ബയോംകേഷ് ബക്ഷിയുടെ കുറ്റാന്വേഷണ കഥകൾ

കുറ്റാന്വേഷണ കഥകൾ പ്രായഭേദമാന്യേ എല്ലാവർക്കും ഇഷ്ടപ്പെടാൻ കാരണം കഥയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഉദ്വേഗമാണ്. കഥ പറയുന്ന രീതിയും അതിൽ പ്രധാനമാണ്. വേണ്ടവിധം അവതരിപ്പിച്ചില്ലെങ്കിൽ പൊളിഞ്ഞു പാളീസായി പോകുന്ന ഒരു സംഭവമാണത്. അത്രത്തോളം സൂക്ഷ്മതയോടെ കഥ പറഞ്ഞില്ലെങ്കിൽ വായനക്കാർ അതിനെ തള്ളികളയും എന്നുറപ്പ്.
അങ്ങനെയുള്ള കുറ്റാന്വേഷണ നോവലുകൾ തപ്പി നടക്കുന്നതിനിടയിലാണ് ശരദിന്ദു ബന്ദോപാധ്യായയുടെ ഡിറ്റെക്ടിവ് ബയോംകേഷ് ബക്ഷി എന്ന പുസ്തകം കൈയിൽ കിട്ടിയത്.
അനുകൂൽ ബാബു എന്ന ഹോമിയോപ്പതി ഡോക്ടർ നടത്തുന്ന ഒരു സത്രത്തിലെ അവിടുത്തെ താമസക്കാരനായ അശ്വനി കുമാർ എന്നയാളുടെ കൊലപാതകത്തോടെയാണ് ആദ്യത്തെ കഥ തുടങ്ങുന്നത്.
അവിടെ താഴത്തെ നിലയിൽ ഡോക്ടറും, ഒന്നാമത്തെ നിലയിലെ അഞ്ചു മുറികളിലായി അത്രയും തന്നെ താമസക്കാരും ഉണ്ട്. ഇതിനിടയിൽ അതുൽ ചന്ദ്ര മിത്ര എന്നൊരാൾ ജോലി അന്വേഷിച്ചു അലഞ്ഞു ഒടുവിൽ അവിടുത്തെ താമസക്കാരനായ അജിത് ബാബുവിന്റെ ഉദാരമനസ്കതയാൽ അയാളുടെ മുറി യിൽ താമസിക്കാൻ തുടങ്ങുന്നു. അതിനു ശേഷമാണു അശ്വനി കുമാറിന്റെ മരണം നടക്കുന്നത്. സ്വാഭിവകമായും പോലീസ് ഉൾപ്പെടെ അവിടുത്തെ താമസക്കാരും അതുലിനെ സംശയിക്കുന്നു. ഡിറ്റക്റ്റീവ് എന്നോ കുറ്റാന്വേഷകൻ എന്നൊക്കയുള്ള ഗൗരവ പദങ്ങൾ ഇഷ്ട്ടപ്പെടാത്ത സത്യാന്വേഷി എന്ന പേരിലറിയപ്പെടാൻ ആഗ്രഹിക്കുന്ന ബയോംകേഷ് ബക്ഷി ഈ കേസ് അന്വേഷിച്ചു രഹസ്യങ്ങളുടെ ഒരു ചുരുൾ തന്നെ അഴിക്കുകയാണ്.
ഷെർലക് ഹോംസ് കഥാപാത്രത്തിലെ പോലെ കഥ പറയാൻ വാട്സനു പകരം ഇതിൽ അജിത് ആണെന്ന് മാത്രം.
ഹോംസ് കഥാപാത്രത്തിന്റെ ഒരു നിഴൽ നമുക്ക് ബക്ഷിയിൽ കാണാം. കഥ പറയുന്ന രീതിയിലും അത് പ്രകടമാണ്. ആളുകളെ താല്പര്യപൂർവ്വം വായിക്കാൻ പ്രേരിപ്പിക്കുക എന്ന കാര്യത്തിൽ എഴുത്തുകാരൻ അതി നിപുണനാണ്, സംശ്യമില്ലതന്നെ. ഇപ്പോൾ നൂറുകണക്കിന് ഓൺലൈൻ പ്ലാറ്റഫോമുകളിൽ ആയിരക്കണക്കിന് അത്തരം സീരീസ് കാണുന്ന ഒരാൾക്ക് ഇതൊക്കെ എന്ത് എന്ന് തോന്നിയേക്കാം. അല്ലെങ്കിൽ ഏതൊരു സിനിമ ഇറങ്ങുമ്പോഴും ഏതെങ്കിലും കൊറിയൻ സിനിമയുടെ നൂലന്ന്വേഷിച്ചു പോകുന്നവർക്കും ഇതൊരു സാധാരണ കുറ്റാന്വേഷണ പുസ്തകങ്ങൾ തന്നെയായിരിക്കും. അവരെ തൃപ്തിപ്പെടുത്താൻ കൊറിയയിൽ നിന്നും തന്നെ ആളെ ഇറക്കേണ്ടി വരും. കഥ നടക്കുന്ന കാലഘട്ടവും ഇവിടെ ഓർക്കേണ്ടതുണ്ട്. 1930 കളോ നാല്പതുകളോ ഒക്കെയാണ് കഥാ സന്ദർഭങ്ങൾ.ഈ പുസ്തകത്തിൽ ആകെ 7 കഥകളാണുള്ളത്. ആദ്യത്തെ കഥ സത്യന്വേഷി യിലെ കഥാ സന്ദർഭമാണ് മേൽ വിവരിച്ചത്.ഗ്രാമഫോൺ സൂചി രഹസ്യം,റ്ററാൻഡുലയിലെ ചിലതി വിഷം,ഒരു സമ്മത പത്രം,ദുരന്തം ആഞ്ഞടിക്കുന്നു,ബയോംകേഷിനു ഒരു അപരൻ,അപൂർണ്ണ ചിത്രങ്ങൾ എന്നിവയാണ് മറ്റു കഥകൾ. സൂക്ഷ്മ വായനയിൽ കേസന്വേഷണത്തിൽ ബക്ഷിയുടെ ചെറിയ അബദ്ധങ്ങളും നമ്മുടെ കണ്ണിൽ പെടും. ഉദാഹരണത്തിന് സമ്മത പത്രം എന്ന കഥയിലെ കൊലപാതകം അന്വേഷിക്കുന്ന സമയത്തു ക്രൈം സീനിലെ ചായ ഗ്ലാസ്സിലെ ചായ എടുത്തു രുചിച്ചു നോക്കുന്നുണ്ട് കക്ഷി. മരണകാരണം വിഷമാണോ അതോ സൂചികുത്താണോ എന്നൊന്നും ഉറപ്പിക്കുന്നതിനും മുമ്പേയാണ് ഈ സാഹസം എന്നോർക്കണം. പക്ഷെ അതൊന്നും ബക്ഷിയുടെ അന്വേഷണ പാടവത്തെയോ കഥപറച്ചിലിന്റെ ഒഴുക്കിനെയോ ഒരിടത്തും ബാധിക്കുന്നില്ല.
 
ബസു ചാറ്റർജി സംവിധാനം ചെയ്ത അതേ പേരിൽ ദൂരദർശൻ സീരിയലിലൂടെ 1993 ൽ ബയോംകേഷ് നമുക്ക് മുന്നിലെത്തിയിരുന്നു .അന്ന് പക്ഷെ ചന്ദ്രകാന്ത പോലെയുള്ള സീരിയലുകളിൽ ആയിരുന്നു ശ്രദ്ധ. ടി വി യിൽ വന്നപ്പോൾ ഒരു എപ്പിസോഡ് പോലും കണ്ടതായി ഓർക്കുന്നില്ല. ഈയിടെ അതിന്റെ പല എപ്പിസോഡുകളും തപ്പിയെടുത്തു വെച്ചിട്ടുണ്ട് കാണാൻ! കുറച്ചു നാൾ മുൻപ് അതേപേരിൽ ഹിന്ദി സിനിമയും ഇറങ്ങിയല്ലോ.ശരദിന്ദു ബന്ദിയോപാധ്യായയുടെ 30 കഥകളുടെയും പകർപ്പ് അവകാശങ്ങൾ വാങ്ങിയിട്ടുണ്ടെന്നാണ്‌ സംവിധായകൻ ദിബാകർ ബാനർജി പറയുന്നത്. അപ്പോൾ നമുക്ക് ഇനിയും അത്തരം സിനിമകൾ പ്രതീക്ഷിക്കാം.
1932 ൽ സത്യൻ‌വേശി എന്ന ചെറുകഥയിലാണ് ബയോംകേഷ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അടുത്ത 38 വർഷത്തിനിടയിൽ സരദിന്ദു ബന്ദോപാധ്യായ 32 കഥകൾ കൂടി എഴുതിയിട്ടുണ്ട്. നിർഭാഗ്യവശാൽ, അവസാനത്തേത് പൂർത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹം മരിച്ചു. മലയാളത്തിലേക്കു ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് ഡോ :ജെയിംസ് പോൾ ആണ്. പുസ്തകം ഇറക്കിയിരിക്കുന്നത് ഇൻസൈറ്റ് പബ്ലിക്ക യും വില 330 രൂപ .

മാർജ്ജാര നായകി -മിനികഥകൾ

അപ്രതീക്ഷിതമായാണ് goodreads ൽ നിന്നും ഈ പുസ്തകത്തെ കുറിച്ച് അറിയാൻ ഇടയായത്.എഴുത്തുകാരി തന്നെ സൗജന്യമായി പുസ്തകം എത്തിച്ചു തരികയും ചെയ്തു.ലോക്‌ഡോൺ കാലമായതുകൊണ്ടു പുസ്തകം kindle ൽ ഇബുക്ക് ആയാണ് പുറത്തിറക്കിയത്. ചെറുകഥകളെ ഇഷ്ടപ്പെടുന്ന മലയാളി എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ  എഴുത്തുകാരിയെ കുറിച്ച് വിവരിച്ചത് കണ്ടു. പന്ത്രണ്ട് മിനി കഥകളുടെ ഒരു സമാഹാരമാണ് ഈ ചെറു പുസ്തകം.പന്ത്രണ്ടാമത്തെ കഥയുടെ പേരാണ് മാർജ്ജാര നായകി. ആരോഗ്യമില്ലാത്ത ഇരട്ടക്കുട്ടികളിലൊന്നിനെ ഉപേക്ഷിക്കേണ്ടി വന്ന ദമ്പതികളുടെ മനോവിഷമങ്ങളെ വരച്ചുകാട്ടുന്ന ആകാശവിളക്കുകൾ നമ്മുടെ മനസിനെ ഒന്ന് സ്പർശിക്കും.ലജ്ജ എന്ന കഥയിൽ നൂറുകണക്കിന് കണ്ണുകൾക്ക് മുന്നിൽ വച്ച് അപമാനിക്കപ്പെടുന്ന സ്ത്രീരൂപത്തെക്കുറിച്ചാണ് പറയുന്നത് . പക്ഷെ കഥാന്ത്യത്തിലൂടെ മാത്രമേ വായനക്കാർക്കു അതിന്റെ യാഥാർഥ്യം വെളിപ്പെടുകയുള്ളൂ. തങ്ങൾ മുൻപ് വേർപ്പെടുത്തിയ ദാമ്പത്യ  ബന്ധം വീണ്ടുവിചാരത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്ന ദമ്പതികളുടെ കഥപറയുന്ന പരിസമാപ്തി,സെന്റ് ഹെലേന ദ്വീപിൽ തനറെ അവസാന ശ്വാസം പ്രതീക്ഷിച്ചുകൊണ്ട് തന്റെ പ്രിയ പത്നിയെ ഉപേക്ഷിച്ചതിന്റെ പശ്ചാത്താപത്തിൽ നീറുന്ന നെപ്പോളിയന്റെ കഥ പറയുന്ന പൂർണ്ണക്ഷയം. അങ്ങനെ വ്യത്യസ്തവും വേറിട്ടതുമായ പന്ത്രണ്ടു മിനി കഥകൾ ഈ പുസ്തകത്തിൽ ഉണ്ട് . 
കഥ പറയുന്ന രീതി വളരെ ലളിതമാണ്.വളച്ചുകെട്ടലോ,കുഴയ്ക്കുന്ന ഭാഷാപ്രയോഗങ്ങളോ ഒന്നും കാണാൻ സാധിക്കില്ല. ഒറ്റയിരിപ്പിനു വായിച്ചു തീർക്കാവുന്ന ഒരു പുസ്തകം! 
ഇതിലെ മിക്ക കഥാപാത്രങ്ങൾക്കും  പേരില്ല.അപൂർവം കഥാപാത്രങ്ങൾക്ക് മാത്രമേ പേരിലൂടെ നമ്മളോട് സംസാരിക്കുന്നുള്ളു.അല്ലെങ്കിലും ഒരു പേരില്ലെന്തിരിക്കുന്നു അല്ലെ?

ഒൻപത് ജീവിതങ്ങളും പിന്നെ ഡാൽ‌റിംപിളും

ചരിത്രത്തിന്റെയും യാത്രയുടെയും എഴുത്തുകാരനായാണ് വില്യം ഡാൽ‌റിംപിൾ അറിയപ്പെടുന്നത് .വൈറ്റ് മുഗൾസ് , സിറ്റി ഓഫ് ജിൻ‌സ് ,ദ ലാസ്റ്റ് മുഗൾ തുടങ്ങിയ എണ്ണം പറഞ്ഞ പുസ്തകങ്ങൾ കൊണ്ട് നിരവധി ആരാധകരെ സൃഷ്ടിക്കുകയും ,അത്തരത്തിൽ ഇന്ത്യ ചരിത്രത്തിന്റെ നിരവധി അടരുകളെ നമ്മെ പരിചയപ്പെടുത്തുകയും ചെയ്തയാളാണ് ഡാൽ‌റിംപിൾ.അതുകൊണ്ടു തന്നെ വില്യം ഡാൽ‌റിംപിളിനെ വായനക്കാർക്കിടയിൽ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമേയില്ല . 

നിരവധി ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ വന്നിട്ടുള്ളവ അധികം കണ്ണിൽപെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു പുസ്തകം അതും ഇതുവരെയ്ക്കും മലയാളത്തിലേക്ക്  വന്നിട്ടുള്ള ഒന്ന് (ഒരേയൊരുന്ന്) എന്ന് ഞാൻ വിശ്വസിക്കുന്ന ഒരു പുസ്തകമാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്.ഒൻപതു ജീവിതങ്ങൾ എന്നാണ് ആ പുസ്തകത്തിന്റെ പേര്.

 ഈ പുസ്തകത്തിനുള്ള ആശയം ഇതെഴുതുന്നതിനും പതിനാറു വർഷങ്ങൾക്കു മുൻപ് കൃത്യമായി പറഞ്ഞാൽ 1993 ലെ ഒരു ഉയർന്നു തെളിഞ്ഞ ഹിമാലയൻ വേനൽ പുലർച്ചയിലാണുണ്ടായത് എന്ന് എഴുത്തുകാരൻ നമ്മളോട് പറയുന്നുണ്ട്.ആധുനികതയ്ക്കും പാരമ്പര്യത്തിനുമിടയിലുള്ള ഇടങ്ങളിലെ കഥകളാണ് ഒൻപതു അധ്യായങ്ങളിലായ് പുസ്തകത്തിൽ നിറഞ്ഞു  കിടക്കുന്നത്.പരസ്പരം ബന്ധിക്കാത്ത ഒൻപതു കഥേതര ചെറു കഥകളായാണ് ഒൻപതു ജീവിതങ്ങൾ നമ്മളോട് പറയുന്നത്.

1972 ൽ റായ്പൂരിലെ വ്യാപാരികളുടെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച പ്രസന്നമതി മാതാജിയുടെ കഥയോടെയാണ് പുസ്തകം ആരംഭിക്കുന്നത്. അവർ എങ്ങനെ ഒരു ജൈന കന്യാസ്ത്രീയായതെന്നും അതിലേക്കു എത്തപ്പെട്ടതെന്നും അവരുമായുള്ള നേരിട്ടുള്ള സംഭാഷണത്തിലൂടെയാണ് എഴുത്തുകാരൻ മനസ്സിലാക്കുന്നത്. 

ദൈവങ്ങൾ ആണ്ടിലൊരിക്കൽ മണ്ണിലിറങ്ങി വന്ന് നൃത്തം ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്ന ഒരു ജനതയുടെയും, തെയ്യം കോലം കെട്ടുന്ന ,കൊല്ലത്തിൽ ഒൻപതു മാസം കൂലിപ്പണിയെടുക്കുന്ന,ആഴ്ചയിൽ അഞ്ചു ദിവസം കിണർ കുഴിക്കുന്ന,ആഴ്ചയവസാനം തലശ്ശേരി സെൻട്രൽ ജയിലിൽ വാർഡനായി ജോലി നോക്കുന്ന ഹരിദാസ് എന്ന ചെറുപ്പകാരനറെയും കഥ കണ്ണൂരിലെ നർത്തകൻ എന്ന അധ്യായത്തിലൂടെ നമ്മുടെ മുന്നിലെത്തുന്നു.

 കേരളത്തിലെ നാട്ടുപ്രദേശങ്ങളിലൂടെ  പലപ്രാവശ്യം സഞ്ചരിച്ചതിനുശേഷം  രസകരമായൊരു നിരീക്ഷണം കേരളത്തെക്കുറിച്ചു എഴുത്തുകാരൻ പങ്കുവെക്കുന്നുണ്ട് . അതിപ്രകാരമാണ് .”കേരളത്തെ സങ്കല്പിക്കാവുന്നതിൽ വെച്ച് ഏറ്റവും സൗമ്യവും ദയാപരവും ഉദാരമനസ്‌കവുമായ നാടാണെന്ന് തോന്നിക്കുമെങ്കിലും യഥാർത്ഥത്തിൽ കേരളം ഇന്ത്യയിൽ ഏറ്റവുമധികം യാഥാസ്ഥിതകത്വവും സാമൂഹിക അടിച്ചമർത്തലുകളൂം, ഉറച്ച അധികാര ശ്രേണികളും നിലനിൽക്കുന്ന നാടാണ്”.ഈ അധ്യായത്തിൽ അവിടുത്തെ പ്രാദേശിക രാഷ്ട്രീയ സംഘട്ടനങ്ങളെ കുറിച്ചും കൊലപാതകങ്ങളെ കുറിച്ചുമൊക്കെ പരാമർശിക്കുന്നുണ്ട്. എഴുത്തുകാരന് അതൊക്കെ പുതുമയാണെന്നു തോന്നുമെങ്കിലും ഒരു ഫുട്ബോൾ മാച്ചിന്റെ ലാഘവത്തോടെ സ്കോർ നില എണ്ണുന്ന മലയാളികൾക്ക് അതൊക്കെ ഒരു നിത്യസംഭവങ്ങളോ ശീലങ്ങളോ ഒക്കെയാണല്ലോ.

മറ്റൊരു അധ്യായത്തിൽ ചൈനീസ് ടിബറ്റ് ആക്രമണത്തെ ചെറുക്കാൻ ഒരു ബുദ്ധ സന്യാസി  ആയുധമെടുത്ത കഥ പറയുന്നുണ്ട് . 1950 കളിൽ ചൈന ടിബറ്റ് ആക്രമിച്ചപ്പോൾ പസാംഗ് ഒരു യുവ സന്യാസിയായിരുന്നു. തുടർന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാർത്ഥനാ പതാകകൾ കൈകൊണ്ട് അച്ചടിച്ച് അക്രമത്തിന് പ്രായശ്ചിത്തം ചെയ്യാൻ അയാൾ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. മറ്റൊരു അധ്യായത്തിൽ പാബുജി എന്ന ദൈവത്തിന്റെ സഞ്ചരിക്കുന്ന അമ്പലത്തിന്റെ കഥകൾ  പറയുന്നു. അത്തരം ഒൻപതു ജീവിതങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. 

ഡാൽ‌റിംപിളിന്റെ മനോഹരമായി എഴുതിയതും കാവ്യാത്മകവുമായ പുസ്തകം അതിന്റെ ഒമ്പത് വിഷയങ്ങളിലൂടെ ഇന്ത്യയുടെ സമ്പന്നമായ ആത്മീയ പൈതൃകത്തിന്റെ ഛായാചിത്രവും, ആധുനികവൽക്കരണത്തിൽ നിന്നും ആഗോളവൽക്കരണത്തിൽ നിന്നും ഭീഷണി നേരിടുന്ന ആ ആത്മീയതയുടെ വശങ്ങളും വിവരിക്കുന്നു.

 വഴിയിലൂടെ നടന്നു പോകുമ്പോൾ അപ്പുറത്തു കാണുന്ന സംഭവങ്ങളെ വെറും വിവരണങ്ങൾ ആക്കുന്ന പതിവ് യാത്രാ പുസ്തകങ്ങളിൽ നിന്നും ഇത് വളരെയധികം വ്യത്യസ്തത പുലർത്തുന്നുണ്ട്. കാരണം ഈ ഒൻപതു ജീവിതങ്ങളെ അത്രമേൽ ആഴത്തിൽ ഇറങ്ങി അത്രമേൽ  വിശാലമായ ഉൾക്കാഴ്ചയോടും സാഹചര്യങ്ങളുടെ സ്പന്ദനത്തോടും കൂടിയാണ് ഡാൽ‌റിമ്പിൾ ഈ ജീവിതങ്ങളെ വിവരിക്കുന്നത്. അതിന്റെ ഭാഷ തീർച്ചയായും നമ്മളെ ആനന്ദിപ്പിക്കും. 

മലയാളത്തിലേക്കു ഇത് തർജ്ജമ ചെയ്തിരിക്കുന്നത് പ്രഭ സക്കറിയാസ് ആണ്.  അവരുടെ തർജ്ജമ അതിന്റെ ഉന്നത നിലവാരം കൊണ്ട് ശ്രദ്ധേയമാണെന്ന കാര്യം ഇവിടെ സൂചിപ്പിക്കാതെ പോയാൽ ഒരു മഹാ അപരാധമായിപ്പോകും  . ഇതൊരു വിവർത്തന പുസ്തകമാണോ എന്ന് ഒരിക്കലും, ഒരിടത്തു പോലും വായനക്കാരെ തോന്നിപ്പിക്കാത്ത വിധത്തിലാണ് ,അത്രയും കുറ്റമറ്റ രീതിയിലാണ് അവർ ചെയ്തു വച്ചിരിക്കുന്നത്.  മാതൃഭൂമി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 

ഇന്ത്യ ചരിത്രത്തിലെ കേൾക്കാത്ത കഥകളുമായി മനു എസ് പിള്ള

ഗണികയും ഗാന്ധിയും ഇറ്റാലിയൻ ബ്രാഹ്മണനും  
ഒരു പിടി ചരിത്ര പുസ്തകങ്ങൾ കൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തുകയും അവരിൽ ചിലരെയെങ്കിലും ചരിത്രത്തിന്റെ നിഗൂഢതകളുടെ പിന്നാമ്പുറം തിരഞ്ഞുപോകാൻ പ്രേരിപ്പിക്കുകയും ചെയ്തയാളാണ് മനു എസ്‌  പിള്ള.മനുവിന്റെ ഏറ്റവും പുതിയ പുസ്തകമാണ്  ഗണികയും ഗാന്ധിയും ഇറ്റാലിയൻ ബ്രാഹ്മണനും.ഇന്ത്യ ചരിത്രത്തിലെ  കേൾക്കാത്ത കഥകളെ വെളിച്ചത്തുകൊണ്ടുവരികയാണ് മനു ഇതിൽ ചെയ്തിരിക്കുന്നത്.
ഗണികയും ഗാന്ധിയും ഇറ്റാലിയൻ ബ്രാഹ്മണനും എന്ന പുസ്തകത്തിന്റെ പേര് കേൾക്കുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും ഇവർ തമ്മിൽ തമ്മിൽ എന്ത് ബന്ധം എന്ന് തോന്നിയേക്കാം. ഇവരെ തമ്മിൽ കൂട്ടിയിണക്കുന്ന ഒന്നും തന്നെ ഇല്ലെങ്കിലും ഇന്ത്യ ചരിത്രത്തിൽ വേറിട്ട അടരുകളും അദ്ധ്യായങ്ങളും ഇവർക്ക് വേണ്ടി മാറ്റിവെച്ചിട്ടുണ്ട് എന്നുള്ളതാണ് വസ്തുത . ഒരു പക്ഷെ ഗാന്ധിയോളം വിപുലമായ രീതിയിൽ അല്ലെങ്കിലും മറ്റു രണ്ടുപേർ ചരിത്രത്തിൽ അവരുടേതായ അടയാളപ്പെടുത്തിയിട്ടുണ്ട്. ഭൂതകാലത്തിൽ നിന്നും സ്വായത്തമാക്കേണ്ടത് വിവേകമാണ്,ക്രോധാവേശമല്ല എന്ന് ചിലർ നമ്മളെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന് പുസ്തകത്തിന്റെ മുഖവുരയിൽ ഗ്രന്ഥകാരൻ പറയുന്നുണ്ട്.ചരിത്രത്തിൽ നിന്നും നാം പഠിക്കേണ്ടതെന്താണെന്ന് വളരെ കൃത്യമായി അതിൽ പറഞ്ഞു വെയ്ക്കുന്നു.മൂന്നു ഭാഗങ്ങളിലായാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് രാജിന് മുൻപുള്ള ആദ്യഭാഗവും, ബ്രിട്ടീഷ് രാജിന് ശേഷമുള്ള രണ്ടാം ഭാഗവും പുസ്തകത്തിന്റെ സിംഹഭാഗവും കയ്യടക്കിയിരിക്കുന്നു.അവസാന ഭാഗം ഒരദ്ധ്യായം മാത്രമുള്ള ഒരു ചെറു വിവരണമായി ചുരുങ്ങിയിരിക്കുന്നു. അനവധി കൗതുകരമായ കഥകൾ, മുഴുവൻ മായാതെയും വീണ്ടും എഴുതിച്ചേർത്തും കിടക്കുന്ന ഒരു എഴുത്തു പലകയാണ് ഇന്ത്യൻ ചരിത്രം എന്ന് മനു തുടങ്ങി വെയ്ക്കുന്നു.  ചരിത്രത്തിൽ അധികമാരും പറയാത്ത അല്ലെങ്കിൽ ശ്രദ്ധിക്കപ്പെടുത്ത  എങ്കിലും അന്നത്തെ കാലഘട്ടത്തിൽ ശ്രദ്ധചെലുത്തിയിരുന്ന നിരവധി പേരുടെ കഥകൾ പുസ്തകത്തിൽ ഉണ്ട്. ഹിന്ദു ദൈവത്തെ പ്രണയിച്ചു എന്ന് പറയപ്പെടുന്ന മുസ്ലിം സ്ത്രീ- തുലുക്ക നാച്ചിയാർ രാജകുമാരിയുടെ അടക്കം നമ്മൾ സാധാരണ കേൾക്കാത്ത നിരവധി ആളുകളുടെ ചരിത്രമുണ്ടിതിൽ.1565 ലെ വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയുടെ കഥ മനുവിന്റെ   റിബ്ബൽ സുൽത്താന്മാർ എന്ന മറ്റൊരു പുസ്തകത്തിൽ പറയുന്നുണ്ട്. യുദ്ധം ജയിച്ച ഹുസൈൻ നിസ്സാം ഷായ്ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് ഇതിൽ കാണാം.ഷാ യുടെ ബീഗം ഖുൻസ ഹുമയൂനിന്റെ ചതി,     തിരുവിളയാടൽ പുരാണത്തിനു പ്രചോദനമായതെന്ന് വിശ്വസിക്കുന്ന മൂന്നു മുലകളുള്ള ഒരു രാജ്ഞിയുടെ കഥ,ഒരു ഗണികയിൽ നിന്നും റാണിയിലേക്കു ഉയർത്തപ്പെടുകയും ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പള്ളി പണിയുകയും ചെയ്ത  ബീഗം സമ്രു ,മുക്കുവ കുടുംബങ്ങളിൽ ജനിക്കുന്ന കുട്ടികളിൽ ഒരാളെയെങ്കിലും ഇസ്ലാം ആയി വളർത്തണമെന്നു ഉത്തരവിട്ട കോഴിക്കോട്ടെ ഒരു ഹിന്ദു രാജാവിന്റെ കഥ ,1921 ലെ മാപ്പിള കലാപം,ഏറ്റവും പ്രാചീന പാട്ടുകളിലൊന്നായ കോട്ടൂർ പള്ളി മാലയെ കുറിച്ചുള്ള വിവരങ്ങൾ ,നമ്മൾ നവോത്ഥാനം ആയി ഉയർത്തിക്കാണിക്കുന്ന മുല മുറിച്ച നങ്ങേലിയുടെ കഥയിലെ വൈരുധ്യം ,പാരീസിൽ അന്ത്യവിശ്രമം കൊള്ളുന്ന അവധിലെ ഇന്ത്യൻ റാണി മലിക കിഷ്വാർ,കണ്ണൂരിലെ അറയ്ക്കൽ കുടുംബാംഗമായിരുന്ന ജാനു ബാബി || ഓട്ടോമൻ സുൽത്താന് സന്ദേശമയച്ച കഥ,ഇന്ത്യൻ വിദ്യാഭ്യാസത്തെയും സാംസ്‌കാരിക മഹത്വത്തിനെക്കുറിച്ചും മെക്കാളെ പറഞ്ഞെന്നും പറഞ്ഞു നമ്മൾ സോഷ്യൽ മീഡിയയിൽ പരക്കുന്ന  കഥകളുടെ സത്യാവസ്ഥ അങ്ങനെയങ്ങനെ താല്പര്യമുണർത്തുന്ന നിരവധി വിവരങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്. അപവാദ കഥകളിലെ ബ്രാഹ്മണസ്ത്രീയായി കുറിയേടത്തു മനയിലെ സാവിത്രീയും ഒരധ്യായം ഇതിൽ അലങ്കരിക്കുന്നു. വിചാരണയ്ക്ക് ശേഷം സാവിത്രീ തമിഴ്‌നാട്ടിലേക്ക് പോയി എന്നാണ് ഇതിൽ പറയുന്നത്.  ചില  പുസ്തകങ്ങളിൽ അവർ ചാലക്കുടിയിൽ എവിടെയോ താമസമാക്കി  എന്ന് ഞാൻ വായിച്ചതായി ഓർക്കുന്നു .
ചരിത്ര വസ്തുതകളോടൊപ്പം ചില ‘എങ്കിലു’കളുടെ സാധ്യത മനു പല അദ്ധ്യായങ്ങളിലായി പങ്കുവെയ്ക്കുന്നു. . ഉദാഹരണമായി ഗാന്ധി1948 ൽ കൊലചെയ്യപെട്ടില്ലായിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ എന്ന് ഒരു അധ്യായത്തിൽ വിവരിക്കുന്നുണ്ട്. അതുപോലെ തളിക്കോട്ട യുദ്ധം രാമയാർ ആണ് ജയിച്ചിരുന്നെകിൽ എന്താകുമായിരുന്നു എന്നൊക്കെയുള്ള ചില ചിന്തകൾ ഇ പുസ്തകത്തിൽ ഉണ്ട് .മറ്റൊരു അധ്യായത്തിൽ ഓരംഗസീബിന്  പകരം ദാരാ ഷുക്കോ ആയിരുന്നു ചക്രവർത്തി ആയിരുന്നെങ്കിൽ മുഗൾ ചരിത്രം എന്താകുമായിരുന്നു എന്ന് ചർച്ച ചെയ്യുന്നുണ്ട്. ഒരു ചരിത്രസംബന്ധിയായ പുസ്തകത്തിൽ  അത്തരം പരാമർശങ്ങൾ വേണമായിരുന്നില്ല  എന്ന് തോന്നുന്നു.കാരണം ചരിത്രത്തിൽ ഇത്തരം ‘എങ്കിലു’കൾക്കു പ്രസക്തിയില്ല തന്നെ. ചരിത സംഭവങ്ങളിൽ ഈ എങ്കിലുകൾ തിരുകി കയറ്റിയാൽ നിരവധി നോവലുകൾ പിറന്നേക്കാം പക്ഷെ അതൊക്കെ  ചരിത്രവുമായി പുലബന്ധം കാത്തുസൂക്ഷിക്കാത്ത ഒരു പുസ്തകക്കെട്ടു മാത്രമായിരിക്കും .ഒന്നാലോചിച്ചു നോക്കൂ രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലർ ആയിരുന്നു ജയിച്ചിരുന്നെകിൽ  എന്താകുമായിരുന്നു എന്ന് ? പരാജയപ്പെട്ട റഷ്യ, അമേരിക്ക ബ്രിട്ടൻ എന്ന ലോകരാജ്യങ്ങൾക്ക് എന്ത് സംഭവിക്കുമായിരുന്നു ? ഒരുപക്ഷെ നേതാജി സുഭാഷ് ചന്ദ്ര ബോസിന് വിമാന അപകട നാടകം നടത്തേണ്ടി വരില്ലായിരിക്കും. ഇന്ത്യ വളരെ നേരത്തെ സ്വാതന്ത്രം പ്രാപിച്ചേക്കാം , ഇന്ത്യയുടെ ഭരണം കൈയ്യാളുന്നത് നെഹ്രുവിനു പകരം വേറെ സുഭാഷ് ചന്ദ്രബോസോ അല്ലെങ്കിൽമറ്റു പലരോ ആയിരുന്നേക്കാം. വിഭജനം സംഭവിക്കില്ലായിരിക്കാം , ഗാന്ധിജി കൊല്ലപ്പെടില്ലായിരിക്കാം , ചൈന ഇന്ത്യയെ അക്രമിക്കില്ലായിരിക്കാം,. അങ്ങനെ സാധ്യതകൾക്ക് ഒരു പഞ്ഞവുമില്ല .’എങ്കിൽ’ എന്ന പദത്തിന് ചരിത്രത്തിൽ ഒരു സ്ഥാനവുമില്ല. ഈ പുസ്തകത്തിൽ ഉണ്ടാകുമെന്നു  പ്രതീക്ഷിച്ച വളരെയധികം നിഗൂഢതകളുള്ള ഒരാളുടെ ഒരു തരിമ്പു വിവരം പോലും കാണാൻ  സാധിച്ചില്ല. അത് സുഭാഷ് ചന്ദ്ര ബോസിന്റെയാണ്. മിന്റ് ലോഞ്ച് എന്ന പത്രത്തിൽ മീഡിയം റെയർ എന്ന പ്രതിവാരപംക്തിയാണ് ഈ പുസ്തകം പിറക്കുന്നതിന് പിന്നിൽ എന്ന് മനു പറയുന്നുണ്ട് . അതിലെ കൃഷ്ണദേവരായരെ കുറിച്ചുള്ള ഒരു ലേഖനം 29 May 2020 ൽ പോസ്റ്റ് ചെയ്‌തതു കണ്ടിരുന്നു. ഒരുപക്ഷെ ആ പരമ്പര തുടരുന്നുണ്ടെങ്കിൽ ഭാവിയിൽ പറയപ്പെടാനായി സുഭാഷ് ചന്ദ്രബോസിന്റെ കഥകളും പ്രത്യക്ഷപ്പെടുമായിരിക്കും. ഇവിടെ ‘എങ്കിലു’കൾക്കു പ്രസക്തിയും ഒപ്പം പ്രതീക്ഷകളും ഉണ്ടല്ലോ!
ദന്ത സിംഹാസനം തർജ്ജമ ചെയ്ത പ്രസന്ന.കെ.വര്‍മ തന്നെയാണ് ഇതും മലയാളത്തിലേക്ക് പരിചയപ്പെടുത്തിയിരിക്കുന്നത് 
പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ഡിസി ബുക്സ് ആണ് ,വില 399 രൂപ 

വായന മരിക്കുന്നുവോ- ജൂണ് 19 :വായന ദിനം

സോർബ ദ ഗ്രീക് വായിച്ച് നോട്ടെഴുതി കിടന്നപ്പോഴാണ് ഒരു കുഞ്ഞു കഥ മനസിൽ വന്നത് . അതപ്പോൾ തന്നെ എഴുതി വച്ചു . രാവിലെ എണീക്കുമ്പോൾ മറന്നുപോയാലോ..
രാവിലെ തന്നെ പകർത്തി എഴുതി ആഹ്വാനം അഥവാ വെളിപാട് എന്ന പേരുമിട്ട് അയച്ചു കൊടുത്തു. രണ്ടാമത് വായിച്ചു നോക്കാനൊന്നും മെനക്കെട്ടില്ല .
പിന്നീട് നോക്കിയപ്പോഴാണ് അല്ലറ ചില്ലറ കുഴപ്പങ്ങളൊക്കെ കണ്ടത്. 
കഥ ഇങ്ങനെയായിരുന്നു
ജൂണ് 19 :എന്തോ ചെയ്ത കുറ്റത്തിന് ആ നേതാവ് ജയിലിലായി. അവിടെ സെല്ലിലേക്ക് തടവുകാർക്ക് സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ഏമാൻ അയാളോട് ചോദിച്ചു ” എന്താണ് വേണ്ടത്? ബീഡിയോ സിഗറെറ്റോ , അതോ മറ്റെന്തെങ്കിലും?”
“വേണ്ട അതൊന്നും വേണ്ട .എനിക്കൊരുകെട്ട് പുസ്തകങ്ങൾ മാത്രം മതി. ലിസ്റ്റ് ഞാൻ തരാം”.
പുറത്തുള്ളവരോട് എന്തെങ്കിലും പറയാനുണ്ടോ? ഉടനടി നടപ്പിലാക്കേണ്ട സായുധ പ്രക്ഷോഭങ്ങളുടെ ആഹ്വാനമെൻതെങ്കിലും പ്രതീക്ഷിച്ചു നിന്ന ആയാളോടായി നേതാവ് പറഞ്ഞു
“ഉണ്ട് ഇത്ര മാത്രം . എല്ലാവർക്കും വായനദിനാശംസകൾ” .


പക്ഷെ പ്രസിദ്ധീകരിച്ചു വന്നപ്പോൾ അതിലെ കല്ലും കരടുമൊക്കെ നല്ലവനായ പത്രാധിപർ എടുത്തു മാറ്റി നന്നാക്കിയെടുത്തിരുന്നു. ആ മിനി കഥ ജനുവരി  ലക്കം ചന്ദ്രിക ആഴ്ചപ്പതിപ്പിൽ അച്ചടിച്ച് വന്നു.

വായന ദിനത്തിന്റെ അന്നത്തേക്കു പോസ്റ്റ് ചെയ്യാം എന്ന് കരുതി മാറ്റി വെച്ചതായിരുന്നു ഈ ലേഖനം .  അന്ന് നമ്മൾ ആ ദിനം ആഘോഷിക്കുന്നു എന്ന് മാത്രമല്ലെ ഉള്ളു. .ഓണം പോലെയോ വിഷു പോലെയോ ആ ഒരു പ്രത്യേക ദിവസത്തിൽ മാത്രം ആഘോഷിക്കേണ്ട ഒന്നല്ലലോ വായന പോലെയുള്ള ഒരു സംഭവം. നമ്മൾ കൊല്ലത്തിൽ 365 ദിവസവും വായിക്കുന്നവരല്ലേ .. അങ്ങനെ ചിന്തിക്കുമ്പോൾ നമുക്ക് എല്ലാ ദിവസവും വായനദിനമാണ് . എങ്കിലും വായന ദിനത്തെ കുറിച്ച് രണ്ടു വാക്ക് ഇവിടെ കുറിക്കുന്നു.. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ..
                                          ജൂണ് 19 :വായന ദിനം
വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക’ എന്ന മുദ്രാവാക്യം കേ ട്ടുപരിചയമുള്ളവർ കുറവായിരിക്കും.മുദ്രാവാക്യങ്ങൾക്ക് ഒരു പഞ്ഞ വും ഇല്ലാത്ത നടാനല്ലോ നമ്മുടേത്. എന്നാൽ അത്തരമൊരു മുദ്രാവാക്യം ഉയർത്തുകയും അതിന്റെ ഓളം ഒരുപാട് ഗ്രാമങ്ങളിലേക്കെത്തിക്കുകയും ചെയ്ത ഒരു മനുഷ്യന് ഇവിടെ ജീവിച്ചിരുന്നു.
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി. ൻ പണിക്കർ ആയിരുന്നു ആ മഹദ് വ്യക്തി.
ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരില്‍ ആണ് അദ്ദേഹത്തിന്റെ ജനനം. വിദ്യാഭ്യാസത്തിന് ശേഷം നീലംപേരൂര്‍ മിഡില്‍ സ്കൂളിൽ തന്നെ അധ്യാപകനായി ജോലി നോക്കുകയുണ്ടായി അദ്ദേഹം . സ്കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍തന്നെ അന്നത്തെ ഗവണ്‍മെന്‍റില്‍ നിന്നും അനുവാദം നേടി പണിക്കര്‍ മുഴുവന്‍ സമയഗ്രന്ഥശാലാ പ്രവര്‍ത്തകനായി.
പണിക്കരുടെ ശ്രമഫലമായി ജന്മദേശത്തു സ്ഥാപിതമായ വായനശാലയാണ് പില്‍ക്കാലത്ത് പ്രസിദ്ധമായ സനാതന ധര്‍മവായനശാല. സാമാന ചിന്താഗതിയുള്ള സുഹൃത്തുക്കൾക്കൊപ്പം വീടുകളായ വീടുകള്‍തോറും കയറിയിറങ്ങി പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാട്ടില്‍ പടുത്തുയർത്തിയതാണ് ആ വായനശാല. ഗ്രന്ഥശാലാ സംഘത്തിനു സ്വന്തമായി പത്രമൊക്കെ ഉണ്ടായിരുന്നു. ഗ്രന്ഥലോകം എന്നായിരുന്നു അതിന്റെ പേര്.പത്രാധിപർ ആയി സ്വന്തം പത്രത്തിന്റെ മാത്രമല്ല അക്കാലത്തുണ്ടായിരുന്ന ‘കാന്‍ഫെഡ് ന്യൂസ്’, നാട്ടുവെളിച്ചം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം പത്രാധിപരായി തന്നെ സേവനം അനുഷ്ഠിച്ചു. 1977-ല്‍ ആണ് അദ്ദേഹം ആസ്ഥാനത്തുനിന്ന് വിരമിക്കുന്നത്.
പി.കെ. മെമ്മോറിയന്‍ ഗ്രന്ഥശാലയുടെ സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു അദ്ദേഹം . 1945-ല്‍ അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളുടെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്‍റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്.
”വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക” എന്നീ മുദ്രാവാക്യങ്ങളുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയ്ക്കും അദ്ദേഹം നേതൃത്വം നല്കുകയുണ്ടായി. 1995 ജൂണ്‍ 19ന് പി.എന്‍.പണിക്കര്‍ അന്തരിച്ചു.
1996 മുതൽ നമ്മുടെ സർക്കാർ അദ്ദേഹത്തിന്റെ ചരമദിനം ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നുണ്ട്. 2004 ജൂൺ 19 നു അദ്ദേഹത്തിന്‍റെ ഓർമക്കായി അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പും പുറത്തിറക്കി.
വായന മരിച്ചുകൊണ്ടിരിക്കുന്നു എന്ന ഇന്നത്തെ കാലത്തെ മുറവിളികളെ എങ്ങനെ പ്രതിരോധിക്കണമെന്ന് പി .ൻ പണിക്കർ എന്ന മഹാമനുഷ്യൻ അന്നേ വഴി കാണിച്ചു തന്നിട്ടുണ്ട് .നമ്മളത് പിന്തുടർന്നു പരിപോഷിപ്പിച്ചാൽ മാത്രം മതിയാകും

കുറ്റാന്വേഷണ കഥകൾ ആർക്കാണ് ഇഷ്ടമില്ലാത്തത്? ജെയിംസ് ഹാഡ്‌ലി ചെയ്‌സിന്റെ ഡിറ്റക്റ്റീവ്

റെനെ ലോഡ്ജ് ബ്രാബസോൺ റെയ്മോണ്ട് എന്ന പേര് പലർക്കും അപരിചിതമായിരിക്കും.  എക്കാലത്തേയും മികച്ച ത്രില്ലർ എഴുത്തുകാരിലൊരാൾ എന്നറിയപ്പെടുന്ന ജെയിംസ് ഹെഡ്‌ലി ചെയ്‌സിന്റെ യഥാർത്ഥ പേരാണിത്. ജെയിംസ് ഹെഡ്‌ലി ചെയ്‌സ് എന്നത് അദ്ദേഹത്തിന്റെ നിരവധി   തൂലികാ നാമങ്ങളിൽ ഒന്ന് മാത്രമാണ്.
ന്യൂയോർക്‌ ക്ലാരിയോണിന്റെ ഫോറിൻ കറസ്പോണ്ടന്റ് സ്റ്റീവ് ഹെർമാസ് കേന്ദ്ര കഥാപാത്രമായി വരുന്ന ഹാഡ്‌ലി ചെയ്‌സിന്റെ ഉദ്വേഗം ജനിപ്പിക്കുന്ന ഒരു നോവലാണ് ഡിറ്റക്റ്റീവ്. വളരെ മുൻപ് ലണ്ടണിൽ വച്ച്   സ്റ്റീവ്  പരിചയപ്പെട്ട സുഹൃത്താണ് നെറ്റാ സ്‌കോട്ട് . നാളുകൾക്കു ശേഷം അവളെ കാണാൻ ആഗ്രഹിച്ചു ലണ്ടനിൽ അവളുടെ അപ്പാർട്മെന്റിൽ എത്തുകയാണ് സ്റ്റീവ്. കഥ അവിടെ തുടങ്ങുന്നു, നമ്മുടെ ആകാംക്ഷകളെ ഇളക്കി വിട്ടുകൊണ്ട്. അവളുടെ അപ്പാർട്മെന്റിൽ എത്തുമ്പോഴാണ് അവൾ കഴിഞ്ഞ ദിവസം മരിച്ചെന്ന വിവരം അറിയുന്നത്.പോലീസ് ആ മരണം ആത്മഹത്യാ എന്ന നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അയാൾ മനസ്സിലാക്കുന്നു .പോലീസ് സീൽ ചെയ്ത അവളുടെ റൂമിന്റെ താക്കോൽ തരപ്പെടുത്തി സ്റ്റീവ് അതിനകം മുഴുവൻ അരിച്ചു പെറുക്കുന്നു.ഒരു തോക്ക് ,500 പൗണ്ടിന്റെ ബെയറർ ബോണ്ടുകൾ,ഒരു ഡയമണ്ട് മോതിരം എന്നിവ അയാൾക്ക്‌ കിട്ടുന്നു.അതെല്ലാം കൈക്കലാക്കി പുറത്തിറങ്ങി കഴിയുമ്പോൾ അയാളെ  ആരോ ആക്രമിക്കാൻ ശ്രമിക്കുന്നു. ശേഖരിച്ച തെളിവുകളൂം ,ഈ ആക്രമണവും ഒക്കെ കൂട്ടിച്ചേർത്തു വായിക്കുമ്പോൾ അവളുടെ മരണം ഒരു കൊലപാതകം എന്ന സംശയത്തിലേക്കു നീങ്ങുന്നു. കൂടാതെ അവളുടെ ജഡം മോർച്ചറിയിൽ നിന്നും ആരോ കടത്തി കൊണ്ട് പോയിരിക്കുന്നു എന്ന വിവരവും അയാൾക്ക്‌ കിട്ടുന്നു.നെറ്റാ സ്‌കോട്ടിന്റെ സഹോദരിയെന്ന്‌ കരുതുന്ന അന്നാ സ്കോട്ടിയെ കാണാൻ അയാൾ പുറപ്പെടുന്നു. അവിടെ എത്തുമ്പോഴാണ് അവളും ആത്മഹത്യ ചെയ്‌തെന്ന വിവരം അയാൾക്ക്‌ കിട്ടുന്നത് .അവളുടെ ജഡം ഹൊർഷാം മോർച്ചറിയിലേക്കാണ് മാറ്റിയിരിക്കുന്നത്  .പിറ്റേന്നു പത്രവാർത്ത കണ്ട സ്റ്റീവ് ഞെട്ടുന്നു .ഹൊർഷാം മോർച്ചറി ദുരൂഹമായ രീതിയിൽ തീപ്പിടിച്ചു നശിച്ചിരിക്കുന്നു. സുഹൃത്തായ ഇൻസ്‌പെക്ടർ കോറീദാൻ ഒരു തരത്തിലും ഈ കേസിനകത്തേക്ക് സ്റ്റീവിനെ ഇടപെടാൻ അനുവദിക്കാത്തതുകൊണ്ടു സ്റ്റീവ് ,മെരി വെതർ എന്ന ഡീറ്റക്റ്റീവിന്റെ സഹായം തേടുന്നു.അയാളുടെ സഹായി ലിറ്റിൽ ജോൺസിനെ സഹായി ആയി കിട്ടുന്നു. കേസ് സ്വന്തമായി അന്വേഷിക്കുവാൻ തുടങ്ങുമ്പോഴുള്ള തടസ്സങ്ങൾ കാരണം ,ഒന്നില്ലെങ്കിൽ അടുത്ത 7 ദിവസങ്ങൾ കേസ് തെളിയാൻ കാക്കുക അല്ലെങ്കിൽ ഇൻസ്‌പെക്ടറുടെ വഴിക്കു വിടുക എന്ന തീരുമാനത്തിലേക്ക് സ്റ്റീവ് എത്തിചേരുന്നു. പിന്നീട് സ്റ്റീവ് നടത്തുന്ന അന്വേഷണ യാത്രകളാണ് നമുക്ക് കാണാനാകുക. നെറ്റാ സ്‌കോട്ടിന്റെ മരണത്തിനു പിന്നിലുള്ള രഹസ്യം വായനകാർക്ക് ഊഹിച്ചെടുക്കാൻ കഴിയ്യുന്നതിനപ്പുറം കൊണ്ടുപോകുന്നതിൽ എഴുത്തുകാരന്റെ കഴിവ് ഇതിൽ കാണാം.
  നോവൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത്  ഭാസ്കരൻ പയ്യന്നൂർ ആണ്. ജെയിംസ് ഹാഡ്‌ലി ചെയ്‌സിന്റെ എഴുപതിൽ പരം കൃതികൾ അദ്ദേഹം മലയാളത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം കൈക്കലാക്കാനുള്ള ഒരു ശ്രമത്തിലാണ് ഞാനും. പതിനൊന്നോളം പുസ്തകങ്ങൾ ഇതിനകം കിട്ടിക്കഴിഞ്ഞു. 
ഡിറ്റക്റ്റീവ് എന്ന ഈ നോവൽ പുറത്തിറക്കിയിരിക്കുന്നത് മാതൃഭൂമി ബുക്സിന്റെ തന്നെ ഗ്രാസ് റൂട്സ് ആണ് 

വിവാദങ്ങൾ അവസാനിക്കാത്ത ഗാന്ധി വധവും വിചാരണകളും

                                                     

സത്യസന്ധനായി ജീവിക്കണമെങ്കിൽ അപാരമായ ധൈര്യം വേണമെന്ന് പറഞ്ഞത് മറ്റാരുമല്ല ബുദ്ധ ഭഗവാനാണ്.അതുപോലെ സത്യം വിളിച്ചു പറയാനും അത്രത്തോളം തന്നെ തന്റേടം വേണ്ടതായുണ്ട്. തന്റെ നിലനിൽപ്പിനു ദോഷകരമായേക്കുന്ന സത്യങ്ങളെ മൂടിവെക്കാനാണ് എല്ലാവരും ശ്രമിക്കുക. തന്നെ ഒരിക്കലും ബാധിക്കാനിടയില്ലാത്ത മറ്റുള്ളവരുടെ  സത്യങ്ങളെ വിളിച്ചു പറയാനായിരിക്കും അക്കൂട്ടർക്കു താല്പര്യം. 
ശെരിയായി കൈകാര്യം ചെയ്തില്ല എങ്കിൽ ഇരുതല വാളിനോളം അപകടം സംഭവിക്കാവുന്ന ഒരു വിഷയമാണ് ഗാന്ധിവധവും അതിന്റെ തുടർച്ചകളും. ഒരുപക്ഷെ നമുക്കറിയാവുന്നതിനേക്കാളും വിവരങ്ങൾ മറച്ചു വെക്കപ്പെട്ടിരികയാണ്. അത് അർക്കു  വേണ്ടിയാണു അല്ലങ്കിൽ എന്തിനു വേണ്ടിയാണു എന്ന് ചികഞ്ഞു നോക്കാനൊന്നും ആരും മെനക്കെടാറില്ല. അത്തരമൊരു ധൈര്യം കാണിച്ചിരിക്കുകയാണ് ഗാന്ധി vs ഗോഡ്‌സെ -വധം,വിചാരണ വിധി എന്ന പുസ്തകത്തിലൂടെ വെളിയം രാജീവ്. ചരിത്രപരമായ പുനർവായനകൾ ആവശ്യപ്പെടുന്ന കാലഘട്ടത്തിലാണ് നമ്മളിപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പാഠപുസ്തകങ്ങളിൽ പഠിച്ച ചരിത്രവുമായി അതിനു പലതിനും പുലബന്ധം പോലും കാണാൻ സാധിക്കില്ല. സുഭാഷ് ചന്ദ്ര ബോസ്ന്റെ തിരോധാനവും ,മരണവുമൊക്കെ അതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. അതിനെക്കുറിച്ചൊക്കെ മറ്റൊരു ലേഖനത്തിൽ വിശദമായി പ്രതിപാദിക്കാമെന്നു തോന്നുന്നു. ഗാന്ധി വധം വെറുമൊരു മതഭ്രാന്തിന്റെ സൃഷ്ടിയല്ല എന്ന് വെളിയം രാജീവ് സമർത്ഥിക്കുന്നു. വിഭജനസമയത്തു നവഖാലിയിലെ ഹിന്ദുകൂട്ടക്കൊലയും പഞ്ചാബിലെ നിർബന്ധ മതപരിവർത്തനവും രാഷ്ട്രീയമായ തീരുമാനത്തിന്റെ തിക്ത ഫലങ്ങളായിരിക്കെ അതിനെ എതിർക്കുന്നത് മാത്രം എങ്ങനെ മതഭ്രാന്താകും എന്ന് ഈ പുസ്തകം ചോദിക്കുന്നു. കോൺസ്റിറ്റുവന്റ് അസംബ്ലി ഇന്ത്യൻ ഭരണഘടന രൂപപ്പെടുത്തുന്ന സമയത്തു ഗാന്ധിജി ഉണ്ടാകാൻ പാടില്ലെന്ന് ആരെങ്കിലും ആഗ്രഹിച്ചിരുന്നുവോ?ഭരണ ഘടനാ നിർമ്മാണ ചർച്ചകളിൽ തന്റെ ദർശനവും വീക്ഷണവും നിലപാടും അവതരിപ്പിക്കുവാൻ ഗാന്ധിജിക്ക് കഴിഞ്ഞിരുന്നുവെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നേനെ എന്ന് നിരവധി അക്കാദമിക് ബുദ്ധിജീവികൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.ഗാന്ധിസത്തിന്റെ ശകതിയും ,പ്രകാശവും നമ്മുടെ ഭരണഘടനക്കില്ലാതെപോയതു  ഒരു ദൗർബല്യമല്ലേ  എന്നും ഗാന്ധിജിയുടെ അസാന്നിധ്യം കൊണ്ട് സംഭവിച്ച ഏറ്റവും വലിയ ദുരന്തം അതല്ലേയെന്നും ഈ പുസ്തകം ചോദിക്കുന്നു.നിരവധി വർഷങ്ങൾക്കിപ്പുറവും ഇതിനൊക്കെ ഒരു കൃത്യമായ ഉത്തരം ഇന്നും ലഭ്യമല്ല. അതിനുള്ള ഉത്തരം തേടിയുള്ള അന്വേഷണങ്ങളാണ് അഡ്വ: വെളിയം രാജീവ് ഇ പുസ്തകത്തിലൂടെ നടത്തുന്നത്. 
തെളിവുകളുടെ പിൻബലത്തോടെ സ്ഥാപിക്കപെടാത്തതൊന്നും ചരിത്രമല്ല എന്ന് പറഞ്ഞത് ആധുനിക ചരിത്ര നിർമിതിയുടെ പിതാവായ ഹെൻട്രി മോർഗനാണ്. വെളിയം രാജീവ് ഈ പുസ്തകത്തിൽ നിരത്തുന്നതും അത്തരം തെളിവുകളുടെ ,രേഖകളുടെ പിൻബലത്തോടെയുള്ള വിവരണമാണ്. ഗാന്ധിവധത്തെക്കുറിച്ചും അതിന്റെ വിചാരണയെക്കുറിച്ചുമൊക്കെ നിരവധി പ്രസിദ്ധീകരണങ്ങൾ പലഭാഷകളിലും കാലാ കാലങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. അത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വാർത്താമൂല്യമുള്ള കൊലപാതകത്തെയും,തത്സബന്ധമായ വർത്തകളെയും അച്ചടിച്ച് കാശാക്കാനുള്ള വാണീജ്യ താല്പര്യങ്ങളായിരുന്നു എന്ന് ഈ പുസ്തകത്തിന്റെ മുഖവുരയിൽ പറയുന്നുണ്ട്.സങ്കുചിതമായ രാഷ്ട്രീയ താല്പര്യങ്ങളുടെ പ്രേരണയിലോ,വോട്ടുബാങ്കുകളെ കണ്ണ് വെച്ചോ നടത്തുന്ന അത്തരം ശ്രമങ്ങളെ ചരിത്രവായന നടത്തുന്ന ഒരാളും വിശ്വസിക്കുമെന്നു തോന്നുന്നില്ല.143  സാക്ഷികൾ , 700 ഓളം രേഖകൾ,നാലുമാസത്തിലേറെ കാലം എടുത്ത സാക്ഷിവിസ്താരം ,ജഡ്ജി ആത്മാചരൺ ഗോഡ്‌സെയോട് ചോദിച്ച 28 ചോദ്യങ്ങൾ അങ്ങനെ നിരവധി വിവരങ്ങൾ കൊണ്ട് സമ്പുഷ്ടവുമാണ് ഈ പുസ്തകം.
ഗ്രന്ഥ കർത്താവ് പ്രശസ്ത അഭിഭാഷകനും നിരവധി നിയമ പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ്. 1949 ൽ പ്രസിദ്ധികരിച്ച ഗാന്ധി -മർഡർ ട്രയൽ എന്ന പുസ്തകത്തിന്റെ ഒരു കോപ്പി പ്രസാധകർ അദ്ദേഹത്തിന് വിവർത്തനം ചെയ്യാനായി കൊടുത്തു .എന്നാൽ ആ പുസ്തകം വായിച്ചു ,വിവർത്തന ഉദ്യമങ്ങൾ മാറ്റിവെച്ചു അദ്ദേഹം ഗാന്ധിവധവുമായി ബന്ധപ്പെട്ടു കൂടുതൽ അന്വേഷണങ്ങൾ നടത്തുകയും നീണ്ട ആറു  വർഷത്തെ പഠന ഗവേഷണങ്ങൾക്കു ശേഷം ഈ പുസ്തകം പ്രസിദ്ധീകരിക്കുകയാണുണ്ടായത്.സൈന്ധവ ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് 

സിനിമാ കഥകളല്ല നടന്നതുതന്നെ -ഡോ ഉമാദത്തന്റെ കപാലം

ഡോ ബി ഉമാദത്തന്റെ ഒരു ഫോറൻസിക് സർജ്‌ജന്റെ ഓർമ്മക്കുറിപ്പുകൾ വായിച്ചു കഴിഞ്ഞപ്പോഴാണ് കേരളത്തിൽ  കുറ്റാന്വേഷണങ്ങൾക്കു വേണ്ടി  ഇത്ര വിപുലമായ രീതിയിൽ ഫോറൻസിക് നിരീക്ഷണങ്ങളും,പരീക്ഷണങ്ങളും നടത്തുന്നുണ്ടെന്ന് എനിക്ക് മനസ്സിലായത്.അതിനുമുൻപ്‌ വരെ ഫോറൻസിക് തല അന്വേഷണ പരീക്ഷണങ്ങൾ ഹോളിവുഡ് സിനിമയിൽ മാത്രം ഉള്ള ഒരു സംഗതിയാണെന്നും അവിടെ മാത്രമായിരിക്കും അതൊക്കെ നടക്കുന്നുണ്ടാകുക എന്നായിരുന്നു വിചാരിച്ചിരുന്നത്. ആ പുസ്തകം അത്തരം മുൻവിധികളെ പാടെ തകർക്കുന്ന ഒന്നായി പോയി. പിന്നീട് കുറ്റാന്വേഷണ പരമ്പരയിൽ പെട്ട നിരവധി പുസ്തകങ്ങൾ തേടിപ്പോയി വായിച്ചു മനസിലാക്കാൻ അതെന്നെ സഹായിച്ചു. മുൻപ് സൂചിപ്പിച്ച പുസ്തകത്തിൽ കുറ്റാന്വേഷണത്തിലെ ശാസ്ത്രീയ വശങ്ങളെ കേസുകളുമായി ബന്ധപ്പെടുത്തി വിശദമായി അവതരിപ്പിക്കുകയായിരുന്നു.അതുകൊണ്ടു തന്നെ ആ മേഖലയിൽ ഗവേഷണം നടത്തുന്നവർക്കും അന്വേഷണ കുതുകികൾക്കും അതിനെ  ഒരു റഫറൻസ് ഗ്രന്ഥമായി കണക്കാക്കാം. ആ പരമ്പരയിൽ പെട്ട ഉമാദത്തന്റെ മറ്റൊരു പുസ്തകമാണ് കപാലം. ഇതിൽ   അദ്ദേഹം അവലംബിച്ചിരിക്കുന്ന രീതി മുൻ പുസ്തകങ്ങളിൽ  നിന്നും തുലോം വ്യത്യസ്തമാണ്.കേസുകളെ ചെറുകഥകളാക്കി ആളുകൾക്ക് വായിച്ചു ത്രില്ലടിക്കാവുന്ന വിധത്തിലാണ് അത് തയാറാക്കിയിരിക്കുന്നത്. കുറ്റാന്വേഷണ സിനിമാ കഥകൾ പോലെ വായിച്ചു രസിക്കാവുന്ന തരത്തിൽ ആണ് അവതരണം  .അങ്ങനെ 15 കഥകൾ അല്ലെങ്കിൽ കേസുകൾ ഇതിലുണ്ട്  . ഈ പുസ്തകത്തിന്റെ   പേരും അതിലെ ഒരു അദ്ധ്യായമാണ്.ഡോ ഉണ്ണികൃഷ്‌ണൻ എന്ന ഫോറൻസിക് സർജ്‌ജനാണ് ഇതിലെ കേന്ദ്ര കഥാപാത്രം. സംശയമില്ല, അത് ഉമാദത്തൻ തന്നെ എന്ന് നമുക്ക് മനസിലാകും ,അതിനൊരു ഫോറൻസിക് ടെസ്റ്റുകളുടെയും ആവശ്യമില്ല. കൂടെ ഹരികുമാർ എന്ന പോലീസ് ഉദ്യോഗസ്ഥനും ഉണ്ട്. മണി എന്ന് വിളിക്കുന്ന വിജയകുമാരിയാണ് ഉണ്ണികൃഷ്ണന്റെ  ഭാര്യ. അവർ സംസ്‌ഥാന രാസ പരിശോധന ലാബോറട്ടറിയിലെ അസിസ്റ്റന്റ് കെമിക്കൽ എക്‌സാമിനർ ആണ്.കേസ് തെളിയിക്കാൻ അവരും നിരവധി തവണ ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൊലപാതകങ്ങൾ കൂടാതെ പ്രത്യക്ഷത്തിൽ കൊലപാതകമെന്ന് സംശയിക്കുന്ന ആത്മഹത്യ കേസുകളും ഇതിലൂടെ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. പോലീസുകാർ കുറ്റം തെളിയിക്കുന്നത് കൂടുതലും സാഹചര്യ തെളിവുകളുടെ പിൻബലത്തിലാണെങ്കിലും അതിനു പിന്നിൽ ഫോറൻസിക് സയൻസിന്റെ ശക്തമായ പിന്തുണയുണ്ടെന്നു  മനസ്സിലാക്കണം . ഇപ്പോൾ  നടക്കുന്ന മിക്ക കേസുകൾക്കും അതിനു അവർക്കു ഫോറൻസിക് സയൻസിന്റെ പിൻബലം കൂടിയേ തീരു.കാരണം തെളിവുകൾ അതിവിദഗ്ധമായി  മായ്ചുകളയാൻ മിടുക്കുള്ളവരാണ് ഇപ്പോഴത്തെ കള്ളന്മാർ. ഫോറെൻസിക്കിലെ ഡയാറ്റം, റിഗർ മോർട്ടിസ് പോലുള്ള ചില അടിസ്ഥാന ടെസ്റ്റുകൾ എന്താണെന്നും,കുറ്റാന്വേഷണത്തിൽ അത് എങ്ങനെ ഫലപ്രദമാണെന്നും  ഈ പുസ്തകത്തിൽ കാണാം.
കപാലം ഉമാദത്തന്റെ അവസാന പുസ്തകമായാണ് ഇറങ്ങിയത്. 2019 ജൂലൈ 3 നു  അദ്ദേഹം അന്തരിച്ചു .അതിനു തൊട്ടു പിന്നാലെയാണ് ഈ പുസ്തകം പുറത്തുവന്നത്.ഡിസി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്, വില 260 രൂപ. 

ബാലറാം എന്ന പച്ച മനുഷ്യൻ

മാസങ്ങൾക്ക് മുന്പ് തിരുവനന്തപുരത്തെ മാൾ ഓഫ് ട്രാവൻകൂറിലെ മാതൃഭൂമി ബുക്ക് സ്റ്റാളിൽ പുസ്തകങ്ങൾ തപ്പി നടക്കുന്നതിനിടയിൽ ഒരു പ്രായമായ സ്ത്രീയും കൂടെ ഒരു പെൺകുട്ടിയും ഉണ്ടെന്നാണ് ഓർമ, പെട്ടെന്ന് അവിടേക്കു കടന്നു വന്നു. അവർ തിരക്കിട്ട് ചില പുസ്തകങ്ങൾ എടുത്തു മറിച്ചു നോക്കി അവിടെ തന്നെ വച്ചു.എന്നിട്ട് അവിടെ സ്റ്റാളിലെ ആളോടു അവിടെ ചാരി വെച്ചിരുന്ന ഒരു പുസ്തകം ചൂണ്ടികൊണ്ട്  പറഞ്ഞു , ഈ പുസ്തകം എങ്ങനെ? വിറ്റുപോകുന്നുണ്ടോ? കടക്കാരൻ ഉടനെ തന്നെ പറഞ്ഞു ഉവ്വല്ലോ , ഇതിപ്പോ ഔട്ട് ഓഫ് സ്റ്റോക്ക് ആയിരുന്നു, പിന്നെയും കൊണ്ട് വെച്ചതാണ് അടുത്ത പതിപ്പ് ഉടനെ ഇറങ്ങുമെന്ന് കേൾക്കുന്നു . ശെരി എന്നു പറഞ്ഞ്  വന്ന വേഗത്തിൽ  അവർ ഇറങ്ങി പോയി.
അവരുടെ അടുത്തുണ്ടായിരുന്ന ഞാൻ എന്താണ് സംഭവം എന്നറിയാൻ ഒരു കൌതുകം തോന്നിയതുകൊണ്ടുഅവർ ചൂണ്ടി കാണിച്ച  പുസ്തകം എടുത്തു മറിച്ചു  നോക്കി. കടക്കാരൻ അപ്പോളെന്നോട്  പറഞ്ഞു  ചിലപ്പോ ഈ ബുക്ക് എഴുതിയ ആളായിരിക്കും .പുസ്തകം സെയിൽ ഉണ്ടോ എന്നറിയാൻ വന്നതായിരിക്കും.  ശെരിയായിരിക്കും എന്നു പറഞ്ഞു പുസ്തകത്തിന്റെ പുറംചട്ട നോക്കിയപ്പോൾ എല്ലാ കാര്യവും  മനസിലായി. വന്നതു അതെഴുതിയ ആളു തന്നെ. പുസ്തകത്തിന്റെ പേര് ബാലറാം എന്ന മനുഷ്യൻ. എഴുതിയിരിക്കുന്നത് ഏതോ ഒരു ഗീത നസീർ. ഉൾപേജുകളിൽ ഗ്രന്ഥകർത്താവിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മറ്റൊരു കാര്യം കൂടി മനസ്സിലായി. ഏതോ ഒരു ഗീത നസീർ അല്ല അതെഴുതിയിരിക്കുന്നത്. ബാലറാമിന്റെ മകൾ ആണ് അപ്പോൾ  അവിടെ വന്നിട്ട്  പോയ സ്ത്രീ . ആ പുസ്തകം വാങ്ങിക്കാൻ യാതൊരുവിധ മുൻവിധിയോടും കൂടെയല്ല അങ്ങോട്ടു ചെന്നതെങ്കിലും തിരിച്ചിറങ്ങുമ്പോൾ ഒരു കോപ്പി ഞാനും കരുതിയിരുന്നു. പിന്നീട് അത് വായിച്ചു തീർത്തത് ലോക്ഡൌൺ കാലത്തും. 
ആദ്യമേ പറയട്ടെ ഈ പുസ്തകം ഒരുമകൾ തന്റെ അച്ഛനെ കുറിച്ചെഴുതിയ വാഴ്ത്ത്പാട്ടുകളല്ല.എൻ ഇ ബാലറാം എന്ന രാഷ്ട്രീയക്കാരനെ,സൈദ്ധാന്തികനെ,ദാർശികനെ,താത്ത്വികആചാര്യനെ ,സാഹിത്യ ആസ്വാദകനെ,എല്ലാറ്റിനും മീതെ ഒരു കമ്മ്യൂണിസ്റ്റ് മഹർഷിയെ ഓർക്കുകയും രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. പിണറായിലെ പാറപ്രത്തെ ഞാലിൽ ഇടവലത്ത് തറവാട്ടിൽ 1919 നവംബർ 20 നു   ആണ് ബാലറാമിന്റെ ജനനം. ചെറുപ്രായത്തിൽ തന്നെ പൊതുമണ്ഡലത്തിൽ സജീവ പ്രവർത്തനം. 1939 ലെ പാറപ്രം സമ്മേളനമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ജന്മം നല്കിയത്. അന്ന് അവിടെ പങ്കെടുത്ത നാൽപ്പതുപ്പേരിൽ ഒരാൾ ബാലറാമായിരുന്നു. ഭാരതീയ ദർശനങ്ങളിൽ കെ ദാമോദരനെ പോലെ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു അദ്ദേഹത്തിന്. മാർക്സിസമെന്നത് ആത്യന്തികമായി തികഞ്ഞ മാനവികതാണെന്ന് അതീവ ലളിതമായി ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ ,ചൂഷണം മനുഷ്യത്വ വിരുദ്ധമാണെന്ന്  ഉൾക്കൊണ്ട് അവകശാബോധമുള്ളവരായി ഒരു ജനതയെ ഉയർത്തികൊണ്ടുവരാൻ പ്രായസമായില്ല എന്നദ്ദേഹം വിശ്വസിച്ചു. ദേശീയ ബൂർഷ്വാസിയെന്ന് വിളിപ്പേരുള്ള കോൺഗ്രസസിന്റെ സാമ്രാജ്യത്വ വിരുദ്ധസ്വഭാവം കാണാനോ ,വളർന്നു വരുന്ന സാമ്രാജ്യത്വ പ്രസ്ഥാനത്തിന്റെ ആഴവും ,വ്യാപ്തിയും മനസ്സിലാക്കാനോ കഴിയാതെ പോയതിന്റെ ഫലമാണ് ആദ്യത്തെ വലിയ തെറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കു സംഭവിക്കുന്നത് എന്നു പുസ്തകത്തിൽ പറയുന്നു. 1942 ലെ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന് പാർട്ടി പുറം  പുറംതിരിഞ്ഞു നിന്നതോടെ രണ്ടാമത്തെ അബദ്ധവും സംഭവിച്ചു. ഇതിനെ കുറിച്ച് ജി അധികാരി തന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയും സോഷ്യലിസത്തിലേക്കുള്ള ഇന്ത്യൻ പാതയും എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട് . 
1948 ഫെബ്രുവരിയിൽ കൽക്കത്ത തിസീസ് എന്നറിയപ്പെട്ട രണ്ടാം പാർട്ടി കോൺഗ്രസ്സ് ചേർന്ന് നായപരിപാടികൾക്ക് രൂപം നല്കി. പക്ഷേ അതോടെ ഭരണകൂടം കമ്മ്യൂണിസ്റ്റ് പാർട്ടിയയ്ക്കെതിരെ മർദ്ദനമുറകൾ കൂടുതൽ ശക്തിപ്പെടുത്തി. ബംഗാളിലും,ഹൈദരാബാദിലും,മദിരാശിയിലും,തിരുകൊച്ചിയിലും പാർട്ടി നിരോധിക്കപ്പെട്ടു രാജ്യത്തെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ മനസ്സിലാക്കുന്നതിലും പാർട്ടി പരാജയപ്പെട്ടത്തോടെ പാർട്ടിയ്ക്ക് വലിയ ആഘാതം നേരിടേണ്ടിവന്നു. അതിനു വലിയ വിലയും നൽകേണ്ടി വന്നു. ഒളിവുകാലത്തെ കണ്ണു നനയിക്കുന്ന നിരവധി ഓർമകൾ പുസ്തകത്തിൽ ഉണ്ട്. കമ്മ്യൂണിസമെന്നത് ഒരു സാർവദേശീയ ചിന്തയാണെങ്കിലും ആ താത്ത്വികബോധത്തിന് നമ്മുടെ ഗ്രാമീണ ജനതയ്ക്കിടയിൽ സ്വീകാര്യത ലഭിച്ചത് അതിനു നിയുക്തമായ കമ്മ്യൂണിസ്റ്റ്കാരന്മാരുടെ പ്രവർത്തനശൈലികൊണ്ട് കൂടിയാണ് . ഉൾപാർട്ടി ജനാധിപത്യക്കുറവ്കൊണ്ടാണ് പാർട്ടി പിളർന്നതെന്ന കഥ നിശേഷം അടിസ്ഥാനമില്ലാതാണെന്ന് പുസ്തകം സമർഥിക്കുന്നു. തന്റെ ലാളിത്യ ജീവിതം കൊണ്ടും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ബാലറാം. അത്തരം നിരവധി സംഭവങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 1992 ൽ ഡെൽഹി ബാംഗ്ലൂർ രാജധാനി എക്സ്പ്രെസ് തിരുവനന്തപുരം വരെ നീട്ടുന്നതിൽ അദ്ദേഹത്തിന്റെ ഇടപടൽ ഉണ്ട് . അങ്ങനെ നമ്മളേവരും വിസ്മൃതിയിലാണ്ടുപോയ പല നേട്ടങ്ങളും  ഭരണ  മികവിന്റെ നിരവധി ഉദാഹരണങ്ങളായി പുസ്തകത്തിൽ ഉണ്ട്. കെ ആർ നാരായണൻ രാഷ്ട്രപതി ആകുന്നതിലും പുറകിൽ മറ്റാരുമല്ല പ്രവർത്തിച്ചിട്ടുള്ളത് .  ബാലറാമിന്റെ സമ്പൂര്‍ണ്ണകൃതികള്‍ 3880 പുറങ്ങളില്‍ 10 വോള്യങ്ങളായാണ്‌ പ്രസിദ്ധീകൃതമായിട്ടുള്ളത്. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ഗരിമ വിളിച്ചോതുന്നവയാണ് ഓരോ കൃതികളും. മാതൃഭൂമി ബുക്സ്  ആണ് ബാലറാം   എന്ന മനുഷ്യൻ പുറത്തിറക്കിയിരിക്കുന്നത് . 268 പേജുകൾ ഉള്ള പുസ്തകത്തിന്റെ വില 450 രൂപയാണ് .
  

മനോരോഗ ക്ലിനിക്കിലെ കൊലപാതകം

1963 ൽ ഫില്ലീസ് ഡൊറോത്തി ജെയിംസ് എന്ന പി ഡി ജെയിംസ് എഴുതി പുറത്തിറക്കിയ കുറ്റാന്വേഷണ വിഭാഗത്തിൽപ്പെടുന്ന നോവലാണ് A Mind to Murder. ഇതിന്റെ മലയാള വിവർത്തനമാണ്  ഗ്രീൻ ബുക്ക്സ് പുറത്തിറക്കിയ മനോരോഗ ക്ലിനിക്കിലെ കൊലപാതകം.ഒരു സ്വകാര്യ സൈക്യാട്രിക് ക്‌ളീനിക്കിൽ എനിഡ് ബോലം എന്ന ഓഫീസ് അഡ്മിനിസ്ട്രറ്റർ കൊലപ്പെടുന്നതുമായി ബന്ധപ്പെട്ടാണ് നോവലിന്റെ തുടക്കം. അവരുടെ നെഞ്ചിലൂടെ ഒരു കത്തി തുളഞ്ഞു കയറിയിട്ടുണ്ട്. ആ കത്തിക്കും ഒരു പ്രത്യേകത ഉണ്ട്. കൂടാതെ അവരുടെ നെഞ്ചിൽ തടിക്കഷ്ണം കൊണ്ടുണ്ടാക്കിയ ഒരു രൂപവും. കൊലപാതകം ആദ്യമായി കണ്ടതും മറ്റുള്ളവരെ അറിയിക്കുന്നതും അവിടുത്തെ ജൂനിയർ ടൈപ്പിസ്റ്റ് ആയ ജെന്നിഫർ ഫ്രെയ്‌ഡിയാണ്. ശവശരീരം കണ്ടു മരണം ഉറപ്പിച്ച അപ്പോൾ തന്നെ ഡോക്ടർ ബാഗ്ലി ക്ലിനിക്കിലേക്കു വേറെ ആരെയും കടത്തിവിടേണ്ടെന്നും ആരെയും പുറത്തേക്കു പോകാൻ അനുവദിക്കാത്ത വിധം വാതിലുകൾ അടച്ചുപൂട്ടാൻ പറയുന്നു. കൊലപാതകം കഴിഞ്ഞു അധിക നേരം ആകാത്തതുകൊണ്ടു കുറ്റവാളി അതിനകത്തു തന്നെയുള്ള ആരെങ്കിലും ആയിരിക്കും എന്ന നിഗമനത്തിൽ എത്തുന്നു. ആ നിഗൂഢതയുടെ ചുരുൾ അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥനാണ് ആദം ദാൽഗ്ലീഷ്. ആരെയും സംശയിക്കാം.സംശയത്തിന്റെ മുൾമുനയിൽ എല്ലാവരും ഉണ്ട്. രോഗിയായിരുന്ന തിപ്പെറ്റ്,സിസ്റ്റർ ആംബ്രോസ്, കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുവായ ബോലം നഴ്‌സ് ,വീട്ടുജോലിക്കാരി,രഹസ്യ പ്രണയജീതം  നയിക്കുന്ന മനോരോഗ വിദഗ്ധൻ, വ്യകതിപരമായി ബോലത്തിനോട് താല്പര്യമില്ലാതിരുന്ന ഡോക്ടർ സ്റ്റെയ്നെർ ,പീറ്റർ നെഗൽ ,കൊലപാതകം ആദ്യം കണ്ടു എന്ന് അവകാശപ്പെടുന്ന ഫ്രെയ്‌ഡി, അങ്ങനെയങ്ങനെ ആ ക്ലിനിക്കിലെ എല്ലാ കഥാപാത്രങ്ങളും ഈ കുറ്റകൃത്യത്തിൽ സംശയിക്കപ്പെടുന്നവരാണ്. ദാൽഗ്ലീഷും കൂട്ടാളി മാർട്ടിനും നിരവധി അന്വേഷണങ്ങൾക്കൊടുവിൽ കുറ്റവാളി ആരാണെന്നു കണ്ടെത്തുന്നു. നോവൽ അന്ത്യത്തിലും നമ്മെ ഒരു ട്വിസ്റ്റ് കാത്തിരിക്കുന്നുണ്ട്.
നോവൽ പര്യവസാനം  അതിശയകരമാം വണ്ണം അത്ര ആകർഷണമൊന്നും അവകാശപ്പെടാനില്ല.മാത്രമല്ല നോവലിൽ ഉടനീളം വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുക എന്ന സാഹസിക കൃത്യമൊന്നും നോവൽ സൃഷ്ടിക്കുന്നില്ല.മാത്രവുമല്ല കുറ്റകൃത്യം ചെയ്യാൻ സാധ്യതയുള്ള അല്ലെങ്കിൽ സംശയിക്കപ്പെടുന്നവരുടെ ജീവിതത്തിലേക്ക് നോവലിസ്റ്റ് വളരെയധികം കടന്നു ചെല്ലുന്നുണ്ട് .അത്തരം വിവരങ്ങൾ ഒരുപക്ഷെ വായനക്കാരെ മുഷിപ്പിക്കാൻ ഇടയുണ്ട് .
ഇതിന്റെ മലയാള വിവർത്തനം ചെയ്തിരിക്കുന്നത് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സാഹിത്യ രചന വിഭാഗത്തിൽ  അസിസ്റ്റന്റ് പ്രൊഫസറായ ഡോ:അശോക് ഡിക്രൂസാണ്.