Category: നോവൽ
ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ -വായനക്കാരെ അസ്വസ്ഥതപ്പെടുത്തുന്ന നോവൽ -2020 ലെ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി
ഓൾഗയ്ക്കും മരിയോയ്ക്കും ജാന്നിയെന്നും ,ഇലാരിയെന്നും പേരുള്ള രണ്ടു കുട്ടികളും ഒരു നായയുമുണ്ട്,ശാന്തനും,ഭാര്യയെ നല്ലപോലെ മനസ്സിലാക്കിയവനും,വീടും കുടുംബവും ഒഴിച്ചു കൂടാത്തവനുമൊക്കെയായാണ് ഓൾഗ തന്റെ ഭർത്താവിനെ തുടക്കത്തിൽ വിശേഷിപ്പിക്കുന്നത്.അവരുടെ ആ വൈവാഹിക ജീവിതത്തിലുടനീളം ഓൾഗ തന്റെ ഭർത്താവിന്റെ കാര്യങ്ങൾ നോക്കുന്നതിനും അയാളെ തൃപ്തിപ്പെടുത്തുന്നതിനും വേണ്ടികൂടുതൽ സമയം ചെലവഴിച്ചു. അയാൾ അവളുടേതാണെന്ന് ഉറപ്പുവരുത്താൻ അയാൾക്കിഷ്ടമുള്ളതെല്ലാം വെച്ചു വിളമ്പി.ഒട്ടുമിക്ക സ്ത്രീകളെയും പോലെ തന്റെ ഭർത്താവിനെ നേടിയെന്ന മിഥ്യാധാരണ വച്ചു പുലർത്തിക്കൊണ്ട് ഓൾഗയും ഒരു വീട്ടമ്മയായി ജീവിച്ചു പോന്നു.
പ്രക്ഷുബ്ധമായ മാനസ്സികാവസ്ഥയിലിരുന്നുകൊണ്ട് സ്വയം ശാന്തമാകാൻ നേരം പുലരുന്നതുവരെ എഴുതുക എന്ന ശീലത്തിലേക്കു അവർ വഴുതിവീണു. മരിയോവിനു അവർ എഴുതുന്ന കത്തുകളുടെ ഉള്ളടക്കം വായനക്കാരുമായി പങ്കുവെയ്ക്കാൻ അവർ ഒരിക്കലൂം തയ്യാറാകുന്നുമില്ല. അയക്കാതെ വച്ചിരിക്കുന്ന ആ കത്തുകൾ എപ്പോഴെങ്കിലും അയാൾ വായിക്കുമെന്നും എല്ലാം മനസ്സിലാക്കി അയാൾ കുടുംബത്തിലേക്ക് തിരിച്ചു വരുമെന്നും അവർ കരുതി. മരിയോ ഉപേക്ഷിച്ചതോടുകൂടി കുടുംബത്തിന്റെ സാമ്പത്തിക ഭാവിയും താറുമാറായി.അവഗണനയുടെ പ്രഹരങ്ങൾക്കടിപ്പെട്ടു നുറുങ്ങിപ്പോയി ഭ്രാന്തെടുത്തു ചാകുന്ന ഒരു പെണ്ണായി കരുതാൻ അവൾ ശ്രമിച്ചു.ഒരു ശസ്ത്രക്രിയയ്ക്കിടെ ഒരു രോഗിയുടെ രക്തവും ഉമിനീരും കഫവും പോലെ ജീവിതം എന്നിൽ നിന്ന് ഒഴുകിപ്പോയി എന്നവൾ വിലപിക്കുന്നുണ്ട്.
ഓൾഗയെ കൂടുതൽ ആഴത്തിൽ കഷ്ടപ്പെടുത്തിയത് സ്വയം നഷ്ടപ്പെട്ടുപോകുന്നുവെന്ന അവളുടെ മാനസികാവസ്ഥയാണ് .യുക്തിക്കും,ഭ്രാന്തിനും അതിജീവനത്തിനുമിടയിൽ കലുഷിതമായ അവരുടെ മനസ്സ് അടിയന്തിര സാഹചര്യങ്ങളിൽ വേണ്ടവിധം തീർച്ചപ്പെടുത്തേണ്ട ചിന്തകളെയും പ്രവർത്തികളെയും നോവലിൽ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു.
ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഓൾഗയുടെതു മാത്രമായി ചുരുക്കപ്പെട്ടു . അതിന്റെ ആഘാതത്തിൽ പലപ്പോഴും അവർക്കു തന്റെ കുട്ടികളെ അവഗണിക്കേണ്ടിവന്നു. പലകാര്യങ്ങൾക്കും മൂത്തമകൾ ജാന്നിയെ വളരെയധികം ആശ്രയിക്കേണ്ടിവന്നു. ജീവിതം മാറിയിരിക്കുന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ കഴിയാതെ ഭ്രമാത്മകതകളുടെ ഒരു ലോകത്തേക്ക് അവൾ പ്രവേശിക്കപ്പെട്ടു. ആ ലോകം അവൾക്ക് മുന്നിൽ ഒരു ശൂന്യത പോലെ വളർന്നു വന്നു.
മാനസിക വേദന ലഘൂകരിക്കുന്നതിനും , അപ്പോഴത്തെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും താൻ ഇപ്പോഴും ആകർഷകമാണെന്ന് സ്വയം പറയാൻ ശ്രമിച്ചുകൊണ്ടു തന്നെയാണ് അയൽവാസിയായ കാരാനോയുടെ അടുത്ത് അവളെത്തുന്നത് . ആ ബന്ധം ഒരു പ്രണയത്തിലേക്കൊന്നും എത്തുന്നുമില്ല . അത്പക്ഷെ അവളിൽ സ്വയം വെറുപ്പും നിരാശയും ഉണ്ടാക്കിയതെയുള്ളൂ . കരാനോയുടെ മുറിയിൽ വച്ച് അയാളുമായി രമിക്കാൻ ശ്രമിക്കുമ്പോളും തന്റെ ഭർത്താവും അവരുടെ പുതിയ കാമുകിയും അതുപോലൊക്കെ ചെയ്തുകാണും എന്നവൾ ചിന്തിക്കുന്നുണ്ട്. ഒരുപക്ഷേ കരാനോയുമായുള്ള ആ ബന്ധം മാരിയോടുള്ള പ്രതിഷേധത്തിന്റെ സൂചകമായി മാത്രം കരുതാനാകില്ല . രാത്രിവേളകളിലെ അവരുടെ സുഖാനുഭവങ്ങളുടെ ചുണ്ടുകളിലേക്ക് ഞാനെന്റെത് പ്രതികാരത്തോടെ ചേർത്തുവയ്ക്കും എന്നവൾ പ്രഖ്യാപിക്കുന്നുമുണ്ട്.
എൻ പ്രഭാകരന്റെ കാമസൂത്രം എന്ന ചെറുകഥയിലെ ലീല എന്ന കഥാപാത്രം തന്റെ ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന ജെയിംസിനോടൊപ്പം ഹോട്ടൽ മുറിയിലെത്തിയതിനു ശേഷം കാര്യത്തോടടുക്കുന്ന സമയത്ത് തന്റെ ഭർത്താവിനെ ഓർക്കുമ്പോളുണ്ടാകുന്ന ധാർമികതയുടെ ചെന്നിനോവൊന്നും ഇവിടെ ഓൾഗക്കു സംഭവിക്കുന്നില്ല.
ഉപേക്ഷിക്കപ്പെടലിന്റെ അപമാനത്തിൽ ഒരു സ്ത്രീ പിരിമുറുക്കവും സങ്കടവും കൊണ്ട് തളർന്നു നിൽക്കുമ്പോൾ അവളുടെ മനസ്സ് എപ്രകാരമായിരിക്കും എന്നു പ്രവചിക്കുക അസാധ്യമാണ്.ഇവിടെ അവർ ഒരു അമ്മ കൂടിയാണ്. ഭദ്രമായ ഒരു കുടുംബത്തിന്റെ അഭാവത്തിൽ മാതൃത്വം, ഏകാന്തത ,നിരാശ,ഉൽക്കണ്ഠ ,അനിശ്ചിതത്വം എന്നിവകൊണ്ട് കലുഷിതമായ മാനസികഭാവങ്ങളിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീയുടെ ഭാഷയാണ് നോവലിനുള്ളത് . ആഖ്യാനത്തിലെ കൃത്യതയും ഭാഷയും വായനക്കാരുടെ മനസ്സിൽ ആഘാതം സൃഷ്ടിക്കുകയും ചെയ്യും.
ഇറ്റലിയിലെ ഏറ്റവും അറിയപ്പെടുന്ന സമകാലിക എഴുത്തുകാരിൽ ഒരാളാണ് എലെന ഫെറാന്റെ. അവരുടെ ഒട്ടുമിക്ക നോവലുകളും ശ്രദ്ധയാകർഷിക്കപ്പെട്ടവയാണ്. 1992 ലാണ് എലെന ഫെറാന്റേയുടെ ആദ്യ നോവലായ ട്രൌബ്ലിങ് ലവ് പുറത്തുവരുന്നത്. 2006 ൽ അതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തു വന്നു. 2016 ൽ അവരുടെ “ദി സ്റ്റോറി ഓഫ് ദി ലോസ്റ്റ് ചൈൽഡ്” എന്നതിന്റെ ഇംഗ്ലീഷ് പതിപ്പ് മാൻ ബുക്കർ ഇന്റർനാഷണൽ ചുരുക്കപട്ടികയിൽ ഇടം പിടിക്കുകയുണ്ടായി.ആ വർഷം തന്നെ ടൈം മാഗസിൻ എലീന ഫെറാന്റെയെ ഏറ്റവും സ്വാധീനിച്ച 100 പേരിൽ ഒരാളായി പ്രഖ്യാപിച്ചു.
പക്ഷെ ഇത്തരത്തിലുള്ള അന്താരാഷ്ട്ര പ്രശസ്തിയൊക്കെ ഉണ്ടായിട്ടും എഴുത്തുകാരിയെ കുറിച്ച് കൂടുതലായി ആർക്കും ഒന്നും അറിഞ്ഞുകൂടാ.അജ്ഞാതമായി എഴുതുന്നത് പുതിയ കാര്യമല്ലെങ്കിലും എലെന ഫെറാന്റേ എന്ന എഴുത്തുകാരിയുടെ പേരിനു പിന്നിൽ ശരിക്കും ആരാണ് എന്നതിന് ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ല.
മലയാളത്തിൽ ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് എഴുത്തുകാരിയായ സംഗീത ശ്രീനിവാസനാണ്.
ഒരുപക്ഷെ ഭാഷയുടെ സാംസ്‌കാരിക അതിർവരമ്പുകളെ ഒട്ടുമേ വകവെയ്ക്കാതെ തന്നെയാണ് ഈ നോവലിന്റെ വിവർത്തനം കൈകാര്യം ചെയ്തതെന്ന് പറയേണ്ടി വരും. അതിനു വേണ്ടി മാന്യമായ വാക്കുകൾ അന്വേഷിച്ചു പോകാൻ എഴുത്തുകാരി മെനക്കെട്ടിട്ടില്ല. ഒരുപക്ഷെ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ വിവർത്തനത്തിൽ പാളിച്ചകളുണ്ടാകുമായിരുന്നേനെ. 2020 ലെ വിവർത്തനത്തിനുള്ള സാഹിത്യ അക്കാദമി അവാർഡ് സംഗീത ശ്രീനിവാസന് ലഭിച്ചത് ഈ പുസ്തകത്തിനാണ് . എലെന ഫെറാന്റേയുടെ വിവർത്തനം ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നതും മലയാളത്തിലാണ്. മേഘ ബുക്ക്സ് ആണ് പ്രസാധകർ.
ഘാതകൻ ഉയർത്തിവിട്ട ചില ചോദ്യങ്ങൾ
ഭരണകൂടത്തിനെതിരായ അഭിപ്രായങ്ങളും, പ്രതിഷേധങ്ങളും രാജ്യദ്രോഹമോ തീവ്രവാദമോ ആയി കണക്കാക്കപ്പെടുന്ന ഒരു സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.കലയും സാഹിത്യവുമെല്ലാം പ്രതിഷേധത്തിനുള്ള ഒരു മുഖ്യ ആയുധം കൂടിയാണ് . ഭരണാധികാരികളെ അസ്വസ്ഥരാക്കാൻ ഒരു സാഹിത്യകൃതിക്കു കഴിയും. ആ ഒരു അർത്ഥത്തിൽ രാഷ്ട്രീയപരമായി കൂടി വായിക്കപ്പെടേണ്ട ഒന്നാണ് കെ ആർ മീരയുടെ ഘാതകൻ എന്ന നോവൽ .2018 നവംബർ 8 ലെ നോട്ടുനിരോധനം തന്നെയാണ് നോവലിൽ തലങ്ങും വിലങ്ങും ചർച്ച ചെയ്യപ്പെടുന്നത്.
വായനക്കാരോട് സംവദിച്ചുകൊണ്ട് അല്ലെങ്കിൽ അവരോടു ഇടയ്ക്കിടെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് തന്റെ അനുഭവങ്ങളുടെ തീക്ഷ്ണാനുഭവങ്ങൾ പങ്കുവെയ്ക്കുന്നഒരു ശൈലിയാണ് നോവലിലെ ആഖ്യാതാവായ സത്യപ്രിയ സ്വീകരിച്ചിരിക്കുന്നത്.
നോട്ടു നിരോധനം നടന്ന് എട്ടു ദിവസങ്ങൾക്കു ശേഷം സത്യപ്രിയക്കു നേരെ നടന്ന ഒരു കൊലപാതക ശ്രമത്തിന്റെ വിവരണങ്ങളോടെയാണ് നോവൽ ആരംഭിക്കുന്നത്. ഒരു സ്ത്രീ എപ്പോഴും മറ്റൊരാളുടെ സംരക്ഷണത്തിൽ ഇരിക്കേണ്ടവളാണെന്നുള്ള പൊതുധാരണയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നോവലാരംഭത്തിൽ തന്നെ കാണാം. കൊലപാതക ശ്രമത്തിനു ശേഷം ചോദ്യം ചെയ്യാനെത്തുന്ന ചെറുപ്പക്കാരി കോൺസ്റ്റബിളിന്റെ ചോദ്യം തന്നെ അത്തരത്തിലുള്ളതാണ്.
തന്നെ കൊല്ലാൻ ശ്രമിച്ചവരെ ചികഞ്ഞെടുക്കാൻ പോലീസുമായി സഹകരിച്ചോ അല്ലാതെയോ ഉള്ള ഒരു അന്വേഷണത്തിൽ അവർ ഏർപ്പെടുന്നതോടു കൂടി നോവലിനു ഒരു അപസർപ്പക സ്വഭാവം കൈവരുന്നുണ്ട്. വെളിപ്പെടുത്തേണ്ടിയിരുന്ന ആ സത്യം പുറത്തുവരുന്നതിനു മുൻപേ അച്ഛനും മരിച്ചു പോയി. ഏതു നിമിഷവും നീയും വധിക്കപ്പെടും എന്ന അച്ഛന്റെ അവസാന വാക്കുകൾ സത്യപ്രിയയെ എരിപൊരികൊള്ളിച്ചു. തന്റെ കഥപറച്ചിലിനിടയിൽ വായനക്കാരോട് ചോദിക്കുന്ന ഒരുപിടി ചോദ്യങ്ങളെ കൃത്യമായി കണ്ണികൾ ചേർത്ത് പൂരിപ്പിക്കുകയാണ് കെ ആർ മീര ഇവിടെ ചെയ്തിരിക്കുന്നത്.
നോവൽ ചർച്ച ചെയ്യപ്പെടുന്ന ജാതീയപരമായ നിരീക്ഷണങ്ങൾ ഒരുപക്ഷെ സമൂഹത്തിൽ ഒരുമാറ്റവുമില്ലാതെ ഇപ്പോഴും നിലനിൽക്കുന്നു എന്നുള്ളതാണ് വാസ്തവം. പരിചിതമല്ലാത്ത ഇടങ്ങളിൽ ആളുകളെ അന്വേഷിച്ചു നടക്കുമ്പോൾ കേൾക്കേണ്ടി വരുന്ന ഒരു ചോദ്യം എന്താ ജാതി എന്നായിരിക്കും. ചോദ്യങ്ങളുടെ രൂപവും,രീതികളും മാറിയെങ്കിലും ജാതി ചോദിക്കൽ അല്ലെങ്കിൽ പ്രകടിപ്പിക്കൽ ഒരു യാഥാർഥ്യമായി തന്നെ നിലനിൽക്കുന്നുണ്ട്. ഇപ്പോഴും പത്താം ക്ലാസ്സു സെർട്ടിഫിക്കറ്റിൽ കുട്ടികളുടെ ജാതി വിളിച്ചു പറയുന്നുണ്ട്. ജാതി പറയരുത് എന്നെ പറഞ്ഞിട്ടുള്ളൂ . പക്ഷെ അത് മറ്റൊരു രീതിയിൽ പ്രദർശിപ്പിക്കപ്പെടുന്നു . ജാതിവിചാരത്തിലെ പൊതുബോധത്തെ തുറന്നു കാട്ടാൻ സത്യപ്രിയയുടെ അച്ഛന്റെ കാലത്തെ സിനിമ സംഭവങ്ങളും പരാമർശിക്കപ്പെടുന്നുണ്ട് .
അപസർപ്പകനോവലുകളിൽ കണ്ടുവരുന്ന കുറ്റാന്വേഷണരീതികളുടെ പതിവു വാർപ്പുകൾ ഈ നോവൽ പിന്തുടർന്നിട്ടില്ല. എന്നിരിക്കിലും സത്യപ്രിയയുടെ അന്വേഷണങ്ങൾ നോവലിനെ ആ തലത്തിലേക്ക് ചിലയിടങ്ങളിൽ ഉയർത്തികൊണ്ടുവരുന്നുമുണ്ട്. ആര്, എന്തിന്,എങ്ങനെ എന്നുള്ള മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താനുള്ള അവരുടെ അന്വേഷണങ്ങൾ പുരോഗമിക്കുന്തോറും സങ്കീർണ്ണമായ പല അവസ്ഥകളിലൂടെയും അവർ കടന്നു പോകുന്നുണ്ട്. തന്റെ ചോദ്യങ്ങളുമായുള്ള യാത്രകൾക്കിടയിൽ ആത്മകഥ എന്ന പോലെ അവരുടെ ജീവിതാനുഭവങ്ങൾ നമുക്ക് മുൻപിൽ വെളിപ്പെടുന്നുമുണ്ട്. ഭൂതകാലത്തിൽ ബന്ധിക്കപ്പെട്ടു കിടന്നിരുന്ന പലതും അവർ കെട്ടഴിച്ചു വിടാൻ നിര്ബന്ധിതയാകുന്നുമുണ്ട് . മറഞ്ഞു കിടന്നിരുന്ന പലരെയും അവർക്കു വായനക്കാർക്ക് മുൻപിൽ നിർത്തേണ്ടി വരുന്നുമുണ്ട്.
സത്യപ്രിയയുടെ ശരികളെ വായനക്കാരുടെ ശരികളുമായി പൊരുത്തപ്പെട്ടുപോകണമെന്നില്ല.അവർ ജനിച്ചു വളർന്ന ചുറ്റുപാടുകൾ, എല്ലാവരുമുണ്ടായിട്ടും കുടുംബത്തിനും,തനിച്ചും നേരിടേണ്ടി വന്ന അരക്ഷിതാവസ്ഥകൾ,കണ്ടുമുട്ടേണ്ടി വന്ന പലരിൽ നിന്നും അനുഭവിച്ചറിഞ്ഞ കയ്പ്പുള്ള അനുഭവങ്ങൾ ഇതെല്ലം അവരെ അത്തരത്തിൽ പാകപ്പെടുത്തിയതാണെന്നു വിശ്വസിക്കേണ്ടിവരും. അദ്ധ്യായങ്ങൾ മുന്നേറുന്നതൊടെ അവരുടെ പൂർവകാലം പതിയെ വെളിപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട് .കഥ പറയുന്ന ശൈലിയിൽ ഒരുപക്ഷേ അത്തരത്തിലുള്ള പൂർവ മാതൃകകൾ ഒരുപാട് നമുക്കു മുന്നിലുണ്ടെങ്കിലും ഭൂതകാല സംഭവങ്ങളെ കൂട്ടികുഴച്ചുകൊണ്ടുള്ള ഒരു കഥപറച്ചിൽ രീതിയാണ് ഈ നോവലിൽ നമുക്ക് കാണാനാകുക.
പോലീസ് തേടുന്ന കശ്മീരിയുവാവിനെ, അവനൊരു ആളെകൊല്ലി ക്രിമിനൽ ആണെന്നറിഞ്ഞിട്ടും എന്തിന് പ്രേമിച്ചു എന്ന പോലീസിന്റെ ചോദ്യത്തിന് സത്യപ്രിയയുടെ മറുപടി കുറിക്കു കൊള്ളുന്നതാണ് . ക്രിമിനൽ ആണെന്ന് ഇനിയും കോടതി തീർപ്പ് കൽപ്പിക്കാത്ത ഒരാളെ പ്രേമിക്കുന്നതിൽ എന്താണ് തെറ്റ് എന്നുള്ള മറുപടിയ്ക്കു മറുപക്ഷത്തിന് കൃത്യമായ മറുപടികളില്ല. ഇനി അഥവാ കൊന്നിട്ടുണ്ടെങ്കിൽ തന്നെ നമ്മുടെ ഭരണാധികാരികൾ കൊന്നു തള്ളിയവരുടെ ആയിരത്തിലൊന്ന് പോലുമില്ല എന്നവർ പറയുന്നുണ്ട്. ചോദ്യം ചെയ്യുന്നവരെ മറുചോദ്യങ്ങൾക്കൊണ്ട് കീഴടക്കുന്ന, എവിടെയും തന്റെ അപ്രമാദിത്വം കാത്തുസൂക്ഷിക്കാൻ വിട്ടുവീഴ്ചകൾ ചെയ്യാൻ കൂട്ടാക്കാത്ത ഒരു കഥാപാത്രമാണ് സത്യപ്രിയ. താൻ കയറിച്ചെല്ലുന്ന എവിടെയും തന്റെ ആധിപത്യം പ്രതീക്ഷിക്കുകയും ,അതിനു വേണ്ടി വാക്കുകൾ യഥേഷ്ടം ഉപയോഗിക്കാൻ ഒരു മടിയുമില്ല അവർക്ക്. ചേട്ടന്മാർ അധികാരം പ്രയോഗിക്കും എന്നതുകൊണ്ട് തനിക്ക് യഥേഷ്ടം അധികാരം പ്രയോഗിക്കാൻ കഴിയുന്ന അനിയന്മാരാണ് നല്ലത് എന്നവർ ഒരിടത്ത് പറയുന്നുണ്ട്.
സത്യപ്രിയക്ക് പറയാൻ ഒരു കഥയെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആ കഥ അവസാനമില്ലാത്തതും ,ഒരുപാട് കഥകൾ കൂട്ടി ചേർത്തതും, നിരവധി കഥാപാത്രങ്ങളുടെ അനുഭവങ്ങൾ കൊണ്ടു കെട്ടുപിണഞ്ഞു കിടക്കുന്നതുമായിരുന്നു. കുരുക്കുകൾ ഓരോന്ന് അഴിക്കാൻ ശ്രമിക്കുംതോറും മറ്റിടങ്ങളിലെ കുരുക്കുകൾ മുറുകുകയോ ,കെട്ടുകൾ പുതുതായി സൃഷ്ടിക്കപ്പെടുകയോ ചെയ്തു .ഘാതകനെ അന്വേഷിച്ചുള്ള യാത്രകൾ ഒരു എലിയും പൂച്ചയും കളിയായി തോന്നിപ്പിക്കുന്നുമുണ്ട്. ആരാണ് ആ ഘാതകൻ എന്നറിഞ്ഞാൽ തന്നെയും എന്തിന് എന്നുള്ള ഒരു ചോദ്യവും പൂരിപ്പിക്കാതെ കഥ പൂർണ്ണമാകുകയില്ലല്ലോ .അതിലേക്കുള്ള യാത്രകളാണ് പിന്നീടവർ നടത്തുന്നത്.
അനായാസം കഥ പറഞ്ഞുപോകുന്ന തനി ‘മീരയൻ‘ ശൈലി തന്നെയാണ് ഈ നോവലിന്റെയും പ്രത്യേകത. എന്തുകൊണ്ട് അഹിംസയെ കുറിച്ചുമാത്രം വീണ്ടും എഴുത്തുകാരിക്ക് എഴുതേണ്ടി വന്നു എന്ന ചോദ്യത്തിനുത്തരം ഈ നോവലിൽ കിടപ്പുണ്ട്.
നോട്ടുനിരോധനം കൂടാതെ പീഡോഫീലിയ,പാലായനം,മാവോയിസ്റ്റ്, തീവ്രവാദം,ചൂഷണം,വ്യഭിചാരം,പക,ആർത്തി,വിശപ്പ്,കുടുംബഭദ്രത,കപട ഭക്തി,കോർപ്പറേറ്റ് ജീവിതം തുടങ്ങീ വിഷയങ്ങൾ വേണ്ട വിധം നോവലിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.രാഷ്ട്രീയപരമായ വിഷയങ്ങളെ സംബന്ധിച്ചുള്ളതാണെങ്കിലും ആക്ഷേപഹാസ്യത്തിന്റെ അനുരണനങ്ങൾ നോവലിൽ അങ്ങിങ്ങായി ചിതറികിടപ്പുണ്ട്.അതുകൊണ്ടു തന്നെ നോവലിന് കൂടുതൽ ഇണങ്ങുന്നതും ഒരു രാഷ്ട്രീയ മുഖമാണ്.നോട്ടു നിരോധനവുമായി ബന്ധപ്പെട്ട സത്യപ്രിയയുടെ മിക്ക ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ടതു വായനക്കാരല്ല , മറിച്ച് ഭരണകൂടം തന്നെയാണ് ,അവർക്ക് മാത്രമാണ് കൃത്യമായ ഉത്തരങ്ങൾ നല്കാൻ ബാധ്യതയുള്ളതും. അതുകൊണ്ടു തന്നെ ആ ചോദ്യങ്ങളെ നോട്ടുനിരോധനം പോലെ അത്രയെളുപ്പം അസാധുവാക്കാൻ കഴിയുകയുമില്ല.
പുസ്തകഭ്രാന്തനായ ഒരു കള്ളന്റെ കഥ
ബിബ്ലിയോഫൈൽ എന്ന പദത്തിന് പുസ്തകപ്രേമി എന്നാണർത്ഥം, ബിബ്ലിയോമാനിയ എന്നതിന് പുസ്തകഭ്രാന്തെന്നും. ഇവ തമ്മിലുള്ള അതിർവരമ്പ് വളരെ നേർത്തതാണ്. ഈ രണ്ടു വാക്കുകളും ആദ്യമായി ഉപയോഗിച്ചത് 1809 ൽ ഒരു ഇംഗ്ലീഷ് പുരോഹിതനായ ഫ്രോനാൽ ഡിബ്ഡിൻ ആയിരുന്നു.Bibliomania or Book Madness എന്ന പുസ്തകത്തിലായിരുന്നു അവ പ്രത്യക്ഷപ്പെട്ടത് . (https://www.gutenberg.org/ എന്ന വെബ്സൈറ്റ് ൽ ആ പുസ്തകം വായിക്കാൻ സാധിക്കും)
ഈ വായനാ ഗ്രൂപ്പിലുള്ള പലരെയും മേല്പറഞ്ഞ പുസ്തകപ്രേമികളുടെയും,പുസ്തകഭ്രാന്തരുടെയും കള്ളികളിൽ ഉൾപ്പെടുത്തിയാൽ ഏതിലായിരിക്കും ഏറ്റവും കൂടുതൽ ആളുകളുണ്ടാകുക?
പുസ്തകങ്ങളെ മോഷ്ടിക്കാൻ വേണ്ടി മാത്രം പുസ്തകങ്ങളെ സ്നേഹിച്ച ജോൺ ഗിൽക്കി എന്ന കള്ളന്റെ കഥയാണ് പുസ്തകങ്ങളെ അതിരുവിട്ടു സ്നേഹിച്ചവൻ എന്ന ആലിസൺ ഹൂവർ ബാർട്ലെറ്റിന്റെ നോവൽ പറയുന്നത്. ഇതുവരെ വായിച്ചതിൽ വച്ച് പുസ്തകങ്ങൾ ഇത്ര ധാരാളമായി കടന്നു വരുന്ന നോവലുകളിൽ എത്രാമത്തെ പുസ്തകമാണ് ഈ നോവൽ എന്നത് കൃത്യമായി ഓർമ്മയില്ല. മലയാളത്തിലെ കാര്യമായെടുത്താൽ അത്തരമൊരു പ്രമേയം കൈകാര്യം ചെയ്തവർ അപൂർവ്വമാണ് എന്നാണ് തോന്നുന്നത് . സൂസന്നയുടെ ഗ്രന്ഥപ്പുര പോലുള്ള പുസ്തകങ്ങളാണ് പെട്ടെന്നു ഓർമ വരുന്നത്.
പലവിധ സ്ഥലങ്ങളിൽ നടക്കുന്ന പുസ്തകമേളകളിൽ നിന്നും ലൈബ്രറികളിൽ നിന്നും ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന, അപൂർവ പുസ്തകങ്ങൾ മോഷ്ടിക്കുന്ന ശീലമുള്ളയാണ് ജോൺ ഗിൽക്കിയെങ്കിലും അയാൾക്കതിൽ ഒരു തരി പോലും പശ്ചാത്താപം തോന്നുന്നില്ല എന്നുള്ളതാണ് കൗതുകകരമായ ഒരു സംഗതി. നാല് വർഷത്തിനിടയിൽ മാത്രം ഈ ജോൺ ചാൾസ് ഗിൽക്കി ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന അപൂർവ പുസ്തകങ്ങലാളാണ് ശേഖരിച്ചു കൂട്ടിയത്. പാർട്ട് ടൈം ജോലി ചെയ്യുന്ന ഗിൽക്കി, പുസ്തകങ്ങൾ മോഷ്ടിക്കുന്നതിന്റെ പല രീതികൾ നോവലിൽ കാണാം . കള്ളനെ പിടിക്കാൻ കെൻ സാന്ഡേഴ്സൻ എന്ന ഡിറ്റക്ടീവ് ജോലിയിൽ താൽപ്പര്യമുള്ള ഒരു പുസ്തക ഇടപാടുകാരൻ ഗിൽക്കിയെ അകത്താക്കാൻ പിന്നാലെ തന്നെയുണ്ട്.
പുസ്തകങ്ങളെ അതിരുവിട്ടു സ്നേഹിച്ചവൻ എന്ന ഈ പുസ്തകത്തിന്റെ പേര് ഒരുപക്ഷെ ഒട്ടുമിക്ക പുസ്തകപ്രേമികളെയും ആകർഷിക്കാൻ സാധ്യതയുണ്ട്. നിങ്ങളൊരു പുസ്തകപ്രേമിയാണെങ്കിൽ ഈ പുസ്തകത്തിന്റെ പേരു കേൾക്കുമ്പോൾ തന്നെ എവിടെയൊക്കെയോ നമ്മളെയും ബന്ധപ്പെടുത്തുന്ന, കണ്ണിചേർക്കാൻ കഴിയുന്ന എന്തോ ഇതിലുണ്ട് എന്ന് വെറുതെയെങ്കിലും തോന്നിപോകാനിടയുണ്ട് . തീർച്ചയായും പുസ്തകപ്രേമികളുടെ കൗതുകകരമായ സ്വഭാവങ്ങളെ പരാമർശിച്ചുപോകുന്ന നിരവധി വിശേഷണങ്ങൾ ഈ നോവലിലുണ്ട്.
ജോൺ ഗിൽക്കി അമൂല്യമായ പുസ്തകങ്ങളെ മോഷ്ടിക്കാറുള്ളൂ എന്ന് പറഞ്ഞല്ലോ. ഉദാഹരണമായി എച് ജി വെൽസിന്റെ വാർ ഓഫ് ദി വേൾഡ്സ് എന്ന പുസ്തകത്തിന്റെ ഒന്നാം എഡിഷൻ,അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി ഒപ്പിട്ട സ്റ്റാറ്റജി ഓഫ് പീസ്,പിനോകിയോ യുടെ ഇറ്റാലിയൻ ഭാഷയിലെ ആദ്യ എഡിഷൻ, തുടങ്ങിയ പോലുള്ള പുസ്തകങ്ങളിലാണ് അയാളുടെ കണ്ണ്. പേരുകേട്ട പുസ്തകങ്ങൾ ശേഖരിച്ചാൽ അത് ആദരവ് നേടി തരുമെന്ന് അയാൾ കരുതുന്നുണ്ട്.പക്ഷെ പുസ്തക മോഷ്ടാവ് എന്നതിനപ്പുറം അയാൾ നല്ലൊരു വായനക്കാരനും കൂടിയാണ്. പ്രസിദ്ധീകരിച്ച കാലത്തേക്കാൾ ഇന്നത്തെ കാലത്തു വിലമതിക്കുന്ന പുസ്തകങ്ങളാണ് അയാളുടെ പക്കലുള്ളതും , അയാൾ മോഷ്‌ടിക്കാൻ ശ്രമിക്കുന്നതും അത്തരം പുസ്തകങ്ങളാണ്.
ഒരു പുസ്തകമേളയിൽ കയറി ചെല്ലുമ്പോൾ,അവിടെയുള്ള പതിനായിരക്കണക്കിന് പുസ്തകങ്ങളെ ഒരുമിച്ചു കാണുമ്പോൾ പുസ്തക പനി വരുന്നുണ്ടെന്നു തോന്നാറുണ്ടോ ? ഉണ്ടെങ്കിൽ നിങ്ങളൊരു ബിബ്ലിയോമാനിയാക് ആണ്. അതുപോലെ പുസ്തകങ്ങളെ കുറിച്ചുള്ള കൗതുകകരമായ വിവരങ്ങൾ ശേഖരിക്കുന്ന ആളുകളെയും,അതിനു പിന്നാലെ എല്ലാം മറന്നു പിറകെ പോകുന്നവരെയും കണ്ടിട്ടുണ്ട്. വായനക്കാർക്ക് മാത്രമല്ല ഓരോ പുസ്തകവ്യാപാരിക്കും വ്യത്യസ്തമായ കഥകൾ പറയാനുണ്ടാകും.അത് പുസ്തകങ്ങളെ കുറിച്ചാകാം, എഴുത്തുകാരെക്കുറിച്ചാകാം, അതുമല്ലെങ്കിൽ വായനക്കാരെ സംബന്ധിച്ചതാകാം.പുസ്തകാരാധനയിൽ നിന്നും പുസ്തക മോഷ്ടാവിലേക്കുള്ള അതിർവരമ്പ് വളരെ നേർത്തതാണെന്ന് നോവലിലെ ഒരു കഥാപാത്രം തന്നെ പറയുന്നുണ്ട്.അഭിരുചി,അറിവ്,ആഢ്യത്വം എന്നിവയുടെയൊക്കെ ഏലസ്സാണത്രെ പുസ്തകശേഖരണം. ഇ-ബുക്കുകൾ വ്യാപകമായി വന്നാലും കട്ടി ബയന്റു ചെയ്ത പുസ്തകങ്ങൾ അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ് ഗിൽക്കിയുടെ അഭിപ്രായം.
അതിയായി ആഗ്രഹിക്കുകയും എന്നാൽ കണ്ടെത്താൻ കഴിയാത്തതുമായ പുസ്തകങ്ങൾ വേണമെന്ന് നിങ്ങൾക്കും തോന്നാറില്ലേ? ഉണ്ടെങ്കിൽ അവ ഏതൊക്കെയാണ് എന്നറിയുന്നതിൽ ഒരു കൗതുകം കൂടിയുണ്ടാകും മറ്റുള്ളവർക്കും. ഇതൊരു ഫിക്ഷൻ കാറ്റഗറിയിൽപ്പെടുന്ന പുസ്തകമല്ല. ട്രൂ ക്രൈം അല്ലെങ്കിൽ ബയോഗ്രഫി വിഭാഗത്തിൽപ്പെടുന്ന ഒന്നാണ്. നല്ലൊരു പുസ്തകത്തിന് വേണ്ടി ജയിലിൽ വരെ പോകാൻ തയ്യാറായ ഒരാളുടെ സംഭവ കഥയാണിത്. ജോൺ ഗിൽക്കിയെക്കുറിച്ചുള്ള എഴുത്തുകാരിയായ ആലീസൺ ഹൂവർ ബാർട്ലെറ്റിന്റെ ലേഖനം 2007 ലെ മികച്ച അമേരിക്കൻ ക്രൈം റിപ്പോർട്ടിങ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . മാതൃഭൂമി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്,പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത് പി ജെ മാത്യുവും.
ദി അൾട്ടിമേറ്റ് ജസ്റ്റിസ് -സിനിമ പോലെ ആസ്വദിക്കാവുന്ന ഒരു നോവൽ
മനോരഞ്ജൻ ബ്യാപാരിയുടെ ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം
അന്നൊരു ശനിയാഴ്ചയായിരുന്നു പതിവിലും തിരക്കു തോന്നിച്ച ആ ദിവസം, നരച്ച മുടിയുള്ള,കണ്ണട വച്ച ഒരു വൃദ്ധയായ സ്ത്രീ കൈയ്യിലൊരു ബാഗുമായി അയാളുടെ റിക്ഷയിൽ വന്നു കയറി.അവരുടെ ആ രൂപവും കൈയ്യിലുള്ള ബാഗുമൊക്കെ കണ്ടപ്പോൾ അവരൊരു അദ്ധ്യാപികയായിരിക്കണം എന്നയാൾ ഊഹിച്ചു.
“ഒരു പുസ്തകത്തിൽ നിന്നാണ്”. അവർ അയാളോട് അയാൾ എത്ര വരെ പഠിച്ചെന്നും മറ്റും ചോദിച്ചു.
സ്കൂളിൽ പോയിട്ടില്ലെന്നും,സ്വന്തമായി കുറച്ചു പഠിച്ചതാണെന്നും അയാൾ മറുപടി പറഞ്ഞു.
അയാളെപ്പോലുള്ള അധ്വാനിക്കുന്ന ആളുകൾ എഴുതുന്ന ഒരു മാഗസിൻ താൻ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും അതിലേക്കായി അയാൾ എഴുതുകയാണെങ്കിൽ അതിൽ പ്രസിദ്ധീകരിക്കാമെന്നവർ പറഞ്ഞു. എന്തെഴുതണം എന്ന ആശയകുഴപ്പത്തിൽപ്പെട്ട അയാളോട് റിക്ഷാവാല എന്ന നിലയിലുള്ള നിങ്ങളുടെ ജീവിതം തന്നെ എഴുതുക എന്നവർ നിർദ്ദേശിച്ചു. മുന്പെഴുതിയിട്ടില്ലെങ്കിലും താൻ അതിനു ശ്രമിക്കുമെന്നും,എഴുതി കഴിഞ്ഞാൽ അവരെയത് ഏല്പിക്കാമെന്നുമയാൾ ഉറപ്പു കൊടുത്തു. ജാദവ്പൂരിലെത്തിയപ്പോൾ ഒരു ചെറുകഷ്ണം കടലാസിൽ അവർ തന്റെ വിലാസമെഴുതി അയാളെ എൽപ്പിച്ചു.
കുറിപ്പിലെ അവരുടെ പേര് വായിച്ച് ആ റിക്ഷാക്കാരൻ അമ്പരന്നു പോയി. താൻ ഇത്ര നേരം സംസാരിച്ചുകൊണ്ടിരുന്നത് ബംഗാളി സാഹിത്യത്തിലെ തന്നെ പ്രശസ്തയായ ഒരു വ്യക്തിയോടാന്നു അപ്പോൾ മാത്രമാണ് അയാൾക്ക് ബോധ്യമായത്.മഹാശ്വേതാ ദേവിയായിരുന്നു യാത്രക്കാരിയായ ആ വൃദ്ധ.റിക്ഷാ വാലയുടെ പേര് മനോരഞ്ജൻ ബ്യാപാരിയെന്നും. 1981 ൽ തന്റെ ആദ്യ ലേഖനം ‘ റിക്ഷാ ചലായ് എന്ന പേരിൽ ദേവിയുടെ മാസികയായ ബർത്തികയിൽ പ്രസിദ്ധീകരിച്ചു വരികയും ചെയ്തു.മനോരഞ്ജൻ ബ്യാപാരിയുടെ എഴുത്തുജീവിതം അവിടെ തുടങ്ങുകയായിരുന്നു.
മനോരഞ്ജൻ ബ്യാപാരിയുടെ 2019 ൽ പുറത്തിറങ്ങിയ നോവലാണ് ‘ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം’.നക്സൽബാരി പ്രസ്ഥാനം ബംഗാളിൽ ശക്തി സംഭരിച്ചുകൊണ്ടിരുന്ന എഴുപതുകളുടെ തുടക്കമാണ് നോവൽ പരിസരം കൈകാര്യം ചെയ്യുന്നത്. യുവതീ-യുവാക്കൾ തങ്ങളുടെ വീടുപേക്ഷിച്ചു ഫ്യൂഡൽ മാടമ്പികളുടെയും, ഭരണകൂടത്തിന്റെയും കൈയ്യിൽ നിന്നും ഭൂമി വീണ്ടെടുക്കാൻ ആയുധങ്ങളെടുത്തു പോരാടിക്കൊണ്ടിരിക്കയും അവരിൽ നിരവധി പേർ കൂട്ടത്തോടെ ജയിലുകളിൽ അടക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്ന കാലഘട്ടത്തെയാണ് ബ്യാപാരി നോവലിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.
നീതിന്യായ വ്യവസ്ഥയുടെ കാപട്യം, സാമൂഹികപരമായ വർഗ്ഗീയത, മനുഷ്യത്വരഹിതമായ പെരുമാറ്റം, ജയിലിനുള്ളിൽ സൃഷ്ടിക്കപ്പെടുന്ന ഭിന്നിപ്പുകൾ തുടങ്ങി ജയിൽ മതിലുകൾക്കുള്ളിൽ നടക്കുന്ന നിരവധി കാര്യങ്ങൾ നോവലിൽ കടന്നു വരുന്നുണ്ട്. അത്തരമൊരു ജയിലിൽ എത്തപ്പെട്ട അഞ്ച് നക്സലുകൾ ഒരു ജയിൽ തകർക്കാൻ പദ്ധതിയിടുകയാണ് . അവരുടെ വിപ്ലവം തുടരണമെങ്കിൽ അവർ സ്വയം സ്വതന്ത്രരാകണം. അവരുടെ വിധിയിൽ അവർക്കു പരാതികളില്ല ,പരിഭവങ്ങളില്ല.തങ്ങൾക്കു എന്ത് സംഭവിച്ചാലും ഭരണകൂട അധികാരം പിടിച്ചെടുത്ത് വിപ്ലവകരമായ ഒരു പരിവർത്തനം നടത്തണമെന്നു അവർ സ്വപനം കണ്ടു.
പുതുതായി നിയമിതനായ ജയിലറായ ബിരേശ്വർ മുഖർജിയുടെ കഥ പറഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. ഇരുപത്തഞ്ചു വർഷത്തെ സർവീസ് അനുഭവപരിചയമുണ്ടായിട്ടും തനറെ ജയിലിലെ പ്രത്യക സെല്ലിൽ കിടക്കുന്ന നക്സലുകളെ അദ്ദേഹം ഭയപ്പെടുന്നു.അവരുടെ നീക്കങ്ങളെ ശ്രദ്ധിക്കാനും പദ്ധതികളെ ചോർത്താനും ജയിൽ ഉദ്യോഗസ്ഥർ ഒരു ചെറുകിട കള്ളനായ ഭഗൊബാനെ പോലുള്ള ചില ചാരന്മാരെയും നിയോഗിച്ചിട്ടുണ്ട് . ജയിലിലെ ഡോക്ടറുടെ കഥാപാത്രം നക്‌സൽ പ്രത്യയശാസ്ത്രത്തെ നിസ്സംഗതയോടെ ഉയർത്തിപ്പിടിക്കുന്ന ഒന്നാണ്.
വിപ്ലവം, സ്വാതന്ത്ര്യം, വിശ്വസ്തത, കപട ദേശീയത ,കുറ്റബോധം, വിശ്വാസവഞ്ചന, ത്യാഗം, കടമ എന്നിവയുടെയൊക്കെ ഓരോരോ പ്രതീകങ്ങളായി ബന്ധിപ്പിച്ചു നിർത്താൻ ചെറുതല്ലാത്ത ഒരു ശ്രമം നടത്തിയിട്ടുണ്ട്.
സംഭവബഹുലമാണ് മനോരഞ്ജൻ ബ്യാപാരിയുടെ എഴുത്തു ജീവിതത്തിനു മുൻപുള്ള ജീവിതം. 1950 ൽ മുൻ കിഴക്കൻ പാകിസ്ഥാനിലെ ഒരു ഗ്രാമത്തിലാണ് മനോരഞ്ജൻ ബ്യാപാരിയുടെ ജനനം.വിഭജനശേഷം ഇന്ത്യയിലെ പശ്ചിമ ബംഗാളിൽ കുടിയേറുകയായിരുന്നു കുടുംബം. പശുക്കളെയും ,ആടുകളേയും മേച്ചു നടക്കുകയും, അതിനു ശേഷം ചായക്കടകളിലും, ഹോട്ടലുകളിലും പണി ചെയ്തു നടന്നിരുന്നതിനാൽ സ്‌കൂളിൽ പോക്ക് എന്നൊരു സംഗതി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. നക്സലിസ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായിരുന്നു ബ്യാപാരി,അത് പക്ഷെ ജയിലിൽ കിടക്കാനും കാരണമായി. അവിടെ വച്ചാണ് എഴുതാനും ,വായിക്കാനും പഠിച്ചത്. മഹാശ്വേതാ ദേവിയുമായുള്ള കണ്ടുമുട്ടലായിരുന്നു എഴുത്തുജീവിതത്തിലേക്കു കാലെടുത്തുവെയ്ക്കാനിടയായത്.
സ്റ്റീവ് അൻഡേഴ്സന്റെ മധ്യവേനൽ അവധിക്കാലം -ഒന്നാം പുസ്തകം
കുട്ടിക്കാലത്തെക്കുറിച്ച് ആലോചിക്കാൻ ശ്രമിച്ചാൽ നിരവധി കാര്യങ്ങൾ ചിലപ്പോൾ നമ്മുടെ മനസ്സിലേക്കോടി വരും.വീട്ടിൽ നടന്ന മറക്കാൻ പറ്റാത്ത സംഭവങ്ങൾ,അമ്മൂമ്മയുടെയും,മുത്തച്ഛന്റേയും കൂടെയുള്ള അനുഭവങ്ങൾ, അവർ പറഞ്ഞു തന്നിരുന്ന പല പല കഥകൾ,അവധിക്കാലത്തെ യാത്രകൾ, അച്ഛനോ അമ്മയോ വായിച്ചു കേൾപ്പിച്ചു തന്നിരുന്ന ബാലമാസികകളിലെ കഥകൾ ,അവധി ദിവസങ്ങളിൽ മുടങ്ങാതെ കണ്ടിരുന്ന കാർട്ടൂണുകൾ, ടിവി പരിപാടികൾ, ട്യൂഷന് പോക്ക്,സ്കൂൾ കാലഘട്ടത്തിലെ ആദ്യ പ്രണയം,സ്കൂളിലെ കൂട്ടുകാരുമൊന്നിച്ചുള്ള സാഹസികവും അല്ലാതെയുമുള്ള യാത്രകൾ.. എന്നിങ്ങനെ പറയാൻ തുടങ്ങിയാൽ നിരവധിയുണ്ട്.
സ്റ്റീവ് ആൻഡേഴ്സന്റെ മധ്യവേനൽ അവധിക്കാലം എന്ന ഒന്നാം പുസ്തകവും കൈകാര്യം ചെയ്യപ്പെടുന്ന വിഷയം ഏതാണ്ടിതൊക്കെ തന്നെയാണ്. കാലദേശസ്ഥലികൾ മാറിയാലും അവയിൽ മേല്പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊന്ന് കാണാതിരിക്കില്ല.
ഗോവയിലെ കലാൻഗുട്ടിൽ ബാർ എക്ലിപ്സ് എന്ന ബാർ നടത്തുകയാണ് ലണ്ടൻകാരിയയായ കാരെനും ഭർത്താവ് ക്രെയ്‌ഗും.തന്റെ ആ പ്രിയപ്പെട്ട ബാറിലിരുന്നുകൊണ്ടു നോവലിന്റെ ആഖ്യാതാവും നായകനുമായ സ്റ്റീവ് തന്റെ ബാല്യകാല ഓർമകളെ കുറിച്ച് പങ്കുവെയ്ക്കുകയാണ് മധ്യവേനൽ അവധിക്കാലം :അത് നീയായിരുന്നോ ? എന്ന ആദ്യ പുസ്തകത്തിൽ. പുരുഷന്മാരുടെ മനസ്സ് വായിക്കാൻ അതിവിദഗ്ദ്ധരാണ് സ്ത്രീകൾ എന്നാണ് സ്റ്റീവ്ന്റെ അഭിപ്രായം. കാരെന്റെ നിർബന്ധത്തിനു വഴങ്ങി സ്റ്റീവ് തന്റെ ഓർമ്മകളുടെ ആ നല്ല കാലത്തെ കുറിച്ചു മനസ്സ് തുറക്കുന്ന രീതിയിലാണ് നോവൽ അവതരിപ്പിച്ചിട്ടുള്ളത്.
1974 ജൂണിലെ ഒരു സ്കൂൾ അവധി വേനൽക്കാലത്ത്, പതിനൊന്ന് വയസ്സുള്ള സ്റ്റീവ് ,പത്ത് വയസ്സുള്ള ലോറൈനെ ആദ്യമായി കണ്ടുമുട്ടുന്നതും ,അന്ന് മുതൽ പ്രായപൂർത്തിയാകുന്നതിലേക്കുള്ള അവരുടെ യാത്രകളുമാണ് ഈ പുസ്തകത്തിലുള്ളത് . നമ്മുടെ ചിലരുടെയെങ്കിലും ബാല്യകാലത്തെക്കുറിച്ചോർക്കുമ്പോൾ കടന്നു വരാൻ സാധ്യതയുള്ള സാഹസികത നിറഞ്ഞ യാത്രകളും,അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമൊക്കെ തന്നെയാണ് സ്റ്റീവിനും പറയാനുള്ളത്. ബാല്യകാലത്തെ നിഷ്കളങ്കമായ ജിജ്ഞാസകളും,അത് സൃഷ്ടിക്കുന്ന സങ്കീർണ്ണത നിറഞ്ഞ യാത്രകളും, ആശയകുഴപ്പങ്ങളുമൊക്കെ ഇവിടെയും കടന്നു വരുന്നുണ്ട്. കുട്ടിക്കാലത്തു വളരെ ആഗ്രഹിച്ച ഒരു വസ്തു സ്വന്തമാക്കാൻ പണിപ്പെടുകയും അത് കൈയ്യിൽ കിട്ടുന്ന നിമിഷം വരെ അനുഭവിക്കുന്ന ആകാംക്ഷയും, ഉത്കണ്ഠയുമൊക്കെ വായനക്കാരിലും സൃഷ്ടിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു . നാളുകൾക്കു ശേഷം ഒരു പ്രത്യേക സാഹചര്യത്തിൽ അവർക്കു പിരിയേണ്ടിവരികയും, മുതിരുന്നതോടെ കുട്ടിക്കാലത്തുണ്ടായിരുന്ന അവരുടെ ആ നിഷ്കളങ്കത മങ്ങുകയും ,ലോകത്തിന്റെ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ പുറപ്പെട്ടിറങ്ങുന്ന അവരുടെ മറ്റൊരു വശവും നമുക്കിതിൽ കാണാം.ലോറൈനെ കണ്ടെത്താനുള്ള സ്റ്റീവിന്റെ ശ്രമങ്ങളെ കുറിച്ചാണ് നോവലിന്റെ അവസാന ഭാഗത്തുള്ളത്. ഒന്നാം പുസ്തകം അവസാനിക്കുന്നതും അതെ കുറിച്ചു പറഞ്ഞുകൊണ്ടാണ്. ഇതിന്റെ രണ്ടാം ഭാഗം ഉടനെ പ്രതീക്ഷിക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ വായിച്ചു തീർക്കാവുന്ന ഒരു ചെറു പുസ്തകമാണിത്. അമീഷിന്റെ രാവണൻ,ചേതൻ ഭഗത്തിന്റെ 105-ാം മുറിയിലെ പെണ്‍കുട്ടി തുടങ്ങിയ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കബനി സി തന്നെയാണ് ഈ പുസ്തകം നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. വീസീ ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
ഒരു പ്രദേശത്തിന്റെ ചരിത്രം പറയുന്ന ബാഗ്ദാദ് ക്ലോക്ക്
അറബി ഫിക്ഷനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതാ എഴുത്തുകാരിയായി ചരിത്രം കുറിച്ച വ്യക്തിയാണ് ഷഹാദ് അൽ റാവി. അവരുടെ ആദ്യത്തെ നോവലായ ബാഗ്ദാദ് ക്ലോക്ക് എഡിൻബർഗ് ബുക്ക് ഫെസ്റ്റിവലിൽ പുരസ്‌കാരം നേടുകയുമുണ്ടായി.
മാതൃഭൂമിയുടെ തിരുവനന്തപുരത്തു നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലായ MBIFL ലിൽ എഴുത്തുകാരിയായ ഷഹാദ് അൽ റാവി പങ്കെടുക്കുക്കയും, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഇടയ്ക്കിടെ അവരുമായുള്ള അഭിമുഖങ്ങൾ പ്രത്യക്ഷപ്പെടാറുള്ളതുകൊണ്ടും മലയാളികൾക്ക് അവർ ഒട്ടും അപരിചിതയല്ല.
തൊണ്ണൂറുകളുടെ തുടക്കത്തിലെ ഗൾഫ് യുദ്ധസമയമാണ് നോവൽ പശ്ചാത്തലം. എങ്കിൽ കൂടിയും പ്രമേയപരമായി യുദ്ധകേന്ദ്രീകൃതമായ ഒരു വിഷയമൊന്നുമല്ല നോവൽ കൈകാര്യം ചെയ്യുന്നത്. യുദ്ധം തുടങ്ങുന്നതിനു മുൻപുള്ള ഉപരോധവും ,അസ്വസ്ഥമായ സമാധാനവും പിന്നീട് യുദ്ധം സൃഷ്‌ടിച്ച ആഘാതങ്ങളുമൊക്കെയാണ് നോവലിൽ കടന്നു വരുന്നത്.
യുദ്ധത്തിന്റെ തുടക്കത്തിൽ ബാഗ്ദാദ് പരിസരത്തിലുള്ള ഒരു അഭയകേന്ദ്രത്തിലേക്കു വായനക്കാരെ കൊണ്ടുപോകുകയാണ് നോവലിലെ പേരില്ലാത്ത ആഖ്യാതാവ്. അവിടെ വച്ച് കണ്ടുമുട്ടുകയും സുഹൃത്തുക്കളാകുകയും ചെയ്യുന്ന നാദിയ എന്ന പെൺകുട്ടിയും അവരുടെ സൗഹൃദങ്ങളിലൂടെയുമൊക്കെയാണ് നോവൽ വളർന്നു തിടം വയ്ക്കുന്നത്.
സ്കൂളിൽ അവർ ഒരുമിച്ചാണിരിക്കുന്നത് . അവർ പരസ്പരം സ്വപ്നങ്ങളും, അഭിലാഷങ്ങളും പങ്കുവെയ്ക്കുകയും ചെയ്യുന്നു. അവരുടെ സൗഹൃദങ്ങൾക്കിടയിൾ മറ്റു ചിലരും എത്തിച്ചേരുന്നു . പ്രണയവും പ്രണയനാന്തര ജീവിതവുമൊക്കെ വളരെ സ്വാഭാവികമായി തന്നെ നോവലിൽ കടന്നു വരുന്നു . അവരുടെ വീടിനടുത്തുള്ള ഓരോ കുടുംബവും തങ്ങളുടെ സുരക്ഷയും ,ജീവിതവും അന്വേഷിച്ചു കടന്നു പോകുന്നത് നിരാശയോടെ നെടുവീർപ്പോടെ നോക്കി നിൽക്കേണ്ടി വരുന്നുണ്ട് ആഖ്യാതാവിന്.
ഉത്തമസുഹൃത്തായി മാറിയ നാദിയയുടെ കഥകൾ പറയുക മാത്രമല്ല, സ്വന്തം അനുഭവങ്ങളിലൂടെ അവരുടെ സമീപസ്ഥലികളെകുറിച്ചും ആഖ്യാതാവ് വാചാലയാകുന്നുണ്ട് . കഥ പറച്ചിൽ പുരോഗമിക്കുമ്പോൾ തന്നെ കഥാപരിസരം പതിയെ ചുറ്റുമുള്ള അയൽ പ്രദേശങ്ങളിലേക്കും,നിരവധി വ്യക്തികളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുന്നുണ്ടവർ.
ദിവസങ്ങൾ പോകെ പോകെ ഭക്ഷണം ദുർലഭമായിത്തീരുകയും,വീടുകളിലെ പല വസ്തുക്കളും വിൽക്കേണ്ടിവരുന്ന ഒരു അവസ്ഥയിലേക്കെത്തിച്ചേരുകയും ചെയ്യുന്നു. രാജ്യത്തിൽ സാമ്പത്തിക അരാജകത്വം പിടിമുറുക്കുന്നു. പൊതുവേയുള്ള ദാരിദ്ര്യത്തിനും പുറമെ യുദ്ധം സൃഷ്‌ടിച്ച ആശങ്ക, യഥാർത്ഥ ശത്രു ആരാണെന്നും, എവിടെ നിന്നുമാണവർ വരുന്നതെന്നും അറിയാത്ത ഒരു മാനസികാവസ്ഥ ഇതെല്ലാം അവർക്കു മുന്നിലുള്ള വെല്ലുവിളികളാകുകയായിരുന്നു .അത്തരമൊരു സമയത്താണ് ഭൂതകാലത്തിന്റെയും, വർത്തമാനകാലത്തിന്റെയും, ഭാവിയിലേക്കുള്ള അവസരത്തിന്റെയും പ്രതീകമായി കരുതപ്പെടുന്ന ബാഗ്ദാദ് ക്ലോക്ക് നശിപ്പിക്കപ്പെടുന്നത് .
നോവലിന്റെ ഒരറ്റെത്തുമ്പോൾ പുതിയ ഇറാഖ് യുദ്ധങ്ങളിലേക്കും ,പ്രക്ഷുബ്ദതയിലേക്കും കഥാഗതി നിരങ്ങി നീങ്ങുന്നുമുണ്ട്. എങ്കിൽ തന്നെയും നേരത്തെ സൂചിപ്പിച്ചപോലെ യുദ്ധം നേരിട്ടു കടന്നുവരുന്നൊന്നുമില്ല. യുദ്ധം വന്നതുകൊണ്ടുണ്ടായ ആഘാതങ്ങളും ,പാലയാനങ്ങളും കുട്ടിക്കാലം മുതൽ കഥ പറച്ചിലുകാരി അനുഭവിച്ചുപോന്ന മാനസിക സംഘർഷങ്ങളുമൊക്കെയാണ് നോവലിന്റെ ആദ്യഭാഗങ്ങളിലേറെയും നമുക്ക് കാണാനാവുക.
മദ്ധ്യവർഗ്ഗത്തിൽപ്പെട്ടവർ ഭരണകൂടത്തിന്റെ മക്കളാണ്, ദരിദ്രർ രാജ്യത്തിന്റെയും.യുദ്ധത്തേക്കാൾ വൃത്തികേട്ടതായി മറ്റെന്തെങ്കിലുമുണ്ടോ എന്ന് എഴുത്തുകാരി നമ്മോടു ചോദിക്കുന്നു.പട്ടിണിക്കിടുകയും ,അതിനുശേഷമവർക്കുമേൽ ബോംബു വർഷിക്കുകയും ചെയ്യുമ്പോൾ സംസ്കാരമെന്നതുകൊണ്ടു
എന്താണര്‍ത്ഥമാക്കുന്നത്?പരസ്പരണനശീകരണത്തിനുള്ള ഏറ്റവും നീചമായ മാർഗ്ഗങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുമ്പോൾ മാനവികതയുടെ പുരോഗതിയെന്നാൽ എന്താണ്? നോവൽ അവസാനിക്കുമ്പോൾ ഉത്തരം നല്കാൻ ബുദ്ധിമുട്ടുള്ള ഈ ചോദ്യങ്ങൾ തന്നെയാകും നമ്മളിലവശേഷിപ്പിക്കുക.
പുസ്തകത്തിന്റെ ഒടുവിൽ പറഞ്ഞിരിക്കുന്നതുപോലെ ബാഗ്ദാദ് ക്ലോക്ക് ഒരു പ്രദേശത്തിന്റെ ചരിത്രരേഖതന്നെയാണ് പറയുന്നത് .
അറബിയിൽ എഴുതപ്പെട്ട ഈ നോവൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത് ലൂക്ക് ലീഫ്ഗ്രെനാണ്.
അനിതാ നായരുടെ കൃഷ്ണ Chain of Custody ,ഭുവന ,ചാർലി ചാപ്ലിന്റെ ആത്മകഥ,ഷൂസെ സരമാഗോയുടെ കുരുന്നോർമകൾ തുടങ്ങിയവ മലയാളത്തിലേക്ക് പരിചയപ്പെടുത്തിയ സ്മിതാ മീനാക്ഷിയാണ് ബാഗ്ദാദ് ക്ലോക്കും നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. മാതൃഭൂമിയാണ് പ്രസാധനം, വില 330 രൂപ.
അനന്തരം കൗരവപക്ഷത്തു നിന്നുകൊണ്ടുള്ള ഒരു നോവൽ
മഹാഭാരതമെന്ന സമുദ്രത്തിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. അതിലെ കഥാപാത്രങ്ങൾക്ക് മേന്മയുള്ളതെന്നും, അതില്ലാത്തതെന്നുമൊക്കെയുള്ള തരംതിരിവുകളും ചർച്ചകളും പലപ്പോഴും കാണാറുമുണ്ട് . ഓരോ കഥാപാത്രവും കെട്ടിയാടേണ്ട വേഷങ്ങൾ സമയാസമയത്ത് അരങ്ങത്തു കൊണ്ടുവരാൻ വ്യാസൻ കാണിച്ച അതിബുദ്ധിയെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. അവിടെ സംഭവിക്കുന്ന ഓരോരോ സംഭവങ്ങൾക്കും ന്യായാന്യായ വിശകലനങ്ങൾക്കുള്ള സാധ്യതകൾ കൂടി തുറന്നിട്ടുകൊണ്ടാണ് ജയം എന്നറിയപ്പെടുന്ന മഹാഭാരതത്തിന്റെ സൃഷ്ടികർമ്മം വ്യാസൻ നടത്തിയിരിക്കുന്നത്. ഓരോ തവണ വായിക്കുമ്പോഴും പുതുചിന്തകളും, വ്യാഖ്യാനങ്ങളുമുണ്ടാകുന്നത് അതുകൊണ്ടാണ്.
പതിനെട്ടു ദിവസം നീണ്ടു നിന്ന അതിഘോരമായ യുദ്ധം കഴിഞ്ഞു. പുറമെ എല്ലാം ശാന്തമായി. എന്നാൽ യുദ്ധാനന്തരം കുരുവംശരാജാവിന്റെ മനസ്സിൽ എന്തൊക്കെയായിരിക്കണം കടന്നു പോയിട്ടുണ്ടാകുക. വ്യാസന്റെ അനുഗ്രഹത്താൽ ജനിച്ച മക്കളിൽ ,പെണ്ണായിപ്പറന്നതുകൊണ്ടു മാത്രം ജീവനോടെയിരുന്ന ദുശ്ശള മാത്രം അവശേഷിച്ചു. പക്ഷെ തനറെ സഹോദരന്മാരുടെ വിധവയാക്കപ്പെട്ട ഭാര്യമാരുടെ കൂടെ അവളും വിധവവേഷം കെട്ടിയാടുകയാണ്. ധൃതരാഷ്ട്രർക്ക് മക്കളിൽ ഒരാളെയെങ്കിലും കിട്ടി,പക്ഷെ മറുവശത്തു പാണ്ഡവപുത്രരിൽ ആരും തന്നെ അവശേഷിപ്പിച്ചിട്ടില്ല.യുദ്ധാനന്തരം ധർമ പുത്രർ രാജ്യഭരണമേറ്റു. സദ്ഭരണം തന്നെയാണ് നടക്കുന്നത്. എവിടേയും സമൃദ്ധിയും, സമാധാനവും തിരികെ വന്നുകൊണ്ടിരിക്കുന്നു. ധൃതരാഷ്ട്രരും , ഗാന്ധാരിയും ഹസ്തിനപുരം കൊട്ടാരത്തിൽ തന്നെയാണ്. അവരുടെ സംരക്ഷണച്ചുമലത ഇപ്പോഴത്തെ രാജാവിനു തന്നെയാണ്. ആർക്കും ഒരു പരാതിയും ഇല്ലാതെ തന്നെയാണ് രാജാവ് അതെല്ലാം നോക്കി നടത്തുന്നത്.
എല്ലാവരാലും ഒറ്റപ്പെട്ട് ,മക്കൾ നഷ്ടപ്പെട്ട ദുഖത്തിലും ആകുലതകളിലും കഴിയുന്ന ധൃതരാഷ്ട്രരുടെ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകളാണ് നോവലിലുടനീളം. ജീവിക്കാൻ ഇനിയൊരു കാരണം കണ്ടെത്തേണ്ട അയാളുടെ മനസ്സിൽ കഴിഞ്ഞ സംഭവങ്ങളെല്ലാം കടന്നു വരികയാണ്. താൻ കാരണമാണോ ഈ യുദ്ധമുണ്ടായതെന്നു അയാൾ ചിന്തിക്കുന്നു. യുദ്ധം ഒഴിവാക്കാൻ തനിക്കു കഴിയുമായിരുന്നില്ല?അമിത പുത്ര സ്നേഹത്താൽ താൻ എല്ലാത്തിനും അനുവാദം കൊടുക്കയായിരുന്നോ എന്നൊക്കെ അയാൾ ചിന്തിച്ചു കൂട്ടുന്നു. ധൃതരാഷ്ട്രരുടെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളുടെ കുരുക്കഴിക്കുയാണ് ഈ നോവലിൽ എഴുത്തുകാരൻ ചെയ്തിരിക്കുന്നത്.
കൗരവർ ഭീമൻ വിഷം നൽകി ഗംഗയിലെറിഞ്ഞതിനും, അരക്കില്ലത്തിൽ പാണ്ഡവരെ ചുട്ടുകൊല്ലാൻ നോക്കിയതിനും,ദ്രൗപദിയുടെ വസ്ത്രാക്ഷേപ സമയത്തെ മൗനത്തിനും, ചൂതുകളിക്കായി പാണ്ഡവരെ ക്ഷണിക്കാൻ പറഞ്ഞതിനും, വിദുരർ പറഞ്ഞിട്ടും പ്രിയ പുത്രൻ ദുര്യോധനനെ ഒഴിവാക്കാതെ യുദ്ധം തുടർന്നതിനും ,ഭീമനെ ഞെക്കി കൊല്ലാൻ ശ്രമിച്ചെന്ന് പറയുന്ന ധൃതരാഷ്‌ട്രാലിംഗനത്തിനും ധൃതരാഷ്ട്രർക്ക് അയാളുടേതായ യുക്തിയും , ന്യായവുമുണ്ട്. അതൊക്കെയാണ് ഈ നോവലിൽ അയാളുടെ ചിന്തകളിലൂടെ നമുക്ക് മൂന്നിലെത്തുന്നത്.
മനോഹരമായി തന്നെ മഹാഭാരതത്തിലെ മുഹൂർത്തങ്ങൾ കൈലാസ് നാരായണൻ എന്ന എഴുത്തുകാരൻ ഈ നോവലിൽ വരച്ചു ചേർത്തിട്ടുണ്ട്. ആഖ്യാനശൈലികൊണ്ടും , പ്രമേയം കൊണ്ടും വളരെ നിലവാരം പുലർത്തുന്ന ഒരു നോവൽ തന്നെയാണിത്. ഗ്രീൻ ബുക്ക്സ് ആണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്, വില 110 രൂപ







