
ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ ഡിസ്രേലി 1837 ൽ ലോർഡ് ബീക്കൺസ് ഫീൽഡ് എന്ന തൂലികാ നാമത്തിൽ എഴുതിയ നോവലാണ് ഹെൻറിറ്റ ടെംപിൾ. ചന്തുമേനോന്റെ ഇന്ദുലേഖയിൽ പരാമർശവിഷയമായ നോവലാണിത്.അതുകൊണ്ടു തന്നെ ഈ നോവൽ പലപ്പോഴും ചർച്ചാവിഷയമായിരുന്നു.അതിനു പിന്നിലെ കഥ വിശദമായി പുസ്തകത്തിന്റെ അവതാരികയിൽ ശ്രീ എം എം ബഷീർ വിവരിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ മലയാള വിവർത്തകയായ ശോഭ നമ്പൂതിരിപ്പാട് എങ്ങനെ ഇതിലേക്കെത്തപ്പെട്ടുവെന്നും വിവർത്തനസമയത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും അദ്ദേഹം പറയുന്നുണ്ട്. അവരുടെ വിവർത്തനം കണ്ടിട്ടാകണം പരിഭാഷ സർഗ്ഗ പ്രക്രിയക്ക് സമാനമാണ് അദ്ദേഹം ഇവിടെ അഭിപ്രായപ്പെട്ടിട്ടുള്ളത്. നോവൽ പുറത്തിറങ്ങിയിട്ടു 128 വർഷങ്ങൾക്കു ശേഷമാണ് ഹെൻറിറ്റ ടെംപിൾ എന്ന നോവലിന് മലയാളത്തിൽ ഒരു വിവർത്തനം വരുന്നത്. ബെഞ്ചമിൻ ഡിസ്രേലിയുടെ ആത്മകഥാംശമുള്ള ഒരു നോവൽ കൂടിയാണിത്.
ഒരു കുലീന കത്തോലിക്കാ കുടുംബത്തിൽ പിറന്നയാളാണ് ഫെർഡിനാൻഡ് ആർമിൻ. തന്റെ പൂർവികരുടെ ജീവിതശൈലി കാരണം ഇപ്പോൾ അവരുടെ കുടുംബം കടക്കെണിയിൽപെട്ടുകിടക്കുകയാണ്. ഫെർഡിനാൻഡ് തന്റെ മാതൃപിതാവായ ലോർഡ് ഗ്രാൻഡിസനു ഏറെ പ്രിയപ്പെട്ടവനാണ് . അതുകൊണ്ടു തന്നെ അദ്ദേത്തിന്റെ കാലശേഷം ഗ്രാൻഡിസന്റെ എസ്റ്റേറ്റ് അവകാശം തനിക്കു തന്നെ വന്നു ചേരുമെന്ന് മറ്റുള്ളവരെ പോലെ തന്നെ ഫെർഡിനാൻഡും കരുതിപോന്നു.വമ്പിച്ച സ്വത്തു കൈവരും എന്ന പ്രതീക്ഷയിൽ അതിരുവിട്ട ജീവിതശൈലി നയിക്കുന്ന ഫെർഡിനാൻഡ് വലിയ കടങ്ങൾ വാങ്ങികൂട്ടുന്നു. എന്നാൽ പ്രതീക്ഷിച്ചതിൽ നിന്നും വിഭിന്നമായി ഗ്രാൻഡിസൺ മരണ ശേഷം സ്വത്തുക്കളെല്ലാം അദ്ദേഹത്തിന്റെ ചെറുമകൾ കാതറിന് വന്നു ചേരുകയാണ്. ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തിയ ഫെർഡിനാൻഡ് തന്റെ കടം വീട്ടാനുള്ള ഏക പോംവഴി തന്റെ ബന്ധുവായ കാതറിനെ വിവാഹം കഴിക്കുകയാണെന്ന് മനസ്സിലാക്കുകയും അവളോട് തന്റെ വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്യുന്നു. അത്തരമൊരു അസുഖകരമായ മാനസികാവസ്ഥയിൽ അലയുന്ന ഫെർഡിനാൻഡ് തൊട്ടടുത്ത എസ്റ്റേറ്റിലെ വാടകക്കാരായ ഹെൻറിറ്റ ടെമ്പിളിനെയും അവളുടെ പിതാവിനെയും കണ്ടുമുട്ടുന്നു. ഫെർഡിനാൻഡും ഹെൻറിറ്റയും തൽക്ഷണം പ്രണയത്തിലാകുകയും വിവാഹഉടമ്പടി രഹസ്യമായി നടത്തുകയും ചെയ്യുന്നു. കാതറിനുമായുള്ള വിവാഹനിശ്ചയം അവസാനിപ്പിക്കണമെന്ന് കരുതി കാര്യങ്ങൾ മുന്നോട്ടു നീങ്ങവേ അവിടം സംങ്കീർണ്ണമാക്കിക്കൊണ്ടു നിരവധി സംഭവ പരമ്പരകൾ അരങ്ങേറുകയാണ്.
പുസ്തകം അതിന്റെ രചനകാലഘട്ടത്തെ സാമൂഹികാവസ്ഥകളെയും, നടപ്പുരീതികളെയും കുറിച്ച് മനസ്സിലാക്കാൻ വായനക്കാരെ സഹായിക്കും. പൊതുവേ രാഷ്ട്രീയവിഷയങ്ങൾ കടന്നു വരാറുള്ള ഡിസ്രേലിയുടെ രചനകളിൽ നിന്നും വ്യത്യസ്തമായി ഒരു പ്രണയകഥയാണ് ഹെൻറിറ്റ ടെംപിളിൽ പറയാൻ ശ്രമിച്ചിട്ടുള്ളത്.
നോവൽ പ്രസിദ്ധീകൃതമായപ്പോൾ മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചത്. കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഈ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് ശോഭ നമ്പൂതിരിപ്പാടാണ്. വില 450 രൂപ.