കടത്തനാട്ട് മാധവിയമ്മയുടെ പയ്യംവെള്ളി ചന്തു

 

മലയാള സാഹിത്യത്തിലെ  സ്ത്രീ എഴുത്തുകാരുടെ കൂട്ടത്തിലെ   എണ്ണംപറഞ്ഞ എഴുത്തുകാരുടെ ഗണത്തിൽപ്പെടുത്താവുന്ന ഒരു വ്യക്‌തിയാണ്‌ കടത്തനാട്ട് മാധവിയമ്മ . അവരുടെ ഗ്രാമീണത തുടിയ്ക്കുന്ന കവിതകൾ വായിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ഒട്ടുമേ കൃത്രിമത്വമില്ലാത്ത ,നിഷ്കളതയും, ഗ്രാമീണതയും തുടിയ്ക്കുന്ന കവിതകളായിരുന്നു അവരിൽ നിന്നും ഏറെയും പിറന്നു വീണത്. കടത്തനാട്ട് മാധവിയമ്മയുടെ സർഗ്ഗജീവിതം  കേരളത്തിലെ ദേശീയപ്രസ്ഥാനവുമായി ഇഴ ചേർന്നാണ് കിടക്കുന്നത്. അവരുടെ ഏഴുത്തു ജീവിതത്തെ അനുഭവിച്ചറിഞ്ഞവർക്ക് അതെളുപ്പം മനസ്സിലാകുകയും ചെയ്യും .

വടക്കൻ പാട്ടുകളിൽ പാടികേട്ട അല്ലെങ്കിൽ കേട്ടുകൊണ്ടിരിക്കുന്ന ഒരുപാട് കഥകളും ഐതിഹ്യങ്ങളുമുണ്ട് . അങ്ങനെയുള്ള നിരവധി കഥകളിലെ  ഒരു  സംഭവമാണ് പയ്യംവെള്ളി ചന്തു എന്ന ഈ നോവലിനാധാരം.

തച്ചോളി മാണിക്കോത്ത് കോവിലകത്തായിരുന്നുവല്ലോ   ഒതേനന്റെ ജനനം.ആയോധന കലയിലും അഭ്യാസമുറകളിലും ആഗ്രഗണ്യനായിരുന്നു ഒതേനൻ.ചിണ്ടൻ നമ്പ്യാരുമായി അങ്കം കുറിച്ച ഒതേനന് അപകടം പിണയാൻ സാദ്ധ്യതയുണ്ടെന്നറിഞ്ഞു അദ്ദേഹത്തെ  പൂഴിക്കടകൻ പഠിപ്പിക്കുന്നത് ഉറ്റ മിത്രമായിരുന്ന പയ്യംവെള്ളി ചന്തുവായിരുന്നു. എല്ലാ അടവുകളിലും തെളിഞ്ഞു പയറ്റാൻ പ്രാവീണ്യമുണ്ടായിരുന്ന,
 മുപ്പത്തിരണ്ടാം വയസ്സിൽ തന്നെ അറുപത്തിനാല് അങ്കങ്ങൾ ജയിച്ച കടത്തനാടിൻറെ വീരപുത്രനായ തച്ചോളി  ഒതേനൻ ഒരു ചതിയാലെ കൊല്ലപ്പെടുകയാണുണ്ടായത്.അതിനെ സംബന്ധിച്ച് നിരവധി കഥകൾ പ്രചാരത്തിലുണ്ട്. 

എന്നാൽ കടത്തനാട്ട് മാധവിയമ്മയുടെ പയ്യംവെള്ളി ചന്തു എന്ന നോവൽ ഒതേനന്റെ വീര സാഹസിക കഥകൾ അല്ല പറയുന്നത്. ഒതേനന്റെ ചങ്ങാതി കൂടിയായ പയ്യംവെള്ളി ചന്തുവിന്റെ ജീവിതത്തിലെ  വളരെ ചെറിയ ഒരു താൾ മാത്രമാണ് ഈ ചെറുനോവലിലുള്ളത്. 

കോട്ടയം പഴശ്ശി കോലോത്തെ ഒരു തമ്പുരാന്റെ ചില ചെയ്തികൾ മൂലം  കുപിതനായ മുത്തപ്പന്റെ അപ്രീതിമൂലം  കോവിലകത്തിന്റെ നാശം സംഭവിച്ചെന്നുമുള്ള ഒരു  ഐതിഹ്യം നിലനില്ക്കുന്നുണ്ട്.  പിന്നീട് എപ്പോഴോ നടന്ന ഒരു പോരിൽ മുലകുടി മാറാത്ത ഒരു പെൺകുഞ്ഞു  മാത്രമേ അവിടെ ജീവനോടെ ശേഷിച്ചിരുന്നുള്ളൂ എന്നും പറയപ്പെടുന്നു . ആ പെൺകുഞ്ഞിനെ മലയാംവെള്ളി   ഇല്ലത്തെ  കുങ്കു നമ്പൂതിരി എടുത്തു കൊണ്ടുപോയി സംരക്ഷിച്ചു.അവൾക്ക് അമ്മിണി എന്ന പേരിട്ടു വിളിച്ചു.പതിമൂന്നു വയസ്സ് വരെ അവളവിടെ പാർത്തു . ഈ സമയം നാട്ടു പ്രമാണിമാർ തങ്ങളുടെ ഇഷ്ടാനുസരണം ഭരണം  നടത്തി പോന്നു.

അവൾ വളർന്നപ്പോൾ കോവിലകവും, രാജ്യവും വീണ്ടെടുത്ത് അമ്മിണിയ്ക്കു നൽകണമെന്ന് കുങ്കു നമ്പൂതിരിയ്ക്ക് വിചാരമുണ്ടായി .എന്നാൽ നാട്ടു പ്രമാണിമാരെ അങ്ങനെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ആ സാധു നമ്പൂതിരിയ്ക്കു ഒറ്റയ്ക്ക് കഴിയുമായിരുന്നില്ല. പ്രമാണിമാരെ അനുസരിപ്പിക്കാൻ തന്റെ സുഹൃത്തും, തന്ത്രശാലിയും ,പടക്കുറുപ്പുമായ പയ്യംവെള്ളി ചന്തുവിനെ വിളിച്ചു വരുത്തി സഹായം അഭ്യർത്ഥിച്ചു. നാക്കുകൊണ്ടും,വാൾ കൊണ്ടും ഇടപെട്ടാലെ ഈ വിഷയത്തിൽ ഒരു തീരുമാനം കാണാനാകൂ എന്ന് രണ്ടുകൂട്ടർക്കും ബോധ്യമുണ്ടായിരുന്നു.

മലയാംവെള്ളി ഇല്ലത്തു എത്തിയ  ചന്തു സുന്ദരിയായ അമ്മിണിയെ കാണുകയും അവരെ സഹായിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ വാൾ കൊണ്ട് മാത്രം ആളുകളെ കീഴടക്കാനറിയാമായിരുന്ന ചന്തുവാകട്ടെ പ്രമാണിമാരെ നേരിടാൻ സുഹൃത്തായ ഒതേനന്റെ  സഹായവും തേടി.ഒതേനൻ നാട്ടുപ്രമാണിമാരുടെ ഒരു യോഗം വിളിച്ചുകൂട്ടി  എതിർപ്പുകളെയെല്ലാം  ഒഴിവാക്കി അമ്മിണിയെ  കോവിലകത്തെ തമ്പുരാട്ടിയായി വാഴിച്ചു.

കാലം പോകെ പോകെ  വായനാട്ടിയിലെ ഒരു നാട്ടുവഴിയായ പുന്നോറാൻ കേളു പാട്ട ബാക്കി കൊടുതിക്കാതെ വെല്ലുവിളി ഉയർത്തി.കേളുവിന്റെ അഹങ്കാരം തീർക്കാൻ ചന്തു വയനാട്ടിലേക്ക് പട നയിച്ചു. അങ്കത്തിൽ ചന്തു ജയിക്കുകയും കോട്ട പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ കോട്ടയക്കകത്തു വെച്ച് ശത്രുവിന്റെ ആയുധം നേരിടാനാകാതെ ആ വീരൻ  മരണം വരിച്ചു എന്നാണ് പറയപ്പെടുന്നത്. ആയോധന കലയിലെ സർവ കഴിവുകളും ഉണ്ടായിരുന്ന ഒരുവൻ അങ്ങനെ മരണപ്പെട്ടതിൽ സംശയമുളവാക്കുന്നതാണ്. എന്നാൽ വടക്കൻ പാട്ടുകളിൽ ഇതിനെപറ്റി വ്യത്യസ്തമായ പല  കഥകളും  കേൾക്കാം .അതിലെ ഒരു കഥയാണ് കടത്തനാട്ട് മാധവിയമ്മ പയ്യം വെള്ളി ചന്തു എന്ന നോവലിൽ പറഞ്ഞിരിക്കുന്നത്. 

മുൻപ് സൂചിപ്പിച്ചതുപോലെ വടക്കൻ പാട്ടുകളിൽ ഈ കഥകൾ പല തരത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ച കഥയുടെ ഒരു വശമാണ് ഈ നോവലിൽ ഉള്ളത്. ഒടുവിൽ, ചന്തു എങ്ങനെ മരിച്ചുവെന്നും ,അതോ ഒതേനനെ പോലെ തന്നെ ചതിക്കപ്പെട്ടതാണോ അല്ലെങ്കിൽ അതൊരു ആത്മഹത്യ ആയിരുന്നുവോ എന്നതിനുമൊക്കെയുള്ള ള്ള ഒരു ഉത്തരം ഈ നോവൽ തരും. 

നല്ല തെളിനീരുപോലെയുള്ള ഭാഷ തന്നെയാണ് നോവലിലുടനീളം കാണാനാകുക.സ്വാതന്ത്ര്യസമരസേനാനിയും  പത്രാധിപരുമായ   ശ്രീ. എ. കെ. കുഞ്ഞികൃഷ്ണ നമ്പ്യാരാണ് മാധവിയമ്മയുടെ ഭര്‍ത്താവ്. സഖാവ് എകെജി യുടെ ജ്യേഷ്ഠസഹോദരനാണ് ഇദ്ദേഹം. 1996 ലെ  സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള കവയിത്രി കൂടിയാണ്  കടത്തനാട്ട് മാധവിയമ്മ . തച്ചോളി ഒതേനന്റെ ജീവചരിത്രവും ഇവർ എഴുതിയിട്ടുണ്ട്. ഇവരുടെ ‘കണിക്കൊന്ന’ എന്ന കൃതിക്ക് മലയാളനാടിന്റെ മികച്ച കവിതയ്ക്കുള്ള അവാർഡും  ലഭിച്ചിട്ടുണ്ട്. 1999-ൽ കടത്തനാട്ട് മാധവിയമ്മ  അന്തരിച്ചു. പൂർണ്ണ പബ്ലിക്കേഷൻസ് പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകത്തിന്റെ വില 65 രൂപയാണ്.  

സായാഹ്നത്തിന്റെ ആകുലതകൾ

   



2020 ലെ ഇന്റർനാഷ്ണൽ ബുക്കർ നേടിയിരിക്കുന്നത് മരിയെക് ലൂക്കാസ് റിജ്‌നിവെൽഡ് എന്ന ഡച്ച് എഴുത്തുകാരിയുടെ സായാഹ്നത്തിന്റെ ആകുലതകൾ എന്ന നോവലിനാണ്. ആ കൊല്ലത്തെ ഇന്റർനാഷ്ണൽ  ബുക്കറിന് ചില പ്രത്യേകതകൾ വേണമെങ്കിൽ അവകാശപ്പെടാം .  ഇതിലേക്കു ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട  ആറ് പുസ്തകങ്ങളിൽ നാലെണ്ണം ആദ്യനോവലെഴുത്തുകാരുടെതാണ് . ആ ആറു പുസ്തകങ്ങളിൽ നാലെണ്ണം സ്ത്രീകളുടേതാണ്.ഈ പുരസ്‌കാരം നേടുന്ന  ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ്   റിജ്‌നിവെൽഡ്,ആദ്യത്തെ ഡച്ചുകാരിയും.ഇന്റർനാഷ്ണൽ  ബുക്കറിന് ആ രാജ്യത്തു നിന്നും അധികം പേരൊന്നും ഇതുവരെ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടില്ല. അങ്ങനെ ചെയ്യപ്പെട്ട മൂന്നാമത്തെ ഡച്ച് എഴുത്തുകാരി  മാത്രമാണിവർ. 

മൂന്ന് ഭാഗങ്ങളുള്ള  ഈ നോവൽ  ആരംഭിക്കുന്നത് ക്രിസ്ത്യൻ വിശ്വാസ പ്രമാണങ്ങളെ തീവ്രമായി പിന്തുടരുന്ന ഒരു കർഷക കുടുംബത്തിലെ  നാല് മക്കളിൽ ഒരാളായ  മാത്തീസിന്റെ  മരണത്തെക്കുറിച്ചുള്ള മോശം വാർത്തയുമായാണ് .തന്റെ മൂത്ത സഹോദരനെ നഷ്ടപ്പെട്ട ആ കുടുംബത്തിലെ പത്തു  വയസ്സുള്ള ജാസ് എന്ന  പെൺകുട്ടിയാണ് നമ്മോടു കഥ പറയുന്നത്. ജീവിതം, മരണം, സ്വത്വം, വിശ്വാസം, ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ  വ്യാപിച്ചുകിടക്കുന്ന ഒരു പ്രമേയ പരിസരമാണ് നോവൽ കൈകാര്യം ചെയ്യുന്നത്.

ക്രിസ്മസിന് തൊട്ടുമുമ്പ്  മൂത്തമകൻ മാത്തീസ് സ്കേറ്റിംഗിനിടെ  മുങ്ങിമരിക്കുന്നു.
തന്റെ സഹോദരൻ മാത്തീസിനോടൊപ്പം  ഐസ് സ്കേറ്റിംഗ് നടത്താൻ അനുവദിക്കാത്തതിൽ ദേഷ്യപ്പെടുകയും, അവളുടെ മുയലിന് പകരം അവൻ മരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തവളാണ്  നിഷ്കളങ്കയും, എപ്പോഴും സ്വപ്നം കാണുന്നവളുമായ  പത്തുവയസ്സുകാരി ജാസ്  എന്ന പെൺകുട്ടി. സഹോദരനോടുള്ള ആ നീരസത്തിൽ നിന്നും പുറപ്പെട്ട ദൈവത്തോടുള്ള ആ പ്രാർത്ഥനയാണ് സഹോദരന്റെ  മരണത്തിന് കാരണമായതെന്ന് ജാസ് ഉറച്ചു വിശ്വസിക്കുന്നു. 

മാത്തീസിന്റെ മരണം ആ കുടുംബത്തെ പലതരത്തിലാണ് ബാധിക്കുന്നത്. അവരുടെ പിതാവ് വീടു വിട്ടിറങ്ങി പോകുന്നതിനെക്കുറിച്ചു തരം കിട്ടുമ്പോഴെല്ലാം വൈകാരികമായി സംസാരിച്ചുകൊണ്ടിരുന്നു. അമ്മ ഭക്ഷണം കഴിക്കുന്നത് നിർത്തി. അമ്മ ഭക്ഷണം കഴിക്കാനെടുക്കയും അതുമായി  നിലവറയിലേക്ക് പോകുന്നത് ജാസ് കാണുന്നുണ്ട് . ജൂതരെ  വീടിന്റെ അടിത്തട്ടിൽ അമ്മ ഒളിപ്പിച്ചിരിക്കുകയാണെന്ന് അവൾ  വിശ്വസിക്കുന്നത്.

 തീവ്രദുഃഖത്തിന്റെ പിടിയിൽ പെട്ടുപോകുന്ന ആ മാതാപിതാക്കൾ ,പരിചരണവും സ്നേഹവും ആവശ്യപ്പെടുന്ന  മറ്റ് മൂന്ന് കുട്ടികളുടെ കാര്യം മനപ്പൂർവമല്ലെങ്കിലും ശ്രദ്ധിക്കാതെ പോകുന്നു. കുട്ടികളെക്കാൾ  കന്നുകാലികളെ നന്നായി പരിപാലിക്കുന്നതിലും അവയുടെ കാര്യങ്ങൾ നോക്കുന്നതിലുമാണ് അവർ സമയം കണ്ടെത്തുന്നത്. മാത്തീസിന്റെ മരണം ദൈവത്തിൽ നിന്നുള്ള ശിക്ഷയാണെന്ന തരത്തിലുള്ള സംഭാഷണങ്ങൾ  മാതാപിതാക്കളിൽ നിന്നും  ആ മക്കൾ  കേൾക്കാനിടയാകുകയും ചെയ്യുന്നു.

കഠിനമായ വയറുവേദനയും വിട്ടുമാറാത്ത മലബന്ധവും ജാസ് അനുഭവിക്കുന്നു, അതേസമയം അവളുടെ ചുവന്ന കോട്ട് ഒരിക്കലും  അഴിക്കാൻ കൂട്ടാക്കുന്നുമില്ല.തന്നെ  പുറം ലോകത്തിൽ നിന്നും  സംരക്ഷിക്കുന്ന ഒരു  വസ്തുവായാണ് അവളതിനെ കാണുന്നത്. ലൈംഗികാഭിലാഷങ്ങൾ ഉണർത്തുന്ന ജാസിന്റെ സഹോദരങ്ങൾ  ഫാമിലെ മൃഗങ്ങളെ ദുരുപയോഗം ചെയ്യാനും തുടങ്ങുന്നു.അങ്ങനെ അവർ അവരുടേതായ സ്വന്തം ലോകങ്ങൾ കണ്ടുപിടിക്കുകയും അതിലേക്കു ചുരുങ്ങുകയും ചെയ്യുന്നു.

സ്വന്തം സങ്കടം മനസിലാക്കാനോ,അതിനെ വേണ്ടരീതിയിൽ കൈകാര്യം ചെയ്യാനോ കഴിയാത്ത ജാസ്, അവളനുഭവിക്കുന്ന യാഥാർത്ഥ്യത്തെ വളച്ചൊടിക്കുകയും,അതിനെ  വികൃതമാക്കുകയും ചെയ്യുന്ന ഭയാനകമായ ചിന്തകളും ഭാവനകളും കൊണ്ട് മനസ്സ്‌ നിറയ്ക്കുന്നു . മാത്തീസ്  ജീവിച്ചിരിപ്പുണ്ടായിരുന്ന ആ പഴയ  ദിവസങ്ങളിലേക്കു തിരിച്ചുപോകാൻ  ജാസ് അതിയായി ആഗ്രഹിക്കുന്നുമുണ്ട് .

വേദപുസ്തകത്തിലെ വാചകങ്ങളും, ബൈബിൾ വ്യക്തികളുമായുള്ള താരതമ്യവും  നോവലിൽ അവതരിപ്പിച്ചതിലൂടെ  ആളുകൾക്ക് ദൈവവചനത്താൽ സ്വയം ആശ്വാസം കണ്ടെത്താൻ മാത്രമല്ല , അതിലൂടെ തങ്ങളെത്തന്നെ സ്വയം  വേദനിപ്പിക്കാനും കഴിയും എന്നൊരു സൂചന എഴുത്തുകാരി വായനക്കാർക്കു  തരുന്നുണ്ട്. 
സങ്കീർണ്ണമായ വികാരങ്ങളെ ആകർഷകമായ രീതിയിൽ  അവതരിപ്പിക്കാനുള്ള പാടവം എഴുത്തുകാരി കാണിച്ചിട്ടുണ്ട്. ജാസിന്റെ എപ്പോഴുമുള്ള വയറുവേദനയും,മലബന്ധവും , അവളുടെ സങ്കടത്തിന്റെ ഏറ്റവും വേദനാജനകവും ശാരീരികവുമായ പ്രകടനമാണ്.എങ്കിലും ആവർത്തിച്ചുള്ള ഇത്തരം വിവരണങ്ങൾ വായനക്കാരുടെ നെറ്റിചുളിപ്പിക്കാനും മറ്റും സാധ്യതയുണ്ട്. ജാസിന്റെ  ആകുലതകൾ വായനക്കാർക്കുമേലും ചൊരിഞ്ഞിടാൻ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ സുഖകരമായ ഒരു പാരായണാനുഭവം ഈ നോവൽ സമ്മാനിക്കാനിടയില്ല.

ഹിറ്റ്‌ലറുമായി തനിക്ക്   ഒരു ബന്ധമുണ്ടെന്ന് ജാസ് കരുതുന്നുണ്ട് . അതിനു കാരണമായി പറയുന്നത് അവളുടെയും ,ഹിറ്റ്ലറുടെയും  ജന്മദിനം  ഒരേ  ദിവസമാണ് എന്നാണ്. നോവലിലെ ആഖ്യാതാവ് ഒരു പത്തുവയസ്സുകാരിയാണെന്നതുകൊണ്ടു തന്നെ  അവളനുഭവിക്കുന്ന  ദുഖം കൈകാര്യം ചെയ്യാൻ  വിചിത്രമായ മാർഗ്ഗങ്ങൾ കണ്ടെത്തുന്നത് വായനക്കാരെ തെല്ലൊന്നു അമ്പരിപ്പിച്ചേക്കാം. അവളുടെ കാഴ്ചകളിലൂടെയാണല്ലോ  നോവൽ നമ്മോടു സംസാരിക്കുന്നത്. വെറും പത്തു വയസുള്ള ഒരു പെൺകുട്ടിക്ക് ഈ പുസ്തകത്തിലെ ആഖ്യാതാവിനെപ്പോലെ ഇത്രമേൽ സങ്കീർണ്ണവും,പക്വതയാർന്നതുമായിരിക്കാൻ കഴിയുമോ  എന്ന സംശയം അപ്പോഴും മുഴച്ചു നിൽക്കുന്നു. 

വ്യക്തിപരമായി അനുഭവിച്ച  ആഘാതത്തിൽ നിന്നും പ്രചോദിക്കപ്പെട്ട്   ഒരു കലാസൃഷ്ടി പിറക്കുന്നത്  ഇതാദ്യമായിട്ടൊന്നുമല്ലെങ്കിലും , റിജ്‌നെവെൽഡിന്റെ സായാഹ്നത്തിന്റെ ആകുലതകൾ  എന്ന നോവൽ ഈ വിഭാഗത്തിന് വിലപ്പെട്ട ഒരു കൂട്ടിച്ചേർക്കലാണ് എന്ന് പറയേണ്ടിയിരിക്കുന്നു.


എഴുത്തുകാരി  വളർന്നത് നെതർലാൻഡിലെ നോർത്ത് ബ്രബന്റ് എന്ന പ്രദേശത്താണ്.അവർക്കു മൂന്നുവയസുള്ളപ്പോൾ അപകടത്തിൽ മരിച്ച സഹോദരന്റെ ഓർമകൾ പുസ്തകത്തിന്റെ രചനയ്ക്ക് പ്രചോദമായിട്ടുണ്ട് . നോവലിലെ മാത്തീസിൽ അവർ തനറെ സഹോദരനെ കാണുന്നുണ്ടാകാം.കടുത്ത മതവിശ്വാസങ്ങൾ പേറുന്ന കുടുംബത്തിൽ മാന്ത്രികതയുമായി ബന്ധപ്പെട്ട വർത്തമാനങ്ങൾക്കു വിലക്കുണ്ടായിരുന്നു. എന്നിട്ടും സ്‌കൂൾ വിദ്യാഭ്യാസ കാലത്തു ലൈബ്രറിയിൽ നിന്നെടുത്തു വായിച്ച ഹാരിപോട്ടർ പുസ്തകമാണ് തന്നെ എഴുതാൻ പ്രേരിപ്പിച്ചതെന്ന് റിജ്‌നെവെൽഡ് പറയുന്നു. 

ഈ നോവൽ പൂർത്തിയാക്കാൻ മാരിക്ക് ലൂക്കാസിന് ആറ് വർഷമെടുത്തു. നോവൽ 2018 ൽ പ്രസിദ്ധീകരിച്ചപ്പോൾ നെതർലാന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു. മിഷേൽ ഹച്ചിസൺ ആണ് ഇത് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത്. മലയാളത്തിലേക്ക് പരിച്ചെടുത്തിയിരിക്കുന്നത് രമാ മേനോനും. ഗ്രീൻ ബുക്ക്സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിന്റെ വില 399 രൂപ.

വിഗ്രഹമോഷ്ടാവ്



ഓസ്‌ട്രേലിയൻ പ്രധാമന്ത്രി ടോണി അബോട്ടിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ചു കൗതുകകരമായ  ഒരു വാർത്ത കൂടി 2014 സെപ്റ്റംബർ ആദ്യവാരങ്ങളിലെ  പത്രവാർത്തകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പതിനൊന്നാം നൂറ്റാണ്ടിലെ,കൊള്ളയടിക്കപ്പെട്ട ചില വിഗ്രഹങ്ങൾ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി,മോദിക്ക് തിരികെ നൽകുന്നു എന്നതായിരുന്നു വാർത്ത.
 
 അന്നത്തെ സന്ദർശനത്തിൽ ,ഓസ്‌ട്രേലിയയിലെ ആർട്ട് ഗാലറികൾ വാങ്ങുന്നതിനും മുമ്പ് പിടിക്കപ്പെട്ടതും, തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിച്ചതായി 
ആരോപിക്കപ്പെടുന്നതുമായ രണ്ട് പുരാതന ഹിന്ദു ദേവതകളുടെ പ്രതിമകൾ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട് ഇന്ത്യൻ ഇന്ത്യൻ നരേന്ദ്ര മോദിക്ക് കൈമാറുകയും ചെയ്തു. പതിനൊന്നാം നൂറ്റാണ്ടിലെ  ചോള രാജവംശത്തിൽപ്പെട്ട  നൃത്തം ചെയ്യുന്ന ശിവൻ എന്നറിയപ്പെടുന്ന നടരാജവിഗ്രഹമായിരുന്നു ഒന്ന്. അർദ്ധ പെൺ രൂപത്തിൽ ശിവനെ പ്രതിനിധീകരിക്കുന്ന അർദ്ധനരിശ്വരനാണ്‌ മറ്റൊരു ശില്പം. രണ്ട് പ്രതിമകളും തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിച്ചതായിരുന്നുവന്നു സ്ഥിരീകരിക്കുകയും ചെയ്തു . 

1970 ലെ ഐക്യരാഷ്ട്രസഭയുടെ തീരുമാനം ഇന്ത്യ ആദ്യമായി ഉപകാരപ്പെടുത്തിയ  അവസരമായിരുന്നു അത്. 
സാംസ്കാരിക വസ്തുക്കളുടെ അനധികൃത കച്ചവടത്തെ ചെറുക്കുന്നതിനായി ഒപ്പുവച്ചതാണ് 1970 നവംബർ 14 ന് ഒപ്പുവെച്ച ഈ ഉടമ്പടി.  ഇതു പ്രകാരം പഴക്കമുള്ള പുരാവസ്തു രേഖകൾ  അത് സ്വീകരിക്കുന്ന രാജ്യം നഷ്ടപരിഹാരം ഇല്ലാതെ  കണ്ടു കെട്ടേണ്ടതാണ് . 1972 ൽ ഇന്ത്യാ ഗവണ്മെണ്ടും ഒരു നിയമം പാസ്സാക്കിയിരുന്നു. അതു പ്രകാരം 100 വർഷത്തിലധികം പഴക്കമുള്ള ഒരു പുരാവസ്തുവും, രാജ്യത്തിന് പുറത്തേക്കു കൊണ്ടുപോയതായി കണ്ടുപിടിക്കപ്പെട്ടാൽ ഐക്യരാഷ്ട്രസഭയുടെ നിയമം പ്രകാരം തിരിച്ചേൽപ്പിക്കേണ്ടതാണ്. മേൽസൂചിപ്പിച്ച ആ രണ്ടു വിഗ്രഹ മോഷണം  നടത്തിയ ആ വ്യക്തിയുടെ പേരാണ് സുഭാഷ് കപൂർ. 

കള്ളക്കടത്തുകാരനും കലാ വ്യാപാരിയുമായ സുഭാഷ് കപൂറിന്റെ യഥാർത്ഥ കഥ പറയുകയാണ്  വിഗ്രഹമോഷ്ടാവ് എന്ന പുസ്തകത്തിലൂടെ എസ് .വിജയകുമാർ. കലാ ലോകത്തെ സുപരിചിതനാണ്  ഇന്ത്യൻ വംശജനായ ഈ അമേരിക്കൻ പൗരൻ. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന  പ്രശസ്ത കലാശില്പ  കച്ചവടക്കാരനായിരുന്നു സുഭാഷ് കപൂർ.ആർട്ട് ഓഫ് ദ പാസ്റ്റ് എന്ന ഗ്യാലറി നടത്തിയിരുന്ന  അയാൾ മൂന്നു പതിറ്റാണ്ടുകളോളം തന്റെ ഈ ജോലി തുടർന്നിരുന്നു. 

യുഎസ് അധികൃതർ 2012  ൽ വിഗ്രഹക്കച്ചവടക്കാരനായ സുഭാഷ് കപൂറിന്റെ ഗോഡൗണുകൾ റെയ്ഡ് ചെയ്തപ്പോൾ 100 മില്യൺ ഡോളർ വിലമതിക്കുന്ന  വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. പക്ഷെ അതിനും മുൻപ് അയാളിലൂടെ വിറ്റുപോയ ശില്പങ്ങളുടെ മൂല്യം ഇപ്പോൾ കണ്ടെത്തിയതിനെക്കാളും അനേകമടങ്ങു  ഇരട്ടിയാണ്.

2010  ൽ എ.ഡി. 12-ആം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലെ നടരാജന്റെയും ശിവകാമിയുടെയും വിഗ്രഹങ്ങൾ 8.5 മില്യൺ ഡോളറിനാണ്  കപൂർ വിൽപ്പനയ്ക്ക് വച്ചത്. അതാകട്ടെ നിസ്സാര വിലയ്ക്കു കടത്തിക്കൊണ്ടു വന്നതും. എങ്ങനെയാണു മോഷണം നടത്തുന്നതെന്നും, മോഷണം നടത്തേണ്ട ഇത്തരം ശില്പങ്ങൾ എങ്ങനെ കണ്ടെത്തുന്നുവെന്നും , എല്ലാം കഴിഞ്ഞു ടൺ കണക്കിന് ഭാരമുള്ള ഇത്തരം ശില്പങ്ങളും വിഗ്രഹങ്ങളും എങ്ങനെ ഇന്ത്യയിൽ നിന്നും വിദേശ രാജ്യത്തേക്ക് കടത്തുന്നുവെന്നും ഈ പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 

കപൂറുമായി ബന്ധപ്പെട്ട പുരാതന വസ്തുക്കൾ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നും  പതിയെ ആണെങ്കിലും പുറത്തു വന്നുകൊണ്ടിരുന്നു. കപൂറിന്റെ വ്യാപാര ശൃംഖല അത്രയ്ക്കും  വിപുലമായിരുന്നു. എന്തുകൊണ്ടാണ് തമിഴ്‌നാട്ടിലെ പുരാതന ക്ഷേത്രങ്ങൾ അവർ കൂടുതലായും ലക്ഷ്യമിട്ടതെന്ന് എഴുത്തുകാരൻ  വിശദീകരിക്കുന്നുണ്ട് ഈ  പുസ്തകത്തിൽ. 

ലോകമെമ്പാടുമുള്ള മ്യൂസിയങ്ങൾക്ക് നിരവധി അപൂർവ കരകൗശല വസ്തുക്കൾ, കപൂർ സ്വന്തം പേരിലും തന്റെ കുടുംബാംഗങ്ങളുടെ  പേരിലും സമ്മാനമായി നൽകിയിരുന്നു. വിലകൂടിയ ഇത്തരം സംഭാവനകളിലൂടെ അദ്ദേഹം ഇത്തരക്കാരുടെ സൗഹൃദം പിടിച്ചുപറ്റി. പിന്നീട് വില്പനകൾ വരുമ്പോൾ ഒട്ടും സംശയവും മറ്റു തടസ്സങ്ങളൊന്നുമില്ലാതെ ഇവർക്ക് കരകൗശല വസ്തുക്കൾ കൊടുക്കാനും കപൂറിന് സാധിച്ചു.  ഇതൊരു നോൺ ഫിക്ഷൻ  പുസ്തകമാണെങ്കിലും  ഒരു ക്രൈം ത്രില്ലറിന്റെ എല്ലാ ഘടകങ്ങളും ഇതിൽ  കാണാം. 

കലാ മോഷണവും അതുമായി ബന്ധപ്പെട്ട കള്ളക്കടത്തും സമൂഹത്തിന്റെ ദൃഷ്ടിയിൽ അത്ര ഗൗരവകരമായ ഒരു സംഗതിയല്ല . കാരണം ഇത്തരം മോഷണങ്ങൾ വ്യക്തിപരമായി ആരെയും അധികം വേദനിപ്പിക്കില്ല.കല എന്നത് പൊതുജനത്തിന് അവകാശപ്പെട്ടതാണല്ലോ . അപ്പോൾ നഷ്ടം വ്യക്തിപരമല്ല എന്നത് തന്നെ കാരണം . അന്വേഷണങ്ങൾക്കും , പരാതികൾക്കും വേണ്ടത്ര ആർജ്ജവ്വം ഇല്ലാതെ പോകുന്നതും അതുകൊണ്ടാണ് . ഇത് തടയുന്നതിനായി ശക്തവുമായ നിയമങ്ങളുടെ അഭാവങ്ങൾ തന്നെയാണ് ഒരു കാരണം എന്ന് എഴുത്തുകാരൻ പറയുന്നു. 

സിംഗപ്പൂർ ആസ്ഥാനമായുള്ള ഒരു വൻകിട കയറ്റുമതി കമ്പനിയിലെ ധനകാര്യ, ഷിപ്പിംഗ് വിദഗ്ദ്ധനാണ് എസ്. വിജയ് കുമാർ.2007-08 ൽ അദ്ദേഹം ഇന്ത്യൻ കലയെക്കുറിച്ച് https://poetryinstone.in/en/ എന്ന   ഒരു ബ്ലോഗ് ആരംഭിച്ചു. വിഗ്രഹ മോഷണം, കള്ളക്കടത്ത് എന്നീ കേസുകൾ അന്വേഷിക്കുന്ന ഇന്ത്യൻ, അമേരിക്കൻ നാടുകളിലെ അധികാരികളുമായി  വിജയ് ചേർന്നു . 2010 ൽ ആയിരുന്നു അത് .ഈ ഏജൻസികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകം പിറന്നത് . നിരവധി വിഗ്രഹ മോഷ്ടാക്കളെയും കള്ളക്കടത്തുകാരെയും പിടികൂടുന്നതിന് പിറകിൽ  വിജയുടെ ശ്രമങ്ങൾ  ഇടയായിട്ടുണ്ട് . അദ്ദേഹത്തിന്റെ  ആദ്യ പുസ്തകമാണിത്.


മാരിയോ പൂസോയുടെ ഗോഡ്ഫാദർ പോലുള്ള പുസ്തകങ്ങൾ മലയാളത്തിലേക്ക് പരിചയപ്പെടുത്തിയിരിക്കുന്ന ജോർജ് പുല്ലാട്ട് ആണ് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്. മഞ്ജുൾ പബ്ലിഷിങ് ഹൌസ് ആണ് പ്രസാധകർ. വില 299 രൂപ. 

ഒരു പ്രദേശത്തിന്റെ ചരിത്രം പറയുന്ന ബാഗ്ദാദ് ക്ലോക്ക്

 


അറബി ഫിക്ഷനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിനായി  ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതാ എഴുത്തുകാരിയായി  ചരിത്രം കുറിച്ച വ്യക്തിയാണ് ഷഹാദ് അൽ റാവി. അവരുടെ ആദ്യത്തെ നോവലായ ബാഗ്ദാദ് ക്ലോക്ക്   എഡിൻ‌ബർഗ് ബുക്ക് ഫെസ്റ്റിവലിൽ പുരസ്‌കാരം നേടുകയുമുണ്ടായി. 

മാതൃഭൂമിയുടെ തിരുവനന്തപുരത്തു  നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലായ  MBIFL ലിൽ എഴുത്തുകാരിയായ ഷഹാദ് അൽ റാവി പങ്കെടുക്കുക്കയും, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഇടയ്ക്കിടെ അവരുമായുള്ള അഭിമുഖങ്ങൾ പ്രത്യക്ഷപ്പെടാറുള്ളതുകൊണ്ടും മലയാളികൾക്ക് അവർ ഒട്ടും അപരിചിതയല്ല. 

തൊണ്ണൂറുകളുടെ തുടക്കത്തിലെ ഗൾഫ് യുദ്ധസമയമാണ് നോവൽ പശ്ചാത്തലം. എങ്കിൽ കൂടിയും പ്രമേയപരമായി യുദ്ധകേന്ദ്രീകൃതമായ ഒരു വിഷയമൊന്നുമല്ല നോവൽ കൈകാര്യം ചെയ്യുന്നത്. യുദ്ധം തുടങ്ങുന്നതിനു മുൻപുള്ള ഉപരോധവും ,അസ്വസ്ഥമായ സമാധാനവും പിന്നീട് യുദ്ധം സൃഷ്‌ടിച്ച ആഘാതങ്ങളുമൊക്കെയാണ്  നോവലിൽ കടന്നു വരുന്നത്.
 
യുദ്ധത്തിന്റെ തുടക്കത്തിൽ ബാഗ്ദാദ് പരിസരത്തിലുള്ള ഒരു അഭയകേന്ദ്രത്തിലേക്കു വായനക്കാരെ കൊണ്ടുപോകുകയാണ് നോവലിലെ പേരില്ലാത്ത ആഖ്യാതാവ്. അവിടെ വച്ച് കണ്ടുമുട്ടുകയും സുഹൃത്തുക്കളാകുകയും ചെയ്യുന്ന നാദിയ എന്ന പെൺകുട്ടിയും അവരുടെ സൗഹൃദങ്ങളിലൂടെയുമൊക്കെയാണ് നോവൽ വളർന്നു തിടം വയ്ക്കുന്നത്. 

സ്കൂളിൽ അവർ ഒരുമിച്ചാണിരിക്കുന്നത് . അവർ പരസ്പരം സ്വപ്നങ്ങളും, അഭിലാഷങ്ങളും പങ്കുവെയ്ക്കുകയും ചെയ്യുന്നു. അവരുടെ സൗഹൃദങ്ങൾക്കിടയിൾ മറ്റു ചിലരും എത്തിച്ചേരുന്നു . പ്രണയവും പ്രണയനാന്തര ജീവിതവുമൊക്കെ വളരെ സ്വാഭാവികമായി തന്നെ നോവലിൽ കടന്നു വരുന്നു . അവരുടെ വീടിനടുത്തുള്ള ഓരോ കുടുംബവും  തങ്ങളുടെ സുരക്ഷയും ,ജീവിതവും അന്വേഷിച്ചു കടന്നു പോകുന്നത് നിരാശയോടെ നെടുവീർപ്പോടെ നോക്കി നിൽക്കേണ്ടി വരുന്നുണ്ട് ആഖ്യാതാവിന്.
 
ഉത്തമസുഹൃത്തായി മാറിയ നാദിയയുടെ കഥകൾ പറയുക മാത്രമല്ല, സ്വന്തം അനുഭവങ്ങളിലൂടെ അവരുടെ  സമീപസ്ഥലികളെകുറിച്ചും  ആഖ്യാതാവ്  വാചാലയാകുന്നുണ്ട് . കഥ പറച്ചിൽ പുരോഗമിക്കുമ്പോൾ തന്നെ  കഥാപരിസരം പതിയെ ചുറ്റുമുള്ള അയൽ പ്രദേശങ്ങളിലേക്കും,നിരവധി വ്യക്തികളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുന്നുണ്ടവർ. 
ദിവസങ്ങൾ പോകെ പോകെ ഭക്ഷണം ദുർലഭമായിത്തീരുകയും,വീടുകളിലെ പല വസ്തുക്കളും വിൽക്കേണ്ടിവരുന്ന ഒരു അവസ്ഥയിലേക്കെത്തിച്ചേരുകയും ചെയ്യുന്നു. രാജ്യത്തിൽ സാമ്പത്തിക അരാജകത്വം പിടിമുറുക്കുന്നു. പൊതുവേയുള്ള ദാരിദ്ര്യത്തിനും പുറമെ യുദ്ധം സൃഷ്‌ടിച്ച  ആശങ്ക, യഥാർത്ഥ ശത്രു ആരാണെന്നും, എവിടെ നിന്നുമാണവർ വരുന്നതെന്നും അറിയാത്ത ഒരു മാനസികാവസ്ഥ ഇതെല്ലാം അവർക്കു മുന്നിലുള്ള വെല്ലുവിളികളാകുകയായിരുന്നു .അത്തരമൊരു സമയത്താണ് ഭൂതകാലത്തിന്റെയും, വർത്തമാനകാലത്തിന്റെയും, ഭാവിയിലേക്കുള്ള അവസരത്തിന്റെയും പ്രതീകമായി കരുതപ്പെടുന്ന  ബാഗ്ദാദ് ക്ലോക്ക് നശിപ്പിക്കപ്പെടുന്നത് .

നോവലിന്റെ ഒരറ്റെത്തുമ്പോൾ   പുതിയ ഇറാഖ് യുദ്ധങ്ങളിലേക്കും ,പ്രക്ഷുബ്ദതയിലേക്കും കഥാഗതി നിരങ്ങി  നീങ്ങുന്നുമുണ്ട്. എങ്കിൽ തന്നെയും നേരത്തെ സൂചിപ്പിച്ചപോലെ യുദ്ധം  നേരിട്ടു  കടന്നുവരുന്നൊന്നുമില്ല. യുദ്ധം വന്നതുകൊണ്ടുണ്ടായ ആഘാതങ്ങളും ,പാലയാനങ്ങളും  കുട്ടിക്കാലം മുതൽ കഥ പറച്ചിലുകാരി അനുഭവിച്ചുപോന്ന മാനസിക സംഘർഷങ്ങളുമൊക്കെയാണ്  നോവലിന്റെ ആദ്യഭാഗങ്ങളിലേറെയും  നമുക്ക്  കാണാനാവുക.


ആഖ്യാതാവ് എന്ന നിലയിൽ സ്വപ്നങ്ങളിലേക്കും പിന്നീട് യാഥാർത്ഥ്യത്തിലേക്കും ഈ നോവൽ വായനക്കാരെ പിടിച്ചു നടത്തുന്നുണ്ട് .മാർകേസിന്റെ ഏകാന്തതയുടെ നൂറുവർഷങ്ങൾ എന്ന നോവൽ എഴുത്തുകാരിയെ സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നുന്നു. സ്വപ്നങ്ങളിലൂടെ നിരവധി അദ്ധ്യായങ്ങൾ കടന്നു പോകുന്നുണ്ട് . എഴുത്തുകാരി തന്റെ നോവലിൽ മാജിക്കൽ റിയലിസം കൊണ്ടുവരാൻ ചെറിയൊരു  ശ്രമം  കൂടി നടത്തിയിട്ടുണ്ടെന്നു വേണം പറയാൻ. 

മദ്ധ്യവർഗ്ഗത്തിൽപ്പെട്ടവർ ഭരണകൂടത്തിന്റെ മക്കളാണ്, ദരിദ്രർ രാജ്യത്തിന്റെയും.യുദ്ധത്തേക്കാൾ വൃത്തികേട്ടതായി മറ്റെന്തെങ്കിലുമുണ്ടോ എന്ന് എഴുത്തുകാരി നമ്മോടു ചോദിക്കുന്നു.പട്ടിണിക്കിടുകയും ,അതിനുശേഷമവർക്കുമേൽ ബോംബു വർഷിക്കുകയും ചെയ്യുമ്പോൾ സംസ്കാരമെന്നതുകൊണ്ടു 
എന്താണര്‍ത്ഥമാക്കുന്നത്?പരസ്പരണനശീകരണത്തിനുള്ള ഏറ്റവും നീചമായ മാർഗ്ഗങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുമ്പോൾ മാനവികതയുടെ പുരോഗതിയെന്നാൽ എന്താണ്? നോവൽ അവസാനിക്കുമ്പോൾ ഉത്തരം നല്കാൻ ബുദ്ധിമുട്ടുള്ള ഈ ചോദ്യങ്ങൾ തന്നെയാകും നമ്മളിലവശേഷിപ്പിക്കുക. 

പുസ്തകത്തിന്റെ ഒടുവിൽ  പറഞ്ഞിരിക്കുന്നതുപോലെ  ബാഗ്ദാദ് ക്ലോക്ക് ഒരു പ്രദേശത്തിന്റെ ചരിത്രരേഖതന്നെയാണ് പറയുന്നത് .
അറബിയിൽ എഴുതപ്പെട്ട ഈ നോവൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത് ലൂക്ക് ലീഫ്ഗ്രെനാണ്. 

അനിതാ നായരുടെ കൃഷ്ണ Chain of Custody ,ഭുവന ,ചാർലി ചാപ്ലിന്റെ ആത്മകഥ,ഷൂസെ സരമാഗോയുടെ കുരുന്നോർമകൾ തുടങ്ങിയവ മലയാളത്തിലേക്ക് പരിചയപ്പെടുത്തിയ സ്മിതാ മീനാക്ഷിയാണ് ബാഗ്ദാദ് ക്ലോക്കും നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. മാതൃഭൂമിയാണ് പ്രസാധനം, വില 330 രൂപ. 

മമൂട്ടിയുടെ മഞ്ഞ കണ്ണട

 

മമ്മൂട്ടിയുടെ ഓർമകളും, കാഴ്ചപ്പാടുകളെയുമൊക്കെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് രേഖപ്പെടുത്തിയിരികുന്ന ഒരു പുസ്തകമാണ് മഞ്ഞകണ്ണട.മമ്മൂട്ടി എന്ന മഹാനടന്റെ ഓർമകുറിപ്പുകൾ എന്ന് കാണുമ്പോൾ ആ പ്രതീക്ഷയും വെച്ചു ഈ പുസ്തകമെടുത്താൽ തെല്ലു നിരാശരാകേണ്ടിവരും വയനക്കാർക്ക്. 

ഓർമകുറിപ്പുകൾ ആണെങ്കിലും അങ്ങനെ വിശദമായി  ഒന്നിനെകുറിച്ചും  പരാമർശിച്ചിട്ടില്ല. ഒന്നോ രണ്ടോ പേജിൽ ഒതുങ്ങുന്ന വളരെ ചെറിയ കുറിപ്പുകളാണിവ.

 അബദ്ധധാരണകളുടെ മഞ്ഞ നിറത്തെ ഓർമിപ്പിക്കുന്ന ഒരു കണ്ണട വച്ച് മമ്മൂട്ടി തന്നിലേക്കും തന്റെ ചുറ്റുപാടുകളിലേക്കും   നോക്കികാണുകാണുകയാണിവിടെ. മനുഷ്യനെ സംബന്ധിക്കുന്ന പല വിഷയങ്ങളെ കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ടെങ്കിലും,വിഷയങ്ങളെ ആധികാരികമായി സംബോധന ചെയ്തിട്ടുമില്ല. ഓർമകളും, സിനിമയും, ജീവിതവുമൊക്കെ കടന്നുവരുന്ന ഈ പുസ്തകത്തിൽ പതിനാറ് അദ്ധ്യായങ്ങളുണ്ട്. കൂടുതലും ചിത്രങ്ങളാണ്. വെറും 56 പേജുകൾ മാത്രമുള്ള പുസ്തകത്തിൽ പകുതിയിലേറെയും ചിത്രങ്ങൾ കയ്യടക്കിയിരിക്കുന്നു. 

കഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആര്‍, പ ത്രപ്രവർത്തകനായ കമല്‍ റാം സജീവ് എന്നിവരാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് .  പുസ്തകം പുറത്തിറക്കിയിരിക്കുന്നത്  ഡി സി ബുക്‌സിന്റെ തന്നെ  ലിറ്റ്മസ് ആണ് ,വില 50 രൂപ. 

അനന്തരം കൗരവപക്ഷത്തു നിന്നുകൊണ്ടുള്ള ഒരു നോവൽ

 

മഹാഭാരതമെന്ന സമുദ്രത്തിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. അതിലെ കഥാപാത്രങ്ങൾക്ക് മേന്മയുള്ളതെന്നും, അതില്ലാത്തതെന്നുമൊക്കെയുള്ള തരംതിരിവുകളും ചർച്ചകളും  പലപ്പോഴും കാണാറുമുണ്ട് . ഓരോ കഥാപാത്രവും കെട്ടിയാടേണ്ട വേഷങ്ങൾ സമയാസമയത്ത് അരങ്ങത്തു കൊണ്ടുവരാൻ വ്യാസൻ കാണിച്ച അതിബുദ്ധിയെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. അവിടെ സംഭവിക്കുന്ന ഓരോരോ സംഭവങ്ങൾക്കും ന്യായാന്യായ വിശകലനങ്ങൾക്കുള്ള സാധ്യതകൾ കൂടി തുറന്നിട്ടുകൊണ്ടാണ് ജയം എന്നറിയപ്പെടുന്ന മഹാഭാരതത്തിന്റെ സൃഷ്ടികർമ്മം വ്യാസൻ നടത്തിയിരിക്കുന്നത്. ഓരോ തവണ വായിക്കുമ്പോഴും പുതുചിന്തകളും, വ്യാഖ്യാനങ്ങളുമുണ്ടാകുന്നത് അതുകൊണ്ടാണ്. 


മഹാഭാരതത്തിലെ അനേകമായിരം കഥാപാത്രങ്ങളിൽ നിന്നും അതിലെ സംഭവകഥകളെ നോക്കിക്കാണുക വളരെ കൗതുകകരമായ സംഗതിയാണ്. അങ്ങനെയുള്ള ഒരു വീക്ഷണ കോണിലൂടെ അതിലെ ഒരു സംഭവ പരമ്പര നമുക്ക് മുന്നിലേക്കെത്തിച്ചിരിക്കുകയാണ് അനന്തരം എന്ന നോവലിലൂടെ കൈലാസ് നാരായണൻ എന്ന എഴുത്തുകാരൻ. കുരുവംശ രാജാവായ ധൃതരാഷ്ട്രരരുടെ ചിന്തകളിലൂടെ,ആകുലതകളിലൂടെ,നിസ്സഹായവസ്ഥയിലൂടെയാണ് നോവൽ കടന്നു പോകുന്നത്. 

പതിനെട്ടു ദിവസം നീണ്ടു നിന്ന അതിഘോരമായ യുദ്ധം കഴിഞ്ഞു. പുറമെ എല്ലാം ശാന്തമായി. എന്നാൽ യുദ്ധാനന്തരം കുരുവംശരാജാവിന്റെ മനസ്സിൽ എന്തൊക്കെയായിരിക്കണം കടന്നു പോയിട്ടുണ്ടാകുക. വ്യാസന്റെ അനുഗ്രഹത്താൽ ജനിച്ച  മക്കളിൽ ,പെണ്ണായിപ്പറന്നതുകൊണ്ടു മാത്രം ജീവനോടെയിരുന്ന ദുശ്ശള മാത്രം അവശേഷിച്ചു. പക്ഷെ തനറെ സഹോദരന്മാരുടെ വിധവയാക്കപ്പെട്ട ഭാര്യമാരുടെ കൂടെ അവളും വിധവവേഷം കെട്ടിയാടുകയാണ്. ധൃതരാഷ്ട്രർക്ക് മക്കളിൽ ഒരാളെയെങ്കിലും കിട്ടി,പക്ഷെ മറുവശത്തു പാണ്ഡവപുത്രരിൽ ആരും തന്നെ അവശേഷിപ്പിച്ചിട്ടില്ല.യുദ്ധാനന്തരം ധർമ പുത്രർ രാജ്യഭരണമേറ്റു. സദ്ഭരണം തന്നെയാണ് നടക്കുന്നത്. എവിടേയും സമൃദ്ധിയും, സമാധാനവും തിരികെ വന്നുകൊണ്ടിരിക്കുന്നു. ധൃതരാഷ്ട്രരും , ഗാന്ധാരിയും ഹസ്തിനപുരം കൊട്ടാരത്തിൽ തന്നെയാണ്. അവരുടെ സംരക്ഷണച്ചുമലത ഇപ്പോഴത്തെ രാജാവിനു തന്നെയാണ്. ആർക്കും ഒരു പരാതിയും ഇല്ലാതെ തന്നെയാണ് രാജാവ് അതെല്ലാം നോക്കി നടത്തുന്നത്. 

എല്ലാവരാലും ഒറ്റപ്പെട്ട് ,മക്കൾ നഷ്ടപ്പെട്ട ദുഖത്തിലും ആകുലതകളിലും കഴിയുന്ന ധൃതരാഷ്ട്രരുടെ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകളാണ് നോവലിലുടനീളം. ജീവിക്കാൻ ഇനിയൊരു കാരണം കണ്ടെത്തേണ്ട അയാളുടെ മനസ്സിൽ കഴിഞ്ഞ സംഭവങ്ങളെല്ലാം കടന്നു വരികയാണ്. താൻ കാരണമാണോ ഈ യുദ്ധമുണ്ടായതെന്നു അയാൾ ചിന്തിക്കുന്നു. യുദ്ധം ഒഴിവാക്കാൻ തനിക്കു കഴിയുമായിരുന്നില്ല?അമിത പുത്ര സ്നേഹത്താൽ താൻ എല്ലാത്തിനും അനുവാദം കൊടുക്കയായിരുന്നോ എന്നൊക്കെ അയാൾ ചിന്തിച്ചു കൂട്ടുന്നു. ധൃതരാഷ്ട്രരുടെ  മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളുടെ കുരുക്കഴിക്കുയാണ് ഈ നോവലിൽ എഴുത്തുകാരൻ ചെയ്തിരിക്കുന്നത്.

 അന്ധതയാൽ മൂടപ്പെട്ട തനിക്ക് മറ്റുള്ളവരുടെ വാക്കുകളെ വിശ്വസിക്കേണ്ടിവന്നതിന്റെ പിഴയാണിതെല്ലാം എന്നയാൾ വിശ്വസിക്കുന്നു. പ്രിയമക്കളുടെ അപഥസഞ്ചാരങ്ങളെ മനസ്സിലാക്കാനോ , അവരെ തിരുത്തുവാനോ അയാൾക്ക്‌ കഴിഞ്ഞില്ല.

 ഈ നോവലിൽ  എതിർപക്ഷത്തു വിചാരണ ചെയ്യപ്പെടുന്നത് എം ടിയുടെ രണ്ടാമൂഴത്തിൽ ധർമവിചാരങ്ങളിൽ നയിക്കപ്പെട്ട  സാക്ഷാൽ ഭീമൻ തന്നെയാണ്. യുദ്ധത്തിൽ നൂറുപേരെയും വധിച്ചത് ഭീമനാണല്ലോ. യുയുൽസു പാണ്ഡവ പക്ഷത്തായിരുന്നതിനാൽ മാത്രം അയാൾ വധിക്കപ്പെട്ടില്ല. യുദ്ധം കഴിഞ്ഞിട്ടും ഭീമന്റെ കോപം ശമിക്കുന്നില്ല. ഹസ്തിനപുരം കൊട്ടാരത്തിൽ വിശ്രമിക്കുന്ന തനറെ വല്യച്ചന്റ്റെ അടുത്തേക്ക് അയാൾ നടന്നടുക്കും. കോപവാക്കുകൾ കൊണ്ട് അവരെ വീണ്ടു കീറിമുറിക്കും. ദുര്യോധനനെയും, ദുശ്ശാസനനെയും താൻ കൊന്നതെങ്ങനെന്നു വീണ്ടും വീണ്ടും വിവരിക്കും. ധൃതരാഷ്ട്രരും, ഗാന്ധാരിയും നെടുവീർപ്പുകളോടെ എല്ലാം കേട്ടിരിക്കും. ഭീമൻ പറഞ്ഞത് സത്യമാണെന്നു അംഗീകരിച്ചുകൊണ്ട് തന്നെ അവരിരിക്കും.  യുയുൽസു മാത്രമാണ് ഭീമനെ വിചാരണ ചെയ്യാൻ ധൈര്യം കാണിക്കുന്നുള്ളൂ. 

കൗരവർ ഭീമൻ വിഷം നൽകി ഗംഗയിലെറിഞ്ഞതിനും, അരക്കില്ലത്തിൽ പാണ്ഡവരെ ചുട്ടുകൊല്ലാൻ നോക്കിയതിനും,ദ്രൗപദിയുടെ വസ്ത്രാക്ഷേപ സമയത്തെ മൗനത്തിനും, ചൂതുകളിക്കായി പാണ്ഡവരെ ക്ഷണിക്കാൻ പറഞ്ഞതിനും, വിദുരർ പറഞ്ഞിട്ടും പ്രിയ പുത്രൻ ദുര്യോധനനെ ഒഴിവാക്കാതെ യുദ്ധം തുടർന്നതിനും ,ഭീമനെ ഞെക്കി കൊല്ലാൻ ശ്രമിച്ചെന്ന് പറയുന്ന ധൃതരാഷ്‌ട്രാലിംഗനത്തിനും ധൃതരാഷ്ട്രർക്ക് അയാളുടേതായ യുക്തിയും , ന്യായവുമുണ്ട്. അതൊക്കെയാണ് ഈ  നോവലിൽ അയാളുടെ ചിന്തകളിലൂടെ നമുക്ക്  മൂന്നിലെത്തുന്നത്.
 
മനോഹരമായി തന്നെ മഹാഭാരതത്തിലെ മുഹൂർത്തങ്ങൾ കൈലാസ് നാരായണൻ എന്ന എഴുത്തുകാരൻ ഈ നോവലിൽ വരച്ചു ചേർത്തിട്ടുണ്ട്. ആഖ്യാനശൈലികൊണ്ടും , പ്രമേയം കൊണ്ടും വളരെ നിലവാരം പുലർത്തുന്ന ഒരു നോവൽ തന്നെയാണിത്. ഗ്രീൻ ബുക്ക്സ് ആണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്, വില 110   രൂപ

ശത്രുഘ്നൻ എഴുതിയ ഭരതന്റെ ജാതകം

രാമായണത്തിൽ നിന്നും  പ്രചോദനമുൾക്കൊണ്ടുകൊണ്ട് നിരവധി സാഹിത്യകൃതികൾ പിറവിയെടുത്തിട്ടുണ്ട്. രാമായണത്തിന്  നിരവധി ഭാഷ്യങ്ങൾ ഉണ്ടായതുപോലെ അതിൽ നിന്നും ഉരുത്തിരിഞ്ഞ  കഥകളും ,കഥാപാത്രങ്ങളും നിരവധിയാണ്. അത്തരത്തിൽ പിറവികൊണ്ട ഒരു കൃതിയാണ് ഭരതജാതകം എന്ന നോവൽ. ഭരതന്റെ ഈ ജാതകം എഴുതിയതാകട്ടെ ശത്രുഘ്‌നനും. രാമന്റെ ഏറ്റവും ഇളയ സഹോദരനും ലക്ഷ്മണന്റെ ഇരട്ട സഹോദരനുമായ സുമിത്രാപുത്രൻ ശത്രുഘ്നനല്ല ഈ ശത്രുഘ്നൻ. വി ഗോവിന്ദൻകുട്ടി മേനോൻ എന്ന എഴുത്തുകാരന്റെ മറ്റൊരു പേരാണ് ശത്രുഘ്നൻ. ശത്രുഘ്നന്റെ ഭരതജാതകത്തെ കുറിച്ചാണ് ഇത്തവണത്തെ  പുസ്തകപരിചയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 


പേരു സൂചിപ്പിക്കുന്നപോലെ ഭരതന്റെ വീക്ഷണകോണിൽ നിന്നുകൊണ്ടുള്ള ഒരു കഥപറച്ചിലാണ് ഭരതജാതകത്തിൽ നമുക്ക് കാണാനാവുക. നീതിശാസ്ത്രത്തിലും, രാജദണ്ഡശാസ്ത്രങ്ങളിലും,അസ്ത്രവിദ്യയിലും അതീവ താല്പര്യമുള്ളവനാണ് ഭരതൻ. പതിനാലു വർഷത്തെ വനവാസത്തിനു ശേഷം രാമൻ മടങ്ങിവരുമെന്നു പറഞ്ഞിരുന്ന ആ ദിവസത്തിലാണ്  നോവലാരംഭം കുറിച്ചിരിക്കുന്നത്. കഥ പിന്നീട് ഭരതനറെ ഓർമ്മകളിലൂടെ  മുന്നോട്ടു പോകുകയും ഒടുവിലെത്തുമ്പോൾ മാത്രം കഥ നേരിട്ട് നമ്മളോട് പറയുകയും ചെയ്യുന്നു. 

രാമായണത്തിലെന്ന പോലെ മന്ഥര ഇവിടെയും അതേ  വേഷം തന്നെ കെട്ടിയാടുകയാണ്. ചെറുപ്പം തൊട്ടേ ഭരതമുഖത്തേക്ക് അസൂയയുടെ വലകൾ നെയ്തു പിടിപ്പിക്കുന്നത് ഈ മന്ഥര തന്നെയാണ്.  തന്റെ മകന് വേണ്ടിയുള്ള കൈകേയിയുടെ രാജ്യാധികാരതൃഷ്ണ ഉരുവം കൊണ്ടത് മന്ഥര മൂലമാണെന്നാണല്ലോ പറയപ്പെടുന്നത്. 

അയോദ്ധ്യ ഭരതന് അവകാശപ്പെട്ട രാജ്യമാണെന്നാണ് കൈകേയി ഭരതനോട് എപ്പോഴും ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് തട്ടിയെടുത്ത് രാമനു നൽകാനുള്ള ഗൂഢാലോചനയാണ് ദശരഥൻ നടത്തിയതെന്നാണ് കൈകേയി യുടെ ആരോപണം. എന്നാൽ മൂത്ത പുത്രനും  ആയോധന വിദ്യയിലും, ശാസ്ത്ര,രാജ്യവിചാര ശാസ്ത്രത്തിലുമൊക്കെ നിപുണനുമായ ഒരാൾ പാരമ്പര്യമനുസരിച്ചു രാജ്യാധികാരം ഏറ്റെടുക്കേണ്ടയിടത്ത്, ഏതു ന്യായത്തിന്റെ പുറത്താണ് രാജ്യം ഭരതന് മാത്രം അവകാശപെട്ടതാകുന്നതെന്നു കൈകേയി പറയുന്നില്ല. 

കൈകേയി മാത്രമല്ല  ഈ പുസ്തകത്തിൽ ഒരിടത്തും അതിനെ പറ്റി ആരും പറയുന്നില്ല. കൈകേയി ദശരഥനോട്  ചോദിക്കാനായി ഒളിപ്പിച്ചു വെച്ചിരുന്ന ആ രണ്ട്‌ ആഗ്രഹങ്ങളുടെ ,വരങ്ങളുടെ പുറത്താകണം രാജ്യാധികാരം തന്റെ മകന് അവകാശപ്പെടുന്നതെന്നു വേണം അനുമാനിക്കാൻ. 

സൂത്രത്തിൽ രാമനു അധികാരം കൈമാറാൻ വേണ്ടിയും, അവിടെ എതിർപ്പുണ്ടാകതിരിക്കാനും വേണ്ടിയാണത്രെ ഭരതനെയും ശത്രുഘ്നനെയും അമ്മവീടായ കേകയത്തിലേക്കു അയച്ചത്.കേകേയ രാജാക്കന്മാർ അതറിഞ്ഞാൽ ദശരഥന്റെ ആ തീരുമാനം അനുവദിക്കില്ലായിരുന്നെന്നുവെന്നും കൈകേയി പറയുന്നുണ്ട്. ഏതു യുക്തിയുടെ പുറത്താണ് കേകേയ രാജാക്കന്മാർ അങ്ങനെ ചിന്തിക്കുന്നതെന്നും ഇതിലെ ഒരു കഥാപാത്രവും  പറയുന്നില്ല. അവരുടെ യുദ്ധനിപുണതയ്ക്കു മുന്നിൽ ദശരഥന്റെ അയോധ്യക്ക് തോൽവി സംഭവിക്കുമെന്നാണ് കൈകേയി പറയുന്നത്. ദേവകൾക്കു പോലും തോൽപ്പിക്കാൻ കഴിയാതിരുന്ന ,ദേവലോകം വിറപ്പിച്ച രാക്ഷസന്മാരെ വരെ പത്തു ദിക്കിൽ നിന്ന് കൊണ്ട് പോലും അമ്പുകളെയ്തു  തോറ്റോടിപ്പിച്ചുകൊണ്ട്  ഇന്ദ്രനെ പോലും സഹായിച്ച ദശരഥന്, തൊട്ടപ്പുറത്തു കിടക്കുന്ന  ഒരു കേകേയ രാജ്യത്തിലെ രാജാക്കൻമാരെ തോൽപ്പിക്കാനാവില്ല എന്നൊക്കെ കൈകേയിലൂടെ വായനക്കാരെ പറഞ്ഞു വിശ്വസിപ്പിക്കാൻ എഴുത്തുകാരൻ നന്നായി പാടുപെട്ടിട്ടുണ്ട്. 

സാധാരണ ഇത്തരം നോവലുകളിൽ തനറെ കഥാപാത്രത്തെ ഉയർത്തികാണിക്കുന്നതിനായും, അവരുടെ വാക്കുകളെ ന്യായീകരിക്കുന്നതിനും വേണ്ടി പുതുകഥാപാത്രങ്ങളെയും , സംഭവങ്ങളെയും എഴുത്തുകാർ തനറെ നോവലുകളിൽ  സൃഷ്ടിക്കാറുണ്ട്. അത്തരത്തിലുള്ള എന്തെങ്കിലുമൊക്കെ   ഈ ഭാഗങ്ങളിൽ എഴുത്തുകാരൻ ചേർത്തിരുന്നുവെങ്കിൽ വായനക്കാർക്ക് കൂടുതൽ വിശ്വാസയോഗ്യമാകുമായിരുന്നു. 

എന്നാൽ ഈ പുസ്തകത്തിൽ മറ്റു ചില ഭാഗങ്ങളിൽ അത്തരം സംഭവങ്ങൾ ധാരാളമായി ചേർത്തിട്ടുമുണ്ട്. രാവണൻ സീതയെ തിരിച്ചു തരുമെങ്കിൽ രാമന് അവകാശപ്പെട്ട അയോദ്ധ്യ രാവണന് നൽകാമെന്ന് രാമൻ രാവണനോട് അപേക്ഷിച്ചിരുന്നു  എന്നത് അതിന്റെ ഒരുദാഹരണം മാത്രം. അതുപോലെ ഹനുമാന്റെ അഹങ്കാരം ഭരതൻ തീർക്കുന്നതും മറ്റൊരു ഉദാഹരണം.
  
സാഹചര്യങ്ങളുടെ സമ്മർദ്ദവും, പ്രതികൂലചുറ്റുപാടുകളുമാണ് ഒരിക്കലൂം ആഗ്രഹിച്ചിട്ടില്ലാത്ത  ഈ രാജ്യഭാരം തനിക്കു ഏൽക്കേണ്ടി വന്നതെന്ന് പേർത്തും പേർത്തും ഭരതൻ ഉദ്‌ഘോഷിക്കുന്നുണ്ട്. അച്ഛന്റെ വാക്കുകൾ സത്യമാക്കാൻ ജ്യേഷ്ഠന് പകരം ഭരതൻ പതിനാലു സംവത്സരം വനവാസം അനുഷ്ഠിക്കുമെന്നും  അങ്ങനെ സംഭവിച്ചില്ലെങ്കിൽ പിന്നെ ആ  ഭൂമുഖത്തു ഭരതൻ ഉണ്ടാകില്ല എന്നു  പ്രപഞ്ചം മുഴുവനും നടുക്കിയ ഒരു പ്രതിജ്ഞ കൗസല്ല്യയുടെ മുൻപിൽ വച്ച് നടത്തിയ ഭരതൻ, ആ പ്രതിജ്ഞയ്ക്ക് പിന്നീടെന്തു പറ്റി എന്ന് ഒരക്ഷരം മിണ്ടുന്നില്ല. കൊടുത്ത വാക്കും, പ്രതിജ്ഞയും പാലിക്കാൻ ഏതറ്റവും പോകുന്നവരാണ് ഈ  കഥാപാത്രങ്ങൾ എന്ന് ഓർമ വേണം. 

മാത്രവുമല്ല അയോദ്ധ്യ രാവണന് നൽകാമെന്ന് രാമൻ പറഞ്ഞിരുന്നുവെന്ന് അറിയുമ്പോൾ അതെങ്ങനെ ശരിയാകും, ഇപ്പോൾ രാജ്യാധികാരം ഇല്ലാത്ത ഒരാൾക്ക് അങ്ങനെയൊരു വാഗ്ദാനം നല്കാനാകുമോ എന്നും, താൻ അതിനു അനുവദിക്കുമോ എന്നെല്ലാം ഭരതൻ ചിന്തിക്കുന്നുമുണ്ട്. രാമൻ അധികാരമോഹിയാണെന്നും , ഭരതൻ രാജ്യാധികാരാകാംക്ഷിയല്ല എന്നുമൊക്ക   കാണിക്കാൻ വേണ്ടി നിരവധി സന്ദർഭങ്ങൾ നോവലിൽ ചേർത്തിട്ടുണ്ടെങ്കിലും  ഇത്തരം ചിന്തകളിലൂടെ,രാജ്യവും  രാജ്യാധികാരത്തിന്റെ സുഖവും  ഭരതനും ഉള്ളാലെ ആഗ്രഹിച്ചിരുന്നുവെന്നു വേണം കരുതാൻ. 

വാല്മീകി രാമായണത്തിലെ അയോദ്ധ്യാകാണ്ഡം ഒന്നുകൂടെ എടുത്തു വായിക്കാൻ ഈ നോവൽ ഇടയാക്കി എന്നുള്ളതാണ് സത്യം. ഈ നോവൽ പിറന്നതിനു പിന്നിലെ അയോധ്യാകാണ്ഡത്തിലെ വിപ്രോഷിതശ്ച … എന്ന് തുടങ്ങുന്ന വരികൾ എഴുത്തുകാരൻ പുസ്തകത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചതു  കൊണ്ടു മാത്രമല്ല അത്. ഓരോ വായനയിലും പുതു അർത്ഥങ്ങളും ,ഭാഷ്യങ്ങളും ചമയ്ക്കാൻ രാമായണത്തിന് കഴിയുന്നുണ്ടല്ലോ എന്ന തിരിച്ചറിവുകൂടിയാണ് അതിനു കാരണം. 
 
ശത്രുഘ്നൻ എന്ന  വി ഗോവിന്ദൻകുട്ടി മേനോന്റെ തിരക്കഥയിൽ പിറന്ന സിനിമകളാണ് ഈ പുഴയും കടന്ന് ,കളിയൂഞ്ഞാല്,നക്ഷത്രതാരാട്ട്,സ്പർശം,നിറം എന്നിവ. സത്യഭാമ ,മായാമുരളി ,മഥുരാപുരി തുടങ്ങിയവയാണ് മറ്റു കൃതികൾ. പൂർണ്ണ പബ്ലിക്കേഷൻസ് ആണ് ഭരതജാതകത്തിന്റെ പ്രസാധകർ, വില 200 രൂപ. 

അമോസ് ഓസിന്റെ അതേ കടൽ

 

ഇസ്രായേലി എഴുത്തുകാരനും പത്രപ്രവർത്തകനുമായ ആമോസ് ഓസിന്റെ ഒരു നോവലാണ് അതേ കടൽ.ഇസ്രയേലിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് ഓസ്. 


വർഷങ്ങൾക്ക് മുൻപ്  മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഏതോ ഒരു ലേഖനമാണ് അമോസ് ഓസിനെ കുറിച്ച് അറിയാനിട വന്നത്.ഹീബ്രു ഭാഷയിലാണ് ഓസ് തന്റെ പുസ്തകങ്ങൾ എഴുതുന്നത് എന്നൊക്കെ അന്ന് വായിച്ചതായി ഓർക്കുന്നു. 
 
അമോസ് ഓസിന്റെ ഒരു ഉത്തരാധുനിക നോവലുകളുടെ ഗണത്തിൽ പെടുന്ന ഒരു നോവലാണ് ഒരേ കടൽ എന്ന നോവൽ.സാമ്പ്രദായിക നോവൽ രീതികളിൽ നിന്നും വ്യത്യസ്ത അവകാശപ്പെടാവുന്ന ഒരു കൃതിയാണിത്. ഇതിൽ വാക്കുകൾ കവിതകളായും കവിതകൾ ശില്പങ്ങളായും ഒരു പരകായ പ്രവേശം നടത്തിയതായി കാണാം .വേണമെങ്കിൽ ഇതിനെ ഒരു വിപുലീകൃത ഗദ്യ കവിത എന്ന്  പറയാമെന്നു തോന്നുന്നു. കവിത പോലെയാണ് മിക്ക അധ്യായങ്ങളും ഒരുക്കിയിരിക്കുന്നത്. നോബൽ സമ്മാനത്തിന് പരിഗണിക്കപ്പെട്ട ഒരു നോവൽ കൂടിയാണിത്. 
    
അക്കൗണ്ടന്റായിരുന്ന ആൽബർട്ട് ഡാനോൻ  ടെൽ അവീവിനടുത്തുള്ള ബാറ്റ്യാമിലാണ് താമസിക്കുന്നത് .അയാളുടെ   പ്രിയപ്പെട്ട ഭാര്യ നാദിയ കാൻസർ  ബാധിച്ച് അടുത്തിടെയാണ് മരിച്ചു പോയത്. മകൻ റിക്കോയാകട്ടെ  ടിബറ്റ്, ബംഗ്ലാദേശ്, ഇന്ത്യ പോലുള്ള സ്ഥലങ്ങളിൽ ജീവിതത്തിന്റെ അർത്ഥമന്വേഷിച്ചു  കറങ്ങി നടക്കുകയാണ്. മരിച്ചെങ്കിലും നാദിയ തന്റെ യാത്രകളിൽ മകനെ അഭിസംബോധന ചെയ്യുകയും പരസ്പരം  സ്വപ്നങ്ങളിലൂടെ സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. 

 എഴുത്തുകാരിയായ ഡിറ്റയെ  സംവിധായകൻ ദുബി ഡിമിട്രോവ് വഞ്ചിക്കുകയും അവൾ വീട്ടിൽ നിന്നും പുറത്താവുകയും ചെയ്യുന്നു. റിക്കോയുടെ കാമുകി ഡിറ്റ പക്ഷെ ആൽബർട്ടിന്റെ കൂടെയാണ്.താമസിക്കാൻ മറ്റൊരിടം  കണ്ടെത്തുന്നതുവരെ അവൾ ആൽബർട്ടിന്റെ കൂടെ താമസമാക്കുകയാണ് . അത് പക്ഷെ അവർ തമ്മിൽ ഒരു ബന്ധം ഉടലെടുക്കാൻ ഇടയാക്കുകയും ചെയ്യുന്നു. അവളാകട്ടെ ഹോട്ടൽ റിസെപ്ഷനിസ്റ്റീന്റെ ജോലി യെടുക്കാൻ  നിർബന്ധിതയായി തീരുകയും ചെയ്യുന്നു. ഇതിനിടയിൽ റിക്കോ , മരിയ എന്ന പോർച്ചുഗീസ് വനിതയുമായി മറ്റൊരു ബന്ധവും ഉണ്ടാക്കി കഴിഞ്ഞു. ഇതൊന്നുമറിയാതെ റിക്കോ തന്റെ നീണ്ട  യാത്രകളിൽ കുരുങ്ങി കിടക്കുകയാണ്.
ലഡാക്കിലെ പ്രാകൃതമായ ഒരു  വിവാഹ സമ്പ്രദായത്തെ കുറിച്ച് രണ്ടിടങ്ങളിൽ പരാമർശമുണ്ട്‌. മൂന്നോ നാലോ സഹോദരന്മാർക്ക് ഒരു വധുവിനെ വിവാഹം ചെയ്തുകൊടുക്കുന്നതാണ് ഈ ഏർപ്പാട്. 

തന്റെ വീട്ടിൽ ഒറ്റയ്‌ക്ക് താമസിക്കുന്ന അക്കൗണ്ടന്റ്ന്റും   സുഹൃത്തുമായ  ബെറ്റിൻ കാർമൽ ആൽബർട്ടിനെ  പലപ്പോഴും സന്ദർശിക്കാറുണ്ട്. നിശബ്ദതയുടെ ഉദ്ദേശ്യം നിശബ്ദതയാണ് എന്ന് പറഞ്ഞുകൊണ്ടാണ് എഴുത്തുകാരൻ നോവൽ  സംഗ്രഹിച്ചിരിക്കുന്നത്.

നിശബ്ദതയും,പാടുന്ന പക്ഷിയും, മരുഭൂമിയും ,അനന്തമായ  കടലും ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട് നോവലിൽ.ചിലയിടങ്ങളിൽ അതിന്റെ മാറ്റു കൂട്ടാനായി  ബൈബിളിലെ ചില  ഭാഗങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും  കടന്നു വരുന്നു.ആഖ്യാതാവ് ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ സ്വന്തം മരണമെന്ന  പൊതു ഭയത്തിന്റെ നിഴലിലാണ് ജീവിക്കുന്നത്.കാവ്യാത്മകതയും , ഗദ്യവും ഇടകലർന്നു വരുന്ന ഓരോ അദ്ധ്യായത്തിനും  രണ്ടോ മൂന്നോ പേജുകളുടെ ആയുസ്സേ നോവലിസ്റ്റ് കൊടുത്തിട്ടുള്ളൂ.
 ധ്യാനം, വിലാപം, ജീവിതത്തിന്റെ അർത്ഥത്തിനായുള്ള അന്വേഷണം, കുടുംബസ്നേഹത്തിന്റെ ഭദ്രത,അതിന്റെ  ആകുലത  ഇവയൊക്കെയാണ് ഈ  കാവ്യാത്മക ഗദ്യ കവിതയിലെ പ്രമേയങ്ങൾ.സന്തോഷവും സൗന്ദര്യവും ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്ന് അംഗീകരിക്കാൻ തയ്യാറാകാത്ത, വിഷാദം ബാധിച്ച ഒരു വ്യക്തിയുടെ ജീവിതത്തിലെ  ചില കാഴ്ചകൾ അതെ കടലിൽ കാണാം. 

നമ്മൾ വായിച്ചു ശീലിച്ചിട്ടുള്ള നോവലെഴുത്തു സമ്പ്രദായങ്ങളിൽ  നിന്നും പാടെ വ്യത്യസ്തമായതിനാൽ ചിലരെയെങ്കിലും അതേ കടൽ  നിരാശപ്പെടുത്താനിടയുണ്ട്. 
നോവൽ ഹീബ്രുവിൽ നിന്നും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് നിക്കോളാസ് ഡി ലാംഗെയാണ്. 2001 ൽ അത് പുറത്തു വന്നു. ആമോസ് ഓസിന്റെ പതിനാറോളം പുസ്തകങ്ങൾ ലാംഗെ വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ഗ്രീൻ ബുക്ക്സ് ആണ്. വിവർത്തനം ചെയ്തിരിക്കുന്നത് പി എൻ ഗോപീകൃഷ്ണൻ ,  വില 325 രൂപ.  

കാളിദാസനും മേഘയാത്രികനും

 

ഭാരതീയ സാഹിത്യത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വ്യക്‌തിത്വം തന്നെയാണ് കാളിദാസൻ.നൂറ്റാണ്ടുകൾക്കിപ്പുറവും ധാരാളമായി വായിക്കപ്പെടുകയും , നിരവധി പഠനങ്ങൾ നടത്തപ്പെടുകയും ചെയ്യുന്നവയാണ് കാളിദാസ കൃതികൾ. അദ്ദേഹത്തിന്റെ ജീവിതകാലത്തെ കുറിച്ചോ ,കുടുംബത്തെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. അതെ കുറിച്ച് പല കഥകൾ കേൾക്കാമെങ്കിലും ഒന്നിനും ഒരു തീർച്ചയില്ല എന്നുള്ളത് ഒരു ന്യൂനത തന്നെയാണ്.

വിക്രമാദിത്യരാജ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു കാളിദാസൻ എന്ന് മാത്രമാണ് നമുക്കറിയാവുന്നത്‌. പക്ഷെ ഏതു വിക്രമാദിത്യൻ ആയിരുന്നു ആ രാജാവ് എന്ന് ചോദിച്ചാൽ കണ്ണു മിഴിക്കേണ്ടി വരും. എങ്കിൽ കൂടിയും ബിസി ഒന്നാം നൂറ്റാണ്ടാണ് കാളിദാസന്റെ ജീവിതകാലമെന്നാണ് അനുമാനിക്കപ്പെടുന്നത്. എന്നാൽ കാളിദാസൻ ഒരു സാങ്കൽപ്പിക കഥാപാത്രമാണെന്നും ചിലർ അഭിപ്രായപ്പെട്ടു കണ്ടിട്ടുണ്ട്.

കാളിദാസന്റെ ജീവിത കഥയെ ആധാരമാക്കി നിരവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന ഒരു വിഡ്ഢിയുടെയും , ദേവിയുടെ അനുഗ്രഹം നേടി പണ്ഡിതനായ കഥകളുമൊക്കെ അക്കൂട്ടത്തിൽ പെടുന്നു. ഏഴു കൃതികളാണ് കാളിദാസന്റേതായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ആ ഏഴെണ്ണത്തിൽ കാവ്യ വിഭാഗത്തിൽ പെടുന്ന ഒരു കൃതിയാണ് മേഘദൂതം. ബാക്കിയുള്ളവ നാടക ഗ്രന്ഥങ്ങളാണ്.

കാളിദാസനെ കഥാപാത്രമാക്കി മലയാളത്തിൽ അത്രയൊന്നും നോവലുകൾ വന്നിട്ടില്ല. കൂടുതലും പഠനങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. കാളിദാസന്റെ മേഘദൂത് എന്ന കൃതി രചിക്കാനിടയായ സംഭവങ്ങളെ നോവൽ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് സുധീർ പറൂര് എന്ന എഴുത്തുകാരൻ.
സുഹൃത്തുക്കളായ മൂന്നു ചെറുപ്പക്കാർ ഒരു ഹിമാലയ പര്യടനം നടത്തുന്നതോടെയാണ് നോവൽ അതിന്റെ കാഴ്ചകളുടെ കെട്ടഴിച്ചു വിട്ടിരിക്കുന്നത്. പലരെയും വഴി തെറ്റിച്ചിട്ടുളളപോലെ ആ ഹിമാലയൻ യാത്ര അവരെയും വേറൊരിടത്തേക്കു കൊണ്ടുപോയി. ബാബജി എന്ന് വിളിക്കുന്ന ഒരു പണ്ഡിതനായ വൃദ്ധനെയാണവർ അവിടെ കണ്ടുമുട്ടിയത് . അവിടെ വെച്ച് പഴക്കം ചെന്ന ഒരു താളിയോലക്കെട്ടു പരിശോധിക്കാൻ അവർക്കു സാധിക്കുന്നു. കാളിദാസന്റെ ജീവിതവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അതിലുണ്ടായിരുന്നു. ഭോജരാജ സദസ്സിലെ ശങ്കരകവി എഴുതിവെച്ച ചില കുറിപ്പുകളായിരുന്നു അതിലുണ്ടായിരുന്നത്.

അതിൽ കാളിദാസന്റെ മനസിനെ കീഴടക്കിയ ഒരു പെൺകുട്ടിയെ കുറിച്ചു പറയുന്നുണ്ട്. പരസ്പരം ഇഷ്ടപ്പെട്ടിരുന്ന അവർക്കിടയിൽ ഒരു പ്രതിബന്ധമായി നിന്നിരുന്നത് സാക്ഷാൽ ഭോജരാജാവ് തന്നെയായിരുന്നു. രാജാവിനിഷ്ടപ്പെട്ട ആ പെൺകുട്ടിയെ കാളിദാസന് എങ്ങനെ സ്വന്തമാക്കാനാണ്?
കാളിദാസൻ രാജാവിന് ഏറ്റവും പ്രിയപ്പെട്ടവൻ തന്നെയാണ്, പക്ഷേ കാളിദാസന് അവളോടുള്ള താല്പര്യം രാജാവിന് അത്ര സുഖിച്ചില്ല എന്ന് മാത്രമല്ല,കാളിദാസനെ ഒഴിവാക്കാൻ കടന്ന കൈകൾ തന്നെ കൈകൊള്ളുകയും ചെയ്തു. പക്ഷേ ആ പ്രതിസന്ധികളൊക്കെ കാളിദാസൻ അതിജീവിക്കുകയും ചെയ്തു . ആ പെൺകുട്ടിയുടെ മാതാവിന്റെ നീക്കങ്ങൾ അദ്ദേഹത്തെ രക്ഷപ്പെടുത്തി എന്നാണ് പറയപ്പെടുന്നത് . കാളിദാസനെ മോഹിപ്പിച്ച ആ പെൺകുട്ടിയാണ് മാളവിക.

തന്റെ സാഹിത്യ ലോകവും, രാജാവിന്റെ സൗഹൃദവും , സ്നേഹഭാജനവുംമൊക്കെ സൃഷ്ടിക്കുന്ന ആത്മസംഘർഷങ്ങളും ,വിരഹവും, വെല്ലുവിളികളുമൊക്കെയാണ് മനോഹരമായി നോവലിൽ വരച്ചു വെച്ചിരിക്കുന്നത്. കാളിദാസന്റെ കഥകളെ അവതരിപ്പിക്കുമ്പോൾ ഉണ്ടായിരിക്കേണ്ട ഭാഷയും, പ്രയോഗങ്ങളും അതിന്റെ നിലവാര സാമർഥ്യവും വേണ്ടയിടങ്ങളിൽ പ്രതിഷ്ഠിച്ചുകൊണ്ടു തന്നെയാണ് എഴുത്തുകാരൻ ഈ നോവലിനെ മികച്ചതാക്കിയിരിക്കുന്നത്.
സാഹിത്യത്തിൽ സന്ദേശകാവ്യങ്ങൾക്ക് വഴികാട്ടിയായി ഭവിച്ചത് മേഘസന്ദേശമാണ് എന്നാണ് പറയപ്പെടുന്നത്. പ്രിയജന വിരഹം എങ്ങനെ മനുഷ്യ മനസ്സിനെ ബാധിക്കുന്നു എന്നതാണല്ലോ മേഘസന്ദേശത്തിന്റെ ഉള്ളടക്കം. സ്വാനുഭവത്തിൽ നിന്നുമെടുത്താണ് ഈ കൃതി കാളിദാസൻ രചിച്ചത് എന്നാണ് കഥകൾ.
സുധീർ പറൂര് ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത് കാളിദാസനെ സംബന്ധിച്ച ഒരു ഒരു കഥയെ ആസ്പദമാക്കിയാണെന്ന് സൂചിപ്പിച്ചല്ലോ . മേഘസന്ദേശം പിറന്നതിന് പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട്. കാളിദാസൻ സ്നേഹിച്ചത് രാജാവിന്റെ തന്നെ സഹോദരിയെ തന്നെയായിരുന്നു എന്നതായിരുന്നു ആ കഥയിലുള്ളത്.

കഥകൾ എന്തു തന്നെയായാലും കാളിദാസന്റെ ഒരു അത്യുജ്ജ്വല കൃതി തന്നെയാണ് മേഘസന്ദേശം എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ആകാശത്ത് കുട്ടികൊമ്പനെ പോലെ തോന്നിക്കുന്ന മേഘകൂട്ടത്തിനോട് നായകൻ തന്റെ പ്രണയ സന്ദേശം പ്രണയിനിയ്ക്ക് എത്തിക്കാൻ വേണ്ടി പറഞ്ഞ് കേൾപ്പിക്കുന്നതാണല്ലോ മേഘസന്ദേശം. കാളിദാസന്റെ കൃതികളുടെ പ്രകൃതി വർണ്ണനകളും ,ഉപമകളും അതി മനോഹരമാണ്. മേഘയാത്രികൻ എന്ന നോവലിലും അതിന്റെ ചില അനുരണനങ്ങൾ കാണാം.

തീർച്ചയായും മലയാളത്തിൽ വന്നിട്ടുള്ള മികച്ച കൃതികകളുടെ തട്ടിൽ കയറ്റിയിരുത്തേണ്ട നോവൽ തന്നെയാണ് മേഘയാത്രികൻ എന്ന നോവൽ. ഗ്രീൻ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 170 രൂപ


 

ജെയിംസ് ഹാഡ്‌ലി ചെയ്സിന്റെ മരണം വിതച്ച കുപ്പായം

റെനെ ലോഡ്ജ് ബ്രാബസോൺ റെയ്മോണ്ട് എന്ന പേര് പലർക്കും അപരിചിതമായിരിക്കും.  ത്രില്ലറുകളുടെ രാജാവ്  എന്നറിയപ്പെടുന്ന ജെയിംസ് ഹാഡ്‌ലി ചെയ്‌സിന്റെ യഥാർത്ഥ പേരാണിത്. ജെയിംസ് ഹെഡ്‌ലി ചെയ്‌സ് എന്നത് അദ്ദേഹത്തിന്റെ നിരവധി   തൂലികാ നാമങ്ങളിൽ ഒന്ന് മാത്രമാണ്.
മലയാളത്തിൽ വിവർത്തനം വന്നിട്ടുള്ള ചെയ്‌സിന്റെ ഒരു ത്രില്ലറാണ്   മരണം വിതച്ച കുപ്പായം എന്ന നോവൽ.

 
അംഗരക്ഷനെ ആവശ്യമുണ്ടെന്ന് കാണിച്ചുള്ള ഒരു പത്ര പരസ്യം കണ്ട് മോഡേൺ എൻറർപ്രൈസ് എന്ന കമ്പനിയിലേക്ക് അപേക്ഷ അയക്കുകയും അവിടുത്തെ അസാധാരണ സംഭവങ്ങളിലും, വിചിത്രമായി പെരുമാറുന്ന ആളുകളെയും വകവെയ്ക്കാതെ അവിടെതന്നെ ജോലിയ്ക്ക് കേറുന്ന ആളാണ് നമ്മുടെ കഥാനായകനായ ഫ്രാങ്ക് മിച്ചൽ. നെറ്റ എന്ന സുഹൃത്തിന്റെ അപ്പാർട്മെന്റിൽ അവളുടെ കാരുണ്യം കൊണ്ടാണ്  അയാൾ കഴിഞ്ഞു കൂടുന്നത്. പുതിയ ജോലി ,തനിക്കൊരു  ആശ്വാസമാകുമെന്നും,അതുകൊണ്ടു  അവളുടെ ഔദാര്യം പറ്റുന്നതിൽ നിന്നും രക്ഷപ്പെടാമെന്നും  ഫ്രാങ്ക് കണക്കുകൂട്ടുന്നു. 


നെറ്റയാണെങ്കിൽ ഫ്രാങ്ക് മിച്ചലിനുമേൽ  അത്രമേൽ താല്പര്യമുള്ളവളുമാണ് . അയാൾക്ക് വേണ്ടി എന്തും  സഹിക്കാൻ അവൾ ഒരുക്കമാണ്. അയാൾ എപ്പോളും അവളുടെ കൂടെ ഉണ്ടായിരുന്നാൽ മാത്രം മതി എന്നൊരു നിർബന്ധം മാത്രമേ അവൾക്കുള്ളൂ. 

പക്ഷേ ആ പ്രലോഭനങ്ങളെയെല്ലാം അതിജീവിച്ച്   ഫ്രാങ്ക് മിച്ചൽ ,ഹെൻറി സാരെക്കിന്റെ അംഗരക്ഷകനായി ജോലി ഏറ്റെടുക്കുന്നു.
അയാൾ സാരെക്കിന്റെ  വീട്ടിൽ തമാസമാക്കുന്നു. സാരെക്കിന് ഇതിനോടകം തന്നെ മൂന്നു ഭീഷണി കത്തുകൾ വന്നു കഴിഞ്ഞു. അതാരാണെന്ന്  കണ്ട് പിടിക്കണം, സാരെക്കിനെ എതിരാളികളിൽ നിന്നും സംരക്ഷിക്കുകയും വേണം. അയാൾ ജോലിയ്ക്ക് കയറിയതിനു ശേഷവും അയാൾക്ക് ഭീഷണിപ്പെടുത്തുന്ന കത്തുകൾ ലഭിക്കുന്നുമുണ്ട് .സാരെക്കിന്റെ ഭാര്യ റീത്ത വളരെ സുന്ദരിയാണെങ്കിലും ഫ്രാങ്കിനെ അവൾക്കിഷ്ടപ്പെടുന്നില്ല. 
ഓഫീസിൽ വച്ച് സാരെക്കിന്റെ വിശ്വസ്തയാണെന്ന് പറയപ്പെടുന്ന  സെക്രട്ടറി എമ്മി പേളിനെയും ഫ്രാങ്ക് മിച്ചൽ പരിചയപ്പെടുന്നുണ്ട് . പക്ഷേ അധികമാർക്കും പിടികൊടുക്കാത്ത ഒരു സ്വഭാവമാണ് അവളുടേത്. 

ബ്ലാക്ക് മാർക്കറ്റിലെ  വജ്രവില്പ്പനക്കാരനാണ് സാരെക്ക്.  അധികമാർക്കും  വെളിപ്പെടാത്ത ഒരാൾ. അയാളുടെ നീക്കങ്ങളും പ്രവർത്തികളുമെല്ലാം നിഗൂഡമാണ്. ഫ്രാങ്ക് അയാളുടെ രഹസ്യങ്ങളെ മനസ്സിലാക്കാന്നുള്ള ഒരു അന്വേഷണം നടത്തുന്നു. പക്ഷേ അയാൾക്ക് മുന്നില് വെളിപ്പെട്ടത് നിരവധി രഹസ്യങ്ങളാണ്. അതിന്റെ പിന്നാലെ പോയി നിരവധി കുഴപ്പങ്ങളിലും ഫ്രാങ്ക്  വന്നു വീഴുകയാണ്. 


എങ്ങോട്ടാണ് കഥയുടെ പോക്ക് എന്ന് ഊഹിക്കാൻ ഒരു സാധ്യതയും ചെയ്സ് വായനക്കാരന് നല്കുന്നില്ല .പക്ഷേ ചെയ്സിന്റെ മറ്റു നോവലുകളിലെ പോലെ നിരവധി കഥാപാത്രങ്ങളൊന്നും ഇതിലില്ല. പതിയെ മാത്രം തുടങ്ങുന്ന ഒരു നോവലാണിത്.

ഒരു പക്ഷേ  ഫ്രാങ്ക് മിച്ചലിനെ ഇപ്പോഴാണ് അവതരിപ്പിച്ചിരുന്നതെങ്കിൽ സ്ത്രീപക്ഷ വാദികൾ അയാളെ പൊങ്കാലയിട്ടെനെ. ചെയ്സിനെതിരെ പ്രചാരണങ്ങൾ ഇറങ്ങിയേനെ. സ്ത്രീ വിരുദ്ധത കൊണ്ട് നടക്കുന്ന ആളാണ് ഈ നോവലിലെ നായകൻ. സ്ത്രീകളിൽ നിന്നും ആജ്ഞകൾ സ്വീകരിക്കാൻ ഇഷ്ടമില്ലാത്തയാളാണ് അയാൾ. അത്തരമൊരു അവസ്ഥ വന്നാൽ കിട്ടിയ ജോലി പോലും രാജി വെച്ചു കളയും എന്നുവരെ ഫ്രാങ്ക് പറയുന്നുണ്ട്. തുടക്കത്തിൽ നെറ്റയുടെ കൂടെയായിരുന്നു താമസം എന്ന് പറഞ്ഞുവല്ലോ, അവൾ കാണിക്കുന്ന അത്ര താല്പര്യമൊന്നും ഫ്രാങ്കിന് തിരിച്ചങ്ങോട്ടില്ല. അവളുടെ സ്നേഹപ്രകടനനങ്ങളോടും അയാൾക്ക് വലിയ മതിപ്പില്ല. ചപ്പുചവറുകളും പ്രേമകഥകളും  വായിക്കുന്നവരാണ് എല്ലാ സ്ത്രീകളും. തൊഴിൽ പരമായ കാര്യങ്ങൾ  അവരെ എൽപ്പിക്കാൻ ഇഷ്ടമില്ലാത്ത അക്കൂട്ടരുടെ സ്ഥാനം വീട്ടിലാണെന്നാണ് പുള്ളിയുടെ പക്ഷം. 

ഈ നോവൽ പുറത്ത് വന്ന സമയത്ത് ഇത്തരം പരാമർശങ്ങൾ കൊണ്ട്   ഇതൊരു വിവാദമായോ എന്നറിഞ്ഞുകൂടാ. പക്ഷേ ഇപ്പോഴെങ്ങാനും ആയിരുന്നെങ്കിൽ എന്താകുമായിരുന്നു എഴുത്തുകാരന്റെ അവസ്ഥ എന്നൂഹിക്കാവുന്നതെയുള്ളൂ.
 
മരണം വിതച്ച കുപ്പായം എന്നാണ് മലയാളത്തിൽ ഈ പുസ്തകത്തിന്റെ പേരെന്ന് പറഞ്ഞുവല്ലോ. പക്ഷേ ഈ പുസ്തകത്തിൽ അതിന്റെ  യഥാർഥ പേര് എവിടെയും കൊടുത്തിട്ടില്ല. മനപ്പൂർവം ചേർക്കാഞ്ഞതാണോ അതോ വിട്ടുപോയതാണോ എന്നറിയില്ല . In a Vain  Shadow എന്ന പേരിൽ 1951 ൽ പുറത്തിറങ്ങിയ നോവലാണിത്.  പിന്നീട് Never Trust a  Woman  എന്ന പേരിൽ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. നായക കഥാപാത്രം നോവലിന്റെ  പേരിനോട് നീതി പുലർത്തുകയും ചെയ്തു.

നോവൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത്  ഭാസ്കരൻ പയ്യന്നൂർ ആണ്. ജെയിംസ് ഹാഡ്‌ലി ചെയ്‌സിന്റെ എഴുപതിൽ പരം കൃതികൾ അദ്ദേഹം മലയാളത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. പുസ്തകം പുറത്തിറക്കിയിരിക്കുന്നത് പുസ്തക പ്രസാധന രംഗത്ത്‌ ശ്രദ്ധേയമായ ചുവടുവെയ്പുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഡോൺ ബുക്ക്സ് ആണ്. ചെയ്‌സിന്റെ നിരവധി പുസ്തകങ്ങൾ ഇതിനകം ഡോൺ ബുക്ക്സ് പുറത്തിറക്കി കഴിഞ്ഞു. അണിയറയിൽ ചെയ്‌സിന്റെ നിരവധി വിവർത്തന പുസ്തകങ്ങൾ ഒരുങ്ങുന്നുമുണ്ട്. പുസ്തകത്തിന്റെ വില 220 രൂപ.