപതിയെപ്പോലെ കുന്തിക്കും വ്യതിരിക്തമായ പുരുഷ ബന്ധങ്ങളുണ്ടായിരുന്നു . ദ്രൗപദിയുടെ ജീവിതത്തിൽ കടന്നു വന്ന പല സങ്കീർണ്ണ ഘട്ടങ്ങളിലെയും മാനസിക സംഘർഷങ്ങളും ധർമ്മസങ്കടങ്ങളും മനസ്സിലാക്കുകയും അവർക്കു മാനസിക സാന്ത്വനം നല്കാൻ ശ്രമിക്കുന്നതും കുന്തിയാണ്.
പ്രതികാരം ചെയ്യാനുള്ള ആഗ്രഹത്തിന്റെ കാര്യത്തിൽ സ്വാർത്ഥമനസ്സുള്ളവളായി കണ്ട് എപ്പോഴും വിമർശിക്കപ്പെടുന്ന ഒരു കഥാപത്രമാണ് ദ്രൗപദി . കൗരവ സഭയിൽ എല്ലാവരാലും എല്ലാ രീതിയിലും അപമാനിക്കപ്പെട്ട ഒരു സ്ത്രീ തന്നെ അപമാനിച്ചവരോട് കണക്ക് ചോദിക്കുന്നതിൽ തെറ്റ് കാണാനാവില്ല.

മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ അടിസ്ഥാന സ്വഭാവങ്ങൾക്കും ലക്ഷ്യങ്ങൾക്കും വിരുദ്ധവും വ്യത്യസ്തവുമായാണ് ഈ നോവലിലെ കഥാപാത്ര നിർമ്മിതിയെങ്കിലും ദ്രൗപദിയെ ആധുനിക സ്ത്രീവാദ പരിപ്രേഷ്യത്തിൽ അവതരിപ്പിക്കുവാനുള്ള ഒരു ശ്രമമാണ് എഴുത്തുകാരനിവിടെ നടത്തിയിട്ടുള്ളത് .ദ്രൗപതിയുടെ സ്വഭാവം സൂക്ഷ്മമായ വൈവിധ്യത്തോടെ അവതരിപ്പിക്കുന്നതിൽ എഴുത്തുകാരൻ പൂർണ്ണമായി വിജയിച്ചിട്ടുണ്ടോ എന്നുള്ളതും സംശയമാണ്. മഹാഭാരതത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും പൊളിച്ചെഴുതാനുള്ള ഒരു ശ്രമം എഴുത്തുകാരന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. പഞ്ചപാണ്ഡവന്മാർ ,ധൃതരാഷ്ട്രർ, ഭീഷ്മർ, ദ്രോണർ തുടങ്ങി ശ്രീകൃഷ്ണനെ വരെ ആ പരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

അടിസ്ഥാന വിശ്വാസങ്ങളെ ലംഘിക്കുന്ന മാറ്റങ്ങളെ ഒരു സമൂഹവും സ്വാഗതം ചെയ്യില്ല. ആ മാറ്റങ്ങൾ ആ കഥാപാത്രങ്ങളുടെ തലത്തെ അഗാധത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ , സ്വാഭാവികമായും വായനക്കാരുടെ വികാരങ്ങൾ മുറിവേൽപ്പിക്കപ്പെടും .ലക്ഷ്മി പ്രസാദിന്റെ ദ്രൗപദി എന്ന നോവലിനും സംഭവിച്ചത് അത് തന്നെയായിരുന്നു. നോവൽ പുറത്തിറങ്ങിയപ്പോൾ ആന്ധ്രയിൽ ഒരു കോളിളക്കം തന്നെ അത് സൃഷ്‌ടിച്ചു . ദ്രൗപദിയെ ഒരു കാമഭ്രാന്തിയാക്കി ചിത്രീകരിച്ചു എന്നുള്ളതായിരുന്നു ആ വിവാദത്തിന്റെ പിന്നിൽ. ദ്രൗപദിയെയും പാണ്ഡവരെയും ശ്രീകൃഷ്ണനെയും മോശമായി കാണിക്കുകയും , ദ്രൗപദിയും ശ്രീകൃഷ്ണനും തമ്മിലുള്ള ബന്ധത്തെ അവിഹിത പ്രണയബന്ധമായി അവതരിപ്പിച്ചതും ഒട്ടേറെ പേരെ ചൊടിപ്പിച്ചു. വസ്ത്രാക്ഷേപ സമയത്തു ആ സഭയിലുണ്ടായിരുന്ന ധൃതരാഷ്ട്രരുൾപ്പെടെയുള്ള മുതിർന്നവർ പോലും ദ്രൗപദിയുടെ സൗന്ദര്യം കാണാൻ ആഗ്രഹിച്ചു.അത് നേരിൽ കാണാൻ കഴിയാതെ തന്റെ അന്ധതയെ ശപിക്കുന്നുണ്ടിവിടെ കൗരവ രാജാവ്. ദ്രൗപദി അപ്പോൾ ഒരു ദാസിയാണെന്നുള്ള കാര്യത്തിൽ സന്തോഷമുണ്ടാക്കുകയും തന്റെ അന്ധതയ്ക്ക് കാരണമായ സ്വന്തം അമ്മയെ മനസ്സിൽ പഴിക്കുകയും ചെയ്യുന്നുണ്ട് ധൃതരാഷ്ട്രർ. വ്യാസൻ സൃഷ്‌ടിച്ച ശ്രീകൃഷ്ണ ദ്രൗപദി ബന്ധത്തെ കാമം നിറഞ്ഞ പ്രണയമാക്കി മാറ്റുക വഴി തങ്ങളുടെ ആരാധനാ പുരുഷനെയും പഞ്ചകന്യകമാരിൽ ഒരാളായി കരുതി പൂജിക്കുന്ന ദ്രൗപദിയെയും എഴുത്തുകാരൻ മോശമായി ചിത്രീകരിച്ചു എന്നു വിമർശകർ ആരോപിച്ചു.

രാമായണത്തെയും മഹാഭാരതത്തെയും ആസ്പദമാക്കി നിരവധി കൃതികൾ പല ഭാഷകളിൽ രചിക്കപ്പെട്ടിട്ടുണ്ട്. പലതരത്തിലുള്ള വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. ദ്രൗപതി എന്ന ഈ നോവലിന്റെ കാര്യത്തിലും അത്തരത്തിൽ പരിഗണിക്കേണ്ട ഒരു വിഷയം മാത്രമേ ഉണ്ടായിട്ടുള്ളൂ .ഇത് മഹാഭാരതത്തിലെ വ്യാസന്റെ ദ്രൗപദിയല്ല . ലക്ഷി പ്രസാദിന്റെ ദ്രൗപദിയാണ് .അതിനെ വ്യാസഭാരതവുമായി താരതമ്യപ്പെടുത്തുന്നതിൽ ഒരർത്ഥവുമില്ല .ഈ നോവൽ അതേപടി നോവൽ വ്യാസമഹാഭാരതത്തെ പിന്തുടരുകയാണെങ്കിൽ പിന്നെ ഈ നോവലിൽ എന്ത് പുതുമയാണുണ്ടാകുക? പക്ഷെ ഇത് വായിച്ചിട്ടു അപ്പോൾ ഇതായിരുന്നു മഹാഭാരതത്തിലെ ദ്രൗപദി എന്ന് പറയുന്നവരോട് സഹതാപം മാത്രമേ തോന്നുകയുള്ളൂ.

മുൻപ് സൂചിപ്പിച്ചപ്പോലെ മഹാഭാരതത്തിൽ നിന്നും ഉണ്ടായിടുള്ള സാഹിത്യകാരന്മാരുടെ ദ്രൗപദി സൃഷ്ടികൾ ഇത് ആദ്യത്തേതോന്നുമല്ല .

‘തേജസ്വിനി ദ്രൗപദി’ (ഡോ:പദ്മാകർ വിഷ്ണു വർതക് )-മറാത്തി
‘കൃഷ്ണ, കുന്തി, ഏവം കൗന്തേയൊ’ (നൃസിംഗപ്രസാദ് ഭാദുരി)-ബംഗാളി
‘ദ്രൗപദി’ (പരിണീത ശർമ്മ)-ആസാമീസ്
ദ്രൗപദി’ (രാജേന്ദ്ര താപ്പ)-നേപ്പാളി
ദ്രൗപദി’ (ഡോ:പ്രതിഭ റോയ് )-നേപ്പാളി
ദ്രൗപദി’ (കാജൽ ഓജ വൈദ്യ ) -ഗുജറാത്തി
യാജ്ഞസേനി (പ്രതിഭ റോയ്)-ഒറിയ
കൃഷ്ണ’ (സുരേന്ദ്രനാഥ് സത്പതി)-ഒറിയ
ഗാന്ധാരി കുന്തി ദ്രൗപതി (കുലമണി ജെന)–ഒറിയ
ദ്രൗപദി (ശുകദേവ സാഹു)–ഒറിയ
‘പാഞ്ചാലി’ (ബച്ചൻ സിങ്ങ്)-ഹിന്ദി
ദ്രൗപദി കി ആത്മകഥ–ഹിന്ദി
പാഞ്ചാലി’ (സുശീൽ കുമാർ )-ഹിന്ദി
യാജ്ഞസേനി (രാജേശ്വർ വസിഷ്ഠ)-ഹിന്ദി
‘പാഞ്ചാലി’ (സാച്ചി മിശ്ര )-ഹിന്ദി
സൗശില്യ ദ്രൗപദി (കസ്തൂരി മുരളീകൃഷ്ണ ) -തെലുങ്ക്
യാജ്ഞസേനി (ത്രോവാഗുണ്ടവെങ്കട സുബ്രഹ്മണ്യ)–തെലുങ്ക്
തെലുഗിന്തികൊച്ചിന ദ്രൗപതി (എം.വി. രമണ റെഡ്ഡി)–തെലുങ്ക്
ദ പാലസ് ഓഫ് ഇല്യൂഷൻസ് (ചിത്ര ബാനർജി ദിവകരുണി)-ഇംഗ്ലീഷ്
ദ്രൗപദി ദ അബാൻഡൺഡ് ക്വീൻ’ (താക്കൂർ സിൻഹ)-ഇംഗ്ലീഷ്
Ms Draupadi Kuru: After the Pandavas (തൃഷ ദാസ്)–ഇംഗ്ലീഷ്
PANCHAALI THE PRINCESS OF PEACE (സാനിയ ഇനാംദാർ)-ഇംഗ്ലീഷ്
Draupadi: The Fire-Born Princess (സരസ്വതി നാഗ്‌പാൽ )-ഇംഗ്ലീഷ്
SONG OF DRAUPADI-(ഇറാ മുഖോതി)–ഇംഗ്ലീഷ്
Draupadi: The Tale of an Empress(സായി സ്വരൂപ ഐയ്യർ )-ഇംഗ്ലീഷ്
I am ‘DRAUPADI’ – Me through My own eyes(സൗരവ് ഖന്ന)-ഇംഗ്ലീഷ്
Draupadi: A Saga of Love, Life & Destiny (ഇഷിത സെൻ)–ഇംഗ്ലീഷ്
യാജ്ഞസേനി (തിരുവല്ല ശ്രീനി)-മലയാളം
യാജ്ഞസേനി (ഡോ :കെ പി രജനി )-മലയാളം
ദ്രൗപദി (പ്രതിഭാ റായ്)-മലയാളം (വിവർത്തനം)
മായാമന്ദിരം (ചിത്രാ ബാനർജി)-മലയാളം (വിവർത്തനം)
പാഞ്ചാലിയുടെ ഏഴുരാത്രികൾ (വിനയശ്രീ)-മലയാളം

തുടങ്ങിയവ അവയിൽ ചിലതു മാത്രം.

ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഡോക്ടറേറ്റ് നേടിയ ഗവേഷകൻ കൂടിയാണ് യാർലഗഡ്ഡ ലക്ഷ്മി പ്രസാദ് .തന്റെ ഈ നോവൽ ഹിന്ദിയിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് അദ്ദേഹം തന്നെയാണ്. 2010 ലെ കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് നേടിയ കൃതികൂടിയാണ് ദ്രൗപദി. ഈ നോവൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് ആർ ശശിധരനും , സി രാധാമണിയും ചേർന്നാണ്. പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കേന്ദ്ര സാഹിത്യ അക്കാദമിയും. 280 പേജുകളുള്ള പുസ്തകത്തിന്റെ വില 140 രൂപ.

കെ കെ പ്രകാശത്തിന്റെ അച്ഛന്റെ മകൾ

സ്കൂൾ,കോളേജ് ലൈബ്രറികളിലും എല്ലാ ഗ്രന്ഥശാലകളിലും ഉപയോഗിക്കുവാൻ വേണ്ടി കേരള ഗവൺമെൻറ് ഉത്തരവായിട്ടുള്ള പുസ്തകം എന്ന തലകെട്ടാണ് കെ കെ പ്രകാശത്തിന്റെ അച്ഛന്റെ മകൾ എന്ന പുസ്തകം വായിക്കാനുള്ള താല്പര്യം ഉയർത്തി വിട്ടത്. നാല്പത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ലാൽ ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജാതിയുടെയും,മതത്തിന്റെയും വേലിക്കെട്ടിൽ നിന്നും സ്നേഹം എന്ന മധുര വികാരത്തിന്റെ സാരഥിയായി വരുന്ന ഒരു മനുഷ്യന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഇതിവൃത്തമാണ് നോവലിനുള്ളത് എന്ന് ഇതിന്റെ അവതാരികയിൽ തകഴി പറഞ്ഞിട്ടുണ്ട്. സ്നേഹിക്കാനും,സ്നേഹിക്കപ്പെടാനും വേണ്ടിയാണ് മനുഷ്യൻ. പക്ഷെ ഇപ്പോൾ നടക്കുന്നതോ?
റിട്ടയേഡ് ഡിട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി റാവു ബഹദൂർ രാവുണ്ണി മേനോൻ ആ നാട്ടിലെ എല്ലാവരും അംഗീകരിക്കുന്ന വ്യകതിത്വമാണ്. മകൾ വത്സലയും ,ഭാര്യ കല്യാണികുട്ടിയുമടങ്ങുന്ന ഒരു കൊച്ചുകുടുംബമാണ് മേനോന്റെത്. തന്റെ പദവിയും,സ്ഥാനമാനങ്ങളും,പണവും സമൂഹത്തിൽ അദ്ദേഹത്തിന് ഉന്നത സ്ഥാനം നേടിക്കൊടുത്തു. മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്രത്തിന്റെ പത്രാധിപരും ഉറ്റ സ്നേഹിതനുമായ രാജശേഖരന്റെ കത്താണ് കഥയുടെ തുടക്കം.
ഉടനെ പുറത്തിറക്കാനുള്ള സ്പെഷ്യൽ പതിപ്പിന് വേണ്ടി വളരെ പെട്ടെന്ന് തന്നെ ഒരു കഥയെഴുതി തരണം എന്ന ആവശ്യമാണ് സുഹൃത്ത് കത്തിൽ പറഞ്ഞിരിക്കുന്നത് . സുഹൃത്തിന്റെ കത്ത് വന്നതോടെ ഇരുപത്തിമൂന്ന് വർഷങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങൾ ഓർത്തെടുക്കുകയാണ് മേനോൻ.തന്നെക്കാൾ വളരെ പ്രായം കുറവുള്ള കല്യാണികുട്ടിയുമായുള്ള കണ്ടുമുട്ടലും മാമൂലുകളെ മറികടന്നുള്ള അവരുടെ വിവാഹവും പക്ഷെ അതൊന്നും ഒച്ചപ്പാടുണ്ടാക്കാൻ മാത്രം ഒന്നുമുണ്ടായില്ല.കാരണം മേനോൻ ആ നാട്ടിലെ പ്രമാണിയായിരുന്നുവല്ലോ.
ഓർമ്മകളിൽ നിന്നും തിരിച്ചുവന്നപ്പോൾ തന്നെ ശരിക്കും അലട്ടുന്ന മറ്റൊരു പ്രശ്നത്തിന് അദ്ദേഹത്തിന് പരിഹാരം കാണേണ്ടിവന്നു. തന്റെ മകൾ വളരെ ദരിദ്രനും ,അന്യ മതത്തിൽപെട്ടവനുമായ ഒരു യുവാവുമായുള്ള പ്രണയത്തിൽ പെട്ടതോടുകൂടിയായായിരുന്നു അത്. സ്വന്തം അനുഭവം ഏതാണ്ട് അത്തരത്തിൽ ഒന്നായിരുന്നിട്ടുകൂടി മേനോന്റെ ഭാര്യയും തുടക്കത്തിൽ അതിനെ എതിർക്കുന്നുണ്ട് .ഒട്ടേറെ മാനസിക സംഘർഷങ്ങൾക്കു ശേഷം മേനോൻ തന്റെ വിവേകപൂർണ്ണമായ തീരുമാനം നടപ്പിലാക്കുകയാണ്.
ഇന്നത്തെ കാലത്തു ഇത് വായിക്കുമ്പോൾ എന്ത് പുതുമ എന്ന് തോന്നുമെങ്കിലും പത്തമ്പത് വർഷങ്ങൾക്കു മുൻപുള്ള ഇവിടുത്തെ സാമൂഹിക സ്ഥിതി പ്രത്യേകം പറയേണ്ടതില്ലല്ലോ .യുക്തിബോധവും ചിന്താശക്തിയുമുള്ള മനുഷ്യമനസ്സുകളുടെ മർദ്ധനങ്ങളേറ്റാണ് മതങ്ങളുടെ മതിലുകൾക്കിപ്പോൾ ബലക്ഷയമേറ്റിട്ടുള്ളത്. മനുഷ്യൻ ജാതിക്കും മതത്തിനും അതീതനായിരിക്കേണ്ട സ്നേഹമെന്ന മതത്തിലാണ് നമ്മൾ വിശ്വസിക്കേണ്ടതെന്നുമാണ് നോവലിന്റെ സാരാംശം. അപ്പോൾ പത്രാധിപർ രാജശേഖരൻ ആവശ്യപ്പെട്ട കഥ ? അത് തന്നെയാണ് ഈ നോവലിന്റെ കഥ. മേനോന്റെ സ്വന്തം ജീവിത കഥ.
നേരത്തെ സൂചിപ്പിച്ചപോലെ പുതിയകാലത്തെ കഥകളിലെതുപോലെ പുതുമയൊന്നും അവകാശപ്പെടാനാകില്ലെങ്കിലും വർത്തമാന കാലത്തെ സാമൂഹിക പ്രസക്തി അവകാശപ്പെടുന്ന ഒരു നോവലാണിതെന്നു പറയേണ്ടിവരും . തന്റെ ഇരുപതാമത്തെ വയസ്സിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചയാളാണ് കെ കെ പ്രകാശം. നിരവധി ലേഖനങ്ങളും,നോവലുകളും,ചെറുകഥകളും ആനുകാലികങ്ങളിൽ എഴുതിയിട്ടുണ്ട്. 1975 ലാണ് അച്ഛന്റെ മകൾ ആദ്യം പ്രസിദ്ധീകരിക്കുന്നത്. 2006 നവംബർ 18 ന് കെ കെ പ്രകാശം അന്തരിച്ചു.