പുതുവർഷത്തിൽ നന്നാവണമെന്നും ,അതുപോലുള്ള പുതിയ തീരുമാനങ്ങളൊക്കെയെടുത്ത് എല്ലാം നടപ്പിൽ വരുത്തണമെന്നോക്കെ കട്ട പ്ലാനിങ് നടത്തുന്ന ആളുകളുണ്ട്. എന്നാൽ ആ സമയമാകുമ്പോൾ അടുത്ത കൊല്ലം നന്നായിക്കോളാം എന്ന് പറഞ്ഞ് ആ പരിപാടി മാറ്റിവെയ്ക്കുന്ന ആളുകളെ കണ്ടിട്ടില്ലേ ? ഓബ്ലോമോവിസം എന്ന ഒരു അവസ്ഥയെയാണ് അത് സൂചിപ്പിക്കുന്നത്.
ഏത് ഗുരുതര പ്രതിസന്ധിയിലും തികഞ്ഞ അനാസ്ഥയോടെയിരിക്കുക,ഉത്തരവാദിത്വം ആവുന്നിടത്തോളം ഏറ്റെടുക്കാതെ അതൊക്കെ മറ്റുള്ളവർക്ക് കൈമാറി കൈകഴുകിയിരിക്കുക,ചെയ്യേണ്ട കാര്യങ്ങൾ പരമാവധി നീട്ടിവെയ്പ്പിക്കുക ഇതൊക്കെയാണ് ഒബ്ളമോവിസ്റ്റുകളുടെ അടിസ്ഥാന സ്വഭാവങ്ങൾ. അതുകൊണ്ടു തന്നെ സംഭവരഹിതവും വിരസവുമായിരിക്കും പൊതുവിൽ ഇവരുടെ ജീവിതം.
ഓബ്ലോമോവിസം എന്ന വാക്കിന് ഇത്രകണ്ട് പ്രചാരം കിട്ടാനിടയായ എഴുത്തുകാരനാണ് ഇവാൻ ഗഞ്ച്റോവ്. മുഴുവൻ പേര് ഇവാൻ അലക്സാൺട്രോവിച്ച് ഗഞ്ച്റോവ്. 1812 ൽ റഷ്യയിലായിരുന്നു ഇവാൻ ഗഞ്ച്റോവിന്റെ ജനനം . ആദ്യ നോവലായ എ കോമൺ സ്റ്റോറി 1847 ൽ പുറത്തു വന്നു. 1859-ൽ പ്രസിദ്ധീകരിച്ച ഒബ്ലോമോവ് എന്ന നോവൽ പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യൻ സാഹിത്യരംഗത്തിൽ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. സാമൂഹിക വിമർശനവും, ബ്ലാക്ക് ഹ്യൂമറുമൊക്കെയായിരുന്നു നോവൽ പ്രമേയം. നോവൽ പുറത്തുവന്നു കഴിഞ്ഞപ്പോൾ സാക്ഷാൽ ടോൾസ്റ്റോയ് പോലും അതിനെ അഭിനന്ദിച്ചു. നോവൽ നല്ല രീതിയിൽ റഷ്യയിൽ സ്വീകരിക്കപ്പെട്ടുകയും ചെയ്തു.
റഷ്യയിലെ ഒരു കുലീന കുടുംബ ഉടമയുടെ ഏകമകനാണ് മൂപ്പതുകളില് എത്തി നിൽക്കുന്ന ഒബ്ലോമോവ്. ചെറുപ്പത്തിലേ ഒരു ജോലിയും ചെയ്യാതെ വളർന്ന ഒബ്ലോമോവിന്റെ എല്ലാ കാര്യത്തിനും വേലക്കാർ വേണം. അത് പക്ഷേ അയാളെ ഒരു അലസനാക്കി കളഞ്ഞു. അയാളുടെ സെന്റ് പീറ്റേഴ്‌സ്ബർഗിലെ അപ്പാർട്ട്മെന്റിൽ വേലക്കാരനായ സഹർ ആണ് കൂടെയുള്ളത് . കിടക്കയിൽ ഉറങ്ങാനും പകൽ സ്വപ്നം കാണാനും മാത്രം അയാൾ കൂടുതൽ സമയം ചെലവഴിച്ചു. തന്റെ ജീവിത നിലവാരങ്ങളിൽ ഒരു കഴിവും വളർത്തിയെടുക്കാത്ത ഒബ്ലോമോവ് പലതും ചെയ്യണമെന്ന് സ്വപ്നം കണ്ടു . പക്ഷേ അതിനു വേണ്ടി ഒരിക്കലും ഒരു ശ്രമവും നടത്തിയതുമില്ല.
ഒരു കത്ത് വന്നാൽ അതിനു മറുപടി അയക്കണമെന്നും , അതിലേക്ക് എന്തൊക്കെ ചെയ്യണമെന്നൊക്കെ അയാൾ കിടക്ക പായിൽ വച്ച് തന്നെ ദിവസങ്ങളോളം സമയമെടുത്ത് ആലോചിച്ചു തീരുമാനിക്കും. പക്ഷേ ഈ ആലോചന മാത്രമേ നടക്കാറുള്ളൂ . എഴുത്തിന് മറുപടി അടുത്ത ദിവസം അയക്കാമെന്നായാൾ തീരുമാനിക്കും. ഈ പ്രക്രിയയിങ്ങനെ നീണ്ടു പോകും. കത്തിന് ഒരിക്കലും ഒരു മറുപടി അയക്കുകയുമില്ല. കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ സൌബിൻ അവതരിപ്പിച്ച കഥാപാത്രവുമായി എവിടെയൊക്കെയോ സാമ്യമുണ്ട് ഒബ്ലോമോവിന് . പ്രവർത്തിക്കേണ്ട സമയമാകുമ്പോൾ ഛെ .. മൂഡ് പോയി ഇന്നിനി വേണ്ട എന്ന് പറഞ്ഞുകൊണ്ടു വീണ്ടും കട്ടിലിൽ കയറി കിടന്നു അടുത്ത പദ്ധതി ആലോചിക്കുന്ന സ്വഭാവക്കാരനാണ് ഈ ഒബ്ലോമോവ്.
എപ്പോഴും ഒരു സേഫ് സോണിൽ നിന്നുകൊണ്ട് മാത്രം അയാൾ തീരുമാനങ്ങളെടുക്കുകയും, പ്രശ്നങ്ങളെ പേടിക്കുകയും ,കലഹമുണ്ടാകാതിരിക്കാനും ശ്രമിച്ചു . തന്റെ സമാധാനത്തിനും ശാന്തതയ്ക്കും അപകടകരമായേക്കാവുന്ന എന്തിനെയും അയാൾ ഭയപ്പെടുകയും, അകറ്റി നിർത്തുകയും ചെയ്തു.
ആ സ്വഭാവത്തിന്റെ ഫലമായി ആളുകൾ അയാളെ നല്ല രീതിയിൽ തന്നെ മുതലെടുത്തു. അയാളുടെ തന്നെ കൃഷിക്കാർ അയാളുടെ എസ്റ്റേറ്റിന്റെ വരുമാനത്തെക്കുറിച്ച് കള്ളം പറഞ്ഞു പണം തട്ടിയെടുത്തു. സ്വന്തം പണി സ്ഥലത്തു എത്ര പണിക്കാറുണ്ടെന്ന് പോലും അയാൾക്കറിഞ്ഞുകൂടാ . അവിടം കുഴപ്പങ്ങൾ വന്നപ്പോൾ ഒന്ന് പോയി അന്വേഷിക്കാൻ പോലും അയാൾ മടി കാണിച്ചു. സ്വന്തം വേലക്കാരനായ സഹർ വരെ അയാളിൽ നിന്നും തക്കം കിട്ടുമ്പോഴൊക്കെ മോഷ്ടിച്ചു .
എന്നാൽ ഒബ്ലോമോവിന്റെ കഥാപാത്രത്തിന്റെ സ്വഭാവത്തിന്റെ നേർവിപരീത സ്വഭാവമുള്ള ഒരാളെയും ഈ നോവലിൽ കാണാം . ജർമ്മൻ വംശജനും ഒബ്ലോമോവിന്റെ പ്രിയ സുഹൃത്തുമായ സ്റ്റോൾട്സ് ആണാ കഥാപാത്രം. സൂചിപ്പിച്ച പോലെ കഠിനാധ്വാനിയും,ശുഭാപ്തിവിശ്വാസക്കാരനും, ജീവിതത്തിൽ അച്ചടക്കമുള്ളവനുമാണ് ഈ സ്റ്റോൾട്സ്. ഒബ്ലോമോവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സ്റ്റോൾസ് മാത്രമാണ് ആത്മാർഥമായി ശ്രമിക്കുന്നുള്ളൂ.ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഒബ്ലോമോവിനെ നേരെയാക്കാൻ സ്റ്റോൾസ് ഇടപെടുന്നത്.
എസ്റ്റേറ്റിൽ നിന്നുമുള്ള വരുമാനം കുറഞ്ഞതോടെ അയാൾക്ക് തൻറെ താമസ സ്ഥലം ഒഴിഞ്ഞു കൊടുക്കേണ്ടിവന്നു.രണ്ടു മക്കളുള്ള വിധവയുമായ അഗാഫ്യ മത്വെയ്ന എന്ന യുവതിയുടെ വീട്ടിലേക്കു താമസം മാറേണ്ടി വന്നതോട് കൂടി കഥ പിന്നെയും മുന്നോട്ടുപോകുകയാണ്.
കലാപരവും ,സാംസ്കാരികപരവുമായ പ്രാധാന്യം കൊണ്ട് ക്ലാസിക് നിലവാരത്തിലെത്തി നിൽക്കുന്ന ഒരു കൃതിയാണ് ഒബ്ലോമോവ് എന്ന നോവൽ. പ്രധാന റഷ്യൻ റിയലിസ്റ്റുകളിലൊരാളായും ഗഞ്ച്റോവിനെ കണക്കാക്കുന്നവരുണ്ട്.
ഒരുപക്ഷേ നൂറ്റി അറുപതോളം വർഷങ്ങൾക്ക് മുൻപേ ഈ നോവൽ എഴുതപ്പെട്ടെങ്കിലും ആ കാലഘട്ടത്തിലോ , സാമൂഹ്യ പരിസരങ്ങളിലോ മാത്രം ഒതുങ്ങിപോകുന്ന ഒരു കഥാപാത്രമല്ല ഒബ്ലോമോവ് . ഈ വർത്തമാന കാലത്തിലും നമുക്ക് ചുറ്റിലും നിരവധി ഒബ്ലോമോവുമാരെ കാണാനാകും.
ഇംഗ്ലീഷ് വിവർത്തനം ചെയ്തിരിക്കുന്നത് ഡേവിഡ് മഗാർഷെക്കാണ്.പെൻഗ്വിൻ ബുക്ക്സ് ആണ് പുസ്തകം ഇറക്കിയിട്ടുള്ളത്.മാത്തുക്കുട്ടി ജെ കുന്നപ്പിള്ളി പുനരാഖ്യാനം ചെയ്ത ഇതിന്റെ മലയാളം പതിപ്പ് ഡിസി ബുക്‌സും ഇറക്കിയിട്ടുണ്ട്.









