
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ എസ്ഐ. സാജൻ മാത്യു എന്ന കഥാപാത്രത്തിലൂടെ നമുക്കെല്ലാവർക്കും സുപരിചിതനായ സിബി തോമസ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ആദ്യ നോവലാണ് കുറ്റസമ്മതം എന്ന ക്രൈം ത്രില്ലർ. ചേനകല്ല് എന്ന സ്ഥലത്തെ ഒരു വാടകമുറിയിൽ ഒരാൾ മരിച്ചു കിടക്കുന്നുവെന്ന ഫോൺ കോളിലൂടെയാണ് നോവലിലെ സംഭവ പരമ്പരകൾ തുടങ്ങുന്നത്. വേലേശ്വരം സർക്കിളായ സാബു തോമസാണ് അന്വേഷണത്തിനായി ഇറങ്ങുന്നത്. ചേനകല്ലിനടുത്തുള്ള ക്വാറിയിലേക്കും പരിസരങ്ങളിലേക്കും അന്വേഷണം വ്യാപിക്കുന്നതിന് മുന്പെ പ്രതിയെ പോലീസ് കണ്ടെത്തുകയും ചെയ്തു. തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ സാജൻ മാത്യുവിലൂടെ കാസർകോഡൻ പശ്ചാത്തലം മനസ്സിൽ കേറിപ്പറ്റിയതുകൊണ്ടാകണം ഈ നോവലിലെ കഥാപരിസരത്തെ അവിടെ എളുപ്പം പ്രതിഷ്ഠിക്കാൻ കഴിഞ്ഞു.
പൊതുവേ ഇത്തരം നോവലുകളിൽ പരീക്ഷിച്ചു കാണാറുള്ള കുറ്റവാളിയെയോ അതിന്റെ മോട്ടീവിനെയോ അവസാനം മാത്രം വെളിപ്പെടുന്ന രീതിയിൽ നിന്നും വഴുതിമാറിക്കൊണ്ട് ആദ്യത്തെ മൂന്നു നാലു അദ്ധ്യായങ്ങൾ കൊണ്ട് തന്നെ പ്രതിയെയും, അതിന്റെ പിന്നിലെ ഉദ്ദേശ്യത്തെയും വലിച്ചു പുറത്തിടുകയാണ് ഇതിലെ അന്വേഷണ ഉദ്യോഗസ്ഥനായ സാബു തോമസ്. പിന്നീട് കഥ വേറൊരു തലത്തിലേക്ക് ,കഥാപാത്രങ്ങളുടെ വൈകാരിക പരിസരങ്ങളിലേക്ക് പറിച്ചു നടുകയാണ് എഴുത്തുകാരൻ ചെയ്തിരിക്കുന്നത് . ആദ്യത്തെ വളരെ കുറച്ചു അദ്ധ്യായങ്ങൾ കഴിയുമ്പോൾ തന്നെ പ്രതി ആരായിരിക്കും എന്നൂഹിക്കാൻ വായനക്കാർക്കു കഴിഞ്ഞേക്കും . പ്രതിയെ കണ്ടെത്തികഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി എന്തായിരിക്കും കഥയുടെ ഗതിയെന്ന് സ്വാഭാവികമായും കരുതാൻ പോന്ന വഴികളിൽ കൂടി തന്നെയാണ് നോവൽ പീന്നീട് സഞ്ചരിക്കുന്നത്. നിയമം കർശനമായി അനുസരിച്ച് പോരുന്ന ഒരു ഉദ്യോഗസ്ഥന് തനിക്ക് നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങൾക്കാണ് നോവൽ കൂടുതൽ പ്രാധാന്യം നല്കിയിരിക്കുന്നത്. സാബു തോമസിന്റെ കുടുംബബന്ധത്തിന്റെ തീവ്രതകളും, മനോനിലകളും നോവലിൽ കൂടുതലായി കടന്നു വരുന്നുണ്ട്. അയാൾ കാണുന്ന സ്വപനങ്ങളും അവയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. പ്രതീക്ഷിക്കുന്ന ഒരു ക്ലൈമാക്സ് തന്നെയാണ് നോവലിൽ കാണാൻ കഴിയുക. ചിലയിടങ്ങളിൽ നാടകീയത മുറ്റിയ സംഭാഷണങ്ങൾ ഒരു പോരായ്മയായി അനുഭവപ്പെടുന്നുമുണ്ട് . ചിലത് വായനക്കാരുടെ യുക്തിയെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. നോവലിലെ ഒരു വാചകം നോക്കുക :ഹിന്ദി സംസാരിക്കുന്നതും,പൊലീസ് അന്വേഷിക്കുന്നയാളുമാകുമ്പോൾ അത് തീവ്രവാദിയോ കള്ളനോ ആകാം.ഇവിടെ പൊലീസ് അന്വേഷിക്കുന്ന ആൾ ഹിന്ദി സംസാരിക്കുന്നയാളാണെങ്കിൽ കള്ളനും തീവ്രവാദിയും ആയിരിക്കുമെന്ന പൊതു നിഗമനത്തിലേക്കെത്തിയതെങ്ങനെ എന്നു മനസ്സിലായില്ല.
ഉമാദത്തന്റെ കപാലത്തിലെ പോലെ ഭക്ഷണത്തെപ്പറ്റിയുള്ള ആവർത്തിക്കുന്ന വിവരണങ്ങളും, സംഭാഷണത്തിലെ നാടകീയതയും ഇവിടെയും പ്രത്യക്ഷപ്പെടുന്നുണ്ട് ചുരുക്കി പറഞ്ഞാൽ ഉദ്വേഗവും,കുറ്റാന്വേഷണത്തിന്റെ ചടുല നീക്കങ്ങളുമൊക്കെ പ്രതീക്ഷിച്ചുകൊണ്ട് പുസ്തകം വായിക്കാനിരിക്കുന്നവരെ തെല്ലും നിരാശപ്പെടുത്താൻ സാധ്യതയുള്ളൊരു നോവലായിരിക്കുമിത്.
2003ൽ സബ് ഇൻസ്പെക്ടറായി കേരള പോലീസ് അക്കാദമിയിൽ നിന്നും പുറത്തിറങ്ങിയ സിബി തോമസ് 2011 ൽ സർക്കിൾ ഇൻസ്പെക്ടറായി. 2014 ലും 2019 ലും ഡിറ്റക്ടീവ് എക്സലൻസിക്കുള്ള ബാഡ്ജ് ഓഫ് ഓണർ സ്വന്തമാക്കിയ ആളാണ് ഇദ്ദേഹം.
2015 ൽ സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിട്ടുണ്ട്. രാജീവ് രവി-ആസിഫ് അലി കൂട്ടുകെട്ടിലെ കുറ്റവും ശിക്ഷയും എന്ന സിനിമയുടെ കഥയും ഇദ്ദേഹത്തിന്റേതാണ്.ഇപ്പോൾ കേരളാ പൊലീസിലെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയിൽ ഇൻസ്പെക്ടറാണ് സിബി തോമസ്.പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ഋഷിരാജ് സിംഗ് ഐ പി എസ്സാണ്. മാതൃഭൂമി ബുക്സ് പുറത്തിറക്കിയ പുസ്തകത്തിന്റെ വില 260 രൂപ.