രാമായണത്തിലെ 'വിമുക്ത' കഥാപാത്രങ്ങൾ

 

രാമന്റെ പ്രവാസത്തിന്റെ കഥയാണല്ലോ വാൽമീകിയുടെ രാമായണം പറയുന്നത് . ലോക ഇതിഹാസങ്ങളിലൊന്നായ രാമായണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് നിരവധി പഠനങ്ങളും , നോവലുകളും പിറവികൊണ്ടിട്ടുണ്ട്. ഒരുപക്ഷെ മൂലകൃതിയെക്കാളും ആളുകൾ അറിയുകയും വായിക്കുകയും ചെയ്തിട്ടുണ്ടാകുക ഇത്തരം നോവലുകളും , ചർച്ചകളുമൊക്കെയാകും. അങ്ങനെ രാമായണത്തിൽ നിന്നും ഒരു പിടി കഥാപാത്രങ്ങളെ പ്രത്യേകിച്ചും സ്ത്രീകഥാപാത്രങ്ങളെ ആധാരമാക്കി കൊണ്ട് സീതയുടെ പക്ഷത്തു നിന്നും കഥപറയുകയാണ് തെലുങ്ക് എഴുത്തുകാരിയായ വോൾഗ എന്നറിയപ്പെടുന്ന പോപുരി ലളിത കുമാരി. വോൾഗ എന്നത് അവരുടെ തൂലിക നാമമമാണ്. എഴുത്തുകാരിയ്ക്ക് 16  വയസുള്ളപ്പോൾ മരിച്ച തന്റെ മൂത്ത സഹോദരിയുടെ പേരായിരുന്നു വോൾഗ . കവിതകൾ എഴുതുവാൻ തുടങ്ങിയപ്പോൾ ഈ പേര് തൂലിക നാമമായി സ്വീകരിക്കുകയായിരുന്നു. 

ശൂർപ്പണഖ,അഹല്യ,ഊർമ്മിള,രേണുക,എന്നീ നാല് സ്ത്രീകളുമായി സീതയുടെ കൂടികാഴ്ചകളും അത് സീതയിൽ എപ്രകാരം സ്വാധീനിക്കുകയും, തന്റെ ചിന്തകളെ എങ്ങനെ  മാറ്റിമറിക്കുകയും ചെയ്യുന്നു എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. രാമായണത്തിലെ അരികുവൽക്കരിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങളെ തന്റെ മുഖനാളങ്ങളാക്കി പുരാണകഥകളിൽ അന്തർലീനമായിരിക്കുന്ന പുരുഷ മേധാവിത്ത്വ പ്രമാണങ്ങളെ ചോദ്യം ചെയ്യുകയാണ് വോൾഗ തന്റെ പുസ്തകത്തിലൂടെ. പാതിവ്രത്യം,മാതൃധർമം,തുടങ്ങി അമൂർത്തമായ സങ്കല്പ്പങ്ങളിൽ വിശ്വാസമർപ്പിച്ചു ജീവിക്കുന്ന സ്ത്രീ അതെല്ലാം മിഥ്യയായിരുന്നു എന്ന് താൻ കണ്ടുമുട്ടുന്ന മേൽ സൂചിപ്പിച്ച  മറ്റു സ്ത്രീകഥാപാത്രങ്ങളുമായുള്ള സംസർഗ്ഗത്തിലൂടെ വെളിപ്പെടുന്ന നിമിഷം അനുഭവിക്കുന്ന ആത്മസംഘർഷമാണ് നോവൽ നമ്മളോട്  പകർന്നു വയ്ക്കുന്നത്.ആ തിരിച്ചറിവ്  പക്ഷെ സീതയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല എന്നുള്ളതാണ് .  ശൂർപ്പണഖ,അഹല്യ,ഊർമ്മിള,രേണുക എന്നിവരും ആ യാഥാർഥ്യം തിരിച്ചറിഞ്ഞവരാണ്. തീർച്ചയായും അത്തരം പക്ഷത്തു നിന്നുള്ള രചനകൾ  വെളിപ്പെടുമ്പോൾ തീർച്ചയായും രാമൻ അവതാര പുരുഷനോ, മര്യാദാപുരുഷനോ ആയിരിക്കില്ല. ഇവിടെയും സ്ഥിതി മറിച്ചല്ല. സൗന്ദര്യത്തിന്റെ ആരാധികയായ ശൂർപ്പണഖ വൈരൂപ്യം കൊണ്ടുള്ള വേദനയാൽ ഒരു കാലത്തു ജീവിച്ചുവെങ്കിലും പതിയെ അവൾ അതിൽ നിന്നും മോചിതയാകുന്നുണ്ട്.സൗന്ദര്യത്തെ ആരാധിക്കാൻ ,രൂപഭംഗിയുടെയും വൈരൂപ്യത്തിന്റെയും അന്തഃസാരം മനസിലാക്കയിടെയ്ക്കാൻ അവർ തന്നോട് തന്നെ പൊരുതി.പുരുഷനുമായുള്ള ബന്ധത്തിൽ മാത്രമല്ല സ്ത്രീയുടെ ജീവിതത്തിന്റെ ധന്യത എന്നവർ തിരിച്ചറിയുന്നു . സുധീര എന്ന അവരുടെ പുരുഷനെ കാണുമ്പോൾ സീത അമ്പരന്നു നിൽക്കുന്നുണ്ട്. പിന്നീട് കാര്യങ്ങൾ മനസ്സിലാക്കി കഴിയുമ്പോൾ ആ അമ്പരപ്പ് ആരാധനയിലേക്കും വഴിമാറുന്നുമുണ്ട്.അതുപോലെ അഹല്യക്കും, രേണുകയ്ക്കും അവരുടേതായ വെളിപാടുകളും ചോദ്യങ്ങളും ഉണ്ട്. രാമൻ വനവാസത്തിനു പോയപ്പോൾ അനുഗമിച്ച ലക്ഷ്മൺ ഊർമിളയോട് ഒരു വാക്കു പോലും പറയാതെയാണ് പോകുന്നത്. തന്നെ വിസ്മരിച്ച ലക്ഷ്മണനോട് താൻ എന്ത് തെറ്റാണ് ചെയ്‌തെതെന്നും ഊർമിള ചിന്തിക്കുന്നുണ്ട്. അതിനു പകരമായി സ്വയം ഏകാന്ത വാസം തിരഞ്ഞെടുക്കുകയാണ് അവർ. ഏകാന്തതയുടെ സ്വയം കണ്ടെത്താൻ അവർ ശ്രമിക്കുന്നു.

പുരുഷന്മാരെ അവരുടെ ജീവിതത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നത് തികച്ചും നിരർത്ഥകമാണെന്ന് രേണുകയും സീതയോട് പറയുന്നുണ്ട് .തന്നെ വിധിക്കാൻ ആർക്കും അവകാശം നൽകാൻ വിസമ്മതിക്കുന്ന അഹല്യയെ ഇതിൽ നാം കാണുന്നുണ്ട് . ‘ഒരു വിചാരണയ്‌ക്ക് ഒരിക്കലും സമ്മതിക്കരുത് സീതേ ‘, വിശ്വാസത്തിന് തെളിവ് ആവശ്യമില്ലെന്ന് അവർ  അവളെ ഉപദേശിക്കുന്നു.

അഹല്യയുടെ മൂർച്ചയുള്ള ഉപദേശങ്ങൾ   ആദ്യമൊക്കെ  ഒരു അർത്ഥവും കണ്ടെത്താൻ സീതയ്ക്ക് കഴിഞ്ഞില്ലെങ്കിലും പിന്നീട് രാമനിൽ നിന്നും  നിന്ന് വേർപിരിഞ്ഞതിനുശേഷമുള്ള ആ സമയങ്ങളിൽ  അഹല്യയുടെ വാക്കുകളുടെ പിന്നിലുള്ള സത്യം എന്തെന്ന്  മനസ്സിലാക്കാൻ   സീതയെ പ്രേരിപ്പിക്കുന്നുണ്ട് .തുടക്കത്തിൽ സീതയിലെ ഒരു സാധാരണ പെൺകുട്ടിയെ കാണുന്ന വായനക്കാർ ഒടുവിൽ അവളെ പക്വതയുള്ള, ചിന്താശേഷിയുള്ള, സ്വയം പ്രബുദ്ധയായ ഒരു സ്ത്രീയായി കാണാൻ കഴിയുന്നു എന്നുള്ളതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത .രാമനിലേക്കു വരുമ്പോൾ തന്റെ രാജ്യത്തെ വിപുലീകരിക്കാനും ശക്തിപ്പെടുത്താനും ലങ്ക രാജാവായ രാവണനെ  പ്രകോപിപ്പിക്കുകയായിരുന്നു പതിനാലു വർഷത്തെ വനവാസം കൊണ്ട് രാമന്റെ പദ്ധതി എന്നാണ് ഈ നോവലിലെ ഭാഷ്യം.

ഈ പുസ്തകത്തിൽ  സ്ത്രീകളുടെ ദുരിതമല്ല ഉയർത്തിക്കാട്ടുന്നത് . മറിച്ചു  പുരുഷാധിപത്യത്തിന്റെ ബന്ധങ്ങൾ എങ്ങനെ തകർക്കപ്പെടുന്നു എന്നുള്ളതാണ് . ഇതിൽ  പ്രത്യക്ഷപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങളുടെ  വിമോചനം പുരുഷാധിപത്യത്തിൽ നിന്നുമാണ്.വിമുക്ത യാകുന്നത് ആണത്ത അധീശത്വത്തിൽ നിന്നും , അവർ സൃഷ്ടിച്ചു വെച്ച കെട്ടുപാടുകളിൽ നിന്നും.

വോൾഗയുടെ  എഴുത്തിലെ  സൂക്ഷ്മവും ശക്തവുമായ ആഖ്യാന ശൈലി വായനക്കാരെ ആകർഷിക്കുക തന്നെ ചെയ്യും. അവരുടെ സ്ത്രീപക്ഷ വീക്ഷണവും ഇതിഹാസത്തെക്കുറിച്ചുള്ള വ്യാഖ്യാനവും എടുത്തു പറയേണ്ടതാണ്. 

തെലുങ്കിൽ  ‘വിമുക്ത കഥ സമ്പുതി’ എന്ന പേരിലിറങ്ങിയ ഈ ചെറുകഥാ സമാഹാരത്തിന് 2015 ൽ സാഹിത്യ അക്കാദമി അവാർഡ് നേടുകയുണ്ടായി. വെസ്റ്റ്ലാൻഡ് ആണ് മലയാളത്തിൽ പുസ്തകം ഇറക്കിയിരിക്കുന്നത്.പരിഭാഷ നിർവഹിച്ചിരിക്കുന്നത് ഡോ എം സുപ്രിയയും 

സ്റ്റാലിനെ വെള്ള പൂശാൻ നടക്കുന്നവർ

  ഏറെ വിവാദങ്ങളും നിഗൂഢതകളും ,വെളിപ്പെടാത്ത ഒട്ടേറെ രഹസ്യങ്ങളും ഉള്ള ആളാണ് സോവിയറ്റ് റഷ്യ വാണ സ്റ്റാലിന്റേത്. സ്റ്റാലിനിസ്റ്റ് എന്നഒരു ശകാര പദം കാല്പനിക ഇടതുപക്ഷ നിഘണ്ടുക്കൾ പോലും രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒട്ടും അതിശയയോക്തികളൊന്നും തന്നെയില്ല  എന്ന് പറയാം. ലോക കമ്യൂണിസ്റ് പ്രസ്‌ഥാനത്തിലെ തന്നെ ഏറ്റവും വിവാദം നിറഞ്ഞ കാലഘട്ടം ഏതാണെന്നു ചോദിച്ചാൽ സംശയമില്ല , . അത് സ്റ്റാലിൻ ജീവിച്ചിരുന്ന ആ കാലഘട്ടം തന്നെയാണ്.ഒരു കാലത്തു സ്റ്റാലിൻ സമം ഹിറ്റ്ലർ എന്ന ഒരു സമവാക്യം തന്നെ രൂപപ്പെടുകയുണ്ടായി. അന്നത്തെ രഷ്ട്രീയസാഹചര്യത്തിൽ അതെല്ലാവരും കണ്ണടച്ച് അംഗീകരിക്കുകയും ചെയ്തിരുന്നു.ആ സ്റ്റാലിൻ എന്ന അധികാരിയുടെ സ്വേച്ഛാധിപതിയുടെ സമഗ്രമായ ജീവചരിത്രം തികച്ചും മാർക്സിസ്റ് കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ആവിഷ്‌ക്കരിക്കാനുള്ള ശ്രമമാണ് എം ആർ അപ്പൻ ജോസഫ് സ്റ്റാലിൻ ജീവിതവും കാലവും എന്ന പുസ്തകത്തിലൂടെ ശ്രമിച്ചിരിക്കുന്നത്. സ്റ്റാലിന്റെ ജനനം മുതൽ അന്ത്യം വരെയുള്ള വിവരങ്ങൾ ഈ പുസ്തകത്തിൽ കാണാം. സ്റ്റാലിനെതിരായ മറുപക്ഷത്തിന്റെ ആക്രമണങ്ങളെ  സോഷ്യലിസത്തിന്റെ മഹത്തായ നേട്ടങ്ങളെ നിഷേധിക്കുകയും ,നിരവധി മൗലിക പ്രശ്നങ്ങളെ സംബന്ധിക്കുന്ന മാർക്സിസം-ലെനിസത്തിന്റെ ശാസ്ത്രീയ കാഴ്ചപ്പാടുകളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടുവാനുമെന്നുള്ള  ഇരട്ട ലക്ഷ്യങ്ങളാണുള്ളതെന്നു  എഴുത്തുകാരൻ  പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്.    അന്നത്തെ  സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്ന രാജ്യങ്ങളിൽ പിന്നീട്  മുതലാളിത്തം പുനഃസ്ഥാപിക്കപ്പെട്ടതിനു ശേഷം അവിടുങ്ങളിൽ തൊഴിലില്ലായ്മാ ,ദാരിദ്ര്യം,കഷ്ടപ്പാടുകൾ,കുറ്റകൃത്യങ്ങൾ,അഴിമതി,വംശീയ യുദ്ധങ്ങൾ,തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളുടെ പാപ്പരീകരണം തുടങ്ങിയ പ്രതിഭാസങ്ങളെല്ലാം ഒരു ജീവിത ക്രമമെന്ന നിലയിൽ അവിടെ നിലനിൽക്കുന്നു എന്നൊരു കൗതുകകരമായ ന്യായവാദം എഴുത്തുകാരൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാർക്സിസം-ലെനിസത്തിനു മാത്രമേ അവയെ ഇല്ലായ്മ ചെയ്യാൻ കഴിയൂ എന്നും പറയുന്നു. 

സ്റ്റാലിൻ എന്ന വാക്കിനർത്ഥം ഉരുക്കു മനുഷ്യൻ എന്നാണ്. കോബ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത് .ലെനിൻ ആണ് സ്റ്റാലിൻ എന്ന പേര് ആദ്യമായി  നിർദ്ദേശിക്കുന്നത്. എട്ടാം പാർട്ടി കോൺഗ്രെസ്സോടെ സ്റ്റാലിന്റെ നേതൃത്വ പാടവം അംഗീകരിക്കപ്പെട്ടു. ലെനിന്റെ വലം  കയ്യായി സ്റ്റാലിൻ മാറി. അവർ തമ്മിലുള്ള ബന്ധം തുടക്കത്തിൽ  ഉറച്ചതും വിശ്വാസതയുള്ളതുമായിരുന്നു. ലെനിനുണ്ടായ പക്ഷാഘാതവും അതിനെ തുടർന്നുണ്ടായ മോശമായ ആരോഗ്യസ്ഥിതിയും സ്റ്റാലിന് പാർട്ടിയിൽ മുന്നോട്ടു വരുന്നതിലും ,പാർട്ടി കാര്യങ്ങളിൽ മുൻതൂക്കം നേടുന്നതിനും നല്ലവണ്ണം സഹായിച്ചു എന്ന് വേണം പറയാൻ.

മോശമായ ആരോഗ്യാവസ്ഥയിലും ലെനിൻ 1922 ഒക്ടോബറിൽ മോസ്കോയിൽ തിരിച്ചെത്തിയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തിന് മറ്റുള്ളവരുടെ സഹായം ആവശ്യമായി വന്നു.അപ്പോഴേക്കും എല്ലാ കാര്യങ്ങളിലും സ്റ്റാലിനും അദ്ദേഹത്തിന്റെ അനുയായികളും പാർട്ടിയെ നിയന്ത്രിച്ചു തുടങ്ങിയിരുന്നു.തന്റെ രോഗഗാവസ്ഥയിൽ ലെനിന് കടുത്ത ആശാഭംഗവും ,കോപവുമുണ്ടായി. ഇതാണ്  സ്റ്റാലിനെതിരെ തിരിയാൻ  അദ്ദേഹത്തെ പ്രചോദിപ്പിച്ചതെത്രെ. വളരെ വിചിത്രമായ ഒരു ന്യായവാദമായിപ്പോയി അത് . 1923 ജനുവരി 4  നു ലെനിൻ എഴുതിയ അവസാന കത്തുകളിലൊന്നിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കാണാം. വളരെയേറെ ധാർഷ്ട്യമുള്ള വ്യക്തിയാണ് സ്റ്റാലിൻ.ഈ വൈകല്യമെല്ലാം നമ്മെ പോലുള്ള കമ്മ്യൂണിസ്റുകാർക്കിടയിൽ ഒരു പരിധി വരെ സഹനീയമാണ്.പക്ഷെ ഒരു പാർട്ടി സെക്രട്ടറി ജനറലിൽ ഇത് അസഹനീയം തന്നെയാണ്.സ്റ്റാലിനെ ആ പദവിയിൽ നിന്നും മാറ്റി മറ്റൊരു വ്യക്തിയെ അവിടെ അവരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കത്തവസാനിപ്പിക്കുന്നത്. ട്രോട്സ്കിക്കും ഒരു കത്തെഴുതുന്നുണ്ട് ലെനിൻ. 1924 ഒക്ടോബറിൽ ,ഒക്ടോബറിന്റെ പാഠങ്ങൾ എന്ന മുഖാവരയോടെ ട്രോട്സ്കി തന്റെ ഗ്രന്ഥത്തിൽ ലെനിനെ അതിനിശിതമായി വിമർശിക്കുന്നുണ്ട്.ട്രോട്സ്കി അതിനു ശേഷമാണ് പാർട്ടിയിൽ നിന്നും രാജി വെയ്ക്കുന്നത്.പാർട്ടിയിലെ അംഗങ്ങളായ  സീനോവും കാമനോവും ട്രോട്സ്കിയെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ ആവശ്യപ്പെട്ടുവെങ്കിലും സ്റ്റാലിൻ അതിനു സമ്മതിക്കുന്നില്ല. അതിന്റെ വിശദീകരണം സ്റ്റാലിൻ പിന്നീട് നടത്തുന്നത് ഇങ്ങനെയാണ് , മുറിച്ചു മാറ്റൽ നയം പാർട്ടിക്ക് അപായമുണ്ടാക്കും .ഛേദിക്കുന്ന രീതി,രക്തം ചൊരിയുന്ന രീതി രക്‌തം ആവശ്യപ്പെടുന്ന രീതി ഇതെല്ലം അപായകരമാണ് .അതൊരു പകർച്ച വ്യാധിയാണ്. 

ഈ വിശദീകരണങ്ങളൊക്കെ ഇന്ന് കേൾക്കുന്ന ആളുകൾക്ക് ഇതൊരു തമാശയായി തോന്നിയാൽ ഒട്ടും അത്ഭുതമില്ല. ശാന്തിയുടെ ഈ സമാധാനദൂതൻ ഒഴുക്കിയ രക്തപ്പുഴക്ക് മുന്നിൽ ഹിറ്റ്ലർ പോലും നാണിച്ചു പോയിട്ടുണ്ടാകും. സ്റ്റാലിനെ വിമർശിച്ചതിന്റെ പേരിൽ 1928 ജനുവരിയിൽ ചൈനീസ് അതിർത്തിക്ക് സമീപമുള്ള  ആൽമ അറ്റയിലേക്ക് ട്രോട്സ്കിയെ സകുടംബം നാടുകടത്തി , അവിടെ താമസവും ഏർപ്പെടുത്തി.ചരിത്രപരമായ വഞ്ചന ചെയ്ത ട്രോട്സ്കിയോട് പരമാവധി ‘ദയാവായ്പയോടെയാണ്’ സോവിയറ്റു സർക്കാർ പെരുമാറിയതെത്രെ. ട്രോട്സ്കിക്ക് പിന്നീട് എന്ത് പറ്റി എന്നത് ചരിത്രം. എന്ത് കൊണ്ടോ ആ ദയാവായ്‌പിന്റെ ചരിത്രം എഴുത്തുകാരൻ പുസ്തകത്തിൽ സൂചിപ്പിച്ചിട്ടില്ല, വിഴുങ്ങിയതാണോ, അതോ മറന്നു പോയതോ ആകാനുള്ള  സാധ്യത തള്ളി കളയുന്നില്ല. ലെനിസത്തിന്റെ ശത്രുക്കൾക്കെതിരായ പോരാട്ടമായിരുന്നു സ്റ്റാലിന്റെ വിപ്ലവജീവിതം.ആ ജീവിതത്തിൽ ആഡംബരമുണ്ടായിരുന്നില്ല. ലളിത ജീവിതമായിരുന്നു മരണം വരെ. മേല്പറഞ്ഞതിൽ പാതി സത്യമുണ്ട്താനും.ജീവ ചരിത്രമെഴുതിയ എതിർപക്ഷക്കാരു പോലും  ലളിത ജീവിതത്തിന്റെ കാര്യത്തിൽ ഒരു എതിർപ്പ് രേഖപ്പെടുത്തിയതായി കാണുന്നില്ല. യൂജിൻ ലിയോൺസ് എഴുതിയ സ്റ്റാലിന്റെ ജീവിത ചരിത്രത്തിലും ലളിത ജീവിതത്തെ സംബന്ധിച്ച വിവരങ്ങൾ കാണാം.

ഇത്തരം പുസ്തകങ്ങൾ നമ്മളോട് പറയുവാനാഗ്രഹിക്കുന്നതെന്താണ്? സ്റ്റാലിനെ പോലുള്ള ഒരു വ്യക്തിയെ വെള്ള പൂശാനുള്ള ശ്രമങ്ങൾ നല്ല പകൽ വെളിച്ചം പോലെ വ്യക്തമാണ്. ഹിറ്റ്ലറെ പോലെ ഒരു സ്വച്ഛാധിപതിയെ തോൽപ്പിച്ചതുകൊണ്ട് മാത്രം സ്റ്റാലിനെ ഒരിക്കലും മഹാനായി കാണാൻ കഴിയില്ല എന്നുള്ളത് അംഗീകരിക്കേണ്ട ഒരു വസ്തുതയാണ് .ചില പുസ്തകങ്ങളിൽ   സഖ്യ കക്ഷികൾക്ക്  അന്ന് സ്റ്റാലിനെ അംഗീകരിച്ചു കൊടുക്കേണ്ടി വന്നതിന്റെ നിസ്സഹായാവസ്ഥ  വെളിവാക്കുന്ന അഭിപ്രായങ്ങൾ വായിച്ചതായി ഓർക്കുന്നുണ്ട്. ഇത്തരം ചരിത്ര പുസ്തകങ്ങളെ കൊണ്ട് പ്രത്യേകിച്ച് ആർക്കാണ് നേട്ടം എന്ന് വായനക്കാർ തന്നെ തീരുമാനിക്കുന്നത് ഉചിതം.

കുറിപ്പ്: സ്റ്റാലിനെ ക്കുറിച്ചുള്ള വിശദവും,ആഴത്തിലുള്ളതുമായ വായനയ്ക്ക് നിരവധി പുസ്തകങ്ങൾ ഇംഗ്ലീഷിൽ ലഭ്യമാണ്. നിർഭാഗ്യകരമെന്നു പറയട്ടെ മലയാളത്തിൽ അത്തരം പുസ്തകങ്ങൾ ഇല്ല എന്ന് തന്നെ പറയാം. ട്രോട്സ്കിയുടെ ജീവചരിത്രം മലയാളത്തിൽ ഡിസി ബുക്ക്സ് ഇറക്കിയിട്ടുണ്ട്.  എന്റെ പക്കലുള്ള  സ്റ്റീഫൻ കൊട്കിൻ എഴുതിയ Stalin, Vol. I: Paradoxes of Power, 1878-1928, അതിന്റെ രണ്ടാം ഭാഗം Stalin, Vol. II: Waiting for Hitler, 1929–1941,  ജെഫ്‌റി റോബെർട്സ് എഴുതിയ Stalin’s General: The Life of Georgy Zhukov തുടങ്ങിയ പുസ്തകങ്ങൾ  സ്റ്റാലിനെ കൂടുതൽ അറിയാൻ സഹായിക്കുന്നവയാണ്. 

രൂപിക ചൗളയുടെ രാജാരവിവർമ്മ

രാജാരവിവർമ്മ എന്ന പേര് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്കോടിയെത്തുന്ന നിരവധി ചിത്രങ്ങൾ ഉണ്ട്. വീട്ടിലെ കലണ്ടറുകളിൽ അദ്ദേഹം ഒരു നിത്യ  സാന്നിധ്യമാണല്ലോ. ഇന്ത്യൻ പുരാണേതിഹാസങ്ങളുടെ ദൃശ്യാവിഷ്ക്കാരത്തിൽ വിജയകരമായി അക്കാഡമിക് റിയലിസം ഉപയോഗപ്പെടുത്തുകയും ഛായാ ചിത്ര രംഗത്ത് പാശ്ചാത്യ സാങ്കേതികത അനുവർത്തിക്കുകയും ചെയ്ത ഇന്ത്യൻ ചിത്രകാരന്മാരിൽ പ്രഥമ സ്ഥാനം എന്തായാലും രാജാ രവിവർമ്മയ്ക്ക് അവകാശപ്പെട്ടതാണ്. മനു എസ് പിള്ളയുടെ ദന്ത സിംഹാസനം എന്ന പുസ്തകത്തിൽ രവിവർമയെ കുറിച്ചുള്ള വിട്ടുപോയ ഭാഗങ്ങൾ ഈ പുസ്തകത്തിൽ വേണമെങ്കിൽ നമുക്ക് പൂരിപ്പിക്കാം. ആ പുസ്തകത്തിൽ ഭാഗീരഥിഭായി തമ്പുരാട്ടിയെ കുറിച്ച് പരാമർശിക്കുന്നുണ്ടല്ലോ. എന്നാൽ രവി വർമയെ കുറിച്ച് അധികം വിവരണങ്ങളും ഇല്ല. രൂപിക ചൗളയുടെ രാജാരവിവർമ്മ -കൊളോണിയൽ ഇന്ത്യയുടെ ചിത്രകാരൻ എന്ന പുസ്തകത്തിലൂടെ രവിവർമ്മയുടെ ജീവിത ചരിത്രങ്ങളാണ് അവർ വിവരിക്കുന്നത്. എന്തുകൊണ്ടോ രവിവർമ്മയുമായി ബന്ധപ്പെട്ട സൂക്ഷമമായ പല വിവരങ്ങളും വെളിച്ചത്തു കൊണ്ട് വരാൻ കഴിഞ്ഞിട്ടില്ല എങ്കിലും ഈ പുസ്തകത്തിൽ നമ്മൾ അറിയാത്ത കേൾക്കാത്ത നിരവധി കാര്യങ്ങൾ എഴുത്തുകാരി അന്വേഷിച്ചു കണ്ടെത്തുകയും നമ്മളോട് പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. നൂറു  വർഷത്തിനു ശേഷം കാലത്തിന്റെ ദയാശൂന്യമായ അടിച്ചു വാരലിൽ പലതും അപ്രത്യക്ഷമായി പോയിട്ടുണ്ടാകും എന്ന് എഴുത്തുകാരിയും ഈ പുസ്തകം തയ്യാറാക്കുന്നതിനിടയിൽ മനസ്സിലാക്കിയിട്ടുണ്ട്.രവിവർമ്മയുടെ ജന്മസ്ഥലമായ കിളിമാനൂരും , ആ രാജ വംശത്തിന്റെയും ഉത്ഭവം,അതിന്റെ ചരിത്രപരമായ പല വസ്തുതകളും  ഈ  പുസ്തകത്തിൽ ഉണ്ട്.ആത്‌മീയ ജീവിതം നയിച്ചിരുന്ന അരവിന്ദാശ്രമം സ്ഥാപിച്ചിരുന്ന അരവിന്ദഘോഷിന് രാജ രവിവർമയോടും ,ചിത്രങ്ങളോടും കടുത്ത അനിഷ്ടമായിരുന്നു.അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഭാരതീയ സർഗ്ഗവാസനയുടെയും കലാപരമായ സംസ്കാരത്തിന്റെയും വിലയിടിച്ചയാളാണ് രവി വർമ്മ എന്നാണ്.അരവിന്ദൻ എന്തുകൊണ്ടാണ് രവിവർമയെ ഇങ്ങനെ ആക്രമിക്കാൻ കാരണം എന്ന് വ്യക്തമായി അറിഞ്ഞൂടാ. രവിവർമ്മയ്ക്ക് വേണ്ടി മോഡലായി നിന്നു കൊടുക്കാൻ  താല്പര്യം കാണിച്ച നിരവധി സ്ത്രീകളുണ്ടായിരുന്നു.അവരിൽ പലരും ധനികരായ ഗുജറാത്തികളുടെയും,പാഴ്സികളുടെയും വെപ്പാട്ടിമാർ ഉണ്ടായിരുന്നു. ഒരു നൂറ്റാണ്ടു മുൻപ് സ്ത്രീകളെ ഇങ്ങനെ ചിത്രങ്ങൾക്കു മോഡലുകളായി ഉപയോഗിക്കുന്ന രീതി ബോംബെയിലും ,പുണെയിലും ഉള്ള സമൂഹത്തിലെ സദാചാര പോലീസുകാർക്ക് ഒട്ടു ദാഹിച്ചു കാണാൻ വഴിയില്ല.1894 നു ശേഷം രവി വർമയുടെ ചിത്രത്തിന്റെ പ്രിന്റുകൾ ധാരാളമായി പുറത്തുവന്നതോടെ വിമർശനങ്ങളും ശക്തി പ്രാപിച്ചു.ചില പെയിന്റിങ്ങുകളിൽ അവർ അശ്ലീലം കണ്ടെത്തി, അവ ആഭാസകരമാണെന്നു അവർ പ്രചരിപ്പിച്ചു. ഒരു പക്ഷെ അത്തരക്കാരായിരിക്കാം അദ്ദേഹത്തിനെതിരെ ഒരു അശ്ലീല കേസിന്റെ വാർത്ത പ്രചരിപ്പിച്ചതും. രവി വർമ്മ പെയിന്റിങ്ങുകളുടെ മുദ്രിത പതിപ്പുകൾ വന്നതോടെ അവ എളുപ്പത്തിൽ എല്ലായിടത്തും എത്തിച്ചേർന്നു.പക്ഷെ മറ്റു ചില ദോഷങ്ങളും ഉണ്ടായി.മികച്ച ചിത്രകാരൻ എന്ന നിലയിലുള്ള രവി വർമ്മയുടെ സൽപ്പേരിനും അത് മങ്ങലേൽപ്പിച്ചു.കലണ്ടർ ചിത്രങ്ങളുമായി ബന്ധപ്പെടുത്തി അദ്ദേഹത്തിന്റെ പേര് ഇതോടെയാണ് പരാമർശിക്കാൻ തുടങ്ങിയത്. മോഡേൺ റിവ്യൂ എന്ന പത്രം രവിവർമക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ അഴിച്ചു വിട്ടു.അതിന്റെ പിന്നിൽ സിസ്റ്റർ നിവേദിതയും ,ആനന്ദ കുമാര സ്വാമിയുമായിരുന്നു. 1870 ൽ മൂകാംബിക ക്ഷേത്രത്തിലേക്ക് നടത്തിയ ഒരു തീർത്ഥാടനത്തോടെയാണ്  രവിവർമ തന്റെ കലാജീവിതത്തിനു തുടക്കം കുറിച്ചത്.മുപ്പത്താറു  വർഷത്തോളം നീണ്ടുനിന്ന കലാസപര്യക്കിടെ രചിച്ചത് ലോക പ്രസിദ്ധ ചിത്രങ്ങളോടു കിടപിടിക്കുന്ന രണ്ടായിരത്തോളം പെയിന്റിങ്ങുകൾ. 

കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യ കണ്ട ഏറ്റവും മഹാനായ ചിത്രകാരൻ ആരാണെന്നതിന് ഒരു സംശയമില്ല. സ്ത്രീകളുടെ  സൗന്ദര്യം ഏറ്റവും ചേതോഹരമായി കാൻവാസിലേക്ക് പകർത്തിയ ചിത്രകാരനാണദ്ദേഹം. ശകുന്തള,ദ്രൗപതി,സീത,ദമയന്തി,മേനക,മൽസ്യഗന്ധി,മോഹിനി,സൈരന്ധ്രി അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ.

എഴുത്തുകാരി രൂപിക ചൗള പ്രശസ്തയായ ചിത്രം സൂക്ഷിപ്പുകാരിയും. ചിത്രകലയെ സംബന്ധിച്ച നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്.ഈ പുസ്തകത്തിന്റെ രചനയ്ക്ക് വേണ്ടി രവി  വർമ്മയുടെ ലഭ്യമായ പെയിന്റിങ്ങുകളെല്ലാം തേടിപ്പിടിച്ചു അവയുടെ മൂല രൂപങ്ങളെവിടെയാണെന്ന് കണ്ടെത്തുകയും അവിടങ്ങളിൽ നേരിട്ടുപോയി ഇപ്പോഴത്തെ ഉടമസ്ഥറുമായി ബന്ധപ്പെട്ട് ഓരോ പെയിന്റിങ്ങിന്റെയും പിന്നിലുള്ള കഥയും ,ചരിത്രവും മനസ്സിലാക്കുകയും  അതൊക്കെ‌ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ മലയാള വിവർത്തനം പി പ്രകാശ് ആണ്. സാധാരണ പുസ്തകങ്ങളെക്കാളും വലുപ്പം ഈ പുസ്തകത്തിനുണ്ട്. നിരവധി രവിവർമ ചിത്രങ്ങൾ അതിന്റെ വർണ്ണപ്പകിട്ടോടെ നല്ല വലുപ്പത്തിൽ തന്നെ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് . ഡിസി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 

വിശുദ്ധ സഖിമാരിലൂടെ വീണ്ടുമൊരു തുറന്നെഴുത്ത്

2020 ന്റെ തുടക്കത്തിൽ കോഴിക്കോട്ടെ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വച്ചാണ് സഹീറ തങ്ങൾ എന്ന എഴുത്തുകാരിയെ നേരിൽ കാണുന്നതും കൂടുതൽ അറിയാനിടവന്നതും. അവരുടെ അപ്പോൾ പുറത്തിറങ്ങിയ പുസ്തകവും അവിടെ ഗൗരവകരമായ രീതിയിൽ ചർച്ചകൾ നടക്കുന്നതും കണ്ടിരുന്നു. 
ആ ചർച്ചയിലെ ഇടയ്ക്കു വെച്ചാണ് ഞാൻ  അവിടെ എത്തിപ്പെടുന്നത് . വൈകി എത്തപ്പെട്ടത്‌കൊണ്ട്  ചർച്ചയിലെ കാതലായ ഭാഗങ്ങൾ നഷ്ട്ടപെട്ടുപോയെന്നു  കരുതുന്നു. തുറന്നെഴുത്തിനെ കുറിച്ചും , അങ്ങനെ എഴുതാനുള്ള ധൈര്യവും എങ്ങനെ കിട്ടി എന്നൊക്കെ അവതാരിക അവരോടു ചോദിക്കുന്നത് കേട്ടിരുന്നു. അവർ അപ്പോൾ ചർച്ച ചെയ്തിരുന്നത് വിശുദ്ധ സഖിമാർ എന്ന പുസ്തകത്തെ കുറിച്ചായിരുന്നു. അപ്പോൾ തന്നെ ആ  പുസ്തകം എന്തായാലും വായിക്കണമെന്ന് മനസ്സിൽ കുറിച്ചിടുകയും ചെയ്തിരുന്നു. 
വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹീറയുടെ തന്നെ മറ്റൊരു നോവലായ  റാബിയയിൽ  യാഥാസ്ഥിതികസമൂഹത്തിലെ  അനാചാരങ്ങള്‍ക്കെതിരെ അവർ ആഞ്ഞടിച്ചിരുന്നു. അവരുടെ ഈ പുസ്തകത്തിലും സ്ഥിതി തുലോം വ്യത്യസ്തമല്ല. ഒരു പടികൂടി അവർ മുന്നോട്ടു കടന്നിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം . എഴുത്തിൽ അവർ കാണിക്കുന്ന ആ അസാമാന്യ ധൈര്യം പറയാതെ വയ്യ. സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളും ,പ്രതിസന്ധികളും മാത്രമല്ല, അവയെ എങ്ങനെ നേരിടാം എന്നുകൂടി പുസ്തകം പറഞ്ഞു തരുന്നുണ്ട്.
ഒരുപക്ഷെ സര്‍ക്കാരിന്റെ നിര്‍ഭയ പ്രോജെക്റ്റില്‍ ഒരു സൈക്കോളജിസ്‌റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ അനുഭവ പരിചയം അവർ വേണ്ടവിധം ഇതിൽ ഉപയോഗിച്ചിട്ടുണ്ടെന്നു വേണം കരുതാൻ. 
 
തിയതികളൊന്നും കൃത്യമല്ലാത്ത ഒരു ഡയറി എഴുത്തുപോലെ ഓർമ്മയിൽ വരുന്നതു  അതേപടി  നമ്മോട്  പറയുന്ന പോലെയാണ് പുസ്തകം നമ്മളോട് സംസാരിക്കുന്നത്.വായിക്കേണ്ടത് മുപ്പതു വയസ്സിനു മേലെയുള്ള വിവാഹിതകളായതുകൊണ്ട് അടുക്കും ചിട്ടയുമില്ലാതെ എഴുതിയാലും മനസ്സിലാകും എന്നവർ തന്നെ പറയുന്നുണ്ട് .അവരുടെ ഉന്മാദപരവും വൈകാരികവുമായ ചിന്തകളാണ് എഴുത്തുകാരി നമ്മോടു സംവദിക്കുന്നത്. മനോരോഗാശുപത്രിയിൽ  എത്തപ്പെട്ട  ഒരു പെണ്ണിന്റെ ചിന്തകളിലൂടെ നോവൽ മുന്നോട്ടു പോകുന്നു.
ഒട്ടേറെ സവിശേഷതകളുണ്ട് ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും . ഡോ. റോയ്,ഏകാര്‍ഗ്, മസീഹ് മാലിബ് തുടങ്ങിയവർ നമ്മുടെ സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന പുരുഷ കഥാപാത്രങ്ങൾ തന്നെയാണ്. അവരുടെ സ്വഭാവ സവിശേഷതകൾ കഥാനായികയെ പലതരത്തിൽ സ്വാധീനിക്കുന്നുമുണ്ട്. 
ഭർത്താവിനെ കുറിച്ചുള്ള അവളുടെ കാഴ്ചപാടുകൾ ആദ്യത്തേതിൽ നിന്നും പിന്നീട് എത്രത്തോളം മാറുന്നു എന്ന് നമുക്ക് കാണാൻ സാധിക്കും. ഏതൊരു പെണ്ണും കരുതും പോലെ ഒരു യഥാർത്ഥ പുരുഷനാണ് അവളുടെയും ഭർത്താവ്. അവൾക്കങ്ങനെ വിശ്വസിക്കാൻ നിരവധി കാരണങ്ങളുണ്ട്.കാരണം അയാൾ സ്ത്രീയെ ബഹുമാനിക്കുന്നു. അവൾ അയാളെ ദൈവത്തെ പോലെ ബഹുമാനിക്കുന്നു. പിന്നീട് വീട്ടിലെ ജോലിക്കാരി കമല തന്റെ ഭർത്താവിന്റെ ചെയ്തികളെയും തന്നോടുള്ള പെരുമാറ്റങ്ങളെയുംകുറിച്ചു പറയുമ്പോൾ അവൾ അതൊന്നും ആദ്യം വിശ്വസിക്കുന്നില്ല.പിന്നീട് ഓരോരോ സംഭവങ്ങളിലൂടെ അയാൾ അവൾക്കു തീർത്തും വെളിപ്പെടുകയാണ്.അദ്ദേഹം എന്ന വിളിയിൽ നിന്നും അയാൾ എന്ന സംബോധനയിലേക്കു അവളുടെ തിരിച്ചറിവുകൾ കൊണ്ടെത്തിക്കുന്നു.മനോരോഗാശുപത്രിയിൽ കണ്ടുമുട്ടുന്ന  മസീഹ് മാലിബ് അവളെ നല്ല രീതിയിൽ തന്നെ സ്വാധീനിക്കുന്നുണ്ട്. ഒരു പുരുഷൻ ഒരു സ്ത്രീയെ തൊടുന്നത് ലൈംഗിക ചോദനയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്ന് കരുതിയിരുന്ന അവളുടെ ചിന്തകൾക്ക് അയാൾ ഒരു അപവാദമാകുന്നുണ്ട്. 
ഈ പുസ്തകം തുറന്നു കാട്ടുന്ന സാമൂഹിക ഉത്തരവാദിത്തങ്ങൾ അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ്.
പെൺകുട്ടിയുടെ വിവാഹം പ്രായത്തിലധിഷ്ഠിതമല്ലെന്നും വിദ്യാഭാസവും,ജോലിസമ്പാദനവും ,സ്വയം പര്യാപ്തത കൈവരിക്കലും സ്ത്രീകൾക്ക് അവകാശപ്പെട്ടതാണെന്നും അത് കൈവരിക്കാൻ എങ്ങനെ അവളെ പ്രാപ്തയാക്കേണ്ടതെന്നുമൊക്കെ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട് . ചുരുക്കി പറഞ്ഞാൽ സ്ത്രീകൾക്ക് കൈയ്യിൽ സൂക്ഷിക്കാൻ ഒരു കൈപ്പുസ്തകം തന്നെയാണ് ഡി.സി ബുക്ക്സ്  പുറത്തിറക്കിയ സഹീറ തങ്ങളുടെ ഈ വിശുദ്ധ സഖിമാർ. 

അമ്മു എന്ന ഒമ്പതാം ക്ലാസ്സുകരിയുടെ പുസ്തകം -മരുന്നു പുരട്ടാൻ വേണ്ടി മുറിവുണ്ടാക്കുന്നയാൾ

ഈ പുസ്തകമെഴുതിയതു അമ്മു എന്ന ഒമ്പതാം ക്ലാസ് വിദ്ധ്യാർത്ഥിനിയാണ്.അതാണ് ഈ പുസ്തകത്തെ ആകർഷമാക്കുന്ന ഒന്നാമത്തെ ഘടകം. ഒരു സ്കൂൾ കുട്ടിയുടെ ചിന്തകളിലൂടെ അവൾ ലോകത്തെ കാണുകയും അറിയുകയും ചെയ്യുകയുമാണ് ഡയറിക്കുറിപ്പുകളിലെന്നപോലെ പറഞ്ഞിരിക്കുന്ന ഈ പുസ്തകത്തിൽ . ഓണാവധി കഴിഞ്ഞു വീണ്ടും സ്‌കൂളിലെത്തുന്ന ഒരു കുട്ടിയുടെ മാനസിക ചിന്തകളിലൂടെയാണ് പുസ്തകം മുന്നോട്ടു കൊണ്ട് പോകുന്നത്. പുതിയ പാഠം തുടങ്ങുന്ന ദിവസം അപ്പുക്കുട്ടൻമാഷ് വളരെ സ്നേഹത്തോടെയും ,ക്ഷമയോടെയും  പെരുമാറുമെന്നു കുട്ടികൾക്കറിയാം.അങ്ങനത്തെ ഒരു ദിവസം മാഷ് പുതിയ ഒരു പാഠം തുടങ്ങുന്നത് മതനിരപേക്ഷത എന്ന വിഷയത്തെകുറിച്ചാണ്. കുട്ടികളുടെ സ്വാഭാവികമായ  സംശയത്തെ വേണ്ട രീതിയിൽ തന്നെ പുസ്തകത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. മതത്തിൽ വിശ്വസിക്കുന്നവരും,അതിനെ വെറുക്കുന്നവരുമുണ്ട് എന്ന് മാഷ് പറയുമ്പോൾ ,മതത്തെ വെറുക്കുന്നവരെയാണോ മാഷേ വിപ്ലവകാരികൾ എന്ന് വിളിക്കുന്നത് എന്ന് ക്ലാസ്സിലെ ദീപു എന്ന കുട്ടി ചോദിക്കുന്നുണ്ട്. സ്വാഭാവികമായും ഭയം എന്ന വസ്തുത ഭക്തിയുടെ ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടു മാഷ് പറയുന്ന കാര്യങ്ങളിൽ കുട്ടികൾക്കു  സ്വാഭാവികമായും സന്ദേഹമുണ്ടാകുന്നുണ്ട്  സ്കൂൾ വിട്ട് വീട്ടിലെത്തുമ്പോൾ അമ്പലത്തിൽ നിന്നും വന്ന പിരിവുകാരോട് ദൈവത്തിനു  എന്തിനാണ് പണം എന്ന് ചോദിക്കുന്ന ഒരു തലത്തിലേക്ക് അവൾ മാറുന്നുമുണ്ട്. ഈശ്വരന്റെ ആവശ്യങ്ങൾക്കുള്ള പണം ഈശ്വരനല്ലേ ഉണ്ടാക്കേണ്ടത്?അല്ലാതെ മറ്റുള്ളവരല്ലല്ലോ എന്നവൾ അവരോടു പറയുകയും ചെയ്യുന്നു. അങ്ങനെ മതത്തെ കുറിച്ചും അതിനെ ബന്ധപ്പെട്ടു കിടക്കുന്ന ഈശ്വര വിശ്വാസത്തെകുറിച്ചും ഒരു കുട്ടിയുടെ മനസ്സിൽ തിളച്ചു പൊന്തുന്ന ന്യായമായ സംശയങ്ങളെക്കുറിച്ചുമാണ് പുസ്തകം പറയുന്നത്. 
പുസ്തകത്തിന്റെ പേരും  ഇക്കാര്യത്തിൽ കൂടുതൽ ചിന്തിക്കാനുള്ള വക നൽകുന്നുണ്ട്. ദൈവത്തെ കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട് തന്നെ മാറിപോകുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പുസ്തകത്തിന്റെ പേരും . മരുന്നുപുരട്ടാൻ വേണ്ടിയാണോ ദൈവം മുറിവുണ്ടാക്കുന്നത് ? രസകരമായ ചോദ്യമാണത്  ,കൂടുതൽ ചിന്തിക്കേണ്ട ഒരു സംഗതിയും.  
ഒരുപക്ഷെ നമ്മുടെയൊക്കെ കുട്ടികാലത്തും ഇതേ മാതിരിയുള്ള ചോദ്യങ്ങൾ  ഒരുപാടു തവണ മനസ്സിലെങ്കിലും ചോദിച്ചിട്ടുണ്ടാകുമെന്നു തീർച്ചയാണ്.ഈ പുസ്തകത്തിന് വേണ്ടി ചിത്രങ്ങൾ വരച്ചിരിക്കുന്നത് മാളവികയെന്ന മറ്റൊരു എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണെന്നുള്ളതാണ് ഈ പുസ്തകത്തെ ആകർഷമാക്കുന്ന രണ്ടാമത്തെ ഘടകം.പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ചിന്ത പബ്ലിഷേഴ്സ് ആണ്. 

കാറ്റിന്റെ നിഴൽ -കാർലോസ് റൂയിസ് സാഫോൺ





എന്താണ് വായനയുടെ സുഖം എന്ന് നിരവധി ആളുകൾ ചോദിക്കാറുണ്ട് .  അവരെയെല്ലാവരെയും മുഴുവനായി തൃപ്തിപ്പെടുത്തുന്ന ഒരു മറുപടി കൊടുക്കാൻ കഴിയുമോ എന്നു സംശയമാണ്. കാരണമെന്തന്ന് കൃത്യമായി അറിഞ്ഞുകൂടായെങ്കിലും  അതെല്ലാം വ്യകതിപരമായ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന എന്തോ ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. ചിലപ്പോൾ നമ്മളന്വേഷിക്കുന്ന ചോദ്യങ്ങൾക്കുത്തരം പുസ്തകങ്ങളിൽ നിന്നു തന്നെ കണ്ടെത്താനും  സാധ്യതയുണ്ട് . കാർലോസ് റൂയിസ് സാഫോണിന്റെ കാറ്റിന്റെ നിഴൽ എന്ന  പുസ്തകത്തിൽ ആ ചോദ്യത്തിന്റെ ഉത്തരം ഭാഗികമായെങ്കിലും മറഞ്ഞു കിടപ്പുണ്ടെന്നു തോന്നുന്നു. വായനയുടെ സുഖമെന്നത്   സ്വന്തം ആത്മാവിന്റെ പിന്നാമ്പുറങ്ങളിലുഉള്ള ഒരു  തിരച്ചിലാണെന്ന് ഈ പുസ്തകത്തിൽ തന്നെ പറയുന്നുണ്ട് , . തന്റേതു മാത്രമായ ഒരു ഭാവനാ ലോകത്തിൽ വിഹരിക്കുമ്പോഴത്തെ സുഖമാണത്രെ ഓരോ വായനയും തരുന്നത് .ഓരോ പുസ്തകത്തിനും അതിന്റെതായ ആത്മാവുണ്ട്,ഗ്രന്ഥകർത്താവിന്റെ തന്നെ ആത്മാവ്. ആ ആത്മാവിനെ കണ്ടെത്തിക്കഴിഞ്ഞാൽ വായനക്കാർ വിജയിച്ചു. അങ്ങനെ വരുമ്പോൾ ആ പുസ്തകം അയാൾക്ക്‌ സ്വീകരിക്കപ്പെടും ,അല്ലെങ്കിൽ തിരസ്കരിക്കപ്പെടും.

മറന്നുപോയ അല്ലെങ്കിൽ  വിസ്മരിക്കപ്പെട്ട പുസ്തകങ്ങളുടെ സെമിത്തേരിയിലേക്ക് ഡാനിയേലിനെ  അവന്റെ അച്ഛൻ ഒരിക്കൽ കൊണ്ടുപോകുകയാണ്. അവിടുത്തെ  നിയമമനുസരിച്ച് ആദ്യമായി അവിടം  സന്ദര്‍ശിക്കുന്ന ഒരാള്‍ തനിക്കിഷ്ടമുള്ള ഒരു പുസ്തകം തിരഞ്ഞെടുക്കാം . അപ്പോൾ മുതൽ ആ പുസ്തകം അയാളുടെ മാത്രം സ്വന്തമാണ്. മാത്രമല്ല ആ പുസ്തകം നഷ്ടപ്പെടുത്താതെ നശിപ്പിക്കപ്പെടാതെ ജീവിതകാലം മുഴുവൻ സംരക്ഷിച്ചു കൊള്ളണം.അവിചാരിതമായി ഡാനിയൽ തിരഞ്ഞെടുത്ത പുസ്തകം ജൂലിയൻ കാരക്സിന്റെ കാറ്റിന്റെ നിഴൽ എന്ന പുസ്തകമാണ്.അവന്റെ കൈയിലിരിക്കുന്ന ആ പുസ്തകമാകട്ടെ അതിന്റെ ഒരേയൊരു കോപ്പിയും .ബാക്കിയുള്ളവയെല്ലാം കത്തിച്ചു കളയപ്പെട്ടുവെന്ന്   അച്ഛന്റെ സുഹൃത്തും ലൈബ്രേറിയനുമായ ഗുസ്താവോ ബാർസിലോ പറഞ്ഞാണ് അറിയുന്നത് . 

ജൂലിയന്റെ മറ്റു പുസ്തകങ്ങളെ കുറിച്ചും അദ്ദഹത്തിനു എന്ത് പറ്റിയെന്നും അവൻ അന്വേഷിച്ചറിയാൻ പുറപ്പെടുന്നു. അങ്ങനെയിരിക്കെ ആരോ ഒരാൾ ജൂലിയൻ കാരക്സിന്റെ പുസ്തകങ്ങൾ തിരക്കി പുസ്തകശാലകൾ മുഴുവൻ കയറിയിറങ്ങിയിരിക്കുന്നു എന്നൊരു  വാർത്ത കേൾക്കുന്നു.വില കൊടുത്തോ മോഷ്ടിച്ചോ അയാൾ പുസ്തകങ്ങൾ സ്വന്തമാക്കുന്നു.പുസ്തകങ്ങൾ കൈയ്യിൽ കിട്ടി കഴിഞ്ഞാൽ അവ അപ്പാടെ നശിപ്പിച്ചു കളയുന്നു.  ഡാനിയലിന്റെ കൈയിലുള്ള പുസ്തകം തിരക്കി ആ വ്യക്തി  അവന്റെ അടുത്തും എത്തുന്നുണ്ട്.പക്ഷേ ആരാണയ്യാൾ ? പിന്നീട്  നടത്തുന്ന അന്വേഷണത്തിൽ , ജൂലിയൻ കാരക്സിന്റെ പുസ്തകങ്ങൾ ആർക്കും വേണ്ടാതെ കൂടിയിട്ടവയും ,ഒരു നിരൂപണ ശ്രദ്ധ പോലും പതിയാത്തവയുമാണെന്ന് ഡാനിയേൽ  മനസ്സിലാക്കുന്നു . പിന്നെ എന്തിനാണയാൾ പുസ്തകങ്ങൾ നശിപ്പിക്കുന്നത് ?  
തനിക്കു കിട്ടിയ ആ പുസ്തകത്തെ കുറിച്ചും, അറിയപ്പെടാത്ത ജൂലിയൻ കാരക്‌സിന്റെ അതിദുരൂഹമായ  ജീവിതത്തെ കുറിച്ചും അന്വേഷിച്ചു പോകുന്ന ഡാനിയലിനു വെളിപ്പെടുന്നത് അമ്പരിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങളാണ്. 

വെറുതെയല്ല കാർലോസ് റൂയിസ് സാഫോണിന്റെ കാറ്റിന്റെ നിഴൽ എന്ന നോവൽ  15 മില്യൺ കോപ്പികൾ  വിറ്റുപോയത്. മൂലകൃതി എഴുതപ്പെട്ടത് സ്പാനിഷ് ഭാഷയിലാണ് . പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് രമാ മേനോനാണ്,പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കറൻറ് ബുക്സും. 

കുറ്റവും കുറ്റാന്വേഷണവും അതിനു പിന്നിലെ പങ്കപ്പാടുകളും

                      

കുറ്റാന്വേഷണങ്ങളും അതിനോടനുബന്ധിച്ചുള്ള  കഥകളെല്ലാം എല്ലാവർക്കും താല്പര്യമുള്ള സംഗതിയാണെങ്കിലും അതിന്റെ പിറകിലുള്ള അത്യദ്ധ്വാനത്തെ കുറിച്ചോ, അതിനു പിന്നിൽ വിയർപ്പൊഴുക്കിയവരെ കുറിച്ചോ അധികം  ആരും ഓർത്തിരിക്കാറില്ല. നായക പരിവേഷം  കുറ്റം ചെയ്ത ആൾക്ക് തന്ന് ആയിരിക്കും പലപ്പോഴും. സുകുമാരകുറുപ്പിന്റെ കഥ തന്നെ ഉദാഹരണം. സുകുമാരകുറുപ്പിനെയും അതിന്റെ  പിറകിലുള്ള സകല കഥകളും വള്ളി പുള്ളി വിടാതെ നമുക്കറിയാം. എന്നാൽ കേസ് അന്വേഷിച്ചു കണ്ടെത്തിയതാരാണ് എന്ന് ഭൂരിഭാഗം പേർക്കും അറിയില്ല.
സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെയാണ് ജോർജ് ജോസഫ് എന്ന റിട്ടയർഡ് എസ്. പി. ഉദോഗസ്ഥനെ അറിയുന്നത്. അറുപതോളം എപ്പിസോഡുകളിലൂടെ നിരവധി കേസ്സന്വേഷണങ്ങളുടെ കഥകൾ അദ്ദേഹം നമുക്ക് പറഞ്ഞു തന്നു,അതും ഒരിടത്തും  ബോറടിപ്പിക്കാതെ മനോഹരമായി തന്നെ. എപ്പിസോഡുകളുടെ മദ്ധ്യത്തിൽ അദ്ദേഹം  പറഞ്ഞു  തന്നെയാണ് താനെഴുതിയ പുസ്തകങ്ങളുടെ കാര്യം ഞാനറിഞ്ഞത് , ചെറിയ പുസ്തകങ്ങളാണ് , നൂറു പേജ് ഒക്കെ യെ ഉള്ളൂ , എല്ലാം പൂർണ്ണ പബ്ലിക്കേഷൻസ്സ്  ആണ് ഇറക്കിയിരിക്കുന്നത് എന്നൊക്കെ . പിറ്റേന്ന് തന്നെ  ആ മൂന്ന് പുസ്തകങ്ങളും  കൈയ്യിലെത്തി.
മൂന്നു ഭാഗങ്ങളിയാണ് പുസ്തകം ഇറക്കിയിരിക്കുന്നത്. 
പുസ്തകം 1 : കുറ്റവും കുറ്റാന്വേഷണവും സുകുമാരകുറുപ്പു മുതൽ…
പുസ്തകം 2  : കുറ്റവും കുറ്റാന്വേഷണവും ആലുവ കൂട്ടക്കൊല മുതൽ…
പുസ്തകം 3  : കുറ്റവും കുറ്റാന്വേഷണവും ഹംസ കൊലക്കേസ്‌ മുതൽ ….
                
ആദ്യ ഭാഗത്തിൽ സുകുമാരകുറുപ്പിന്റെ കേസ് കൂടാതെ കണ്മണി കൊലക്കേസും ,ഉമ്മക്കൊലുസു വധ കേസും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.സുകുമാരകുറിപ്പിനെ കുറിച്ച് വളരെ രസകരമായ സംഗതികളും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. മുൻപ് സുകുമാരകുറുപ്പിന്റെ കേസിനെ കുറിച്ച് കൂടുതലായി അറിയാൻ കഴിഞ്ഞതു ബി ഉമാദത്തന്റെ ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ എന്ന പുസ്തകത്തിലൂടെയാണ്. ഈ  പുസ്തകം അതിൽ പറയാത്ത ചില വിവരങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. 
രണ്ടാം ഭാഗത്തിൽ ആലുവ കൂട്ടക്കൊല ,കോട്ടയത്തെ നടുക്കിയ ഡോക്ടർ മോഹന ചന്ദ്ര ദാസ് വധം,പനയ്ക്കൽ ചന്ദ്രൻ എന്ന കള്ളന്മാർക്കിടയിലെ സൂപ്പർസ്റ്റാർ എന്നീ ആദ്ധ്യായങ്ങളാണുള്ളത്  
മൂന്നാം ഭാഗത്തിൽ ഹംസ കൊലക്കേസ് , കാശിനാഥന്റെ തിരോധാനം ,ഛോട്ടാ ബാബുവിന്റെ കൂരകൃത്യങ്ങൾ എന്ന ആദ്ധ്യായങ്ങളുമാണുള്ളത്.
ഒരു കഥ പറയുന്ന പോലെ അദ്ദേഹം പറഞ്ഞു പോകുകയാണ് എല്ലാം. കേസുകൾ തെളിയിക്കുന്നതിന് പോലീസുകാർ എന്തെല്ലാം ബുദ്ധികൾ പ്രയോഗിക്കുന്നുവെന്നും അതിനിടയിലെ ബുദ്ധിമുട്ടുകളും അദ്ദേഹം പങ്കുവെയ്ക്കുന്നു . കുറ്റാന്വേഷണ സിനിമകൾ കണ്ട് ഈ കേസ് ഞാൻ ആയിരുന്നേൽ പുഷ്പം പോലെ കണ്ടുപിടിക്കുമായിരുന്നേനെ എന്നൊക്കെ വീരവാദം പറയുന്ന നിരവധി സുഹൃത്തുക്കളെ ഞാൻ കണ്ടിട്ടുണ്ട്. 
സംഭവിച്ചത് കഥയായി പറയാനെളുപ്പമാണ്.കാലങ്ങളെ വെറും രണ്ടു  വരിയിൽ കഥകളിൽ അടയാളപ്പെടുത്താം. നേർ ജീവിതത്തിൽ അങ്ങനെ  പറ്റാത്തിടത്തോളം കാലം ഗാലറിയിൽ ഇരുന്നു ഇങ്ങനെ വിസിലടിക്കാനല്ലേ  അത്തരകാർക്ക്  കഴിയൂ.. 
അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങൾ ഇനിയും പുറത്തിറങ്ങുമായിരിക്കാം. അത്രയും അനുഭവ സമ്പത്തുള്ള അദ്ദഹത്തിൽ നിന്ന് അത്തരം പുസ്തകങ്ങൾ നമുക്കൊരു മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ ഒരു  സംശയവുമില്ല.  

ഉള്ളുരുക്കുന്ന ഓർമകുറിപ്പുകൾ

മലയാളത്തിന്റെ പ്രിയകഥാകാരിയായ അഷിത, കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങൾ ആദ്യമായി മാതൃഭൂമിയിൽ ആഴ്ചപ്പതിപ്പിൽ വന്നു കൊണ്ടിരുന്നപ്പോൾ ,അത് പലപ്പോഴും കണ്ടുവരുന്ന തരം വെറുമൊരു ആത്മഭാഷണമായിരിക്കുമെന്നോ ,അല്ലെങ്കിൽ വെറുമൊരു  നേരമ്പോക്ക് വർത്തമാനങ്ങൾ ആയിരിക്കുമെന്നേ  തുടക്കത്തിൽ വിചാരിച്ചിരുന്നുള്ളൂ. പക്ഷേ ആദ്യ രണ്ടു അദ്ധ്യായങ്ങൾ വായിച്ചു കഴിഞ്ഞപ്പോഴേക്കും വായനക്കാരന്റെ ഉള്ളൂ നീറ്റുന്ന ഒന്നാണെന്ന് ഒരു അമ്പരപ്പോടെ മനസ്സിലക്കേണ്ടി വന്നു.
പെൺകുട്ടികളോടുള്ള സമൂഹത്തിന്റെയും,കൂടുബത്തിന്റെയും മനോഭാവങ്ങളും,അവഗണനയും മുന്പും പല തവണ വായിച്ചും കണ്ടും മനസ്സിലാക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അഷിത പറഞ്ഞ കാര്യങ്ങൾ അതിനേക്കാൾ നമ്മുടെ ഹൃദയത്തെ കൊളുത്തിവലിക്കുന്ന സംഭവങ്ങളായിരുന്നു. 
എപ്പോൾ വേണമെങ്കിലും തന്റെ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെടാം എന്ന അവസ്ഥയിലൂടെ  കടന്നു പോയ  കുട്ടിക്കാലത്തെ കുറിച്ചൊക്കെ അവർ നമ്മോടു പറയുന്നുണ്ട്. അത്തരം തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നു പോയ ഒരാൾ തന്റെ എഴുത്തിലൂടെയും , നിത്യ ചൈതന്യ എന്ന ഗുരുവിലൂടെയും ജീവിതം തരികെ പിടിച്ച ഓർമകളാണ് ഈ പുസ്തകത്തിലുള്ളത്. 
ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് പറഞ്ഞപോലെ   ആ കഥകളിൽ സ്ഫോടനാത്മകമായ അലങ്കാരങ്ങളൊന്നുമില്ലായിരുന്നു. ഇടിമുഴക്കങ്ങളില്ലായിരുന്നു. ജനാലയ്ക്കരികിലെ നിന്ന് ഒറ്റയ്ക്ക് വിദൂരതയിലേക്ക് ഉറ്റുനോക്കുന്നത് പോലെ ഒരു അനുഭവം. അഷിതയുടെ കഥകൾ അത്രയും ആർദ്രമായാണ്നമ്മിലൊക്കെ പെയ്തു നിറയുന്നത്. 
ഒരുപക്ഷേ അഷിത അഷിത ഗൗരവമായി വായിക്കപ്പെട്ടത് ആ അഭിമുഖങ്ങൾ പുറത്തു വന്നതിനു ശേഷമായിരിക്കണം എന്നു തോന്നുന്നു. അപ്പോളായിരിക്കണം അവരുടെ പുസ്തകങ്ങൾ ആളുകൾ വീണ്ടും ശ്രദ്ധിക്കാനും , മുൻപത്തേക്കാൾ കൂടുതലായി വായിക്കാനും തുടങ്ങിയത്. 
അല്ലെങ്കിലും ജീവിച്ചിരിക്കുമ്പോൾ അർഹമായ നിരൂപകശ്രദ്ധയോ സ്ഥാനമോ ഒന്നും കൊടുക്കാതെ മരിച്ച് കഴിയുമ്പോൾ അത്യുന്നതങ്ങളിൽ പ്രതിഷ്ഠിക്കാനും , ചർച്ച ചെയ്യാനുമാണല്ലോ നമുക്കൊക്കെ അറിയാവുന്നത്.
അഷിത ഇപ്പോൾ കൊണ്ടാടപ്പെടുകയാണ്, വീണ്ടും വീണ്ടും വായിക്കപ്പെടുകയാണ്,അവരുടെ ഹൈകു കവിതകളും, മയില്‍ പീലി സ്പര്‍ശമേറ്റ മറ്റു എണ്ണമറ്റ അമൃതാനുഭവങ്ങളും എല്ലാം ..
അങ്ങനെയെങ്കിലും നമ്മൾ ചെയ്ത അവഗണനയ്ക്ക് ഒരു പ്രായശ്ചിത്തമാകട്ടെ . 
ആഴ്ചപ്പതിപ്പിൽ ലേഖനം മുഴുവനായി പ്രസിദ്ധീകരിച്ച് കഴിഞ്ഞു കുറച്ചു നാളുകൾക്ക്  ശേഷം അവർ ഓർമയായി.  പിന്നീട് ആ ഓർമകുറിപ്പുകൾ  മാതൃഭൂമി ബുക്സ് പുസ്തകമാക്കുകയായിരുന്നു. 

ചരിത്രമുറങ്ങുന്ന കാലപാനിയും അവിടുത്തെ കുറിപ്പുകളും

പ്രത്യേക പരിചയപ്പെടുത്തലുകൾ  ആവശ്യമില്ലാത്ത യാത്രയെഴുത്തുകളാണ് ഷെരീഫ് ചുങ്കത്തറയുടേത്.അതിഭാവുകത്വങ്ങളോ,അലങ്കാരങ്ങളോ ഒന്നുമില്ലാതെ ദേശങ്ങളെയും ജീവിതത്തെയും ഷെരീഫ് വിവരിക്കുന്നു.എഴുതാൻ വേണ്ടി മാത്രം ഒരു വരി പോലും എഴുതാത്തതിന്റെ സത്യസന്ധത എന്ന് ആമുഖ കുറിപ്പിൽ വിവരിച്ചിരിക്കുന്നത്തിനോട് എഴുത്തുകാരൻ നീതി പുലർത്തിയിട്ടുണെന്നു തോന്നുന്നു.
പണ്ട് ആഫ്രിക്കൻ അടിമകളുമായി പോയ ഒരു പോർച്ചുഗൽ കപ്പൽ മറിഞ്ഞപ്പോൾ അതിൽ നിന്നും രക്ഷപ്പെട്ടവരുടെ പിൻഗാമികളാണ് ആൻഡമാൻ ദ്വീപുലുള്ളവർ എന്ന് വിശ്വസിക്കപ്പെടുന്നു .അവിടങ്ങളിലക്കു      ഷെരീഫ് നടത്തിയ ഒരു യാത്രയെകുറിച്ചാണ് കാലാപാനി കുറിപ്പുകൾ എന്ന പേരിൽ പുസ്തകമാക്കിയിരിക്കുന്നത്.സന്ദർശിക്കുന്നയിടങ്ങളിലെ അല്പമെങ്കിലും ചരിത്രമറിയാതെയുള്ള അത്തരം യാത്രകൾകൊണ്ട്  പ്രതേകിച്ചൊരു ഗുണവും യാത്രക്കാർക്കുണ്ടാകാൻ പോകുന്നില്ല.പുതിയതായി കാണുന്ന ഒരിടം എന്നതിലുപരി പ്രത്യേകിച്ചൊന്നും അത് നേടി തരുന്നുമില്ല .കാണാൻ ഉദ്ദേശിക്കുന്നയിടങ്ങളിലെ മുഴുവൻ ചരിത്രമറിഞ്ഞുള്ള യാത്രകളും  പ്രയോഗികവുമല്ല തന്നെ. ബാറ്റിൽ ഓഫ് അബർദീൻ എന്ന പെയിന്റിങ്ങും അതിനു പിന്നിൽ ചരിത്രത്തിൽ ഇടം പിടിക്കാതെ പോയ കഥകളും എഴുത്തുകാരൻ തേടി പോകുന്നുണ്ട്. മലബാർ കലാപം മൂലം നാടുകടത്തപ്പെട്ടവരുടെ പുതിയ തലമുറയെ നമ്മൾ അവിടെ കാണുന്നുണ്ട്. പറിച്ചു നട്ടവർ അവരുടെ നാടിന്റെ പേരുകളും കൂടെ നട്ടു. നിലമ്പൂരും,മഞ്ചേരിയും,വണ്ടൂരുമെല്ലാം അങ്ങനെ ആൻഡമാനിൽ സൃഷ്ടിക്കപ്പെട്ടു.ലേഖഖന്റെ അഭിപ്രായത്തിൽ മലബാർ കലാപം ആത്യന്തികമായി കർഷകസമരമായിരുന്നെവെന്നു അവകാശപ്പെടുന്നു. അതുപോലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഒരു സ്വാതന്ത്ര്യ സമര പോരാട്ടമായി പരിഗണിക്കാൻ ലേഖകനു സാധിക്കുന്നില്ല എന്നും പറയപ്പെടുന്നുണ്ട്.ടിപ്പുവും, പഴശ്ശിയും ,ജാൻസീ റാണിയുടേതുമൊക്കെ ശ്രമങ്ങൾ അത്തരത്തിലുള്ളതല്ല എന്നും ഷെരീഫ് പറഞ്ഞുവെയ്ക്കുന്നു.അതുപോലെ സുഭാഷ് ചന്ദ്രബോസും, ജപ്പാനും തമ്മിലുള്ള ബന്ധവും അവരുടെ ദ്വീപുമായുള്ള ബന്ധവും പുസ്തകത്തിലുണ്ട്.ദ്വീപിലെ ജപ്പാനീസ് ക്രൂരതകൾക്ക് ബോസിനാണ് ഉത്തരവാദിത്വം എന്ന രീതിയിലുള്ള വിവരണങ്ങളും കാണാം .അവിടെ വച്ച് കണ്ടുമുട്ടിയ സാഹിബ് എന്ന ഒരു മനുഷ്യനാണ് പല വിവരങ്ങളും എഴുത്തുകാരാനുമായി പങ്കുവെയ്ക്കുന്നത് .ജപ്പാനിൽ നിന്നും ദ്വീപിനെ സ്വതന്ത്രമാക്കാൻ കഴിയാത്ത ഒരാൾക്ക് എങ്ങനെ ഇന്ത്യയെ സ്വതന്തമാക്കാൻ സാധിക്കുമെന്നയാൾ പരിഹസിക്കുന്നുണ്ട്. ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പ്രമുഖ നേതാക്കളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പലരും , ബോസിനെ ഭൂരിപക്ഷ പിന്തുണയുണ്ടായിട്ടും , തങ്ങളുടെ പാർട്ടിയിൽ  നിന്നും പുകച്ചു പുറത്തു ചാടിക്കുകയായിരുന്നുന്നുവെന്നും , മറ്റുള്ള തലമുതിർന്ന നേതാക്കന്മാർ സുഖ സൗകര്യങ്ങൾ തീർത്ത വീട് തടങ്കലിലോ ,അല്ലെങ്കിൽ അത്തരം ജയിലുകളിൽ പുസ്തകമെഴുതിയും, വായിച്ചും ഇരിക്കുമ്പോൾ തന്നെ,  പരിമിതികൾക്കു നടുവിൽ നിന്ന് കൊണ്ട് സ്വന്തം ജീവൻ പണയപ്പെടുത്തി കൊണ്ടായിരുന്നു  സ്വാതന്ത്ര്യസമര പോരാട്ടത്തിലേർപ്പെട്ടു കൊണ്ടിരുന്നതെന്നും എഴുത്തുകാരനെങ്കിലും ആ സാഹിബിനു പറഞ്ഞു കൊടുക്കാമായിരുന്നു എന്ന് തോന്നി പോയി. ആൻഡമാനിലെ മറ്റു ചരിത്രസ്ഥലികളുടെ വിവരങ്ങളും അവിടങ്ങളിലെ ചിത്രങ്ങളും പുസ്തകത്തിൽ കാണാം. പെൻഡുലം ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

വാൽസ്യായനന്റെ ജീവിതം പറയുന്ന കാമയോഗി

ചരിത്രകഥകളെക്കുറിച്ചുള്ള  എണ്ണം പറഞ്ഞ കൃതികൾ ധാരാളമായി  വായിക്കുന്നതിൽ താല്പര്യമുള്ളതിനാൽ തന്നെ ഈ പുസ്തകം കൈയ്യിലെടുത്തപ്പോൾ അതിനുമപ്പുറം ഒരു കൗതുകം തോന്നാതിരുന്നില്ല. അതൊരുപക്ഷേ ഈ പുസ്തകം കൈകാര്യം ചെയ്യുന്ന അതിന്റെ വിഷയമാകാം കാരണം എന്ന് തോന്നുന്നു.
ലൈംഗികതയെക്കുറിച്ചുള്ള പ്രശസ്ത പുസ്തകമായ കാമസൂത്രയുടെ രചയിതാവായ മുനി വാത്സ്യായന്റെ കഥയാണ്  കാമയോഗി എന്ന  നോവളിലൂടെ സുധീർ കക്കർ പറയുന്നത് . വാത്സ്യായനന്റെ  അത്ര അറിയപ്പെടാത്ത ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകമെങ്കിലും അത് തികച്ചും സാങ്കൽപ്പിക കഥ തന്നെയാണ്.
ഇന്ത്യൻ ചരിത്രത്തിലെ ഗുപ്ത കാലഘട്ടത്തിലെ സാമൂഹിക-സാംസ്കാരിക, സാമ്പത്തിക, ചരിത്രപരമായ പശ്ചാത്തലത്തിനു ബദലായി  വാത്സ്യായന്റെ സ്ത്രീലിംഗ ലൈംഗികതയെക്കുറിച്ചുള്ള കുറിപ്പുകൾ കാമയോഗിയുടെ വായനകളിൽ പ്രക്ഷോഭങ്ങൾ സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 
ഒരു യുവ ബ്രാഹ്മണ പണ്ഡിതനും വത്സായനയുടെ ജീവചരിത്രകാരനുമായ നായകന്റെ ശബ്ദമാണ് ഇതിൽ കക്കർ ഏറ്റെടുക്കുന്നത്. ഭാഗികമായ ചരിത്രവസ്തുതകളോടൊപ്പം അദ്ദേഹത്തിന്റെ ഭാവനയും ഒത്തുചേർന്ന് പുസ്തകം പൂർത്തിയാകുന്നു.
വത്സായനയുടെ ജീവിതവും ആശയങ്ങളും രൂപീകരിക്കുന്നത് അവരുടെ അമ്മായി ചന്ദ്രിക എന്ന പ്രശസ്ത സ്ത്രീയായാണ് , അവരാകട്ടെ അറിയപ്പെടയുന്ന വേശ്യയും. 
അവരുടെ ഒരു സ്ഥിരം സന്ദർശകനായിരുന്ന ഒരു  യുവ വാസ്തുശില്പി അവളെ നിരസിച്ചപ്പോൾ അത്തരം പ്രവർത്തികളിൽ നിന്നും മോചിതയാകാൻ അവൾ  തീരുമാനിക്കുന്നു. ഈ അപമാനം അവളുടെ ലൈംഗിക ജീവിതം ഉപേക്ഷിച്ച് ഒരു ബുദ്ധ കന്യാസ്ത്രീയാകാൻ അവളെ പ്രേരിപ്പിക്കുന്നു. ലൈംഗികത സിദ്ധാന്തങ്ങളെയും കെട്ടുകഥകളെയും ഊഹക്കച്ചവടങ്ങളെയും ആത്യന്തികമായി വാൽസ്യായനന്റെ കാഴ്ചപ്പാടിലേക്ക് മാറ്റുന്നതിൽ മുഖ്യ പങ്കു  ചന്ദ്രികയ്ക്കുണ്ട്. 
ജീവചരിത്രകാരൻ ഇതിനു ഇറങ്ങിപുറപ്പെടുന്ന സമയത്തു വാൽസ്യായനന്റെ കാമസൂത്രം എല്ലാവർക്കും പ്രാപ്യമായിരുന്നില്ല.അവർക്കു സംശയങ്ങൾ തീർക്കാൻ ബദ്രൂ എന്നറിയപ്പെടുന്ന ബദ്രവ്യാസന്റെ കൃതികളുണ്ട്.അന്നത്തെ പണ്ഡിതർക്കു കാമസൂത്രം അരോചകമായിരുന്നെവെങ്കിലും വാൽസ്യായനന്റെ എഴുത്തിലും അറിവിലും ബഹുമാനിച്ചിരുന്നു.യാഥാസ്ഥിക സമൂഹത്തിന്റെ ഭാഗമായിരുന്നതുകൊണ്ടു മാത്രം അവർക്കു അദ്ദേഹത്തിന്റെ കൃതിയെ തള്ളിപറയേണ്ടി വന്നു എന്നുള്ളതാണ് സത്യം. സ്ത്രീകൾ വെറും വിറകും പുരുഷൻ അഗ്നിയുമാണെന്ന അത്തരക്കാരുടെ വാദങ്ങളെ അദ്ദേഹം പൊളിച്ചെഴുതി.സ്ത്രീ ലൈംഗികതയോടു കാമസൂത്രം പുലർത്തുന്ന തുറന്ന മനസ്ഥിതി മൂലമാണ് പണ്ഡിതർ അതിനെ അക്രമിക്കുന്നതെന്നു വാൽസ്യായനും മനസ്സിലാക്കിയിരുന്നു.മാത്രവുമല്ല അദ്ദേഹം ഒരു വൈശ്യനുമായിരുന്നുവല്ലോ.
കാമശാസ്ത്രത്തിൽ അതുവരെയ്ക്കും ഉണ്ടായിരുന്നതു 17 ഗ്രന്ഥങ്ങളും അവയുടെ 42 വ്യാഖാനങ്ങളുമായിരുന്നു.രാജാവ് ഉദയനാണ് കാമശാസ്ത്രത്തെ കുറിച്ച് ഇതുവരെയ്ക്കും എഴുതപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും വായിച്ചു അവ ആറ്റികുറുക്കി ഒന്നാക്കണമെന്നു വാൽസ്യായനോട് ആവശ്യപ്പെട്ടത്. 
കാമസൂത്രത്തിലെ ഏഴു ഭാഗങ്ങളെ കുറിച്ച് ചിലയിടങ്ങളിൽ പുസ്തകം പരാമർശിക്കുന്നുണ്ട്. 
ഏറെ രസകരമായ ഒരു സംഗതി , തന്റെ ആയുസു മുഴുവനും കാമത്തെ കുറിച്ചു എഴുതിയെങ്കിലും അതിൽ നിന്നും സ്വയം ഒളിച്ചോടിയ വ്യക്തിയായിരുന്നു വാൽസ്യായനൻ എന്നുള്ളതാണ്.
 ലൈംഗികതയെ സംബന്ധിച്ചിടത്തോളം പുരാതന ഇന്ത്യ കൂടുതൽ ലിബറൽ സമൂഹമായിരുന്നുവെന്ന് പുസ്തകം പറഞ്ഞു വെയ്ക്കുന്നു. മനു എസ്  പിള്ളയുടെ ദന്ത സിംഹാസനം എന്ന പുസ്തകത്തിൽ പൂർവ കേരളം അത്തരമൊരു സാമൂഹികാവസ്ഥയിൽ ആണ് വ്യവഹരിച്ചിരുന്നതെന്നു കാണാം. പിന്നീട് നമ്മൾ വിക്ടോറിയൻ സദാചാരം ഇറക്കുമതി ചെയ്യുകയും അതിനെ സ്വീകരിച്ചു  ഇവിടുള്ളതിനെ പുറംതള്ളുകയുമാണുണ്ടായത്.
 പൊതുവേ സ്ത്രീകളുടെയും പ്രത്യേകിച്ച് വേശ്യകളുടെയും നിലപാട് പുസ്തകത്തിൽ വ്യക്തമാക്കുന്നു. ചന്ദ്രിക യുമായും മാത്രമല്ല  വാത്സ്യായനയുടെ ഭാര്യ മാളവികയുമായും ഇതിലെ  ജീവചരിത്രകാരൻ ബന്ധം പുലർത്തുന്നുണ്ട് . എഴുത്തുകാരൻ സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗികതയുടെ വിവിധ വശങ്ങൾ പലപ്പോഴായി വിശദീകരിച്ചു കാണുന്നു .
ഒരുപക്ഷെ  ഒരു മന:ശാസ്ത്രവിദഗ്ദ്ധനെന്ന നിലയിൽ കക്കറിന്റെ  വൈദഗ്ദ്ധ്യം ഈ പുസ്തകത്തിൽ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടുണ്ടെന്നു തോന്നുന്നു.പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ഗ്രീൻ ബുക്ക്സ് ആണ്. മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് സുരേഷ് എം ജി യും.