നൂറ്റാണ്ടിൻ്റെ കുറ്റകൃത്യം-ഷിക്കാഗോ മർഡർ കേസ്

1924-ലെ ഷിക്കാഗോ. ‘ജാസ് യുഗം’ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട ആ കാലം വൈരുദ്ധ്യങ്ങളുടെയും ആധുനികതയുടെയും, ഒപ്പം സമ്പന്നതയുടെയും ഉള്ളിൽ പുകയുന്ന ഉത്കണ്ഠകളുടെയും കാലമായിരുന്നല്ലോ. നഗരത്തിൻ്റെ പല ഭാഗങ്ങളിലും നിരോധന നിയമത്തിൻ്റെ മറവിൽ കുറ്റകൃത്യങ്ങളും ഗുണ്ടാസംഘങ്ങളുടെ വിളയാട്ടങ്ങളും നടമാടുമ്പോൾ, ഷിക്കാഗോയിലെ കെൻവുഡ് എന്ന സമ്പന്നരുടെ പ്രദേശം ശാന്തവും സുരക്ഷിതവുമായിരുന്നു. വലിയ മാളികകളും, പരിചാരകരും, ഡ്രൈവർമാരുമുള്ള ആളുകൾ വസിച്ചിരുന്ന ആഢ്യത്വം നിറഞ്ഞൊഴുകിയ ഒരിടമായിരുന്നു അവിടം . അവിടെയാണ് ഫ്രാങ്ക്സ്, ലിയോപോൾഡ്, ലോബ് എന്നീ പ്രമുഖ കുടുംബങ്ങൾ താമസിച്ചിരുന്നത്.

1924 മെയ് 22-ന് രാവിലെ, ഇല്ലിനോയി-ഇന്ത്യാന അതിർത്തിക്കടുത്തുള്ള ചതുപ്പുനിലത്തിലെ ഒരു ഓവുചാലിൽ നിന്ന് പതിനാലുകാരനായ ബോബി ഫ്രാങ്ക്സിൻ്റെ മൃതദേഹം ഒരു തൊഴിലാളി കണ്ടെത്തിയപ്പോൾ , ഷിക്കാഗോ നഗരം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു. കൊല്ലപ്പെട്ട ബോബി ഫ്രാങ്ക്സ്, റോക്ക്ഫോർഡ് വാച്ച് കമ്പനിയുടെ മുൻ ഉടമയും സമ്പന്നന്നുമായ ജേക്കബ് ഫ്രാങ്ക്സിൻ്റെ മകനായിരുന്നു. സ്നേഹസമ്പന്നമായ ഒരു കുടുംബത്തിലെ ഇളയ സന്താനം. മെയ് 21, ബുധനാഴ്ച വൈകുന്നേരം, ഹാർവാർഡ് സ്കൂൾ ഫോർ ബോയ്സിൽ ഒരു ബേസ്ബോൾ കളിയുടെ അമ്പയറായി നിന്ന ശേഷം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ബോബിയെ അവസാനമായി കണ്ടത്. അവൻ വീട്ടിലെത്താതിരുന്നപ്പോൾ, മാതാപിതാക്കൾ ആദ്യം കരുതിയത് സുരക്ഷിതമായ ആ അയൽപക്കത്ത് എവിടെയെങ്കിലും കൂട്ടുകാരുമായി കളിക്കുകയായിരിക്കുമെന്നാണ്. എന്നാൽ രാത്രി വൈകിയും കാണാതായതോടെ ആശങ്ക വർദ്ധിച്ചു. അപ്പോഴാണ് ഒരു ഫോൺ കോൾ വരുന്നത്. ജോർജ്ജ് ജോൺസൺ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ, ബോബിയെ തട്ടിക്കൊണ്ടുപോയെന്നും, കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം രാവിലെ അറിയിക്കാമെന്നും പറഞ്ഞു. ആ രാത്രി മുഴുവൻ ഫ്രാങ്ക്സ് കുടുംബം ഭയത്തിലും അനിശ്ചിതത്വത്തിലും കഴിച്ചുകൂട്ടി. എന്നാൽ അടുത്ത പ്രഭാതത്തിൽ, മോചനദ്രവ്യത്തിനായുള്ള നിർദ്ദേശങ്ങൾ ലഭിക്കുന്നതിന് മുമ്പുതന്നെ, ഭയാനകമായ ആ വാർത്തയെത്തി: ബോബിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു.

കണ്ടെത്തുമ്പോൾ ബോബിയുടെ ശരീരം നഗ്നമായിരുന്നു, തലയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു, മുഖത്തും രഹസ്യഭാഗങ്ങളിലും തിരിച്ചറിയാതിരിക്കാനായി ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ചതിൻ്റെ പാടുകളും. ചേലാകർമ്മം ചെയ്യപ്പെട്ടിരുന്നു എന്ന വസ്തുത മറയ്ക്കാനായിരുന്നു ഇത്, അക്കാലത്ത് അമേരിക്കയിൽ യഹൂദരല്ലാത്തവർക്കിടയിൽ ഇത് അസാധാരണമായിരുന്നു. ഈ കണ്ടെത്തലുകൾ ഇതൊരു യാദൃശ്ചികമായ കൊലപാതകമായിരുന്നില്ലെന്നും , മറിച്ച് അതീവ ശ്രദ്ധയോടെ ആസൂത്രണം ചെയ്ത ഒരു ക്രൂരകൃത്യമായിരുന്നു എന്ന നിഗമനത്തിലെക്കത്തി.വാർത്ത കാട്ടുതീ പോലെ പടർന്നു. ‘നൂറ്റാണ്ടിൻ്റെ കുറ്റകൃത്യം’ എന്ന് പത്രങ്ങൾ അതിനെ വിശേഷിപ്പിച്ചു. ഷിക്കാഗോയിലെ പ്രമുഖ പത്രങ്ങളെല്ലാം ഈ വാർത്തയ്ക്ക് പ്രാധാന്യം നൽകി, മാധ്യമങ്ങൾ സംഭവസ്ഥലത്തും ഫ്രാങ്ക്സ് ഭവനത്തിലും തടിച്ചുകൂടി. തുടക്കത്തിൽ, മൃതദേഹം നഗ്നമായി കാണപ്പെട്ടതിനാൽ പോലീസ് ഒരു സ്വവർഗ്ഗാനുരാഗിയെ സംശയിച്ചത് , അക്കാലത്തെ സാമൂഹിക മുൻവിധികളെയും ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെയുമാണ് എടുത്തു കാട്ടുന്നത്. വ്യക്തമായ തെളിവുകളോ കൊലപാതകത്തിൻ്റെ യഥാർത്ഥ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ധാരണയോ ഇല്ലാതിരുന്നതിനാൽ, അന്വേഷണ ഉദ്യോഗസ്ഥർ നിലവിലുണ്ടായിരുന്ന മുൻവിധിയിലേക്ക് തിരിയുകയായിരുന്നു. ഇത് ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലെ ക്രിമിനൽ അന്വേഷണ രീതികളുടെ പരിമിതികളും സാമൂഹിക പക്ഷപാതങ്ങളിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.

അന്വേഷണത്തിലെ നിർണ്ണായക വഴിത്തിരിവായത് മൃതദേഹത്തിനടുത്തുനിന്ന് കണ്ടെത്തിയ ഒരു കണ്ണടയായിരുന്നു. ബോബിയ്ക്ക് കണ്ണട ഉണ്ടായിരുന്നില്ല. പിന്നെ ഈ ഹോൺ-റിംഡ് കണ്ണടയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമമായി. കണ്ണടയുടെ വിജാഗിരിക്ക് (hinge) ഒരു പ്രത്യേകതയുണ്ടായിരുന്നു. ന്യൂയോർക്കിലെ ഒരു കമ്പനി നിർമ്മിച്ച ഈ hinge ഷിക്കാഗോയിൽ വിറ്റിരുന്നത് ആൽമർ കോ & കമ്പനി എന്ന ഒരേയൊരു സ്ഥാപനം മാത്രമാണ്. അവർ അത്തരം മൂന്ന് കണ്ണടകൾ മാത്രമാണ് വിറ്റിരുന്നത്. രണ്ടെണ്ണം ആരുടേതാണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു, മൂന്നാമത്തേത് നഥാൻ ലിയോപോൾഡ് എന്ന യുവ സർവ്വകലാശാലാ വിദ്യാർത്ഥിയുടേതായിരുന്നു.

മെയ് 29-ന് ലിയോപോൾഡിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അയാൾ തികഞ്ഞ ശാന്തതയോടെയാണ് പോലീസിനെ നേരിട്ടത്. ആ പ്രദേശത്ത് താൻ സ്ഥിരമായി പക്ഷിനിരീക്ഷണത്തിന് പോകാറുണ്ടെന്നും, അപ്പോൾ നഷ്ടപ്പെട്ടതാവാം കണ്ണടയെന്നും ലിയോപോൾഡ് മൊഴി നൽകി. തുടക്കത്തിൽ പോലീസിന് അയാളെ സംശയിക്കാൻ തക്ക കാര്യമായ കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കണ്ണട ലിയോപോൾഡിൻ്റേതാണെന്നറിഞ്ഞപ്പോൾ, നിർണ്ണായക തെളിവ് ഒരു നിരപരാധിയിലേക്ക് വിരൽ ചൂണ്ടുന്നതിലുള്ള നിരാശ മിസ്റ്റർ ഫ്രാങ്ക്സ് പ്രകടിപ്പിച്ചു.അതേസമയം, മറ്റൊരു പ്രധാന തെളിവ് ഉയർന്നുവന്നു: മോചനദ്രവ്യത്തിനായുള്ള കത്ത്. ഇത് ടൈപ്പ് ചെയ്തത് ഒരു പ്രത്യേക ടൈപ്പ് റൈറ്ററിലാണെന്നും അതിലെ ചില അക്ഷരങ്ങൾക്ക് (ചെറിയക്ഷരം ‘t’, ‘f’ എന്നിവയ്ക്ക് ) തകരാറുണ്ടെന്നും വിദഗ്ധർ കണ്ടെത്തി. ഷിക്കാഗോ ഡെയ്‌ലി ന്യൂസിലെ റിപ്പോർട്ടർമാരായ ജെയിംസ് മൾറോയിയും ആൽവിൻ ഗോൾഡ്‌സ്റ്റീനും അന്വേഷണം ആരംഭിച്ചു. അവർ ലിയോപോൾഡ് തൻ്റെ പഠന ഗ്രൂപ്പിനായി ടൈപ്പ് ചെയ്ത നോട്ടുകൾ കണ്ടെത്തി. ഈ നോട്ടുകളിലെ അതേ അക്ഷരത്തെറ്റുകൾ മോചനദ്രവ്യ കത്തിലുമുണ്ടായിരുന്നു. മിഷിഗൺ സർവ്വകലാശാലയിലെ ലിയോപോൾഡിൻ്റെ സുഹൃത്തും സഹപാഠിയുമായിരുന്ന റിച്ചാർഡ് ലോബിൻ്റെ പഴയ ഫ്രാറ്റേണിറ്റിയിൽ നിന്ന് മോഷ്ടിച്ച ടൈപ്പ് റൈറ്ററായിരുന്നു അത്.

ലിയോപോൾഡിനെ ചോദ്യം ചെയ്തപ്പോൾ, കൊലപാതകം നടന്ന ദിവസം താൻ തൻ്റെ അടുത്ത സുഹൃത്തായ റിച്ചാർഡ് ലോബിനൊപ്പമായിരുന്നു എന്ന് മൊഴി നൽകി. തങ്ങൾ മദ്യപിച്ചും മറ്റും പുറത്തുപോയിരുന്നു എന്നായിരുന്നു അവരുടെ ആദ്യത്തെ കഥ. ലോബിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ അയാളും ഇതേ കഥ ആവർത്തിച്ചു. എന്നാൽ ലിയോപോൾഡ് കുടുംബത്തിലെ ഡ്രൈവർ നൽകിയ മൊഴി നിർണ്ണായകമായി. കൊലപാതകം നടന്ന ദിവസം ലിയോപോൾഡിൻ്റെ കാർ ഗാരേജിൽ അറ്റകുറ്റപ്പണിയിലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതോടെ അവരുടെ മൊഴി പൊളിഞ്ഞു.കൂടാതെ, ലിയോപോൾഡിൻ്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തിയ ചില കത്തുകൾ, ലിയോപോൾഡും ലോബും തമ്മിൽ തീവ്രമായ, ഒരുപക്ഷേ ലൈംഗിക ബന്ധം സൂചിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അക്കാലത്തെ സാമൂഹിക സാഹചര്യത്തിൽ ഇത് സംശയം വർദ്ധിപ്പിക്കാൻ കാരണമായി.

തെളിവുകൾ (കണ്ണട, ടൈപ്പ് റൈറ്റർ, പൊളിഞ്ഞ മൊഴി) നിരത്തിയപ്പോൾ, ലോബ് ആദ്യം കുറ്റം സമ്മതിച്ചു . ലിയോപോൾഡിനെ ചുറ്റി പോലീസ് വല മുറുക്കുകയാണെന്നും അതിൽ ലോബും കുടുങ്ങുമെന്നും പറഞ്ഞതിനെ തുടർന്നായിരിക്കാം ഇത്. ലോബ് കുറ്റം സമ്മതിച്ചെന്നറിഞ്ഞപ്പോൾ, ആദ്യം പരിഹസിച്ചെങ്കിലും , ലിയോപോൾഡും തൊട്ടുപിന്നാലെ കുറ്റം സമ്മതിച്ചു.കുറ്റസമ്മതത്തോടെ പുറത്തുവന്ന വിവരങ്ങൾ ഷിക്കാഗോയെ മാത്രമല്ല, ലോകത്തെ മുഴുവൻ ഞെട്ടിച്ചു. ഈ ക്രൂരകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവർ സാധാരണ കുറ്റവാളികളായിരുന്നില്ല. മറിച്ച്, കൊല്ലപ്പെട്ട കുട്ടിയുടെ അതേ സാമൂഹിക ചുറ്റുപാടിൽ നിന്നുള്ളവർ, കെൻവുഡിലെ തന്നെ താമസക്കാർ, അതിസമ്പന്നരും അതിബുദ്ധിമാന്മാരുമായ രണ്ട് സർവ്വകലാശാലാ വിദ്യാർത്ഥികൾ – നഥാൻ ലിയോപോൾഡ് ജൂനിയറും റിച്ചാർഡ് ലോബും. ഇരുവരും ഷിക്കാഗോയിലെ അതിസമ്പന്നരും പ്രമുഖരുമായ കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. ലിയോപോൾഡിൻ്റെ പിതാവ് ഒരു പെട്ടി നിർമ്മാണ കമ്പനിയുടെ ഉടമയും , ലോബിൻ്റെ പിതാവ് സിയേഴ്സ് റോബക്ക് കമ്പനിയുടെ വിരമിച്ച വൈസ് പ്രസിഡൻ്റും അഭിഭാഷകനുമായിരുന്നു. ഇരുവരും യഹൂദ പശ്ചാത്തലമുള്ളവരായിരുന്നു, ലോബിൻ്റെ അമ്മ കത്തോലിക്ക വിശ്വാസിയായിരുന്നെങ്കിലും.

അസാമാന്യമായ ബുദ്ധിശക്തിയായിരുന്നു ഇരുവരുടെയും മുഖമുദ്ര. ലിയോപോൾഡ് 18 വയസ്സിൽ ഷിക്കാഗോ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി, നിരവധി ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. അയാൾ പ്രശസ്തനായ ഒരു പക്ഷിശാസ്ത്രജ്ഞൻ കൂടിയായിരുന്നു. ഹാർവാർഡ് ലോ സ്കൂളിൽ പഠനം തുടരാനായിരുന്നു അയാളുടെ പദ്ധതി. ലോബ് ആകട്ടെ , 17 വയസ്സിൽ മിഷിഗൺ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു . നിയമപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു അയാൾ.

എന്നാൽ വ്യക്തിത്വത്തിൽ അവർ തികച്ചും വ്യത്യസ്തരായിരുന്നു. ലോബ് സുന്ദരനും ആകർഷകമായ പെരുമാറ്റമുള്ളവനും സാമൂഹികമായി ഇടപെടുന്നവനും ജനപ്രിയനുമായിരുന്നു. എന്നാൽ കുറ്റകൃത്യങ്ങളോടും ഡിറ്റക്ടീവ് കഥകളോടും ചെറുപ്പം മുതലേ അഭിനിവേശമുണ്ടായിരുന്നു. നേരെമറിച്ച്, ലിയോപോൾഡ് അന്തർമുഖനും ഒറ്റപ്പെട്ടവനും ആയിരുന്നു. പക്ഷിനിരീക്ഷണത്തിലും തത്ത്വചിന്തയിലുമായിരുന്നു അയാൾക്ക് താൽപ്പര്യം, പ്രത്യേകിച്ച് ഫ്രീഡ്രിക്ക് നീഷെയുടെ ആശയങ്ങളിൽ.1920 കളിൽ ൽ ഷിക്കാഗോ സർവ്വകലാശാലയിൽ വെച്ചാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. ഈ സൗഹൃദം തീവ്രവും സങ്കീർണ്ണവും പ്രക്ഷുബ്ധവുമായ ഒന്നായി വളർന്നു. അതൊരു ലൈംഗിക ബന്ധമായി പരിണമിച്ചു, അതിൽ അസൂയയും അധികാര വടംവലികളും സാധാരണമായിരുന്നു. ലിയോപോൾഡിന് ലോബിനോട് തീവ്രമായ വൈകാരിക അടുപ്പമുണ്ടായിരുന്നു, ലോബിൻ്റെ ലൈംഗിക താൽപ്പര്യങ്ങൾക്ക് വഴങ്ങി കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ ലിയോപോൾഡ് തയ്യാറായിരുന്നു.

അവരുടെ കുറ്റകൃത്യത്തിൻ്റെ പ്രേരണ അസാധാരണമായിരുന്നു.കൊലപാതകത്തിൻ്റെ പ്രധാന കാരണം അതിസാഹസികത, ആവേശം, വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം എന്നതൊക്കെയായിരുന്നു. കൊലപാതകം എന്നതിലുപരി, പിടിക്കപ്പെടാതെ രക്ഷപ്പെടുക എന്നതിലായിരുന്നു അവർക്ക് ഹരം.തങ്ങളുടെ അതിബുദ്ധി തെളിയിക്കാനായി ഒരു ‘തികഞ്ഞ കുറ്റകൃത്യം’ ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള അഭിനിവേശം കൂടി അതിന് പിന്നിൽ ഉണ്ടായിരുന്നു ലിയോപോൾഡിൻ്റെ നീഷെയുടെ ‘അതിമാനുഷൻ’ എന്ന ആശയത്തോടുള്ള ആഭിമുഖ്യം അതായത് സാധാരണ നിയമങ്ങളും ധാർമ്മികതയും തങ്ങളെപ്പോലുള്ള ഉന്നത വ്യക്തികൾക്ക് ബാധകമല്ലെന്നായിരുന്നു അയാളുടെ വ്യാഖ്യാനം.കുറ്റകൃത്യത്തെ, കൊലപാതകത്തെപ്പോലും, ഒരു ബൗദ്ധിക വ്യായാമമായി അവർ കണ്ടു.1923-ൻ്റെ അവസാനത്തോടെ തുടങ്ങി 1924 മെയ് വരെ, ഏഴു മാസത്തോളം അവർ തങ്ങളുടെ ‘പദ്ധതി അതീവ ശ്രദ്ധയോടെ ആസൂത്രണം ചെയ്തു. വ്യാജ ഐഡൻ്റിറ്റികൾ ഉണ്ടാക്കി, മോചനദ്രവ്യം ആവശ്യപ്പെടാനും അത് സങ്കീർണ്ണമായ നിർദ്ദേശങ്ങളിലൂടെ കൈപ്പറ്റാനും പദ്ധതിയിട്ടു. ഇരയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചു: തങ്ങളുടെ അയൽപക്കത്തുള്ള സമ്പന്ന കുടുംബത്തിലെ ഒരു ആൺകുട്ടി, എളുപ്പത്തിൽ കീഴടക്കാൻ കഴിയുന്നവൻ. ദൌർഭാഗ്യവശാൽ ബോബി ഫ്രാങ്കിനായിരുന്നു ആ നറുക്കു വീണത് . കുറ്റകൃത്യത്തിനായി അവർ ഒരു വിൽസ്-നൈറ്റ് കാർ വാടകയ്ക്കെടുത്തു.

മെയ് 21, 1924-ന് വൈകുന്നേരം 5 മണിയോടെ, വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ബോബി ഫ്രാങ്ക്സിനെ അവർ കണ്ടു. ഒരു ടെന്നീസ് റാക്കറ്റിനെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ലോബ്, ബോബിയെ കാറിലേക്ക് ക്ഷണിച്ചു, . കാറിനുള്ളിൽ വെച്ച്, ബോബിയുടെ തലയിൽ ടേപ്പ് ചുറ്റിയ ഒരു ഉളികൊണ്ട് പലതവണ അടിച്ചു. വായിൽ തുണി തിരുകി. അടിയേറ്റതിൻ്റെയും ശ്വാസം മുട്ടിയതിൻ്റെയും ഫലമായി ബോബി പെട്ടെന്ന് മരിച്ചു. ആരാണ് മാരകമായ പ്രഹരമേൽപ്പിച്ചത് എന്ന കാര്യത്തിൽ ലിയോപോൾഡും ലോബും പരസ്പരം പഴിചാരി. എന്നാൽ പൊതുവായ നിഗമനവും കൂടുതൽ തെളിവുകളും സൂചിപ്പിക്കുന്നത്, ലിയോപോൾഡ് കാറോടിക്കുമ്പോൾ പിൻസീറ്റിലിരുന്ന ലോബാണ് കൊല നടത്തിയതെന്നാണ്.

കൃത്യനിർവ്വഹണത്തിന് ശേഷം മൃതദേഹം കാറിൻ്റെ തറയിൽ ഒളിപ്പിച്ച് അവർ യാത്ര തുടർന്നു. രാത്രിയാകാൻ കാത്തിരിക്കുന്നതിനിടയിൽ സാൻഡ്‌വിച്ചും റൂട്ട് ബിയറും കഴിക്കാൻ നിർത്തി. പിന്നീട് മൃതദേഹം വുൾഫ് തടാകത്തിനടുത്തുള്ള ഓവുചാലിൽ കൊണ്ടുപോയി നഗ്നമാക്കി, തിരിച്ചറിയാതിരിക്കാൻ ആസിഡ് ഒഴിച്ച് ഒളിപ്പിച്ചു. തുടർന്ന് മുൻകൂട്ടി തയ്യാറാക്കിയ മോചനദ്രവ്യ കത്ത് തപാലിലിടുകയും ഫ്രാങ്ക്സ് കുടുംബത്തെ ഫോണിൽ വിളിച്ച് തട്ടിക്കൊണ്ടുപോയെന്ന് അറിയിക്കുകയും ചെയ്തു.’തികഞ്ഞ കുറ്റകൃത്യം’ എന്ന അവരുടെ അഹങ്കാരം തകർന്നത് അപ്രതീക്ഷിതവും സാധാരണവുമായ കാര്യങ്ങളിലൂടെയായിരുന്നു: താഴെ വീണുപോയ ഒരു കണ്ണട, ഒരു ഡ്രൈവറുടെ സത്യസന്ധമായ മൊഴി. ഈ കേസ് തെളിയിച്ചത് പോലീസിൻ്റെയും, ഫോറൻസിക് വിദഗ്ദ്ധരുടെയും, അന്വേഷണാത്മക പത്രപ്രവർത്തനത്തിൻ്റെയും സംയുക്ത ശ്രമമായിരുന്നു.

ലിയോപോൾഡും ലോബും കുറ്റം സമ്മതിച്ചതോടെ, കേസ് രാജ്യവ്യാപകമായി വലിയ കോളിളക്കമുണ്ടാക്കി. മാധ്യമങ്ങൾ ഓരോ ചെറിയ വിവരവും ആഘോഷിച്ചു, പലപ്പോഴും ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചു. പൊതുജനാഭിപ്രായം അവർക്കെതിരെ തിരിഞ്ഞു, വധശിക്ഷ നൽകണമെന്ന ആവശ്യം ശക്തമായി.ഈ ഘട്ടത്തിലാണ് പ്രതിഭാഗത്തിനായി ക്ലാറെൻസ് ഡാരോ എന്ന അതിപ്രശസ്തനായ അഭിഭാഷകൻ എത്തുന്നത്. വധശിക്ഷയുടെ കടുത്ത എതിരാളിയായി അറിയപ്പെട്ടിരുന്ന ഡാരോയെ ലിയോപോൾഡിൻ്റെയും ലോബിൻ്റെയും സമ്പന്ന കുടുംബങ്ങൾ കേസ് ഏൽപ്പിച്ചു. ഡാരോയുടെ ലക്ഷ്യം അവരെ കുറ്റവിമുക്തരാക്കുക എന്നതായിരുന്നില്ല, മറിച്ച് വധശിക്ഷയിൽ നിന്ന് രക്ഷിക്കുക എന്നതായിരുന്നു.

ഡാരോ തന്ത്രപരമായ ഒരു നീക്കം നടത്തി. ജൂലൈ 21, 1924-ന്, കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും ലിയോപോൾഡും ലോബും കുറ്റം സമ്മതിക്കുന്നതായി അദ്ദേഹം കോടതിയെ അറിയിച്ചു. പൊതുജനരോഷം കാരണം ജൂറി വിചാരണ തങ്ങൾക്ക് പ്രതികൂലമാകുമെന്ന് ഭയന്നാണ് ഈ തീരുമാനമെടുത്തതെന്ന് ഡാരോ പിന്നീട് സമ്മതിച്ചു. ഈ നീക്കത്തോടെ കേസ് ജൂറിയുടെ മുന്നിൽ നിന്ന് മാറി, ശിക്ഷ വിധിക്കാനുള്ള പൂർണ്ണ അധികാരം ജഡ്ജി ജോൺ ആർ. കാവെർലിയുടെ കൈകളിലെത്തി. അതോടെ വിചാരണ, 33 ദിവസം നീണ്ടുനിന്ന ശിക്ഷാ ഹിയറിംഗായി മാറി. പ്രതിഭാഗം വാദിച്ചത് ശിക്ഷയിൽ ഇളവ് നൽകണമെന്നായിരുന്നു .

ഡാരോ നിരവധി കാര്യങ്ങൾ കോടതിക്ക് മുമ്പിൽ വച്ചു. പ്രതികളുടെ പ്രായം (18, 19 വയസ്സ്) ഒരു പ്രധാന ഘടകമായി ഉയർത്തിക്കാട്ടി.പ്രമുഖരായ മനശാസ്ത്രജ്ഞരുടെയും സൈക്യാട്രിസ്റ്റുകളുടെയും മൊഴികൾ ഹാജരാക്കി. പ്രതികൾക്ക് മാനസികവും വൈകാരികവുമായ വൈകല്യങ്ങളുണ്ടെന്നും, അവരുടെ വളർന്നുവന്ന സാഹചര്യങ്ങൾ, അഭിനിവേശങ്ങൾ, വിഷലിപ്തമായ ബന്ധം എന്നിവ അവരുടെ ഉത്തരവാദിത്തം കുറയ്ക്കുന്നുവെന്നും അയാൾ വാദിച്ചു. വധശിക്ഷ പ്രാകൃതവും, ഫലപ്രദമല്ലാത്തതും, പ്രതികാരത്തിലൂന്നിയതുമാണെന്ന നിലപാടും ഡാരോ ഇവിടെ ആവർത്തിച്ചു.ഡാരോയുടെ 12 മണിക്കൂറോളം നീണ്ട അന്തിമവാദം , വധശിക്ഷയ്ക്കെതിരായുള്ള ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രസംഗങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത് . യുക്തി, പുരോഗതി, ദയ എന്നിവയിൽ ഊന്നി താൻ ഭാവിക്കുവേണ്ടിയാണ് വാദിക്കുന്നത്…” എന്നയാൾ പ്രഖ്യാപിച്ചു.അതേസമയം, സ്റ്റേറ്റ്സ് അറ്റോർണി റോബർട്ട് ഇ. ക്രോ, പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്ന് ശക്തമായി വാദിച്ചു.

സെപ്റ്റംബർ 10, 1924-ന് ജഡ്ജി ജോൺ ആർ. കാവെർലി വിധി പ്രസ്താവിച്ചു. ലിയോപോൾഡിനും ലോബിനും കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകലിന് 99 വർഷം അധിക തടവും വിധിച്ചു. തൻ്റെ തീരുമാനത്തിന് കാരണം പ്രതികളുടെ പ്രായമാണെന്നും, മനശാസ്ത്രപരമായ തെളിവുകൾ അതിനെ സ്വാധീനിച്ചില്ലെന്നും ജഡ്ജി എടുത്തുപറഞ്ഞു. ഈ വിധി പൊതുജനങ്ങളിൽ വലിയ പ്രതിഷേധമുണ്ടാക്കി, അവരുടെ സമ്പത്താണ് അവരെ വധശിക്ഷയിൽ നിന്ന് രക്ഷിച്ചതെന്ന് പലരും വിശ്വസിച്ചു.ഈ വിചാരണ വധശിക്ഷയെക്കുറിച്ചും കുറ്റകൃത്യങ്ങളെ മനസ്സിലാക്കുന്നതിൽ മനശാസ്ത്രത്തിൻ്റെ പങ്കിനെക്കുറിച്ചുമുള്ള വലിയ പൊതു സംവാദത്തിന് വേദിയായി.

ലിയോപോൾഡിനെയും ലോബിനെയും ആദ്യം ജോലിയറ്റ് സ്റ്റേറ്റ് പെനിറ്റൻഷ്യറിയിലേക്കും പിന്നീട് സ്റ്റേറ്റ്സ്‌വില്ലിലേക്കും മാറ്റി. 1936 ജനുവരി 28-ന്, തൻ്റെ 30-ആം വയസ്സിൽ, ജയിലിലെ കുളിമുറിയിൽ വെച്ച് ജെയിംസ് ഡേ എന്ന സഹതടവുകാരനാൽ ലോബ് അതിക്രൂരമായി കൊല്ലപ്പെട്ടു. ഡേ ഒരു റേസർ ഉപയോഗിച്ച് ലോബിനെ 56 തവണയോളം കീറി മുറിവേൽപ്പിച്ചു . ലോബ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വയം രക്ഷയ്ക്കായാണ് കൊല നടത്തിയതെന്ന് ഡേ വാദിച്ചു. ഡേ ഈ കേസിൽ ശിക്ഷിക്കപ്പെട്ടില്ല. ലോബിൻ്റെ മരണം ലിയോപോൾഡിനെ മാനസികമായി തളർത്തി.

ലോബിൻ്റെ അന്ത്യത്തിൽ നിന്ന് വ്യത്യസ്തമായി, ലിയോപോൾഡ് 33 വർഷത്തിലധികം ജയിലിൽ കഴിഞ്ഞു. കാലക്രമേണ അയാൾ ഒരു “മാതൃകാ തടവുകാരനായി” മാറി. ജയിലിൽ അദ്ദേഹം സജീവമായിരുന്നു: ജയിൽ ലൈബ്രറിയും സ്കൂളും പുനഃസംഘടിപ്പിച്ചു , സഹതടവുകാരെ പഠിപ്പിച്ചു , നിരവധി ഭാഷകൾ പഠിച്ചു , ജയിൽ ആശുപത്രിയിൽ എക്സ്-റേ ടെക്നീഷ്യനായി ജോലി ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് അപകടകരമായ മലേറിയ ഗവേഷണ പരീക്ഷണങ്ങൾക്ക് സ്വയം സന്നദ്ധനായി.

ഒടുവിൽ 1958 മാർച്ചിൽ ലിയോപോൾഡിന് പരോൾ ലഭിച്ചു. അദ്ദേഹം പ്യൂർട്ടോ റിക്കോയിലേക്ക് പോയി. അവിടെ ചർച്ച് ഓഫ് ബ്രദറൻ എന്ന ക്രിസ്ത്യൻ സേവന സംഘടനയുടെ ആശുപത്രിയിൽ ജോലി ചെയ്തു. പിന്നീട് സാൻ ഹവാനിലേക്ക് മാറി. പ്യൂർട്ടോ റിക്കോ സർവ്വകലാശാലയിൽ കണക്ക് പഠിപ്പിച്ചു , സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടി. ആരോഗ്യ വകുപ്പിലും കുഷ്ഠരോഗ ഗവേഷണത്തിലും ആശുപത്രിയിലും ജോലി ചെയ്തു. 1961-ൽ ട്രൂഡി ഫെൽഡ്മാൻ ഗാർഷ്യ ഡി ക്യുവാഡ എന്ന വിധവയെ വിവാഹം കഴിച്ചു. പ്യൂർട്ടോ റിക്കോയിലെ പക്ഷികളെക്കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. തൻ്റെ കുറ്റകൃത്യത്തിൽ ഖേദം പ്രകടിപ്പിച്ച അയാൾ , മറ്റുള്ളവരെ സഹായിക്കുക എന്നതാണ് എൻ്റെ പ്രധാന ഹോബി എന്ന് പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.

1971 ഓഗസ്റ്റ് 29/30 തീയതികളിൽ, പ്രമേഹ സംബന്ധമായ ഹൃദയാഘാതത്തെ തുടർന്ന് ലിയോപോൾഡ് തൻ്റെ 66-ആം വയസ്സിൽ പ്യൂർട്ടോ റിക്കോയിൽ വെച്ച് അന്തരിച്ചു. തൻ്റെ ശരീരം വൈദ്യശാസ്ത്ര ഗവേഷണങ്ങൾക്കായി പ്യൂർട്ടോ റിക്കോ സർവ്വകലാശാലയ്ക്ക് ദാനം ചെയ്തു.എന്തുകൊണ്ട് അവർ ഈ കുറ്റകൃത്യം ചെയ്തു എന്ന കാതലായ ചോദ്യം ഇന്നും അവശേഷിക്കുന്നു. അത് കേവലം ഒരു ഹരമായിരുന്നോ? അവരുടെ സവിശേഷമായ മാനസിക ഘടനയുടെയും ബന്ധത്തിൻ്റെയും ഫലമായിരുന്നോ? തെറ്റായി വ്യാഖ്യാനിക്കപ്പെട്ട തത്വശാസ്ത്രത്തിൻ്റെ സ്വാധീനമായിരുന്നോ? അതോ അവരുടെ പ്രത്യേക പരിഗണന ലഭിച്ച, എന്നാൽ ഒരുപക്ഷേ ദോഷകരമായ വളർത്തൽ രീതികളുടെ അനന്തരഫലമായിരുന്നോ?. അത്തരം പ്രേരണകളെ പൂർണ്ണമായി മനസ്സിലാക്കുക എന്നത് ദുഷ്കരമാണ്.

സമ്പത്തും പദവിയും ഈ കേസിൽ വഹിച്ച പങ്ക് എന്താണ്? അത് കുറ്റകൃത്യം ചെയ്യാൻ അവരെ പ്രേരിപ്പിച്ചോ? അവസാനം, വധശിക്ഷയിൽ നിന്ന് അവരെ രക്ഷിച്ചത് അവരുടെ പണമാണോ?.ബുദ്ധിപരമായ ഔന്നത്യത്തിൻ്റെയോ സാമൂഹിക പദവിയുടെയോ തിളക്കമാർന്ന പുറംചട്ടകളിൽ പതിയിരിക്കാൻ സാധ്യതയുള്ള തിന്മയുടെ ഭീതിദമായ സാധ്യതകളെക്കുറിച്ചാണ് ലിയോപോൾഡിൻ്റെയും ലോബിൻ്റെയും കഥ നമ്മെ ഓർമ്മിപ്പിക്കുന്നത് . നമുക്കു ചുറ്റും ഇത്തരക്കാർ ഉണ്ട് . കൃത്യമായി ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും ഈ സംഭവം ബാക്കി വയ്ക്കുന്നുണ്ട്. ലിയോപോൾഡിൻ്റെയും ലോബിൻ്റെയും മനശാസ്ത്രപരമായ പ്രഹേളികയ്ക്ക് കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിയാത്തത് തന്നെയാണ് അതിലെ പ്രധാനപ്പെട്ടത്.