
വിയോഗങ്ങളെ എങ്ങനെ അഭിമുഖീകരിക്കുകയും വിശദീകരിക്കുകയും എന്നൊന്നും യാതൊരു ധാരണയുമില്ലാത്ത ആളുകൾ അത്തരം പ്രതിസന്ധികളെ എങ്ങനെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറയാൻ കഴിയില്ല.. എന്തായിരിക്കും അവരുടെ മനസ്സിൽ അപ്പോളെന്ന് പ്രവചിക്കാൻ കഴിയുക അസാധ്യം. ഒറ്റ വാക്കിൽ ആദരാഞ്ജലികളിൽ ഒതുക്കുകയോ ചിലപ്പോൾ മരണപ്പെട്ടവരുമായി മുമ്പുണ്ടായിരുന്ന ഓർമ്മകളിൽ മുങ്ങാംകുഴിയിടുകയോ ചെയ്യാം. ഇന്നസെന്റിനെകുറിച്ച് പറയുമ്പോൾ സമൃദ്ധമായ ഓർമ്മകൾ കൂടുതലും സിനിമയുമായി ബന്ധപ്പെട്ടായിരിക്കും .. ഇരിഞ്ഞാലക്കുടക്കാർക്ക് ഇന്നസെന്റിനെ മാറ്റി നിർത്തി ഒരു ചരിത്രമെഴുത്ത് അസാധ്യമാണെന്ന് തോന്നുന്നു. രാഷ്ട്രീയത്തിലായാലും, സിനിമയുടെ കാര്യമെടുത്തായാലും അഭിമാനിക്കാനുള്ള പലവകകാരണങ്ങളുണ്ടായിരുന്നു ഞങ്ങൾ ഇരിഞ്ഞാലക്കുടക്കാർക്ക് .‘പാർപ്പിടം’ എന്നായിരുന്നു ഇന്നസെന്റിന്റെ വീടിന്റെ പേര്. പലരുടെയും ‘നിങ്ങളുടെ വീടെവിടെയാ ‘എന്ന ചോദ്യത്തിന് ഇരിഞ്ഞാലക്കുടക്കടുത്ത് എന്നു മറുപടി പറയുമ്പോൾ ഉടനെ വരുന്ന അടുത്ത ചോദ്യം ‘നമ്മുടെ ഇന്നസെന്റിന്റെ വീടിനടുത്താണോ’ എന്നാണ്.. പതിയെ പതിയെ ‘ടോവിനോയുടെ വീടിനടുത്താണോ’ എന്നതിലേക്ക് ആ മറുചോദ്യം ഇപ്പോൾ പരിണമിച്ചിട്ടുണ്ട്. കൈരളി ടിവിയിലാണെന്ന് തോന്നുന്നു ഇന്നസെന്റിന്റെ എപ്പിസോഡുകൾ നീണ്ട ഒരു പരിപാടിയുണ്ടായിരുന്നു. സ്വന്തം ജീവിതത്തെയും അനുഭവങ്ങളെയും കുറിച്ചുള്ള ഏതോ ഒരു പരിപാടിയായയിരുന്നു അത്. കഥകൾ പറഞ്ഞു പറഞ്ഞു അദ്ദേഹം കിഴുത്താണിയിലുള്ള ഞങ്ങളുടെ വീടിന്റെ അടുത്തുവരെ എത്തിയിട്ടുണ്ട്. അന്ന് പറഞ്ഞ കഥയിലെ ഒരു വിശേഷ കഥാപാത്രത്തെ ശരിക്കും പിടികിട്ടാത്തതുകൊണ്ടു ആ പ്രദേശം മുഴുവൻ ആ വ്യക്തിയെ തിരക്കി നിരവധി അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട് ചിലർ .ഒടുവിൽ ആളെ പിടികിട്ടിയോ എന്നറിഞ്ഞുകൂടാ. അഥവാ പിടികിട്ടിയാലും പുറത്തു പറയാനും സാധ്യതയില്ല. നുറുങ്ങുസംഭവങ്ങളെ പോലും സൂക്ഷ്മമായി ഓർത്തിരിക്കാനും അത് നർമ്മത്തിൽ കൂടി കഥ പറയാനുള്ള ഒരു അസാദ്ധ്യ കഴിവുണ്ടായിരുന്നു ഇന്നസെന്റിന്. പറഞ്ഞ കഥകളിൽ എത്രത്തോളം വാസ്തവമുണ്ടായിരുന്നു എന്ന് ഒരു സംശയവും തോന്നിപ്പിക്കാത്ത വിധത്തിലായിരുന്നു ഓരോ കഥപറച്ചിലും. ചില സമയത്ത് അതിലെ കഥാപാത്രങ്ങൾ നമ്മുക്ക് ചുറ്റിലുമുള്ള ,നമുക്കറിയുന്നവരായിരുന്നതുകൊണ്ട് അത്തരമൊരു സംശയം ആരും ഉന്നയിക്കാൻ സാധ്യതയില്ല. അതുകൊണ്ടു തന്നെ ഇന്നസെന്റിന്റെ കഥകൾ എല്ലാം സത്യമാണെന്ന് തന്നെ എല്ലാവരും വിശ്വസിച്ചുപോന്നു . ഐ. എസ്.ആർ.ഒ മുൻ ചെയർമാനായിരുന്ന കെ രാധാകൃഷ്ണനും ഇന്നസെന്റും ഒരുമിച്ച് പഠിച്ചതായിരുന്നു . ഇരിഞ്ഞാലക്കുടകാരനായിരുന്ന കെ രാധാകൃഷ്ണനേക്കാളും ആത്മബന്ധം ആളുകൾക്ക് ഇന്നസെന്റുമായി ഉണ്ടായിരുന്നു എന്നു തോന്നുന്നു.
ടാക്സി ഡ്രൈവറായിരുന്ന എന്റെ അച്ഛൻ അക്കാലത്ത് ഇരിഞ്ഞാലക്കുടയിലെ ടാക്സി മുതലാളിയായിരുന്ന എല്ലാവരും പോളേട്ടൻ എന്നു വിളിക്കുന്ന പോളിന്റെ അംബാസ്സഡർ കാറായിരുന്നു ഓടിച്ചിരുന്നത്.പോളേട്ടൻ വഴിയാണെന്നു തോന്നുന്നു ആദ്യകാലത്ത് ഇന്നസെന്റിന്റെ ചില ഓട്ടങ്ങൾ ഈ അംബാസ്സഡർ കാറിലായിരുന്നു. അത്തരമൊരു ഓട്ടത്തിനിടയിൽ ഒരു ദിവസം അച്ഛൻ ഇന്നസെന്റിനെയും കൊണ്ട് ഞങ്ങളുടെ വീടിന്റെ പടിക്കൽ കൊണ്ട് നിർത്തി.. സാധാരണ കാലത്ത് പോയാൽ വളരെ വൈകിയെ അച്ഛൻ വീടിലെത്താറുളളു.വണ്ടിയുടെ ട്രിപ്പ് ഷീറ്റ് എടുക്കാനോ അതോ മറന്നു വച്ച വേറെ എന്തൊ എടുക്കാനായിരിക്കണം അത്ര തിരക്കിനടയിലും അച്ഛൻ വീട്ടിലേക്കു വന്നത്.. ഇന്നസെന്റാണ് വണ്ടിയിൽ എന്നു നാട്ടുകാർ അറിഞ്ഞാൽ ഉറപ്പായും അവിടെ ആളുകൾ കൂടും. ഇറങ്ങില്ല എന്നു നൂറു ശതമാനം ഉറപ്പുള്ളതുകൊണ്ടും ഒരു മര്യാദയുടെ പുറത്ത് വീട്ടിലേക്കു കേറുന്നില്ലേ എന്നച്ഛൻ ചോദിച്ചു. ഹെയ് ഇപ്പോ ഇറങ്ങിയാൽ ശരിയാവില്ല എന്നു പറഞ്ഞ് ആ ക്ഷണം അപ്പോൾ തന്നെ മടക്കി അച്ഛന്റെ കൈയ്യിൽ വച്ച് കൊടുത്തു അച്ഛനെ രക്ഷിച്ചു. അച്ഛൻ ഇന്നസെന്റിനെയും കൂട്ടി വീട്ടിൽ വന്ന വിവരം ഞാനും അനിയനും പിന്നീടാണ് അറിയുന്നത്. ഞങ്ങൾ അന്നേരം സ്കൂൾ പൂട്ടി മാമന്റെ വീട്ടിൽ കളിച്ചു തിമിർത്തു നടക്കുകയായിരുന്നു. പിന്നീട് ഈ കഥകളൊക്കെ അമ്മ പറഞ്ഞറിഞ്ഞപ്പോൾ ‘എന്നാലും അച്ഛന് എന്തേലും പറഞ്ഞു ഇന്നസെന്റിനെ വീട്ടിലേക്കു വിളിക്കായിരുന്നു’ എന്നു ഞാൻ പറഞ്ഞു . സ്കൂൾ തുറന്ന് ക്ലാസ്സിൽ ചെല്ലുമ്പോൾ ഈ കഥകളൊക്കെ പറഞ്ഞ് ഞങ്ങൾക്ക് ഒന്നു ഷൈൻ ചെയ്യാനുള്ള അവസരമായിരുന്നില്ലേ അച്ഛൻ കളഞ്ഞു കുളിച്ചത്. എന്നാലും ഞങ്ങൾ രണ്ടാളും ഇല്ലാത്ത വീട്ടിൽ ഇന്നസെൻറ് വരാതിരുന്നത് നന്നായി. ഇനി വരുമ്പോ എന്തായാലും വീട്ടിലേക്കു ക്ഷണിക്കണം എന്നു അച്ഛനെ അവർത്തിച്ചോർമ്മിപ്പിച്ചെങ്കിലും പിന്നീടെപ്പോഴോ പോളേട്ടന്റെ കാർ വാടകക്കു വിളിക്കുന്നത് ഇന്നസെൻറ് നിർത്തിയിരുന്നു. സ്വന്തമായി കാറോ മുഴുവൻ സമയ ഡ്രൈവറോ കിട്ടിയതാകാം കാരണം. എന്നാലും ഇന്നസെന്റിനെ കുറച്ചൊക്കെ ഓട്ടങ്ങൾ പോളേട്ടൻ വഴിക്കു തന്നെ അച്ഛന് കിട്ടിയിട്ടുണ്ട് എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്.
ഇരിഞ്ഞാലകുടയിലെ മറ്റൊരു പോളേട്ടന്റെ(എം സി പോൾ) സൂപ്പർമാർക്കറ്റിന്റെ തൊട്ടടുത്ത് തന്നെ ആയിരുന്നു ഇന്നസെന്റ് തുടങ്ങിയ മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റ്. സമയം കിട്ടുമ്പോഴൊക്കെ ഇന്നസെന്റ് അവിടെ കടയിൽ പോയിരിക്കും. തൃശൂർക്കും, ചാലക്കുടിക്കും , കൊടുങ്ങല്ലൂർക്കും പോകുന്ന ബസ്സുകളിലെ ആളുകൾ ആ സൂപ്പർമാർക്കറ്റെത്തുമ്പോൾ അങ്ങോട്ടേക്ക് ഒന്നു നോക്കും. പുള്ളി ചിലപ്പോ അവിടെ ഇരിപ്പുണ്ടാകും. അഥവാ അവിടെയൊന്നും കണ്ടില്ലെങ്കിൽ സിനിമയിൽ അഭിനയിക്കാൻ ‘പോയെക്കാവുംടാ’ എന്നു പറഞ്ഞാശ്വസിക്കുകയും ചെയ്യും. തൊട്ടടുത്തുള്ള പോളേട്ടന്റെ എം.സി. പി സൂപ്പർമാർക്കറ്റിനോട് പിടിച്ചു നിൽക്കാൻ പറ്റാത്തതുകൊണ്ടോ എന്തൊ പുള്ളിയുടെ പണ്ടത്തെ തീപ്പട്ടി കടപൂട്ടിയ പോലെ ഇതും അങ്ങട് പൂട്ടി.അക്കാര്യത്തെ കുറിച്ച് ചോദിക്കുമ്പോ പുള്ളി പറയും.. നോക്കുമ്പോ എംസിപ്പിയേക്കാളും തിരക്ക് ഇവിടെയായിരുന്നു. സംഭവം എന്താ.. ചൂട് കൂടുമ്പോ ആളുകള് കുറച്ചു തണുപ്പ് കിട്ടാനായി കടയിൽ കേറി നിക്കും . അത്ര തന്നെ .. ക്ഷീണമൊക്കെ മാറി കുറച്ചു കഴിയുമ്പോ ഒന്നും വാങ്ങാതെ ഇറങ്ങിപ്പോവേം ചെയ്യും. എന്തായാലും കട പൂട്ടിയ കഥയറിയാത്ത ആളുകൾ ബസ് അവിടെയെത്തുമ്പോൾ പിന്നെയും കുറെ കാലം ബസ്സിൽ നിന്നും തല പുറത്തേക്കിട്ട് നോക്കികൊണ്ടിരുന്നു .ആ സ്ഥലത്ത് ഇപ്പോ ഏതോ ബേക്കറിയോ ജ്യൂസ് കടയോ ആണുള്ളത്.
ആദ്യത്തെ തവണ ഇലക്ഷനു മൽസരിച്ചപ്പോൽ തോൽക്കുമോ എന്നു ടെൻഷൻ അടിപ്പിച്ചെങ്കിലും എല്ലാവരെയും അൽഭുതപ്പെടുത്തികൊണ്ട് ഇന്നസെൻറ് ജയിച്ചു കേറി. എന്നാലും ചാലക്കുടിയിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞതായി തോന്നിയില്ല. അല്ലെങ്കിൽ ചെയ്ത കാര്യങ്ങളൊന്നും താഴെക്കിടയിലുള്ള ആളുകൾക്കിടയിലെക്കെത്തിയില്ല എന്നു ആളുകളുടെ സംസാരം കേട്ടപ്പോൾ തോന്നി. വെറുതെ പോലും ആളുകൾ ഇന്നസെന്റിനെ ചീത്ത വിളിക്കുന്നത് കേൾക്കുമ്പോൾ സ്വന്തം കുടുംബത്തിലുള്ള ഒരാളെ ചീത്ത വിളിക്കുമ്പോളുള്ള ഒരു തരം വിഷമം ഞാനും കൊണ്ട് നടന്നു. ഇന്നസെൻറ് ഒരു മികച്ച പ്രതിനിധി ആണോ അല്ലയോ എന്നൊന്നും വിശകലനം ചെയ്യുന്നില്ല. അസുഖമുള്ള ആളായിരുന്നില്ലേ , അതിന്റെ അവശതകൾ കൊണ്ടൊക്കെയാകും എന്നു മനസ്സിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ഓരോ തവണയും ക്യാൻസർ രോഗത്തെ സംബന്ധിച്ച വാർത്തകൾ കേൾക്കുമ്പോൾ മുമ്പത്തെ പോലെ അതിനെയൊക്കെ അതിജീവിച്ച് വീണ്ടും സിനിമയിൽ സജീവമാകുമെന്ന് വിശ്വസിച്ചു. ഒരിക്കലും മരണം സംഭവിക്കില്ല എന്നു വെറുതെയെങ്കിലും നമ്മൾ ചിലരെകുറിച്ച് കരുതാറില്ലേ? അങ്ങനെ തോന്നിപ്പിച്ച ഒരാൾ ഇന്നസെന്റായിരുന്നു.
വിഷമം വന്നു കരഞ്ഞപ്പോൾ അതാരും കാണാതെയിരിക്കാൻ പെട്ടെന്ന് കിണറ്റിൻ കരയിൽപോയി തലയിൽ കൂടി വെള്ളം കോരിയൊഴിച്ച് ആ കണ്ണീരിനെ മറച്ച ഒരു സംഭവത്തെ കുറിച്ച് ഇന്നസെൻറ് എഴുതിയിട്ടുണ്ട്. അന്നേരം കേറി വന്ന അപ്പൻ വറീത് ആ മകനോടു സംസാരിക്കുന്ന ഒരു സീനുണ്ട് . അതാകണം ഇന്നസെന്റ് എഴുതിയ പുസ്തകത്തിൽ എന്നെയും കരയിപ്പിച്ചിട്ടുള്ളത്.
ഇനി ആ വായിൽ നിന്നും പുതിയ കഥകളൊന്നും കേൾക്കാൻ കഴിയില്ല , പറഞ്ഞു കേട്ട കഥകൾ വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കാം, അത്ര മാത്രം. കഥകൾ കേൾക്കാൻ അത് പറയുന്നത് ഇന്നസെൻറ് ആണെങ്കിൽ കേട്ടിരിക്കാൻ ഒരു സുഖമുണ്ട്. പറയാൻ ബാക്കി വച്ച എത്രയോ കഥകൾ മാറ്റിവെച്ചാണ് ഇന്നസെൻറ് ഇപ്പോൾ യാത്രയായിരിക്കുന്നത്. ഇനി ദൈവത്തിന്റെ പറുദീസയിൽ നിത്യ വിശ്രമം..