Death at My Doorstep

മരണം ആരെയും വിശുദ്ധരാക്കുന്നില്ല!

ഇന്ത്യൻ സാഹിത്യത്തിലെ ഒരു പ്രധാന എഴുത്തുകാരനായ ഖുശ്വന്ത് സിംഗിന്റെ പുസ്തകമാണ് “Death at My Doorstep”. വിവിധ പത്ര-മാസികകളിൽ താൻ എഴുതിയ ലേഖനങ്ങളുടെയും പ്രസിദ്ധരും അല്ലാത്തവരുമായ വ്യക്തികൾക്ക് എഴുതിയ അനുശോചനക്കുറിപ്പുകളുടെയും ഒരു സമാഹാരമാണ് ഈ പുസ്തകം.

മരണമെന്ന കേന്ദ്രപ്രമേയത്തിന് ചുറ്റുമാണ് ഈ രചനകളെല്ലാം കറങ്ങുന്നത്. എന്നാൽ മരണത്തെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന ഒരു പുസ്തകവുമല്ല ഇത് എന്നു പറഞ്ഞുകൊള്ളട്ടെ മറിച്ച്, ജീവിതത്തിന്റെ ക്ഷണികതയെ ഓർമ്മിപ്പിച്ചുകൊണ്ട്, ഓരോ നിമിഷവും അർത്ഥപൂർണ്ണമായി ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു പുസ്തകമാണിത്.

മരിച്ചവരെ കുറിച്ച് നല്ലത് മാത്രമേ പറയാവൂ എന്ന ആശയത്തോട് തനിക്ക് ഒട്ടും യോജിപ്പില്ല എന്നദ്ദേഹം പറയുന്നുണ്ട്. ജീവിച്ചിരുന്നപ്പോൾ പാപകളായിരുന്നവർ മരിച്ചു എന്ന ഒറ്റകാരണത്താൽ സാധുക്കളാകുന്നില്ല . അത്തരം അസത്യങ്ങൾ ശവക്കല്ലറകളിൽ കൊത്തി വയ്ക്കുമ്പോൾ മറച്ചു വയ്ക്കാം. എന്നാൽ സ്മാരണാഞ്ജലികളെഴുതുമ്പോൾ മരിച്ചവരെകുറിച്ചുള്ള ഓർമ്മകുറിപ്പുകളെഴുതുമ്പോൾ അതിന്റെ ആവശ്യമില്ല എന്നും അത് സത്യസന്ധമായിരിക്കണം എന്നും ഖുശ്വന്ത് സിംഗ് പറയുന്നു.

ഖുശ്വന്ത് സിംഗ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ, വാർദ്ധക്യത്തിന്റെ അവശതകളെക്കുറിച്ചും മരണത്തെക്കുറിച്ചുള്ള ചിന്തകളെക്കുറിച്ചും തുറന്നെഴുതുന്നുണ്ട് ഈ പുസ്തകത്തിൽ . പ്രശസ്തരായ വ്യക്തികളുടെ മരണവാർത്തകളോടൊപ്പം, തന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിയോഗത്തെക്കുറിച്ചും അദ്ദേഹം അനുസ്മരിക്കുന്നു. ഈ അനുസ്മരണക്കുറിപ്പുകൾ കേവലം ജീവചരിത്രക്കുറിപ്പുകളല്ല, മറിച്ച്, ജീവിതത്തിന്റെയും മരണത്തിന്റെയും അർത്ഥതലങ്ങളെ സ്പർശിക്കുന്ന ഒരു തരം ദീർഘവീക്ഷണങ്ങളാണ്.

“ട്രെയിൻ ടു പാകിസ്ഥാൻ” എന്ന വിഖ്യാത കൃതിയിലൂടെ ഇന്ത്യാ വിഭജനത്തിന്റെ മുറിവുകൾ വരച്ചുകാട്ടിയ അതേ എഴുത്തുകാരൻ തന്നെയാണ് ഇവിടെ മരണത്തിന്റെ നിഴലിൽ ജീവിതത്തിന്റെ അർത്ഥം തേടുന്നതും. വിഭജനകാലത്തെ ഭീകരതകളും കൂട്ടക്കൊലകളും അനുഭവിച്ചറിഞ്ഞ അദ്ദേഹം, ജീവിതത്തിന്റെ അസ്ഥിരതയെക്കുറിച്ച് തികച്ചും ബോധവാനായിരുന്നു. ആ ബോധ്യമാവാം ഒരുപക്ഷേ, “Death at My Doorstep”-ൽ ഉടനീളം പ്രതിഫലിക്കുന്നത്.

മരണത്തെക്കുറിച്ചുള്ള വ്യത്യസ്ത സംസ്കാരങ്ങളുടെയും മതങ്ങളുടെയും കാഴ്ചപ്പാടുകളും ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട് .മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും അദ്ദേഹം പരിശോധിക്കുന്നുണ്ട് . ആത്മാവിന്റെ നശ്വരതയിൽ വിശ്വസമില്ലാത്ത അദ്ദേഹം പക്ഷേ മരണത്തെ ഭയക്കുന്നുമുണ്ട് പുനർജന്മത്തെ കുറിച്ചും സ്വർഗ്ഗത്തെ കുറിച്ചും അദ്ദേഹം ദലൈലാമയോടും ഓഷോയോടും അദ്ദേഹം ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. കേവലമൊരു മറുപടി അല്ലാതെ ആധികാരികമായ ഒരു മറുപടിയാണ് അദ്ദേഹം പ്രതീക്ഷിക്കുന്നതെങ്കിലും കൃത്യമായതോ എന്നാൽ തന്നെ തൃപ്തിപ്പെടുത്തുന്നതോ ആയ ഒരു മറുപടിയും അദ്ദേഹത്തിന് ലഭിക്കുന്നില്ല എന്നു കാണാം.കേവലം തത്ത്വചിന്തകൾക്കപ്പുറം, സ്വന്തം അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും വെളിച്ചത്തിലാണ് അദ്ദേഹം ഈ വിഷയങ്ങളെ സമീപിക്കുന്നത്.

നർമ്മബോധമാണ് ഈ പുസ്തകത്തിന്റെ മറ്റൊരു സവിശേഷത. മരണമെന്ന ഗൗരവമേറിയ വിഷയത്തെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാനാണ് ഖുശ്വന്ത് സിംഗ് ശ്രമിച്ചിട്ടുള്ളത് . മരണത്തെക്കുറിച്ചുള്ള ഭയം കുറയ്ക്കാനും ജീവിതത്തെ കൂടുതൽ സ്നേഹിക്കാനും വേണ്ട നർമ്മബോധം വായനക്കാരനു പകർന്നു നല്കാൻ തന്റെ എഴുത്തിന് കഴിയുമെന്ന് അദ്ദേഹം കരുതുന്നുണ്ട്.

ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയും ഓരോ നിമിഷവും അർത്ഥപൂർണ്ണമായി ജീവിക്കാൻ നമ്മെഓർമ്മിപ്പിക്കുകയും ചെയ്യുന്ന ഈ പുസ്തകം, ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർക്ക് തീർച്ചയായും വായനയിൽ ഉൾപ്പെടുത്താം. സുരേഷ് എം ജി മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഈ പുസ്തകം ഡിസി ബുക്സ് പുറത്തിറക്കിയിട്ടുണ്ട്. Roli Books ആണ് ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പ്രസാധകർ.

ഉന്മാദിയുടെ യാത്ര

പ്രശസ്ത നിരൂപകനായ റിച്ചാർഡ് ലകായോ തയാറാക്കിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 നോവലുകളുടെ പട്ടികയിൽ ഉൾപ്പെട്ട നോവലാണ് ജാക്ക് കെറോവാക്കിന്റെ ഓൺ ദി റോഡ് എന്ന നോവൽ. 1957 ൽ പ്രസിദ്ധീകരിച്ച ഇത് കെറോവാക്കിന്റെ ആത്മകഥാപരമായ നോവലായാണ് കരുതപ്പെടുന്നത് . മലയാളത്തിലേക്കു ഉന്മാദിയുടെ യാത്ര എന്നപേരിൽ ഈ നോവൽ വിവർത്തനം ചെയ്തിരിക്കുന്നത് ഡോ. അശോക് ഡിക്രൂസാണ്. അദ്ദേഹത്തിന്റെ മികച്ച ഒരു വിവർത്തനം തന്നെയാണ് ഉന്മാദിയുടെ യാത്ര.

അമേരിക്കൻ നോവലിസ്റ്റും ബീറ്റ് ജനറേഷന്റെ ഭാഗമായ ഒരു കവിയുമായിരുന്നു കെറോവാക്ക്. അമേരിക്കയുടെ സുവർണ്ണകാലം എന്ന് പലരും വിശേഷിപ്പിക്കുന്ന ഒരു കാലഘട്ടത്തിൻറെ വിവരണമാണ് ഈ നോവലിൽ കാണാനാകുക.

മദ്യം, ലൈംഗികത, മയക്കുമരുന്ന്,സംഗീതം എന്നിവയാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന സാൽ, ഡീൻ എന്ന രണ്ട് സുഹൃത്തുക്കളെക്കുറിച്ചാണ് ഈ നോവൽ മുഖ്യമായും പറയുന്നത്. സാലും, സുഹൃത്തുക്കളും സാമൂഹിക ഉത്തരവാദിത്വങ്ങളെ കുറിച്ചുള്ള ബോധങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് യാതൊരുവിധത്തിലുള്ള നിബന്ധനകളോ കെട്ടുപാടുകളോ ഇല്ലാതെ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഭാവിയെ കുറിച്ചുള്ള ആശങ്ക തെല്ലുമില്ലാതെ അവരുടെ യാത്ര മുന്നോട്ടുപോകുമ്പോൾ തീർച്ചയായും വായനക്കാർക്കും അത്തരമൊരു ജീവിതത്തെക്കുറിച്ചു സ്വപ്നം കാണാൻ തോന്നിയാൽ തെല്ലും അത്ഭുതമില്ല. നോവലിൽ,മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി വിവരണങ്ങൾ കാണാം. ലൈംഗികതയുൾപ്പെടെയുള്ള ഇതേ വിഷയങ്ങളുടെ ദുരുപയോഗത്തെ മഹത്വപ്പെടുത്തുന്ന പരാമർശങ്ങൾ നോവലിൽ പലയിടത്തും കാണാനാകും.

ചില സമയത്തുള്ള തുടർച്ചയായ സന്തോഷം, പലപ്പോഴും മറ്റുള്ളവരെ വേദനിപ്പിക്കുന്നതിലൂടെ നേടിയെടുക്കുന്ന ഒരു തരം ഫാസിസമാണ് . നോവലിലെ സാലിന്റെ പ്രിയ സുഹൃത്തു ഡീൻ, അത്തരമൊരു കഥാപാത്രമാണ്. പണം കണ്ടെത്താൻ ഏതുവഴിയും സ്വീകരിക്കുന്നയാളാണ് ഡീൻ. കാറുകളോ സൂപ്പർമാർക്കറ്റിൽനിന്നും ഭക്ഷണം മോഷ്ടിക്കുന്നതൊ അയാൾക്കൊരു പ്രശ്നമേയല്ല.
അയാൾക്ക്‌ പ്രധാനം വിനോദം മാത്രമാണ്, മറ്റുള്ളവരുമായുള്ള ബന്ധങ്ങൾക്ക്‌ അയാൾ വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല . ഉറ്റസുഹൃത്തായിരുന്നിയിട്ടു കൂടി മെക്സിക്കോയിൽ വച്ച് സാലിന് പനി ബാധിച്ച സമയത്തു ഡീൻ അവനെ ഉപേക്ഷിച്ചു പോകുന്നുണ്ട്.

സാലിന്റെയും ഡീനിന്റെയും അമേരിക്കയിലൂടെയും മെക്സിക്കോയിലൂടെയുമൊക്കെയുള്ള സഞ്ചാരങ്ങൾ വായനക്കാരുടെ മനസ്സിനെ അലോസരപ്പെടുത്താൻ തക്കവിധമുള്ളതാണ് .അവർ എല്ലായ്പ്പോഴും സന്തുഷ്ടരാണ്.അല്ലെങ്കിൽ അങ്ങനെ കരുതാൻ ഇഷ്ടപ്പെടുന്നവരാണ്.മുന്നോട്ടുള്ള യാത്രകളിൽ അവർ പലരീതിയിലും പണം സമ്പാദിക്കുന്നുണ്ട്‌. അതിലെ ശരികേടുകളെ കുറിച്ച് അവർ ഒരിക്കൽ പോലും ചിന്തിക്കുന്നേയില്ല.

പാറ്റേഴ്സൺ മുതൽ മരിൻ സിറ്റി വരെയും റോക്കി മൗണ്ട് മുതൽ സാൻ ഫ്രാൻസിസ്കോ വരെയും ഡെൻവർ മുതൽ ലോംഗ് ഐലൻഡ് വരെയും ഏറ്റവും ഒടുവിൽ ന്യൂയോർക്ക് മുതൽ മെക്സിക്കോ സിറ്റി വരെയും എന്നിങ്ങനെ നാല് യാത്രകളിലായാണ് നോവൽ വിഭജിക്കപ്പെട്ടിരിക്കുന്നത്. ഉന്മാദിയുടെ യാത്ര ഒരു നോവലാണെകിലും ഓർമ്മക്കുറിപ്പിനോട് അനുസ്മരിപ്പിക്കും വിധത്തിലാണ് അതിന്റെ ആഖ്യാനം.

വാസ്തവത്തിൽ നോവലിലെ സാലും ഡീനും മറ്റാരുമല്ല, കെറോവാക്കും അദ്ദേഹത്തിന്റെ സുഹൃത്ത് നീൽ കസാഡിയുമാണ്. യഥാർത്ഥ ജീവിതത്തിൽ കെറോവാക്ക് തന്റെ സുഹൃത്തിൽ പൂർണ്ണമായും ആകൃഷ്ടനായതുപോലെ .നോവലിലെ നായകനും ഡീനിനെ ആരാധിക്കുന്നതായി കാണാം. ആത്മകഥാപരമായ നോവലായതുകൊണ്ട് തന്നെ നോവൽ പുറത്തിറങ്ങിയ നാൾ മുതൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒരു കുറവും ഉണ്ടായിട്ടില്ല. ലൈംഗിക ബന്ധങ്ങളെക്കുറിച്ചുള്ള തുറന്നെഴുത്തുകൾ പിന്നീട് മാറ്റിയെഴുതിയാണ് പിന്നീട് ഈ കാണുന്ന രൂപത്തിൽ നോവൽ പ്രസിദ്ധീകരിച്ചതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. മയക്കുമരുന്ന്, മദ്യം, ലൈംഗികത എന്നിവക്കപ്പുറം സ്വതന്ത്ര ജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ക്ലാസിക് നോവലായി തന്നെയാണ് മിക്ക നിരൂപകരും ഈ പുസ്തകത്തെ കണക്കാക്കുന്നത്.

ആദ്യത്തെ ഒന്ന് രണ്ടദ്ധ്യായങ്ങൾ കഴിഞ്ഞാൽ നോവലിന്റെ ഒഴുക്ക് വളരെ വേഗത്തിലാണ്. അതിനുള്ളിൽ വായന മടുത്തു നിർത്തി പോയാൽ നഷ്ടമായിരിക്കും എന്ന് ഓർമിപ്പിച്ചുകൊള്ളട്ടെ. ഡിസി ബുക്ക്സ് ആണ് മലയാളത്തിൽ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്, വില 460 രൂപ.

ആഗസ്റ്റ് 17-ചരിത്രത്തെ ബന്ധിപ്പിച്ച് നിർത്തിയ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചോ?


“വരാൻ പോകുന്ന കാലങ്ങളിൽ കഥാകാരൻ ചരിത്രത്തിൽ ഖനനം ചെയ്യാൻ തുടങ്ങും. കാരണം ഭാവന ചരിത്രത്തിൽ പ്രവേശിക്കാനുള്ള സാധ്യത ഇപ്പോൾ ഏറുകയാണ്. എല്ലാവിധ ഔദ്യോഗിക ചരിത്രത്തിലുമുള്ള അവിശ്വാസം ചരിത്രത്തെ ഭ്രമാത്മക ഭാവനയിലൂടെ ഖണ്ഡിക്കാൻ കഥാകാരനെ പ്രേരിപ്പിക്കും.ഇതിഹാസ സ്വഭാവമുള്ള സംഭവങ്ങൾ ചരിത്രത്തിൽ നിന്നു തിരോഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ കഥാകാരൻ ചരിത്രത്തെ അതിന്റെ ശവക്കുഴിയിൽ നിന്നും പുറത്തെടുത്ത് പ്രകോപനപരമായ വീക്ഷണത്തിലൂടെ പുനരാഖ്യാനം ചെയ്യും. കഥാകാരൻ അയാൾ ജിവിക്കുന്ന വർത്തമാന കാലത്തിനു വേണ്ടി പഴയ ചരിത്രം പറഞ്ഞുതുടങ്ങുകയാണ്.ചരിത്രം കഥയുടെ ആഖ്യാനത്തിൽ ഒരു മാന്ത്രിക ചെപ്പായി മാറുന്ന അനുഭവമുണ്ടാകും. സാമ്പ്രദായിക ചരിത്ര നിർമ്മാണത്തോടുള്ള ഭാവനയുടെ ക്രോധമാണത്.”
കഥയുടെ ഭാവിയിൽ ഖനനം ചെയ്യുമ്പോൾ എന്ന ലേഖനത്തിൽ കെ പി അപ്പൻ പറഞ്ഞതാണിത്.
പ്രവചന സ്വഭാവുമുള്ള ഈ നിരീക്ഷണത്തെ ഊട്ടിയുറപ്പിക്കുകയാണ് എസ് ഹരീഷ് തന്റെ രണ്ടാമത്തെ നോവലായ ആഗസ്റ്റ് 17ലൂടെ ചെയ്തിരിക്കുന്നത്.


ആധുനികാനന്തര കാലഘട്ടത്തിന്റെ സവിശേഷതകൾ തന്റെ രചനകളിൽ പ്രതിഷ്ഠിക്കാൻ തക്കവണ്ണം ആഖ്യാനശൈലി കൈമുതലായുള്ള എഴുത്തുകാരനാണ് എസ് ഹരീഷ്. 2003 ലാണ് ഹരീഷിന്റെ രസവിദ്യയുടെ ചരിത്രം എന്ന കഥ പുറത്തുവരുന്നത്. ഈ കഥയ്ക്ക് പിന്നീട് തോമസ് മുണ്ടശ്ശേരി കഥാ പുരസ്‌കാരം ലഭിക്കുകയുണ്ടായി. 13 സെപ്റ്റംബർ 2013 ലെ സമകാലിക മലയാളം ഓണപ്പതിപ്പിൽ ഈ കഥ പുന:പ്രസിദ്ധീകരിക്കപ്പെട്ടു. ലോകസഞ്ചാരിയായിരുന്ന ഡച്ചുകാരൻ ഹ്യു സ്റ്റാർട്ടിന്റെ യാത്രക്കുറിപ്പുകളുടെ രൂപത്തിലായിരുന്നു രസവിദ്യയുടെ ചരിത്രം എന്ന കഥ അവതരിക്കപ്പെട്ടത്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മലബാർ തീരത്തിന്റെ തെക്കേ അറ്റത്തുള്ള തിരുവിതാംകൂറിൽ നാരായണഗുരുവിന്റെയും,ചട്ടമ്പിസ്വാമിയുടെയും ഗുരുവായ അയ്യാവ് സ്വാമി എന്നയാൾ വിലകുറഞ്ഞ ലോഹങ്ങളെ സ്വർണമാക്കുന്ന രാസവിദ്യ അഥവാ ആൽക്കെമിയുടെ പിന്നിലുള്ള രഹസ്യങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഒരു ചാരന്റെ ആഖ്യാനരൂപത്തിലാണ് ഈ കഥ പറയുന്നത്. ആഗസ്റ്റ് 17 എന്ന നോവലിന്റെ ആഖ്യാനവും ഒരു ചാരന്റേതുതന്നെയാണ്. കഥ നടക്കുന്നതും തിരുവിതാംകൂറിൽ തന്നെ എന്നുള്ളത് മറ്റൊരു യാദൃച്ഛികതയും.


ഒരുപക്ഷേ ബ്രിട്ടീഷ്കാർ ഇന്ത്യ വിട്ടു പോയിരുന്നില്ലെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? സുഭാഷ് ചന്ദ്രബോസ് ഹിറ്റ്ലറുമായി ചേർന്നാണ് ബ്രിട്ടീഷ്കാരെ ഇവിടെ നിന്നും തുരത്തിയിരുന്നതെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പരിണാമം എപ്രകാരമായിരുന്നിരിക്കണം ? രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിയായിരുന്നു വിജയിച്ചിരുന്നെങ്കിൽ എന്തൊക്കെ പിന്നീട് സംഭവിച്ചിരിക്കാം? മേൽപറഞ്ഞ സംഭവങ്ങളെ ഓരോന്നിനെയും വ്യത്യസ്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകാൻ തക്ക വണ്ണം നിരവധി സംഭവങ്ങൾ ഭാവനയിൽ കാണുന്നത് കൗതുകകരമായ ഒരു സംഗതിയാണ്. ചരിത്രത്തിൽ ഈ ‘എങ്കിലു’കൾക്ക് പ്രത്യേകിച്ചൊരു പ്രസക്തിയുമില്ല. എന്നാൽ സാഹിത്യ രംഗത്ത് ഉണ്ടുതാനും. ചരിത്രത്തിലെ ഇത്തരത്തിലുള്ള എങ്കിലുകളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രമേയമാണ് ഹരീഷിന്റെ ആഗസ്റ്റ് 17 എന്ന നോവലിലുള്ളത്. ഒരുപക്ഷേ ഇന്ത്യ സ്വതന്ത്രമായപ്പോൾ തിരുവിതാംകൂർ ഒരു സ്വതന്ത്ര രാജ്യമായി നിലകൊണ്ടിരുന്നെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക ഭാവി എങ്ങനെ ആയിരിന്നിരിക്കണം എന്നൊരു ആശയമാണ് നോവലിൽ പറഞ്ഞു വെയ്ക്കുന്നത്.


ചരിതത്തെ ആധാരമാക്കി സാഹിത്യ രചനകൾ നടത്തുമ്പോൾ ചരിത്രത്തോടു എത്രത്തോളം നീതി പുലർത്തണം എന്നുള്ള ചോദ്യങ്ങളെ പാടെ റദ്ദു ചെയ്തുകൊണ്ടുള്ള ഒരു ശ്രമമാണ് എഴുത്തുകാരന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്. രാഷ്ട്രീയ നോവലോ ചരിത്രനോവലോ എഴുതുമ്പോൾ ചരിത്രത്തോടു നീതിപുലർത്തേണ്ട ആവശ്യമില്ല എന്നിരിക്കലും പുസ്തകത്തെ പുസ്തകമായി കാണാൻ സാധിക്കാത്തവർക്ക് വേണ്ടിയാകണം അത്തരമൊരു മുന്നറിയിപ്പ് തുടക്കത്തിലേ എഴുത്തുകാരൻ തന്നിട്ടുണ്ട്.


ചരിത്രത്തിൽ ഭവനയെയും ഭാവനയിൽ ചരിത്രത്തെയും ഇഴചേർത്തുള്ള ഒരു ആഖ്യാന ശ്രമമാണ് നോവലിൽ കാണാനുക. പക്ഷേ കൃത്യമായി രാഷ്ടീയവും ദേശീയതയും അതിനു പിന്നിലെ പൊള്ളത്തരങ്ങളെയും രേഖപ്പെടുത്താൻ എഴുത്തുകാരൻ മറന്നിട്ടില്ല .തന്റെ മുൻ നോവലായ മീശയിൽ വിവാദമുണ്ടാക്കിയ തരത്തിലുള്ള സമാനമായ ഒരു പരാമർശവും ഈ നോവലിലുമുണ്ട്.തിരുവിതാംകൂർ മഹാരാജവുമായി ബന്ധപ്പെട്ടതാണിത്.


സാഹചര്യങ്ങൾക്കനുസരിച്ച് ഭാസിയെന്നും അവറാച്ചനെന്നുമൊക്കെയുള്ള പേരുകളിൽ അറിയപ്പെടുന്ന ഒരു ചാര കഥാപാത്രത്തിലൂടെയാണ് കഥ പറച്ചിൽ നടത്തിയുട്ടുള്ളത്. മഹാരാജാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ് മുഹമ്മദ് ബഷീറും,കുമ്പളത്ത് ശങ്കുപിള്ളയും,പൊന്നറ ശ്രീധരനുമൊക്കെ. ചരിത്രത്തിൽ ഇവരുടെയൊക്കെ ശരിക്കുമുള്ള സ്ഥാനങ്ങളിൽ നിന്നും പിടിച്ചിറക്കി മറ്റൊരിടത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ് ഹരീഷ്.


ഇവിടെ സർ സി പിയെ അല്ല വധിക്കാൻ ശ്രമിച്ചിരിക്കുന്നത്, മഹാരാജാവിനെയാണ്. അച്ചുതാനന്ദനും, നമ്പൂതിരിപ്പാടുമെല്ലാം വിപ്ലവത്തിന്റെ തുടക്കത്തിലേ കൊല്ലപ്പെട്ടു. തിരുവിതാംകൂർ ഭരണം കമ്മ്യൂണിസ്റ്റ് പാർട്ടി പിടിച്ചെടുത്തു. പൂജപ്പുരയുടെ പുതിയ പേര് ഗോർക്കി സ്ക്വയർ എന്നായി. തിരുവിതാംകൂർ ഇപ്പോൾ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് തിരുവിതാംകൂറാണ്. അപ്പോൾ മുഖ്യമന്ത്രിയോ? കേരള ചരിത്രത്തിലെ മറ്റൊരു പ്രഗൽഭനാണ് ആ വ്യക്തി .


കഥയുടെ ഗതിയെ പലപ്പോഴും മുന്നോട്ട് നയിക്കുന്നത് ഒറ്റബുദ്ധിക്കാരനെന്നു എല്ലാവരും പറയുന്ന പാവപ്പെട്ടവരുടെ വേശ്യയും, പ്രേമലേഖനവുമൊക്കെ എഴുതിയെന്ന് പറയപ്പെടുന്ന ബഷീർ തന്നെയാണ്.ഇത്തരത്തിൽ ചരിത്രത്തെ ബന്ധിപ്പിച്ച് നിർത്തിയ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചതുപോലെ ചരിത്ര സംഭവങ്ങളെ കീഴ്മേൽ മറിച്ചുകൊണ്ടുള്ള ഒരു അപനിർമ്മിതിയാണ് നോവലിലുള്ളത്. ലോകത്തിൽ രഹസ്യങ്ങളും, രഹസ്യ വഴികളുമാണ് യഥാർത്ഥത്തിലുള്ളതെന്നും മനുഷ്യർ പരസ്യമാക്കുന്നതൊക്കെ മറ്റുള്ളവരെ കബളിപ്പിക്കാനുള്ളതാണെന്നും നോവലിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. അതുപോലെ നമുക്കുമുന്നിലുള്ള ചരിത്രവും കബളിപ്പിക്കാനായി എഴുതി വച്ചതാണെന്നും, യഥാർഥ ചരിത്രം ഇതൊന്നുമല്ല എന്നും നോവൽ പറഞ്ഞുവെയ്ക്കുന്നു .


യഥാർഥ ചരിത്രത്തെ വെറും ഫിക്ഷനായി കാണുന്ന, ആരാണ് എഴുതിയതെന്ന് പോലുമറിയാത്ത ഒരു തിരുവിതാംകൂർ ചരിത്രം നോവലിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ചരിത്ര പുനരനിർമ്മിതിയുടെ ഇടങ്ങളിൽ ഈ ചരിത്രത്തിന് എന്തു പ്രധാന്യമാണുള്ളതെന്ന് ചോദ്യം ബാക്കി നിൽക്കുക തന്നെ ചെയ്യും.


ഈ നോവലിനെ ഒരു പ്രത്യേക ചട്ടക്കൂടിൽ നിന്നുകൊണ്ടു വിശകലനം ചെയ്യാനെളുപ്പമല്ല. ചരിത്ര അപനിർമ്മിതി മാത്രമല്ല, വിപ്ലവം കൊണ്ട് വരുമെന്ന് പറയപ്പെടുന്ന സമത്വത്തിന്റെ ആശയ ലോകസാധ്യതകളെ ക്കുറിച്ചും , സാമൂഹ്യ, രാഷ്ട്രീയ ,സാമ്പത്തിക ,ദേശീയത തുടങ്ങിയ വിഷയങ്ങളിൽ നിന്നുകൊണ്ടുമൊക്കെ ഈ നോവലിനെ അപഗ്രഥിക്കാനാകും. കഥപറഞ്ഞുകൊണ്ട് ആളുകളെ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചുവരാനാകാതെ കഥകളിൽ തന്നെ കുരുക്കിയിടുന്ന നോവലിലെ ബഷീർ കഥാപാത്രത്തെ പോലെ എഴുത്തുകാരനും വായനക്കാരെ നോവലിലെ ചരിത്ര കഥകളിൽ കുരുക്കിയിടുന്നുണ്ട്. ഇനി അഥവാ ഒരു കഥയിൽ നിന്നും പുറത്തുകടന്നാൽ തന്നെയും അടുത്തകഥകൾ വരികയായി.അതിൽ വീഴണോ വേണ്ടയോ എന്നു തീരുമാനിക്കും മുന്പെ ചിലപ്പോൾ നമ്മളതിൽ വീണിട്ടുണ്ടാകും.


ഒരു ചരിത്ര നോവലിന്റെ എല്ലാ സവിശേഷ സ്വഭാവങ്ങളെയും നിഷേധിക്കുകയോ നിരോധിക്കുകയോ ചെയ്തുകൊണ്ടുള്ള സ്വതന്ത്രമായ ഒരു ആവിഷ്കാരമാണ് ആഗസ്റ്റ് 17 ലുള്ളത് എന്നു പറയാം.
ഡിസി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 399 രൂപ

ഡോക്ടർ ദൈവമല്ല

ചികിത്സ ഫലിക്കുന്നത് രോഗിയുടെ മനസ്സിലൂടെയാണെന്നു ആദ്യം പറഞ്ഞത് ആരാണെന്നു അറിഞ്ഞുകൂടാ, എങ്കിലും രോഗിയുടെ അത്തരം മാനസികാവസ്ഥയെ രൂപപെടുത്തിയെടുക്കുന്നതിൽ ഡോക്ടർമാർ വഹിക്കുന്ന പങ്ക് ചെറുതല്ല. ഡോക്ടറെ കണ്ട് മടങ്ങുമ്പോഴേക്കും മരുന്ന് കഴിക്കുന്നതിനും മുൻപേ തന്നെ ഇപ്പൊ നല്ല ആശ്വാസം തോനുന്നുന്നു എന്നപോലെയുള്ള അനുഭവം നമ്മളിലാരെങ്കിലുമൊക്കെ ഒരു തവണയെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമെന്നു തീർച്ചയാണ്.

വർഷങ്ങൾക്ക് മുൻപ് വൈദ്യപർവ്വം എന്ന പേരിൽ പരമ്പരയായി വന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഡോക്ടർ ദൈവമല്ല എന്ന പുസ്തകമായി ഡോക്ടർ ഖദീജ മുംതാസിന്റേതായി പുറത്തു വന്നിട്ടുള്ളത്. ഒരു പക്ഷെ കോഴിക്കോട്ടുള്ളവർക്കൊക്കെ സുപരിചിതയായിയിരിക്കും ഡോക്ടർ. പലതവണ അവർ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിലും മറ്റുമുള്ള സാഹിത്യചർച്ചകളിലും വന്നു സംസാരിക്കാറുണ്ട്.

ഡോക്ടർ രോഗീ ബന്ധത്തിന്റെ ജൈവികതയുടെ ആവിഷ്കാരമാണ്‌ പുസ്തകത്തിലെ പതിനഞ്ചു ലേഖനങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഡോക്ടർമാർ അനുഭവങ്ങൾ പറയുന്ന ഇത്തരം പുസ്തകങ്ങൾക്ക് നിരവധി മുൻ മാതൃകകൾ നമുക്ക് മുന്നിലുണ്ട്. ഡോക്ടർ പി വി ഗംഗാധരന്റെ പുസ്തകങ്ങളും, അദ്ദേഹത്തിൻേതായി മാതൃഭൂമി വാരാന്ത്യ പതിപ്പുകളിൽ വന്ന നിർവധി ലേഖനങ്ങളും ശ്രദ്ധേയമായിരുന്നുവല്ലോ. നടൻ ഇന്നസെന്റും അത്തരം നിരവധി സംഭവങ്ങൾ പലയിടങ്ങളിലായി പങ്കുവെച്ചിട്ടുണ്ട്. ഡോക്ടർമാർക്ക് രോഗവിവരങ്ങൾ മാത്രമല്ല, രോഗികളുടെ ജീവിതകഥയും കേൾക്കാനുള്ള യോഗമുണ്ട്. രോഗപീഡയിൽ വലയുന്ന രോഗികൾ തങ്ങളുടെ ദൈനതയുടെ,കഷ്ടപ്പാടിന്റെ ഉരുക്കഴിച്ചിടുന്നത് തങ്ങൾ ദൈവത്തെ പോലെ കാണുന്ന ഡോക്ടർ മാരുടെ മുന്നിലാണ്. ദൈവം കഴിഞ്ഞാൽ ജീവൻ രക്ഷിക്കാൻ കഴിയുന്ന ഒരു വിഭാഗമായതുകൊണ്ടാകാം ഡോക്ടർമാരുടെ മുന്നിൽ രോഗികൾ അവരുടെ തങ്ങളുടെ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ ,പ്രത്യക സാഹചര്യങ്ങളിൽ ഒന്നും ചെയ്യാനാവാതെ നിസ്സഹായാവസ്ഥയിൽ ഇരിക്കേണ്ടി വരുന്ന വെറും മനുഷ്യജീവി മാത്രമാണ് തങ്ങളെന്നും പറയുകയാണ് ഡോക്ടർ ഖദീജ മുംതാസ്. അത്തരത്തിലുള്ള നിരവധി അനുഭവങ്ങളാണ് ഈ പുസ്തകത്തിലൂടെ നമുക്കു മുന്നിലെത്തുന്നത്. അതിലാകട്ടെ കൂടുതലും നിറഞ്ഞു നിൽക്കുന്നത് സ്ത്രീകളും.

സ്വന്തം മകൾക്കു അവളുടെ അച്ഛനിലുണ്ടായ കുഞ്ഞിനെ അവളുടെ ‘അമ്മ ആരായിട്ടു വളർത്തും ?ഇത്തരത്തിലുള്ള ഒരു ചോദ്യത്തെ ഡോക്ടർ എങ്ങനെയായിരിക്കും പ്രതികരിച്ചിട്ടുണ്ടാകുക?. സ്വതം നഷ്ടപ്പെട്ടവരുടെ നിലവിളികൾ, അവരുടെ വിവിധ ഭാവങ്ങൾ, അവർ നേരിടേണ്ടി വരുന്ന കഠിന പരീക്ഷണങ്ങൾ ഇതുപോലുള്ള നിരവധി സംഭവങ്ങളാണ് ഡോക്ടർ ഈ പുസ്തകത്തിൽ വരച്ചിട്ടിരിക്കുന്നത്.പരസ്പരപൂരകങ്ങളായി വർത്തിക്കേണ്ടതിനു പകരം ശാരീരികമായ മുൻ‌തൂക്കം മുതലെടുത്തു ചപലനും സ്വാർത്ഥനുമായ പുരുഷൻ, മാനസികമായി പക്വമതിയായ സ്ത്രീയെ ഭരിക്കുന്നതിലെ അസന്തുലിത്വമാണ് ഇവിടുത്തെ അസ്വസ്ഥതകൾക്കും ,അസമാധാനത്തിനുമുള്ള ഹേതു എന്ന് താൻ കേട്ട അനുഭവ കഥകളെ ആധാരമാക്കികൊണ്ട് ഡോക്ടർ പറയുന്നു.

ബർസ എന്ന നോവലിന് സാഹിത്യ അക്കാദമി അവാർഡ് നേടിയ ഖദീജ മുംതാസിന്റെ ഈ പുസ്തകവും ഡിസി ബുക്ക്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്, വില 120 രൂപ.