ദാര സമന്വയങ്ങളുടെ പ്രവാചകൻ
ഷാജഹാന്റെ മൂത്ത പുത്രനും യഥാർത്ഥ രാജ്യാവകാശിയുമായിരുന്നു ദാരാ ഷിക്കോ,തന്റെ സഹോദരങ്ങളെക്കാൾ വിജ്ഞാന ദാഹിയും,സാംസ്‌കാരിക അന്വേഷണത്വരയും വേണ്ടുവോളമുണ്ടായിരുന്ന ഒരു രാജകുമാരൻ.
മത ദർശനങ്ങളിലൂടെ ഹിന്ദു -മുസ്ലിം വിഭാഗീയതയുടെ നിരർഥകത തന്റെ അറിവിന്റെയും, കലാ സാംസ്‌കാരിക ധൈഷണികതയുടെയും പിൻബലത്തോടെ തുറന്നു കാട്ടിയ ദാര,മത വെറിയനായ ഔരംഗസീബിന് പകരം സിംഹാസനമേറിയിരുന്നുവെങ്കിൽ രാജ്യത്തു ഒരു സമുജ്ജ്വല ബൗദ്ധിക നവോത്ഥാനത്തിന് ഇടവരുത്തുമായിരുന്നുവെന്നു മിക്ക ചരിത്രകാരന്മാറും അഭിപ്രായപ്പെട്ടിട്ടുണ്ട്.
തത്വജ്ഞാനികളെപോലെ ആശയങ്ങളെ കുറിച്ച് ചിന്തിച്ചും,ഭരണത്തെക്കുറിച്ചു ചിന്തിക്കാതെയും നടന്നിരുന്ന ഒരു സ്വപനജീവി ആയിരുന്നു ദാരാ. സൈനിക നടപടികളിലും, യുദ്ധങ്ങളിലും ഏറെയൊന്നും പങ്കെടുക്കുകയോ അതിന്റെയൊന്നും അനുഭവപരിചയമോ ഇല്ലാത്ത ദാരാ, രാജ്യഭരണം ഏറ്റെടുക്കാൻ യോഗ്യനല്ല എന്നുമാണ് ഔറംഗസീബ് അഭിപ്രായപ്പെട്ടിരുന്നത്.
സഹോദരങ്ങളുടെ രക്തം കൊണ്ട് ക(കു)ളിച്ചു ശീലിച്ചതാണ് മുഗൾ വംശത്തിന്റെ പാരമ്പര്യം. ഒരിടത്ത് രാജ്യാധികാരത്തിന്റെ വടം വലികളും ഗൂഡാലോചനകളും നടക്കുമ്പോൾ ദാരയുടെ മനസ്സിൽ എന്തായിരുന്നിരിക്കാം ഉണ്ടായിരുന്നത് ? അധികാരത്തിനും, പ്രതാപത്തിനും ഇടയിൽ തന്റെ ജീവിതം വിട്ടുകൊടുക്കേണ്ടിവന്ന ദാരയുടെ കഥയാണ് മംഗള കരാട്ടുപറമ്പിലിന്റെ ദാര സമന്വയങ്ങളുടെ പ്രവാചകൻ എന്ന നോവലിലൂടെ നമ്മോടു പറയുന്നത്.
ഇംഗ്ലണ്ടിലെ ഒരു യൂണിവേഴ്സിറ്റിയിൽ ഇഷ്ടവിഷയമായ തത്വചിന്തയിൽ ഗവേഷണം നടത്തുന്ന പീറ്റർ ആന്റെഴ്സൺ ദാരയെ മനസ്സിൽ ആവാഹിച്ചു കൊണ്ടു നടക്കുന്ന ഒരു വ്യക്തിയാണ്.ദാരയെ കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിനായി അയാൾ ഇന്ത്യയിലേക്കെത്തുന്നു. പിന്നീട് ദാരാ പീറ്ററിൽ ആവേശിക്കുകയാണ്.ദാരയുടെ വിചാര വികാരങ്ങളിലൂടെ നോവൽ മുന്നോട്ട് പോകുകയും ചെയ്യുന്നു.
ചരിത്രത്തിൽ നിന്നും കഥാപാത്രങ്ങളെയെടുത്ത് അവതരിപ്പിക്കുമ്പോൾ പൊതുവേ കാണാറുള്ള പുതു ചരിത്ര നിർമിതിയോ , നമ്മൾ കേൾക്കാത്ത കഥകളുടെ വിളംബരമോ ഒന്നും ഈ നോവലിൽ കാണാൻ സാധിക്കില്ല. ചരിത്രത്തോടു ചേർന്ന് നിന്നുകൊണ്ടു തന്നെയാണ് ദാരയെ ഈ നോവലിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. ഹിന്ദു മുസ്ലിം ധ്യാനവഴികളുടെ, സമാനതകളുടെ വിശദാംശങ്ങൾ നോവലിൽ അടയാളപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ദാരയുടെ പ്രണയിനിയും നാടോടി നർത്തകിയുമായ റാണ ദിൽ നോവലിലുടനീളം നിറഞ്ഞു നിൽക്കുന്നുണ്ട്. യാത്ര,യുദ്ധം,പ്രണയം,പക,പശ്ചാത്താപം തുടങ്ങീ തീവ്ര അനുഭവങ്ങളിലൂടെ കടന്നു പോകുന്ന മുഗൾ രാജവംശത്തിലെ അണഞ്ഞുകൊണ്ടിരിക്കുന്ന ഒരേടാണ് ഈ നോവലിൽ പറഞ്ഞുവെയ്ക്കാൻ ശ്രമിക്കുന്നത്.
ടെൽബ്രെയിൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന ആദ്യ നോവൽ കൂടിയാണ് ഈ പുസ്തകം. തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയ്ക്കടുത്തുള്ള കാട്ടൂർ ഗവണ്മെന്റ് സ്കൂളിലെ അധ്യാപികയാണ് ലേഖിക. വില 250 രൂപ.
ഇന്ദുഗോപന്റെ ഒറ്റക്കാലുള്ള പ്രേതം
കുഞ്ഞിക്കൂനന്റെ ലോകം
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അവാർഡ് ലഭിച്ച അദ്ദേഹത്തിന്റെ ഒരു കൃതിയാണ് കുഞ്ഞിക്കൂനൻ.
ആയിരം കൊല്ലാതെ പഴക്കമുള്ള കഥ എന്ന് തുടങ്ങുന്ന ഈ നോവലിൽ തുടക്കം മുതൽ ഒടുക്കം വരെ പ്രായഭേദമില്ലാതെ എല്ലാവരെയും പുസ്തകത്തിൽ പിടിച്ചിരുത്തുന്ന എഴുത്തുരീതിയാണ് നരേന്ദ്രനാഥ് സ്വീകരിച്ചിരിക്കുന്നത്. കരിംപൂരാടക്കാരനായി ജനിച്ചതുകൊണ്ടും ,പ്രസവിച്ച നാലാം ദിവസം അവന്റെ അമ്മ മരിച്ചത് ആക്കാരണം കൊണ്ടാണെന്നും പറഞ്ഞു ഉപേക്ഷിക്കപ്പെട്ട കൂനുള്ള കുഞ്ഞിനെ അടുത്ത ഗ്രാമത്തിലെ എഴുത്താശാൻ എടുത്തു വളർത്തിയതും,അവന് പന്ത്രണ്ടു വയസ്സു പ്രായമായ സമയത്ത് തന്റെ ഗ്രാമത്തിന് നേരിടുന്ന പിശാചു ബാധ തന്ത്രപരമായി ഒതുക്കുന്നതും, എ ഴുത്താശാന്റെ മരണശേഷം ഗ്രാമം വിടുന്നതും , പിന്നീട് സംഭവിക്കുന്ന ഒരുപാട് വെല്ലുവിളികളും , അതിജീവനവുമൊക്കെയാണ് ഈ കഥയിലുള്ളത്.
നല്ല തെളിച്ചവും , ഒതുക്കവുമുള്ള മധുരമുള്ള ഭാഷയാണ് നോവലിലേത്. 1965 ൽ ആകണം ഇതിന്റെ ആദ്യ പ്രസിദ്ധീകരണം.ചിലരെങ്കിലും പാഠപുസ്തകങ്ങളിൽ ഇത് പഠിച്ചിട്ടുമുണ്ടാകും. പക്ഷേ ഞാനീ നോവൽ മുൻപു വായിച്ചത് ബാലരാമയോ, അമ്പിളി അമ്മാവനോ പോലുള്ള ഏതോ ബാലപ്രസിദ്ധീകരണത്തിൽ ആണെന്നാണ് ചെറിയൊരു ഓർമ.
നിങ്ങൾക്കിഷ്ടപ്പെട്ട ബാലസാഹിത്യ നോവലേതാണെന്ന് പറയാമോ ?
ഡിസി ബുക്സ് പുറത്തിറക്കിയ കുഞ്ഞിക്കൂനന് 90 രൂപയാണ് വില.
ജനസംഖ്യയേക്കാൾ കൂടുതൽ സൈക്കിളുകളുള്ള ആംസ്റ്റർഡാം!
മലയാളത്തിൽ നിരവധി യാത്രാ വിവരണ പുസ്തകങ്ങൾ ഇപ്പോൾ ലഭ്യമാണ്. മുൻപ് ശോഷിച്ചു കിടന്നിരുന്ന ഒരു വിഭാഗമായിരുന്നു ഇത് .മുൻപൊക്കെ ഏതൊരു മലയാളിയും എസ് കെ പൊറ്റക്കാടിന്റെ പുസ്തകങ്ങളിലൂടെയാകണം യാത്രാ വിവരണ പുസ്തകങ്ങൾ വായിച്ചു രസിച്ചിട്ടുണ്ടാകുക. ഇപ്പോൾ യാത്ര സൗകര്യങ്ങളും,ടെക്നോളജിയും മെച്ചപ്പെട്ടപ്പോൾ യാത്രകൾക്കും ,യാത്ര വിവരണങ്ങൾക്കും മുൻപുണ്ടായിരുന്ന ബുദ്ധിമുട്ടുകളെയൊക്കെ കുറെയൊക്കെ കവച്ചു വെയ്ക്കാൻ സാധിച്ചിട്ടുണ്ട്. സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരം പോലുള്ള പരിപാടികളും, മലയാളികൾ താല്പര്യത്തോടെ സ്വീകരിച്ചിട്ടുണ്ട്.
ചില പുസ്തകങ്ങൾ യാത്രാവിവരണപുസ്തകങ്ങൾക്കപ്പുറം ജീവിതത്തിന്റെ സർഗ്ഗാത്മകതയെയും,ഊഷ്മളതയെയും ഉയർത്തിപ്പിടിക്കുന്നവയായിരിക്കും . അത്തരമൊരു പുസ്തകമാണ് രാജു റാഫേലിന്റെ ആംസ്റ്റർഡാമിലെ സൈക്കിളുകൾ എന്ന പുസ്തകം.
മുൻപ് ആംസ്റ്റർഡാം സന്ദർശിച്ചിരുന്നതുകൊണ്ട് ആ സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ തേടിപ്പിടിച്ചു വായിക്കുക എന്നത് താല്പര്യമുള്ള ഒരു സംഗതിയായാണ് കാണുന്നത്. നമ്മൾ ഒരിക്കൽ വായിച്ചു അഭിപ്രായം പറഞ്ഞ ഒരു പുസ്തകത്തെ കുറിച്ച് മറ്റൊരാൾ വായിക്കുമ്പോഴുണ്ടാകുന്ന അതേ ആകാംക്ഷപോലെ എന്നു വേണമെങ്കിൽ പറയാം.
ഈ പുസ്തകം വെറുമൊരു യാത്രക്കുറിപ്പുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നാണ് എനിക്കും അനുഭവപ്പെട്ടത്. അവിടുത്തെ ജീവിതാനുഭവങ്ങളെ പകർത്തിവെയ്ക്കാനുള്ള ഒരു എളിയ ശ്രമം ഇവിടെ നടത്തിയിട്ടുണ്ട്.സൈക്കിളുകളെ മാറ്റിനിർത്തികൊണ്ട് അവിടുത്തെ ജനതയ്ക്ക് ചിന്തിക്കാൻ പോലുമാകില്ല. അവിടുത്തെ ജനസംഖ്യയേക്കാൾ കൂടുതലാണ് അവിടുള്ള സൈക്കിളുകളുടെ എണ്ണവും എന്നു കേൾക്കുമ്പോൾ മുൻപു പറഞ്ഞത് ഒട്ടും അതിശയയോക്തിയല്ലെന്ന് ബോധ്യപ്പെടും. അതായത് ഇരുപത്തിയഞ്ച് ലക്ഷം ജനങ്ങൾക്ക് ഇരുപത്തെട്ടു ലക്ഷം സൈക്കിളുകൾ!!. അവിടുത്തെ റോഡുകൾ വരെ നിർമ്മിച്ചിരിക്കുന്നത് സൈക്കിൾ യാത്രക്കാർക്ക് മുൻഗണന നൽകികൊണ്ടാണ്.
കാലകാരന്മാരുടെയും ,എഴുത്തുകാരന്മാരുടെയും നഗരമാണ് ആംസ്റ്റെർഡാം. യാചകരില്ലാത്ത ,വൃത്തിയുളള ഒരു നഗരം. ആംസ്റ്റേർഡാംമിൽ പോയി എന്നു പറഞ്ഞപ്പോൾ അവിടുത്തെ റെഡ് ലൈറ്റ് സ്ട്രീറ്റിലും പോയിട്ടുണ്ടാകുമല്ലോ എന്നു ചോദിച്ച നിരവധി സുഹൃത്തുക്കളെനിക്കുണ്ട്. തായ്ലാൻഡിൽ പോകുന്നവരൊക്കെ പട്ടായ കാണാൻ മാത്രം പോകുന്നവരാണെന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ പേരും. അല്ലെങ്കിലും പട്ടായയിൽ പോകുന്നവരൊക്കെ ‘ആക്കാര്യത്തിന് ‘ വേണ്ടി മാത്രം പോകുന്നവരാണെന്ന് കരുതുന്നവരോട് എന്തു പറയാനാണ് ?
ജോലിസംബന്ധമായാണ് രാജു റാഫേൽ ആംസ്റ്റെർഡാമിലേക്ക് പോകുന്നത് . ഒരു മാധ്യമ പ്രവർത്തകനായതുകൊണ്ടു കൂടിയാകണം താൻ അവിടെ കണ്ട പൊതുകാഴ്ചകളെയും, ജീവിതങ്ങളെയും,സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളെയും നല്ല രീതിയിൽ തന്നെ രേഖപ്പെടുത്താൻ താല്പര്യം കാണിച്ചതെന്ന് തോന്നുന്നു.
ഒട്ടേറെ പ്രത്യേകതകളുണ്ട് ആംസ്റ്റർഡാമിന്. ഒരു കുപ്പി വെള്ളത്തിന് ഒരു ബോട്ടിൽ ബിയറിനെക്കാളും വിലകൊടുക്കണം. മദ്യത്തിന് പച്ചവെള്ളത്തിനെക്കാളും വിലകുറവ്.,സിഗരറ്റിന് മദ്യത്തിനെക്കാൾ വിലകൂടുതൽ. വേശ്യവൃത്തിയും ,മയക്കു മരുന്നുകളുടെ ഉപയോഗവും നിയമാനുസൃതമാണ്. എങ്ങനെ ഇതെല്ലാം പ്രൊഫഷണലായി നല്ല രീതിയിൽ പരാതികളില്ലാതെ നടത്തികൊണ്ടു പോകാമെന്നു അവിടുള്ളവർ കാണിച്ചു തരുന്നുമുണ്ട്.
മേൽസൂചിപ്പിച്ച റെഡ് ലൈറ്റ് സ്ട്രീട്ടിന്റെ കാര്യം പറഞ്ഞപോലെ അവിടുത്തെ ശരി ഇവിടെ തെറ്റുകളായതുകൊണ്ട് അത്തരം കാര്യങ്ങളൊന്നും എഴുത്തുകാരൻ പുസ്തകത്തിൽ ഒഴിവാക്കിയിട്ടുമില്ല. അവിടുത്തെ സൈക്കിൾ വ്യവസായത്തെത്തെക്കുറിച്ചും ,സൈക്കിൾ വ്യവസായത്തിന്റെ പിതാവായ ഹെന്റിക്കസ് ബർഗറിനെ കുറിച്ചും ഇതിൽ വിവരണങ്ങളുണ്ട് . നമ്മുടെ കാഴ്ചകളിൽ മനുഷ്യരേക്കാൾ കൂടുതൽ സൈക്കിളുകളാണ് കണ്ണിൽപ്പെടുക.ഏറ്റവും ലളിതമായ യാത്രാമാധ്യമം എന്നതിലുമുപരി എങ്ങനെ സൈക്കിളുകൾ ആംസ്റ്റേർഡാമുകാരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി എന്നും അവരതിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും വളരെ കൃത്യമായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതൊരു യാത്രാ വിവരണ പുസ്തകമായതുകൊണ്ടു വായിച്ചു തന്നെ അനുഭവപ്പെടുക ആ നാടിന്റെ വിശേഷങ്ങൾ.
അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനും മാധ്യമ പരിശീലകനുമാണ് ലേഖകനായ രാജു റാഫേൽ. ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ഥാപകാംഗം കൂടിയാണ് അദ്ദേഹം. 2010 ൽ നെതർലാന്ഡ്സ് വികസന എജൻസിയുടെ ഫെല്ലൊഷിപ്പ് നേടി അവിടെ മാധ്യമ പരിശീലത്തിനായി പോയി. ആ സംഭവമാണ് ഈ പുസ്തകത്തിന്റെ പിറവിയക്കാധാരം
ഗ്രീൻ ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 200 രൂപ
പെനാൽറ്റി കാക്കുന്ന ഗോളിയുടെ ഉദ്വേഗവും ഹിഗ്വിറ്റയും
1970 ൽ ജർമ്മനിൽ പുറത്തുവന്നതും, 1972 ൽ ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ട പീറ്റർഹാൻഡ്കെ യുടെ മൂന്നാമത്തെ നോവലായ പെനാൽറ്റി കാക്കുന്ന ഗോളിയുടെ ഉദ്വേഗം( The Goalie’s anxiety at the penalty kick) എന്ന പുസ്തകമാണ് മേൽസൂചിപ്പിച്ച ആ ചെറുനോവൽ.
ഒരിക്കൽ പ്രശസ്തനായ ഒരു ഗോളിയായിരുന്നു ജോസഫ് ബ്ലോഹ് ഇപ്പോൾ ഒരു കെട്ടിട നിർമ്മാണത്തൊഴിലാളിയാണ്. നോവലാരംഭത്തിൽ അയാൾ ഒരു ദിവസം ജോലിസ്ഥലത്തെത്തുകയും സഹപ്രവർത്തകരിൽ നിന്നും തന്റെ പണി നഷ്‌ടപ്പെട്ടുവെന്നറിഞ്ഞു തിരികെ പോകുകയും ചെയ്യുന്നു.
പിന്നീട് ഒരു രാത്രിയിൽ, അയാൾ സിനിമാ തിയേറ്ററിലെ കാഷ്യറായ ഒരു പെൺകുട്ടിയെ പിന്തുടരുന്നു. അവളുടെ കൂടെ അയാൾ മുൻപും പലതവണ തവണ പോയിട്ടുണ്ട്. ബ്ലോഹ് അപ്പാർട്ട്മെന്റിൽ പോയി അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു.പിറ്റേന്ന് രാവിലെ അവളുമായി സമയം ചെലവഴിക്കവേ വ്യക്തമായ ഒരു കാരണവുമില്ലാതെ അയാൾ അവളെ കൊല്ലുകയും ചെയ്യുന്നു. പിന്നീടുള്ള ബ്ലോഹിന്റെ എണ്ണമറ്റ പ്രവർത്തികളിലൂടെയും ,ചിന്തകളിലൂടെയുമാണ് നോവൽ മുന്നോട്ട് പോകുന്നത്.
പിന്നീടയാൾ ഓസ്ട്രിയൻ അതിർത്തിയിലെ ഒരു ചെറിയ പട്ടണത്തിലേക്കാണ് പോകുന്നത് . അവിടെ അയാളുടെ മുൻ കാമുകി ഒരു ഭക്ഷണശാല നടത്തുന്നുണ്ട്. അവിടെ എത്തിയെങ്കിലും അധികാരികളിൽ നിന്ന് ഓടിയൊളിക്കാൻ ബ്ലോഹ് അതിവ്യഗ്രതയൊന്നും കാണിക്കുന്നില്ല. പക്ഷേ പട്ടണത്തിൽ സമയം ചെലവഴിക്കുമ്പോൾ ബ്ലോഹിന്റെ മനോഭാവത്തിൽ മാറ്റം വരുന്നു . അയാൾ സംസാരിക്കുന്നത്തിലും ആശയവിനിമയം നടത്തുന്നതിലും ഒരു അസാധാരണത്വം കൈവരുന്നു . ബ്ലോഹ് തന്റെ ചിന്തകളെ വിശകലനം ചെയ്യാനും, രണ്ടുതവണ പരിശോധിക്കാനും തുടങ്ങുന്നു .അയാളുടെ മനസ്സിലൂടെ കടന്നുപോകുന്ന വാക്കുകളും, പദപ്രയോഗങ്ങളും മറ്റുള്ളവരുടെ വാക്കുകളുമായി അദ്ദേഹം ബന്ധപ്പെടുത്തുകയും ,അവയുടെ അർത്ഥങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. മാത്രമല്ല അവയൊക്കെയാണ് തന്റെ ചിന്തകളെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അയാൾ മനസ്സിലാക്കുന്നു. ഇത്തരം സ്‌കീസോഫ്രീനിയാക് സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
എന്നാൽ ബ്ലോഹ് ചെയ്തുകൂട്ടുന്ന യഥാർത്ഥ കാര്യങ്ങളല്ല, മറിച്ച് അയാളുടെ തലയിലൂടെ ഓടുന്ന കാര്യങ്ങളാണ് ഈ നോവലിനെ കൗതുകകരമായ വായനയാക്കി മാറ്റുന്നത്.
എങ്കിലും പെനാൽറ്റി കാക്കുന്ന ഗോളിയുടെ ഉദ്വേഗം ഒരു പ്രയാസകരമായ വായനയാണെന്ന് സമ്മതിക്കേണ്ടി വരും, അത് ചിലപ്പോൾ എന്റെ നോവൽ വായനയുടെ ന്യൂനതയാകനും സാധ്യതയുണ്ട്. മനുഷ്യനെ സ്വന്തം വിവേകവുമായുള്ള പോരാട്ട ശ്രമമങ്ങളാണ് ഈ നോവലിന്റെ പ്രമേയമെങ്കിലും, ബ്ലോഹിന്റെ ജീവിതത്തിലെ വിരസതയെ അതിസൂക്ഷ്മമായി അവതരിപ്പിക്കുന്നതുകൊണ്ടുണ്ടായതാണ് മേൽസൂചിപ്പിച്ച നോവൽ വായനയിലെ വെല്ലുവിളി എന്നു കരുതേണ്ടിയിരിക്കുന്നു.
2019 ലെ സാഹിത്യ നോബൽ പീറ്റർ ഹാൻഡെകിനായിരുന്നു ലഭിച്ചത്. എഴുത്തുകാരന്റെ രാഷ്ട്രീയവും സാംസ്‌കാരിക വീക്ഷണങ്ങളും അഭിപ്രായപ്രകടനനങ്ങളും സ്വയം പ്രഖ്യാപിത ബുദ്ധി ജീവികളെ വിറളി പിടിപ്പിച്ചിരുന്നു.
അതിലൊട്ടും അതിശയോക്‌തിയില്ലതാനും.നിയോ ഫാസിസറ് സമീപനങ്ങൾ പരസ്യമായി സ്വീകരിച്ചുപോന്നിട്ടുള്ളയാളാണ് കക്ഷി.സെർബിയൻ വംശഹത്യയെ ന്യായീകരിക്കുകയും ,സ്ലോബോഡാൻ മിലോസെവിക് എന്ന സെർബിയൻ സ്വേച്ഛാധിപതിയുടെ ഇഷ്ടതോഴനും ആരാധകനുമായിരുന്നു ഹാൻഡെക്.
നാടകം, നോവൽ, തിരക്കഥ കൃത്തു ,പ്രഭാഷകൻ, പ്രബന്ധമെഴുത്തു എന്നിങ്ങനെ സമസ്തമേഖലകിലും അദ്ദേഹത്തിന്റെ സാന്നിധ്യം കാണാം.ഓസ്ട്രിയയിലെ മിക്ക രാഷ്ട്രീയ സാംസ്‌കാരിക സംവാദങ്ങളിലും ഹാൻഡെക്നെ കാണാം.A Sorrow Beyond Dreams,The Goalie’s Anxiety at the Penalty Kick,The Left-Handed Woman,Short Letter, Long Farewell,A Moment of True Feeling,Repetition,Three by Peter Handke എന്നിങ്ങനെ എഴുതിക്കൂട്ടിയ പുസ്തകങ്ങൾ ഇനിയുമുണ്ട്. ലിസ്റ്റ് ഇവിടെ തീരുന്നില്ല.
മലയാളഭാഷയുടെയും ,സാഹിത്യത്തിന്റെയും,ചിന്തയുടെയും ഇടങ്ങളിൽ വിവർത്തന കൃതികൾ ഉണ്ടാക്കുന്ന ആ കുതിച്ചു ചാട്ടത്തിന് കാരണക്കാരായ പ്രസാധകരെയും, വിവർത്തകരെയും അഭിനന്ദിക്കേണ്ടിയിരിക്കുന്നു. തീർച്ചയായും അതിൽ പോരായ്മകളുണ്ടാകാം. അതെല്ലാം പരിഹരിച്ച് ഈ വിഭാഗം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.
പിശാചിന്റെ അഭിഭാഷകൻ
ആസ്ട്രേലിയൻ സാഹിത്യത്തിലെ അതികായന്മാരിലൊരാളാണ് മോറിസ് വെസ്റ്റ് ,ഇരുപതാം നൂറ്റാണ്ടിലെ മികച്ച കഥാകാരന്മാരിൽ ഒരാളും. വെസ്റ്റിന്റെ ഏറ്റവും കൂടുതൽ വിറ്റുപോയ നോവലാണ് ഡെവിൾസ് അഡ്വക്കേറ്റ്. വിശ്വാസത്തിന്റെ അർത്ഥത്തെക്കുറിച്ചുള്ള ഒരു പര്യവേക്ഷണ ശ്രമമാണ് നോവലിന്റെ ഇതിവൃത്തം.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന വർഷങ്ങളിൽ ഇറ്റലിയിലെ കാലാബ്രിയയിലെ ഒരു തരിശു പട്ടണത്തിൽ,ഒരു പ്രാദേശിക കമ്മ്യൂണിസ്റ്റുകളുടെ കൂട്ടം ജിയാക്കോമോ നീറോൺ എന്ന ഒരാളെ വധശിക്ഷയ്ക്ക് വിധിക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നു. ആ പ്രാദേശിക കൂട്ടങ്ങൾക്കു അയാൾ ഒരു രാജ്യദ്രോഹിയാണ്. എന്നാൽ യുദ്ധം കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം , കൊല്ലപ്പെട്ട ജിയാക്കോമോ നെറോണിന് ചുറ്റും ഒരു വിശുദ്ധ ആരാധന വളർന്നു വന്നു . അവിടെ ആ രക്തസാക്ഷിക്കായി ഒരു ആരാധനാലയം ഉയർന്നുവരികയും ചെയ്തു.
കുടലിൽ അർബുദം ബാധിച്ചു ദിവസങ്ങൾ എണ്ണപ്പെട്ടു കഴിയുന്ന ഇംഗ്ലീഷ് പുരോഹിതനായ ബ്ലെയ്സ് മെറിഡിത്തിനെ റോമിൽ നിന്ന് നെറോണിനെ ക്കുറിച്ച് അന്വേഷിക്കാൻ അയയ്ക്കുന്നു. മരണം കാത്തുകിടക്കുന്നവനാണെങ്കിലും ബ്ലെയ്സ് മെറിഡിത്ത് മരണത്തെ ഒട്ടും ഭയപ്പെടാത്ത വ്യക്തിയാണ്. അതിശയിപ്പിക്കുന്ന ആസക്തി അയാളുടെ ജീവിതത്തിന്റെ അർത്ഥം വിലയിരുത്താൻ അയാളെ പ്രേരിപ്പിച്ചു കാണണം.
ഇത് തന്റെ അവസാന ദൗത്യമായിരിക്കുമെന്ന് അയാൾക്കറിയാം. ആളുകളുമായി കൂടുതൽ അടുക്കുന്നതിലൂടെ അതുവഴി ദൈവവുമായി കൂടുതൽ അടുക്കാമെന്നാണ് അയാളുടെ കണക്കുകൂട്ടൽ.
എല്ലാവർക്കും അയാൾ പിശാചിന്റെ അഭിഭാഷകനാണ്. മറ്റൊരു മനുഷ്യന്റെ ജീവിത്തെകുറിച്ചുള്ള ആ അന്വേഷണയാത്രയിലൂടെ നിഗൂഢതയാൽ ചുറ്റപ്പെട്ട ഒരു മനുഷ്യനെ ചുറ്റിപ്പറ്റിയുള്ള വസ്തുതകൾ ക്കൊപ്പം സ്വന്തം ആത്മാവിന്റെ സമ്പന്നമായ മാനവികതയും വെളിപ്പെടുന്നു.
പവിത്രതയും അശ്ലീലവും എങ്ങനെ കൂടിച്ചേരുന്നുവെന്നും സഭയ്ക്കുള്ളിൽ ഒരേസമയം അവ നിലനിൽക്കുന്നുവെന്നും ,വിശ്വാസം, പാപം, പാപമോചനത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും അതിമനോഹരമായി വെസ്റ്റ് ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു.
സർവ്വകലാശാലാ പഠനത്തിന് ശേഷം മോറിസ് വെസ്റ്റ് സെമിനാരിയിൽ ചേർന്നെങ്കിലും പൗരോഹിത്യം സ്വീകരിക്കുന്നതിനും മുൻപേ അവിടെ നിന്നും പോരുകയാണുണ്ടായത്.രണ്ടാം ലോകമഹായുദ്ധത്തിലും പങ്കെടുത്തു. പിന്നീട് പ്രധാനമന്ത്രിയുടെ സെക്രട്ടറിയായി.അത് കഴിഞ്ഞു പത്രപ്രവർത്തകൻെറ വേഷമണിഞ്ഞു. ഇതിനിടെ ഒരു റെക്കോർഡിങ് സ്റ്റുഡിയോ നടത്തി. പെട്ടെന്നൊരു ദിവസം ഇതെല്ലം ഉപേക്ഷിച്ചു നോവലെഴുത്തിലേക്കു വീണു.1959 ലാണ് ഡെവിൾസ് അഡ്വക്കേറ്റ് എന്ന നോവൽ വന്നത്.നോവൽ വമ്പൻ ഹിറ്റായി.അദ്ദേഹം 28 നോവലുകൾ എഴുതി.അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ലോകമെമ്പാടുമായി 70 ദശലക്ഷത്തോളം കോപ്പികൾ വിറ്റു എന്നാണ് പറയപ്പെടുന്നത്.കൂടാതെ മിക്കതും 28 ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. വെസ്റ്റിന്റെ പല നോവലുകളും സിനിമയാക്കി. അദ്ദേഹത്തിന്റെ പല നോവലുകളുടെയും പശ്ചാത്തലം റോമൻ കത്തോലിക്കാ സഭയാണ്.
മലയാളത്തിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് പ്രശസ്ത എഴുത്തുകാരൻ പി ജെ ജെ ആന്റണിയാണ്. ന്യൂ ബുക്ക്സ് ആണ് പുസ്തക പ്രസാധകർ. 190 പേജുകളുള്ള പുസ്തകത്തിന്റെ വില 140 രൂപ.
എന്‍റെ കുറ്റാന്വേഷണ പരീക്ഷകൾ
ആദ്യ പുസ്തകത്തിൽ 28 അദ്ധ്യായങ്ങളാണുള്ളത്. പ്രഥമ ദൃഷ്ട്യാ കൊലപാതകമെന്ന് തോന്നിപ്പിക്കുന്ന ബഷീർ മരണ കേസിന്റെ വിവരങ്ങളുമായാണ് പുസ്തകം തുടങ്ങുന്നത്.
സഹപ്രവർത്തകന്റെ മകളെ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി വശത്താക്കി ഗർഭിണിയാക്കിയ എസ് ഐ തിലകൻ,തെറ്റിദ്ധാരണയുടെ പേരിൽ സ്വന്തം ഭാര്യയെയും കുഞ്ഞിനേയും കൊലപ്പെടുത്തിയ സുരേന്ദ്രൻ , ഭർത്താവിനെ കൊലപ്പെടുത്തിയ വനിതാ കോൺസ്റ്റബിൾ , കളക്ടറുടെ ആവശ്യപ്രകാരം കല്യാണം മുടക്കാൻ എസ് പി യുടെ നിർദേശ പ്രകാരം ഇടപെടുന്നതും അതിനു പിന്നിലെ സത്യാവസ്ഥ അറിയുമ്പോഴത്തെ അവരുടെ അവസ്ഥ , ബാങ്കിൽ തിരിമറി നടത്തി ഷെയർ മാർക്കറ്റിൽ കളിച്ച എസ് ബി റ്റി ഇരിഞ്ഞാലക്കുട ബ്രാഞ്ചിലെ മാനേജരുടെ കേസ്, പാകിസ്താനിയെ കൊന്ന തിരുവനന്തപുരത്തുകാരനറെ കഥ പറയുന്ന സലിം വധ കേസ് അങ്ങനെ നിരവധി വ്യത്യസ്തങ്ങളായ കേസുകളാൽ നിറഞ്ഞിരിക്കുന്നു പുസ്തകം നിറയെ.
കുറ്റാന്വേഷണ കഥകൾ പറയുന്ന എല്ലാവർക്കും പറയേണ്ടി വരുന്ന ഒരു പൊതു കഥാപാത്രമുണ്ട് ,അത് സുകുമാര കുറുപ്പിന്റേതാണ്. ഇതിലും സുകുമാര കുറുപ്പ് കടന്നു വരുന്നുണ്ട്, പക്ഷെ നമ്മൾ പൊതുവെ കേൾക്കാത്ത ഒരു കഥയാണെന്ന് മാത്രം.മിക്ക കേസുകളെയുടെയും വർഷം സൂചിപ്പിച്ചിട്ടില്ല. ഉണ്ടായിരുന്നെങ്കിൽ വീടിനടുത്തുള്ള ഇരിഞ്ഞാലക്കുട ബ്രാഞ്ചിലെ കേസുകളെപറ്റി സൂചിപ്പിച്ചതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാമായിരുന്നു.
രണ്ടാമത്തെ പുസ്തകത്തിൽ 20 അദ്ധ്യായങ്ങളാണുള്ളത്. ഒരു സാദാ മരണമെന്ന രീതിയിൽ തേഞ്ഞു മാഞ്ഞു പോകേണ്ടിയിരുന്ന ബെന്നി കൊലപാതക കേസ് ബുദ്ധിപൂർവം തെളിയിച്ചെങ്കിലും ഉന്നത രാഷ്ട്രീയ ബന്ധമുപയോഗിച്ചു വമ്പൻ സ്രാവുകൾ രക്ഷപ്പെട്ടുപോകുന്നത് നോക്കി നിൽക്കേണ്ടി വന്നതും, സമാനമായ മറ്റൊരു കേസ് തെളിയിച്ചെങ്കിലും അതിന്റെ ക്രെഡിറ്റ് ഒരു ഉളുപ്പുമില്ലതെ എസ് പി കൊണ്ടുപോയതുമുൾപ്പെടെ ആകപ്പാടെ സംഭവബഹുലമാണ് രണ്ടു പുസ്തകങ്ങളും.
അമിതാവ് ഘോഷിന്റെ തോക്ക് ദ്വീപ്








