ബോഡിലാബും ക്രൈം ലാബും

ഒന്നാം ഫോറൻസിക് അദ്ധ്യായം എന്ന തന്റെ ആദ്യ നോവലിന് ശേഷം ഡോക്ടർ രജതിന്റെതായി പുറത്തിറങ്ങിയ നോവലാണ് ബോഡി ലാബ് . ഫോറൻസിക് ഒരു മുഖ്യ വിഷയമായി കടന്നു വന്ന ഒരു നോവലായിരുന്നു ഒന്നാം ഫോറൻസിക് അദ്ധ്യായം .മലയാളത്തിലെ ഫോറൻസിക് ഫിക്ഷന്റെ കാര്യമെടുത്താൽ അതിന്റെ വളർച്ച തുടങ്ങിയിട്ടേയുള്ളൂ എന്നു കാണാം. ഫോറൻസിക് വിഷയം ഒരുമുഴുനീള പ്രമേയമായി അധികമങ്ങനെ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടുകണ്ടിട്ടില്ല. ഫോറെൻസിക് സർജനായ ഡോക്ടർ ഉമാദത്തന്റെ ‘കപാലം‘ എന്ന പുസ്തകത്തിൽ നിരവധി ചെറു കഥകളുടെ രൂപത്തിൽ അത്തരം വിഷയങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെതന്നെ ‘ഒരു ഫോറെൻസിക് സർജന്റെ ഓർമകുറിപ്പുകൾ‘ എന്ന പുസ്തകം ഫോറൻസിക് മെഡിസിനെ കുറിച്ചു വളരെ ആധികാരിമായി വിവരങ്ങൾ നൽകുന്ന ഒന്നാണ് . കുറ്റാന്വേഷണത്തിൽ ഫോറൻസിക് ശാഖയ്ക്ക് പ്രത്യേകിച്ചും ഫൊറൻസിക് മെഡിസിനു എത്രമാത്രം പ്രാധാന്യമുണ്ടെന്ന് സാധാരണകാർക്ക് കൂടി എളുപ്പത്തിൽ മനസ്സിലാക്കി തരുന്ന തരത്തിലാണ് ആ പുസ്തകം തയ്യാറാക്കപ്പെട്ടിട്ടുള്ളത് .

പക്ഷേ മലയാള സാഹിത്യത്തിലേക്ക് കടക്കുമ്പോൾ കുറ്റാന്വേഷണത്തിൽ ഫോറൻസിക് സയൻസിന്റെ സാധ്യതകൾ അത്രമേൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ എന്നു സംശയമാണ്. മേൽ സൂചിപ്പിച്ച ഒന്നാം ഫോറൻസിക് അദ്ധ്യായം എന്ന നോവൽ ഫോറൻസിക് മെഡിസിന്റെ അനവധി സാധ്യതകളെ തരക്കേടില്ലാത്ത രീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള ഒരു പുസ്തകമാണ് . അങ്ങനെ നോക്കുമ്പോൾ മലയാളത്തിലെ ഫോറൻസിക് ഫിക്ഷൻ എഴുത്തുകാരനെന്ന വിശേഷണം ഡോക്ടർ രജതിനു നന്നായി ചേരുമെന്നു തോന്നുന്നു. ഫോറൻസിക് ഒരു മുഖ്യ പ്രമേയമായി കടന്നുവന്നിട്ടുള്ള മലയാളത്തിലെ ആദ്യത്തെ ഫോറൻസിക് ഫിക്ഷൻ നോവലെഴുതിയതും ഇദ്ദേഹമാകാൻ സാധ്യതയുണ്ട്.

നോവലിന്റെ പേരു തന്നെ വായനക്കാരിൽ പ്രമേയത്തെ സംബംന്ധിച്ചു കൗതുകമുണർത്താൻ സാധ്യതയുള്ള ഒന്നാണ് .ബോഡിലാബ് എന്ന പേരു കേൾക്കുമ്പോൾ മനസ്സിൽ തെളിയാൻ സാധ്യതയുള്ള ഒരു പേര് ക്രൈം ലാബ് എന്നായിരിക്കും. ഫോറൻസിക് തെളിവുകൾ ശേഖരിക്കുക, അവയെ സംരക്ഷിക്കുക, പുതിയ ശാസ്ത്രസാങ്കേതിക വിദ്യകളിലൂടെ അവയെ വിശകലനം ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഈ ക്രൈം ലാബുകൾ എന്നറിയപ്പെടുന്ന സ്ഥാപനങ്ങൾ ചെയ്യുന്നത് .കുറ്റകൃത്യങ്ങൾക്ക് പിന്നിലുള്ള സത്യാവസ്ഥകളെ പുറത്തുകൊണ്ടുവരുന്നതിൽ ക്രൈം ലാബുകൾ ചില്ലറ പങ്കൊന്നുമല്ല വഹിക്കുന്നത്. ഇവിടെ നോവലിൽ മണ്മറഞ്ഞു പോയേക്കാവുന്ന കുറ്റകൃത്യങ്ങളുടെ പിറകിലെ തെളിവുകളെ പുറത്തുകൊണ്ടുവരുന്നത് മൃതദേഹമായതുകൊണ്ടാകണം ബോഡിലാബ് എന്ന പേര് എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നത്.

പ്രശസ്തമായ ഒരു സ്വാശ്രയമെഡിക്കൽ കോളേജിൽ ഒന്നാം വർഷ മെഡിക്കൽവിദ്യാർത്ഥികളെ ശരീരശാസ്ത്രം പഠിപ്പിക്കാൻ ലക്ച്റർ ആയി എത്തിയതാണ്‌ അഹല്യ . പലകാരണങ്ങളാൽ സഹതാപവും പരിഹാസവും വേണ്ടുവോളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കഥാപാത്രമാണവർ. കോളേജിൽ വിദ്യാർഥികളെ പഠിപ്പിക്കാൻ കൊണ്ടുവന്ന അഞ്ചാമത്തെ മൃതദേഹമാണ് ദുരൂഹതകൾ സൃഷ്ടിക്കുകയും പിന്നീട് കഥയെ മുന്നോട്ടു നയിക്കാൻ ഒരു കാരണമാകുന്നതും. ഓരോ മൃതശരീരവും അതിന്റെ മരണകാരണങ്ങൾ നിശ്ശബ്ദമായി അതിന്റെ അന്വേഷകരോട് സംസാരിക്കുമെന്നാണല്ലോ പറയപ്പെടുന്നത്. എന്നാൽ ഇവിടെ കാര്യങ്ങൾ അല്പം കൂടി വ്യത്യസ്തവും സങ്കീർണ്ണവുമാണ്.

സൈക്കോളജിക്കൽ ത്രില്ലറുകളുടെ ഒരു പൊതുസ്വഭാവമെടുത്താൽ തുടക്കത്തിലെ അവതരണത്തിലൂടെ വായനക്കാരെ സമര്‍ഥമായി കബളിപ്പിക്കുകയും പിന്നീട് യുക്തികൊണ്ടവയെ വിശകലനംചെയ്തു ബോധ്യപ്പെടുത്തുന്ന ഒരു രീതിയാണ് കാണാനാകുക. ഇതിനിടയിൽ പിരിമുറുക്കവും ആകാംക്ഷയും വേണ്ടുവോളം വായനക്കാർ അനുഭവിച്ചിട്ടുണ്ടാകും.നോവലിന്റെ ആദ്യ അദ്ധ്യായങ്ങളിൽ ഒരു ഹൊറർ മൂഡ് സൃഷ്ടിക്കാനും ,ഒരുഘട്ടം വരെ അത് നിലനിർത്തികൊണ്ടുപോകാനും എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. തുടക്കത്തിൽ ഒരു സൈക്കോളജി ത്രില്ലറെന്നുതോന്നിപ്പിക്കുന്ന നോവൽ പക്ഷെ സൈക്കോളജിക്കൽ സസ്പെൻസായി അവസാനിക്കുന്നു.

സാധാരണ ഇത്തരം നോവലുകൾ വായിച്ചു തുടങ്ങുമ്പോൾ തന്നെ ചില വായനക്കാരെങ്കിലും താനൊരു സ്വയം കുറ്റാന്വേഷകനായി സങ്കല്പിച്ചുകൊണ്ട് നോവലിലെ കഥയ്‌ക്കൊപ്പം സഞ്ചരിക്കാറുണ്ട് . നോവലിലെ ഓരോ സംഭവവികാസങ്ങൾക്കും സ്വന്തമായി അനുമാനങ്ങളും തീർപ്പുകളും അവർ കണ്ടെത്തും. ചിലർ കൃത്യമായി കുറ്റവാളികളിലേക്കെത്തുകയും ചെയ്യും. എന്നാൽ ബോഡി ലാബ് എന്ന ഈ നോവലിൽ കുറ്റവാളികളെ കണ്ടെത്താനുള്ള നിരവധി സാധ്യതകൾ വായനക്കാർക്കു മുൻപിലേക്കിട്ടുകൊടുക്കുകയും ഒടുക്കം സമർത്ഥമായി ട്വിസ്റ്റുകൾ തീർത്തുകൊണ്ടു ആ അനുമാനങ്ങളെ കബളിപ്പിക്കാനും എഴുത്തുകാരൻ നടത്തിയിട്ടുള്ള ശ്രമങ്ങൾ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെന്നു വേണം പറയാൻ.

ഫോറൻസിക് സയൻസിലെ പുരോഗതി,കുറ്റകൃത്യങ്ങൾക്ക് പിന്നിലുള്ള അന്വേഷങ്ങളെ എളുപ്പമാക്കിയിട്ടുണ്ട് .ഫോറൻസിക് വിഷയങ്ങൾ ധാരാളമായി കടന്നുവരുന്ന നോവലുകലെഴുതുമ്പോൾ അത്തരം സാങ്കേതികവിദ്യകളെ കുറിച്ചുള്ള വിപുലമായ ഗവേഷണവും ,അവയുടെ പിന്നിലെ ശാസ്ത്രീയ അറിവുകളെക്കുറിച്ചും വ്യക്തമായ ധാരണകളുണ്ടാകേണ്ടതുണ്ട്. ഒരു ചെറിയ തെറ്റുപോലും ഇന്നത്തെ വായനക്കാർ ക്ഷമിച്ചെന്നുവരില്ല .ഒരു വിരൽ തുമ്പിൽ വിവരങ്ങൾ ലഭ്യമായിരിക്കെ നോവലിലെ തെറ്റായ ഒരു നിഗമനത്തെ പൊളിച്ചെടുക്കാൻ അവർക്ക് നിമിഷങ്ങൾ വേണ്ട.

ഈ നോവലിൽ ഫോറൻസിക് മേഖലയിലെ നിരവധി പ്രയോഗങ്ങളും, ശാസ്ത്രീയവിവരങ്ങളും വളരെ വ്യകതമായി സാധാരണക്കാർക്ക് കൂടി മനസ്സിലാകുന്ന തരത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത് . ഒരു ഡോക്ടർ കൂടിയായ എഴുത്തുകാരന് ഒരു പക്ഷേ തന്റെ മേഖലയിലെ അത്തരം അറിവുകൾ അതിനു സഹായിച്ചിട്ടുണ്ടാകാം. അതൊരിടത്തും അനാവശ്യമായ വിവരണങ്ങളാകാതെ കഥയുടെ മുന്നോട്ടുള്ള ഗതിയിൽ വേണ്ട രീതിയിൽ അവതരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്.

തന്റെ ആദ്യനോവലിൽ നിന്നും എഴുത്തുകാരൻ കൈവരിച്ച ഒരു വളർച്ച ഈ നോവലിൽ പ്രകടമാണ്. കയ്യടക്കമുള്ള ഭാഷ തന്നെയാണ് അതിന്റെ ഹൈലൈറ്റ്. ശ്രദ്ധാപൂർവ്വം അവതരിപ്പിച്ചില്ലെങ്കിൽ പാളിപ്പോയേക്കാവുന്ന ഒരു വിഷയത്തെ തന്റെ അവതരണശൈലികൊണ്ടും ഭാഷകൊണ്ടും മനോഹരമാക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാം. ഡിസി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.