ബാഷോ -ഹൈക്കുകളുടെ തമ്പുരാൻ

 

പുരാതന ജപ്പാനിലെ ഏറ്റവും പ്രശസ്തനായ കവിയാണ്  ബാഷോ എന്നറിയപ്പെടുന്ന മാറ്റ്സുവോ ബാഷോ. ഹൈക്കുകളുടെ  ഉസ്താദായാണ് അദ്ദേഹം അംഗീകരിക്കപ്പെടുന്നത് .സോബോ എന്ന പേരിലും അദ്ദേഹം കവിതകൾ എഴുതിയിട്ടുണ്ട് .1644 മുതൽ 1694 വരെയാണ് അദ്ദേഹത്തിന്റെ ജീവിതകാലം കണക്കാക്കപ്പെടുന്നത്. 

തുടക്കത്തിൽ അദ്ധ്യാപകനെന്ന നിലയിൽ തനറെ ജീവിതം  തുടങ്ങിയെങ്കിലും  പിന്നീട് അത് യാത്രകളിലേക്കു മാറുകയാണുണ്ടായത് .  നഗരജീവിതം  ഉപേക്ഷിച്ചു  രാജ്യമൊട്ടുക്കും  അലഞ്ഞു തിരിയുകയും പടിഞ്ഞാറ്, കിഴക്ക്, വടക്കൻ മരുഭൂമികളിലേക്ക് യാത്ര പോകുകയും ചെയ്തു. തന്റെ  ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള അനുഭവങ്ങൾ  അദ്ദേഹത്തിന്റെ കവിതകളെ നന്നായി തന്നെ  സ്വാധീനിച്ചിട്ടുണ്ട്.  തന്റെ കാഴ്‌ചകളെ  കുറിച്ച് ലളിതമായ രീതിയിലാണ് കവിതകൾ സൃഷ്ടിച്ചിട്ടുള്ളത്. ഹൈക്കു കവിതകളുടെ ഒരു സ്വഭാവം അറിയാമല്ലോ ? മൂന്നോ നാലോ വരികൾക്കിടയിൽ ആശയത്തിന്റെ, ഭാവനയുടെ ഒരു സമുദ്രം തന്നെ  ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും. ഒരുപക്ഷേ നമ്മളിൽ പലരും മലയാളത്തിൽ ഹൈക്കു കവിതകൾ ആസ്വദിച്ചു വായിച്ചിട്ടുണ്ടാകുക  അഷിതയുടെ കവിതകളായിരിക്കും.

പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടുള്ള എഴുത്തിലാണ്  കൂടുതൽ താല്പര്യമെങ്കിലും ചരിത്രപരവും സാഹിത്യപരവുമായ ആശങ്കകളിൽ വേരൂന്നിയ കൃതികളൂം ബാഷോയുടെതായി കാണാം. 

 സ്വയം  സംതൃപ്തരായിരിക്കുക, നമ്മൾ ഉള്ള ഈ നിമിഷത്തെ ആസ്വദിക്കുക, ജീവിതം വാഗ്ദാനം ചെയ്യുന്ന വളരെ ലളിതമായ കാര്യങ്ങളിൽ ശ്രദ്ധകൊടുക്കുക  എന്നീ കാര്യങ്ങൾ  വായനക്കാരെ ഓർമ്മിപ്പിക്കുന്നതിൽ  അദ്ദേഹത്തിന്റെ കവിതകൾ മുന്നിട്ടു നിന്നു.ജപ്പാനീസ് ഗദ്യ സാഹിത്യത്തിലെ ഒരു ക്ലാസ്സിക് ആയാണ് ബാഷോയുടെ യാത്ര അറിയപ്പെടുന്നത്.

ബാഷോ മലയാളികളിലേക്ക് വന്നത് നിത്യ ചൈതന്യയതിയുടെ എഴുതിലൂടെയാണെന്നു പുസ്തകത്തിന്റെ അവതാരികയിൽ സൂചിപ്പിച്ചതായി കണ്ടു. ഒരു പക്ഷെ യതിയെ കൂടുതൽ വായിച്ചിട്ടുള്ളവർക്കു ബാഷോയെ എളുപ്പം പിടി കിട്ടും. മലയാള വിവർത്തനം ചെയ്‌തിരിക്കുന്നു കെ ടി സൂപ്പിയാണ്. ഒലിവ് പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 

ലോകത്തിൽ ബൈബിളിനുശേഷം ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പുസ്തകമേതാണ് ?

 

ലോകത്തിലെ ഏറ്റവും വലിയ സാഹിത്യകൃതികളിലൊന്നായി കണക്കാക്കപ്പെടുന്ന പുസ്തകം.

140 ലധികം  ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട പുസ്തകം.

അങ്ങനെ നിരവധി വിശേഷണങ്ങളുള്ള പുസ്തകമാണ് മിഗുവൽ ഡി സെർവാന്റീസിന്റെ ഡോൺ ക്വിക്സോട്ട് .

സ്പെയിനിലെ ലാ മഞ്ച എന്ന പ്രദേശത്ത് നിന്നാണ്  ഡോൺ ക്വിക്സോട്ടിന്റെ വരവ് . ഒരു സാധാരണക്കാരനാണെങ്കിലും താൻ വായിച്ച കൂട്ടിയ സാഹസിക പുസ്തകങ്ങളിൽ  ആകൃഷ്ടനായി ,ധീരമായ  ആദർശങ്ങൾ വച്ചു പുലർത്തുകയും   നിസ്സഹായരെ കഷ്ടതകളിൽ നിന്നു സംരക്ഷിക്കാനും ദുഷ്ടന്മാരെ ഇല്ലാതാക്കുവാനും  തന്റെ കുന്തവും വാളും എടുക്കാൻ തീരുമാനിക്കുകയാണ് ക്വിക്സോട്ട്. എന്നാൽ ആദ്യത്തെ സാഹസിക യാത്ര പരാജയത്തിൽ കലാശിക്കുന്നു.തിരിച്ചു വന്ന് സാഞ്ചോ പാൻസ എന്ന സഹായിയുമായി  അദ്ദേഹം രണ്ടാമത്തെ തന്റെ യാത്രക്ക് പുറപ്പെടുന്നു. ഒരു ദ്വീപിന്റെ ഗവർണറാക്കാമെന്ന വാഗ്ദാനത്തിന്റെ പുറത്താണ് സാഞ്ചോ, ക്വിക്സോട്ടിന്റെ കൂടെ കൂടിയത്.

റോസിനാന്റെ എന്ന തന്റെ കുതിരപ്പുറത്തു ക്വിക്സോട്ടും  കൂടെ ഒരു കഴുത പുറത്തു സാഞ്ചോയും തങ്ങളുടെ സാഹസികയാത്ര തുടരുകയാണ്. അവരുടെ  യാത്രയിൽ കണ്ടുമുട്ടുന്നവരുടെ കഥകളാലും സമൃദ്ധമാണ് നോവൽ. വഴിയിൽ കണ്ടുമുട്ടുന്ന ആരെയും വെല്ലുവിളിച്ചും ഏറ്റുമുട്ടിയും,തോൽവികളിൽ തന്റേതായ ന്യായീകരങ്ങളുമായി ക്വിക്സോട്ട് മുന്നോട്ടു   പോകുന്നു. 

ഡോൺ ക്വിക്സോട്ടിന്റെ അസാധാരണ പെരുമാറ്റത്തിൽ നിന്ന് കിട്ടുന്ന  ‘പണികളുടെ’  ഭാരം കൃത്യമായി ഏറ്റുപിടിച്ചുകൊണ്ടു  സാഞ്ചോ ഡോൺ ക്വിക്സോട്ടിനൊപ്പം നിൽക്കുന്നുണ്ട്.യാഥാർഥ്യവും ഫാന്റസിയും തമ്മിലുള്ള ഒരു ലോകത്തിനിടയിലൂടെയുള്ള യാത്രക്കിടയിൽ തല്ലുകൊണ്ട് ഇടയ്ക്കിടെ വെളിപാട് കിട്ടുന്ന സാഞ്ചോയെ പലപ്പോഴും ക്വിക്സോട്ടിനു  ‘ഉപദേശിച്ചു’ നേർവഴിക്കു കൊണ്ട് വരേണ്ടി വരുന്നുണ്ട്. 

എങ്കിലും  സാഞ്ചോ  ക്വിക്സോട്ടിനെ  യാഥാർഥ്യമെന്തെന്നു ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഡോൺ ക്വിക്സോട്ടിന്റെ രണ്ട് സുഹൃത്തുക്കളായ ഒരു പുരോഹിതനും ബാർബറും അവനെ വീട്ടിലേക്ക് കൊണ്ടുവരാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും  അവരുടെ ആദ്യശ്രമങ്ങൾ അതിദാരുണമായി പരാജയപ്പെടുകയാണുണ്ടായത്. 52  അദ്ധ്യായങ്ങളിലായി നിറഞ്ഞു നിൽക്കുന്ന നോവലില്ന്റെ ആദ്യ ഭാഗം ഇവിടെ അവസാനിക്കുന്നു. 

1605 ൽ ഇതിന്റെ  ആദ്യ ഭാഗം പ്രസിദ്ധീകരിക്കുമ്പോൾ സെർവാന്റീസിനു 58 വയസ്സാണ് പ്രായം.

ഒന്നാം ഭാഗം വലിയ വിജയമായിരുന്നു. ഇതിനിടയിൽ അലോൺസോ ഫെർണാണ്ടസ് ഡി അവെല്ലനേഡ എന്ന ഒരു വിരുതൻ ഇതിന്റെ രണ്ടാം ഭാഗം എഴുതി പുറത്തിറക്കി. അതറിഞ്ഞ സെർവാന്റീസ് ഉടനെ രണ്ടാം ഭാഗത്തിന്റെ എഴുത്ത് ആരംഭിക്കുകയാണുണ്ടായത്. രണ്ടാം ഭാഗത്തിൽ കഥയുടെ ഒരു ഭാഗമായി തന്നെ ഈക്കാര്യം വളരെ നാടകീയമായി സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്  അദ്ദേഹം. 

അങ്ങനെ ഒടുവിൽ  സാഞ്ചോ ഒരു സാങ്കൽപ്പിക ദ്വീപിന്റെ ഗവർണറാകുകയും  പത്തു ദിവസത്തോളം ആ ദ്വീപ് ഭരിക്കുകയും ചെയ്യുന്നുണ്ട് .പക്ഷെ ഒരു  ആക്രമണത്തിൽ പരിക്കേറ്റു കഴിയുമ്പോൾ  തന്റെ പഴയ പണി  തന്നെ മതി എന്ന് തീരുമാനിച്ചു അവിടെ നിന്നും കടന്നു കളയുകയാണ് സാഞ്ചോ. 

യാത്രയ്ക്കിടയിൽ   ഡോൺ ക്വിക്സോട്ടിനു പ്രണയങ്ങൾ കിട്ടുന്നുണ്ടെങ്കിലും   അദ്ദേഹം ലാസെനോരാ ഡദുൽസിനെയോ എന്ന സ്വപ്ന സുന്ദരിയെ  തന്നെ മനസ്സിൽ കൊണ്ട് നടക്കുകയാണ്  .  ഡോൺ ക്വിക്സോട്ടിന്റെ അടുത്ത യാത്ര വളരെ സംഭവ ബഹുലമാണ്  . ബാഴ്‌സലോണയിലെത്തിയതിനുശേഷം,  വേഷംമാറിയ  ഒരു പഴയ സുഹൃത്ത് അദ്ദേഹത്തെ  പരാജയപ്പെടുത്തുന്നു.പരാജയപ്പെട്ടാൽ അനുസരിക്കേണ്ട നിബന്ധനകളിൽ ഒന്നായിരുന്നു വീട്ടിൽ ഒരു വർഷം അടങ്ങിയൊതുങ്ങി ഇരിക്കണമെന്നുള്ളത്. നിരാശയോടെ അവർ വീട്ടിൽ തിരിച്ചെത്തുന്നു.  അതുവരെ  ഡോൺ ക്വിക്സോട്ട് വളരെ ധീരമായി പിന്തുടർന്നിരുന്ന  എല്ലാ  സത്യങ്ങളെയും ന്യായ വാദങ്ങളെയും ഉപേക്ഷിക്കുകയും ഒടുവിൽ പനി ബാധിച്ച് മരിക്കുകയും ചെയ്യുന്നു. താനൊരു ഫാന്റസിയുടെ ലോകത്തായിരുന്നു എന്ന് അവസാന നിമിഷങ്ങളിലാണ് അദ്ദേഹത്തിന് ബോധ്യപ്പെടുന്നത്. 


ഒരു ചരിത്ര കഥയെന്നപോലെയാണ് ഡോൺ ക്വിക്സോട്ടിന്റെ  സെർവാന്റസ് അവതരിപ്പിക്കുന്നത്. സിദ്ഹ മേത്തെ  ബനെഞെലി  എന്ന മൂർ എഴുതിയ കൈയെഴുത്തുപ്രതിയിൽ നിന്നാണ് താൻ ഇത് വിവർത്തനം ചെയ്തതെന്ന് അദ്ദേഹം പറയുന്നു .  സെർവാന്റീസ്   ഒരു ആക്ഷേപഹാസ്യമെന്ന രീതിയിലാണ് ഈ നോവൽ എഴുതിയിരിക്കുന്നത് .

74 അദ്ധ്യായങ്ങളുള്ള  നോവലിന്റെ രണ്ടാം ഭാഗം  പ്രസിദ്ധീകരിച്ചത് 1615 ലാണ്, അപ്പോൾ സെർവാന്റസിനു  പ്രായം 68. ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം ആദ്യമായി ചെയ്തത് 1612 ൽ തോമസ് ഷെൽട്ടനാണ്.

സ്‌പെയിനിൽ മാഡ്രിഡിനടുത്തു 1547 ൽ ആണ് മിഗുവൽ സെർവാന്റിസിന്റെ ജനനം.കൃത്യമായ ജനനത്തീയതി ലഭ്യമല്ല. 1616 ഏപ്രിൽ 22 ന്‌ സെർവാ ന്റീസ് അന്തരിച്ചു. അദ്ദേഹത്തിന്റെ എഴുതിപൂർത്തിയാകാത്ത  “ദി ലേബർസ് ഓഫ് പെർസിലിസ് ആന്റ് സെഗിസ്മുണ്ട” )The Labours of Persiles and Sigismunda: A Northern Story”) മരണശേഷം ഒരു വർഷത്തിനുശേഷം പ്രസിദ്ധീകരിച്ചു.അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ എവിടെയാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന് ഇന്നും ആർക്കും അറിയില്ല.

ഡോൺ ക്വിക്സോട്ട് ആദ്യത്തെ ആധുനിക നോവലായാണ് പരക്കെ കണക്കാക്കപ്പെടുന്നത്. 

സ്വപ്നക്കാരന്റെ പര്യായമായ  “ക്വിക്സോട്ടെസ്കോ” (Quixotesco) എന്ന പദത്തിന് ഈ പുസ്തകം കാരണമായി.

സാങ്കൽപ്പിക ശത്രുക്കളെ ആക്രമിക്കുക എന്നർത്ഥം വരുന്ന ഇംഗ്ലീഷിലെ  ടിൽറ്റിംഗ്  എന്ന  പദപ്രയോഗം ഡോൺ ക്വിക്സോട്ടിൽ നിന്നാണ് വന്നത്. 


ഇതിന്റെ മലയാള പരിഭാഷ ചെയ്തിരിക്കുന്നത് ഫാ. തോമസ് നടയ്ക്കൽ ആണ്. വിവർത്തനത്തിൽ നിരവധി കല്ലു കടികൾ നമുക്ക് കാണാം. ചിലയിടങ്ങളിൽ വായനയുടെ രസം ചോർത്താൻ കൃത്യമായി അവയ്ക്കു സാധിക്കുന്നുമുണ്ട്.  ഉദാഹരണത്തിന് “…. അങ്ങനെ ചെയ്യുന്നതിൽ അവർക്കു മനസ്സാക്ഷികടിയൊന്നും തോന്നിയില്ല.” ഈ ഒരു വാചകം വായിക്കുന്നവർക്ക് ഒരു ‘കുത്തു’ കൊടുക്കാൻ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ .. മനസ്സാക്ഷികടിയിലെ കടി എന്ന വാക്കിനു പകരം   ‘കുത്ത്’ ചേർത്താൽ  പോരായിരുന്നോ എന്ന് തോന്നി . അതല്ലെങ്കിൽ സമാന അർത്ഥം വരുന്ന   മലയാള പദങ്ങളിലൊന്ന് ഉപയോഗിക്കമായിരുന്നു . തമാശ യ്ക്കു പകരം തമാശ് , തമാശുകൾ എന്ന് പലയിടത്തും പ്രയോഗിച്ചിട്ടുണ്ട്. ഒന്ന് രണ്ടിടങ്ങളിൽ അച്ഛാദിതപഥം എന്ന വാക്കും ഉപയോഗിച്ച് കണ്ടു.അച്ഛാദിത എന്ന വാക്കിനു ശബ്‌ദ താരാവലിയിൽ മറയ്ക്കപ്പെട്ട ,മൂടപ്പെട്ട എന്നൊക്കെ അർഥം കാണാം.അപ്പോൾ അച്ഛാദിതപഥം എന്നാൽ മറയ്ക്കപ്പെട്ട വഴി, യാത്ര എന്നൊക്കെ അർത്ഥം വരുന്നുണ്ട് .ഉപയോഗിച്ച വാക്കിനു കുഴപ്പമില്ലെങ്കിലും വാക്കിനു ഇത്ര കട്ടി വേണോ എന്ന് ആലോചിക്കാവുന്നതാണ്. 

1250 ഓളം പേജുകൾ ഉള്ള ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കാർമൽ പബ്ലിഷിങ് സെന്റർ ആണ്. 

“കുട്ടികൾ ഇത് കൈയ്യിലെടുക്കും,ചെറുപ്പക്കാർ ഇത് വായിക്കും,പക്വത വന്നവർ ഇത് മനസ്സിലാക്കും,വൃദ്ധ ജനങ്ങൾ ഇതിനെ പുകഴ്ത്തും “.. തന്റെ ഈ പുസ്തകത്തെ കുറിച്ച് സെർവാന്റീസ് തന്നെ പറഞ്ഞ വാക്കുകളാണിത്…  

മധുരമൂറും ഞാവൽപ്പഴങ്ങൾ

ഓർമകളുടെ മഷി  പുരണ്ട പുസ്തകങ്ങൾ നമ്മെ കാലത്തിനു പുറകോട്ടു കൊണ്ടുപോയിട്ടില്ലേ? അവ വായിച്ചു ചിലതു നമ്മളെ  ഒരുപാട് ചിരിപ്പിക്കുകയും , ചിലതു കണ്ണീരുപ്പിന്റെ രുചി നുണയിപ്പിക്കുകയും മറ്റു ചിലതു നിസ്സംഗതയോടെ ഇരുത്താനും ഇട  വരുത്തിയിട്ടില്ലേ ?  ഒരാൾ എഴുതിയ ഓർമ്മക്കുറിപ്പുകൾ ,അത്  വായിക്കുന്നവർക്ക്‌  എഴുതിയ ആളിന്റെ   മനോവികാരവും , പരിസരവും കുറച്ചെങ്കിലും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ ചിലപ്പോൾ നനഞ്ഞ പടക്കമായേക്കാവുന്ന  ഒരു വിഭാഗമാണ് ഓർമ്മകുറിപ്പെഴുത്ത്. എനിക്ക് നൊസ്റ്റാൾജിയ ഉണ്ടാക്കിയ  ഒരു സംഗതി ,മറ്റൊരാൾക്കും അതെ ഗതി  ഉണ്ടാക്കുമെന്നു പ്രതീക്ഷിക്കാൻ  കഴിയില്ലല്ലോ. നൊസ്റ്റാൾജിയ ഉണ്ടാക്കിയില്ലെങ്കിലും രസകരമായി വായിച്ചുപോകാനും , അവരുടെ ഓർമ്മത്താളുകളിലെ കാലത്തേക്ക് അവരോടൊപ്പം ഊളയിട്ടിറങ്ങാനും ഒരു പുസ്തകത്തിനു കഴിയുന്നുണ്ടെങ്കിൽ ആ പുസ്തകം വിജയിച്ചു എന്ന് പറയാം. വളരെ അപ്രീതിക്ഷിതമായാണ് സജ്‌ന ഷാജഹാന്റെ ഞാവൽപ്പഴമധുരങ്ങൾ എന്ന പുസ്തകത്തെക്കുറിച്ചു അറിയാനിടയായത്. 

ഈ പുസ്തകം നമ്മെ ഗുരുവായൂരിലെ  പെരുന്തട്ട ശിവക്ഷേത്രത്തിനടുത്തേക്കും ,അവിടെയുള്ള കിഴക്കേപ്പാട്ട് വാര്യത്തേക്കും, ആ  വാര്യത്തെ കുടുംബത്തോടൊപ്പം തനറെ ബാല്യം കഴിച്ചുതീർത്ത  കുരുവി എന്നു വിളിക്കുന്ന കുഞ്ഞു പെൺകുട്ടിയുടെ ഒരു പിടി ഓർമ്മകളിലേക്കും  കൂട്ടികൊണ്ടു പോകും, പിറന്നു  വീണ  വീടിനേക്കാൾ കൂടുതലായി വാര്യത്തെ ആ കുടുംബത്തിലെ ഒരു അംഗത്തെപോലെ എങ്ങനെ നിറഞ്ഞാടി എന്ന് നമുക്ക് മനസ്സിലാകും, എങ്ങനെയാണ് എല്ലാവർക്കും വേണ്ടപ്പെട്ട ‘കുരുവി’ ആയതെന്നു   മനസ്സിലാകും. മതത്തിന്റെ വേലികൊണ്ടു ആളുകളെയും പ്രവർത്തികളെയും വേർതിരിച്ചു നിർത്തുന്ന ഈ  കെട്ട  കാലത്തു നിന്നും വിഭിന്നമായി  അത്തരം അസ്കിതകളൊന്നുമില്ലാതെ അവരുടെ കുട്ടിക്കാലം എത്ര സുന്ദരമായി ആഘോഷിച്ചു എന്ന് നമ്മുക്ക് മനസ്സിലാകും, അതും ലളിത സുന്ദരമായ ഭാഷയിൽ  തന്നെ.  

പുസ്തകം വായിച്ചു മടക്കുമ്പോൾ സന്തോഷവും ,ദുഃഖവും, നഷ്ടപ്പെടലുകളും,വേർപാടുകളുമൊക്കെയായി   സംഭവ ബഹുലമായ ഒരു കുട്ടികാലം നമുക്ക് മുന്നിൽ തെളിയും. 

അഹം ഒട്ടുമേ തീണ്ടാത്ത അതിമനോഹരമായ ജീവിതക്കുറിപ്പുകൾ എന്ന് അവതാരികയിൽ അഷ്ടമൂർത്തി എഴുതി കണ്ടു. അദ്ദേഹത്തിന്റെ വാക്കുകൾ കടമെടുത്തുകൊണ്ടു തന്നെ പറയട്ടെ ഭാഷയിൽ കവിതയുള്ള കഥ പോലെ വായിക്കാവുന്ന ഒന്ന്  തന്നെയാണ് ഈ പുസ്തകം. ലോഗോസ് ബുക്ക്സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്നത്. 

ഓർമ്മകൾ പൂക്കുന്ന മധുര നാരകം

ഓർമകളുടെ സുഗന്ധം പേറിയ ,ഭൂതകാലകുളിരുകൾ അട്ടിനിറച്ച  പുസ്തകങ്ങൾ ഇഷ്ടം പോലെയുണ്ട് നമുക്ക് മുൻപിൽ. അത്തരം  ഓർമ്മകുറിപ്പുകളടങ്ങിയ പുസ്തകങ്ങൾ വായിക്കുമ്പോൾ  എഴുത്തുകാരന്റെ /എഴുത്തുകാരിയുടെയൊപ്പം നാമറിയാതെ  തന്നെ കൂടെയിറങ്ങി പോകുന്ന  അത്ര നിലവാരമുള്ളവയും  ,വായനക്കാരുടെ മനസ്സിനെ തങ്ങളുടെ  ഓർമ്മചുഴിയിലേക്കു വീഴ്ത്താൻ പാകത്തിന് എഴുത്തിൽ മായാജാലം സൃഷ്ടിക്കാൻ  കഴിവുള്ളവരുമായ   നിരവധി എഴുത്തുകാർ നമുക്കുണ്ട് .പ്രാദേശികതയിലൂന്നിയ അത്തരം മിക്ക ഓർമ്മകുറിപ്പുകളും നിരവധി സ്ഥലികളിൽ കുടിയിരിക്കുന്ന വായനക്കാരെ സ്വാധീനിക്കണമെങ്കിൽ അവിടെ രചയിതാവിന്റെ കയ്യടക്കം പരമ  പ്രധാനമാണ്.
നിലാവിന്റെ പെണ്ണുങ്ങൾ എന്ന തനറെ രണ്ടാമത്തെ നോവലിലൂടെ 2019 ലെ മാൻ ബുക്കർ ഇന്റർനാഷണൽ നേടിയ ജോഖ അൽഹാരിസിയുടെ പുതിയ പുസ്തകമാണ് അറബി ഭാഷയിൽ ഇറങ്ങിയ നരിഞ്ച (Narinjah) . മധുര നാരകം എന്ന പേരിൽ ഇബ്രാഹിം ബാദ്ഷ വാഹിയാണ് മലയാളത്തിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്. ജോഖയുടെ celestial bodies എന്ന പുസ്തകം ,നിലാവിന്റെ പെണ്ണുങ്ങൾ എന്ന പേരിൽ ഇദ്ദേഹം തന്നെയാണ് മലയാളത്തിലേക്ക്  അറബിയിൽ നിന്നും നേരിട്ട്  മൊഴിമാറ്റം നടത്തിയിരിക്കുന്നത്. അറബി ഭാഷയിൽ ഇറങ്ങിയ പുതിയ പുസ്തകം നരിഞ്ച (Narinjah) ഇംഗ്ലീഷിൽ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല . Bitter orange എന്ന പേരിൽ 2021 ഓടു കൂടിയേ ഇംഗ്ലീഷിൽ ലഭ്യമാകൂ എന്നാണ് അറിയാൻ കഴിഞ്ഞത്.
തന്റെ മുത്തശ്ശി കാലഘട്ടത്തിലെ ഓർമകുറിപ്പുകൾ അടങ്ങിയ ഈ പുസ്തകത്തിൽ പ്രമേയപരമായി പുതുമയൊന്നും അവകാശപ്പെടാനാവില്ല. ചൈനീസ്, നൈജീരിയൻ, പാകിസ്ഥാൻ സഹപാഠികളുള്ള സുഹുർ എന്ന ഇരുപതുവയസ്സുകാരിയായ ഒമാനി വിദ്യാർത്ഥിയിലൂടെ  കഥ പറഞ്ഞുപോകുന്ന ഒരു രീതിയാണ് ഈ പുസ്തകത്തിൽ അവലംബിച്ചിട്ടുള്ളത്.
തന്റെ മുത്തശ്ശിയുടെ  അതിശയകരമായ ജീവിത കഥയെയും,നാരക തെയ്യോടുള്ള അവരുടെ കരുതലുകളെയും    വിദൂര ഗ്രാമത്തിലെ ബാല്യകാല ഓർമ്മകളെയും സൂക്ഷ്മമായി തന്നെ അവർ രേഖപ്പെടുത്തുണ്ട് . എങ്കിലും മുത്തശ്ശി എന്ന കേന്ദ്ര കഥാപാത്രത്തിൽ നിന്നും ഇടയ്ക്കു തെന്നി മാറി തനറെ ഹോസ്റ്റൽ ജീവിതവും , പാക്കിസ്ഥാൻ വിദ്യാർത്ഥിനിയായ ഇമ്രാനുമായി രഹസ്യമായി വിവാഹിതരായ തനറെ സുഹൃത്തുക്കൾ നേരിടുന്ന പ്രതിസന്ധികളുടെയും കഥകൾ അവർ പങ്കുവെക്കുന്നുണ്ട്. അതുപോലുള്ള  സംഭവങ്ങളുടെ ഉപരിപ്ലവമായ വിവരണങ്ങളിലൂടെയാണ്  നോവൽ വികാസം പ്രാപിച്ചു വരുന്നത്. പക്ഷെ ഒരിടത്തെത്തുമ്പോൾ അത് ലക്ഷ്യമില്ലാതെ ഉഴറുന്നതു കാണാം.
ഓർമ്മയുടെ ഒരു പ്രദർശനമാണ് ഈ നോവൽ എന്നു പറയാം .  വാടിയ പൂക്കളുടെ മങ്ങിയ മണം പോലെ തേടിവരുന്ന ഓർമകളെ നമ്മുടെ മുന്നിലേക്കിട്ടു തരികയാണ് എഴുത്തുകാരി.അതിൽ മരണവുമായി ബന്ധപ്പെട്ട ഓർമകളുമുണ്ട്. യാത്ര എന്ന അധ്യായത്തിൽ സുമയ്യയുടെ ഭർത്താവ് സാലിം ഒമാനിലെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് അവരെയും കൂട്ടി പോകുന്നുണ്ട്.അവരുടെ ബന്ധത്തിലെ പൊരുത്തക്കേടുകളെ കുറിച്ച് വിവരിക്കുമ്പോൾ ഭയം എന്ന വികാരം കൊണ്ട്  ഭാര്യയെ അടക്കി നിർത്തി വാഴുന്ന ഒരു ഭർത്താവിന്റെ മുഖം നമുക്ക് മുന്നിൽ തെളിയും. സാലിമിന്റെ ഞൊടിയിടയിൽ മാറുന്ന പെരുമാറ്റം കുമ്പളങ്ങി നെറ്സ് എന്ന സിനിമയിലെ ഫഹദ് ഫാസിൽ അഭിനയിച്ച ഷമ്മിയുടെ ചേഷ്ടകളോട് എവിടെയൊക്കെയോ സാമ്യം തോന്നുന്നുണ്ട് . ഇവിടെ പക്ഷെ സാലിമിന് ഷമ്മിയുടേതുപോലെയുള്ള മാനസികരോഗങ്ങളൊന്നുമില്ല.പേടിച്ചു വിറച്ചു ജീവിക്കുന്ന സുമയ്യ  നീന്തലറിയാത്ത തന്റെ ഭർത്താവ് ഇരുട്ടുമുറ്റിയ ആഴമുള്ള കുളത്തിലേക്ക് വീണപ്പോളും ,വെപ്രാളത്തിൽ അയാൾ മുങ്ങി പൊങ്ങുമ്പോഴും ഒരക്ഷരം മിണ്ടാനാകാതെ അന്തിച്ചു നില്കുന്നുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. മരണ വീടിനെ ഓർമ്മിപ്പിക്കുന്ന മറ കെട്ടിയ തുണികൾ  ചില അധ്യായങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അത്തരം  ഓർമ്മകൾ മുത്തശ്ശിയുടെ മരണത്തോടെ അവസാനിക്കുകയും ചെയ്യുന്നു.
ഓർമകളുടെ സാഹിത്യത്തിന് ലോകത്തെവിടെയും  കേൾവിക്കാരുണ്ടാകും. സംസ്കാരം, കല, സാഹിത്യം എന്നിവയ്ക്കുള്ള സുൽത്താൻ ഖാബൂസ് അവാർഡ് 2016 ൽ നേടിയ കൃതിയാണിത്. ഇതിനെ ഒരു നോവൽ എന്ന് വിളിക്കാമോ എന്ന് സംശയമാണ്. നോവൽ ഘടനയുടെ സമ്പ്രദായീക രീതികളൊന്നും ഇതിലെ അധ്യായങ്ങൾക്കില്ല. ഒരു അധ്യായത്തിൽ നിന്നും തുടർച്ചയായി മറ്റൊന്നിലേക്കു ഊളയിട്ടിറങ്ങുന്ന കഥാപാത്രങ്ങളും കുറവാണ് . അതുകൊണ്ടു തന്നെ വായനക്കിടയിൽ ചില അധ്യായങ്ങൾ  വായിക്കാതെ വിട്ടാലും വായനയെ കാര്യമായി ബാധിക്കും എന്നു തോന്നുന്നില്ല.
ഭാഷയെ വേണ്ടവിധം കൈകാര്യം ചെയ്യുന്നതിൽ ജോഖ വിജയിച്ചിട്ടുണ്ടെന്നു വേണം പറയാൻ. തന്റെ മുൻ പുസ്തകത്തിലെന്ന പോലെ ഇതിലും പൂർവകാല ഒമാനിനെ വരച്ചിടാനും അവർക്കു കഴിഞ്ഞു.  മതപരമായ ചട്ടക്കൂടുകളിൽ ഒതുങ്ങി നിന്നുകൊണ്ടുള്ള അന്നത്തെ കുടുംബ ജീവിതങ്ങളുടെ ഒരു പ്രതിഫലനം പുസ്തകത്തിൽ ദൃശ്യമാണ് . വിവർത്തന കൃതികൾക്ക് മലയാളത്തിൽ പേരിടുന്നതിലെ വ്യത്യസ്ത ഇവിടെയും കാണാം. അവരുടെ മലയാളത്തിലേക്കു വന്ന  മുൻ കൃതിയിലും അത്തരമൊന്നുണ്ടായിരുന്നു. സയ്യിദാത് അൽ ഖമർ എന്ന ആ പുസ്തകം ഇംഗ്ലീഷിൽ എത്തിയപ്പോൾ Celestial Bodies എന്നായി.മലയാളത്തിലെത്തിയപ്പോൾ നിലാവിന്റെ പെണ്ണുങ്ങൾ  എന്നായി .മലയാളം പേരാണ് മൂലകൃതിയുടെ പേരിനോട് ശരിക്കും നീതി പുലർത്തിയുടെതെന്നു തോന്നുന്നു.
നരിഞ്ച എന്ന അറബി വാക്കിന് നാരങ്ങ ,ഓറഞ്ച് എന്നൊക്കെ അർത്ഥം  കാണുന്നുണ്ട്.  ഈ പുസ്തകം ഇംഗ്ലീഷിൽ അടുത്ത വർഷം പുറത്തിറങ്ങുന്നതു  Bitter Orange എന്ന പേരിലാണ് .പക്ഷെ പുസ്തകത്തിന്റെ പേര് മലയാളത്തിലേക്ക് വന്നപ്പോൾ ഇംഗ്ലീഷ് പേരിലെ കയ്പ് മധുരമായി. ഒരുപക്ഷെ ഓർമ്മകൾ മധുരിക്കുന്നതുകൊണ്ടാകാം  ഈ പുസ്തകത്തിനു മധുര നാരകം എന്നു തന്നെ  പേരിട്ടത് !

കൃഷ്ണ Chain of Custody – അനിതാ നായർ

 

തിരക്കു പിടിച്ച , സമ്പന്നരുള്ള  ,ഐ ടി പാർക്കുകൾ നിറഞ്ഞ,തിളങ്ങുന്ന മുഖമുള്ള ബാംഗ്ലൂരിനെ നമുക്ക് ഏവർക്കും പരിചിതമാണ്. എന്നാൽ ബാംഗ്ലൂരിന്റെ നമ്മൾ പലരും അറിയാത്തതും ,മറഞ്ഞിരിക്കുന്നതുമായ   മറ്റൊരു മുഖത്തിന്റെ  അതിന്റ് ഇരുണ്ട പശ്ചാത്തലത്തിൽ കഥ പറയുകയാണ് അനിത നായർ, കൃഷ്ണ (ചെയിൻ ഓഫ് കസ്റ്റഡി )എന്ന തനറെ നോവലിലൂടെ.
ഇതൊരു കുറ്റാന്വേഷണ കഥയാണോ? ആണെന്ന് പറയാം , ഒന്നല്ല നിരവധി കുറ്റകൃത്യങ്ങളുടെ പിന്നാമ്പുറം അന്വേഷിച്ചു പോകുകയാണ് ഈ പുസ്തകം.
ബാംഗ്ലൂരിലെ പ്രമുഖ  അഭിഭാഷകനായ ഡോ. റാത്തോർ ഒരു ദിവസം കൊല്ലപ്പെടുകയും  അവിടേക്കു കേസന്വേഷിക്കാൻ ഇൻസ്പെക്ടർ ഗൗഡ എത്തുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത് .പക്ഷെ അവിടുന്നങ്ങോട്ട് നിരവധി ആളുകളുടെ ജീവിതത്തിൽ നിന്നുള്ള കഥകൾ നമ്മൾ വായിക്കാൻ തുടങ്ങും. കേസന്വേഷണത്തിൽ വെളിപ്പെടുന്ന നിരവധി സംഭവങ്ങളുണ്ട്. കഥ പറയുന്ന രീതി റിയലിസ്റ്റിക് തരത്തിൽ ആയതുകൊണ്ട് കഥയുടെ ഗതി നമ്മൾ വിചാരിക്കുന്ന വേഗത്തിൽ ചിലപ്പോൾ ആകണമെന്നില്ല.
തന്റെ വീട്ടുജോലിക്കാരിയുടെ 12 വയസ്സുള്ള മകൾ ഒരു ദിവസം സ്കൂളിൽ നിന്ന് പൊടുന്നനെ അപ്രത്യക്ഷമാവുകയും, അന്വേഷണത്തിൽ നഗരത്തിലെ തിരക്കേറിയ ശിവാജി നഗർ മാർക്കറ്റ് ഏരിയയിൽ അവസാനമായി കാണപ്പെടുകയും ചെയ്യുന്ന ആ കേസുമായി ബന്ധപ്പെട്ട് ,മുൻപ് നടന്ന കൊലപാതകത്തിലേക്ക് കണ്ണി  ചേർക്കാവുന്ന വേറെയും നിരവധി കാര്യങ്ങൾ പുസ്തകത്തിൽ ഒളിഞ്ഞു കിടപ്പുണ്ട്.
ആ  അന്വേഷണങ്ങൾ  ബാംഗ്ലൂർ നഗരം , ചെറുപ്പക്കാരായ പെൺകുട്ടികളെ ലൈംഗികമായി കടത്തുന്നതിനുള്ള കേന്ദ്രമായി മാറിയെന്ന ഗുരുതരമായ കണ്ടെത്തലിലേക്ക് എത്തുന്നതാണ്  നോവലിലെ സുപ്രധാന ഘട്ടം.  അറിയപ്പെടുന്ന അഭിഭാഷകന്റെ കൊലപാതകവുമായി പന്ത്രണ്ടുകാരിയായ പെൺകുട്ടിയുടെ  തിരോധാനം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് നിങ്ങൾക്കീ പുസ്തകത്തിൽ വായിക്കാം. കൊലപാതകത്തിൽ  നമ്മൾ സംശയിക്കാൻ സാധ്യതയുള്ള നിരവധി കഥാപാത്രങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നുണ്ട്, അതൊരു പക്ഷെ വായനക്കാരെ മനഃപൂർവം ആശയകുഴപ്പത്തിലാക്കാൻ സൃഷ്ടിച്ചതാണെന്നു പറയാൻ കഴിയില്ല . സമാന്തരമായി നിരവധി കഥകൾ നോവലിൽ സഞ്ചരിക്കുന്നുണ്ട് . മയക്കുമരുന്നിന്റെ ഉപയോഗം ചെറിയരീതിയിലെങ്കിലും ഉള്ള ഗൗഡയുടെ കൌമാരക്കാരനായ മകൻ, അത്യാഗ്രഹിയായ കാമുകൻ , ഷോപ്പിംഗിന് പോക്കറ്റ് മണി ആവശ്യമുള്ള കോളേജ് വിദ്യാർത്ഥിനിയായ അവന്റെ കാമുകി രേഖ, ബോംബെ, യുപി, ബംഗ്ലാദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളെ  ബാംഗ്ലൂരിലെത്തിക്കുന്ന കൃഷ്ണൻ,പൂജാരി,അയാളുടെ വികലാംഗയായ ഭാര്യ എന്നിങ്ങനെ കഥാപാത്രങ്ങൾ അവരുടെ കഥകളുമായി കൂടെ തന്നെയുണ്ട്.
ഈ നോവലിനായി നല്ലവണ്ണം ഗവേഷണം നടത്തിയിട്ടുണ്ടെന്ന് അനിത  നായർ പറയുന്നു.  ഇന്ത്യയിലെ 55 ദശലക്ഷം കുട്ടികൾ ഈ റാക്കറ്റിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് കണക്കാക്കുന്ന ഒരു പ്രാദേശിക മാധ്യമ റിപ്പോർട്ട്  ആണ് ഈ വിഷയത്തിൽ ഒരു പുസ്തകം എഴുതാൻ  കാരണം എന്നാണ് എഴുത്തുകാരി പറയുന്നത്.
ഇൻസ്പെക്ടർ ഗൗഡ നോവൽപരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണ് കൃഷ്ണ . ഈ പുസ്തകം വായിക്കാൻ ആദ്യ പുസ്തകം വായിക്കണമെന്ന് നിർബന്ധമൊന്നുമില്ല. അതുവായിച്ചാൽ ഇൻസ്പെക്ടർ  ഗൗഡയുടെ സ്വഭാവം  ഒരുപക്ഷേ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞേക്കും എന്നുമാത്രം .കാരണം ഗൌഡയുടെ ജീവിതവും ഇതിൽ കാര്യമായി വരുന്നുണ്ടല്ലോ.
കുറ്റാന്വേഷണം ഉണ്ടെന്ന് കരുതി ഓരോ പേജിലും ട്വിസ്റ്റുകൾ  കുത്തിനിറച്ച് അനാവശ്യ ഉദ്വേഗങ്ങളൊന്നും  സൃഷ്ടിക്കാൻ ശ്രമിച്ചിട്ടില്ല. യഥാർഥ സംഭവങ്ങളുമായി ഇതിലെ ചില കാര്യങ്ങളിൽ സാമ്യമുള്ളതുകൊണ്ടോ അല്ലെങ്കിൽ സ്വാധീനികുകയോ ചെയ്തതുകൊണ്ടാകാം വായിക്കുമ്പോൾ  അത് യാഥാർത്യത്തോട് വളരെ അടുത്തു നില്ക്കുന്നു എന്നൊരു തോന്നൽ വായനക്കാരനിൽ ഉണ്ടാക്കാൻ പുസ്തകത്തിന് കഴിയുന്നുണ്ട്. എഴുത്തുകാരിയുടെ കയ്യടക്കം എന്നൊക്കെ പറയുന്നത് ചിലപ്പോൾ ഇതൊക്കെ ആകുമല്ലേ?
മാതൃഭൂമി ബുക്സ് പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് സ്മിത മീനാക്ഷിയാണ്.

 

ഒർമപ്പെടുത്തലുകളുമായി കടൽകിനാവ്

കടൽ,  ആഴവും പരപ്പുമുള്ള മനുഷ്യമനസ്സ് പോലെയാണെന്നാണല്ലോ എഴുത്തുകാരിലാരോ എഴുതിവെച്ചിരിക്കുന്നത്. എന്തായാലും മനസ്സും  കടലുമായുള്ള ഒരു താരതമ്യം ആരും തെറ്റു പറയുകയുമില്ല.അനന്തമായി നീണ്ടു പരന്നു കിടക്കുന്ന കടലും, എത്രവേണമെങ്കിലും കഥകൾ സൃഷ്ടിക്കാനുള്ള മനുഷ്യ മനസ്സിന്റെ ആഴവും, ഒന്നോർത്താൽ അവ തമ്മിലുള്ള  ആ സാദൃശ്യം എവിടെയൊക്കെയോ ഉണ്ട് . ഒന്നു മുങ്ങിത്തപ്പിയാൽ ഒരു കഥയെങ്കിലും കിട്ടാത്തവരെങ്കിലുമുണ്ടോ ഇവിടെ?

മനുഷ്യർക്കാണോ കഥയുണ്ടാക്കാൻ പഞ്ഞം?

കടലും,കടൽ ജീവിതവും, അതുമായി ചുറ്റിപ്പറ്റിയുള്ള ഒരു കഥയാണ് രാജീവ് മേനോന്റെ കടൽകിനാവ് എന്ന നോവൽ നമ്മോടു പറയുന്നത്.

ഈ ഗ്രൂപ്പിലെ തന്നെ പരിച്ചയപ്പെടുത്തലിലൂടെയാണ്  ഈ പുസ്തകം ഞാൻ വാങ്ങി വായിക്കുന്നത്. പോരാത്തതിന് എഴുത്തുകാരൻ  എന്റെ നാട്ടുകാരനും, ഇരിഞ്ഞാലകുടയാണ് അദ്ദേഹത്തിന്റെ  സ്വദേശം . 

ചൂഷണം, ദാരിദ്ര്യം,അതിജീവനം,മരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇവിടെയും അതൊക്കെ തന്നെയാണ് മുഖ്യവിഷയങ്ങൾ. കഥയുടെ പശ്ചാത്തലവും ഭൂമികയും നമുക്ക് അധികം നേരിട്ട് പരിചയമില്ലാത്ത ഇടങ്ങളാണെന്ന് മാത്രം. ഏതിടങ്ങളിലായാലും മനുഷ്യരുടെ അവസ്ഥക്കു മാറ്റമൊന്നുമില്ല. 

സമുദ്രയാത്രയ്ക്കിടെ ഒരു ചരക്ക്  കപ്പൽ ആഫ്രിക്കയുടെ ഒരു  തുറമുഖ തീരമായ മോപ്പെട്ടോയിൽ അടുപ്പിക്കേണ്ടി  വരുന്നതോടെയാണ് കഥ തുടങ്ങുന്നത് .  കപ്പലിന്റെ കേടുപാടുകൾ തീർക്കുവാൻ അവിടെ നിന്നുള്ള  സഹായികൾ കപ്പലിൽ ഏത്തപ്പെടുന്നു.ജോലിക്കിടയിൽ കണ്ടുമുട്ടുന്ന മൊസാംബിക് വംശജനായ ജെറോമിനോ അബീലിയോ  വിജയോട് തന്റെ ജീവിതം പറഞ്ഞു തുടങ്ങുന്നതോടെ കഥപശ്ചാത്തലം മൊസാംബിലേക്ക് പറിച്ചു നടപ്പെടുന്നു. ചുവന്ന കല്ലുകളുടെ ഫലഭൂയിഷ്ഠമായ സാന്നിധ്യമുള്ള ഇടമാണ്  മൊസാംബിക്ക്. കൊളോണിയൽ കാലത്തെ അവസ്ഥകളിൽ നിന്നും ഇന്നും മോചിതരാകാത്ത ജനതയാണവിടെ ഉള്ളത്. ജെറോമിനോയുടെ  കഥ മുഴുവൻ കേട്ടു കഴിയുമ്പോൾ താനനുഭവിക്കുന്നതൊന്നും ഒന്നുമല്ല എന്ന് വിജയ് മനസ്സിലാക്കുന്നു.എല്ലാ സുഖ സൗഭാഗ്യങ്ങളുടെയും നടുവിൽ കിടന്നു പൂണ്ടു വിളയാടുകയും , വിട്ടുകൊടുക്കാൻ മടികാണിക്കുന്നതിന്റെ കടുംപിടുത്തതിൽ വിവാഹമോചനത്തിലേക്കെത്തി നിൽക്കുന്ന തനറെ ജീവിതം കുരുക്കഴിച്ചെടുക്കുക്കാൻ  അയാളുടെ കഥ അവനു വെളിപാട് നൽകുന്നുണ്ട്. 

ദാരിദ്ര്യം കടന്നു വരുന്ന നിരവധി കഥകൾ മുൻപും ഉണ്ടായിട്ടുണ്ട്. അപ്പോൾ ഈ കഥ നിങ്ങളെ മടുപ്പിക്കുമോ? ഇല്ലേയില്ല …ഉറപ്പു തരാം.. വായിച്ചു തുടങ്ങിയാൽ അത് തീർക്കാതെ പുസ്തകം നിലത്തു വെയ്ക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് പുസ്തകത്തിപ്പോൾ ഉണ്ട്. ഒറ്റയിരിപ്പിനു വായിക്കുക എന്ന് പറയാറില്ലേ? അതുപോലെ. 

ഈ കഥ ഒരു ഓർമപ്പെടുത്തലാണ്.. നമ്മൾ അനുഭവിക്കുന്ന കഷ്ടതകളെക്കാളും ,ദുരിതങ്ങൾ  പേറി നിരവധി ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. അവരെ കൂടി കണ്ണ് തുറന്നു കാണാനും, കൂടെ കൊണ്ടു  നടക്കുന്ന ഒഴിവാക്കാവുന്ന പിടിവാശികളും  ഒന്ന് വിശകലനം ചെയ്യാൻ ഈ പുസ്തകം നമ്മളെ ഓർമ്മപ്പെടുത്തും. 

ഡിസി ബുക്ക്സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്നത്. 

 

 

 

ഓർമകളുണർത്തികൊണ്ട് വീണ്ടുമൊരു ഓണം

 


ഓരോ ഓണവും ഗൃഹാതുരത്വത്തിന്റെ മേമ്പൊടികളുമായാണ് കടന്നു വരുന്നത്.മണ്ണിട്ട ഇടവഴിയിലിരുവശത്തും പലതരത്തിലും, നിറത്തിലും നിറഞ്ഞു നിന്നിരുന്ന പൂക്കൾ പറിക്കാനും , മതിലില്ലാത്ത വീടുകളും, പറമ്പുകളും കടന്ന് തുമ്പപ്പൂവും മറ്റുപൂക്കളും കിട്ടാനും ഓടി നടന്നതു ഇന്നലെയെന്നപോലെ തോന്നുന്നു, വർഷങ്ങളിത്ര കഴിഞ്ഞിട്ടും.
പൂക്കളമിടാൻ അന്നൊന്നും അതിർത്തി കടന്ന് വരുന്ന പൂക്കളെ കാത്തിരിക്കാറില്ലായിരുന്നു. വീട്ടിലും ,പറമ്പിലും ഉള്ള പൂവുകൾ കൊണ്ടുതന്നെ നല്ല വലിയ പൂക്കളം തീർത്തിരുന്നു. വയലറ്റ് നിറമുള്ള കോളാമ്പി പൂക്കൾ ഓണമടുക്കുന്നതോടെ റോഡരികിലെ വേലികളിൽ നിറയും. പൂക്കളത്തിലെ പ്രധാന ഐറ്റം അതായിരുന്നു. പിച്ചിയും നുറുക്കിയും,ഇതളുകളാക്കിയും, മുഴുവനോടെയും അതങ്ങനെ പൂക്കളത്തിൽ നിറഞ്ഞു കിടക്കും. ഓരോ ദിവസത്തെയും പൂക്കളം കാണാൻ കൂട്ടുകാരെല്ലാം വീടുകളിൽ കയറിയിറങ്ങും. തുമ്പപ്പൂവിന് ക്ഷാമം നേരിട്ടിരുന്നില്ല. വീടിനടുത്തുള്ള ഒഴിഞ്ഞു കിടക്കുന്ന തമ്പുരാട്ടിയുടെ പറമ്പ് എന്ന് നാട്ടുകാർ വിളിക്കുന്ന ആ ആളില്ലാ പറമ്പിൽ തന്നെ കൊണ്ടുപോകുന്നതും കാത്തു തുമ്പ പൂക്കൾ കൂട്ടമായി കാത്തു കിടക്കും. ഉത്രാടമാകുന്നതോടെ അവിടുത്തെ തുമ്പ പൂക്കൾ പല വീടുകളിലെയും ചായ്പ്പിൽ തൃക്കാക്കരയപ്പനെ അലങ്കരിക്കാൻ വൈകുന്നേരമാകാൻ അക്ഷമയോടെ കാത്തിരിക്കുന്നുണ്ടാകും.അടുക്കളയിൽ തിരുവോണത്തിനുള്ള സദ്യ വട്ടങ്ങളുടെ ഒരുക്കങ്ങൾക്കുള്ള പുകയൂതലിൽ ആയിരിക്കും അമ്മ.ഞങ്ങൾ പിള്ളേർ പാടത്തു കളിച്ചു മദിക്കുകയായിരിക്കും. സന്ധ്യ വരെ യുള്ള കളി കഴിഞ്ഞു പൊടിപിടിച്ചു കോലം കേട്ടു നേരെ അടുക്കളയിലോട്ടു ഒരു വരവുണ്ട്,എന്തായി അടുക്കള നിലവാരം എന്നറിയാൻ. നേരം അത്രയും വൈകിയതിന് ചിലപ്പോ അമ്മയുടെ കൈയ്യിൽ നിന്നും നല്ല ചീത്ത കേൾക്കും. അല്ലങ്കിൽ കടയിൽ പോയി എന്തെങ്കിലും സാധനം വാങ്ങാൻ ഉണ്ടാകും,ഉത്രാടപ്പാച്ചിൽ അല്ലേ! കിഴുത്താണി ആലിന്റെ എതിർവശത്തുള്ള സുബ്രൻ ചേട്ടന്റെ കടയിലേക്കാണ് ഓട്ടം. അവിടുത്തെ തിരക്കിനെ മറികടന്നു സാധങ്ങളൊക്കെ വാങ്ങി വീട്ടിലെത്തിയാൽ പോയി കുളിച്ചിട്ടു വരാൻ അമ്മ പറയും. മണ്ണ് കൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനെ അരിപ്പൊടി കലക്കിയത് കൊണ്ട് പുള്ളി കുത്തുന്ന പരിപാടിയാണ് ഞങ്ങൾ ആകെപ്പാടെ മെനക്കെട്ടു ചെയ്യുന്ന ഒരേയൊരു പണി. നൂല് അതിൽ മുക്കി തൃക്കാക്കരയപ്പനെ നന്നായി അണിയിക്കും. അതിൻമേൽ കുത്തി വെയ്ക്കാനുള്ള നല്ല പൂക്കൾ മാറ്റിവെച്ചിട്ടുണ്ടാകും. കൃഷ്ണകിരീടം അല്ലെങ്കിൽ ഹനുമാൻ കിരീടം എന്ന് പേരുള്ള മനോഹരമായ പൂവിനാണ് അതിനു നറുക്കു വീഴുന്നത്. കൂടെ ചെത്തിപ്പൂക്കളും വെയ്ക്കും.
കുളി കഴിഞ്ഞാലും പകലു മുഴുവൻ കളിച്ചു നടന്നതിന്റെ ക്ഷീണം കാരണം ഉറക്കം വന്നു തുടങ്ങും. ഓണം കൊള്ളാൻ ഉണ്ടാക്കിയ അടയുടെ മണമടിച്ചാകും ചിലപ്പോൾ കണ്ണു തുറക്കുക. ഉറക്കച്ചുവയോടെയായിരിക്കും മിക്ക ഓണം കൊള്ളലും. ആർപ്പു വിളിക്കാൻ എന്തോ ഒരു മടിയാണ്. പടിഞ്ഞാറേ വീട്ടിലെ അജയൻ ചേട്ടനായിരിക്കും ആദ്യത്തെ ആർപ്പു വിളി പാസ്സാക്കുന്നത്. ആ ആർപ്പു വിളിയുടെ ഒപ്പം ഒഴ താഴ്ത്തി ഞാനും അനിയനും ആർപ്പു വിളിക്കും. അപ്പോഴേക്കും വടക്കേ വീട്ടിലെ ഗംഗാധരൻ പാപ്പനോ ,സത്യൻ പാപ്പനോ ആർപ്പു വിളിക്കുന്ന ശബ്ദം കേൾക്കാം.സത്യൻ പാപ്പൻ ഇപ്പോഴില്ല. ഗംഗാധരൻ പാപ്പൻ സ്വന്തം വീട് വെച്ചു മാറിപ്പോയി . പിറ്റേന്ന് കാലത്തു ഓണക്കോടിയൊക്കെ ഉടുത്തു അമ്പലത്തിൽ പോകും.ഓണക്കോടിയുടെ കാര്യത്തിൽ നിർബന്ധമൊന്നും ഉണ്ടായിരുന്നില്ല അന്ന് . ചിലപ്പോൾ കഴിഞ്ഞ കൊല്ലം കിട്ടിയ ഓണക്കോടി ഉടുത്തായിരിക്കും പോകുന്നത് . അമ്പലത്തിൽ പോയി വരുമ്പോഴേക്കും സദ്യക്കുള്ള എല്ലാ വിഭവങ്ങളും അമ്മ ഒരുക്കിയിട്ടുണ്ടാകും. പാലട പ്രഥമൻ മാത്രം ഇരിഞ്ഞാലക്കുടയിലെ സ്വാമീസിൽ പോയി വാങ്ങിക്കും. അട വെന്തു നല്ല ഗോതമ്പിന്റെ നിറമാകണം , എന്നാലേ പാലട കൊള്ളത്തുള്ളു.എന്തോ വീട്ടിൽ വെയ്ക്കുമ്പോൾ അതങ്ങോട്ടു ശെരിയാകാറില്ല. പിന്നെ സമയമാകുമ്പോൾ ഓണ സദ്യ കഴിക്കും. അച്ഛൻ മാത്രം ഇലയിൽ ഒന്നും ബാക്കി വെക്കാതെ കഴിക്കും. ഞങ്ങൾ പാലട കുടിക്കാൻ വേണ്ടി ചോറ് കുറച്ചു കഴിക്കും. ബാക്കി സ്പേസിൽ പാലട കുടിച്ചു വയറു നിറയ്‌ക്കും. രണ്ടുംമൂന്നും ഗ്ലാസ് കുടിച്ചു കഴിയുമ്പോഴേക്കും ഇനി വയ്യ എന്ന് തോന്നും. പായസ്സത്തിന്റെ ചെടിപ്പ് മാറാൻ അച്ചാറിൽ വിരൽ മുക്കി തിന്നു ഒന്ന് രണ്ടു ഗ്ലാസ്സ്‌കൂടി കുടിക്കും. പായസം കുടിച്ചതിന്റെ മത്ത് മാറാൻ ചായ കുടി സമയം വരെ എടുക്കും . പിറ്റേ ദിവസമായിരിക്കും അമ്മൂമ്മയുടെ വീട്ടിൽ പോകുന്നത്. അവിടെ വേറൊരു ലോകം തന്നെയാണ് . അച്ചാച്ചനും, അമ്മാമയും ,മാമന്മാരും, വലിയച്ഛനും, മേമയും എല്ലാവരും ഉണ്ടാകും.ഓണത്തിന്റെ ഓർമകളും വിശേഷങ്ങളും പറഞ്ഞാൽ തീരില്ല.
ഇത്തവണ ഇതൊന്നും ഉണ്ടാകില്ല, ആഘോഷങ്ങൾ ഇല്ലാത്ത ഓണമാണ് എല്ലാവർക്കും . പലരും പലയിടങ്ങളിൽ. വീട്ടിൽ എത്താൻ കഴിയാത്തതുകൊണ്ടു ഇത്തവണ ഓണം ഇവിടെ തിരുവനന്തപുരത്ത്‌ തന്നെ. കൂട്ടിനു ആ പഴയ ഓർമകളും …………

എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ

എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ
ഗ്രാഫിക്സ്നു കടപ്പാട്:

Aswin Kumar M

ചെമന്ന കൈപ്പത്തിക്കു പിന്നിലെ നിഗൂഡതകൾ !

ആഗ്രയിലെ ഫത്തേഹാബാദ് ബാങ്കിലെ ജനറൽ മാനേജറാണ് രാമനാഥൻ. ഒരു ദിവസം ആ ബാങ്കിലെ മുഖ്യ ഇടപാടുകാരനും  വലിയ ധനികനുമായ ഷാസാബാദിലെ രാജാവ് അവിടേക്ക് നേരിട്ട് വന്ന് അയാളോട് ഒരു രഹസ്യം വെളിപ്പെടുത്തുന്നു. തനിക്കു വന്ന ഭീഷണി കത്ത് രാമനാഥനെ കാണിക്കുന്നു. രാജാവ് അമൂല്യമായ രത്നങ്ങൾ ബാങ്കിന്റെ അതീവ സുരക്ഷയുള്ള ലോക്കറിൽ  നിക്ഷേപിച്ചു മടങ്ങുന്നു. എന്നാൽ മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കേട്ട വാർത്ത കണ്ട് രാമനാഥൻ ബോധം കേട്ടു വീഴുന്നു. രാജാവു കൊല്ലപ്പെട്ടതുമാത്രമായിരുന്നില്ല ബോധം കെടാൻ കാരണം  . അതീവ സുരക്ഷയുള്ള അ ലോക്കറിൽ നിന്നും  ആ അമൂല്യ രത്നങ്ങളും മോഷ്ടിക്കപ്പെട്ടിരിക്കുന്നു. പോലീസ് സൂപ്രണ്ട് കേമിൽ കേസന്വേഷണം ആരംഭിക്കുന്നു. എന്നാൽ കേസന്വേഷണം തുടങ്ങുന്ന കേമിലിന് പിന്നീട് കിട്ടുന്ന വാർത്ത   ലക്നൌ വിലെ പ്രഭു കുടുംബത്തിലെ ഭാനുബീഗത്തിന്റെ കൊലാപതകമാണ്. അവരുടെ വലിയ സംഖ്യ വരുന്ന സമ്പാദ്യവും മോഷ്ടിക്കപ്പെട്ടിരുന്നു. 

കൂടത്തായി കൊലപാതക കേസിലെ പോലെ അടച്ചിട്ട ഒരു മുറിയിൽ വെച്ചാണ് പോലീസുകാർ  മൃതദേഹം കണ്ടെത്തുന്നത്. പുറത്തു നിന്നു ആരും വന്നതായി ഒരു അടയാളവുമില്ല. അകത്തു നിന്നും വാതിൽ അടച്ചിട്ട നിലയിൽ ആരാണ് അത് ചെയ്തതെന്നല്ല ഇൻസ്പെക്ടർ ആദ്യം ആലോചിച്ചത്? എങ്ങനെ അത് ചെയ്തു എന്നാണ്! 

നേപ്പാളിലെ പ്രഭു കുടുംബത്തിലെ കാമിനീദേവിയുമായി ബന്ധപ്പെട്ട കേസാണ് കേമിലിന് അടുത്തത് കിട്ടുന്നത്. ഏകദേശം ഒരു കോടി  വിലപ്പിടിപ്പുള്ള ആഭരണങ്ങൾ നേപ്പാൾ അതിർത്തി വരെ സുരക്ഷിതമായി കൊണ്ട്  പോകാൻ സഹായമഭയർഥിച്ചു കൊണ്ട്  കാമിനീദേവി ഇൻസ്പെക്ടറേ നേരിട്ട് സമീപിച്ചു. ഇത്രയും ഭീഷണി നിലനിൽക്കുന്നതിനാൽ അവർക്കു പോകാൻ വേണ്ടി പ്രത്യേകം റിസേർവ് ചെയ്ത കംപാർട്മെന്റ് തന്നെ കേമിൽ ഒരുക്കി,കൂടെ അപസർപ്പക വിദഗ്ധരായ രണ്ടുപേരെയും. എന്നാൽ അത്രയും സുരക്ഷ ഒരുക്കിയിട്ടും അവരുടെതും അതി വിദദ്ധമായി കൊള്ളയടിക്കപ്പെട്ടു. 

എല്ലാ കൃത്യങ്ങളും നടന്ന സ്ഥലത്തു നിന്നും കിട്ടുന്ന ചെമന്ന കൈപ്പത്തിയുടെ അടയാളവും ചിലപ്പോൾ കൂടെ ഒരു കുറിപ്പും മാത്രമാണ് ആകെയുള്ള കച്ചിത്തുരുമ്പ് . ചെമന്ന കൈപ്പത്തിയെ കുടുക്കാൻ അമൂല്യമായ മരതക പച്ച കൊണ്ടുണ്ടാക്കിയ ചതുരംഗ കരുക്കൾ അതി സുരക്ഷയുള്ള ഒരു മുറിയിൽ പ്രദർശിപ്പിക്കുന്നു . എല്ലാവരുടെയും മുന്നിൽ വെച്ച് ചെമന്ന കൈപ്പത്തി അവരെ വെല്ലുവിളിച്ചു കൊണ്ട് അതും കടത്തിക്കൊണ്ടു പോകുന്നു. പിന്നീട് മയൂര സിംഹാസനമാണ് മോഷ്ടിക്കപ്പെടുന്നത്. സുരക്ഷയുടെ ഭാഗമായി കേമിൽ തന്നെ നേരിട്ട് റിസേർവ് ചെയ്ത കംപാർട്മെന്റിൽ ഉണ്ടായിരുന്നു. പക്ഷെ അതിവിദഗ്‌ധമായി അതും ചെമന്ന കൈപ്പത്തി കടത്തിക്കൊണ്ടു പോകുന്നു. ആരാണ് ചെമന്ന കൈപ്പത്തിക്ക് പിന്നിൽ? എന്തിനു അയാൾ ഇങ്ങനെയൊക്കെ ചെയ്യണം ? ആർക്കു വേണ്ടിയാണത്? അയാളൊറ്റക്കോ, അതോ കൂടുതൽ പേരുണ്ടോ?

ആകാംക്ഷ തോന്നുണ്ടോ? ഉണ്ടെങ്കിൽ തീർച്ചയായും ചെമന്ന കൈപ്പത്തി എന്ന ദുർഗ്ഗാ പ്രസാദ് ഖത്രിയുടെ ഈ നോവൽ വായിക്കണം. 

 ഒടുവിൽ തെളിവുകളെല്ലാം കണ്ടുപിടിക്കാൻ സഹായിക്കുന്നത് മറ്റൊരു കഥാപാത്രമാണ് ഗോപാൽ ശങ്കർ.  

 നിഗൂഢതയും ,ആകാംക്ഷയും  വേണ്ടുവോളം  നിറഞ്ഞതാണ് ഖത്രിയുടെ പുസ്തകങ്ങള്‍. മലയാളികളുൾപ്പെടെ വായനക്കാരെ ആകാംക്ഷയുടെ കൊടുമുടിയേറ്റുന്ന അദ്ദേഹത്തിന്റെ നോവലുകളുടെ  പേരുകളും അതുപോലെ തന്നെയുള്ളതാണ് , ‘മൃത്യുകിരണം’, ‘ചെമന്ന കൈപ്പത്തി’,വെളുത്ത ചെകുത്താൻ. അങ്ങനെ പോകുന്നു പേരുകൾ. 

ഹിന്ദിയിലെ ആദ്യകാല ജനപ്രിയ നോവലിസ്റ്റുകളിൽ ഒരാളായ ദേവകീനന്ദൻ ഖത്രിയുടെ  മൂത്തകനായിരുന്നു  ദുർഗ്ഗാ പ്രസാദ് ഖത്രി. ദേവകീനന്ദൻ ഖത്രിയെ എല്ലാവർക്കും  പരിചയയുമുണ്ടായിരിക്കും. 

അദ്ദേഹത്തിന്റെ  ചന്ദ്രകാന്ത എന്ന നോവലും ദൂരദർശൻ ചാനലിൽ തൊണ്ണൂറുകളുടെ ആദ്യങ്ങളിൽ അത് സീരിയലായി വന്നപ്പോഴും നമ്മളത് ഏറ്റെടുത്തതാണ്. ചന്ദ്രകാന്ത നോവലിന്റെ ആസ്വാദനകുറിപ്പു ഞാൻ ഇവിടെ മുൻപ് പോസ്റ്റ് ചെയ്തിരുന്നു.  വായിക്കാത്തവർക്ക് ഇവിടെ വായിക്കാം.

ചന്ദ്രകാന്ത -ഒരു പ്രണയ കാവ്യം

അച്ഛന്റെ പ്രസിദ്ധ നോവലായ ‘ഭൂതനാഥ’ന്റെ അവസാനഭാഗങ്ങൾ എഴുതിപൂർത്തിയാക്കിയത് ദുർഗ്ഗാ പ്രസാദ് ഖത്രിയാണ്. വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല.. 

ഇതിന്റെ മലയാള വിവർത്തനം ചെയ്തിരിക്കുന്നത് മോഹൻ. ഡി. കങ്ങഴയാണ്.അദ്ദേഹം   ഖത്രിയുടെ നിരവധി കൃതികൾ മലയാളത്തിലാക്കിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. അദ്ദഹത്തിന്റെ മറ്റു പുസ്തകങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഖത്രിയുടെ  വെളുത്ത ചെകുത്താനും ഇദ്ദേഹം തന്നെയാണ് വിവർത്തനം ചെയ്തിരിക്കുന്നത്. 

 ഗോപാൽ ശങ്കറും ചെമന്ന കൈപ്പത്തിയും തമ്മിലുള്ള പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. മൃതുകിരണം എന്ന നോവലിൽ അവരുടെ പോരാട്ടം തുടരുകയാണ്, വായനക്കാരെ ആകാംക്ഷയുടെ ഉത്തുംഗത്തിൽ പ്രതിഷ്ഠിച്ചുകൊണ്ട്… 

കൊറോണ കാലം

കൊറോണ കാലം ദുരിതം പിടിച്ച കാലം തന്നെയാണ്.അതിഭീകരമായ ഒരു അവസ്ഥ.തിരുവന്തപുരത്താണെങ്കിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിവസം തോറും കൂടി കൂടി വരികയും ചെയ്യുന്നു. പുറത്തിറങ്ങണമെകിൽ പണ്ടത്തെ പോലെ അങ്ങനെ ഓടിച്ചാടിയൊന്നും പറ്റില്ല. മാസ്ക് ധരിക്കണം, സാനിറ്റൈസർ പുരട്ടണം, അതിന്റെ ചെറിയ ഒരു കുപ്പി ഉണ്ടെങ്കിൽ കൈയ്യിൽ കരുതണം. കടകളിൽ അവർ സാനിറ്റൈസർ വെച്ചിട്ടുണ്ടാകുമെങ്കിലും എല്ലാവരും എടുത്തുപയോഗിക്കുന്നതുകൊണ്ട് അതും അത്ര സുരക്ഷിതമായ ഏർപ്പാടല്ല. ചുരുക്കം ചില മേഖലകളൊഴിച്ചു മിക്കവരുടെയും ജോലിയെ ഈ കൊറോണ നല്ല രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട് . എന്നെപോലുള്ളവർക്കു ഓഫീസിൽ പോകേണ്ട, പക്ഷെ വീട്ടിൽ ഇരുന്നു ജോലി ചെയ്യാം. അത്രയെങ്കിലും ആശ്വാസം!. ദിവസവും കാണുന്ന എത്രയെത്ര മുഖങ്ങൾ! ആരെയും ഇപ്പോൾ കാണാൻ കഴിയുന്നില്ല. ഓഫീസിലേക്ക് പോകാൻ വണ്ടി കാത്തു നിൽക്കുന്ന ഇടവേളയിൽ കാണുന്ന നിരവധി മുഖങ്ങളുണ്ട് , വണ്ടി വരുന്നത് വരെ വെയിലു കൊള്ളാതിരിക്കാൻ വേണ്ടി ഞാൻ കേറി നിൽക്കുന്ന ആ കടയിൽ വരുന്ന പരിചയം ഉള്ളതും ഇല്ലാത്തതുമായ ആളുകളുണ്ട് . സാധങ്ങളൊന്നും വാങ്ങാനൊന്നുമല്ല അവിടെ വരുന്ന ആ സ്ഥിരം കുറ്റികൾ. ചുമ്മാ വന്നിരുന്ന് ലോകകാര്യങ്ങൾ പറയും . അതിൽ രാഷ്ട്രീയം ചർച്ച ചെയ്യുന്നവരുണ്ട് .അതൊക്കെ കേൾക്കാൻ നല്ല രസമാണ് . ഞാൻ ആ കടയിലെത്തിപ്പെടുന്നതിന്റെ ആദ്യ കാലങ്ങളിൽ അതിന്റെ മുന്നിൽ ഒരു സ്റ്റൈലൻ ബൈക്ക് ഇരിക്കുന്നത് കാണാമായിരുന്നു. പക്ഷേ അതിന്റെ ഉടമസ്ഥനെ അവിടെയൊന്നും കണ്ടിരുന്നില്ല. ഞാൻ ഓഫീസ് വണ്ടിയിൽ കേറി പോകുന്നവരെ അതവിടെ തന്നെ ഇരിക്കുന്നത് കണ്ടിട്ടുണ്ട് . മിക്ക ദിവസങ്ങളിലും ഇത് തന്നെ സ്ഥിതി. അതിപ്പോ അറിഞ്ഞിട്ടു എനിക്കൊന്നുമില്ല , എന്നാലും അതു ആരുടെയാണെന്നു അറിയാനുള്ള ഒരു വല്ലാത്ത ആകാംക്ഷ. എനിക്കാണെങ്കിൽ ഈ സ്വഭാവം പണ്ടേ ഉള്ളതാണ്. ആവശ്യമില്ലാത്ത എല്ലാ കാര്യത്തിനും ലേശം ഒരു കൌതുകം കൂടുതലാണ് . ഓർഡർ ചെയ്ത പുസ്തക കെട്ടുകൾ കോറിയർ ബോയിയോ ,അല്ലെങ്കിൽ പോസ്റ്റുമാൻ ചേട്ടനോ കൈയിലോട്ടു തരുമ്പോഴും എനിക്കിതേ ആകാംക്ഷയാണ്. അതൊന്നു പൊട്ടിച്ചു ആ പുസ്തകങ്ങൾ ഒന്ന് മറച്ചു നോക്കിയില്ലെങ്കിൽ ഇരിക്കപൊറുതി ഉണ്ടാകില്ല. വല്ലാത്തൊരു അസുഖം തന്നെ! അതുപോലൊരു ആകാംക്ഷ . പക്ഷെ ഒരു ദിവസം ഓഫീസ് വണ്ടി വരാൻ കുറച്ചു താമസിച്ചു. അങ്ങനെ നിൽക്കുമ്പോഴുണ്ട് മുടിയൊക്കെ രാംജി റാവു സ്പീകിംഗ് ലെ വിജയ രാഘവനെ പോലെ മേലോട്ട് ചീകി വെച്ച് ഒരു ആജാനബാഹു വന്നു ആ ബൈക്കിൽ കയറി ഇരിക്കുന്നു. ആളുടെ രൂപവും വേഷവിധാനവും അങ്ങോട്ട് ഒത്തു പോകുന്നില്ല. നല്ല ഉയരമുള്ള ആളാണ്. പത്താം ക്ലാസ്സുകാരൻ തനറെ നാലാം ക്ലാസ്സിൽ പഠിക്കുന്ന അനിയന്റെ ഷർട്ട് എടുത്തിട്ട പോലത്തെ ഒരു അവസ്ഥ . ഫുൾ സ്ലീവ് ആണ് എന്നു വേണമെങ്കിൽ പറയാം. ആളിന് കുടവയറൊന്നുമില്ലെങ്കിലും ഇറുകിയ ഷർട്ട് ആയതുകൊണ്ടുള്ള ഒരു വിമ്മിട്ടം. അങ്ങേർക്കല്ല , കാണുന്ന നമ്മൾക്കാണ് അത് തോന്നുക . പുള്ളിക്കാരൻ നല്ല കൂൾ ആയി അതും ഇട്ടോണ്ട് നടക്കുന്നു.കൊറോണ വന്നേപ്പിന്നെ ഞാൻ അങ്ങേരെ കണ്ടിട്ടില്ല. അവിചാരിതമായി ഇന്നാണ് പിന്നെ കണ്ടത്. ഞാൻ താമസിക്കുന്ന ഫ്‌ളാറ്റിന്റെ താഴത്തെ മുറിയ്ക്കു മുന്നിൽ ആരെയോ കാത്തു നില്കുന്നു. ആകെ ക്ഷീണിച്ച മട്ടാണ്. പഴയ തടിയും ഇല്ല. കൊറോണയാകണം അതിനും ഉത്തരവാദി എന്ന് ഞാൻ മനസ്സിൽ കരുതി .. ജോലി, ഭക്ഷണം ഇതെല്ലം ഈ കെട്ടകാലത്തു വെല്ലുവിളി തന്നെയാണ്. പുറത്തിറങ്ങി പണിയെടുത്തുകൊണ്ടിരുന്നവരുടെ ഇപ്പോഴത്തെ അവസ്ഥ എല്ലാം പരിതാപകരമാണ്.ആളെ കണ്ടു സംസാരിച്ചപ്പോൾ നേരത്തെ ഊഹിച്ചപോലെ തന്നെ. ഉണ്ടായിരുന്ന ജോലി പോയി. ഇപ്പോൾ എന്തോ ചെറിയ ബ്രോക്കർ പണി കിട്ടിയിരിക്കുന്നു. അതിന്റെ ആവശ്യത്തിനായി വന്നതാണ്. വീണ്ടും കാണാം എന്ന് പറഞ്ഞു മങ്ങിയ ചിരി ചിരിച്ചു അയാൾ തിരിഞ്ഞു നടന്നു. അയാളുടെ ആ ദൈന്യത മുറ്റിയ നിൽപ്പ് മനസ്സിൽ നിന്നും പിടിവിട്ടു പോകാതെ ഇങ്ങനെ തത്തികളിച്ചോണ്ടിരിന്നപ്പോൾ വെറുതെ ഒന്നു അയാളെ കോറിയിട്ടതാണ്. ഒരുകാര്യവുമുണ്ടായിട്ടല്ല , എന്തോ, എനിക്കപ്പോ അങ്ങനെ തോന്നി

മഹാബലിയെയും ഓണത്തെയും കുറിച്ചൊരു ആധികാരിക പുസ്തകം

 

കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ തിരുവോണമായി. എങ്കിൽ പിന്നെ  ഓണത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തെ കുറിച്ചാകട്ടെ  ഇത്തവണ എന്ന് വിചാരിച്ചു. കഴിഞ്ഞ കൊല്ലം ഏതാണ്ട് ഈ സമയത്തു കൈയ്യിൽ കിട്ടിയതാണ് കെ ടി രവിവർമയുടെ മഹാബലി എന്ന മിത്തും ഓണത്തിന്റെ ചരിത്രവും എന്ന ഈ പുസ്തകം. പക്ഷെ വായന നടന്നത് ഇപ്പോഴാണെന്നു മാത്രം. 

നൂറ്റാണ്ടുകൾ പഴക്കമുണ്ട് നമ്മൾ ആഘോഷിക്കുന്ന ഈ ഓണത്തിന്. ഓണത്തിന്റെ നിലവിലുള്ള പൊതുവായ ധാരണകളെ പൊളിച്ചെഴുതുന്ന ഒരു പുസ്തകമൊന്നുമല്ല ഇത്. എങ്കിലും നമ്മൾ കരുതി പോരുന്ന മഹാബലി എന്ന മിത്തും ഓണവുമായി എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു അല്ലെങ്കിൽ അവർ തമ്മിൽ എന്തെങ്കിലും ബന്ധം പ്രത്യക്ഷത്തിൽ ഉണ്ടോ? ഉണ്ടെങ്കിൽ എന്റ തെളിവാണ് ചരിത്രത്തിൽ ഉള്ളത് എന്നൊക്കെയാണ് ഈ പഠനം നമ്മളോട് പറയുന്നത്. ഋഗ്വേദം മുതൽ ഓണപ്പാട്ടുകൾ വരെ എന്ന മൂലകൃതിയുടെ പുനരാവിഷ്കരണമാണ് ഈ പഠനം. അടിസ്ഥാനരഹിതങ്ങളായ വിശ്വാസങ്ങളെയെല്ലാം നമുക്ക് മിത്തുകളെന്നു വിളിക്കാനാണ് ഇഷ്ടം. പക്ഷെ വിശ്വാസികളിലേക്കു വരുമ്പോൾ മിത്തുകൾ കെട്ടുകഥകൾ അല്ലേയല്ല,സത്യകഥകൾ തന്നെയാണ്.മിത്തുകളിൽ അടങ്ങിയിരിക്കുന്ന പ്രതീകങ്ങളെ ചരിത്രത്തിന്റെ പിന്ബലത്തോട് കൂടി വെളിച്ചത്തു കൊണ്ടുവരികയാണ് ചരിത്രകാരന്മാരുടെ ഒരു രീതി.പരശുരാമന്റെ മഴുവെറിയലും കേരളം വീണ്ടെടുത്തുമായി ബന്ധപ്പെട്ട മിത്തിനെ ,കേരളത്തിലെ കാടുകൾ വെട്ടിത്തെളിച്ചു ജനവാസയോഗ്യമാക്കാൻ പരശുരാമൻ നേതൃത്വം കൊടുത്തിട്ടുണ്ടാകാം എന്നവർ വ്യാഖാനിക്കുന്നു. 

മഹാവിഷ്ണു വാമനാവതാരം പൂണ്ട് മഹാബലി എന്ന അസുരചക്രവർത്തിയെ തന്റെ മൂന്നാമത്തെ ചുവടുകൊണ്ട്  പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയ കഥയാണല്ലോ നമ്മുടെ ഓണവുമായി ബന്ധപ്പെട്ടു കിടക്കുന്നത് .മിത്ത് എന്നതിനപ്പുറം ഇതിനെ സംബന്ധിച്ചു ശാസ്ത്രീയമായൊരു പഠനം ഇതുവരെ ഉണ്ടായിട്ടില്ല എന്ന വസ്തുതയാണ് ഈ പുസ്തകത്തിന്റെ പിറവിക്കു ആധാരം. മഹാബലി എന്ന കഥാപാത്രം കേരളത്തിന്റെ മാത്രം സ്വന്തമാളാണ് എന്നൊരു പൊതു ധാരണ എല്ലാവർക്കും ഉണ്ട്. എന്നാൽ ഒരു കാലത്ത് ഗുജറാത്തിലും , ഡെക്കാനിലും ബലി ആരാധന പ്രബലമായിരുന്നു എന്ന്  ഈ പുസ്തകം നിരവധി തെളിവുകളോടെ വിവരിക്കുന്നു.അത് പിന്നീട് മധ്യകാലത്തെപ്പോഴോ കേരളത്തിലേക്ക് വ്യാപിക്കുകയാണുണ്ടായത്. ഓണത്തിന്റെ ആഘോഷ വശത്തെ വിളവെടുപ്പുൽസവം,വസന്തോൽസവംഎന്നെല്ലാം ഒഴുക്കനായി പറയുന്നതിന് പകരം നരവംശ ശാസ്ത്രത്തിന്റെ സഹായത്തോടുകൂടി അതിന്റെ വേരുകൾ തേടി ചരിത്രാതീത കാലം വരെ ഇറങ്ങിചെല്ലാനും ഈ കൃതിയിൽ ഒരു ശ്രമം നടത്തിയിട്ടുണ്ട്. ചുരുക്കി പറയുകയാണെങ്കിൽ ഇതിൽ അവതരിക്കപ്പെട്ടിട്ടുള്ള വസ്തുതകളൊന്നും പുതിയ കണ്ടുപിടുത്തങ്ങളല്ലെന്നും ചിതറി കിടക്കുന്ന അറിവിനെ ഒന്നിച്ചു കൊണ്ടു വരിക മാത്രമാണ് ലേഖകൻ ചെയ്തിട്ടുള്ളതെന്നും പറയാം . പ്രധാനമായും നാലു ഭാഗങ്ങളായി പുസ്തകം തിരിച്ചിട്ടുണ്ട്. ആദ്യഭാഗങ്ങളിൽ മതാധിഷ്ഠിത മിത്തുകളെയും ,നാടോടി മിത്തുകളെയുമൊക്കെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. അവസാന ഭാഗത്തിലാണ് കേരളവും മഹാബലിയുമൊക്കെ കടന്നു വരുന്നത്. വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനനുമായി ബന്ധപ്പെട്ട കഥയുടെ വേരുകൾ വേദകാലം വരെ ഇറങ്ങി ചെല്ലുന്നുണ്ട്. വാമനന്റെ മൂന്നു കാൽവെപ്പ് കൊണ്ട് നടത്തിയ കൃത്യത്തിന് സമാനമായ ഒരു മിത്ത് പാർസികളുടെ സെറോസ്ട്രിയൻ മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ അവെസ്റ്റയിലും ഉണ്ടെന്ന് പറയപ്പെടുന്നു. അതിന്റെ കഥ ഈ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. മൂന്നാമത്തെ കാൽവെപ്പിന് ബലി സ്വന്തം തല കുനിച്ചുകൊടുത്തുവെന്നും അപ്പോൾ വിഷ്ണു തലയിൽ ചവുട്ടി ബലിയെ പാതാളത്തിലേക്ക് താഴ്ത്തി എന്നുമുള്ള കഥ ഇന്ത്യയിലുടനീളം പ്രചാരത്തിലുണ്ട്. പക്ഷേ ഇങ്ങനെയൊരു പാഠം പുരാണങ്ങളിൽ ഒരിടത്തുമില്ല. മതവിശ്വസങ്ങളെ ആധാരമാക്കിയ വാമന-ബലി മിത്തുകളുടെ അവലോകനത്തിൽ നായകൻ വിഷ്ണുവും,വാമനനുമാണല്ലോ.  ജൈന പുരാവൃത്തത്തിലും ഇതേ ബലി പരാമർശമുണ്ട് . അവിടെ ഒരു ദുഷ്ട കഥാപാത്രമായി അവതരിക്കപ്പെടുന്ന  ബലി മഹാഭാരതത്തിൽ എത്തുമ്പോൾ ചില സദ്ഗുണങ്ങൾ ആർജ്ജിക്കുന്നുവെങ്കിലും അവിടെയും പ്രതിനായകൻ തന്നെയാണ്. പുരാണങ്ങളിലെ ബലി കഥാപാത്രമാകട്ടെ സദ്ഗുണസമ്പന്നനായ ബലിയ്ക്ക് ഒരു ഉപനായകന്റെ  സ്ഥാനമാണുള്ളത്. വിഷ്ണു ബലിയെ ശിക്ഷിച്ചതിന് ന്യായീകരിക്കാൻ പുരാണ കർത്താക്കൾക്കു പാടുപെടേണ്ടി വന്നിട്ടുണ്ട്. ബലിയെ സംബന്ധിച്ച നാടോടി മിത്തുകളും അവയെ ആസ്പദമാക്കിയ അനുഷ്ഠാനങ്ങളും കേരളത്തിന്റെ മാത്രം പ്രത്യേകത യാണെന്നുള്ള പൊതുധാരണയെ ഈ പുസ്തകം പൊളിച്ചെഴുത്തുന്നുണ്ട്. കേരളത്തിലെ ഓണക്കാലത്തെ  ബലി ആരാധനയും ,മറ്റിടങ്ങളിലുള്ള ബലി ആരാധനാരീതികളും തമ്മിൽ സഹാജതബന്ധമുണ്ടോ എന്നു സംശയം ഈ പുസ്തകം ഉയർത്തുന്നുണ്ട്. കാരണം ബലി പൂജ നടക്കുന്നത് ബാക്കിയെല്ലാ സ്ഥലങ്ങളിലും ദീവാലി കാലത്തോ അല്ലെങ്കിൽ അതിനു തുല്യമായ ആഘോഷകാലത്തോ ആവുമ്പോൾ ഓണക്കാലത്തെ പൂജ അങ്ങനെയല്ലല്ലോ എന്ന കാര്യവും ഇവിടെ ചൂണ്ടിക്കാണിക്കുന്നു. 
മാങ്കുടി മരുതനാർ എന്നൊരു കവി സംഘകാലത്ത് രചിച്ച മതുരൈ കാഞ്ചി   എന്ന കാവ്യത്തിലാണ് ഓണത്തേകുറിച്ച് നമുക്കറിവുള്ളിടത്തോളം ഏറ്റവും പഴയ പരാമർശം അടങ്ങിയിട്ടുള്ളത്. 782 വരികളുള്ള കാവ്യത്തിലെ ഏഴു വരികൾ ഓണത്തെപ്പറ്റിയാണ്. എന്തായാലും മതുരൈ കാഞ്ചി രണ്ടു കാര്യങ്ങൾ തെളിയിക്കുന്നുണ്ട്. ഒരുകാലത്ത് തമിഴകത്ത് ഓണം പൊതുവേ ആചരിച്ചു പോന്നുവെന്നതും ,ആധുനിക ഓണാഘോഷത്തിന്റെ ഏറ്റവും പുരാതനമായ ഇനം ഓണത്തല്ലും ,അഭ്യാസ പ്രകടനങ്ങളും ആണെന്നുള്ളതും. മതുരൈ കാഞ്ചിയിലെ ഓണത്തെ സംബന്ധിച്ച വരികൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മതുരൈ കാഞ്ചിയിലെ ഓണവും ആധുനിക കേരളത്തിലെ ഓണവും തമ്മിൽ സാമ്യങ്ങൾ കാണാൻ ഇളംകുളം കുഞ്ഞൻ പിള്ളയെപോലുള്ളവർ ശ്രമിച്ചിട്ടുണ്ട്. തൃക്കാക്കരയും ഓണവും തമ്മിലുള്ള ബന്ധത്തെസൂചിപ്പിക്കുന്ന രേഖകളൊന്നും കിട്ടിയിട്ടില്ല എന്നു പുസ്തകത്തിൽ പറയുന്നുണ്ട്. ആ ക്ഷേത്രത്തെ കുറിച്ചുള്ള ബന്ധപ്പെട്ട വിവരങ്ങളും പുസ്തകത്തിലുണ്ട്. ഓണകാലത്ത് ഓർമിക്കപ്പെടുന്ന മഹാബലി പ്രാചീന അസ്സീറിയായയിലെ ഒരു രാജാവായിരുന്നു എന്ന ഒരു നിരീക്ഷണവും എൻ വി കൃഷ്ണവാരിയർ 1954 സെപ്റ്റംബര് 5 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഉന്നയിക്കുന്നുണ്ട്. രസകരമായ ആ കഥയും വിശദമായി പുസ്തകത്തിൽ വായിക്കാം. 

വാമന -ബലി മിത്ത് ഒരു സാങ്കൽപ്പിക കഥയാണെന്നിരിക്കെ അത്തരമൊരു സംഭവം എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നു ആലോചിക്കുന്നതിൽ അർത്ഥമില്ല.  
 ലോകത്തിലെ ഏറ്റവും പഴക്കംചെന്ന സാഹിത്യമായ ഋഗ്വേദം മുതൽ ആധുനികകാലംവരെ പലപ്പോഴായി രചിക്കപ്പെട്ടിട്ടുള്ള അനേകം കൃതികളിൽ ഈ ത്രിവിക്രമ-വാമന-ബലി മിത്തിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്.

ഇത്തരത്തിൽപ്പെട്ട പരാമർശങ്ങളെല്ലാം സമാഹരിച്ച് പാഠാന്തരങ്ങൾ പരിശോധിക്കുകയും അവയ്ക്കുള്ള ചരിത്രപരമായ കാരണങ്ങൾ വിശദീകരിക്കുക മാത്രമാണ് ഈ പുസ്തകം ചെയ്തിരിക്കു ന്നത്. തീർച്ചയായും ഈ പുസ്തകം ചരിത്രഗവേഷണശാഖയ്ക്ക് ഒരു നല്ല മുതൽക്കൂട്ടു തന്നെയാണ് ,സംശയമില്ല. 
രഞ്ജിത് ദേശായിയുടെ രാജാരവിവർമ എന്ന നോവൽ വിവർത്തനം ചെയ്തിരിക്കുന്നതും ഇതേ കെ ടി രവിവർമ തന്നെയാണ്. ഡിസി ബുക്സ് ആണ് പ്രസാധകർ.