മാങ്ങാടിന്റെ മാർകേസ് ഓർമ്മകൾ

മാർകേസിനെ ഒരിക്കൽ പോലും വായിക്കാത്തവരുണ്ടാകില്ല. മാർകേസിനെക്കുറിച്ചെഴുതിയവ അതിലും എത്രയോ അധികമുണ്ട്. ഇവിടെ കേരളത്തിലും അദ്ദേഹത്തിന്റെ എഴുത്തുകൾക്ക് ആരാധകരേറെയുണ്ട്. ആത്മകഥയുൾപ്പെടെ മാർകേസിന്റെ പ്രധാന രചനകളെല്ലാം മലയാളത്തിലും വന്നു കഴിഞ്ഞു,വന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. കമ്പോട് കമ്പ് മാർകേസിനെ വായിച്ചിട്ടുള്ള ചില സുഹൃത്തുക്കളെ കണ്ടിട്ടുണ്ട് . മാർകേസ് എഴുതിയതും മാർകേസിനെക്കുറിച്ച് എഴുതിയതും പിന്തുടരുന്ന അങ്ങനെ എത്രയോ പേർ.

ഒരു എഴുത്തുകാരന്റെ /കാരിയുടെ ഒരു രചന ഇഷ്ടപ്പെട്ടാൽ അവരുടെ മറ്റുള്ള കൃതികളും കൂടി തേടിപ്പിടിച്ചു വായിക്കുക എന്ന ഒരു ശീലം പേറുന്ന ചിലരെങ്കിലും ഈ വായനക്കൂട്ടത്തിലുണ്ടാകാം. മാത്രമല്ല അവരെക്കുറിച്ച് മറ്റുള്ളവർ എഴുതുന്നതും വള്ളിപുള്ളി വിടാതെ പിന്തുടരുന്നവർ.. മാങ്ങാട് രത്നാകരൻ അങ്ങനെയുള്ള ഒരാളാണെന്നു തോന്നുന്നു. മാർകേസിനെ ക്കുറിച്ചും അദ്ദേഹത്തിനെക്കുറിച്ച് മറ്റുള്ളവരുടെ ഓർമ്മകളേയും എഴുതിയിടുകയാണ് ‘എന്റെ മാർകേസ് ജീവിതം’ എന്ന ഈ പുസ്തകത്തിൽ.

മാർകേസിന്റെ മകൻ റോദ്രീഗോ ഗാർസിയയുടെ ‘ഗാബോയ്ക്കും മെർസിഡെസിനും ഒരു യാത്രാമൊഴി’ എന്ന പുസ്തകത്തിന്റെ വിവർത്തനം ഇദ്ദേഹമാണ് ചെയ്തിരിക്കുന്നത്.അദ്ദേഹത്തിന്റെ അവസാന അഭിമുഖങ്ങളുൾപ്പെടെ കുറച്ചുപേരുടെ ഓർമ്മകളും ഈ പുസ്തകത്തിൽ വായിക്കാം. മാർകേസ് ഇപ്പോഴും വായനയിലും,എഴുത്തിലും, കെട്ടുപിണഞ്ഞു കിടക്കുകയാണ് ഒരിക്കലും ഊരിപോകാൻ താല്പര്യമില്ലാതെ. ഒരു പക്ഷേ അങ്ങനെയുള്ള ഒരുകൂട്ടം ആളുകളുടെ പ്രതിരൂപമാകാം ഈ മാങ്ങാടും.

Quivive Text ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.ചിലിയൻ ചിത്രകാരൻ ഫ്രാൻസിസ്കോ ഹാവിയർ ഓലിയയുടെ വരയാണ് പുസ്തകത്തിന്റെ കവറിൽ..

മർഡർ ഇൻ മദ്രാസ്

വളരെ വർഷങ്ങൾക്ക് മുമ്പ് കേരളം രൂപീകരിക്കുന്നതിനുമൊക്കെ മുമ്പ് മദ്രാസിൽ നടന്ന കൊലപാതക കേസുകളെക്കുറിച്ചാണ് ജി.ആർ ഇന്ദുഗോപന്റെ ‘മർഡർ ഇൻ മദ്രാസ്’ എന്ന ഈ ചെറുപുസ്തകത്തിലുള്ളത്. കഴിഞ്ഞ വർഷം മാതൃഭൂമി വാരാന്തപ്പതിപ്പിൽ നമ്മളിൽ ചിലരെങ്കിലും വായിച്ചിട്ടുണ്ടാകണം ഇതിലെ കഥകൾ. സ്വന്തമായ ഒരു സൃഷ്ടിയല്ലെന്നും ലഭ്യമായ സ്രോതസ്സുകളെ യുക്തിയുപയോഗിച്ച് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് തുടക്കത്തിലേ എഴുത്തുകാരൻ സൂചിപ്പിച്ചിട്ടുണ്ട്.

എഗ്മോറിൽ നിന്നും രാമേശ്വരം ധനുഷ്കോടിയിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു ടെയിനിൽ അസഹനീയമായ ദുർഗന്ധം പൊട്ടിപുറപ്പട്ടതിനെതുടർന്ന് നടത്തിയ തിരച്ചിലിൽ സീറ്റിനടിയിലെ പെട്ടിയിൽ നിന്നും കിട്ടിയത് ഒരു പുരുഷ ശരീരം. കൈകാലുകൾ വെട്ടിമാറ്റിയ നിലയിലായിരുന്നെങ്കിലും തലമാത്രം ഇല്ല. അവിടെ തുടങ്ങുന്നു അന്വേഷണം.കുപ്രസിദ്ധമായ അളവന്തർ കൊലപാതകകേസായിരുന്നു ഇത്. സംഭവം നടക്കുന്നത് 1962 ഓഗസ്റ്റിലാണെന്ന് പുസ്തകത്തിൽ തെറ്റായാണ് കൊടുത്തിട്ടുള്ളത്. 1952 ലാണ് തമിഴ്നാട്ടിൽ വളരെ ഒച്ചപ്പാടുണ്ടാക്കിയ ഈ സംഭവം നടക്കുന്നത്.

രണ്ടാമത്തെ സംഭവം 1919-20 കാലഘട്ടത്തിൽ നടന്ന ക്ലെമന്റ് ഡെലേഹേ വധക്കേസാണ്.ഡെലേഹേ ,ക്യൂൻ മേരിസ് കോളേജിലെ പ്രിൻസിപ്പലായിരുന്നു. പിന്നീട്
ജന്മിമാരുടെ മക്കൾക്കുള്ള കോളേജായ ന്യൂവിംഗ്ടൺ ഹൗസിൽ പ്രിൻസിപ്പലായി വന്നു. അത്താഴത്തിനു ശേഷം ഉറങ്ങാൻ പോകുമ്പോൾ തലയിൽ വെടിയേറ്റ് ഡെലേഹേ കൊല്ലപ്പെടുകയാണ്.ഇനിയും തെളിയിക്കപ്പെടാത്ത കേസുകളുടെ കൂട്ടത്തിലാണ് ഇതും .

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന സമയങ്ങളിൽ മദ്രാസിൽ നടന്ന ലക്ഷ്മികാന്തൻ വധക്കേസാണ് പുസ്തകത്തിലെ മൂന്നാമത്തേതും അവസാനത്തേതും.മദ്രാസ് സിനിമമേഖലയെ പിടിച്ചുകുലുക്കിയ കേസായിരുന്നു ഇത്. അത്യന്തം നിഗൂഢ ജീവിതം നയിച്ചിരുന്ന ലക്ഷ്മി കാന്തൻ ജീവിച്ചിരുന്നപ്പോൾ മാത്രമല്ല മരണത്തിലും ഒട്ടേറെപ്പേരുടെ ജീവിതത്തെ കുളം തോണ്ടി. അതിൽ ഒരു പ്രധാനി തമിഴ്നാട്ടിലെ ഒരു സൂപ്പർ സ്റ്റാറായിരുന്നു. ഇന്നും ഒരു തെളിയാ കേസായി തുടരുന്നതാണ് ലക്ഷ്മികാന്തൻ വധക്കേസ്.പുസ്തകത്തിൽ ലക്ഷ്മികാന്തന്റെ ആന്തമാൻ ജയിൽ വാസത്തിന്റെ വർഷവും തെറ്റായാണ് കൊടുത്തിരിക്കുന്നത്.

ഉദ്വേഗപൂർണ്ണമായ അവതരണശൈലിയായതു കൊണ്ട് വായിച്ചു പോകാൻ ബുദ്ധിമുട്ടില്ല.ഒരു പത്രറിപ്പോർട് വായിക്കുന്നപോലെ വായിച്ചു പോകാം. മൂന്ന് കേസുകളെ കുറിച്ചും നേരത്തെ മാതൃഭൂമിയിൽ വായിച്ചിട്ടുള്ളവർ വീണ്ടും തല വെച്ചു കൊടുക്കേണ്ടതില്ല. ഓൺലൈൻ എഡിഷനിൽ തുടർപരമ്പര രൂപത്തിലും പ്രത്യക്ഷപ്പെട്ട ഇവയെല്ലാം ഇപ്പോഴും അവിടെ തന്നെ കിടപ്പുണ്ട്. കോളിളക്കം സൃഷ്ടിച്ച കേസുകളായതു കൊണ്ട് നെറ്റിൽ വെറുതെ ഒന്നു പരതേണ്ട താമസമേയുള്ളൂ. കേസിനെ കുറിച്ചുള്ള അനേകം വിവരങ്ങൾ നിരവധി ലിങ്കുകളിൽ നിങ്ങളുടെ വിരൽ തുമ്പിൽ തന്നെ ലഭ്യമാണ്. മുകളിൽ സൂചിപ്പിച്ചപ്പോലെ ലേഖന പരമ്പര പുസ്തകമായപ്പോൾ നിരവധി തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്. അവയെല്ലാം അടുത്ത പതിപ്പിലെങ്കിലും തിരുത്തിയാൽ നന്നായിരുന്നു.

മൂന്നു കുരുടൻ ചുണ്ടെലികളും മറ്റു കഥകളും

വിവർത്തനത്തിൽ നഷ്ടപ്പെടുന്നതെന്താണോ അതെത്രെ കവിത എന്നു പറഞ്ഞത് റോബർട്ട് ഫോസ്റ്റാണ്. ഇവിടെ ഈ പുസ്തകത്തിൽ നഷ്ടപ്പെട്ടത് അതിന്റെ ആത്മാവാണെന്ന് ഞാൻ പറയും. അഗതാ ക്രിസ്റ്റിയുടെ ചില കുറ്റാന്വേഷണ കഥകളാണ് സിസി ബുക്സ് ഇറക്കിയ ‘മൂന്നു കുരുടൻ ചുണ്ടെലികളും മറ്റു കഥകളും’ എന്ന പുസ്തകത്തിലുള്ളത്.

പൊയ്റോട്ട് ആൻഡ് ദി റെഗുലർ കസ്റ്റമർ, ദി കിഡ്നാപ്പിങ്ങ് ഓഫ് ജോണി വേവർലി , ദി തേർഡ് ഫോർ ഫ്ലാറ്റ് തുടങ്ങിയ കഥകളൊക്കെ വായിച്ചിട്ടുള്ളവർ ഇതിന്റെ മലയാള പരിഭാഷ, വെറുതെ സമയം കൊല്ലാൻ വേണ്ടി മാത്രം വായിക്കണമെന്നുണ്ടെങ്കിൽ മാത്രം വായിക്കാനെടുക്കുന്നതാണ് നല്ലത്.ശരാശരി നിലവാരത്തിൽ താഴെയുള്ള , നാടകീയത മുഴച്ചു നിൽക്കുന്ന ചെടിപ്പിക്കുന്ന വിവർത്തന ഭാഷ നിങ്ങളെ നിരാശരാക്കിയില്ലെങ്കിൽ അത്ഭുതമെന്നേ പറയേണ്ടൂ.

വായനക്കാരെ….. നിങ്ങളെ നിങ്ങൾ തന്നെ കാത്തോളണേ.

 
1983 ലാണ് കെ.കെ.ഗോവിന്ദൻ ‘ അറുകൊലക്കണ്ടം‘ എന്ന കവിത പ്രസിദ്ധീകരിച്ചത്. 640 പേജുകളുള്ള ഒരു ഗമണ്ടൻ പുസ്തകമായിരുന്നു അത്. 640 പേജുകളിൽ മുഴുവൻ കവിതയാണെന്നു തെറ്റിധരിക്കരുത്. കവിത വെറും 14 പേജുകളിലൊതുങ്ങും അപ്പോൾ ബാക്കി പേജുകളിൽ എന്തായിരിക്കുമെന്ന് സ്വാഭാവികമായും സംശയം വരാം. അറുപതിനടുത്ത പേജുകളിൽ കവിയുടെ കുറിപ്പുകളും മറ്റും കഴിഞ്ഞ് ബാക്കി അറന്നൂറോളം പേജുകൾ ആസ്വാദകരും നിരൂപകരും കൈയ്യടക്കിയിരിക്കുകയാണ്.. 14 പേജുകളിലുള്ള കവിതയ്ക്ക് 140 പേർ എഴുതിയ കുറിപ്പുകളും ചിത്രങ്ങളുമാണ് ബാക്കി പേജുകളിൽ . ഇതിൽ അതിപ്രശസ്തരായ പല ആളുകളും എഴുതിയിട്ടുണ്ട്. പുലയ സമുദായവുമായി ബന്ധപ്പെട്ട ഒരു വിഷയമായിരുന്നു കവിതയിലെ വിഷയം , മാത്രമല്ല കവി ഒരു ദളിതനായിരുന്നു എന്നതുകൊണ്ടുമാകാം ഇത്രയൊക്കെ സാഹസികത കാണിച്ചിട്ടും സാഹിത്യചരിത്രത്തിൽ അർഹതപ്പെട്ട സ്ഥാനം ഇതിനു കിട്ടാതെ പോയി.. ഇതേക്കുറിച്ച് വിശദമായി പി.കെ. രാജശേഖരൻ എഴുതിയിട്ടുണ്ട്.
 
ഇതിവിടെ പറയാൻ കാരണം ഈയിടെ വായിച്ച ‘മഹാത്മാ  ഗ്രന്ഥശാല, മാറ്റുദേശം ‘ എന്ന രാവുണ്ണി കവിതയുടെ പുസ്തകമാണ്. 2021 മെയ് 30 ലെ മാതൃഭൂമി ആഴ്ചപതിപ്പിൽ വന്നതാണ് ഈ കവിത.
 
May be an image of text
 
ആ കവിത സൃഷ്ടിച്ച പ്രതികരണങ്ങളെ പ്രസാധകർ അതിവിദ്ഗദമായി മാർക്കറ്റ് ചെയ്തിരിക്കുകയാണിവിടെ. ഗൃഹാതുരത്വം മാത്രമല്ല കവിത ഇവിടെ സൃഷ്ടിക്കുന്നത്, വായനശാലകൾക്കു വന്ന പരിണാമവും, ശീലഭേദങ്ങളും കവി ഇതിൽ അവതരിപ്പിച്ചിട്ടുണ്ട് .കവിതയിലെ രാഷ്ടീയമാണ് അതിലെ ഹൈലൈറ്റ്. അധികാരിയുടെ സ്വച്ഛഭാരത് എന്ന ആശയത്തെ ഒരു രാഷ്ടീയ പരിഹാസ്യമായി കൊണ്ടുവരികയാണിവിടെ എന്ന് ഏതാണ്ട് എല്ലാവരും ഒരേ സ്വരത്തിൽ ആവർത്തിക്കുന്നു. 130 പേജുകളുള്ള പുസ്തകത്തിൽ സമൃദ്ധമായ ചിത്രങ്ങളടക്കം അഞ്ചു പേജിൽ ഒതുങ്ങുന്ന കവിത. ബാക്കിയുള്ള 120 പേജുകളിൽ കൂടുതൽ കെ.കെ ഗോവിന്ദൻ ചെയ്തതുപോലെ അസ്വാദന നിരൂപണ കോലാഹലമാണ്. അതിപ്രശസ്തരായ പലരും ഇവിടെയും എഴുതിയിട്ടുണ്ട്. അതിൽ കൊള്ളാവുന്നവ വിരലിലെണ്ണാൻ മാത്രമുള്ളതേ ഉള്ളൂ എന്നത് ഒരു കാര്യം. കെ.കെ. ഗോവിന്ദൻ തന്റെ പുസ്തകം റഫറൻസ് ഗ്രന്ഥം എന്ന വിഭാഗത്തിൽപെടുത്തിയപ്പോൾ ഇവിടെ ഒറ്റക്കവിതാപഠനം എന്ന കള്ളിയിലാണ് എന്നതാണ് മറ്റൊരു കാര്യം.
 
നാളെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന കഥകൾക്കോ കവിതകൾക്കോ വരുന്ന കമന്റുകൾ എല്ലാം ചേർത്ത് ഇതുപോലെ ഒറ്റകവിതാപഠനമോ ഒറ്റക്കഥാ പഠനമോ എന്നൊക്കെ പറഞ്ഞ് പുസ്തകമിറക്കിയാൽ അത്ഭുതപ്പെടാനൊന്നുമില്ല. ഇതെല്ലാം വാങ്ങി വായിക്കേണ്ടി വരുന്ന പാവം വായനക്കാരുടെ കാര്യമാണ് കഷ്ടം..

നീല പത്മനാഭന് ഇന്ന് എൺപത്തിയഞ്ചാം പിറന്നാൾ

പള്ളികൊണ്ടപുരവും ,തലമുറകളും,മീൻ ഉലകവും , ഇലകൊഴിയും കാലവുമൊക്കെ നമുക്ക് സമ്മാനിച്ച നീലപത്മനാഭന് പിറന്നാളാശംസകൾ..

അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലായ ‘പള്ളികൊണ്ടപുരം’ തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത് . തമിഴിൽ വളരെ ശ്രദ്ധിക്കപ്പെട്ട നോവലായിരുന്നു ഇത് . വർഷങ്ങൾക്കു മുൻപേ മലയാളത്തിൽ വന്ന ഈ നോവൽ റഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെട്ടതിന്റെ വാർത്ത 2022 ജനുവരി 12 മാതൃഭൂമി പത്രത്തിൽ വന്നിരുന്നു.

ലോക പുസ്തകദിനാശംസകൾ

വായനയില്ലാത്ത ഒരു ദിവസത്തേക്കുറിച്ച് ചിന്തിക്കാൻ പോലും വയ്യാത്ത ഒരു അവസ്ഥയിലേക്ക് എത്തിപ്പെട്ടതിൽ ഇതുവരെ നേരിൽ കണ്ടതും ഇല്ലാത്തതുമായ നിരവധി പേരോട് നന്ദിയുണ്ട്. അടക്കും ചിട്ടയുമുള്ള ഒരു വായന സ്വഭാവത്തിലേക്ക് കടന്നുവരിക അത്ര എളുപ്പമല്ല. സമയം, സാഹചര്യങ്ങൾ എല്ലാം ഇവിടെ ഇക്കാര്യത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഒരു പ്രത്യേക സമയ പരിധി പാലിച്ചു കൊണ്ടുള്ള തരം ജോലി അല്ലാത്തതിനാൽ വായനക്കുള്ള സമയം തിരഞ്ഞെടുക്കുന്നത് ശ്രമകരമാണ്. എന്നിരുന്നാലും ഒരു ദിവസം ഇത്തിരി നേരമെങ്കിലും ആസ്വദിച്ചു വായിക്കാൻ കഴിയുക എന്ന ഒരു ചെറിയ ആഗ്രഹത്തെ നിരാശപ്പെടുത്താതിരിക്കാൻ ശ്രമിക്കാറുണ്ട്. എങ്ങനെ വായിക്കണം എന്തു വായിക്കണം എന്നുള്ളത് അവരവരുടെ ഇഷ്ടത്തിനു വിടുകയാണ് നല്ലത്. ഇഷ്ടവിഷയത്തെ സംബന്ധിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ എഴുതിവയ്ക്കുക, അവ ലൈബ്രറിയിൽ നിന്നോ അല്ലാതെയോ വാങ്ങി വായിക്കുക. വായിച്ച പുസ്തകങ്ങളെക്കുറിച്ച് ഒരു കുറിപ്പെഴുതി സൂക്ഷിക്കുന്നതൊക്കെ നന്നായിരിക്കും. ഇതൊരു സമയനഷ്ടമായി കണക്കാക്കാതിരിക്കുന്നതാണ് നല്ലത്.വളരെ നാളുകൾക്ക് ശേഷം പുസ്തകത്തെക്കുറിച്ച് ഓർമ്മയിൽ കൊണ്ടുവരാൻ ഈ കുറിപ്പുകൾ നമ്മെ സഹായിച്ചേക്കാം. വായനയിലേക്ക് നല്ല പുസ്തകങ്ങൾ നിർദ്ദേശിക്കുന്ന എന്റെ സുഹൃത്തുക്കളേ നിങ്ങളുടെ ആ നല്ല മനസ്സിന് എന്റെ നമസ്ക്കാരം. കാരണം വായന തരുന്ന സാധ്യതകൾ അത്രമേൽ വിശാലമാണ്. വായന ഒരു അനുഭവവും,ആശ്രയവും ആശ്വാസവും മാത്രമല്ല ആയുധം കൂടിയാണ്‌ എന്നാണല്ലോ പറയപ്പെട്ടിട്ടുള്ളത് . പ്രതിസന്ധിഘട്ടങ്ങളിൽ പുസ്തകങ്ങൾ തന്ന ആശ്വാസം ചെറുതല്ല. എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ലോക പുസ്തകദിനാശംസകൾ .

‘പാർപ്പിട’ത്തിൽ നിന്നും ദൈവത്തിന്റെ പറുദീസയിലേക്ക്

വിയോഗങ്ങളെ എങ്ങനെ അഭിമുഖീകരിക്കുകയും വിശദീകരിക്കുകയും എന്നൊന്നും യാതൊരു ധാരണയുമില്ലാത്ത ആളുകൾ അത്തരം പ്രതിസന്ധികളെ എങ്ങനെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറയാൻ കഴിയില്ല.. എന്തായിരിക്കും അവരുടെ മനസ്സിൽ അപ്പോളെന്ന് പ്രവചിക്കാൻ കഴിയുക അസാധ്യം. ഒറ്റ വാക്കിൽ ആദരാഞ്ജലികളിൽ ഒതുക്കുകയോ ചിലപ്പോൾ മരണപ്പെട്ടവരുമായി മുമ്പുണ്ടായിരുന്ന ഓർമ്മകളിൽ മുങ്ങാംകുഴിയിടുകയോ ചെയ്യാം. ഇന്നസെന്റിനെകുറിച്ച് പറയുമ്പോൾ സമൃദ്ധമായ ഓർമ്മകൾ കൂടുതലും സിനിമയുമായി ബന്ധപ്പെട്ടായിരിക്കും .. ഇരിഞ്ഞാലക്കുടക്കാർക്ക് ഇന്നസെന്റിനെ മാറ്റി നിർത്തി ഒരു ചരിത്രമെഴുത്ത് അസാധ്യമാണെന്ന് തോന്നുന്നു. രാഷ്ട്രീയത്തിലായാലും, സിനിമയുടെ കാര്യമെടുത്തായാലും അഭിമാനിക്കാനുള്ള പലവകകാരണങ്ങളുണ്ടായിരുന്നു ഞങ്ങൾ ഇരിഞ്ഞാലക്കുടക്കാർക്ക് .‘പാർപ്പിടം’ എന്നായിരുന്നു ഇന്നസെന്റിന്റെ വീടിന്റെ പേര്. പലരുടെയും ‘നിങ്ങളുടെ വീടെവിടെയാ ‘എന്ന ചോദ്യത്തിന് ഇരിഞ്ഞാലക്കുടക്കടുത്ത് എന്നു മറുപടി പറയുമ്പോൾ ഉടനെ വരുന്ന അടുത്ത ചോദ്യം ‘നമ്മുടെ ഇന്നസെന്റിന്റെ വീടിനടുത്താണോ’ എന്നാണ്.. പതിയെ പതിയെ ‘ടോവിനോയുടെ വീടിനടുത്താണോ’ എന്നതിലേക്ക് ആ മറുചോദ്യം ഇപ്പോൾ പരിണമിച്ചിട്ടുണ്ട്. കൈരളി ടിവിയിലാണെന്ന് തോന്നുന്നു ഇന്നസെന്റിന്റെ എപ്പിസോഡുകൾ നീണ്ട ഒരു പരിപാടിയുണ്ടായിരുന്നു. സ്വന്തം ജീവിതത്തെയും അനുഭവങ്ങളെയും കുറിച്ചുള്ള ഏതോ ഒരു പരിപാടിയായയിരുന്നു അത്. കഥകൾ പറഞ്ഞു പറഞ്ഞു അദ്ദേഹം കിഴുത്താണിയിലുള്ള ഞങ്ങളുടെ വീടിന്റെ അടുത്തുവരെ എത്തിയിട്ടുണ്ട്. അന്ന് പറഞ്ഞ കഥയിലെ ഒരു വിശേഷ കഥാപാത്രത്തെ ശരിക്കും പിടികിട്ടാത്തതുകൊണ്ടു ആ പ്രദേശം മുഴുവൻ ആ വ്യക്തിയെ തിരക്കി നിരവധി അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട് ചിലർ .ഒടുവിൽ ആളെ പിടികിട്ടിയോ എന്നറിഞ്ഞുകൂടാ. അഥവാ പിടികിട്ടിയാലും പുറത്തു പറയാനും സാധ്യതയില്ല. നുറുങ്ങുസംഭവങ്ങളെ പോലും സൂക്ഷ്മമായി ഓർത്തിരിക്കാനും അത് നർമ്മത്തിൽ കൂടി കഥ പറയാനുള്ള ഒരു അസാദ്ധ്യ കഴിവുണ്ടായിരുന്നു ഇന്നസെന്റിന്. പറഞ്ഞ കഥകളിൽ എത്രത്തോളം വാസ്തവമുണ്ടായിരുന്നു എന്ന് ഒരു സംശയവും തോന്നിപ്പിക്കാത്ത വിധത്തിലായിരുന്നു ഓരോ കഥപറച്ചിലും. ചില സമയത്ത് അതിലെ കഥാപാത്രങ്ങൾ നമ്മുക്ക് ചുറ്റിലുമുള്ള ,നമുക്കറിയുന്നവരായിരുന്നതുകൊണ്ട് അത്തരമൊരു സംശയം ആരും ഉന്നയിക്കാൻ സാധ്യതയില്ല. അതുകൊണ്ടു തന്നെ ഇന്നസെന്റിന്റെ കഥകൾ എല്ലാം സത്യമാണെന്ന് തന്നെ എല്ലാവരും വിശ്വസിച്ചുപോന്നു . ഐ. എസ്.ആർ.ഒ മുൻ ചെയർമാനായിരുന്ന കെ രാധാകൃഷ്ണനും ഇന്നസെന്റും ഒരുമിച്ച് പഠിച്ചതായിരുന്നു . ഇരിഞ്ഞാലക്കുടകാരനായിരുന്ന കെ രാധാകൃഷ്ണനേക്കാളും ആത്മബന്ധം ആളുകൾക്ക് ഇന്നസെന്റുമായി ഉണ്ടായിരുന്നു എന്നു തോന്നുന്നു.

ടാക്സി ഡ്രൈവറായിരുന്ന എന്റെ അച്ഛൻ അക്കാലത്ത് ഇരിഞ്ഞാലക്കുടയിലെ ടാക്സി മുതലാളിയായിരുന്ന എല്ലാവരും പോളേട്ടൻ എന്നു വിളിക്കുന്ന പോളിന്റെ അംബാസ്സഡർ കാറായിരുന്നു ഓടിച്ചിരുന്നത്.പോളേട്ടൻ വഴിയാണെന്നു തോന്നുന്നു ആദ്യകാലത്ത് ഇന്നസെന്റിന്റെ ചില ഓട്ടങ്ങൾ ഈ അംബാസ്സഡർ കാറിലായിരുന്നു. അത്തരമൊരു ഓട്ടത്തിനിടയിൽ ഒരു ദിവസം അച്ഛൻ ഇന്നസെന്റിനെയും കൊണ്ട് ഞങ്ങളുടെ വീടിന്റെ പടിക്കൽ കൊണ്ട് നിർത്തി.. സാധാരണ കാലത്ത് പോയാൽ വളരെ വൈകിയെ അച്ഛൻ വീടിലെത്താറുളളു.വണ്ടിയുടെ ട്രിപ്പ് ഷീറ്റ് എടുക്കാനോ അതോ മറന്നു വച്ച വേറെ എന്തൊ എടുക്കാനായിരിക്കണം അത്ര തിരക്കിനടയിലും അച്ഛൻ വീട്ടിലേക്കു വന്നത്.. ഇന്നസെന്റാണ് വണ്ടിയിൽ എന്നു നാട്ടുകാർ അറിഞ്ഞാൽ ഉറപ്പായും അവിടെ ആളുകൾ കൂടും. ഇറങ്ങില്ല എന്നു നൂറു ശതമാനം ഉറപ്പുള്ളതുകൊണ്ടും ഒരു മര്യാദയുടെ പുറത്ത് വീട്ടിലേക്കു കേറുന്നില്ലേ എന്നച്ഛൻ ചോദിച്ചു. ഹെയ് ഇപ്പോ ഇറങ്ങിയാൽ ശരിയാവില്ല എന്നു പറഞ്ഞ് ആ ക്ഷണം അപ്പോൾ തന്നെ മടക്കി അച്ഛന്റെ കൈയ്യിൽ വച്ച് കൊടുത്തു അച്ഛനെ രക്ഷിച്ചു. അച്ഛൻ ഇന്നസെന്റിനെയും കൂട്ടി വീട്ടിൽ വന്ന വിവരം ഞാനും അനിയനും പിന്നീടാണ് അറിയുന്നത്. ഞങ്ങൾ അന്നേരം സ്കൂൾ പൂട്ടി മാമന്റെ വീട്ടിൽ കളിച്ചു തിമിർത്തു നടക്കുകയായിരുന്നു. പിന്നീട് ഈ കഥകളൊക്കെ അമ്മ പറഞ്ഞറിഞ്ഞപ്പോൾ ‘എന്നാലും അച്ഛന് എന്തേലും പറഞ്ഞു ഇന്നസെന്റിനെ വീട്ടിലേക്കു വിളിക്കായിരുന്നു’ എന്നു ഞാൻ പറഞ്ഞു . സ്കൂൾ തുറന്ന് ക്ലാസ്സിൽ ചെല്ലുമ്പോൾ ഈ കഥകളൊക്കെ പറഞ്ഞ് ഞങ്ങൾക്ക് ഒന്നു ഷൈൻ ചെയ്യാനുള്ള അവസരമായിരുന്നില്ലേ അച്ഛൻ കളഞ്ഞു കുളിച്ചത്. എന്നാലും ഞങ്ങൾ രണ്ടാളും ഇല്ലാത്ത വീട്ടിൽ ഇന്നസെൻറ് വരാതിരുന്നത് നന്നായി. ഇനി വരുമ്പോ എന്തായാലും വീട്ടിലേക്കു ക്ഷണിക്കണം എന്നു അച്ഛനെ അവർത്തിച്ചോർമ്മിപ്പിച്ചെങ്കിലും പിന്നീടെപ്പോഴോ പോളേട്ടന്റെ കാർ വാടകക്കു വിളിക്കുന്നത് ഇന്നസെൻറ് നിർത്തിയിരുന്നു. സ്വന്തമായി കാറോ മുഴുവൻ സമയ ഡ്രൈവറോ കിട്ടിയതാകാം കാരണം. എന്നാലും ഇന്നസെന്റിനെ കുറച്ചൊക്കെ ഓട്ടങ്ങൾ പോളേട്ടൻ വഴിക്കു തന്നെ അച്ഛന് കിട്ടിയിട്ടുണ്ട് എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്.

ഇരിഞ്ഞാലകുടയിലെ മറ്റൊരു പോളേട്ടന്റെ(എം സി പോൾ) സൂപ്പർമാർക്കറ്റിന്റെ തൊട്ടടുത്ത് തന്നെ ആയിരുന്നു ഇന്നസെന്റ് തുടങ്ങിയ മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റ്. സമയം കിട്ടുമ്പോഴൊക്കെ ഇന്നസെന്റ് അവിടെ കടയിൽ പോയിരിക്കും. തൃശൂർക്കും, ചാലക്കുടിക്കും , കൊടുങ്ങല്ലൂർക്കും പോകുന്ന ബസ്സുകളിലെ ആളുകൾ ആ സൂപ്പർമാർക്കറ്റെത്തുമ്പോൾ അങ്ങോട്ടേക്ക് ഒന്നു നോക്കും. പുള്ളി ചിലപ്പോ അവിടെ ഇരിപ്പുണ്ടാകും. അഥവാ അവിടെയൊന്നും കണ്ടില്ലെങ്കിൽ സിനിമയിൽ അഭിനയിക്കാൻ ‘പോയെക്കാവുംടാ’ എന്നു പറഞ്ഞാശ്വസിക്കുകയും ചെയ്യും. തൊട്ടടുത്തുള്ള പോളേട്ടന്റെ എം.സി. പി സൂപ്പർമാർക്കറ്റിനോട് പിടിച്ചു നിൽക്കാൻ പറ്റാത്തതുകൊണ്ടോ എന്തൊ പുള്ളിയുടെ പണ്ടത്തെ തീപ്പട്ടി കടപൂട്ടിയ പോലെ ഇതും അങ്ങട് പൂട്ടി.അക്കാര്യത്തെ കുറിച്ച് ചോദിക്കുമ്പോ പുള്ളി പറയും.. നോക്കുമ്പോ എംസിപ്പിയേക്കാളും തിരക്ക് ഇവിടെയായിരുന്നു. സംഭവം എന്താ.. ചൂട് കൂടുമ്പോ ആളുകള് കുറച്ചു തണുപ്പ് കിട്ടാനായി കടയിൽ കേറി നിക്കും . അത്ര തന്നെ .. ക്ഷീണമൊക്കെ മാറി കുറച്ചു കഴിയുമ്പോ ഒന്നും വാങ്ങാതെ ഇറങ്ങിപ്പോവേം ചെയ്യും. എന്തായാലും കട പൂട്ടിയ കഥയറിയാത്ത ആളുകൾ ബസ് അവിടെയെത്തുമ്പോൾ പിന്നെയും കുറെ കാലം ബസ്സിൽ നിന്നും തല പുറത്തേക്കിട്ട് നോക്കികൊണ്ടിരുന്നു .ആ സ്ഥലത്ത് ഇപ്പോ ഏതോ ബേക്കറിയോ ജ്യൂസ് കടയോ ആണുള്ളത്.

ആദ്യത്തെ തവണ ഇലക്ഷനു മൽസരിച്ചപ്പോൽ തോൽക്കുമോ എന്നു ടെൻഷൻ അടിപ്പിച്ചെങ്കിലും എല്ലാവരെയും അൽഭുതപ്പെടുത്തികൊണ്ട് ഇന്നസെൻറ് ജയിച്ചു കേറി. എന്നാലും ചാലക്കുടിയിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞതായി തോന്നിയില്ല. അല്ലെങ്കിൽ ചെയ്ത കാര്യങ്ങളൊന്നും താഴെക്കിടയിലുള്ള ആളുകൾക്കിടയിലെക്കെത്തിയില്ല എന്നു ആളുകളുടെ സംസാരം കേട്ടപ്പോൾ തോന്നി. വെറുതെ പോലും ആളുകൾ ഇന്നസെന്റിനെ ചീത്ത വിളിക്കുന്നത് കേൾക്കുമ്പോൾ സ്വന്തം കുടുംബത്തിലുള്ള ഒരാളെ ചീത്ത വിളിക്കുമ്പോളുള്ള ഒരു തരം വിഷമം ഞാനും കൊണ്ട് നടന്നു. ഇന്നസെൻറ് ഒരു മികച്ച പ്രതിനിധി ആണോ അല്ലയോ എന്നൊന്നും വിശകലനം ചെയ്യുന്നില്ല. അസുഖമുള്ള ആളായിരുന്നില്ലേ , അതിന്റെ അവശതകൾ കൊണ്ടൊക്കെയാകും എന്നു മനസ്സിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ഓരോ തവണയും ക്യാൻസർ രോഗത്തെ സംബന്ധിച്ച വാർത്തകൾ കേൾക്കുമ്പോൾ മുമ്പത്തെ പോലെ അതിനെയൊക്കെ അതിജീവിച്ച് വീണ്ടും സിനിമയിൽ സജീവമാകുമെന്ന് വിശ്വസിച്ചു. ഒരിക്കലും മരണം സംഭവിക്കില്ല എന്നു വെറുതെയെങ്കിലും നമ്മൾ ചിലരെകുറിച്ച് കരുതാറില്ലേ? അങ്ങനെ തോന്നിപ്പിച്ച ഒരാൾ ഇന്നസെന്റായിരുന്നു.

വിഷമം വന്നു കരഞ്ഞപ്പോൾ അതാരും കാണാതെയിരിക്കാൻ പെട്ടെന്ന് കിണറ്റിൻ കരയിൽപോയി തലയിൽ കൂടി വെള്ളം കോരിയൊഴിച്ച് ആ കണ്ണീരിനെ മറച്ച ഒരു സംഭവത്തെ കുറിച്ച് ഇന്നസെൻറ് എഴുതിയിട്ടുണ്ട്. അന്നേരം കേറി വന്ന അപ്പൻ വറീത് ആ മകനോടു സംസാരിക്കുന്ന ഒരു സീനുണ്ട് . അതാകണം ഇന്നസെന്റ് എഴുതിയ പുസ്തകത്തിൽ എന്നെയും കരയിപ്പിച്ചിട്ടുള്ളത്.

ഇനി ആ വായിൽ നിന്നും പുതിയ കഥകളൊന്നും കേൾക്കാൻ കഴിയില്ല , പറഞ്ഞു കേട്ട കഥകൾ വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കാം, അത്ര മാത്രം. കഥകൾ കേൾക്കാൻ അത് പറയുന്നത് ഇന്നസെൻറ് ആണെങ്കിൽ കേട്ടിരിക്കാൻ ഒരു സുഖമുണ്ട്. പറയാൻ ബാക്കി വച്ച എത്രയോ കഥകൾ മാറ്റിവെച്ചാണ് ഇന്നസെൻറ് ഇപ്പോൾ യാത്രയായിരിക്കുന്നത്. ഇനി ദൈവത്തിന്റെ പറുദീസയിൽ നിത്യ വിശ്രമം..

അല്ലല്ലല്ലല്ലല്ലല്ല ….എന്നല്ല

എഴുത്തുകാർ തങ്ങളുടെ എഴുത്തിൽ ചില പ്രയോഗങ്ങൾ,വാക്കുകൾ എന്നിവ ആവർത്തിച്ചെടുത്തു പ്രയോഗിച്ചിരിക്കുന്നത് കാണാം. ഒരു പക്ഷെ അറിഞ്ഞോ അറിയാതെയോ ആകാം അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടാകുക. കൂടുതലും വിവർത്തനങ്ങളിലാണ് ഇങ്ങനെ കണ്ടിട്ടുള്ളത്.

അല്പം നീണ്ടനോവലോ മറ്റോ ആണെങ്കിൽ അതിനുള്ള സാധ്യത ഏറെയാണ് താനും.

നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത വിക്തോർ യൂഗോയുടെ ‘പാവങ്ങൾ’ എന്ന ക്ലാസിക് നോവൽ മാതൃഭൂമിയാണ് രണ്ടു വോള്യമായി പ്രസിദ്ധീകരിച്ചത്. അത് മുഴുവനും വായിച്ചിട്ടുള്ളവർക്കറിയാം മേനോൻ തന്റെ ആ വിവർത്തനത്തിൽ ‘എന്നല്ല’ എന്ന സംഗതി സമൃദ്ധമായി എടുത്തു പ്രയോഗിച്ചിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ അവിടെ ഈ ‘എന്നല്ല’ ഇല്ലെങ്കിലും കഴിച്ചുകൂട്ടാമായിരുന്നില്ലേ എന്നു തോന്നിയിട്ടുണ്ട്.പക്ഷെ അതെല്ലാം എഴുത്തുകാരന്റെ മാത്രം സ്വാതന്ത്ര്യമാണല്ലോ എന്നുകരുതി ആശ്വാസം കൊള്ളാം.

‘അവൻഎല്ലാ രാജ്യത്തുംകിടന്നു കഷ്ടെപ്പടുന്നു;എന്നല്ല,അവൻ എല്ലാഭാഷകളിലുംനിലവിളിക്കുന്നു.’

‘എന്നല്ല,ഈ കാലത്തെ അനുസരിച്ചുള്ളഗതി ഭേദമാണ് ,ഫ്രാൻസിലെ ഭരണപരിവർത്തനത്തിന്റെ സുസ്പഷ്ടഫലം’

‘നിശ്ചയമായും ആ ഓമനത്തങ്കത്തിനു വേണ്ട ഉടുപ്പുണ്ട് ,അതു നിങ്ങളുടെ ഭര്‍ത്താവാണെന്ന് എനിക്കു ധാരാളം മനസ്സിലായിരിക്കുന്നു എന്നല്ല, അതൊരു കൌതുകകരമായ ഉടുപ്പിന്‍കൂട്ടമാണ്’

‘ഈ വിവരണം അത്യാവശ്യമാണ്; എന്നല്ല, ഇതിനെ കുറേ നീട്ടി വിസ്തരിച്ചു പറയുന്നതുകൂടി പ്രയോജനകരമാണെന്നു ഞങ്ങള്‍ കരുതുന്നു’

‘…എന്നല്ല, മേയറുടെ ആവശ്യപ്രകാരം, ഉടനെ ആ അടുത്ത പ്രദേശങ്ങളിൽ നിന്നു പുറത്തു പൊയ്ക്കൊള്ളണമെന്നും പറഞ്ഞു’

ഏതാണ്ട് ഇങ്ങനെയൊക്കെയാണ് അവ പുസ്തകം മുഴുവനും നിറഞ്ഞു കിടക്കുന്നത്. അതും ഒന്നും രണ്ടും തവണയല്ല 124 തവണ. ഒരേ പേജിൽ തന്നെ നിരവധി തവണ.

ആദ്യ പുസ്തകത്തിൽ 81 തവണ ഈ പ്രയോഗം കണ്ടു. രണ്ടാമത്തെ പുസ്തകത്തിൽ 43 തവണയും. വായന തുടങ്ങിയപ്പോഴാണ് ഇതെന്താണ് ഈ ഒരു വാക്ക് തലങ്ങും വിലങ്ങും വന്നുകൊണ്ടിരിക്കുന്നതു എന്നു ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് വെറുതെ ഒന്ന് എണ്ണിനോക്കിയത്.

ഇതുപോലെ നിങ്ങളുടെ വായനയിൽ ശ്രദ്ധയിൽപ്പെട്ട കൗതുകകരമായ സംഗതികൾ ഉണ്ടെങ്കിൽ പങ്കുവെയ്ക്കാമോ?

അവർക്ക് മഹാഭാരതം അറിയില്ല, ചരിത്രവും

ജയമോഹൻ എന്ന എഴുത്തുകാരനെക്കുറിച്ച് മലയാളികളുടെ ഇടയിൽ പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. എഴുത്തുകാരൻ എന്നതിനുമപ്പുറം ചില തുറന്നു പറച്ചിലുകളിലൂടെ , നിലപാടുകളിലൂടെ മലയാളികൾക്ക് ഏറെ പരിചിതനായ ഒരു മുഖമാണദ്ദേഹത്തിന്റേത്.മലയാളത്തിലെ പ്രമുഖസാഹിത്യ വാരികകൾക്ക് വേണ്ടി അരുൺ പി ഗോപി, ജയമോഹനുമായി നടത്തിയ അഭിമുഖങ്ങളും, സംഭാഷങ്ങളുമൊക്കെയാണ് ‘അവർക്ക് മഹാഭാരതം അറിയില്ല ,ചരിത്രവും’ എന്ന പുസ്തകത്തിലുള്ളത്.

ജയമോഹന്റെ കഥകളും,നോവലുകളും പോലെ തന്നെ അതീവ ഹൃദ്യമാണ്‌ അദ്ദേഹത്തിന്റെ ലേഖനങ്ങളും. ഈ എഴുത്തുകാർ എന്തൊക്കെയാകും വായിക്കുന്നത് എന്ന ചോദ്യമെറിയാൻ വായനക്കാർ താല്പര്യപ്പെടുന്നുണ്ട് എന്നറിഞ്ഞുകൊണ്ടു തന്നെയായിരിക്കണം അഭിമുഖം നടത്തുന്നവർ ഇത്തരത്തിലുള്ള ചോദ്യം അവരോടു ചോദിക്കുന്നത്. എം.ടിയുടെയോ, എൻ.പ്രഭാകരന്റെയോ ഒക്കെ അഭിമുഖങ്ങളിൽ, ലേഖനങ്ങളിൽ അവർ വായിച്ച അല്ലെങ്കിൽ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകവിശേഷങ്ങൾ സമൃദ്ധമായി കാണാം. എഴുത്തുകാർ തമ്മിലും ഇമ്മട്ടിലുള്ള ചോദ്യം ഉണ്ടാകാറുണ്ടെന്നു മാർക്കേസും എഴുതിയിട്ടുണ്ട് . എഴുത്തുകാർ പരസ്പരം വളരെ അപൂർവ്വമായി മാത്രമേ എന്താണ് ഇപ്പോൾ എഴുതുന്നത് എന്നു ചോദിക്കാറുള്ളൂവെത്രെ. തന്റെ തൊഴിൽ പരമായ കാരണങ്ങളാൽ ഒരു എഴുത്തുകാരൻ എന്തെങ്കിലും അഭിപ്രായപ്രകടനത്തിനർഹതയുള്ള ഒരു പുസ്തകം എപ്പോഴും വായിച്ചു കൊണ്ടിരിക്കണമെന്ന ഒരു ധാരണ ഉണ്ടെന്നാണ് മാർക്കേസ് പറയുന്നത് . പറഞ്ഞു വന്നത് ജയമോഹന്റെ അഭിമുഖങ്ങളിലും പ്രഭാഷണങ്ങളിലുമൊക്കെ വളരെ വ്യത്യസ്തമായ വിഷയങ്ങളെ തെല്ലും അനായാസമായി അദ്ദേഹം ഓർത്തെടുത്തു പ്രയോഗിക്കുന്നത്‌ കാണാം. അത് പ്രാദേശിക ചരിത്രമായാലും, സാഹിത്യത്തെകുറിച്ചായാലും അങ്ങനെ തന്നെ. വളരെ പ്രാചീനമായതോ അല്ലെങ്കിൽ പ്രാദേശിക ചരിത്രത്തെ സംബന്ധിച്ചുള്ളതോ ആയ കൌതുകമുണർത്തുന്ന പുസ്തകങ്ങളെക്കുറിച്ചും മനുഷ്യരെക്കുറിച്ചുമൊക്കെയാണ് ഏറിയ പങ്കും ജയമോഹൻ പറഞ്ഞു കേട്ടിട്ടുള്ളത്.

അടിസ്ഥാനപരമായി എഴുത്തിന് നാലു ഘടകങ്ങളുണ്ടെന്നു അദ്ദേഹം പറയുന്നു.മനുഷ്യാവസ്ഥയുടെ നാലവസ്ഥകളായ കാമ,ക്രോധ,ലോഭ മോഹങ്ങളെകുറിച്ച് എഴുതുകയെന്നതാണ് ആദ്യത്തേത്.മിക്കവാറും എഴുത്തുകാർ അവിടെ തന്നെ നിൽക്കും .എഴുത്തിന്റെ രണ്ടാം ഘട്ടം നീതിബോധമാണ്. മൂന്നാമത്തെ തലമെന്നത് ചരിത്രം സൃഷ്ടിക്കലാണ്. സമാന്തര ചരിത്രമെന്നും പറയാം. പക്ഷെ അതുതന്നെയാണ് പ്രധാനചരിത്രമായി തീരുന്നതും.അതിനും അപ്പുറത്തേക്ക് പോകുന്നതാണ് ആത്മീയത. ഇതിനെ ദർശനം എന്ന് പറയാം .അതിനെ സമാന്തരമായ അധ്യാത്മികത എന്നോ,മതമോ ദൈവമോ ഇല്ലാത്ത അധ്യാത്മികത എന്നും പറയാം . മഹാന്മാരായ എഴുത്തുകാരല്ലാം ഈ അധ്യാത്മികത നിർമിച്ചവരായിരുന്നു എന്നദ്ദേഹം പറയുന്നു.ഉദാഹരണമായി ടോൾസ്റ്റോയ്,ദസതയെവ്സ്കി, ബഷീർ എന്നിവരെ ചൂണ്ടിക്കാണിക്കുന്നു.ഈ ഒരു നിരീക്ഷണത്തിന് മറുവാദങ്ങൾ ഉണ്ടാകാം. എന്നാൽ ജയമോഹൻ സൂചിപ്പിച്ച ഈ നാലു ഘടകങ്ങളെ മാറ്റി നിർത്തികൊണ്ടുള്ള വാദങ്ങൾക്ക് അത്രയും പ്രധാന്യമുണ്ടാകുമോ എന്നു സംശയമാണ്.

എഴുത്തിനായി യാത്രകൾ നടത്തുന്ന, നോവലുകളിലൂടെ സമാന്തര ചരിത്രത്തെ നിർമ്മിക്കാൻ ശ്രമിക്കുന്ന ഒരു എഴുത്തുകാരൻ കൂടിയാണ് ജയമോഹൻ.കേരളത്തിൽ പ്രചാരത്തിലുള്ള കള്ളിയങ്കാട്ടു നീലിയുടെ കഥയുടെ ഉത്ഭവം തമിഴിലെ അഞ്ചു ലഖുകാവ്യങ്ങളിലൊന്നായ നീലകേശിയിൽ നിന്നുള്ളതാണെന്നു ജയമോഹൻ പറയുന്നുണ്ട്.. ഒരു പക്ഷെ മലയാളികൾക്ക് പ്രത്യേകിച്ചും പുതുതലമുറയിലെ ഏറിയ പങ്കിനും ഈ വിവരം ഒരു പുതിയ അറിവായിരിക്കാനാണ് സാധ്യത .

തമിഴരെക്കാൾ മലയാളികൾക്കാണ് സ്വത്വപ്രതിസന്ധിയുള്ളതെന്ന് അഭിപ്രായമുള്ളവനാണ് ജയമോഹൻ.അങ്ങനെ കരുതാൻ തനിക്കുണ്ടായ ഒരു അനുഭവത്തെകുറിച്ചും അദ്ദേഹം പറയുന്നുണ്ട്. മലയാളകവിതയെക്കുറിച്ചു ചില അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ ഇവിടെയുള്ള തലമുതിർന്ന കവികളുൾപ്പെടെ അദ്ദേഹത്തെ പാണ്ടി എന്നു എഴുതി അധിക്ഷേപിക്കാൻ ശ്രമിച്ചതായിരുന്നു ആ സംഭവം .മാർക്സിസ്റ് ചരിത്രകാരന്മാരുടെ മഹാഭാരത വ്യാഖ്യാനം ഹൈന്ദവവത്കരണത്തിന് ഇടയാക്കുകയാണ് ചെയ്തത് എന്നാണ് ജയമോഹൻ ആരോപിക്കുന്നത്.മുൻവിധി നിറഞ്ഞ ചരിത്രരചനയെയും അത്തരം ഗവേഷണത്തിൽ സത്യത്തെക്കാൾ വലുത് സ്വന്തം രാഷ്ട്രീയമാണെന്നു കരുതുന്നവരുമാണ് ഇപ്പോഴുള്ളതെന്നു ജയമോഹൻ കൂട്ടിച്ചേർക്കുന്നു.

അസംഖ്യം കഥകളെ നെയ്തുണ്ടാക്കുന്ന ഘടനയാണ് മഹാഭാരത്തിനുള്ളത്. ഒരു കേന്ദ്രകഥാപത്രമില്ല എന്നുള്ളതാണ് മഹാഭാരതത്തിന്റെ ശക്തി.കേന്ദ്രകഥാപാത്രം ഉള്ളപ്പോൾ ആ കഥാപാത്രം പ്രതിനിധാനം ചെയ്യുന്ന ഭാവം,ആദർശം,ചിന്ത എന്നിവയ്ക്ക് പ്രഥമപരിഗണന നല്കിക്കൊണ്ടാകും കഥ വികസിക്കുക.. രണ്ടരപതിറ്റാണ്ടു നീണ്ട യാത്രകൾക്കും,ചിന്തകൾക്കുമൊടുവിൽ മഹാഭാരതത്തിന്റെ പുനരാഖ്യാനമായ വെണ്മുരശ് 2014 ജനുവരിയിലാണ് ജയമോഹൻ എഴുതാനാരംഭിച്ചത്.2020 ൽ അതു പൂർത്തിയായി.അതിന്റെ എഴുത്തു വിശേഷങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു അഭിമുഖ സംഭാഷണത്തിൽ അദ്ദേഹം പങ്കുവച്ചിരുന്നു.ഇരുപത്തിയേഴു പുസ്തകങ്ങളിലായി ഏകദേശം ഇരുപത്തിയാറായിരത്തോളം പേജുകൾ വരുന്ന ഈ പുനരാഖ്യാനം തമിഴിലെ മാത്രമായിരിക്കില്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ നോവലായിരിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ മലയാള പരിഭാഷയ്ക്കുള്ള പണിപ്പുരയിലാണ് താന്നെന്നുള്ള ഒരു സൂചന ജയമോഹൻ തന്നിരുന്നു.

മഹാഭാരതത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കു അധികമൊന്നും പ്രാധാന്യം നൽകിയിട്ടില്ല എന്നുള്ളതുകൊണ്ട് തന്റെ മഹാഭാരതമായ വെണ്മുരശിൽ ദുര്യോധനപത്നി ഭാനുമതി,ഭീമന്റെ പത്നി ബലന്ധര, ദുശാസനന്റെ പത്നി അഖില തുടങ്ങിയ കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.മാത്രവുമല്ല വെണ്മുരശിനായി, സംസ്കൃതവാക്കുകൾ ഇറക്കുമതി ചെയ്യുന്നതിന് പകരം ആറായിരത്തിലധികം പുതുവാക്കുകൾ തമിഴിൽ ജയമോഹൻ സൃഷ്ടിക്കുകയും ചെയ്തു.

മഹാഭാരതം അനന്തമായ സാധ്യതകളാണ് നമ്മുടെ മുന്നിൽ വയ്ക്കുന്നത്. എഴുത്തുകാർ അതിനു വിശാലമാനങ്ങൾ നൽകുന്നു. വികലമായ വ്യാഖനങ്ങൾ നല്കുന്നവരും കുറവല്ല. മഹാഭാരതം കമ്പോടുകമ്പ് വായിച്ച ആളുകളെക്കാൾ അറിവുണ്ടെന്നു അവകാശപ്പെടുന്നത് മഹാഭാരതം ചിത്രകഥയോ, മഹാഭാരതത്തെ ആസ്പദമാക്കിയെഴുതിയ നോവലുകളോ വായിച്ചവരാണ്. മനുഷ്യ സ്വഭാവത്തിന്റെ എല്ലാ തലങ്ങളെയും പ്രദർശിപ്പിക്കുന്ന ഒരു കൃതിയാണല്ലോ മഹാഭാരതം.അതുകൊണ്ടാണ് വ്യാസൻ ഇതിലുള്ളത് മറ്റു പലതിലും കണ്ടേക്കാം,ഇതിലില്ലാത്തത് മറ്റൊരിടത്തും കാണുകയില്ല എന്നു ധൈര്യമായി പറഞ്ഞത് .

ഇവിടുള്ള ഒരു മഹാഭാരത ആഖ്യാന പണ്ഡിതൻ, വ്യാസൻ ഈ പറഞ്ഞതിനെ വിമർശിച്ച് വ്യാസനെ തിരുത്താൻ ശ്രമിച്ചിരുന്നു.അദ്ദേഹം പറഞ്ഞത് അങ്ങനെ എല്ലാം ഇതിലുണ്ട് എന്നൊക്കെ പറഞ്ഞത് വെറുതെയാണത്രെ . ഉദാഹരണത്തിന് സുന്നത്തു കല്യാണത്തെകുറിച്ചുള്ള വിവരങ്ങൾ ഇതിൽ നോക്കിയാൽ കിട്ടുമോ എന്ന് അദ്ദേഹം ചോദിക്കുന്നു. അതുപോലെ ആധുനിക ശാസ്ത്ര ശാഖയിലെ ഏതോ വിഷയത്തെ കുറിച്ചു പറഞ്ഞിട്ട് ഇതൊന്നും മഹാഭാരതത്തിൽ നോക്കിയാൽ കാണില്ലല്ലോ അതുകൊണ്ടു വ്യാസൻ ആ പറഞ്ഞതൊന്നും കാര്യമാക്കേണ്ട എന്നു പറഞ്ഞുകൊണ്ടാണ് ആ പണ്ഡിത ശ്രേഷ്ഠൻ തന്റെ മഹാഭാരത വ്യാഖാനം തുടർന്നത്.മഹാഭാരതം മുഴുവനും വായിക്കാതെ അതിന്റെ ഇത്രയും വലിയ ഒരു ആഖ്യാനം എഴുതാൻ ജയമോഹന് സാധ്യമല്ല. അതുകൊണ്ടു മറ്റുള്ള പ്രമുഖ ആഖ്യാന പണ്ഡിതന്മാരുടെ ലിസ്റ്റിൽ നിന്നും ഇദ്ദേഹത്തെ മാറ്റി നിർത്താം.

ജയമോഹൻ ഉന്നയിച്ച ഒരു ആരോപണം, മലയാളത്തിൽ എഴുതുന്ന ആധുനിക എഴുത്തുകാരിൽ പലരും പഴയ എഴുത്തുകളൊന്നും കാര്യമായി വായിക്കാത്തവരാണ് എന്നാണ്.അതിൽ കഴമ്പുള്ളതുകൊണ്ടാണോ എന്തോ ആരും അതേച്ചൊല്ലി ബഹളം വച്ചതായി കണ്ടില്ല.2023 ഫെബ്രുവരി ആദ്യവാരം മാതൃഭൂമി നടത്തിയ ലിറ്ററേച്ചർ ഫെസ്റിവലിലും ജയമോഹന്റെ സാന്നിധ്യമുണ്ടായിരുന്നു. ‘ഇതിഹാസങ്ങളെ പുനരാഖ്യാനം ചെയ്യുമ്പോൾ’ എന്ന വിഷയത്തെ കുറിച്ചു ചർച്ച ചെയ്യുമ്പോൾ ദൗർഭാഗ്യവശാൽ കൂടെയുള്ള ആനന്ദ് നീലകണ്ഠനായിരുന്നു കൂടുതലും സംസാരിക്കാൻ സമയം കിട്ടിയത് എന്നതിനാൽ ഈ പുസ്തകത്തിലെ വിവരങ്ങൾക്കപ്പുറം കൂടുതലായി ഒന്നും പങ്കുവെയ്ക്കാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചില്ല.

കഠിനമായ ജീവിതാനുഭവങ്ങളുള്ള ഈ എഴുത്തുകാരൻ,ജീവിക്കുന്ന ഭാഷയിൽ എഴുതുകയും,പറയുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്‌.എഴുത്തിലും അതിനു പുറത്തും തന്റെ നിലപാടുകൾ ഉറക്കെ വിളിച്ചു പറയാൻ ഒരു മടിയും കാണിക്കാത്ത, ആരെയും ഭയക്കാത്ത, തന്റേടമുള്ള ഒരെഴുത്തുകാരന്റെ ശബ്ദം നിങ്ങൾക്കീ പുസ്തകത്തിൽ പലയിടത്തായി കേൾക്കാം.

ചങ്കാനച്ചട്ടമ്പി

ലോകസാഹിത്യത്തിൽ ശ്രീലങ്കയുടെ കാലം വരുമെന്ന ഷെഹാൻ കരുണതിലകെ നടത്തിയ പ്രവചനത്തെകുറിച്ച് നമ്മൾ വായിച്ചതാണ്. ബുക്കർ നേടിയതിലൂടെ എന്തായാലും ഇനിയുമെത്തപ്പെടാത്തയിടങ്ങളിലും അദ്ദേഹത്തിന്റെ പുസ്തകങ്ങളും മറ്റു ലങ്കൻ സാഹിത്യവും എത്തിച്ചേരുമെന്നുറപ്പ് . ശ്രീലങ്കൻ സാഹിത്യത്തിൽ ശ്രദ്ധേയമായ രചനകൾ നടത്തുന്നവരുണ്ട്. ഉപാലി ലീലാരത്ന ,കലാനിധി ജീവകുമാരൻ ,വവുനിയൂർ രാ ഉദയണ്ണൻ,വി ജീവകുമാരൻ എന്നിവർ അതിലെ ചില ശ്രദ്ധേയമുഖങ്ങളാണ്. ഇംഗ്ലീഷിൽ ഒരു പക്ഷെ ഇവരുടെ കൃതികൾക്ക് വിവർത്തനങ്ങൾ കണ്ടേക്കാം , മലയാളത്തിലേക്ക് , പക്ഷെ ലങ്കൻ സാഹിത്യം അത്രക്കൊന്നും കടൽ കടന്നു വന്നിട്ടില്ല. നമ്മുടെ രാജ്യത്തിൻറെ തൊട്ടടുത്തു കിടക്കുന്ന ഒരു രാജ്യമായിട്ടു കൂടി എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് വെറുതെയെങ്കിലും ആലോചിക്കാവുന്നതാണ്.

ലങ്കൻ സാഹിത്യത്തിൽ നിന്നും മലയാളത്തിലേക്ക് വന്ന പുസ്തകങ്ങളുടെ അന്വേഷണത്തിനിടയിലാണ് വി. ജീവകുമാരന്റെ ചങ്കാനച്ചട്ടമ്പി എന്ന പുസ്തകം കൈയ്യിൽപ്പെട്ടത്. യുദ്ധത്തിന്റെയും അതിനു ശേഷമുള്ള ദുരിതങ്ങളുടെയും തീക്ഷണ ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു ഇടമാണ് ലങ്ക. പോരാത്തതിന് വർത്തനമാനകാല സാഹചര്യവും ഒട്ടും സുഖകരമല്ല .ശ്രീലങ്കയെ യുദ്ധത്തിന് മുമ്പും , ശേഷവും, വീണ്ടും ആയുധങ്ങൾ മൗനമായ കാലം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി തിരിച്ചാൽ ഇത് യുദ്ധത്തിനു മുമ്പ് നടന്ന കഥയാണ് എന്ന് എഴുത്തുകാരൻ പറയുന്നുണ്ട്. അതായത് വംശീയതകൊണ്ട് ഒരു ജനതയ്ക്ക് പലതും നഷ്ടപ്പെടേണ്ടിവന്ന ഒരു കാലഘട്ടത്തിനും വളരെ മുമ്പ് നടന്ന ഒരു കഥയാണ് ചങ്കാനചട്ടമ്പിയിലൂടെ ജീവകുമാരൻ പറഞ്ഞു വയ്ക്കുന്നത് .

തികച്ചും ഒരു ഗ്രാമാന്തരീക്ഷത്തിൽ നടക്കുന്ന ഒരു കഥയാണിത്. ഒരു നാട്, ആ നാടിനൊരു ക്ഷേത്രം ,അവർക്കൊരു സ്കൂൾ,നാടിനൊരു തലവൻ അതുപോലെ തന്നെ നാടിനൊരു ചട്ടമ്പിയും ഇവിടെയുണ്ട് .പൊതുവെ ചട്ടമ്പിമാർ അറിയപ്പെടുന്നത് അവരുടെ വട്ടപ്പേരുകളിലായിരിക്കുമല്ലോ .ഇവിടെയും അതുപോലെ തന്നെ. മോഹനരാശു നാട്ടുകാർക്ക് ചങ്കാനച്ചട്ടമ്പിയാണ്. അയാളുടെ ജീവിതവും, പ്രതികാരവും,അഭിമുഖീകരിക്കേണ്ടി വന്ന പല പ്രശ്നങ്ങളുമൊക്കെ വളരെ മനോഹരമായി നോവലിസ്റ്റ് വരച്ചിട്ടിട്ടുണ്ട്‌ . ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസുമായി ബന്ധമൊന്നുമില്ലെങ്കിലും കഥപറച്ചിലിന്റെയും ചങ്കാന ചട്ടമ്പിയുടെ ചില രീതികളും മനസ്സ് പലപ്പോഴും അമ്മിണിപിള്ളയിലേക്ക് കൊണ്ടു പോയി .

ശ്രീലങ്കയിലെ തമിഴ് രാഷ്ട്രീയക്കാരെ പരിഹസിക്കാനുള്ള അവസരമൊന്നും ജീവകുമാരൻ നഷ്ടപ്പെടുത്തിയിട്ടില്ല.വാചകകസർത്തുക്കളൊന്നുമില്ലാതെ മനോഹരമായി തന്നെ കഥപറഞ്ഞിട്ടുണ്ട് നോവലിസ്റ്റ്. അദ്ദേഹത്തിന്റെ ‘മക്കൾ,മക്കളാൽ,മക്കൾക്ക് വേണ്ടി’ എന്ന നോവൽ വളരെ ചർച്ചചെയ്യപ്പെട്ട ഒന്നാണ് .ലങ്കയിലെ മിക്ക എഴുത്തുകാരെയും പോലെ ഇദ്ദേഹവും പ്രവാസ ലോകത്തിലാണ്.സ്വാതി എച് പദ്‌മനാഭനാണ് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.