ചെട്ടിനാട് മുതൽ തുർക്കി വരെ ഒരു യാത്ര

 

ഒരു ദേശത്തിന്റെ തുടിപ്പും, കിടപ്പും അനുഭവിച്ചറിയണമെങ്കിൽ യാത്രയിലൂടെയേ കഴിയൂ. അത്തരത്തിൽ  നടത്തിയ യാത്രകളുടെ വിശേഷങ്ങളാണ്  വർഗീസ് അങ്കമാലിയുടെ യാത്ര -ചെട്ടിനാട് മുതൽ തുർക്കി വരെ എന്ന പുസ്തകത്തിൽ. 

മണ്ണിനെയും,മനുഷ്യനെയും ചരിത്രത്തിന്റെ നൂലുകൊണ്ട് ബന്ധിപ്പിക്കാനുള്ള ശ്രമമാണ് എഴുത്തുകാരൻ നടത്തിയിരിക്കുന്നത്. ചരിത്രത്തെ അറിഞ്ഞുകൊണ്ടുള്ള യാത്രക്ക് മനോഹാരിതയേറും. അല്ലാത്ത യാത്രകൾ  ഉല്ലാസയാത്രകൾക്കപ്പുറം വെറുമൊരു  സമയം കൊല്ലി യാത്രമാത്രമായിരിക്കും. 

ദേശത്തിന്റെ ചരിത്രമുറങ്ങുന്നത്  പട്ടണങ്ങളിൽ മാത്രമായിരിക്കുമെന്ന  അബദ്ധധാരണകളെ പൊളിച്ചെഴുതിക്കൊണ്ടാണ് എഴുത്തുകാരന്റെ ഓരോ യാത്രകളും.നാട്ടിൻപുറങ്ങളെ അറിഞ്ഞുകൊണ്ടുള്ള  അത്തരം യാത്രകളെ വളരെ തന്മയത്തോടെ അവതരിപ്പിക്കുന്നുണ്ടിവിടെ. 

കർണ്ണാടകയിലെ നാട്ടിൻപുറ വിശേഷങ്ങൾ തന്നെ അതിനുദാഹരണം. പുസ്തകത്തിന്റെ ആദ്യ ഭാഗങ്ങൾ അത്തരത്തിലുള്ളതാണ്. വൈശാഖ ഉത്സവം നടക്കുന്ന ക്ഷേത്രത്തിനു മുന്നിൽ പ്പെട്ടു അവരുടെ കൂട്ടത്തിൽ ഒരാളായി അലിഞ്ഞു ബാല്യത്തിലേക്ക് കൂപ്പു കുത്തിയ അനുഭവങ്ങൾ എഴുത്തുകാരൻ വളരെ പ്രാധാന്യത്തോടെ എടുത്തു പറയുന്നുണ്ട്. യാത്രകളിൽ പൊതുവെ അത്തരം ആഘോഷങ്ങളിലേക്കോ, സംഭവങ്ങളിലേക്കോ ഊളയിടാതെ ഒരു പൊതു അകലം സ്ഥാപിച്ചുകൊണ്ടായിരിക്കുമല്ലോ നമ്മുടെ മിക്ക യാത്രകളും. 

കർണ്ണാടക യാത്രയിലെ പട്ടടയ്‌ക്കൽ ,കർണ്ണാടകയിലെ തിബറ്റ് എന്നറിയപ്പെടുന്ന ബൈലകുപ്പ എന്നിവയെ കുറിച്ചുള്ള വിശേഷങ്ങളിൽ അതിന്റെ ചരിത്ര പ്രാധാന്യം കൂടി നമ്മുടെ മുന്നിലേക്കെത്തുന്നുണ്ട്. 1565 ലെ ബീജാപ്പൂർ സുൽത്താന്റെ മുസ്ലിം കമ്മാൻഡറുടെ പേരിലുള്ള ഒരു ശിവ ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ പുസ്തകത്തിൽ അക്കാര്യങ്ങൾ അറിയാം. 

പഴമയുടെ സൗന്ദര്യവും മനോഹാരിതയും വിതറുന്ന കാഞ്ഞൂർ പള്ളിയെയും, കാഞ്ഞൂർ അങ്ങാടിയും ,സെന്റ് സെബാസ്റ്റ്യനും കാഞ്ഞൂരിലെ വിശ്വാസികളും എത്രമേൽ ബന്ധപെട്ടു കിടക്കുന്നു തുടങ്ങിയവയെല്ലാം  ഇതിൽ വായിക്കാം. കാഞ്ഞൂർ പള്ളിയും, ടിപ്പു സുൽത്താനും,ശക്തൻ തമ്പുരാനുമൊക്കെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കണ്ണികൾ അവിടെയുണ്ട്. 

ദ്വാരക, ലോഥാൻ , അക്ഷർധാം ,അതിനടുത്തുള്ള ബെയ്റ്റ് ദ്വാരക എന്ന ദ്വീപ് തുടങ്ങിയ സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഗുജറാത്തുയാത്രയുടെ താളുകളിൽ കാണാം. ഹനുമാന്റെ മകനായ മകരദ്വജന്റെ പ്രതിഷ്ടയുള്ളതു ആ ദ്വീപിനടുത്താണ്. നിത്യബ്രഹ്മചാരിയായ ഹനുമാനു മകനോ? പുസ്തകത്തിൽ അതിനുത്തരമുണ്ട്. 

ഭക്ഷണ വിഭവങ്ങളുടെ പെരുമയുടെയുടെയും വൈവിധ്യങ്ങളുടെയും ഇടമായ ജോർജ് ടൌൺ വിശേഷങ്ങൾ പെനാംഗിലെ യാത്രാ വിവരണത്തിൽ വായിക്കാം. ലേഖകന്റെ അഭിപ്രായത്തിൽ  ഒരു രാജ്യത്ത് സമ്പന്നമായ അനേകം ചരിത്രസ്മാരകങ്ങൾ കണ്ടു തീർക്കേണ്ടതുണ്ടെങ്കിൽ തീർച്ചയായും സന്ദേശിക്കേണ്ട രാജ്യമാണ് ഇറ്റലി. മൊത്തത്തിലൊരു മ്യൂസിയം ആണ് ഇറ്റലി എന്ന് അവിടുത്തെ ചരിത്രസ്ഥലികളിലൂടെയുള്ള യാത്രകളിലൂടെ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.ഈജിപ്ത്-സീനായ് ,അലക്സണ്ട്രിയയിലെ വിശുദ്ധ കത്രീനയുടെ ശവകുടീരം ,റോം കഴിഞ്ഞാൽ ഏറ്റവു കൂടുതൽ കൈയ്യെഴുത്തു ഗ്രന്ഥങ്ങളുള്ള ലൈബ്രറി സെന്റ് കാതറിൻ മൊണാസ്ട്രി എന്നിങ്ങനെ യാത്ര വിശേഷങ്ങൾ തുടരുകയാണ്.

കൊറോണകാലത്തെ നിയന്ത്രണങ്ങളിൽ ഉത്തരവാദിത്തം പാലിക്കുക എന്ന തീരുമാനമെടുത്തിട്ടുള്ളവർക്ക് ഇത്തരം യാത്രാ വിവരണങ്ങളുടെ പുസ്തകങ്ങളെ ആശ്രയിക്കാം. തീർച്ചയായും യാത്ര എന്ന അനുഭവപരിചയത്തിന്റെ അടുത്തെങ്ങുമെത്തില്ലെങ്കിലും പോകേണ്ട സ്ഥലങ്ങളിലെ ചരിത്ര പ്രാധാന്യവും, പോകുന്നയിടങ്ങളിലെ തീർച്ചയായും കണ്ടിരിക്കേണ്ട സംഭാവങ്ങളും ഏതൊക്കെയാണെന്ന് തീരുമാനിക്കാൻ ഒരുപക്ഷേ നിങ്ങളെ ഇത്തരം പുസ്തകങ്ങൾ സാഹിയിച്ചേക്കും. പോകേണ്ടയിടങ്ങളെകുറിച്ച് കൂടുതൽ അറിഞ്ഞുകൊണ്ടുള്ള യാത്രകൾക്ക് ഒരല്പം മധുരം കൂടും. എന്താ ശരിയല്ലേ ?

പൂർണ്ണ പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 225 രൂപ. 

റോക്ക് കുടുംബത്തിലെ പെൺകുട്ടിയുടെ കൊലപാതകം

 

പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും പ്രശസ്തമായ എഴുത്തുകാരിൽ ഒരാളാണ് മോപ്പസാങ്. റിയലിസവും സ്വാഭാവികതയും സാഹിത്യത്തിന്റെ ഗംഭീരവും അനിവാര്യവുമായ ഘടകങ്ങളാണെന്നു വിശ്വസിച്ച എഴുത്തുകാരൻ. 

ആറ് നോവലുകൾ, 260 ചെറുകഥകൾ, നിരവധി ഉപന്യാസങ്ങൾ, ലേഖനങ്ങൾ, കവിതകൾ, നാടകങ്ങൾ എന്നിങ്ങനെഅദ്ദേഹം കൈവെക്കാത്ത മേഖലകൾ കുറവാണ്.അതി പ്രശസ്ത നോവലായ  മദാം  ബൊവാറി എഴുതിയ   ഗുസ്താവ് ഫ്ലോബേറിനാൽ അസാധാരണമായി സ്വാധീനിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് മോപ്പസാങ് . ഫ്ലോബേറിന്റെ ചുരുക്കം ചില സുഹൃത്തുക്കളിലൊരാളായിരുന്നു അദ്ദേഹം. 

മോപ്പസാങിന്റെതായി 1885-ൽ പ്രസിദ്ധീകരിച്ച ഒരു ചെറുകഥയാണ് ലാ പെത്തീത്ത് റോക്ക്. 

ജുഡീഷ്യൽ ചുറ്റുപാടുകളുടെയും ,പ്രവിശ്യകളിലെ പോലീസ് സേവനങ്ങളുടെയും അവഗണനയാണ് ഈ കഥയുടെ ആധാരം . 

ഒരു ഗ്രാമീണ ഗ്രാമത്തിലാണ് കഥ നടക്കുന്നത്.ഗ്രാമത്തിലെ തപാൽക്കാരൻ ആകുന്നതിന് മുൻപ് മെദറിക് റോംപൽ ഒരു പട്ടാളക്കാരനായിരുന്നു. ബ്രാന്ദ്രിയ് നദി തീരത്തുകൂടി നടന്നു കർമ്മലിൻ ഗ്രാമത്തിലെത്തി അവിടെ നിന്നുമാണ് തന്റെ തപാൽ വിതരണ ജോലി ആരംഭിക്കുന്നത്. ബ്രാന്ദ്രിയ് നദി കടന്നാൽ ഒരു കാടാണ്. ആ കാടിനും ഒരു ഉടമസ്ഥനുണ്ട്. 

ആ ഭൂപ്രദേശത്തെ പ്രഭു മൊസിയെ റെനാർദേയാണ്. തന്റെ പതിവ് നടത്തതിനിടയിൽ മെദറിക് റോംപൽ ഒരു അസാധാരണ കാഴ്ച കണ്ടു. മരത്തിന് കീഴെ വീണു കിടന്നിരുന്ന ഒരു ചെറു കത്തി കണ്ട് അതെടുക്കാൻ കുനിഞ്ഞതും അടുത്തു തന്നെ ഒരു ഒരു കുഞ്ഞ് വിരലുറയും അയാളുടെ കണ്ണിൽ പെട്ടു. ഇനിയുമെന്തേങ്കിലുമൊക്കെ കണ്ടേക്കുമെന്ന ധാരണയിൽ മുന്നോട്ടു നടക്കുന്നതിടയിൽ കണ്ട കാഴ്ച  അയാളെ ഞെട്ടിച്ചു കളഞ്ഞു. കാട്ടുപായലിൽ  മലർന്നു കിടന്നിരുന്ന പന്ത്രണ്ടു വയസ്സു തോന്നിക്കുന്ന ഒരു  പെൺകുട്ടിയുടെ നഗ്നശരീരം! 

മുഖം ഒരു തൂവാല കൊണ്ട് മൂടിയിട്ടിരിക്കുന്നു.കൂടാതെ തുടയിലെ രക്തവും. പട്ടാളക്കാരനായിരുന്നിട്ടുകൂടി അയാൾ ഒരു നിമിഷം പരിഭ്രാന്തനായി മേയർ റെനാർദേയുടെ വീട്ടിൽ ചെന്നു വിവരം പറഞ്ഞു. മേയർ ഉടനടി ഒരു ഡോക്ടറെയും,കോൺസ്റ്റബിളിനെയും,നഗരസഭാ സെക്രട്ടറിയെയും കൂട്ടി സംഭവ സ്ഥലത്ത് ചെന്നു അന്വേഷണമാരംഭിച്ചു . അപ്പോഴേക്കും വിവരമറിഞ്ഞ് ആ കൊച്ചു പെൺകുട്ടിയുടെ അമ്മ അവിടേക്കു വന്നു . അവർ വിലപിക്കുകയും  ഇതുവരെ കണ്ടെത്താത്ത മകളുടെ വസ്ത്രങ്ങൾ തിരികെ നൽകാൻ  അപേക്ഷിക്കുകയും ചെയ്യുന്നു. 

ആരാണ് കൊലപാതകി എന്നൊരു സൂചനയും കിട്ടാതെ അന്വേഷണ ഉദ്യോഗസ്ഥർക്കു  ഇരുട്ടിൽ തപ്പേണ്ടി വരുന്നു. അവസാന താളുകളിൽ കുറ്റവാളി മറ നീക്കി പുറത്തു വരുമ്പോൾ വായനക്കാരുടെ മനസ്സിലും എന്താകും നൂരഞ്ഞു പൊന്തിയിട്ടുണ്ടാകുക?
ആസക്തിയും ,ഉന്മാദവും, രോഗപീഡകളും നിറഞ്ഞ മനുഷ്യ മനസ്സിന്റെ അപ്രതീക്ഷിതവും ദുരൂഹവുമായ ഹിംസകളുടെ വെളിപ്പെടുത്തലുകളാണ് ഈ നോവലിൽ നമുക്ക് കാണാന് കഴിയുക.

കഥയുടെ   ഇതിവൃത്തം  വളരെ ലളിതമാണെങ്കിലും സങ്കീർണ്ണ സംഭവങ്ങൾ  എങ്ങനെ  വ്യക്തിയുടെ ചിന്തകളുടെയും  വികാരങ്ങളുടെയും  പ്രതിച്ഛായയ്ക്ക് വഴിമാറുന്നു എന്നത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചെറു നോവൽ. 

1918  ൽ  യാക്കോവ് പ്രോട്ടാസനോവിന്റെ റഷ്യൻ ചിത്രമായ ലാ പെറ്റൈറ്റ് എല്ലി എന്ന ചിത്രം ഈ കഥയെ ആസ്പദമാക്കിയുള്ളതാണ്. ഫ്രെഞ്ച് ഭാഷയിൽ നിന്നും നേരിട്ടുള്ള മലയാള വിവർത്തനം ചെയ്തിരിക്കുന്നത് കെ സതീഷ് ആണ്. അദ്ദേഹം തന്നെയാണ് ഈ പുസ്തകത്തിന്റെ കവർ ചിത്രവും ഡിസൈൻ ചെയ്തിരിക്കുന്നത്. മലയാളത്തിൽ ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കൈരളി ബുക്സ് ആണ്.

നമ്മെ അസ്വസ്ഥപ്പെടുത്തുന്ന ഡയറിക്കുറിപ്പുകൾ;വെളിപ്പെടുന്ന ടോൾസ്റ്റോയിയുടെ തനിനിറവും

 

ലോകപ്രശസ്ത എഴുത്തുകാരനും ചിന്തകനുമായിരുന്ന ലിയോ ടോൾസ്റ്റോയിയുടൊപ്പം 48  വർഷം കഴിച്ചുകൂട്ടിയ അനുഭവങ്ങളുടെ ഏടുകൾ ഏതാണ്ട് 5 ലക്ഷം വാക്കുകളിൽ കോറിയിട്ടതിന്റെ ഒരു ചെറു പതിപ്പാണ് മണർകാട് മാത്യുവിന്റെ സോഫിയ ടോൾസ്റ്റോയിയുടെ ഡയറിക്കുറിപ്പുകൾ എന്ന പുസ്തകം.

 നമ്മൾക്കു സ്ഥിരപരിചയമുള്ള, അല്ലെങ്കിൽ പാഠപുസ്തകങ്ങളിൽ പഠിച്ചിട്ടുള്ള  മഹാനായ ഒരു എഴുത്തുകാരനായിരുന്നു ടോൾസ്റ്റോയി,സംശയമില്ല.മഹാനായ എഴുത്തുകാരൻ , ദാർശനികൻ, ചിന്തകൻ എന്നൊക്കെ പറയുമ്പോൾ നമ്മളറിയാതെ അതോടൊപ്പം കൂട്ടി വായിക്കാറുള്ള ഒന്നാണ് അയാൾ ഒരു നല്ല മനുഷ്യനും കൂടിയായിരിക്കും എന്നുള്ളത്. അത്  പക്ഷേ വായനക്കാർ കൽപ്പിച്ചു കൊടുത്തിട്ടുള്ള ഒരു ബഹുമതിയായിരിക്കും. എന്നാൽ അത് എത്രത്തോളം ശരിയായിരുന്നു  എന്നുള്ളത് ആലോചിക്കേണ്ട ഒരുവസ്തുത തന്നെയാണ്. 

അടുക്കും ചിട്ടയുമുള്ള ഒരു ജീവിതമൊന്നുമല്ലായിരുന്നു ടോൾസ്റ്റോയിയുടേത്. കുത്തഴിഞ്ഞ ജീവിതവും, അസാന്മാർഗിക ജീവിതവും പണ്ടുതൊട്ടേ കൂടെ കൂടെയുണ്ടായിരുന്നു. പക്ഷെ വളരെ ചെറുപ്പത്തിലേ അക്ഷരങ്ങളോടുള്ള പ്രണയമുണ്ടായിരുന്നു. മൂന്ന് കൃതികൾ വളരെ ചെറുപ്പത്തിലേ പുറത്തു വന്നു. അതിനു ശേഷമാണ് ക്രിമിയൻ യുദ്ധത്തിൽ കുതിരപ്പട്ടാളത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്.  

കർഷക സുന്ദരിമാരെ അന്വേഷിച്ചുള്ള പോക്ക് അപ്പോഴും നിറുത്തിയിരുന്നില്ല. ഒടുവിൽ ആക്‌സിയാന എന്ന ഒരു കർഷക സുന്ദരിയിൽ അനുരക്തനായി, അവരിൽ ടിമോഫെ എന്ന ആൺകുട്ടി ജനിച്ചു.പക്ഷേ കാര്യങ്ങൾ അവിടം കൊണ്ടും തീർന്നില്ല,കന്യകയായ വധു എന്ന തന്റെ സ്വപനം അപ്പോഴും കൂടെ കൊണ്ടു  നടന്നു.മുപ്പത്തി നാലാം വയസ്സിൽ യാത്രകൾ മടുത്ത്  സ്വസ്ഥമായിരുന്നു എഴുത്തു തുടരണമെന്നും, പ്രശസ്തനാകണമെന്നും തീരുമാനിച്ചുറപ്പിയ്ക്കുകയായിരിന്നു ടോൾസ്റ്റോയ് . 

സ്ത്രീ ലമ്പടൻ,മദ്യപൻ,ചൂതുകളിക്കാരൻ എന്നിവയുടെ ദുഷ്പ്പേരുകൾ പേറുന്ന കുപ്പായങ്ങൾ വലിച്ചൂരിയെറിയണമെന്ന് അയാൾ തീരുമാനിച്ചു . തന്റെ കളിക്കൂട്ടുകാരിയായ ല്യാബോവ് ബേഴ്‌സിന്റെ മൂന്നു മക്കളിൽ രണ്ടാമത്തവളായിരുന്നു സോഫിയ.അന്തസ്സുറ്റ കുടുംബത്തിൽ  പിറന്ന ആ മൂവർക്കും നല്ല വിദ്യാഭ്യാസവും  ലഭിച്ചിട്ടുണ്ടായിരുന്നു  .ടോൾസ്റ്റോയ് പിന്നീട് യുദ്ധവും സമാധാനവും എന്ന നോവൽ എഴുതിയപ്പോൾ അതിലെ മാന്യമായ റെസ്‌കോയിസ് കുടുംബത്തെ അവതരിപ്പിക്കാൻ മാതൃകയാക്കിയത് ഈ ബേഴ്‌സിനെയാണ്. 

ബേഴ്‌സ് പെൺകുട്ടികളുടെ അച്ചടക്കവും മാന്യതയും ടോൾസ്റ്റോയിക്ക് നന്നേ പിടിച്ചു. തനിക്കു വേണ്ട പെൺകുട്ടി സോഫിയ തന്നെയെന്ന് അയാൾ മാനസ്സിലുറപ്പിച്ചു.1862 ൽ സോഫിയയുമായി ടോൾസ്റ്റോയിയുടെ വിവാഹം നടന്നു.

വിവാഹം കഴിഞ്ഞു അധിക നാൾ കഴിയും മുന്നേ സോഫിയയ്ക്കു തനറെ ഭർത്താവിന്റെ തനി നിറം മനസ്സിലായി. എന്നാൽ തനറെ അസ്വാസ്ഥ്യവും, സമ്മർദ്ദങ്ങളും അവർ ഭർത്താവിനെ അറിയിച്ചില്ല,പകരം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ കൂടുതലായി ഏറ്റെടുത്തു അവർ മുന്നോട്ടു പോയി,ഒരിക്കൽ പോലും ഒരു പരാതി പറയാതെ തന്നെ. 

ഇങ്ങനെയൊക്കെ ആയിരുന്നിട്ടും ലിയോ   അവരെ മാനസികമായി പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തി.പുരുഷന്റെ സ്നേഹം ആർജ്ജിക്കുകയെന്നത് എന്റെ ദുഖകരമായ വിഡ്ഡിത്തമാണെന്നു അവർ തന്റെ ഡയറിയിൽ കുറിച്ചിട്ടു.പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോൾ ആത്മഹത്യക്ക് ശ്രമിച്ചു പരാജയപ്പെട്ടു.  

അടിയായ്മ ഒരു ദുഷിച്ച ഏർപ്പാടാണ്.എന്നാൽ അതൊരു സുഖമുള്ള ഒരു കാര്യം തന്നെ എന്നെഴുതി വച്ചതു സോഫിയ ആയിരുന്നില്ല. ടോൾസ്റ്റോയി തന്റെ സ്വന്തം ഡയറിയിൽ കുറിച്ചിട്ട വാക്കുകളായിരുന്നു അവ. എത്രയൊക്കെ ആദർശം പറഞ്ഞു നടക്കുന്നവരയാലും എപ്പോഴെങ്കിലുമൊക്കെ  അറിയാതെ ഇത്തരം പുറംപൂച്ചുകൾ പുറത്തുചാടുമല്ലോ.

സ്ത്രീക്കും ,പുരുഷനോടൊപ്പം തുല്യ അവകാശം വേണമെന്ന ആശയങ്ങൾ ടോൾസ്റ്റോയിയെ ഭീതിദനും ഉത്കണ്ഠാകുലനുമാക്കി.അങ്ങനെ തുല്യ അവകാശം കിട്ടിയാൽ അവർ പരപുരുഷ ബന്ധത്തിനു മുതിരുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീതിയും,ചിന്തയും, വിശ്വാസവും. ടോൾസ്റ്റോയിയുടെ ഒട്ടുമിക്ക കൃതികളെല്ലാം പകർത്തി എഴുതിയിരിക്കുന്നത് സോഫിയ തന്നെയാണ്.അവരുടെ ആ കർമ്മകുശലതയെ പ്രതിഭയ്ക്ക് മുലയൂട്ടുന്ന പരിചാരിക എന്നായിരുന്നു സുഹൃത്തും , സാഹിത്യകാരനുമായിരുന്ന വ്ലാഡിമിർ സോളാഗോബ് പ്രശംസിച്ചത്.

തീർച്ചയായും ടോൾസ്റ്റോയിയുടെ സ്വഭാവത്തിന്റെ വൈരുദ്ധ്യങ്ങൾ നമ്മെ അമ്പരപ്പിക്കും. അദ്ദേഹത്തിന്റെ രചനകളിൽ കാണുന്ന പ്രകശം ചൊരിയുന്ന ആശയങ്ങളും,തത്വചിന്തകളും നിത്യ ജീവിതത്തിലെ സമീപനങ്ങളുമായി യാതൊരു തരത്തിലും ബന്ധമുണ്ടായിരുന്നില്ല എന്നതാണ് സത്യം. പാശ്ചാത്യ രാജ്യങ്ങളിൽ അസാന്മാർഗിക ബന്ധങ്ങൾ ഒരു പുത്തരിയല്ലലോ   എന്ന് ചിന്തിക്കാൻ വരട്ടെ. പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യൻ പ്രഭു സംസ്കാരത്തിൽ ചെറുപ്പക്കാർക്കിടയിൽ വഴിതെറ്റിയ വികലമായ രതിബന്ധങ്ങൾ അസാധാരണമായിരുന്നില്ല.

1876 ൽ സോഫിയ ,ടോൾസ്റ്റോയിയുടെ ജീവചരിത്രം എഴുതാൻ ആരംഭിച്ചു. 1879 ൽ അത് പ്രസിദ്ധീകരിച്ചു. അക്രമരാഹിത്യം എന്ന പുകൾപെറ്റ തത്വചിന്തയ്ക്കു തുടക്കമിട്ടത് ടോൾസ്റ്റോയിയാണ്. നമ്മുടെ ഗാന്ധിക്ക് സത്യാഗ്രഹമെന്ന സമരായുധത്തിനു പ്രേരകമായത് ഈ തത്വശാസ്ത്രമാണ്. 

സോഫിയയുടെ ഈ ഡയറികുറിപ്പുകളിൽ  മഹാനായ ആ എഴുത്തുകാരന്റെ  മനുഷ്യസ്നേഹത്തിന്റെയും  , സ്വഭാവ വൈശിഷ്ഠതകളുടെയും   തനി നിറം കാണാം.  ഭാര്യമാർ ഇങ്ങനെ ഡയറിക്കുറിപ്പുകൾ എഴുതാൻ തുടങ്ങിയാൽ പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിൽ വിരാജിക്കുന്ന ഇന്നത്തെ പല പ്രശസ്ത കലാകാരന്മാരുടെയും അവസ്ഥ എന്തായി തീർന്നേനെ!

പുസ്തകത്തിന്റെ കവർ ഡിസൈൻ ചെയ്തിരിക്കുന്നത് പ്രശസ്ത കലാകാരനായ അനിൽ വേഗയാണ്. സാഹിത്യ പ്രവർത്തക സഹകരണ സംഘം ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. എന്റെ കൈയിലുള്ളത് കൃതി ബുക്ക് ഫെയർ എഡിഷനാണ്.

കഥയെഴുതിയതിന് കിട്ടിയത് സസ്പെൻഷൻ!

 

ഇന്ന് എന്ന ഇൻലൻഡ് മാസികയെയും അതിന്റെ കാരണക്കാരനായ മണമ്പൂർ രാജൻ ബാബുവിനെയും  കുറിച്ച് അറിയാത്തവർ ചുരുക്കുമായിരിയ്ക്കും. ഇവിടെയുള്ള പലരും ചിലപ്പോൾ ആ മാസികയുടെ വരിക്കാരുമായിരിക്കും.1980 കളുടെ തുടക്കത്തിലാണ് ഇന്ന്  മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്.

1960 കളുടെ അവസാനത്തിൽ മലപ്പുറം ജില്ലയിലെ  മണമ്പൂർ ഗ്രാമത്തിലുടനീളം സംഗമം എന്ന കൈയെഴുത്തു മാസിക  തയാറാക്കി പ്രചരിപ്പിച്ചതിന്റെ  അനുഭവമാണ് രാജൻ ബാബുവിനെ  ഇത്തരമൊരു ഇൻലൻഡ്  മാസിക തുടങ്ങാൻ  പ്രേരിപ്പിച്ചത്. പിന്നീട്, 1981 ൽ, രജിസ്ട്രേഷൻ സമയത്ത്, മാസികയുടെ പേര് ഇന്ന് എന്നാക്കി  മാറ്റുകയായിരുന്നു. 

ജീവിതാനുഭവങ്ങളാണല്ലോ ഒരാളുടെ എഴുത്തിൽ ഒളിഞ്ഞും തെളിഞ്ഞും വന്നുപോകുന്നത്.  അത്തരമൊരു കഥയെഴുതിയതിന്റെ പേരിൽ  ഉദോഗത്തിൽ നിന്നും സസ്പെന്ഷൻ  കിട്ടിയ ആളാണ് മണമ്പൂർ രാജൻ ബാബു. ഇപ്പോളാണ്  ഇങ്ങനെയൊരു വാർത്ത കേൾക്കുന്നതെങ്കിൽ  ചിലരെങ്കിലും അതിശയിച്ചുപോയേക്കാം പക്ഷെ   ഈ സംഭവം നടന്നത് മൂന്നു പതിറ്റാണ്ടുകൾക്കു മുൻപാണ്. സ്ഥലം, മലബാർ സ്പെഷ്യൽ പോലീസ് ഓഫീസ്. 

ഭാഷാപോഷിണി പത്രാധിപരായിരുന്ന കെ സി നാരായണൻ (ഇപ്പോൾ മാതുഭൂമി ആഴ്ചപ്പതിപ്പിൽ മഹാഭാരതം ഒരു സ്വാതന്ത്ര സോഫ്റ്റ്‌വെയർ എന്ന ആഖ്യാന പരമ്പര എഴുതുന്ന അതേ  ആൾ )അന്നത്തെ കഥയെഴുത്തിനെക്കുറിച്ചും പിന്നീട് നടന്ന സംഭവനകളെക്കുറിച്ചും എഴുതാമോ എന്ന ചോദ്യമാണ് ഈ ഓർമക്കുറിപ്പുകൾ പിറക്കാൻ കാരണം. വർഷങ്ങൾക്കു മുൻപ് 2012 ലെ ഭാഷാപോഷിണി വാർഷികപതിപ്പിൽ അത് പ്രസിദ്ധീകരിച്ചു വരികയും ചെയ്തു.പിന്നീട് 2013  ലാണ് കറന്റ്‌ ബുക്ക്സ് ഇത് പുസ്തകമാക്കുന്നത്.

മലപ്പുറം എം എസ് പി ഓഫീസിലെ കാഷ്യർ പദവിയിൽ നിന്നാണ് അദ്ദേഹം സസ്‌പെന്റ് ചെയ്യപ്പെട്ടത്.ആ കഥ പ്രത്യക്ഷപ്പെട്ടത് കലാകൗമുദിയുടെ കഥ മാഗസിനിൽ ആയിരുന്നു.കഥയുടെ പേര് ഡിസിപ്ലിൻ എന്നായിരുന്നു . പോലീസ് അധികാരികളെ പ്രകോപിപ്പിച്ച ആ കഥ ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.

1985 ലെ കോഴിക്കോട്ടെ തെരുവിലെ സായാഹ്നത്തിൽ മുൻപൊന്നും തെരുവിൽ പ്രസംഗിക്കാത്ത സാക്ഷാൽ എം ടി പോലും വന്നു മണമ്പൂരിനു വേണ്ടി ആ സംഭവത്തിനെ അപലപിച്ചു പ്രസംഗിച്ചു. പിന്തുണ അറിയിക്കാനും ,പ്രതിഷേധിക്കാനും കോവിലനെ പോലുള്ള മറ്റു പലരും മുന്നോട്ടു  വന്നു.  

ആലങ്കോട് ലീലാകൃഷ്ണനാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്, മണമ്പൂർ രാജൻ ബാബുവിനെ കുറിച്ചുള്ള ചില ഓർമകളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. കറന്റ് ബുക്ക്സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്നത് വില 60 രൂപ. 

എഡ്ഗാർ അലൻ പോ യുടെ കരിമ്പൂച്ച

ചെറുകഥാകൃത്തും കവിയും സാഹിത്യ നിരൂപകനുമായ എഡ്ഗാർ അലൻ പോ യുടെ പ്രസിദ്ധമായ ചെറുകഥയാണ് ബ്ലാക്ക് ക്യാറ്റ്’ .1843 ഓഗസ്റ്റു മാസത്തിലെ സാറ്റർഡേ  ഈവനിംഗ് പോസ്റ്റിലാണ്  ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത് മൃഗങ്ങളോടുള്ള ക്രൂരത, കൊലപാതകം, കുറ്റബോധം തുടങ്ങിയ വസ്തുതകളിൽ ബന്ധപ്പെടുത്തിയ ഒരു കഥയാണിത്. കുറ്റബോധം ആളുകളെ എങ്ങനെ ബാധിക്കുന്നു എന്ന നിരീക്ഷണങ്ങൾ  പോയുടെ ചെറുകഥയിലെ ഒരു പൊതുവിഷയമാണ്

പൊതുവെ അദ്ദേഹത്തിന്റെ കഥകളിലുള്ള  നിഗൂഢതയും ഭീകരത യുമൊക്കെ ഈ കഥയിലും കാണാം.

ഒരു ഭ്രാന്തൻ ആഖ്യാതാവിന്റെ വീക്ഷണകോണിൽ നിന്നും  കഥ പറഞ്ഞു പോകുന്ന രീതിയിലാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. 

ഭാര്യയെയും വളർത്തുമൃഗങ്ങളെയും സ്നേഹിക്കുന്ന ഒരു കുടുംബത്തിൽ നിന്ന് പൂച്ചയുടെ കണ്ണ് ചൂഴ്ന്നെടുക്കുകയും , പൂച്ചയെ തൂക്കിക്കൊല്ലുകയും ഒടുവിൽ ഭാര്യയെ കൊലപ്പെടുത്തുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയിലേക്കുള്ള ആഖ്യാതാവിന്റെ രൂപമാറ്റം പൊടുന്നനെയാണ്. 

എന്തായാലും കഥയെ കുറിച്ചല്ല ഇവിടെ പറയാനാഗ്രഹിച്ചത്. പോ യുടെ ബ്ലാക്ക് ക്യാറ്റ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് വായിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. ഡിസി ബുക്ക്സ് ന്റെ ലോകോത്തര കഥകൾ എന്ന എഡ്ഗാർ അലൻ പോ യുടെ ചെറു പുസ്തകത്തിലും ഈ കഥ ഉൾപ്പെട്ടിട്ടുണ്ട്. ആ വിവർത്തനത്തിന്റെ നിലവാരത്തെക്കുറിച്ച് ഈ ഗ്രൂപ്പിൽ ഒരു പരാമർശം വളരെ മുൻപ് വായിച്ചതോർക്കുന്നു. കെ പി അപ്പനും ഈ കഥ തർജ്ജമ ചെയ്തിട്ടുണ്ട്. ആ കഥ മൂല്യശ്രുതി യിലോ പ്രസാധകൻ മാസികയിലോ ആണെന്ന് തോന്നുന്നു വായിച്ചതായി ഓർക്കുന്നു.ഇപ്പോൾ ഇതാ  പോ യുടെ ആ കഥ  കരിമ്പൂച്ച എന്ന പേരിൽ മലയാളത്തിൽ വീണ്ടും ആഗസ്ത് മാസത്തിലെ ഗ്രന്ഥാലോകം മാസികയിലും വന്നിരിക്കുന്നു. പരിഭാഷ ചെയ്തിരിക്കുന്നത് കുന്നത്തൂർ രാധാകൃഷ്‌ണനാണ്. വിവർത്തനം നല്ല നിലവാരം പുലർത്തിയെന്നു തോന്നിയതുകൊണ്ട് മാത്രമാണ് ഈ പങ്കുവെക്കൽ. 

നിറക്കൂട്ടുകളില്ലാതെ കുറെ സിനിമാകഥകൾ

 


മാധ്യമം ആഴ്ചപ്പതിപ്പിൽ വന്നു കൊണ്ടിരുന്നപ്പോൾ,കൈയ്യിൽ കിട്ടിയാൽ ആദ്യം വായിക്കാനെടുത്തിരുന്ന പേജായിരുന്നു  ഡെന്നീസ് ജോസെഫിന്റെ നിറക്കൂട്ടുകളില്ലാതെ എന്ന ഓർമ്മക്കുറിപ്പുകൾ. സിനിമയുമായി ബന്ധപ്പെട്ട ആളുകളുടെ പംക്തിയാണെങ്കിൽ അല്പം ശ്രദ്ധ അങ്ങോട്ട് പതിയുക  സ്വാഭാവികമാണല്ലോ!എന്തായാലും മാതൃഭൂമി അത്  പുസ്തകമാക്കി ഇറക്കിയത് നന്നായി. തന്നെകുറിച്ചു മാത്രമല്ല, തന്നോട് ചേർന്നു നിന്നവരെ കുറിച്ചുമാണ് ഈ ഓർമക്കുറിപ്പുകൾ നമ്മോടു പറയുന്നത്. പതിവു സിനിമാക്കാരുടെ തലക്കനമോ, താൻ വലിയ സംഭവമാണെന്നോ എന്നുള്ള ഒരുസൂചനയും ഈ  ഓർമക്കുറിപ്പുകൾ പങ്കുവച്ചപ്പോൾ അദ്ദേഹം അവശേഷിപ്പിച്ചില്ല എന്നത്  എടുത്തു പറയേണ്ട കാര്യം തന്നെയാണ്. അവതാരികയിൽ വി ആർ സുധീഷ് പറഞ്ഞതുപോലെ ഇതൊരു നിഷ്കളങ്കമായ വർത്തമാനമായിരുന്നു. പുസ്തകം വായിച്ചു കഴിയുമ്പോൾ വായനക്കാരും അത് ശരി വെച്ചേക്കും. മറ്റു എഴുത്തുകാരെ പോലെ അധികം പൊതുവേദികളിലോ , അഭിമുഖങ്ങളിലോ ഡെന്നിസ് ജോസഫിനെ നമ്മൾ കണ്ടിട്ടില്ല. നമ്മൾ മറന്നു കളഞ്ഞ പല പ്രശസ്തരായ ആളുകളെയും കുറിച്ച് അദ്ദേഹം ഓർത്തെടുത്തു പറയുന്നു എന്നുള്ളത് ഒരു വല്യ കാര്യമായി തന്നെ കാണേണ്ടിയിരിക്കുന്നു, പ്രത്യേകിച്ചും സിനിമാ ലോകത്തു നിന്നുള്ള ഒരാൾ പറയുമ്പോൾ.  അവരുടെയൊക്കെ നാമറിയാത്ത പല സ്വാഭാവ വിശേഷങ്ങളും ,സംഭവങ്ങളും നിറക്കൂട്ടുകൾ ചേർക്കാതെ നമ്മോടു പങ്കുവെയ്ക്കുകയും ചെയ്യുന്നു. പുസ്തകത്തോടു നമ്മെ അടുപ്പിക്കുന്ന ഒരു സംഗതി ഒരുപക്ഷെ ഇക്കാര്യങ്ങളൊക്കെയാകണം. ഡെന്നിസ് ജോസഫിന്റെ തിരക്കഥകളെ കുറിച്ചു  പ്രത്യേകം എടുത്തു പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. മനു അങ്കിൾ, അപ്പു, അഥർവം, നിറക്കൂട്ട് ,ശ്യാമ, രാജാവിന്റെ മകൻ,ഭൂമിയിലെ രാജാക്കന്മാർ,ന്യൂ ഡൽഹി, സംഘം,നായർ സാബ്, നമ്പർ 20 മദ്രാസ് മെയിൽ,കോട്ടയം കുഞ്ഞച്ചൻ ,ഇന്ദ്രജാലം,ഗാന്ധർവം,ആകാശദൂത്, … ലിസ്റ്റ് നീളുകയാണ്. മലയാളികൾ കണ്ട ഈ ഹിറ്റുകൾ ഒക്കെയും എഴുതിയത് ഈ മനുഷ്യനായിരുന്നു. പൊട്ടിച്ചിരിക്കാൻ മാത്രം തിയേറ്ററിൽ കയറിയിരുന്ന ആളുകൾ കരഞ്ഞു കണ്ണീർവാർക്കുമെന്നറിഞ്ഞുകൊണ്ടു തന്നെ ഇടിച്ചു കയറിക്കണ്ട പടമായിരുന്നല്ലോ ആകാശദൂത്.  ഷോലെ കഴിഞ്ഞാൽ തനിക്കു ഏറ്റവും ഇഷ്ടപെട്ട തിരക്കഥ ന്യൂഡൽഹി സിനിമയുടെ ആണെന്നു പറഞ്ഞത് മറ്റാരുമല്ല സാക്ഷാൽ മണിരത്നമാണ്. ആ മണിരത്നത്തിന് വേണ്ടിയും ഡെന്നീസിന് എഴുതാൻ അവസരം കിട്ടിയതാണ്. എന്നാൽ അത് നടന്നില്ല. മണിരത്നം പിന്നീട് തിരക്കഥയ്ക്ക് വേണ്ടി എഴുതാൻ വേറെ ആളെ വിളിച്ചിട്ടില്ല എന്നാണ് ഡെന്നിസ് ജോസഫ് പറയുന്നത്. ഡെന്നിസിന്റെ  അമ്മ  പ്രശസ്ത നടൻ ജോസ്പ്രകാശിന്റെ ( അതെ അയാൾ തന്നെ , അനുസരിച്ചില്ലെങ്കിൽ മുതലകുഞ്ഞുകൾക്കു തിന്നാൻ  നിട്ടുകൊടുക്കും എന്ന് പറയുന്ന അതെ ആൾ) ഇളയ സഹോദരിയാണ്.  ഏറ്റുമാനൂരിലെ എസ്.എം.എസ്  ലൈബ്രറിയിലെ പുസ്തകങ്ങൾ തന്ന ഭാഷാ പരിചയമാണ്  എഴുത്തിന്റെ ലോകത്തേക്ക് വന്നതിൽ തന്നെ സഹായിച്ചതെന്ന് ഡെന്നിസ് ജോസഫ് ഓർക്കുന്നു. സ്കൂൾ കാലം മുതലേ സിനിമ മനസ്സിലിട്ടു നടന്ന ആൾ സിനിമയിലെത്തിയ കഥ ഒരു സിനിമാക്കഥ പോലെ വായിച്ചു പോകാം. കാർട്ടൂണിസ്റ്റ് ആയിരുന്ന ബിഎം ഗഫൂറിന്റെ കട്ട് കട്ട് മാഗസിനിൽ അപ്രതീക്ഷിതമായി കിട്ടിയ സബ് എഡിറ്റർ ജോലി സിനിമയിലേക്കെത്തി പ്പെടാൻ ഒരു നിമിത്തം മാത്രം. സിനിമാക്കാരുടെ തിരശ്ശീലക്കു പിന്നിൽ നടക്കുന്ന നിരവധി രസകരവും, കണ്ണ് നനയിക്കുന്നതുമായ നിരവധി സംഭവങ്ങൾ ഇതിലുണ്ട്.
മാറ്റിയെഴുതപ്പെട്ട് തന്റെ കയ്യൊപ്പു പാതിയും മാഞ്ഞു പോയ ഈറൻ സന്ധ്യ എന്ന സിനിമയോടെ അവസാനിക്കേണ്ടിയിരുന്ന സിനിമ ജീവിതം , പക്ഷെ നിറക്കൂട്ട് എന്ന സിനിമയിലൂടെ മലയാള സിനിമയിലെ തിരക്കുപിടിച്ച തിരക്കഥാകൃത്തായി മാറിയ കഥ ഒരു സിനിമാ കഥ പോലെ വായിച്ചു പോകാം. ജോഷിയുമായുള്ള അടുപ്പവും പിന്നീട് മാനസികമായി അകന്നതും രണ്ടു ദിവസം കൊണ്ടെഴുതിയ ശ്യാമ എന്ന സൂപ്പർഹിറ്റ്  സിനിമയുടെ തിരക്കഥയുടെ പിറവിയും, ഇരുപത്തിരണ്ടു ദിവസം കൊണ്ട് പൂർത്തിയായ മമ്മൂട്ടിയുടെ തിരിച്ചുവരവിന് ഇടയാക്കിയ ന്യൂഡൽഹി സിനിമയുടെ പിന്നാമ്പുറ കഥകളും,മനോരമയിലെ ഫോട്ടോഗ്രാഫറായ വിക്ടർ ജോർജ്ജുമായുള്ള ബന്ധവും അങ്ങനെയങ്ങനെ സംഭവബഹുലമായ എത്രയെത്ര വിശേഷങ്ങൾ. ന്യൂഡൽഹി സിനിമയുടെ ഹിന്ദി റീമേക്കിനുള്ള അവകാശം ചോദിച്ചു വന്ന സാക്ഷാൽ രജനികാന്തിനെ മടക്കി അയക്കേണ്ടിവന്നതും,ഇളയരാജയുടെ യും ദേവരാജൻ മാഷിന്റെയും പാട്ടു ബുക്ക് ചെയ്യാൻ ആദ്യമായി പോയപ്പോഴുണ്ടായ സംഭവങ്ങളും,ഒരു ദിവസം രാത്രി സാലുക്കയുടെ കൂടെ കയറി വന്നു മനോഹരമായി പാടി അമ്പരിപ്പിച്ച മനുഷ്യൻ മെഹ്ബൂബ് ആയിരുന്നെന്നറിഞ്ഞപ്പോഴത്തെ ഞെട്ടലും സാഹിത്യഭാഷയുടെ മേമ്പൊടിയില്ലാതെ ഡെന്നിസ് ജോസഫ് നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നു. തന്റെ സിനിമയിലൂടെ വന്നു പിന്നീട് പ്രശസ്തരായ എൻ എഫ് വർഗീസ്, രാജൻ പി ദേവ് തുടങ്ങിയവരുമായുള്ള സ്നേഹബന്ധവും, അവരുടെ വേർപാടും, പ്രേം നസീർ ആദ്യമായി സംവിധാനം ചെയ്യാൻ തീരുമാനിച്ച സിനിമയ്ക്ക് വേണ്ടി കഥ എഴുതികൊടുക്കാൻ തന്നെ സമീപിച്ചതും, തന്നെ ഞെട്ടിച്ച നസീറിന്റെ പെരുമാറ്റവും  പുസ്തകത്തിൽ പിന്നാലെ കടന്നുവരുന്നു. സിനിമയിൽ തിരക്കുള്ള എഴുത്തുകാരനായി വിലസുന്ന നേരത്ത്, മുൻപ് തന്റെ ആദ്യ സിനിമയായ ഈറൻസന്ധ്യയുടെ തിരക്കഥ കൊള്ളില്ലെന്നു പറഞ്ഞു തന്നെ ഒഴിവാക്കിയ ജെസിക്കു വേണ്ടി എഴുതില്ല എന്ന് പറഞ്ഞത് തെറ്റ് തന്നെയാണെന്ന്‌ ഒരു മടിയും ജാഡയുമില്ലാതെ തുറന്നു സമ്മതിക്കുന്ന ഒരു ഡെന്നിസ് ജോസഫിനെയും ഈ പുസ്തകത്തിൽ കാണാം.
ജീവിതവും സിനിമയും നിറഞ്ഞു  നിൽക്കുന്ന ഈ ഓർമ്മകുറിപ്പുകളിൽ മലയാളസിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം തന്നെയാണ്  ഡെന്നിസ് ജോസഫ് ‌ നമുക്ക് മുൻപിൽ വിളമ്പുന്നത്. അതിൽ മമ്മൂട്ടിയും ,മോഹൻലാലും, പ്രേം നസീറും, രാജൻ പി ദേവും, ജോഷിയും, ജെസ്സിയും ,എൻ എഫ് വർഗീസും, പദ്മരാജനും, ഭരതനും,തമ്പി കണ്ണന്താനവും ,വിൻസെന്റും , ദേവരാജൻ മാസ്റ്ററുമൊക്കെ ഒരു സിനിമാ റീലുപോലെ കടന്ന് പോകുന്നു. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് വി ആർ സുധീഷ് ആണ്.

പ്രിയ കവി അക്കിത്തത്തിന് വിട..

 

കാലം,നീലവിശാലശൂന്യത നിറ-
ഞ്ഞേന്തുന്ന രൂപോച്ചലൽ-
ജജ്ജാലം,മാനസദൃഷ്ടിഗോചരപര-
ബ്രഹ്മപ്രഭാമണ്ഡലം
ആലോചിക്കില്ലതൊന്നുമാത്രമഖില-
ത്രൈമാന്യസത്യങ്ങൾതൻ
നൂലാ,നൂലിനെയംഗവസ്ത്രവടിവിൽ-
ചുറ്റട്ടെ ഞാൻ ജീവനിൽ..
(1980 ൽ കാലം വാരികയിൽ വന്ന അക്കിത്തത്തിന്റെ കാലം എന്ന കവിത )
കവിതകൾകൊണ്ട് വിസ്മയിപ്പിച്ച പ്രിയ കവി അക്കിത്തത്തിനു ശ്രദ്ധാഞ്ജലി…………..

മാതൃഭൂമിയുടെ ഷെർലക് ഹോംസ് സമ്പൂർണ്ണ കൃതികൾ

 

പറഞ്ഞതിനും ഒരു ദിവസം മുൻപേ തന്നെ ഷെർലക് ഹോംസിന്റെ സമ്പൂർണ്ണ കൃതികൾ കൈയ്യിലെത്തിച്ച് മാതൃഭൂമിയിലെ യുവാവ് മാതൃകയായി. ഒക്ടോബർ 15 നു ആണ് പുസ്തകം ഇറക്കുമെന്നു പറഞ്ഞിരുന്നത്. അതിനിടയിൽ രണ്ടു മൂന്നു ദിവസം മുൻപ് താങ്കളുടെ ഷെർലക് ഹോംസിന്റെ പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് ക്യാൻസൽ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു വന്ന മാതൃഭൂമിയുടെ മെയിൽ ചെറുതായി ഒന്നു ഞെട്ടിച്ചിരുന്നു.ഇനി ഇവന്മാർ ഈ പരിപാടി ഉപേക്ഷിച്ചു കാണുമോ എന്നു കരുതി അവരെ അപ്പോ തന്നെ വിളിച്ചു ചോദിച്ചു. മാതൃഭൂമി ആയതുകൊണ്ടു പൈസ പോകില്ല എന്നൊരു ധൈര്യം ഉണ്ടായിരുന്നു.അവരുടെ ഭാഗത്തു നിന്നുള്ള ഒരു ടെക്‌നിക്കൽ മിസ്റ്റേക് ആയിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. പറഞ്ഞ 15 നു തന്നെ ഇറങ്ങില്ല ,പുതിയ തിയതി ഒക്ടോബർ 30 ആക്കി എന്നൊക്കെ ഏതോ ഗ്രൂപ്പിൽ ആരോ എഴുതികണ്ടിരുന്നു.പക്ഷെ അങ്ങാനൊന്നും സംഭവിച്ചില്ല. പ്രീ പബ്ലിക്കേഷൻ ബുക് ചെയ്യുമ്പോൾ തരാമെന്നു പറഞ്ഞ ഒരു ഫ്രീ ബുക്കും കൂടെ കിട്ടിയിട്ടുണ്ട്. പലതവണ വായിച്ചതാണെങ്കിലും ഹോംസിനെ വീണ്ടും വീണ്ടും വായിക്കാനും ഇഷ്ടപെടാനും പ്രത്യേകിച്ചു കാരണമൊന്നും വേണ്ടല്ലോ. അപ്പോൾ വീണ്ടും ത്രില്ലറുകളുടെ ,വായനയുടെ ലോകത്തേക്ക്…

നാഗലോകത്തെ കഥകളുമായി നാഗഫണം

 

പുരാണങ്ങളിൽ നിന്നും ഇതിഹാസങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട്   ഒരു പിടി നല്ല കൃതികൾ മലയാളമുൾപ്പെടെയുള്ള പലഭാഷകളിലും  പിറന്നു വീണിട്ടുണ്ട്. അതിന്റെയെല്ലാം കണക്കെടുക്കുക അല്പം  ശ്രമകരമായ സംഗതിയാണ്. അത്രയ്ക്കുണ്ട് അതിന്റെ ബാഹുല്യം.
എങ്കിൽകൂടിയും ഇത്തരം കൃതികളെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മുടെ നാവിൻ തുമ്പിൽ വന്നു നിൽക്കുന്ന പുസ്തകങ്ങളിൽ ഒന്ന് തീർച്ചയായും എം ടി യുടെ രണ്ടാമൂഴം ആയിരിക്കും. പി കെ ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ, വി.എസ്. ഖാണ്ഡേക്കറുടെ യയാതി, ശിവാജി സാവന്തിന്റെ കർണ്ണൻ,ഇരാവതി കാർവെയുടെ യുഗാന്ത അങ്ങനെയങ്ങനെ നീണ്ടു പരന്നു കിടക്കുകയാണ് ഇത്തരം പുസ്തകങ്ങൾ.
ഇവയുടെയെല്ലാം ഒരു പൊതുസ്വഭാവം നിരീക്ഷിച്ചാൽ ,മൂലകൃതിയിൽ നിന്നും ഒരു കഥാപാത്രത്തെ പറിച്ചെടുത്തുകൊണ്ടു അവരുടെ കാഴ്ചപ്പാടിൽ കഥയെ മുന്നോട്ടുകൊണ്ട് പോകുന്ന രീതിയാണ് മിക്കതിലും അവലംബിച്ചിട്ടുള്ളതെന്ന് കാണാം . രസകരമായ ഒരു സംഗതി കൂടി പറയട്ടെ , മൂലകൃതി വായിക്കാത്ത ഒരു വിഭാഗം വായനക്കാർ ഇത്തരം കൃതികൾ മാത്രം വായിച്ച്  മഹാഭാരതതത്തിലെയും , രാമായണത്തിലെയും കഥാപാത്രങ്ങളുടെ മേന്മയെക്കുറിച്ചും, സ്വഭാവ വിശേഷണങ്ങളെ കുറിച്ചും വിലയിരുത്തുന്നത് കണ്ടിട്ടുണ്ട്.
അത്തരത്തിൽ മഹാഭാരതത്തിൽ  നിന്നും കടമെടുത്ത ഒരു സംഭവത്തെ ആസ്പദമാക്കി രാജീവ് ശിവശങ്കർ എഴുതിയ ഒരു നോവലാണ് നാഗഫണം. പാപങ്ങളും ശാപങ്ങളും നിറഞ്ഞ മഹാഭാരതകഥയിലെ കുരുക്ഷേത്ര യുദ്ധമെല്ലാം കഴിഞ്ഞു ജനമേജയൻ രാജ്യം ഭരിക്കുമ്പോൾ നടന്ന സംഭവങ്ങളാണ്  നോവലിന്റെ ഇതിവൃത്തം.
അർജുനന്റെ പൗത്രനും ,അഭിമന്യുവിന്റെ മകനുമായ പരീക്ഷിത് വാഴുന്ന മണ്ണിൽ ഹസ്തിനപുരിയിൽ തന്നെയാണ് ഈ കഥയും  നടക്കുന്നത്.
നായാട്ടിൽ താല്പരനായ പരീക്ഷിത്ത് അത്തരമൊരു നായാട്ടിനിടെ  തന്റെ ചോദ്യത്തിനുത്തരം തരാതെ തപസ്സനുഷ്ഠിച്ചു കൊണ്ടിരുന്ന ശമീക മുനിയുടെ ദേഹത്തു ഒരു ചത്ത പാമ്പിനെ  കോരിയിട്ടതോടെ ശാപങ്ങളുടെ കഥ ആരംഭിക്കുകയായി. തന്റെ പിതാവിന്റെ ദേഹത്തു ഈ അതിക്രമം കാണിച്ചവനെ മകൻ ഗവിജാതൻ ശപിച്ചുകളഞ്ഞു, അച്ഛനെ നിന്ദിച്ചവർ അതാരായാലും ഏഴുനാളിനകം പാമ്പു കടിയേറ്റു മരിക്കും.  ശാപത്തെ കുറിച്ചറിഞ്ഞ രാജാവ് സാധ്യമായ തരത്തിലുള്ളതും ,എന്നാൽ അസാധാരണമായ രീതിയിലുള്ള  പ്രതിരോധ കോട്ടകളും,മാർഗ്ഗങ്ങളും പരീക്ഷിച്ചെങ്കിലും ശാപം ഫലിക്കുകയാണുണ്ടായത്.
ഇവിടെ ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്.പ്രതികൂല സാഹചര്യങ്ങളിൽ ബുദ്ധിപൂർവമായ തീരുമാനങ്ങൾ കൈക്കൊള്ളാനും സ്വബോധം നഷ്ടപെട്ട രാജാവിന് വേണ്ട നടപടികൾ സ്വീകരിക്കാനുമുള്ള ബുദ്ധി ഉപദേശിക്കുന്നതും, പദ്ധതികൾ നടപ്പിലാക്കാൻ മുന്നിട്ടിറങ്ങുന്നതും രാജാവിന്റെ ഭാര്യ മാദ്രവതിയാണ്. മാദ്രവതിയുടെ മുന്നൊരുക്കങ്ങളാണ് യഥാർത്ഥത്തിൽ നമ്മൾ  കാണുന്ന സമുദ്രത്തിനു നടുവിലെ ഒറ്റക്കാലിൽ തീർത്ത ആ പ്രതിരോധക്കോട്ട.
ആ അകാലമരണത്തിന്റെ ഉള്ളറരഹസ്യങ്ങൾക്കു  അധിക കാലം ആയുസ്സുണ്ടായിരുന്നില്ല.  പരീക്ഷിത്തിന്റെ മകൻ ജനമേജയൻ അതറിഞ്ഞപ്പോൾ തന്റെ അച്ഛനെ കൊന്നവരുടെ വംശം മുടിപ്പിക്കാൻ ഇറങ്ങി തിരയുന്നതോടെ ചരിത്രം വീണ്ടും അവർത്തിക്കുകയാണെന്നുള്ള ഒരു ധ്വനി നാടെങ്ങും പരന്നു. ഈ പ്രതികാരനടപടികൾ തുടങ്ങുന്നതോടെ വ്യാസനുൾപ്പെടയുള്ള മഹാരഥൻമാർ രംഗത്തു പ്രവേശിക്കുന്നുണ്ട്.നാഗലോകത്തെ അനന്തനും,കാർക്കോടകനും,വാസുകിയും,തക്ഷകനും ഓരോരോ സഹചര്യങ്ങളിലായി നമ്മുടെ മുന്നിലേക്കെത്തുന്നുണ്ട്.
ചതിയും,പ്രതികാരവും,തിരിച്ചറിവുകളും, പാഠങ്ങളുമായി നോവൽ  മുന്നോട്ടു പോകുന്നു. എല്ലാമറിയുന്ന മഹാകാവ്യത്തിന്റെ രചയിതാവിനും ജനമേജയനു വെളിപാടോതി കൊടുക്കുന്നതിൽ കാര്യമായ പങ്കുണ്ട്. രാജാവിന് മഹാഭാരത കഥ മുഴുവനായി പറഞ്ഞുകൊടുക്കുന്നതും യാഗം നടക്കുന്നതിനിടയിലാണല്ലോ. പരീക്ഷിതം എന്നും ജനമേജയം എന്നും രണ്ടു ഭാഗങ്ങളിലായി പതിനെട്ടു അധ്യായങ്ങളിലൂടെ നമുക്ക് മുൻപിൽ വിസ്മയച്ചെപ്പു തുറന്നിടുകയാണ് രാജീവ് ശിവശങ്കർ. രാജ്യഭരണത്തിലും തീരുമാനങ്ങൾ കൈകൊള്ളുന്നതിലും സ്ത്രീകൾ ഒട്ടും പിന്നിലല്ല എന്ന് കാണിച്ചു തരുന്നുമുണ്ട് മാദ്രവതി എന്ന കഥാപാത്രം.
സാഹിത്യചർച്ചകളിലെ വെള്ളി വെളിച്ചത്തിൽ അധികം കാണാത്ത മുഖമാണ് രാജീവ് ശിവശങ്കറിന്റേത്. വളരെ  കുറഞ്ഞ വർഷങ്ങൾക്കിടയിൽ എണ്ണം പറഞ്ഞ നോവലുകൾ നമുക്ക് സമ്മാനിച്ച എഴുത്തുകാരനാണ് രാജീവ്.തിരക്കിട്ട പത്രപ്രവർത്തനത്തിനിടയിലും കഴമ്പുള്ള നോവലുകൾ ഓരോന്നായി അദ്ദേഹത്തിന്റേതായി പുറത്തുവന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് വായനകാർക്ക് ആവേശം പകരുന്ന ഒന്നാണ്.അദ്ദേഹത്തിന്റെ നോവലുകളിലെ പേരുകൾക്കും ഒരു വ്യത്യസ്തത കാണാം. തമോവേദം,കുഞ്ഞാലിത്തിര,പുത്രസൂക്തം,കലിപാകം,പെണ്ണരശ്,പ്രാണസഞ്ചാരം, കൽപ്രമാണം, മറപൊരുൾ,ദൈവമരത്തിലെ ഇല ,ഗൂഡം ഇങ്ങനെ പോകുന്നു പേരുകൾ.
നാഗഫണം പുറത്തിറക്കിയിരിക്കുന്നത് ഡിസി ബുക്സ് ആണ് , വില 199 രൂപ.

സിനിമ നടൻ ജയനും മുകുന്ദനും പിന്നെ മയ്യഴിപ്പുഴയും

ഓർമ്മക്കുറിപ്പുകൾ പലവിധമുണ്ട്. ആ വിഭാഗത്തിൽ പെടുന്ന മിക്കതും ഞാൻ എന്ന സ്വന്തം കഥാപാത്രത്തെ കേന്ദ്രമാക്കിക്കൊണ്ടുള്ളതും തന്റെ കുട്ടിക്കാലം മുതൽ മുന്നോട്ടുള്ള സംഭവങ്ങളെ കുറിച്ചുള്ളതായിരിക്കും. എന്നാൽ ചില ഓർമക്കുറിപ്പുകൾ ഒരാൾ   തന്നെ കടന്നുപോയവരെയും , കൂടെ നടന്നവരെയും ഓർമ്മിച്ചെഴുതുന്ന തരത്തിലുള്ളതും ഉണ്ട്. രണ്ടാമതു സൂചിപ്പിച്ച വിഭാഗത്തിൽ പെടുന്ന ഒന്നാണ് എം മുകുന്ദൻ എഴുതിയ ഓർമ്മകളിലേക്ക് മടങ്ങി വരുന്നവർ എന്ന പുസ്തകം. യൗവനം ചോർന്നു പോകാത്ത ആഖ്യാനത്തോടെ ഹൃദയത്തെ തൊടുന്ന കഥകളെഴുത്തുന്ന മുകുന്ദൻ പക്ഷേ വിട പറഞ്ഞു പോകുന്നവരെ കുറിച്ച് എഴുതുന്നത് വളരെ വിഷമകരമാണെന്ന് പറയുന്നു ,പ്രത്യേകിച്ച് നമ്മളൊരുപാട് സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരെക്കുറിച്ച് . മുകുന്ദൻ തന്റെ ഓർമകളെ കുറിച്ചു പറയുമ്പോൾ സ്വാഭാവികമായും മയ്യഴിയും , ഡൽഹി ജീവിതവും,ഫ്രഞ്ച് എംബസ്സിയുമൊക്കെ കടന്നു വരുക സ്വാഭാവികം മാത്രമാണ് . പല സാഹിത്യ പ്രസിദ്ധീകരങ്ങളിലൂടെയൊക്കെ നമ്മളത് പലവുരു വായിച്ചറിഞ്ഞിട്ടുള്ളതുമാണ്.തന്റെ പുസ്തകങ്ങളിലൂടെ എഴുത്തിനെ  നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരനാണ്‌ മുകുന്ദൻ. ഭാഷകൊണ്ടും , ആഖ്യാനം കൊണ്ടും നമ്മെ ഇപ്പോഴും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്ന മനുഷ്യൻ എന്നാണ് അവതാരികയിൽ വി സി ഇക്ബാൽ മുകുന്ദനെ വിശേഷിപ്പിച്ചിരിക്കുന്നത് .പതിനഞ്ചു അദ്ധ്യായങ്ങളിലായി  തന്നെ തൊട്ടു കടന്നുപോയവരെ ഒന്ന് കോറിയിടാൻ ശ്രമിക്കുകയാണ് മുകന്ദൻ ഈ പുസ്തകത്തിലൂടെ. മുകുന്ദൻ എന്ന പേര് കേൾക്കുമ്പോൾ കൂടെ ഓർമ്മ വരുന്ന ഒരാളുണ്ട് . അത് പുനത്തിൽ കുഞ്ഞബ്‌ദുള്ളയാണ്. പ്രിയ ചങ്ങാതി എന്ന ഒന്നാം അദ്ധ്യായം പുനത്തിൽ കടന്നു വരുന്നു.പുനത്തിലും മുകുന്ദനും തമ്മിലുള്ള ആത്മ ബന്ധത്തിലെ ഒരേട് നമ്മുക്കിതിൽ വായിക്കാം. തന്റെ ഡൽഹി ജീവിതം സമ്മാനിച്ച സുഹൃത്തുക്കളും ,സാഹിത്യ സംബന്ധമായ യാത്രക്കിടയിൽ കിട്ടിയ സൗഹൃദങ്ങളും പുസ്തകത്തിൽ കയറി വരുന്നുണ്ട്. ഓ വി വിജയനും മുകുന്ദനും രാഷ്ട്രപതി ഭവനിൽ ഓണസദ്യക്ക് പോയ രസകരമായ സംഭവം മുകുന്ദൻ പങ്കുവെച്ചിട്ടുണ്ട്. വൈകിയാണെകിലും ബംഗാളി സാഹിത്യത്തിലെ മഹാശ്വേതാ ദേവിയുമായി അടുത്ത് പരിചയപ്പെട്ടത് ,തന്റെ റോൾ മോഡലായ തന്റേടിയായ കാക്കനാടന്റെ വിശേഷങ്ങൾ,സാഹിത്യ നിരൂപകനായ കെ പി അപ്പൻ തുടങ്ങിയവർ പിന്നാലെ എഴുത്തുകാരന്റെ ഓർമകളുടെ കൂടാരത്തിലേക്കു കടന്നു വരുന്നു. സമൂഹത്തിൽ നിന്നും സ്വയം ബഹിഷ്‌കൃതനാകുന്ന എഴുത്തുകാരനെ സാർത്ര് ,പുണ്യവാളൻ എന്നാണ് വിളിച്ചിരുന്നത്. മുകുന്ദൻ അക്കാരണം കൊണ്ട് തന്നെ കവി അയ്യപ്പനെ  പുണ്യവാളനായി കരുതുന്നു. എല്ലാ വീടുകളിലും അയ്യപ്പന്റെ ഒരു കവിതാ പുസ്തകമെങ്കിലും ഉണ്ടായിരിക്കുക എന്നതാണ് കവിയ്ക്കു വേണ്ടി നമുക്ക് പണിയാവുന്ന ഏറ്റവും വലിയ സ്മാരകം എന്ന് മുകുന്ദൻ നമ്മോടു പറയുന്നു . യൂറോപ്പിൽ ഏറ്റവും കൂടുതൽ സഞ്ചരിച്ച ഭാരതീയനാടക കലാകാരനായ ഹബീബ് തൻവീർ, ചിത്രകാരനായ എം ഫ് ഹുസൈൻ,സാഹിത്യ അക്കാദമിയിലെ ദാസൻ മാഷ്,കൊച്ചനുജനോളം വാത്സല്യമുണ്ടായിരുന്ന അകാലത്തിൽ പൊളിഞ്ഞ കൊച്ചുബാവ, അധ്യാപക കഥകളിലൂടെ നമ്മുടെ മനം കവർന്ന അക്ബർ കക്കട്ടിൽ,സിനിമ നടൻ ജയൻ  ,ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന പ്രത്യശാസ്ത്രത്തിനെതിരെ കഥാകളെഴുതിയ എം സുകുമാരൻ തുടങ്ങിയവർ മുകുന്ദന്റെ ഓർമ്മ  ചെപ്പിൽ കുടിയിരിക്കുന്നവരിൽ ചിലരാണ്.വി സി ഇക്‌ബാൽ ആണ് പ്രസാധക കുറിപ്പ് എഴുതിയിരിക്കുന്നത്.ഈ പുസ്തകത്തിനു വേണ്ടി നീണ്ട ഒരു അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ അർഷാദ് ബത്തേരി ആണ്.ബാഷോ ബുക്സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്നത്.