ലോകത്തിലെ ഏറ്റവും വലിയ സാഹിത്യകൃതികളിലൊന്നായി കണക്കാക്കപ്പെടുന്ന പുസ്തകം.
140 ലധികം ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട പുസ്തകം.
അങ്ങനെ നിരവധി വിശേഷണങ്ങളുള്ള പുസ്തകമാണ് മിഗുവൽ ഡി സെർവാന്റീസിന്റെ ഡോൺ ക്വിക്സോട്ട് .
സ്പെയിനിലെ ലാ മഞ്ച എന്ന പ്രദേശത്ത് നിന്നാണ് ഡോൺ ക്വിക്സോട്ടിന്റെ വരവ് . ഒരു സാധാരണക്കാരനാണെങ്കിലും താൻ വായിച്ച കൂട്ടിയ സാഹസിക പുസ്തകങ്ങളിൽ ആകൃഷ്ടനായി ,ധീരമായ ആദർശങ്ങൾ വച്ചു പുലർത്തുകയും നിസ്സഹായരെ കഷ്ടതകളിൽ നിന്നു സംരക്ഷിക്കാനും ദുഷ്ടന്മാരെ ഇല്ലാതാക്കുവാനും തന്റെ കുന്തവും വാളും എടുക്കാൻ തീരുമാനിക്കുകയാണ് ക്വിക്സോട്ട്. എന്നാൽ ആദ്യത്തെ സാഹസിക യാത്ര പരാജയത്തിൽ കലാശിക്കുന്നു.തിരിച്ചു വന്ന് സാഞ്ചോ പാൻസ എന്ന സഹായിയുമായി അദ്ദേഹം രണ്ടാമത്തെ തന്റെ യാത്രക്ക് പുറപ്പെടുന്നു. ഒരു ദ്വീപിന്റെ ഗവർണറാക്കാമെന്ന വാഗ്ദാനത്തിന്റെ പുറത്താണ് സാഞ്ചോ, ക്വിക്സോട്ടിന്റെ കൂടെ കൂടിയത്.
റോസിനാന്റെ എന്ന തന്റെ കുതിരപ്പുറത്തു ക്വിക്സോട്ടും കൂടെ ഒരു കഴുത പുറത്തു സാഞ്ചോയും തങ്ങളുടെ സാഹസികയാത്ര തുടരുകയാണ്. അവരുടെ യാത്രയിൽ കണ്ടുമുട്ടുന്നവരുടെ കഥകളാലും സമൃദ്ധമാണ് നോവൽ. വഴിയിൽ കണ്ടുമുട്ടുന്ന ആരെയും വെല്ലുവിളിച്ചും ഏറ്റുമുട്ടിയും,തോൽവികളിൽ തന്റേതായ ന്യായീകരങ്ങളുമായി ക്വിക്സോട്ട് മുന്നോട്ടു പോകുന്നു.
ഡോൺ ക്വിക്സോട്ടിന്റെ അസാധാരണ പെരുമാറ്റത്തിൽ നിന്ന് കിട്ടുന്ന ‘പണികളുടെ’ ഭാരം കൃത്യമായി ഏറ്റുപിടിച്ചുകൊണ്ടു സാഞ്ചോ ഡോൺ ക്വിക്സോട്ടിനൊപ്പം നിൽക്കുന്നുണ്ട്.യാഥാർഥ്യവും ഫാന്റസിയും തമ്മിലുള്ള ഒരു ലോകത്തിനിടയിലൂടെയുള്ള യാത്രക്കിടയിൽ തല്ലുകൊണ്ട് ഇടയ്ക്കിടെ വെളിപാട് കിട്ടുന്ന സാഞ്ചോയെ പലപ്പോഴും ക്വിക്സോട്ടിനു ‘ഉപദേശിച്ചു’ നേർവഴിക്കു കൊണ്ട് വരേണ്ടി വരുന്നുണ്ട്.
എങ്കിലും സാഞ്ചോ ക്വിക്സോട്ടിനെ യാഥാർഥ്യമെന്തെന്നു ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഡോൺ ക്വിക്സോട്ടിന്റെ രണ്ട് സുഹൃത്തുക്കളായ ഒരു പുരോഹിതനും ബാർബറും അവനെ വീട്ടിലേക്ക് കൊണ്ടുവരാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും അവരുടെ ആദ്യശ്രമങ്ങൾ അതിദാരുണമായി പരാജയപ്പെടുകയാണുണ്ടായത്. 52 അദ്ധ്യായങ്ങളിലായി നിറഞ്ഞു നിൽക്കുന്ന നോവലില്ന്റെ ആദ്യ ഭാഗം ഇവിടെ അവസാനിക്കുന്നു.
1605 ൽ ഇതിന്റെ ആദ്യ ഭാഗം പ്രസിദ്ധീകരിക്കുമ്പോൾ സെർവാന്റീസിനു 58 വയസ്സാണ് പ്രായം.
ഒന്നാം ഭാഗം വലിയ വിജയമായിരുന്നു. ഇതിനിടയിൽ അലോൺസോ ഫെർണാണ്ടസ് ഡി അവെല്ലനേഡ എന്ന ഒരു വിരുതൻ ഇതിന്റെ രണ്ടാം ഭാഗം എഴുതി പുറത്തിറക്കി. അതറിഞ്ഞ സെർവാന്റീസ് ഉടനെ രണ്ടാം ഭാഗത്തിന്റെ എഴുത്ത് ആരംഭിക്കുകയാണുണ്ടായത്. രണ്ടാം ഭാഗത്തിൽ കഥയുടെ ഒരു ഭാഗമായി തന്നെ ഈക്കാര്യം വളരെ നാടകീയമായി സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം.
അങ്ങനെ ഒടുവിൽ സാഞ്ചോ ഒരു സാങ്കൽപ്പിക ദ്വീപിന്റെ ഗവർണറാകുകയും പത്തു ദിവസത്തോളം ആ ദ്വീപ് ഭരിക്കുകയും ചെയ്യുന്നുണ്ട് .പക്ഷെ ഒരു ആക്രമണത്തിൽ പരിക്കേറ്റു കഴിയുമ്പോൾ തന്റെ പഴയ പണി തന്നെ മതി എന്ന് തീരുമാനിച്ചു അവിടെ നിന്നും കടന്നു കളയുകയാണ് സാഞ്ചോ.
യാത്രയ്ക്കിടയിൽ ഡോൺ ക്വിക്സോട്ടിനു പ്രണയങ്ങൾ കിട്ടുന്നുണ്ടെങ്കിലും അദ്ദേഹം ലാസെനോരാ ഡദുൽസിനെയോ എന്ന സ്വപ്ന സുന്ദരിയെ തന്നെ മനസ്സിൽ കൊണ്ട് നടക്കുകയാണ് . ഡോൺ ക്വിക്സോട്ടിന്റെ അടുത്ത യാത്ര വളരെ സംഭവ ബഹുലമാണ് . ബാഴ്സലോണയിലെത്തിയതിനുശേഷം, വേഷംമാറിയ ഒരു പഴയ സുഹൃത്ത് അദ്ദേഹത്തെ പരാജയപ്പെടുത്തുന്നു.പരാജയപ്പെട്ടാൽ അനുസരിക്കേണ്ട നിബന്ധനകളിൽ ഒന്നായിരുന്നു വീട്ടിൽ ഒരു വർഷം അടങ്ങിയൊതുങ്ങി ഇരിക്കണമെന്നുള്ളത്. നിരാശയോടെ അവർ വീട്ടിൽ തിരിച്ചെത്തുന്നു. അതുവരെ ഡോൺ ക്വിക്സോട്ട് വളരെ ധീരമായി പിന്തുടർന്നിരുന്ന എല്ലാ സത്യങ്ങളെയും ന്യായ വാദങ്ങളെയും ഉപേക്ഷിക്കുകയും ഒടുവിൽ പനി ബാധിച്ച് മരിക്കുകയും ചെയ്യുന്നു. താനൊരു ഫാന്റസിയുടെ ലോകത്തായിരുന്നു എന്ന് അവസാന നിമിഷങ്ങളിലാണ് അദ്ദേഹത്തിന് ബോധ്യപ്പെടുന്നത്.
ഒരു ചരിത്ര കഥയെന്നപോലെയാണ് ഡോൺ ക്വിക്സോട്ടിന്റെ സെർവാന്റസ് അവതരിപ്പിക്കുന്നത്. സിദ്ഹ മേത്തെ ബനെഞെലി എന്ന മൂർ എഴുതിയ കൈയെഴുത്തുപ്രതിയിൽ നിന്നാണ് താൻ ഇത് വിവർത്തനം ചെയ്തതെന്ന് അദ്ദേഹം പറയുന്നു . സെർവാന്റീസ് ഒരു ആക്ഷേപഹാസ്യമെന്ന രീതിയിലാണ് ഈ നോവൽ എഴുതിയിരിക്കുന്നത് .
74 അദ്ധ്യായങ്ങളുള്ള നോവലിന്റെ രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചത് 1615 ലാണ്, അപ്പോൾ സെർവാന്റസിനു പ്രായം 68. ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം ആദ്യമായി ചെയ്തത് 1612 ൽ തോമസ് ഷെൽട്ടനാണ്.
സ്പെയിനിൽ മാഡ്രിഡിനടുത്തു 1547 ൽ ആണ് മിഗുവൽ സെർവാന്റിസിന്റെ ജനനം.കൃത്യമായ ജനനത്തീയതി ലഭ്യമല്ല. 1616 ഏപ്രിൽ 22 ന് സെർവാ ന്റീസ് അന്തരിച്ചു. അദ്ദേഹത്തിന്റെ എഴുതിപൂർത്തിയാകാത്ത “ദി ലേബർസ് ഓഫ് പെർസിലിസ് ആന്റ് സെഗിസ്മുണ്ട” )The Labours of Persiles and Sigismunda: A Northern Story”) മരണശേഷം ഒരു വർഷത്തിനുശേഷം പ്രസിദ്ധീകരിച്ചു.അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ എവിടെയാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന് ഇന്നും ആർക്കും അറിയില്ല.
ഡോൺ ക്വിക്സോട്ട് ആദ്യത്തെ ആധുനിക നോവലായാണ് പരക്കെ കണക്കാക്കപ്പെടുന്നത്.
സ്വപ്നക്കാരന്റെ പര്യായമായ “ക്വിക്സോട്ടെസ്കോ” (Quixotesco) എന്ന പദത്തിന് ഈ പുസ്തകം കാരണമായി.
സാങ്കൽപ്പിക ശത്രുക്കളെ ആക്രമിക്കുക എന്നർത്ഥം വരുന്ന ഇംഗ്ലീഷിലെ ടിൽറ്റിംഗ് എന്ന പദപ്രയോഗം ഡോൺ ക്വിക്സോട്ടിൽ നിന്നാണ് വന്നത്.
ഇതിന്റെ മലയാള പരിഭാഷ ചെയ്തിരിക്കുന്നത് ഫാ. തോമസ് നടയ്ക്കൽ ആണ്. വിവർത്തനത്തിൽ നിരവധി കല്ലു കടികൾ നമുക്ക് കാണാം. ചിലയിടങ്ങളിൽ വായനയുടെ രസം ചോർത്താൻ കൃത്യമായി അവയ്ക്കു സാധിക്കുന്നുമുണ്ട്. ഉദാഹരണത്തിന് “…. അങ്ങനെ ചെയ്യുന്നതിൽ അവർക്കു മനസ്സാക്ഷികടിയൊന്നും തോന്നിയില്ല.” ഈ ഒരു വാചകം വായിക്കുന്നവർക്ക് ഒരു ‘കുത്തു’ കൊടുക്കാൻ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ .. മനസ്സാക്ഷികടിയിലെ കടി എന്ന വാക്കിനു പകരം ‘കുത്ത്’ ചേർത്താൽ പോരായിരുന്നോ എന്ന് തോന്നി . അതല്ലെങ്കിൽ സമാന അർത്ഥം വരുന്ന മലയാള പദങ്ങളിലൊന്ന് ഉപയോഗിക്കമായിരുന്നു . തമാശ യ്ക്കു പകരം തമാശ് , തമാശുകൾ എന്ന് പലയിടത്തും പ്രയോഗിച്ചിട്ടുണ്ട്. ഒന്ന് രണ്ടിടങ്ങളിൽ അച്ഛാദിതപഥം എന്ന വാക്കും ഉപയോഗിച്ച് കണ്ടു.അച്ഛാദിത എന്ന വാക്കിനു ശബ്ദ താരാവലിയിൽ മറയ്ക്കപ്പെട്ട ,മൂടപ്പെട്ട എന്നൊക്കെ അർഥം കാണാം.അപ്പോൾ അച്ഛാദിതപഥം എന്നാൽ മറയ്ക്കപ്പെട്ട വഴി, യാത്ര എന്നൊക്കെ അർത്ഥം വരുന്നുണ്ട് .ഉപയോഗിച്ച വാക്കിനു കുഴപ്പമില്ലെങ്കിലും വാക്കിനു ഇത്ര കട്ടി വേണോ എന്ന് ആലോചിക്കാവുന്നതാണ്.
1250 ഓളം പേജുകൾ ഉള്ള ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കാർമൽ പബ്ലിഷിങ് സെന്റർ ആണ്.
“കുട്ടികൾ ഇത് കൈയ്യിലെടുക്കും,ചെറുപ്പക്കാർ ഇത് വായിക്കും,പക്വത വന്നവർ ഇത് മനസ്സിലാക്കും,വൃദ്ധ ജനങ്ങൾ ഇതിനെ പുകഴ്ത്തും “.. തന്റെ ഈ പുസ്തകത്തെ കുറിച്ച് സെർവാന്റീസ് തന്നെ പറഞ്ഞ വാക്കുകളാണിത്…