ബൻഗർവാടിയും ഖസാക്കിന്റെ ഇതിഹാസവും

തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ നിന്നുകൊണ്ട് മാത്രം കഥപറയുന്ന നിരവധി നോവലുകൾ മലയാളത്തിൽ കണ്ടെത്താൻ കഴിഞ്ഞേക്കും.എന്നാൽ മലയാളത്തെ അപേക്ഷിച്ചു ഇത്തരം പ്രമേയങ്ങൾ കൂടുതലും മറ്റു ഭാരതീയ ഭാഷകളിലാണ് കണ്ടിട്ടുള്ളത്. അത്തരമൊരു നോവലാണ് വെങ്കടേശ് മാട്ഗുഴ്ക്കറുടെ ബൻഗർവാടി എന്ന പുസ്തകം. ഒരു മറാത്തി വാരികയുടെ ദീപാവലി വിശേഷാൽ പതിപ്പിൽ 1954ൽ ആദ്യമായി അത് വെളിച്ചം കണ്ടു. ഒരു വർഷത്തിനുശേഷം അത് പുസ്തകമായി ഇറങ്ങുകയും ചെയ്തു. 1935 മുതൽ പരിചിതമായിരുന്ന മറാത്തി നോവലുകളിൽ നിന്നും തികച്ചും വ്യത്യസ്തസ്വഭാവമുള്ള കൃതി എന്ന് നിരൂപകർ ഈ പുസ്തകത്തെ വിശേഷിപ്പിക്കുകയുണ്ടായി.

മലനിരകൾക്കും ചുവന്ന ബജ്റ വയലുകൾക്കും നടുക്ക് പത്തു മുപ്പത്തിയഞ്ചു വീടുകൾ കൂനിപ്പിടിച്ചിരിക്കുന്നതാണ് ബൻഗർവാടി എന്ന ഗ്രാമം.അവിടേക്കു എത്തിപ്പെടുന്ന രാജാറാം എന്ന യുവാവിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഗ്രാമത്തിലെ മിക്കവരും ആടുമേയ്ക്കുന്നവരാണ്. അപരിഷ്‌കൃതരായ ആ ജനതയ്ക്ക് വേണ്ടി സർക്കാർ അനുവദിച്ച ഒരു ഏകാധ്യാപക വിദ്യാലയത്തിലേക്ക് അധ്യാപക ജോലിക്കായാണ് രാജ്‌റാം അവിടേക്കു എത്തിപ്പെടുന്നത്. സ്വന്തം പരിശ്രമം കൊണ്ട് നാട്ടുകാരെ കൂടെ ചേർത്ത് അവിട ഒരു കളരി സംഘടിപ്പിക്കുന്നുണ്ടയാൾ. അവിടെ നടക്കുന്ന നിരവധി സംഭവൾക്കു അയാൾ സാക്ഷിയാകുകയും, ചില സന്ദർഭങ്ങളിൽ നിർബന്ധപൂർവ്വം അതിലേക്കു വലിച്ചിടപ്പെടുകയും ചെയ്യുന്നുണ്ട്. ചിലരുടെ പ്രവർത്തികൾ ഗ്രാമത്തെ മുഴുവൻ മുൾമുനയിൽ നിർത്തുന്നുമുണ്ട്.

ഗ്രാമീണ സ്ത്രീ കഥാപാത്രങ്ങളുടെ സ്വഭാവ വിശേഷങ്ങളെ വളരെ കൃത്യമായി നോവലിൽ അടയാളപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.കാളയ്ക്ക് പകരം സ്വന്തം ചുമലിൽ നുകം താങ്ങിയെടുത്ത ഗെക്കുവിന്റെ ഭാര്യ അത്തരമൊരു കഥാപാത്രമാണ്.സങ്കീർണ്ണമായ ജീവിതത്തിൽ ഒരു പുതിയ പെണ്ണ്‌ കയറിവരുമ്പോൾ സംഭവിച്ചേക്കാവുന്ന അന്തച്ഛിദ്രങ്ങൾ ഗെക്കുവിന്റെ കഥയിലൂടെ നമുക്കു മുന്നിലെത്തുന്നുണ്ട്.

കഥാപാത്രങ്ങളിലെ ഗ്രാമീണ നിഷ്കളങ്കത എടുത്തുപറയേണ്ടതാണ്. പരദേശിയുടെ മണ്ണവകാശപ്പെടുത്തിയാൽ തന്റെ മേൽ പാപം വീഴുമെന്നു വിശ്വസിക്കുന്ന ഗ്രാമീണരാണ് ഏറെയും അവിടെയുള്ളത്. എങ്കിൽ കൂടിയും ദാദു എന്ന ഏഷണിക്കാരനും, മതത്തിന്റെയും വിശ്വാസത്തിന്റെയും പുറത്തു മുട്ടുമടക്കേണ്ടി വരുന്ന കഥാപാത്രങ്ങളെയും നമുക്കിതിൽ കാണാൻ കഴിയും. ചുരുക്കി പറഞ്ഞാൽ നാഗരികത എത്തിപ്പെടാത്ത ഒരു ഇന്ത്യൻ ഗ്രാമത്തിന്റെ പരിച്ഛേദമാണ് ബൻഗർവാടി. കൃഷിയെ മുരടിപ്പിക്കുന്ന കടുത്ത വരൾച്ചയും, ദാരിദ്ര്യവും, രോഗവും അതിജീവനത്തിന്റെ നെട്ടോട്ടവുമൊക്കെയായി നോവൽ പിന്നെയും മുന്നോട്ട് പോകുകയാണ്.

ഓ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ ബൻഗർവാടിയെന്ന ഈ നോവലിന്റെ അനുകരണമാണെന്നുള്ള ഒരു വിവാദം മുന്പുണ്ടായിരുന്നു. എന്നാൽ അത്തരം അവകാശവാദങ്ങൾ തീർത്തും പൊള്ളയാണെന്ന് പറയേണ്ടി വരും. ഒരുപക്ഷെ ഏകാധ്യാപക വിദ്യാലയവും അതിനെ ചുറ്റിപ്പറ്റിയുള്ള ആളുകളും ഏതെങ്കിലും തരത്തിൽ വിജയനെ സ്വാധീനിച്ചിട്ടുണ്ടാകാം എന്നല്ലാതെ കോപ്പിയടി എന്നൊക്കെ പറയുന്നത് തികച്ചും ബാലിശമാണെന്നു പറയേണ്ടിയിരിക്കുന്നു. രണ്ടു നോവലുകളും മനസ്സിരുത്തി ഒന്ന് വായിച്ചാൽ തീരാവുന്ന സംശയങ്ങളെ ഈ വിവാദങ്ങൾക്കുള്ളൂ.

1958 ൽ ബൻഗർവാടിയുടെ ഇംഗ്ലീഷ് വിവർത്തനം പുറത്തിറങ്ങി. മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് ബാബുവാണ്. ഈ വിവർത്തകനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്