തിരസ്ക്കാരം


അമ്മയുടെ ഉദരത്തിൽ 
കത്തി വെച്ചാണ് 
ഞാൻ പുറത്തു വന്നത്.
അമ്മയെനിക്കെന്നും 
നോവുള്ള ഓർമ്മകൾ മാത്രമാണ്.
അനുഭവിച്ചറിയാൻ
ഇത്തിരിയെങ്കിലും 
സ്നേഹം ബാക്കിവെക്കാതെ
ഓർമ്മയായതാണെന്റെ അമ്മ. 
അച്ഛൻ പറഞ്ഞ്
അമ്മയെ വെട്ടിക്കൊന്നയാൾക്ക്
നാടെങ്ങും അമ്പലമായി,
അയാൾ പിന്നെ ദൈവമായി. 
എന്നിട്ടുമെന്തേ എനിക്ക് മാത്രം
അമ്മയെകൊല്ലിയെന്ന 
വിളിപ്പേര് ബാക്കി.. 

കലാസൃഷ്ടികളിലെ ആവിഷ്കാര സ്വാതന്ത്ര്യം

കല എന്ന ആശയം അത് മനുഷ്യജീവിതത്തിലുടനീളം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. മനുഷ്യരാശിയുടെ വികാസത്തില്‍ കലയ്ക്ക് മുഖ്യ പങ്കുണ്ടെന്നതിന് ഒരു സംശയവുമില്ല. കലയില്‍ ഉള്‍പ്പെടുന്ന വിഷയങ്ങള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുമില്ല . സൃഷ്ടികര്‍ത്താക്കള്‍ അവരുടെ കലാസൃഷ്ടികളില്‍ വെളിപ്പെടുത്തുന്ന വിഷയങ്ങളും പ്രശ്നങ്ങളും നിരവധി നൂറ്റാണ്ടുകള്‍ കഴിഞ്ഞും പ്രസക്തമായി നിലനില്‍ക്കുന്നുണ്ട്. സമൂഹത്തില്‍ കലയുടെ പങ്ക് വിലമതിക്കാനാവാത്തതിന്‍റെ കാരണം അതു കൊണ്ടു തന്നെയാണ്. ആളുകളുടെ വികാരങ്ങള്‍, ചിന്തകള്‍, ലോകവീക്ഷണം എന്നിവയ്ക്ക് കല  രൂപരേഖ നല്‍കുന്നുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഭാവനാപരമായ വിനോദം അവരുടെ വ്യക്തിത്വത്തെ സൃഷിടിക്കുന്നു. എല്ലാ സുപ്രധാന പ്രതിഭാസങ്ങളുടേയും ധാര്‍മ്മികവും സൌന്ദര്യാത്മകവുമായ വിധിയിരുത്തലില്‍ കലയുടെ ചുമതലകള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞത് മാക്സിം ഗോര്‍ക്കിയാണ്. ലോകമെമ്പാടും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തിരുത്തലുകള്‍ക്കുമെല്ലാം നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്നവയാണ് കലാരൂപങ്ങള്‍‍. മനുഷ്യസംസ്ക്കാരത്തെ അത്രമേല്‍ സ്വാധീനിക്കുന്ന ഒരു വസ്തുതയാണെന്നതുകൊണ്ടുതന്നെ കലാസൃഷ്ടികളിലെ ആവിഷ്ക്കാര സ്വാതന്ത്ര്യം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമായി മാറുന്നു.
            സര്‍ഗ്ഗാത്മക രചനുകളുമായി ബന്ധപ്പെട്ടാണ് നാം  ആവിഷ്ക്കാര സ്വാതന്ത്ര്യത്തെപ്പറ്റി കൂടുതലായും പറയുന്നത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് ചുറ്റുപാടുകളും  സമ്മര്‍ദ്ദതന്ത്രങ്ങളും വേലിക്കെട്ടുകൾ  നിശ്ചയിക്കാറുണ്ട്. ആവിഷ്ക്കാരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സ്വാതന്ത്ര്യ ബോധമുണ്ടാകണം. കലാസൃഷ്ടികള്‍ക്ക് മാത്രമല്ല തന്‍റെ ഭാഷ, ഭാവന തുടങ്ങിയവയ്ക്കും അതിന്‍റെ പരിധി നിശ്ചയിക്കാനുള്ള അവകാശം അതിന്‍റെ കര്‍ത്താവിനു മാത്രം അവകാശപ്പെട്ടതാണ്. അതിരുകളെ അതിലംഘിച്ചു കൊണ്ടാണ് കല അതിന്‍റെ നിലനില്‍പ്പും മുമ്പോട്ടുള്ള വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കാണാം. ഏകാധിപത്യം കൊടുകുത്തി വീണ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടിനെ സര്‍ഗ്ഗാത്മകമായി പുതുക്കി പണിതത്. അവിടങ്ങളില്‍ നിന്നും മഹത്തായ കലാസൃഷ്ടികള്‍ ഉരുവം ചെയ്ത് വന്നിരിക്കുന്നത് നമുക്ക് കാണാനാകും. നിരവധി കലാകാരന്‍മാര്‍‍ കലയുടെ നിര്‍വചനങ്ങളെ പൊളിച്ചെഴുതി മുന്നോട്ട് വരികയുണ്ടായി.
                  കലാവിഷ്ക്കാരങ്ങൾ നിലനില്‍ക്കുന്ന കാലത്തോളം ഉന്നയിക്കപ്പെടുന്ന മുഖ്യപ്രശ്നങ്ങളില്‍ ഒന്നായി രേഖപ്പെടുത്തുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍ തന്നെയാണ്. അതുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം നിരവധി ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാകുകയും അതിന്മേൽ പല ഭാഗങ്ങളില്‍ നിന്നു ചോദ്യം ചെയ്യപ്പെടലുകള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട് . അത്തരം പ്രതികൂലാവസ്ഥകൾ  നമുക്ക്  ചുറ്റുമുള്ള കലാകാരന്മാർക്ക് റൈറ്റേഴ്സ് ബ്ലോക്ക് എന്ന ഒരു അവസ്ഥ ഉണ്ടാക്കുന്നതായി കാണാൻ കഴിയും.വർത്തമാന കാലത്തിൽ അത്തരം അവസ്ഥകൾ  ഏറി വരുന്നതായും നമുക്ക് കാണാം ഫ്രാന്‍സിലെ ഒരു പത്രസ്ഥാപനം കത്തി നശിച്ചതും, ഒരു മാധ്യമ സ്ഥാപനം കേരളത്തില്‍ ആക്രമിക്കപ്പെട്ടതും എഴുത്തുകാരന്‍ സ്വയം എഴുതി അവസാനിപ്പിക്കേണ്ടി വന്നതുമൊക്കെ ഇത്തരം ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ ചോദ്യം ചെയ്യലുകളായിരുന്നു. കലയേയും അക്ഷരത്തേയും ഉപാസിക്കുന്ന ഒരു നാട്ടില്‍ ഇത്തരം സ്വാതന്ത്ര്യമില്ലായ്മയുടെ ആശയങ്ങളുടെ പരിധി എത്രവരെ ആകാമെന്നതും ചിന്തിക്കേണ്ട വസ്തുതയാണ്. കലാ, സാഹിത്യം എന്നിവ ഒരിക്കലും ഏതെങ്കിലും ആദര്‍ശങ്ങളിലോ, നിയമസംഹിതകളിലോ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല.
                     ലോകത്തെ മറ്റു രാഷ്ട്രങ്ങളെ പോലെ ഇന്ത്യയിലും പ്രത്യേകിച്ച് നമ്മുടെ കേരളത്തിലും ഇരുതലവാളിനേക്കാള്‍ മൂര്‍ച്ചയുള്ള ഒരു വിഷയമാണ് ആവിഷ്ക്കാര സ്വാതന്ത്ര്യം. കേരളീയര്‍ വിദ്യാസമ്പന്നരും സ്വയം പ്രബുദ്ധരാണെന്നു കരുതുന്നതു കൊണ്ടും തന്നെ മറ്റിടങ്ങളിൽ നിന്നും  വ്യത്യസ്തമായി ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന് ഇവിടെ പറയപ്പെടുമ്പോള്‍ കലാരംഗത്തെ  ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന് കൂട്ടിവായിക്കേണ്ടതുണ്ട്.  ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്‍റെ പേരില്‍ എസ്.ഹരീഷിന്‍റെ മീശഎന്ന നോവല്‍ വന്‍ വിവാദമായിരുന്നു. മതഭ്രാന്തന്മാരുടെ പരാക്രമങ്ങള്‍ മൂലം പിന്‍വലിക്കേണ്ടി വന്ന മറ്റൊരു സൃഷ്ടിയായിരുന്നു പവിത്രന്‍ തീക്കുനിയുടെ പര്‍ദ്ദഎന്ന കൊച്ചുകവിത. ഏറ്റവുമൊടുവില്‍ കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്ക്കാരവും വിവാദമായി. ഹൈന്ദവ വിശ്വാസത്തില്‍ ജീവിക്കുന്ന ആരാധകരെ മുറിവേല്‍പ്പിക്കുന്നതായിരുന്നു പ്രശസ്ത ചിത്രകാരനായ എം.എഫ്  ഹുസൈന്‍റെ പല രചനകളും. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വിമര്‍ശിക്കപ്പെടുകയും നാടു കടത്തപ്പെടുകയും ചെയ്തു. വിശ്വാസത്തെ ഇത്തരത്തില്‍ കാര്‍ട്ടൂണിലൂടെ അപമാനിച്ചതിനാണ് ഷാര്‍ലി എബ്ദോ എന്ന പാരീസിലെ പ്രശസ്തമായ പത്രസ്ഥാപനത്തിലേക്ക് ഭീകരവാദികള്‍ ഇരച്ചു കയറുകയും ആള്‍ക്കാരെ കൊലപ്പെടുത്തുകയും ചെയ്തത്. പൊതുജന സമൂഹത്തില്‍ ഏറ്റവും സ്വാധീനമുള്ളതുകൊണ്ടാകാം സിനിമയെന്ന കലാരൂപത്തിന്‍റെ മേല്‍ എല്ലായ്പ്പോഴും സെന്‍സര്‍ ബോര്‍ഡ് കണ്ണും തുറന്ന് വച്ചിരിക്കുന്നത്. ഉഡ്താ പഞ്ചാബ് എന്ന ഹിന്ദി ചലച്ചിത്രം മുഴുനീളെ വെട്ടിത്തിരുത്തണമെന്ന് ആവശ്യപ്പെട്ട സെന്‍സര്‍ ബോര്‍ഡിനെ തിരുത്താന്‍ അവസാനം മുംബൈ ഹൈക്കോടതി വേണ്ടി വന്നു. ഭിന്നശേഷിയുള്ള സൈജോ കണ്ണനാക്കന്‍ സംവിധാനം ചെയ്ത കഥകളി എന്ന സിനിമക്കെതിരെയും സെന്‍സര്‍  ബോര്‍ഡ് കത്തി വയ്ക്കുകയുണ്ടായി, ചിത്രത്തിന്‍റെ അവസാന രംഗത്ത് കഥകളി ചമയങ്ങളും വേഷവും അഴിച്ച് വച്ച് നഗ്നനായി കലാകാരന്‍ നടന്നു നീങ്ങുന്ന രംഗത്തിനെതിരെയാണ് സെന്‍സര്‍ ബോര്‍ഡ് രംഗത്ത് വന്നത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത് സെക്സി ദുര്‍ഗ്ഗ എന്ന സിനിമക്കെതിരെയും സെന്‍സര്‍ ബോര്‍ഡ് രംഗത്ത് വന്നു. സിനിമയുടെ പേര് എസ് ദുര്‍യെന്നാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ പേര്. മതവികാരം വ്രണപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് അത്തരം നടപടിയെടുത്തതെന്നായിരുന്നു  സെന്‍സര്‍ ബോര്‍ഡിന്‍റെ ഭാഷ്യം. സിനിമയുടെ പേര് ദുര്‍ഗ്ഗാദേവിയെ അപമാനിക്കുന്നതാണ് എന്നാണ് ആരോപണം. എന്നാല്‍ സിനിമ ദുര്‍ഗ്ഗാ ദേവിയെക്കുറിച്ച് ആയിരുന്നില്ല, മറിച്ച് ഒരു റോഡ് മൂവി മാത്രമായിരുന്നു. ഭാവനയ്ക്ക് കത്തിവക്കാന്‍ സെന്‍സര്‍ ബോര്‍ഡിനാവില്ലെന്ന് സംവിധായകന്‍ പ്രതികരിച്ചത് ഓര്‍ത്തുപോകുന്നു,
                    കേരളത്തില്‍  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേല്‍ ചര്‍ച്ചകളും വിവാദങ്ങളും തുടങ്ങി വച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പി.എം ആന്‍റണി രചിച്ച ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്എന്ന നോവലായിരുന്നു എന്നു തോന്നുന്നു.  കസാന്‍ ദസാക്കീസിന്‍റെ ദ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്എന്ന നോവലിനെ ആസ്പദമാക്കി മലയാളത്തിലിറങ്ങിയ നോവലായിരുന്നു അത്. മൂലകൃതിയുടെ രചയിതാവിനും സ്വന്തം നോവലിന്‍റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്നിരോധിച്ചതോടെയാകാം  ഇവിടെ  ആവിഷ്ക്കാര സ്വാതന്ത്ര്യ ചര്‍ച്ചകള്‍ക്ക് ഊടും പാവും വെച്ചതെന്നു പറയാം. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഭീഷണികളും വിലക്കുകളും നേരിട്ട അനവധി കൃതികളും, എഴുത്തുകാരും ഉണ്ട്. മാതൊരു ഭാഗന്‍എന്ന നോവലിന്‍റെ പേരില്‍ പെരുമാള്‍ മുരുകന് തന്‍റെ സാഹിത്യ ജീവിതം തന്നെ കുറച്ചു നാളത്തേക്ക് ഉപേക്ഷിക്കേണ്ടി വന്നു. സല്‍മാന്‍ റുഷ്ദിയുടെ സാത്താനിക് വെഴ്സസ്‘, തസ്ലീമ സ്റിന്‍റെ ലജ്ജതുടങ്ങിയ കൃതികളൊക്കെ ഇത്തരത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കിയ കൃതികളാണ് . മാധവിക്കുട്ടിയും, അരുന്ധതിറോയിയും തുറന്നെഴുത്തിന്‍റെ പേരില്‍ നേരിട്ട ആരോപണങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല.
                    മലയാളികളുടെ കപടസദാചാരത്തിന്‍റെ തിക്ത ഫലമായി എഴുത്ത് നിറുത്തി ആത്മാഹുതി ചെയ്ത സരസ്വതി അമ്മയായിരിക്കണം  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ രക്തസാക്ഷിയാകേണ്ടി വന്ന കലാകാരി.  ഇതേപോലെയൊരു നോവൽ മുൻപും മൂന്നാം ലക്കത്തിൽ മലയാളത്തിൽ പിൻവലിച്ചിട്ടുണ്ട്. ആത്മഹത്യയിൽ അഭയം തേടിയ എഴുത്തുകാരി രാജലക്ഷ്മിയുടെ ‘ഉച്ചവെയിലും ഇളനിലാവും’ എന്ന നോവൽ ആണ് കാരണമൊന്നും പറയാതെ നിർത്തിയത്…   മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തുടർ നോവല്‍‍, പത്രാധിപരായിരുന്ന എം.ടിയുടെ കൈയ്യില്‍ നിന്നും അവർ തിരിച്ചു വാങ്ങുകയും നോവലിന്‍റെ ബാക്കി ഭാഗം ഇനി പ്രസിദ്ധീകരിക്കേണ്ടത് ആവശ്യപ്പെടുകയും ചെയ്തു. പെണ്ണിനെപ്പറ്റി ആണെഴുതുന്നതെല്ലാം ഭാവനയും, പെണ്ണെഴുത്ത് അനുഭവമാണെന്നും കരുതുന്ന സദാചാര സമൂഹം സരസ്വതി അമ്മയുടെ കാലത്തു മാത്രമല്ല, നൂറുശതമാനം സാക്ഷരത നേടിയെന്നു  അഹങ്കരിക്കുന്ന പ്രബുദ്ധമലയാളി വര്‍ത്തമാന കാലത്തും മാറ്റമൊന്നുമില്ലാതെ തുടരുന്നത് കാണാന്‍ കഴിയും. 
                    കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങളിലൊന്നാണ് മാവിലന്‍ ഗോത്രം. അവരുടെ തനത് കലകളിലൊന്നാണ് മംഗലം കളി. ഗോത്രകലയായ മംഗലം കളിയുടെ പാട്ടുകള്‍ ഇന്ന് കേരളത്തില്‍ ഏറെ പ്രശസ്തമാണ്. എന്നാല്‍ ഗോത്രത്തില്‍ അവതരിപ്പിക്കുന്ന ഈണത്തില്‍ നിന്നും വ്യത്യസ്തമായി വരികള്‍ കൂട്ടിച്ചേര്‍ത്തും മറ്റൊരു രീതിയില്‍ പുനരവതരിപ്പിക്കുന്നതിനോട് ശക്തമായ പ്രതിഷേധം അവര്‍ രേഖപ്പെടുത്തുന്നുണ്ട്.  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ മംഗലം കിളിപ്പാട്ടുകള്‍ വികലമായി അവതരിപ്പിക്കുന്നത് ആ ജനവിഭാഗത്തോട് കാണിക്കുന്ന അവഹേളനമായി അവര്‍ കാണുന്നു. വിശ്വാസങ്ങളെ വ്രണപ്പെടുത്താതെയാകണം   ആവിഷ്ക്കാരസ്വാതന്ത്ര്യമെന്നും  എല്ലാത്തിനും പരിധികള്‍ നിശ്ചയിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ കലാസൃഷ്ടികൾ മാനവരാശിയുടെ പരിശ്ചേദമാണെന്നും അവയെ സ്വത്രന്ത്രമായി വിടണമെന്നും മറുവിഭാഗം വാദിക്കുന്നു.
                    ഗൌരി ലങ്കേഷും,ഗോവിന്ദപന്‍സാരെയും, കല്‍ബുര്‍ഗിയും കൊല ചെയ്യപ്പെടാന്‍ കാരണം അവരുടെ സ്വതന്ത്ര ചിന്താഭിവാഞ്ഛയാണ്. അവരുടെ ചിന്താധാരകളുടെ മഹത്വം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ കൈകള്‍കൊണ്ട് അവര്‍ വധിക്കപ്പെട്ടത് നിര്‍ഭാഗ്യകരമെന്നേ പറയേണ്ടു. നിലപാടുകളും അഭിപ്രായ സ്വാതന്ത്ര്യവും മറ്റവകാശങ്ങളും നഷ്പ്പെട്ട ജീവിതാന്തരീക്ഷത്തില്‍ വസിക്കുന്നവരാണ് ഇന്നത്തെ ജനത. ആവിഷ്ക്കാര സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിനെതിരെ നില്‍ക്കുന്നതിനു പകരം രാഷ്ട്രീയമായ മുതലെടുപ്പുകള്‍ക്കാണ് ഇന്ന് സമൂഹം കൈകോര്‍ക്കുന്നത്. കലയുടെ നിലവാരം ചര്‍ച്ചയാകേണ്ടത് അതിന് സ്വാതന്ത്ര്യവും ധൈര്യവുമായി നിലനില്‍ക്കാവുന്ന ഒരു പശ്ചാത്തലത്തിലാണ്. മോശം കല സാംസ്ക്കാരികമായി തുറന്നു കാട്ടപ്പെടേണ്ടതാണ്. അല്ലാതെ ഭീഷണികളിലൂടെ പിന്‍വലിക്കപ്പെടേണ്ട വസ്തുതയല്ല അത്. ഒരു സമൂഹത്തിന്‍റെ സംസ്ക്കാരത്തിന്‍റെ സാരാംശം കണ്ടെത്താനാകുന്നത്, ആ കാലഘട്ടത്തിലെ ജനങ്ങള്‍ പരീക്ഷിച്ച ഭാഷയിലും, കലാവിഷ്ക്കാരങ്ങളിലുമാണ്. തങ്ങളുടെ കലാരൂപങ്ങളില്‍ മാറ്റം വരാതെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുക എന്നത് കലാകാരന്മാരുടെ അവകാശമാണ്. രാഷ്ട്രീയ മതസാമൂഹിക സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ച് മുറിച്ച് മാറ്റാനുള്ളതല്ല കലാസൃഷ്ടികള്‍‍. കലാരൂപത്തില്‍ മാറ്റം വരുത്താന്‍ അതിന്‍റെ സ്രഷ്ടാവിനു മാത്രമാണ് അവകാശം. കലാകാരന്‍റെ  ആവിഷ്ക്കാര സ്വാതന്ത്ര്യം ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാകില്ല. കലാസൃഷ്ടികളുടെ  ആവിഷ്ക്കാര സ്വാതന്ത്ര്യം ആരുടെയും ഒദാര്യവുമല്ല. രാഷ്ട്രത്തിന്‍റെ ഭരണഘടന നല്‍കുന്ന അവകാശമാണ്. അത്തരം അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇക്കാര്യങ്ങളില്‍ ജാഗ്രതയോടെ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള  ആവിഷ്ക്കാര സ്വാതന്ത്ര്യം അത്രമേല്‍ പ്രധാനപ്പെട്ട വസ്തുതയാണ്. അതിന് ആദ്യം കലയും സാഹിത്യവും രാഷ്ട്രീയത്തിന് അതീതമായിരിക്കണം.  സമൂഹത്തെ കരുതലോടും ഉത്തരവാദിത്വ ബോധത്തോടും വേണ്ടവിധം ഉൾകൊള്ളാൻ കഴിഞ്ഞെങ്കില്‍ൽ മാത്രമേ ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിന്‍റെ പൂർണ്ണമൂല്യമുണ്ടാകുകയുള്ളൂ .  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ഏതെങ്കിലും വിഭാഗത്തെ ജാതീയമായോ വംശീയമായോ അധിക്ഷേപിക്കുന്നതോ താഴ്ത്തികെട്ടുന്നതോ ഒട്ടും ഭൂഷണമല്ല.
                    നല്ല കലാരൂപങ്ങള്‍ കൃത്യമായി വകസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യ സമൂഹത്തിന്‍റെ ചുമതല. സമൂഹം നിരന്തരമായി പുതുക്കപ്പെടേണ്ടതുണ്ട്.  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് രാഷ്ട്രീയമോ, നിയമമോ, ഭരണാധികാരികളോ, മതമോ അതിരുകൾ നിശ്ചയിക്കാന്‍ ശ്രമിച്ചാല്‍ അത് സമൂഹത്തെത്തന്നെ പിന്നോട്ട് വലിക്കാന്‍ ഇടയാക്കും . ചിന്തയുടെ തലങ്ങള്‍ വലുതാകാതെ, സിദ്ധാന്തങ്ങളുടെ വ്യാപ്തി ആകാശം തൊടാതെ ഇവിടെ  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു അനുകൂലമായ ഒരു മറുപടി ലഭിക്കാന്‍ പോകുന്നില്ല. എങ്കിലും ആവിഷ്ക്കാരത്തിനു ശൂന്യമായിരിക്കാനാകാത്ത കാലത്തോളം കലാകാരന്മാരും, എഴുത്തുകാരും ഇനിയും നാടുകടത്തപ്പെടുകൊണ്ടേയിരിക്കും
x

മലയാള നോവലിലെ ആഖ്യാന പരിണാമങ്ങൾ -കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2020

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാള നോവലിലെ ആഖ്യാന പരിണാമങ്ങൾ എന്ന വിഷയത്തെ കുറിച്ചു സംവാദം നടക്കുകയുണ്ടായി. മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ സേതു,അംബിക സുതൻ മാങ്ങോട്, ഖദീജ മുംതാസ്, രാജേന്ദ്രൻ എടത്തുംകര ,എം എം ബഷീർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ആഖ്യാന കല ഇന്ന് പഠന വിഭാഗങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു വിഷയമായി മാറിയിരിക്കുകയാണ്.എഴുത്തിൽ മാത്രമല്ല വായനയിലും,സംഗീതം,നാടകം,സിനിമ,ചിത്രകല തുടങ്ങിയ എല്ലാ മേഖലകളിലും ആഖ്യാനത്തെക്കുറിച്ചുള്ള പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. മലയാളത്തിലെ ആദ്യ ചെറുകഥയായി കണക്കാക്കപ്പെടുന്നത് വാസനവികൃതി എന്ന കൃതിയാണ്.വേങ്ങയിൽ കുഞ്ഞിരാമൻ നായനാരാണ് ഏതെഴുതിയെതെന്നാണ് ഭൂരിപക്ഷ മതം.എന്നാൽ അങ്ങനെയല്ല എന്നു എം എം ബഷീർ സമർത്ഥിക്കുന്നു.അതു പ്രസിദ്ധീകരിച്ച വിദ്യവിനോദിനി സാഹിത്യ മാസിക പരോശോധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.അതിൽ എഴുതിയ ആളുടെ പേരില്ല.1914 ൽ വെങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ എല്ലാകൃതികളും സമാഹരിച്‌ സി പി അച്യുതമേനോന്റെ അവതാരികയിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഈ ചെറുകഥ ചേർത്തതായി കാണുന്നില്ല എന്നദ്ദേഹം സാക്ഷ്യപ്പെടുതുന്നു.വാസനവികൃതി എന്ന ചെറുകഥയിൽ ആഖ്യാന സമ്പ്രദായത്തിന്റെ ഒരു രൂപം നമുക്ക് കാണാൻ സാധിക്കും.വേങ്ങായിൽ കുഞ്ഞിരാമൻ നായനാരുടെ ദ്വാരക എന്ന മറ്റൊരു കഥയിലും അതിന്റെ വേറൊരു തലം നമുക്ക് കാണാൻ സാധിക്കും. സ്വപനത്തെയാണ് അതിൽ ആഖ്യാനം ചെയ്യപ്പെടുന്നത്.പാണ്ഡവപുരം എന്ന നോവലിനെ ആസ്പദമാക്കി തന്റെ നോവലിനെ സേതുവും ആഖ്യാന കലയുമായി ബന്ധപ്പെടുത്തി സംസാരിച്ചു.എഴുത്തുകാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വയം നവീകരിക്കുക എന്നതാണ്.സ്വയം കണ്ടെത്തലുകളിലോടെ ആവർത്തിക്കാതെ തന്നെ പുതുക്കിപണിതുകൊണ്ടിരിക്കുക എന്ന വലിയൊരു ആശയം അദ്ദേഹം പങ്കുവച്ചു.ഈ പുതുക്കി പണിയലിൽ ഒരുപാട് ഘടകങ്ങൾ ഉണ്ടെന്നും അതു പ്രമേയവും എഴുത്തിന്റെ രീതിയുമാണെന്നു അദ്ദേഹം പറഞ്ഞു വെക്കുന്നു.പഴയ കാലത്തേക്കാളും ആധുനികാന്തര കഥകളിലും അത്തരം ആഖ്യാന പരീക്ഷണങ്ങൾ മുന്പത്തെക്കാളും അധികമായി തുടർന്നുകൊണ്ടേയിരിക്കുന്നു എന്നു ഖദീജ മുംതാസും അഭിപ്രായപ്പെട്ടു. വാസനവികൃതി എന്ന കഥ സി പി അച്യുതമേനോനും, വെങ്ങായിൽ കുഞ്ഞിരാമൻ നായനാരും ചേർന്നെഴുതിയതാവാം എന്നു അംബികാസുതൻ മാങ്ങോട് പറയുന്നു. സി പി അച്യുതമേനോന്റെ സഹ പത്രാധിപരായിരുന്നു വെങ്ങായിൽ കുഞ്ഞിരാമൻ നായനാർ.എഡിറ്റോറിയൽ ഉൾപ്പെടുയുള്ള കാര്യങ്ങളിൽ ഞാൻ എന്നു വെക്കാതെ ഞങ്ങൾ എന്നാണ് എഴുതിരുന്നതെന്നും അതു കൊണ്ടു അത്തരമൊരു സാധ്യതക്കു പ്രസക്തിയുണ്ടെന്നു അംബികാസുതൻ മാങ്ങോട് അഭിപ്രായപ്പെടുന്നു. പാശ്ചാത്യ സാഹിത്യ മാധ്യമങ്ങളുടെ വ്യത്യസ്‌ത രൂപങ്ങളെ മലയാളത്തിൽ പരിചയപ്പെടുത്തുക എന്നതായിരുന്നു വിദ്യവിനോദിനി മാസികയുടെ ലക്ഷ്യം.ബഷീറിന്റെ പലപുസ്തകങ്ങളും വ്യത്യസ്ത ആഖ്യാനരൂപങ്ങളെ പ്രതിനിധാനം ചെയ്യുന്നുഎന്നു ബഷീറിന്റെ പ്രസ്ത കൃതികളെ രേഖപ്പെടുത്തികൊണ്ടു അദ്ദേഹം സ്ഥാപിച്ചെടുക്കുന്നുണ്ട്.

കാലത്തെ എഴുതുന്ന കഥകൾ -കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2020

കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ കാലത്തെ എഴുതുന്ന കഥകൾ എന്ന വിഷയത്തെപ്പറ്റി സംവാദം നടക്കുകയുണ്ടായി. *സതീഷ് ബാബു പയ്യന്നൂർ *വിനു അബ്രഹാം *എം ചന്ദ്രപ്രകാശ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തവർ.

 ഒരോ കാലവും ആ കാലത്തിന്റെ പ്രത്യേകതകളെ പ്രതിനിധീകരിക്കുന്നു.എല്ലാ സാഹിത്യകൃതികളൊക്കെ തന്നെയും ഒരു ചരിത്ര മ്യൂസിയമാണെന്നു പറയാം.എഴുത്തുകാരൻ കടന്നു പോകുന്ന കാലത്തെ ആവാഹിക്കുകയും സ്വാംശീകരിക്കുകയും ,അവരുടെ കൃതികളിൽ ഉൾകൊള്ളിക്കുകയും ചെയ്യുന്നു. ഒരെഴുത്തുകാരന്റെ മനസിൽ അറിഞ്ഞോ അറിയാതെയോ കാലം കടന്നു വരുന്നുണ്ട്.ഉമ്പർട്ടോ ഏകോയെ പോലുള്ളവർ അവരുടെ കാലത്തെ കുറിച്ചാണധികവും എഴുതിയത്.ഇന്ത്യനവസ്ഥകളിലേക്ക് വരുമ്പോൾ പ്രേം ചന്ദിനെ പോലുള്ളവരുടെ കൃതികളിൽ കൃത്യമായി അക്കാലത്തെ സാമൂഹിക സാമ്പത്തിക അവസ്ഥകളെ രേഖപ്പെടുത്തുന്നുണ്ട്. മലയാള സാഹിത്യത്തിൽ ഭാവുകത്വ ഫാസിസം എഴുത്തുകാരിൽ പ്രഫലമായി തന്നെയുണ്ടെന്നു കഥാകൃത് വിനു അബ്രഹാം ചൂണ്ടിക്കാണിക്കുന്നു.എഴുത്തിൽ രാഷ്ട്രീയം ഉണ്ടെങ്കിൽ മാത്രമേ ആളുകൾ കൈയ്യടിക്കുകയുള്ളൂ എന്ന അവസ്ഥയാണിപ്പോൾ എന്നദ്ദേഹം പറയുന്നു.എഴുത്തിന്റെ ഹൃദയമാണ് കാലമെന്നു എം ചന്ദ്രപ്രകാശ് രേഖപ്പെടുത്തുന്നു.അനുഭവമില്ലാത്ത ഒരെഴുത്തിനും ജീവനുണ്ടാകില്ല.എഴുത്തുകാരന്റെ പ്രതിബദ്ധത എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചു കാണികളിൽ നിന്നും ചോദ്യമുണ്ടായി.കാലത്തെ എഴുതുന്ന കഥകളെ ‘വളരെ കാലത്തേ’ എഴുതുന്ന കഥകളെന്നും വേണമെങ്കിൽ വ്യാഖാനിക്കാം എന്നും കഴിഞ്ഞ ലക്കം മാതൃഭൂമി അഴച്ചപതിപ്പിൽ എഴുതിയ ‘നൈറ്റ്മെയർ ‘ എന്ന കഥയും അത്തരത്തിൽ കാലത്തെ അടയാളപ്പെടുത്തുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

പേരില്ലാതെ മരിക്കുന്നവർ

രാത്രിയിലെ പാതിമയക്കത്തിലെപ്പോഴോ
ഗർഭം പൂണ്ട സൃഷ്ടികളായിരുന്നവയത്രയും. 
നേരം വെളുത്ത് പേനയെടുത്തിട്ടെത്ര
കുടഞ്ഞിട്ടുമുഴിഞ്ഞിട്ടും 
ഒരു തുള്ളി പോലും പുറത്തു വന്നില്ല. 
വൈകിയാണറിയാൻ കഴിഞ്ഞത്,
ആ കവിതകളത്രയും 
ഗർഭമലസിപ്പോയെന്ന്!!!!! 

അഡോൾഫ് ഹിറ്റ്ലർ:അവസാനദിനങ്ങൾ -ജോക്കിം ഫെസ്റ്റ്

നാസിസം, ഹിറ്റ്ലർ, ഹിറ്റ്ലറുടെ മരണവും തിരോധാനം  എന്നീ വിഷയങ്ങളെ കുറിച്ചുള്ള പുസ്തകങ്ങൾ ആളുകൾക്കിപ്പോഴും ഉദ്യോഗജനകവും ആകാംക്ഷയും സമ്മാനിക്കുന്ന സംഗതിയാണ്.
അതിനു കാരണങ്ങൾ പലതുമുണ്ട്. ഒരുപക്ഷേ ഹിറ്റ്ലർ 1945ൽ മരണപ്പെട്ടിട്ടില്ലെന്നും അര്ജെൻറീനയിലെക്കോ മറ്റോ രക്ഷപെട്ടെന്നുള്ള കിംവദന്തിയാകാം മുഖ്യകാരണം.ഹിസ്റ്ററി ചാനൽ നടത്തിയ അന്വേഷണങ്ങളുടെ വിശദാംശങ്ങൾ യുടുബീൽ ലഭ്യമാണ്.
വിഷയബാഹുല്യം കാരണം അതിനെ കുറിച്ചുള്ള വിശദാംശങ്ങൾ മറ്റൊരു ലേഖനത്തിൽ ഉൾപ്പെടുത്താമെന്ന് കരുതുന്നു.
രണ്ടാം ലോക മഹായുദ്ധത്തെ ആധാരമാക്കി ഇറങ്ങിയ പല സിനിമകളും കണ്ട കൂട്ടത്തിൽ Der Untergang എന്ന ജർമൻ സിനിമയും കാണുകയുണ്ടായി. അന്നത് കണ്ടപ്പോൾ മനസിനെ വല്ലാതെ സ്പർശിക്കയുണ്ടായി. ഹിറ്റ്ലർ എന്ന വ്യക്തിയെ മാറ്റി നിർത്തിയാൽ ,തന്റെയും കൂട്ടരുടെയും അവസാനമടുത്തു എന്നു മനസ്സിലാക്കുന്ന ഒരു മനുഷ്യന്റെ മനോവ്യാപാരങ്ങളെ വളരെ വ്യക്തമായും ക്രിത്യമായും ഈ സിനിമ രേഖപ്പെടുത്തുന്നുണ്ട്.
ഈയ്യടുത്താണ് ഹിറ്റ്ലറെ ആധാരമാക്കികൊണ്ടുള്ള ഒരു പുസ്തകം അതും മലയാളത്തിൽ വായിക്കാനിടയായത്. പുസ്തകത്തിന്റെ പേര് അഡോൾഫ് ഹിറ്റ്ലർ:അവസാനദിനങ്ങൾ എന്നായിരുന്നു. ജർമനിയിൽ സ്ഥിരതാമസമാക്കിയ മലയാളിയായ തോമസ് ചക്യത്‌  ആണിതിന്റെ രചയിതാവ്. ഈ പുസ്തകം ജർമനിൽ നിന്നും നേരിട്ട് പരിഭാഷപ്പെടുത്തിയതാണ്.ഇതിന്റെ മൂലകൃതി രചിച്ചിരിക്കുന്നത്
ചരിത്രകാരനായ ജോക്കിം ഫെസ്റ്റാണ് .അദ്ദേഹത്തിന്റെ വളരെ പ്രശസതമായ ഒരുപുസ്തകമാണ്. Inside Hitler’s Bunker: The Last Days of the Third Reich.
ജർമ്മൻ ഭാഷയിൽ 2002 ലാണ് ഈ പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത്. 2004 ൽ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും പുറത്തു വന്നു.ഇപ്പോൾ 2019 മദ്ധ്യത്തിൽ അതിന്റെ മലയാള പരിഭാഷയും പുറത്തു വന്നു .ഈ പുസ്തകത്തെ കുറിച്ച് കൂടുതലൽ  അന്വേഷിച്ചപ്പോഴാണ് മുമ്പ് സൂചിപ്പിച്ച 2004 ജർമ്മൻ ചലച്ചിത്രമായ Der Untergang ഈ പുസ്തകത്തിനെ ആധാരമാക്കിയായാണ് പുറത്തിറങ്ങിയത് എന്നു മനസിലായത് . Downfall  എന്നപേരിൽ ആയിരുന്നു ആ സിനിമാ ഇംഗ്ലീഷിൽ ഇറങ്ങിയത്. Imdb ലിങ്ക്  https://www.imdb.com/title/tt0363163/
ഹിറ്റ്ലറെയും നാസിസത്തെയും കുറിച്ച് നിരവധി പുസ്തകങ്ങൾ ഫെസ്റ്റിന്റെതായുണ്ട്. ഹിറ്റ്‌ലറുടെ ഭരണത്തിന്റേയും (ജീവിതത്തിൻടെയും ) അവസാന ആഴ്ചകളിലെ ഒരു പുനർനിർമ്മാണമായി ഈ പുസ്തകത്തെ കാണാം.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിൽ ഹിറ്റ്‌ലറുടെ വർദ്ധിച്ചുവരുന്ന മാനസികവും ശാരീരികവുമായ ശിഥിലീകരണം , ഉൽക്കണ്ഠ എന്നിവയെ കുറിച്ച് വിശദമായി പുസ്തകം  കൈകാര്യം ചെയ്തിരിക്കുന്നു .
1945 ഏപ്രിൽ പകുതിയോടെ സോവിയറ്റ് യൂണിയന്റെ ചെമ്പട  ബെർലിനിനെതിരെ  രണ്ടര ദശലക്ഷത്തിലധികം സൈനികരും നാൽപതിനായിരത്തിലധികം മോർട്ടാറുകളും ഫീൽഡ് തോക്കുകളും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടു.
ബെർലിൻ പിടിച്ചടക്കുക, ജർമനിയെ അടിയറവ് പറയിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഹിറ്റ്ലർക്ക് ഗത്യന്തരമില്ലാതെ പിൻവാങ്ങേണ്ടി വന്നു .
അമേരിക്കൻ പ്രസിഡണ്ട് ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റിന്റെ മരണത്തോടെ പാശ്ചാത്യ സഖ്യകക്ഷികൾ തങ്ങളുടെ ശത്രു റഷ്യയാണെന്ന് തിരിച്ചറിഞ്ഞ് ഹിറ്റ്‌ലറുടെ കൂടെ കുരിശുയുദ്ധത്തിൽ പങ്കുചേരുമെന്ന് ഹിറ്റ്‌ലർ തുടർന്നും ചിന്തിച്ചു. എങ്കിലും നഗരത്തെ പ്രതിരോധിക്കാൻ ഉത്തരവാദിത്തപ്പെട്ട സൈന്യം  കടുത്ത പോരാട്ടം തന്നെ നടത്തി. അപ്പോഴേക്കും ഹിറ്റ്ലർ ശാരീരികമായും  മാനസികമായും ആകെ തകർന്നിരുന്നു  .  സോവിയറ്റ് സൈന്യത്തിന്റെ കൈയ്യില് കിട്ടിയാൽ  തന്നെ ആളുകളുടെ മുന്നിലൂടെ വലിച്ചിഴച്ച് ഒടുവില് കെട്ടി തൂക്കുമെന്ന് ഹിറ്റ്ലർ ഭയന്നു.ഇറ്റലിയിൽ മുസ്സോളിനിക്കുണ്ടായ അത്തരം സ്വീകരണമായിരിക്കണംഹിറ്റ്ലർ അങ്ങനെ ചിന്തിക്കാൻ കാരണം.   
ജീവനോടെയോ അല്ലാതെയോ തന്റെ ശരീരം അവര്ക്കു കിട്ടരുതെന്ന്  ഹിറ്റ്ലർ കൂടെയുള്ളവരെ ഒരമിപ്പിച്ചുകൊണ്ടിരുന്നു . അതുകൊണ്ടാണ് താനൊരിക്കളും ബെർലിൻ വിട്ടുപോകില്ലെന്നും മരിക്കാൻ  പോകുകയാണെന്നും , മരിച്ചു കഴിഞ്ഞാൽ ചെയ്യേണ്ട കര്യങ്ങളെ കുറിച്ച് ഉദ്യോഗസ്ഥരോട്  ചട്ടം കെട്ടുന്നത്. അതിനു വേണ്ടി അവർ പെട്രോൾ കന്നാസുകൾ സംഘടിപ്പിക്കുകയും മരിച്ചു കഴിഞ്ഞു ഹിറ്റ്ലറുടെ ശരീരം കത്തിച്ചു ചാമ്പലാക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ ഹിറ്റ്ലറുടെ മരണവും ഈ കത്തിക്കൽ കഥകളും വെറും കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമാണുള്ളത് . ഹിറ്റ്ലർ സ്വയം വെടിവെച്ചു മരിച്ചോ അതോ ഗാർഡിനെ കൊണ്ടു വെടിപ്പിച്ചോ എന്നൊന്നും വ്യകതമല്ല . കത്തിച്ചുകളഞ്ഞത് ഹിറ്റ്ലറുടെയോ ഭാര്യ ഈവാ ബ്രൗണിന്റെയോ ആണെന്ന് ഒരു തെളിവും ഇല്ല എന്നു പറയാം . ഹിറ്റ്‌ലറുടെ മൃതദേഹത്തിന്റെ വ്യാപകമായി പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകൾ ഒരു തട്ടിപ്പാണെന്ന് ഫെസ്റ്റ് സ്ഥിരീകരിക്കുന്നുണ്ട്. ഹിറ്റ്ലർ മരണപ്പെട്ടു എന്നതിനോട് സ്റ്റാലിൻ പോലും മരണം വരെ വിശ്വാസിച്ചിരുന്നില്ല . കാരണം സ്റ്റാലിന് അറിയാമായിരുന്നു ഹിറ്റ്ലർ ശരിക്കും ആരായിരുന്നുവെന്ന് . ഹിറ്റ്‌ലർ ഒരു അന്തർവാഹിനിയിൽ ജപ്പാനിലേക്ക് രക്ഷപ്പെട്ടുവെന്ന് ഒരിക്കൽ സ്റ്റാലിൻ തന്നെ  പറഞ്ഞതും ഇതേ കാരണം കൊണ്ട് തന്നെയാണ് . എന്നാൽ ഹിറ്റ്ലർ രക്ഷപ്പെട്ടത് ജപ്പാനിലേക്കല്ല മറിച്ച് അര്ജെൻറീന യിലേക്കാണെന്നും ,അതുമല്ല സ്പെയിനിലേക്കാണെന്നും സംസാരമുണ്ടായിരിന്നു . എല്ലാത്തിനും സംശയത്തിന്റെ ആനുകൂല്യമല്ലാതെ ഒരു തെളിവും ഇപ്പോഴും ലഭ്യമല്ല എന്നെ വേണമെങ്കിലൽ  പറയാം.
1943 ന് ശേഷം ബെർലിനിൽ പതിവായി നടത്തിയ വ്യോമാക്രമണത്തിൽ ബ്രിട്ടീഷ്, അമേരിക്കൻ വ്യോമസേന നാസി തലസ്ഥാനത്ത് 65,000 ടൺ ഉയർന്ന സ്ഫോടകവസ്തുക്കൾ പ്രയോഗിക്കയുണ്ടായി . 1945 ഏപ്രിലിലെ അവസാന രണ്ടാഴ്ചയ്ക്കുള്ളിൽ റെഡ് ആർമി മാത്രം 40,000 ടൺ സ്ഫോടകവസ്തുക്കൾ നിക്ഷേപിച്ചു .  മെയ് 2 ന് സോവിയറ്റ് യൂണിയൻ റീച്ച്സ്റ്റാഗ് കെട്ടിടത്തിന്റെ നിലവറകളിൽ നിന്നും ബെർലിന്റെ ഹൃദയഭാഗത്തേക്ക് പോകുമ്പോഴേക്കും അവർ ബെർലിനിലെ 4 ദശലക്ഷം നിവാസികളിൽ ഓരോരുത്തർക്കും 39 ക്യുബിക് യാർഡ് അവശിഷ്ടങ്ങൾ സൃഷ്ടിച്ചിരുന്നു എന്നു വിദഗ്ദർ കണ്ടെത്തിയിട്ടുണ്ട്.
ഹൃദയാഘാതവും അപകടവും രൂക്ഷമാകുമ്പോൾ ഹിറ്റ്ലറുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് എന്ത് സംഭവിച്ചു? ഏത് തരത്തിലുള്ള തീരുമാനങ്ങളാണ് എടുത്ത് നടപ്പിലാക്കിയത്?ബങ്കറിലെ ഹിറ്റ്‌ലറുടെ  അവസാന ദിവസത്തെ ജോക്കിം ഫെസ്റ്റിന്റെ പിടിമുറുക്കുന്ന വിവരണത്തിൽ ചോദിച്ചതും ഉത്തരം നൽകിയതുമായ ചോദ്യങ്ങളാണിവ.
ഹിറ്റ്‌ലറുടെ ബങ്കറിനുള്ളിൽ അവസാനമായി പരിശോധിച്ച ചരിത്രകാരൻ ഹഗ് ട്രെവർറോപ്പർ ആയിരുന്നു. 1945 സെപ്റ്റംബറിൽ ബെർലിനിലേക്ക് ബ്രിട്ടീഷുകാരും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും ഹിറ്റ്‌ലറുടെ വിധി നിർണ്ണയിക്കാൻ അയച്ചു.
ഹിറ്റ്ലറുടെ  യഥാർത്ഥ വിധിക്കു  യഥാർത്ഥത്തിൽ സാക്ഷ്യം വഹിച്ചത് ഒരു കൂട്ടം നിവാസികളാണ്. ട്രെവർറോപ്പർ 1945 അവരിൽ പലരുമായും സംസാരിച്ചു, ഫെസ്റ്റ് ബാക്കിയുള്ളവരുമായി സംസാരിച്ചു, അവരുടെ ഓർമ്മക്കുറിപ്പുകൾ വായിക്കുകയും ബെർലിൻ യുദ്ധത്തെക്കുറിച്ചും ഹിറ്റ്‌ലറുടെ അവസാന നാളുകളെക്കുറിച്ചും പുതിയ വിവരങ്ങൾ  സമ്പാദിക്കുകയും ചെയ്തു. ഹിറ്റ്‌ലറുടെ നായ ബ്‌ളോണ്ടിയുടെ മരണം  സ്ഥിരീകരിച്ചതിന്  ശേഷം ഹിറ്റ്‌ലറും ഇവാ ബ്രൌണും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു തുടർന്ന് അവശിഷ്ടങ്ങൾ ആർഎസ്എസ് ഗാർഡുകൾ കത്തിച്ചു. വിഷം കഴിച്ച ശേഷം ഹിറ്റ്‌ലർ സ്വയം തലയ്ക്ക് വെടിവയ്ക്കുകയോ ഒരു കാവൽക്കാരൻ തലയിൽ വെടിവയ്ക്കുകയോ ചെയ്തു.
പുസ്തകത്തിലെ ശ്രദ്ധേയമായ രണ്ട് സവിശേഷതകൾ  ഹിറ്റ്ലറുടെ സ്വാർത്ഥതയും അവസാന നാളുകളിലെ തീക്ഷ്ണതയുമാണ്. സ്വാർത്ഥത എല്ലായ്പ്പോഴും കൂടെ ഉണ്ടായിരുന്നു. അവസാന നിമിഷങ്ങളിൽ കടുത്ത വിശ്വസ്തരെപ്പോലും കൊല്ലാനോ ,തരംതാഴ്ത്താനോ  ഉദ്ദേശിച്ചുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചു.
നിയമവാഴയിൽ അധിഷിഠിതമായ രാഷ്ടം ,പാശ്ചാത്യ മൂല്യങ്ങൾ എന്നിവയോട് നിർബന്ധിതമായി ഇണങ്ങിച്ചേരേണ്ടി വന്ന നീണ്ട വർഷങ്ങൾക്കു ശേഷം ജർമൻ ജനത തങ്ങളുടെ സ്വത്വം വീണ്ടും ആർജ്ജിക്കുകയായിരുന്നുവെന്നും അതോടെ യൂറോപ്പിൽ പണ്ടുമുതലേ വഹിച്ചിരുന്നതായി കരുതപ്പെട്ട അനശാസ്യമായ പങ്കിലേക്ക് തിരികെ പോവുകയായിരുന്നുവെന്നുമുള്ള പ്രതീതി ജനിക്കാൻ സഹായിച്ചത് അധികാരം പിടിച്ചടക്കലിനെ തുടർന്നുണ്ടായ പുതിയ സാഹചര്യങ്ങളാണ്.ജർമൻ ജനതയെ സാമൂഹിക അച്ചടക്കത്തിന്റെ ഒരു കീഴ്വഴക്കത്തിലേക്ക് നയിക്കാൻ ഹിറ്റ്ലർക്കു സാധ്യമായി. രാജ്യത്തെ രാഷ്ട്രീയ സ്ഥാപനങ്ങളുടെ പരമ്പരാഗതമായ ദൌർബല്യം കൂടി ഇതൊടു കൂട്ടി ചേർത്ത്  വായിച്ചാൽ വ്യക്തി പ്രഭാവമുള്ള നേതാക്കളോട് ജർമൻ ജനതക്കുള്ള ആഭിമുക്യം വളരെ എളുപ്പം മനസ്സിലാക്കാവുന്നതാണ്. ആവശ്യ സാധനങ്ങളുടെ ദൌർലഭ്യവും ശത്രു സൈന്യം വളഞ്ഞാക്രമിക്കുമോ  എന്ന ആശങ്കയും ഒരു വശത്ത്. ഓരോ ദൈനം ദിന പ്രശങ്ങളും ജീവന്മരണ പ്രശ്നമായി പൊക്കി പിടിക്കാനും   എല്ലാ രാഷ്ട്രീയത്തിലും  പൌരാണിക ഉള്ളടക്കം കുത്തിനിറക്കാനുമുള്ള പ്രവണത മറുവശത്ത് . ഹിറ്റ്ലറുടെ ഉയർച്ചയെ തഴയാൻ ശ്രമിച്ച രാഷ്ട്രീയ ശകതികൾ മുന്നോട്ടുള്ള പോക്കിൽ തളർന്നു പോയി. ഹിറ്റ്ലര്ക്കെതിരെ പ്രതിരോധമില്ലാത്ത വിധം രാഷ്ട്രീയ ശക്തികൾ തകർന്നു പോയതെങ്ങനെയെന്ന് ഉത്തരം കിട്ടാത്ത ചോദ്യമായി ഗ്രന്ഥകാരൻ ഉയർത്തികാട്ടുന്നുണ്ട്. കപടനാട്യം ,പ്രതികാരവാഞ്ച ,വിനാശകരമായ ദീർഘവീക്ഷണമില്ലായ്മ എന്നിവയുടെ ഫലമായിരുന്നു യഥാർത്തത്തിൽ യുദ്ധ തോൽവിയുടെ  ഈ സമാധാന ഉടമ്പടിയെന്ന് ഇവിടെ ചൂണ്ടിക്കാട്ടുന്നുണ്ട്.   
ഹിറ്റ്ലറുടെ  അവസാന നാളുകളോട് നീതി പുലർത്തുന്ന ഒരു ഗ്രന്ഥവും നിലവിലൽ ലഭ്യമല്ല. ഈ പുസ്തകം അല്പമെങ്കിലും വസ്തുതകളിൽ ഊന്നിക്കൊണ്ട് വിവരങ്ങൾ തരുന്നുണ്ട് എന്നാശ്വസിക്കാം.   

സ്വേച്ഛാധിപതിയാകുന്നത് എങ്ങനെ: ഇരുപതാം നൂറ്റാണ്ടിലെ വ്യക്തിത്വത്തിന്റെ ആരാധന -Frank Dikotter

ഒരു സ്വേച്ഛാധിപതിക്കും ഭയത്തിലൂടെയും അക്രമത്തിലൂടെയും മാത്രം എക്കാലവും ഭരിക്കാനാവില്ല. താൽക്കാലികമായി നഗ്നശക്തികളെ പിടിച്ചടക്കാം എന്നല്ലാതെ   ഇത് ദീർഘകാലത്തേക്ക് പര്യാപ്തമല്ല എന്നുള്ളത് വാസ്തവമായ സംഗതിയാണ് . തന്നെ പ്രശംസിക്കാൻ സ്വന്തം ജനതയെ നിർബന്ധിക്കാൻ കഴിയുന്ന ഒരു സ്വേച്ഛാധിപതി കൂടുതൽ കാലം നിലനിൽക്കും. ആധുനിക സ്വേച്ഛാധിപതിയുടെ വിരോധാഭാസം, ജനകീയ പിന്തുണയുടെ മിഥ്യാധാരണ അദ്ദേഹം സൃഷ്ടിക്കണം എന്നതാണ്. ഇരുപതാം നൂറ്റാണ്ടിലുടനീളം, ദശലക്ഷക്കണക്കിന് ആളുകൾ ,  നേതാക്കൾ തങ്ങളെ അടിമത്തത്തിന്റെ  വഴിയിൽ കൊണ്ടുപോകുമ്പോഴും സ്വയം ആവേശഭരിതരായി നേതാക്കളെ അഭിനന്ദിക്കാൻ നിർബന്ധിതരായി.

എങ്ങനെ ഒരു സ്വേച്ഛാധിപതിയായി , എന്ന പുസ്തകം രചിച്ച ഫ്രാങ്ക് ഡികോട്ടർ , ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഫലപ്രദമായ എട്ട് വ്യക്തിത്വ ആരാധനപത്രങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു.മുസ്സോളിനി, ഹിറ്റ്‌ലർ, സ്റ്റാലിൻ, മാവോ സെദോംഗ്, കിം ഇൽ-സുംഗ്, നിക്കോളെ ചൗഷസ്ക്യു, എത്യോപ്യയിലെ മെൻജിസ്റ്റു, ഹെയ്തിയിലെ ഡുവാലിയർ എന്നിങ്ങനെ ഇരുപതാം നൂറ്റാണ്ടിനെ ലോകത്തിന്റെ ശ്രദ്ധ കേന്ദ്രമാക്കിയവരാണിവർ.  ഈ സ്വേച്ഛാധിപതികൾ നിരന്തരം സ്വന്തം പ്രതിച്ഛായയിൽ പ്രവർത്തിക്കുകയും ജനങ്ങളെ മഹത്വപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജനാധിപത്യം പിൻവാങ്ങുന്ന ഈ കാലഘട്ടത്തിൽ, ഇന്നത്തെ ചില ലോക നേതാക്കൾക്കിടയിൽ സമാന സാങ്കേതിക വിദ്യകളുടെ പുനരുജ്ജീവനത്തെ നാം കാണുന്നുണ്ടോ?

സമയോചിതമായ ഈ പഠനം, മികച്ച ആഖ്യാനാത്മകതയോടെ ഒരു ആരാധനാരീതി എങ്ങനെ വിത്തിടുന്നു പടരുന്നു , വളരുന്നു, സ്വയം നിലനിർത്തുന്നു എന്ന് പരിശോധിക്കുന്നുണ്ട്  ഈ പുസ്തകം. വ്യക്തിത്വത്തിന്റെ ആരാധനാരീതി അത് ഉൾക്കൊള്ളുന്നിടത്ത്, സ്വേച്ഛാധിപത്യത്തിന്റെ ഹൃദയത്തിൽ തന്നെയാണ് സ്ഥാപിക്കുന്നത് എന്നു  ഈ പുസ്തകം പറഞ്ഞു വെക്കുന്നുണ്ട്.

അവലംബം:ബ്ലൂംസ്ബെറി

ബീഫ് ഫ്രൈ

വണ്ടിയിൽ കുത്തി നിറച്ച് കൊണ്ടോയ

അറവുമാടുകളുടെ വാർത്തയാണ്

അയാളെ വല്ലാതെ കരയിച്ചത്.

ഉറങ്ങാതിരിക്കാൻ കണ്ണിൽ

മുളകു  തേക്കുമെത്ര.

അനങ്ങാതിരിക്കാൻ കാലുകൾ

കൂട്ടിക്കെട്ടുമെത്രെ.

ഇനിയുമങ്ങനെയെത്രയെത്ര.

കരളു പറിഞ്ഞ വേദനയോടെ

ശീതീകരിച്ച ബാറിലിരുന്നു

വെയിറ്ററോടയാൾ ഗർജിച്ചു.

ബീഫ് റോസ്റ്റല്ലെടോ 

ചില്ലി ബീഫ് ഫ്രൈയാണ്

ഞാൻ  ചോദിച്ചത് 

സാഹിത്യ നൊബേൽ 2019- എന്തിനോ വേണ്ടി തിളപ്പികുന്ന വിവാദങ്ങൾ

2018 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഒരു ലൈംഗികഅപവാദത്തിൽ വിവാദമായതിനെ തുടർന്ന് പ്രഖ്യാപിക്കയുണ്ടായില്ല.2019 ൽ അതുംകൂടി ചേർത്താണ് അവാർഡ് പ്രഖ്യാപിച്ചത്. യൂറോപ്പ്യൻ പക്ഷപാതവും വർണ്ണ വർഗ്ഗ വിവേചനവും നോബൽ കമ്മിറ്റിയെ സ്വാധീനിക്കുന്നുണ്ടെന്ന വാദം വളരെ കാലം മുൻപ് തന്നെ നിലനിൽക്കുന്നുണ്ട്.അർഹതപ്പെട്ടെന്നു തോന്നുന്നവർക്ക് അതുകിട്ടാതെ വരുമ്പോൾ സ്വാഭിവികമായും ഉണ്ടായിവന്നിരുന്ന സംശയങ്ങൾ മുന്നോട്ട്  പോകുന്തോറും കൂടിവരുന്നതായികാണാം. എന്നാൽ ഇക്കൊല്ലം വിവാദത്തിനു തിരികൊളുത്തിരിക്കുന്നതിന്റെ വിഷയം മറ്റൊന്നാണ്. 2019 ലെ സാഹിത്യ നോബൽ പീറ്റർ ഹാൻഡെക്  എന്ന ഓസ്ട്രിയൻ എഴുത്തുകാരനാണ് കിട്ടിയിരിക്കുന്നത്.എഴുത്തുകാരന്റെ രാഷ്ട്രീയവും സാംസ്‌കാരിക വീക്ഷണങ്ങളും  അഭിപ്രായപ്രകടനകളുമാണ് സ്വയം പ്രഖ്യാപിത പ്രബുദ്ധ ജനങ്ങളെ വിറളി പിടിപ്പിച്ചിരിക്കുന്നത് .അതിലൊട്ടും അതിശയോക്‌തി  ഇല്ലതാനും.നിയോ ഫാസിസറ് സമീപനങ്ങൾ പരസ്യമായി സ്വീകരിച്ചുപോന്നിട്ടുള്ളയാളാണ്  കക്ഷി.സെർബിയൻ വംശഹത്യയെ ന്യായീകരിക്കുകയും ,സ്ലോബോഡാൻ മിലോസെവിക് എന്ന സെർബിയൻ സ്വേച്ഛാധിപതിയുടെ ഇഷ്ടതോഴനും ആരാധകനുമായിരുന്നു ഹാൻഡെക്. പുരസ്‌കാരങ്ങൾ വെറും പുരസ്‌കാരങ്ങൾ മാത്രമല്ല എന്നാണ് ഒരു ഭാഷ്യം.സാഹിത്യമൂല്യം മാത്രം അല്ലെങ്കിൽ കല-സാംസ്കാരിക സംഭാവനകൾ മാത്രം പരിഗണിച്ചാണോ പുരസ്‌കാരങ്ങൾ തീരുമാനിക്കുകയും സമ്മാനിക്കുകയും ചെയ്യുന്നത് എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്.സാഹിത്യമോ അതിന്റെ രചയിതാവോ സമൂഹത്തിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒന്നല്ല. അതിലൊരു തർക്കവും ഇല്ല. അംഗീകാരങ്ങൾ ലഭിക്കുന്ന വ്യക്തിയുടെ രാഷ്ട്രീയവും നിലപാടുകളും സമൂഹത്തെ പല രീതിയിലും സ്വാധീനിക്കുന്നുണ്ടെന്ന ഒരു വാദമാണ് ഇത്തരം വാദങ്ങളെ ചൂടുപിടിപ്പിക്കുന്നത്.പക്ഷെ അത് ഒരു മാനദണ്ഡമാക്കി ഉയർത്തിക്കാണിക്കാമോ എന്നാണ് ഒരു മറു ചോദ്യം? ഒരു വ്യക്തി ഏതു രാഷ്ട്രീയപ്പാർട്ടിയിൽ വിശ്വസിക്കുന്നു അല്ലെങ്കിൽ ഏതു മതത്തെ പിന്തുണക്കുന്നു എന്നത് പുരസ്‌കാരത്തിന് പരിഗണിക്കുമ്പോൾ മുന്നിൽ വരാമോ? സാഹിത്യ കൃതിയുടെ കനവും മേന്മയും നോക്കി തന്നെയാകണം അവാർഡ് നിർണയം.ബാക്കിയുള്ളതെല്ലാം അതിന്റെ പിന്നിലെ വരുന്നുള്ളൂ. സ്വീഡിഷ് അക്കാദമിക്ക്‌ കൃതികൾ അയക്കുമ്പോൾ ഇനി മുതൽ രചയിതാവിന്റെ മതതാത്പര്യം, രാഷ്ട്രീയ നിലപാടുകൾ,എന്നിവകൂടാതെ സ്വഭാവ സര്ടിഫിക്കറ്റു കൂടി കരുതണമെന്നാണോ ഇക്കൂട്ടർ പറയുന്നത്? അങ്ങനെയാണെങ്കിൽ സിനിമ അഭിനയത്തിന് ഓസ്കാർ കൊടുക്കുമ്പോൾ നായകൻ സിനിമയിൽ പുക വലിക്കുകയോ മദ്യപിക്കുകയോ അതുമല്ലെങ്കിൽ സ്ത്രീകളോട് മോശമായി പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത്തരം രംഗങ്ങൾ സമൂഹത്തെ സ്വാധീനിക്കും എന്ന മുടന്തൻ ന്യായം ഇവിടെ പ്രയോഗികമാണോ? കൂടാതെ വ്യക്തി ജീവിതത്തിലും അയാൾ അങ്ങനെ തന്നെയാണെകിൽ എന്തായിരിക്കും നിലപാട്? അയാൾ അവാർഡിന് ആർഹനല്ല എന്നാണോ? എന്തുകൊണ്ട് ഇതു കലാ സാഹിത്യ രംഗങ്ങളിൽ മാത്രം സംഭവിക്കുന്നു? രാഷ്ട്രീയ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ നമ്മൾ ആരും ഇതു പരിഗണിക്കാത്തത് എന്തു കൊണ്ടാണ്? ഒരു രാഷ്ട്രീയക്കാരൻ അഴിമതി കാണിച്ചാലും പീഡനം നടത്തിയാലും പിന്നെയും പിന്നെയും അയാളെ തന്നെ തിരഞ്ഞെടുക്കുന്നത് എന്തിന്റെ അടിസ്‌ഥാനത്തിലാണ്‌? അവിടങ്ങളിൽ എന്തുകൊണ്ട് അത്തരം ന്യായങ്ങൾ നടപ്പിലാകുന്നില്ല? പീറ്റർ ഹാൻഡിക്കിന്റെ കൃതികൾ മഹത്തായതുകൊണ്ടു തന്നെയാണ് നോബൽ സമ്മാനം  കിട്ടാൻ അദ്ദേഹം അർഹനായത്. പറഞ്ഞു  വരുമ്പോൾ ഈ പീറ്റർ ഹാൻഡെക് ഒരു പ്രതിഭാസം തന്നെയാണെന്നു അദ്ദേഹത്തിന്റെ കൃതികളും കൈവച്ചിട്ടുള്ള സാഹിത്യമേഖലകളും കണ്ടാൽ മനസിലാകും.നാടകം, നോവൽ, തിരക്കഥ കൃത്തു ,പ്രഭാഷകൻ, പ്രബന്ധമെഴുത്തു എന്നിങ്ങനെ സമസ്തമേഖലകിലും അദ്ദേഹത്തിന്റെ  സാന്നിധ്യം കാണാം.ഓസ്ട്രിയയിലെ മിക്ക രാഷ്ട്രീയ സാംസ്‌കാരിക  സംവാദങ്ങളിലും ഹാൻഡെക്നെ കാണാം.A Sorrow Beyond Dreams,The Goalie’s Anxiety at the Penalty Kick,The Left-Handed Woman,Short Letter, Long Farewell,A Moment of True Feeling,Repetition,Three by Peter Handke  എന്നിങ്ങനെ എഴുതിക്കൂട്ടിയ പുസ്തകങ്ങൾ ഇനിയുമുണ്ട്. ലിസ്റ്റ് ഇവിടെ തീരുന്നില്ല. 2014-ൽ ഹാൻഡ്‌കെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നിർത്തലാക്കണമെന്ന് ആവശ്യപ്പെടുകയും അതിനെ “സർക്കസ്” എന്ന് വിളിക്കുകയും ചെയ്ത ആളാണ് നമ്മുടെ ഈ കക്ഷി.കിട്ടിയ അവാര്ഡുകള്ക്കും കണക്കില്ല. ജോർജ്ജ് ബുച്നർ സമ്മാനം , വിലെനിക്ക ഇന്റർനാഷണൽ ലിറ്റററി പ്രൈസ് ,അമേരിക്ക അവാർഡ് ,തോമസ്-മാൻ-പ്രീസ്ഫ്രാ,ൻസ് കാഫ്ക സമ്മാനം, മൾഹൈമർ ഡ്രമാറ്റിക്കർപ്രെയിസ്,, ഇന്റർനാഷണൽ ഇബ്സൻ അവാർഡ് ,ഇപ്പോഴിതാ  സാഹിത്യത്തിനുള്ള നോബലും. പറഞ്ഞു വന്നത് അവാർഡ് കൊടുക്കേണ്ടത് അയാളുടെ സ്വഭാവ മഹിമ നോക്കിയല്ല ,മറിച്ചു   കഴിവ് കണ്ടിട്ടു  തന്നെയാകണം എന്നെ പറയാൻ ഉദ്ദേശിച്ചുള്ളൂ. മറിച്ചാണെങ്കിൽ ഇവിടെ ആർക്കും അവാർഡ് കൊടുക്കാൻ പറ്റില്ല.ഒരു ഉദാഹരണം പറയുകയാണെങ്കിൽ 1953  ലെ സാഹിത്യ ത്തിനുള്ള നോബൽ സമ്മാനം വിൻസ്റ്റൻ ചർച്ചിലിനു കിട്ടിയത് ചോദ്യം ചെയ്യാവുന്ന ഒരു സംഗതിയല്ലേ?.വംശീയ വിശ്വാസങ്ങൾ വച്ചുപുലർത്തിയിരുന്ന ആളായിരുന്നു ചർച്ചിൽ . വെറുപ്പിന്റെ രാഷ്ട്രീയം വച്ചുപുലർത്തിയിരുന്ന, ഇൻഡ്യക്കാരോടും പ്രതേകിച്ചു ഗാന്ധിജിയോടും ചർച്ചിൽ പ്രകടിപ്പിച്ചിരുന്ന അസഹിഷ്ണുത കു പ്രസിദ്ധമാണല്ലോ.1943 ലെ ബംഗാൾ കലാപത്തിന് മുഖ്യ കരണക്കാരനും ഈ ചർച്ചിൽ  ആയിരിന്നു എന്ന് കാണാം.എന്നിട്ടും അദ്ദേഹത്തിന് നൊബേൽ കിട്ടി . എന്ത് വിരോധാഭാസം അല്ലെ? അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ കിടക്കുന്നു.. ഇതൊന്നും കാണാത്തവരാണ് ഇപ്പോഴത്തെ സാഹിത്യ നോബല് പ്രഖ്യാപനം കളങ്കപ്പെട്ടു  എന്നു വിലപിക്കുന്നത്. സ്വീഡിഷ് അക്കാദമി നല്ല  സ്വഭാവത്തിനുള്ള ഒരു നോബല് കൂടി ഉൾപ്പെടുത്തണം  എന്നാണ് എന്റെ ഒരു ഇത് . അല്ലാതെ എന്തു പറയാനാണ്?.  

അവശേഷിപ്പുകൾ


അന്നൊരാ പുഴയുടെ തീരത്തു നിന്നു  ഞാൻ

കണ്ട സ്വപ്നങ്ങളൊക്കെയും

അവളെക്കുറിച്ചുള്ളതായിരുന്നു.

എന്നിലെ നീർമണിപൊട്ടുകളത്രയും

മറ്റാരും കാണാതെയൊളിപ്പിച്ചപ്പോഴൊക്കെയു-

മാപ്പുഴയും ഞാനും തമ്മിലന്നേ

ബന്ധുക്കളായി ചമഞ്ഞു.

അവൾക്കായി പിന്നാലെ നടന്നപ്പോളൊക്കെയും

ഞാനെന്നെ മറന്നു,

പുഴയെ മറന്നു,

മറ്റെല്ലാം മറന്നു.

ഒടുവിലായവളെങ്ങോപ്പോയി മറഞ്ഞപ്പോൾ

ആരുമില്ലാ കൂടെയെന്ന് കണ്ട് തിരികെ നടന്നപ്പോൾ

ആ പുഴയുമെങ്ങോ പോയി മറഞ്ഞിരുന്നു.

എനിക്കായി കൂട്ടിയിട്ട മണൽത്തരികൾ ബാക്കിപത്രം