ഉന്മാദിയുടെ യാത്ര

പ്രശസ്ത നിരൂപകനായ റിച്ചാർഡ് ലകായോ തയാറാക്കിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 നോവലുകളുടെ പട്ടികയിൽ ഉൾപ്പെട്ട നോവലാണ് ജാക്ക് കെറോവാക്കിന്റെ ഓൺ ദി റോഡ് എന്ന നോവൽ. 1957 ൽ പ്രസിദ്ധീകരിച്ച ഇത് കെറോവാക്കിന്റെ ആത്മകഥാപരമായ നോവലായാണ് കരുതപ്പെടുന്നത് . മലയാളത്തിലേക്കു ഉന്മാദിയുടെ യാത്ര എന്നപേരിൽ ഈ നോവൽ വിവർത്തനം ചെയ്തിരിക്കുന്നത് ഡോ. അശോക് ഡിക്രൂസാണ്. അദ്ദേഹത്തിന്റെ മികച്ച ഒരു വിവർത്തനം തന്നെയാണ് ഉന്മാദിയുടെ യാത്ര.

അമേരിക്കൻ നോവലിസ്റ്റും ബീറ്റ് ജനറേഷന്റെ ഭാഗമായ ഒരു കവിയുമായിരുന്നു കെറോവാക്ക്. അമേരിക്കയുടെ സുവർണ്ണകാലം എന്ന് പലരും വിശേഷിപ്പിക്കുന്ന ഒരു കാലഘട്ടത്തിൻറെ വിവരണമാണ് ഈ നോവലിൽ കാണാനാകുക.

മദ്യം, ലൈംഗികത, മയക്കുമരുന്ന്,സംഗീതം എന്നിവയാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന സാൽ, ഡീൻ എന്ന രണ്ട് സുഹൃത്തുക്കളെക്കുറിച്ചാണ് ഈ നോവൽ മുഖ്യമായും പറയുന്നത്. സാലും, സുഹൃത്തുക്കളും സാമൂഹിക ഉത്തരവാദിത്വങ്ങളെ കുറിച്ചുള്ള ബോധങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് യാതൊരുവിധത്തിലുള്ള നിബന്ധനകളോ കെട്ടുപാടുകളോ ഇല്ലാതെ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഭാവിയെ കുറിച്ചുള്ള ആശങ്ക തെല്ലുമില്ലാതെ അവരുടെ യാത്ര മുന്നോട്ടുപോകുമ്പോൾ തീർച്ചയായും വായനക്കാർക്കും അത്തരമൊരു ജീവിതത്തെക്കുറിച്ചു സ്വപ്നം കാണാൻ തോന്നിയാൽ തെല്ലും അത്ഭുതമില്ല. നോവലിൽ,മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി വിവരണങ്ങൾ കാണാം. ലൈംഗികതയുൾപ്പെടെയുള്ള ഇതേ വിഷയങ്ങളുടെ ദുരുപയോഗത്തെ മഹത്വപ്പെടുത്തുന്ന പരാമർശങ്ങൾ നോവലിൽ പലയിടത്തും കാണാനാകും.

ചില സമയത്തുള്ള തുടർച്ചയായ സന്തോഷം, പലപ്പോഴും മറ്റുള്ളവരെ വേദനിപ്പിക്കുന്നതിലൂടെ നേടിയെടുക്കുന്ന ഒരു തരം ഫാസിസമാണ് . നോവലിലെ സാലിന്റെ പ്രിയ സുഹൃത്തു ഡീൻ, അത്തരമൊരു കഥാപാത്രമാണ്. പണം കണ്ടെത്താൻ ഏതുവഴിയും സ്വീകരിക്കുന്നയാളാണ് ഡീൻ. കാറുകളോ സൂപ്പർമാർക്കറ്റിൽനിന്നും ഭക്ഷണം മോഷ്ടിക്കുന്നതൊ അയാൾക്കൊരു പ്രശ്നമേയല്ല.
അയാൾക്ക്‌ പ്രധാനം വിനോദം മാത്രമാണ്, മറ്റുള്ളവരുമായുള്ള ബന്ധങ്ങൾക്ക്‌ അയാൾ വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല . ഉറ്റസുഹൃത്തായിരുന്നിയിട്ടു കൂടി മെക്സിക്കോയിൽ വച്ച് സാലിന് പനി ബാധിച്ച സമയത്തു ഡീൻ അവനെ ഉപേക്ഷിച്ചു പോകുന്നുണ്ട്.

സാലിന്റെയും ഡീനിന്റെയും അമേരിക്കയിലൂടെയും മെക്സിക്കോയിലൂടെയുമൊക്കെയുള്ള സഞ്ചാരങ്ങൾ വായനക്കാരുടെ മനസ്സിനെ അലോസരപ്പെടുത്താൻ തക്കവിധമുള്ളതാണ് .അവർ എല്ലായ്പ്പോഴും സന്തുഷ്ടരാണ്.അല്ലെങ്കിൽ അങ്ങനെ കരുതാൻ ഇഷ്ടപ്പെടുന്നവരാണ്.മുന്നോട്ടുള്ള യാത്രകളിൽ അവർ പലരീതിയിലും പണം സമ്പാദിക്കുന്നുണ്ട്‌. അതിലെ ശരികേടുകളെ കുറിച്ച് അവർ ഒരിക്കൽ പോലും ചിന്തിക്കുന്നേയില്ല.

പാറ്റേഴ്സൺ മുതൽ മരിൻ സിറ്റി വരെയും റോക്കി മൗണ്ട് മുതൽ സാൻ ഫ്രാൻസിസ്കോ വരെയും ഡെൻവർ മുതൽ ലോംഗ് ഐലൻഡ് വരെയും ഏറ്റവും ഒടുവിൽ ന്യൂയോർക്ക് മുതൽ മെക്സിക്കോ സിറ്റി വരെയും എന്നിങ്ങനെ നാല് യാത്രകളിലായാണ് നോവൽ വിഭജിക്കപ്പെട്ടിരിക്കുന്നത്. ഉന്മാദിയുടെ യാത്ര ഒരു നോവലാണെകിലും ഓർമ്മക്കുറിപ്പിനോട് അനുസ്മരിപ്പിക്കും വിധത്തിലാണ് അതിന്റെ ആഖ്യാനം.

വാസ്തവത്തിൽ നോവലിലെ സാലും ഡീനും മറ്റാരുമല്ല, കെറോവാക്കും അദ്ദേഹത്തിന്റെ സുഹൃത്ത് നീൽ കസാഡിയുമാണ്. യഥാർത്ഥ ജീവിതത്തിൽ കെറോവാക്ക് തന്റെ സുഹൃത്തിൽ പൂർണ്ണമായും ആകൃഷ്ടനായതുപോലെ .നോവലിലെ നായകനും ഡീനിനെ ആരാധിക്കുന്നതായി കാണാം. ആത്മകഥാപരമായ നോവലായതുകൊണ്ട് തന്നെ നോവൽ പുറത്തിറങ്ങിയ നാൾ മുതൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒരു കുറവും ഉണ്ടായിട്ടില്ല. ലൈംഗിക ബന്ധങ്ങളെക്കുറിച്ചുള്ള തുറന്നെഴുത്തുകൾ പിന്നീട് മാറ്റിയെഴുതിയാണ് പിന്നീട് ഈ കാണുന്ന രൂപത്തിൽ നോവൽ പ്രസിദ്ധീകരിച്ചതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. മയക്കുമരുന്ന്, മദ്യം, ലൈംഗികത എന്നിവക്കപ്പുറം സ്വതന്ത്ര ജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ക്ലാസിക് നോവലായി തന്നെയാണ് മിക്ക നിരൂപകരും ഈ പുസ്തകത്തെ കണക്കാക്കുന്നത്.

ആദ്യത്തെ ഒന്ന് രണ്ടദ്ധ്യായങ്ങൾ കഴിഞ്ഞാൽ നോവലിന്റെ ഒഴുക്ക് വളരെ വേഗത്തിലാണ്. അതിനുള്ളിൽ വായന മടുത്തു നിർത്തി പോയാൽ നഷ്ടമായിരിക്കും എന്ന് ഓർമിപ്പിച്ചുകൊള്ളട്ടെ. ഡിസി ബുക്ക്സ് ആണ് മലയാളത്തിൽ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്, വില 460 രൂപ.