ചരിത്രത്തിന്റെ എടുകളിൽ ചില വ്യക്തികൾ അവരുടെ ധൈര്യവും പ്രതിരോധവും അചഞ്ചലമായ നിശ്ചയദാർഢ്യവും കൊണ്ട് എക്കാലത്തും മായാത്ത ഒരു മുദ്ര പതിപ്പിക്കാറുണ്ട്. നമ്മുടെ മുന്നിൽ അങ്ങനെയുള്ള നിരവധി പേരുടെ ചിത്രങ്ങളുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലായാലും ലോകമഹായുദ്ധങ്ങളിലായാലും മേല്പറഞ്ഞ സവിശേഷതകൾകൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റുകയും എന്നാൽ പല കാരണങ്ങൾ കൊണ്ട് നമ്മുടെ മറവിയുടെ ആഴങ്ങളിലേക്ക് വീണുപോയവരും ഏറെയാണ് എന്നു കാണാം. അത്തരത്തിൽ വീര്യവും ദുരന്തവും ഒരുപോലെ പ്രതിധ്വനിക്കുന്ന ഒരു വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്ന പേരായിരുന്നു നൂർ ഇനായത്ത് ഖാന്റേത്.
1914-ൽ ഉസ്ബെക്കിസ്ഥാന്റെ അതിർത്തിക്കടുത്തുള്ള റഷ്യയിലെ യുറാൽ മലനിരകൾക്കടുത്തുള്ള ഒരുഗ്രാമത്തിലാണ് നൂർ ഇനായത് ഖാൻ ജനിച്ചത്. സൂഫി മിസ്റ്റിക്കും സംഗീതജ്ഞനുമായ ഹസ്രത്ത് ഇനായത് ഖാനും ന്യൂ മെക്സിക്കോയിൽ നിന്നുള്ള അമേരിക്കക്കാരിയായ ഓറ റേ ബേക്കറിനും ജനിച്ച നൂറിന്റെ പൈതൃകം മൈസൂരിലെ ടിപ്പു സുൽത്താനുമായും ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. നൂർ ഇനായത് ഖാന്റെത് ഭൂഖണ്ഡങ്ങളിലേക്കും തലമുറകളിലേക്കും വ്യാപിച്ചുകിടക്കുന്ന സങ്കീർണ്ണമായ ഒരു വംശപരമ്പരയാണ്. അവരുടെ പിതാവ് ഹസ്രത്ത് ഇനായത്ത് ഖാൻ ഈ മൈസൂർ രണാധികാരിയുടെ പിൻഗാമിയായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ തന്നെ അവൾ ബന്ധുക്കൾക്കൊപ്പം ലണ്ടനിലേക്ക് പറിച്ചു നടപ്പെട്ടു. പിതാവ് അവളെ ഐക്യം, സ്നേഹം, ആത്മീയ പ്രബുദ്ധത എന്നിവ പഠിപ്പിക്കാനാണ് ഊന്നൽ നൽകിയത്. അവരുടെ വംശാവലിയിലൂടെ പകർന്നുനൽകിയ ഈ മൂല്യങ്ങൾ നൂറിന്റെ വിധി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ചെറുപ്പത്തിൽ തന്നെ നൂർ ദൈവത്തിൽ അഗാധമായ വിശ്വാസം വളർത്തിയെടുക്കുകയും, ദൈവത്തോടുള്ള സ്നേഹത്തിലൂടെയും ഭക്തിയിലൂടെയും സത്യം കണ്ടെത്താൻ ശ്രമിക്കുന്ന സൂഫികളുടെ വഴി പിന്തുടരാനും തുടങ്ങിയിരുന്നു
സംഗീതം, സാഹിത്യം, സൂഫി അധ്യാപനം എന്നിവയിൽ പാരമ്പര്യേതര കഴിവുകൾ അവളെ വേറിട്ടു നിർത്തിയിരുന്നെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രക്ഷുബ്ധമായ കാറ്റ് യൂറോപ്പിലുടനീളം വീശിയടിച്ചപ്പോൾ നൂർ തന്റെ വഴി കണ്ടെത്തിയത് മറ്റൊരു ദിശയിലേക്കായിരുന്നു. നൂർ ഇനായത് ഖാൻ 21 വയസ്സുള്ളപ്പോൾ തന്നെ വനിതാ സഹായ വ്യോമസേനയിൽ (WAAF) ചേർന്നു. അവരുടെ തീക്ഷ്ണമായ ബുദ്ധിയും ഭാഷാ വൈദഗ്ധ്യവും കൊണ്ട് ബ്രിട്ടീഷ് ഇന്റലിജൻസിന്റെ ഒരു വക്താവായി സേവനമനുഷ്ഠിക്കാൻ അവർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ സമയത്തും സൂഫിസത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും അവർ തന്റെ സ്ഥാനം ഉപയോഗിച്ചു.
വനിതാ സഹായ വ്യോമസേനയിൽ പ്രവേശിച്ച നൂർ പിന്നീട് നാസി അധിനിവേശ പ്രദേശങ്ങളിൽ രഹസ്യാന്വേഷണ ശേഖരണ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയായ സ്പെഷ്യൽ ഓപ്പറേഷൻസ് എക്സിക്യൂട്ടീവിലേക്ക് (SOE) റിക്രൂട്ട് ചെയ്യപ്പെട്ടു. പുതിയ ദൌത്യം തന്റെ ജീവൻ അപകടത്തിലാക്കുമെന്നറിഞ്ഞിട്ടും, നൂർ പക്ഷേ ധൈര്യപൂർവ്വം മുന്നോട്ട് പോയി. SOE-യിലെ ആദ്യത്തെ വനിതാ ഏജന്റുമാരിൽ ഒരാളെന്ന നിലയിൽ, നാസി അധിനിവേശത്തിനെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാനും ഇരുളിൽ കുടുങ്ങിയവർക്കിടയിൽ പ്രത്യാശയും ആത്മവിശ്വാസവും പകരാനും അവർ രഹസ്യമായി പ്രവർത്തിച്ചു.
നാസി അധിനിവേശ പാരീസിൽ നൂർ ഇനായത് ഖാന്റെ രഹസ്യ പ്രവർത്തനങ്ങൾ അസാധാരണമായിരുന്നില്ല. “മഡലീൻ” എന്ന കോഡ് നാമത്തിൽ പ്രവർത്തിച്ചിരുന്ന നൂർ, ചുറ്റുപാടുകളിൽ എളുപ്പം പൊരുത്തപ്പെടാനുള്ള തന്റെ ശ്രദ്ധേയമായ കഴിവ് പ്രകടമാക്കി. അധിനിവേശ പാരീസിന്റെ ഹൃദയഭാഗത്ത്, നൂർ രഹസ്യമായി തന്റെ വയർലെസ് റേഡിയോ വഴി നിർണായക വിവരങ്ങൾ കൈമാറി, പ്രതിരോധ പ്രസ്ഥാനവും സഖ്യസേനയും തമ്മിലുള്ള വിടവുകൾ നികത്തുന്നതിൽ മുഖ്യമായ പങ്ക് വഹിച്ചു. ഒന്നിലധികം ഭാഷകളിലുള്ള പ്രാവീണ്യവും ചുറ്റുപാടുകളിൽ തടസ്സമില്ലാതെ ഇടപെടാനും പ്രതികരിക്കാനുമുള്ള കഴിവുകൾ അവരെ ആ ജോലിയിൽ മുന്നോട്ട് നയിച്ചു. അവരുടെ “മഡലീൻ” എന്ന കോഡ് നെയിം, പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും പര്യായമായി മാറി. ഒരു ചാരയുവതിയെന്ന നിലയിൽ നൂറിന്റെ ജീവിതം ഓരോ വഴിത്തിരിവിലും അപകടങ്ങൾ നിറഞ്ഞതായിരുന്നു. ദുഷ്കരമായ ആ സമയങ്ങളിൽ നൂറിന്റെ ധൈര്യവും അർപ്പണബോധവും വിലമതിക്കാനാവാത്തതായിരുന്നു.

നൂർ ഇനായത് ഖാൻ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധിനിവേശ ശക്തികൾക്കെതിരായ ടിപ്പു സുൽത്താന്റെ ധീരമായ പോരാട്ടമാണ് നൂറിന്റെ അന്തിമ പോരാട്ടത്തിന് അടിത്തറ പാകിയതെന്നു പറയാം.
പക്ഷേ അത്യന്തം ദുർഘടവും അപകടം നിറഞ്ഞതുമായ ഈ ജോലി ഏറെക്കാലം മുന്നോട്ട് കൊണ്ടുപോകുക എളുപ്പമായിരുന്നില്ല. നാസി രഹസ്യ പോലീസിന്റെ കണ്ണു വെട്ടിച്ചു നടന്ന നൂർ 1943-ൽ ഗസ്റ്റപ്പോയുടെ പിടിയിലകപ്പെട്ടു. അസഹനീയമായ പീഡനങ്ങൾക്കുമുമ്പിൽ നൂറിന്റെ നിശ്ചയദാർഢ്യത്തിന്റെ ആഴങ്ങൾ പലപ്പോഴും പരീക്ഷിക്കപ്പെട്ടു. അതികഠിനമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ നൂർ തന്നെ പീഡിപ്പിക്കുന്നവരെ പോലും അമ്പരപ്പിക്കുന്ന മനക്കരുത്ത് കൊണ്ട് വേദനകളെ അതിജീവിക്കാൻ ശ്രമിച്ചു. തന്ത്രപ്രധാനമായ ഒരു വിവരം പോലും നാസികൾക്ക് മുന്നിൽ വെളിപ്പെടുത്താൻ അവൾ കൂട്ടാക്കിയില്ല. നൂർ കാണിച്ച ഈ ധീരത തന്റെ സഹപ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുകയും തന്റെ ദൗത്യത്തിന്റെ സമഗ്രത സംരക്ഷിക്കുകയും ചെയ്തു. മരണത്തിന് മുമ്പിൽ നിൽക്കുമ്പോഴും നൂർ കാണിച്ചത് അസാമാന്യ ധീരതയായിരുന്നു. കാലികവും സാംസ്കാരികവുമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും, ടിപ്പു സുൽത്താനും നൂർ ഇനായത് ഖാനും അവരുടെ ചെറുത്തു നിൽപ്പിന്റെ ഘട്ടങ്ങളിൽ ശ്രദ്ധേയമായ സമാനതകൾ പ്രകടിപ്പിച്ചതായി കാണാം. അസാധാരണമായ ധൈര്യത്തോടെ വെല്ലുവിളികളെയും പ്രതിസന്ധികളെയും ഇരുവരും നേരിട്ടു.
മ്യൂണിക്കിന് വടക്കുള്ള ഡാചൗ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് പോകുന്നതിന് മുമ്പ് ഗസ്റ്റപ്പോ നൂറിനെ ട്രെയിൻ വഴി ജർമ്മനിയിലെ ഫോർഷൈം ജയിലിലേക്കാണ് കൊണ്ടുപോയത്. പിന്നീട് ഡെഹാവുവിലെക്കു കൊണ്ടുവരികയായിരുന്നു. ഓഷ്വിട്സിലേതുപോലെ വിഷവാതകം ഉപയോഗിച്ച് ആളുകളെ കൊല്ലുന്ന പതിവ് ഇവിടെ ഉണ്ടായിരുന്നില്ല. അതിനായി നാസികൾ ഇവിടെ ഗ്യാസ് ചേമ്പർ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എങ്കിൽ തന്നെയും 1944 ൽ ചില തടവുകാർ വിഷവാതകപ്രയോഗം മൂലം ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നു ദൃക്സാക്ഷികൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ചില ചരിത്രകാരന്മാരും വിശകലന വിദഗ്ധരും നൂർ ഇനായത്ത് ഖാൻ സഖ്യകക്ഷികൾക്കും അച്ചുതണ്ട് ശക്തികൾക്കും വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്ന ഒരു ഡബിൾ ഏജന്റായിരിക്കാം എന്ന സിദ്ധാന്തം മുന്നോട്ടുവച്ചിട്ടുണ്ട്. നൂറിന് മേലുള്ള വിശ്വാസവഞ്ചനയുടെ സംശയങ്ങൾ പതിറ്റാണ്ടുകളായി പ്രചരിക്കുന്നുണ്ടെങ്കിലും, കൃത്യമായ തെളിവുകളുടെ അഭാവവും കാലക്രമേണ ഈ സിദ്ധാന്തത്തിന്റെ അവ്യക്തതയ്ക്ക് കാരണമാകുന്നുണ്ട്. എന്നിരുന്നാലും, ഈ സിദ്ധാന്തം ഏറെക്കുറെ അടിസ്ഥാനരഹിതവും ലക്ഷ്യത്തോടുള്ള നൂറിന്റെ അചഞ്ചലമായ സമർപ്പണത്തെ പിന്തുണയ്ക്കുന്ന നിരവധി തെളിവുകളുടെ ധാരാളിത്തത്താൽ വസ്തുതാ വിരുദ്ധവുമാണ്.
ചില സ്രോതസ്സുകൾ സൂചിപ്പിക്കുന്നത് ചെറുത്തുനിൽപ്പിന്റെ ഏതെങ്കിലും ഒരു സമയത്ത് കൂട്ടാളികളിൽ ആരെങ്കിലും അവരെ ഒറ്റികൊടുത്തിട്ടുണ്ടാകാം എന്നാണ്. ഇത് നിർഭാഗ്യകരമായ സാഹചര്യങ്ങളുടെയോ പ്രവർത്തനപരമായ അപകടങ്ങളുടെയോ ഫലമായിരുന്നുവെന്നും വാദിക്കുന്നവരുണ്ട്. എങ്കിലും അതിനു പിന്നിലുള്ള യഥാർഥ സംഭവങ്ങൾ ഇന്നും തർക്കവിഷയമായി തുടരുകയാണ്. നൂറിന്റെ കഥയ്ക്ക് നിഗൂഢതയുടെ ഒരു അന്തരീക്ഷം അത് നല്കുന്നുമുണ്ട്.
നൂർ ഇനായത് ഖാന്റെ അന്ത്യം സംഭവിച്ചത് ഡെഹാവു കോൺസെൻട്രേഷൻ ക്യാമ്പിൽ വച്ചാണെന്ന് ചരിത്രരേഖകൾ സ്ഥിരീകരിക്കുമ്പോഴും മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങൾ വേറെയുമുണ്ട്. ചില സ്രോതസ്സുകൾ സൂചിപ്പിക്കുന്നത് നൂറിന്റെ ഒന്നിലധികം തവണ പരാജയപ്പെട്ട രക്ഷപ്പെടൽ ശ്രമങ്ങൾക്ക് ശേഷമാണ് അവർ വധിക്കപ്പെട്ടതെന്നാണ്. വധശിക്ഷയ്ക്ക് മുമ്പ് അവരെ ഏകാന്ത തടവിൽ പാർപ്പിച്ചതായി പറയുന്നു. ഒന്നിലധികം പ്രാവിശ്യം തടവുചാടാൻ നടത്തിയ ശ്രമങ്ങൾക്ക് ശേഷമാണ് അവരെ കനത്ത കാവലിൽ ഏകാന്ത തടവിൽ പാർപ്പിച്ചതെന്ന് ഷർബാനി ബസുവിന്റെ ‘സ്പൈ പ്രിൻസസ്: ദി ലൈഫ് ഓഫ് നൂർ ഇനായത് ഖാൻ’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. രക്ഷപ്പെടാനുള്ള ശ്രമങ്ങളെല്ലാം പാളിപോകുകയും അവരെ ‘വളരെ അപകടകാരി’ യായ ഒരു തടവു പുള്ളിയായി കണക്കാക്കി മിക്ക സമയത്തും ചങ്ങലയിൽ തന്നെ നിർത്തി. ക്രൂരമായ മർദ്ദനത്തിന് ശേഷം വെടിവെച്ചാണ് അവരെ കൊന്നതെന്ന് ചില രേഖകളിൽ കാണുന്നു.

1944 സെപ്തംബർ 13-ന് രാവിലെ, നൂറിനെയും മറ്റ് മൂന്ന് സഹ തടവുവുകാരായ സ്ത്രീകളെയും കൊണ്ട് വന്നു നിലത്തു മുട്ടുകുത്തിച്ചു നിർത്തി. കഴുത്തിനു പുറകിലൂടെ വെടിവച്ചാണ് നൂറിനെ കൊലപ്പെടുത്തിയത്. മരണത്തിന് നിമിഷങ്ങൾക്ക് മുമ്പ്, അടിയേറ്റ നൂർ ഇനായത്ത് ‘സ്വാതന്ത്ര്യം’ എന്നർത്ഥം വരുന്ന ‘ലിബർട്ടെ’ എന്ന് നിലവിളിച്ചു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ചില രേഖകൾ അവരെ തീച്ചൂളയിലേക്ക് എടുത്തിടുമ്പോഴും ജീവനുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെടുമ്പോൾ വെറും മുപ്പത് വയസ്സായിരുന്നു നൂറിന് പ്രായം.
കടുത്ത പീഡനം ഏറ്റു വാങ്ങുമ്പോഴും കാണിച്ച അചഞ്ചലതയും, ധൈര്യവും അന്തേവാസികൾക്കിടയിൽ ഐക്യദാർഢ്യബോധം വളർത്തി. ഡെഹാവു കോൺസെന്റെറേഷൻ ക്യാമ്പിലെ അന്തേവാസിയായിരുന്ന ജീൻ ഓവർട്ടൺ ഫുള്ളർ നൂറിനെ കുറിച്ചുള്ള വിവരണങ്ങൾ തന്റെ ഓർമ്മക്കുറിപ്പുകളിൽ പകർത്തിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും നൂർ പ്രകടിപ്പിച്ച കരുത്ത് അവരുടെ സാന്നിധ്യം കൊണ്ട് എല്ലാവർക്കും പ്രചോദനമായി എന്ന് ഫുള്ളർ സാക്ഷ്യപ്പെടുത്തുന്നു. സഹതടവുകാരിയായ ഹാരിയറ്റ് സ്റ്റാന്റൺ- ലീഫറും, നൂറിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നുണ്ട്. ക്യാമ്പിലെ മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾക്കിടയിൽ മാനവികത നിലനിർത്താൻ പാടുപെടുന്നവർക്ക് നൂറിന്റെ പ്രവർത്തനങ്ങൾ പ്രതീക്ഷയുടെ വെളിച്ചമായെന്ന് ഹാരിയറ്റും പറയുന്നു. നൂർ തന്റെ സഹതടവുകാരിൽ ചെലുത്തിയ അഗാധമായ സ്വാധീനത്തിന് ഹാരിയറ്റിന്റെ ഓർമ്മകൾ അടിവരയിടുന്നുണ്ട്.
അധിനിവേശ പാരീസിൽ വയർലെസ് ഓപ്പറേറ്ററായിരുന്ന കാലത്ത് നൂർ ഇനായത് ഖാന്റെ അസാധാരണമായ ധീരതയ്ക്ക് മിലിട്ടറി ക്രോസ് നൽകി ആദരിച്ചിരുന്നു. പിടിക്കപ്പെടുമെന്ന ഭീഷണി ഉണ്ടായിരുന്നിട്ടും സഖ്യസേനയുമായി ആശയവിനിമയം നടത്താനുള്ള ദൃഢനിശ്ചയം, ലക്ഷ്യത്തോടുള്ള അർപ്പണബോധവും വലിയ നന്മയ്ക്കായി ജീവൻ പോലും പണയപ്പെടുത്താനുള്ള നൂറിന്റെ പ്രതിബദ്ധതയും പ്രകടമാക്കി.

“സ്പൈ പ്രിൻസസ്: ദി ലൈഫ് ഓഫ് നൂർ ഇനായത് ഖാൻ” എന്ന പുസ്തകത്തിൽ ടിപ്പു സുൽത്താനെപ്പോലെ ചെറുത്തുനിൽപ്പിന്റെയും ധൈര്യത്തിന്റെയും പ്രതീകമായി മാറിയ നൂർ ഇനായത് ഖാന്റെ അസാധാരണമായ കഥയാണ് എഴുത്തുകാരി ഷർബാനി ബസു പകർത്തുന്നത്. നൂറിനെ കുറിച്ച് ഇനിയും അറിയാത്തവർക്ക് ഒരു പാഠപുസ്തകം തന്നെയാണ് ബസുവിന്റെ ഈ കൃതി. നൂർ ഇനായത് ഖാന്റെ സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും വിസ്മയിപ്പിക്കുന്ന ധീരതയും അവളുടെ ജീവിതകാലത്തിനപ്പുറം വ്യാപിച്ച ഒരു പാരമ്പര്യം അവൾക്ക് നേടിക്കൊടുത്തു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
യുദ്ധത്തിലെ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള അംഗീകാരമായി നൂർ ഇനായത് ഖാൻ മരണാനന്തരം ജോർജ്ജ് ക്രോസ് നൽകി ആദരിക്കപ്പെട്ടു. ശത്രുക്കളുമായുള്ള നേരിട്ടുള്ള പോരാട്ടത്തിൽ ഉൾപ്പെടാത്ത ധീരതയ്ക്കുള്ള ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നാണിത്. 2012-ൽ ലണ്ടനിലെ ഗോർഡൻ സ്ക്വയറിലെ നൂർ ഇനായത് ഖാൻ സ്മാരകത്തിലൂടെ, അവർക്ക് ലഭിച്ച മെഡലുകൾക്കും ബഹുമതികൾക്കും അപ്പുറം, നൂർ ഇനായത് ഖാന്റെ പാരമ്പര്യം തലമുറകൾക്ക് പ്രചോദനമായി ഇന്നും ജീവിക്കുന്നു. ഈ സ്മാരകം അവരുടെ സംഭാവനകൾക്കും ത്യാഗങ്ങൾക്കും ഒരു ഭൗതിക സാക്ഷ്യമാണ്. രണ്ടാം ലോകമഹായുദ്ധസമയത്തെ ധീരയായ ഒരു ചാരവനിത എന്ന നിലയിൽ അവർ നടത്തിയ ചെറുത്തുനിൽപ്പിന്റെ ശ്രദ്ധേയമായ യാത്രയെകുറിച്ചറിയാൻ ഈ സ്മാരകം സന്ദർശകരെ ക്ഷണിക്കുന്നു.
ചരിത്രത്തിന്റെ മഹത്തായ ആഖ്യാനത്തിൽ, നൂർ ഇനായത് ഖാന്റെ ജീവിതം സങ്കീർണ്ണതകളും അനിശ്ചിതത്വങ്ങളും കൊണ്ട് ഇഴചേർന്ന ഒരു കഥാപാത്രമായി തുടരുകയാണ്. ചരിത്രകാരന്മാർക്കിടയിൽ അത് നിരവധി സംവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. എങ്കിലും ഭാവനയെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന അവരുടെ ധൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും പാരമ്പര്യത്തെ അവ ഒട്ടും കുറയ്ക്കുന്നില്ല. സത്യത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുമ്പോൾ, ചരിത്രമെന്നത് വസ്തുതകളുടെയും വീക്ഷണങ്ങളുടെയും ശാശ്വതമായ ധാരണയുടെയും കൂടിച്ചേരലാണെന്ന് അവ നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു.