Author: Jinish KG
ജെയിംസ് ഹാഡ്‌ലി ചെയ്സിന്റെ മരണം വിതച്ച കുപ്പായം
![]() |
അംഗരക്ഷനെ ആവശ്യമുണ്ടെന്ന് കാണിച്ചുള്ള ഒരു പത്ര പരസ്യം കണ്ട് മോഡേൺ എൻറർപ്രൈസ് എന്ന കമ്പനിയിലേക്ക് അപേക്ഷ അയക്കുകയും അവിടുത്തെ അസാധാരണ സംഭവങ്ങളിലും, വിചിത്രമായി പെരുമാറുന്ന ആളുകളെയും വകവെയ്ക്കാതെ അവിടെതന്നെ ജോലിയ്ക്ക് കേറുന്ന ആളാണ് നമ്മുടെ കഥാനായകനായ ഫ്രാങ്ക് മിച്ചൽ. നെറ്റ എന്ന സുഹൃത്തിന്റെ അപ്പാർട്മെന്റിൽ അവളുടെ കാരുണ്യം കൊണ്ടാണ് അയാൾ കഴിഞ്ഞു കൂടുന്നത്. പുതിയ ജോലി ,തനിക്കൊരു ആശ്വാസമാകുമെന്നും,അതുകൊണ്ടു അവളുടെ ഔദാര്യം പറ്റുന്നതിൽ നിന്നും രക്ഷപ്പെടാമെന്നും ഫ്രാങ്ക് കണക്കുകൂട്ടുന്നു.
നെറ്റയാണെങ്കിൽ ഫ്രാങ്ക് മിച്ചലിനുമേൽ അത്രമേൽ താല്പര്യമുള്ളവളുമാണ് . അയാൾക്ക് വേണ്ടി എന്തും സഹിക്കാൻ അവൾ ഒരുക്കമാണ്. അയാൾ എപ്പോളും അവളുടെ കൂടെ ഉണ്ടായിരുന്നാൽ മാത്രം മതി എന്നൊരു നിർബന്ധം മാത്രമേ അവൾക്കുള്ളൂ.
പക്ഷേ ആ പ്രലോഭനങ്ങളെയെല്ലാം അതിജീവിച്ച് ഫ്രാങ്ക് മിച്ചൽ ,ഹെൻറി സാരെക്കിന്റെ അംഗരക്ഷകനായി ജോലി ഏറ്റെടുക്കുന്നു.അയാൾ സാരെക്കിന്റെ വീട്ടിൽ തമാസമാക്കുന്നു. സാരെക്കിന് ഇതിനോടകം തന്നെ മൂന്നു ഭീഷണി കത്തുകൾ വന്നു കഴിഞ്ഞു. അതാരാണെന്ന് കണ്ട് പിടിക്കണം, സാരെക്കിനെ എതിരാളികളിൽ നിന്നും സംരക്ഷിക്കുകയും വേണം. അയാൾ ജോലിയ്ക്ക് കയറിയതിനു ശേഷവും അയാൾക്ക് ഭീഷണിപ്പെടുത്തുന്ന കത്തുകൾ ലഭിക്കുന്നുമുണ്ട് .സാരെക്കിന്റെ ഭാര്യ റീത്ത വളരെ സുന്ദരിയാണെങ്കിലും ഫ്രാങ്കിനെ അവൾക്കിഷ്ടപ്പെടുന്നില്ല.
ബ്ലാക്ക് മാർക്കറ്റിലെ വജ്രവില്പ്പനക്കാരനാണ് സാരെക്ക്. അധികമാർക്കും വെളിപ്പെടാത്ത ഒരാൾ. അയാളുടെ നീക്കങ്ങളും പ്രവർത്തികളുമെല്ലാം നിഗൂഡമാണ്. ഫ്രാങ്ക് അയാളുടെ രഹസ്യങ്ങളെ മനസ്സിലാക്കാന്നുള്ള ഒരു അന്വേഷണം നടത്തുന്നു. പക്ഷേ അയാൾക്ക് മുന്നില് വെളിപ്പെട്ടത് നിരവധി രഹസ്യങ്ങളാണ്. അതിന്റെ പിന്നാലെ പോയി നിരവധി കുഴപ്പങ്ങളിലും ഫ്രാങ്ക് വന്നു വീഴുകയാണ്.
എങ്ങോട്ടാണ് കഥയുടെ പോക്ക് എന്ന് ഊഹിക്കാൻ ഒരു സാധ്യതയും ചെയ്സ് വായനക്കാരന് നല്കുന്നില്ല .പക്ഷേ ചെയ്സിന്റെ മറ്റു നോവലുകളിലെ പോലെ നിരവധി കഥാപാത്രങ്ങളൊന്നും ഇതിലില്ല. പതിയെ മാത്രം തുടങ്ങുന്ന ഒരു നോവലാണിത്.
ഒരു പക്ഷേ ഫ്രാങ്ക് മിച്ചലിനെ ഇപ്പോഴാണ് അവതരിപ്പിച്ചിരുന്നതെങ്കിൽ സ്ത്രീപക്ഷ വാദികൾ അയാളെ പൊങ്കാലയിട്ടെനെ. ചെയ്സിനെതിരെ പ്രചാരണങ്ങൾ ഇറങ്ങിയേനെ. സ്ത്രീ വിരുദ്ധത കൊണ്ട് നടക്കുന്ന ആളാണ് ഈ നോവലിലെ നായകൻ. സ്ത്രീകളിൽ നിന്നും ആജ്ഞകൾ സ്വീകരിക്കാൻ ഇഷ്ടമില്ലാത്തയാളാണ് അയാൾ. അത്തരമൊരു അവസ്ഥ വന്നാൽ കിട്ടിയ ജോലി പോലും രാജി വെച്ചു കളയും എന്നുവരെ ഫ്രാങ്ക് പറയുന്നുണ്ട്. തുടക്കത്തിൽ നെറ്റയുടെ കൂടെയായിരുന്നു താമസം എന്ന് പറഞ്ഞുവല്ലോ, അവൾ കാണിക്കുന്ന അത്ര താല്പര്യമൊന്നും ഫ്രാങ്കിന് തിരിച്ചങ്ങോട്ടില്ല. അവളുടെ സ്നേഹപ്രകടനനങ്ങളോടും അയാൾക്ക് വലിയ മതിപ്പില്ല. ചപ്പുചവറുകളും പ്രേമകഥകളും വായിക്കുന്നവരാണ് എല്ലാ സ്ത്രീകളും. തൊഴിൽ പരമായ കാര്യങ്ങൾ അവരെ എൽപ്പിക്കാൻ ഇഷ്ടമില്ലാത്ത അക്കൂട്ടരുടെ സ്ഥാനം വീട്ടിലാണെന്നാണ് പുള്ളിയുടെ പക്ഷം.
മരണം വിതച്ച കുപ്പായം എന്നാണ് മലയാളത്തിൽ ഈ പുസ്തകത്തിന്റെ പേരെന്ന് പറഞ്ഞുവല്ലോ. പക്ഷേ ഈ പുസ്തകത്തിൽ അതിന്റെ യഥാർഥ പേര് എവിടെയും കൊടുത്തിട്ടില്ല. മനപ്പൂർവം ചേർക്കാഞ്ഞതാണോ അതോ വിട്ടുപോയതാണോ എന്നറിയില്ല . In a Vain Shadow എന്ന പേരിൽ 1951 ൽ പുറത്തിറങ്ങിയ നോവലാണിത്. പിന്നീട് Never Trust a Woman എന്ന പേരിൽ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. നായക കഥാപാത്രം നോവലിന്റെ പേരിനോട് നീതി പുലർത്തുകയും ചെയ്തു.
നോവൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത് ഭാസ്കരൻ പയ്യന്നൂർ ആണ്. ജെയിംസ് ഹാഡ്‌ലി ചെയ്‌സിന്റെ എഴുപതിൽ പരം കൃതികൾ അദ്ദേഹം മലയാളത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. പുസ്തകം പുറത്തിറക്കിയിരിക്കുന്നത് പുസ്തക പ്രസാധന രംഗത്ത് ശ്രദ്ധേയമായ ചുവടുവെയ്പുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഡോൺ ബുക്ക്സ് ആണ്. ചെയ്‌സിന്റെ നിരവധി പുസ്തകങ്ങൾ ഇതിനകം ഡോൺ ബുക്ക്സ് പുറത്തിറക്കി കഴിഞ്ഞു. അണിയറയിൽ ചെയ്‌സിന്റെ നിരവധി വിവർത്തന പുസ്തകങ്ങൾ ഒരുങ്ങുന്നുമുണ്ട്. പുസ്തകത്തിന്റെ വില 220 രൂപ.
ഓബ്ലോമോവുമാരെ കാണാത്തവരാരുണ്ട് ?
പുതുവർഷത്തിൽ നന്നാവണമെന്നും ,അതുപോലുള്ള പുതിയ തീരുമാനങ്ങളൊക്കെയെടുത്ത് എല്ലാം നടപ്പിൽ വരുത്തണമെന്നോക്കെ കട്ട പ്ലാനിങ് നടത്തുന്ന ആളുകളുണ്ട്. എന്നാൽ ആ സമയമാകുമ്പോൾ അടുത്ത കൊല്ലം നന്നായിക്കോളാം എന്ന് പറഞ്ഞ് ആ പരിപാടി മാറ്റിവെയ്ക്കുന്ന ആളുകളെ കണ്ടിട്ടില്ലേ ? ഓബ്ലോമോവിസം എന്ന ഒരു അവസ്ഥയെയാണ് അത് സൂചിപ്പിക്കുന്നത്.
ഏത് ഗുരുതര പ്രതിസന്ധിയിലും തികഞ്ഞ അനാസ്ഥയോടെയിരിക്കുക,ഉത്തരവാദിത്വം ആവുന്നിടത്തോളം ഏറ്റെടുക്കാതെ അതൊക്കെ മറ്റുള്ളവർക്ക് കൈമാറി കൈകഴുകിയിരിക്കുക,ചെയ്യേണ്ട കാര്യങ്ങൾ പരമാവധി നീട്ടിവെയ്പ്പിക്കുക ഇതൊക്കെയാണ് ഒബ്ളമോവിസ്റ്റുകളുടെ അടിസ്ഥാന സ്വഭാവങ്ങൾ. അതുകൊണ്ടു തന്നെ സംഭവരഹിതവും വിരസവുമായിരിക്കും പൊതുവിൽ ഇവരുടെ ജീവിതം.
ഓബ്ലോമോവിസം എന്ന വാക്കിന് ഇത്രകണ്ട് പ്രചാരം കിട്ടാനിടയായ എഴുത്തുകാരനാണ് ഇവാൻ ഗഞ്ച്റോവ്. മുഴുവൻ പേര് ഇവാൻ അലക്സാൺട്രോവിച്ച് ഗഞ്ച്റോവ്. 1812 ൽ റഷ്യയിലായിരുന്നു ഇവാൻ ഗഞ്ച്റോവിന്റെ ജനനം . ആദ്യ നോവലായ എ കോമൺ സ്റ്റോറി 1847 ൽ പുറത്തു വന്നു. 1859-ൽ പ്രസിദ്ധീകരിച്ച ഒബ്ലോമോവ് എന്ന നോവൽ പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യൻ സാഹിത്യരംഗത്തിൽ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. സാമൂഹിക വിമർശനവും, ബ്ലാക്ക് ഹ്യൂമറുമൊക്കെയായിരുന്നു നോവൽ പ്രമേയം. നോവൽ പുറത്തുവന്നു കഴിഞ്ഞപ്പോൾ സാക്ഷാൽ ടോൾസ്റ്റോയ് പോലും അതിനെ അഭിനന്ദിച്ചു. നോവൽ നല്ല രീതിയിൽ റഷ്യയിൽ സ്വീകരിക്കപ്പെട്ടുകയും ചെയ്തു.
റഷ്യയിലെ ഒരു കുലീന കുടുംബ ഉടമയുടെ ഏകമകനാണ് മൂപ്പതുകളില് എത്തി നിൽക്കുന്ന ഒബ്ലോമോവ്. ചെറുപ്പത്തിലേ ഒരു ജോലിയും ചെയ്യാതെ വളർന്ന ഒബ്ലോമോവിന്റെ എല്ലാ കാര്യത്തിനും വേലക്കാർ വേണം. അത് പക്ഷേ അയാളെ ഒരു അലസനാക്കി കളഞ്ഞു. അയാളുടെ സെന്റ് പീറ്റേഴ്‌സ്ബർഗിലെ അപ്പാർട്ട്മെന്റിൽ വേലക്കാരനായ സഹർ ആണ് കൂടെയുള്ളത് . കിടക്കയിൽ ഉറങ്ങാനും പകൽ സ്വപ്നം കാണാനും മാത്രം അയാൾ കൂടുതൽ സമയം ചെലവഴിച്ചു. തന്റെ ജീവിത നിലവാരങ്ങളിൽ ഒരു കഴിവും വളർത്തിയെടുക്കാത്ത ഒബ്ലോമോവ് പലതും ചെയ്യണമെന്ന് സ്വപ്നം കണ്ടു . പക്ഷേ അതിനു വേണ്ടി ഒരിക്കലും ഒരു ശ്രമവും നടത്തിയതുമില്ല.
ഒരു കത്ത് വന്നാൽ അതിനു മറുപടി അയക്കണമെന്നും , അതിലേക്ക് എന്തൊക്കെ ചെയ്യണമെന്നൊക്കെ അയാൾ കിടക്ക പായിൽ വച്ച് തന്നെ ദിവസങ്ങളോളം സമയമെടുത്ത് ആലോചിച്ചു തീരുമാനിക്കും. പക്ഷേ ഈ ആലോചന മാത്രമേ നടക്കാറുള്ളൂ . എഴുത്തിന് മറുപടി അടുത്ത ദിവസം അയക്കാമെന്നായാൾ തീരുമാനിക്കും. ഈ പ്രക്രിയയിങ്ങനെ നീണ്ടു പോകും. കത്തിന് ഒരിക്കലും ഒരു മറുപടി അയക്കുകയുമില്ല. കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ സൌബിൻ അവതരിപ്പിച്ച കഥാപാത്രവുമായി എവിടെയൊക്കെയോ സാമ്യമുണ്ട് ഒബ്ലോമോവിന് . പ്രവർത്തിക്കേണ്ട സമയമാകുമ്പോൾ ഛെ .. മൂഡ് പോയി ഇന്നിനി വേണ്ട എന്ന് പറഞ്ഞുകൊണ്ടു വീണ്ടും കട്ടിലിൽ കയറി കിടന്നു അടുത്ത പദ്ധതി ആലോചിക്കുന്ന സ്വഭാവക്കാരനാണ് ഈ ഒബ്ലോമോവ്.
എപ്പോഴും ഒരു സേഫ് സോണിൽ നിന്നുകൊണ്ട് മാത്രം അയാൾ തീരുമാനങ്ങളെടുക്കുകയും, പ്രശ്നങ്ങളെ പേടിക്കുകയും ,കലഹമുണ്ടാകാതിരിക്കാനും ശ്രമിച്ചു . തന്റെ സമാധാനത്തിനും ശാന്തതയ്ക്കും അപകടകരമായേക്കാവുന്ന എന്തിനെയും അയാൾ ഭയപ്പെടുകയും, അകറ്റി നിർത്തുകയും ചെയ്തു.
ആ സ്വഭാവത്തിന്റെ ഫലമായി ആളുകൾ അയാളെ നല്ല രീതിയിൽ തന്നെ മുതലെടുത്തു. അയാളുടെ തന്നെ കൃഷിക്കാർ അയാളുടെ എസ്റ്റേറ്റിന്റെ വരുമാനത്തെക്കുറിച്ച് കള്ളം പറഞ്ഞു പണം തട്ടിയെടുത്തു. സ്വന്തം പണി സ്ഥലത്തു എത്ര പണിക്കാറുണ്ടെന്ന് പോലും അയാൾക്കറിഞ്ഞുകൂടാ . അവിടം കുഴപ്പങ്ങൾ വന്നപ്പോൾ ഒന്ന് പോയി അന്വേഷിക്കാൻ പോലും അയാൾ മടി കാണിച്ചു. സ്വന്തം വേലക്കാരനായ സഹർ വരെ അയാളിൽ നിന്നും തക്കം കിട്ടുമ്പോഴൊക്കെ മോഷ്ടിച്ചു .
എന്നാൽ ഒബ്ലോമോവിന്റെ കഥാപാത്രത്തിന്റെ സ്വഭാവത്തിന്റെ നേർവിപരീത സ്വഭാവമുള്ള ഒരാളെയും ഈ നോവലിൽ കാണാം . ജർമ്മൻ വംശജനും ഒബ്ലോമോവിന്റെ പ്രിയ സുഹൃത്തുമായ സ്റ്റോൾട്സ് ആണാ കഥാപാത്രം. സൂചിപ്പിച്ച പോലെ കഠിനാധ്വാനിയും,ശുഭാപ്തിവിശ്വാസക്കാരനും, ജീവിതത്തിൽ അച്ചടക്കമുള്ളവനുമാണ് ഈ സ്റ്റോൾട്സ്. ഒബ്ലോമോവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സ്റ്റോൾസ് മാത്രമാണ് ആത്മാർഥമായി ശ്രമിക്കുന്നുള്ളൂ.ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഒബ്ലോമോവിനെ നേരെയാക്കാൻ സ്റ്റോൾസ് ഇടപെടുന്നത്.
എസ്റ്റേറ്റിൽ നിന്നുമുള്ള വരുമാനം കുറഞ്ഞതോടെ അയാൾക്ക് തൻറെ താമസ സ്ഥലം ഒഴിഞ്ഞു കൊടുക്കേണ്ടിവന്നു.രണ്ടു മക്കളുള്ള വിധവയുമായ അഗാഫ്യ മത്വെയ്ന എന്ന യുവതിയുടെ വീട്ടിലേക്കു താമസം മാറേണ്ടി വന്നതോട് കൂടി കഥ പിന്നെയും മുന്നോട്ടുപോകുകയാണ്.
കലാപരവും ,സാംസ്കാരികപരവുമായ പ്രാധാന്യം കൊണ്ട് ക്ലാസിക് നിലവാരത്തിലെത്തി നിൽക്കുന്ന ഒരു കൃതിയാണ് ഒബ്ലോമോവ് എന്ന നോവൽ. പ്രധാന റഷ്യൻ റിയലിസ്റ്റുകളിലൊരാളായും ഗഞ്ച്റോവിനെ കണക്കാക്കുന്നവരുണ്ട്.
ഒരുപക്ഷേ നൂറ്റി അറുപതോളം വർഷങ്ങൾക്ക് മുൻപേ ഈ നോവൽ എഴുതപ്പെട്ടെങ്കിലും ആ കാലഘട്ടത്തിലോ , സാമൂഹ്യ പരിസരങ്ങളിലോ മാത്രം ഒതുങ്ങിപോകുന്ന ഒരു കഥാപാത്രമല്ല ഒബ്ലോമോവ് . ഈ വർത്തമാന കാലത്തിലും നമുക്ക് ചുറ്റിലും നിരവധി ഒബ്ലോമോവുമാരെ കാണാനാകും.
ഇംഗ്ലീഷ് വിവർത്തനം ചെയ്തിരിക്കുന്നത് ഡേവിഡ് മഗാർഷെക്കാണ്.പെൻഗ്വിൻ ബുക്ക്സ് ആണ് പുസ്തകം ഇറക്കിയിട്ടുള്ളത്.മാത്തുക്കുട്ടി ജെ കുന്നപ്പിള്ളി പുനരാഖ്യാനം ചെയ്ത ഇതിന്റെ മലയാളം പതിപ്പ് ഡിസി ബുക്‌സും ഇറക്കിയിട്ടുണ്ട്.
വാക്കുകൾ കൊണ്ട് നെയ്തെടുത്ത പായകൾ
പ്രവാസവും പിന്നെ എം മുകുന്ദനും
കാന്തമലചരിതം -അഖിനാതന്റെ നിധി
പ്രാദേശികതകളിൽ നമ്മൾ കേട്ടു പഴകിയതും,കേൾക്കാത്തതുമായ മിത്തുകളിൽ നിന്നും, കഥകളിൽ നിന്നും ലോകപരിസരങ്ങളിലെ ചരിത്രത്തിലേക്കും ഭവനകളിലേക്കും കഥയെ പ്രതിഷ്ഠിക്കാനും, കഥയുടെ രസച്ചരട് മുറിയാത്ത തരത്തിൽ അവയെ കണ്ണി ചേർക്കാനും അസാധ്യ പരിശ്രമം നടത്തിയിട്ടുണ്ട് വിഷ്ണു .
ഒടുവിൽ പുസ്തകത്തിന്റെ അവസാന താളും കടന്ന് വായനാമൂർച്ചയുടെ ആലസ്യത്തിൽ വിശ്രമിക്കാനിരിക്കുമ്പോഴും ട്രെയിൻ എനിക്കിറങ്ങേണ്ടയിടത്തെത്താൻ കുതിച്ചുകൊണ്ടിരിക്കയായിരുന്നു.
ഒരുപാടു പേർ അതിഗംഭീരമായി,നല്ല ഭാഷയിൽ വായിപ്പിക്കാൻ കൊതിപ്പിക്കുന്ന രീതിയിൽ പുസ്തകത്തെ കുറിച്ച് വിശേഷങ്ങൾ പങ്കുവെച്ചുകഴിഞ്ഞു.
സത്യം പറഞ്ഞാൽ ഇതേ കുറിച്ചെഴുതാൻ വാക്കുകളോന്നും കിട്ടാതെയിരുന്ന ഒരു അവസ്ഥയിൽ തോന്നിയതായിരുന്നു അങ്ങനെയൊക്കെ .പായ എന്ന പുസ്തകത്തിൽ മനോജ് വെങ്ങോല എഴുതിയത് പകർത്തിയാൽ “സാഹിത്യ പ്രതിഭയല്ല ,ഭാഷാവരം ഒട്ടുമില്ല.ദാർശനികതയുടെ കാര്യം പിന്നെ പറയേണ്ടല്ലോ.ചില ഉഗ്രന്മാരെ വായിക്കുമ്പോൾ അറിയാതെ എഴുതിപ്പോകുന്നതാണ്.എഴുത്ത് എന്നും പറയാനാവില്ല.എഴുതാനുള്ള ശ്രമങ്ങൾ മാത്രം”. ആ വരികളാണ് ഓർമ വന്നത്. ചില പുസ്തകങ്ങളെ പരിചയപ്പെടുത്താൻ അസാമാന്യ ജ്ഞാനം വേണം. അങ്ങനെ രണ്ടു വരിപോലും എഴുതാൻ കഴിയാതെ വായിച്ചു വച്ച പുസ്തകങ്ങൾ നിരവധിയുണ്ട്.പക്ഷേ പുസ്തകം വായിച്ച് അത് ഇഷ്ടപ്പെട്ട കാര്യം വിഷ്ണുവിനോട് പറയാതിരിക്കാനും കഴിഞ്ഞില്ല.
സന്തോഷ് ജോർജ് കുളങ്ങരയുടെ ബാൾട്ടിക് ഡയറി
മികച്ച യാത്രാ വിവരണത്തിനുള്ള 2012 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതിയാണ് സന്തോഷ് ജോർജ് കുളങ്ങരയുടെ ബാൾട്ടിക് ഡയറി എന്ന പുസ്തകം. ലാത്‌വിയ,ലിത്വാനിയ,എസ്റ്റോണിയ,പോളണ്ട് എന്നിവയാണ് ബാൾട്ടിക് രാജ്യങ്ങൾ.
സോവിയറ്റ് യൂണിയൻ നിലനിന്നിരുന്ന സമയത്ത് അതിലെ അംഗരാജ്യങ്ങളായിരുന്നു നേരത്തെ സൂചിപ്പിച്ച ബാൽട്ടിക് രാജ്യങ്ങൾ. യാത്രയ്ക്കിടയിൽ അലക്സ് എന്ന ഒരു ലാത്വിയൻ നാട്ടുകാരനെ എഴുത്തുകാരൻ വിമാനത്തിൽ വെച്ചു കണ്ടപ്പോൾ , ഭരിക്കാനാറിയാത്ത കഴുതകളാണിപ്പോൾ അവിടയുള്ളതെന്നും ,സോവിയറ്റ് യൂണിയന്റെ കാലത്തുണ്ടായിരുന്ന പല ഫാക്ടറികളും പൂട്ടികഴിഞ്ഞെന്നും അയാൾ പറയുന്നുണ്ട് .എന്നാൽ അവിടെയെത്തിയപ്പോൾ അലക്സ് പറഞ്ഞ പലകാര്യങ്ങളും പൂർണ്ണമായി ശരിയല്ല എന്ന അഭിപ്രായത്തിലെത്തുകയാണ് സന്തോഷ് ജോർജ്ജ് കുളങ്ങര .
ആളുകൾ ഉപേക്ഷിച്ചു പോയ പാൾഡിസ്കി എന്ന നഗരത്തിലൂടെ തനിയെ സഞ്ചരിച്ച അനുഭവം വിവരിക്കുമ്പോൾ വായനക്കാർക്കും സമാനമായൊരു കൌതുകം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. റഷ്യൻ ചക്രവർത്തിമാരുടെ കാലത്ത് അവരുടെ സാമ്രാജ്യത്തിലെ ഏറ്റവും തിരക്കുള്ള മൂന്നാമത്തെ തുറമുഖമായിരുന്നുവെത്രെ പാൾഡിസ്കി. അവരത് ഒരു രഹസ്യ നഗരം തന്നെയാക്കി മാറ്റി. പിന്നീട് അവർ ഒഴിഞ്ഞുപോയിട്ടും നഗരം പക്ഷേ അതിന്റെ രഹസ്യസ്വഭാവം കൈവിടാതെ നില്കുകയാണുണ്ടായത്.
ആളുകൾ ഉപേക്ഷിച്ചു പോയ നഗരത്തേകുറിച്ച് പിന്നീടെപ്പോഴോ അതിലൂടെ സഞ്ചരിച്ച ഏതോ ഒരു നാട്ടുകാരൻ ഇന്റർനെറ്റിൽ അതിനെക്കുറിച്ച് ഒരു ബ്ലോഗിൽ ആ യാത്രാവിവവരണം പ്രസിദ്ധപ്പെടുത്തി. അദ്ഭുതം ജനിപ്പിക്കുന്ന ആ കഥകൾ ആളുകളെ വീണ്ടും ഇങ്ങോട്ടേക്ക് ആകർഷിച്ചു തുടങ്ങിയിട്ടുണ്ട്.
ലിത്വാനിയയുടെ തലസ്ഥാനമായ വിൽനിയസ്സിൽ നിന്നും ട്രക്കായിലേയ്ക്കുള്ള കാർയാത്രക്കിടെ ഡ്രൈവറായ പോൾ പങ്കു വെയ്ക്കുന്ന ഒരു വിവരണമാണ് പൻറൂയ് വനക്കൂട്ടത്തിനടത്തുള്ള കില്ലിങ് ഫീൽഡി ലേക്ക് യാത്ര തിരിയുന്നത് . രണ്ടാം ലോക മഹായുദ്ധകാലത്ത് ഒരു ലക്ഷത്തിലധികം ആളുകളെ കൂട്ടകൊല ചെയ്ത സ്ഥലമാണിത്. നമുക്കറിയാവുന്ന അത്തരം ചില സ്ഥലങ്ങൾ ചിലപ്പോൾ ഓഷ്വിറ്റ്സിലും ,ദെക്കാവുവിലും ,ബുച്ചൻവാൾഡിലുമൊക്കെ പരിമിതപ്പെട്ടു കിടക്കുകയായിരിക്കും. മ്യൂണിക്കിൽ പോയ സമയത്താണ് ഞാൻ ദെക്കാവുവിനെ കുറിച്ച് കേൾക്കുന്നത് തന്നെ. പേരുള്ളതും ,ഇല്ലാത്തതുമായ ഇത്തരം നിരവധി സ്ഥലങ്ങൾ പലയിടങ്ങളിലായി ചിതറികിടക്കുന്നുണ്ട്.
ക്രാക്കോവിലെ നിരവധി അനുഭവങ്ങളും പുസ്തകത്തിലുണ്ട്. ഇപ്പോഴും പോളണ്ടിന്റെ സാംസ്കാരിക തലസ്ഥാനമായി ഇരിക്കുന്നയിടം കൂടിയാണ് പോളണ്ടിന്റെ ഈ പഴയ തലസ്ഥാനമായ ക്രാക്കോവ്. സ്പിൽ ബെർഗ്ഗീന്റെ ഷിന്റലർസ് ലിസ്റ്റ് സിനിമയിലെ ശരിക്കും നടന്ന ഷിന്റലറുടെ ഫാക്ടറി ഈ ക്രാക്കോവിലാണ് ഉള്ളത്.
രണ്ടും സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്ന രാജ്യങ്ങളായിരുന്നു. എന്തൊക്കെ ഇല്ലാതായാലും,ആരൊക്കെ ഉപേക്ഷിച്ചു പോയാലും ചിലതൊക്കെ എവിടെയെങ്കിലുമൊക്കെ അവശേഷിക്കുമല്ലോ. ബാൾട്ടിക് രാജ്യങ്ങളിൽ പെടാത്തതുകൊണ്ടു പക്ഷെ പ്രാഗിനെ കുറിച്ച് ഒരു പരാമർശവും പുസ്തകത്തിൽ ഇല്ല.
ലേബർ ഇന്ത്യ വിദ്യാഭാസ ഗവേഷണകേന്ദ്രമാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ,104 പേജുകളുള്ള പുസ്തകത്തിന്റെ വില 140 രൂപയാണ്.
നക്കാവരം – ഒരു ആൻഡമാനി സെല്ലുലാർ ജയിൽ സൂപ്രണ്ടിന്റെ ഓർമ്മക്കുറിപ്പുകൾ
കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവു വരെ തികഞ്ഞ അവഗണന മാത്രം കിട്ടിയ കൂട്ടരാണ് ആന്തമാൻ നിക്കോബാർ ദ്വീപു സമൂഹങ്ങൾ. രണ്ടാം ലോക മഹായുദ്ധത്തിൽ ജാപ്പ് ഭരണകൂടം അടിച്ചേൽപ്പിച്ച ഭീകരത,അധികാരികളുടെ ഉദാസീനത എന്നിവയൊക്കെ കാരണം ഒരുതരം മാരവിപ്പു ബാധിച്ച ജനതയായിരുന്നു അവിടെ ഉണ്ടായിരുന്നത്.
ആന്തമാൻ എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ഒന്നാണല്ലോ അവിടുത്തെ സെല്ലുലാർ ജയിൽ.
ഇന്ത്യൻ ബാസറ്റിലി എന്ന ഒരു അപരനാമം കൂടി ഈ ജയിലിനുണ്ട്. സെല്ലുലാർ ജയിലിനെ കുറിച്ചും,അതിന്റെ ചരിത്രത്തെ കുറിച്ചും അവിടുത്തെ അന്തേവാസികളായിരുന്നവരെ കുറിച്ചും തികച്ചും ആധികാരികമായി ഈ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. പുരാണത്തിലെ രാമായണത്തിലെ വാനരസേനകളുടെ നാടായ ഹനുമാൻ ദ്വീപാണ് പരിഷകരിച്ച് ഹൻഡുമാൻ ദ്വീപായത്. മലയ് ഭാഷയിലെ ഹൻഡുമാൻ പിന്നീട് ലോപിച്ചാനെത്രെ ആൻഡമാൻ എന്നായത്.
നഗ്നമാർ പാർക്കുന്ന ഇടം എന്നർത്ഥത്തിൽ നിക്കോബാറിനെ നഗ്നമാരുടെ നാട് അഥവാ നിക്കാവരം എന്നു വിളിച്ചിരുന്നുവെത്രെ. A.D 1050 ലെ തഞ്ചാവൂർ ശിലാലിഖിതത്തിൽ നക്കാവരം എന്നാണ് നിക്കോബാറിനെ അടയാളപ്പെടുത്തിയിരിക്കുന്നത് . നക്കാവരം എന്ന ആ പേർ തന്നെയാണ് ഈ പുസ്തകത്തിനും കൊടുത്തിരിക്കുന്നത്.
പോർട്ട് ബ്ലെയറിൽ നിന്നും 100 കിലോമീറ്റെർ അകലെ സ്ഥിതി ചെയ്യുന്ന വെറും 47 കിലോമീറ്റർ വലിപ്പമുള്ള നോർത്ത് സെന്ടറിനൽ ദ്വീപിനെ കുറിച്ചുള്ള വിവരങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്. ദ്വീപ സമൂഹത്തിലെ ഗ്രെയ്റ് ആൻഡമാനീസ്,ഓംഗീസ്,ജാർവാസ്,സെന്ററിനലിസ് എന്നീ വിഭാഗക്കാരുടെ കൃത്യമായ വിവരങ്ങളും ചിത്രങ്ങളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ആൻഡമാനികളും,വെള്ളക്കാരും തമ്മിലുണ്ടായ 1859 ലെ അബർഡീൻ യുദ്ധത്തെപറ്റി ഈ പുസ്തകത്തിലാണ് ആദ്യമായി വായിക്കുന്നത്. ആദ്യകാല തടവുകാരിൽ ഒരാളായിരുന്ന ഭൂത നാഥ് തിവാരി ദ്വീപ് സമൂഹത്തോട് ചെയ്ത ചതിയെ കുറിച്ചുമുള്ള വിവരങ്ങളും ഇതിലുണ്ട്.
ജാപ്പനീസ് സൈന്യം കടലിൽ തള്ളിയിട്ടും നീന്തി രക്ഷപ്പെട്ട മുഹമ്മദ് സദഭാഗറിന്റെ കഥ ഒരു പക്ഷെ വായനക്കാരെ ഞെട്ടിച്ചേക്കാം. ഹാവ്‌ലക്സ് ദ്വീപിൽ എത്തിച്ചേർന്നതിനു ശേഷമുള്ള സദഭാഗറിന്റെ അതിജീവനത്തിന്റെ കഥ കാസ്റ്റ് എവേ എന്ന ഇംഗ്ലീഷ് സിനിമയിലെ ടോം ഹാങ്ക്സിനെ ഓർമ്മിപ്പിക്കുന്നതാണ്. ടോം ഹാങ്ക്സിനു പക്ഷെ മനുഷ്യ മാംസം ചുട്ടു തിന്നേണ്ട ഗതികേട് ഉണ്ടായില്ല എന്ന് മാത്രം.
ദ്വീപിനെ കുറിച്ച് പറയുമ്പോൾ തീർച്ചയായും ഓർത്തിരിക്കേണ്ട ബിഷപ്പ് റിച്ചാർഡ്സൺ,എഡ്വേർഡ് കുച്ട്,റാണി ലക്ഷ്മി,റാണി ചങ്കം എന്നീ ഗോത്ര നേതാക്കളെ വേണ്ട രീതിയിൽ തന്നെ പുസ്തകത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പലതും എനിക്ക് പുതിയ അറിവായിരുന്നു എന്നത് പ്രത്യേകം എടുത്തുപറയട്ടെ.
പുസ്തകം വായിച്ചപ്പോൾ ദ്വീപിനെ കുറിച്ച് മുൻപുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും മാറി എന്നുള്ളതാണ് . അതിലൊന്നാണ് ഇന്ത്യയുടെ തെക്കേ അറ്റം കന്യാകുമാരിയല്ല എന്നുള്ളത്.
ഓർമക്കുറിപ്പുകൾ എന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും , ദ്വീപിനെ കുറിച്ചുള്ള ഒരു സമഗ്ര വിവരം കൃത്യമായി തന്നെ തരുന്നുണ്ട് ഈ പുസ്തകം. ഒരുപക്ഷെ നയതന്ത്ര തലത്തിൽ അവിടെ ഇടപെട്ട ഒരാളെന്ന നിലയ്ക്കുള്ള അത്തരം സ്വാധീനം വെച്ച് രേഖകളുടെ പിൻബലത്തിൽ പുസ്തകത്തെ അടയാളപ്പെടുത്തിയതുകൊണ്ടാകാം ഈ പുസ്തകം മികച്ചതായത് എന്ന് കരുതുന്നു. ഡിസി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 125 രൂപ.
പാവങ്ങളെ വായിക്കുമ്പോൾ..
വിക്ടർ യൂഗോയുടെ ക്ലാസ്സിക് കൃതിയായ പാവങ്ങൾ ഇത്രയും നാൾ വായിക്കാത്ത ഒരേയൊരു ആൾ ചിലപ്പോൾ ഞാൻ മാത്രമായിരിക്കണം.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ പ്രക്ഷുബ്ധമായ ഫ്രാന്സും, പാരീസുമൊക്കെയാണ് കഥാ പശ്ച്ചാത്തലം. അതുകൊണ്ടു തന്നെ അക്കാലത്തെ ഫ്രഞ്ച് രാഷ്ട്രീയവും, ദാർശനിക പ്രശ്‌നങ്ങളും അതിവിപുലമായി തന്നെ നോവലിൽ വരച്ചു ചേർത്തിട്ടുണ്ട് യൂഗോ. നോവൽ വായനയിലെ ചിലയിടങ്ങളിൽ ഇത്തരം വിഷയങ്ങളെ കുറിച്ചുള്ള തത്വചിന്താപരമായ നീണ്ട കുറിപ്പുകൾ നമ്മെ എവിടെയൊക്കെയോ കൊളുത്തി വലിക്കുമെങ്കിലും , അതിന്റെ ബാഹുല്യം മടുപ്പിക്കുന്നുമുണ്ട്.
എന്നാൽ തിരികെയെത്തിയ വാൻ ഴാങ്ങിനെ ആരും സ്വീകരിക്കുന്നില്ല. കൈയ്യിൽ ആവശ്യത്തിന് പണമുണ്ടായിട്ടും ഹോട്ടലിൽ മുറികൊടുക്കാനോ , ഭക്ഷണം കൊടുക്കാനോ ആരും തയ്യാറാകുന്നില്ല. ‘അതിഭീകരനായ ‘ കുറ്റവാളിയായാണ് സമൂഹം അയാളെ കാണുന്നത്.
ഴാൻ വാൻ ഴാങ്ങിന്റെ സംഭവ ബഹുലമായ ജീവിതമാണ് പിന്നീട് കാണാനാവുക.
എന്നാൽ ഇതിൽ നിന്നും നേരെ ചിന്താഗതിയുള്ളയാളാണ് ഇൻസ്പെക്ടർ ഴാവേർ. ഒരാൾ നിയമത്തിലൂടെ മാത്രമേ നീതീകരിക്കപ്പെടുകയുള്ളൂ എന്നു വിശ്വസിക്കുന്ന ഒരു മനുഷ്യൻ. അങ്ങനെ വ്യത്യസ്ത അടരുകളുള്ള കഥാപാത്രങ്ങളുടെ ഒരു നീണ്ട നിരതന്നെ ഈ നോവലിലുണ്ട്.
ഒരു കുറ്റവാളിയിൽ നിന്ന് ഒരു മനുഷ്യസ്‌നേഹിയായി മാറുന്ന ഴാൻ വാൻ ഴാങിന്റെ പരിവർത്തനം ഹ്യൂഗോ നോവലിൽ അടയാളപ്പെടുത്തിയിരിക്കുന്നത് സ്നേഹമമെന്ന വികാരത്തിലൂടെയാണ് . മറ്റുള്ളവരെ കൂടി സ്നേഹിക്കാൻ ശീലിക്കുന്നവന് മാത്രമേ സ്വയം മെച്ചപ്പെടുത്താൻ കഴിയൂ എന്നു ഴാങ് വാൻ ഴാങ്ങിനെ മുൻനിർത്തിക്കൊണ്ട് യൂഗോ സ്ഥാപിക്കുന്നുണ്ട്.
വാട്ടർലൂ യുദ്ധത്തിലെ സംഭവങ്ങളെ കുറിച്ചും ദീർഘമായി ഇതിൽ വിവരിച്ചിട്ടുണ്ട് , യുദ്ധം എങ്ങനെയാണ് ചുരുളഴിയുന്നത് എന്നതിനെക്കുറിച്ചുള്ള വിശദമായ വിവരണം ഒരു പ്രധാന ഭാഗമായി തന്നെ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ക്രൂരമായ ഒരു സമൂഹം എങ്ങനെ ആളുകളെ നിരാശയിലേക്കും, മരണത്തിലേക്കും നയിക്കപ്പെടുന്നു എന്നത് ഫൻതീനെന്ന കഥാപാത്രത്തിലൂടെ യൂഗോ അടയാളപ്പെടുത്തിയിട്ടുണ്ട്.
ഫ്രാൻസിലെ നീതിന്യായ വ്യവസ്ഥയുടെ അപചയം ഴാങ് വാൻ ഴാങ്ങിലൂടെ നമുക്ക് വായിച്ചെടുക്കാവുന്നതാണ്. ശിക്ഷിക്കപ്പെടേണ്ട പെരുംകള്ളന്മാർ രക്ഷപ്പെട്ടു നടക്കുകയും എന്നാൽ നിസ്സാര കുറ്റം ചെയ്യുന്നവർ കഠിന ശിക്ഷകളിൽ പെട്ട് സ്വന്തം ജീവിതം നശിപ്പിച്ചു കളയുകയും ചെയ്യുന്ന വളരെ പരിതാപകരമായ അവസ്ഥ വളരെ വിദഗ്ദ്ധമായി യൂഗോ തന്റെ നോവലിൽ വരച്ചു ചേർത്തിരിക്കുന്നു.
പാവങ്ങൾ ആദ്യമായി പ്രസിദ്ധീകരിച്ചത് 1862-ലാണ്. നാലപ്പാട്ട് നാരായണ മേനോൻ മലയാളത്തിലേക്ക് ഇത് വിവർത്തനം ചെയ്തത് 1925 ലാണ്. മലയാള സാഹിത്യത്തിലെ ഒരു നാഴികകല്ലായാണ് പാവങ്ങളുടെ വരവിനെ കണക്കാകുന്നത്. രണ്ടു വോള്യങ്ങളിലായി ആയിരത്തി അറുന്നൂറോളം പേജുകളോളമുള്ള പാവങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് മാതൃഭൂമി ബുക്സ് ആണ്. പുതിയ പതിപ്പിൽ എം മുകുന്ദന്റെ അവതാരികയുമുണ്ട്. അതിൽ ഫ്രെഞ്ച് ഭാഷയിൽ തന്നെ ആ നോവൽ വായിക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
പുസ്തകത്തിന്റെ വില 1700 രൂപ. മാതൃഭൂമിയുടെ വെബ്സൈറ്റിൽ 1360 രൂപയ്ക്ക് ലഭ്യമാണ്.
വിലായത്ത് ബുദ്ധ യ്ക്കു ശേഷം നാലഞ്ചു ചെറുപ്പക്കാരുമായി ഇന്ദുഗോപന്റെ പുതിയ നോവൽ
ഇന്ദുഗോപന്റെ കഥകൾക്കും,നോവലുകൾക്കും ഒരു മിനിമം ഗ്യാരന്റീയുണ്ട്. വായനക്കാരെ പിടിച്ചിരുത്താൻ പോന്ന എന്തെങ്കിലുമൊക്കെ അതിൽ കരുതി വെച്ചിട്ടുണ്ടാകും . ധൈര്യമായി വിശ്വസിച്ചു വായിക്കാം,എൻറർടെയ്ൻമെൻറ് ഉറപ്പാണ്
കടപ്പാകടയിലെ ശ്രീലക്ഷി ലോഡ്ജിലെ 501-ാം നമ്പർ മുറിയിൽ നിന്നും ഇന്ദുഗോപൻ,കഥയുടെ കെട്ടഴിച്ചു വിടുന്നത് വേറൊരു ലോകത്തേക്കാണ്.
കർത്താവ് ശർമ,അമൽ ,ആന്റോ,മറുത ലാലു,ബാസ്റ്റിൻ എന്ന ചെറുപ്പകാരുടെ ഇടയിലേക്ക് പി . പി അജേഷ് എന്ന ചെറുപ്പകാരന്റെ കടന്നു വരവോടെയാണ് കഥയ്ക്ക് ഫസ്റ്റ് ഗിയർ വീഴുന്നത്. കൊല്ലം കടപ്പുറത്തെ സ്റ്റെഫി എന്ന പെണ്ണിന്റെ വിവാഹംത്തിന് പറഞ്ഞുറപ്പിച്ച സ്വർണ്ണം കൊടുക്കാൻ പാങ്ങില്ലാത്ത അവസ്ഥയിൽ ഏതോ ഒരു ജ്വല്ലറിയുടെ ആളായി വന്ന അജേഷ് എന്ന ചെറുപ്പക്കാരൻ ആവശ്യമുള്ള സ്വർണ്ണം കൊടുക്കുന്നു. കല്യാണ പിരിവിൽ നിന്നും കിട്ടുന്ന വലിയ തുകയിൽ നിന്നും ആജേഷിന്റെ ഇടപാട് തീർക്കാം എന്നു കരുതിയെങ്കിലും അവിടെയും പണി പാളി. പണം കിട്ടാത്ത സ്ഥിതിയ്ക്കു തിരിച്ചു കൊടുക്കേണ്ട സ്വർണ്ണവുമായി അതിരാവിലെ തന്നെ പെണ്ണും ചെക്കനും കടന്നു കളയുകയും ചെയ്യുന്നു.
പി പി അജേഷ് എന്ന ‘പിടിവാശിക്കാരൻ’ അജേഷ് സ്വർണ്ണം വീണ്ടെടുക്കാൻ പയറ്റുന്ന തന്ത്രപ്പാടുകളാണ് പിന്നീട് വായനകാർക്ക് കാണാനാവുക. നാൽപ്പത്തി ഒമ്പത് അദ്ധ്യായങ്ങളുണ്ടെങ്കിലും ഒന്നോ രണ്ടോ പേജിലൊതുങ്ങുന്ന ചെറു അദ്ധ്യായങ്ങളായാണ് നോവൽ അവതരിപ്പിച്ചിരിക്കുന്നത്. സീൻ ബൈ സീൻ പോലെ വായിച്ചു പോകാവുന്ന സിനിമയുടെ ഒരു തിരകഥ പോലെ തോന്നി അവതരണം . സംഭാഷണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് നോവൽ. കഥയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള രൂപകങ്ങളോ പ്രതീകങ്ങളോ ,കടിച്ചാൽ പൊട്ടാത്ത ചിന്തകളോ , ഒന്നും തന്നെയില്ല.
വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത , ജീവിക്കാൻ വേണ്ടി പോരാടുന്ന ഒരു പിടി കഥാപാത്രങ്ങളുടെ കഷ്ടപ്പാടുകളും, അതിജീവന തന്ത്രങ്ങളും ,ഒട്ടും അതിശയോക്തിയില്ലാതെ ,തന്മയത്തത്തോടെ ഈ നോവലിൽ അവതരിപ്പിച്ചിട്ടുണ്ട് .
ഗൌരവം മുറ്റി നിൽക്കുന്ന ഇടങ്ങളിൽ പോലും നല്ല പൊളപ്പൻ ഡയലോഗുകളിലൂടെ ചിരിപ്പിക്കാനും നോവലിൽ വക തരുന്നുണ്ട് . ആജേഷിന്റെ, “ആമ്പിയൻസ് പിന്നെ നിന്റെ തന്ത കൊണ്ടു തരുമോടാ’ എന്ന് സ്റ്റെഫിയുടെ ആങ്ങള യായ ബ്രൂണോയോടു പറയുന്ന സന്ദർഭം തന്നെ ഒരുദാഹരണം.
വഴിമുട്ടി നിൽക്കുന്ന ജീവിതത്തിൽ ഒരിടത്ത് പച്ചത്തുരുത്ത് കണ്ട് ചാടിപ്പിടിച്ചു കിടക്കുന്നവർക്ക് എന്ത് വ്യവസ്ഥ നോക്കാനാണ്,എന്ത് മാനം നോക്കാനാണ്. അതുകൊണ്ടാണ് മധ്യസ്ഥ ചർച്ചയ്ക്ക് വരുന്ന പള്ളീലെ മണിക്കുട്ടൻ അച്ചനോട് പെണ്ണിന്റെ തള്ള “വ്യവസ്ഥയൊക്കെ ഒരവസ്ഥ വരെയുള്ളൂ അച്ചോ” എന്ന ഒറ്റ ഡയലോഗിൽ ഫ്ലാറ്റാക്കി അവരുടെ കാറ്റൂതി വിടുന്നത്. എങ്കിലും ആ പറഞ്ഞ അവസ്ഥയിൽ നിന്നും ഇടയ്ക്കൊക്കെ വ്യവസ്ഥകളിലേക്ക് ഒരു തിരിച്ചു നടത്തം സംഭവിക്കുന്നുമുണ്ട് ഒട്ടു മിക്ക കഥാപാത്രങ്ങൾക്കും.
പുസ്തകത്തിന്റെ ആസ്വാദനകുറിപ്പിൽ മനീഷ് നാരായണൻ പറയുന്നതുപോലെ ഉദ്വേഗപൂർണ്ണമായ അപ്രതീക്ഷിതത്വത്തിലൂടെയും , ദുരൂഹതകളെ അറകളിലുമാക്കിയാണ് കഥയുടെ സഞ്ചാര ശൈലി.
എന്നു കരുതി എളുപ്പം പിടി തരുന്ന കഥാപാത്രങ്ങളെയല്ല ഇന്ദു ഗോപൻ നമ്മുടെ മുന്നിലെക്കിട്ടു തന്നിരിക്കുന്നത്, പിടിച്ചാൽ ബ്രാലിനെ പോലെ വഴുതിമാറുന്ന തരം കഥാപാത്രങ്ങളാണ്. വായനക്കാർക്ക് ഒരിടത്തും പിടി നൽക്കാതെ തുടക്കം മുതൽ ഒടുക്കം വരെ അത് സഞ്ചരിക്കുന്നുമുണ്ട് .
എഴുത്തുകാരന്റെ കഥപറച്ചിൽ രീതി പൊതുവേ നല്ലരീതിയിൽ സ്വീകരിക്കപ്പെട്ടിട്ടുള്ളതാണല്ലോ. ഈ കഥ പിറന്നതിന്റെ പിന്നാമ്പുറ രഹസ്യം എന്തു തന്നെയായാലും ഒരു ചെറു പരിസരത്തിൽ നിന്നുകൊണ്ടു തന്നെ മനോഹരമായി കഥയും ,കഥാപാത്രങ്ങളും സൃഷ്ടിക്കാൻ ഇന്ദുഗോപന് കഴിഞ്ഞിട്ടുണ്ട് . 152 പേജുകളിലുള്ള , എന്നാൽ ചിത്രങ്ങൾ ഒഴിവാക്കിയാൽ ഒരു പക്ഷേ 100 പേജുകളിൽ ഒതുങ്ങിയെക്കാവുന്ന ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് മലയാള മനോരമയാണ്. വില 170 രൂപ.









