എഡ്ഗാർ അലൻ പോ യുടെ കരിമ്പൂച്ച

ചെറുകഥാകൃത്തും കവിയും സാഹിത്യ നിരൂപകനുമായ എഡ്ഗാർ അലൻ പോ യുടെ പ്രസിദ്ധമായ ചെറുകഥയാണ് ബ്ലാക്ക് ക്യാറ്റ്’ .1843 ഓഗസ്റ്റു മാസത്തിലെ സാറ്റർഡേ  ഈവനിംഗ് പോസ്റ്റിലാണ്  ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത് മൃഗങ്ങളോടുള്ള ക്രൂരത, കൊലപാതകം, കുറ്റബോധം തുടങ്ങിയ വസ്തുതകളിൽ ബന്ധപ്പെടുത്തിയ ഒരു കഥയാണിത്. കുറ്റബോധം ആളുകളെ എങ്ങനെ ബാധിക്കുന്നു എന്ന നിരീക്ഷണങ്ങൾ  പോയുടെ ചെറുകഥയിലെ ഒരു പൊതുവിഷയമാണ്

പൊതുവെ അദ്ദേഹത്തിന്റെ കഥകളിലുള്ള  നിഗൂഢതയും ഭീകരത യുമൊക്കെ ഈ കഥയിലും കാണാം.

ഒരു ഭ്രാന്തൻ ആഖ്യാതാവിന്റെ വീക്ഷണകോണിൽ നിന്നും  കഥ പറഞ്ഞു പോകുന്ന രീതിയിലാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. 

ഭാര്യയെയും വളർത്തുമൃഗങ്ങളെയും സ്നേഹിക്കുന്ന ഒരു കുടുംബത്തിൽ നിന്ന് പൂച്ചയുടെ കണ്ണ് ചൂഴ്ന്നെടുക്കുകയും , പൂച്ചയെ തൂക്കിക്കൊല്ലുകയും ഒടുവിൽ ഭാര്യയെ കൊലപ്പെടുത്തുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയിലേക്കുള്ള ആഖ്യാതാവിന്റെ രൂപമാറ്റം പൊടുന്നനെയാണ്. 

എന്തായാലും കഥയെ കുറിച്ചല്ല ഇവിടെ പറയാനാഗ്രഹിച്ചത്. പോ യുടെ ബ്ലാക്ക് ക്യാറ്റ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് വായിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. ഡിസി ബുക്ക്സ് ന്റെ ലോകോത്തര കഥകൾ എന്ന എഡ്ഗാർ അലൻ പോ യുടെ ചെറു പുസ്തകത്തിലും ഈ കഥ ഉൾപ്പെട്ടിട്ടുണ്ട്. ആ വിവർത്തനത്തിന്റെ നിലവാരത്തെക്കുറിച്ച് ഈ ഗ്രൂപ്പിൽ ഒരു പരാമർശം വളരെ മുൻപ് വായിച്ചതോർക്കുന്നു. കെ പി അപ്പനും ഈ കഥ തർജ്ജമ ചെയ്തിട്ടുണ്ട്. ആ കഥ മൂല്യശ്രുതി യിലോ പ്രസാധകൻ മാസികയിലോ ആണെന്ന് തോന്നുന്നു വായിച്ചതായി ഓർക്കുന്നു.ഇപ്പോൾ ഇതാ  പോ യുടെ ആ കഥ  കരിമ്പൂച്ച എന്ന പേരിൽ മലയാളത്തിൽ വീണ്ടും ആഗസ്ത് മാസത്തിലെ ഗ്രന്ഥാലോകം മാസികയിലും വന്നിരിക്കുന്നു. പരിഭാഷ ചെയ്തിരിക്കുന്നത് കുന്നത്തൂർ രാധാകൃഷ്‌ണനാണ്. വിവർത്തനം നല്ല നിലവാരം പുലർത്തിയെന്നു തോന്നിയതുകൊണ്ട് മാത്രമാണ് ഈ പങ്കുവെക്കൽ. 

നിറക്കൂട്ടുകളില്ലാതെ കുറെ സിനിമാകഥകൾ

 


മാധ്യമം ആഴ്ചപ്പതിപ്പിൽ വന്നു കൊണ്ടിരുന്നപ്പോൾ,കൈയ്യിൽ കിട്ടിയാൽ ആദ്യം വായിക്കാനെടുത്തിരുന്ന പേജായിരുന്നു  ഡെന്നീസ് ജോസെഫിന്റെ നിറക്കൂട്ടുകളില്ലാതെ എന്ന ഓർമ്മക്കുറിപ്പുകൾ. സിനിമയുമായി ബന്ധപ്പെട്ട ആളുകളുടെ പംക്തിയാണെങ്കിൽ അല്പം ശ്രദ്ധ അങ്ങോട്ട് പതിയുക  സ്വാഭാവികമാണല്ലോ!എന്തായാലും മാതൃഭൂമി അത്  പുസ്തകമാക്കി ഇറക്കിയത് നന്നായി. തന്നെകുറിച്ചു മാത്രമല്ല, തന്നോട് ചേർന്നു നിന്നവരെ കുറിച്ചുമാണ് ഈ ഓർമക്കുറിപ്പുകൾ നമ്മോടു പറയുന്നത്. പതിവു സിനിമാക്കാരുടെ തലക്കനമോ, താൻ വലിയ സംഭവമാണെന്നോ എന്നുള്ള ഒരുസൂചനയും ഈ  ഓർമക്കുറിപ്പുകൾ പങ്കുവച്ചപ്പോൾ അദ്ദേഹം അവശേഷിപ്പിച്ചില്ല എന്നത്  എടുത്തു പറയേണ്ട കാര്യം തന്നെയാണ്. അവതാരികയിൽ വി ആർ സുധീഷ് പറഞ്ഞതുപോലെ ഇതൊരു നിഷ്കളങ്കമായ വർത്തമാനമായിരുന്നു. പുസ്തകം വായിച്ചു കഴിയുമ്പോൾ വായനക്കാരും അത് ശരി വെച്ചേക്കും. മറ്റു എഴുത്തുകാരെ പോലെ അധികം പൊതുവേദികളിലോ , അഭിമുഖങ്ങളിലോ ഡെന്നിസ് ജോസഫിനെ നമ്മൾ കണ്ടിട്ടില്ല. നമ്മൾ മറന്നു കളഞ്ഞ പല പ്രശസ്തരായ ആളുകളെയും കുറിച്ച് അദ്ദേഹം ഓർത്തെടുത്തു പറയുന്നു എന്നുള്ളത് ഒരു വല്യ കാര്യമായി തന്നെ കാണേണ്ടിയിരിക്കുന്നു, പ്രത്യേകിച്ചും സിനിമാ ലോകത്തു നിന്നുള്ള ഒരാൾ പറയുമ്പോൾ.  അവരുടെയൊക്കെ നാമറിയാത്ത പല സ്വാഭാവ വിശേഷങ്ങളും ,സംഭവങ്ങളും നിറക്കൂട്ടുകൾ ചേർക്കാതെ നമ്മോടു പങ്കുവെയ്ക്കുകയും ചെയ്യുന്നു. പുസ്തകത്തോടു നമ്മെ അടുപ്പിക്കുന്ന ഒരു സംഗതി ഒരുപക്ഷെ ഇക്കാര്യങ്ങളൊക്കെയാകണം. ഡെന്നിസ് ജോസഫിന്റെ തിരക്കഥകളെ കുറിച്ചു  പ്രത്യേകം എടുത്തു പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. മനു അങ്കിൾ, അപ്പു, അഥർവം, നിറക്കൂട്ട് ,ശ്യാമ, രാജാവിന്റെ മകൻ,ഭൂമിയിലെ രാജാക്കന്മാർ,ന്യൂ ഡൽഹി, സംഘം,നായർ സാബ്, നമ്പർ 20 മദ്രാസ് മെയിൽ,കോട്ടയം കുഞ്ഞച്ചൻ ,ഇന്ദ്രജാലം,ഗാന്ധർവം,ആകാശദൂത്, … ലിസ്റ്റ് നീളുകയാണ്. മലയാളികൾ കണ്ട ഈ ഹിറ്റുകൾ ഒക്കെയും എഴുതിയത് ഈ മനുഷ്യനായിരുന്നു. പൊട്ടിച്ചിരിക്കാൻ മാത്രം തിയേറ്ററിൽ കയറിയിരുന്ന ആളുകൾ കരഞ്ഞു കണ്ണീർവാർക്കുമെന്നറിഞ്ഞുകൊണ്ടു തന്നെ ഇടിച്ചു കയറിക്കണ്ട പടമായിരുന്നല്ലോ ആകാശദൂത്.  ഷോലെ കഴിഞ്ഞാൽ തനിക്കു ഏറ്റവും ഇഷ്ടപെട്ട തിരക്കഥ ന്യൂഡൽഹി സിനിമയുടെ ആണെന്നു പറഞ്ഞത് മറ്റാരുമല്ല സാക്ഷാൽ മണിരത്നമാണ്. ആ മണിരത്നത്തിന് വേണ്ടിയും ഡെന്നീസിന് എഴുതാൻ അവസരം കിട്ടിയതാണ്. എന്നാൽ അത് നടന്നില്ല. മണിരത്നം പിന്നീട് തിരക്കഥയ്ക്ക് വേണ്ടി എഴുതാൻ വേറെ ആളെ വിളിച്ചിട്ടില്ല എന്നാണ് ഡെന്നിസ് ജോസഫ് പറയുന്നത്. ഡെന്നിസിന്റെ  അമ്മ  പ്രശസ്ത നടൻ ജോസ്പ്രകാശിന്റെ ( അതെ അയാൾ തന്നെ , അനുസരിച്ചില്ലെങ്കിൽ മുതലകുഞ്ഞുകൾക്കു തിന്നാൻ  നിട്ടുകൊടുക്കും എന്ന് പറയുന്ന അതെ ആൾ) ഇളയ സഹോദരിയാണ്.  ഏറ്റുമാനൂരിലെ എസ്.എം.എസ്  ലൈബ്രറിയിലെ പുസ്തകങ്ങൾ തന്ന ഭാഷാ പരിചയമാണ്  എഴുത്തിന്റെ ലോകത്തേക്ക് വന്നതിൽ തന്നെ സഹായിച്ചതെന്ന് ഡെന്നിസ് ജോസഫ് ഓർക്കുന്നു. സ്കൂൾ കാലം മുതലേ സിനിമ മനസ്സിലിട്ടു നടന്ന ആൾ സിനിമയിലെത്തിയ കഥ ഒരു സിനിമാക്കഥ പോലെ വായിച്ചു പോകാം. കാർട്ടൂണിസ്റ്റ് ആയിരുന്ന ബിഎം ഗഫൂറിന്റെ കട്ട് കട്ട് മാഗസിനിൽ അപ്രതീക്ഷിതമായി കിട്ടിയ സബ് എഡിറ്റർ ജോലി സിനിമയിലേക്കെത്തി പ്പെടാൻ ഒരു നിമിത്തം മാത്രം. സിനിമാക്കാരുടെ തിരശ്ശീലക്കു പിന്നിൽ നടക്കുന്ന നിരവധി രസകരവും, കണ്ണ് നനയിക്കുന്നതുമായ നിരവധി സംഭവങ്ങൾ ഇതിലുണ്ട്.
മാറ്റിയെഴുതപ്പെട്ട് തന്റെ കയ്യൊപ്പു പാതിയും മാഞ്ഞു പോയ ഈറൻ സന്ധ്യ എന്ന സിനിമയോടെ അവസാനിക്കേണ്ടിയിരുന്ന സിനിമ ജീവിതം , പക്ഷെ നിറക്കൂട്ട് എന്ന സിനിമയിലൂടെ മലയാള സിനിമയിലെ തിരക്കുപിടിച്ച തിരക്കഥാകൃത്തായി മാറിയ കഥ ഒരു സിനിമാ കഥ പോലെ വായിച്ചു പോകാം. ജോഷിയുമായുള്ള അടുപ്പവും പിന്നീട് മാനസികമായി അകന്നതും രണ്ടു ദിവസം കൊണ്ടെഴുതിയ ശ്യാമ എന്ന സൂപ്പർഹിറ്റ്  സിനിമയുടെ തിരക്കഥയുടെ പിറവിയും, ഇരുപത്തിരണ്ടു ദിവസം കൊണ്ട് പൂർത്തിയായ മമ്മൂട്ടിയുടെ തിരിച്ചുവരവിന് ഇടയാക്കിയ ന്യൂഡൽഹി സിനിമയുടെ പിന്നാമ്പുറ കഥകളും,മനോരമയിലെ ഫോട്ടോഗ്രാഫറായ വിക്ടർ ജോർജ്ജുമായുള്ള ബന്ധവും അങ്ങനെയങ്ങനെ സംഭവബഹുലമായ എത്രയെത്ര വിശേഷങ്ങൾ. ന്യൂഡൽഹി സിനിമയുടെ ഹിന്ദി റീമേക്കിനുള്ള അവകാശം ചോദിച്ചു വന്ന സാക്ഷാൽ രജനികാന്തിനെ മടക്കി അയക്കേണ്ടിവന്നതും,ഇളയരാജയുടെ യും ദേവരാജൻ മാഷിന്റെയും പാട്ടു ബുക്ക് ചെയ്യാൻ ആദ്യമായി പോയപ്പോഴുണ്ടായ സംഭവങ്ങളും,ഒരു ദിവസം രാത്രി സാലുക്കയുടെ കൂടെ കയറി വന്നു മനോഹരമായി പാടി അമ്പരിപ്പിച്ച മനുഷ്യൻ മെഹ്ബൂബ് ആയിരുന്നെന്നറിഞ്ഞപ്പോഴത്തെ ഞെട്ടലും സാഹിത്യഭാഷയുടെ മേമ്പൊടിയില്ലാതെ ഡെന്നിസ് ജോസഫ് നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നു. തന്റെ സിനിമയിലൂടെ വന്നു പിന്നീട് പ്രശസ്തരായ എൻ എഫ് വർഗീസ്, രാജൻ പി ദേവ് തുടങ്ങിയവരുമായുള്ള സ്നേഹബന്ധവും, അവരുടെ വേർപാടും, പ്രേം നസീർ ആദ്യമായി സംവിധാനം ചെയ്യാൻ തീരുമാനിച്ച സിനിമയ്ക്ക് വേണ്ടി കഥ എഴുതികൊടുക്കാൻ തന്നെ സമീപിച്ചതും, തന്നെ ഞെട്ടിച്ച നസീറിന്റെ പെരുമാറ്റവും  പുസ്തകത്തിൽ പിന്നാലെ കടന്നുവരുന്നു. സിനിമയിൽ തിരക്കുള്ള എഴുത്തുകാരനായി വിലസുന്ന നേരത്ത്, മുൻപ് തന്റെ ആദ്യ സിനിമയായ ഈറൻസന്ധ്യയുടെ തിരക്കഥ കൊള്ളില്ലെന്നു പറഞ്ഞു തന്നെ ഒഴിവാക്കിയ ജെസിക്കു വേണ്ടി എഴുതില്ല എന്ന് പറഞ്ഞത് തെറ്റ് തന്നെയാണെന്ന്‌ ഒരു മടിയും ജാഡയുമില്ലാതെ തുറന്നു സമ്മതിക്കുന്ന ഒരു ഡെന്നിസ് ജോസഫിനെയും ഈ പുസ്തകത്തിൽ കാണാം.
ജീവിതവും സിനിമയും നിറഞ്ഞു  നിൽക്കുന്ന ഈ ഓർമ്മകുറിപ്പുകളിൽ മലയാളസിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം തന്നെയാണ്  ഡെന്നിസ് ജോസഫ് ‌ നമുക്ക് മുൻപിൽ വിളമ്പുന്നത്. അതിൽ മമ്മൂട്ടിയും ,മോഹൻലാലും, പ്രേം നസീറും, രാജൻ പി ദേവും, ജോഷിയും, ജെസ്സിയും ,എൻ എഫ് വർഗീസും, പദ്മരാജനും, ഭരതനും,തമ്പി കണ്ണന്താനവും ,വിൻസെന്റും , ദേവരാജൻ മാസ്റ്ററുമൊക്കെ ഒരു സിനിമാ റീലുപോലെ കടന്ന് പോകുന്നു. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് വി ആർ സുധീഷ് ആണ്.

പ്രിയ കവി അക്കിത്തത്തിന് വിട..

 

കാലം,നീലവിശാലശൂന്യത നിറ-
ഞ്ഞേന്തുന്ന രൂപോച്ചലൽ-
ജജ്ജാലം,മാനസദൃഷ്ടിഗോചരപര-
ബ്രഹ്മപ്രഭാമണ്ഡലം
ആലോചിക്കില്ലതൊന്നുമാത്രമഖില-
ത്രൈമാന്യസത്യങ്ങൾതൻ
നൂലാ,നൂലിനെയംഗവസ്ത്രവടിവിൽ-
ചുറ്റട്ടെ ഞാൻ ജീവനിൽ..
(1980 ൽ കാലം വാരികയിൽ വന്ന അക്കിത്തത്തിന്റെ കാലം എന്ന കവിത )
കവിതകൾകൊണ്ട് വിസ്മയിപ്പിച്ച പ്രിയ കവി അക്കിത്തത്തിനു ശ്രദ്ധാഞ്ജലി…………..

മാതൃഭൂമിയുടെ ഷെർലക് ഹോംസ് സമ്പൂർണ്ണ കൃതികൾ

 

പറഞ്ഞതിനും ഒരു ദിവസം മുൻപേ തന്നെ ഷെർലക് ഹോംസിന്റെ സമ്പൂർണ്ണ കൃതികൾ കൈയ്യിലെത്തിച്ച് മാതൃഭൂമിയിലെ യുവാവ് മാതൃകയായി. ഒക്ടോബർ 15 നു ആണ് പുസ്തകം ഇറക്കുമെന്നു പറഞ്ഞിരുന്നത്. അതിനിടയിൽ രണ്ടു മൂന്നു ദിവസം മുൻപ് താങ്കളുടെ ഷെർലക് ഹോംസിന്റെ പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് ക്യാൻസൽ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു വന്ന മാതൃഭൂമിയുടെ മെയിൽ ചെറുതായി ഒന്നു ഞെട്ടിച്ചിരുന്നു.ഇനി ഇവന്മാർ ഈ പരിപാടി ഉപേക്ഷിച്ചു കാണുമോ എന്നു കരുതി അവരെ അപ്പോ തന്നെ വിളിച്ചു ചോദിച്ചു. മാതൃഭൂമി ആയതുകൊണ്ടു പൈസ പോകില്ല എന്നൊരു ധൈര്യം ഉണ്ടായിരുന്നു.അവരുടെ ഭാഗത്തു നിന്നുള്ള ഒരു ടെക്‌നിക്കൽ മിസ്റ്റേക് ആയിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. പറഞ്ഞ 15 നു തന്നെ ഇറങ്ങില്ല ,പുതിയ തിയതി ഒക്ടോബർ 30 ആക്കി എന്നൊക്കെ ഏതോ ഗ്രൂപ്പിൽ ആരോ എഴുതികണ്ടിരുന്നു.പക്ഷെ അങ്ങാനൊന്നും സംഭവിച്ചില്ല. പ്രീ പബ്ലിക്കേഷൻ ബുക് ചെയ്യുമ്പോൾ തരാമെന്നു പറഞ്ഞ ഒരു ഫ്രീ ബുക്കും കൂടെ കിട്ടിയിട്ടുണ്ട്. പലതവണ വായിച്ചതാണെങ്കിലും ഹോംസിനെ വീണ്ടും വീണ്ടും വായിക്കാനും ഇഷ്ടപെടാനും പ്രത്യേകിച്ചു കാരണമൊന്നും വേണ്ടല്ലോ. അപ്പോൾ വീണ്ടും ത്രില്ലറുകളുടെ ,വായനയുടെ ലോകത്തേക്ക്…

നാഗലോകത്തെ കഥകളുമായി നാഗഫണം

 

പുരാണങ്ങളിൽ നിന്നും ഇതിഹാസങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട്   ഒരു പിടി നല്ല കൃതികൾ മലയാളമുൾപ്പെടെയുള്ള പലഭാഷകളിലും  പിറന്നു വീണിട്ടുണ്ട്. അതിന്റെയെല്ലാം കണക്കെടുക്കുക അല്പം  ശ്രമകരമായ സംഗതിയാണ്. അത്രയ്ക്കുണ്ട് അതിന്റെ ബാഹുല്യം.
എങ്കിൽകൂടിയും ഇത്തരം കൃതികളെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മുടെ നാവിൻ തുമ്പിൽ വന്നു നിൽക്കുന്ന പുസ്തകങ്ങളിൽ ഒന്ന് തീർച്ചയായും എം ടി യുടെ രണ്ടാമൂഴം ആയിരിക്കും. പി കെ ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ, വി.എസ്. ഖാണ്ഡേക്കറുടെ യയാതി, ശിവാജി സാവന്തിന്റെ കർണ്ണൻ,ഇരാവതി കാർവെയുടെ യുഗാന്ത അങ്ങനെയങ്ങനെ നീണ്ടു പരന്നു കിടക്കുകയാണ് ഇത്തരം പുസ്തകങ്ങൾ.
ഇവയുടെയെല്ലാം ഒരു പൊതുസ്വഭാവം നിരീക്ഷിച്ചാൽ ,മൂലകൃതിയിൽ നിന്നും ഒരു കഥാപാത്രത്തെ പറിച്ചെടുത്തുകൊണ്ടു അവരുടെ കാഴ്ചപ്പാടിൽ കഥയെ മുന്നോട്ടുകൊണ്ട് പോകുന്ന രീതിയാണ് മിക്കതിലും അവലംബിച്ചിട്ടുള്ളതെന്ന് കാണാം . രസകരമായ ഒരു സംഗതി കൂടി പറയട്ടെ , മൂലകൃതി വായിക്കാത്ത ഒരു വിഭാഗം വായനക്കാർ ഇത്തരം കൃതികൾ മാത്രം വായിച്ച്  മഹാഭാരതതത്തിലെയും , രാമായണത്തിലെയും കഥാപാത്രങ്ങളുടെ മേന്മയെക്കുറിച്ചും, സ്വഭാവ വിശേഷണങ്ങളെ കുറിച്ചും വിലയിരുത്തുന്നത് കണ്ടിട്ടുണ്ട്.
അത്തരത്തിൽ മഹാഭാരതത്തിൽ  നിന്നും കടമെടുത്ത ഒരു സംഭവത്തെ ആസ്പദമാക്കി രാജീവ് ശിവശങ്കർ എഴുതിയ ഒരു നോവലാണ് നാഗഫണം. പാപങ്ങളും ശാപങ്ങളും നിറഞ്ഞ മഹാഭാരതകഥയിലെ കുരുക്ഷേത്ര യുദ്ധമെല്ലാം കഴിഞ്ഞു ജനമേജയൻ രാജ്യം ഭരിക്കുമ്പോൾ നടന്ന സംഭവങ്ങളാണ്  നോവലിന്റെ ഇതിവൃത്തം.
അർജുനന്റെ പൗത്രനും ,അഭിമന്യുവിന്റെ മകനുമായ പരീക്ഷിത് വാഴുന്ന മണ്ണിൽ ഹസ്തിനപുരിയിൽ തന്നെയാണ് ഈ കഥയും  നടക്കുന്നത്.
നായാട്ടിൽ താല്പരനായ പരീക്ഷിത്ത് അത്തരമൊരു നായാട്ടിനിടെ  തന്റെ ചോദ്യത്തിനുത്തരം തരാതെ തപസ്സനുഷ്ഠിച്ചു കൊണ്ടിരുന്ന ശമീക മുനിയുടെ ദേഹത്തു ഒരു ചത്ത പാമ്പിനെ  കോരിയിട്ടതോടെ ശാപങ്ങളുടെ കഥ ആരംഭിക്കുകയായി. തന്റെ പിതാവിന്റെ ദേഹത്തു ഈ അതിക്രമം കാണിച്ചവനെ മകൻ ഗവിജാതൻ ശപിച്ചുകളഞ്ഞു, അച്ഛനെ നിന്ദിച്ചവർ അതാരായാലും ഏഴുനാളിനകം പാമ്പു കടിയേറ്റു മരിക്കും.  ശാപത്തെ കുറിച്ചറിഞ്ഞ രാജാവ് സാധ്യമായ തരത്തിലുള്ളതും ,എന്നാൽ അസാധാരണമായ രീതിയിലുള്ള  പ്രതിരോധ കോട്ടകളും,മാർഗ്ഗങ്ങളും പരീക്ഷിച്ചെങ്കിലും ശാപം ഫലിക്കുകയാണുണ്ടായത്.
ഇവിടെ ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്.പ്രതികൂല സാഹചര്യങ്ങളിൽ ബുദ്ധിപൂർവമായ തീരുമാനങ്ങൾ കൈക്കൊള്ളാനും സ്വബോധം നഷ്ടപെട്ട രാജാവിന് വേണ്ട നടപടികൾ സ്വീകരിക്കാനുമുള്ള ബുദ്ധി ഉപദേശിക്കുന്നതും, പദ്ധതികൾ നടപ്പിലാക്കാൻ മുന്നിട്ടിറങ്ങുന്നതും രാജാവിന്റെ ഭാര്യ മാദ്രവതിയാണ്. മാദ്രവതിയുടെ മുന്നൊരുക്കങ്ങളാണ് യഥാർത്ഥത്തിൽ നമ്മൾ  കാണുന്ന സമുദ്രത്തിനു നടുവിലെ ഒറ്റക്കാലിൽ തീർത്ത ആ പ്രതിരോധക്കോട്ട.
ആ അകാലമരണത്തിന്റെ ഉള്ളറരഹസ്യങ്ങൾക്കു  അധിക കാലം ആയുസ്സുണ്ടായിരുന്നില്ല.  പരീക്ഷിത്തിന്റെ മകൻ ജനമേജയൻ അതറിഞ്ഞപ്പോൾ തന്റെ അച്ഛനെ കൊന്നവരുടെ വംശം മുടിപ്പിക്കാൻ ഇറങ്ങി തിരയുന്നതോടെ ചരിത്രം വീണ്ടും അവർത്തിക്കുകയാണെന്നുള്ള ഒരു ധ്വനി നാടെങ്ങും പരന്നു. ഈ പ്രതികാരനടപടികൾ തുടങ്ങുന്നതോടെ വ്യാസനുൾപ്പെടയുള്ള മഹാരഥൻമാർ രംഗത്തു പ്രവേശിക്കുന്നുണ്ട്.നാഗലോകത്തെ അനന്തനും,കാർക്കോടകനും,വാസുകിയും,തക്ഷകനും ഓരോരോ സഹചര്യങ്ങളിലായി നമ്മുടെ മുന്നിലേക്കെത്തുന്നുണ്ട്.
ചതിയും,പ്രതികാരവും,തിരിച്ചറിവുകളും, പാഠങ്ങളുമായി നോവൽ  മുന്നോട്ടു പോകുന്നു. എല്ലാമറിയുന്ന മഹാകാവ്യത്തിന്റെ രചയിതാവിനും ജനമേജയനു വെളിപാടോതി കൊടുക്കുന്നതിൽ കാര്യമായ പങ്കുണ്ട്. രാജാവിന് മഹാഭാരത കഥ മുഴുവനായി പറഞ്ഞുകൊടുക്കുന്നതും യാഗം നടക്കുന്നതിനിടയിലാണല്ലോ. പരീക്ഷിതം എന്നും ജനമേജയം എന്നും രണ്ടു ഭാഗങ്ങളിലായി പതിനെട്ടു അധ്യായങ്ങളിലൂടെ നമുക്ക് മുൻപിൽ വിസ്മയച്ചെപ്പു തുറന്നിടുകയാണ് രാജീവ് ശിവശങ്കർ. രാജ്യഭരണത്തിലും തീരുമാനങ്ങൾ കൈകൊള്ളുന്നതിലും സ്ത്രീകൾ ഒട്ടും പിന്നിലല്ല എന്ന് കാണിച്ചു തരുന്നുമുണ്ട് മാദ്രവതി എന്ന കഥാപാത്രം.
സാഹിത്യചർച്ചകളിലെ വെള്ളി വെളിച്ചത്തിൽ അധികം കാണാത്ത മുഖമാണ് രാജീവ് ശിവശങ്കറിന്റേത്. വളരെ  കുറഞ്ഞ വർഷങ്ങൾക്കിടയിൽ എണ്ണം പറഞ്ഞ നോവലുകൾ നമുക്ക് സമ്മാനിച്ച എഴുത്തുകാരനാണ് രാജീവ്.തിരക്കിട്ട പത്രപ്രവർത്തനത്തിനിടയിലും കഴമ്പുള്ള നോവലുകൾ ഓരോന്നായി അദ്ദേഹത്തിന്റേതായി പുറത്തുവന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് വായനകാർക്ക് ആവേശം പകരുന്ന ഒന്നാണ്.അദ്ദേഹത്തിന്റെ നോവലുകളിലെ പേരുകൾക്കും ഒരു വ്യത്യസ്തത കാണാം. തമോവേദം,കുഞ്ഞാലിത്തിര,പുത്രസൂക്തം,കലിപാകം,പെണ്ണരശ്,പ്രാണസഞ്ചാരം, കൽപ്രമാണം, മറപൊരുൾ,ദൈവമരത്തിലെ ഇല ,ഗൂഡം ഇങ്ങനെ പോകുന്നു പേരുകൾ.
നാഗഫണം പുറത്തിറക്കിയിരിക്കുന്നത് ഡിസി ബുക്സ് ആണ് , വില 199 രൂപ.

സിനിമ നടൻ ജയനും മുകുന്ദനും പിന്നെ മയ്യഴിപ്പുഴയും

ഓർമ്മക്കുറിപ്പുകൾ പലവിധമുണ്ട്. ആ വിഭാഗത്തിൽ പെടുന്ന മിക്കതും ഞാൻ എന്ന സ്വന്തം കഥാപാത്രത്തെ കേന്ദ്രമാക്കിക്കൊണ്ടുള്ളതും തന്റെ കുട്ടിക്കാലം മുതൽ മുന്നോട്ടുള്ള സംഭവങ്ങളെ കുറിച്ചുള്ളതായിരിക്കും. എന്നാൽ ചില ഓർമക്കുറിപ്പുകൾ ഒരാൾ   തന്നെ കടന്നുപോയവരെയും , കൂടെ നടന്നവരെയും ഓർമ്മിച്ചെഴുതുന്ന തരത്തിലുള്ളതും ഉണ്ട്. രണ്ടാമതു സൂചിപ്പിച്ച വിഭാഗത്തിൽ പെടുന്ന ഒന്നാണ് എം മുകുന്ദൻ എഴുതിയ ഓർമ്മകളിലേക്ക് മടങ്ങി വരുന്നവർ എന്ന പുസ്തകം. യൗവനം ചോർന്നു പോകാത്ത ആഖ്യാനത്തോടെ ഹൃദയത്തെ തൊടുന്ന കഥകളെഴുത്തുന്ന മുകുന്ദൻ പക്ഷേ വിട പറഞ്ഞു പോകുന്നവരെ കുറിച്ച് എഴുതുന്നത് വളരെ വിഷമകരമാണെന്ന് പറയുന്നു ,പ്രത്യേകിച്ച് നമ്മളൊരുപാട് സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരെക്കുറിച്ച് . മുകുന്ദൻ തന്റെ ഓർമകളെ കുറിച്ചു പറയുമ്പോൾ സ്വാഭാവികമായും മയ്യഴിയും , ഡൽഹി ജീവിതവും,ഫ്രഞ്ച് എംബസ്സിയുമൊക്കെ കടന്നു വരുക സ്വാഭാവികം മാത്രമാണ് . പല സാഹിത്യ പ്രസിദ്ധീകരങ്ങളിലൂടെയൊക്കെ നമ്മളത് പലവുരു വായിച്ചറിഞ്ഞിട്ടുള്ളതുമാണ്.തന്റെ പുസ്തകങ്ങളിലൂടെ എഴുത്തിനെ  നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരനാണ്‌ മുകുന്ദൻ. ഭാഷകൊണ്ടും , ആഖ്യാനം കൊണ്ടും നമ്മെ ഇപ്പോഴും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്ന മനുഷ്യൻ എന്നാണ് അവതാരികയിൽ വി സി ഇക്ബാൽ മുകുന്ദനെ വിശേഷിപ്പിച്ചിരിക്കുന്നത് .പതിനഞ്ചു അദ്ധ്യായങ്ങളിലായി  തന്നെ തൊട്ടു കടന്നുപോയവരെ ഒന്ന് കോറിയിടാൻ ശ്രമിക്കുകയാണ് മുകന്ദൻ ഈ പുസ്തകത്തിലൂടെ. മുകുന്ദൻ എന്ന പേര് കേൾക്കുമ്പോൾ കൂടെ ഓർമ്മ വരുന്ന ഒരാളുണ്ട് . അത് പുനത്തിൽ കുഞ്ഞബ്‌ദുള്ളയാണ്. പ്രിയ ചങ്ങാതി എന്ന ഒന്നാം അദ്ധ്യായം പുനത്തിൽ കടന്നു വരുന്നു.പുനത്തിലും മുകുന്ദനും തമ്മിലുള്ള ആത്മ ബന്ധത്തിലെ ഒരേട് നമ്മുക്കിതിൽ വായിക്കാം. തന്റെ ഡൽഹി ജീവിതം സമ്മാനിച്ച സുഹൃത്തുക്കളും ,സാഹിത്യ സംബന്ധമായ യാത്രക്കിടയിൽ കിട്ടിയ സൗഹൃദങ്ങളും പുസ്തകത്തിൽ കയറി വരുന്നുണ്ട്. ഓ വി വിജയനും മുകുന്ദനും രാഷ്ട്രപതി ഭവനിൽ ഓണസദ്യക്ക് പോയ രസകരമായ സംഭവം മുകുന്ദൻ പങ്കുവെച്ചിട്ടുണ്ട്. വൈകിയാണെകിലും ബംഗാളി സാഹിത്യത്തിലെ മഹാശ്വേതാ ദേവിയുമായി അടുത്ത് പരിചയപ്പെട്ടത് ,തന്റെ റോൾ മോഡലായ തന്റേടിയായ കാക്കനാടന്റെ വിശേഷങ്ങൾ,സാഹിത്യ നിരൂപകനായ കെ പി അപ്പൻ തുടങ്ങിയവർ പിന്നാലെ എഴുത്തുകാരന്റെ ഓർമകളുടെ കൂടാരത്തിലേക്കു കടന്നു വരുന്നു. സമൂഹത്തിൽ നിന്നും സ്വയം ബഹിഷ്‌കൃതനാകുന്ന എഴുത്തുകാരനെ സാർത്ര് ,പുണ്യവാളൻ എന്നാണ് വിളിച്ചിരുന്നത്. മുകുന്ദൻ അക്കാരണം കൊണ്ട് തന്നെ കവി അയ്യപ്പനെ  പുണ്യവാളനായി കരുതുന്നു. എല്ലാ വീടുകളിലും അയ്യപ്പന്റെ ഒരു കവിതാ പുസ്തകമെങ്കിലും ഉണ്ടായിരിക്കുക എന്നതാണ് കവിയ്ക്കു വേണ്ടി നമുക്ക് പണിയാവുന്ന ഏറ്റവും വലിയ സ്മാരകം എന്ന് മുകുന്ദൻ നമ്മോടു പറയുന്നു . യൂറോപ്പിൽ ഏറ്റവും കൂടുതൽ സഞ്ചരിച്ച ഭാരതീയനാടക കലാകാരനായ ഹബീബ് തൻവീർ, ചിത്രകാരനായ എം ഫ് ഹുസൈൻ,സാഹിത്യ അക്കാദമിയിലെ ദാസൻ മാഷ്,കൊച്ചനുജനോളം വാത്സല്യമുണ്ടായിരുന്ന അകാലത്തിൽ പൊളിഞ്ഞ കൊച്ചുബാവ, അധ്യാപക കഥകളിലൂടെ നമ്മുടെ മനം കവർന്ന അക്ബർ കക്കട്ടിൽ,സിനിമ നടൻ ജയൻ  ,ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന പ്രത്യശാസ്ത്രത്തിനെതിരെ കഥാകളെഴുതിയ എം സുകുമാരൻ തുടങ്ങിയവർ മുകുന്ദന്റെ ഓർമ്മ  ചെപ്പിൽ കുടിയിരിക്കുന്നവരിൽ ചിലരാണ്.വി സി ഇക്‌ബാൽ ആണ് പ്രസാധക കുറിപ്പ് എഴുതിയിരിക്കുന്നത്.ഈ പുസ്തകത്തിനു വേണ്ടി നീണ്ട ഒരു അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ അർഷാദ് ബത്തേരി ആണ്.ബാഷോ ബുക്സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്നത്.

ചായ വിറ്റ് ലോകം ചുറ്റിയവർ

 

യാത്രകൾ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്? ഒരു യാത്രയെങ്കിലും  പോകാത്തവർ  വിരളമായിരിക്കും. 

സമയത്തിന്റെയും, പണത്തിന്റെയും പോലെ പലകാരണങ്ങൾക്കൊണ്ടും യാത്ര വേണ്ടെന്ന് വെയ്ക്കുകയോ  ,പിന്നത്തേക്കു വെയ്ക്കുകയോ ചെയ്യുന്നവർക്കു പ്രചോദനമാണ് എറണാകുളം ഗാന്ധിനഗറിലെ ശ്രീ ബാലാജി കോഫി ഹൗസിൽ ചായക്കട നടത്തുന്ന വിജയന്റെയും മോഹനയുടെയും യാത്രകളും അവരുടെ ജീവിതകഥയും. ഈ ദമ്പതികളെ കുറിച്ച് പ്രത്യേകം വിവരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒട്ടു മിക്ക പത്രങ്ങളിലും, മാഗസിനുകളിലും അവരുടെ യാത്ര വിശേഷങ്ങൾ വന്നു കഴിഞ്ഞു. ഇവരുടെ ഇപ്പോഴത്തെ പ്രയത്നവും സമ്പാദ്യവും  യാത്ര ചെയ്യാനായി മാറ്റി വെച്ചിരിക്കുകയാണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആകില്ല. 

ചായ കടയിലെ സമ്പാദ്യവും, ചിട്ടി പിടിച്ചു കിട്ടിയ പണവും , ചിലപ്പോൾ KSFE യിൽ നിന്നും എടുത്ത ലോണുമായി അവർ യാത്ര പോകും. തിരികെ വന്നു ആ കടം വീട്ടാനായി അദ്ധ്വാനിക്കും. ആ ആ കടം വീടി കഴിഞ്ഞാൽ അടുത്ത യാത്രക്കുള്ള തയാറെടുപ്പുകളായിരിക്കും. അങ്ങനെ അവർ ഇതുവരേക്കും സഞ്ചരിച്ചു കൂട്ടിയത് 6 ഭൂഖണ്ഡങ്ങളിലായി 25 രാജ്യങ്ങൾ. സ്ഥിരമായി യാത്രകൾ നടത്തുന്ന  ചിലരെയെങ്കിലും അസൂയപ്പെടുത്തുന്ന നേട്ടം തന്നെയാണിത്. വിജയന്റെയും മോഹനയുടെയും പ്രായം കൂടി കേട്ടോളൂ , യഥാക്രമം 69  ഉം 68  ഉം. ഇക്കാരണങ്ങൾകൊണ്ടു തന്നെ  ആകണം അസൂയപ്പെടുന്നവരുടെ വായിലൂടെ ഇവർക്ക് വട്ടാണെന്ന് പറയുന്നത് കേൾക്കേണ്ടിവരുന്നത് . ഈ പ്രായത്തിലും യാത്ര ചെയ്യാനുള്ള ധൈര്യം , അത് തങ്ങളുടെ മനസ്സിന്റെ ധൈര്യം ആണെന്ന് അവർ പറയുന്നു. അവരുടെ ജീവിത കഥയാണ്  വി സി ബുക്സ് പുറത്തിറക്കിയ ചായ വിറ്റ് വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങൾ എന്ന പുസ്തകത്തിൽ. മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുസ്തകതിന്റെ പ്രകാശനം നിർവ്വഹിച്ചത്. 

അവരുടെ വിശേഷങ്ങൾ ഇന്ന് ലോകം മുഴുവൻ പാട്ടാണ്. വെറുതെ പറയുകയല്ല.

28 വയസ്സിനുള്ളിൽ 189 രാജ്യങ്ങൾ സന്ദർശിച്ച പ്രശസ്ത അമേരിക്കൻ ട്രാവൽ വ്ലോഗ്ഗർ ഡ്യൂ ബിൻസ്കിയുടെ ആമുഖത്തോടെയാണ് പുസ്തകം തുടങ്ങുന്നത്. 2019 ൽ ഡ്യൂ ബിൻസ്കി കൊച്ചിയിലെത്തിയപ്പോൾ ബാലാജി കോഫി ഹൗസിൽ പോയി വിജയന്റെയും മോഹനയുടെയും യാത്രകളെ കുറിച്ച് എടുത്ത  വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. യുറ്റൂബിലും, ഫേസ്ബുക്കിലും ഈ വീഡിയോ കാണാത്തവർ കുറവായിരിക്കും. മോഹൻലാലും മമ്മൂട്ടിയെയും കാണാനും അവരുടെ സഹായം കിട്ടിയതിന്റെ വിശേഷങ്ങളൊക്കെ അവർ പങ്കുവെയ്ക്കുന്നുണ്ട്. സഹായം നല്കിയവരിൽ മഹീന്ദ്ര സി ഇ ഒ , അമിതാബ് ബച്ചൻ, അനുപംഖേർ തുടങ്ങിയവരും പെടും. 

എന്തിനാണ് യാത്ര ചെയ്യുന്നത് എന്നു ചോദിച്ചാൽ വിജയന്റെ മറുപടി ഇപ്രകാരമാണ്,

താജ്മഹലിന്റെ ഫോട്ടോ കാഴ്ചയുടെ  ഒരറിയിപ്പു മാത്രമാണ്, താജ്മഹൽ ആഗ്രയിലുണ്ടെന്ന്  മാത്രമാണ് അതു നമ്മെ അറിയിക്കുന്നത്  . അതിന്റെ  ഫോട്ടോ  ഒന്നോ രണ്ടോ വാക്കുകൾ മാത്രം പറയും. എന്നാൽ നേരിട്ട് ചെന്നു കാണുമ്പോൾ താജ്മഹൽ അതിന്റെ കഥ തന്നെ പറയും.  നമ്മൾ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അത് അനുഭവിക്കും. 

 പരിമിതികളെ അതിജീവിക്കാനുള്ള മനസ്സ് തന്നെയാണ് ഏറ്റവും പ്രധാനം. യാത്ര പോകാൻ താല്പര്യപ്പെടുന്നവർ എന്തായാലും ഈ പുസ്തകം വായിക്കണം. 

കോവിഡ് കാരണം ഈ യാത്രാ ദമ്പതിമാരുടെ അടുത്ത യാത്ര മാറ്റിവെച്ചിരിക്കുകയാണ്. എല്ലാം നേരെ ആയി വരുമ്പോൾ റഷ്യ യിലേക്ക് പറക്കാൻ തയ്യാറായി ഇരിക്കുകയാണ് ഇരുവരും.

ക്രൈം ഡയറി 1 :പൂച്ചെടിവിള സുകുമാരൻ

 

പ്രശസ്ത പോലീസ് ഉദ്യോഗസ്ഥനായ ജോർജ്ജ് ജോസഫ് മണ്ണൂശ്ശേരി(റിട്ടയർഡ് എസ്. പി) യുടെ ഏറ്റവും പുതിയ പുസ്തകമാണ് പൂച്ചെടിവിള സുകുമാരൻ. പുസ്തകത്തെ കുറിച്ച് പറയുമ്പോൾ സഫാരി ചാനലിലെ ഇദ്ദേഹത്തിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയെ പരാമർശിക്കാതെ തരമില്ല. അറുപതോളം എപ്പിസോഡുകളിൽ കൂടി നിരവധി കുറ്റാന്വേഷണ സംഭവങ്ങൾ അദ്ദേഹം അതിലൂടെ പങ്കുവെയ്ക്കുകയുണ്ടായി . പൂർണ്ണ പബ്ലിക്കേഷൻ മൂന്നു ഭാഗങ്ങളിലായി ഏതാനും ചില കേസുകളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടു പുസ്തകങ്ങളും ഇറക്കിയിരുന്നു. എങ്കിലും വായനക്കാർ അദ്ദേഹത്തിന്റെ പുതിയ പുസ്തകങ്ങൾക്കായി ആകാംക്ഷാപൂർവം കാത്തിരിക്കുന്നുണ്ടെന്നു തോന്നിയതിനാലാകാം ക്രൈം ഡയറി സീരീസ് പോലെ മാതൃഭൂമി അദ്ദേഹത്തിന്റെ പുതിയ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ക്രൈം ഡയറി പരമ്പരയിലെ ആദ്യ പുസ്തകം എന്നാണ് മാതൃഭൂമി പറഞ്ഞിരിക്കുന്നത്. എങ്കിൽ ഇതിന്റെ തുടർഭാഗങ്ങൾ പിന്നാലെ വരുന്നുണ്ടാകാം.
സഫാരി ചാനലിൽ വിവരിച്ചുള്ള സംഭവങ്ങൾ തന്നെയാണ് ഈ പുസ്തകത്തിലുമെങ്കിലും കഥ പറയുന്ന രീതി എല്ലാവർക്കും ഇഷ്ടപ്പെടും. പുസ്തകത്തിന്റെ ആദ്യഭാഗങ്ങൾ അദ്ദേഹത്തിന്റെ തന്നെ ജീവ ചരിത്രമാണ്, പുസ്തകത്തിന്റെ സിംഹഭാഗവും അത് കയ്യടക്കിയിരിക്കുന്നു. ഈ പുസ്തകത്തിൽ പൂച്ചെടിവിള സുകുമാരനും, കാളവാസുവും ,സീരിയൽ കില്ലറും ,തമിഴ്‌പുലിയുമൊക്കെ കടന്നു വരുന്നു. മാതൃഭൂമി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകം മലയാളത്തിൽ നിന്നുമാണ്.

ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകം എന്ന ബഹുമതി  പാറേമ്മാക്കൽ ഗോവർണദോർ  എന്നറിയപ്പെടുന്ന പാറേമ്മാക്കൽ തോമാ കത്തനാർ എഴുതിയ  വർത്തമാനപുസ്തകം എന്ന കൃതിയ്ക്കാണ്.ഇതിനെ ഒരു മുഴുവൻ സമയ യാത്രാവിവരണ പുസ്തകമായി കണക്കാൻ കഴിയില്ല എന്ന് ആദ്യമേ പറയട്ടെ.  നസ്രാണി സഭയുടെ വിദേശ മേല്‍ക്കോയ്മയും, ചൂഷണങ്ങളും സ്വയം ഭരണത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളും സംഘര്‍ഷങ്ങളുമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. 

മലയാളത്തിൽ എഴുതിയ ആദ്യത്തെ യാത്രാവിവരണം വർത്തമാനപുസ്തകമാണെങ്കിലും ,മലയാളത്തിൽ  അച്ചടിച്ച ആദ്യത്തെ യാത്രാ പുസ്തകം ഇതല്ല . അതിന്റെ ബഹുമതി 1895 ൽ അച്ചടിച്ച പരുമല തിരുമേനി എന്നറിയപ്പെടുന്ന ഗീ വർഗ്ഗീസ് മാർ ഗ്രിഗോറിയസിന്റെ  ഉർസ്ലോം യാത്ര വിവരണമാണ്. വർത്തമാനപുസ്തകം അച്ചടിച്ചതായി പറയപ്പെടുന്നത് 1936 ലാണ്. 

പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിലുകളിൽ  കൃത്യമായി പറഞ്ഞാൽ 1778 ൽ  കരിയാറ്റില്‍ മല്പാനുമൊത്ത് തോമാ കത്തനാർ  റോമിലേക്കു നടത്തിയ സാഹസികമായ ഒരു യാത്രയുടെ ഓര്‍മക്കുറിപ്പുകളാണ്  വർത്തമാനപുസ്തകം എന്ന ഈ  പുസ്തകത്തിലുള്ളത്. തോമാ കത്തനാർ കൊടുങ്ങല്ലൂർ രൂപതയിൽപ്പെട്ട കടനാട്‌ ഇടവകയുടെ വികാരിയായിരുന്നു. 

ഭാരതത്തിലെ സുറിയാനി ക്രൈസ്തവരുടെ കാര്യം റോമില്‍ മാർപാപ്പയെ അറിയിക്കാനായാണ് അവർ യാത്ര തുടങ്ങുന്നത്. അതിനു അവരെ നയിച്ച സംഭവങ്ങളുടെ വിശദമായ വിവരങ്ങൾ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ചുരുക്കത്തിൽ അത്തരം സംഭവ വിവരങ്ങളാണ് യാത്ര വിവരണത്തെക്കാൾ പുസ്തകത്തിൽ ഏറെയും ഉള്ളത്. ചരിത്രത്തിൽ നമ്മൾ കേട്ട് പരിചയപ്പെട്ടിട്ടുള്ള കൂനൻ കുരിശു സത്യം എന്തായിരുന്നു, കൂനൻ കുരിശു സത്യവും മട്ടാഞ്ചേരി പള്ളിയും തമ്മിൽ എന്ത് ബന്ധം എന്നിങ്ങനെയുള്ള വിശദാംശങ്ങൾ പുസ്തകത്തിന്റെ ആദ്യഭാഗങ്ങളിൽ ഉണ്ട്. അതുപോലെ തന്നെ ആരാണ് പുത്തൻ കൂറ്റുകാർ , അവരെ എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത് ,ആരാണ് ഇടത്തൂട്ടുകാർ എന്നൊക്കെ മനസ്സിലാക്കാൻ ഈ പുസ്തകം നമ്മെ സഹായിക്കും.സുറിയാനി ക്രൈസ്തവർ നേരിട്ട അവഗണനയ്ക്കും കഷ്ടതകൾക്കും പരിഹാരം കണ്ടെത്താനാണന് മല്പാനും തോമ കത്തനാരും  യാത്ര തിരിക്കുന്നത്. 

യാത്ര വിവരണമായാണ് ഈ പുസ്തകമെഴുതിയതെങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളുടെ ആത്മാഭിമാനത്തെ ഉയർത്തുക എന്ന ലക്‌ഷ്യം അതിനു പിന്നിൽ ഉണ്ടായിരുന്നു.വളരെ പ്രാചീനമായ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനു അക്കാലഘട്ടത്തിൽ സംഭവിച്ച അടിമത്തവും ദൈന്യവും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. പുസ്തകത്തിന്റെ 14, 15,16 അധ്യായങ്ങളും, 17 ആം അധ്യായത്തിന്റെ ആദ്യഭാഗവും മൂലകൃതിയിൽ  നിന്നും നഷ്ട്ടപെട്ടിട്ടുണ്ട്. എങ്കിലും 47 ആം അധ്യായത്തിൽ 15,16 അദ്ധ്യായങ്ങളിലുള്ള 2 എഴുത്തുകളെ കുറിച്ച് പരാമർശമുണ്ട്. അധ്യായം 72 ലും കുറച്ചു ഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. 

റോമിലേക്കുള്ള കപ്പൽ യാത്ര തുടങ്ങുന്നത് മദ്രാസിൽ  നിന്നാണ്. അവിടേക്കുള്ള യാത്രക്കിടയിൽ ഉദയഗിരിക്കോട്ടയിലെത്തി മാർത്താണ്ഡ വർമ്മയുടെ ആർമി കേപ്റ്റൻ ആയിരുന്ന ഡിലനോയുടെ ഭാര്യയെയും,മകളെയും,മകളുടെ പ്രതിശ്രുത വരനെയും കണ്ടു സ്‌നേഹം പങ്കിട്ടതിനെക്കുറിച്ചും പറയുന്നുണ്ട്. അപ്പോൾ  ഡിലനോയ് മരിച്ചിട്ടു ഒരു വർഷം കഴിഞ്ഞിരുന്നു.വളരെ പ്രതിബന്ധങ്ങൾ സഹിച്ചാണ് കപ്പൽ യാത്ര തുടങ്ങുന്നതും.1778 നവംബർ മാസം 14 ന് കപ്പലിൽ കയറിയെങ്കിലും പിന്നെയും 5 ദിവസം കഴിഞ്ഞാണ് യാത്ര തുടങ്ങുന്നത്. യാത്ര വിവരണങ്ങളുടെ ശെരിക്കുമുള്ള തുടക്കം ഇവിടെ നിന്നാണെന്ന് വേണമെങ്കിൽ പറയാം. 1779 ഫെബ്രുവരി 7  നു ആഫ്രിക്കയിലെ വെൻഗെല തുറമുഖത്തു നങ്കൂരമിടേണ്ടി  വന്നു. അന്നത്തെ കാലത്തേ മോനെത്ത ,സകൂതി, കർസാദ  തുടങ്ങിയ നാണയങ്ങളുടെ പേരുകൾ ഇപ്പോൾ കേൾക്കുമ്പോൾ കൗതുകം തോന്നുക സ്വാഭാവികം മാത്രം. റോമിലെയും ഇറ്റലിയിലെയും വിവരങ്ങൾ നല്ല രീതിയിൽ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1780 ൽ ജൂൺ 20 നു റോമിൽ നിന്നും മടക്കയാത്രക്കുള്ള ശ്രമങ്ങൾ ആരംഭിക്കുന്നുണ്ടെങ്കിലും 1786 മേയ്‌ ഒന്നിനാണു ആ യാത്ര അവസാനിക്കുന്നത്. നീണ്ട പതിനൊന്നു വർഷങ്ങൾ എടുത്തു ആ യാത്രക്കെന്നു ചുരുക്കം. 

ക്വാറന്റൈൻ എന്ന വാക്കു നമ്മൾക്കിപ്പോൾ സുപരിചിതമാണല്ലോ. എന്നാൽ ക്വാറന്റൈൻ എന്ന വാക്ക്   മലയാളത്തിൽ ആദ്യമായി  ഉപയാഗിച്ചത് ഈ വർത്തമാനപ്പുസ്തകത്തിലാണ്. ജനോവ യിലെത്തിക്കഴിയുമ്പോൾ ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നതിനെ കുറിച്ചും എന്താണ്  ക്വാറന്റൈൻ എന്നും തോമാ കത്തനാർ ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. യൂറോപ്പിയൻ രാജ്യങ്ങളിൽ തുറമുഖത്തോട് ചേർന്ന് ലാസറേത്ത എന്നു പറയുന്ന ഒരു മന്ദിരം പണികഴിപ്പിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവർ വസൂരി പോലുള്ള പകർച്ച വ്യാധികൾ പകർത്താതിരിക്കാൻ നാല്പതു ദിവസങ്ങൾ  ഈ മന്ദിരങ്ങളിൽ താമസിക്കണമെന്ന നിയമമുണ്ടായിരുന്നു അക്കാലത്ത്. ഇതാണ് ക്വാറന്റൈൻ എന്നറിയപ്പെടുന്നത് എന്നാണ് പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. 

മടക്കയാത്രയിൽ മൗറീഷ്യസ് കഴിഞ്ഞു കാണുന്ന ചെല്ലമെന്ന ദ്വീപിലെത്തുമ്പോഴേക്കും ഭക്ഷ്യസാധനങ്ങൾ തീർന്ന് കുറെ പേർ മരിച്ചെന്നു പറയുന്നുണ്ട്. പഴയ സിലോണിനെ ആണ് ചെല്ലം എന്നു വിളിച്ചതെന്ന് തോന്നുന്നു.  

പോർച്ചുഗലിൽ വച്ച് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട കരിയാറ്റിൽ‍ മല്പ്പാൻ മടക്കയാത്രയുടെ അവസാനം ഗോവയിൽ വച്ച് സംശയാസ്പദമായ സാഹചര്യത്തിൽ മരണപ്പെട്ടു.യാത്ര  കഴിഞ്ഞ് മടങ്ങിയെത്തിയ തോമ്മാക്കത്തനാർ മരണപ്പെട്ട  കരിയാറ്റില്‍ മല്പാനെഴുതിയ കത്തിൽ പറഞ്ഞ പ്രകാരം , ഗോവർണ്ണദോർ എന്ന സ്ഥാനപ്പേരോടെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയനേതാവായി മാറി. കാരിയാറ്റിലിന്റെ മരണം ദുരൂഹമായി അവശേഷിക്കുന്നു. ഈ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി  എഴുതിയ ഒരാളുടെ കുറിപ്പു പ്രകാരം കാരിയാറ്റിലിന്റെ മരണത്തെ കുറിച്ച്  ചോദിച്ചാൽ തോമാ കത്തനാർ കരയുകയല്ലാതെ ഒന്നും പറയുന്നില്ല എന്ന് ചോദിച്ചവരൊക്കെ പറയുന്നു എന്നെഴുതി വച്ചിട്ടുണ്ട്. 

ടിപ്പു സുൽത്താന്റെ പടയോട്ടത്തിന്റെ ഘട്ടത്തിൽ  തോമാ കത്തനാരായിരുന്നു  സുറിയാനി കത്തോലിക്കരുടെ അത്മീയാധികാരി ആയി ഇരുന്നിരുന്നത്. ഹിന്ദുമതത്തിൽ നിന്ന് ക്രിസ്തുമതത്തിലേയ്ക്ക് മതം  മാറുകയും ഒടുവിൽ രാജാവിന്റെ കല്പന പ്രകാരം വെടിവെച്ചുകൊല്ലപ്പെട്ട  ദേവസഹായം പിള്ളയുടെ കാര്യവും  ഇതിൽ പ്രതിപാദിക്കുന്നുണ്ട്. 

1799 മാർച്ച് 20-ന് തോമാ കത്തനാർ  അന്തരിച്ചു. രാമപുരം പള്ളിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്. 1936-ൽ തോമ്മാക്കത്തനാരുടെ ഭൗതികാവശിഷ്ടം വീണ്ടെടുത്ത് രാമപുരത്തെ പുരാതനമായ വിശുദ്ധ ആഗസ്തീനോസിന്റെ  പള്ളിയിൽ വീണ്ടും അടക്കി . 1773 മുതല്‍ 1786 വരെയുള്ള കാലഘട്ടത്തിലെ  കേരളത്തെയും അവർ സഞ്ചരിച്ച നാടുകളുടെയും വിവരങ്ങൾ ഈ പുസ്തകത്തിലൂടെ നമുക്ക് മുന്നിൽ തെളിയുന്നു.  കപ്പലിലെ ഒരു അനുഭവം വച്ച് ഇംഗ്ളീഷുകാർ പിടിച്ചുപറിക്കാർ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. 

“യൂറോപ്പിൽ ആരെങ്കിലും മറ്റുള്ളവരെക്കാൾ ഏതെങ്കിലും കാര്യത്തിൽ മിടുക്കു കാണിച്ചാൽ അയാൾ ജീവിച്ചിരിക്കുന്ന കാലത്തു തന്നെ അംഗീകരിച്ചു ബഹുമാനിക്കും. അയാൾ മരിച്ചു കഴിഞ്ഞാൽ ഓർമ്മ നിലനിർത്തുവാൻ ചിത്രങ്ങൾ എഴുതിയോ പ്രതിമകൾ നിർമിച്ചോ പ്രതിഷ്ഠിക്കും”. ലിസ്ബണിൽ വച്ച്   അദ്ദേഹം എഴുതിയതാണ് മേല്പറഞ്ഞത്. മരിച്ചു കഴിഞ്ഞാൽ മാത്രം  അംഗീകാര ബഹുമതികളുടെ  ഔദാര്യമൊഴുക്കാൻ മത്സരിക്കുന്ന മലയാളികൾ തന്നെയായിരുന്നു അക്കാലത്തും ഉണ്ടായിരുന്നത് എന്നായിരുന്നവോ അദ്ദേഹം സൂചിപ്പിക്കാൻ ശ്രമിച്ചത് ?

408  പേജുകളുള്ള ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ഡിസി ബുക്ക്സ് ആണ്

മിത്രോഖിൻ പുറത്തുവിട്ട രഹസ്യങ്ങൾ,വിവാദങ്ങളും.

 

ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണത്തിനു പിന്നിലെ രഹസ്യം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു പത്ര പ്രവർത്തകയുടെ അന്വേഷണങ്ങളെ കുറിച്ചുള്ള  ദ താഷ്കെന്റ് ഫയൽസ് എന്ന സിനിമയിലെ പ്രധാന കഥാപാത്രം രാഗിണി ഫുലെ  അതിലെ  അവസാന ഭാഗങ്ങളിൽ ഒരു പുസ്തകം ഉയർത്തികാണിച്ചു രാജ്യം മുഴുവൻ വിൽപ്പനയ്ക്ക്’ എന്ന വാചകം ആവർത്തിച്ച് പറയുന്ന ഒരു രംഗമുണ്ട്  .ആ ഉയർത്തികാണിച്ച പുസ്തകം ഇന്ത്യയിൽ മാത്രമല്ല  ലോകം മുഴുവൻ ഏറെ വിവാദങ്ങളും കോളിളക്കങ്ങളും ഉണ്ടാക്കിയ ഒരു പുസ്തകമായിരുന്നു. പുസ്തകത്തിന്റെ പേര് The Mitrokhin Archive II: The KGB and the World. പുസ്തകം എഴുതിയിരിക്കുന്നത് ക്രിസ്റ്റഫർ ആൻഡ്രൂവും വസിലി മിത്രോഖിനും ചേർന്നാണ്. ഇങ്ങനെ സിനിമ കണ്ടു പുസ്തകം വാങ്ങിക്കുന്നത്  രണ്ടാംതവണയാണ്, അങ്ങനെ ആദ്യം വാങ്ങി വായിച്ച പുസ്തകം ശാന്താറാം ആയിരുന്നു. 

മിത്രോഖിന്റെ ഈ പുസ്തകവും ഇന്ത്യയുമായി എന്ത് ബന്ധം എന്ന് വിശദീകരിക്കുന്നതിനു മുൻപ് ആരാണ് മിത്രോഖിൻ എന്ന് അറിയേണ്ടിയിരിക്കുന്നു. 
 പഴയ സോവിയറ്റ് യൂണിയന്റെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിലെ ആദ്യത്തെ ചീഫ് ഡയറക്ടറേറ്റിൽ കെജിബി ആർക്കൈവിസ്റ്റായി ജോലി നോക്കിയിരുന്ന ആളാണ് മിത്രോഖിൻ. മുഴുവൻ  പേര് വാസിലി നികിറ്റിച്   മിത്രോഖിൻ. അവിടുത്തെ മുപ്പതുവർഷത്തെ ജോലിക്കിടയിൽ  രഹസ്യമായി തയ്യാറാക്കിയ കുറിപ്പുകളുടെ ഒരു ശേഖരമാണ് ” മിത്രോഖിൻ ആർക്കൈവ് എന്നറിയപ്പെടുന്നത്. 1954 മുതൽ 1991 ൽ  സോവിയറ്റ് യൂണിയൻ പിരിച്ചുവിടുന്നതുവരെ സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ ഏജൻസി ആയിരുന്നു കെ ജി ബി എന്നറിയപ്പെട്ടിരുന്നത്, ഇന്ത്യയിലെ റോ യും  അമേരിക്കയിലെ CIA യും ഒക്കെ പോലെ. നികിത ക്രൂഷ്ചേവിന്റെ ഒരു രഹസ്യ പ്രസംഗത്തെ മിട്രോഖിൻ വിമർശിച്ചതോടെയാണ്  അദ്ദേഹത്തെ   ആർക്കൈവുകളിലെ ജോലിയിലേക്ക് മാറ്റിയതെന്ന് പറയ്യപ്പെടുന്നു. 

ലുബ്യാങ്ക കെട്ടിടത്തിൽ നിലനിന്നിരുന്ന  കെ‌ജി‌ബിയുടെ  ആസ്ഥാനം,  അന്നത്തെ കെ‌ജി‌ബി ചെയർമാൻ യൂറി ആൻഡ്രോപോവ് നിർദേശിച്ചതിനനുസരിച്ചു  മോസ്കോയ്ക്ക് പുറത്ത് യാസെനെവോ എന്ന ഒരിടത്തു  ഒരു പുതിയ കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകി. 1960 കളുടെ അവസാനത്തോടെ ആയിരുന്നു ഇത് .ആർകൈവുകൾ മുഴുവനായും മാറ്റാൻ  ഏകദേശം 12 വർഷത്തോളമെടുത്തു എന്നാണ് പറയുന്നത്. ആക്കാലത്തു  രേഖകൾ പട്ടികപ്പെടുത്തുന്നതിനിടയിൽ, മിത്രോഖിൻ രഹസ്യമായി സ്വന്തം പകർപ്പുകളും രേഖകളുടെ വിശദമായ കുറിപ്പുകളും  കടത്തിക്കൊണ്ട് പോകുകയായിരുന്നു .സോവിയറ്റു യൂണിയന്റെ 
 കാലഘട്ടത്തിൽ ഏതെങ്കിലും പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെടാനോ , രേഖകളെ കുറിച്ചു സംസാരിക്കാനോ  മിട്രോഖിൻ ഒരു ശ്രമവും നടത്തിയില്ല എന്നുള്ളത് ശ്രദ്ധേയമാണ്. ഒരു പക്ഷെ അങ്ങനെ എന്തെങ്കിലും ശ്രമിച്ചിരുന്നെങ്കിൽ ആളു ബാക്കിയുണ്ടാകില്ല എന്ന് അദ്ദേഹത്തിന് തന്നെ തോന്നിക്കാണണം. 1992 ൽ, സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം മാത്രമാണ് , മിത്രോഖിൻ യു കെ യിലേക്ക്  കുടിയേറുന്നതും രേഖകൾ പ്രസിദ്ധപ്പെടുത്തുന്നതും. 

ഈ രേഖകളിൽ  ,ഏതൊക്ക രാജ്യങ്ങളിലാണ്, ഏങ്ങനെയൊക്കെയാണ് കെജിബി തങ്ങളുടെ സ്വാധീനം നേടിയതെന്നും അവരെ  നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നതെന്നുമൊക്കെ വിവരിക്കുന്നുണ്ട്. ഒട്ടു മിക്ക മൂന്നാം ലോക രാജ്യങ്ങളിലും കെജിബിയുടെ   സ്വാധീനം ഉണ്ടായിരുന്നുവെന്ന് കാണാൻ കഴിയും. തീർച്ചയായും ഇന്ത്യയും അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു . ഒരുപക്ഷെ ഏതു മറ്റു ലോകരാജ്യങ്ങളെക്കാളും സ്വാധീനം കെജിബി യ്ക്ക് ഇന്ത്യയിൽ ഉണ്ടായിരുന്നു. 

ഈ പുസ്തകത്തിലെ അധ്യായം 17 ഉം 18 ഉം ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളാണുള്ളത്. 
കെ‌ജി‌ബിയുടെ ഏജന്റുമാരായി കോൺഗ്രസിലെ ഉന്നത നേതാക്കളും നയതന്ത്രജ്ഞരും രാഷ്ട്രതന്ത്രജ്ഞരും പ്രവർത്തിച്ചിരുന്നുവെന്നു  പുസ്തകം അവകാശപെടുന്നുണ്ട്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്വകാര്യ ഓഫീസ് പോലും അവരുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരുന്നുവെന്നു  പുസ്തകം പറയുന്നു. ഇന്ത്യൻ രഹസ്യ പ്രവർത്തനങ്ങൾ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റുകാർക്ക് തുറന്ന പുസ്തകമായിരുന്നു. ഇന്ത്യയെ യഥേഷ്ടം  കൈകാര്യം ചെയ്യാനുള്ള അവസ്ഥയിലായിരുന്നു ആ സമയം അവരപ്പോൾ. നെഹ്രുവിനെക്കുറിച്ച് ജോസഫ് സ്റ്റാലിന് മോശമായ അഭിപ്രായമുണ്ടായിരുന്നുവെന്ന് മിട്രോഖിൻ പറയുന്നു. നെഹ്രുവിനെയും മഹാത്മാഗാന്ധിയെയും “സാമ്രാജ്യത്വ പാവകളായി” സ്റ്റാലിൻ കണക്കാക്കി, അവർ ബ്രിട്ടീഷുകാരുടെ മുമ്പിൽ വണങ്ങുകയും ജനങ്ങളെ ഒറ്റിക്കൊടുക്കുകയും ചെയ്തു. 

ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് സോവിയറ്റ് ധനസഹായം മൂലമാണ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് 7 കാബിനറ്റ് മന്ത്രിമാരെ തെരഞ്ഞെടുത്തതെന്ന് മിട്രോഖിൻ പറയുന്നു.  നെഹ്‌റു ഭരണകാലത്ത് പ്രതിരോധ മന്ത്രിയായിരുന്ന  വി. കൃഷ്ണ മേനോനും  സോവിയറ്റ്  യൂണിയൻ  പിന്തുണ നൽകി. അതിന്റെ നന്ദി മേനോൻ കാണിച്ചത് ബ്രിട്ടനെ ഒഴിവാക്കി പകരം സോവിയറ്റ് മിഗ്ഗ് വാങ്ങിക്കൊണ്ടായിരുന്നു.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സോവിയറ്റ് ബന്ധങ്ങളും ആർക്കൈവുകൾ വെളിപ്പെടുത്തുന്നു. മിത്രോഖിൻ പറയുന്നതനുസരിച്ച്, സി‌പി‌ഐക്ക് സോവിയറ്റുകൾ പലവിധത്തിൽ ധനസഹായം നൽകി. സോവിയറ്റ് യൂണിയനിൽ നിന്ന് സി‌പി‌ഐയുടെ പാർട്ടി ട്രഷറിയിലേക്ക് പണം കൈമാറുന്നത് ഇന്റലിജൻസ് ബ്യൂറോ ഓഫ് ഇന്ത്യ പല സന്ദർഭങ്ങളിലും തടഞ്ഞിരുന്നു.ഇന്ത്യൻ മാധ്യമ രംഗത്ത്, പ്രത്യേകിച്ച് ഇന്ത്യൻ അക്കാദമിക, രാഷ്ട്രീയ സ്ഥാപനങ്ങളിൽ നുഴഞ്ഞുകയറുന്നതിൽ കമ്മ്യൂണിസ്റ്റുകാർ വൻ വിജയമായിരുന്നു.കെ‌ജി‌ബിയുടെ കണക്കനുസരിച്ച് 1973 ൽ അവരുടെ ശമ്പളപ്പട്ടികയിൽ 10 ഇന്ത്യൻ പത്രങ്ങളുണ്ടായിരുന്നു. 1972 ൽ ഇന്ത്യൻ പത്രങ്ങളിൽ 3,789 ലേഖനങ്ങൾ നട്ടുപിടിപ്പിച്ചതായി കെ‌ജിബി അവകാശപ്പെട്ടു. രേഖകൾ അനുസരിച്ച്, 1973 ൽ ഇത് 2,760 ആയി കുറഞ്ഞുവെങ്കിലും 1974 ൽ 4,486 ഉം 1975 ൽ 5,510 ഉം ആയി ഉയർന്നുവെന്നും പറയുന്നു. 

ഇതിൽ കൂടുതൽ പരാമർശമുള്ളത് ഇന്ദിരാഗാന്ധിയെക്കുറിച്ചാണ്. VANO എന്ന കോഡിലാണ് ഇന്ദിരാഗാന്ധിയെ പരാമർശിക്കുന്നത്. കെ ജി ബിയുടെ നോട്ടുകൾ നിറഞ്ഞ സ്യൂട്ട്കേസുകൾ പതിവായി പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് കൊണ്ടുപോകാറുണ്ടെന്നും  എന്നാൽ   ശ്രീമതി ഗാന്ധി സ്യൂട്ട്കേസുകൾ പോലും തിരികെ നൽകാറില്ലെന്ന്  മുൻ സിൻഡിക്കേറ്റ് അംഗം കെ. പാട്ടീൽ പറഞ്ഞതായി ഉള്ള റിപ്പോർട്ടുകൾ  പുസ്തകത്തിൽ ഉണ്ട്. പലരും ഇതേ പോലെ കോഡ് നെയിമുകളിൽ കൂടി ആണ് രേഖകളിൽ പരാമർശിക്കുന്നത്. അത്തരം  രഹസ്യനാമങ്ങൾ ആരെയൊക്കെയാണ് സൂചിപ്പിക്കുന്നത് എന്ന് കണ്ടുപിടിക്കുന്നതും ഒരു ശ്രമകരമായ സംഗതിയാണ്.  

ഷെയ്ഖ് മുജിബുർ റഹ്മാനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ബംഗ്ലാദേശിൽ വച്ച് ആഗസ്റ്റ് 14 ന് വധിച്ചതിലെ ഗൂഢാലോചനകൾ,പഞ്ചാബിലെ സിഖ് വിഘടനവാദത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ സി‌ഐ‌എയും പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവുമാണെന്നതിന് കൃത്രിമമായി തെളിവുകൾ നിർമ്മിക്കുക തുടങ്ങിയ വിഷയങ്ങളെക്കുറിച്ചൊക്കെ പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. 680 പേജുകളുള്ള ഈ പുസ്തകത്തിൽ ഇന്ത്യയെ കുറിച്ചുള്ള വിവരങ്ങൾ വെറും 28 പേജുകളിൽ ഒതുങ്ങുന്നുവെങ്കിലും മിത്രോഖിൻ ആർകൈവ്സിന്റെ ഈ രണ്ടാം ഭാഗത്തിന്റെ ഹൈലൈറ്സ് ഇന്ത്യയെ കുറിച്ചുള്ള ഈ വിവരങ്ങൾ തന്നെയാണ്. ഈ പുസ്തകത്തിൽ മറ്റു ഏഷ്യൻ രാജ്യങ്ങളായ പാകിസ്ഥാൻ ,ബംഗ്‌ളാദേശ് അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെയും ,മിഡിൽ ഈസ്റ്റ് , ആഫ്രിക്കൻ രാജ്യങ്ങളിലെയും   ഇതുപോലുള്ള വിവരങ്ങളും സംഭവങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.ലോകമെമ്പാടുമുള്ള കെ‌ജി‌ബിയുടെ രഹസ്യ ഏജന്റുമാരെക്കുറിച്ചുള്ള നിരവധി കഥകൾ  സ്ഥിരീകരിക്കപ്പെട്ടുള്ളതുകൊണ്ട്   മിത്രോഖിൻ ആർക്കൈവിന്റെ സംബന്ധിച്ചുള്ള  ആധികാരികത അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 

 1999  ൽ പ്രശസ്ത ചരിത്രകാരനായ ക്രിസ്റ്റഫർ ആൻഡ്രൂ  ആണ് ദി മിത്രോഖിൻ ആർക്കൈവിന്റെ ആദ്യ വാല്യം പ്രസിദ്ധീകരിച്ചത്.  The Mitrokhin Archive: The KGB in Europe and the West എന്ന  ആദ്യ പുസ്തകം ചർച്ച ചെയ്തത് പടിഞ്ഞാറൻ രാജ്യങ്ങളിലെ കെ.ജി.ബിയുടെ പ്രവർത്തനങ്ങളായിരുന്നു. 
ഈ  പുസ്തകത്തിന് ഇപ്പോൾ എന്ത് പ്രസക്തിയാണുള്ളതെന്നു ചോദിച്ചേക്കാം.. സോവിയറ്റ് യൂണിയനും  ശീതയുദ്ധവും  ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു . പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പലരും മരിച്ചു മണ്ണടിഞ്ഞു . എങ്കിലും ചരിത്രം ചിലയിടങ്ങളിൽ മാറ്റി എഴുതപ്പെട്ടിട്ടുണ്ടെന്നു ഈ പുസ്തകം പറഞ്ഞു വെയ്ക്കുന്നു. വെളിപ്പെട്ട കാര്യങ്ങൾ ഇപ്പോൾ ഇത്ര മാത്രം . ഇനി വെളിപ്പെടാനുള്ളത് അണിയറയിൽ ഒരുങ്ങുന്നുണ്ടാകാം.. ചരിത്രാന്വേഷണ കുതുകികൾക്കു ഒരു മുതൽക്കൂട്ടു തന്നെയാണ് ഇത്തരം പുസ്തകങ്ങൾ. പെൻഗ്വിൻ ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.