Category: Uncategorized
എന്തിനാണ് ഇങ്ങനത്തെ പുസ്തകങ്ങൾ വീണ്ടും വീണ്ടും വായിക്കുന്നത് ?
ജയിൽചാട്ടക്കാരനായ ചിത്രശലഭം
അധോലോകവും ജയിൽചാട്ടവുമോക്കെ കടന്നു വരുന്ന നിരവധി പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊക്കെ നടക്കുമോ എന്ന് അമ്പരന്നത് പോയത് ശാന്താറാം എന്ന പുസ്തകം വായിച്ചു കഴിഞ്ഞപ്പോഴാണ്.
ജയിൽച്ചാട്ടവും അധോലോകവും ഒക്കെ കൊണ്ട് വായനക്കാരെ അമ്പരപ്പിക്കുന്ന മറ്റൊരു പുസ്തകമാണ് ഹെൻറി ഷാരിയറുടെ പാപ്പിയോൺ . ചെയ്യാത്ത കുറ്റത്തിന് തെറ്റായി ശിക്ഷിക്കപ്പെട്ടുവെന്ന് വിശ്വാസിക്കുന്നയാൾ, നെഞ്ചിൽ ചിത്രശലഭത്തിന്റെ ചിത്രം പച്ചകുത്തിയതിനാൽ “പാപ്പിയോൺ ” എന്ന് വിളിപ്പേരുള്ളയാൾ . ജയിൽ ചാടിയത് ഒന്നും രണ്ടും തവണയല്ല ,എട്ടു തവണയാണ്.
1906-ൽ തെക്കൻ ഫ്രാൻസിൽ അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച ഹെൻറി ഷാരിയർ തുടക്കം മുതൽ തന്നെ സ്വന്തം നിലയിൽ സാഹസികതകൾ തേടി നടന്നിരുന്നു . സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം നാവികസേനയിൽ ജോലിക്കു ചേർന്നു. പിന്നീടാണ് പാരീസ് അധോലോകത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. ഫ്രഞ്ച് ഭാഷയിൽ പാപ്പിയോൺ എന്നാൽ ചിത്രശലഭം എന്നാണർത്ഥം.വളരെ ചുരുങ്ങിയ സമയം കൊണ്ട് ഫ്രഞ്ച് തലസ്ഥാനത്ത് ഒരു പ്രാദേശിക ഗുണ്ടയായി ജീവിതം ആരംഭിച്ചു,സേഫുകൾ മോഷ്ടിക്കുക, തകർക്കുക എന്നിവയിലൊതുങ്ങിയിരുന്നു ആദ്യകാലത്തെ പ്രവർത്തികൾ. പാരീസ് ഗുണ്ടാ സംഘത്തിൽ പൂണ്ടു വിളയാടിയിട്ടും റോളണ്ട് ലെഗ്രാൻഡിനെ കൊലപ്പെടുത്തുന്നതുവരെ ഷാരിയറെ അറസ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞില്ല. പക്ഷേ ലെഗ്രാൻഡിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നാണ് ഷാരിയർ അവകാശപ്പെടുന്നത്. വാസ്തവമെന്താണെന്ന് നമുക്കറിഞ്ഞുകൂടാ. കേസന്വേഷണം സത്യസന്ധമല്ലായിരുന്നു എന്നും ഫ്രഞ്ച് നീതിന്യായവ്യവസ്ഥിതിയിൽ വിശ്വാസമില്ലെന്നും ഷാരിയർ ആ സമയം ആരോപിക്കുകയുണ്ടായി. എന്ത് തന്നെയായായാലും ഫ്രഞ്ച് ഗയാനയിലെ കുപ്രസിദ്ധമായ ശിക്ഷാ കോളനിയായ കെയെനിൽ ആണ് ജീവപര്യന്തം തടവിന് വിധിക്കപ്പെടത്.
അവിടെ മൂന്നുവർഷത്തെ നരക ജീവിതത്തിന് ശേഷം കെയെനിൽ നിന്നും ജയിൽ ചാടി . പക്ഷേ അതിനു അധികം ആയുസ്സുണ്ടായില്ല . ഫ്രഞ്ച് അധികാരികൾ അദ്ദേഹത്തെ പിടികൂടി. ഇത്തവണ കൂടുതൽ റിസ്ക് എടുക്കേണ്ടെന്ന് അവരും അങ്ങ് തീരുമാനിച്ചു. പിന്നെ കിട്ടിയത് കുപ്രസിദ്ധമായ ഡെവിൾസ് ദ്വീപിൽ രണ്ടുവർഷം ഏകാന്തതടവായിരുന്നു.ദ്വീപിന് കൂടുതൽ സുരക്ഷ ആവശ്യമില്ലാത്തതായിരുന്നു മുഖ്യ കാരണം. ചുറ്റും കടൽ വെള്ളം. നീന്തി രക്ഷപ്പെടായമെന്ന് വെച്ചാൽ ആളെ തീനി സ്രാവുകളും.
പക്ഷേ തന്റെ എട്ടാമത്തെ ശ്രമത്തിന് ഷാരിയർ വിജയകരമായി ജയിൽ ചാടുക തന്നെ ചെയ്തു. എങ്ങനെയൊക്കെ ജയിൽ ചാടാൻ പാടില്ല എന്നു തന്റെ മുൻ അനുഭവങ്ങളിൽ നിന്നും അയാൾ പഠിച്ചിരുന്നു.
അവിടെ നിന്നും , തെങ്ങുകൾ കൊണ്ട് നിർമ്മിച്ച റാഫ്റ്റിൽ സ്രാവിന് തീറ്റയാകാത്തെ അവിടെ നിന്നും രക്ഷപ്പെട്ടു. 1945-ൽ വെനിസ്വേലയിൽ വന്നിറങ്ങി, അവിടെ താമസമാക്കി, അവിടെ നിന്നു തന്നെ വിവാഹവും കഴിച്ചു. പിന്നീട് വെനിസ്വേലൻ പൗരത്വം നേടി. അവിടെ പക്ഷേ ഹെൻറി ഷാരിയർ സാധാരണ ജീവിതമാണ് നയിച്ചത്.
ഫ്രഞ്ച് ഗയാനയിൽ ഷാരിയറുടെ ചെലവഴിച്ച വർഷങ്ങളെയും രക്ഷപ്പെടാനുള്ള ശ്രമങ്ങളെയും കുറിച്ചുള്ള വിവരണമാണ് പാപ്പിയോൺ എന്ന പുസ്തകം.
62-ാം വയസ്സിൽ, ഫ്രഞ്ച് വേശ്യ ആൽബെർട്ടിൻ സരസീന്റെ അനുഭവകഥ ഷാരിയർ വായിക്കാനിടയായി. വളരെയധികം വിറ്റുപോയ അവരെഴുതിയ ആ പുസ്തകം വായിച്ചു കിട്ടിയ പ്രചോദനം കൊണ്ടാണ് ഷാരിയേർ തന്റെ അനുഭവങ്ങൾ നോട്ട് ബുക്കുകളിൽ എഴുതി നിറയ്ക്കാൻ തുടങ്ങിയത് . പത്തോളം പുസ്തകങ്ങളിൽ പൂർത്തിയാക്കിയ ആ കൈയെഴുത്തുപ്രതികൾ ഒരു ഫ്രഞ്ച് പ്രസാധകന് അയച്ചുകൊടുത്തു . പുസ്തകത്തിലെ 75 ശതമാനം ശരിയാണ് എന്നാണ് ഷാരിയർ തന്റെ പാപ്പിയോൺ എന്ന പുസ്തകത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 1969 ൽ പുസ്തകം പ്രസിദ്ധീകരിച്ച ആദ്യത്തെ 10 ആഴ്ചയ്ക്കുള്ളിൽ തന്നെ അതിന്റെ ഏഴു ലക്ഷത്തോളം കോപ്പികൾ വിറ്റുപോയി .മനുഷ്യന്റെ ഇച്ഛാശക്തിയുടെയും അതിജീവനത്വരയുടെയും അനുഭവ സാക്ഷ്യങ്ങളാണ് പുസ്തകം നമ്മളോട് പറയുന്നത്. ദുരിതം, പോരാട്ടം, പലായനം എന്നിവയുടെ തീക്ഷ്ണരൂപങ്ങൾ പല തരത്തിൽ നോവലിൽ കാണാം.
1973 ജൂലൈ 29 ന് 66-ആം വയസ്സിൽ ഷാരിയർ മരിക്കുമ്പോഴേക്കും ലോകമെമ്പാടുമായി പാപ്പിയോണിന്റെ 5 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയിരുന്നു. എന്തായിരൂന്നു ആ പുസ്തകത്തിന്റെ വിജയത്തിന്റെ രഹസ്യം? “വളരെ ലളിതം, നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾ സംസാരിക്കുന്ന രീതിയിൽ എഴുതുക മാത്രമാണ് ” അദ്ദേഹം പറഞ്ഞു.മാർകേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഡോ. എസ്. വേലായുധൻ തന്നെയാണ് ഈ പുസ്തകവും നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. പാപ്പിയോൺ പബ്ലിഷെർസ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
രാമായണത്തിലെ 'വിമുക്ത' കഥാപാത്രങ്ങൾ
രാമന്റെ പ്രവാസത്തിന്റെ കഥയാണല്ലോ വാൽമീകിയുടെ രാമായണം പറയുന്നത് . ലോക ഇതിഹാസങ്ങളിലൊന്നായ രാമായണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് നിരവധി പഠനങ്ങളും , നോവലുകളും പിറവികൊണ്ടിട്ടുണ്ട്. ഒരുപക്ഷെ മൂലകൃതിയെക്കാളും ആളുകൾ അറിയുകയും വായിക്കുകയും ചെയ്തിട്ടുണ്ടാകുക ഇത്തരം നോവലുകളും , ചർച്ചകളുമൊക്കെയാകും. അങ്ങനെ രാമായണത്തിൽ നിന്നും ഒരു പിടി കഥാപാത്രങ്ങളെ പ്രത്യേകിച്ചും സ്ത്രീകഥാപാത്രങ്ങളെ ആധാരമാക്കി കൊണ്ട് സീതയുടെ പക്ഷത്തു നിന്നും കഥപറയുകയാണ് തെലുങ്ക് എഴുത്തുകാരിയായ വോൾഗ എന്നറിയപ്പെടുന്ന പോപുരി ലളിത കുമാരി. വോൾഗ എന്നത് അവരുടെ തൂലിക നാമമമാണ്. എഴുത്തുകാരിയ്ക്ക് 16 വയസുള്ളപ്പോൾ മരിച്ച തന്റെ മൂത്ത സഹോദരിയുടെ പേരായിരുന്നു വോൾഗ . കവിതകൾ എഴുതുവാൻ തുടങ്ങിയപ്പോൾ ഈ പേര് തൂലിക നാമമായി സ്വീകരിക്കുകയായിരുന്നു.
ശൂർപ്പണഖ,അഹല്യ,ഊർമ്മിള,രേണുക,എന്നീ നാല് സ്ത്രീകളുമായി സീതയുടെ കൂടികാഴ്ചകളും അത് സീതയിൽ എപ്രകാരം സ്വാധീനിക്കുകയും, തന്റെ ചിന്തകളെ എങ്ങനെ മാറ്റിമറിക്കുകയും ചെയ്യുന്നു എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. രാമായണത്തിലെ അരികുവൽക്കരിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങളെ തന്റെ മുഖനാളങ്ങളാക്കി പുരാണകഥകളിൽ അന്തർലീനമായിരിക്കുന്ന പുരുഷ മേധാവിത്ത്വ പ്രമാണങ്ങളെ ചോദ്യം ചെയ്യുകയാണ് വോൾഗ തന്റെ പുസ്തകത്തിലൂടെ. പാതിവ്രത്യം,മാതൃധർമം,തുടങ്ങി അമൂർത്തമായ സങ്കല്പ്പങ്ങളിൽ വിശ്വാസമർപ്പിച്ചു ജീവിക്കുന്ന സ്ത്രീ അതെല്ലാം മിഥ്യയായിരുന്നു എന്ന് താൻ കണ്ടുമുട്ടുന്ന മേൽ സൂചിപ്പിച്ച മറ്റു സ്ത്രീകഥാപാത്രങ്ങളുമായുള്ള സംസർഗ്ഗത്തിലൂടെ വെളിപ്പെടുന്ന നിമിഷം അനുഭവിക്കുന്ന ആത്മസംഘർഷമാണ് നോവൽ നമ്മളോട് പകർന്നു വയ്ക്കുന്നത്.ആ തിരിച്ചറിവ് പക്ഷെ സീതയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല എന്നുള്ളതാണ് . ശൂർപ്പണഖ,അഹല്യ,ഊർമ്മിള,രേണുക എന്നിവരും ആ യാഥാർഥ്യം തിരിച്ചറിഞ്ഞവരാണ്. തീർച്ചയായും അത്തരം പക്ഷത്തു നിന്നുള്ള രചനകൾ വെളിപ്പെടുമ്പോൾ തീർച്ചയായും രാമൻ അവതാര പുരുഷനോ, മര്യാദാപുരുഷനോ ആയിരിക്കില്ല. ഇവിടെയും സ്ഥിതി മറിച്ചല്ല. സൗന്ദര്യത്തിന്റെ ആരാധികയായ ശൂർപ്പണഖ വൈരൂപ്യം കൊണ്ടുള്ള വേദനയാൽ ഒരു കാലത്തു ജീവിച്ചുവെങ്കിലും പതിയെ അവൾ അതിൽ നിന്നും മോചിതയാകുന്നുണ്ട്.സൗന്ദര്യത്തെ ആരാധിക്കാൻ ,രൂപഭംഗിയുടെയും വൈരൂപ്യത്തിന്റെയും അന്തഃസാരം മനസിലാക്കയിടെയ്ക്കാൻ അവർ തന്നോട് തന്നെ പൊരുതി.പുരുഷനുമായുള്ള ബന്ധത്തിൽ മാത്രമല്ല സ്ത്രീയുടെ ജീവിതത്തിന്റെ ധന്യത എന്നവർ തിരിച്ചറിയുന്നു . സുധീര എന്ന അവരുടെ പുരുഷനെ കാണുമ്പോൾ സീത അമ്പരന്നു നിൽക്കുന്നുണ്ട്. പിന്നീട് കാര്യങ്ങൾ മനസ്സിലാക്കി കഴിയുമ്പോൾ ആ അമ്പരപ്പ് ആരാധനയിലേക്കും വഴിമാറുന്നുമുണ്ട്.അതുപോലെ അഹല്യക്കും, രേണുകയ്ക്കും അവരുടേതായ വെളിപാടുകളും ചോദ്യങ്ങളും ഉണ്ട്. രാമൻ വനവാസത്തിനു പോയപ്പോൾ അനുഗമിച്ച ലക്ഷ്മൺ ഊർമിളയോട് ഒരു വാക്കു പോലും പറയാതെയാണ് പോകുന്നത്. തന്നെ വിസ്മരിച്ച ലക്ഷ്മണനോട് താൻ എന്ത് തെറ്റാണ് ചെയ്‌തെതെന്നും ഊർമിള ചിന്തിക്കുന്നുണ്ട്. അതിനു പകരമായി സ്വയം ഏകാന്ത വാസം തിരഞ്ഞെടുക്കുകയാണ് അവർ. ഏകാന്തതയുടെ സ്വയം കണ്ടെത്താൻ അവർ ശ്രമിക്കുന്നു.
പുരുഷന്മാരെ അവരുടെ ജീവിതത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നത് തികച്ചും നിരർത്ഥകമാണെന്ന് രേണുകയും സീതയോട് പറയുന്നുണ്ട് .തന്നെ വിധിക്കാൻ ആർക്കും അവകാശം നൽകാൻ വിസമ്മതിക്കുന്ന അഹല്യയെ ഇതിൽ നാം കാണുന്നുണ്ട് . ‘ഒരു വിചാരണയ്‌ക്ക് ഒരിക്കലും സമ്മതിക്കരുത് സീതേ ‘, വിശ്വാസത്തിന് തെളിവ് ആവശ്യമില്ലെന്ന് അവർ അവളെ ഉപദേശിക്കുന്നു.
അഹല്യയുടെ മൂർച്ചയുള്ള ഉപദേശങ്ങൾ ആദ്യമൊക്കെ ഒരു അർത്ഥവും കണ്ടെത്താൻ സീതയ്ക്ക് കഴിഞ്ഞില്ലെങ്കിലും പിന്നീട് രാമനിൽ നിന്നും നിന്ന് വേർപിരിഞ്ഞതിനുശേഷമുള്ള ആ സമയങ്ങളിൽ അഹല്യയുടെ വാക്കുകളുടെ പിന്നിലുള്ള സത്യം എന്തെന്ന് മനസ്സിലാക്കാൻ സീതയെ പ്രേരിപ്പിക്കുന്നുണ്ട് .തുടക്കത്തിൽ സീതയിലെ ഒരു സാധാരണ പെൺകുട്ടിയെ കാണുന്ന വായനക്കാർ ഒടുവിൽ അവളെ പക്വതയുള്ള, ചിന്താശേഷിയുള്ള, സ്വയം പ്രബുദ്ധയായ ഒരു സ്ത്രീയായി കാണാൻ കഴിയുന്നു എന്നുള്ളതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത .രാമനിലേക്കു വരുമ്പോൾ തന്റെ രാജ്യത്തെ വിപുലീകരിക്കാനും ശക്തിപ്പെടുത്താനും ലങ്ക രാജാവായ രാവണനെ പ്രകോപിപ്പിക്കുകയായിരുന്നു പതിനാലു വർഷത്തെ വനവാസം കൊണ്ട് രാമന്റെ പദ്ധതി എന്നാണ് ഈ നോവലിലെ ഭാഷ്യം.
ഈ പുസ്തകത്തിൽ സ്ത്രീകളുടെ ദുരിതമല്ല ഉയർത്തിക്കാട്ടുന്നത് . മറിച്ചു പുരുഷാധിപത്യത്തിന്റെ ബന്ധങ്ങൾ എങ്ങനെ തകർക്കപ്പെടുന്നു എന്നുള്ളതാണ് . ഇതിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങളുടെ വിമോചനം പുരുഷാധിപത്യത്തിൽ നിന്നുമാണ്.വിമുക്ത യാകുന്നത് ആണത്ത അധീശത്വത്തിൽ നിന്നും , അവർ സൃഷ്ടിച്ചു വെച്ച കെട്ടുപാടുകളിൽ നിന്നും.
വോൾഗയുടെ എഴുത്തിലെ സൂക്ഷ്മവും ശക്തവുമായ ആഖ്യാന ശൈലി വായനക്കാരെ ആകർഷിക്കുക തന്നെ ചെയ്യും. അവരുടെ സ്ത്രീപക്ഷ വീക്ഷണവും ഇതിഹാസത്തെക്കുറിച്ചുള്ള വ്യാഖ്യാനവും എടുത്തു പറയേണ്ടതാണ്.
തെലുങ്കിൽ ‘വിമുക്ത കഥ സമ്പുതി’ എന്ന പേരിലിറങ്ങിയ ഈ ചെറുകഥാ സമാഹാരത്തിന് 2015 ൽ സാഹിത്യ അക്കാദമി അവാർഡ് നേടുകയുണ്ടായി. വെസ്റ്റ്ലാൻഡ് ആണ് മലയാളത്തിൽ പുസ്തകം ഇറക്കിയിരിക്കുന്നത്.പരിഭാഷ നിർവഹിച്ചിരിക്കുന്നത് ഡോ എം സുപ്രിയയും
സ്റ്റാലിനെ വെള്ള പൂശാൻ നടക്കുന്നവർ
ഏറെ വിവാദങ്ങളും നിഗൂഢതകളും ,വെളിപ്പെടാത്ത ഒട്ടേറെ രഹസ്യങ്ങളും ഉള്ള ആളാണ് സോവിയറ്റ് റഷ്യ വാണ സ്റ്റാലിന്റേത്. സ്റ്റാലിനിസ്റ്റ് എന്നഒരു ശകാര പദം കാല്പനിക ഇടതുപക്ഷ നിഘണ്ടുക്കൾ പോലും രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒട്ടും അതിശയയോക്തികളൊന്നും തന്നെയില്ല എന്ന് പറയാം. ലോക കമ്യൂണിസ്റ് പ്രസ്‌ഥാനത്തിലെ തന്നെ ഏറ്റവും വിവാദം നിറഞ്ഞ കാലഘട്ടം ഏതാണെന്നു ചോദിച്ചാൽ സംശയമില്ല , . അത് സ്റ്റാലിൻ ജീവിച്ചിരുന്ന ആ കാലഘട്ടം തന്നെയാണ്.ഒരു കാലത്തു സ്റ്റാലിൻ സമം ഹിറ്റ്ലർ എന്ന ഒരു സമവാക്യം തന്നെ രൂപപ്പെടുകയുണ്ടായി. അന്നത്തെ രഷ്ട്രീയസാഹചര്യത്തിൽ അതെല്ലാവരും കണ്ണടച്ച് അംഗീകരിക്കുകയും ചെയ്തിരുന്നു.ആ സ്റ്റാലിൻ എന്ന അധികാരിയുടെ സ്വേച്ഛാധിപതിയുടെ സമഗ്രമായ ജീവചരിത്രം തികച്ചും മാർക്സിസ്റ് കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ആവിഷ്‌ക്കരിക്കാനുള്ള ശ്രമമാണ് എം ആർ അപ്പൻ ജോസഫ് സ്റ്റാലിൻ ജീവിതവും കാലവും എന്ന പുസ്തകത്തിലൂടെ ശ്രമിച്ചിരിക്കുന്നത്. സ്റ്റാലിന്റെ ജനനം മുതൽ അന്ത്യം വരെയുള്ള വിവരങ്ങൾ ഈ പുസ്തകത്തിൽ കാണാം. സ്റ്റാലിനെതിരായ മറുപക്ഷത്തിന്റെ ആക്രമണങ്ങളെ സോഷ്യലിസത്തിന്റെ മഹത്തായ നേട്ടങ്ങളെ നിഷേധിക്കുകയും ,നിരവധി മൗലിക പ്രശ്നങ്ങളെ സംബന്ധിക്കുന്ന മാർക്സിസം-ലെനിസത്തിന്റെ ശാസ്ത്രീയ കാഴ്ചപ്പാടുകളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടുവാനുമെന്നുള്ള ഇരട്ട ലക്ഷ്യങ്ങളാണുള്ളതെന്നു എഴുത്തുകാരൻ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്. അന്നത്തെ സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്ന രാജ്യങ്ങളിൽ പിന്നീട് മുതലാളിത്തം പുനഃസ്ഥാപിക്കപ്പെട്ടതിനു ശേഷം അവിടുങ്ങളിൽ തൊഴിലില്ലായ്മാ ,ദാരിദ്ര്യം,കഷ്ടപ്പാടുകൾ,കുറ്റകൃത്യങ്ങൾ,അഴിമതി,വംശീയ യുദ്ധങ്ങൾ,തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളുടെ പാപ്പരീകരണം തുടങ്ങിയ പ്രതിഭാസങ്ങളെല്ലാം ഒരു ജീവിത ക്രമമെന്ന നിലയിൽ അവിടെ നിലനിൽക്കുന്നു എന്നൊരു കൗതുകകരമായ ന്യായവാദം എഴുത്തുകാരൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാർക്സിസം-ലെനിസത്തിനു മാത്രമേ അവയെ ഇല്ലായ്മ ചെയ്യാൻ കഴിയൂ എന്നും പറയുന്നു.
സ്റ്റാലിൻ എന്ന വാക്കിനർത്ഥം ഉരുക്കു മനുഷ്യൻ എന്നാണ്. കോബ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത് .ലെനിൻ ആണ് സ്റ്റാലിൻ എന്ന പേര് ആദ്യമായി നിർദ്ദേശിക്കുന്നത്. എട്ടാം പാർട്ടി കോൺഗ്രെസ്സോടെ സ്റ്റാലിന്റെ നേതൃത്വ പാടവം അംഗീകരിക്കപ്പെട്ടു. ലെനിന്റെ വലം കയ്യായി സ്റ്റാലിൻ മാറി. അവർ തമ്മിലുള്ള ബന്ധം തുടക്കത്തിൽ ഉറച്ചതും വിശ്വാസതയുള്ളതുമായിരുന്നു. ലെനിനുണ്ടായ പക്ഷാഘാതവും അതിനെ തുടർന്നുണ്ടായ മോശമായ ആരോഗ്യസ്ഥിതിയും സ്റ്റാലിന് പാർട്ടിയിൽ മുന്നോട്ടു വരുന്നതിലും ,പാർട്ടി കാര്യങ്ങളിൽ മുൻതൂക്കം നേടുന്നതിനും നല്ലവണ്ണം സഹായിച്ചു എന്ന് വേണം പറയാൻ.
മോശമായ ആരോഗ്യാവസ്ഥയിലും ലെനിൻ 1922 ഒക്ടോബറിൽ മോസ്കോയിൽ തിരിച്ചെത്തിയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തിന് മറ്റുള്ളവരുടെ സഹായം ആവശ്യമായി വന്നു.അപ്പോഴേക്കും എല്ലാ കാര്യങ്ങളിലും സ്റ്റാലിനും അദ്ദേഹത്തിന്റെ അനുയായികളും പാർട്ടിയെ നിയന്ത്രിച്ചു തുടങ്ങിയിരുന്നു.തന്റെ രോഗഗാവസ്ഥയിൽ ലെനിന് കടുത്ത ആശാഭംഗവും ,കോപവുമുണ്ടായി. ഇതാണ് സ്റ്റാലിനെതിരെ തിരിയാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ചതെത്രെ. വളരെ വിചിത്രമായ ഒരു ന്യായവാദമായിപ്പോയി അത് . 1923 ജനുവരി 4 നു ലെനിൻ എഴുതിയ അവസാന കത്തുകളിലൊന്നിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കാണാം. വളരെയേറെ ധാർഷ്ട്യമുള്ള വ്യക്തിയാണ് സ്റ്റാലിൻ.ഈ വൈകല്യമെല്ലാം നമ്മെ പോലുള്ള കമ്മ്യൂണിസ്റുകാർക്കിടയിൽ ഒരു പരിധി വരെ സഹനീയമാണ്.പക്ഷെ ഒരു പാർട്ടി സെക്രട്ടറി ജനറലിൽ ഇത് അസഹനീയം തന്നെയാണ്.സ്റ്റാലിനെ ആ പദവിയിൽ നിന്നും മാറ്റി മറ്റൊരു വ്യക്തിയെ അവിടെ അവരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കത്തവസാനിപ്പിക്കുന്നത്. ട്രോട്സ്കിക്കും ഒരു കത്തെഴുതുന്നുണ്ട് ലെനിൻ. 1924 ഒക്ടോബറിൽ ,ഒക്ടോബറിന്റെ പാഠങ്ങൾ എന്ന മുഖാവരയോടെ ട്രോട്സ്കി തന്റെ ഗ്രന്ഥത്തിൽ ലെനിനെ അതിനിശിതമായി വിമർശിക്കുന്നുണ്ട്.ട്രോട്സ്കി അതിനു ശേഷമാണ് പാർട്ടിയിൽ നിന്നും രാജി വെയ്ക്കുന്നത്.പാർട്ടിയിലെ അംഗങ്ങളായ സീനോവും കാമനോവും ട്രോട്സ്കിയെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ ആവശ്യപ്പെട്ടുവെങ്കിലും സ്റ്റാലിൻ അതിനു സമ്മതിക്കുന്നില്ല. അതിന്റെ വിശദീകരണം സ്റ്റാലിൻ പിന്നീട് നടത്തുന്നത് ഇങ്ങനെയാണ് , മുറിച്ചു മാറ്റൽ നയം പാർട്ടിക്ക് അപായമുണ്ടാക്കും .ഛേദിക്കുന്ന രീതി,രക്തം ചൊരിയുന്ന രീതി രക്‌തം ആവശ്യപ്പെടുന്ന രീതി ഇതെല്ലം അപായകരമാണ് .അതൊരു പകർച്ച വ്യാധിയാണ്.
ഈ വിശദീകരണങ്ങളൊക്കെ ഇന്ന് കേൾക്കുന്ന ആളുകൾക്ക് ഇതൊരു തമാശയായി തോന്നിയാൽ ഒട്ടും അത്ഭുതമില്ല. ശാന്തിയുടെ ഈ സമാധാനദൂതൻ ഒഴുക്കിയ രക്തപ്പുഴക്ക് മുന്നിൽ ഹിറ്റ്ലർ പോലും നാണിച്ചു പോയിട്ടുണ്ടാകും. സ്റ്റാലിനെ വിമർശിച്ചതിന്റെ പേരിൽ 1928 ജനുവരിയിൽ ചൈനീസ് അതിർത്തിക്ക് സമീപമുള്ള ആൽമ അറ്റയിലേക്ക് ട്രോട്സ്കിയെ സകുടംബം നാടുകടത്തി , അവിടെ താമസവും ഏർപ്പെടുത്തി.ചരിത്രപരമായ വഞ്ചന ചെയ്ത ട്രോട്സ്കിയോട് പരമാവധി ‘ദയാവായ്പയോടെയാണ്’ സോവിയറ്റു സർക്കാർ പെരുമാറിയതെത്രെ. ട്രോട്സ്കിക്ക് പിന്നീട് എന്ത് പറ്റി എന്നത് ചരിത്രം. എന്ത് കൊണ്ടോ ആ ദയാവായ്‌പിന്റെ ചരിത്രം എഴുത്തുകാരൻ പുസ്തകത്തിൽ സൂചിപ്പിച്ചിട്ടില്ല, വിഴുങ്ങിയതാണോ, അതോ മറന്നു പോയതോ ആകാനുള്ള സാധ്യത തള്ളി കളയുന്നില്ല. ലെനിസത്തിന്റെ ശത്രുക്കൾക്കെതിരായ പോരാട്ടമായിരുന്നു സ്റ്റാലിന്റെ വിപ്ലവജീവിതം.ആ ജീവിതത്തിൽ ആഡംബരമുണ്ടായിരുന്നില്ല. ലളിത ജീവിതമായിരുന്നു മരണം വരെ. മേല്പറഞ്ഞതിൽ പാതി സത്യമുണ്ട്താനും.ജീവ ചരിത്രമെഴുതിയ എതിർപക്ഷക്കാരു പോലും ലളിത ജീവിതത്തിന്റെ കാര്യത്തിൽ ഒരു എതിർപ്പ് രേഖപ്പെടുത്തിയതായി കാണുന്നില്ല. യൂജിൻ ലിയോൺസ് എഴുതിയ സ്റ്റാലിന്റെ ജീവിത ചരിത്രത്തിലും ലളിത ജീവിതത്തെ സംബന്ധിച്ച വിവരങ്ങൾ കാണാം.
ഇത്തരം പുസ്തകങ്ങൾ നമ്മളോട് പറയുവാനാഗ്രഹിക്കുന്നതെന്താണ്? സ്റ്റാലിനെ പോലുള്ള ഒരു വ്യക്തിയെ വെള്ള പൂശാനുള്ള ശ്രമങ്ങൾ നല്ല പകൽ വെളിച്ചം പോലെ വ്യക്തമാണ്. ഹിറ്റ്ലറെ പോലെ ഒരു സ്വച്ഛാധിപതിയെ തോൽപ്പിച്ചതുകൊണ്ട് മാത്രം സ്റ്റാലിനെ ഒരിക്കലും മഹാനായി കാണാൻ കഴിയില്ല എന്നുള്ളത് അംഗീകരിക്കേണ്ട ഒരു വസ്തുതയാണ് .ചില പുസ്തകങ്ങളിൽ സഖ്യ കക്ഷികൾക്ക് അന്ന് സ്റ്റാലിനെ അംഗീകരിച്ചു കൊടുക്കേണ്ടി വന്നതിന്റെ നിസ്സഹായാവസ്ഥ വെളിവാക്കുന്ന അഭിപ്രായങ്ങൾ വായിച്ചതായി ഓർക്കുന്നുണ്ട്. ഇത്തരം ചരിത്ര പുസ്തകങ്ങളെ കൊണ്ട് പ്രത്യേകിച്ച് ആർക്കാണ് നേട്ടം എന്ന് വായനക്കാർ തന്നെ തീരുമാനിക്കുന്നത് ഉചിതം.
കുറിപ്പ്: സ്റ്റാലിനെ ക്കുറിച്ചുള്ള വിശദവും,ആഴത്തിലുള്ളതുമായ വായനയ്ക്ക് നിരവധി പുസ്തകങ്ങൾ ഇംഗ്ലീഷിൽ ലഭ്യമാണ്. നിർഭാഗ്യകരമെന്നു പറയട്ടെ മലയാളത്തിൽ അത്തരം പുസ്തകങ്ങൾ ഇല്ല എന്ന് തന്നെ പറയാം. ട്രോട്സ്കിയുടെ ജീവചരിത്രം മലയാളത്തിൽ ഡിസി ബുക്ക്സ് ഇറക്കിയിട്ടുണ്ട്. എന്റെ പക്കലുള്ള സ്റ്റീഫൻ കൊട്കിൻ എഴുതിയ Stalin, Vol. I: Paradoxes of Power, 1878-1928, അതിന്റെ രണ്ടാം ഭാഗം Stalin, Vol. II: Waiting for Hitler, 1929–1941, ജെഫ്‌റി റോബെർട്സ് എഴുതിയ Stalin’s General: The Life of Georgy Zhukov തുടങ്ങിയ പുസ്തകങ്ങൾ സ്റ്റാലിനെ കൂടുതൽ അറിയാൻ സഹായിക്കുന്നവയാണ്.
രൂപിക ചൗളയുടെ രാജാരവിവർമ്മ
രാജാരവിവർമ്മ എന്ന പേര് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്കോടിയെത്തുന്ന നിരവധി ചിത്രങ്ങൾ ഉണ്ട്. വീട്ടിലെ കലണ്ടറുകളിൽ അദ്ദേഹം ഒരു നിത്യ സാന്നിധ്യമാണല്ലോ. ഇന്ത്യൻ പുരാണേതിഹാസങ്ങളുടെ ദൃശ്യാവിഷ്ക്കാരത്തിൽ വിജയകരമായി അക്കാഡമിക് റിയലിസം ഉപയോഗപ്പെടുത്തുകയും ഛായാ ചിത്ര രംഗത്ത് പാശ്ചാത്യ സാങ്കേതികത അനുവർത്തിക്കുകയും ചെയ്ത ഇന്ത്യൻ ചിത്രകാരന്മാരിൽ പ്രഥമ സ്ഥാനം എന്തായാലും രാജാ രവിവർമ്മയ്ക്ക് അവകാശപ്പെട്ടതാണ്. മനു എസ് പിള്ളയുടെ ദന്ത സിംഹാസനം എന്ന പുസ്തകത്തിൽ രവിവർമയെ കുറിച്ചുള്ള വിട്ടുപോയ ഭാഗങ്ങൾ ഈ പുസ്തകത്തിൽ വേണമെങ്കിൽ നമുക്ക് പൂരിപ്പിക്കാം. ആ പുസ്തകത്തിൽ ഭാഗീരഥിഭായി തമ്പുരാട്ടിയെ കുറിച്ച് പരാമർശിക്കുന്നുണ്ടല്ലോ. എന്നാൽ രവി വർമയെ കുറിച്ച് അധികം വിവരണങ്ങളും ഇല്ല. രൂപിക ചൗളയുടെ രാജാരവിവർമ്മ -കൊളോണിയൽ ഇന്ത്യയുടെ ചിത്രകാരൻ എന്ന പുസ്തകത്തിലൂടെ രവിവർമ്മയുടെ ജീവിത ചരിത്രങ്ങളാണ് അവർ വിവരിക്കുന്നത്. എന്തുകൊണ്ടോ രവിവർമ്മയുമായി ബന്ധപ്പെട്ട സൂക്ഷമമായ പല വിവരങ്ങളും വെളിച്ചത്തു കൊണ്ട് വരാൻ കഴിഞ്ഞിട്ടില്ല എങ്കിലും ഈ പുസ്തകത്തിൽ നമ്മൾ അറിയാത്ത കേൾക്കാത്ത നിരവധി കാര്യങ്ങൾ എഴുത്തുകാരി അന്വേഷിച്ചു കണ്ടെത്തുകയും നമ്മളോട് പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. നൂറു വർഷത്തിനു ശേഷം കാലത്തിന്റെ ദയാശൂന്യമായ അടിച്ചു വാരലിൽ പലതും അപ്രത്യക്ഷമായി പോയിട്ടുണ്ടാകും എന്ന് എഴുത്തുകാരിയും ഈ പുസ്തകം തയ്യാറാക്കുന്നതിനിടയിൽ മനസ്സിലാക്കിയിട്ടുണ്ട്.രവിവർമ്മയുടെ ജന്മസ്ഥലമായ കിളിമാനൂരും , ആ രാജ വംശത്തിന്റെയും ഉത്ഭവം,അതിന്റെ ചരിത്രപരമായ പല വസ്തുതകളും ഈ പുസ്തകത്തിൽ ഉണ്ട്.ആത്‌മീയ ജീവിതം നയിച്ചിരുന്ന അരവിന്ദാശ്രമം സ്ഥാപിച്ചിരുന്ന അരവിന്ദഘോഷിന് രാജ രവിവർമയോടും ,ചിത്രങ്ങളോടും കടുത്ത അനിഷ്ടമായിരുന്നു.അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഭാരതീയ സർഗ്ഗവാസനയുടെയും കലാപരമായ സംസ്കാരത്തിന്റെയും വിലയിടിച്ചയാളാണ് രവി വർമ്മ എന്നാണ്.അരവിന്ദൻ എന്തുകൊണ്ടാണ് രവിവർമയെ ഇങ്ങനെ ആക്രമിക്കാൻ കാരണം എന്ന് വ്യക്തമായി അറിഞ്ഞൂടാ. രവിവർമ്മയ്ക്ക് വേണ്ടി മോഡലായി നിന്നു കൊടുക്കാൻ താല്പര്യം കാണിച്ച നിരവധി സ്ത്രീകളുണ്ടായിരുന്നു.അവരിൽ പലരും ധനികരായ ഗുജറാത്തികളുടെയും,പാഴ്സികളുടെയും വെപ്പാട്ടിമാർ ഉണ്ടായിരുന്നു. ഒരു നൂറ്റാണ്ടു മുൻപ് സ്ത്രീകളെ ഇങ്ങനെ ചിത്രങ്ങൾക്കു മോഡലുകളായി ഉപയോഗിക്കുന്ന രീതി ബോംബെയിലും ,പുണെയിലും ഉള്ള സമൂഹത്തിലെ സദാചാര പോലീസുകാർക്ക് ഒട്ടു ദാഹിച്ചു കാണാൻ വഴിയില്ല.1894 നു ശേഷം രവി വർമയുടെ ചിത്രത്തിന്റെ പ്രിന്റുകൾ ധാരാളമായി പുറത്തുവന്നതോടെ വിമർശനങ്ങളും ശക്തി പ്രാപിച്ചു.ചില പെയിന്റിങ്ങുകളിൽ അവർ അശ്ലീലം കണ്ടെത്തി, അവ ആഭാസകരമാണെന്നു അവർ പ്രചരിപ്പിച്ചു. ഒരു പക്ഷെ അത്തരക്കാരായിരിക്കാം അദ്ദേഹത്തിനെതിരെ ഒരു അശ്ലീല കേസിന്റെ വാർത്ത പ്രചരിപ്പിച്ചതും. രവി വർമ്മ പെയിന്റിങ്ങുകളുടെ മുദ്രിത പതിപ്പുകൾ വന്നതോടെ അവ എളുപ്പത്തിൽ എല്ലായിടത്തും എത്തിച്ചേർന്നു.പക്ഷെ മറ്റു ചില ദോഷങ്ങളും ഉണ്ടായി.മികച്ച ചിത്രകാരൻ എന്ന നിലയിലുള്ള രവി വർമ്മയുടെ സൽപ്പേരിനും അത് മങ്ങലേൽപ്പിച്ചു.കലണ്ടർ ചിത്രങ്ങളുമായി ബന്ധപ്പെടുത്തി അദ്ദേഹത്തിന്റെ പേര് ഇതോടെയാണ് പരാമർശിക്കാൻ തുടങ്ങിയത്. മോഡേൺ റിവ്യൂ എന്ന പത്രം രവിവർമക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ അഴിച്ചു വിട്ടു.അതിന്റെ പിന്നിൽ സിസ്റ്റർ നിവേദിതയും ,ആനന്ദ കുമാര സ്വാമിയുമായിരുന്നു. 1870 ൽ മൂകാംബിക ക്ഷേത്രത്തിലേക്ക് നടത്തിയ ഒരു തീർത്ഥാടനത്തോടെയാണ് രവിവർമ തന്റെ കലാജീവിതത്തിനു തുടക്കം കുറിച്ചത്.മുപ്പത്താറു വർഷത്തോളം നീണ്ടുനിന്ന കലാസപര്യക്കിടെ രചിച്ചത് ലോക പ്രസിദ്ധ ചിത്രങ്ങളോടു കിടപിടിക്കുന്ന രണ്ടായിരത്തോളം പെയിന്റിങ്ങുകൾ.
കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യ കണ്ട ഏറ്റവും മഹാനായ ചിത്രകാരൻ ആരാണെന്നതിന് ഒരു സംശയമില്ല. സ്ത്രീകളുടെ സൗന്ദര്യം ഏറ്റവും ചേതോഹരമായി കാൻവാസിലേക്ക് പകർത്തിയ ചിത്രകാരനാണദ്ദേഹം. ശകുന്തള,ദ്രൗപതി,സീത,ദമയന്തി,മേനക,മൽസ്യഗന്ധി,മോഹിനി,സൈരന്ധ്രി അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ.
എഴുത്തുകാരി രൂപിക ചൗള പ്രശസ്തയായ ചിത്രം സൂക്ഷിപ്പുകാരിയും. ചിത്രകലയെ സംബന്ധിച്ച നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്.ഈ പുസ്തകത്തിന്റെ രചനയ്ക്ക് വേണ്ടി രവി വർമ്മയുടെ ലഭ്യമായ പെയിന്റിങ്ങുകളെല്ലാം തേടിപ്പിടിച്ചു അവയുടെ മൂല രൂപങ്ങളെവിടെയാണെന്ന് കണ്ടെത്തുകയും അവിടങ്ങളിൽ നേരിട്ടുപോയി ഇപ്പോഴത്തെ ഉടമസ്ഥറുമായി ബന്ധപ്പെട്ട് ഓരോ പെയിന്റിങ്ങിന്റെയും പിന്നിലുള്ള കഥയും ,ചരിത്രവും മനസ്സിലാക്കുകയും അതൊക്കെ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ മലയാള വിവർത്തനം പി പ്രകാശ് ആണ്. സാധാരണ പുസ്തകങ്ങളെക്കാളും വലുപ്പം ഈ പുസ്തകത്തിനുണ്ട്. നിരവധി രവിവർമ ചിത്രങ്ങൾ അതിന്റെ വർണ്ണപ്പകിട്ടോടെ നല്ല വലുപ്പത്തിൽ തന്നെ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് . ഡിസി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.









