നാസി തടങ്കലിലെഏക മലയാളി രക്തസാക്ഷി

1944-ൽ, ലോകമഹായുദ്ധം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സമയത്ത്, ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ മയ്യഴിയിലെ ഒരു തറവാട്ടു വീട്ടിലേക്ക് ഫ്രാൻസിൽ നിന്ന് ഒരു കുടുംബസുഹൃത്ത് അയച്ച ഒരു ഫോട്ടോ ലഭിച്ചു. ആ ചിത്രത്തിൽ, യൂറോപ്പിലെ ഏതോ ശ്മശാനഭൂമിയിൽ സ്ഥാപിച്ച ഒരു കുരിശും അതിൽ കൊത്തിയ ഒരു പേരുമുണ്ടായിരുന്നു: മിച്ചിലോട്ട് മാധവൻ. 1942 മുതൽ തങ്ങളുടെ പ്രിയപ്പെട്ട മകനെക്കുറിച്ച് ഒരു വിവരവുമില്ലാതെ, പ്രാർത്ഥനയിലും അനിശ്ചിതത്വത്തിലും കഴിഞ്ഞിരുന്ന ആ കുടുംബത്തിന്, ആ ചിത്രം ഒരേസമയം ഒരു ഉത്തരവും ഒരിക്കലും ഉണങ്ങാത്ത മുറിവുമായിരുന്നു. മയ്യഴിയിലെ ഫ്രഞ്ച് എജ്യൂക്കേഷൻ ഓഫീസറായിരുന്ന മിച്ചിലോട്ട് ഗോവിന്ദനും അദ്ദേഹത്തിന്റെ കുടുംബത്തിനും  മാധവന്റെ  അന്ത്യം എങ്ങനെയായിരുന്നു എന്ന വേദനാജനകമായ സത്യം ആ ഫോട്ടോ നിശ്ശബ്ദമായി പറഞ്ഞുകൊടുക്കുകയായിരുന്നു.

രണ്ടാം ലോകമഹായുദ്ധം തീർത്ത ആശയവിനിമയ തടസ്സങ്ങൾക്കിടയിൽ, ആ വാർത്ത മയ്യഴിയിലെത്താൻ രണ്ടുവർഷമെടുത്തു. ആ കാലതാമസം, യുദ്ധം വ്യക്തിജീവിതങ്ങളിൽ ഏൽപ്പിച്ച ആഘാതത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. ആ ഫോട്ടോ, വിസ്മൃതിയുടെ താളുകളിൽ നിന്ന് ഒരു ജീവിതം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ തുടക്കമായിരുന്നു. മലബാർ തീരത്തെ ഉഷ്ണക്കാറ്റിൽ നിന്ന് യൂറോപ്പിലെ കൊടുംതണുപ്പിലേക്ക് യാത്രപോയ, അറിവിനോടുള്ള അടങ്ങാത്ത ദാഹവുമായി സോർബോൺ സർവ്വകലാശാലയുടെ പടവുകൾ കയറിയ ഒരു ചെറുപ്പക്കാരൻ എങ്ങനെയാണ് യൂറോപ്പിലെ ആ അജ്ഞാതമായ ശ്മശാനഭൂമിയിൽ എത്തിയത് എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയുള്ള ഒരു യാത്രയുടെ തുടക്കം. ഇത് കേവലം ഒരു വ്യക്തിയുടെ ജീവിതകഥയല്ല, മറിച്ച് സാമ്രാജ്യത്വവും ഫാസിസവും കൊളോണിയലിസവും കൊടുംക്രൂരതയുടെതാണ് എന്ന് വിളിച്ചുപറയുന്ന ചരിത്രമാണ്.

മിച്ചിലോട്ട് മാധവന്റെ ജീവിതത്തെയും തിരഞ്ഞെടുപ്പുകളെയും രൂപപ്പെടുത്തിയ സവിശേഷമായ ചരിത്ര പശ്ചാത്തലം മനസ്സിലാക്കാൻ, ഇന്ത്യയിലെ ഫ്രഞ്ച് അധിനിവേശത്തിന്റെ നാൾവഴികൾ അറിയേണ്ടത് അത്യാവശ്യമാണ്. പടിഞ്ഞാറൻ യൂറോപ്യൻ ശക്തികളിൽ ഏറ്റവും ഒടുവിലാണ് ഫ്രഞ്ചുകാർ ഇന്ത്യൻ തീരങ്ങളിൽ എത്തിയത്. 1668-ൽ മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ അനുമതിയോടെ സൂറത്തിൽ ആദ്യത്തെ വ്യാപാര കേന്ദ്രം സ്ഥാപിച്ചുകൊണ്ട് അവർ തുടക്കം കുറിച്ചു. 1674-ൽ, പഠാൻ തലവനായ ഷേർ ഖാൻ ലോദിയുടെ അനുമതിയോടെ അവർ ചോളമണ്ഡലം (കോറമാൻഡൽ) തീരത്ത് പോണ്ടിച്ചേരി (ഇന്നത്തെ പുതുച്ചേരി) സ്ഥാപിച്ചു. 1690-ൽ ബംഗാളിലെ മുഗൾ ഗവർണർ ഇബ്രാഹിം ഖാനിൽ നിന്ന് ചന്ദർനഗർ സ്വന്തമാക്കി. തുടർന്ന്, 1721-ൽ മലബാർ തീരത്ത് വടകരയിലെ ഹിന്ദു രാജകുമാരനിൽ നിന്ന് മയ്യഴിയും (മാഹി) അവർക്ക് ലഭിച്ചു. 1731-ൽ യാനവും 1739-ൽ കാരയ്ക്കലും അവരുടെ അധീനതയിലായി. ഈ അഞ്ച് പ്രദേശങ്ങളുടെയും ഭരണ സിരാകേന്ദ്രം പോണ്ടിച്ചേരിയായിരുന്നു.

1815 വരെ, തങ്ങളുടെ താവളങ്ങൾ സംരക്ഷിക്കുന്നതിനായി ഫ്രഞ്ചുകാർക്ക് ബ്രിട്ടീഷുകാരെപ്പോലുള്ള മറ്റ് യൂറോപ്യൻ ശക്തികളുമായും പ്രാദേശിക ഇന്ത്യൻ രാജാക്കന്മാരുമായും നിരന്തരം പോരാടേണ്ടി വന്നു. എന്നാൽ യൂറോപ്പിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ ഇന്ത്യയിലെ ഫ്രഞ്ച് ഭാവിയെ നിർണ്ണായകമായി മാറ്റിമറിച്ചു. നെപ്പോളിയന്റെ പതനത്തിനുശേഷം, 1814-ൽ ഫ്രാൻസും സഖ്യകക്ഷികളും (ബ്രിട്ടൻ, റഷ്യ, ഓസ്ട്രിയ, പ്രഷ്യ) തമ്മിൽ പാരീസ് ഉടമ്പടി ഒപ്പുവെച്ചു. ഈ ഉടമ്പടി പ്രകാരം, ബ്രിട്ടീഷുകാർ പിടിച്ചടക്കിയിരുന്ന പോണ്ടിച്ചേരി, കാരയ്ക്കൽ, യാനം, മാഹി, ചന്ദർനഗർ എന്നീ അഞ്ച് വാസസ്ഥലങ്ങൾ ഫ്രാൻസിന് തിരികെ ലഭിച്ചുവെങ്കിലും അത് കർശനമായ വ്യവസ്ഥകളോടെയായിരുന്നു. ഈ വാസസ്ഥലങ്ങളിൽ പുതിയ കോട്ടകൾ നിർമ്മിക്കാനോ നിലവിലുള്ളവ ബലപ്പെടുത്താനോ പാടില്ല എന്നതായിരുന്നു പ്രധാന വ്യവസ്ഥ. അതോടൊപ്പം, ഈ പ്രദേശങ്ങളിൽ സ്വന്തമായി സൈന്യത്തെ രൂപീകരിക്കാനോ പരിപാലിക്കാനോ ഉള്ള അധികാരവും ഫ്രാൻസിന് നിഷേധിക്കപ്പെട്ടു. ഫലത്തിൽ, ഈ ഉടമ്പടി ഫ്രഞ്ച് ഇന്ത്യയെ സൈനികമായി നിർവീര്യമാക്കി, അവരുടെ സാന്നിധ്യത്തെ കേവലം വ്യാപാര കേന്ദ്രങ്ങളായി പരിമിതപ്പെടുത്തി. 1815-ൽ നെപ്പോളിയന്റെ അന്തിമ പരാജയത്തിനുശേഷം ഒപ്പുവെച്ച രണ്ടാമത്തെ പാരീസ് ഉടമ്പടി ഈ വ്യവസ്ഥകളെ ഒന്നുകൂടി ഉറപ്പിച്ചു. ഇതോടെ, ഇന്ത്യയിൽ ഒരു സാമ്രാജ്യം സ്ഥാപിക്കുകയെന്ന ഫ്രാൻസിന്റെ മോഹം എന്നെന്നേക്കുമായി അവസാനിക്കുകയും ബ്രിട്ടീഷ് രാജ് ഇന്ത്യയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി മാറുകയും ചെയ്തു.

 പതിനെട്ടാം നൂറ്റാണ്ടിൽ, ഗവർണർ ബെന്വാ ഡ്യൂമയുടെ (1735-1741) കാലഘട്ടത്തിൽ, ഫ്രഞ്ചുകാർ ആദ്യമായി ഇന്ത്യക്കാരെ തങ്ങളുടെ സൈന്യത്തിൽ ഉൾപ്പെടുത്താൻ തുടങ്ങിയിരുന്നു. ഇതിന്റെ തുടക്കം മാഹിയിൽ നിന്നായിരുന്നു. 1739-ൽ വടകര രാജാവുമായുള്ള യുദ്ധത്തിൽ, നിരവധി മലയാളികൾ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൽപ്പെട്ടവർ, ഫ്രഞ്ചുകാരുടെ പക്ഷത്ത് ചേർന്ന് പോരാടിയിരുന്നു. ഇവരുടെ ധീരതയിൽ ആകൃഷ്ടനായ ഗവർണർ ഡ്യൂപ്ലേ, മാഹിയിൽ നിന്നുള്ള സൈനിക റിക്രൂട്ട്മെന്റ് ഒരു സ്ഥിരം സംവിധാനമാക്കി മാറ്റി. ‘ശിപായികൾ’ (Sepoys) എന്നറിയപ്പെട്ട ഈ ഇന്ത്യൻ സൈനികർ, 1748-ൽ ബ്രിട്ടീഷുകാർക്കെതിരെ പോണ്ടിച്ചേരിയെ പ്രതിരോധിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. എന്നാൽ 1815-ലെ ഉടമ്പടിയോടെ ഈ സൈനിക സഹകരണത്തിന് അന്ത്യമായി.

പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രഞ്ചുകാർ തങ്ങളുടെ അധീന പ്രദേശങ്ങളിൽ പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കി. അഞ്ച് പ്രദേശങ്ങളിലും ഫ്രഞ്ച് മാധ്യമത്തിൽ പ്രൈമറി സ്കൂളുകൾ സ്ഥാപിച്ചു. പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോളേജിലും (Collège Français) കാൽവേ കോളേജിലും (Calve College) സെക്കൻഡറി വിദ്യാഭ്യാസം നൽകി. ഈ കോളേജുകളിൽ നിന്ന് ‘ബക്കലോറിയാ’ (Baccalauréat) ബിരുദം നേടുന്നത് ഫ്രാൻസിലെ സർവ്വകലാശാലാ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശന കവാടമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ, സർക്കാർ സ്കോളർഷിപ്പുകൾ പ്രയോജനപ്പെടുത്തി മയ്യഴിയിൽ നിന്നുള്ള കൂടുതൽ വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി പോണ്ടിച്ചേരിയിലേക്ക് എത്തിത്തുടങ്ങി. ഈ ഫ്രഞ്ച് വിദ്യാഭ്യാസ സമ്പ്രദായം വിദ്യാർത്ഥികളെ ഫ്രഞ്ച് സംസ്കാരവുമായും മൂല്യങ്ങളുമായും അടുപ്പിച്ചു. വിപ്ലവ ഫ്രാൻസിന്റെ ആദർശങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ അവരെ ആഴത്തിൽ സ്വാധീനിച്ചു. ഈ വിദ്യാഭ്യാസ പശ്ചാത്തലമാണ് മിച്ചിലോട്ട് മാധവനെപ്പോലുള്ള ഒരു പുതിയ തലമുറയെ വാർത്തെടുത്തത്.

1914 ജൂലൈ 7-ന്, രണ്ട് ലോകങ്ങളുടെ സംഗമഭൂമിയായ മയ്യഴിയിലാണ് മിച്ചിലോട്ട് മാധവൻ ജനിച്ചത്. ഇന്ത്യയുടെ മലബാർ തീരത്ത് അറബിക്കടലിനോട് ചേർന്നാണ് ആ നാട് സ്ഥിതി ചെയ്യുന്നത്, എന്നാൽ അവിടം ഫ്രഞ്ച് സംസ്കാരത്തിന്റെ നേർത്ത പരിമളം പേറിയിരുന്നു. ഈ ഇരട്ട വ്യക്തിത്വത്തിന്റെ മണ്ണിലാണ് മാധവൻ വളർന്നത്. മിച്ചിലോട്ട് കുടുംബം മയ്യഴിയിലെ ഒരു ഇടത്തരം തീയ്യ കുടുംബമായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ മിച്ചിലോട്ട് ഗോവിന്ദനും പെരുന്തോടി മാതുവുമായിരുന്നു. ചെറുപ്പത്തിൽത്തന്നെ സ്വാതന്ത്ര്യസമരത്തോടുള്ള ആഭിമുഖ്യം അദ്ദേഹത്തിൽ പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ, മിച്ചിലോട്ട് ഭരതൻ, പിൽക്കാലത്ത് മയ്യഴി വിമോചന സമരത്തിലെ ഒരു പ്രമുഖ നേതാവായി മാറി. അവരുടെ തറവാട് വീട് പലപ്പോഴും മഹാജനസഭയുടെ യോഗങ്ങൾക്ക് വേദിയായിരുന്നു.

1934-ലെ മഹാത്മാഗാന്ധിയുടെ മയ്യഴി സന്ദർശനം ഒരു വഴിത്തിരിവായി. ഹരിജനോദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ആ സന്ദർശനം, യൂത്ത് ലീഗിന്റെ രൂപീകരണത്തിന് പ്രചോദനമായി. മാധവൻ യൂത്ത് ലീഗിൽ സജീവമായി. മയ്യഴിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പോണ്ടിച്ചേരിയിൽ ബിരുദത്തിന് ചേർന്നപ്പോൾ, ഗാന്ധിജി സ്ഥാപിച്ച ഹരിജൻ സേവക് സംഘത്തിലും അദ്ദേഹം പ്രവർത്തിച്ചു. ഇത് കേവലം രാഷ്ട്രീയ പ്രവർത്തനം എന്നതിലുപരി, സാമൂഹിക നീതിയിലുള്ള മാധവന്റെ വിശ്വാസത്തിന്റെ തെളിവായിരുന്നു.

പോണ്ടിച്ചേരിയിലെ ജീവിതം മാധവന്റെ രാഷ്ട്രീയ ബോധത്തെ കൂടുതൽ മൂർച്ചകൂട്ടി. അവിടെ വെച്ചാണ് അദ്ദേഹം ഫ്രഞ്ച് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനും തൊഴിലാളി നേതാവുമായ വി. സുബ്ബയ്യയുമായി കണ്ടുമുട്ടുന്നത്. 1933-ൽ സുബ്ബയ്യ പോണ്ടിച്ചേരിയിൽ സ്ഥാപിച്ച ഹരിജൻ സേവക് സംഘത്തിന്റെ ശാഖയിൽ മാധവൻ സജീവ പ്രവർത്തകനായിരുന്നു. പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിച്ച സായാഹ്ന സ്കൂളുകളിൽ ഇരുവരും ഒരുമിച്ച് അധ്യാപകരായി സേവനമനുഷ്ഠിച്ചു. സുബ്ബയ്യ തന്റെ ആത്മകഥയായ “സാഗ ഓഫ് ഫ്രീഡം ഓഫ് ഫ്രഞ്ച് ഇന്ത്യ” എന്ന പുസ്തകത്തിൽ, 1934-ൽ ഹരിജൻ സേവക് സംഘത്തിൽ മാധവൻ തന്റെ സഹപ്രവർത്തകനായിരുന്നു എന്ന് സ്ഥിരീകരിക്കുന്നുണ്ട്. ഈ രാഷ്ട്രീയക്കളരിയിൽ നിന്ന് ലഭിച്ച പാഠങ്ങളാണ് പാരീസിലെത്തിയപ്പോൾ ഫാസിസത്തിനെതിരെ നിലകൊള്ളാൻ മാധവന് കരുത്ത് പകർന്നത്.

അന്നത്തെ ഫ്രഞ്ച് കോളനികളിലെ രീതി അനുസരിച്ച്, മിടുക്കരായ വിദ്യാർത്ഥികൾക്ക് പാരീസിലെ വിഖ്യാതമായ സോർബോൺ സർവ്വകലാശാലയിൽ ഉപരിപഠനത്തിന് അവസരം ലഭിച്ചിരുന്നു. അങ്ങനെയാണ് 1937-ൽ മാധവൻ ഗണിതശാസ്ത്രം പഠിക്കാനായി പാരീസിലേക്ക് കപ്പൽ കയറുന്നത്. എന്നാൽ ചരിത്രം അദ്ദേഹത്തിനുവേണ്ടി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. കൊളോണിയൽ വ്യവസ്ഥിതി നൽകിയ അവസരം ഉപയോഗിച്ച് അദ്ദേഹം എത്തിയത്, അതേ വ്യവസ്ഥിതിയുടെ തന്നെ ഏറ്റവും ക്രൂരമായ യൂറോപ്യൻ പതിപ്പിനെ മുഖാമുഖം കാണാനായിരുന്നു.

1937-ൽ, ഫ്രഞ്ച് ഇന്ത്യയിലെ തൊഴിലാളികളുടെ അവകാശങ്ങൾക്കായി ഫ്രഞ്ച് സർക്കാരുമായി ചർച്ച നടത്താൻ വി. സുബ്ബയ്യയും പാരീസിലെത്തി. പോണ്ടിച്ചേരിയിൽ വെച്ച് തുടങ്ങിയ സൗഹൃദം ഇരുവരും പാരീസിൽ വെച്ച് പുതുക്കി. സുബ്ബയ്യയുടെ ആത്മകഥയനുസരിച്ച്, മിക്കവാറും എല്ലാ വൈകുന്നേരങ്ങളിലും അവർ ഒരുമിച്ച് നടക്കാൻ പോകുമായിരുന്നു. ഈ കാലഘട്ടത്തിൽ തന്നെ മാധവൻ ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ (PCF) അംഗമായിരുന്നു എന്നും സുബ്ബയ്യ പറയുന്നുണ്ട്. ഈ പോരാട്ടത്തിൽ മാധവൻ തനിച്ചായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രതിശ്രുതവധുവായ ഗിസെല്‍ മെല്ലോ(Gisèle Mollet) ആ ജീവിതത്തിലെ നിർണ്ണായകവും ദുരന്തപൂർണ്ണവുമായ സാന്നിധ്യമായിരുന്നു. 1920 ജനുവരി 5-ന് വടക്കൻ ഫ്രാൻസിലെ കംബ്രായിൽ ജനിച്ച ഗിസെൽ, ഒരു സാധാരണ തൊഴിലാളി കുടുംബത്തിലെ ഏഴ് മക്കളിൽ ഇളയവളായിരുന്നു. പാരീസിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന അവർ, മാധവന്റെ രാഷ്ട്രീയ ആദർശങ്ങളിൽ പങ്കുചേർന്നു.  

1940-ൽ നാസി ജർമ്മനിക്ക് മുന്നിൽ ഫ്രാൻസ് അടിയറവ് പറഞ്ഞതോടെ, പാരീസ് ഒരു അധിനിവിഷ്ട നഗരമായി മാറി. മാധവൻ താമസിച്ചിരുന്ന സിറ്റേ യൂണിവേഴ്സിറ്റേർ എന്ന വിദ്യാർത്ഥി ഹോസ്റ്റൽ പോലും ജർമ്മൻ പട്ടാളക്കാർ ഒരു ബാരക്കായി മാറ്റി. ഒരു വിദേശ വിദ്യാർത്ഥി എന്ന നിലയിൽ നിഷ്പക്ഷത പാലിച്ച് സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിന് പകരം മാധവൻ പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുത്തു. അധിനിവേശത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്ന ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ (PCF) അദ്ദേഹം സജീവമായി. 1941 ജൂണിൽ ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ ഫ്രഞ്ച് കമ്മ്യൂണിസ്റ്റുകൾ പൂർണ്ണമായി പ്രതിരോധ പ്രസ്ഥാനത്തിലേക്ക് ഇറങ്ങി. നാസി പോലീസ് റിപ്പോർട്ടുകൾ പ്രകാരം, സോർബോണിലെ ഒരു കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി ഗ്രൂപ്പിന്റെ നേതാവായിരുന്ന മാധവൻ, ലൈസി ബഫോൺ (ബഫോൺ ഹൈസ്കൂൾ) എന്ന സ്ഥാപനത്തിൽ ഒരു പ്രതിരോധ ഗ്രൂപ്പ് രൂപീകരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

1942-ന്റെ തുടക്കത്തിൽ, ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിരോധ ശൃംഖലയെ തകർക്കാൻ ലക്ഷ്യമിട്ട് നാസി അനുകൂല ഫ്രഞ്ച് പോലീസ് “പിക്കൻ-കാദ്രാസ്-പോളിറ്റ്സർ” (Pican-Cadras-Politzer) എന്ന പേരിൽ ഒരു വലിയ ഓപ്പറേഷൻ ആരംഭിച്ചു. പ്രമുഖ ബുദ്ധിജീവികളായ ജോർജ്ജ് പോളിറ്റ്സർ, ഡാനിയേൽ കാസനോവ തുടങ്ങിയവരടക്കം നൂറിൽ അധികം  പ്രതിരോധ പ്രവർത്തകർ ഈ നടപടിയുടെ ഭാഗമായി അറസ്റ്റിലായി. ഈ ശൃംഖലയുടെ ഭാഗമായിരുന്ന ജോർജ്ജ് ഡുഡാച്ചിനെ (ഷാർലറ്റ് ഡെൽബോയുടെ ഭർത്താവ്) അറസ്റ്റ് ചെയ്തപ്പോൾ, അദ്ദേഹത്തിൽ നിന്ന് “മിച്ചിലോട്ട്” എന്ന് ഒപ്പിട്ട ഒരു രേഖ പോലീസ് കണ്ടെടുത്തു. ഈ രേഖയിൽ മാധവന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ചും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു നേതാവുമായി ബന്ധപ്പെടാനുള്ള അഭ്യർത്ഥനയും ഉണ്ടായിരുന്നു. 

മിച്ചിലോട്ട് മാധവന്റെ വിധി നിർണ്ണയിച്ച ആ സംഭവത്തിൽ , ചരിത്രം എടുത്തുപറയുന്ന രണ്ടു പേരുകളുണ്ട്: ജോർജ്ജ് ഡുഡാച്ചും അദ്ദേഹത്തിന്റെ ഭാര്യ ഷാർലറ്റ് ഡെൽബോയും. നാസി ഭീകരതയ്ക്കെതിരെ പ്രണയവും പ്രത്യയശാസ്ത്രവും ആയുധമാക്കിയ ഒരു തലമുറയുടെ പ്രതീകമായിരുന്നു ഈ ദമ്പതികൾ . ജോർജ്ജ് ഡുഡാച്ച്, ഫ്രാൻസിലെ യുവത്വവും ബുദ്ധിയും സമന്വയിച്ച കമ്മ്യൂണിസ്റ്റ് പ്രതിരോധത്തിന്റെ മുഖമായിരുന്നു. ജോർജ്ജ് പോളിറ്റ്സറെപ്പോലുള്ള പ്രമുഖ ചിന്തകർക്കൊപ്പം, നാസി ആശയങ്ങളുടെ വിഷലിപ്തമായ പ്രചാരണത്തെ ചെറുക്കാൻ അദ്ദേഹം തന്റെ തൂലികയും പ്രസരിപ്പും ഉപയോഗിച്ചു. രഹസ്യമായി അച്ചടിച്ച ലഘുലേഖകളിലൂടെയും ചെറുയോഗങ്ങളിലൂടെയും അവർ സ്വാതന്ത്ര്യത്തിന്റെ അഗ്നി കെടാതെ സൂക്ഷിച്ചു. എന്നാൽ 1942 മാർച്ചിൽ, പ്രതിരോധ പ്രസ്ഥാനത്തെ വേട്ടയാടാനിറങ്ങിയ ഗസ്റ്റപ്പോയുടെ വലയിൽ ഡുഡാച്ച് കുടുങ്ങി. അദ്ദേഹത്തിന്റെ അറസ്റ്റ് ആ ശൃംഖലയുടെ ഹൃദയത്തിനേറ്റ അടിയായിരുന്നു. ആ വീഴ്ചയിലാണ്, അദ്ദേഹത്തിൽ നിന്ന് പിടിച്ചെടുത്ത ഒരു രേഖയിൽ “മിച്ചിലോട്ട്” എന്ന പേര് അവർക്ക്  വെളിപ്പെട്ടത്. അധികം വൈകാതെ, 1942 മെയ് 23-ന്, മോണ്ട് വലേരിയനിലെ തണുത്ത പ്രഭാതത്തിൽ ആ പോരാട്ടങ്ങൾക്ക് നാസികൾ വിരാമമിട്ടു. ഡുഡാച്ചിനെ അവർ വെടിവെച്ചുകൊന്നു.

ഡുഡാച്ചിന്റെ നിഴലും കരുത്തുമായിരുന്ന ഷാർലറ്റ് ഡെൽബോ, ഭർത്താവിനോടൊപ്പം അതേ ദിവസം തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു പ്രമുഖ നാടക സംവിധായകന്റെ സഹായിയായിരുന്ന, സാഹിത്യവും തത്വചിന്തയും ജീവശ്വാസമായിരുന്ന ആ സ്ത്രീ, പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായത് തന്റെ പ്രിയതമനോടുള്ള സ്നേഹം കൊണ്ടുമാത്രമായിരുന്നില്ല, അതൊരു രാഷ്ട്രീയ ബോധ്യം കൂടിയായിരുന്നു. ഡുഡാച്ചിന്റെ വധശിക്ഷയ്ക്ക് ശേഷം, ഡെൽബോയുടെ ദുരിതപൂർണ്ണമായ യാത്ര ആരംഭിക്കുകയായിരുന്നു. 1943 ജനുവരി 24-ന്, 230 വനിതാ രാഷ്ട്രീയ തടവുകാരെ കുത്തിനിറച്ച, ചരിത്രത്തിൽ “കോൺവോയ് ഡെ 31000” എന്നറിയപ്പെട്ട മരണവണ്ടിയിൽ അവരെയും ഓഷ്വിറ്റ്സിലേക്ക് നാടുകടത്തി. ആ നരകത്തിൽ നിന്ന് 49 പേർ മാത്രമാണ് ജീവനോടെ തിരിച്ചെത്തിയത്. അവരിൽ ഒരാളായിരുന്നു ഷാർലറ്റ് ഡെൽബോ. അവർ മാത്രം ആ അഗ്നിയിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്നു, ഓർമ്മകളുടെയും വേദനയുടെയും ഭാരവുമായി.

യുദ്ധത്തിനുശേഷം, ഡെൽബോ തന്റെ ശേഷിച്ച ജീവിതം എഴുത്തിനായി ഉഴിഞ്ഞുവെച്ചു. അവരുടെ വിഖ്യാതമായ “ഓഷ്വിറ്റ്സും ശേഷവും” (Auschwitz and After) എന്ന പുസ്തകത്രയം, കേവലം ഒരു അതിജീവനത്തിന്റെ കഥയല്ല. അത് ഭാഷയ്ക്ക് വിവരിക്കാനാവാത്ത ഭീകരതയെ വാക്കുകളിലേക്ക് ആവാഹിക്കാനുള്ള ഒരു ശ്രമമാണ്. ഓർമ്മയുടെ അടരുകളെക്കുറിച്ചും, ശരീരമേറ്റ മുറിവുകളേക്കാൾ ആത്മാവേറ്റ മുറിവുകളെക്കുറിച്ചും അവർ ലോകത്തോട് പറഞ്ഞു.

ജോർജ്ജ് ഡുഡാച്ചിന്റെ കയ്യിൽ നിന്ന് വീണുപോയ ഒരു തുണ്ട് കടലാസാണ് മിച്ചിലോട്ട് മാധവന്റെ മരണത്തിലേക്ക് നയിച്ചതെങ്കിൽ, ആ ഇരുണ്ട കാലഘട്ടത്തെ അതിജീവിച്ച ഡെൽബോയുടെ ഓർമ്മകളാണ് മാധവനെപ്പോലുള്ള അനേകം വിസ്മരിക്കപ്പെട്ട പോരാളികളുടെ കഥയ്ക്ക് ഇന്ന് വെളിച്ചം നൽകുന്നത്. ഒരാളുടെ ദുരന്തം മറ്റൊരാളുടെ വിധി നിർണ്ണയിച്ചപ്പോൾ, മറ്റൊരാളുടെ അതിജീവനം ആ വിസ്മരിക്കപ്പെട്ട വിധികളെ ചരിത്രത്തിൽ അനശ്വരമാക്കി.

1942 മാർച്ച് 9-ന് നാസി വിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്തെന്ന കുറ്റത്തിനാണ് മാധവന്റെയും ഗിസെലിന്റെയും ജീവിതത്തിലെ നിർണ്ണായകമായ ആ അറസ്റ്റ് നടന്നത്. നാസി അനുകൂലികളായ ഫ്രഞ്ചുകാർ തന്നെയടങ്ങുന്ന ‘ബ്രിഗേഡ് സ്പെഷ്യൽ’ എന്ന പ്രത്യേക പോലീസ് വിഭാഗമായിരുന്നു അറസ്റ്റ് നടത്തിയത്. അറസ്റ്റിനുശേഷം ഗസ്റ്റപ്പോയ്ക്ക് കൈമാറപ്പെട്ട മാധവനെ “ജൂത-മാർക്സിസ്റ്റ് ഭീകരവാദി” എന്ന് മുദ്രകുത്തി. ആദ്യം പാരീസിലെ ഡിപ്പോ ജയിലിലും, ഏപ്രിൽ 13-ന് ഷേർഷെ-മിഡി എന്ന ജർമ്മൻ ജയിലിലും, ഒടുവിൽ ഓഗസ്റ്റ് 24-ന് ഫോർട്ട് ഡി റൊമെയ്ൻവില്ലെ എന്ന കോട്ടയിലെ തടങ്കൽപ്പാളയത്തിലേക്കും മാറ്റി. പ്രതിരോധ സേനയുടെ ആക്രമണങ്ങൾക്ക് പ്രതികാരമായി വധിക്കാനുള്ള ബന്ദികളെ സൂക്ഷിച്ചിരുന്ന ഈ കോട്ടയെ, നാസികൾ വിശേഷിപ്പിച്ചത് “ബന്ദികളുടെ കരുതൽ ശേഖരം” (Geisel-Reservoir) എന്നായിരുന്നു. അവിടെ ആ മനുഷ്യത്വരഹിതമായ വ്യവസ്ഥിതിയുടെ ഇരയായി മാധവനും മാറി.

മാധവൻ അറസ്റ്റിലായെന്നറിഞ്ഞയുടൻ, അദ്ദേഹത്തിന്റെ മുറിയിലെ നാസി വിരുദ്ധ ലഘുലേഖകൾ നശിപ്പിച്ച് അദ്ദേഹത്തെ രക്ഷിക്കാൻ ഗിസെല്‍ മെല്ലോ ധൈര്യം കാട്ടിയിരുന്നു . എന്നാൽ ആ ശ്രമം വിഫലമാവുകയും, മാധവന്റെ കൂട്ടാളി എന്ന കുറ്റം ചുമത്തി ഫ്രഞ്ച് പോലീസ് ഗിസെലിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പാരീസിലെ പ്രിസൺ ഡി ലാ സാന്റെ ജയിലിലടയ്ക്കപ്പെട്ട അവരെ  പിന്നീട് 1942 ഓഗസ്റ്റ് 24-ന് ഫോർട്ട് ഡി റൊമെയ്ൻവില്ലെ കോട്ടയിലേക്ക് മാറ്റി. വിധിയുടെ ക്രൂരതയെന്നോണം, മാധവനെയും അന്നുതന്നെയാണ് അവിടേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ വധശിക്ഷയ്ക്ക് തൊട്ടുമുൻപുള്ള ദിനങ്ങളിൽ, അവർ ഒരേ തടവറയുടെ മതിലുകൾക്കുള്ളിലുണ്ടായിരുന്നു. 

മാധവന്റെ പ്രതിബദ്ധതയുടെ ആഴം വെളിവാക്കുന്ന ഒരു സംഭവം, അദ്ദേഹത്തിന്റെ സഹതടവുകാരനായിരുന്ന പിയേർ സെർജ് ഷൊമോഫ് രേഖപ്പെടുത്തിയിട്ടുണ്ട്. നാസി തടവറയിലെ ക്രൂരമായ പീഡനങ്ങൾക്കിടയിൽ, താനൊരു ഇന്ത്യൻ പൗരനാണെന്ന് വെളിപ്പെടുത്തിയിരുന്നെങ്കിൽ ഒരുപക്ഷേ മാധവന് രക്ഷപ്പെടാമായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ, “എപ്പോഴാണ് താങ്കൾ ഫ്രഞ്ചുകാരനായത്?” എന്ന് കമ്മീഷണർ ഡേവിഡ് ചോദിച്ചപ്പോൾ, “1768-ൽ ലൂയി പതിനഞ്ചാമൻ രാജാവ് കോർസിക്ക വാങ്ങുന്നതിനും മുൻപേ ഞാൻ ഫ്രഞ്ചുകാരനാണ്, കാരണം മയ്യഴി 1721-ൽ തന്നെ ഫ്രഞ്ച് ഭരണത്തിൻ കീഴിലായി” എന്നായിരുന്നു ചരിത്രബോധത്തിൽ നിന്നുയിർത്ത ആ ധീരമായ മറുപടി. അത് ഫാസിസത്തിനെതിരായ പോരാട്ടത്തിൽ, ഫ്രഞ്ച് ജനതയോടുള്ള അദ്ദേഹത്തിന്റെ സമ്പൂർണ്ണ ഐക്യദാർഢ്യത്തിന്റെ പ്രഖ്യാപനമായിരുന്നു. ആ തിരഞ്ഞെടുപ്പിലൂടെ, അദ്ദേഹം തന്റെ വിധി സ്വയം മുദ്രവെച്ചു കഴിഞ്ഞിരുന്നു എന്നതാണ് സത്യം. 

മിച്ചിലോട്ട് മാധവൻ ഫോർട്ട് ഡി റൊമെയ്ൻവില്ലെയിലെ ഇരുട്ടറയിൽ തന്റെ വിധിയും കാത്ത് കഴിയുമ്പോൾ, പുറത്ത് പാരീസിന്റെ തെരുവുകളിൽ പ്രതിരോധത്തിന്റെ തീപ്പൊരികൾ പാറുന്നുണ്ടായിരുന്നു. 1942-ലെ വേനൽക്കാലത്തും ശരത്കാലത്തും, യുവ കമ്മ്യൂണിസ്റ്റ് പോരാളികൾ നാസി അധിനിവേശത്തിനെതിരെ ധീരമായ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു സെപ്റ്റംബർ 17-ന്, പാരീസിലെ പ്രശസ്തമായ ‘ലെ ഗ്രാൻഡ് റെക്സ്’ സിനിമാ ശാലയ്ക്ക് നേരെയുണ്ടായ ബോംബാക്രമണം. ജർമ്മൻ സൈനികർ സ്ഥിരമായി ഒത്തുകൂടിയിരുന്ന ആ ജനപ്രിയ കേന്ദ്രത്തിലെ ആക്രമണം, നാസി ഭരണകൂടത്തിന്റെ അധികാരത്തിനുനേരെയുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു.

ഈ തുടർച്ചയായ ആക്രമണങ്ങൾ, 1942 മെയ് മാസത്തിൽ പാരീസിലെ എസ്.എസ്, പോലീസ് സേനകളുടെ തലവനായി എത്തിയ കാൾ ഓബർഗിനെയാണ് ഏറ്റവും കൂടുതൽ പ്രകോപിപ്പിച്ചത്. പ്രതിരോധത്തെ എന്തു വിലകൊടുത്തും അടിച്ചമർത്താൻ ഹിറ്റ്ലറിൽ നിന്ന് നേരിട്ട് നിർദ്ദേശം ലഭിച്ചെത്തിയ ഓബർഗ്, തന്റെ ക്രൂരമായ നടപടികളിലൂടെ ഇതിനോടകം “പാരീസിന്റെ കശാപ്പുകാരൻ” എന്ന കുപ്രസിദ്ധി നേടിക്കഴിഞ്ഞിരുന്നു. റെക്സ് സിനിമാ ആക്രമണം അദ്ദേഹത്തിന് അവസാനത്തെ താക്കീതായിരുന്നു. ഫ്രഞ്ച് ജനതയുടെ മനസ്സിൽ ഭയം വിതച്ച്, പ്രതിരോധ പ്രസ്ഥാനത്തെ ഒറ്റപ്പെടുത്താൻ അയാൾ തീരുമാനിച്ചു. അതിനായി, നാസി ഭരണകൂടത്തിന്റെ ഏറ്റവും പൈശാചികമായ നയങ്ങളിലൊന്ന് അയാൾ പൊടിതട്ടിയെടുത്തു: ബന്ദി നയം (Geiselpolitik).

ഈ നയത്തിന്റെ യുക്തി ലളിതവും എന്നാൽ ക്രൂരവുമായിരുന്നു: പ്രതിരോധ സേനയുടെ ഓരോ ആക്രമണത്തിനും, നിരപരാധികളായ ഫ്രഞ്ച് തടവുകാരെ കൂട്ടത്തോടെ വധിക്കുക. ഒരു ജർമ്മൻ സൈനികൻ കൊല്ലപ്പെട്ടാൽ, നൂറ് ഫ്രഞ്ചുകാർ വരെ വധിക്കപ്പെടാം. ഈ ബന്ദികൾ, ആക്രമണങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത, നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് ജയിലുകളിൽ പാർപ്പിച്ചിരുന്ന കമ്മ്യൂണിസ്റ്റുകളും ജൂതന്മാരും ബുദ്ധിജീവികളുമായിരുന്നു. ഫോർട്ട് ഡി റൊമെയ്ൻവില്ലെ പോലുള്ള തടവറകൾ, അങ്ങനെ പ്രതികാരത്തിനായി ഏതുനിമിഷവും ഉപയോഗിക്കാവുന്ന “ബന്ദികളുടെ കരുതൽ ശേഖരങ്ങളായി” മാറിയത് അങ്ങനെയാണ് .

റെക്സ് സിനിമാ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പ്രതികാര നടപടികൾക്കായി  ഓബർഗ് ഉത്തരവിട്ടു. 116 ബന്ദികളെ വധിക്കാനായിരുന്നു തീരുമാനം. അതിന്റെ ഭാഗമായി, പാരീസിൽ വധിക്കേണ്ട 46 പേരുടെ ഒരു പട്ടിക തയ്യാറാക്കപ്പെട്ടു. ആ പട്ടികയിലെ പേരുകൾ തിരഞ്ഞെടുത്തത് അവരുടെ കുറ്റങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് നാസി ഭരണകൂടം ശത്രുക്കളായി കണ്ടിരുന്ന വിഭാഗങ്ങളിൽ നിന്നുള്ളവരായതുകൊണ്ട് മാത്രമായിരുന്നു. ആ പട്ടികയിലാണ്, “ജൂത-മാർക്സിസ്റ്റ് ഭീകരവാദി” എന്ന് മുദ്രകുത്തപ്പെട്ട, സോർബോണിലെ ഗണിതശാസ്ത്ര വിദ്യാർത്ഥിയായ, മയ്യഴിക്കാരൻ മിച്ചിലോട്ട് മാധവന്റെ പേരും നാൽപ്പതാമനായി ഇടംപിടിച്ചത്.

അങ്ങനെ, റെക്സ് സിനിമയുടെ തിളങ്ങുന്ന വെളിച്ചത്തിനുനേരെ ഒരു പോരാളി എറിഞ്ഞ ബോംബിന്റെ പ്രതിഫലനം, ഒരുപക്ഷേ ആ വാർത്തപോലും അറിയാതിരുന്ന മാധവന്റെ ഇരുട്ടുമുറിയുടെ വാതിൽ തുറന്നു. അയാളുടെ വിധി നിർണ്ണയിക്കപ്പെട്ടത് ഒരു കോടതിമുറിയിലായിരുന്നില്ല, മറിച്ച് പ്രതികാരദാഹിയായ ഒരു നാസി ജനറലിന്റെ കൽപനയിലായിരുന്നു.സഹതടവുകാരനായിരുന്ന ഷൊമോഫിന്റെ ഡയറിക്കുറിപ്പുകൾ ആ ദിവസത്തെ ക്രൂരമായ വഞ്ചനയുടെ ചിത്രം വരച്ചിടുന്നുണ്ട് . തങ്ങളെ മറ്റൊരു ക്യാമ്പിലേക്ക് നാടുകടത്തുകയാണെന്ന നാസികളുടെ പൈശാചികമായ നുണ കേട്ട്, തടവുകാർ പരസ്പരം “ശുഭയാത്ര” നേർന്നു. കൈകളിൽ വിലങ്ങണിഞ്ഞ് ട്രക്കുകളിലേക്ക് കയറുമ്പോൾ, തകരാത്ത ആത്മവീര്യത്തിന്റെ അവസാനത്തെ പ്രകടനമെന്നോണം അവർ ഫ്രഞ്ച് ദേശീയഗാനമായ “ലാ മാർസെയിലൈസ്” ഉറക്കെപ്പാടി.

പാരീസിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മോണ്ട് വലേരിയൻ എന്ന കുന്നിന്മുകളിലെ കോട്ടയെ നാസികൾ തങ്ങളുടെ ഏറ്റവും വലിയ കൊലക്കളങ്ങളിലൊന്നാക്കി മാറ്റിയിരുന്നു. അവിടെയെത്തിയ ബന്ദികൾക്ക് അവസാനമായി ഒരു കത്തെഴുതാൻ പോലും അവസരം നൽകിയില്ല. അഞ്ചോ ആറോ പേരുള്ള സംഘങ്ങളായി, കണ്ണുകൾ മൂടാതെ അവരെ തൂണുകളിൽ ബന്ധിച്ചു. രാവിലെ 9:20-നും 10:47-നും ഇടയിൽ ലെഫ്റ്റനന്റ് കാസലിന്റെ നേതൃത്വത്തിലുള്ള ഡെത്ത് സ്ക്വാഡ് ആ 46 ജീവനുകളും കവർന്നു. ഔദ്യോഗിക നാസി രേഖകൾ പ്രകാരം, തയ്യാറാക്കിയ ലിസ്റ്റിലെ നാൽപ്പതാമത്തെ ബന്ദിയായാണ് മിച്ചിലോട്ട് മാധവൻ വെടിയേറ്റുവീണത്. വധശിക്ഷയ്ക്ക് ശേഷം നാസികൾ ആ മൃതദേഹങ്ങളെല്ലാം പെരെ ലഷൈസ് സെമിത്തേരിയിൽ കൊണ്ടുവന്നു കത്തിച്ചുകളഞ്ഞു.

മാധവന്റെ വധശിക്ഷയ്ക്ക് ശേഷം ഗിസെലിന്റെ ദുരിതങ്ങൾ തുടർന്നു. 1943 ജനുവരി 24-ന്, 230 വനിതാ പ്രതിരോധ പ്രവർത്തകരെ കുത്തിനിറച്ച ഒരു ചരക്ക് തീവണ്ടി പോളണ്ടിലെ ഓഷ്വിറ്റ്സ്-ബിർകെനൗ എന്ന നാസി ഉന്മൂലന ക്യാമ്പിലേക്ക് യാത്രയായി. “കോൺവോയ് ഡെ 31000” (Convoi des 31000) എന്നറിയപ്പെട്ട ഈ സംഘത്തിലെ അംഗമെന്ന നിലയിൽ ഗിസെല്‍ മെല്ലോയ്ക്ക്  31677 എന്ന തടവുപുള്ളി നമ്പർ ലഭിച്ചു. ഓഷ്വിറ്റ്സിലെ നരകയാതനകൾക്കൊടുവിൽ, 1943 ഓഗസ്റ്റിൽ ടൈഫസ് രോഗം ബാധിച്ച് ഗിസെൽ മരണത്തിന് കീഴടങ്ങി.

മിച്ചിലോട്ട് മാധവന്റെ വീരഗാഥ വിസ്മൃതിയിൽ നിന്ന് വീണ്ടെടുക്കപ്പെട്ടത് ചിതറിക്കിടന്ന ഓർമ്മകളും, പൊടിപിടിച്ച ആർക്കൈവ് രേഖകളും, ചില വ്യക്തികളുടെ ദൃഢനിശ്ചയവും ഒന്നിച്ചുചേർന്നപ്പോഴാണ്. വ്യക്തിപരമായ ഓർമ്മകളെ ചരിത്രവസ്തുതകളായി ഉറപ്പിച്ചത് ഔദ്യോഗിക രേഖകളാണ്. നാസി പോലീസ് റിപ്പോർട്ടുകളിൽ നിന്നാണ് മാധവന്റെ അറസ്റ്റിനെക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നത്. നാസി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന ചരിത്രകാരനായ സെർജ് ക്ലാർസ്ഫെൽഡിന്റെ (Serge Klarsfeld) ഗവേഷണങ്ങളാണ് മാധവന്റെ രക്തസാക്ഷിത്വം സംശയലേശമന്യേ തെളിയിച്ചത്. ഇന്ന് മോണ്ട് വലേരിയനിലെ സ്മാരകത്തിൽ, ഫ്രാൻസിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ആയിരത്തിലധികം ധീരരുടെ പേരുകൾക്കൊപ്പം മിച്ചിലോട്ട് മാധവന്റെ പേരും കൊത്തിവെച്ചിട്ടുണ്ട്. മാധവന്റെ കഥയ്ക്ക് ജീവൻ നൽകിയത് ചിതറിക്കിടന്ന ചില ഓർമ്മത്തുണ്ടുകളാണ്. അതിൽ ഏറ്റവും നിർണ്ണായകമായ സാക്ഷ്യം, അദ്ദേഹത്തിന്റെ സഹതടവുകാരനായിരുന്ന പിയേർ സെർജ് ഷൊമോഫിന്റേത് തന്നെയായിരുന്നു . നാസി ജയിലുകളിലെ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ, ഒരുമിച്ച് കഴിഞ്ഞ നാളുകളിലെ അനുഭവങ്ങൾ ഷൊമോഫ് തന്റെ ഓർമ്മക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിരുന്നു. മാധവന്റെ അവസാന നാളുകളിലെ ധീരമായ നിലപാടുകൾ, ചോദ്യം ചെയ്യലിലെ അദ്ദേഹത്തിന്റെ ചരിത്രപരമായ മറുപടി, കൊലക്കളത്തിലേക്ക് നടന്നുപോകുമ്പോഴും തകരാതിരുന്ന ആത്മവീര്യം എന്നിവയെല്ലാം ലോകമറിഞ്ഞത് ഷൊമോഫിന്റെ ആധികാരികമായ വാക്കുകളിലൂടെയാണ്. ഓഷ്വിറ്റ്സിലെ തടങ്കൽപ്പാളയത്തെ അതിജീവിച്ച എഴുത്തുകാരിയായിരുന്ന ഷാർലറ്റ് ഡെൽബോ (Charlotte Delbo), അവരുടെ വിഖ്യാതമായ “ലെ കോൺവോയ് ഡു 24 ജാൻവിയർ” (Le Convoi du 24 janvier) എന്ന പുസ്തകത്തിലാണ് ഗിസെല്‍ മെല്ലോയുടെ  ദുരന്തകഥ ആദ്യമായി രേഖപ്പെടുത്തുന്നത്.

 മാധവന്റെ ബന്ധുവായ  സുചേത രാമകൃഷ്ണനെപ്പോലുള്ളവരുടെ ഓർമ്മകൾ, 1944-ൽ ഒരു ഫോട്ടോയിലൂടെയാണ് കുടുംബം മരണം സ്ഥിരീകരിച്ചതെന്നും, ജന്മനാട്ടിൽ അദ്ദേഹത്തിന് അർഹമായ സ്മാരകങ്ങൾ ഉണ്ടായില്ലെന്നുമുള്ള വേദന നിറഞ്ഞ ഓർമ്മകൾ പങ്കുവെക്കുന്നുണ്ട്..

ഈ വ്യക്തിഗത ഓർമ്മകളെയും ഔദ്യോഗിക രേഖകളെയും കോർത്തിണക്കി മാധവന്റെ കഥ ലോകത്തിന് മുന്നിലെത്തിച്ചത് ചില ചരിത്രകാരന്മാരും എഴുത്തുകാരുമാണ്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചരിത്രകാരനായ ജെ.ബി.പി. മോർ (J.B.P. More) ആണ് മാധവന്റെ ജീവിതത്തെക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തിയ പ്രധാന വ്യക്തി. എം. മുകുന്ദന്റെ “പ്രവാസം” എന്ന നോവലിലും  മാധവനെ കുറിച്ചുള്ള  പരാമർശമുണ്ട്. .  

മിച്ചിലോട്ട് മാധവന്റെ കഥ അവസാനിക്കുന്നത് അദ്ദേഹത്തിന്റെ മരണത്തോടെയല്ല. ഫ്രാൻസിൽ, അദ്ദേഹം ഒരു വിസ്മരിക്കപ്പെട്ട വീരനല്ല. അദ്ദേഹത്തിന്റെ പേര്, മോണ്ട് വലേരിയനിലെ സ്മാരകത്തിൽ, കൂടെ മരിച്ചുവീണ നൂറുകണക്കിന് ധീരരുടെ പേരുകൾക്കൊപ്പം കൊത്തിവെച്ചിട്ടുണ്ട്. ഫ്രഞ്ച് സർക്കാർ അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി “മോർ പൂ ലാ ഫ്രാൻസ്” (Mort pour la France – ഫ്രാൻസിനുവേണ്ടി മരിച്ചവൻ) എന്ന പദവി നൽകി ആദരിച്ചിട്ടുണ്ട്. ഗിസെല്‍ മെല്ലോയ്ക്കും  “മോർട്ട് എൻ ഡിപോർട്ടേഷൻ” (Morte en déportation – നാടുകടത്തലിൽ മരിച്ചയാൾ) എന്ന പദവി ലഭിച്ചു.

എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, ജന്മനാടായ മയ്യഴിയിൽ മാധവൻ വിസ്മരിക്കപ്പെട്ട നിലയിലാണ്. അദ്ദേഹത്തിന്റെ തറവാട്ടു വീടിന് മുന്നിലുള്ള വഴിക്ക് ആ രക്തസാക്ഷിയുടെ പേര് നൽകുമെന്ന അധികാരികളുടെ വാഗ്ദാനം ഒരിക്കലും പാലിക്കപ്പെട്ടില്ലെന്ന് വാർത്തകൾ ഉണ്ടായിരുന്നു. മാധവൻ യൂറോപ്പിൽ ഫാസിസത്തിനെതിരെ പോരാടുമ്പോൾ, അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ വി. സുബ്ബയ്യ ഫ്രഞ്ച് ഇന്ത്യയിൽ കൊളോണിയലിസത്തിനെതിരെ ഒരു ജനകീയ മുന്നേറ്റം കെട്ടിപ്പടുക്കുകയായിരുന്നു. സുബ്ബയ്യയുടെ നേതൃത്വത്തിൽ നടന്ന തൊഴിലാളി സമരങ്ങൾ ഏഷ്യയിൽ ആദ്യമായി എട്ടുമണിക്കൂർ ജോലിസമയം പോലുള്ള വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ഫ്രഞ്ച് ഇന്ത്യയുടെ വിമോചന സമരം ശക്തിപ്പെട്ടു. സുബ്ബയ്യയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയും മറ്റ് ദേശീയവാദ ഗ്രൂപ്പുകളും ചേർന്ന ജനകീയ മുന്നേറ്റത്തിന്റെ സമ്മർദ്ദഫലമായി 1954 ഒക്ടോബർ 18-ന് കിഴൂരിൽ വെച്ച് ഒരു ജനഹിത പരിശോധന നടന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ ബഹുഭൂരിപക്ഷവും ലയനത്തിന് അനുകൂലമായി വോട്ട് ചെയ്തു. 1954 നവംബർ 1-ന് ഫ്രഞ്ച് ഇന്ത്യയുടെ ഭരണം ഇന്ത്യൻ യൂണിയന് കൈമാറി.

മിച്ചിലോട്ട് മാധവന്റെ ഓർമ്മ മയ്യഴിയുടെയോ ഫ്രാൻസിന്റെയോ മാത്രം സ്വകാര്യസ്വത്തല്ല; അത് ഏകാധിപത്യത്തിനെതിരെ ലോകത്തിന്റെ ഏതുകോണിലും ഉയർന്നുവരുന്ന മനുഷ്യന്റെ അടങ്ങാത്ത സ്വാതന്ത്ര്യവാഞ്ഛയുടെ പ്രതീകമായി തന്നെയാണ് കാണേണ്ടത്. അദ്ദേഹവും വി. സുബ്ബയ്യയെപ്പോലുള്ള നേതാക്കളും പ്രതിനിധാനം ചെയ്തത് ഒരേ സാമ്രാജ്യത്വ വിരുദ്ധ, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ രണ്ട് വ്യത്യസ്ത മുഖങ്ങളായിരുന്നു. ഒരാൾ യൂറോപ്പിലെ യുദ്ധമുഖത്ത് രക്തസാക്ഷിയായപ്പോൾ, മറ്റൊരാൾ തന്റെ നാട്ടിൽ ഒരു ജനകീയ വിമോചന സമരത്തിന് നേതൃത്വം നൽകി വിജയം കണ്ടു. അവരുടെ ജീവിതങ്ങൾ, ദേശീയതയുടെ അതിരുകൾക്കപ്പുറത്തുള്ള മാനുഷിക മൂല്യങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ മായാത്ത സാക്ഷ്യങ്ങളായി നിലകൊള്ളുന്നു.

References:

1.Saga of Freedom of French India by V. Subbiah

2. A Mahesian in the French Resistance Movement by J.B.P.More

Leave a comment