ലോകത്തെ മാറ്റിമറിച്ച 101 അബദ്ധങ്ങൾ

ഇത്രയും വൈൻ ഒന്നിച്ചു കൊണ്ടുപോയാൽ ഭീമമായ തുക നികുതിനൽകേണ്ടിവരും എന്ന തന്റെ ജോലിക്കാരന്റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് ആ ഡച്ചു വ്യാപാരി ഒരു ഒരു പോംവഴി കണ്ടെത്തിയത്.അക്കാലത്തു വൈനിന്റെ അളവിനനുസരിച്ചാണ് നികുതി അടയ്‌ക്കേണ്ടിയിരുന്നത്.നിയമമനുസരിച്ചുള്ള അളവ് കൊണ്ടുപോയാൽ തനറെ വ്യാപാര ആവശ്യങ്ങൾക്കു തികയില്ല എന്ന് മനസ്സിലാക്കിയ അയാൾ കൂടുതൽ നികുതി കൊടുക്കാതെ എങ്ങനെ കൂടുതൽ അളവ് വൈൻ കടത്താം എന്നാലോചിച്ചു. ഒരുപാടു ആലോചനക്കൊടുവിൽ അദ്ദേഹം ഒരു വിദ്യ കണ്ടുപിടിച്ചു . വൈൻ ചൂടാക്കി അതിലെ വെള്ളം വറ്റിച്ചു കളയുക. പിന്നീട് വൈൻ ഉപയോഗിക്കേണ്ട സമയമാകുമ്പോൾ വെള്ളം കൂട്ടിച്ചേർക്കുക. അങ്ങനെ ചൂടാക്കിയ വൈൻ താൻ വ്യാപാരം ചെയ്യുന്ന വൈനിനേക്കാൾ ലഹരിയുള്ളതാണെന്ന് അദ്ദേഹം കണ്ടെത്തുകയും പിന്നീട് അതൊരു പുതിയ ഉല്പന്നമായി അവതരിപ്പിക്കുകയും ചെയ്തത്രേ .ഇതാണ് ബ്രാണ്ടിയുടെ പിന്നിലെ കഥ. ബ്രാഡ്‌ജ്‌ വിൻ എന്ന ഡച്ചു പദത്തിൽ നിന്നാണ് ബ്രാണ്ടി എന്ന പദം രൂപം കൊണ്ടത് . ഇതിന്റെ അർത്ഥമാകട്ടെ burned wine എന്നും.

യാദൃച്ഛികമായി കണ്ടുപിടിക്കപ്പെട്ട അനേകം കണ്ടുപിടിത്തങ്ങളുണ്ട് നമുക്കു മുന്നിൽ. എക്സ്റേയും, ടെഫ്‌ലോണും മൈക്രോവേവ് ഓവനുമൊക്കെ അത്തരത്തിൽ കണ്ടുപിടിക്കപെട്ടവയാണ്.ബാലരമ പോലുള്ള പ്രസിദ്ധീകരണങ്ങളിൽ ചില ലക്കങ്ങളിൽ മേല്പറഞ്ഞ പോലെയുള്ള കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള കഥകൾ ഉണ്ടാകാറുണ്ട്. അക്കഥകളിൽ ചിലതൊക്കെ അബദ്ധത്തിലോ യാദൃച്ഛികമായോ കണ്ടുപിടിക്കപ്പെട്ടവയെകുറിച്ചാണ് . നിരവധി കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുള്ളവയിൽ ലോകത്തെ മാറ്റിമറിച്ച പ്രധാനപ്പെട്ട കണ്ടു പിടുത്തങ്ങളും ഉണ്ട്. അത്തരത്തിൽ ചരിത്രത്തെ തന്നെ മാറ്റിമറിക്കപ്പെട്ട നിരവധി കണ്ടുപിടുത്തങ്ങളുടെ പിന്നാമ്പുറ കഥകളെ കുറിച്ചാണ് ഹാപ്പി ആക്സിഡന്റ്സ് എന്ന പുസ്തകത്തിൽ ഡോക്ടർ അജിത് ജെയിംസ് ജോസ് പറഞ്ഞിരിക്കുന്നത്.അങ്ങനെയുള്ള നൂറ്റൊന്നു കണ്ടുപിടുത്തങ്ങളുടെ വിവരങ്ങളാണ് ഇതിലുള്ളത്.

ഫ്രാൻസുമായി ബന്ധമില്ലാത്ത ഫ്രഞ്ച് ഫ്രെയ്‌സ് ,ഇന്നും പുറത്തുവിടാത്ത കൊക്കോകോളയുടെ ഫോർമുല,ന്യായാധിപന്മാർക്കു വേണ്ടിഉണ്ടാക്കിയ സൺഗ്ലാസ് പിന്നീട് ഇന്നത്തെ രീതിയിൽ പ്രസിദ്ധി നേടിയത്, ഹൃദയമിടിപ്പ് രേഖപ്പെടുത്താനുണ്ടാക്കിയ ഉപകരണത്തിലെ ഒരു ചെറിയ റെസിസ്റ്റർ പറ്റിച്ച പണി പേസ് മേക്കർ എന്ന കണ്ടുപിടുത്തത്തിലേക്കെത്തിച്ചത്, അങ്ങനെ നിരവധി സംഭവങ്ങൾ ഈ പുസ്തകത്തിൽ വായിക്കാം. പക്ഷേ ചില സംഭവങ്ങളുടെ വർഷം കൃത്യമയി രേഖപ്പെടുത്തിയിടുത്താൻ വിട്ടുപോയിട്ടുണ്ട്.ഉദാഹരണത്തിന് ആദ്യം പറഞ്ഞ ബ്രാണ്ടിയുടെ പിന്നിലെ കഥ എന്നു നടന്നതാണെന്ന് പറഞ്ഞിട്ടില്ല .

ലളിതമായ ഭാഷയിൽ രസകരമായി ശാസ്ത്രീയ വിവരങ്ങൾ അവതരിപ്പിച്ചിട്ടുള്ളതിനാൽ കുട്ടികൾക്ക്കൂടി ഇഷ്ടപ്പെടാൻ സാധ്യതയുണ്ട് . Dora publishers ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ,വില 230 രൂപ

കുറ്റസമ്മതം

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ എസ്ഐ. സാജൻ മാത്യു എന്ന കഥാപാത്രത്തിലൂടെ നമുക്കെല്ലാവർക്കും സുപരിചിതനായ സിബി തോമസ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ആദ്യ നോവലാണ് കുറ്റസമ്മതം എന്ന ക്രൈം ത്രില്ലർ. ചേനകല്ല് എന്ന സ്ഥലത്തെ ഒരു വാടകമുറിയിൽ ഒരാൾ മരിച്ചു കിടക്കുന്നുവെന്ന ഫോൺ കോളിലൂടെയാണ് നോവലിലെ സംഭവ പരമ്പരകൾ തുടങ്ങുന്നത്. വേലേശ്വരം സർക്കിളായ സാബു തോമസാണ് അന്വേഷണത്തിനായി ഇറങ്ങുന്നത്. ചേനകല്ലിനടുത്തുള്ള ക്വാറിയിലേക്കും പരിസരങ്ങളിലേക്കും അന്വേഷണം വ്യാപിക്കുന്നതിന് മുന്പെ പ്രതിയെ പോലീസ് കണ്ടെത്തുകയും ചെയ്തു. തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ സാജൻ മാത്യുവിലൂടെ കാസർകോഡൻ പശ്ചാത്തലം മനസ്സിൽ കേറിപ്പറ്റിയതുകൊണ്ടാകണം ഈ നോവലിലെ കഥാപരിസരത്തെ അവിടെ എളുപ്പം പ്രതിഷ്ഠിക്കാൻ കഴിഞ്ഞു.

പൊതുവേ ഇത്തരം നോവലുകളിൽ പരീക്ഷിച്ചു കാണാറുള്ള കുറ്റവാളിയെയോ അതിന്റെ മോട്ടീവിനെയോ അവസാനം മാത്രം വെളിപ്പെടുന്ന രീതിയിൽ നിന്നും വഴുതിമാറിക്കൊണ്ട് ആദ്യത്തെ മൂന്നു നാലു അദ്ധ്യായങ്ങൾ കൊണ്ട് തന്നെ പ്രതിയെയും, അതിന്റെ പിന്നിലെ ഉദ്ദേശ്യത്തെയും വലിച്ചു പുറത്തിടുകയാണ് ഇതിലെ അന്വേഷണ ഉദ്യോഗസ്ഥനായ സാബു തോമസ്. പിന്നീട് കഥ വേറൊരു തലത്തിലേക്ക് ,കഥാപാത്രങ്ങളുടെ വൈകാരിക പരിസരങ്ങളിലേക്ക് പറിച്ചു നടുകയാണ് എഴുത്തുകാരൻ ചെയ്തിരിക്കുന്നത് . ആദ്യത്തെ വളരെ കുറച്ചു അദ്ധ്യായങ്ങൾ കഴിയുമ്പോൾ തന്നെ പ്രതി ആരായിരിക്കും എന്നൂഹിക്കാൻ വായനക്കാർക്കു കഴിഞ്ഞേക്കും . പ്രതിയെ കണ്ടെത്തികഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി എന്തായിരിക്കും കഥയുടെ ഗതിയെന്ന് സ്വാഭാവികമായും കരുതാൻ പോന്ന വഴികളിൽ കൂടി തന്നെയാണ് നോവൽ പീന്നീട് സഞ്ചരിക്കുന്നത്. നിയമം കർശനമായി അനുസരിച്ച് പോരുന്ന ഒരു ഉദ്യോഗസ്ഥന് തനിക്ക് നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങൾക്കാണ് നോവൽ കൂടുതൽ പ്രാധാന്യം നല്കിയിരിക്കുന്നത്. സാബു തോമസിന്റെ കുടുംബബന്ധത്തിന്റെ തീവ്രതകളും, മനോനിലകളും നോവലിൽ കൂടുതലായി കടന്നു വരുന്നുണ്ട്. അയാൾ കാണുന്ന സ്വപനങ്ങളും അവയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. പ്രതീക്ഷിക്കുന്ന ഒരു ക്ലൈമാക്സ് തന്നെയാണ് നോവലിൽ കാണാൻ കഴിയുക. ചിലയിടങ്ങളിൽ നാടകീയത മുറ്റിയ സംഭാഷണങ്ങൾ ഒരു പോരായ്മയായി അനുഭവപ്പെടുന്നുമുണ്ട് . ചിലത് വായനക്കാരുടെ യുക്തിയെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. നോവലിലെ ഒരു വാചകം നോക്കുക :ഹിന്ദി സംസാരിക്കുന്നതും,പൊലീസ് അന്വേഷിക്കുന്നയാളുമാകുമ്പോൾ അത് തീവ്രവാദിയോ കള്ളനോ ആകാം.ഇവിടെ പൊലീസ് അന്വേഷിക്കുന്ന ആൾ ഹിന്ദി സംസാരിക്കുന്നയാളാണെങ്കിൽ കള്ളനും തീവ്രവാദിയും ആയിരിക്കുമെന്ന പൊതു നിഗമനത്തിലേക്കെത്തിയതെങ്ങനെ എന്നു മനസ്സിലായില്ല.

ഉമാദത്തന്റെ കപാലത്തിലെ പോലെ ഭക്ഷണത്തെപ്പറ്റിയുള്ള ആവർത്തിക്കുന്ന വിവരണങ്ങളും, സംഭാഷണത്തിലെ നാടകീയതയും ഇവിടെയും പ്രത്യക്ഷപ്പെടുന്നുണ്ട് ചുരുക്കി പറഞ്ഞാൽ ഉദ്വേഗവും,കുറ്റാന്വേഷണത്തിന്റെ ചടുല നീക്കങ്ങളുമൊക്കെ പ്രതീക്ഷിച്ചുകൊണ്ട് പുസ്തകം വായിക്കാനിരിക്കുന്നവരെ തെല്ലും നിരാശപ്പെടുത്താൻ സാധ്യതയുള്ളൊരു നോവലായിരിക്കുമിത്.

2003ൽ സബ് ഇൻസ്പെക്ടറായി കേരള പോലീസ് അക്കാദമിയിൽ നിന്നും പുറത്തിറങ്ങിയ സിബി തോമസ് 2011 ൽ സർക്കിൾ ഇൻസ്പെക്ടറായി. 2014 ലും 2019 ലും ഡിറ്റക്ടീവ് എക്സലൻസിക്കുള്ള ബാഡ്ജ് ഓഫ് ഓണർ സ്വന്തമാക്കിയ ആളാണ് ഇദ്ദേഹം.

2015 ൽ സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിട്ടുണ്ട്. രാജീവ് രവി-ആസിഫ് അലി കൂട്ടുകെട്ടിലെ കുറ്റവും ശിക്ഷയും എന്ന സിനിമയുടെ കഥയും ഇദ്ദേഹത്തിന്റേതാണ്.ഇപ്പോൾ കേരളാ പൊലീസിലെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയിൽ ഇൻസ്പെക്ടറാണ് സിബി തോമസ്.പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ഋഷിരാജ് സിംഗ് ഐ പി എസ്സാണ്. മാതൃഭൂമി ബുക്സ് പുറത്തിറക്കിയ പുസ്തകത്തിന്റെ വില 260 രൂപ.

റാണി ചെന്നമ്മ കിത്തൂരിലെ വീരവനിത

കർണ്ണാടകത്തിൽ ബൽഗാരിനും ധാർവാറിനും മദ്ധ്യത്തിൽ പൂനെ-ബാംഗ്ലൂർ ദേശീയ പാതയോടു ചേർന്നുള്ള രണ്ടു ചെറിയ കുന്നുകൾകൾക്കപ്പുറം കാണപ്പെടുന്ന നഗരമാണ് ഇന്നത്തെ കിട്ടൂർ. ഈ സ്ഥലത്തെ റാണിയായയിരുന്ന ചെന്നമ്മയാണ് ഇന്ത്യയിൽ ആദ്യമായി ശക്തമായ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായി തലയുയർത്തിയ നാട്ടുരാജ്യ പ്രമാണി. ചരിത്രത്തെ നാടോടി രേഖകൾക്കപ്പുറം സത്യസന്ധമായ ഒരു ജീവചരിത്രമാണ് റാണി ചെന്നമ്മ എന്ന പുസ്തകമെന്ന് ഇതിന്റെ എഴുത്തുകാരൻ സദാശിവ വോഡയാർ പറയുന്നു. കിട്ടൂർ രാജവംശത്തിന്റെ സ്ഥാപകരായ ഹീരെ മല്ല ഷെട്ടിയും ചീക്കാമല്ല ഷെട്ടിയും അവരുടെ ആ രാജവംശവും 1585 മുതൽ 1824 വരെ 239 കൊല്ലമാണ് ഭരണം നടത്തിയത് . വീരപ്പ ഗോഡറുടെ ഭരണകാലത്താണ് കിട്ടൂരിനെ ഹൈദരാലി ആക്രമിക്കുന്നത്, 1778 ൽ. അദ്ദേഹത്തിന്റെ മരണത്തോടെ മല്ലസർജ്ജനെ കുടുംബത്തിലേക്ക് ദത്തെടുക്കുകയുണ്ടായി. കിട്ടൂർ രാജവംശത്തിലെ പന്ത്രണ്ടു രാജാക്കന്മാരിലും വച്ച് ഏറ്റവും സമർത്ഥനായ രാജാവായിരുന്നു മല്ലസർജ്ജൻ. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്ന ചെന്നമ്മയാണ് ഇവിടുത്തെ വീരനായിക.

നിസ്സാരവും വ്യക്തിപരമായ താല്പര്യങ്ങളിൽ കലഹിച്ചിരുന്ന നാട്ടുരാജാക്കന്മാരുടെ ഇടയിലും മികച്ച ഭരണം നടത്താൻ മല്ലസർജ്ജനു കഴിഞ്ഞിരുന്നു. കിട്ടൂരിന്റെ ഭരണ ചരിത്രത്തിൽ ഏറ്റവും മഹനീയവും വിഷമം പിടിച്ച കാലഘട്ടവും ഇത് തന്നെയായിരുന്നു. പ്രതിവർഷം ലക്ഷക്കണക്കിന് രൂപ നികുതി ലഭിച്ചിരുന്ന കിട്ടൂരിന് സ്വന്തമായി ഒരു കമ്മട്ടം തന്നെ ഉണ്ടായിരുന്നുവെത്രെ. ആ രാജ്യത്തിന്റെ ശാപം അവിടുത്തെ ഐശ്വര്യം തന്നെയായിരുന്നു. സിംഹാസനത്തിലേറി മൂന്നു വർഷം തികയുന്നതിനു മുൻപെ ടിപ്പു കിട്ടൂരിന്റെ വടക്കുഭാഗത്തെ കോട്ടആക്രമിച്ചു. പക്ഷേ ടിപ്പുവിനെ തുരത്തിയോടിക്കുകയാണുണ്ടായത്. മല്ലസർജ്ജന്റെ ആദ്യ റാണി രുദ്രമ്മ ഈ യുദ്ധത്തിൽ പങ്കെടുത്തതായി പറയപ്പെടുന്നുണ്ട്. അവർ തല്ലൂരിലെ ദേസായിയുടെ പ്രസിദ്ധ കുടുംബത്തിൽപ്പെട്ടവളായിരുന്നു. ആ കുടുംബത്തിന്റെ അനന്തര തലമുറക്കാർ ഇപ്പോഴുമുണ്ട് എന്നു പറയപ്പെടുന്നു.

ഏതാനും മാസങ്ങൾക്ക് ശേഷം രണ്ടാം ആക്രമണം ഉണ്ടായി. മൂന്നു വർഷത്തോളം തടവുപുള്ളിയായി കിടക്കേണ്ടി വന്നു മല്ലസർജ്ജന്. അദ്ദേഹത്തിന്റെ മരണ ശേഷം മൂത്ത പുത്രൻ ശിവലിംഗ രുദ്ര സർജ്ജൻ രാജ്യഭരണം ഏറ്റെടുത്തു. എട്ടു വർഷത്തെ ഭരണത്തിനു ശേഷം അദ്ദേഹത്തിന്റെ മരണത്തോടെ റാണി ചെന്നമ്മ പരിപൂർണ്ണ അധികാരം ഏറ്റെടുത്തുകൊണ്ടു കിട്ടൂരിലെ രാജ്ഞിയായി. ബ്രിട്ടീഷുകാരുമുണ്ടായ യുദ്ധത്തിൽ ധീരമായ ചെറുത്തുനിൽപ്പാണ് അവർ നടത്തിയത്. കോട്ടയെ പ്രതിരോധിച്ചു നിർത്തുന്നതിൽ പ്രകടിപ്പിച്ച വൈഭവം ബ്രിട്ടീഷുകാരെ അമ്പരിപ്പിച്ചു കളഞ്ഞു. ഉടമ്പടി ഉണ്ടാക്കി ചതിയിൽപ്പെടുത്തുക എന്ന ഒരു തന്ത്രം ബ്രിട്ടീഷുകാർ ഇവിടെയും പ്രയോഗിച്ചു. പോരാത്തതിന് സ്വന്തം പാളയത്തിലും ചതിപ്രയോഗം നടന്നു. വെടിമരുന്നിൽ മായം കലർത്തിയായിരുന്നു അത്. ചെറിയ സംസ്ഥാനത്തിന്റെ കൊച്ചുസൈന്യത്തെ ഭീമമായ ബ്രിട്ടീഷ് സൈന്യം കൂട്ടകൊല ചെയ്തു. അഞ്ചു കൊല്ലത്തോളം ഹോംഗൽ കോട്ടയിൽ തടവിൽ കിടന്ന ശേഷമായിരുന്നു അവരുടെ മരണം.

ചെറുത്തു നില്പിനായുള്ള ചെറിയ ശ്രമങ്ങൾ അങ്ങിങ്ങായി ഉണ്ടായിരുന്നുവെങ്കിലും തദ്ദേശീയരായ ആളുകളുടെ ചതിപ്രയോഗങ്ങൾ അതിനെയെല്ലാം തല്ലിക്കെടുത്തി. ഇത്തരം സംഭവങ്ങൾ സ്വന്തം സാമ്രാജ്യം ഏകീകരിക്കാൻ ബ്രിട്ടീഷുകാർക്ക് സഹായകവുമായി. ചെന്നമ്മയുടെ പുത്രവധുവായ വീരച്ചയെ ധാർവാർ കളക്ടറായിരുന്ന ഒരു മിസ്റ്റർ ബാബർ വിഷം കൊടുത്തു കൊന്നതായാണ് പറയപ്പെടുന്നത്.
(ഈ ബാബർ തന്നെയാണോ പഴശ്ശി രാജയെ പിടികൂടിയ ബാബർ എന്നൊരു സംശയമുണ്ട്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചെങ്കിലും ലഭ്യമായില്ല)

പിന്നീട് തുടർച്ചയായി ലഹളകൾ നടന്നു. 1833,1836,1837,1845,1857 വർഷങ്ങളിൽ ഒക്കെ നടന്ന ലഹളകളിൽ നിരവധിപേർ മരിച്ചുവീണു. ഈ കലാപങ്ങളാണ് ബഹുജനപ്രക്ഷോഭങ്ങളുടെ നാന്ദി കുറിച്ചതെന്ന് പറയപ്പെടുന്നു. 1857 ലെ ആദ്യത്തെ സ്വതന്ത്ര്യസമരത്തിന്റെ വിത്ത് വിതച്ചത് റാണി ചെന്നമ്മയുടെ യുദ്ധമായിരുന്നു. അവരുടെ നേതൃത്വ പാടവവും,ധൈര്യവും, ദേശഭക്തിയും സാഹസികതയും തെല്ലൊന്നുമല്ല ബ്രിട്ടീഷുകാരെ വലച്ചത്. അവരുടെ അവസാന കാലത്തെ പോരാട്ടങ്ങളെ കുറിച്ച് പുസ്തകം വിശദമായി കൈകാര്യം ചെയ്യുന്നുണ്ട്. അവരുടെ ജീവ ചരിത്രത്തെ സംബന്ധിച്ച് മലയാളത്തിൽ വേറെ പുസ്തകങ്ങൾ ഉണ്ടോ എന്നറിഞ്ഞുകൂടാ. സദാശിവ വൊഡയാർ എഴുതിയ ഈ പുസ്തകം നാഷണൽ ബുക്ക് ട്രസ്ട് ഓഫ് ഇന്ത്യ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പക്ഷേ ആരാണ് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതെന്നുള്ള വിവരം ലഭ്യമായില്ല.

ഹെൻറിറ്റ ടെംപിളും ചന്തുമേനോന്റെ ഇന്ദുലേഖയും

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ ഡിസ്രേലി 1837 ൽ ലോർഡ് ബീക്കൺസ്‌ ഫീൽഡ് എന്ന തൂലികാ നാമത്തിൽ എഴുതിയ നോവലാണ് ഹെൻറിറ്റ ടെംപിൾ. ചന്തുമേനോന്റെ ഇന്ദുലേഖയിൽ പരാമർശവിഷയമായ നോവലാണിത്.അതുകൊണ്ടു തന്നെ ഈ നോവൽ പലപ്പോഴും ചർച്ചാവിഷയമായിരുന്നു.അതിനു പിന്നിലെ കഥ വിശദമായി പുസ്തകത്തിന്റെ അവതാരികയിൽ ശ്രീ എം എം ബഷീർ വിവരിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ മലയാള വിവർത്തകയായ ശോഭ നമ്പൂതിരിപ്പാട് എങ്ങനെ ഇതിലേക്കെത്തപ്പെട്ടുവെന്നും വിവർത്തനസമയത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും അദ്ദേഹം പറയുന്നുണ്ട്. അവരുടെ വിവർത്തനം കണ്ടിട്ടാകണം പരിഭാഷ സർഗ്ഗ പ്രക്രിയക്ക് സമാനമാണ് അദ്ദേഹം ഇവിടെ അഭിപ്രായപ്പെട്ടിട്ടുള്ളത്. നോവൽ പുറത്തിറങ്ങിയിട്ടു 128 വർഷങ്ങൾക്കു ശേഷമാണ് ഹെൻറിറ്റ ടെംപിൾ എന്ന നോവലിന് മലയാളത്തിൽ ഒരു വിവർത്തനം വരുന്നത്. ബെഞ്ചമിൻ ഡിസ്രേലിയുടെ ആത്മകഥാംശമുള്ള ഒരു നോവൽ കൂടിയാണിത്.

ഒരു കുലീന കത്തോലിക്കാ കുടുംബത്തിൽ പിറന്നയാളാണ് ഫെർഡിനാൻഡ് ആർമിൻ. തന്റെ പൂർവികരുടെ ജീവിതശൈലി കാരണം ഇപ്പോൾ അവരുടെ കുടുംബം കടക്കെണിയിൽപെട്ടുകിടക്കുകയാണ്. ഫെർഡിനാൻഡ് തന്റെ മാതൃപിതാവായ ലോർഡ് ഗ്രാൻഡിസനു ഏറെ പ്രിയപ്പെട്ടവനാണ് . അതുകൊണ്ടു തന്നെ അദ്ദേത്തിന്റെ കാലശേഷം ഗ്രാൻഡിസന്റെ എസ്റ്റേറ്റ് അവകാശം തനിക്കു തന്നെ വന്നു ചേരുമെന്ന് മറ്റുള്ളവരെ പോലെ തന്നെ ഫെർഡിനാൻഡും കരുതിപോന്നു.വമ്പിച്ച സ്വത്തു കൈവരും എന്ന പ്രതീക്ഷയിൽ അതിരുവിട്ട ജീവിതശൈലി നയിക്കുന്ന ഫെർഡിനാൻഡ് വലിയ കടങ്ങൾ വാങ്ങികൂട്ടുന്നു. എന്നാൽ പ്രതീക്ഷിച്ചതിൽ നിന്നും വിഭിന്നമായി ഗ്രാൻഡിസൺ മരണ ശേഷം സ്വത്തുക്കളെല്ലാം അദ്ദേഹത്തിന്റെ ചെറുമകൾ കാതറിന് വന്നു ചേരുകയാണ്. ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തിയ ഫെർഡിനാൻഡ് തന്റെ കടം വീട്ടാനുള്ള ഏക പോംവഴി തന്റെ ബന്ധുവായ കാതറിനെ വിവാഹം കഴിക്കുകയാണെന്ന് മനസ്സിലാക്കുകയും അവളോട് തന്റെ വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്യുന്നു. അത്തരമൊരു അസുഖകരമായ മാനസികാവസ്ഥയിൽ അലയുന്ന ഫെർഡിനാൻഡ് തൊട്ടടുത്ത എസ്റ്റേറ്റിലെ വാടകക്കാരായ ഹെൻറിറ്റ ടെമ്പിളിനെയും അവളുടെ പിതാവിനെയും കണ്ടുമുട്ടുന്നു. ഫെർഡിനാൻഡും ഹെൻറിറ്റയും തൽക്ഷണം പ്രണയത്തിലാകുകയും വിവാഹഉടമ്പടി രഹസ്യമായി നടത്തുകയും ചെയ്യുന്നു. കാതറിനുമായുള്ള വിവാഹനിശ്ചയം അവസാനിപ്പിക്കണമെന്ന് കരുതി കാര്യങ്ങൾ മുന്നോട്ടു നീങ്ങവേ അവിടം സംങ്കീർണ്ണമാക്കിക്കൊണ്ടു നിരവധി സംഭവ പരമ്പരകൾ അരങ്ങേറുകയാണ്.

പുസ്തകം അതിന്റെ രചനകാലഘട്ടത്തെ സാമൂഹികാവസ്ഥകളെയും, നടപ്പുരീതികളെയും കുറിച്ച് മനസ്സിലാക്കാൻ വായനക്കാരെ സഹായിക്കും. പൊതുവേ രാഷ്ട്രീയവിഷയങ്ങൾ കടന്നു വരാറുള്ള ഡിസ്രേലിയുടെ രചനകളിൽ നിന്നും വ്യത്യസ്തമായി ഒരു പ്രണയകഥയാണ് ഹെൻറിറ്റ ടെംപിളിൽ പറയാൻ ശ്രമിച്ചിട്ടുള്ളത്.

നോവൽ പ്രസിദ്ധീകൃതമായപ്പോൾ മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചത്. കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഈ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് ശോഭ നമ്പൂതിരിപ്പാടാണ്. വില 450 രൂപ.

റാസ്പുട്ടിന്റെ ജീവിതവും വിവാദങ്ങളും

പാപ്പിറസ് ബുക്ക്സ് പുറത്തിറക്കിയ റാസ്പുടിൻ: പ്രണയം ജീവിതം കവിത എന്ന പുസ്തകം

പേരിനോട് നീതി പുലർത്തിയ മനുഷ്യൻ എന്ന് വേണമെങ്കിൽ റാസ്‌പുടിനെ വിശേഷിപ്പിക്കാം . കേൾക്കുമ്പോൾ സ്റ്റൈലൻ പേരൊക്കെയാണ് എന്ന് തോന്നുമെങ്കിലും കുത്തഴിഞ്ഞവൻ,അധമവാസനയുള്ളവൻ എന്നൊക്കെയാണ് റാസ്‌പുടിൻ എന്ന വാക്കിന്റെ അർത്ഥം. റാസ്‌പുട്ടിന്റെ ജീവചരിത്രമെഴുതിയ റോബർട്ട് മാസി സദാചാരത്തെ ഭയപ്പെടുത്തിയവൻ എന്നാണ് റാസ്‌പുട്ടിനെ വിശേഷിപ്പിച്ചിരിക്കുന്നത്. റാസ്‌പുട്ടിന്റെ ജീവിത കഥ വായിക്കുമ്പോൾ ആ പറഞ്ഞതിൽ ഒട്ടും അതിശയോക്തിയില്ല ഏന് മനസ്സിലാകും.

ഒട്ടേറെ വിവാദങ്ങളും ,അവിശ്വസനീയകഥകളും കൊണ്ട് സമ്പുഷ്ടമാണ് ഗ്രിഗറി റാസ്പുട്ടിൻറെ ജീവിതം. പ്രചരിക്കുന്ന കഥകളിൽ സത്യമേത് ,കള്ളമേത് എന്ന് തിരിച്ചറിയാനാവാത്തവിധം കൂടികുഴഞ്ഞുകിടക്കുകയാണ് പലതും.വിശക്കുന്നവന്റെ നാവ് അരിഞ്ഞു കളഞ്ഞാൽ പിന്നെ സങ്കടപ്പെടേണ്ടതില്ല എന്ന് കരുതിയിരുന്ന സർ അലക്‌സാണ്ടർ രണ്ടാമനെക്കാൾ ഭീകരമായിരുന്നു അലക്‌സാണ്ടർ മൂന്നാമന്റെ കാര്യം.റഷ്യൻ ജനതയെ ഇദ്ദേഹത്തേക്കാൾ പീഡിപ്പിച്ചിട്ടുള്ള വേറെ ചക്രവർത്തിമാർ വേറെ ഉണ്ടോ എന്ന് സംശയമാണ്. അമ്പതാമത്തെ വയസ്സിൽ എന്തോ രഹസ്യരോഗം വന്നു മരിച്ചതിനു ശേഷം രാജ്യ ഭരണമേറ്റവനായിരുന്നു നിക്കോളാസ് രണ്ടാമൻ. ഭരണ കാര്യങ്ങളിൽ ഒട്ടും താല്പര്യമില്ലാതിരുന്ന ഒരു സ്വപ്നാടകനായിരുന്നു നിക്കോളാസ്.രാജ്യ കാര്യങ്ങളിൽ കാര്യമായി ഇടപെടാഞ്ഞത് ഗവണ്മെന്റ് ഉദ്യോഗസ്ഥരും, പ്രഭുക്കന്മാരും,പട്ടാളക്കാരും വേണ്ടവിധം മുതലെടുത്തു എന്ന് വേണം പറയാൻ. രക്തം കട്ടപിടിക്കാത്ത ഹീമോഫീലിയ എന്ന അസുഖമുണ്ടായിരുന്നു രാജാവിന്റെ മകനായ സെറീവിച് അലക്സിക്ക് . അക്കാലത്തു അതിനു മരുന്നൊന്നും കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല. ആരു ശ്രമിച്ചിട്ടും ഭേദമക്കാൻ കഴിയാത്ത ആ രോഗത്തിന്റെ ചികിൽസക്കായാണ് റാസ്പുട്ടിൻ കൊട്ടാരത്തിലെത്തുന്നത്. കിട്ടിയ അവസരം ശരിക്കും ഉപയോഗപ്പെടുത്തി റാസ്പുട്ടിൻ . തന്റെ അദ്‌ഭുത പ്രാർത്ഥനയിലൂടെ രോഗം ഭേദമാക്കി എല്ലവരെയും വിശ്വാസത്തിലെടുക്കാൻ റാസ്പുട്ടിന് കഴിഞ്ഞു. കൊട്ടാരത്തിനകത്തും പുറത്തും അയാൾ ചർച്ചാ വിഷയമായി. പതിയെ അയാൾ മഹാറാണിയുടെ ഇഷ്ടക്കാരനും വിശ്വസ്‌തനുമായി. ആ സ്വാധീനം ഭരണത്തിൽ കൈ കടുത്തുന്നതുവരെയെത്തി.സാർ രാജവംശത്തിന്റെ തകർച്ചയ്ക്ക് പ്രധാനമായും ചരിത്ര ഗവേഷകർ കണ്ടെത്തിയ രണ്ടു കാരണങ്ങളിലൊന്ന് റാസ്പുട്ടിന് കൊട്ടാരവുമായിയുണ്ടായിരുന്ന അവിഹിത ബന്ധമാണ്.

റാസ്‌പുട്ടിന്റെ ജീവചരിത്രം വായിച്ചാൽ ഇത് കെട്ടുകഥയാണോ അല്ലയോ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചു പോകുക സാധാരണമാണ്. ശത്രുക്കൾ പോലും അയാളെ അത്തരത്തിൽ തന്നെയാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. പ്രാർത്ഥന ,മനശാസ്ത്ര ചികിത്സ,വാക്കുകൾകൊണ്ട് മനസ്സുകളെ കീഴടക്കാനുള്ള അത്ഭുത സിദ്ധി തുടങ്ങിയവയെ കൂടാതെ മന്ത്രികശക്തിയുള്ള അട്ട വരെ റാസ്‌പുട്ടിന്റെ കൈയ്യിലുണ്ടായിരുന്നുവെന്നു ആളുകൾപറഞ്ഞു നടന്നു. റാസ്‌പുട്ടിന്റെ ജീവചരിത്ര പുസ്തകത്തിൽ വിചിത്രമായ ലൈംഗികാനുഭവങ്ങൾ നേരിടുകയും അനുഭവിക്കേണ്ടി വരികയും ചെയ്ത നിരവധി സ്ത്രീകളുടെ വിവരണങ്ങൾ വായിക്കാൻ സാധിക്കും.

റാസ്‌പുട്ടിന്റെ കൊലപാതകത്തിലും ഉണ്ട് നിരവധി വിവാദങ്ങളും അത്ഭുതങ്ങളും. വെടിയേറ്റാണ് മരിച്ചതെങ്കിലും ,മൂന്നു ദിവസത്തിനു ശേഷം കണ്ടെത്തിയ മൃതദേഹത്തിൽ വെടിയുണ്ടകളുടെ പാടുകൾ അപ്രത്യക്ഷമായിരുന്നു എന്ന് പറയപ്പെടുന്നു.ശരീരത്തിൽ വിഷത്തിന്റെ അംശവും കാണാൻ കഴിഞ്ഞില്ലെത്രെ. സയനൈഡ് പോലുള്ള മാരക വിഷം വീഞ്ഞിലും കേക്കിലും ചേർത്ത് കൊടുത്തിട്ടും മരിക്കുന്നില്ല എന്ന് കണ്ടപ്പോൾ വെടി വെച്ചു കൊല്ലുകയായിരുന്നു.

മലയാളത്തിൽ റാസ്‌പുട്ടിനെ കുറിച്ച് അധികം പുസ്തകങ്ങളൊന്നും കണ്ടിട്ടില്ല .ഡോക്ടർ മുഞ്ഞിനാട്‌ പത്മകുമാർ എഴുതിയ റാസ്പുടിൻ: പ്രണയം ജീവിതം കവിത എന്ന പുസ്തകത്തിൽ ചെറുതായെങ്കിലും റാസ്‌പുട്ടിന്റെ ജീവിതം വായിച്ചു പോകാം . റാസ്‌പുട്ടിന്റെ ജീവിത സംഭവങ്ങളെ ആധാരമാക്കി നിരവധി സിനിമകൾ പല പല ഭാഷകളിൽ ഇറങ്ങിയിട്ടുണ്ട്. ഓരോന്നിലും മരണകാരണത്തെ പറ്റി ഒരു വ്യക്തതയില്ല.ചിലതിൽ വെടിയേറ്റ് മട്ടുപ്പാവിൽ നിന്നും താഴേക്കിടുകയാണ് ചെയ്യുന്നതെങ്കിൽ , മറ്റു ചിലതിൽ വെടി യേറ്റിട്ടും മരിക്കാതെ രക്ഷപെടാൻ ശ്രമിക്കുന്ന റാസ്‌പുട്ടിനെ പിന്തുടർന്ന് വീണ്ടും വെടിവെച്ചു കൊല്ലുന്നതായിട്ടാണ്. എന്നാൽ ഇംഗ്ലീഷിൽ ലഭ്യമായ മറ്റു പുസ്തകങ്ങൾ വായിച്ചപ്പോൾ മൂന്നാമതൊരു വെടികൂടി നെറ്റിയിൽ ഏറ്റതാണ് മരണകാരണം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതാകട്ടെ വേറെയൊരു തോക്കിൽ നിന്നുമാണ്. അതാരാണ് എന്ന് വ്യകതമല്ല .അതാകട്ടെ അന്നത്തെ കൊലപാതികളുടെ മൊഴികളിൽ നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു സംഭവം കൂടിയാണ് . റാസ്പുട്ടിൻറെ കൊലപാതകത്തിൽ ഒരു ബ്രിട്ടീഷ് കൈകടത്തലും ആരോപിക്കുന്നുണ്ട് . ആ കൈകടത്തൽ മൂന്നാമത്തെ വെടിയുണ്ടയുമായി ബന്ധപ്പെട്ടു കിടക്കുന്നു.ഈ വിവരങ്ങളും,വിവാദങ്ങളുമൊക്കെ ആൻഡ്രൂ കുക്ക് എഴുതിയ To Kill Rasputin എന്ന പുസ്തകത്തിൽ വിശദമായി വായിക്കാം.

ഡോക്ടർ മുഞ്ഞിനാട്‌ പത്മകുമാർ എഴുതിയ റാസ്പുടിൻ: പ്രണയം ജീവിതം കവിത എന്ന പുസ്തകം പാപ്പിറസ് ബുക്ക്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്. വില 60 രൂപ.

ഡോക്ടർ ദൈവമല്ല

ചികിത്സ ഫലിക്കുന്നത് രോഗിയുടെ മനസ്സിലൂടെയാണെന്നു ആദ്യം പറഞ്ഞത് ആരാണെന്നു അറിഞ്ഞുകൂടാ, എങ്കിലും രോഗിയുടെ അത്തരം മാനസികാവസ്ഥയെ രൂപപെടുത്തിയെടുക്കുന്നതിൽ ഡോക്ടർമാർ വഹിക്കുന്ന പങ്ക് ചെറുതല്ല. ഡോക്ടറെ കണ്ട് മടങ്ങുമ്പോഴേക്കും മരുന്ന് കഴിക്കുന്നതിനും മുൻപേ തന്നെ ഇപ്പൊ നല്ല ആശ്വാസം തോനുന്നുന്നു എന്നപോലെയുള്ള അനുഭവം നമ്മളിലാരെങ്കിലുമൊക്കെ ഒരു തവണയെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമെന്നു തീർച്ചയാണ്.

വർഷങ്ങൾക്ക് മുൻപ് വൈദ്യപർവ്വം എന്ന പേരിൽ പരമ്പരയായി വന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഡോക്ടർ ദൈവമല്ല എന്ന പുസ്തകമായി ഡോക്ടർ ഖദീജ മുംതാസിന്റേതായി പുറത്തു വന്നിട്ടുള്ളത്. ഒരു പക്ഷെ കോഴിക്കോട്ടുള്ളവർക്കൊക്കെ സുപരിചിതയായിയിരിക്കും ഡോക്ടർ. പലതവണ അവർ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിലും മറ്റുമുള്ള സാഹിത്യചർച്ചകളിലും വന്നു സംസാരിക്കാറുണ്ട്.

ഡോക്ടർ രോഗീ ബന്ധത്തിന്റെ ജൈവികതയുടെ ആവിഷ്കാരമാണ്‌ പുസ്തകത്തിലെ പതിനഞ്ചു ലേഖനങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഡോക്ടർമാർ അനുഭവങ്ങൾ പറയുന്ന ഇത്തരം പുസ്തകങ്ങൾക്ക് നിരവധി മുൻ മാതൃകകൾ നമുക്ക് മുന്നിലുണ്ട്. ഡോക്ടർ പി വി ഗംഗാധരന്റെ പുസ്തകങ്ങളും, അദ്ദേഹത്തിൻേതായി മാതൃഭൂമി വാരാന്ത്യ പതിപ്പുകളിൽ വന്ന നിർവധി ലേഖനങ്ങളും ശ്രദ്ധേയമായിരുന്നുവല്ലോ. നടൻ ഇന്നസെന്റും അത്തരം നിരവധി സംഭവങ്ങൾ പലയിടങ്ങളിലായി പങ്കുവെച്ചിട്ടുണ്ട്. ഡോക്ടർമാർക്ക് രോഗവിവരങ്ങൾ മാത്രമല്ല, രോഗികളുടെ ജീവിതകഥയും കേൾക്കാനുള്ള യോഗമുണ്ട്. രോഗപീഡയിൽ വലയുന്ന രോഗികൾ തങ്ങളുടെ ദൈനതയുടെ,കഷ്ടപ്പാടിന്റെ ഉരുക്കഴിച്ചിടുന്നത് തങ്ങൾ ദൈവത്തെ പോലെ കാണുന്ന ഡോക്ടർ മാരുടെ മുന്നിലാണ്. ദൈവം കഴിഞ്ഞാൽ ജീവൻ രക്ഷിക്കാൻ കഴിയുന്ന ഒരു വിഭാഗമായതുകൊണ്ടാകാം ഡോക്ടർമാരുടെ മുന്നിൽ രോഗികൾ അവരുടെ തങ്ങളുടെ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ ,പ്രത്യക സാഹചര്യങ്ങളിൽ ഒന്നും ചെയ്യാനാവാതെ നിസ്സഹായാവസ്ഥയിൽ ഇരിക്കേണ്ടി വരുന്ന വെറും മനുഷ്യജീവി മാത്രമാണ് തങ്ങളെന്നും പറയുകയാണ് ഡോക്ടർ ഖദീജ മുംതാസ്. അത്തരത്തിലുള്ള നിരവധി അനുഭവങ്ങളാണ് ഈ പുസ്തകത്തിലൂടെ നമുക്കു മുന്നിലെത്തുന്നത്. അതിലാകട്ടെ കൂടുതലും നിറഞ്ഞു നിൽക്കുന്നത് സ്ത്രീകളും.

സ്വന്തം മകൾക്കു അവളുടെ അച്ഛനിലുണ്ടായ കുഞ്ഞിനെ അവളുടെ ‘അമ്മ ആരായിട്ടു വളർത്തും ?ഇത്തരത്തിലുള്ള ഒരു ചോദ്യത്തെ ഡോക്ടർ എങ്ങനെയായിരിക്കും പ്രതികരിച്ചിട്ടുണ്ടാകുക?. സ്വതം നഷ്ടപ്പെട്ടവരുടെ നിലവിളികൾ, അവരുടെ വിവിധ ഭാവങ്ങൾ, അവർ നേരിടേണ്ടി വരുന്ന കഠിന പരീക്ഷണങ്ങൾ ഇതുപോലുള്ള നിരവധി സംഭവങ്ങളാണ് ഡോക്ടർ ഈ പുസ്തകത്തിൽ വരച്ചിട്ടിരിക്കുന്നത്.പരസ്പരപൂരകങ്ങളായി വർത്തിക്കേണ്ടതിനു പകരം ശാരീരികമായ മുൻ‌തൂക്കം മുതലെടുത്തു ചപലനും സ്വാർത്ഥനുമായ പുരുഷൻ, മാനസികമായി പക്വമതിയായ സ്ത്രീയെ ഭരിക്കുന്നതിലെ അസന്തുലിത്വമാണ് ഇവിടുത്തെ അസ്വസ്ഥതകൾക്കും ,അസമാധാനത്തിനുമുള്ള ഹേതു എന്ന് താൻ കേട്ട അനുഭവ കഥകളെ ആധാരമാക്കികൊണ്ട് ഡോക്ടർ പറയുന്നു.

ബർസ എന്ന നോവലിന് സാഹിത്യ അക്കാദമി അവാർഡ് നേടിയ ഖദീജ മുംതാസിന്റെ ഈ പുസ്തകവും ഡിസി ബുക്ക്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്, വില 120 രൂപ.

അവസാനത്തെ വായനക്കാരനും കിണറ്റിലെ ശവശരീരവും

 

 
പുസ്തകങ്ങളെകുറിച്ചും,വായനയെക്കുറിച്ചുമൊക്കെ പരാമർശിക്കുന്ന നിരവധി നോവലുകളുണ്ട് . മലയാളത്തിലും  അത്തരത്തിലുള്ളവയെ കാണാൻ കഴിയും. സൂസന്നയുടെ ഗ്രന്ഥപ്പുരയും,കിളിമഞ്ജാരോ ബുക്സ്റ്റാളൊക്കെ അത്തരത്തിലുള്ളവയാണ്. പുസ്തകങ്ങൾ വഴികാട്ടിയാണെന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ടാകുമല്ലോ . എന്നാൽ താനകപ്പെട്ട കുഴപ്പം പിടിച്ച ഒരു പ്രശ്നത്തിൽ നിന്നും പുസ്തകങ്ങൾ രക്ഷിക്കാനെത്തുന്ന ഒരു പ്രമേയമാണ് മെക്സിക്കൻ നോവലിസ്റ്റായ  ഡേവിഡ് ടോസ്കാനയുടെ ലാസ്റ്റ് റീഡർ എന്ന  നോവലിൽ കാണാനാകുക. എഴുത്തുകാരന്റെ  ആഖ്യാന ശാസ്ത്രത്തെ മാജിക് റിയലിസത്തിന്റെ വേറൊരുതലമെന്ന് വിശേഷിപ്പിക്കാവുന്നതരത്തിലുള്ള  നോവൽകൂടിയാണ്  ലാസ്റ്റ് റീഡർ.

ഒറ്റപ്പെട്ട ഒരു മെക്സിക്കൻ ഗ്രാമമാണ്  ഇകാമോൾ.വർഷങ്ങളായി അവിടെ മഴ പെയ്യാത്തതുകൊണ്ടു എല്ലാവരുടെയും കിണറുകൾ വറ്റിപ്പോയിരിക്കുന്നു. എന്നാൽ വെള്ളമില്ലാത്തത്തിന്റെ പ്രശ്നമൊന്നും അന്നാട്ടുകാരനായ റെമിഗിയോക്കില്ല. അയാളുടെ കിണറ്റിൽ നിറച്ചും വെള്ളമുണ്ട്. എന്നാൽ പെട്ടെന്നൊരു ദിവസം കിണറ്റിനടിയിൽ ഒരു ശവശരീരം കണ്ടെത്തുന്നതോടെ  കഥ മാറുകയാണ്. കണ്ടാൽ പതിമൂന്ന് വയസ്സു തോന്നിക്കുന്ന സുന്ദരിയായ  ആ പെൺകുട്ടി കിണറ്റിൽ തനിയെ വീണതല്ല. ആരോ അവളെ തള്ളിയിട്ടതാണ്. ആരാണ് അത് ചെയ്തതെന്നൊ ,എന്തിനു വേണ്ടി എന്നൊക്കെയുള്ള കാര്യങ്ങൾ വ്യക്തമല്ല. 

ആ നാട്ടിലെ ലൈബ്രേറിയനാണ് ലൂസിയോ. ആദ്യമൊക്കെ പുസ്തകങ്ങൾക്കായി ഫണ്ട് ലഭിച്ചിരുന്നുവെങ്കിലും പോകെ പോകെ അതു നിലച്ചു. അങ്ങനെ ആരും ഉപയോഗിയ്ക്കാൻ മെനക്കിടാത്ത ആ ലൈബ്രറിയിൽ പുസ്തകങ്ങൾക്കൊപ്പം ജീവിക്കുകയാണ് ലൂസിയോ. ലൂസിയോ  റെമിഗിയോയുടെ പിതാവ് കൂടിയാണ്. മരിച്ച ആ പെൺകുട്ടിയെ അന്വേഷിക്കുന്ന ഏതെങ്കിലും ബന്ധുക്കളോ മറ്റോ  ഉണ്ടാകാമെന്നും  അന്വേഷണം വന്നാൽ ആദ്യം കുടുങ്ങുന്നത് താനായിരിക്കുമെന്നും  റെമിഗിയോക്കറിയാം. അത് മനസ്സിലാക്കികൊണ്ട് ഈ കുഴപ്പം പിടിച്ച സംഗതിയിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് തന്റെ പിതാവായ  ലൂസിയോയുടെ അഭിപ്രായം തേടുകയാണ് റെമിഗിയോ.  ഡോൺ ക്വിക്സോട്ടിനെ ഇഷ്ടപ്പെടുന്ന ലൂസിയോ, താൻ വായിച്ച പുസ്തകങ്ങളിലൂടെ തന്റെ ജീവിതം നയിക്കുന്നയാളാണ്. ഈ പ്രശ്നത്തിൽ നിന്നും ഊരിപോരാനുള്ള ആശയങ്ങൾ താൻ  വായിച്ച പുസ്തകങ്ങളിൽ നിന്നുമാണ് ലൂസിയോ നടപ്പിലാക്കുന്നത്. പെൺകുട്ടിയുടെ തിരോധാനത്തെക്കുറിച്ച്  പോലീസ് ഊർജ്ജിതമായി അന്വേഷണം തുടരുകയാണ്. ആരാണ് ആ പെൺകുട്ടി , എങ്ങനെ റെമിജിയോയുടെ കിണറ്റിൽ അവൾ വീണു ?ആരാണതിന്റെ പിറകിൽ എന്നെല്ലാം ദുരൂഹമാണ്.

 അവസാനത്തെ വായനക്കാരൻ എന്ന പേരിൽ ഈ നോവൽ മലയാളത്തിൽ ഡിസിബുക്സ് പുറത്തിറക്കിയിട്ടുണ്ട്. വിവർത്തനം ചെയ്തിരിക്കുന്നത് പ്രഭാ സക്കറിയാസാണ്. 160 പേജുകളുള്ള പുസ്തകത്തിന് 120 രൂപയാണ് വില. 

ജമൈക്ക-ഇന്നിലെ നിഗൂഡതകൾ

 


ബ്രിട്ടീഷ് എഴുത്തുകാരിയായ ഡാഫ്നി ഡു മൊറിയെയുടെ ക്ലാസ്സിക് കൃതികളുടെ ഗണത്തിൽ പ്പെടുത്താവുന്ന ഒരു നോവലാണ് ജമൈക്ക ഇൻ.
വായനക്കാരെകൊണ്ട് ഏറ്റവും വേഗത്തിൽ കഥ വായിപ്പിക്കാൻ സാധിക്കണമെന്ന് തന്നെയാണല്ലോ  ത്രില്ലർ എഴുത്തുകാരുടെ ഏറ്റവും വലിയ വെല്ലുവിളി.തന്റെ ഇരുപത്തൊമ്പതാം വയസ്സിൽ എഴുതപ്പെട്ട ഈ നോവൽ  വളരെയധികം സ്വീകരിക്കപ്പെട്ടു.നോവലിനെ ആസ്പദമാക്കി നിരവധി സിനിമകളും പിറന്നു. 


 മേരി യെലാന്  ഇരുപത്തിമൂന്ന് വയസ്സുള്ളപ്പോളാണ്  അവളുടെ അമ്മ മരിക്കുന്നത്.അനാഥയായ അവൾ അമ്മയുടെ ആഗ്രഹപ്രകാരം വീടെല്ലാം വിറ്റു അമ്മയുടെ സഹോദരിയായ പേഷ്യൻസ് ആന്റിയുടെ  അടുത്തേക്ക് പോവുകയാണ്.  ജമൈക്ക ഇൻ എന്നറിയപ്പെടുന്ന ഒരു ഹോട്ടൽ നടത്തുകയാണ് അവളുടെ ആന്റിയും ഭർത്താവ് ജോസ് മെർലിനും. അത്രയും  വിവരങ്ങളെ യാത്ര തുടങ്ങുമ്പോൾ മേരിക്കുമറിയൂ. പോകുന്ന വഴിയിൽ വച്ച് തന്നെ കുതിരവണ്ടിക്കാരനിൽ നിന്നും യാത്രക്കാരിൽ നിന്നും ജമൈക്ക ഇന്നിൽ എന്തോ ദുരൂഹമായ പേടിപ്പെടുത്തുന്ന എന്തോ ഉണ്ടെന്ന് മേരി മനസ്സിലാക്കുന്നുണ്ട്. തനിക്കു വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ടു മാത്രമാണ് മേരി സത്രത്തിലേക്കു കേറി ചെല്ലുന്നത്. സത്രത്തിനടുത്തേക്ക് പോകാൻ നാട്ടുകാർ എന്തുകൊണ്ടാണ് ഭയപ്പെടുന്നെന്നു മേരി അപ്പോളും അറിയുന്നില്ല.അവൾ പ്രതീക്ഷിച്ച ഒരു സ്വീകരണമായിരുന്നില്ല അവൾക്കവിടെ ലഭിച്ചത്. ഒരു പക്ഷെ ജമൈക്ക ഇന്നിൽ വച്ചായിരിക്കണം  മേരി ആദ്യമായി ഭയം എന്തെന്ന് അറിയുന്നത് തന്നെ.വിചിത്രമായി പെരുമാറുന്ന അവളുടെ അങ്കിൾ ജോസ് മെർലിനും,എപ്പോഴും ആരെയൊക്കെയോ ഭയപ്പെട്ടു ജീവിക്കുന്ന അവളുടെ അമ്മായിയും, സത്രത്തിൽ  ചില സമയങ്ങളിൽ മാത്രം നടക്കുന്ന നിഗൂഢമായ സംഭവങ്ങളും വായനക്കാരിലും ഉദ്വേഗം വാരി നിറയ്ക്കും.
അല്ലെങ്കിലും പ്രധാനപാതയിൽ ഒരു സത്രം നടത്തുകയും എന്നിട്ട് ഒരു യാത്രക്കാരനു പോലും ഉപയോഗമല്ലാത്ത രീതിയിൽ അത് അടച്ചുപൂട്ടി നിഗൂഢമായി വയ്ക്കുകയും ചെയ്യുന്നതിൽ  അസ്വാഭാവികതയല്ലെങ്കിൽ പിന്നെ എന്ത് തോന്നാനാണ്?

 ഒരു സൈക്കോളജിക്കൽ ക്രൈം ത്രില്ലർ വിഭഗത്തിലുള്ള  ഈ നോവൽ  വായനക്കാരെ പലപ്പോഴും നിഗൂഢവും ചിലപ്പോൾ ഭയപ്പെടുത്തുന്നതുമായ ഒരു യാത്രയിലേക്ക് കൊണ്ടുപോകുന്നുണ്ട് .പുസ്തകത്തിലെ  ഗോഥിക് അന്തരീക്ഷം തന്നെയാണ് അതിന്റെ ഹൈലൈറ്റ്. നിഗൂഢതകളും സാഹസികതയും വേണ്ടുവോളമുണ്ടെങ്കിലും പ്രണയത്തിനും ഒരിടം നൽകിയിട്ടുണ്ട് എഴുത്തുകാരി.ഡാഫ്‌നി മോറിയെയുടെ ഈ പുസ്തകം വായിച്ചു മടക്കിയാൽ  വായനക്കാർ അവരുടെ മറ്റു പുസ്തകങ്ങൾ തേടിപോകുമെന്നു ഉറപ്പാണ്.

ആൽഫ്രഡ് ഹിച്ച്‌കോക്ക് ഈ നോവലിനെ അതേ പേരിൽ 1939 ൽ സിനിമയാക്കിയിരുന്നു. വാണീജ്യവിജയം നേടിയെങ്കിലും ഹിച്ച്കോക്കിന്റെ മോശം സിനിമകളിലൊന്ന് ചിലപ്പോൾ ഇതായിരിക്കാം. നോവൽ സൃഷ്‌ടിച്ച  പിരിമുറുക്കങ്ങളും , നിഗൂതകളും,ജോസ് മെലാന്റെയുൾപ്പെടയുള്ള പ്രധാന  കഥാപാത്രത്തിന്റെ സ്വഭാവങ്ങളും എന്തുകൊണ്ടോ  സിനിമയിൽ  വേണ്ടവിധം പ്രതിഫലിച്ചു കണ്ടില്ല. എഴുത്തുകാരിയും ഈ  സിനിമയിൽ തൃപ്തയായിരുന്നില്ല എന്ന് കേൾക്കുന്നു.1983 ൽ ഇറങ്ങിയ ലോറൻസ് ഗോർഡൻ ക്ലാർക്കിന്റെ സംവിധാനത്തിൽ ഇറങ്ങിയ നോവലിന്റെ അതെ പേരിലുള്ള സിനിമയും, മൂന്നു എപ്പിസോഡുകളിലായി ബിബിസി ഇറക്കിയ സീരീസും നോവലിനോട് നീതി പുലർത്തിയിട്ടുണ്ട്. 

 

1931 ൽ പുറത്തുവന്ന ദി ലിവിങ് സ്പിരിറ്റ് ആണ് മൊറിയെയുടെ ആദ്യ കൃതി.അവരുടെ ഇരുപത്തൊന്നാം വയസ്സിൽ എഴുതപ്പെട്ട  കഥകൾ  2011 ൽ  കണ്ടെത്തി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.സാധാരണ വിവർത്തനങ്ങളിൽ സംഭവിക്കാറുള്ള ഒരു ചോർച്ച ഇവിടെ അനുഭവിക്കാൻ സാധ്യതയില്ല. അത്രക്കും മികച്ച രീതിയൽ തന്നെയാണ് ഒട്ടും മുഷിപ്പിക്കാതെ ഇതൊരു വിവർത്തനമാണെന്നു തോന്നിപ്പിക്കാത്ത രീതിയിൽ  മീര രമേഷ് ജമൈക്ക ഇൻ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത്. ഹാരിയറ്റ് ജേക്കബ്സിന്റെ ഒരു അടിമ പെൺകുട്ടിയുടെ ജീവിതാനുഭവങ്ങൾ വിവർത്തനം ചെയ്തിരിക്കുന്നതും അവർ തന്നെയാണ്.  സൈകതം ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 

മെസെൻസ്കിലെ ലേഡി മാക്ബത്ത്

നോവലിസ്റ്റ്,കഥാകൃത്ത്,നാടകകൃത്ത് ,ജേണലിസ്റ്റ് എന്നിങ്ങനെ ഒട്ടേറെ  ബഹുമതികൾ പേറുന്ന  പ്രസിദ്ധ റഷ്യൻ എഴുത്തുകാരനായ നിക്കോളെ ലെസ്ക്കോവിന്റെ 1865 ൽ പുറത്തുവന്ന  നോവലാണ്  മെസെൻസ്കിലെ ലേഡി മാക്ബത്ത്. നിക്കോളെ സെമ്യോണോവിച്ച് ലെസ്ക്കോവ് എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്.  സ്റ്റെബ്നിറ്റ്സ്കി എന്ന പേരിലായിരുന്നു മുൻകാലങ്ങളിൽ അദ്ദേഹത്തിന്റെ രചനകൾ പ്രത്യക്ഷപ്പെട്ടിരുന്നത്. നിശബ്ദതയുടെ മറവിൽ മറഞ്ഞിരിക്കുന്ന വിനാശകരമായ വികാരങ്ങളെക്കുറിച്ചാണ് ലെസ്ക്കോവിന്റെ ഈ നോവലിൽ  പ്രതിപാദിക്കുന്നത്. മെസെൻസ്കിലെ ലേഡി മാക്ബത്ത് എന്ന   നോവൽ ആദ്യം പ്രത്യക്ഷപ്പെട്ടത് ദസ്തയേവ്സ്കിയുടെ ഏപോക്ക് (epoch )എന്ന മാഗസിനിലായിരുന്നു. 1865 ലായിരുന്നു അത്. റഷ്യൻ ക്ലാസിക്കുകളിൽ   ഏറ്റവും ചർച്ച ചെയ്യപ്പെട്ട നോവലുകളിലൊന്നായി പിന്നീടത് മാറി.
 
പരമ്പരാഗതമായി ധാന്യമാവ് കച്ചവടക്കാരനായിരുന്ന സിനോവി ഇസ്മയിലോവിന്റെ ഭാര്യ കാതറീനയിലൂടെയാണ് നോവൽ ഗതിവികാസം പ്രാപിക്കുന്നത്. ഒരു ദരിദ്ര കുടുംബത്തിൽ പിറന്നതുകൊണ്ട്  സ്വന്തം ഇഷ്ടത്തിനനുസരിച്ച് തന്റെ ഭർത്താവിനെ തിരഞ്ഞെടുക്കാനവൾക്ക് കഴിഞ്ഞില്ല. സിനോവിയുടെ രണ്ടാം കെട്ടായിരുന്നു ഇത്. ആദ്യ ഭാര്യയിൽ കുട്ടികളുണ്ടാകാത്തതിനെ തുടർന്നാണ് സിനോവി കാതറിനെ വിവാഹം കഴിക്കുന്നത്.

ഉയർന്ന മതിൽകെട്ടും ,സദാ സ്വൈരവിഹാരം നടത്തുന്ന കാവൽ നായ്ക്കളുള്ള അടച്ചുപൂട്ടിയ മണിമാളികയിൽ അനുഭവപ്പെടുന്ന മടുപ്പും ഏകാന്തതയും അസംതൃപ്തികളും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ കഥയാണ് നോവൽ പറഞ്ഞു വയ്ക്കുന്നത്.വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല . വീട്ടിലെ അമ്പരിപ്പിക്കുന്ന നിശബദ്ധതയും,ശൂന്യതയും എങ്ങനയൊക്കെ ഒരു സ്ത്രീയെ മാനസികമായി കീഴ്പ്പെടുത്തിക്കളയും എന്നു കാതറീന വായനക്കാർക്കു ബോധ്യപ്പെടുത്തി തരുന്നുണ്ട്. ഭർത്താവിന്റെ അഭാവം തന്റെ മേൽ അധികാരം സ്ഥാപിക്കുന്ന ഒരാളുകൂടി  കുറഞ്ഞുകിട്ടിയതായി ആശ്വാസം കൊള്ളുന്നവളുമാണ് കാതറീന.

ഭർത്താവ് വളരെക്കാലമായി അകലെയായിരുന്നപ്പോൾ, കാതറീന തന്റെ ഭർത്താവിന്റെ  ഗുമസ്തനായ സെർജിയുമായി പ്രണയത്തിലായി. ആ സ്നേഹം അവളെ   പൂർണ്ണമായും പിടിച്ചെടുക്കുകയും ചെയ്തു. അഭിനിവേശത്തിന് ഒരു വ്യക്തിയെ തന്റെ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളെ മറികടക്കാൻ ചിലപ്പോൾ അത്ഭുതങ്ങൾ തന്നെ പ്രവർത്തിച്ചെന്നു വരും.ഇതേ അഭിനിവേശത്തിന്  ഒരു വ്യക്തിയെ  കുറ്റകൃത്യത്തിലേക്ക് നയിക്കാനും  അവരുടെ  ജീവിതം  തൽക്ഷണം നശിപ്പിക്കാനും കഴിയും .കാതറീനയുടെ അഭിനിവേശം   അവളുടെ  ചുറ്റുമുള്ള എല്ലാവരെയും നശിപ്പിച്ചുകൊണ്ടായിരുന്നു. മോശമായി ആരംഭിച്ചതെല്ലാം തിന്മയാൽ ശക്തിപ്പെടുന്നു എന്ന കണക്കെ ഒന്നിനു പിറകെ ഒന്നൊന്നായി ആ അഭിനിവേശത്തിനു പിറകെ കാതറീന  നയിക്കപ്പെട്ടു. ഒരു സ്ത്രീ തന്റെ ശരീരത്തിലും ആത്മാവിലും ശക്തയാണ്. അവൾ  സ്വാതന്ത്ര്യസ്നേഹിയും വികാരഭരിതയും  ലക്ഷ്യബോധമുള്ളവളുമാണ്.നോവലിലെ കതറീന ഈ വിശേഷണങ്ങളുടെ  അങ്ങേ തലത്തിൽ നിൽക്കുന്നവളുമാണ്.

ഒരു ചെറിയ നോവലിൽ , നിരവധി വലിയ സംഭവങ്ങൾ ഉൾക്കൊള്ളാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. മറ്റു റഷ്യൻ ക്ലാസ്സിക്കുകളുടെതു പോലെ ഒരു വമ്പൻ നൊവാലൊന്നുമല്ല മെസെൻസ്കിലെ ലേഡി മാക്ബത്ത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അത്തരം സാർവത്രിക പരിവേഷങ്ങൾ  വികസിപ്പിക്കാൻ ലെസ്ക്കോവ് എന്ന എഴുത്തുകാരന്  കഴിഞ്ഞിട്ടുണ്ട്,

റഷ്യൻ ക്ലാസിക്കുകളിൽ അക്കാലത്ത് പൊതുവേ പ്രകടമായിരുന്ന  ധാർമ്മികതയുടെ  പാഠങ്ങൾ ഈ നോവലിലും കാണാം. നോവലിന്  ഗുസ്താവ് ഫ്ലോബ്ബറിന്റെ മദാം ബോവറിയുമായുള്ള സാമ്യതകൾ നിരൂപകർ അന്ന് തൊട്ടേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഒരു സ്ത്രീയുടെ ജീവിതത്തിൽ എത്രമാത്രം വികാരങ്ങളും പുരുഷ ശ്രദ്ധയും അർത്ഥമാക്കുന്നുവെന്നും ഒരു സ്ത്രീയുടെ ആത്മാവിന് ഏകതാനത എത്രമാത്രം വിനാശകരമാണെന്നും മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു നോവൽ കൂടിയാണിത്. ലെസ്കോവ് തന്റെ കൃതികളിൽ പൊതുവേ ഉപയോഗിച്ചുകാണാറുള്ള നാടൻ കഥകളുടെയും വാമൊഴി പാരമ്പര്യത്തിന്റെയും  നുറുങ്ങുകൾ ഈ നോവലിലും  ഉപയോഗിച്ചിട്ടുണ്ട്.

2016 ൽ പുറത്തിറങ്ങിയ വില്യം ഓൾഡ്റൊയ്ഡ്  സംവിധാനം ചെയ്ത് ഫ്ലോറെൻസ് പ്യൂ മുഖ്യവേഷത്തിൽ പ്രത്യക്ഷപ്പെട്ട  ലേഡി മാക്ബത്ത് എന്ന ഇംഗ്ലീഷ് സിനിമ ഈ നോവലിനെ ആസ്പദമാക്കിയതാണ്. 
 

മലയാളത്തിൽ ആദ്യമായിട്ടാണ് ലെസ്ക്കോവിന്റെ പുസ്തകം വരുന്നത്.H&C ബുക്സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് തുമ്പൂര്‍ ലോഹിതാക്ഷനാണ്. 

എൻ പ്രഭാകരന്റെ ഒറ്റയാൻ നടത്തങ്ങൾ

 



മലയാള സാഹിത്യ പരിസരങ്ങളിൽ എൻ.പ്രഭാകരനെ പ്രത്യേകിച്ചു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ജീവിതത്തെയും, സാഹിത്യത്തെയും പ്രതിബദ്ധതയോടെ വീക്ഷിക്കുകയും ,തന്റെ രചനകളെ സാമൂഹികവും സാംസ്കാരികവും,രാഷ്ട്രീയവുമായ ബാധ്യതകൾക്കപ്പുറം  മനുഷ്യനെയും മനുഷ്യത്വത്തെയും വിലമതിക്കുകയും ചെയ്യുന്നു എന്ന നിലയ്ക്കായിരിക്കും എൻ പ്രഭാകരൻ എന്ന ഒരെഴുത്തുകാൻ   വ്യത്യസ്തനാകുന്നത്  .നൂറ്റമ്പതോളം കഥകളും അഞ്ചു നോവലെറ്റുകളും ആറു  നോവലുകളും രണ്ടു നാടകങ്ങളും മൂന്നു കവിതാ സമാഹരണങ്ങളും ഒരു യാത്രാപുസ്തകവും ഏതാനും ലേഖന സമാഹാരങ്ങളും ഈ എഴുത്തുകാരന്റെതായുണ്ട്. തന്റെ എഴുത്തു സപര്യയുടെ  അമ്പത്തഞ്ചാണ്ടുകൾ  പിന്നിട്ട ഈ നേരത്ത്  ഞാൻ മാത്രമല്ലാത്ത ഞാൻ എന്ന പേരിൽ ഒരു  ആത്മകഥയും  മാതൃഭൂമി ബുക്സ് പുറത്തിറക്കി കഴിഞ്ഞു. വായനയെ  ഗൗരവപ്പെട്ട സാംസ്കാരിക പ്രവർത്തനമായി കരുതുകയും ,തന്റെ കാലത്തെ സംസ്കാരത്തിന്റെ  ജൈവ പ്രക്രിയ രേഖപ്പെടുത്തുന്ന ഒരാളായി  സ്വയം നിർവചിക്കപ്പെടുകയും ചെയ്യുന്ന ഈ എഴുത്തുകാരന്റെ  മായാമനുഷ്യൻ എന്ന നോവലിനാണ് 2019 ലെ  ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്. 

എഴുത്തിനു ചില സാമൂഹിക ലക്ഷ്യങ്ങൾ വേണമെന്നുള്ള തിരിച്ചറിവ് എഴുത്തുകാരനിൽ രൂപപ്പെട്ടത് ബാലസംഘവുമായും  പിന്നീട്  ദേശാഭിമാനി സ്റ്റഡി സർക്കിളുമായും ഉണ്ടായ   ബന്ധങ്ങളാണ് . അച്ചടിച്ചു  കാണുന്നതിലെ കൗതുകവും,അതിലെ ആനന്ദവും  മാത്രം ലക്ഷ്യമാക്കി ചെയ്യേണ്ടുന്ന ഒന്നല്ല എഴുത്ത് എന്ന  ബോധ്യവും  ഒരുപക്ഷെ അവിടെ നിന്നു തന്നെയാകാം എഴുത്തുകാരന് ലഭിച്ചത് .1971 ൽ  മാതൃഭൂമി വിഷു പതിപ്പിൽ വന്ന ഒറ്റയാന്റെ കഥയാണ്  ആദ്യമായി  എൻ പ്രഭാകരൻ  പേരിൽ പ്രത്യക്ഷപ്പെട്ട ആദ്യകഥ . എൻ.പി എരിപുരമെന്നും , എരിപുരം പ്രഭാകരൻ എന്ന പേരിലുമൊക്കെ കഥകളെഴുതികൊണ്ടിരുന്ന  എഴുത്തുകാരൻ പിന്നീട് എൻ.പ്രഭാകരൻ എന്നപേരിൽ മലയാളികൾക്ക് സുപരിചിതനായി. മതത്തിലും, ദൈവത്തിലും ,വിശ്വാസമില്ലാത്ത, മതാതീതമായ ആത്മീയതയെ  സ്വീകരിക്കാൻ ഒട്ടും മടികാണിക്കാത്ത ഈ എഴുത്തുകാരന്റെ ആത്മകഥയാണ് ഞാൻ മാത്രമല്ലാത്ത ഞാൻ.
 
പുതിയ കാലത്തെ  ആർജ്‌ജവത്തോടെ അഭിമുഖീകരിക്കുകയും, ഭാവുകത്വത്തിൽ  അടിസ്ഥാനപരമായ മാറ്റം ആവശ്യപ്പെടുകയും ചെയ്യുന്ന  ഒരു കൃതി  ഉണ്ടായിക്കഴിഞ്ഞാൽ വളരെ സത്യസന്ധ്യമായ വായനയിലൂടെയും,ആരോഗ്യകരമായ  സംവാദങ്ങളിലൂടെയും അതിനെ സമൂഹത്തിന്റെ  ആന്തരിക ജീവിതത്തിലേക്ക് പ്രവേശിപ്പിക്കാൻ കെല്പുള്ള ഒരു വായന സമൂഹവും  നിരൂപകരും വേണം .പക്ഷേ മലയാളത്തിൽ ഈ രണ്ടുകൂട്ടരും  ഉണ്ടായിവരുന്നില്ല എന്നുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ് . കൃത്യവും,ക്രിയാത്മകവുമായ  നിരൂപണങ്ങളുടെ അഭാവമാണ്  മോശം സാഹിത്യ കൃതികളെ വായനക്കാരിൽ അടിച്ചേൽപ്പിക്കപ്പെടുന്നതിന്റെ പ്രധാന കാരണമെന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്. 

സാഹിത്യത്തിന്റെയും   കലകളുടെയും പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിൽ  താല്പര്യം  പുലർത്താത്ത വിദ്യാഭാസ ആശയങ്ങൾ  അവരുടെ മാനസിക ലോകത്തിനുണ്ടാക്കി  വെയ്ക്കുന്ന  നഷ്ടം നികത്താനാകാത്തതു  തന്നെയാണ് .സാഹിത്യ രചനകളിൽ  സാഹിത്യത്തെ പുറകോട്ടു തള്ളി രാഷ്ട്രീയം മുഖ്യ  വിഷയമായി വരുന്നത് എഴുത്തുകാരിലും  നല്ല വായനക്കാരിലും  മടുപ്പുണ്ടാക്കും. എഴുത്തുകാരോടും അവരുടെ കൃതികളോടും  തോന്നുന്ന വിധേയത്വവും ആരാധനയും പ്രോൽസാഹിപ്പിക്കപ്പെടരുതെന്നും  അവ നല്ല വായനയെ  സാധ്യമാക്കില്ലെന്നും അദ്ദേഹം പറയുന്നു . കൃതികളെ സംവദാത്മകമായി സമീപിക്കുന്ന ശീലം പൊതുവേ നഷ്ടപ്പെട്ടു തുടങ്ങിയ ഈ കാലത്ത്  ഇത്തരം തുറന്നു പറച്ചിലുകൾ ചിലരുടെയെങ്കിലും കണ്ണ്  തുറപ്പിക്കാൻ കഴിഞ്ഞെങ്കിൽ നന്നായിരുന്നു.

 
അന്തിമമായി എത്തിച്ചേരേണ്ട  അഭിപ്രായം  ഇന്നതാണെന്ന് സംഘാടകർ  മുൻകൂട്ടി തീരുമാനിക്കുകയാണെങ്കിൽ  ആ ചർച്ച  കൊണ്ട് പിന്നെ കാര്യമായ പ്രയോജനമൊന്നുമുണ്ടാകുകയില്ലല്ലോ? .ബൗദ്ധികമോ, വൈകാരികമോ ആയ  യാതൊരു ഉണർവ്വും  നൽകാത്ത,പുതിയ  തിരിച്ചറിവുകൾ  ഒന്നും തന്നെ ലഭിക്കാത്ത അത്തരം ചർച്ചകൾ  കുറഞ്ഞപക്ഷം   ഉയർന്ന  ഭാവുകത്വവും ദാർശനിക  ശേഷിയുമുള്ള ചിലർക്കെങ്കിലും   തങ്ങൾ  കബളിക്കപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാനിടയുണ്ട്  എന്നദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. 

ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ  അനുഭവങ്ങളുടെയും  ഓർമ്മകളുടെയും  ആവിഷ്ക്കാരത്തിന് വേണ്ടിയാണ്  തന്റെ ഈ ആത്മകഥ എഴുതാൻ  തീരുമാനിച്ചത് എന്നദ്ദേഹം പറയുന്നുണ്ട് . എഴുതാൻ  ഭയന്ന ഡയറികുറിപ്പുകൾ എന്ന അധ്യായത്തിൽ  അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ സഹോദരനെ  കുറിച്ചുള്ള ഓർമകളെ വീണ്ടെടുക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത് . അതിവൈകാരികതയില്ലാതെ തുടർന്നുള്ള അദ്ധ്യായങ്ങളിൽ  തന്റെ സഹോദരനെയും , സഹോദരന്റെ  രോഗത്തെകുറിച്ചുമാണ് പ്രധാനമായും പറഞ്ഞുപോയിട്ടുള്ളത്. ഒരുപക്ഷേ വായനക്കാരെ കൂടുതൽ പിടിച്ചിരുത്താൻ കഴിയുന്ന ഒരു ഭാഗമായിരിക്കും അത്. അനുകൂലമായ ഭൗതിക പരിസരങ്ങളും, സമൂഹം വളരെ സ്വതന്ത്രമായും സത്യസന്ധമായും  ആർജ്ജവത്തോടു കൂടിയും നിലനിർത്തുന്ന ആശയ ലോകവും പിന്തുണക്കാനുണ്ടെങ്കിൽ  വ്യക്തികൾക്കു  ഏതാണ്ട് എല്ലാ മാനസിക പ്രയാസങ്ങളെയും  അതിജീവിക്കാൻ  കഴിയും .ഒരാളുടെ സ്വത്വം  അയാൾക്കു മാത്രമായി  രൂപപ്പെടുത്താവുന്ന  ഒന്നല്ല എന്നറിവ് തന്നെയാണ് ആത്മകഥയിലെ അവസാന ഭാഗങ്ങളിലെ അദ്ധ്യായങ്ങൾ നമുക്ക് ബോധ്യപ്പെടുത്തി തരുന്നത്. അപരത്വത്തെ അസ്ഥിത്വത്തിന്റെ  അടിസ്ഥാനമാണെന്ന് അഭിപ്രായപ്പെട്ടത് മിഖായിൽ ബക്തിനാണ്. അപരത്വത്തിൽ നിന്നു മാത്രമേ ഒരാൾക്ക് തന്റെ സ്വത്വത്തെ വീണ്ടെടുക്കാൻ കഴിയൂ എന്ന  ബക്തിന്റെ വാക്കുകളാണ് ആ ഭാഗങ്ങൾ  വായിച്ചുതീർന്നപ്പോൾ മനസ്സിൽ കടന്നു വന്നത്.
സമീപകാലത്തെഴുതിയ  കളിയെഴുത്ത്  എന്ന കഥയിലെ വിവാദത്തെ കുറിച്ച് എന്തുകൊണ്ടോ തന്റെ ഈ  പുസ്തകത്തിൽ അദ്ദേഹം വിശദീകരിച്ചുകണ്ടില്ല.അതിന്റെ വിശദീകരണങ്ങൾ മറ്റു പല മാധ്യമങ്ങളിൽ കൂടി  നല്കിയിരുന്നുവെങ്കിൽ കൂടിയും  ഈ ആത്മകഥയിൽകൂടി അദ്ദേഹം അതുൾപ്പെടുത്തേണ്ടതായിരുന്നു. സ്ത്രീവിരുദ്ധമെന്ന്  വിമർശകർ ആക്ഷേപിക്കപ്പെട്ട ആ കഥയെ സംബന്ധിച്ച കൂടുതൽ വിശദീകരണങ്ങൾ വായനക്കാർ ഈ പുസ്തകത്തിൽ പ്രതീക്ഷിച്ചാൽ അവരെ കുറ്റം പറയാനൊക്കില്ലല്ലോ!
എഴുത്തുകാരന്റെ ഈ ആത്മഭാഷണങ്ങളിൽ കൃത്രിമത്വമോ മുൻസൂചിപ്പിച്ചപോലെ അതിവൈകരിതയുടെ കെട്ടഴിച്ചുവിടലോ ഒന്നും കാണാൻ കഴിയില്ല. പക്വമതിയായ ഒരെഴുത്തുകാരന് മാത്രമേ ഇത്രമേൽ ആളുകളോട് പുറംമോടികളില്ലാതെ സംവദിക്കാൻ കഴിയുകയുള്ളൂ. അങ്ങനെ നോക്കുമ്പോൾ ആത്മകഥയുടെ ഈ വായന വായനക്കാരിൽ ഒട്ടും  മുഷിച്ചിലുണ്ടാക്കുകയില്ല എന്നു തന്നെ കരുതാം. .