ചങ്ങമ്പുഴയുടെ ‘പ്രതികാര ദുർഗ്ഗ’

തലക്കെട്ട് വായിക്കുമ്പോൾ ഒരുപക്ഷേ അതിലെ ‘ പ്രതികാര ദുർഗ്ഗ’ ചങ്ങമ്പുഴ എഴുതിയ ഏതെങ്കിലും കവിതയുടെ പേരാണോ എന്നു  തോന്നിയേക്കാം.  അദ്ദേഹം   ‘പ്രതികാര ദുർഗ്ഗ’ എന്നപേരിൽ ഒരു കവിത എഴുതിയതായി അറിവില്ല. എന്നാൽ  ഒരു നോവൽ എഴുതിയിട്ടുണ്ട്. അതൊരു വിദേശ നോവലിന്റെ വിവർത്തനമാണ് .  ‘കളിത്തോഴി’ എന്ന പേരിൽ മറ്റൊരു  നോവൽ കൂടി അദ്ദേഹം എഴുതിയിട്ടുണ്ട്. അത് സ്വന്തം നോവലാണ്. ഇതുകൂടാതെ  വേറെ നോവലുകളൊന്നും  അദ്ദേഹം എഴുതിയതായി അറിവില്ല. കവിതകൾ മാത്രമല്ല ചങ്ങമ്പുഴ  എഴുതിയിരുന്നത്. നിരവധി കഥാസമാഹാരങ്ങൾ  അദ്ദേഹത്തിന്റേതായുണ്ട്. അതിൽ  ചിലത് വിവർത്തനങ്ങളാണ്. ഗോർക്കി,  സൊളോഗബ് , ചെക്കോവ് , ടോൾസ്റ്റോയ് , മാർക് ട്വയിൻ , അലക്സാണ്ടർ കുപ്രിൻ, മോപ്പസാങ് ,  ജാൻ നെരൂദ തുടങ്ങിയവരുടെ ചില കഥകൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട് . വിശ്വസാഹിത്യത്തിൽ നിന്നുള്ള പ്രശസ്ത നാടകങ്ങളും അദ്ദേഹം മലയാളത്തിലേക്കാക്കി നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.    

പ്രതികാര ദുർഗ്ഗ’ എന്ന പേര്  ‘Gunnar’s Daughter’ എന്ന നോവലിന്റെ മലയാള പരിഭാഷയുടെ പേരാണ്. 1928 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ നോർവീജിയൻ എഴുത്തുകാരിയാണ് സിഗ്രിഡ് ഉൻസെറ്റ്.   സിഗ്രിഡ് ഉൻസെറ്റിന്റെ ‘പ്രതികാര ദുർഗ്ഗ’  പതിനൊന്നാം നൂറ്റാണ്ടിലെ നോർവേ  പശ്ചാത്തലമാക്കിയിരിക്കുന്ന   വീര്യവും പ്രതികാരവും ഇഴചേർന്ന ഒരു ചരിത്ര നോവലാണ്. 1909 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ , ഉൻസെറ്റിന്റെ ആദ്യകാല രചനകളിൽ ശ്രദ്ധേയമായ ഒന്നാണ്. മധ്യകാലഘട്ടത്തിലെ സ്കാൻഡിനേവിയൻ ജീവിതത്തെ സൂക്ഷ്മമായും യാഥാർത്ഥ്യബോധത്തോടെയും ചിത്രീകരിച്ചിരിക്കുന്ന  ഈ നോവൽ, പ്രധാനമായും വിഗ്ഡിസ്  എന്ന യുവതിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്.ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ഒരു നോവലാണ് ‘പ്രതികാര ദുർഗ്ഗ. 

 1907-ൽ “Fru Marta Oulie” എന്ന നോവലിലൂടെയാണ് ഉൻസെറ്റ് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ‘Gunnar’s Daughter’ (1909) ഉൾപ്പെടെയുള്ള നോവലുകൾ പ്രസിദ്ധീകരിച്ചു. ഈ ആദ്യകാല കൃതികൾ അവരുടെ പ്രതിഭ വിളിച്ചുപറയുന്നതായിരുന്നു .   ഉൻസെറ്റിന്റെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘Kristin Lavransdatter‘ ത്രയം (“The Wreath,” “The Wife,” “The Cross” എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ) 1920-1922 കാലഘട്ടത്തിലാണ് പ്രസിദ്ധീകരിച്ചത്. പതിനാലാം നൂറ്റാണ്ടിലെ നോർവേയുടെ പശ്ചാത്തലത്തിൽ ഒരു സ്ത്രീയുടെ ജീവിതം മുഴുവൻ പിന്തുടരുന്നതാണ്  ഈ കൃതി.റിയലിസ്റ്റിക് ആഖ്യാനവും മനഃശാസ്ത്രപരമായ ഉൾക്കാഴ്ചയും ഉൻസെറ്റിന്റെ രചനകളുടെ സവിശേഷതകളാണ്. വളരെ ലളിതമായ ഭാഷയായിരുന്നു അവരുടേത് , എന്നാൽ വളരെ ശക്തവുമായിരുന്നു.സ്നേഹം, വിവാഹം, മതം, കുടുംബം, ചരിത്രം, സ്ത്രീകളുടെ ജീവിതം തുടങ്ങിയവയായിരുന്നു ഉൻസെറ്റിന്റെ കൃതികളിലെ പ്രധാന പ്രമേയങ്ങൾ. രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി ജർമ്മനിയുടെ നോർവേ അധിനിവേശത്തെ എതിർത്ത ഉൻസെറ്റ് 1940-ൽ അമേരിക്കയിലേക്ക് പലായനം ചെയ്തു. യുദ്ധാനന്തരം നോർവേയിൽ തിരിച്ചെത്തി. മരണവും നോർവേയിൽ വച്ചു തന്നെയായിരുന്നു. 

‘പ്രതികാര ദുർഗ്ഗ’ യിലെ  കഥ ആരംഭിക്കുന്നത് വിഗ്ഡിസ് ഗണ്ണർസ്ഡാറ്ററിന്റെ ബാല്യകാലം മുതലാണ്. സമ്പന്നനും ആദരണീയനുമായ ഗണ്ണറിന്റെ മകളായ വിഗ്ഡിസ്  , സ്വാതന്ത്ര്യവും ധൈര്യവും തുളുമ്പുന്ന ഒരു പെൺകുട്ടിയായി വളരുന്നു. ഒരു വൈക്കിംഗ് കടൽക്കൊള്ളക്കാരനാൽ ബലാത്സംഗം ചെയ്യപ്പെടുന്നതോടെ അവളുടെ ജീവിതം പാടെ  തകിടം മറിയുന്നു. തനിക്ക് നേരിട്ട   അതിക്രമം അവളെ ശാരീരികമായും മാനസികമായും തളർത്തുന്നു. മാത്രമല്ല, സമൂഹത്തിൽ അവൾക്ക് അവമതിപ്പും ഏകാന്തതയും അനുഭവിക്കേണ്ടി വരുന്നു.

ഈ സംഭവത്തിനുശേഷം, വിഗ്ഡിസിന്റെ ജീവിതം പ്രതികാരത്തിനായുള്ള ഒരു യാത്രയായി മാറുകയാണ്.. ദുരന്തങ്ങൾ അത്രത്തോളം അനുഭവിക്കുന്നുണ്ടെങ്കിലും, അവൾ ഒരിക്കലും തളരുന്നില്ല. . തന്റെ അപമാനത്തിന് കാരണക്കാരനായ വ്യക്തിയെ കണ്ടെത്താനും ശിക്ഷിക്കാനും അവൾ ദൃഢനിശ്ചയം ചെയ്യുന്നു. ക്രമേണ  കഠിനഹൃദയയും നിശ്ചയദാർഢ്യവുമുള്ള ഒരു സ്ത്രീയായി അവൾ മാറുകയാണ് . പ്രതികാരത്തിനായുള്ള കടുത്ത തീരുമാനങ്ങൾ  അവളെ സ്നേഹത്തിൽ നിന്നും സന്തോഷത്തിൽ നിന്നും അകറ്റുന്ന ഒന്നായി മാറുകയും ചെയ്യുന്നു. 

‘പ്രതികാര ദുർഗ്ഗ’ വെറുമൊരു പ്രതികാരത്തിന്റെ കഥയല്ല. മധ്യകാലഘട്ടത്തിലെ സ്ത്രീകളുടെ ജീവിതത്തെയും, അന്നത്തെ സമൂഹത്തിൽ അവർ നേരിട്ട വെല്ലുവിളികളെയും കുറിച്ചൊക്കെ ഈ നോവലിൽ പ്രതിപാദിക്കുന്നുണ്ട്.  ‘വിഗ്ഡിസിന്റെ കഥയിലൂടെ, അക്കാലത്തെ സമൂഹത്തിന്റെ കാപട്യവും, സ്ത്രീകൾക്ക് നേരെയുള്ള അനീതിയും ‘ഉൻസെറ്റ്’  തുറന്നുകാട്ടുന്നു. ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീക്ക് നീതി ലഭിക്കുക എന്നത് എത്രത്തോളം ദുഷ്കരമായിരുന്നുവെന്നും, അവൾക്ക് സമൂഹത്തിൽ നിന്ന് എങ്ങനെ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരുന്നുവെന്നും നോവലിൽ കാണാം.

അക്കാലത്തെ  ആചാരങ്ങൾ, വിശ്വാസങ്ങൾ, ജീവിതരീതികൾ എന്നിവയെല്ലാം നോവലിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. കൈകാര്യം ചെയ്യുന്ന വിഷയം ഇത്തരത്തിലുള്ള ഒന്നായതുകൊണ്ടു തന്നെ കഥാപാത്രം അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെയും , വിചാരങ്ങളെയും വായനക്കാരെ സ്പർശിക്കുന്ന തരത്തിൽ കൈകാര്യം ചെയ്യുക എന്നുള്ളത് എളുപ്പമല്ല . അതിന്  എഴുത്തിൽ നല്ലവണ്ണം കയ്യടക്കം വന്ന ആളുകൾക്കേ കഴിയുകയുള്ളൂ.  അത്തരത്തിൽ  വിഗ്ഡിസിന്റെ ആന്തരിക സംഘർഷങ്ങളും, വേദനയും, പ്രതികാര താല്പര്യങ്ങളുമൊക്കെ    വായനക്കാർക്ക്  അനുഭവവേദ്യമാകുന്ന രീതിയിലാണ് എഴുത്തുകാരി  അവതരിപ്പിച്ചിരിക്കുന്നത്. സിഗ്രിഡ് ഉൻസെറ്റിന്റെ    മികച്ച രചനകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന  കൃതിയാണ്  ‘പ്രതികാര ദുർഗ്ഗ’  .ചരിത്രത്തിലും മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളിലും താല്പര്യമുള്ളവർക്ക് വായിക്കാൻ തിരഞ്ഞെടുക്കാവുന്ന  ഒരു പുസ്തകമാണിത്. ‘മൈത്രി ബുക്സ്’ ആണ് ഈ നോവൽ  മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് . കൂടാതെ പിരപ്പൻകോട് മുരളി സമ്പാദനവും പഠനവും നടത്തി കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ചങ്ങമ്പുഴയുടെ സമ്പൂർണ്ണ ഗദ്യകൃതികൾ’ എന്ന പുസ്തകത്തിലും ഈ നോവൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട് :മാതൃഭൂമി