എഴുത്തിലൂടെ  അക്രമത്തെ അതിജീവിക്കുന്നവർ

2022 ഓഗസ്റ്റ് 12-ന് ന്യൂയോർക്കിലെ വെയിൽ നിറഞ്ഞ ഒരു വെള്ളിയാഴ്ചയിൽ  ആംഫി തിയേറ്ററിൽ വച്ച്  എഴുത്തുകാർക്ക് സുരക്ഷിതമായ ഇടങ്ങൾ സൃഷ്ടിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു പ്രഭാഷണത്തിനിടെ സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ടു.അക്രമിയുടെ പേര് ഹാദി മാതർ എന്നായിരുന്നു. വെറും ഇരുപത്തേഴ് നിമിഷങ്ങൾ മാത്രമേ കൊലയാളിക്ക് കിട്ടിയുള്ളൂ .  ആക്രമണത്തിൽ എഴുത്തുകാരന്റെ വലതു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടമായി. ഇടതു കൈയുടെ സ്വാധീനം  ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. തനിക്ക് നേരെയുണ്ടായ ക്രൂരമായ ഈ ആക്രമണത്തെക്കുറിച്ചും  അതിനെ അതിജീവിച്ച രീതികളെയുമൊക്കെയാണ് ‘കത്തി’ (Knife-Meditations After an Attempted Murder)എന്ന തന്റെ പുതിയ ഓർമ്മ കുറിപ്പിൽ സൽമാൻ റുഷ്ദി വിവരിക്കുന്നത് .  ആക്രമണത്തെക്കുറിച്ചുള്ള വിശദമായ വിവരണം ഓർമ്മക്കുറിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.  ആ  നിമിഷത്തിൽ താൻ അനുഭവിച്ച  ഞെട്ടലും ,ഭീതിയും  അദ്ദേഹം വായനക്കാർക്കായി  തന്റെ പുതിയ പുസ്തകത്തിൽ പകർത്തിയിരിക്കുന്നു . 

വെറും ഇരുപത്തിനാലു വയസ്സു മാത്രം പ്രായമുള്ള  ലെബനീസ്-അമേരിക്കനായ  ഹാദി മാതർ, റുഷ്ദിയുടെ വിവാദ പുസ്തകത്തിന്റെ വെറും രണ്ട് പേജുകൾ മാത്രം വായിക്കുകയും യൂട്യൂബിൽ അദ്ദേഹത്തിന്റെ ചില വീഡിയോകൾ കാണുകയും ചെയ്തിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ്  റുഷ്ദിയുടെ കൃതികളെല്ലാം  ‘മോശമാണെന്ന്’ മനസ്സിലാക്കി അദ്ദേഹത്തെ വധിക്കാൻ ഇറങ്ങി തിരിച്ചത്. പുസ്തകത്തിൽ  ആക്രമിയുടെ ശരിയായ പേര്  ഉപയോഗിക്കാൻ റുഷ്ദി  ആഗ്രഹിക്കാത്തതുകൊണ്ട്  കൊലയാളിയുടെ ഇംഗ്ലീഷ് അർഥം വരുന്ന assasin  എന്ന വാക്കിലെ   A എന്ന അക്ഷരം ഉപയോഗിച്ചാണ്  പുസ്തകത്തിൽ അയാളെ ഉടനീളം റുഷ്ദി  സംബോധന ചെയ്തിരിക്കുന്നത്. ശരീരത്തിൽ നിറയെ മുറിവുകളുമായി താഴെ വീഴുമ്പോൾ റുഷ്ദിയുടെ മനസ്സിലൂടെ നിരവധി കാര്യങ്ങൾ കടന്നു പോയി. കടുത്ത ഏകാന്തതയാണ് തനിക്ക് ആദ്യം അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു . ഇനിയൊരിക്കലും തന്റെ ഭാര്യ എലീസയെയും ,മക്കളെയും സഹോദരിമാരെയും അവരുടെ പെണ്മക്കളെയും കാണാൻ സാധിക്കില്ല എന്നദ്ദേഹം കരുതി . അന്നേരം തന്റെ വിവാദ പുസ്തകമായ ദ് സാത്താനിക് വെഴ്‌സസിൻ്റെ പ്രാരംഭ വരികളിലെ ചിലത് മനസിലേക്ക് ഓടി കയറി വന്നു. ‘വീണ്ടും ജനിക്കണമെങ്കിൽ , ആദ്യം നിങ്ങൾ  മരിക്കണം’. 

ദ സാത്താനിക് വേഴ്‌സസിൻ്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് 1989-ൽ അയത്തുള്ള ഖൊമേനി ഫത്‌വ പുറപ്പെടുവിച്ചിട്ട് മുപ്പത്തിമൂന്നര വർഷങ്ങൾ കഴിഞ്ഞിരുന്നു. അന്ന് മുതൽ ഇത്പോലെയുള്ള ഏതെങ്കിലും പൊതുചർച്ചാ വേദികളിലോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ തനിക്ക് നേരെ നടന്നടുക്കുന്ന ഒരു കൊലയാളിയെ  റുഷ്ദി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഫത്‌വയ്ക്ക് ശേഷമുള്ള വർഷങ്ങളിൽ തനിക്കെതിരെ വന്ന ആറോളം  കൊലപാതക ഗൂഢാലോചനകളെങ്കിലും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ വൈദഗ്ധ്യത്താൽ പരാജയപ്പെടുത്തിയതായി പറയുന്നുണ്ട്.

ഖൊമേനിയുടെ  ഫത്‌വ പക്ഷേ കലാകാരനെന്ന നിലയിൽ തന്നെ വഴിതെറ്റിച്ചേക്കാവുന്ന രണ്ടു വഴികളുണ്ടെന്ന് മനസ്സിലാക്കിയിടത്താണ്  തന്റെ വിജയമെന്ന് റുഷ്ദി ഓർമിപ്പിക്കുന്നു. ഫത്‌വക്ക് ശേഷം ഭയന്ന്  അതിനു കീഴ്‌പ്പെട്ട്   അത്തരം പുസ്തകങ്ങൾ റുഷ്ദി എഴുതിയില്ല . എന്നാൽ അതിനെതിരെ പ്രതികാരം മൂത്ത് എതിർത്തുകൊണ്ടുള്ള  പുസ്തകങ്ങളും എഴുതിയില്ല. ഈ രണ്ടു സാധ്യതകളും തന്റെ  വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും നശിപ്പിക്കുകയും അത്  ഫത്‌വയുടെ തന്നെ സൃഷ്ടിയായി മാറ്റുകയും ചെയ്യും. അതുകൊണ്ട് ഒരു കലാകാരൻ എന്ന നിലയിൽ ഇവയെയെല്ലാം അതിജീവിക്കാനുള്ള ഒരേയൊരു മാർഗം, താൻ  സഞ്ചരിക്കുന്ന സാഹിത്യപാതയെ മനസ്സിലാക്കുകയും, തിരഞ്ഞെടുത്ത യാത്രകളെ അംഗീകരിക്കുകയും, ആ വഴിയിലൂടെ തന്നെ മുന്നോട്ട് പോകുകയും ചെയ്യുക എന്നതായിരുന്നു. അതിന് ഇച്ഛാശക്തിമാത്രം ഉണ്ടായാൽ മതിയാകുമായിരുന്നു .പക്ഷേ അത്തരം തിരഞ്ഞെടുപ്പുകൾ എളുപ്പമായിരുന്നില്ല എന്നദ്ദേഹം പറയുന്നു  . താൻ  ആരായിരുന്നുവെന്നും  തനിക്ക്  താനായിത്തന്നെ തുടരാനാകുമോ എന്നുള്ള ചോദ്യങ്ങൾ അന്നേരം ഉയർന്നു വന്നെന്നും റുഷ്ദി പറയുന്നു.ഫത്‌വയ്ക്ക് മുമ്പായി അഞ്ച് പുസ്തകങ്ങൾ അദ്ദേഹം എഴുതിയിരുന്നു  ,അതിനു ശേഷം  പതിനാറെണ്ണവും . ഷാർലി ഹെബ്‌ദോ അക്രമത്തിന്  തൊട്ടുപിന്നാലെ, റുഷ്ദി  എഴുതി: ‘മതത്തോടുള്ള ബഹുമാനം’ എന്നത് ‘മതത്തോടുള്ള ഭയം’ എന്നർത്ഥമുള്ള ഒരു വാക്യമായി മാറിയിരിക്കുന്നു. 

റുഷ്ദിക്ക് നേരെയുള്ള ആക്രമണത്തിനെതിരെ നിരവധിപേർ പ്രതികരിച്ചു. വെറുപ്പിൻ്റെയും പ്രാകൃതശക്തികളുടെ ഭീരുത്വമായ ആക്രമണത്തിന് അദ്ദേഹം ഇരയായെന്നും . അദ്ദേഹത്തിന്റെത്   സാർവത്രികമായ പോരാട്ടമാണ് എന്നും ഫ്രാൻസിന്റെ പ്രസിഡന്റ്  മാക്രോൺ അഭിപ്രായപ്പെട്ടു . ബൈഡൻ ഉൾപ്പെടെ  മറ്റ് ലോകനേതാക്കളും സമാനമായ പ്രസ്താവനകൾ നടത്തി റുഷ്ദിക്ക് ഐക്യദാർഡ്യം  പ്രഖ്യാപിച്ചു. എന്നാൽ  താൻ ജന്മാരാജ്യമായ ഇന്ത്യക്ക്  ഇതേകുറിച്ച് പറയാൻ അന്നേരം വാക്കുകളൊന്നും കിട്ടിയില്ല എന്നദ്ദേഹം പറയുന്നുണ്ട്. നിലവിൽ വന്ന ഇന്ത്യയുടെ പുതിയ ഭരണഘടന, ഭാഷയിലും ഉദ്ദേശ്യത്തിലും പൂർണ്ണമായും മതേതരമായിരുന്നു. എന്നാൽ  നിലവിലെ ഭരണകൂടം ആ മതേതര അടിത്തറയെ തുരങ്കംവയ്ക്കാനും ആ സ്ഥാപകരെ അപകീർത്തിപ്പെടുത്താനും പ്രത്യക്ഷമായി മതപരവും ഭൂരിപക്ഷമുള്ളതുമായ ഒരു ഹിന്ദു രാഷ്ട്രം സൃഷ്ടിക്കാൻ ശ്രമിക്കുന്ന അവസ്ഥകളെ ഓർമ്മിപ്പികുകയും ചെയ്യുന്നുണ്ട് എന്നദ്ദേഹം കൂട്ടി ചേർക്കുന്നു. 

തൻ്റെ നൊബേൽ സമ്മാനം പ്രഖ്യാപിച്ചതിന് ഏതാണ്ട് ആറ് വർഷങ്ങൾക്ക്  ശേഷം, 1994 ഒക്ടോബർ 14-ന് എൺപത്തിരണ്ടുകാരനായ ഈജിപ്ഷ്യൻ എഴുത്തുകാരൻ നജീബ്  മഹ്ഫൂസ് തൻ്റെ സഹ എഴുത്തുകാരുമായും ചിന്തകരുമായും നടത്തുന്ന  പ്രതിവാര കൂടിക്കാഴ്ചയ്ക്കായി തൻ്റെ പ്രിയപ്പെട്ട കെയ്‌റോ കഫേയിലേക്ക് നടക്കാൻ വീട് വിട്ടിറങ്ങി .നടത്തം തുടരുമ്പോൾ ഒരു കാർ അദ്ദേഹത്തിന്റെ അരികിലൂടെ ഇഴഞ്ഞു നീങ്ങി വന്നു . തന്റെ ആരാധകരിൽ ആരെങ്കിലുമാകും എന്നദ്ദേഹം കരുതിയെങ്കിലും അത് തെറ്റായിരുന്നു എന്നു തിരിച്ചറിയുമ്പോഴേക്കും . കാറിൽ നിന്ന് ചാടിയിറങ്ങിയ ആൾ  മഹ്ഫൂസിൻ്റെ കഴുത്തിൽ തുടർച്ചയായി കുത്തി അദ്ദേഹത്തെ വീഴ്ത്തി. .  അക്രമി ഉടനടി രക്ഷപ്പെട്ടു. ഭാഗ്യവശാൽ, ആ  എഴുത്തുകാരൻ ആക്രമണത്തെ അതിജീവിച്ചു. “സാംസ്കാരിക ഭീകരതയുടെ” ഒരു ഉദാഹരണമായിരുന്നു ഇതും. ഈജിപ്ഷ്യൻ ഇസ്ലാമിക മതമൗലികവാദികൾക്കെതിരെ നിലാപടുകൾ കൈകൊണ്ടതിന്നുള്ള മറുപടിയായിരുന്നു ഈ വധശ്രമം   . സ്വാഭാവികമായും ഒരു  ആക്രമണത്തിൻ്റെ സാധ്യത വർഷങ്ങളായി മഹ്ഫൂസിൻ്റെ തലയിൽ തൂങ്ങിക്കിടന്നിരുന്നു എന്നതാണ് സത്യം . യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നീ മൂന്ന് മഹത്തായ ഏകദൈവവിശ്വാസങ്ങളുടെ പിറവിയെ വിവരിക്കുന്ന ചിൽഡ്രൻ ഓഫ് ദ ആലി എന്ന അദ്ദേഹത്തിന്റെ  പുസ്തകം  ഇസ്ലാമിനെ അപമാനിച്ചതിന് നിരോധിക്കപ്പെട്ടിരുന്നു.

വർഷം 1938, ജനുവരി 7. സാമുവൽ ബെക്കറ്റ് തന്റെ മർഫി എന്ന നോവലിന്റെ എഴുത്തു കുത്തുകളുമായി നടക്കുന്ന സമയം.ഒരു സിനിമ കഴിഞ്ഞ്  പാരീസിലെ ഒരു തെരുവിലൂടെ തന്റെ വീട്ടിലേക്കു പോകുകയായിരുന്ന  സാമുവൽ ബെക്കറ്റിനെ പ്രൂഡൻ്റ് എന്നു പേരുള്ള ഒരു കൂട്ടികൊടുപ്പുകാരൻ സമീപിച്ച് പണം ആവശ്യപ്പെട്ടു.  ഒടുവിൽ ബെക്കറ്റിന്  പ്രുഡൻ്റിനെ തള്ളിമാറ്റേണ്ടി വന്നു. പക്ഷേ വൈകി പോയിരുന്നു .  അപ്പോഴേക്കും പ്രുഡൻ്റിന്റെ കൈയ്യിലുണ്ടായിരുന്ന കത്തി   ബെക്കറ്റിന്റെ ഇടത് ശ്വാസകോശത്തിനും  ഹൃദയത്തിനും ഇടയിലേക്ക്  കയറിയിരുന്നു . അമിത  രക്തസ്രാവം ഉണ്ടായെങ്കിലും തക്കസമയത്ത്  ബെക്കറ്റിനെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയതുകൊണ്ട്  ജീവൻ തിരിച്ചു കിട്ടി. യുലീസസിന്റെ എഴുത്തുകാരൻ   ജെയിംസ് ജോയ്‌സാണ് അന്നേരം  ആശുപത്രിയിലെ സ്വകാര്യ മുറിയുടെ ചെലവ് വഹിച്ചത്. 

ആശുപത്രിയിൽ നിന്ന് മോചിതനായ ശേഷം ബെക്കറ്റ് പ്രുഡൻ്റിന്റെ  വിചാരണയ്ക്ക് പോയി, കോടതിമുറിയിൽ വെച്ച് അയാളെ കണ്ട്  , എന്തിനാണ് തന്നോടിതു  ചെയ്തതെന്ന് ചോദിച്ചു. ‘എനിക്കറിയില്ല സർ. എന്നോട് ക്ഷമിക്കണം ‘ എന്നു മാത്രമായിരുന്നു അയാളുടെ മറുപടി .ഈ സംഭവ കഥ വായിച്ചപ്പോൾ, ബെക്കറ്റിനെപ്പോലെ തന്റെ  അക്രമിയുടെ മുഖത്ത് നോക്കാനും അയാളെ നേരിട്ട് കണ്ട് സംസാരിക്കാനും റുഷ്ദിയെ  പ്രേരിപ്പിച്ചു.തന്റെ കൊലയാളിയുമായി ഒരു സാങ്കല്പിക സംഭാഷണത്തിൽ റുഷ്ദി ഏർപ്പെടുന്നുണ്ട്. സംഭാഷണം അവസാനിക്കുമ്പോൾ  അതെല്ലാം കേൾക്കാനുള്ള കഴിവ് അവനുണ്ടെന്ന് താൻ  വിശ്വസിക്കുന്നില്ലെങ്കിലും അയാളോട്  പറയാൻ ആഗ്രഹിക്കുന്ന ഇനിയും ചില കാര്യങ്ങളുണ്ടെന്നും റുഷ്ദി മനസ്സിലാക്കുന്നു. എഴുത്തുകാർക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ പുതിയ കാര്യമൊന്നുമല്ല.സമാനസംഭവങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളിലിൽ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ കേരളത്തിൽ  റുഷ്ദിക്കെതിരെ നടന്ന സംഭവത്തിനെ അപലപിച്ചു എഴുതിയ പോസ്റ്റിന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതുകൊണ്ടു എഴുത്തുകാരനായ മനോജ് കുറൂർ സാഹിത്യ പ്രവർത്തനം നിർത്തുകയാണെന്ന് വരെ പ്രഖ്യാപിക്കപ്പെടുകയുണ്ടായി.  

കല ഉണരുന്ന ഒരു സ്വപ്നമാണെന്ന് താൻ  വിശ്വസിക്കുന്നു. ആ ഭാവനയ്ക്ക് സ്വപ്നങ്ങൾക്കും യാഥാർത്ഥ്യത്തിനും ഇടയിലുള്ള വിടവ് നികത്താനും യാഥാർത്ഥ്യത്തെ അയഥാർത്ഥമായ ഭൂതകണ്ണാടിയിലൂടെ  കാണുന്നതിലൂടെ പുതിയ വഴികൾ  മനസ്സിലാക്കാനും കഴിയും.മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കത്തി എന്നത്, നമ്മളുടെ ഉപയോഗത്തിൽ നിന്ന് അർത്ഥം നേടുന്ന ഒരു ഉപകരണമാണ് . ധാർമ്മികമായി അത് നിഷ്പക്ഷമാണെങ്കിലും   അവയുടെ  ദുരുപയോഗമാണ് അധാർമികത റുഷ്ദി കൂട്ടിചേർക്കുന്നു. ഈ സംഭവത്തിന് ശേഷം  പരിഭ്രാന്തി, വിഷാദം തുടങ്ങിയ  ലക്ഷണങ്ങൾ ഇല്ലായിരുന്നുവെങ്കിലും  ഇതേകുറിച്ച് എഴുതികൊണ്ടിരിക്കുമ്പോൾ ആഴ്ചയിൽ പലതവണ പേടിസ്വപ്നങ്ങൾ ഉണ്ടാകാറുണ്ട് എന്നദ്ദേഹം എഴുതിയിട്ടുണ്ട്. കാലത്തിന്   എല്ലാ മുറിവുകളും സുഖപ്പെടുത്താനൊക്കില്ലെന്നും , പക്ഷേ അതിന് വേദനയെ നിർവീര്യമാക്കാനും  പേടിസ്വപ്നങ്ങൾ ഇല്ലാതാക്കാനും സാധിക്കും  ;അദ്ദേഹം പറയുന്നു. 

ഇത്തരം ആക്രമണങ്ങൾ അനുഭവിക്കേണ്ടി വരുന്നവർക്ക്  നേരിടേണ്ടി വരുന്ന  മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ അനവധിയാണ്.  കാരണം അത്തരം ആഘാതങ്ങൾ ഓർമ്മകളെ വികലമാക്കപ്പെടുന്നുണ്ട്. ഇതിനെ മറികടക്കാൻ നിരവധി ശാസ്ത്രീയ പദ്ധതികൾ വൈദ്യശാസ്ത്ര രംഗത്ത്  ഇന്ന് ലഭ്യമാണ്.അത്തരം പരിശീലന പദ്ധതികളിലൂടെ  ഉത്കണ്ഠയുടെയും വിഷാദത്തിൻ്റെയും ലക്ഷണങ്ങൾ കുറയ്ക്കാമെന്നും , രക്തസമ്മർദ്ദം കുറയ്ക്കുകയും  രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്താമെന്നും പറയുന്നു.റുഷ്ദിയെ സംബന്ധിച്ചിടത്തോളം, ആക്രമണത്തെക്കുറിച്ച് എഴുതുന്നത്, തനിക്ക് നേരിട്ട ആഘാതത്തെ അഭിമുഖീകരിക്കുന്നതിനും അതിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു ഘടനാപരമായ മാർഗ്ഗം കൂടിയാണ്.  സംഭവത്തിൻ്റെ ഓർമ്മയുമായി ബന്ധപ്പെട്ട ദുരിതവും ഓർമ്മകളും  വികാരങ്ങളും ഇതുവഴി ലഘൂകരിച്ചു എന്നു റുഷ്ദി അവകാശപ്പെടുന്നു. 

ഒന്നിലധികം ശസ്ത്രക്രിയകളും ഫിസിക്കൽ തെറാപ്പിയും ഉൾപ്പെട്ട തൻ്റെ പതിമൂന്ന് മാസത്തെ പുനരധിവാസ സമയത്ത്, വൈകാരികവും മാനസികവുമായ ആഘാതങ്ങളുമായി പൊരുത്തപ്പെടുക എന്നതായിരുന്നു റുഷ്ദി നേരിട്ട വെല്ലുവിളി .ഇത്തരമൊരു ഘട്ടത്തിൽ അദ്ദേഹത്തിൻ്റെ ഓർമ്മക്കുറിപ്പായ  “കത്തി” പൂർത്തിയാക്കുന്നത് വെറുമൊരു ഒരു സാഹിത്യശ്രമം മാത്രമല്ല, മറിച്ച് അതിജീവനത്തിൻ്റെ ഒരു പ്രവർത്തനമായി തന്നെ കാണേണ്ടിയിരിക്കുന്നു. 

കത്തിയിൽ റുഷ്ദിയുടെ ആഖ്യാനം വ്യക്തിപരമായ ആഘാതങ്ങൾക്കപ്പുറം വിശാലമായ സാമൂഹിക ആശങ്കകളെയും അഭിമുഖീകരിക്കുന്നുണ്ട് . ഇത് കേവലം  വ്യക്തിയുടെ ശാരീരികമായ അതിജീവനത്തിൻ്റെ ഒരു വിവരണം മാത്രമല്ല, ആധുനിക സാമൂഹിക ഘടനകളുടെയും പ്രത്യയശാസ്ത്രപരമായ ഏറ്റുമുട്ടലുകളുടെയും സങ്കീർണ്ണതകളെ അഭിമുഖീകരിക്കാൻ  ആവശ്യമായ പ്രതിരോധം ഏർപ്പെടുത്തുന്നതിനുള്ള  ബൗദ്ധികവും വൈകാരികവുമായ ഒരു യാത്ര കൂടിയാണ്.വിശാലമായ ഈ വീക്ഷണം ആഖ്യാനത്തെ സമ്പന്നമാക്കുക മാത്രമല്ല, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള സ്വന്തം അനുഭവങ്ങളിൽ സമാനതകൾ കണ്ടെത്തുന്ന വായനക്കാരുമായി ബന്ധിപ്പിക്കാനും ഇടയാക്കും; പ്രതേകിച്ചും ലോകം മുഴുവൻ അത്തരമൊരു കെട്ട അവസ്ഥയിലൂടെ  കടന്നുപോകുന്ന ഈ സമയത്ത്.  

വ്യക്തിത്വത്തെ രാഷ്ട്രീയവുമായി ഇഴചേർക്കാനുള്ള റുഷ്ദിയുടെ കഴിവ് ഇവിടെയും  പ്രകടമാണ്,ഈ വിശാലമായ വിവരണങ്ങൾക്കുള്ളിൽ സ്വന്തം നിലപാടുകൾ പ്രതിഫലിപ്പിക്കാൻ വായനക്കാരെ ക്ഷണിക്കുന്ന ബഹുതല വീക്ഷണവും റുഷ്ദി വാഗ്ദാനം ചെയ്യുന്നുണ്ട്. അക്രമത്തിൻ്റെ വ്യക്തിഗത വിവരണത്തെ മറികടക്കുന്ന ഒരു സുപ്രധാന സാഹിത്യ സൃഷ്ടിയാക്കി കത്തിയെ മാറ്റുന്ന പ്രധാന ഘടകവും അതു തന്നെയാണ്. . റുഷ്ദിയുടെ വിമർശനം സാഹിത്യ സമൂഹത്തിലേക്കും പ്രസിദ്ധീകരണ വ്യവസായത്തിലേക്കും വ്യാപിക്കുന്നുണ്ട് , തന്നെപ്പോലെ, അവരുടെ സൃഷ്ടികൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുന്ന എഴുത്തുകാരെ സംരക്ഷിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ഭീഷണി നേരിടുന്ന എഴുത്തുകാർക്ക് റുഷ്ദിയുടെ ഈ വിമർശനം കൂടുതൽ കരുത്തുറ്റ പ്രതിരോധ സംവിധാനം ആവശ്യപ്പെടുന്നുണ്ട്.  ഒപ്പം സ്വതന്ത്രമായ ആവിഷ്കാര തത്വം ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ ആവശ്യകതയും ഇവിടെ  ഉയർത്തിക്കാട്ടുന്നു. 

സമകാലിക പ്രത്യയശാസ്ത്ര പോരാട്ടങ്ങളെ രൂപപ്പെടുത്തുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പങ്കിനെ കുറിച്ച്  റുഷ്ദി ഇവിടെ കൈകാര്യം ചെയ്യുന്നുണ്ട്.  യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ അക്രമത്തിലേക്ക് നയിച്ചേക്കാവുന്ന റാഡിക്കൽ പ്രത്യയശാസ്ത്രങ്ങളുടെ വ്യാപനത്തിന് എങ്ങനെ സംഭാവന നൽകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്രമായ ആവിഷ്‌കാരത്തിനുള്ള ഉപകരണമായി നിലകൊള്ളുമ്പോൾ തന്നെ  തീവ്രവാദി അക്രമത്തിനുള്ള സാധ്യതയുള്ള ഉത്തേജകമായും ഡിജിറ്റൽ മീഡിയയുടെ ഈ ഇരട്ട പങ്കിനെ കത്തി കൈകാര്യം ചെയ്യുന്നുണ്ട് .ഈ ഓർമ്മക്കുറിപ്പ് ഒരു വ്യക്തിഗത വിവരണമായി മാത്രമല്ല, ആധുനിക ആശയവിനിമയ ഉപകരണങ്ങൾ പൊതുജനാഭിപ്രായത്തെയും രാഷ്ട്രീയ വ്യവഹാരങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിൻ്റെ വിമർശനാത്മക പരിശോധന കൂടിയാണ്.ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന നിരവധി  സംഘടനകളുമായുള്ള സജീവമായ ഇടപെടലിലൂടെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് വേണ്ടിയുള്ള തൻ്റെ വാദത്തിൽ റുഷ്ദി ഉറച്ചുനിൽക്കുന്നു. 

 2012 ൽ പുറത്തിറങ്ങിയ ആത്മകഥാംശം നിറഞ്ഞ റുഷ്ദിയുടെ Joseph Anton: A Memoir എന്ന പുസ്തകത്തിലെ  വിശാലമായ സാമൂഹിക വിശകലനത്തിൽ നിന്ന് “കത്തി”യിലെക്ക് എത്തുമ്പോൾ  ആഖ്യാന ശൈലിയിൽ ഒരു സുപ്രധാന പരിണാമത്തെ അടയാളപ്പെടുത്തുന്നുണ്ട് എന്നു കാണാം  .ബാഹ്യ സാംസ്കാരിക വിമർശനങ്ങളേക്കാൾ വ്യക്തിപരമായ അതിജീവനത്തിനാണ് കത്തിയിൽ  ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ അപ്പോഴും സങ്കീർണ്ണമായ സ്വാതന്ത്ര്യം, സ്വത്വം, സാംസ്കാരിക സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ ഇടപഴകുന്നത് റുഷ്ദി തുടരുന്നുമുണ്ട്. 

“കത്തി” ദൌർഭാഗ്യകരമായ  സംഭവത്തിൻ്റെ വ്യക്തിപരമായ  ഒരു വിവരണം  മാത്രമല്ല, എഴുത്തുകാർക്കെതിരായ അത്തരം അക്രമത്തിൻ്റെ വിശാലമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ധ്യാനമായും (meditation) വർത്തിക്കുന്നു. ആക്രമണത്തിനു ശേഷമുള്ള ശാരീരികവും മാനസികവുമായ വീണ്ടെടുക്കൽ പ്രക്രിയകൾ ചർച്ച ചെയ്യുന്ന ഒരു ഓർമ്മക്കുറിപ്പു കൂടിയാണിത്.ചില വായനക്കാരും സാഹിത്യ നിരൂപകരും റുഷ്ദിയുടെ ധീരവും ഭാവനാത്മകവുമായ ഈ ആഖ്യാനത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുമ്പോഴും , മറ്റുചിലർ  പുസ്തകത്തിൻ്റെ ആഖ്യാന ഘടനയെ വിമർശിക്കുകയും ചെയ്യുന്നു

എന്തായാലും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അത് ഉയർത്തിപ്പിടിക്കുന്ന അപകടസാധ്യതകളെയും കുറിച്ചുള്ള ഒരു വിമർശനാത്മക വ്യവഹാരത്തിനുള്ളിൽ തന്നെയാണ് റുഷ്ദി തന്റെ “കത്തി”ആഴ്ത്തിയിരിക്കുന്നത്.