ക്രിസ്തുവിന്റെ അന്ത്യപ്രലോഭനവും വിവാദങ്ങളും

  

ഗ്രീസ് കണ്ട ഏറ്റവും മികച്ച ആധുനിക എഴുത്തുകാരിലൊരാളായ നിക്കോസ്  കസാന്ത്സാക്കിസിന്റെ വിവാദങ്ങളുടെ ഒരു നീണ്ട നിര  സൃഷ്ടിച്ച, ക്രിസ്തുവിന്റെ കഥയുടെ പുനരവതരണമാണ് ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന പുസ്തകം. ജീവിതകാലം മുഴുവൻ ശരീരവും ആത്മാവും തമ്മിലുള്ള സംഘർഷത്തിൽ ജീവിച്ച ഒരാളുടെ ചിന്തകളുടെയും,അനുഭവങ്ങളുടെയും സംക്ഷേപമാണ് ഈ കൃതി.   

1951 ൽ എഴുതിയ ഈ നോവലിൽ   യേശുവിന്റെ കാഴ്ചപ്പാടിൽ നിന്ന്കൊണ്ട്  യേശുക്രിസ്തുവിന്റെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ഒരു സാങ്കൽപ്പിക വിവരണമാണ് പറഞ്ഞു വെയ്ക്കുന്നത്.മനുഷ്യർ അഭിമുഖീകരിക്കുന്ന വിവിധതരം പ്രലോഭനങ്ങളിൽ നിന്ന് യേശുവും ഒട്ടും വിമുക്തനല്ല എന്ന്  തുറന്നെഴുതിയതുകൊണ്ടാകാം ഈ പുസ്തകം ഇത്രയും വിവാദമാകാനുള്ള പ്രധാന കാരണം. 
 
ദൈവത്തിന്റെ വിളിയിലൂടെ മാത്രം സഞ്ചരിക്കുന്ന, ഒരു വിമുഖതയുള്ള മിശിഹയായി ചിത്രീകരിക്കപ്പെടുന്ന യേശു , മനുഷ്യർക്കിടയിൽ ഒരു അസാധാരണ ലളിത ജീവിതം നയിക്കുന്നതും,അനുഭാവപൂർവ്വം മാത്രം ചിത്രീകരിക്കപ്പെടുന്ന മറിയ, മഗ്ദലന മറിയ, യൂദാസ് എന്നിവരുടെ സ്വഭാവവിശേഷങ്ങളും, പ്രത്യേകതകളും ചിലരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ട്. അതുകൊണ്ടാവണം 1955-ൽ കസാന്ത്സാക്കിസിന്റെ ഈ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ ഗ്രീക്ക് ഓർത്തഡോക്സ് സഭ അദ്ദേഹത്തെ പുറത്താക്കിയതും , കത്തോലിക്കാ സഭ ഈ പുസ്തകം നിരോധിച്ചതും. 

മകന്റെ അതിവിചിത്രമായ പെരുമാറ്റത്തെക്കുറിച്ച് വേവലാതിപ്പെടുന്ന ഒരു അമ്മയാണ് ഇതിലെ മേരി, അവൻ ഒരു സാധാരണ ജീവിതം നയിക്കുന്നതിനെക്കാൾ നല്ലത് മറ്റൊന്നും തന്നെ അവൾ ആഗ്രഹിക്കുന്നുമില്ല.
അവൻ ഏറ്റെടുത്ത ദൗത്യങ്ങളിലൊട്ടാകെ  അവൾ പരിഭ്രാന്തരാകുകയും  സ്വയം നാശത്തിൽ നിന്ന് അവനെ രക്ഷിക്കാൻ വ്യർത്ഥമായി ശ്രമിക്കുകയാണ് . മഗ്ദലന മറിയയെയുടെ വേഷവും ഇവിടെ വ്യത്യസ്തമാണ്. 


ആവശ്യമെങ്കിൽ ദൈവരാജ്യം അക്രമാസക്തമായ രീതിയിൽ ഭൂമിയിൽ കൊണ്ടുവരണമെന്ന് വിശ്വസിക്കുന്ന ഒരു വിമതന്റെ ശബ്ദമായാണ്  യൂദാസിനെ ഇതിൽ ചിത്രീകരിക്കുന്നത്. ക്രിസ്തുവിന്റെ പഠിപ്പിക്കലുകളിലേക്ക് അവൻ സ്വയം ആകർഷിക്കപ്പെടുന്നു, പക്ഷേ അവന്റെ നിഷ്ക്രിയത്വം മനസ്സിലാക്കാൻ അവനു സാധിക്കുന്നുമില്ല.അവസാനം യൂദാസ്  മനസ്സില്ലാമനസ്സോടെ അവനെ ഒറ്റിക്കൊടുക്കുന്നു 

കസാന്ത്സാക്കിസിന്റെ ഒരു ശക്തമായ രചന തന്നെയാണീ പുസ്തകം. ആഗ്രഹങ്ങളും  ബലഹീനതകളുമുള്ള ,സമാധാനത്തിനും സ്വസ്ഥതയ്ക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും ഒരു സ്ത്രീയുടെ സ്പർശനത്തിനും വേണ്ടി ആഗ്രഹിക്കുന്ന ,ഒരു പച്ച മനുഷ്യനായി യേശുവിനെ ഇതിൽ അവതരിപ്പിയ്‌ക്കുന്നു.


 യേശുവിന്റെ ജീവിതത്തിലെ സംഭവങ്ങളെ യുക്തിസഹമാക്കാൻ ശ്രമിച്ചു എന്നുള്ളതാണ് എഴുത്തുകാരൻ ശ്രമിച്ച മറ്റൊരു കാര്യം.അതിനു നിരവധി മാതൃകകൾ  ഇതിലുണ്ടുതാനും .  ഉദാഹരണത്തിന്‌, ശിഷ്യന്മാരെ മുങ്ങിമരിക്കാതിരിക്കാനായി യേശു വെള്ളത്തിൽ നടക്കുന്നതിനെക്കുറിച്ച് ബൈബിൾ സംസാരിക്കുന്നിടത്ത്, കസാന്ത്സാക്കിസ്, പത്രോസിന്റെ വളരെ ഉജ്ജ്വലമായ സ്വപ്നമായി അത് പറഞ്ഞു വെയ്ക്കുന്നു.
  
യേശു പാപത്തിൽ നിന്ന് മുക്തനായിരുന്നിട്ടും ഭയം, സംശയം, വിഷാദം, വിമുഖത, മോഹം എന്നിവയ്ക്ക് വിധേയനായിരുന്നു എന്നതാണ് പുസ്തകത്തിന്റെ കേന്ദ്ര ബിന്ദു.മനുഷ്യന്റെ എല്ലാ ബലഹീനതകളെ അഭിമുഖീകരിച്ചു വിജയിക്കുകയും , ജഡത്തിന്റെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ദൈവഹിതം ചെയ്യാൻ യേശു പാടുപെട്ടുവെന്നും എഴുത്തുകാരൻ നോവലിന്റെ ആമുഖത്തിൽ തന്നെ വാദിക്കുന്നുമുണ്ട് .

യേശു   അത്തരം ഒരു പ്രലോഭനത്തിന് വഴങ്ങിയിരുന്നെങ്കിൽ, പ്രത്യേകിച്ച് ക്രൂശിൽ നിന്ന് സ്വയം രക്ഷിക്കാനുള്ള അവസരം ലഭിച്ചിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ ജീവിതം മറ്റേതൊരു തത്ത്വചിന്തകനേക്കാളും പ്രാധാന്യമർഹിക്കുന്ന ഒന്നാവില്ലായിരുന്നു  എന്ന വാദത്തെയാണ് നോവൽ മുന്നോട്ട് കൊണ്ടുപോകുന്നത്. 

ഈ പുസ്തകത്തെകുറിച്ചുള്ള വിവാദങ്ങളെ കുറിച്ച് പറയുമ്പോൾ അതിന്റെ അലയൊലികൾ ഇങ്ങു കൊച്ചുകേരളത്തിലും ഉണ്ടായിരുന്നു എന്ന കാര്യം ഓർമ്മിപ്പിക്കേണ്ടിയിരിക്കുന്നു . കേരളത്തില്‍  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേല്‍ ചര്‍ച്ചകളും വിവാദങ്ങളും തുടങ്ങി വച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പി.എം ആന്‍റണി രചിച്ച ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് എന്ന നാടകമായിരുന്നു എന്നു തോന്നുന്നു.  കസാന്‍ ദസാക്കീസിന്‍റെ ഈ  എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു ആറാം തിരുമുറിവു പുറത്തുവന്നത്.
 
സൂര്യകാന്തി തിയറ്റേഴ്​സിന്റെ ബാനറിലായിരുന്നു നാടകം അവതരിക്കപ്പെട്ടത്.  പക്ഷെ  ക്രൈസ്തവ സഭകളുടെ ശക്തമായ പ്രതിഷേധം കാരണം  സർക്കാർ ഡ്രമാറ്റിക് പെർഫോമൻസ് ആക്റ്റ് പ്രകാരം നാടകം നിരോധിക്കുകയാണുണ്ടായത്. ആലപ്പുഴയിലും തൃശൂരിലും മാത്രമേ നാടകം അവതരിപ്പിക്കാൻ കഴിഞ്ഞുള്ളു. എങ്ങും പ്രതിഷേധ സമരങ്ങൾ നടന്നു .സമരം വ്യാപകമായപ്പോൾ സർക്കാറിനു  നാടകം നിരോധിക്കേണ്ടി വന്നു. സംഘാടകർ പിന്നീട്  ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും  നാടകം നിരോധിക്കപ്പെട്ടു .

ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന പുസ്തകത്തിൽ ഗ്രന്ഥകാരന്റെ ജനനവർഷം 1893 എന്ന് ഒരിടത്തും മറ്റൊരിടത്തു 1883 എന്നും കാണുന്നു. 1883 തന്നെയാണ് അദ്ദേഹത്തിന്റെ ശരിക്കുമുള്ള ജനന വർഷം. 1911 ൽ ജോർജ് സോർബോസുമൊത്ത് പെലോപ്പൊനീസ്സ്വിൽ ഒരു ലിഗ്നൈറ് ഖനി അദ്ദേഹം തുറന്നിരുന്നു. അത് പക്ഷെ എന്തുകൊണ്ടോ വലിയ സാമ്പത്തിക വിജയം കണ്ടില്ല. അതിലെ പങ്കാളിയായിരുന്നു സോർബോസ് ആണ് പിന്നീട് അദ്ദേഹത്തിന്റെ സോർബ ദ് ഗ്രീക്കിലെ അനശ്വര കഥാപാത്രമായി മാറിയത്. 

നീഷേ,ബെർഗ്സൺ തുടങ്ങിയ തത്വശാസ്ത്രജ്ഞന്മാരെ കുറിച്ചും, റഷ്യൻ സാഹിത്യത്തകുറിച്ചുമൊക്കെ അദ്ദേഹം പഠനങ്ങൾ  നടത്തിയിട്ടുണ്ട്. ഹോമറിന്റെയും,ഡാന്റെയെയും, ഗൊയ്‌ഥെയെയും ആധുനിക ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തിയതും അദ്ദേഹം തന്നെ.

ഡിസി ബുക്ക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹെർമൻ ഹെസ്സെയുടെ ജീവിതകാലങ്ങൾ,ഗുന്തർ ഗ്രാസിന്റെ തകര ചെണ്ട എന്നിവ മലയാളത്തിലേക്കു പരിചയപ്പെടുത്തിയ  കെ സി വിത്സൺ ആണ് ഈ പുസ്തകവും മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. വില 525 രൂപ.

ശബ്ദതാരാവലിയിലും ഇല്ലാത്ത വാക്കുകളോ?

 

മലയാളത്തിലെ ആധികാരിക നിഘണ്ടുവായി കരുതപ്പെടുന്നത് ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലിയാണ്. മലയാളത്തിൽ അച്ചടിക്കപ്പെട്ട നിഘണ്ടുക്കളുടെ ചരിത്രം എടുത്താൽ 1865ൽ റിച്ചാർഡ് കൊളിൻസ് പ്രസിദ്ധീകരിച്ച നിഘണ്ടുവാണ്  ആദ്യത്തെ മലയാളം-മലയാളം നിഘണ്ടു ആയി അറിയപ്പെടുന്നത്. ശബ്ദതാരാവലി വന്നതോടെ ആധികാരിതയുള്ള  നിഘണ്ടുകളുടെ നേതൃസ്ഥാനം അത് കയ്യടക്കി. 

1895 മുതൽ 1923 വരെയുള്ള  നീണ്ട  28 വർഷത്തെ  ഒരു മനുഷ്യന്റെ അത്യാദ്ധ്വാനത്തിന്റെയും കഠിനസമർപ്പണത്തിന്റെയും ഫലമാണ് ആ നിഘണ്ടു. നിഘണ്ടു തയ്യാറായി കഴിഞ്ഞപ്പോൾ അതിന്റെ വലുപ്പം കാരണം അച്ചടിക്കാൻ പ്രസാധകരൊന്നും മുന്നോട്ടു വന്നില്ല. അങ്ങനെയാണ് ശബ്ദതാരാവലി ചെറു ഭാഗങ്ങളായി ഒരു മാസിക പോലെ പ്രസിദ്ധീകരിച്ചു വരുന്നത്. 1917 നവംബര്‍ 13 ന് ആദ്യ ഭാഗം അങ്ങനെ വെളിച്ചം കണ്ടു. തുടർന്നുള്ള വർഷങ്ങളിൽ അതിന്റെ ബാക്കി ഭാഗങ്ങൾ പ്രസിദ്ധീകരിച്ചു വന്നു. 1923 മാര്‍ച്ച് 16 ന് അവസാനത്തെ ഭാഗവും പുറത്തു വന്നു. 22 ഭാഗങ്ങളുണ്ടായിരുന്നു ഒന്നാം പതിപ്പിന്. 

ഈയിടെ ഒരു പുസ്തകത്തിന്റെ കുറിപ്പ് തയ്യാറാക്കുന്നതിനിടയിൽ ഒരു വാക്കിന്റെ അർത്ഥഭേദങ്ങൾ തിരക്കാനാണ് ശബ്ദതാരാവലി നോക്കിയത്. ഗൃഹാതുരത  എന്ന വാക്കായിരുന്നു എനിക്കു വേണ്ടിയിരുന്നത് . ആദ്യഓടിച്ചു നോക്കലിൽ അത് കണ്ടെത്താനായില്ല. 

ഗൃഹാതുരത എന്ന പദം ഗൃഹാതുരത്വം എന്ന വാക്ക് വരുന്നതിനടുത്ത് തന്നെ ഉണ്ടാകും എന്ന ഉദ്ദേശ്യത്തിൽ  ഗൃഹാതുരത്വം എന്ന പദത്തിനു വേണ്ടിയായി പിന്നത്തെ അന്വേഷണം .2014 ൽ ഡിസി ബുക്സ് ഇറക്കിയ ശബ്ദതാരാവലി ആയിരുന്നു എന്റെ കൈയ്യിലുണ്ടായിരുന്നത്. സംശയം തീർക്കാനായി എൻ ബി എസ് ഇറക്കിയ ശബ്ദതാരാവലി കൈയ്യിലുള്ള ഒരു സുഹൃത്തിനോടും അന്വേഷിച്ചു. ഡിസി ഇറക്കിയ പ്രയോഗ ശബ്ദതാരാവലിയിലും തപ്പി. അതിലൊന്നും തന്നെ  ഈ വാക്കുകൾ  കണ്ടില്ല. 



ഓരോ വർഷവും പരിഷ്ക്കരിച്ച പതിപ്പാണ് ഇരു കൂട്ടരും ഇറക്കുന്നത് എന്നാണ് അവകാശപ്പെടുന്നത്. ഗൃഹാതുരത്വം,ഗൃഹാതുരത എന്നീ വാക്കുകൾ  ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രത്യക്ഷപ്പെട്ട പദവുമല്ല. പിന്നെ എന്തുകൊണ്ടാണ് ഇവ ഈ നിഘണ്ടുവിൽ ഇടം പിടിക്കാതെ പോയത് ?

ഞാനിപ്പോഴും വിശ്വസിക്കുന്നത് എന്റെ കൈയ്യിൽ ഉള്ള പതിപ്പിന്റെ കുഴപ്പമാകും എന്നു തന്നെയാണ്, അതല്ലെങ്കിൽ  എന്റെ നോട്ടക്കുറവിന്റെ കുഴപ്പമാകാം. നിങ്ങളുടെ കൈയ്യിൽ ഉള്ള ശബ്ദതാരാവലിയിൽ ഈ പദങ്ങൾ ഉണ്ടോ? 

അതുപോലെ നിങ്ങൾക്കുമുണ്ടാകില്ലേ മേൽസൂചിപ്പിച്ച ഗൃഹാതുരത്വം പോലെ വളരെ അധികം ഉപയോഗിക്കുന്ന ,എന്നാൽ നിഘണ്ടുവിൽ കാണാത്ത ഇതുപോലുള്ള  പദങ്ങൾ ? പങ്കുവെയക്കാമോ അത്തരം വിവരങ്ങൾ ? 

പെൺകാക്ക -അർഷാദ് ബത്തേരി

 

 എം മുകുന്ദന്റെ ഭാഷയിൽ പറഞ്ഞാൽ പച്ചപ്പിൽ തൂലിക മുക്കിയെഴുതിയ കഥകളുടെ സമാഹാരമാണ് പെൺകാക്ക എന്ന പുസ്തകം.ഒമ്പതു കഥകളുള്ള ഈ പുസ്തകം വായിച്ചു  മടക്കുമ്പോൾ കഥാപാത്രങ്ങളോടൊപ്പം  കഥാപരിസരവും മനസ്സിൽ തങ്ങിനിർത്തത്തക്ക വിധത്തിലുള്ള എഴുത്തുരീതി കണ്ടിട്ടു തന്നെയാകണം മുകുന്ദൻ അങ്ങനെ അഭിപ്രായപ്പെട്ടത്.

കഥകളിലുടനീളം നിറഞ്ഞു നിൽക്കുന്ന പ്രകൃതി ബന്ധം  വായനക്കാർക്ക് എളുപ്പം ബോധ്യപ്പെടുകയും ചെയ്യും. തീർച്ചയായും ഒരു പ്രകൃതി സ്‌നേഹി തന്നെയായിരിക്കണം ഈ എഴുത്തുകാരൻ.വി ആർ സുധീഷിന്റെ കഥകൾ വായിക്കുമ്പോൾ അനുഭവപ്പെടുന്ന അതേ  ഇടവഴി ഗൃഹാതുരത്വം ഈ കഥകളിലും വായനക്കാർക്ക് അനുഭവപ്പെടും.മരങ്ങളും ഇലകളും സമൃദ്ധമായി മനോഹരമായി കഥകളിൽ ഇഴചേർന്നു പ്രതിഷ്ഠിച്ചിരിക്കുന്നു. 

ഒട്ടും വേഗമില്ലാത്ത ജീവിതം നയിക്കുന്ന ആളിന്റെ കഥ പറയുകയാണ് വളരെ ചെറിയ യാത്രക്കാരൻ എന്ന ആദ്യ കഥയിലൂടെ.പതുക്കെ നടക്കുന്ന ശീലമുള്ള നായകൻറെ ഒരു ഡോക്യുമെന്ററി അയാളറിയാതെ എടുക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. പിന്തുടരുന്നതിനിടയിൽ അയാളുടെ ആമവേഗത്തിൽ കുഴഞ്ഞ്   അവർ പറയ്യുന്നുണ്ട് ‘പതുക്കെ നടക്കാൻ വല്യ പാടാ’.ആരൊക്കെയോ വന്നു പിഴുതുകൊണ്ടുപോയ ഇടങ്ങളിലെല്ലാം പുതിയ മരങ്ങൾക്കായി തൈ വെയ്ക്കുന്ന അയാളെ കണ്ട് കാട്ടിൽ വന്നു മരം വെയ്ക്കാൻ മാത്രം ഇയാൾക്ക് പ്രാന്തുണ്ടോ എന്നവർ സംശയിക്കുന്നു.പക്ഷെ പിന്നീടുള്ള സംഭവങ്ങൾ, പുറമെ പകർത്തിയ അവരുടെ കാഴച്ചകളുമായി ബന്ധപ്പെട്ടു നടത്തിയ  അവരുടെ നിഗമനങ്ങൾക്ക് ചുളിവ് വീഴുന്നുമുണ്ട്.

ഭാര്യയുടെ മരണം അറിയുമ്പോൾ  അയാളുടെ ആമവേഗത്തിന്റെ ചുവടുകൾക്കു വേഗത കൂടുമെന്നു അവർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അവിടെയും അയാൾ അവരെ അപ്പാടെ  നിരാശരാക്കുന്നു.കഥാവസാനം വെളിപ്പെടുത്തുന്ന യാഥാർഥ്യങ്ങളും അതിനു പിന്നിലുള്ള സന്ദേശവും ബുദ്ധദർശനത്തോട് അരികുപറ്റി കിടക്കുന്നുണ്ടെന്നു അവതാരികയിൽ മുകുന്ദൻ അഭിപ്രായപ്പെടുന്നു. 

വൈകുന്നേരമെന്ന കഥ നടക്കുന്നത് ഒരു കടപ്പുറത്താണ്. ആരോടും ഒന്നും മിണ്ടാതെ ഒറ്റയ്ക്കിരിക്കുന്ന പേരില്ലാത്ത ഒരു മനുഷ്യനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്  മുൻവിധികളോടെ അഭിപ്രായം വിളമ്പിയവർക്കും  , പരിഹസിച്ചവർക്കും വേദനയുടെ യാഥാർഥ്യം തുറന്നിട്ടുകൊണ്ടു കഥ അവസാനിക്കുന്നു.കഥപറിച്ചിലിൽ ഉള്ള സുഖം മാറ്റി നിർത്തിയാൽ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു കൊച്ചു കഥയാണിത്.   

ഉമ്മ കയറാത്ത തീവണ്ടി എന്ന കഥയിൽ തന്റെ ഉമ്മയുടെ പൂർവ കാമുകനെ  കാണാൻ പോകുന്ന അൻവർ അലിയുടെ കഥയാണ് പറയുന്നത്. മിഠായി തെരുവിലെ വേഗതയുടെയും, ശബ്ദങ്ങളുടെയും ഇരമ്പലുകളിൽ നിന്നും അയാൾ മാവേലി എക്സ്പ്രസ്സിലേക്കു ഊളയിട്ടു കയറുകയാണ്.ഉമ്മ അറിയാതെയുള്ള യാത്രയാണ് . ദൂരെ കുന്നുകൾക്കും ,മലകൾക്കും മീതെ തണുപ്പ് വന്നു പകലിനെയും നനച്ചിടുന്ന ദേശത്തു ,വയലിനോട് ചേർന്ന് കിടക്കുന്ന വീട്ടിൽ അയാളുടെ ഉമ്മ ഇതൊന്നും അറിയാതെ അയാളെ കാത്തിരിക്കുകയാണ്. കാണേണ്ട ആളെ കണ്ടു മടങ്ങുമ്പോൾ അയാൾ ട്രെയിനിലിരുന്നു ഉമ്മയ്ക്ക് വിളിക്കുന്നുണ്ട്. ഇതുവരെ തീവണ്ടിയിൽ കേറാത്ത ഉമ്മയെ ഒരു ദിവസം താൻ അതിൽ കൊണ്ട് പോകും എന്ന് അയാൾ പറഞ്ഞപ്പോൾ , ഇനി നീ കൊണ്ടുപോകണ്ട,വയനാട്ടിൽ തീവണ്ടി വരാൻ പോകുന്നുണ്ടന്ന് പത്രത്തിൽ വായിച്ചു കേട്ട കാര്യം ഉമ്മ അവനോടു പറയുന്നു. വായനാട്ടിലൂടെ എങ്ങനെ തീവണ്ടി ഓടിക്കും മോനെ എന്നാണ് അവർ പിന്നീട് ചോദിക്കുന്നത്. കാട്ടിലൂടെ ട്രെയിൻ ഓടിയാൽ മൃഗങ്ങളുടെ സ്വൈര്യം പോവൂലെ,തീവണ്ടി തട്ടി മരിച്ചു പോവൂലെ എന്നൊക്കെയുള്ള ആവലാതികളാണ് അവർ പങ്കുവെയ്ക്കുന്നത്. മൃഗങ്ങളെ ഇല്ലാതാക്കാനായിട്ടു തീവണ്ടി വരുന്നതിനോട് അവർക്കു വേവലാതികളുണ്ട്. 

വിശുദ്ധരാത്രികൾ എന്ന കഥ ഫേസ്‌ബുക്കും വാട്ട്സ്ആപ്പും ഒക്കെയുള്ള പുതുകാലത്തിന്റെ കഥയാണ്. മുൻപ് കേട്ട കഥകളുടെ  നൂലുകൾ വീണു കിടപ്പുണ്ടെങ്കിലും വായിച്ചു പോകാവുന്ന മുഷിപ്പിക്കാത്ത ഒരു കഥയാണിതും.

ലളിതയെന്ന കറുത്ത നിറമുള്ള ,ഗർഭിണിയായ പെണ്ണിനെ  പ്രണയിക്കുന്ന ഫർഹാന്റെ കഥയാണ് പെൺകാക്ക. ഫർഹാന് മകളും ഭാര്യയുമടങ്ങുന്ന കുടുംബമുണ്ടെങ്കിലും ലളിതയെ അവൻ പിന്തുടരുന്നു.മൂന്നാമതും ഗർഭിണി ആയിരിക്കുന്ന അവളെ കാണാൻ സുഹൃത്തുക്കളെ കൂടി ഫർഹാൻ പേരറിയാത്ത സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയാണ്.അവളുടെ ആദ്യ രണ്ടു ഗർഭവും ചാപിള്ളകളിൽ അവസാനിക്കുകയായിരുന്നു.അതോടെ ഭർത്താവ് അവളെ ഉപേക്ഷിച്ചു പോയി. ഇപ്പോൾ അവൾ മൂന്നാമതും ഗർഭിണിയാണ് . കഥാസന്ദർഭം സമ്മാനിക്കുന്ന ആശങ്കകളിലൂടെ കഥ മുന്നോട്ടു പോകുന്നു. കറുപ്പും ,പ്രണയവും, കരുതലും ,പ്രകൃതിയും ബന്ധപ്പെട്ടു കിടക്കുന്ന ഒരു കഥയാണിത്. 

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കെട്ടുപിണച്ചിലുകളും ,എഴുത്തുകാരന് തന്റെ ചുറ്റുപാടുകളോടുള്ള കരുതലുകളും  കഥകളിൽ വേണ്ടവിധത്തിൽ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. 

എം മുകുന്ദൻ എഴുതിയ ഓർമ്മകളിലേക്ക് മടങ്ങി വരുന്നവർ എന്ന പുസ്തകത്തിനു അവതാരിക എഴുതിയിരികുന്നത് അർഷാദ് ബത്തേരിയാണ്. ഇവിടെ ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് എം മുകുന്ദനാണ്. 

അർഷാദ് ബത്തേരിയും സോക്രട്ടീസ് കെ വാലത്തും നടത്തിയ ഒരു അഭിമുഖ സംഭാഷണവും സി എസ് വെങ്കടെശ്വരന്റെ ഒരു കുറിപ്പും പുസ്തകത്തിന്റെ അവസാന താളുകളിൽ വായിക്കാം. ഡിസി ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് 

ദാരാ ഷിക്കോ: ഒരു മറുവശം




ചരിത്ര പഠനത്തിൽ ഈ എങ്കിലുകൾക്കു എന്താണ് പ്രസക്തി? ഒരു നേരം പോക്കിന് വേണമെങ്കിൽ അപഗ്രഥിക്കമെന്നല്ലാതെ അതിനപ്പുറം എന്തെങ്കിലും പ്രാധാന്യമുണ്ടോ? ഒരു ചരിത്ര സംഭവത്തിന്റെ മറുവശം ഇന്നതായിരുന്നു എന്നാലോചിച്ചു നോക്കുകയാണെങ്കിൽ അതുമായി ബന്ധപ്പെട്ട സംഭവങ്ങൾതൊട്ടിങ്ങോട്ടുള്ള എന്തിനേയും ബന്ധപ്പെടുത്താം എന്ന അനന്തമായ ഒരു സാധ്യത നില്കുന്നുണ്ടല്ലോ. 

ഇന്ന് (നവംമ്പർ 8 ഞായറാഴ്ച )  മാതൃഭൂമി വാരാന്ത്യപ്പതിപ്പിലെ  ഉൾപ്പേജിൽ ഹമീദ് ചേന്നമംഗലൂരിന്റെ ‘ദാരാ ഷിക്കോ: ഒരു മറുവശം’ എന്നൊരു   ഒരു ലേഖനമുണ്ട്.ഷാജഹാന്റെ മൂത്ത പുത്രനും യഥാർത്ഥ രാജ്യാവകാശിയുമായ ദാരാ ഷിക്കോയെ കുറിച്ചുള്ളതാണ് അത് .

ഔറംഗസീബിനു പകരം  ദാരാ ഷിക്കോ ആയിരുന്നു ഷാജഹാനു ശേഷം മുഗൾ ചക്രവർത്തി ആയിരുന്നെവെങ്കിൽ ഇന്ത്യയുടെ ചരിത്രം എന്താകുമായിരുന്നു  എന്ന് കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ പ്രൊഫസ്സറായ സുനിൽ ഖിൽനാനി യുടെ Incarnations:A History of Indian in 50 lives  എന്ന പുസ്തകത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ നിരീക്ഷണത്തെ പിൻപറ്റി ചില വസ്തുതകൾ പങ്കുവെക്കുന്നുണ്ട്. 

വിജ്ഞാന ദാഹിയും,സാംസ്‌കാരിക അന്വേഷണത്വരയും വേണ്ടുവോളമുണ്ടായിരുന്ന വ്യക്തിയായിയായിരുന്നു ദാര. മത ദർശനങ്ങളിലൂടെ ഹിന്ദു -മുസ്ലിം  വിഭാഗീയതയുടെ നിരർഥകത തന്റെ അറിവിന്റെയും, കലാ സാംസ്‌കാരിക   ധൈഷണികതയുടെയും  പിൻബലത്തോടെ തുറന്നു കാട്ടിയ ദാര,മത വെറിയനായ ഔരംഗസീബിന് പകരം  സിംഹാസനമേറിയിരുന്നുവെങ്കിൽ രാജ്യത്തു ഒരു സമുജ്ജ്വല ബൗദ്ധിക നവോത്ഥാനത്തിന് അതിടവരുത്തുമായിരുന്നുവെന്നു ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. 

ധൈഷണിക -സാംസ്‌കാരിക മേഖലകളിൽ പാശ്ചാത്യരോടു കിടപിടിക്കാൻ തക്കവണ്ണം ഇന്ത്യയെ പ്രാപ്തമാക്കുന്ന ഒരു സ്ഥിതിവിശേഷത്തിനുള്ള സാഹചര്യങ്ങൾക്ക് ഒരു സാധ്യത അവർ കൽപ്പിക്കുന്നു. എന്നാൽ അങ്ങനെ ഒക്കെ ആകുമായിരുന്നോ  എന്നാണ് സുനിൽ ഖിൽനാനി യെ പോലുള്ള ചരിത്രകാരന്മാർ പങ്കുവെയ്ക്കുന്ന ഒരു വശം. 

 തത്വജ്ഞാനികളെപോലെ ആശയങ്ങളെ കുറിച്ച് ചിന്തിച്ചും,ഭരണത്തെക്കുറിച്ചു ചിന്തിക്കാതെയും നടന്നിരുന്ന ഒരു സ്വപനജീവി ആയിരുന്നു ദാരാ. സൈനിക നടപടികളിലും, യുദ്ധങ്ങളിലും ഏറെയൊന്നും പങ്കെടുക്കുകയോ അതിന്റെയൊന്നും അനുഭവപരിചയമോ ഇല്ലാത്ത ദാരാ, രാജ്യഭരണം ഏറ്റെടുക്കാൻ യോഗ്യനല്ല എന്നുമാണ്  ഔറംഗസീബ് അഭിപ്രായപ്പെട്ടിരുന്നത്. 

സുനിൽ ഖിൽനാനി അഭിപ്രായപ്പെടുന്നത് ഒരു തത്വജ്ഞാനി രാജാവായാൽ വിജ്ഞാനാഹങ്കാരത്തിനു വിധേയനായ ദാരായിൽ രാഷ്ട്രീയാധികാരം കൂടി സമ്മേളിക്കുമ്പോൾ ഒരു സ്വേച്ഛാധിപതി ആകില്ല എന്നുറപ്പിക്കാമോ  എന്നാണ്. രാഷ്ട്രീയപരിചയം കുറവായ ദാരാ മുഗൾ സാമ്രാജ്യത്തിന്റെ അന്ത്യം നേരത്തെയാക്കുമായിരുന്നു  എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പക്ഷെ ഈ സാധ്യതകൾക്കൊന്നും ഇടം കൊടുക്കാതെ 1659 ഓഗസ്റ്റ് 30  നു  ഔരംഗസീബിനാൽ തന്നെ ദാരാ കൊലചെയ്യപ്പെട്ടു . 

പക്ഷേ ഹമീദ് ചേന്നമംഗലൂരിന്റെ ലേഖനത്തിൽ സെപ്റ്റംബർ 9 നു ആണ് ദാര കൊല്ലപ്പെട്ടത് എന്നാണ് എഴുതിയിരിക്കുന്നത്. ജദുനാഥ് സർക്കറിന്റെ പുസ്തകമായ A Short History of Aurangzeb ഉൾപ്പെടെ ഈ ലേഖനത്തിന്റെ ഒടുവിൽ സൂചിപ്പിച്ചിട്ടുള്ള മറ്റു ചില ചരിത്ര പുസ്തകങ്ങൾ കൂടി പരിശോധിച്ചപ്പോൾ ഓഗസ്റ്റ് 30 നു തന്നെയാണ് ദാരാ കൊല്ലപ്പെട്ടത് എന്നു മനസ്സിലാക്കാൻ കഴിയുന്നു.




മുൻപ് സൂചിപ്പിച്ച പോലെ ഈ എങ്കിലുകൾ ചരിത്രആഖ്യാനങ്ങളിൽ ഒരു അധികപ്പറ്റാണ്. മറിച്ചായിരുന്നെങ്കിൽ സാധ്യതകളുടെ അനന്തമായ ലോകത്തേക്ക് വഴിതുറക്കാൻ അതിടയാകുകയും ചെയ്യും. 

മനു എസ്‌  പിള്ളയുടെ ഗണികയും ഗാന്ധിയും ഇറ്റാലിയൻ ബ്രാഹ്മണനും എന്ന പുസ്തകത്തിലും ഇത്തരം എങ്കിലുകളുടെ സാധ്യതകളെ കുറിച്ച് ചില അദ്ധ്യായങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ആ പുസ്തകത്തിലും ഓരംഗസീബിന്  പകരം ദാരാ ഷുക്കോ ആയിരുന്നു ചക്രവർത്തി ആയിരുന്നെങ്കിൽ മുഗൾ ചരിത്രം എന്താകുമായിരുന്നു എന്ന് ചർച്ച ചെയ്യുന്നുണ്ട്

മനുവിന്റെ ആ പുസ്തകത്തിൽ , ഗാന്ധി1948 ൽ കൊലചെയ്യപെട്ടില്ലായിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ എന്ന് ഒരു അധ്യായത്തിൽ വിവരിക്കുന്നുണ്ട്  . അതുപോലെ തളിക്കോട്ട യുദ്ധം രാമയാർ ആണ് ജയിച്ചിരുന്നെകിൽ എന്താകുമായിരുന്നു എന്നൊക്കെയുള്ള ചില ചിന്തകൾ ഈ പുസ്തകത്തിൽ ഉണ്ട് .

 രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലറായിരുന്നു ജയിച്ചിരുന്നെകിൽ  എന്താകുമായിരുന്നു അവസ്ഥ ?പരാജയപ്പെട്ട റഷ്യ, അമേരിക്ക ബ്രിട്ടൻ എന്ന ലോകരാജ്യങ്ങൾക്ക് എന്ത് സംഭവിക്കുമായിരുന്നു ? ഒരുപക്ഷെ നേതാജി സുഭാഷ് ചന്ദ്ര ബോസിന് വിമാന അപകട നാടകം നടത്തേണ്ടി വരില്ലായിരിക്കും. ഇന്ത്യ വളരെ നേരത്തെ സ്വാതന്ത്രം പ്രാപിച്ചേക്കാം , ഇന്ത്യയുടെ ഭരണം കൈയ്യാളുന്നത് നെഹ്രുവിനു പകരം വേറെ സുഭാഷ് ചന്ദ്രബോസോ അല്ലെങ്കിൽമറ്റു പലരോ ആയിരുന്നേക്കാം. വിഭജനം സംഭവിക്കില്ലായിരിക്കാം , ഗാന്ധിജി കൊല്ലപ്പെടില്ലായിരിക്കാം , ചൈന ഇന്ത്യയെ അക്രമിക്കില്ലായിരിക്കാം,ഇന്ദിരാഗാന്ധി കൊല്ലപ്പെടില്ലായിരിക്കാം।   അങ്ങനെ സാധ്യതകൾക്ക് ഒരു പഞ്ഞവുമില്ല . ഇത്തരം സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുന്നതുകൊണ്ടു ചരിത്ര പഠനത്തിൽ പ്രത്യേകിച്ച് ഒരു നേട്ടവുമില്ല  എന്നു പറയേണ്ടിവരും. മറിച്ച് അത്തരം സാധ്യതകൾ സാഹിത്യമേഖലകളിൽ പരീക്ഷിക്കുകയാകാം. അതിനുമപ്പുറം അവകാശപ്പെടാനായി എന്തെങ്കിലുമുണ്ടോ എന്നു സംശയമാണ്. 



ദാരാ ഷിക്കോയെ കുറിച്ച് നിരവധി പുസ്തകങ്ങൾ ലഭ്യമാണ്. സുപ്രിയ ഗാന്ധിയുടെ The emperor who never was Dara shikoh in Mughal india  , അവിക് ചന്ദയുടെ Dara shukoh:The man who would be king എന്നീ പുസ്തകങ്ങൾ അതിൽ ചിലതു മാത്രം. 



വെങ്ങാനൂർ വഴിയമ്പലത്തിനു പിന്നിലെ ചില ചരിത്ര വസ്തുതകൾ

 

തിരുവിതാംകൂർ ചരിത്രവും പിന്നാമ്പുറ കഥകളും എന്നും വാർത്താ പ്രാധാന്യമുള്ളതും ചരിത്രാന്വേഷികൾക്കു അല്പം താല്പര്യകൂടുതലുള്ള ഒരു സംഗതിയാണ്. അത് അവിടുത്തെ എണ്ണിയാലൊടുങ്ങാത്ത അമൂല്യ നിധിയുമായി മാത്രം ബന്ധപ്പെട്ടിട്ടുള്ളതല്ല. വേണ്ടത്ര രീതിയിൽ ചരിത്രം രേഖപ്പെടുത്തിവെക്കാത്തതിന്റെ കുഴപ്പം നമുക്കുണ്ട്. ചില അപവാദങ്ങൾ മാറ്റിവെച്ചാൽ തന്നെയും വാമൊഴികളിലൂടെ പരന്നു കൊണ്ടിരുന്ന ഒരു വസ്തുതയായിരുന്നു നമ്മുട ചരിത്ര ആഖ്യാനങ്ങളിലേറെയും. 

തിരുവിതാംകൂർ പിറവിയെടുക്കുന്നതിനും മുൻപേ വേണാട് കന്യാകുമാരി മുതൽ ഇടവ വരെ ആയിരുന്നുവല്ലോ. വഴിയോര യാത്രക്കാരുടെ വിശ്രമത്തിനായി കരിങ്കല്ലുകൊണ്ടു നിർമിച്ച നിരവധി പുരകൾ ഉണ്ടായിരിന്നു. വഴിയമ്പലം എന്നാണവയെ വിളിച്ചിരുന്നത്. ചിലയിടങ്ങളിൽ അത് മഠങ്ങൾ എന്നപേരിലും അറിയപ്പെട്ടു. 

തെക്കൻ തിരുവിതാംകൂറിലെ വഴിയമ്പലങ്ങളിൽ ഏറ്റവും പ്രസിദ്ധി വെങ്ങാന്നൂർ വഴിയമ്പലമാണത്രെ. എന്താണ് ഇതിന്റെ പ്രത്യേകത? അത് എട്ടുവീട്ടിൽ പിള്ളമാരുമായി ബന്ധപ്പെട്ടാനുള്ളത്. സാമാന്യം  വലിയൊരു  സത്രം തന്നെയായിരുന്നു വെങ്ങാനൂർ വഴിയമ്പലം എന്നാണ് പറയപ്പെടുന്നത്. 

യുവരാജാവായിരുന്ന മാർത്താണ്ഡവർമ്മയെ വകവരുത്താനുള്ള ഒരു ഗൂഢാലോചന ഈ വഴിയമ്പലത്തിൽ വച്ചാണത്രെ നടന്നത്. പക്ഷെ മാർത്താണ്ഡവർമ്മയുടെ ചാരന്മാരിൽ ഒരാൾ ആ വഴിയമ്പലം സൂക്ഷിപ്പുകാരനായ പൂപ്പണ്ടാരമായിരുന്നു എന്ന് പറയപ്പെടുന്നു. എന്തായാലും ഗൂഢാലോചന എട്ടുനിലയിൽ പൊട്ടി.ഗൂഢാലോചനയിൽ പങ്കെടുത്തവരുടെ കാര്യത്തിലും അത് തന്നെ സംഭവിച്ചു. 

പാച്ചുമൂത്തതിന്റെ തിരുവിതാംകൂർ ചരിത്രത്തിൽ ഇടം പിടിച്ച ഈ വെങ്ങാനൂർ വഴിയമ്പലം ഏതാണ്? എപ്പോൾ എവിടെയാണ് ?കണ്ടുപിടിക്കാൻ ഒരു നിർവാഹവുമില്ല. ഗൂഢാലോചനക്കാരുടെ തറവാടടക്കം കുളം തോണ്ടിയ കൂട്ടത്തിൽ ഈ വഴിയമ്പലവും പെട്ടിട്ടുണ്ടാകാം. 

വെങ്ങാനൂർ വഴിയമ്പലത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ജൂൺ ലക്കം വിജ്ഞാന കൈരളി മാസിക വായിക്കുക. ഡോ :നടുവട്ടം ഗോപാലകൃഷ്ണന്റെ കേരളചരിത്രം എന്ന പംക്തിയിൽ ഇക്കാര്യങ്ങളെല്ലാം വിശദമായി വായിക്കാം. 

പ്രമേയം

പരസ്പരം ശത്രുക്കളായിരുന്ന രണ്ടു ലോകരാജ്യങ്ങൾ തമ്മിൽ പിന്നെയും യുദ്ധം തുടങ്ങി. 
അതിഭീകര യുദ്ധം. യുദ്ധത്തിൽ നിന്നും അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം  വെറുതെയായി. 
അതിനു വേണ്ടി നടത്തിയ ചർച്ചകളെല്ലാം   കാറ്റിലലിഞ്ഞുപോയി. അപ്പോഴാണ് ഞങ്ങളുടെ പഞ്ചായത്തിൽ യുദ്ധം നിർത്തുന്നതിനു വേണ്ടി ഒരു പ്രമേയം ഏതോ ഒരു മെമ്പർ അവതരിപ്പിച്ചത്. 
എല്ലാവരും കയ്യടിച്ച് ആ പ്രമേയം അംഗീകരിച്ചു. ഇതോടെ യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നന്ദി പ്രസംഗത്തിൽ പറഞ്ഞതുകേട്ട് അവിടെ കൂടിയവരെല്ലാം ആവേശത്തിൽ കയ്യടിച്ചു പിരിഞ്ഞുപോയി. 

ചെട്ടിനാട് മുതൽ തുർക്കി വരെ ഒരു യാത്ര

 

ഒരു ദേശത്തിന്റെ തുടിപ്പും, കിടപ്പും അനുഭവിച്ചറിയണമെങ്കിൽ യാത്രയിലൂടെയേ കഴിയൂ. അത്തരത്തിൽ  നടത്തിയ യാത്രകളുടെ വിശേഷങ്ങളാണ്  വർഗീസ് അങ്കമാലിയുടെ യാത്ര -ചെട്ടിനാട് മുതൽ തുർക്കി വരെ എന്ന പുസ്തകത്തിൽ. 

മണ്ണിനെയും,മനുഷ്യനെയും ചരിത്രത്തിന്റെ നൂലുകൊണ്ട് ബന്ധിപ്പിക്കാനുള്ള ശ്രമമാണ് എഴുത്തുകാരൻ നടത്തിയിരിക്കുന്നത്. ചരിത്രത്തെ അറിഞ്ഞുകൊണ്ടുള്ള യാത്രക്ക് മനോഹാരിതയേറും. അല്ലാത്ത യാത്രകൾ  ഉല്ലാസയാത്രകൾക്കപ്പുറം വെറുമൊരു  സമയം കൊല്ലി യാത്രമാത്രമായിരിക്കും. 

ദേശത്തിന്റെ ചരിത്രമുറങ്ങുന്നത്  പട്ടണങ്ങളിൽ മാത്രമായിരിക്കുമെന്ന  അബദ്ധധാരണകളെ പൊളിച്ചെഴുതിക്കൊണ്ടാണ് എഴുത്തുകാരന്റെ ഓരോ യാത്രകളും.നാട്ടിൻപുറങ്ങളെ അറിഞ്ഞുകൊണ്ടുള്ള  അത്തരം യാത്രകളെ വളരെ തന്മയത്തോടെ അവതരിപ്പിക്കുന്നുണ്ടിവിടെ. 

കർണ്ണാടകയിലെ നാട്ടിൻപുറ വിശേഷങ്ങൾ തന്നെ അതിനുദാഹരണം. പുസ്തകത്തിന്റെ ആദ്യ ഭാഗങ്ങൾ അത്തരത്തിലുള്ളതാണ്. വൈശാഖ ഉത്സവം നടക്കുന്ന ക്ഷേത്രത്തിനു മുന്നിൽ പ്പെട്ടു അവരുടെ കൂട്ടത്തിൽ ഒരാളായി അലിഞ്ഞു ബാല്യത്തിലേക്ക് കൂപ്പു കുത്തിയ അനുഭവങ്ങൾ എഴുത്തുകാരൻ വളരെ പ്രാധാന്യത്തോടെ എടുത്തു പറയുന്നുണ്ട്. യാത്രകളിൽ പൊതുവെ അത്തരം ആഘോഷങ്ങളിലേക്കോ, സംഭവങ്ങളിലേക്കോ ഊളയിടാതെ ഒരു പൊതു അകലം സ്ഥാപിച്ചുകൊണ്ടായിരിക്കുമല്ലോ നമ്മുടെ മിക്ക യാത്രകളും. 

കർണ്ണാടക യാത്രയിലെ പട്ടടയ്‌ക്കൽ ,കർണ്ണാടകയിലെ തിബറ്റ് എന്നറിയപ്പെടുന്ന ബൈലകുപ്പ എന്നിവയെ കുറിച്ചുള്ള വിശേഷങ്ങളിൽ അതിന്റെ ചരിത്ര പ്രാധാന്യം കൂടി നമ്മുടെ മുന്നിലേക്കെത്തുന്നുണ്ട്. 1565 ലെ ബീജാപ്പൂർ സുൽത്താന്റെ മുസ്ലിം കമ്മാൻഡറുടെ പേരിലുള്ള ഒരു ശിവ ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ പുസ്തകത്തിൽ അക്കാര്യങ്ങൾ അറിയാം. 

പഴമയുടെ സൗന്ദര്യവും മനോഹാരിതയും വിതറുന്ന കാഞ്ഞൂർ പള്ളിയെയും, കാഞ്ഞൂർ അങ്ങാടിയും ,സെന്റ് സെബാസ്റ്റ്യനും കാഞ്ഞൂരിലെ വിശ്വാസികളും എത്രമേൽ ബന്ധപെട്ടു കിടക്കുന്നു തുടങ്ങിയവയെല്ലാം  ഇതിൽ വായിക്കാം. കാഞ്ഞൂർ പള്ളിയും, ടിപ്പു സുൽത്താനും,ശക്തൻ തമ്പുരാനുമൊക്കെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കണ്ണികൾ അവിടെയുണ്ട്. 

ദ്വാരക, ലോഥാൻ , അക്ഷർധാം ,അതിനടുത്തുള്ള ബെയ്റ്റ് ദ്വാരക എന്ന ദ്വീപ് തുടങ്ങിയ സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഗുജറാത്തുയാത്രയുടെ താളുകളിൽ കാണാം. ഹനുമാന്റെ മകനായ മകരദ്വജന്റെ പ്രതിഷ്ടയുള്ളതു ആ ദ്വീപിനടുത്താണ്. നിത്യബ്രഹ്മചാരിയായ ഹനുമാനു മകനോ? പുസ്തകത്തിൽ അതിനുത്തരമുണ്ട്. 

ഭക്ഷണ വിഭവങ്ങളുടെ പെരുമയുടെയുടെയും വൈവിധ്യങ്ങളുടെയും ഇടമായ ജോർജ് ടൌൺ വിശേഷങ്ങൾ പെനാംഗിലെ യാത്രാ വിവരണത്തിൽ വായിക്കാം. ലേഖകന്റെ അഭിപ്രായത്തിൽ  ഒരു രാജ്യത്ത് സമ്പന്നമായ അനേകം ചരിത്രസ്മാരകങ്ങൾ കണ്ടു തീർക്കേണ്ടതുണ്ടെങ്കിൽ തീർച്ചയായും സന്ദേശിക്കേണ്ട രാജ്യമാണ് ഇറ്റലി. മൊത്തത്തിലൊരു മ്യൂസിയം ആണ് ഇറ്റലി എന്ന് അവിടുത്തെ ചരിത്രസ്ഥലികളിലൂടെയുള്ള യാത്രകളിലൂടെ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.ഈജിപ്ത്-സീനായ് ,അലക്സണ്ട്രിയയിലെ വിശുദ്ധ കത്രീനയുടെ ശവകുടീരം ,റോം കഴിഞ്ഞാൽ ഏറ്റവു കൂടുതൽ കൈയ്യെഴുത്തു ഗ്രന്ഥങ്ങളുള്ള ലൈബ്രറി സെന്റ് കാതറിൻ മൊണാസ്ട്രി എന്നിങ്ങനെ യാത്ര വിശേഷങ്ങൾ തുടരുകയാണ്.

കൊറോണകാലത്തെ നിയന്ത്രണങ്ങളിൽ ഉത്തരവാദിത്തം പാലിക്കുക എന്ന തീരുമാനമെടുത്തിട്ടുള്ളവർക്ക് ഇത്തരം യാത്രാ വിവരണങ്ങളുടെ പുസ്തകങ്ങളെ ആശ്രയിക്കാം. തീർച്ചയായും യാത്ര എന്ന അനുഭവപരിചയത്തിന്റെ അടുത്തെങ്ങുമെത്തില്ലെങ്കിലും പോകേണ്ട സ്ഥലങ്ങളിലെ ചരിത്ര പ്രാധാന്യവും, പോകുന്നയിടങ്ങളിലെ തീർച്ചയായും കണ്ടിരിക്കേണ്ട സംഭാവങ്ങളും ഏതൊക്കെയാണെന്ന് തീരുമാനിക്കാൻ ഒരുപക്ഷേ നിങ്ങളെ ഇത്തരം പുസ്തകങ്ങൾ സാഹിയിച്ചേക്കും. പോകേണ്ടയിടങ്ങളെകുറിച്ച് കൂടുതൽ അറിഞ്ഞുകൊണ്ടുള്ള യാത്രകൾക്ക് ഒരല്പം മധുരം കൂടും. എന്താ ശരിയല്ലേ ?

പൂർണ്ണ പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 225 രൂപ. 

റോക്ക് കുടുംബത്തിലെ പെൺകുട്ടിയുടെ കൊലപാതകം

 

പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും പ്രശസ്തമായ എഴുത്തുകാരിൽ ഒരാളാണ് മോപ്പസാങ്. റിയലിസവും സ്വാഭാവികതയും സാഹിത്യത്തിന്റെ ഗംഭീരവും അനിവാര്യവുമായ ഘടകങ്ങളാണെന്നു വിശ്വസിച്ച എഴുത്തുകാരൻ. 

ആറ് നോവലുകൾ, 260 ചെറുകഥകൾ, നിരവധി ഉപന്യാസങ്ങൾ, ലേഖനങ്ങൾ, കവിതകൾ, നാടകങ്ങൾ എന്നിങ്ങനെഅദ്ദേഹം കൈവെക്കാത്ത മേഖലകൾ കുറവാണ്.അതി പ്രശസ്ത നോവലായ  മദാം  ബൊവാറി എഴുതിയ   ഗുസ്താവ് ഫ്ലോബേറിനാൽ അസാധാരണമായി സ്വാധീനിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് മോപ്പസാങ് . ഫ്ലോബേറിന്റെ ചുരുക്കം ചില സുഹൃത്തുക്കളിലൊരാളായിരുന്നു അദ്ദേഹം. 

മോപ്പസാങിന്റെതായി 1885-ൽ പ്രസിദ്ധീകരിച്ച ഒരു ചെറുകഥയാണ് ലാ പെത്തീത്ത് റോക്ക്. 

ജുഡീഷ്യൽ ചുറ്റുപാടുകളുടെയും ,പ്രവിശ്യകളിലെ പോലീസ് സേവനങ്ങളുടെയും അവഗണനയാണ് ഈ കഥയുടെ ആധാരം . 

ഒരു ഗ്രാമീണ ഗ്രാമത്തിലാണ് കഥ നടക്കുന്നത്.ഗ്രാമത്തിലെ തപാൽക്കാരൻ ആകുന്നതിന് മുൻപ് മെദറിക് റോംപൽ ഒരു പട്ടാളക്കാരനായിരുന്നു. ബ്രാന്ദ്രിയ് നദി തീരത്തുകൂടി നടന്നു കർമ്മലിൻ ഗ്രാമത്തിലെത്തി അവിടെ നിന്നുമാണ് തന്റെ തപാൽ വിതരണ ജോലി ആരംഭിക്കുന്നത്. ബ്രാന്ദ്രിയ് നദി കടന്നാൽ ഒരു കാടാണ്. ആ കാടിനും ഒരു ഉടമസ്ഥനുണ്ട്. 

ആ ഭൂപ്രദേശത്തെ പ്രഭു മൊസിയെ റെനാർദേയാണ്. തന്റെ പതിവ് നടത്തതിനിടയിൽ മെദറിക് റോംപൽ ഒരു അസാധാരണ കാഴ്ച കണ്ടു. മരത്തിന് കീഴെ വീണു കിടന്നിരുന്ന ഒരു ചെറു കത്തി കണ്ട് അതെടുക്കാൻ കുനിഞ്ഞതും അടുത്തു തന്നെ ഒരു ഒരു കുഞ്ഞ് വിരലുറയും അയാളുടെ കണ്ണിൽ പെട്ടു. ഇനിയുമെന്തേങ്കിലുമൊക്കെ കണ്ടേക്കുമെന്ന ധാരണയിൽ മുന്നോട്ടു നടക്കുന്നതിടയിൽ കണ്ട കാഴ്ച  അയാളെ ഞെട്ടിച്ചു കളഞ്ഞു. കാട്ടുപായലിൽ  മലർന്നു കിടന്നിരുന്ന പന്ത്രണ്ടു വയസ്സു തോന്നിക്കുന്ന ഒരു  പെൺകുട്ടിയുടെ നഗ്നശരീരം! 

മുഖം ഒരു തൂവാല കൊണ്ട് മൂടിയിട്ടിരിക്കുന്നു.കൂടാതെ തുടയിലെ രക്തവും. പട്ടാളക്കാരനായിരുന്നിട്ടുകൂടി അയാൾ ഒരു നിമിഷം പരിഭ്രാന്തനായി മേയർ റെനാർദേയുടെ വീട്ടിൽ ചെന്നു വിവരം പറഞ്ഞു. മേയർ ഉടനടി ഒരു ഡോക്ടറെയും,കോൺസ്റ്റബിളിനെയും,നഗരസഭാ സെക്രട്ടറിയെയും കൂട്ടി സംഭവ സ്ഥലത്ത് ചെന്നു അന്വേഷണമാരംഭിച്ചു . അപ്പോഴേക്കും വിവരമറിഞ്ഞ് ആ കൊച്ചു പെൺകുട്ടിയുടെ അമ്മ അവിടേക്കു വന്നു . അവർ വിലപിക്കുകയും  ഇതുവരെ കണ്ടെത്താത്ത മകളുടെ വസ്ത്രങ്ങൾ തിരികെ നൽകാൻ  അപേക്ഷിക്കുകയും ചെയ്യുന്നു. 

ആരാണ് കൊലപാതകി എന്നൊരു സൂചനയും കിട്ടാതെ അന്വേഷണ ഉദ്യോഗസ്ഥർക്കു  ഇരുട്ടിൽ തപ്പേണ്ടി വരുന്നു. അവസാന താളുകളിൽ കുറ്റവാളി മറ നീക്കി പുറത്തു വരുമ്പോൾ വായനക്കാരുടെ മനസ്സിലും എന്താകും നൂരഞ്ഞു പൊന്തിയിട്ടുണ്ടാകുക?
ആസക്തിയും ,ഉന്മാദവും, രോഗപീഡകളും നിറഞ്ഞ മനുഷ്യ മനസ്സിന്റെ അപ്രതീക്ഷിതവും ദുരൂഹവുമായ ഹിംസകളുടെ വെളിപ്പെടുത്തലുകളാണ് ഈ നോവലിൽ നമുക്ക് കാണാന് കഴിയുക.

കഥയുടെ   ഇതിവൃത്തം  വളരെ ലളിതമാണെങ്കിലും സങ്കീർണ്ണ സംഭവങ്ങൾ  എങ്ങനെ  വ്യക്തിയുടെ ചിന്തകളുടെയും  വികാരങ്ങളുടെയും  പ്രതിച്ഛായയ്ക്ക് വഴിമാറുന്നു എന്നത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചെറു നോവൽ. 

1918  ൽ  യാക്കോവ് പ്രോട്ടാസനോവിന്റെ റഷ്യൻ ചിത്രമായ ലാ പെറ്റൈറ്റ് എല്ലി എന്ന ചിത്രം ഈ കഥയെ ആസ്പദമാക്കിയുള്ളതാണ്. ഫ്രെഞ്ച് ഭാഷയിൽ നിന്നും നേരിട്ടുള്ള മലയാള വിവർത്തനം ചെയ്തിരിക്കുന്നത് കെ സതീഷ് ആണ്. അദ്ദേഹം തന്നെയാണ് ഈ പുസ്തകത്തിന്റെ കവർ ചിത്രവും ഡിസൈൻ ചെയ്തിരിക്കുന്നത്. മലയാളത്തിൽ ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കൈരളി ബുക്സ് ആണ്.

നമ്മെ അസ്വസ്ഥപ്പെടുത്തുന്ന ഡയറിക്കുറിപ്പുകൾ;വെളിപ്പെടുന്ന ടോൾസ്റ്റോയിയുടെ തനിനിറവും

 

ലോകപ്രശസ്ത എഴുത്തുകാരനും ചിന്തകനുമായിരുന്ന ലിയോ ടോൾസ്റ്റോയിയുടൊപ്പം 48  വർഷം കഴിച്ചുകൂട്ടിയ അനുഭവങ്ങളുടെ ഏടുകൾ ഏതാണ്ട് 5 ലക്ഷം വാക്കുകളിൽ കോറിയിട്ടതിന്റെ ഒരു ചെറു പതിപ്പാണ് മണർകാട് മാത്യുവിന്റെ സോഫിയ ടോൾസ്റ്റോയിയുടെ ഡയറിക്കുറിപ്പുകൾ എന്ന പുസ്തകം.

 നമ്മൾക്കു സ്ഥിരപരിചയമുള്ള, അല്ലെങ്കിൽ പാഠപുസ്തകങ്ങളിൽ പഠിച്ചിട്ടുള്ള  മഹാനായ ഒരു എഴുത്തുകാരനായിരുന്നു ടോൾസ്റ്റോയി,സംശയമില്ല.മഹാനായ എഴുത്തുകാരൻ , ദാർശനികൻ, ചിന്തകൻ എന്നൊക്കെ പറയുമ്പോൾ നമ്മളറിയാതെ അതോടൊപ്പം കൂട്ടി വായിക്കാറുള്ള ഒന്നാണ് അയാൾ ഒരു നല്ല മനുഷ്യനും കൂടിയായിരിക്കും എന്നുള്ളത്. അത്  പക്ഷേ വായനക്കാർ കൽപ്പിച്ചു കൊടുത്തിട്ടുള്ള ഒരു ബഹുമതിയായിരിക്കും. എന്നാൽ അത് എത്രത്തോളം ശരിയായിരുന്നു  എന്നുള്ളത് ആലോചിക്കേണ്ട ഒരുവസ്തുത തന്നെയാണ്. 

അടുക്കും ചിട്ടയുമുള്ള ഒരു ജീവിതമൊന്നുമല്ലായിരുന്നു ടോൾസ്റ്റോയിയുടേത്. കുത്തഴിഞ്ഞ ജീവിതവും, അസാന്മാർഗിക ജീവിതവും പണ്ടുതൊട്ടേ കൂടെ കൂടെയുണ്ടായിരുന്നു. പക്ഷെ വളരെ ചെറുപ്പത്തിലേ അക്ഷരങ്ങളോടുള്ള പ്രണയമുണ്ടായിരുന്നു. മൂന്ന് കൃതികൾ വളരെ ചെറുപ്പത്തിലേ പുറത്തു വന്നു. അതിനു ശേഷമാണ് ക്രിമിയൻ യുദ്ധത്തിൽ കുതിരപ്പട്ടാളത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്.  

കർഷക സുന്ദരിമാരെ അന്വേഷിച്ചുള്ള പോക്ക് അപ്പോഴും നിറുത്തിയിരുന്നില്ല. ഒടുവിൽ ആക്‌സിയാന എന്ന ഒരു കർഷക സുന്ദരിയിൽ അനുരക്തനായി, അവരിൽ ടിമോഫെ എന്ന ആൺകുട്ടി ജനിച്ചു.പക്ഷേ കാര്യങ്ങൾ അവിടം കൊണ്ടും തീർന്നില്ല,കന്യകയായ വധു എന്ന തന്റെ സ്വപനം അപ്പോഴും കൂടെ കൊണ്ടു  നടന്നു.മുപ്പത്തി നാലാം വയസ്സിൽ യാത്രകൾ മടുത്ത്  സ്വസ്ഥമായിരുന്നു എഴുത്തു തുടരണമെന്നും, പ്രശസ്തനാകണമെന്നും തീരുമാനിച്ചുറപ്പിയ്ക്കുകയായിരിന്നു ടോൾസ്റ്റോയ് . 

സ്ത്രീ ലമ്പടൻ,മദ്യപൻ,ചൂതുകളിക്കാരൻ എന്നിവയുടെ ദുഷ്പ്പേരുകൾ പേറുന്ന കുപ്പായങ്ങൾ വലിച്ചൂരിയെറിയണമെന്ന് അയാൾ തീരുമാനിച്ചു . തന്റെ കളിക്കൂട്ടുകാരിയായ ല്യാബോവ് ബേഴ്‌സിന്റെ മൂന്നു മക്കളിൽ രണ്ടാമത്തവളായിരുന്നു സോഫിയ.അന്തസ്സുറ്റ കുടുംബത്തിൽ  പിറന്ന ആ മൂവർക്കും നല്ല വിദ്യാഭ്യാസവും  ലഭിച്ചിട്ടുണ്ടായിരുന്നു  .ടോൾസ്റ്റോയ് പിന്നീട് യുദ്ധവും സമാധാനവും എന്ന നോവൽ എഴുതിയപ്പോൾ അതിലെ മാന്യമായ റെസ്‌കോയിസ് കുടുംബത്തെ അവതരിപ്പിക്കാൻ മാതൃകയാക്കിയത് ഈ ബേഴ്‌സിനെയാണ്. 

ബേഴ്‌സ് പെൺകുട്ടികളുടെ അച്ചടക്കവും മാന്യതയും ടോൾസ്റ്റോയിക്ക് നന്നേ പിടിച്ചു. തനിക്കു വേണ്ട പെൺകുട്ടി സോഫിയ തന്നെയെന്ന് അയാൾ മാനസ്സിലുറപ്പിച്ചു.1862 ൽ സോഫിയയുമായി ടോൾസ്റ്റോയിയുടെ വിവാഹം നടന്നു.

വിവാഹം കഴിഞ്ഞു അധിക നാൾ കഴിയും മുന്നേ സോഫിയയ്ക്കു തനറെ ഭർത്താവിന്റെ തനി നിറം മനസ്സിലായി. എന്നാൽ തനറെ അസ്വാസ്ഥ്യവും, സമ്മർദ്ദങ്ങളും അവർ ഭർത്താവിനെ അറിയിച്ചില്ല,പകരം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ കൂടുതലായി ഏറ്റെടുത്തു അവർ മുന്നോട്ടു പോയി,ഒരിക്കൽ പോലും ഒരു പരാതി പറയാതെ തന്നെ. 

ഇങ്ങനെയൊക്കെ ആയിരുന്നിട്ടും ലിയോ   അവരെ മാനസികമായി പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തി.പുരുഷന്റെ സ്നേഹം ആർജ്ജിക്കുകയെന്നത് എന്റെ ദുഖകരമായ വിഡ്ഡിത്തമാണെന്നു അവർ തന്റെ ഡയറിയിൽ കുറിച്ചിട്ടു.പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോൾ ആത്മഹത്യക്ക് ശ്രമിച്ചു പരാജയപ്പെട്ടു.  

അടിയായ്മ ഒരു ദുഷിച്ച ഏർപ്പാടാണ്.എന്നാൽ അതൊരു സുഖമുള്ള ഒരു കാര്യം തന്നെ എന്നെഴുതി വച്ചതു സോഫിയ ആയിരുന്നില്ല. ടോൾസ്റ്റോയി തന്റെ സ്വന്തം ഡയറിയിൽ കുറിച്ചിട്ട വാക്കുകളായിരുന്നു അവ. എത്രയൊക്കെ ആദർശം പറഞ്ഞു നടക്കുന്നവരയാലും എപ്പോഴെങ്കിലുമൊക്കെ  അറിയാതെ ഇത്തരം പുറംപൂച്ചുകൾ പുറത്തുചാടുമല്ലോ.

സ്ത്രീക്കും ,പുരുഷനോടൊപ്പം തുല്യ അവകാശം വേണമെന്ന ആശയങ്ങൾ ടോൾസ്റ്റോയിയെ ഭീതിദനും ഉത്കണ്ഠാകുലനുമാക്കി.അങ്ങനെ തുല്യ അവകാശം കിട്ടിയാൽ അവർ പരപുരുഷ ബന്ധത്തിനു മുതിരുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീതിയും,ചിന്തയും, വിശ്വാസവും. ടോൾസ്റ്റോയിയുടെ ഒട്ടുമിക്ക കൃതികളെല്ലാം പകർത്തി എഴുതിയിരിക്കുന്നത് സോഫിയ തന്നെയാണ്.അവരുടെ ആ കർമ്മകുശലതയെ പ്രതിഭയ്ക്ക് മുലയൂട്ടുന്ന പരിചാരിക എന്നായിരുന്നു സുഹൃത്തും , സാഹിത്യകാരനുമായിരുന്ന വ്ലാഡിമിർ സോളാഗോബ് പ്രശംസിച്ചത്.

തീർച്ചയായും ടോൾസ്റ്റോയിയുടെ സ്വഭാവത്തിന്റെ വൈരുദ്ധ്യങ്ങൾ നമ്മെ അമ്പരപ്പിക്കും. അദ്ദേഹത്തിന്റെ രചനകളിൽ കാണുന്ന പ്രകശം ചൊരിയുന്ന ആശയങ്ങളും,തത്വചിന്തകളും നിത്യ ജീവിതത്തിലെ സമീപനങ്ങളുമായി യാതൊരു തരത്തിലും ബന്ധമുണ്ടായിരുന്നില്ല എന്നതാണ് സത്യം. പാശ്ചാത്യ രാജ്യങ്ങളിൽ അസാന്മാർഗിക ബന്ധങ്ങൾ ഒരു പുത്തരിയല്ലലോ   എന്ന് ചിന്തിക്കാൻ വരട്ടെ. പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യൻ പ്രഭു സംസ്കാരത്തിൽ ചെറുപ്പക്കാർക്കിടയിൽ വഴിതെറ്റിയ വികലമായ രതിബന്ധങ്ങൾ അസാധാരണമായിരുന്നില്ല.

1876 ൽ സോഫിയ ,ടോൾസ്റ്റോയിയുടെ ജീവചരിത്രം എഴുതാൻ ആരംഭിച്ചു. 1879 ൽ അത് പ്രസിദ്ധീകരിച്ചു. അക്രമരാഹിത്യം എന്ന പുകൾപെറ്റ തത്വചിന്തയ്ക്കു തുടക്കമിട്ടത് ടോൾസ്റ്റോയിയാണ്. നമ്മുടെ ഗാന്ധിക്ക് സത്യാഗ്രഹമെന്ന സമരായുധത്തിനു പ്രേരകമായത് ഈ തത്വശാസ്ത്രമാണ്. 

സോഫിയയുടെ ഈ ഡയറികുറിപ്പുകളിൽ  മഹാനായ ആ എഴുത്തുകാരന്റെ  മനുഷ്യസ്നേഹത്തിന്റെയും  , സ്വഭാവ വൈശിഷ്ഠതകളുടെയും   തനി നിറം കാണാം.  ഭാര്യമാർ ഇങ്ങനെ ഡയറിക്കുറിപ്പുകൾ എഴുതാൻ തുടങ്ങിയാൽ പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിൽ വിരാജിക്കുന്ന ഇന്നത്തെ പല പ്രശസ്ത കലാകാരന്മാരുടെയും അവസ്ഥ എന്തായി തീർന്നേനെ!

പുസ്തകത്തിന്റെ കവർ ഡിസൈൻ ചെയ്തിരിക്കുന്നത് പ്രശസ്ത കലാകാരനായ അനിൽ വേഗയാണ്. സാഹിത്യ പ്രവർത്തക സഹകരണ സംഘം ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. എന്റെ കൈയിലുള്ളത് കൃതി ബുക്ക് ഫെയർ എഡിഷനാണ്.

കഥയെഴുതിയതിന് കിട്ടിയത് സസ്പെൻഷൻ!

 

ഇന്ന് എന്ന ഇൻലൻഡ് മാസികയെയും അതിന്റെ കാരണക്കാരനായ മണമ്പൂർ രാജൻ ബാബുവിനെയും  കുറിച്ച് അറിയാത്തവർ ചുരുക്കുമായിരിയ്ക്കും. ഇവിടെയുള്ള പലരും ചിലപ്പോൾ ആ മാസികയുടെ വരിക്കാരുമായിരിക്കും.1980 കളുടെ തുടക്കത്തിലാണ് ഇന്ന്  മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്.

1960 കളുടെ അവസാനത്തിൽ മലപ്പുറം ജില്ലയിലെ  മണമ്പൂർ ഗ്രാമത്തിലുടനീളം സംഗമം എന്ന കൈയെഴുത്തു മാസിക  തയാറാക്കി പ്രചരിപ്പിച്ചതിന്റെ  അനുഭവമാണ് രാജൻ ബാബുവിനെ  ഇത്തരമൊരു ഇൻലൻഡ്  മാസിക തുടങ്ങാൻ  പ്രേരിപ്പിച്ചത്. പിന്നീട്, 1981 ൽ, രജിസ്ട്രേഷൻ സമയത്ത്, മാസികയുടെ പേര് ഇന്ന് എന്നാക്കി  മാറ്റുകയായിരുന്നു. 

ജീവിതാനുഭവങ്ങളാണല്ലോ ഒരാളുടെ എഴുത്തിൽ ഒളിഞ്ഞും തെളിഞ്ഞും വന്നുപോകുന്നത്.  അത്തരമൊരു കഥയെഴുതിയതിന്റെ പേരിൽ  ഉദോഗത്തിൽ നിന്നും സസ്പെന്ഷൻ  കിട്ടിയ ആളാണ് മണമ്പൂർ രാജൻ ബാബു. ഇപ്പോളാണ്  ഇങ്ങനെയൊരു വാർത്ത കേൾക്കുന്നതെങ്കിൽ  ചിലരെങ്കിലും അതിശയിച്ചുപോയേക്കാം പക്ഷെ   ഈ സംഭവം നടന്നത് മൂന്നു പതിറ്റാണ്ടുകൾക്കു മുൻപാണ്. സ്ഥലം, മലബാർ സ്പെഷ്യൽ പോലീസ് ഓഫീസ്. 

ഭാഷാപോഷിണി പത്രാധിപരായിരുന്ന കെ സി നാരായണൻ (ഇപ്പോൾ മാതുഭൂമി ആഴ്ചപ്പതിപ്പിൽ മഹാഭാരതം ഒരു സ്വാതന്ത്ര സോഫ്റ്റ്‌വെയർ എന്ന ആഖ്യാന പരമ്പര എഴുതുന്ന അതേ  ആൾ )അന്നത്തെ കഥയെഴുത്തിനെക്കുറിച്ചും പിന്നീട് നടന്ന സംഭവനകളെക്കുറിച്ചും എഴുതാമോ എന്ന ചോദ്യമാണ് ഈ ഓർമക്കുറിപ്പുകൾ പിറക്കാൻ കാരണം. വർഷങ്ങൾക്കു മുൻപ് 2012 ലെ ഭാഷാപോഷിണി വാർഷികപതിപ്പിൽ അത് പ്രസിദ്ധീകരിച്ചു വരികയും ചെയ്തു.പിന്നീട് 2013  ലാണ് കറന്റ്‌ ബുക്ക്സ് ഇത് പുസ്തകമാക്കുന്നത്.

മലപ്പുറം എം എസ് പി ഓഫീസിലെ കാഷ്യർ പദവിയിൽ നിന്നാണ് അദ്ദേഹം സസ്‌പെന്റ് ചെയ്യപ്പെട്ടത്.ആ കഥ പ്രത്യക്ഷപ്പെട്ടത് കലാകൗമുദിയുടെ കഥ മാഗസിനിൽ ആയിരുന്നു.കഥയുടെ പേര് ഡിസിപ്ലിൻ എന്നായിരുന്നു . പോലീസ് അധികാരികളെ പ്രകോപിപ്പിച്ച ആ കഥ ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.

1985 ലെ കോഴിക്കോട്ടെ തെരുവിലെ സായാഹ്നത്തിൽ മുൻപൊന്നും തെരുവിൽ പ്രസംഗിക്കാത്ത സാക്ഷാൽ എം ടി പോലും വന്നു മണമ്പൂരിനു വേണ്ടി ആ സംഭവത്തിനെ അപലപിച്ചു പ്രസംഗിച്ചു. പിന്തുണ അറിയിക്കാനും ,പ്രതിഷേധിക്കാനും കോവിലനെ പോലുള്ള മറ്റു പലരും മുന്നോട്ടു  വന്നു.  

ആലങ്കോട് ലീലാകൃഷ്ണനാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്, മണമ്പൂർ രാജൻ ബാബുവിനെ കുറിച്ചുള്ള ചില ഓർമകളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. കറന്റ് ബുക്ക്സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്നത് വില 60 രൂപ.