കെ കെ പ്രകാശത്തിന്റെ അച്ഛന്റെ മകൾ

സ്കൂൾ,കോളേജ് ലൈബ്രറികളിലും എല്ലാ ഗ്രന്ഥശാലകളിലും ഉപയോഗിക്കുവാൻ വേണ്ടി കേരള ഗവൺമെൻറ് ഉത്തരവായിട്ടുള്ള പുസ്തകം എന്ന തലകെട്ടാണ് കെ കെ പ്രകാശത്തിന്റെ അച്ഛന്റെ മകൾ എന്ന പുസ്തകം വായിക്കാനുള്ള താല്പര്യം ഉയർത്തി വിട്ടത്. നാല്പത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ലാൽ ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജാതിയുടെയും,മതത്തിന്റെയും വേലിക്കെട്ടിൽ നിന്നും സ്നേഹം എന്ന മധുര വികാരത്തിന്റെ സാരഥിയായി വരുന്ന ഒരു മനുഷ്യന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഇതിവൃത്തമാണ് നോവലിനുള്ളത് എന്ന് ഇതിന്റെ അവതാരികയിൽ തകഴി പറഞ്ഞിട്ടുണ്ട്. സ്നേഹിക്കാനും,സ്നേഹിക്കപ്പെടാനും വേണ്ടിയാണ് മനുഷ്യൻ. പക്ഷെ ഇപ്പോൾ നടക്കുന്നതോ?
റിട്ടയേഡ് ഡിട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി റാവു ബഹദൂർ രാവുണ്ണി മേനോൻ ആ നാട്ടിലെ എല്ലാവരും അംഗീകരിക്കുന്ന വ്യകതിത്വമാണ്. മകൾ വത്സലയും ,ഭാര്യ കല്യാണികുട്ടിയുമടങ്ങുന്ന ഒരു കൊച്ചുകുടുംബമാണ് മേനോന്റെത്. തന്റെ പദവിയും,സ്ഥാനമാനങ്ങളും,പണവും സമൂഹത്തിൽ അദ്ദേഹത്തിന് ഉന്നത സ്ഥാനം നേടിക്കൊടുത്തു. മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്രത്തിന്റെ പത്രാധിപരും ഉറ്റ സ്നേഹിതനുമായ രാജശേഖരന്റെ കത്താണ് കഥയുടെ തുടക്കം.
ഉടനെ പുറത്തിറക്കാനുള്ള സ്പെഷ്യൽ പതിപ്പിന് വേണ്ടി വളരെ പെട്ടെന്ന് തന്നെ ഒരു കഥയെഴുതി തരണം എന്ന ആവശ്യമാണ് സുഹൃത്ത് കത്തിൽ പറഞ്ഞിരിക്കുന്നത് . സുഹൃത്തിന്റെ കത്ത് വന്നതോടെ ഇരുപത്തിമൂന്ന് വർഷങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങൾ ഓർത്തെടുക്കുകയാണ് മേനോൻ.തന്നെക്കാൾ വളരെ പ്രായം കുറവുള്ള കല്യാണികുട്ടിയുമായുള്ള കണ്ടുമുട്ടലും മാമൂലുകളെ മറികടന്നുള്ള അവരുടെ വിവാഹവും പക്ഷെ അതൊന്നും ഒച്ചപ്പാടുണ്ടാക്കാൻ മാത്രം ഒന്നുമുണ്ടായില്ല.കാരണം മേനോൻ ആ നാട്ടിലെ പ്രമാണിയായിരുന്നുവല്ലോ.
ഓർമ്മകളിൽ നിന്നും തിരിച്ചുവന്നപ്പോൾ തന്നെ ശരിക്കും അലട്ടുന്ന മറ്റൊരു പ്രശ്നത്തിന് അദ്ദേഹത്തിന് പരിഹാരം കാണേണ്ടിവന്നു. തന്റെ മകൾ വളരെ ദരിദ്രനും ,അന്യ മതത്തിൽപെട്ടവനുമായ ഒരു യുവാവുമായുള്ള പ്രണയത്തിൽ പെട്ടതോടുകൂടിയായായിരുന്നു അത്. സ്വന്തം അനുഭവം ഏതാണ്ട് അത്തരത്തിൽ ഒന്നായിരുന്നിട്ടുകൂടി മേനോന്റെ ഭാര്യയും തുടക്കത്തിൽ അതിനെ എതിർക്കുന്നുണ്ട് .ഒട്ടേറെ മാനസിക സംഘർഷങ്ങൾക്കു ശേഷം മേനോൻ തന്റെ വിവേകപൂർണ്ണമായ തീരുമാനം നടപ്പിലാക്കുകയാണ്.
ഇന്നത്തെ കാലത്തു ഇത് വായിക്കുമ്പോൾ എന്ത് പുതുമ എന്ന് തോന്നുമെങ്കിലും പത്തമ്പത് വർഷങ്ങൾക്കു മുൻപുള്ള ഇവിടുത്തെ സാമൂഹിക സ്ഥിതി പ്രത്യേകം പറയേണ്ടതില്ലല്ലോ .യുക്തിബോധവും ചിന്താശക്തിയുമുള്ള മനുഷ്യമനസ്സുകളുടെ മർദ്ധനങ്ങളേറ്റാണ് മതങ്ങളുടെ മതിലുകൾക്കിപ്പോൾ ബലക്ഷയമേറ്റിട്ടുള്ളത്. മനുഷ്യൻ ജാതിക്കും മതത്തിനും അതീതനായിരിക്കേണ്ട സ്നേഹമെന്ന മതത്തിലാണ് നമ്മൾ വിശ്വസിക്കേണ്ടതെന്നുമാണ് നോവലിന്റെ സാരാംശം. അപ്പോൾ പത്രാധിപർ രാജശേഖരൻ ആവശ്യപ്പെട്ട കഥ ? അത് തന്നെയാണ് ഈ നോവലിന്റെ കഥ. മേനോന്റെ സ്വന്തം ജീവിത കഥ.
നേരത്തെ സൂചിപ്പിച്ചപോലെ പുതിയകാലത്തെ കഥകളിലെതുപോലെ പുതുമയൊന്നും അവകാശപ്പെടാനാകില്ലെങ്കിലും വർത്തമാന കാലത്തെ സാമൂഹിക പ്രസക്തി അവകാശപ്പെടുന്ന ഒരു നോവലാണിതെന്നു പറയേണ്ടിവരും . തന്റെ ഇരുപതാമത്തെ വയസ്സിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചയാളാണ് കെ കെ പ്രകാശം. നിരവധി ലേഖനങ്ങളും,നോവലുകളും,ചെറുകഥകളും ആനുകാലികങ്ങളിൽ എഴുതിയിട്ടുണ്ട്. 1975 ലാണ് അച്ഛന്റെ മകൾ ആദ്യം പ്രസിദ്ധീകരിക്കുന്നത്. 2006 നവംബർ 18 ന് കെ കെ പ്രകാശം അന്തരിച്ചു.

സെപ്റ്റംബർ 30 ഇന്ന് ലോക വിവർത്തന ദിനം



ഓരോ ജനതയുടെയും സംസ്കാരം അവരുടെ സാഹിത്യരചനകളിൽ പ്രതിഫലിക്കുന്നുണ്ട്. കാരണം സാഹിത്യം വിശാലമായ അർത്ഥത്തിൽ സംസ്കാരത്തിന്റെ സൃഷ്ടികൂടിയാണ്. വിവർത്തനം കേവലം ഭാഷാപരമായ ഒരു വെച്ചുമാറ്റമല്ല. ഒരു ഭാഷയിൽ പ്രകാശിപ്പിച്ച അർത്ഥം പറിച്ചെടുത്ത് മറ്റൊരു ഭാഷയിൽ നട്ടുണ്ടാക്കുന്നത് അത്ര എളുപ്പപ്പണിയുമല്ല. അത് ഒരു സർഗ്ഗ പ്രക്രിയയാണ്. യാന്ത്രികപരമായ ബുദ്ധിപരതയല്ല അതിനവശ്യം പ്രതിഭ തന്നെയാണ്.

ഒരു ഭാഷയിൽ നിന്നു മറ്റൊരു ഭാഷയിലേക്ക് പകരുന്ന അർത്ഥമണ്ഡലത്തിന് സംഭവിക്കുന്ന പരിണാമം സങ്കീർണ്ണമ്മായ ഒരു സാംസ്കാരിക പ്രക്രിയയാണ്. വിവർത്തന പ്രക്രിയ രണ്ടു ഭാഷകളുമായി ബന്ധപ്പെട്ടതാണ്. ഏത് ഭാഷയിൽ നിന്നു വിവർത്തനം ചെയ്യുന്നോ അതിനു സ്രോതഭാഷയെന്നും,ഏത് ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നോ അതിനെ ലക്ഷ്യ ഭാഷയെന്നും വിളിക്കുന്നു.
(കടപ്പാട്:താരതമ്യ സാഹിത്യ പരിചയം ,എഡിറ്റർ:-ചാത്തനാത്ത് അച്യുതനുണ്ണി)
മൗലിക രചനയെപ്പോലെ തന്നെ പരിഭാഷയും സർഗ്ഗാത്മകമായ പ്രവർത്തിയാണ്. പക്ഷേ സർഗ്ഗാത്മകകലാകാരന് സമാനമായ സ്ഥാനം പരിഭാഷകന് ആരും നൽകാറില്ല. പരിഭാഷകളെ കുറിച്ച് സംസാരിക്കുമ്പോഴും  വിവർത്തനത്തിനു പിന്നിൽ പണിയെടുത്തവരെ വേണ്ടവിധം അടയാളപ്പെടുത്തി കണ്ടിട്ടില്ല. തീർച്ചയായും അവരും ഒട്ടും കുറയാതെ പരിഗണിക്കപ്പെടേണ്ടതാണ് .

ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ -വായനക്കാരെ അസ്വസ്ഥതപ്പെടുത്തുന്ന നോവൽ -2020 ലെ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി

 

 

 

 

അപരത്വത്തെ അസ്ഥിത്വത്തിന്റെ  അടിസ്ഥാനമാണെന്ന്  അഭിപ്രായപ്പെട്ടത് മിഖായിൽ ബക്തിനാണ്. അപരത്വത്തിൽ നിന്നു മാത്രമേ ഒരാൾക്ക് തന്റെ സ്വത്വത്തെ വീണ്ടെടുക്കാൻ കഴിയൂ എന്ന  ബക്തിന്റെ നിർവചനത്തോട് ചേർന്ന് നിൽക്കുന്ന ഒരു നോവലാണ് എലെന ഫെറാന്റേയുടെ ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ. 2002 ൽ ഇറ്റാലിയൻ ഭാഷയിൽ I giorni dell’abbandono എന്ന പേരിൽ ഇറങ്ങിയ നോവൽ പിന്നെയും മൂന്നു വർഷങ്ങൾ കഴിഞ്ഞാണ് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടത്. ആൻ ഗോൾഡ്സ്റ്റീൻ ആയിരുന്നു അത് പരിഭാഷപ്പെടുത്തിയത്. സമൂഹഭാവന സാമൂഹിക രാഷ്ട്രീയ മാറ്റങ്ങൾക്കനുസരിച്ച് പുതുരൂപം പ്രാപിച്ചാണ് നിലകൊള്ളുന്നത്.സ്വാഭാവികമായും അത്തരം പരിണാമങ്ങൾ സാഹിത്യ രചനകളെയും പലതരത്തിൽ സ്വാധീനിക്കാനിടയുണ്ട് .സമകാലിക ജീവിതത്തിന്റെ വിരസതയും,കുടുംബജീവിതത്തിന്റെ ആസ്വാസ്ഥ്യങ്ങളും,മടുപ്പും ആകാംക്ഷകളുമൊക്കെ സംഭവിക്കുന്ന ഒരു കുടുംബിനിയുടെ ജീവിതമാണ് ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ എന്ന നോവലിൽ നിറഞ്ഞു നിൽക്കുന്നത്. സ്ത്രീകളുടെ പൊതുവേയുള്ള അവബോധത്തിന്റെയും, സംവേദനക്ഷമതയുടെയും,അവരുടെ ശക്തിയും ബലഹീനതയും സംബന്ധിച്ച  വശങ്ങളെക്കുറിച്ചുമൊക്കെ കൈകാര്യം ചെയ്യുന്ന ഒരു നോവൽ കൂടിയാണിത്.
 
ഓൾഗയ്ക്കും മരിയോയ്ക്കും ജാന്നിയെന്നും ,ഇലാരിയെന്നും പേരുള്ള രണ്ടു കുട്ടികളും ഒരു നായയുമുണ്ട്,ശാന്തനും,ഭാര്യയെ നല്ലപോലെ  മനസ്സിലാക്കിയവനും,വീടും കുടുംബവും ഒഴിച്ചു കൂടാത്തവനുമൊക്കെയായാണ്  ഓൾഗ തന്റെ ഭർത്താവിനെ തുടക്കത്തിൽ വിശേഷിപ്പിക്കുന്നത്.അവരുടെ ആ വൈവാഹിക ജീവിതത്തിലുടനീളം  ഓൾഗ തന്റെ ഭർത്താവിന്റെ കാര്യങ്ങൾ നോക്കുന്നതിനും അയാളെ തൃപ്തിപ്പെടുത്തുന്നതിനും വേണ്ടികൂടുതൽ സമയം ചെലവഴിച്ചു. അയാൾ അവളുടേതാണെന്ന് ഉറപ്പുവരുത്താൻ അയാൾക്കിഷ്ടമുള്ളതെല്ലാം വെച്ചു വിളമ്പി.ഒട്ടുമിക്ക സ്ത്രീകളെയും പോലെ തന്റെ ഭർത്താവിനെ നേടിയെന്ന മിഥ്യാധാരണ വച്ചു പുലർത്തിക്കൊണ്ട് ഓൾഗയും ഒരു  വീട്ടമ്മയായി ജീവിച്ചു പോന്നു.
 
പതിനഞ്ചു വർഷത്തെ ദാമ്പത്യത്തിനു ശേഷം  പെട്ടെന്നൊരു ദിവസം തന്നെ വിട്ടുപോകുമെന്നു പ്രഖ്യാപിക്കുന്ന  ഭർത്താവിന്റെ വാക്കുകളെ ആദ്യമൊന്നും അവൾ വിലക്കെടുക്കുന്നില്ല.  വീടു വിട്ടുപോകാനുള്ള അയാളുടെ  പ്രഖ്യാപനം മുൻപും പലതവണ നടപ്പാക്കിയിരുന്നതിനാൽ കുറച്ചു ദിവസങ്ങളുടെ മടുപ്പിന് ശേഷം അയാൾ തിരികെയെത്തുമെന്ന് അവൾ വിശ്വസിച്ചു.  ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനോടുവിൽ അയാളുടെ വാക്കുകളിലെ ആത്മാർഥത അവൾ തിരിച്ചറിഞ്ഞു.ടൂറിനിലെ വീട്ടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിൽ അവൾ സ്വയം തടവിലാക്കപ്പെട്ടു.
 
പ്രക്ഷുബ്ധമായ മാനസ്സികാവസ്ഥയിലിരുന്നുകൊണ്ട് സ്വയം ശാന്തമാകാൻ നേരം പുലരുന്നതുവരെ എഴുതുക എന്ന ശീലത്തിലേക്കു അവർ വഴുതിവീണു. മരിയോവിനു അവർ എഴുതുന്ന  കത്തുകളുടെ ഉള്ളടക്കം   വായനക്കാരുമായി പങ്കുവെയ്ക്കാൻ അവർ ഒരിക്കലൂം തയ്യാറാകുന്നുമില്ല. അയക്കാതെ വച്ചിരിക്കുന്ന ആ കത്തുകൾ എപ്പോഴെങ്കിലും അയാൾ വായിക്കുമെന്നും  എല്ലാം മനസ്സിലാക്കി അയാൾ കുടുംബത്തിലേക്ക് തിരിച്ചു വരുമെന്നും അവർ കരുതി. മരിയോ ഉപേക്ഷിച്ചതോടുകൂടി കുടുംബത്തിന്റെ സാമ്പത്തിക ഭാവിയും താറുമാറായി.അവഗണനയുടെ  പ്രഹരങ്ങൾക്കടിപ്പെട്ടു നുറുങ്ങിപ്പോയി  ഭ്രാന്തെടുത്തു ചാകുന്ന ഒരു പെണ്ണായി കരുതാൻ അവൾ  ശ്രമിച്ചു.ഒരു ശസ്ത്രക്രിയയ്ക്കിടെ ഒരു രോഗിയുടെ രക്തവും ഉമിനീരും കഫവും പോലെ ജീവിതം എന്നിൽ നിന്ന് ഒഴുകിപ്പോയി എന്നവൾ വിലപിക്കുന്നുണ്ട്. 
 
ഓൾഗയെ കൂടുതൽ ആഴത്തിൽ കഷ്ടപ്പെടുത്തിയത്  സ്വയം നഷ്ടപ്പെട്ടുപോകുന്നുവെന്ന  അവളുടെ മാനസികാവസ്ഥയാണ് .യുക്തിക്കും,ഭ്രാന്തിനും അതിജീവനത്തിനുമിടയിൽ കലുഷിതമായ അവരുടെ മനസ്സ്  അടിയന്തിര സാഹചര്യങ്ങളിൽ  വേണ്ടവിധം തീർച്ചപ്പെടുത്തേണ്ട  ചിന്തകളെയും പ്രവർത്തികളെയും നോവലിൽ കൃത്യമായി  അടയാളപ്പെടുത്തിയിരിക്കുന്നു.
ഭർത്താവ്  ഉപേക്ഷിച്ചു പോയതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഓൾഗയുടെതു മാത്രമായി ചുരുക്കപ്പെട്ടു . അതിന്റെ  ആഘാതത്തിൽ പലപ്പോഴും അവർക്കു  തന്റെ കുട്ടികളെ അവഗണിക്കേണ്ടിവന്നു. പലകാര്യങ്ങൾക്കും  മൂത്തമകൾ ജാന്നിയെ  വളരെയധികം ആശ്രയിക്കേണ്ടിവന്നു.   ജീവിതം മാറിയിരിക്കുന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ കഴിയാതെ   ഭ്രമാത്മകതകളുടെ  ഒരു ലോകത്തേക്ക് അവൾ പ്രവേശിക്കപ്പെട്ടു. ആ ലോകം അവൾക്ക് മുന്നിൽ  ഒരു ശൂന്യത പോലെ വളർന്നു വന്നു.
 
മാനസിക വേദന ലഘൂകരിക്കുന്നതിനും , അപ്പോഴത്തെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും  താൻ  ഇപ്പോഴും ആകർഷകമാണെന്ന് സ്വയം പറയാൻ ശ്രമിച്ചുകൊണ്ടു തന്നെയാണ്  അയൽവാസിയായ കാരാനോയുടെ അടുത്ത് അവളെത്തുന്നത് . ആ ബന്ധം  ഒരു പ്രണയത്തിലേക്കൊന്നും എത്തുന്നുമില്ല . അത്പക്ഷെ   അവളിൽ സ്വയം വെറുപ്പും നിരാശയും ഉണ്ടാക്കിയതെയുള്ളൂ . കരാനോയുടെ മുറിയിൽ വച്ച് അയാളുമായി  രമിക്കാൻ ശ്രമിക്കുമ്പോളും തന്റെ ഭർത്താവും അവരുടെ പുതിയ കാമുകിയും അതുപോലൊക്കെ ചെയ്തുകാണും എന്നവൾ ചിന്തിക്കുന്നുണ്ട്. ഒരുപക്ഷേ കരാനോയുമായുള്ള ആ ബന്ധം  മാരിയോടുള്ള പ്രതിഷേധത്തിന്റെ സൂചകമായി മാത്രം  കരുതാനാകില്ല  . രാത്രിവേളകളിലെ അവരുടെ സുഖാനുഭവങ്ങളുടെ ചുണ്ടുകളിലേക്ക് ഞാനെന്റെത് പ്രതികാരത്തോടെ ചേർത്തുവയ്ക്കും എന്നവൾ  പ്രഖ്യാപിക്കുന്നുമുണ്ട്.
എൻ പ്രഭാകരന്റെ കാമസൂത്രം എന്ന ചെറുകഥയിലെ ലീല എന്ന കഥാപാത്രം തന്റെ  ഓഫീസിൽ  കൂടെ ജോലി ചെയ്യുന്ന ജെയിംസിനോടൊപ്പം ഹോട്ടൽ മുറിയിലെത്തിയതിനു  ശേഷം  കാര്യത്തോടടുക്കുന്ന സമയത്ത്   തന്റെ ഭർത്താവിനെ  ഓർക്കുമ്പോളുണ്ടാകുന്ന ധാർമികതയുടെ  ചെന്നിനോവൊന്നും ഇവിടെ  ഓൾഗക്കു സംഭവിക്കുന്നില്ല.
 
ഉപേക്ഷിക്കപ്പെടലിന്റെ അപമാനത്തിൽ ഒരു സ്ത്രീ  പിരിമുറുക്കവും സങ്കടവും കൊണ്ട് തളർന്നു നിൽക്കുമ്പോൾ അവളുടെ മനസ്സ് എപ്രകാരമായിരിക്കും എന്നു പ്രവചിക്കുക അസാധ്യമാണ്.ഇവിടെ അവർ ഒരു അമ്മ കൂടിയാണ്.  ഭദ്രമായ ഒരു കുടുംബത്തിന്റെ അഭാവത്തിൽ മാതൃത്വം, ഏകാന്തത ,നിരാശ,ഉൽക്കണ്ഠ ,അനിശ്ചിതത്വം  എന്നിവകൊണ്ട് കലുഷിതമായ  മാനസികഭാവങ്ങളിലൂടെ കടന്നുപോകുന്ന   ഒരു സ്ത്രീയുടെ  ഭാഷയാണ് നോവലിനുള്ളത് . ആഖ്യാനത്തിലെ കൃത്യതയും ഭാഷയും വായനക്കാരുടെ മനസ്സിൽ ആഘാതം സൃഷ്ടിക്കുകയും ചെയ്യും.
 
 
ഇറ്റലിയിലെ ഏറ്റവും അറിയപ്പെടുന്ന സമകാലിക എഴുത്തുകാരിൽ ഒരാളാണ് എലെന ഫെറാന്റെ. അവരുടെ ഒട്ടുമിക്ക നോവലുകളും ശ്രദ്ധയാകർഷിക്കപ്പെട്ടവയാണ്. 1992 ലാണ് എലെന ഫെറാന്റേയുടെ ആദ്യ നോവലായ ട്രൌബ്ലിങ് ലവ് പുറത്തുവരുന്നത്. 2006 ൽ അതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തു വന്നു.  
2016 ൽ അവരുടെദി സ്റ്റോറി ഓഫ് ദി ലോസ്റ്റ് ചൈൽഡ്എന്നതിന്റെ ഇംഗ്ലീഷ് പതിപ്പ് മാൻ ബുക്കർ ഇന്റർനാഷണൽ ചുരുക്കപട്ടികയിൽ ഇടം പിടിക്കുകയുണ്ടായി.ആ വർഷം തന്നെ  ടൈം മാഗസിൻ എലീന ഫെറാന്റെയെ ഏറ്റവും സ്വാധീനിച്ച 100 പേരിൽ ഒരാളായി പ്രഖ്യാപിച്ചു.
 
പക്ഷെ ഇത്തരത്തിലുള്ള അന്താരാഷ്ട്ര പ്രശസ്തിയൊക്കെ ഉണ്ടായിട്ടും എഴുത്തുകാരിയെ കുറിച്ച് കൂടുതലായി ആർക്കും ഒന്നും അറിഞ്ഞുകൂടാ.അജ്ഞാതമായി എഴുതുന്നത് പുതിയ കാര്യമല്ലെങ്കിലും  എലെന ഫെറാന്റേ എന്ന എഴുത്തുകാരിയുടെ പേരിനു പിന്നിൽ ശരിക്കും ആരാണ് എന്നതിന്  ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ല.
മലയാളത്തിൽ ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് എഴുത്തുകാരിയായ സംഗീത ശ്രീനിവാസനാണ്.
ഒരുപക്ഷെ ഭാഷയുടെ സാംസ്‌കാരിക അതിർവരമ്പുകളെ ഒട്ടുമേ വകവെയ്ക്കാതെ തന്നെയാണ് ഈ നോവലിന്റെ വിവർത്തനം കൈകാര്യം ചെയ്തതെന്ന് പറയേണ്ടി വരും. അതിനു വേണ്ടി മാന്യമായ വാക്കുകൾ അന്വേഷിച്ചു പോകാൻ എഴുത്തുകാരി മെനക്കെട്ടിട്ടില്ല. ഒരുപക്ഷെ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ വിവർത്തനത്തിൽ പാളിച്ചകളുണ്ടാകുമായിരുന്നേനെ. 2020 ലെ വിവർത്തനത്തിനുള്ള സാഹിത്യ അക്കാദമി അവാർഡ് സംഗീത ശ്രീനിവാസന് ലഭിച്ചത് ഈ പുസ്തകത്തിനാണ് . എലെന ഫെറാന്റേയുടെ വിവർത്തനം ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നതും മലയാളത്തിലാണ്. മേഘ ബുക്ക്സ് ആണ് പ്രസാധകർ.

ഘാതകൻ ഉയർത്തിവിട്ട ചില ചോദ്യങ്ങൾ


 


ഭരണകൂടത്തിനെതിരായ അഭിപ്രായങ്ങളുംപ്രതിഷേധങ്ങളും രാജ്യദ്രോഹമോ തീവ്രവാദമോ ആയി  കണക്കാക്കപ്പെടുന്ന ഒരു സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.കലയും   സാഹിത്യവുമെല്ലാം പ്രതിഷേധത്തിനുള്ള ഒരു മുഖ്യ ആയുധം കൂടിയാണ് . ഭരണാധികാരികളെ അസ്വസ്ഥരാക്കാൻ ഒരു സാഹിത്യകൃതിക്കു കഴിയും. ആ ഒരു അർത്ഥത്തിൽ  രാഷ്ട്രീയപരമായി കൂടി വായിക്കപ്പെടേണ്ട  ഒന്നാണ് കെ  ആർ മീരയുടെ ഘാതകൻ എന്ന നോവൽ .2018 നവംബർ 8 ലെ നോട്ടുനിരോധനം തന്നെയാണ് നോവലിൽ തലങ്ങും വിലങ്ങും ചർച്ച ചെയ്യപ്പെടുന്നത്.

 വായനക്കാരോട്  സംവദിച്ചുകൊണ്ട്  അല്ലെങ്കിൽ അവരോടു ഇടയ്ക്കിടെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് തന്റെ അനുഭവങ്ങളുടെ തീക്ഷ്ണാനുഭവങ്ങൾ പങ്കുവെയ്ക്കുന്നഒരു ശൈലിയാണ് നോവലിലെ ആഖ്യാതാവായ സത്യപ്രിയ സ്വീകരിച്ചിരിക്കുന്നത്.

നോട്ടു നിരോധനം നടന്ന്  എട്ടു ദിവസങ്ങൾക്കു ശേഷം  സത്യപ്രിയക്കു നേരെ നടന്ന ഒരു കൊലപാതക ശ്രമത്തിന്റെ വിവരണങ്ങളോടെയാണ്  നോവൽ ആരംഭിക്കുന്നത്. ഒരു സ്ത്രീ എപ്പോഴും മറ്റൊരാളുടെ സംരക്ഷണത്തിൽ  ഇരിക്കേണ്ടവളാണെന്നുള്ള പൊതുധാരണയെ  പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നോവലാരംഭത്തിൽ തന്നെ കാണാം. കൊലപാതക ശ്രമത്തിനു ശേഷം ചോദ്യം ചെയ്യാനെത്തുന്ന ചെറുപ്പക്കാരി കോൺസ്റ്റബിളിന്റെ ചോദ്യം തന്നെ അത്തരത്തിലുള്ളതാണ്. 

തന്നെ കൊല്ലാൻ ശ്രമിച്ചവരെ ചികഞ്ഞെടുക്കാൻ പോലീസുമായി സഹകരിച്ചോ അല്ലാതെയോ ഉള്ള ഒരു അന്വേഷണത്തിൽ അവർ ഏർപ്പെടുന്നതോടു കൂടി  നോവലിനു  ഒരു അപസർപ്പക സ്വഭാവം കൈവരുന്നുണ്ട്. വെളിപ്പെടുത്തേണ്ടിയിരുന്ന ആ സത്യം പുറത്തുവരുന്നതിനു മുൻപേ അച്ഛനും മരിച്ചു പോയി. ഏതു നിമിഷവും നീയും വധിക്കപ്പെടും എന്ന അച്ഛന്റെ അവസാന വാക്കുകൾ സത്യപ്രിയയെ എരിപൊരികൊള്ളിച്ചു. തന്റെ കഥപറച്ചിലിനിടയിൽ വായനക്കാരോട് ചോദിക്കുന്ന ഒരുപിടി  ചോദ്യങ്ങളെ കൃത്യമായി കണ്ണികൾ ചേർത്ത് പൂരിപ്പിക്കുകയാണ് കെ ആർ മീര ഇവിടെ ചെയ്തിരിക്കുന്നത്.

 നോവൽ ചർച്ച ചെയ്യപ്പെടുന്ന ജാതീയപരമായ നിരീക്ഷണങ്ങൾ ഒരുപക്ഷെ സമൂഹത്തിൽ ഒരുമാറ്റവുമില്ലാതെ ഇപ്പോഴും നിലനിൽക്കുന്നു എന്നുള്ളതാണ് വാസ്തവം. പരിചിതമല്ലാത്ത ഇടങ്ങളിൽ ആളുകളെ അന്വേഷിച്ചു നടക്കുമ്പോൾ കേൾക്കേണ്ടി വരുന്ന ഒരു ചോദ്യം എന്താ ജാതി എന്നായിരിക്കും. ചോദ്യങ്ങളുടെ രൂപവും,രീതികളും മാറിയെങ്കിലും ജാതി ചോദിക്കൽ  അല്ലെങ്കിൽ പ്രകടിപ്പിക്കൽ ഒരു യാഥാർഥ്യമായി തന്നെ നിലനിൽക്കുന്നുണ്ട്. ഇപ്പോഴും  പത്താം ക്ലാസ്സു സെർട്ടിഫിക്കറ്റിൽ  കുട്ടികളുടെ ജാതി വിളിച്ചു പറയുന്നുണ്ട്. ജാതി പറയരുത് എന്നെ പറഞ്ഞിട്ടുള്ളൂ . പക്ഷെ അത് മറ്റൊരു രീതിയിൽ പ്രദർശിപ്പിക്കപ്പെടുന്നു . ജാതിവിചാരത്തിലെ പൊതുബോധത്തെ തുറന്നു കാട്ടാൻ സത്യപ്രിയയുടെ അച്ഛന്റെ കാലത്തെ സിനിമ സംഭവങ്ങളും പരാമർശിക്കപ്പെടുന്നുണ്ട് .

 അപസർപ്പകനോവലുകളിൽ കണ്ടുവരുന്ന കുറ്റാന്വേഷണരീതികളുടെ  പതിവു വാർപ്പുകൾ ഈ നോവൽ പിന്തുടർന്നിട്ടില്ല.  എന്നിരിക്കിലും സത്യപ്രിയയുടെ അന്വേഷണങ്ങൾ നോവലിനെ ആ തലത്തിലേക്ക് ചിലയിടങ്ങളിൽ ഉയർത്തികൊണ്ടുവരുന്നുമുണ്ട്. ആര്എന്തിന്,എങ്ങനെ എന്നുള്ള മൂന്നു ചോദ്യങ്ങൾക്കുള്ള  ഉത്തരങ്ങൾ കണ്ടെത്താനുള്ള അവരുടെ അന്വേഷണങ്ങൾ പുരോഗമിക്കുന്തോറും സങ്കീർണ്ണമായ പല അവസ്ഥകളിലൂടെയും അവർ കടന്നു പോകുന്നുണ്ട്. തന്റെ ചോദ്യങ്ങളുമായുള്ള യാത്രകൾക്കിടയിൽ  ആത്മകഥ എന്ന പോലെ അവരുടെ ജീവിതാനുഭവങ്ങൾ  നമുക്ക് മുൻപിൽ  വെളിപ്പെടുന്നുമുണ്ട്. ഭൂതകാലത്തിൽ ബന്ധിക്കപ്പെട്ടു കിടന്നിരുന്ന പലതും അവർ കെട്ടഴിച്ചു വിടാൻ നിര്ബന്ധിതയാകുന്നുമുണ്ട് . മറഞ്ഞു കിടന്നിരുന്ന പലരെയും അവർക്കു വായനക്കാർക്ക് മുൻപിൽ നിർത്തേണ്ടി വരുന്നുമുണ്ട്.

  സത്യപ്രിയയുടെ ശരികളെ വായനക്കാരുടെ ശരികളുമായി പൊരുത്തപ്പെട്ടുപോകണമെന്നില്ല.അവർ ജനിച്ചു വളർന്ന ചുറ്റുപാടുകൾഎല്ലാവരുമുണ്ടായിട്ടും കുടുംബത്തിനും,തനിച്ചും  നേരിടേണ്ടി വന്ന അരക്ഷിതാവസ്ഥകൾ,കണ്ടുമുട്ടേണ്ടി വന്ന പലരിൽ നിന്നും അനുഭവിച്ചറിഞ്ഞ കയ്പ്പുള്ള അനുഭവങ്ങൾ ഇതെല്ലം അവരെ അത്തരത്തിൽ പാകപ്പെടുത്തിയതാണെന്നു വിശ്വസിക്കേണ്ടിവരും. അദ്ധ്യായങ്ങൾ മുന്നേറുന്നതൊടെ   അവരുടെ പൂർവകാലം പതിയെ വെളിപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്  .കഥ പറയുന്ന ശൈലിയിൽ  ഒരുപക്ഷേ അത്തരത്തിലുള്ള  പൂർവ മാതൃകകൾ ഒരുപാട് നമുക്കു മുന്നിലുണ്ടെങ്കിലും ഭൂതകാല സംഭവങ്ങളെ കൂട്ടികുഴച്ചുകൊണ്ടുള്ള ഒരു കഥപറച്ചിൽ രീതിയാണ്  നോവലിൽ നമുക്ക് കാണാനാകുക.

 പോലീസ് തേടുന്ന കശ്മീരിയുവാവിനെഅവനൊരു ആളെകൊല്ലി ക്രിമിനൽ ആണെന്നറിഞ്ഞിട്ടും എന്തിന് പ്രേമിച്ചു എന്ന പോലീസിന്റെ ചോദ്യത്തിന് സത്യപ്രിയയുടെ മറുപടി കുറിക്കു കൊള്ളുന്നതാണ് . ക്രിമിനൽ ആണെന്ന് ഇനിയും കോടതി തീർപ്പ് കൽപ്പിക്കാത്ത ഒരാളെ പ്രേമിക്കുന്നതിൽ എന്താണ് തെറ്റ് എന്നുള്ള മറുപടിയ്ക്കു മറുപക്ഷത്തിന് കൃത്യമായ മറുപടികളില്ല. ഇനി അഥവാ കൊന്നിട്ടുണ്ടെങ്കിൽ  തന്നെ നമ്മുടെ ഭരണാധികാരികൾ കൊന്നു തള്ളിയവരുടെ ആയിരത്തിലൊന്ന് പോലുമില്ല എന്നവർ പറയുന്നുണ്ട്.  ചോദ്യം ചെയ്യുന്നവരെ മറുചോദ്യങ്ങൾക്കൊണ്ട് കീഴടക്കുന്നഎവിടെയും തന്റെ അപ്രമാദിത്വം കാത്തുസൂക്ഷിക്കാൻ വിട്ടുവീഴ്ചകൾ ചെയ്യാൻ കൂട്ടാക്കാത്ത ഒരു കഥാപാത്രമാണ് സത്യപ്രിയ. താൻ കയറിച്ചെല്ലുന്ന എവിടെയും തന്റെ ആധിപത്യം പ്രതീക്ഷിക്കുകയും ,അതിനു വേണ്ടി വാക്കുകൾ യഥേഷ്ടം ഉപയോഗിക്കാൻ ഒരു മടിയുമില്ല അവർക്ക്. ചേട്ടന്മാർ  അധികാരം പ്രയോഗിക്കും എന്നതുകൊണ്ട് തനിക്ക് യഥേഷ്ടം അധികാരം പ്രയോഗിക്കാൻ കഴിയുന്ന അനിയന്മാരാണ് നല്ലത് എന്നവർ ഒരിടത്ത് പറയുന്നുണ്ട്. 

 സത്യപ്രിയക്ക് പറയാൻ ഒരു കഥയെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആ കഥ അവസാനമില്ലാത്തതും ,ഒരുപാട് കഥകൾ കൂട്ടി ചേർത്തതുംനിരവധി കഥാപാത്രങ്ങളുടെ അനുഭവങ്ങൾ കൊണ്ടു കെട്ടുപിണഞ്ഞു കിടക്കുന്നതുമായിരുന്നു. കുരുക്കുകൾ ഓരോന്ന് അഴിക്കാൻ ശ്രമിക്കുംതോറും മറ്റിടങ്ങളിലെ കുരുക്കുകൾ മുറുകുകയോ ,കെട്ടുകൾ പുതുതായി സൃഷ്ടിക്കപ്പെടുകയോ ചെയ്തു .ഘാതകനെ അന്വേഷിച്ചുള്ള യാത്രകൾ ഒരു എലിയും പൂച്ചയും കളിയായി  തോന്നിപ്പിക്കുന്നുമുണ്ട്. ആരാണ് ആ ഘാതകൻ എന്നറിഞ്ഞാൽ തന്നെയും എന്തിന് എന്നുള്ള ഒരു ചോദ്യവും പൂരിപ്പിക്കാതെ കഥ പൂർണ്ണമാകുകയില്ലല്ലോ .അതിലേക്കുള്ള യാത്രകളാണ് പിന്നീടവർ നടത്തുന്നത്. 

 അനായാസം കഥ പറഞ്ഞുപോകുന്ന തനി മീരയൻ‘ ശൈലി തന്നെയാണ് ഈ നോവലിന്റെയും പ്രത്യേകത. എന്തുകൊണ്ട് അഹിംസയെ കുറിച്ചുമാത്രം വീണ്ടും എഴുത്തുകാരിക്ക് എഴുതേണ്ടി വന്നു എന്ന ചോദ്യത്തിനുത്തരം ഈ നോവലിൽ കിടപ്പുണ്ട്. 

നോട്ടുനിരോധനം കൂടാതെ പീഡോഫീലിയ,പാലായനം,മാവോയിസ്റ്റ്തീവ്രവാദം,ചൂഷണം,വ്യഭിചാരം,പക,ആർത്തി,വിശപ്പ്,കുടുംബഭദ്രത,കപട ഭക്തി,കോർപ്പറേറ്റ് ജീവിതം തുടങ്ങീ  വിഷയങ്ങൾ വേണ്ട വിധം നോവലിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.രാഷ്ട്രീയപരമായ വിഷയങ്ങളെ സംബന്ധിച്ചുള്ളതാണെങ്കിലും    ആക്ഷേപഹാസ്യത്തിന്റെ അനുരണനങ്ങൾ നോവലിൽ അങ്ങിങ്ങായി ചിതറികിടപ്പുണ്ട്.അതുകൊണ്ടു തന്നെ നോവലിന് കൂടുതൽ ഇണങ്ങുന്നതും ഒരു രാഷ്ട്രീയ മുഖമാണ്.നോട്ടു നിരോധനവുമായി ബന്ധപ്പെട്ട സത്യപ്രിയയുടെ മിക്ക ചോദ്യങ്ങൾക്കും  ഉത്തരം പറയേണ്ടതു വായനക്കാരല്ല മറിച്ച് ഭരണകൂടം തന്നെയാണ് ,അവർക്ക് മാത്രമാണ്  കൃത്യമായ ഉത്തരങ്ങൾ നല്കാൻ   ബാധ്യതയുള്ളതും. അതുകൊണ്ടു തന്നെ ആ ചോദ്യങ്ങളെ നോട്ടുനിരോധനം പോലെ അത്രയെളുപ്പം  അസാധുവാക്കാൻ  കഴിയുകയുമില്ല.

 

പുസ്തകഭ്രാന്തനായ ഒരു കള്ളന്റെ കഥ

 

ബിബ്ലിയോഫൈൽ എന്ന പദത്തിന്  പുസ്തകപ്രേമി എന്നാണർത്ഥം, ബിബ്ലിയോമാനിയ  എന്നതിന് പുസ്തകഭ്രാന്തെന്നും. ഇവ തമ്മിലുള്ള അതിർവരമ്പ് വളരെ നേർത്തതാണ്. ഈ രണ്ടു വാക്കുകളും ആദ്യമായി ഉപയോഗിച്ചത് 1809 ൽ   ഒരു ഇംഗ്ലീഷ് പുരോഹിതനായ ഫ്രോനാൽ ഡിബ്ഡിൻ ആയിരുന്നു.Bibliomania or Book Madness എന്ന പുസ്തകത്തിലായിരുന്നു അവ പ്രത്യക്ഷപ്പെട്ടത് . (https://www.gutenberg.org/ എന്ന വെബ്സൈറ്റ് ൽ ആ പുസ്തകം വായിക്കാൻ സാധിക്കും)

ഈ വായനാ ഗ്രൂപ്പിലുള്ള പലരെയും മേല്പറഞ്ഞ പുസ്തകപ്രേമികളുടെയും,പുസ്തകഭ്രാന്തരുടെയും  കള്ളികളിൽ  ഉൾപ്പെടുത്തിയാൽ ഏതിലായിരിക്കും ഏറ്റവും കൂടുതൽ ആളുകളുണ്ടാകുക?
പുസ്തകങ്ങളെ മോഷ്ടിക്കാൻ വേണ്ടി മാത്രം പുസ്തകങ്ങളെ സ്നേഹിച്ച ജോൺ ഗിൽക്കി എന്ന  കള്ളന്റെ കഥയാണ് പുസ്തകങ്ങളെ അതിരുവിട്ടു സ്നേഹിച്ചവൻ എന്ന ആലിസൺ ഹൂവർ ബാർട്ലെറ്റിന്റെ നോവൽ പറയുന്നത്. ഇതുവരെ വായിച്ചതിൽ വച്ച് പുസ്തകങ്ങൾ ഇത്ര ധാരാളമായി  കടന്നു വരുന്ന നോവലുകളിൽ  എത്രാമത്തെ പുസ്തകമാണ് ഈ  നോവൽ എന്നത് കൃത്യമായി ഓർമ്മയില്ല. മലയാളത്തിലെ കാര്യമായെടുത്താൽ അത്തരമൊരു പ്രമേയം കൈകാര്യം ചെയ്തവർ അപൂർവ്വമാണ് എന്നാണ് തോന്നുന്നത് . സൂസന്നയുടെ ഗ്രന്ഥപ്പുര പോലുള്ള പുസ്തകങ്ങളാണ്  പെട്ടെന്നു ഓർമ വരുന്നത്. 

പലവിധ സ്ഥലങ്ങളിൽ നടക്കുന്ന  പുസ്തകമേളകളിൽ നിന്നും  ലൈബ്രറികളിൽ നിന്നും ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന, അപൂർവ പുസ്തകങ്ങൾ മോഷ്ടിക്കുന്ന ശീലമുള്ളയാണ്  ജോൺ ഗിൽക്കിയെങ്കിലും അയാൾക്കതിൽ  ഒരു തരി പോലും പശ്ചാത്താപം തോന്നുന്നില്ല എന്നുള്ളതാണ് കൗതുകകരമായ ഒരു സംഗതി. നാല് വർഷത്തിനിടയിൽ മാത്രം ഈ  ജോൺ ചാൾസ് ഗിൽക്കി ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന അപൂർവ പുസ്തകങ്ങലാളാണ് ശേഖരിച്ചു കൂട്ടിയത്.  പാർട്ട് ടൈം ജോലി ചെയ്യുന്ന ഗിൽക്കി, പുസ്തകങ്ങൾ മോഷ്ടിക്കുന്നതിന്റെ പല രീതികൾ നോവലിൽ കാണാം . കള്ളനെ പിടിക്കാൻ കെൻ സാന്ഡേഴ്സൻ എന്ന ഡിറ്റക്ടീവ് ജോലിയിൽ താൽപ്പര്യമുള്ള ഒരു പുസ്തക ഇടപാടുകാരൻ ഗിൽക്കിയെ അകത്താക്കാൻ  പിന്നാലെ തന്നെയുണ്ട്.

 പുസ്തകങ്ങളെ അതിരുവിട്ടു സ്നേഹിച്ചവൻ എന്ന ഈ പുസ്തകത്തിന്റെ പേര് ഒരുപക്ഷെ ഒട്ടുമിക്ക പുസ്തകപ്രേമികളെയും  ആകർഷിക്കാൻ സാധ്യതയുണ്ട്. നിങ്ങളൊരു പുസ്തകപ്രേമിയാണെങ്കിൽ ഈ പുസ്തകത്തിന്റെ പേരു കേൾക്കുമ്പോൾ തന്നെ  എവിടെയൊക്കെയോ നമ്മളെയും ബന്ധപ്പെടുത്തുന്ന, കണ്ണിചേർക്കാൻ കഴിയുന്ന എന്തോ ഇതിലുണ്ട് എന്ന്  വെറുതെയെങ്കിലും തോന്നിപോകാനിടയുണ്ട് . തീർച്ചയായും പുസ്തകപ്രേമികളുടെ  കൗതുകകരമായ സ്വഭാവങ്ങളെ പരാമർശിച്ചുപോകുന്ന  നിരവധി വിശേഷണങ്ങൾ  ഈ നോവലിലുണ്ട്.

 ജോൺ ഗിൽക്കി അമൂല്യമായ പുസ്തകങ്ങളെ മോഷ്ടിക്കാറുള്ളൂ എന്ന് പറഞ്ഞല്ലോ. ഉദാഹരണമായി എച് ജി വെൽസിന്റെ വാർ ഓഫ് ദി വേൾഡ്സ് എന്ന പുസ്തകത്തിന്റെ ഒന്നാം എഡിഷൻ,അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി ഒപ്പിട്ട സ്റ്റാറ്റജി ഓഫ് പീസ്,പിനോകിയോ യുടെ ഇറ്റാലിയൻ ഭാഷയിലെ ആദ്യ എഡിഷൻ, തുടങ്ങിയ പോലുള്ള പുസ്തകങ്ങളിലാണ് അയാളുടെ കണ്ണ്. പേരുകേട്ട പുസ്തകങ്ങൾ ശേഖരിച്ചാൽ അത് ആദരവ് നേടി തരുമെന്ന് അയാൾ കരുതുന്നുണ്ട്.പക്ഷെ പുസ്തക മോഷ്ടാവ് എന്നതിനപ്പുറം അയാൾ നല്ലൊരു വായനക്കാരനും കൂടിയാണ്. പ്രസിദ്ധീകരിച്ച കാലത്തേക്കാൾ ഇന്നത്തെ കാലത്തു വിലമതിക്കുന്ന പുസ്തകങ്ങളാണ് അയാളുടെ പക്കലുള്ളതും , അയാൾ മോഷ്‌ടിക്കാൻ ശ്രമിക്കുന്നതും അത്തരം പുസ്തകങ്ങളാണ്. 

ഒരു പുസ്തകമേളയിൽ കയറി ചെല്ലുമ്പോൾ,അവിടെയുള്ള  പതിനായിരക്കണക്കിന്  പുസ്തകങ്ങളെ ഒരുമിച്ചു കാണുമ്പോൾ പുസ്തക പനി വരുന്നുണ്ടെന്നു തോന്നാറുണ്ടോ ? ഉണ്ടെങ്കിൽ നിങ്ങളൊരു ബിബ്ലിയോമാനിയാക് ആണ്. അതുപോലെ പുസ്തകങ്ങളെ കുറിച്ചുള്ള കൗതുകകരമായ വിവരങ്ങൾ ശേഖരിക്കുന്ന ആളുകളെയും,അതിനു പിന്നാലെ എല്ലാം മറന്നു പിറകെ പോകുന്നവരെയും കണ്ടിട്ടുണ്ട്. വായനക്കാർക്ക്‌ മാത്രമല്ല ഓരോ പുസ്തകവ്യാപാരിക്കും വ്യത്യസ്തമായ കഥകൾ പറയാനുണ്ടാകും.അത് പുസ്തകങ്ങളെ കുറിച്ചാകാം, എഴുത്തുകാരെക്കുറിച്ചാകാം, അതുമല്ലെങ്കിൽ വായനക്കാരെ സംബന്ധിച്ചതാകാം.പുസ്തകാരാധനയിൽ നിന്നും പുസ്തക മോഷ്ടാവിലേക്കുള്ള അതിർവരമ്പ് വളരെ നേർത്തതാണെന്ന് നോവലിലെ ഒരു കഥാപാത്രം തന്നെ പറയുന്നുണ്ട്.അഭിരുചി,അറിവ്,ആഢ്യത്വം  എന്നിവയുടെയൊക്കെ ഏലസ്സാണത്രെ പുസ്തകശേഖരണം. ഇ-ബുക്കുകൾ വ്യാപകമായി വന്നാലും കട്ടി ബയന്റു ചെയ്ത പുസ്തകങ്ങൾ അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ്  ഗിൽക്കിയുടെ അഭിപ്രായം. 

അതിയായി ആഗ്രഹിക്കുകയും എന്നാൽ കണ്ടെത്താൻ കഴിയാത്തതുമായ പുസ്തകങ്ങൾ  വേണമെന്ന് നിങ്ങൾക്കും തോന്നാറില്ലേ? ഉണ്ടെങ്കിൽ അവ ഏതൊക്കെയാണ് എന്നറിയുന്നതിൽ ഒരു കൗതുകം കൂടിയുണ്ടാകും മറ്റുള്ളവർക്കും.  ഇതൊരു ഫിക്ഷൻ കാറ്റഗറിയിൽപ്പെടുന്ന പുസ്തകമല്ല. ട്രൂ ക്രൈം അല്ലെങ്കിൽ ബയോഗ്രഫി വിഭാഗത്തിൽപ്പെടുന്ന ഒന്നാണ്. നല്ലൊരു പുസ്തകത്തിന് വേണ്ടി ജയിലിൽ വരെ പോകാൻ തയ്യാറായ ഒരാളുടെ സംഭവ കഥയാണിത്. ജോൺ ഗിൽക്കിയെക്കുറിച്ചുള്ള എഴുത്തുകാരിയായ ആലീസൺ ഹൂവർ ബാർട്ലെറ്റിന്റെ  ലേഖനം 2007 ലെ മികച്ച അമേരിക്കൻ ക്രൈം റിപ്പോർട്ടിങ് വിഭാഗത്തിൽ  ഉൾപ്പെടുത്തിയിട്ടുണ്ട് . മാതൃഭൂമി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്,പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത് പി ജെ മാത്യുവും.

ദി അൾട്ടിമേറ്റ് ജസ്റ്റിസ് -സിനിമ പോലെ ആസ്വദിക്കാവുന്ന ഒരു നോവൽ



അനീതികളോടും ,അക്രമങ്ങളോടും പൊരുതി നീതി വാങ്ങിച്ചെടുക്കുന്ന  തരത്തിലുള്ള കഥകൾ നിരവധി സിനിമകളിൽ വിഷയമായിട്ടുണ്ട് . നീതി നിഷേധം സിനിമകളിൽ മാത്രമല്ല സാഹിത്യകൃതികളിലും പല രീതിയിൽ കൈകാര്യം ചെയ്തുവരുന്ന ഒന്നാണ് .അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കരുതലോടെ അവതരിപ്പിച്ചില്ലായെങ്കിൽ  പൊളിഞ്ഞു പാളീസാകാനുള്ള ഒരു സാധ്യതകൂടിയുണ്ട് . പ്രമേയപരമായി നീതിനിഷേധവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെങ്കിലും അജിത് ഗംഗാധരന്റെ ദി അൾട്ടിമേറ്റ് ജസ്റ്റിസ് എന്ന നോവലിൽ  വായിച്ചെടുക്കാവുന്ന   പൊരുളുകൾ  അനവധിയാണ്.    ചതി,വഞ്ചന,പ്രതികാരം,ആൾമാറാട്ടം,കൃത്രിമ തെളിവുകൾ,ബാങ്കിടപാടുകൾ  തുടങ്ങിയ പലതും  നോവലിൽ കടന്നുവരുന്നുണ്ട് .ഒരു പക്ഷേ അന്താരാഷ്ട്ര ബിസിനസ്സ് പശ്ചാത്തലത്തിൽ ഈ വക കാര്യങ്ങൾ അവതരിപ്പിച്ചിട്ടുള്ള  നോവലുകൾ  മലയാളത്തിൽ അധികമൊന്നും കാണാനാവില്ല എന്നു തോന്നുന്നു. 

ഒരു ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഒന്നാണ്  ഈ നോവലെങ്കിലും തുടക്കത്തിലെ ചില സംഭവങ്ങൾ   ഇതൊരു  അപസർപ്പകനോവലാണോ എന്നു   തോന്നിപ്പിക്കുന്നുണ്ട് . ഗരുഡ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനായ  മാധവജി എന്നു എല്ലാവരും വിളിക്കുന്ന ശ്രീ മാധവന്റെ തിരോധാനമന്വേഷിക്കാൻ പശുപതി എന്ന അന്വേഷണ ഉദ്യോഗസ്ഥൻ എത്തുന്നതോടെയാണ്  നോവൽ ആരംഭിക്കുന്നത്.  മാധവൻ തന്റെ കാബിനിൽ നിന്നും പ്രൈവറ്റ് ലിഫ്റ്റിൽ കയറുന്നതുവരെയുള്ള ദൃശ്യങ്ങൾ  സിസിടിവി യിൽ കാണാം.എന്നാൽ പിന്നീട് അയാളുടെ ഒരു വിവരവുമില്ല. അത്യന്തം ദുരൂഹതകൾ അവശേഷിപ്പിച്ചുകൊണ്ടുതന്നെയാണ് അയാൾ അപ്രത്യക്ഷനായിരിക്കുന്നത്. ഗരുഡ ഗ്രൂപ്പിന്റെ തൃപ്പൂണിത്തുറയിലെ ഫോർട് കോളേജിലേക്ക് അധ്യാപകനായി എത്തുന്ന  പശുപതി വിശ്വനാഥൻ മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രത്തിലെ  പ്രൊഫസർ എഡ്വേർഡ് ലിവിംഗ്സ്റ്റണെ ഓർമിപ്പിക്കുന്നുണ്ട്.  വളരെ പെട്ടെന്ന് തന്നെ അയാൾ കോളേജിലെ മറ്റൊരു അധ്യാപകനായ  എബിയുമായി സൌഹൃദത്തിലാകുകയും ചെയ്യുന്നു . എബിയാണ് പശുപതിയ്ക്കു ദി അൾട്ടിമേറ്റ് ജസ്റ്റിസ് എന്ന വീഡിയോ ഗെയിം പരിചയപ്പെടുത്തികൊടുക്കുന്നത്. സാധാരണ കണ്ടു വരുന്ന തീമുകളൊന്നുമല്ലായിരുന്നു ഈ ഗെയിമിന്  ഉണ്ടായിരുന്നത്. അതിലും ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. 

മാധവൻ  അപ്രത്യക്ഷനായതെങ്ങനെ ?. ഈ ഗെയ്മിനും മാധവന്റെ തിരോധനവവും തമ്മിൽ  വല്ല ബന്ധവുമുണ്ടോ? . നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ഒരു കഥാപാത്രം ശരിക്കും ആരായിരിക്കും  ? ഏത് പക്ഷത്താണ് അയാൾ നിലകൊള്ളുന്നത് ?അയാൾ ശെരിക്കും യഥാർഥത്തിലുള്ള ആളു തന്നെയാണോ വായനക്കിടയിൽ മുളച്ചുവരുന്ന ഇത്തരം  ചോദ്യങ്ങൾ  വായനക്കാരെ കുഴപ്പിക്കുക തന്നെ ചെയ്യും.നോവൽ തുടങ്ങി അധികം വൈകാതെ  തന്നെ എതിർപക്ഷത്തു നിൽക്കുന്നവരിൽ ചിലരെ   വായനക്കാരുടെ മുമ്പിൽ നേരിട്ട് അവതരിപ്പിക്കുന്നുണ്ടെങ്കിലും   വായന മുന്നേറുമ്പോളുണ്ടാകുന്ന നോവലിലെ  ഓരോ  സംഭവങ്ങളും  വായനക്കാരുടെ ബുദ്ധിയേയും, അന്വേഷണ ചിന്തകളേയും തെരുപിടിപ്പികുന്ന തരത്തിലുള്ള കഥാഘടനയാണ് നോവൽ സ്വീകരിച്ചിരിക്കുന്നത് . ഡബിൾ ഏജന്റുകളായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ വായനക്കാരെ ഒരു പരിധി വരെ വട്ടം കറക്കുക തന്നെ ചെയ്യും. 

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിൻ ഡീസൽ നായകനായ ബ്ലഡ്ഷോട്ട് എന്ന സിനിമയിൽ തന്റെ പ്രതികാരത്തിന് വേണ്ടി നായകന്റെ അതുവരെയുള്ള ഓർമ്മകളെ മായ്ച്ചു കളയുകയും, പുതിയ ഓർമ്മകൾ കൂട്ടിച്ചേർക്കുന്ന ഒരു സംഭവമുണ്ട് .  തന്റെ ഭാര്യയുടെ കൊലയാളിയെ നായകൻ കണ്ടെത്തി കൊലപ്പെടുത്തി കഴിഞ്ഞാൽ അയാൾ പോലും അറിയാതെ അയാളുടെ ഓർമ്മകൾ മറ്റൊരു രീതിയിൽ  പരീക്ഷണ ശാലയിലെ ഡോക്ടറാൽ അയാളിൽ പുന:സൃഷ്ടിക്കപ്പെടും . എന്നാൽ  ഓരോ തവണയും പുതിയ പുതിയ ആളുകൾ  ഭാര്യയുടെ കൊലപാതകിയുടെ സ്ഥാനത്ത് പ്രത്യക്ഷപ്പെടുകയും അവരെയെല്ലാം നായകൻ കൊല്ലുകയും ചെയ്യും. വാടക കൊലയാളിയെ പോലെ ഉപയോഗിക്കപ്പെടുകയായിരുന്നു നായകൻ. ചെയ്ത ക്രൈമുകളും,അതിന്റെ വിശദാംശംങ്ങളും കൃത്രിമമായി നിർമിക്കപ്പെടുകയും  ഈ സിനിമയിലെ നായകനെ പോലെ  അതൊന്നുമറിയാതെ നീതി നിഷേധങ്ങൾക്കും,അന്യായങ്ങൾക്കുമെതിരെ പ്രവർത്തിക്കേണ്ടി വരുന്ന നിരവധി കഥാപാത്രങ്ങൾ ഈ നോവലിലും ഉണ്ട്. 

അനായാസം വായിച്ചു പോകാവുന്ന ഒന്നായല്ല ഈ നോവൽ അനുഭവപ്പെട്ടത്. ആര് ആരൊക്കെയാണെന്നും , എന്തൊക്കെയാണെന്നുമൊക്കെ  മനസ്സിലാക്കിയെടുക്കാൻ കഥപറച്ചിലിന്റെ അതേ വേഗത്തിൽ വായനക്കാരനും സഞ്ചരിക്കേണ്ടതുണ്ട്. കഥാപാത്രങ്ങളുടെ ഇംഗ്ലീഷിലുള്ള സംസാരം ചിലയിടങ്ങളിൽ ഇംഗ്ലീഷിൽ തന്നെയും , ചിലയിടങ്ങളിൽ മലയാളത്തിലും   കൊടുത്തിട്ടുണ്ട്. ഏതെങ്കിലും ഒരു രീതിയിൽ തന്നെ പിന്തുടരുന്നതായിരുന്നു നല്ലത് എന്നു തോന്നുന്നു. ടീം ഏഞ്ചൽ എന്ന ഓപ്പറേഷൻ ടീമിലെ സാം തോമസിന്റെ യോഗ്യതകളിലൊന്ന് ഐ ടി പ്രൊഫഷണൽ ആണെന്നാണ് പറഞ്ഞിരിക്കുന്നത് . കൂടാതെ അയാൾ മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ കൂടിയാണ്. മൈക്രോസോഫ്റ്റ് അത്തരമൊരു സർട്ടിഫിക്കേഷൻ കൊടുക്കുന്നില്ല എന്നാണ് അറിവ്.ഒന്നില്ലെങ്കിൽ അത് കളവാകാം, അല്ലെങ്കിൽ മൈക്രോസോഫ്റ്റ് പോലും അറിയാതെ അവരിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങിച്ചെടുത്തതാകാം! എഴുതി പൊലിപ്പിക്കാമായിരുന്നെങ്കിൽ മുന്നൂറു  പേജിനു മേൽ എത്തുമായിരുന്ന ഈ  നോവൽ ഒരു പക്ഷേ കഥപറച്ചിലിന്റെ വേഗതകൊണ്ടാകണം ഇരുന്നൂറ് പേജിനുള്ളിൽ ഒതുക്കി നിർത്തപ്പെട്ടത്. 

പശുപതിയുടെയും , എബിയുടെയും,മാധവന്റെയും മാധവന്റെ മകൾ അപർണ്ണയുടെയും,മാധവന്റെ ഭാര്യ സുകന്യയുടെയും പിന്നിൽ ഒളിഞ്ഞുകിടക്കുന്ന അതിസങ്കീർണ്ണവും,എന്നാൽ അത്യന്ത്യം ദുരൂഹത നിറഞ്ഞ സംഭവവികാസങ്ങളെ വായനക്കാർക്കു ഒരു ആക്ഷൻ സിനിമ കാണുന്ന ലാഘവത്തോടെ ആസ്വദിക്കാൻ സാധിക്കും. ചുരുക്കത്തിൽ ഒരു സിനിമക്കുള്ള എല്ലാ ചേരുവകളും ഈ നോവലിനുണ്ട്. ബാഹുബലി സിനിമകൾ ഇറങ്ങി കഴിഞ്ഞതിന് ശേഷം ആനന്ദ് നീലകണ്ഠന്റെതായി പുറത്തുവന്ന  ബാഹുബലി:ശിവകാമിയുടെ ഉദയം എന്ന പുസ്തകത്തെ പോലെ ദി അൾട്ടിമേറ്റ് ജസ്റ്റിസ് എന്ന നോവലിന്റെ ആദ്യഭാഗങ്ങളും പിറകെ വരുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് . ഇപ്പോഴത്തെ മുഖ്യ കഥാപാത്രങ്ങളുടെ ഭൂതകാലം,അവർ ഇന്നത്തെ അവസ്ഥയിൽ എങ്ങനെ എത്തപ്പെട്ടു എന്നൊക്കെയാകും ആ ഭാഗങ്ങളിൽ ഉണ്ടാകുക എന്നനുമാനിക്കാം . അത്തരമൊരു സംഭവും മലയാളത്തിൽ ആദ്യമായിട്ടാണെന്ന് തോന്നുന്നു. 

എഴുത്തു ഭാഷയിലെ പ്രത്യേകത തന്നെയാണ് പുസ്തകത്തിന്റെ എടുത്തുപറയേണ്ട മറ്റൊരു കാര്യം. സാമൂഹിക വിഷയങ്ങളെ ബന്ധപ്പെടുത്തി കഥപറഞ്ഞു പോകുന്ന ഒരു ശൈലിയും ചിലയിടത്ത് കാണാം. കുഞ്ഞുങ്ങളിൽ രതി കാണുന്ന നാച്ചിയപ്പന്റെ കഥ തന്നെ ഒരു ഉദാഹരണം. എഴുത്തുകാരന്റെ  ആദ്യ പുസ്തകമാണെന്ന് തോന്നിപ്പിക്കുന്നതരത്തിൽ ഉയർത്തി കാട്ടാവുന്ന  ന്യൂനതകളൊന്നും  ഈ പുസ്തകത്തിൽ കാണാൻ സാധിക്കില്ല . മാതൃഭൂമി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 

യുഗന്ധരൻ-ശിവജി സാവന്തിന്റെ മറ്റൊരു മാസ്റ്റർപീസ്

 




കൃഷ്ണൻ എന്നാൽ കർഷണം ചെയ്യുന്നവൻ എന്നാണർത്ഥം, എന്ന് വച്ചാൽ  ആകർഷിക്കുന്നവൻ.എല്ലാവരെയും മോഹിപ്പിക്കുന്ന മോഹന കൃഷ്ണനായാണ് ഭക്തിയുമായി ബന്ധപ്പെടുത്തി സംസാരിക്കുമ്പോഴും കൃഷ്‌ണനെ അവതരിപ്പിച്ചു കണ്ടിട്ടുള്ളൂ. എത്രയോ അധികം  വർഷങ്ങളായി ശ്രീകൃഷ്ണൻ  ഇന്ത്യൻ സമൂഹത്തിലും സംസ്കാരത്തിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ശിവജി സാവന്തിന്റെ മറ്റൊരു നോവലാണ് യുഗന്ധരൻ .ആയിരത്തോളം പേജുകളിൽ അത്ഭുതങ്ങളില്ലാതെ കൃഷ്ണ കഥാപാത്രത്തെ  അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള   ഒരു അത്യുജ്ജ്വല  സൃഷ്ടിയാണിത്. ദൈവീക പരിവേഷങ്ങളെ മാറ്റിവെച്ചുകൊണ്ട് , ലോകത്തിലെ ഏറ്റവും വലിയ ശക്തി സ്നേഹമാണെന്ന് ജനങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്ന,എല്ലാ ജീവജാലങ്ങളും  തന്റെ പ്രിയപ്പെട്ടവരായി കണക്കാക്കുന്ന വെറുമൊരു  മനുഷ്യൻ എന്ന നിലയിലാണ് ഈ നോവലിൽ കൃഷ്ണനെ അടയാളപ്പെടുത്തിയിരിക്കുന്നത്. 

ശ്രീകൃഷ്ണന്റെ ജനനം മുതൽ മരണം വരെയുള്ള സംഭവ വികാസങ്ങൾ പ്രധാനമായും ഏഴു കഥാപാത്രങ്ങളിലൂടെയാണ് പറഞ്ഞു പോയിട്ടുള്ളത്. തന്റെ കഥ തുടക്കമിട്ടു വയ്ക്കുന്നത് ശ്രീകൃഷ്‌ണൻ തന്നെയാണ്. ജനനം,ബാല്യം,വിദ്യാഭ്യാസം തുടങ്ങി ജരാസന്ധ വധത്തിനുള്ള ശ്രമങ്ങൾ വരെയുള്ള കഥ അദ്ദേഹം പറഞ്ഞു വയ്ക്കുമ്പോൾ രുക്മിണി,ദാരുകൻ, ദ്രൗപദി, അർജ്ജുനൻ, സാത്യകി, ഉദ്ധവൻ തുടങ്ങിയവരിലൂടെ ആ ജീവിത കഥ പൂർത്തീകരിക്കപ്പെടുന്നു. ഓരോ അദ്ധ്യായങ്ങളിലും അവരവരുടെ കണ്ണിലൂടെയുള്ള കൃഷ്ണന്റെ രൂപത്തെയും, സ്വഭാവത്തെയും,അവർ കടന്നു പോയിട്ടുള്ള സംഭവങ്ങളെയും  വിവരിക്കാനാണ് ശ്രമിച്ചരിക്കുന്നത്. പാണ്ഡവരുമായുള്ള ചങ്ങാത്തത്തിൽ എത്തുന്നതോടെ മഹാഭാരത കഥ യുടെ ഒരു ഭാഗം  തന്നെ നമ്മുടെ മുന്നിലെത്തുന്നുണ്ട് . തീർച്ചയായും കൃഷ്ണന്റെ ജീവിതത്തിലേക്ക് എത്തിനോക്കാൻ ശ്രമിക്കുന്ന  ഈ നോവൽ  വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് തന്നെ നൽകുന്നുണ്ട്. 

ശ്രീകൃഷ്ണനുമായുള്ള വിവാഹത്തിന്റെയും  ദ്വാരകയുടെയും  കഥയാണ് രുക്മിണി പറയുന്നത്. അവരുടെ സഹഭാര്യമാരെക്കുറിച്ചും അവർ എങ്ങനെ കൃഷ്ണന്റെ ജീവിതത്തിലേക്ക് വന്നുവെന്നും രുക്മിണിയുടെ അദ്ധ്യായത്തിൽ പറയുന്നു. ദാരുകനാകട്ടെ  അവർ   നടത്തിയ വിവിധ യുദ്ധങ്ങളുടെയും കഥ പറയുന്നു. അർജുനൻ  തന്റെ സൗഹൃദത്തെക്കുറിച്ചും ഭക്തിയെക്കുറിച്ചും പിന്നീട് മഹാഭാരത യുദ്ധത്തിലെ സംഭവങ്ങളും പറയുന്നു. ദ്രൗപതി യുടെ കഥയിൽ ഇന്ദ്രപ്രസ്ഥവും, പാണ്ഢവരും കടന്നു വരുന്നു.സാത്യകി യുടെ അദ്ധ്യായത്തിലാണ്  കൃഷ്ണൻ നടത്തിയ യുദ്ധങ്ങളെക്കുറിച്ചും , അതിലെ തന്ത്രങ്ങളെക്കുറിച്ചും വളരെ ആധികാരികമായി മനസ്സിലാക്കാൻ സാധിക്കുന്നത്.  കൃഷ്ണന്റെ ബന്ധുവായ ഉദ്ധവനാകട്ടെ തന്റെ , ഏറ്റവും അടുത്ത സുഹൃത്തും , ശ്രീകൃഷ്ണന്റെ  നിഴൽ പോലെ ജീവിച്ച ഒരാളായി നടന്നതിന്റെ കഥകളാണ് പറയുന്നത്.   ശ്രീകൃഷ്ണന്റെ അവസാന നിമിഷം വരെ കൂടെയുണ്ടായിരുന്നതും ഉദ്ധവനാണ് . ഇന്നത്തെ സമൂഹത്തിന്റെ പ്രതിനിധിയയാണ് കൃഷ്ണ പുത്രൻ സാംബൻ നോവലിൽ പ്രത്യക്ഷപ്പെടുന്നത്. ഭരണം ,സമ്പത്ത്‌, സ്ത്രീ,അപര വിദ്വേഷം എന്നിവയോടുള്ള നിസ്സീമമായ ആഗ്രഹം കാരണമാണ് യുദ്ധങ്ങൾ പൊട്ടിപുറപ്പെടുന്നത് എന്ന് നോവലിൽ പറഞ്ഞു വെയ്ക്കുന്നുണ്ട്. ഇന്നത്തെ കാലത്തും ആ പറഞ്ഞ കാര്യങ്ങൾക്കും വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല, ആ മേല്പറഞ്ഞ കാരണങ്ങൾ കൂടത്തെ മതം എന്നൊരു സംഗതി കൂടി ഉൾപ്പെടുത്തിയാൽ മാത്രം മതി. അതാകാട്ടെ അപര വിദ്വേഷത്തിനുള്ളിൽ ഉൾപ്പെടുന്ന വിഷയം കൂടിയാണല്ലോ. 


ശിവാജി സാവന്തിന്റെ കർണ്ണനെ ഈ നോവലിൽ  കാണാൻ കഴിയില്ല . കാരണം കർണ്ണൻ കർണ്ണനായിത്തന്നെ ഇതിൽ പ്രത്യക്ഷപ്പെടുന്നു എന്നുള്ളതാണ്. അഹങ്കാരം പലപ്പോഴും കള്ളനെ പോലെ മനസ്സിൽ കയറിക്കൂടിയ, വഴിപിഴച്ച ജീവിതത്തിന്റെ കൂട്ടാളികൾക്കൊപ്പമാണ് എല്ലായ് പ്പോഴും  കർണ്ണൻ. അയാളുടെ ദുര മൂത്ത മനസ്ഥിതി അയാളറിയാതെ  തന്നെ ഇടയ്ക്കിടെ പുറത്തുചാടുന്നുന്നുമുണ്ട്. 

ഈ നോവലിൽ  വളരെ വ്യക്തമായി അവതരിപ്പിക്കുന്ന കൃഷ്ണന്റെ മറ്റൊരു വശം സ്ത്രീകളോടുള്ള  കാഴ്ചപ്പാടാണ് . അദ്ദേഹത്തിന്റെ സ്വന്തം കുടുംബത്തിലെ സ്ത്രീകളായാലും അല്ലെങ്കിൽ അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളായാലും അവരോടു മാന്യമായി  പെരുമാറാൻ നിങ്ങൾ ഒരു രാജാവാകേണ്ടതില്ലെന്നും ശ്രീകൃഷ്ണൻ കാണിച്ചു തരുന്നുണ്ട്.  ഗോകുലത്തിലെ രാധ തൊട്ട് ദ്രൌപദിയോടും,കുന്തിയോടും, ഗാന്ധാരിയോടും അയാള് ഇടപെട്ടത് എങ്ങനെ ആയിരുന്നുവെന്നത് അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങൾ മാത്രം. 

തീർച്ചയായും ശിവാജി സാവന്തിന്റെ മറ്റൊരു മാസ്റ്റർപീസ് തന്നെയാണ് യുഗന്ധരൻ എന്ന നോവൽ . 1994 ൽ പ്രശസ്തമായ മൂർത്തിദേവി അവാർഡ് ലഭിച്ച ആദ്യത്തെ മറാത്തി എഴുത്തുകാരൻ കൂടിയാണ്  ശിവാജി സാവന്ത്.സാഹിത്യ അക്കാദമി ഡെൽഹിയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് പി കെ ചന്ദ്രനും. 

കൊൽക്കത്ത പൊലീസിനെ പരീക്ഷിച്ച പന്ത്രണ്ടു കൊലപാതക കേസുകൾ -Murder in the city


നമ്മൾ വായിക്കുന്ന അപസർപ്പക നോവലുകളിൽ അന്വേഷണം വഴിമുട്ടുന്ന ഒരു സാഹചര്യം വരുമ്പോൾ എഴുത്തുകാരന്റെ യുക്തിക്കനുസരിച്ചു തെളിവുകൾ കൂട്ടിച്ചേർക്കുന്നത് കാണാം ,അതുപോലെ  പുതിയ ആളുകളെ  അതിലേക്ക് സൃഷ്ടിക്കുകയോ ,വഴിത്തിരിവുകൾ ഉണ്ടാക്കുകയോ ചെയ്യാം . അങ്ങനെ നിരവധി മാർഗ്ഗങ്ങൾ കൊണ്ട് കുറ്റവാളികളിലേക്കെത്തിക്കാം. വായനക്കാരെ  തൃപ്തിപ്പെടുത്താൻ അതുമതിയാകും.  പക്ഷെ നോവലിന് പുറത്തുള്ള യഥാർഥ അന്വേഷണ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും  ഇങ്ങനെ  വഴി മുട്ടുന്ന അവസരങ്ങളിൽ എന്ത് ചെയ്യാനൊക്കും? ഒരു തുമ്പും കിട്ടാതെ 
ഇപ്പോഴും എത്രയോ കേസുകൾ  കട്ടപുറത്തിരിക്കുന്നു! പക്ഷെ ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന കേസുകളെല്ലാം തന്നെ പോലീസ് അതിവിദഗ്ദ്ധമായി തെളിയിച്ചതാണ്. കൊൽക്കത്ത പോലീസ് ചരിത്രത്തിലെ പന്ത്രണ്ടു കേസുകൾ ആണ് Murder in the city: twelve incredible case files of the kolkata police എന്ന പുസ്തകത്തിലുള്ളത്. 

സ്വാതന്ത്ര്യപൂർവ ഭാരതത്തിലെ 1934 ലെ  കേസ് ഉൾപ്പെടെ 2007 ൽ റിപ്പോർട് ചെയ്യപ്പെട്ട  കേസ് വിവരങ്ങൾ വരെ ഈ പുസ്തകത്തിൽ ഉണ്ട്. ഭാര്യയെക്കൊന്ന് കപ്ബോർഡിൽ ഇട്ട് സമാധാനത്തോടെ ഉറങ്ങാൻ പോയ കൊലയാളി,തട്ടികൊണ്ട് പോയി പണം ആവശ്യപ്പെട്ടിട്ട് പിന്നീട് പണം വാങ്ങാൻ വരാത്ത കൊലയാളി,ഭാര്യ ജീവിച്ചിരിക്കെ അടുത്ത സ്ഥലത്ത് തന്നെയുള്ള  മറ്റൊരു യുവതിയെ വിവാഹം കഴിച്ചയാൾ,കൃത്യമായി തെളിവുകൾ ഉണ്ടാക്കി വച്ച്  കൊലപാതകം നടത്തുന്നയാൾ, സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി അസൂത്രം ചെയ്യുന്ന ആളുകൾ അങ്ങനെയുള്ള  നിരവധിയാളുകളെകുറിച്ചും , സംഭവങ്ങളെകുറിച്ചും ഈ പുസ്തകത്തിൽ വായിക്കാം. 
The Murder room എന്ന  കുറ്റാന്വേഷണ നോവലിൽ പി ഡി ജെയിംസ് പറഞ്ഞിട്ടുണ്ട് , കൊലപാതകത്തിനുള്ള എല്ലാ  മോട്ടീവുകളും നാല് L കളിലാണ് ഉള്ളതെന്ന് ;Love ,Lust ,Lure and Loathing ആണ് ആ നാല് L കൾ . അതെ, സ്നേഹത്തിനും,കാമത്തിനും,പണക്കൊതിക്കും,വെറുപ്പിനും ഒക്കെ കാരണമായിക്കൊണ്ട്  നമ്മളൊന്നും സ്വപ്നം കാണാത്ത രീതികളിൽ കൊലപാതകങ്ങളിൽ ഏർപ്പെടുകയും പോലീസിന്റെ കൂർമബുദ്ധി കൊണ്ട് മാത്രം പിടിയിലായ ഏതാനും കേസുകളാണ് ഈ പുസ്തകത്തിലുള്ളത്.   


1.അമരേന്ദ്ര പാണ്ഡെ അഥവാ പാകുർ മർഡർ കേസ് 

1934 ൽ ഏകദേശം 85 കൊല്ലം മുൻപ് കൊൽക്കത്ത പോലീസിന്റെ ഉറക്കം കളഞ്ഞ കേസാണിത്. ബ്യോംകേഷ് ബക്ഷിയുടെ പ്രശസ്തമായ ഗ്രാമഫോൺ പിൻ എന്ന കഥയുമായി സാമ്യമുള്ള ഒരു കേസാണിത്. വായിച്ചു പകുതിയായപ്പോൾ തന്നെ ഇതേപോലെ വേറെ എവിടെയോ വായിച്ചിട്ടുണ്ടെന്നു കരുതിയപ്പോഴേക്കും പുസ്തകത്തിൽ തന്നെ  ബക്ഷിയുടെ കഥയുടെ റഫറൻസ് വന്നു. ഒരുപക്ഷെ ബക്ഷിയെ നല്ലവണ്ണം സ്വാധീനിച്ചിട്ടുണ്ടാകണം ഈ കേസ് എന്ന് കരുതേണ്ടിയിരിക്കുന്നു.

2.ബേലറാണി കൊലപാതക കേസ് 

1954 ൽ ടോളിഗഞ്ചിലെ പോലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്യപ്പെട്ട കേസാണിത്.ഒരു നോവൽ പോലെ വായിക്കിക്കാവുന്ന ഉദ്വേഗം സൃഷ്ടിക്കുന്ന സംഭവങ്ങളാണ് ഈ കേസിൽ നടന്നിട്ടുള്ളത്. അതിരാവിലെ നഗരം വൃത്തിയാക്കാൻ വന്ന ജോലിക്കാർ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ ശരീരഭാഗങ്ങൾ കണ്ടെത്തുന്നതതോടെയാണ് കേസ് ആരംഭിക്കുന്നത്. കണ്ടെത്തിയ മുഖത്തിന്റെ ഭാഗമാകട്ടെ ഒരു തരത്തിലും തിരിച്ചറിയാൻ സാധിക്കാത്ത വിധം വികൃതമാക്കിയിരുന്നു. കുറ്റാന്വേഷണ ചരിത്രത്തിൽ കേസ് തെളിയിക്കുന്നതിനായി ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് സർജറി ചെയ്തു നോക്കിയ കേസ് എന്ന ബഹുമതി കൂടി ഈ സംഭവത്തിനുണ്ട്. ഇന്നിത്  കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും ക്രിമിനൽ കേസുകളിൽ DNA ടെസ്റ്റ് ഉപയോഗപ്പെടുത്താൻ തുടങ്ങുന്നതിനും ഏതാണ്ട് മുപ്പതു വർഷങ്ങൾക്കു മുൻപാണ്  ഈ സംഭവം നടക്കുന്നത് എന്നുകൂടി ഓർക്കണം .  1986 ലാണ് DNA ടെസ്റ്റ് കേസന്വേഷണങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് തുടങ്ങിയത്  . അതിനും മുപ്പതു വർഷങ്ങൾക്കു മുന്പ് നടന്ന ഈ കേസ് ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ്. 

3.പഞ്ചം ശുക്ല കൊലക്കേസ് 


1960 ലെ ഈ കേസ് എളുപ്പത്തിൽ തെളിയിക്കാൻ കഴിഞ്ഞെങ്കിലും പോലീസിനെ നന്നായി വെള്ളം കുടിപ്പിച്ച കേസായിരുന്നു ഇത്  . ബേലറാണി കൊലപാതക കേസിന് ബക്ക് റെക്സ്റ്റൻ ജിഗ്‌സോ മർഡർ കേസുമായി സാദൃശമുണ്ടായിരുന്നു . 1935 ൽ ലങ്കാസ്റ്ററിലെ ഒരു ഫിസിഷ്യൻ കൂടിയായിരുന്ന ബക്ക് റെക്സ്റ്റൻ തനറെ ഭാര്യയെയും, ജോലിക്കാരിയെയും വെട്ടി കൊലപ്പെടുത്തി. വളരെ സൂക്ഷ്മമായി ശവശരീരങ്ങളെ മുറിച്ചു കഷ്ണങ്ങളാക്കി.തിരിച്ചറിയാൻ സഹായിക്കുന്ന എല്ലാ അടയാളങ്ങളും അതിവിദഗ്ധമായി അയാൾ ഇല്ലാതാക്കി. എന്നിട്ടവ സ്കോട്ലൻഡിലെ ഒരിടത്തു ഉപേക്ഷിച്ചു.അഥവാ എന്നെങ്കിലും അവ കണ്ടെത്തിയാൽ അത് തന്റെ ഭാര്യയുടെയും,വേലക്കാരിയുടെയും ആണെന് സ്ഥാപിക്കാൻ കഴിയരുത് എന്നയാൾക്ക്‌ നിർബന്ധമുണ്ടായിരുന്നു. പക്ഷേ നാളുകൾക്ക് ശേഷം ആ  ശരീരഭാഗങ്ങൾ ആളുകളുടെ കണ്ണിൽ പെട്ടു. ഒരു ജിഗ്‌സോ പസിലിന്റേതുപോലെ ശരീരഭാഗങ്ങൾ ചേർത്തുവെയ്ക്കേണ്ട ഗതികേടിലായി പൊലീസിന്. ആ കേസും അതേപേരിൽ അറിയപ്പെട്ടു ബക്ക് റെക്സ്റ്റൻ ജിഗ്‌സോ മർഡർ കേസ് ! ആദ്യമായി ഫോട്ടോഗ്രാഫിക് സൂപ്പർ ഇമ്പോസിഷൻ ഒരു അന്വേഷണത്തിനായി ഉപയോഗിക്കുന്നത് ഈ കേസിലായിരുന്നു.  

ബേലറാണി കൊലപാതക കേസ് അന്വേഷണ ഉദ്യോഗസ്ഥനായ അനില് ബാനർജി  സമാനമായ കേസുകളെ തപ്പി നാഷ്ണൽ ലൈബ്രറിയിൽ അരിച്ചു പെറുക്കിയതിന്റെ ഫലമായി കണ്ണിൽപെട്ടതായിരുന്നു ബക്ക് റെക്സ്റ്റൻ ജിഗ്‌സോ മർഡർ കേസിന്റെ വിവരങ്ങൾ. കേസ് തെളിയിക്കാനുള്ള വഴി തുറന്നു കിട്ടിയത് ആ കേസിൽ നിന്നുമായിരുന്നു. 

4. ദേബ്ജാനി ബാനിക് മർഡർ കേസ് 

  1983 കാലഘട്ടം .അസമയത്തു ഗരിയഹട്ട് പോലീസ് സ്റ്റേഷനിലേക്ക് വന്ന  മിസ്സ്ഡ് കോളെന്നു തോന്നിപ്പിച്ച ഒരു ഫോൺ കാൾ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. സംശയം തോന്നിയ പോലീസ് ,മിനുട്ടുകൾക്കുള്ളിൽ ആ നമ്പർ വന്ന ഇടത്തിലേക്ക് എത്തിച്ചേർന്നു. വാതിൽ തുറക്കാൻ ആവശ്യപ്പെട്ടിട്ടും ആരും തുറക്കാതായപ്പോൾ ഫയർ ഫോഴ്‌സ് ടീം എത്തി വാതിൽ തുറക്കുകയിരുന്നു .പേടിച്ചിരിക്കുന്ന ഏതാനും യുവതികളും ,പരിശോധിച്ചപ്പോൾ കട്ടിലിന്റെ അടിയിൽ നിന്നും കിട്ടിയ റിഗർ മോർട്ടിസ് സംഭവിച്ചു കഴിഞ്ഞ ഒരു മൃതദേഹവും  പോലീസ് കണ്ടെത്തി. വീടിനകത്തുണ്ടായിരുന്നു പുരുഷന്മാർ അപ്രത്യക്ഷരായിരുന്നു .ഇന്നത്തെ പോലെ ഓൺലൈൻ സാമൂഹിക മാധ്യമങ്ങളുടെ യാതൊരു ബാഹുല്യവും ഇല്ലാതിരുന്ന കാലത്തായിരുന്നിട്ടും പത്രങ്ങളിൽ കുറെ നാൾ  മുഖ്യവാർത്തയായി കൊണ്ടാടപ്പെട്ട ഒരു കേസായിരുന്നു ഇത്. 

5.അനുരാഗ് അഗർവാൾ കൊലപാതക കേസ് 

മധ്യവർഗ്ഗ കുടുംബത്തിലെ സ്കൂൾകുട്ടിയായ പതിനാലു വയസ്സുള്ള അനുരാഗിനെ ഒരു ദിവസം കാണാതായി.രണ്ടു ദിവസം കഴിയുന്നതിനു മുൻപേ മിസ്റ്റർ ഗുപ്ത എന്നവകാശപ്പെട്ട ഒരാളുടെ ഫോൺ കോൾ വന്നു. അനുരാഗിനെ തട്ടികൊണ്ടുവന്നിരിക്കയാണെന്നും 24 മണിക്കൂറിലിനുള്ളിൽ ഒരു ലക്ഷം രൂപ നൽകിയെങ്കിൽ കൊന്നുകളയുമെന്നും അയാൾ പറഞ്ഞു. അവർ പറഞ്ഞ അടയാളമുള്ള ആളിന്റെ പക്കൽ പറയുന്ന സ്ഥലത്തു വച്ച് കൈമാറണം എന്നതായിരുന്നു ഡിമാൻഡ് .എല്ലാം കൃത്യമായി നടന്നു. പക്ഷെ പിന്നീടും ഗുപതയുടെ കോൾ വന്നു. പറഞ്ഞ പണം ഇനിയും കിട്ടിയില്ല എന്ന് പറഞ്ഞുകൊണ്ട്. ഇത്തവണ കുടുംബം പോലീസിൽ പരാതിപ്പെട്ടു. അതിന്റെ പിന്നിലുളള കുരുക്ക് അഴിക്കാനുള്ള യോഗം ഡിറ്റക്റ്റീവ് ഡിപ്പാർട്മെൻറിലെ ദുലാൽ ചക്രവർത്തിക്കായിരുന്നു.

6.നാവോലഖ മർഡർ കേസ് 

      59 വയസ്സുള്ള ഗിരീഷ് കുമാർ നാവോലഖ തന്റെ ഫ്‌ളാറ്റിലെ കാർപെറ്റിൽ മരിച്ചു കിടന്നു . അവരുടെ ഭാര്യ ബീന അവരുടെ ബെഡ്റൂമിലും .അനാശ്യാസ്യവും, വാടകക്കൊലയാളികളും ഒക്കെ കടന്നുവന്ന കേസ് പോലീസിനെ കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിച്ചത്.

7 .ബിശ്വനാഥ് ദത്ത കൊലപാതകേസ് 

പുലർച്ചെ ബർട്ടോല പോലീസ് സ്റ്റേഷനിലേക്കു ഒരു കോൾ വന്നു. സർ ഇവിടെ നിരവധി അനിഷ്ട സംഭവങ്ങൾ നടന്നുകൊണ്ടിരിക്കയാണ് ,പെട്ടെന്ന് വരണം . കേസ് റെജിസ്റ്റർ ചെയ്ത പൊലീസിന് കാര്യങ്ങൾ അത്ര എളുപ്പമല്ലായിരുന്നു . നിയമ സംരക്ഷർ തന്നെ നിയമം തെറ്റിച്ചതിന്റെ ഒരു ഉദാഹരണമായിരുന്നു ഈ കേസ്. വെറുമൊരു കെട്ടിടവിൽപ്പനയുമായി ബന്ധപ്പെട്ട് പൊങ്ങിവന്ന ഒരു കേസ് കൂടിയാണിത് . രാജ്യത്തു ഫോട്ടോഗ്രാഫിക് സൂപ്പർ ഇമ്പോസിഷൻ ഉപയോഗപ്പെടുത്തിയ രണ്ടാമത്തെ മാത്രം കേസായിരുന്നു ഇത്. ആദ്യത്തെ കേസ് ഏതാണെന്നു ഓർമ്മയുണ്ടല്ലോ അല്ലേ ?

8.ഹാരോൺ റഷീദ് കൊലപാതക കേസ് 

ഒന്പതു വയസ്സുള്ള ഹാരോൺ സ്കൂൾ വിട്ടു വരേണ്ട സമയം ഏറെ കഴിഞ്ഞിട്ടും കാണാതായപ്പോൾ കുടുംബം പോലീസിൽ പരാതിപ്പെട്ടു. അന്ന് ഉച്ചയ്ക്ക് ശേഷം ഹാരോണിന്റെ പിതാവ് ഹാദിസിന് ഒരുകോൾ വന്നു. ഇരുപത്തയ്യായിരം  രൂപയുമായി പാർക്ക് സർക്കസിന് അടുത്തുള്ള ബ്രിഡ്ജ് നമ്പർ നാലിനടുത്തു  രാത്രി പത്തുമണിക്ക്  വരണം. അവിടെ വലതു കയ്യില് വാച്ച് കെട്ടിയ തലയില് ചുവന്ന തൊപ്പി ധരിച്ച ഒരാളുണ്ടാകും. പണം അയാളെ ഏൽപ്പിക്കുക . പണം കൈമാറി കഴിഞ്ഞാൽ പിറ്റേ ദിവസം സന്ധ്യക്ക് മുന്പ് മകൻ വീട്ടിലെത്തും. ഇല്ലെങ്കിൽ അവന്റെ ജീവനില്ലാത്ത ശരീരമായിരിക്കും കാണുക എന്നതായിരുന്നു സന്ദേശം. കിട്ടാവുന്നിടത്ത് നിന്നൊക്കെ പണം സംഘടിപ്പിച്ച് ഹദീസ് പണവുമായി ബ്രിഡ്ജ്  നമ്പർ നാലിനടുത്ത് പോയെങ്കിലും ആരെയും കണ്ടില്ല. മണിക്കൂറുകളോളം കാത്തു നിന്നശേഷം ആരെയും കാണാതായപ്പോൾ അയാൾ നിരാശയോടെ വീട്ടിലേക്കു മടങ്ങി. പിറ്റേന്ന് ആയിരം കിലോമീറ്റർ  അപ്പുറത്ത് ഒരു കുട്ടിയുടെ മൃതദേഹം ആളുകൾ കണ്ടെത്തി ,തൊട്ടടുത്ത് തന്നെ സ്കൂൾ ബാഗും ടിഫിൻ ബോക്സും , വാട്ടർ ബോട്ടിലുമൊക്കെ  ഉണ്ടായിരുന്നു. സ്കൂൾ ബാഗിൽ നിന്നും ആളുടെ പേർ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അത് ഹാരോണിന്റെതതായിരുന്നു. മൃതദേഹം എങ്ങനെ ആയിരം കിലോമീറ്റർ അപ്പുറത്ത് വന്നു?പണം കൊണ്ട് വന്നിട്ടും അത് കൈപ്പറ്റാൻ ആരും വന്നില്ല?പണമാവശ്യപ്പെട്ടു കൊണ്ട് അതിനു ശേഷം ഒരു ഫോൺ കോൾ പോലും വന്നില്ല?എന്നിട്ടും കുട്ടിയെ കൊന്നത് എന്തിന്? പൊലീസിനെ ഒരുപാട് ചുറ്റിച്ച കേസായിരുന്നു ഇതും. ഈ കേസിലും പോലീസ് തെളിവുകൾ കണ്ടെത്തുന്ന രീതി അതിശയിപ്പിക്കുന്നത് തന്നെയാണ്. 

9.റംസാൻ അലി കൊലക്കേസ് 

 താലത്ത് സുൽത്താന ഗോൽപൊക്കൂറിലെ ഫോർവേഡ് ബ്ലോക് പാർട്ടിയിലെ പ്രമുഖനായ  റംസാൻ അലിയുടെ ഭാര്യയായിരുന്നു. സംഭവം നടന്ന അന്ന് രണ്ടുപേരും എം എൽ എ ഹോസ്റ്റലിലായിരുന്നു. അന്നേദിവസം ഉച്ചയ്ക്ക് ശുഭ ദീദി എന്നു വിളിക്കുന്ന അവരുടെ സുഹൃത്ത് റൂമിലേക്ക് വന്നു. മറ്റ് റൂമുകളൊന്നും കിട്ടാത്തതുകൊണ്ടും,ആവരുടെ അടുത്ത സുഹൃത്തുകൂടിആയതുകൊണ്ടും റംസാൻ അലിയും ഭാര്യയും അവരെ അവിടെ താമസിപ്പിച്ചു. തന്റെ ലഗ്ഗേജുകൾ റൂമിൽ വച്ച് അപ്പോൾ തന്നെ അവർ ഷോപ്പിങ്ങിനോ മറ്റോ പുറത്തു പോയി. വൈകീട്ട് ആറു മണിയോടെ തിരികെ വന്നു. രാത്രി 9.15 ആയപ്പോൾ മരുന്ന് വാങ്ങാൻ വീണ്ടും പുറത്തുപോയി പെട്ടെന്ന് തന്നെ തിരികെ വന്നു. ഭക്ഷണം കഴിച്ചു അവർ 10 മണിയോടെ ഉറങ്ങാൻ കിടന്നു. 11.30 ആയപ്പോൾ ആരോ വാതിൽ മുട്ടുന്ന ശബ്ദം കേട്ടു. ശുഭ നല്ല ഉറക്കമാണ് എന്നു കണ്ട് അലി ഭാര്യയോടു വാതിൽ തുറന്നു നോക്കാൻ ആവശ്യപ്പെട്ടു. പാർട്ടിയുടെ ഒരു പ്രവർത്തകനായ മതീനെ അവർ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. പക്ഷേ വാതിൽ തുറന്നു നോക്കിയ ഭാര്യ ആരെയും കണ്ടില്ല. എങ്കിൽ വാതിൽ ലോക്ക് ചെയ്യേണ്ട, അവൻ വരട്ടെ എന്നു പറഞ്ഞുകൊണ്ടു ഉറക്കം നഷ്ടപ്പെട്ട ഭാര്യ  പാത്രങ്ങൾ കഴുകി വയ്ക്കുന്നതിന്വേണ്ടി അടുക്കളയിലേക്ക് പോയി. പാത്രങ്ങൾ കഴുകുന്നതിനിടയിൽ ആരോ വന്നു അവരുടെ വായ് പൊത്തി. കൈകാലുകൾ കൂട്ടികെട്ടി,വായിൽ തുണി  തിരുകിയപ്പോഴേക്കും ശബ്ദം കേട്ട് ശുഭയും എണീറ്റ് വന്നു. അവരെയും കെട്ടിയിട്ട് വന്നവരിൽ ഒരാൾ അടുത്ത് സ്റ്റാൻഡിൽ ഇട്ടിരുന്ന സാരിയെടുത്ത് റംസാൻ സാഹിബിന്റെ  കഴുത്തിലൂടെയിട്ട് മുറുക്കി. പണം വച്ചിരിക്കുന്നത് എവിടെയാണ് എന്ന ചോദ്യത്തിന് മറുപടിക്ക് കാത്തു നിൽക്കാതെ  അവിടെയുള്ളതെല്ലാം കൈക്കലാക്കി അവർ സ്ഥലം വിട്ടു . അര മണിക്കൂറിനുള്ളിൽ എല്ലാം തീർന്നു. ശുഭയും, സുൽത്താനയും പരസ്പരം ശ്രമിച്ചു അവരുടെ കെട്ടുകൾ അഴിച്ചെടുത്ത് മാതിനെ പെട്ടെന്ന് തന്നെ വിളിച്ചു വരുത്തി. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. റംസാൻ അലി മരിച്ചു കഴിഞ്ഞിരുന്നു. കൊലയാളിയെ നേരിട്ട് കണ്ടാൽ തിരിച്ചറിയും എന്നതല്ലാതെ മുന്നോട്ട് പോകാനുള്ള ഒരു തെളിവും പൊലീസിന് കിട്ടിയില്ല. സിനിമാ കഥകളെ തോൽപ്പിക്കുന്ന ക്ലൈമാക്സ് ആയിരുന്നു റംസാൻ അലി കൊലപാതക കേസിന്. 

10 . ബാപി സെൻ കൊലപാതക കേസ് 

കൽക്കത്ത പൊലീസിലെ ഒരു സർജന്റ് ആയിരന് ബാപി. തർത്തലയിലുള്ള തന്റെ സുഹൃത്തിനെ കണ്ടിട്ടു വരികയായിരുന്നു ബാപി, കൂടെ തന്റെ സുഹൃത്തുകളും ഉണ്ടായിരുന്നു. പുതുവർഷ തലേന്ന് ആയതുകൊണ്ട് നിരത്തുകൾ പൊതുവേ തിരക്കിൽവീണു കിടപ്പായിരുന്നു. പ്രതീക്ഷിച്ചതിലും വൈകിയതുകൊണ്ട് തിരക്കുള്ള റോഡുകൾ ഒഴിവാക്കി അവർ വാഹനമോടിച്ചു. അപ്പോഴാണ് ബാപി ഒരു കാഴ്ച കണ്ടത്. ഒരു സ്കൂട്ടറിന്റെ പിന്നാലെ ഒരു കാർ പായുന്നു. സ്കൂട്ടറിന്റെ പിന്നിലിരിക്കുന്ന യുവതിയാണ് കാറിലുള്ളവരുടെ ലക്ഷ്യം. കാറിന്റെയുള്ളില് നിന്നും പുറത്തേക്ക് നിരവധി കൈകൾ അവരെ പിടിക്കാൻ ശ്രമം നടക്കുന്നുണ്ട്. പെട്ടെന്ന് സ്കൂട്ടർ നിർത്തി. ടാക്സിയിലുള്ളവർ വട്ടം നിന്നുകൊണ്ടു ആ യുവതിയെ അങ്ങോട്ടുമിങ്ങോട്ടും തട്ടി കളിക്കാൻ തുടങ്ങി, സിനിമകളിൽ നായകനും കൂട്ടാളികളും ഒറ്റക്കായി പോകുന്ന വില്ലനെ പെരുമാറുന്ന പോലെ. എതിർക്കാൻ ശ്രമിച്ച ബൈക്ക് ഓടിച്ചുകൊണ്ടിരുന്നയാളെ അവർ തള്ളി താഴെയിട്ടു. ഈ സമയത്താണ് ബാപി ഇടപെടുന്നത്. താൻ പോലീസുകാരനാണെന്ന് പറഞ്ഞിട്ടും അവർ ശ്രദ്ധിക്കാൻ പോയില്ല. തങ്ങളും പൊലീസുകരാണ് എന്നു പറഞ്ഞുകൊണ്ടു അവർ  ബാപിയെ എതിരിട്ടു.  ബാപിയുടെ സുഹൃത്തുക്കൾ  എത്തിച്ചേർന്നപ്പോഴേക്കും വൈകിപ്പോയിരുന്നു. മാരകമായി പരിക്കേ റ്റ് ബാപി റോഡിൽ വീണു കഴിഞ്ഞിരുന്നു. ആ ബഹളത്തിനിടയ്ക്ക് സ്കൂട്ടർ യാത്രക്കാരനും ആ യുവതിയും അവിടെ നിന്നും രക്ഷപ്പെട്ടു. ഒരുപാട് തിരിമറികൾ നടന്ന കേസായിരുന്നു ഇത്. ആരായിരുന്നു അവർ? ആക്രമിച്ചവർ 
പൊലീസുകാർ തന്നെയായിരുന്നുവോ ? സ്കൂട്ടറിൽ ഉണ്ടായിരുന്ന ആ യുവാവും യുവതിയും ആരായിരുന്നു , ആവർക്കെന്ത് സംഭവിച്ചു? അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അതാനു ബന്ദോപാദ്ധ്യയയുടെ മികവ് തന്നെയായിരുന്നു കേസ് തെളിയാൻ സഹായിച്ചത്. 

11. തപൻ ദാസ് കൊലപാതക കേസ് 

ബോവ് ബസാറിലെ പോലീസ് സ്റ്റേഷനിലെ ഫോൺ ശബ്ദിച്ചു. ഹോട്ടൽ പെൻഗ്വിനിൽ നിന്നായിരുന്നു അത്. ഒരു കൊലപാതകം നടന്നിരിക്കുന്നു. ഹോട്ടലിലെ രജിസ്റ്റർ പ്രകാരം സുമൻ ബിഹാരിയും,മോത്തിലാൽ ഷായും റൂം നമ്പർ നൂറ്റിപ്പത്തിൽ മുറിയെടുത്തിരുന്നു. മോത്തിലാൽ ഫെബ്രുവരി ആറിന് മുറി വിട്ടു പോയിട്ടുണ്ട്. പിന്നീട് അയാളെ ആരും കണ്ടിട്ടില്ല. ഹൌസ് കീപ്പിങ് സ്റ്റാഫുകൾ മുറി വൃത്തിയാക്കാനെത്തിയപ്പോൾ  എത്ര വിളിച്ചിട്ടും വാതിൽ തുറക്കാതായപ്പോൾ ഡൂപ്ലികേറ്റ് താക്കോലുപയോഗിച്ച് മുറി തുറന്നു. അവിടെ കട്ടിലിൽ സുമൻ ബിഹാരിയുടെ  ശരീരം കിടന്നിരുന്നു.വായിൽ നിന്നും ,മൂക്കിൽ നിന്നും രക്തം ഒലിച്ചിറങ്ങിയിരുന്നു. പോലീസ് അന്വേഷണത്തിൽ സുമൻ ബിഹാരിയുടെ യഥാർഥ പേര് തപൻ ദാസ് എന്നു കണ്ടെത്തി എന്നതല്ലാതെ ഒരു തെളിവും പൊലീസിന് കിട്ടിയില്ല. 
ടൈഗർ സിനിമയിൽ ആശുപത്രികിടക്കയിൽ മരണത്തോട് മല്ലിട്ടു കിടക്കുന്ന ഗോപികയുടെ കഥാപാത്രം വാപ്പച്ചി എന്ന വാക്ക് പറയാൻ ശ്രമിക്കുന്ന ഒരു  രംഗമുണ്ട്. അതും വച്ച് പോലീസ് കേസിന് ലീഡ് ഉണ്ടാക്കുന്നുണ്ട്. സമാന സംഭവം വേറൊരു രീതിയിൽ ഈ കേസിലും സംഭവിക്കുന്നുണ്ട്. ഒരു ചെറിയ വാക്ക് . അതുമതിയായിരുന്നു പൊലീസിന് പിടിച്ചു കേറാൻ. 

12. രവീന്ദർ കൌർ ലൂത്റ കൊലക്കേസ് 
തന്റെ ആഡംബര വീട്ടിലെ ഒരു പാർട്ടി കഴിഞ്ഞു അൽപ്പസമയത്തിന് ശേഷം രവീന്ദർ കൌർ മരിച്ച നിലയിൽ കണ്ടെത്തി. വിലപിടിപ്പുള്ള പലതും വീട്ടിൽ നിന്നും മോഷണം പോയിരുന്നു. GI സെക്യൂരിറ്റീസ് എന്ന സെക്യൂരിറ്റി ഏജെൻസി നടത്തുകയായിരുന്നു അവർ. സി സി ടിവി പോലുള്ള നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടായിട്ടും, അവർ താമസിക്കുന്ന അപ്പാർട്മെന്റിൽ മറ്റ് നിരവധി ആളുകൾ ഉണ്ടായിട്ടും കൊലപാതകം എങ്ങനെ നടന്നു എന്നത് പൊലീസിനെ കുഴപ്പിച്ചു. 2007 ൽ നടന്ന ഈ കേസ് ആണ് ഈ പുസ്തകത്തിലെ അവസാനത്തെ കേസ്. ഫോറെൻസിക് ടീമുകൾക്ക്  നന്നായി വിയർപ്പോഴുക്കേണ്ടി വന്നു ഈ കേസിനെ ഒന്നു കര പറ്റിക്കാൻ. കാരണം കൊലപാതകി  അതിബുദ്ധിമാനായിരുന്നു. 

കുറ്റാന്വേഷണ കഥകളും, നോവലുകളും തപ്പി നടക്കുന്നതിനിടയിൽ  അബദ്ധത്തിൽ കണ്ണിൽ പെട്ടതാണ്  സുപ്രതിം സർക്കാറിന്റെ  മർഡർ ഇൻ ദി സിറ്റി എന്ന ഈ  പുസ്തകം . ബംഗാളിയിൽ എഴുതപ്പെട്ട ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് സ്വാതി സെൻഗുപ്തയാണ്. 1997 ലെ IPS ബാച്ചിൽ ഉണ്ടായിരുന്നയാളാണ് സുപ്രതിം സർക്കാർ. അദ്ദേഹം ഇപ്പോൾ അഡിഷണൽ കമ്മീഷണർ ആണ്. 
ഡിറ്റെക്ടിവ് കഥകൾ പോലെ വായിച്ചു പോകാവുന്ന 12 കേസുകൾ നല്ല രീതിയിൽതന്നെ സർക്കാർ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. Speaking Tiger Publishing ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്,വില 295 രൂപ. 

സുഭാഷ് ചന്ദ്രബോസിന്റെ തിരോധനവും ഗൂഡാലോചനകളും

 

 
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ മുഖ്യ പങ്കുവഹിച്ചവരിൽ  ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത വ്യക്തിയാണ് സുഭാഷ് ചന്ദ്രബോസ്. ചരിത്രമെഴുതി നമ്മെ പഠിപ്പിക്കാൻ വിട്ടവർ ബോസിനെ  മന:പ്പൂർവം മാറ്റി നിർത്താൻ ഒരുപാടു ശ്രമിച്ചെങ്കിലും അദ്ദേഹത്തെ  ഒഴിവാക്കിക്കൊണ്ടുള്ള ഒരു സമരചരിത്രം പൂർണ്ണമാകില്ല   എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്.ചരിത്ര താളുകളിൽ നിന്നുമാത്രമല്ല ആ ഓർമകളെകൂടി കുഴിച്ചു മൂടുവാൻ  നടന്ന കുൽസിത ശ്രമങ്ങളുടെ പിന്നിലെ രാഷ്ട്രീയനീക്കങ്ങളെ കുറിച്ചുള്ള വിവരണങ്ങളും ഈയിടെ പുറത്തു വന്നിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ബോസിനെ തകർക്കാൻ ശ്രമിച്ച അതേ ശക്തികൾ തന്നെയാകണം ഇപ്പോഴും അദ്ദേഹത്തിന്റെ ഓർമ്മകളെ ഭയക്കുന്നത്. മാതൃഭൂമിയിൽ പത്രപ്രവർത്തകനായ പി എസ് രാകേഷിന്റെ സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നത് സ്വതത്ര ഇന്ത്യ മൂടിവച്ച ബോസിനെകുറിച്ചുള്ള  രഹസ്യങ്ങളിലേക്കും ,അതിനു പിന്നിലെ രാഷ്ട്രീയ പങ്കുകളെയും കുറിച്ചാണ്.  

ബോസിന്റെ ആദ്യകാല രാഷ്ട്രീയപ്രവർത്തനങ്ങളും , കോൺഗ്രസിൽ നിന്നും സ്വയം രാജിവെച്ചു പുറത്തുവന്നതിന് ശേഷം പുതിയ പാർട്ടി രൂപീകരിച്ചതും , വിമാനാപകടത്തിൽ കൊല്ലപ്പെട്ടതുവരെയുള്ള നമ്മൾ വായിച്ചു പഠിച്ച ആ ചരിത്രം പുസ്തകത്തിന്റെ ആദ്യ ഭാഗങ്ങളിലുണ്ട്. എന്നാൽ കൊല്ലപ്പെട്ടു എന്നുപറയുന്ന ആ കഥയ്ക്ക് ശേഷം സംഭവിച്ച മറ്റ് ചില കാര്യങ്ങളിലേക്കാണ് പുസ്തകത്തിന്റെ ബാക്കിയുള്ള അദ്ധ്യായങ്ങൾ വിവരിക്കുന്നത് . ഉത്തരം കിട്ടാത്ത എന്നാൽ കിട്ടിയിട്ടും പുറത്തുവിടാൻ കൂട്ടാക്കാതെ രഹസ്യ അറകളിൽ ഇരിക്കുന്ന നിരവധി പല രേഖകളും ഉണ്ട്. 

ബോസിന്റെ അവസാന യാത്രയിൽ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന 63 കിലോ സ്വർണ്ണവും കോടിക്കണക്കിനു രൂപയും എവിടെ പോയി എന്നുള്ളതിന്നു കൃത്യമായ ഒരുത്തരം ഇപ്പോളും നമുക്കറിയില്ല.   മരിച്ചുവെന്ന് ഔദോഗിക സ്ഥിരീകരണം കിട്ടിയതുനു ശേഷം നാളുകൾക്കു ശേഷം ബോസിനെ നേരിൽ കണ്ടെന്നു പറയപ്പെടുന്ന അമേരിക്കൻ പത്രപ്രവർത്തകന്റെ മൊഴികൾ കണക്കിലെടുക്കാൻ അന്നത്തെ സർക്കാരോ അന്വേഷണ കമ്മീഷനുകളോ തയാറായിട്ടില്ല. അവസാന യാത്രയിൽ ബോസിനൊപ്പം ഉണ്ടായിരുന്ന ഐ എൻ ഐ സൈനികൻ ഹബീബുൽ റഹ്‌മാന്റെ അന്വേഷണ കമ്മീഷനു മുൻപാകെ നൽകിയ മൊഴി സർക്കാർ ഔദ്യോഗിക രഹസ്യനിയമമനുസരിച്ചു ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.വിമാന അപകടമുണ്ടായ തായ്‌വാനിലെ ഫോർമോസയിലേക്ക് അന്വേഷണ കമ്മീഷന്റെ നീക്കം അന്നത്തെ കേന്ദ്ര സർക്കാർ ഇടപ്പെട്ടു തടസ്സപ്പെടുത്തിയത് എന്തിനായിരുന്നു എന്നതും സംശയസ്പദമാണ്.  ഇന്ത്യ വിഭജനം പൂർത്തിയാകുന്നതുവരെ ബോസിനെ ഇന്ത്യയിലേക്ക് തിരിച്ചു വരാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട്  നെഹ്‌റു മൌണ്ട് ബാറ്റന്  അയച്ച കത്തിനെ കുറിച്ചു വെളിപ്പെടുത്തിയ ക്യാപ്ടൻ ലക്ഷ്മിയുടെ മൊഴി ,ബ്രിട്ടീഷ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ബോസിനെപോലുള്ള  ഒരാളെ തങ്ങൾ റഷ്യൻ അതിർത്തി വരെ പിന്തുടർന്നുവെന്ന മൊഴിയുടെ രേഖകകൾ, നെഹ്രുവിന്റെ നിർദ്ദേശപ്രകാരം ബോസിന്റെ കുടുംബാംഗങ്ങളെ നിരീക്ഷിക്കാൻ ഐ ബി ഉദ്യോഗസ്ഥരെ നിയമിച്ച സംഭവങ്ങൾ തുടങ്ങിയവയെല്ലാം നിരവധി രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇതിന് പിന്നിൽ ഉണ്ടായിരുന്നു എന്നു വ്യക്തമാക്കുന്നവയായാണ്. 
 
ഐ ബി ഉദ്യോഗസ്ഥർ വർഷങ്ങളോളം ബോസിന്റെ ബന്ധുക്കൾക്കു വരുന്ന കത്തുകൾവരെ രഹസ്യമായി വായിക്കുകയും പകർപ്പുകൾ എടുക്കുകയും ചെയ്തിരുന്നുവെന്ന  വിവരങ്ങളുടെ രേഖകൾ ഈയിടെയാണ് പുറത്തു വന്നത്. സമ്മർദ്ദങ്ങളുടെ ഫലമായി നേതാജിയുടെ തിരോധാനത്തിനു പിന്നിലുള്ള സത്യം കണ്ടെത്തുന്നതിന് വേണ്ടി നിരവധി അന്വേഷണ കമ്മീഷനുകളെ സർക്കാർ നിയമിച്ചിരുന്നു. എന്നാൽ അവയൊക്കെ രാഷ്ട്രീയപരമായ പല കാരണങ്ങളാൽ തന്നെ പ്രഹസനങ്ങളായിതീർന്നു . ഒടുവിൽ നിയമിച്ച മുഖർജി കമ്മീഷൻ മാത്രമാണ് കാര്യമായ എന്തെങ്കിലും പുരോഗതി കൊണ്ടുവന്നത് .എങ്കിലും സർക്കാർ മാറിയതോടുകൂടി അതിലെ വിവരങ്ങളും  തള്ളികളയപ്പെട്ടു. 

1985  സെപ്റ്റംബർ 19 നു അയോധ്യയിലെ സരയൂ നദിക്കരയിൽ സംസ്കരിച്ച  ഭഗവാൻജി എന്ന് വിളിക്കുന്ന ഗുംനാമിബാബ ആരായിരുന്നു എന്നതിനെകുറിച്ചും സംശയങ്ങളുയർന്നിരുന്നു.ഇതിനെ ആസ്പദമാക്കി 2019 ൽ ഗുംനാമി എന്ന പേരിൽ  ഒരു ബംഗാളി സിനിമ പുറത്തുവന്നിരുന്നു. വിമാനാപകടമെന്ന പുകമറ സൃഷ്ടിച്ചു ബോസ് ആദ്യം റഷ്യയില്ലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് ആദ്യം പറഞ്ഞ വ്യക്തികളിലൊരാളായിരുന്നു സ്വാതന്ത്യ സമരസേനാനിയും  നയതന്ത്രജ്ഞനുമായ  സത്യനാരായണൻ സിംഹ ,1965 ൽ ഇറങ്ങിയ നേതാജി മിസ്റ്ററി എന്ന പുസ്തകത്തിൽ ഈ കാര്യം വിശദീകരിക്കുന്നുണ്ട്. സൈബീരിയയിലെ യാകൂത്സുക് ജയിലിൽ  ബോസിനെ കണ്ടെത്തിയതായി സോവിയറ്റു രഹസ്യ പോലീസ്ഏജന്റ് ആയിരുന്ന കൊസോലോവിന്റെ വെളിപ്പെടുത്തലുകൾ സിൻഹ പറഞ്ഞ കാര്യങ്ങളെ ശരിയെന്നു തെളിയിക്കുന്നതായിരുന്നു. അതിന്റെ രേഖകൾ അടുത്തകാലത്തു മാത്രമാണ് പുറത്തു വന്നത്.  
 

 


മിഷൻ നേതാജി  എന്ന ഒരു  സംഘടനയാണ് ബോസിനെ കുറിച്ചുള്ള  കൂടുതൽ  വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. അതിനെ കുറിച്ചോ, അതിലെ വിവരങ്ങളെ കുറിച്ചോ ഈ പുസ്തകത്തിൽ എന്തുകൊണ്ടോ പ്രതിപാദിച്ചിട്ടില്ല.  
 

 

 
മിഷൻ നേതാജിയുടെ നേതാജി തിരോധാനവുമായി ബന്ധപ്പെട്ടിട്ടുള്ള അന്വേഷണങ്ങളും,കണ്ടെത്തലുകളും അനുജ് ദാറിന്റെ Back from Dead: Inside the Subhas Bose Mystery,India’s Biggest Cover-Up,Conundrum,What Happened to Netaji,ചന്ദ്രചൂർ ഘോഷുമായി ചേർന്നെഴുതിയ Government Doesn’t Want You To Know This എന്നീ പുസ്തകളിലൂടെ വളരെ വിശദമായി വായിക്കാവുന്നതാണ്.
 

 

 

മാതൃഭൂമി ബുക്സ് ആണ് സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഞാൻ മലാല എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് പി എസ് രാകേഷ്. 

സ്വാമിവിവേകാനന്ദന്റെ ജീവിതവും മരണത്തിലെ ദുരൂഹതകളും.

 

മൂർച്ചയേറിയ വാളിന്റെ വാൾത്തലയിലൂടെയുള്ള നടത്തം പോലെയാണ് സന്യാസം എന്ന്  ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നുണ്ട്.അത്രത്തോളം കഠിനതരമാണ് സന്യാസം എന്നാണ് ആ വരികൾകൊണ്ട് പറയാനുദ്ദേശിച്ചത്. സന്യാസത്തിന്റെ കഠിനതരമായ വഴികളിലൂടെ നടന്നിരുന്ന ഒരു യോഗിയുടെ ഓർമ ദിവസമാണിന്ന്.

 ഇന്ന് ജൂലൈ 4 വിവേകാനന്ദൻ ഓർമയായിട്ട് 119 വർഷങ്ങൾ തികയുകയാണ്. പക്ഷേ ഒരു നൂറ്റാണ്ടിന് മുൻപ് അദ്ദേഹം ഉയർത്തിവിട്ട ആശയങ്ങളും,പ്രബോധനങ്ങളും ഇപ്പോഴും ലോകം മുഴുവൻ തിളങ്ങി നിൽക്കുന്നു എന്നത് ഒരു വാസ്തവം തന്നെയാണ്.

1893 ല്‍ ചിക്കാഗോയില്‍ നടന്ന ലോകമത പാര്‍ലമെന്റിൽ നടത്തിയ പ്രഭാഷണങ്ങളിലൂടെ ലോകപ്രശസ്തനായ വേദാന്തിയായ ഒരു സന്യാസി എന്നതിനപ്പുറം ആ മഹാമനീഷിയെ അടുത്തറിയാൻ എല്ലാവരും ശ്രമിച്ചിട്ടുണ്ടോ എന്നു സംശയമാണ്. വിവേകാനന്ദനെക്കുറിച്ച് നിരവധി പുസ്തകങ്ങളും ,വിവരണങ്ങളും ഇന്ന് ലഭ്യമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ധ്യായങ്ങളായി  വന്നപ്പോൾ മുതൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടതായിരുന്നു ‘വിവേകാനന്ദൻ:സന്യാസിയും മനുഷ്യനും’ എന്ന പംക്തി. എം പി വീരേന്ദ്രകുമാറായിരുന്നു അതി ബൃഹത്തായ ആ ലേഖനങ്ങൾ എഴുതിയിരുന്നത്. പിന്നീട് അവ മാതൃഭൂമി പുസ്തകമാക്കി ഇറക്കുകയും ചെയ്തു.

 പണ്ഡിതനും,പരമ ഭക്തനുമായിരുന്ന ദുർഗ്ഗപ്രസാദ് ദത്ത, അദ്ദേഹത്തിന്റെ ഭാര്യ ശ്യാമസുന്ദരിക്കും അവരുടെ  ഒരാൺകുഞ്ഞിനുമൊപ്പം കൽക്കത്ത പട്ടണത്തിലെ സിംലാ ഗ്രാമത്തിൽ താമസിച്ചിരുന്നു. ഭൗതിക ജീവിതത്തിൽ വിരക്തി തോന്നിയ ദുർഗ്ഗപ്രസാദ് ദത്ത  ഭാര്യയെയും , അഞ്ചു വയസ്സുള്ള മകനെയും വിട്ട് ഒരു ദിവസം വീട് വിട്ടിറങ്ങിപ്പോയി. ദത്തയുടെ മകന്റെ പേര് ബിശ്വനാഥ് ദത്ത എന്നായിരുന്നു. കാലം പോകേ ഉന്നത വിദ്യാഭ്യാസം നേടിയ ആ മകൻ കൽക്കത്ത ഹൈക്കോടതിയിൽ അറ്റോർണി ജനറലായി ഉയർന്നു വന്നു. സമയമായപ്പോൾ അയാൾ ഭുവനേശ്വരിദേവിയെ വിവാഹം ചെയ്തു. ബിശ്വനാഥ് ദത്ത- ഭുവനേശ്വരിദേവി ദമ്പതിമാരുടെ മകനാണ് നരേന്ദ്രനാഥ് എന്ന സാക്ഷാൽ  വിവേകാനന്ദൻ.

 വേദാന്തവും,യോഗയും പോലുള്ള ഭാരതീയ ദർശനങ്ങളെ വിദേശ രാജ്യങ്ങളിൽ  വേണ്ടവിധം പ്രചരിപ്പിച്ച മഹാ മനീഷിയിയാണ് വിവേകാനന്ദൻ എന്ന് നമുക്കറിയാം. അതിമനോഹരമായ പ്രസംഗ ശൈലിയുടെ ഉടമയും, അത്യഗാധമായ ശാസ്‌താവബോധവുമുള്ളയാളായിരുന്നു അദ്ദേഹം . അദ്ദേഹം കൈ വയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. അതിമനോഹരമായി പാടുകയും, സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യാൻ വിദഗ്ധനുമായിരുന്നു അദ്ദേഹം.നാടകാഭിനയ രംഗത്തും അദ്ദേഹം ഭാവമുദ്ര പതിപ്പിച്ചിട്ടുണ്ട്. പ്രശസ്ത നാടക പ്രവർത്തകനായിരുന്ന ത്രിലോക്നാഥ് സന്യാലിന്റെ സംഗീത നാടകമായ നവവൃന്ദാവനത്തിൽ  അഭേദാനന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്  നരേന്ദ്രനാഥാണ് . വിവേകാനന്ദൻ എന്ന പേരു സ്വീകരിക്കുന്നതിനും വളരെ മുൻപായിരുന്നു  ഈ സംഭവം. തന്റെ ഇരുപത്തി മൂന്നാമത്തെ വയസ്സിൽ സംഗീതത്തെ അധികരിച്ച് സംഗീത കല്പതരു എന്നൊരു പുസ്തകം ബംഗാളിയിൽ അദ്ദേഹം രചിച്ചിട്ടുണ്ട്.പക്ഷെ ആധ്യാത്മിക ദാർശനിക പ്രഭാഷണങ്ങളിലൂടെ ചിരപ്രതിഷ്ട നേടിയ വിവേകാനന്ദന്റെ സംഗീതോപാസന അതർഹിക്കുന്നവിധം ശ്രദ്ധിക്കപ്പെടുകയോ ചർച്ചചെയ്യപ്പെടുകയോ ഉണ്ടായില്ല എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

 സ്വാഭാവികമായും വിവേകാനന്ദന്റെ ജീവിതം പറയുമ്പോൾ അദ്ദേഹത്തിന്റെ ഗുരുവായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസരെയും , പത്നി ശാരദാദേവിയെയും കുറിച്ചും പറയാതിരിക്കാനാകില്ലല്ലോ. ശിഷ്യനെ ശരിയായ ദിശയിൽ വഴിനയിച്ചുവിടുകയും ,സ്വഭാവ രുപീകരണത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട് ആ ഗുരുനാഥൻ. ഋതുമതിയായിരുന്ന സമയത്തു അന്നത്തെ ആചാരമനുസരിച്ചു ഭർത്താവിനുള്ള ഭക്ഷണം പാകം ചെയ്യാതിരുന്ന ശാരദാദേവിയോട് നിന്റെ ശരീരത്തിൽ ഏതുഭാഗത്താണ് അശുദ്ധിയുള്ളത്?ശുദ്ധിയും,അശുദ്ധിയുമൊക്കെ മനസ്സിലാണ് അതിനപ്പുറത്തു അശുദ്ധിയില്ല! എന്ന് പറഞ്ഞ അത്രയും  യുക്തിബോധവും, വിശാലമനസ്കതയും ഉണ്ടായിരുന്ന ഗുരുദേവന്റെയും,തക്കൂർ മണിഎന്ന് പേരുണ്ടായിരുന്ന അവരുടെ പത്നി  പിന്നീട് ശാരദാദേവിയായ കഥയും  വിശദമായി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ചരിത്രത്തിൽ അത്രയും ഉജ്‌ജ്വലമായ ജീവിതമായിരുന്നുവല്ലോ 1920 ജൂലൈ 31നു  സമാധിയായ ശാരദാദേവിയും  നയിച്ചത്.നിങ്ങൾക്ക് മനഃശാന്തി വേണമെങ്കിൽ മറ്റുള്ളവരിൽ കുറ്റം കാണാതിരിക്കുക.അതിനു പകരം നിങ്ങളുടെ പോരായ്‌മകളെ കുറിച്ചറിയുക.ആ വാക്കുകളിലുണ്ട് ഏറെയൊന്നും വിദ്യാഭ്യാസമില്ലാത്ത പ്രപഞ്ചസത്യം ഉൾകൊള്ളാൻ കഴിഞ്ഞ അവരുടെ വ്യക്തിത്വത്തിന്.

 ആധ്യാത്മികതയ്ക്ക് സിദ്ധിപ്രകടനവുമായി യാതൊരു ബന്ധവുമില്ല എന്ന് വിവേകാനന്ദൻ പറഞ്ഞിരുന്നു.അത്തരത്തിലുള്ള പ്രകടനങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചതുമില്ല. അത്ഭുതങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വാസത്തെ രൂപപ്പെടുത്തരുതെന്നും ശ്വാശ്വത സിദ്ധാന്തങ്ങളിലെ സത്യത്തെയാണ് കണ്ടെത്താൻ ശ്രമിക്കേണ്ടതെന്നുമാണ് ശ്രീബുദ്ധൻ പറഞ്ഞിട്ടുള്ളത്. അടിസ്‌ഥാനരഹിതമായ ധാരണകളെയോ അബദ്ധജടിലമായ സിദ്ധാന്തങ്ങളെയോ അടിസ്ഥാനമാക്കി ഒരിക്കലും അഭിപ്രായരൂപീകരണം നടത്തരുതെന്ന് വിവേകാനന്ദനും പറഞ്ഞിട്ടുണ്ട്. വിവേകാനന്ദനെ ശ്രീബുദ്ധൻ സ്വാധീനിച്ചിരുന്നുവെന്നു പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. രണ്ടു വ്യത്യസ്ത അദ്ധ്യായങ്ങളിലായി  പരാമർശിക്കപ്പെട്ട ഇവരുടെ അഭിപ്രായങ്ങളിലെ സാമ്യതയെ ഇവിടെ ഒന്ന് സൂചിപ്പിച്ചു എന്ന് മാത്രം.

 വിശ്വവിഖ്യാത എഴുത്തുകാരൻ ടോൾസ്റ്റോയിയെ സ്വാധീനിച്ച വ്യക്തി കൂടിയായിരുന്നു വിവേകാനന്ദൻ. വിവേകാനന്ദ സർവസ്വത്തിലെ മിക്ക ഭാഗങ്ങളും അദ്ദേഹം വായിച്ചിട്ടുണ്ടെന്ന്  ടോൾസ്റ്റോയിയുടെ കുറിപ്പുകളിൽ പരാമർശമുണ്ട്. ഒരു മനുഷ്യ സ്നേഹിയെന്നതിലുപരി ഒരു സ്ത്രീപക്ഷവാദികൂടിയായിരുന്നു വിവേകാനന്ദൻ.ഇന്ത്യയിൽ രണ്ടു വലിയ തിന്മകളുണ്ട്, ഒന്ന് സ്ത്രീകളെ അവഹേളിക്കുന്നത് ,മറ്റൊന്ന് ജാതിയുടെ പേരിൽ മനുഷ്യരെ അടിച്ചമർത്തുന്നത്, അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ എല്ലാ ദുരിതങ്ങളും ഇല്ലാതാക്കാൻ ആർക്കും കഴിയില്ല എന്നതുകൊണ്ട് സഹജീവികളോടുള്ള നമ്മുടെ  ധാർമിക ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല. വിധവകളുടെ കണ്ണീരൊപ്പാനും അനാഥർക്കൊരു റൊട്ടിക്കഷ്ണം പോലും നൽകാനും കഴിയാത്ത ഒരു ദൈവത്തിലോ മതത്തിലോ താൻ വിശ്വസിക്കുന്നില്ല എന്നൊരിക്കൽ അദ്ദേഹം പറയുകയുണ്ടായി. ദാർശനിക മതപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം.

 വിവേകാനന്ദന്റെ ജീവിതത്തിലെ വഴിത്തിരുവായിരുന്ന സംഭവമായിരുന്നല്ലോ ഷിക്കാഗോയിൽ നടത്തിയ പ്രഭാഷണം.എല്ലാ ശ്രോതാക്കളിലും മതിപ്പുളവാക്കാൻ അദ്ദേഹത്തിന്റെ ആ ഒറ്റ പ്രസംഗത്തിനു കഴിഞ്ഞു. ഭാരതത്തിന്റെ ശക്തി  രാജ്യതന്ത്രജ്ഞതയിലോ , സൈനികശക്തിയിലോ, വ്യവസായിക പുരോഗതിയിലോ അല്ല എന്നും അടിസ്ഥാനപരമായി ആത്മീയതയിലാണ് അത് കുടികൊള്ളുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ആത്മീയത മാത്രമല്ല ,രോഗശാന്തി പ്രവർത്തനമടക്കമുള്ള മാനവിക ദൗത്യങ്ങളും തനിക്കു വഴങ്ങുമെന്ന് തെളിയിക്കുന്നതായിരുന്നു കടുത്തവെല്ലുവിളികളെ സ്വയമേറ്റെടുത്തുകൊണ്ട് കൽക്കത്തയിൽ പൊട്ടിപ്പുറപ്പെട്ട പ്ളേഗ് എന്ന മഹാമാരിക്കെതിരെ നടത്തിയ സ്വാമിജി നടത്തിയ പ്രവർത്തനങ്ങൾ.

 വിവേകാനന്ദനെ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്ധ്യാത്മിക പിതാവ് എന്ന് വിശേഷിപ്പിച്ചത് സുഭാഷ് ചന്ദ്രബോസാണ്. ഇന്ത്യാചരിത്രത്തിന്റെ ഗതിമാറ്റിയ ചർക്കയുപയോഗിച്ചുള്ള നൂൽനൂൽക്കൽ യജ്ഞം എങ്ങനെയാണ് മനസ്സിൽ രൂപംകൊള്ളാനിടയായതെന്നു ഒരിക്കൽ മഹാതമാ ഗാന്ധിയോട് ചോദിച്ചപ്പോൾ സ്വാമി വിവേകാനന്ദനിൽ നിന്ന് എന്നാണദ്ദേഹം മറുപടി പറഞ്ഞത്.നേതാജിയിലും ,ഗാന്ധിജിയിലും ഊർജ്ജം പകർന്ന സന്യാസിയായിരുന്നു അദ്ദേഹം. നെഹ്രുവിലും വിവേകാന്ദന ദർശനങ്ങളുടെ സ്വാധീനം അദ്ദേഹത്തിന്റെ Discovery of India എന്ന പുസ്തകത്തിൽ കാണാം.

 അടുത്തുവരാനിരിക്കുന്ന മുന്നേറ്റം പുതിയ യുഗത്തിന്റെ നാന്ദി കുറിക്കുന്നതായിരിക്കും.അതുണ്ടാകുക റഷ്യയിൽ നിന്നോ ,ചൈനയിൽ നിന്നോ ആയിരിക്കും എന്ന സ്വാമിജിയുടെ പ്രവചനം  റൊമെയ്ൻ റോലാങ് രേഖപ്പെടുത്തിയിട്ടുണ്ട്. 1917 മാർച്ചിലായിരുന്നുവല്ലോ റഷ്യൻ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. ആ വിപ്ലവം പല രാജ്യങ്ങൾക്കും വഴികാട്ടിയായി എന്നത് പിന്നീട് ചരിത്രം.

 ജീവിതത്തിലെ സംഘർഷഭരിതയമായ സമസ്യകൾ മനുഷ്യനെ നിരന്തരം വേട്ടയാടുമ്പോഴും അവനെ മുന്നോട്ടു നയിക്കുന്നത് അന്തമില്ലാത്ത പ്രതീക്ഷകളാണെന്നു സ്വാമി വിവേകാനന്ദൻ എഴുതിയിട്ടുണ്ട്.സന്യാസത്തിന് ഒരു ഉപജീവനമാർഗ്ഗം എന്നതിൽ കവിഞ്ഞു മറ്റു യാതൊരു പ്രാധാന്യവും കല്പിക്കാത്തവരെക്കുറിച്ചു അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു. അന്ധവിശ്വാസിയാകുന്നതിനേക്കാൾ നല്ലത് നിരീശ്വരവാദിയാകുന്നതാണ് നല്ലതെന്നാണ് അദ്ദേഹം പറഞ്ഞത് .1894 മാർച്ചിൽ സ്വാമി രാമകൃഷ്ണാനന്ദയ്ക്കെഴുതിയ ഒരു കത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, വിശക്കുന്ന വയറിനു മതം നല്ലതല്ല.ആ പാവങ്ങൾ മൃഗതുല്യമായ ജീവിതം നയിക്കുന്നത് കേവലം അജ്ഞത കൊണ്ടാണ്. എനിക്ക് ഇവിടെ ഭക്ഷണം നൽകാൻ കഴിയാത്ത ഒരീശ്വരൻ സ്വർഗ്ഗത്തിൽ നിത്യാനന്ദം നൽകുമെന്ന് വിശ്വസിക്കുന്നില്ല എന്നദ്ദേഹം പറഞ്ഞു

 മതത്തിന്റെ അനുമതിയോടുകൂടി സാമ്പത്തികവ്യവസ്ഥകളനുസരിച്ചു സൃഷ്ടിക്കപ്പെട്ടവയാണ് സാമൂഹികനിയമങ്ങൾ. മതത്തിനു പറ്റിയ ഭീകരമായ തെറ്റ് സാമൂഹിക കാര്യങ്ങളിൽ ഇടപെട്ടതാണ്. സാമൂഹിക പരിഷ്‌കാരം മതത്തിന്റെ കാര്യമല്ല എന്ന് മതം നിഷ്കർഷിക്കുകയും സ്വയം അതിൽ ഇടപെടുകയും ചെയ്യുക വഴി വലിയ കാപട്യവും, വഞ്ചനയുമാണ് ബന്ധപ്പെട്ടവർ ചെയ്യുന്നത് എന്നദ്ദേഹം ആരോപിച്ചു.

 ഒരു മധുരഭാഷിയായിരുന്ന അദ്ദേഹം ഭാവനാസമ്പന്നനായ ഒരു കവികൂടിയായിരുന്നു. മുപ്പത്തിമൂന്നു കവിതകൾ അദ്ദേഹത്തിന്റേതായുണ്ട്. കാവ്യാത്മകത കുടികൊള്ളുന്ന പ്രഭാഷണങ്ങളിലൂടെ ആവിഷ്കരിക്കാനാവാത്ത ചില പ്രത്യേക ഭാവങ്ങളാണ് കവിതകളായി പരിണമിച്ചത്. kaali the Mother  എന്ന കവിത നേതാജിയെയും, അരബിന്ദോവിനേയും ആകർഷിച്ചിരുന്നതായി പറയുന്നുണ്ട്. തന്റെ ജീവിതത്തിലെ ആദ്യകാലാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട കവിതയായിരുന്നു In  Search of  God എന്ന കവിത. തുടക്കക്കാലത്തു ദൈവത്തെ കണ്ടിട്ടുണ്ടോ എന്നദ്ദേഹം പലരോടും അന്വേഷിച്ചു നടന്നിരുന്നതായി പറയപ്പെടുന്നുണ്ടല്ലോ. അത്തരം അനുഭവങ്ങൾ  ഈ കവിത രചിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു കാണണം.

 സ്വാമിജിയുടെ ആത്മമിത്രവും ,പ്രിയശിഷ്യനുമായിരുന്ന ഖേത്രി മഹാരാജാവ് അജിത്സിംഗ് അസുഖബാധിതനായി കിടക്കുന്ന നേരത്തു അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ടെഴുതിയ ഒരു കവിതയാണ് Hold on yet a while, braveheart എന്ന കവിത.1895 ലെ വസന്തകാലത്തു ന്യൂയോർക്കിൽ വച്ച് എഴുതിയ My play is done, തൗസൻട് ഐലൻഡ് പാർക്കിൽ വച്ച് ആ വർഷം തന്നെയെഴുതിയ song of sannyasin, എന്നീ  കവിതകളിൽ  നിസ്സഹായനായ മനുഷ്യൻ നേരിടുന്ന നിരാശയും,വ്യഥയും അസഹ്യതയുമൊക്കെ  പ്രതിഫലിക്കുന്നുണ്ട്.സമാന ആശയങ്ങൾ തന്നെയാണ് No  one to blame എന്ന കവിതയിലും.കർമ്മബന്ധങ്ങളിലകപ്പെട്ട മനുഷ്യന്റെ നിസ്സഹായാവസ്ഥ അതിൽ വരച്ചു ചേർത്തിട്ടുണ്ട് കവി. പ്രിയ ശിഷ്യ സിസ്റ്റർ ക്രിസ്റ്റീനുള്ള സന്ദേശ കവിതയായിരുന്നു  To an early violet.1898 ജൂലൈ 4ന് കാശ്മീരിൽ വച്ചെഴുതിയ To the Fourth of July എന്ന കവിത അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന വാർഷിക ദിനത്തിൽ ആലപിക്കനാനായി രചിച്ചതായിരുന്നു.കാശ്മീരിൽ വച്ച് തന്നെ അതെ വർഷം തന്നെയെഴുതിയ മറ്റൊരു കവിതയാണ് Angels Unawares.പ്രശസ്ത കവി മിൽട്ടന്റെ രചനാരീതിയുമായി സാമ്യമുള്ള ഒരു കവിതയാണിത്.

 തന്റെ ഗുരുവായിരുന്ന ശ്രീരാമകൃഷ്ണപരമഹംസരുടെതു പോലെ ലളിതമായ ഭാഷയോടായിരുന്നു വിവേകാനന്ദന്റെയും ആഭിമുഖ്യം.താൻ സംസാരിക്കുന്നതും,എഴുതുന്നതും, കേൾക്കുന്നവരുടെയും, വായിക്കുന്നവരുടെയും മനസ്സിലെത്തണം എന്ന കാര്യത്തിൽ അദ്ദേഹം ഒരു വിട്ടു വീഴചയും ചെയ്തില്ല. അദ്ദേഹത്തിന്റെ പല കവിതകളും ഉദാത്തഭാവനകളും,ബിംബങ്ങളുമൊക്കെകൊണ്ട് സമ്പന്നമാണ്,അവയെല്ലാം പഠനാർഹവുമാണ്.

 വിവേകാനന്ദന്റെ ആരാധകനായിരുന്നു കവി കുമാരനാശാൻ. 1898ലാണ് കുമാരനാശാൻ ഉപരിപഠനാർത്ഥം കൽക്കത്തയിലെത്തിചേർന്നത്. രണ്ടു വർഷത്തോളം അദ്ദേഹം അവിടെ  ഉണ്ടായിരുന്നു. 1900 ൽ അദ്ദേഹം കേരളത്തിലേക്ക് മടങ്ങി. ആ കാലയളവിലെപ്പോഴെങ്കിലും അദ്ദേഹത്തിന് വിവേകാനന്ദനെ നേരിട്ടു കാണാൻ കഴിഞ്ഞിരുന്നുവോ എന്നറിഞ്ഞുകൂടാ. സ്വന്തം സമുദായത്തിൽ നിലനിന്നിരുന്ന അടിമത്ത മനോഭാവത്തിനെതിരെ പോരാടാൻ പ്രേരണയായത് സ്വാമിജിയായിരുന്നു.ആശാന്റെ നേതൃത്വത്തിൽ ആരംഭിച്ച S.N.D.P യോഗത്തിന്റെ മുഖപത്രത്തിന് വിവേകോദയം എന്നാണ് പേരിട്ടത്‌.വിവേകാനന്ദന്റെ അതിഗംഭീര രചനയായ രാജയോഗം വിവർത്തനം ചെയ്തത് കുമാരനാശാനാണ്.1911 ൽ അതിന്റെ ഒന്നാം ഭാഗം പ്രസിദ്ധീകരിക്കപ്പെട്ടു.നാലു വർഷത്തിനു ശേഷം 1915 ൽ രണ്ടാം ഭാഗവും പുറത്തുവന്നു.

 മലയാളത്തിൽ നിരവധി കവിതകൾ വിവേകാനന്ദനെ കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്. മഹാകവി വള്ളത്തോളിന്റെ ‘നരേന്ദ്രന്റെ പ്രാർത്ഥന’,പി കുഞ്ഞിരാമൻ നായരുടെ ‘വിവേകാനന്ദപാറയിൽ’,ഒ .എൻ .വി യുടെ മാതൃദർശനം,വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വിവേകാനന്ദൻ,സുഗതകുമാരിയുടെ എനിക്കു രണ്ടാളെ ഗുരുക്കന്മാർ എന്ന കവിതകൾ സ്വാമിജിയെ കുറിച്ചുള്ളതാണ്.

 നിരന്തരമായ ,വിശ്രമമില്ലാത്ത യാത്രകളും ,പ്രവർത്തനങ്ങളും  അദ്ദേഹത്തിന്റെ ആരോഗ്യം താറുമാറാക്കി. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കുവാനുള്ള ഒരു കാരണം അദ്ദേഹമകപ്പെട്ട കടുത്ത സാമ്പത്തിക പ്രതിസന്ധി ആയിരുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1902  മാർച്ച് 4 ന് സിസ്റ്റർ നിവേദിതക്കു ബനാറസ്സിൽ നിന്നുമയച്ച കത്തിനെ അധികരിച്ചാണ് ഇത്തരമൊരു നിരീക്ഷണം. തന്റെ ആശയങ്ങളെ പ്രചരിപ്പിക്കുന്നതിനായി പണം കണ്ടെത്തുന്നതിന് അദ്ദേഹം അക്ഷീണപ്രയത്‌നത്തിലായിരുന്നുവല്ലോ.

 1902 ലൈ 4 ന് വിവേകാനന്ദൻ സമാധിയായി.ശ്രീരമകൃഷ്ണറെ മരണ സർട്ടിഫിക്കറ്റ് പല ഗവേഷകരും കണ്ടിട്ടുണ്ട്.എന്നാൽ വിവേകാനന്ദന്റെ മരണ സർട്ടിഫിക്കറ്റ് ആരെങ്കിലും കണ്ടിട്ടുണ്ടോ? വിശ്വപ്രസിദ്ധനായിരുന്ന വിവേകാനന്ദന്റെ സംസ്കാരക്രിയകൾ July 5 ന് വൈകുന്നേരത്തോടെ അവസാനിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ചരമത്തെ കുറിച്ച് പിറ്റേന്ന് ഒരുപത്രവും പ്രസിദ്ധീകരിച്ചില്ല.മരിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ചെമ്പരത്തിപ്പൂ പോലെ ചുവന്നിരുന്നു.മൂക്കിൽ നിന്നും,വായിൽ നിന്നും രക്തം കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു.തലച്ചോറിൽ രക്തം കട്ടപിടിച്ചതാണെന്നു മരണകാരണമെന്ന് ഡോക്ടർ ബിപിൻ ബിഹാരി ഘോഷും,അതല്ല ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടർ മജൂംദാറും ഉറപ്പിച്ചു പറഞ്ഞു. മരണ കാരണത്തിലെ ഈ ദുരൂഹത കൃത്യമായ ഒരു ഉത്തരം നൽകുന്നില്ല.

അദ്ദേഹത്തിന്റെ മരണാനന്തരം സംഭവിച്ച കാര്യങ്ങളെകുറിച്ചും മേൽസൂചിപ്പിച്ച സംശയങ്ങളെല്ലാം  ശങ്കർ തന്റെ പുസ്തകമായ The monk as man the unknown life of swami vivekananda എന്ന പുസ്തകത്തിലാണ് ഉന്നയിച്ചിരിക്കുന്നത്. എന്താണ് സത്യം ? സ്വാമി വിവേകാനന്ദന്റെ മരണം സ്വാഭാവിക മരണമായിരുന്നുവോ അതോ എന്തെങ്കിലും ഗൂഢാലോചനകൾ  നടന്നിട്ടുണ്ടോ? മരണാന്തരം നടന്ന അത്തരം സംഭവങ്ങൾ സംശയമുണർത്തുന്നതാണ്.

 വെറും 39 വർഷവും ,5 മാസവും ,24 ദിവസവും മാത്രം ജീവിച്ചിരുന്ന വിവേകാനന്ദൻ ഏറെ യാതനകൾ അനുഭവിച്ച തനറെ ‘അമ്മ ഭുവനേശ്വരിദേവിയോടുള്ള ഊഷ്മള ബന്ധത്തെകുറിച്ചു പുസ്തകത്തിൽ വിവരണമുണ്ട്.  അമ്മയുടെ പ്രിയപുത്രൻ  ബിലു മരിക്കുമ്പോൾ ആ അമ്മയ്ക്ക് പ്രായം അറുപത്തിയൊന്ന്.മരിക്കുന്നതിന് മൂന്നു വർഷം മുൻപ് ഖേത്രി മഹാരാജാവ് അജിത് സിംഗിന്‌ അമ്മയെക്കുറിച്ചുള്ള ആവലാതികൾ നിറഞ്ഞതും, അമ്മയെ സഹായിക്കാൻ അപേക്ഷിച്ചുകൊണ്ടുള്ളതുമായ ഒരു കത്തിലെ വരികളോടെയാണ് വിവേകാന്ദനെ കുറിച്ചുള്ള ഈ പുസ്തകം അവസാനിക്കുന്നത്.

 ശ്രീരാമകൃഷ്ണ പരമഹംസരുടെ ജനനവർഷം 1896 എന്ന് തെറ്റായാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ ജനനം 1836 ലായിരുന്നു. അതുപോലെ ‘നരേന്ദ്രന്റെ പൗരുഷവും ഉത്സാഹവും തടയുന്നതിന്‌ എന്ന് തുടങ്ങുന്ന അഞ്ചു വരി നീളമുള്ള വാചകങ്ങൾ തൊട്ടടുത്ത പാരഗ്രാഫിൽ അതെ പോലെ ആവർത്തിക്കുന്നുണ്ട് (പുറം 110,111).പത്മാസനസ്ഥിതനായി നിൽക്കുമ്പോൾ എന്ന 759 ആമത്തെ പേജിലെ വാചകവും  അല്പം ആശയകുഴപ്പം ഉണ്ടാക്കുന്നതാണ്.

 വിവേകാനന്ദന്റെ ജീവിച്ചിരുന്ന അക്കാലത്തെ സാമൂഹ്യ അവസ്ഥകളെയും , വ്യവസ്ഥകളെയും  കുറിച്ചുമൊക്കെ ചിലതെങ്കിലും മനസ്സിലാക്കാൻ ഈ പുസ്തകം നമ്മെ സഹായിക്കുന്നുണ്ട്.

ഈശ്വരഭക്തിയുടെ പേരിൽ മതഭ്രാന്തിന്റെയും ,മത തീവവ്രവാദത്തിന്റെയും പിടിയലകപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാല ഇന്ത്യയിൽ വിവേകാനന്ദ ദർശനങ്ങൾക്ക് പ്രസക്തിയുണ്ട്.അതുകൊണ്ടു തന്നെ വീണ്ടും വായിക്കപ്പെടുകയും, ചർച്ചചെയ്യപ്പെടണ്ടതും കൂടിയാണ് വിവേകാനന്ദൻ ഉണർത്തി വിട്ട ആശയധാരകൾ