അനാ പൗല മായയുടെ ‘On Earth as it is Beneath’

ബ്രസീലിയൻ എഴുത്തുകാരി അനാ പൗല മായയുടെ ‘On Earth as it is Beneath എന്ന നോവൽ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത് ഇരുട്ടിന്റെയും ചോരയുടെയും ക്രൂരമായ ഒരു ലോകത്തേക്കാണ്. 2017-ൽ പോർച്ചുഗീസ് ഭാഷയിൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ, 2026-ലെ ഇൻ്റർനാഷണൽ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ഇടംനേടിയത് അതിലെ തീവ്രമായ ദാർശനികത കൊണ്ടും ഭരണകൂട ഭീകരതയെക്കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങൾ കൊണ്ടുമാണ്.

അടിമത്തത്തിന്റെ കാലത്ത് മനുഷ്യരെ ക്രൂരമായി വേട്ടയാടിയിരുന്ന ഒരു തോട്ടത്തിന് മുകളിൽ കെട്ടിപ്പൊക്കിയ ഒരു ശിക്ഷാകേന്ദ്രമാണ് ഈ നോവലിന്റെ പ്രധാന വേദി. അവിടെ അടക്കം ചെയ്യപ്പെട്ട പഴയ കാലത്തിന്റെ ക്രൂരതകൾ, പുതിയ അധികാര രൂപങ്ങളിൽ എങ്ങനെ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നു എന്ന ഭയാനകമായ കാഴ്ചയാണ് നാം ഇതിൽ കാണുന്നത്. ഓരോ തവണ മണ്ണ് കുഴിക്കുമ്പോഴും പുറത്തുവരുന്ന അസ്ഥികൂടങ്ങൾ, ചരിത്രത്തിലെ അക്രമങ്ങൾ ഒരിക്കലും മണ്ണിലലിഞ്ഞ് ഇല്ലാതാകുന്നില്ല എന്ന നഗ്നസത്യത്തെയാണ് ഓർമ്മിപ്പിക്കുന്നത്.

ഈ നോവലിന്റെ പിറവിക്ക് പിന്നിലെ നാൾവഴികൾ വളരെ കൗതുകമുണർത്തുന്നതും എഴുത്തുകാരിയുടെ പ്രതിബദ്ധതയെ വെളിവാക്കുന്നതുമാണ്. നീണ്ട ഏഴു മാസത്തെ കഠിനമായ ഗവേഷണങ്ങൾക്കും വായനകൾക്കും ശേഷമാണ് അനാ പൗല മായ ഈ രചന പൂർത്തിയാക്കിയത്. പഴയ പത്രവാർത്തകളും ജയിൽ രേഖകളും അവർ വിശദമായി പരിശോധിക്കുകയുണ്ടായി.

ഒരു ജയിലിനെയോ അവിടുത്തെ സംവിധാനങ്ങളെയോ കേവലം വിമർശിക്കുക എന്നതിലുപരി, അതിനുള്ളിലെ മനുഷ്യാവസ്ഥയെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളാനാണ് അവർ ശ്രമിച്ചത്. ഈ ഗവേഷണങ്ങൾക്കൊടുവിൽ അവർ തിരിച്ചറിഞ്ഞ ഒരു വലിയ ദാർശനിക സത്യമുണ്ട്; ജയിൽ മതിലുകൾക്കുള്ളിൽ മാത്രമല്ല, മറിച്ച് അദൃശ്യമായ അതിരുകളാൽ ചുറ്റപ്പെട്ട ഈ വിശാലമായ ലോകത്തും നാമെല്ലാം ഒരു തരത്തിൽ തടവുകാർ തന്നെയാണ് എന്നതാണത്. ഭരണകൂടങ്ങൾ തങ്ങളുടെ ജനതയെ എങ്ങനെയാണ് അദൃശ്യമായ ചങ്ങലകളാൽ ബന്ധിച്ചിരിക്കുന്നത് എന്ന ചിന്തയാണ് നോവലിന് കരുത്തേകുന്നത്.

ഈ ബ്രസീലിയൻ കൃതിയെ അതിന്റെ സകല ജീവനോടും കൂടി ഇംഗ്ലീഷ് വായനക്കാരിലേക്ക് എത്തിച്ചത് കനേഡിയൻ-അമേരിക്കൻ എഴുത്തുകാരിയും അർക്കൻസാസ് സർവകലാശാലയിലെ പ്രൊഫസറുമായ പത്മ വിശ്വനാഥനാണ്. നോവലിലെ വിയർപ്പിന്റെയും അഴുകുന്ന മാംസത്തിന്റെയും ഗന്ധം വായനക്കാരിലേക്ക് അതുപോലെ പകരാൻ അവർ അനുഭവിച്ച വെല്ലുവിളികൾ ചെറുതായിരിക്കാൻ ഒട്ടും ഇടയില്ല . ഇതിനായി പ്രാചീനമായ ആംഗ്ലോ-സാക്സൺ പദങ്ങളും, വളരെ മൂർച്ചയുള്ള ക്രിയകളും അവർ ബോധപൂർവ്വം തിരഞ്ഞെടുത്തു. ഒട്ടും നാടകീയമല്ലാത്ത, എന്നാൽ യാഥാർഥ്യത്തിന്റെ പരുക്കൻ സ്വഭാവം നിലനിർത്തുന്നതാണ് പത്മയുടെ വിവർത്തന ശൈലി. മായയുടെ വാക്യഘടനകളിലെ നിർവികാരത ഒട്ടും ചോർന്നുപോകാതെ അവർ നടത്തിയ ശ്രമങ്ങളാണ് ഈ കൃതിയെ ലോക ശ്രദ്ധയിലേക്ക് ഉയർത്തിയത്.

പരമ്പരാഗതമായി നാം കണ്ടുവരുന്ന പുരുഷകേന്ദ്രീകൃത ജയിൽ കഥകളിൽ നിന്നും പൂർണ്ണമായും വേറിട്ടു നിൽക്കുന്ന ഒരു ആഖ്യാനമാണ് ഇതിലുള്ളത്. മൃഗീയമായ ചുറ്റുപാടുകളിൽ ജീവിക്കുന്ന കുറ്റവാളികളെയും അവരെ കാവൽ നിൽക്കുന്ന ഉദ്യോഗസ്ഥരെയും യാതൊരുവിധ കാല്പനികതയുമില്ലാതെ, പരോക്ഷമായി നോക്കിക്കാണുന്ന ഒരു സ്ത്രീയുടെ കാഴ്ച്ചപ്പാടാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്.

പുരുഷന്മാരുടെ പരസ്പരമുള്ള സാഹോദര്യമോ വീരവാദങ്ങളോ ഇവിടെയില്ല; മറിച്ച് അതിജീവനത്തിനായുള്ള പ്രാഥമിക ചോദനകൾ മാത്രമാണുള്ളത്. ലോകസാഹിത്യത്തിൽ, കോർമാക് മക്കാർത്തിയുടെ നോവലുകളിൽ കാണുന്ന അങ്ങേയറ്റത്തെ വരണ്ടതും ക്രൂരവുമായ ഭൂപ്രകൃതിയോടും മനുഷ്യന്റെ നിസ്സഹായതയോടുമാണ് ഈ കൃതിക്ക് കൂടുതൽ സമാനതകളുള്ളത് എന്നു തോന്നുന്നു. മറ്റു താരതമ്യങ്ങൾ, ആഴത്തിലുള്ള വായനയുള്ള വായനക്കാർക്ക് കണ്ടുപിടിക്കാനായേക്കും. യാതൊരു നിയമ പരിരക്ഷയുമില്ലാത്ത, ആർക്കും എപ്പോൾ വേണമെങ്കിലും കൊന്നുകളയാവുന്ന വെറും മാംസപിണ്ഡങ്ങളായി അധികാര വർഗ്ഗം മനുഷ്യനെ എങ്ങനെ മാറ്റുന്നു എന്ന് വാർഡനായ മെൽക്വിയാഡെസിന്റെ വേട്ടയാടലിലൂടെ നാം ഭീതിയോടെ കണ്ടറിയുന്നു.

നൂറിനടുത്ത് മാത്രം പേജുകളുള്ള ഈ നോവലിന്റെ വേഗം പലപ്പോഴും വായനക്കാരെ അസ്വസ്ഥരാക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളിലേക്ക് സഞ്ചരിക്കാൻ ശ്രമിക്കുമ്പോഴും, അവരുമായി ഒരു വൈകാരിക ബന്ധം സ്ഥാപിക്കാൻ വായനക്കാരന് മതിയായ സമയം ലഭിക്കുന്നില്ല എന്നതാണ് എനിക് തോന്നിയ ഒരു പോരായ്മ . ഒരേസമയം പല കഥാപാത്രങ്ങളുടെയും ചിന്തകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്ന ആഖ്യാനരീതി, പലപ്പോഴും ആഴത്തിലുള്ള വൈകാരിക തലങ്ങളെ തൊടാതെ ഉപരിപ്ലവമായി പോകുന്നുണ്ടോ എന്നൊരു വിമർശനം തീർച്ചയായും ഉന്നയിക്കാവുന്നതാണ്.

അവരുടെ ആന്തരിക ലോകം, നോവലിലെ അഴുകിയ ശവക്കുഴികൾ പോലെ തന്നെ ആഴമില്ലാത്തതായി അനുഭവപ്പെടാൻ ഈ ഘടന കാരണമാകുന്നുണ്ട് എന്നു വേണമെങ്കിൽ പറയാം . അല്പം കൂടി വിപുലമായ ഒരു കാൻവാസ് നൽകിയിരുന്നെങ്കിൽ ഇതിലെ കഥാപാത്രങ്ങൾ കൂടുതൽ കരുത്താർജ്ജിക്കുമായിരുന്നു എന്നു തോന്നുന്നു.

ചരിത്രത്തിൽ ഒരിക്കൽ നടന്ന കൊടിയ ക്രൂരതകൾ എങ്ങനെയാണ് ആധുനിക വ്യവസ്ഥിതികളിലേക്ക് പരിണമിച്ചെത്തുന്നതെന്നതിൻ്റെ ഭയാനകമായ ഓർമ്മപ്പെടുത്തലാണ് ഈ പുസ്തകം. മനുഷ്യന്റെ വിലയിടിക്കുകയും അവനെ കേവലം ഉപയോഗിച്ച് വലിച്ചെറിയാനുള്ള ഒരു വസ്തുവായി മാത്രം കാണുകയും ചെയ്യുന്ന ആധുനിക ലോകക്രമത്തിനെതിരെയുള്ള ശക്തമായൊരു താക്കീത് കൂടിയായി ഈ കൃതിയെ വായിച്ചെടുക്കാം. മികച്ചൊരു വായനാനുഭവം എന്നതിലുപരി, അധികാരം മനുഷ്യനെ എങ്ങനെ മൃഗമാക്കി മാറ്റുന്നു എന്നതിൻ്റെ പച്ചയായ ചിത്രീകരണമാണ് നാമിതിൽ കാണുന്നത്.

ഈ പുസ്തകത്തിന് 2026-ലെ ഇൻ്റർനാഷണൽ ബുക്കർ പ്രൈസ് കിട്ടുമോ എന്നാണ് ഇനി കാത്തിരിക്കുന്നത്

Leave a comment