
ജയമോഹൻ എന്ന എഴുത്തുകാരനെക്കുറിച്ച് മലയാളികളുടെ ഇടയിൽ പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. എഴുത്തുകാരൻ എന്നതിനുമപ്പുറം ചില തുറന്നു പറച്ചിലുകളിലൂടെ , നിലപാടുകളിലൂടെ മലയാളികൾക്ക് ഏറെ പരിചിതനായ ഒരു മുഖമാണദ്ദേഹത്തിന്റേത്.മലയാളത്തിലെ പ്രമുഖസാഹിത്യ വാരികകൾക്ക് വേണ്ടി അരുൺ പി ഗോപി, ജയമോഹനുമായി നടത്തിയ അഭിമുഖങ്ങളും, സംഭാഷങ്ങളുമൊക്കെയാണ് ‘അവർക്ക് മഹാഭാരതം അറിയില്ല ,ചരിത്രവും’ എന്ന പുസ്തകത്തിലുള്ളത്.
ജയമോഹന്റെ കഥകളും,നോവലുകളും പോലെ തന്നെ അതീവ ഹൃദ്യമാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളും. ഈ എഴുത്തുകാർ എന്തൊക്കെയാകും വായിക്കുന്നത് എന്ന ചോദ്യമെറിയാൻ വായനക്കാർ താല്പര്യപ്പെടുന്നുണ്ട് എന്നറിഞ്ഞുകൊണ്ടു തന്നെയായിരിക്കണം അഭിമുഖം നടത്തുന്നവർ ഇത്തരത്തിലുള്ള ചോദ്യം അവരോടു ചോദിക്കുന്നത്. എം.ടിയുടെയോ, എൻ.പ്രഭാകരന്റെയോ ഒക്കെ അഭിമുഖങ്ങളിൽ, ലേഖനങ്ങളിൽ അവർ വായിച്ച അല്ലെങ്കിൽ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകവിശേഷങ്ങൾ സമൃദ്ധമായി കാണാം. എഴുത്തുകാർ തമ്മിലും ഇമ്മട്ടിലുള്ള ചോദ്യം ഉണ്ടാകാറുണ്ടെന്നു മാർക്കേസും എഴുതിയിട്ടുണ്ട് . എഴുത്തുകാർ പരസ്പരം വളരെ അപൂർവ്വമായി മാത്രമേ എന്താണ് ഇപ്പോൾ എഴുതുന്നത് എന്നു ചോദിക്കാറുള്ളൂവെത്രെ. തന്റെ തൊഴിൽ പരമായ കാരണങ്ങളാൽ ഒരു എഴുത്തുകാരൻ എന്തെങ്കിലും അഭിപ്രായപ്രകടനത്തിനർഹതയുള്ള ഒരു പുസ്തകം എപ്പോഴും വായിച്ചു കൊണ്ടിരിക്കണമെന്ന ഒരു ധാരണ ഉണ്ടെന്നാണ് മാർക്കേസ് പറയുന്നത് . പറഞ്ഞു വന്നത് ജയമോഹന്റെ അഭിമുഖങ്ങളിലും പ്രഭാഷണങ്ങളിലുമൊക്കെ വളരെ വ്യത്യസ്തമായ വിഷയങ്ങളെ തെല്ലും അനായാസമായി അദ്ദേഹം ഓർത്തെടുത്തു പ്രയോഗിക്കുന്നത് കാണാം. അത് പ്രാദേശിക ചരിത്രമായാലും, സാഹിത്യത്തെകുറിച്ചായാലും അങ്ങനെ തന്നെ. വളരെ പ്രാചീനമായതോ അല്ലെങ്കിൽ പ്രാദേശിക ചരിത്രത്തെ സംബന്ധിച്ചുള്ളതോ ആയ കൌതുകമുണർത്തുന്ന പുസ്തകങ്ങളെക്കുറിച്ചും മനുഷ്യരെക്കുറിച്ചുമൊക്കെയാണ് ഏറിയ പങ്കും ജയമോഹൻ പറഞ്ഞു കേട്ടിട്ടുള്ളത്.
അടിസ്ഥാനപരമായി എഴുത്തിന് നാലു ഘടകങ്ങളുണ്ടെന്നു അദ്ദേഹം പറയുന്നു.മനുഷ്യാവസ്ഥയുടെ നാലവസ്ഥകളായ കാമ,ക്രോധ,ലോഭ മോഹങ്ങളെകുറിച്ച് എഴുതുകയെന്നതാണ് ആദ്യത്തേത്.മിക്കവാറും എഴുത്തുകാർ അവിടെ തന്നെ നിൽക്കും .എഴുത്തിന്റെ രണ്ടാം ഘട്ടം നീതിബോധമാണ്. മൂന്നാമത്തെ തലമെന്നത് ചരിത്രം സൃഷ്ടിക്കലാണ്. സമാന്തര ചരിത്രമെന്നും പറയാം. പക്ഷെ അതുതന്നെയാണ് പ്രധാനചരിത്രമായി തീരുന്നതും.അതിനും അപ്പുറത്തേക്ക് പോകുന്നതാണ് ആത്മീയത. ഇതിനെ ദർശനം എന്ന് പറയാം .അതിനെ സമാന്തരമായ അധ്യാത്മികത എന്നോ,മതമോ ദൈവമോ ഇല്ലാത്ത അധ്യാത്മികത എന്നും പറയാം . മഹാന്മാരായ എഴുത്തുകാരല്ലാം ഈ അധ്യാത്മികത നിർമിച്ചവരായിരുന്നു എന്നദ്ദേഹം പറയുന്നു.ഉദാഹരണമായി ടോൾസ്റ്റോയ്,ദസതയെവ്സ്കി, ബഷീർ എന്നിവരെ ചൂണ്ടിക്കാണിക്കുന്നു.ഈ ഒരു നിരീക്ഷണത്തിന് മറുവാദങ്ങൾ ഉണ്ടാകാം. എന്നാൽ ജയമോഹൻ സൂചിപ്പിച്ച ഈ നാലു ഘടകങ്ങളെ മാറ്റി നിർത്തികൊണ്ടുള്ള വാദങ്ങൾക്ക് അത്രയും പ്രധാന്യമുണ്ടാകുമോ എന്നു സംശയമാണ്.
എഴുത്തിനായി യാത്രകൾ നടത്തുന്ന, നോവലുകളിലൂടെ സമാന്തര ചരിത്രത്തെ നിർമ്മിക്കാൻ ശ്രമിക്കുന്ന ഒരു എഴുത്തുകാരൻ കൂടിയാണ് ജയമോഹൻ.കേരളത്തിൽ പ്രചാരത്തിലുള്ള കള്ളിയങ്കാട്ടു നീലിയുടെ കഥയുടെ ഉത്ഭവം തമിഴിലെ അഞ്ചു ലഖുകാവ്യങ്ങളിലൊന്നായ നീലകേശിയിൽ നിന്നുള്ളതാണെന്നു ജയമോഹൻ പറയുന്നുണ്ട്.. ഒരു പക്ഷെ മലയാളികൾക്ക് പ്രത്യേകിച്ചും പുതുതലമുറയിലെ ഏറിയ പങ്കിനും ഈ വിവരം ഒരു പുതിയ അറിവായിരിക്കാനാണ് സാധ്യത .
തമിഴരെക്കാൾ മലയാളികൾക്കാണ് സ്വത്വപ്രതിസന്ധിയുള്ളതെന്ന് അഭിപ്രായമുള്ളവനാണ് ജയമോഹൻ.അങ്ങനെ കരുതാൻ തനിക്കുണ്ടായ ഒരു അനുഭവത്തെകുറിച്ചും അദ്ദേഹം പറയുന്നുണ്ട്. മലയാളകവിതയെക്കുറിച്ചു ചില അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ ഇവിടെയുള്ള തലമുതിർന്ന കവികളുൾപ്പെടെ അദ്ദേഹത്തെ പാണ്ടി എന്നു എഴുതി അധിക്ഷേപിക്കാൻ ശ്രമിച്ചതായിരുന്നു ആ സംഭവം .മാർക്സിസ്റ് ചരിത്രകാരന്മാരുടെ മഹാഭാരത വ്യാഖ്യാനം ഹൈന്ദവവത്കരണത്തിന് ഇടയാക്കുകയാണ് ചെയ്തത് എന്നാണ് ജയമോഹൻ ആരോപിക്കുന്നത്.മുൻവിധി നിറഞ്ഞ ചരിത്രരചനയെയും അത്തരം ഗവേഷണത്തിൽ സത്യത്തെക്കാൾ വലുത് സ്വന്തം രാഷ്ട്രീയമാണെന്നു കരുതുന്നവരുമാണ് ഇപ്പോഴുള്ളതെന്നു ജയമോഹൻ കൂട്ടിച്ചേർക്കുന്നു.
അസംഖ്യം കഥകളെ നെയ്തുണ്ടാക്കുന്ന ഘടനയാണ് മഹാഭാരത്തിനുള്ളത്. ഒരു കേന്ദ്രകഥാപത്രമില്ല എന്നുള്ളതാണ് മഹാഭാരതത്തിന്റെ ശക്തി.കേന്ദ്രകഥാപാത്രം ഉള്ളപ്പോൾ ആ കഥാപാത്രം പ്രതിനിധാനം ചെയ്യുന്ന ഭാവം,ആദർശം,ചിന്ത എന്നിവയ്ക്ക് പ്രഥമപരിഗണന നല്കിക്കൊണ്ടാകും കഥ വികസിക്കുക.. രണ്ടരപതിറ്റാണ്ടു നീണ്ട യാത്രകൾക്കും,ചിന്തകൾക്കുമൊടുവിൽ മഹാഭാരതത്തിന്റെ പുനരാഖ്യാനമായ വെണ്മുരശ് 2014 ജനുവരിയിലാണ് ജയമോഹൻ എഴുതാനാരംഭിച്ചത്.2020 ൽ അതു പൂർത്തിയായി.അതിന്റെ എഴുത്തു വിശേഷങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു അഭിമുഖ സംഭാഷണത്തിൽ അദ്ദേഹം പങ്കുവച്ചിരുന്നു.ഇരുപത്തിയേഴു പുസ്തകങ്ങളിലായി ഏകദേശം ഇരുപത്തിയാറായിരത്തോളം പേജുകൾ വരുന്ന ഈ പുനരാഖ്യാനം തമിഴിലെ മാത്രമായിരിക്കില്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ നോവലായിരിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ മലയാള പരിഭാഷയ്ക്കുള്ള പണിപ്പുരയിലാണ് താന്നെന്നുള്ള ഒരു സൂചന ജയമോഹൻ തന്നിരുന്നു.
മഹാഭാരതത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കു അധികമൊന്നും പ്രാധാന്യം നൽകിയിട്ടില്ല എന്നുള്ളതുകൊണ്ട് തന്റെ മഹാഭാരതമായ വെണ്മുരശിൽ ദുര്യോധനപത്നി ഭാനുമതി,ഭീമന്റെ പത്നി ബലന്ധര, ദുശാസനന്റെ പത്നി അഖില തുടങ്ങിയ കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.മാത്രവുമല്ല വെണ്മുരശിനായി, സംസ്കൃതവാക്കുകൾ ഇറക്കുമതി ചെയ്യുന്നതിന് പകരം ആറായിരത്തിലധികം പുതുവാക്കുകൾ തമിഴിൽ ജയമോഹൻ സൃഷ്ടിക്കുകയും ചെയ്തു.
മഹാഭാരതം അനന്തമായ സാധ്യതകളാണ് നമ്മുടെ മുന്നിൽ വയ്ക്കുന്നത്. എഴുത്തുകാർ അതിനു വിശാലമാനങ്ങൾ നൽകുന്നു. വികലമായ വ്യാഖനങ്ങൾ നല്കുന്നവരും കുറവല്ല. മഹാഭാരതം കമ്പോടുകമ്പ് വായിച്ച ആളുകളെക്കാൾ അറിവുണ്ടെന്നു അവകാശപ്പെടുന്നത് മഹാഭാരതം ചിത്രകഥയോ, മഹാഭാരതത്തെ ആസ്പദമാക്കിയെഴുതിയ നോവലുകളോ വായിച്ചവരാണ്. മനുഷ്യ സ്വഭാവത്തിന്റെ എല്ലാ തലങ്ങളെയും പ്രദർശിപ്പിക്കുന്ന ഒരു കൃതിയാണല്ലോ മഹാഭാരതം.അതുകൊണ്ടാണ് വ്യാസൻ ഇതിലുള്ളത് മറ്റു പലതിലും കണ്ടേക്കാം,ഇതിലില്ലാത്തത് മറ്റൊരിടത്തും കാണുകയില്ല എന്നു ധൈര്യമായി പറഞ്ഞത് .
ഇവിടുള്ള ഒരു മഹാഭാരത ആഖ്യാന പണ്ഡിതൻ, വ്യാസൻ ഈ പറഞ്ഞതിനെ വിമർശിച്ച് വ്യാസനെ തിരുത്താൻ ശ്രമിച്ചിരുന്നു.അദ്ദേഹം പറഞ്ഞത് അങ്ങനെ എല്ലാം ഇതിലുണ്ട് എന്നൊക്കെ പറഞ്ഞത് വെറുതെയാണത്രെ . ഉദാഹരണത്തിന് സുന്നത്തു കല്യാണത്തെകുറിച്ചുള്ള വിവരങ്ങൾ ഇതിൽ നോക്കിയാൽ കിട്ടുമോ എന്ന് അദ്ദേഹം ചോദിക്കുന്നു. അതുപോലെ ആധുനിക ശാസ്ത്ര ശാഖയിലെ ഏതോ വിഷയത്തെ കുറിച്ചു പറഞ്ഞിട്ട് ഇതൊന്നും മഹാഭാരതത്തിൽ നോക്കിയാൽ കാണില്ലല്ലോ അതുകൊണ്ടു വ്യാസൻ ആ പറഞ്ഞതൊന്നും കാര്യമാക്കേണ്ട എന്നു പറഞ്ഞുകൊണ്ടാണ് ആ പണ്ഡിത ശ്രേഷ്ഠൻ തന്റെ മഹാഭാരത വ്യാഖാനം തുടർന്നത്.മഹാഭാരതം മുഴുവനും വായിക്കാതെ അതിന്റെ ഇത്രയും വലിയ ഒരു ആഖ്യാനം എഴുതാൻ ജയമോഹന് സാധ്യമല്ല. അതുകൊണ്ടു മറ്റുള്ള പ്രമുഖ ആഖ്യാന പണ്ഡിതന്മാരുടെ ലിസ്റ്റിൽ നിന്നും ഇദ്ദേഹത്തെ മാറ്റി നിർത്താം.
ജയമോഹൻ ഉന്നയിച്ച ഒരു ആരോപണം, മലയാളത്തിൽ എഴുതുന്ന ആധുനിക എഴുത്തുകാരിൽ പലരും പഴയ എഴുത്തുകളൊന്നും കാര്യമായി വായിക്കാത്തവരാണ് എന്നാണ്.അതിൽ കഴമ്പുള്ളതുകൊണ്ടാണോ എന്തോ ആരും അതേച്ചൊല്ലി ബഹളം വച്ചതായി കണ്ടില്ല.2023 ഫെബ്രുവരി ആദ്യവാരം മാതൃഭൂമി നടത്തിയ ലിറ്ററേച്ചർ ഫെസ്റിവലിലും ജയമോഹന്റെ സാന്നിധ്യമുണ്ടായിരുന്നു. ‘ഇതിഹാസങ്ങളെ പുനരാഖ്യാനം ചെയ്യുമ്പോൾ’ എന്ന വിഷയത്തെ കുറിച്ചു ചർച്ച ചെയ്യുമ്പോൾ ദൗർഭാഗ്യവശാൽ കൂടെയുള്ള ആനന്ദ് നീലകണ്ഠനായിരുന്നു കൂടുതലും സംസാരിക്കാൻ സമയം കിട്ടിയത് എന്നതിനാൽ ഈ പുസ്തകത്തിലെ വിവരങ്ങൾക്കപ്പുറം കൂടുതലായി ഒന്നും പങ്കുവെയ്ക്കാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചില്ല.
കഠിനമായ ജീവിതാനുഭവങ്ങളുള്ള ഈ എഴുത്തുകാരൻ,ജീവിക്കുന്ന ഭാഷയിൽ എഴുതുകയും,പറയുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്.എഴുത്തിലും അതിനു പുറത്തും തന്റെ നിലപാടുകൾ ഉറക്കെ വിളിച്ചു പറയാൻ ഒരു മടിയും കാണിക്കാത്ത, ആരെയും ഭയക്കാത്ത, തന്റേടമുള്ള ഒരെഴുത്തുകാരന്റെ ശബ്ദം നിങ്ങൾക്കീ പുസ്തകത്തിൽ പലയിടത്തായി കേൾക്കാം.