Author: Jinish KG
കൃഷ്ണ Chain of Custody – അനിതാ നായർ
ഒർമപ്പെടുത്തലുകളുമായി കടൽകിനാവ്
കടൽ, ആഴവും പരപ്പുമുള്ള മനുഷ്യമനസ്സ് പോലെയാണെന്നാണല്ലോ എഴുത്തുകാരിലാരോ എഴുതിവെച്ചിരിക്കുന്നത്. എന്തായാലും മനസ്സും കടലുമായുള്ള ഒരു താരതമ്യം ആരും തെറ്റു പറയുകയുമില്ല.അനന്തമായി നീണ്ടു പരന്നു കിടക്കുന്ന കടലും, എത്രവേണമെങ്കിലും കഥകൾ സൃഷ്ടിക്കാനുള്ള മനുഷ്യ മനസ്സിന്റെ ആഴവും, ഒന്നോർത്താൽ അവ തമ്മിലുള്ള ആ സാദൃശ്യം എവിടെയൊക്കെയോ ഉണ്ട് . ഒന്നു മുങ്ങിത്തപ്പിയാൽ ഒരു കഥയെങ്കിലും കിട്ടാത്തവരെങ്കിലുമുണ്ടോ ഇവിടെ?
മനുഷ്യർക്കാണോ കഥയുണ്ടാക്കാൻ പഞ്ഞം?
കടലും,കടൽ ജീവിതവും, അതുമായി ചുറ്റിപ്പറ്റിയുള്ള ഒരു കഥയാണ് രാജീവ് മേനോന്റെ കടൽകിനാവ് എന്ന നോവൽ നമ്മോടു പറയുന്നത്.
ഈ ഗ്രൂപ്പിലെ തന്നെ പരിച്ചയപ്പെടുത്തലിലൂടെയാണ് ഈ പുസ്തകം ഞാൻ വാങ്ങി വായിക്കുന്നത്. പോരാത്തതിന് എഴുത്തുകാരൻ എന്റെ നാട്ടുകാരനും, ഇരിഞ്ഞാലകുടയാണ് അദ്ദേഹത്തിന്റെ സ്വദേശം .
ചൂഷണം, ദാരിദ്ര്യം,അതിജീവനം,മരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇവിടെയും അതൊക്കെ തന്നെയാണ് മുഖ്യവിഷയങ്ങൾ. കഥയുടെ പശ്ചാത്തലവും ഭൂമികയും നമുക്ക് അധികം നേരിട്ട് പരിചയമില്ലാത്ത ഇടങ്ങളാണെന്ന് മാത്രം. ഏതിടങ്ങളിലായാലും മനുഷ്യരുടെ അവസ്ഥക്കു മാറ്റമൊന്നുമില്ല.
സമുദ്രയാത്രയ്ക്കിടെ ഒരു ചരക്ക് കപ്പൽ ആഫ്രിക്കയുടെ ഒരു തുറമുഖ തീരമായ മോപ്പെട്ടോയിൽ അടുപ്പിക്കേണ്ടി വരുന്നതോടെയാണ് കഥ തുടങ്ങുന്നത് . കപ്പലിന്റെ കേടുപാടുകൾ തീർക്കുവാൻ അവിടെ നിന്നുള്ള സഹായികൾ കപ്പലിൽ ഏത്തപ്പെടുന്നു.ജോലിക്കിടയിൽ കണ്ടുമുട്ടുന്ന മൊസാംബിക് വംശജനായ ജെറോമിനോ അബീലിയോ വിജയോട് തന്റെ ജീവിതം പറഞ്ഞു തുടങ്ങുന്നതോടെ കഥപശ്ചാത്തലം മൊസാംബിലേക്ക് പറിച്ചു നടപ്പെടുന്നു. ചുവന്ന കല്ലുകളുടെ ഫലഭൂയിഷ്ഠമായ സാന്നിധ്യമുള്ള ഇടമാണ് മൊസാംബിക്ക്. കൊളോണിയൽ കാലത്തെ അവസ്ഥകളിൽ നിന്നും ഇന്നും മോചിതരാകാത്ത ജനതയാണവിടെ ഉള്ളത്. ജെറോമിനോയുടെ കഥ മുഴുവൻ കേട്ടു കഴിയുമ്പോൾ താനനുഭവിക്കുന്നതൊന്നും ഒന്നുമല്ല എന്ന് വിജയ് മനസ്സിലാക്കുന്നു.എല്ലാ സുഖ സൗഭാഗ്യങ്ങളുടെയും നടുവിൽ കിടന്നു പൂണ്ടു വിളയാടുകയും , വിട്ടുകൊടുക്കാൻ മടികാണിക്കുന്നതിന്റെ കടുംപിടുത്തതിൽ വിവാഹമോചനത്തിലേക്കെത്തി നിൽക്കുന്ന തനറെ ജീവിതം കുരുക്കഴിച്ചെടുക്കുക്കാൻ അയാളുടെ കഥ അവനു വെളിപാട് നൽകുന്നുണ്ട്.
ദാരിദ്ര്യം കടന്നു വരുന്ന നിരവധി കഥകൾ മുൻപും ഉണ്ടായിട്ടുണ്ട്. അപ്പോൾ ഈ കഥ നിങ്ങളെ മടുപ്പിക്കുമോ? ഇല്ലേയില്ല …ഉറപ്പു തരാം.. വായിച്ചു തുടങ്ങിയാൽ അത് തീർക്കാതെ പുസ്തകം നിലത്തു വെയ്ക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് പുസ്തകത്തിപ്പോൾ ഉണ്ട്. ഒറ്റയിരിപ്പിനു വായിക്കുക എന്ന് പറയാറില്ലേ? അതുപോലെ.
ഈ കഥ ഒരു ഓർമപ്പെടുത്തലാണ്.. നമ്മൾ അനുഭവിക്കുന്ന കഷ്ടതകളെക്കാളും ,ദുരിതങ്ങൾ പേറി നിരവധി ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. അവരെ കൂടി കണ്ണ് തുറന്നു കാണാനും, കൂടെ കൊണ്ടു നടക്കുന്ന ഒഴിവാക്കാവുന്ന പിടിവാശികളും ഒന്ന് വിശകലനം ചെയ്യാൻ ഈ പുസ്തകം നമ്മളെ ഓർമ്മപ്പെടുത്തും.
ഡിസി ബുക്ക്സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്നത്.
ഓർമകളുണർത്തികൊണ്ട് വീണ്ടുമൊരു ഓണം
ചെമന്ന കൈപ്പത്തിക്കു പിന്നിലെ നിഗൂഡതകൾ !
ആഗ്രയിലെ ഫത്തേഹാബാദ് ബാങ്കിലെ ജനറൽ മാനേജറാണ് രാമനാഥൻ. ഒരു ദിവസം ആ ബാങ്കിലെ മുഖ്യ ഇടപാടുകാരനും വലിയ ധനികനുമായ ഷാസാബാദിലെ രാജാവ് അവിടേക്ക് നേരിട്ട് വന്ന് അയാളോട് ഒരു രഹസ്യം വെളിപ്പെടുത്തുന്നു. തനിക്കു വന്ന ഭീഷണി കത്ത് രാമനാഥനെ കാണിക്കുന്നു. രാജാവ് അമൂല്യമായ രത്നങ്ങൾ ബാങ്കിന്റെ അതീവ സുരക്ഷയുള്ള ലോക്കറിൽ നിക്ഷേപിച്ചു മടങ്ങുന്നു. എന്നാൽ മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കേട്ട വാർത്ത കണ്ട് രാമനാഥൻ ബോധം കേട്ടു വീഴുന്നു. രാജാവു കൊല്ലപ്പെട്ടതുമാത്രമായിരുന്നില്ല ബോധം കെടാൻ കാരണം . അതീവ സുരക്ഷയുള്ള അ ലോക്കറിൽ നിന്നും ആ അമൂല്യ രത്നങ്ങളും മോഷ്ടിക്കപ്പെട്ടിരിക്കുന്നു. പോലീസ് സൂപ്രണ്ട് കേമിൽ കേസന്വേഷണം ആരംഭിക്കുന്നു. എന്നാൽ കേസന്വേഷണം തുടങ്ങുന്ന കേമിലിന് പിന്നീട് കിട്ടുന്ന വാർത്ത ലക്നൌ വിലെ പ്രഭു കുടുംബത്തിലെ ഭാനുബീഗത്തിന്റെ കൊലാപതകമാണ്. അവരുടെ വലിയ സംഖ്യ വരുന്ന സമ്പാദ്യവും മോഷ്ടിക്കപ്പെട്ടിരുന്നു.
കൂടത്തായി കൊലപാതക കേസിലെ പോലെ അടച്ചിട്ട ഒരു മുറിയിൽ വെച്ചാണ് പോലീസുകാർ മൃതദേഹം കണ്ടെത്തുന്നത്. പുറത്തു നിന്നു ആരും വന്നതായി ഒരു അടയാളവുമില്ല. അകത്തു നിന്നും വാതിൽ അടച്ചിട്ട നിലയിൽ ആരാണ് അത് ചെയ്തതെന്നല്ല ഇൻസ്പെക്ടർ ആദ്യം ആലോചിച്ചത്? എങ്ങനെ അത് ചെയ്തു എന്നാണ്!
നേപ്പാളിലെ പ്രഭു കുടുംബത്തിലെ കാമിനീദേവിയുമായി ബന്ധപ്പെട്ട കേസാണ് കേമിലിന് അടുത്തത് കിട്ടുന്നത്. ഏകദേശം ഒരു കോടി വിലപ്പിടിപ്പുള്ള ആഭരണങ്ങൾ നേപ്പാൾ അതിർത്തി വരെ സുരക്ഷിതമായി കൊണ്ട് പോകാൻ സഹായമഭയർഥിച്ചു കൊണ്ട് കാമിനീദേവി ഇൻസ്പെക്ടറേ നേരിട്ട് സമീപിച്ചു. ഇത്രയും ഭീഷണി നിലനിൽക്കുന്നതിനാൽ അവർക്കു പോകാൻ വേണ്ടി പ്രത്യേകം റിസേർവ് ചെയ്ത കംപാർട്മെന്റ് തന്നെ കേമിൽ ഒരുക്കി,കൂടെ അപസർപ്പക വിദഗ്ധരായ രണ്ടുപേരെയും. എന്നാൽ അത്രയും സുരക്ഷ ഒരുക്കിയിട്ടും അവരുടെതും അതി വിദദ്ധമായി കൊള്ളയടിക്കപ്പെട്ടു.
എല്ലാ കൃത്യങ്ങളും നടന്ന സ്ഥലത്തു നിന്നും കിട്ടുന്ന ചെമന്ന കൈപ്പത്തിയുടെ അടയാളവും ചിലപ്പോൾ കൂടെ ഒരു കുറിപ്പും മാത്രമാണ് ആകെയുള്ള കച്ചിത്തുരുമ്പ് . ചെമന്ന കൈപ്പത്തിയെ കുടുക്കാൻ അമൂല്യമായ മരതക പച്ച കൊണ്ടുണ്ടാക്കിയ ചതുരംഗ കരുക്കൾ അതി സുരക്ഷയുള്ള ഒരു മുറിയിൽ പ്രദർശിപ്പിക്കുന്നു . എല്ലാവരുടെയും മുന്നിൽ വെച്ച് ചെമന്ന കൈപ്പത്തി അവരെ വെല്ലുവിളിച്ചു കൊണ്ട് അതും കടത്തിക്കൊണ്ടു പോകുന്നു. പിന്നീട് മയൂര സിംഹാസനമാണ് മോഷ്ടിക്കപ്പെടുന്നത്. സുരക്ഷയുടെ ഭാഗമായി കേമിൽ തന്നെ നേരിട്ട് റിസേർവ് ചെയ്ത കംപാർട്മെന്റിൽ ഉണ്ടായിരുന്നു. പക്ഷെ അതിവിദഗ്‌ധമായി അതും ചെമന്ന കൈപ്പത്തി കടത്തിക്കൊണ്ടു പോകുന്നു. ആരാണ് ചെമന്ന കൈപ്പത്തിക്ക് പിന്നിൽ? എന്തിനു അയാൾ ഇങ്ങനെയൊക്കെ ചെയ്യണം ? ആർക്കു വേണ്ടിയാണത്? അയാളൊറ്റക്കോ, അതോ കൂടുതൽ പേരുണ്ടോ?
ആകാംക്ഷ തോന്നുണ്ടോ? ഉണ്ടെങ്കിൽ തീർച്ചയായും ചെമന്ന കൈപ്പത്തി എന്ന ദുർഗ്ഗാ പ്രസാദ് ഖത്രിയുടെ ഈ നോവൽ വായിക്കണം.
ഒടുവിൽ തെളിവുകളെല്ലാം കണ്ടുപിടിക്കാൻ സഹായിക്കുന്നത് മറ്റൊരു കഥാപാത്രമാണ് ഗോപാൽ ശങ്കർ.
നിഗൂഢതയും ,ആകാംക്ഷയും വേണ്ടുവോളം നിറഞ്ഞതാണ് ഖത്രിയുടെ പുസ്തകങ്ങള്‍. മലയാളികളുൾപ്പെടെ വായനക്കാരെ ആകാംക്ഷയുടെ കൊടുമുടിയേറ്റുന്ന അദ്ദേഹത്തിന്റെ നോവലുകളുടെ പേരുകളും അതുപോലെ തന്നെയുള്ളതാണ് , ‘മൃത്യുകിരണം’, ‘ചെമന്ന കൈപ്പത്തി’,വെളുത്ത ചെകുത്താൻ. അങ്ങനെ പോകുന്നു പേരുകൾ.
ഹിന്ദിയിലെ ആദ്യകാല ജനപ്രിയ നോവലിസ്റ്റുകളിൽ ഒരാളായ ദേവകീനന്ദൻ ഖത്രിയുടെ മൂത്തകനായിരുന്നു ദുർഗ്ഗാ പ്രസാദ് ഖത്രി. ദേവകീനന്ദൻ ഖത്രിയെ എല്ലാവർക്കും പരിചയയുമുണ്ടായിരിക്കും.
അദ്ദേഹത്തിന്റെ ചന്ദ്രകാന്ത എന്ന നോവലും ദൂരദർശൻ ചാനലിൽ തൊണ്ണൂറുകളുടെ ആദ്യങ്ങളിൽ അത് സീരിയലായി വന്നപ്പോഴും നമ്മളത് ഏറ്റെടുത്തതാണ്. ചന്ദ്രകാന്ത നോവലിന്റെ ആസ്വാദനകുറിപ്പു ഞാൻ ഇവിടെ മുൻപ് പോസ്റ്റ് ചെയ്തിരുന്നു. വായിക്കാത്തവർക്ക് ഇവിടെ വായിക്കാം.
അച്ഛന്റെ പ്രസിദ്ധ നോവലായ ‘ഭൂതനാഥ’ന്റെ അവസാനഭാഗങ്ങൾ എഴുതിപൂർത്തിയാക്കിയത് ദുർഗ്ഗാ പ്രസാദ് ഖത്രിയാണ്. വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല..
ഇതിന്റെ മലയാള വിവർത്തനം ചെയ്തിരിക്കുന്നത് മോഹൻ. ഡി. കങ്ങഴയാണ്.അദ്ദേഹം ഖത്രിയുടെ നിരവധി കൃതികൾ മലയാളത്തിലാക്കിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. അദ്ദഹത്തിന്റെ മറ്റു പുസ്തകങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഖത്രിയുടെ വെളുത്ത ചെകുത്താനും ഇദ്ദേഹം തന്നെയാണ് വിവർത്തനം ചെയ്തിരിക്കുന്നത്.
ഗോപാൽ ശങ്കറും ചെമന്ന കൈപ്പത്തിയും തമ്മിലുള്ള പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. മൃതുകിരണം എന്ന നോവലിൽ അവരുടെ പോരാട്ടം തുടരുകയാണ്, വായനക്കാരെ ആകാംക്ഷയുടെ ഉത്തുംഗത്തിൽ പ്രതിഷ്ഠിച്ചുകൊണ്ട്…
കൊറോണ കാലം
കൊറോണ കാലം ദുരിതം പിടിച്ച കാലം തന്നെയാണ്.അതിഭീകരമായ ഒരു അവസ്ഥ.തിരുവന്തപുരത്താണെങ്കിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിവസം തോറും കൂടി കൂടി വരികയും ചെയ്യുന്നു. പുറത്തിറങ്ങണമെകിൽ പണ്ടത്തെ പോലെ അങ്ങനെ ഓടിച്ചാടിയൊന്നും പറ്റില്ല. മാസ്ക് ധരിക്കണം, സാനിറ്റൈസർ പുരട്ടണം, അതിന്റെ ചെറിയ ഒരു കുപ്പി ഉണ്ടെങ്കിൽ കൈയ്യിൽ കരുതണം. കടകളിൽ അവർ സാനിറ്റൈസർ വെച്ചിട്ടുണ്ടാകുമെങ്കിലും എല്ലാവരും എടുത്തുപയോഗിക്കുന്നതുകൊണ്ട് അതും അത്ര സുരക്ഷിതമായ ഏർപ്പാടല്ല. ചുരുക്കം ചില മേഖലകളൊഴിച്ചു മിക്കവരുടെയും ജോലിയെ ഈ കൊറോണ നല്ല രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട് . എന്നെപോലുള്ളവർക്കു ഓഫീസിൽ പോകേണ്ട, പക്ഷെ വീട്ടിൽ ഇരുന്നു ജോലി ചെയ്യാം. അത്രയെങ്കിലും ആശ്വാസം!. ദിവസവും കാണുന്ന എത്രയെത്ര മുഖങ്ങൾ! ആരെയും ഇപ്പോൾ കാണാൻ കഴിയുന്നില്ല. ഓഫീസിലേക്ക് പോകാൻ വണ്ടി കാത്തു നിൽക്കുന്ന ഇടവേളയിൽ കാണുന്ന നിരവധി മുഖങ്ങളുണ്ട് , വണ്ടി വരുന്നത് വരെ വെയിലു കൊള്ളാതിരിക്കാൻ വേണ്ടി ഞാൻ കേറി നിൽക്കുന്ന ആ കടയിൽ വരുന്ന പരിചയം ഉള്ളതും ഇല്ലാത്തതുമായ ആളുകളുണ്ട് . സാധങ്ങളൊന്നും വാങ്ങാനൊന്നുമല്ല അവിടെ വരുന്ന ആ സ്ഥിരം കുറ്റികൾ. ചുമ്മാ വന്നിരുന്ന് ലോകകാര്യങ്ങൾ പറയും . അതിൽ രാഷ്ട്രീയം ചർച്ച ചെയ്യുന്നവരുണ്ട് .അതൊക്കെ കേൾക്കാൻ നല്ല രസമാണ് . ഞാൻ ആ കടയിലെത്തിപ്പെടുന്നതിന്റെ ആദ്യ കാലങ്ങളിൽ അതിന്റെ മുന്നിൽ ഒരു സ്റ്റൈലൻ ബൈക്ക് ഇരിക്കുന്നത് കാണാമായിരുന്നു. പക്ഷേ അതിന്റെ ഉടമസ്ഥനെ അവിടെയൊന്നും കണ്ടിരുന്നില്ല. ഞാൻ ഓഫീസ് വണ്ടിയിൽ കേറി പോകുന്നവരെ അതവിടെ തന്നെ ഇരിക്കുന്നത് കണ്ടിട്ടുണ്ട് . മിക്ക ദിവസങ്ങളിലും ഇത് തന്നെ സ്ഥിതി. അതിപ്പോ അറിഞ്ഞിട്ടു എനിക്കൊന്നുമില്ല , എന്നാലും അതു ആരുടെയാണെന്നു അറിയാനുള്ള ഒരു വല്ലാത്ത ആകാംക്ഷ. എനിക്കാണെങ്കിൽ ഈ സ്വഭാവം പണ്ടേ ഉള്ളതാണ്. ആവശ്യമില്ലാത്ത എല്ലാ കാര്യത്തിനും ലേശം ഒരു കൌതുകം കൂടുതലാണ് . ഓർഡർ ചെയ്ത പുസ്തക കെട്ടുകൾ കോറിയർ ബോയിയോ ,അല്ലെങ്കിൽ പോസ്റ്റുമാൻ ചേട്ടനോ കൈയിലോട്ടു തരുമ്പോഴും എനിക്കിതേ ആകാംക്ഷയാണ്. അതൊന്നു പൊട്ടിച്ചു ആ പുസ്തകങ്ങൾ ഒന്ന് മറച്ചു നോക്കിയില്ലെങ്കിൽ ഇരിക്കപൊറുതി ഉണ്ടാകില്ല. വല്ലാത്തൊരു അസുഖം തന്നെ! അതുപോലൊരു ആകാംക്ഷ . പക്ഷെ ഒരു ദിവസം ഓഫീസ് വണ്ടി വരാൻ കുറച്ചു താമസിച്ചു. അങ്ങനെ നിൽക്കുമ്പോഴുണ്ട് മുടിയൊക്കെ രാംജി റാവു സ്പീകിംഗ് ലെ വിജയ രാഘവനെ പോലെ മേലോട്ട് ചീകി വെച്ച് ഒരു ആജാനബാഹു വന്നു ആ ബൈക്കിൽ കയറി ഇരിക്കുന്നു. ആളുടെ രൂപവും വേഷവിധാനവും അങ്ങോട്ട് ഒത്തു പോകുന്നില്ല. നല്ല ഉയരമുള്ള ആളാണ്. പത്താം ക്ലാസ്സുകാരൻ തനറെ നാലാം ക്ലാസ്സിൽ പഠിക്കുന്ന അനിയന്റെ ഷർട്ട് എടുത്തിട്ട പോലത്തെ ഒരു അവസ്ഥ . ഫുൾ സ്ലീവ് ആണ് എന്നു വേണമെങ്കിൽ പറയാം. ആളിന് കുടവയറൊന്നുമില്ലെങ്കിലും ഇറുകിയ ഷർട്ട് ആയതുകൊണ്ടുള്ള ഒരു വിമ്മിട്ടം. അങ്ങേർക്കല്ല , കാണുന്ന നമ്മൾക്കാണ് അത് തോന്നുക . പുള്ളിക്കാരൻ നല്ല കൂൾ ആയി അതും ഇട്ടോണ്ട് നടക്കുന്നു.കൊറോണ വന്നേപ്പിന്നെ ഞാൻ അങ്ങേരെ കണ്ടിട്ടില്ല. അവിചാരിതമായി ഇന്നാണ് പിന്നെ കണ്ടത്. ഞാൻ താമസിക്കുന്ന ഫ്‌ളാറ്റിന്റെ താഴത്തെ മുറിയ്ക്കു മുന്നിൽ ആരെയോ കാത്തു നില്കുന്നു. ആകെ ക്ഷീണിച്ച മട്ടാണ്. പഴയ തടിയും ഇല്ല. കൊറോണയാകണം അതിനും ഉത്തരവാദി എന്ന് ഞാൻ മനസ്സിൽ കരുതി .. ജോലി, ഭക്ഷണം ഇതെല്ലം ഈ കെട്ടകാലത്തു വെല്ലുവിളി തന്നെയാണ്. പുറത്തിറങ്ങി പണിയെടുത്തുകൊണ്ടിരുന്നവരുടെ ഇപ്പോഴത്തെ അവസ്ഥ എല്ലാം പരിതാപകരമാണ്.ആളെ കണ്ടു സംസാരിച്ചപ്പോൾ നേരത്തെ ഊഹിച്ചപോലെ തന്നെ. ഉണ്ടായിരുന്ന ജോലി പോയി. ഇപ്പോൾ എന്തോ ചെറിയ ബ്രോക്കർ പണി കിട്ടിയിരിക്കുന്നു. അതിന്റെ ആവശ്യത്തിനായി വന്നതാണ്. വീണ്ടും കാണാം എന്ന് പറഞ്ഞു മങ്ങിയ ചിരി ചിരിച്ചു അയാൾ തിരിഞ്ഞു നടന്നു. അയാളുടെ ആ ദൈന്യത മുറ്റിയ നിൽപ്പ് മനസ്സിൽ നിന്നും പിടിവിട്ടു പോകാതെ ഇങ്ങനെ തത്തികളിച്ചോണ്ടിരിന്നപ്പോൾ വെറുതെ ഒന്നു അയാളെ കോറിയിട്ടതാണ്. ഒരുകാര്യവുമുണ്ടായിട്ടല്ല , എന്തോ, എനിക്കപ്പോ അങ്ങനെ തോന്നി
മഹാബലിയെയും ഓണത്തെയും കുറിച്ചൊരു ആധികാരിക പുസ്തകം
Big brother is Watching You!!
എന്തിനാണ് ഇങ്ങനത്തെ പുസ്തകങ്ങൾ വീണ്ടും വീണ്ടും വായിക്കുന്നത് ?
ജയിൽചാട്ടക്കാരനായ ചിത്രശലഭം
അധോലോകവും ജയിൽചാട്ടവുമോക്കെ കടന്നു വരുന്ന നിരവധി പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊക്കെ നടക്കുമോ എന്ന് അമ്പരന്നത് പോയത് ശാന്താറാം എന്ന പുസ്തകം വായിച്ചു കഴിഞ്ഞപ്പോഴാണ്.
ജയിൽച്ചാട്ടവും അധോലോകവും ഒക്കെ കൊണ്ട് വായനക്കാരെ അമ്പരപ്പിക്കുന്ന മറ്റൊരു പുസ്തകമാണ് ഹെൻറി ഷാരിയറുടെ പാപ്പിയോൺ . ചെയ്യാത്ത കുറ്റത്തിന് തെറ്റായി ശിക്ഷിക്കപ്പെട്ടുവെന്ന് വിശ്വാസിക്കുന്നയാൾ, നെഞ്ചിൽ ചിത്രശലഭത്തിന്റെ ചിത്രം പച്ചകുത്തിയതിനാൽ “പാപ്പിയോൺ ” എന്ന് വിളിപ്പേരുള്ളയാൾ . ജയിൽ ചാടിയത് ഒന്നും രണ്ടും തവണയല്ല ,എട്ടു തവണയാണ്.
1906-ൽ തെക്കൻ ഫ്രാൻസിൽ അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച ഹെൻറി ഷാരിയർ തുടക്കം മുതൽ തന്നെ സ്വന്തം നിലയിൽ സാഹസികതകൾ തേടി നടന്നിരുന്നു . സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം നാവികസേനയിൽ ജോലിക്കു ചേർന്നു. പിന്നീടാണ് പാരീസ് അധോലോകത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. ഫ്രഞ്ച് ഭാഷയിൽ പാപ്പിയോൺ എന്നാൽ ചിത്രശലഭം എന്നാണർത്ഥം.വളരെ ചുരുങ്ങിയ സമയം കൊണ്ട് ഫ്രഞ്ച് തലസ്ഥാനത്ത് ഒരു പ്രാദേശിക ഗുണ്ടയായി ജീവിതം ആരംഭിച്ചു,സേഫുകൾ മോഷ്ടിക്കുക, തകർക്കുക എന്നിവയിലൊതുങ്ങിയിരുന്നു ആദ്യകാലത്തെ പ്രവർത്തികൾ. പാരീസ് ഗുണ്ടാ സംഘത്തിൽ പൂണ്ടു വിളയാടിയിട്ടും റോളണ്ട് ലെഗ്രാൻഡിനെ കൊലപ്പെടുത്തുന്നതുവരെ ഷാരിയറെ അറസ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞില്ല. പക്ഷേ ലെഗ്രാൻഡിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നാണ് ഷാരിയർ അവകാശപ്പെടുന്നത്. വാസ്തവമെന്താണെന്ന് നമുക്കറിഞ്ഞുകൂടാ. കേസന്വേഷണം സത്യസന്ധമല്ലായിരുന്നു എന്നും ഫ്രഞ്ച് നീതിന്യായവ്യവസ്ഥിതിയിൽ വിശ്വാസമില്ലെന്നും ഷാരിയർ ആ സമയം ആരോപിക്കുകയുണ്ടായി. എന്ത് തന്നെയായായാലും ഫ്രഞ്ച് ഗയാനയിലെ കുപ്രസിദ്ധമായ ശിക്ഷാ കോളനിയായ കെയെനിൽ ആണ് ജീവപര്യന്തം തടവിന് വിധിക്കപ്പെടത്.
അവിടെ മൂന്നുവർഷത്തെ നരക ജീവിതത്തിന് ശേഷം കെയെനിൽ നിന്നും ജയിൽ ചാടി . പക്ഷേ അതിനു അധികം ആയുസ്സുണ്ടായില്ല . ഫ്രഞ്ച് അധികാരികൾ അദ്ദേഹത്തെ പിടികൂടി. ഇത്തവണ കൂടുതൽ റിസ്ക് എടുക്കേണ്ടെന്ന് അവരും അങ്ങ് തീരുമാനിച്ചു. പിന്നെ കിട്ടിയത് കുപ്രസിദ്ധമായ ഡെവിൾസ് ദ്വീപിൽ രണ്ടുവർഷം ഏകാന്തതടവായിരുന്നു.ദ്വീപിന് കൂടുതൽ സുരക്ഷ ആവശ്യമില്ലാത്തതായിരുന്നു മുഖ്യ കാരണം. ചുറ്റും കടൽ വെള്ളം. നീന്തി രക്ഷപ്പെടായമെന്ന് വെച്ചാൽ ആളെ തീനി സ്രാവുകളും.
പക്ഷേ തന്റെ എട്ടാമത്തെ ശ്രമത്തിന് ഷാരിയർ വിജയകരമായി ജയിൽ ചാടുക തന്നെ ചെയ്തു. എങ്ങനെയൊക്കെ ജയിൽ ചാടാൻ പാടില്ല എന്നു തന്റെ മുൻ അനുഭവങ്ങളിൽ നിന്നും അയാൾ പഠിച്ചിരുന്നു.
അവിടെ നിന്നും , തെങ്ങുകൾ കൊണ്ട് നിർമ്മിച്ച റാഫ്റ്റിൽ സ്രാവിന് തീറ്റയാകാത്തെ അവിടെ നിന്നും രക്ഷപ്പെട്ടു. 1945-ൽ വെനിസ്വേലയിൽ വന്നിറങ്ങി, അവിടെ താമസമാക്കി, അവിടെ നിന്നു തന്നെ വിവാഹവും കഴിച്ചു. പിന്നീട് വെനിസ്വേലൻ പൗരത്വം നേടി. അവിടെ പക്ഷേ ഹെൻറി ഷാരിയർ സാധാരണ ജീവിതമാണ് നയിച്ചത്.
ഫ്രഞ്ച് ഗയാനയിൽ ഷാരിയറുടെ ചെലവഴിച്ച വർഷങ്ങളെയും രക്ഷപ്പെടാനുള്ള ശ്രമങ്ങളെയും കുറിച്ചുള്ള വിവരണമാണ് പാപ്പിയോൺ എന്ന പുസ്തകം.
62-ാം വയസ്സിൽ, ഫ്രഞ്ച് വേശ്യ ആൽബെർട്ടിൻ സരസീന്റെ അനുഭവകഥ ഷാരിയർ വായിക്കാനിടയായി. വളരെയധികം വിറ്റുപോയ അവരെഴുതിയ ആ പുസ്തകം വായിച്ചു കിട്ടിയ പ്രചോദനം കൊണ്ടാണ് ഷാരിയേർ തന്റെ അനുഭവങ്ങൾ നോട്ട് ബുക്കുകളിൽ എഴുതി നിറയ്ക്കാൻ തുടങ്ങിയത് . പത്തോളം പുസ്തകങ്ങളിൽ പൂർത്തിയാക്കിയ ആ കൈയെഴുത്തുപ്രതികൾ ഒരു ഫ്രഞ്ച് പ്രസാധകന് അയച്ചുകൊടുത്തു . പുസ്തകത്തിലെ 75 ശതമാനം ശരിയാണ് എന്നാണ് ഷാരിയർ തന്റെ പാപ്പിയോൺ എന്ന പുസ്തകത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 1969 ൽ പുസ്തകം പ്രസിദ്ധീകരിച്ച ആദ്യത്തെ 10 ആഴ്ചയ്ക്കുള്ളിൽ തന്നെ അതിന്റെ ഏഴു ലക്ഷത്തോളം കോപ്പികൾ വിറ്റുപോയി .മനുഷ്യന്റെ ഇച്ഛാശക്തിയുടെയും അതിജീവനത്വരയുടെയും അനുഭവ സാക്ഷ്യങ്ങളാണ് പുസ്തകം നമ്മളോട് പറയുന്നത്. ദുരിതം, പോരാട്ടം, പലായനം എന്നിവയുടെ തീക്ഷ്ണരൂപങ്ങൾ പല തരത്തിൽ നോവലിൽ കാണാം.
1973 ജൂലൈ 29 ന് 66-ആം വയസ്സിൽ ഷാരിയർ മരിക്കുമ്പോഴേക്കും ലോകമെമ്പാടുമായി പാപ്പിയോണിന്റെ 5 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയിരുന്നു. എന്തായിരൂന്നു ആ പുസ്തകത്തിന്റെ വിജയത്തിന്റെ രഹസ്യം? “വളരെ ലളിതം, നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾ സംസാരിക്കുന്ന രീതിയിൽ എഴുതുക മാത്രമാണ് ” അദ്ദേഹം പറഞ്ഞു.മാർകേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഡോ. എസ്. വേലായുധൻ തന്നെയാണ് ഈ പുസ്തകവും നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. പാപ്പിയോൺ പബ്ലിഷെർസ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.









