ജനസംഖ്യയേക്കാൾ കൂടുതൽ സൈക്കിളുകളുള്ള ആംസ്റ്റർഡാം!

 

മലയാളത്തിൽ  നിരവധി യാത്രാ വിവരണ പുസ്തകങ്ങൾ ഇപ്പോൾ ലഭ്യമാണ്. മുൻപ് ശോഷിച്ചു കിടന്നിരുന്ന ഒരു വിഭാഗമായിരുന്നു ഇത് .മുൻപൊക്കെ ഏതൊരു മലയാളിയും എസ് കെ പൊറ്റക്കാടിന്റെ പുസ്തകങ്ങളിലൂടെയാകണം യാത്രാ വിവരണ പുസ്തകങ്ങൾ വായിച്ചു രസിച്ചിട്ടുണ്ടാകുക. ഇപ്പോൾ യാത്ര സൗകര്യങ്ങളും,ടെക്നോളജിയും  മെച്ചപ്പെട്ടപ്പോൾ യാത്രകൾക്കും ,യാത്ര വിവരണങ്ങൾക്കും മുൻപുണ്ടായിരുന്ന ബുദ്ധിമുട്ടുകളെയൊക്കെ കുറെയൊക്കെ കവച്ചു വെയ്ക്കാൻ സാധിച്ചിട്ടുണ്ട്. സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരം പോലുള്ള പരിപാടികളും, മലയാളികൾ താല്പര്യത്തോടെ സ്വീകരിച്ചിട്ടുണ്ട്. 

ചില പുസ്തകങ്ങൾ യാത്രാവിവരണപുസ്തകങ്ങൾക്കപ്പുറം ജീവിതത്തിന്റെ സർഗ്ഗാത്മകതയെയും,ഊഷ്മളതയെയും ഉയർത്തിപ്പിടിക്കുന്നവയായിരിക്കും . അത്തരമൊരു പുസ്തകമാണ് രാജു റാഫേലിന്റെ ആംസ്റ്റർഡാമിലെ  സൈക്കിളുകൾ എന്ന പുസ്തകം. 

മുൻപ് ആംസ്റ്റർഡാം സന്ദർശിച്ചിരുന്നതുകൊണ്ട്   ആ സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ തേടിപ്പിടിച്ചു വായിക്കുക എന്നത് താല്പര്യമുള്ള ഒരു സംഗതിയായാണ് കാണുന്നത്.  നമ്മൾ ഒരിക്കൽ വായിച്ചു അഭിപ്രായം പറഞ്ഞ ഒരു പുസ്തകത്തെ കുറിച്ച് മറ്റൊരാൾ വായിക്കുമ്പോഴുണ്ടാകുന്ന അതേ ആകാംക്ഷപോലെ  എന്നു വേണമെങ്കിൽ പറയാം. 

ഈ പുസ്തകം വെറുമൊരു യാത്രക്കുറിപ്പുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നാണ് എനിക്കും അനുഭവപ്പെട്ടത്. അവിടുത്തെ ജീവിതാനുഭവങ്ങളെ പകർത്തിവെയ്ക്കാനുള്ള ഒരു എളിയ ശ്രമം ഇവിടെ നടത്തിയിട്ടുണ്ട്.സൈക്കിളുകളെ മാറ്റിനിർത്തികൊണ്ട് അവിടുത്തെ ജനതയ്ക്ക് ചിന്തിക്കാൻ പോലുമാകില്ല. അവിടുത്തെ ജനസംഖ്യയേക്കാൾ കൂടുതലാണ്  അവിടുള്ള സൈക്കിളുകളുടെ എണ്ണവും എന്നു കേൾക്കുമ്പോൾ മുൻപു പറഞ്ഞത് ഒട്ടും അതിശയയോക്തിയല്ലെന്ന്  ബോധ്യപ്പെടും. അതായത് ഇരുപത്തിയഞ്ച് ലക്ഷം ജനങ്ങൾക്ക് ഇരുപത്തെട്ടു ലക്ഷം സൈക്കിളുകൾ!!. അവിടുത്തെ റോഡുകൾ വരെ നിർമ്മിച്ചിരിക്കുന്നത് സൈക്കിൾ യാത്രക്കാർക്ക് മുൻഗണന നൽകികൊണ്ടാണ്. 

കാലകാരന്മാരുടെയും ,എഴുത്തുകാരന്മാരുടെയും നഗരമാണ് ആംസ്റ്റെർഡാം. യാചകരില്ലാത്ത ,വൃത്തിയുളള ഒരു നഗരം. ആംസ്റ്റേർഡാംമിൽ പോയി എന്നു പറഞ്ഞപ്പോൾ  അവിടുത്തെ റെഡ് ലൈറ്റ് സ്ട്രീറ്റിലും പോയിട്ടുണ്ടാകുമല്ലോ എന്നു ചോദിച്ച നിരവധി സുഹൃത്തുക്കളെനിക്കുണ്ട്. തായ്ലാൻഡിൽ പോകുന്നവരൊക്കെ പട്ടായ കാണാൻ മാത്രം പോകുന്നവരാണെന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ പേരും. അല്ലെങ്കിലും  പട്ടായയിൽ പോകുന്നവരൊക്കെ ‘ആക്കാര്യത്തിന് ‘ വേണ്ടി മാത്രം പോകുന്നവരാണെന്ന് കരുതുന്നവരോട് എന്തു പറയാനാണ് ?

ജോലിസംബന്ധമായാണ് രാജു റാഫേൽ ആംസ്റ്റെർഡാമിലേക്ക് പോകുന്നത് . ഒരു മാധ്യമ പ്രവർത്തകനായതുകൊണ്ടു കൂടിയാകണം താൻ അവിടെ കണ്ട പൊതുകാഴ്ചകളെയും, ജീവിതങ്ങളെയും,സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളെയും നല്ല രീതിയിൽ തന്നെ  രേഖപ്പെടുത്താൻ താല്പര്യം കാണിച്ചതെന്ന് തോന്നുന്നു.  

ഒട്ടേറെ പ്രത്യേകതകളുണ്ട് ആംസ്റ്റർഡാമിന്. ഒരു കുപ്പി വെള്ളത്തിന് ഒരു ബോട്ടിൽ ബിയറിനെക്കാളും വിലകൊടുക്കണം. മദ്യത്തിന് പച്ചവെള്ളത്തിനെക്കാളും വിലകുറവ്.,സിഗരറ്റിന് മദ്യത്തിനെക്കാൾ വിലകൂടുതൽ. വേശ്യവൃത്തിയും ,മയക്കു മരുന്നുകളുടെ ഉപയോഗവും നിയമാനുസൃതമാണ്. എങ്ങനെ ഇതെല്ലാം പ്രൊഫഷണലായി നല്ല രീതിയിൽ പരാതികളില്ലാതെ നടത്തികൊണ്ടു പോകാമെന്നു അവിടുള്ളവർ കാണിച്ചു തരുന്നുമുണ്ട്. 

മേൽസൂചിപ്പിച്ച റെഡ് ലൈറ്റ് സ്ട്രീട്ടിന്റെ കാര്യം പറഞ്ഞപോലെ അവിടുത്തെ ശരി ഇവിടെ തെറ്റുകളായതുകൊണ്ട് അത്തരം കാര്യങ്ങളൊന്നും എഴുത്തുകാരൻ പുസ്തകത്തിൽ ഒഴിവാക്കിയിട്ടുമില്ല. അവിടുത്തെ സൈക്കിൾ വ്യവസായത്തെത്തെക്കുറിച്ചും ,സൈക്കിൾ വ്യവസായത്തിന്റെ പിതാവായ ഹെന്റിക്കസ് ബർഗറിനെ കുറിച്ചും ഇതിൽ വിവരണങ്ങളുണ്ട് . നമ്മുടെ കാഴ്ചകളിൽ മനുഷ്യരേക്കാൾ കൂടുതൽ സൈക്കിളുകളാണ് കണ്ണിൽപ്പെടുക.ഏറ്റവും ലളിതമായ യാത്രാമാധ്യമം എന്നതിലുമുപരി എങ്ങനെ സൈക്കിളുകൾ ആംസ്റ്റേർഡാമുകാരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി എന്നും അവരതിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും വളരെ കൃത്യമായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇതൊരു യാത്രാ വിവരണ പുസ്തകമായതുകൊണ്ടു വായിച്ചു തന്നെ അനുഭവപ്പെടുക ആ നാടിന്റെ വിശേഷങ്ങൾ.  

അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനും മാധ്യമ പരിശീലകനുമാണ് ലേഖകനായ രാജു റാഫേൽ. ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ഥാപകാംഗം കൂടിയാണ് അദ്ദേഹം. 2010 ൽ നെതർലാന്ഡ്സ് വികസന എജൻസിയുടെ ഫെല്ലൊഷിപ്പ്  നേടി അവിടെ മാധ്യമ പരിശീലത്തിനായി പോയി. ആ സംഭവമാണ് ഈ പുസ്തകത്തിന്റെ പിറവിയക്കാധാരം 

ഗ്രീൻ ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 200 രൂപ 

പെനാൽറ്റി കാക്കുന്ന ഗോളിയുടെ ഉദ്വേഗവും ഹിഗ്വിറ്റയും



ആധുനികതയിൽ നിന്ന് ഉത്തരാധുനികതയിലേക്ക് മലയാള ചെറുകഥയെ നിറയൊഴിച്ച റെഡ് സോണായിരുന്നു ‘ഹിഗ്വിറ്റ’ എന്ന്  ‘എൻ.എസ്.മാധവന്റെ കഥകൾ സമ്പൂർണ്ണ’മെന്ന പുസ്തകത്തിന്റെ  അവതാരികയിൽ പി.കെ.രാജശേഖരൻ എഴുതിയിട്ടുണ്ട്. എൻ.എസ് മാധവന്റെ ഹിഗ്വിറ്റ എന്ന ആ കഥയ്ക്ക് പ്രചോദനമായ ഒരു ചെറുനോവലുണ്ട് . 2019 ലെ സാഹിത്യ നൊബേലാണ്  ഹിഗ്വിറ്റയും ആ ചെറുനോവലും വീണ്ടും ചർച്ചയായത്. 

1970 ൽ ജർമ്മനിൽ പുറത്തുവന്നതും, 1972 ൽ ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ട പീറ്റർഹാൻഡ്കെ യുടെ മൂന്നാമത്തെ നോവലായ പെനാൽറ്റി കാക്കുന്ന ഗോളിയുടെ ഉദ്വേഗം( The  Goalie’s anxiety at the penalty kick) എന്ന പുസ്തകമാണ് മേൽസൂചിപ്പിച്ച ആ ചെറുനോവൽ.  

ഒരിക്കൽ  പ്രശസ്തനായ  ഒരു ഗോളിയായിരുന്നു  ജോസഫ് ബ്ലോഹ് ഇപ്പോൾ ഒരു കെട്ടിട നിർമ്മാണത്തൊഴിലാളിയാണ്. നോവലാരംഭത്തിൽ  അയാൾ ഒരു ദിവസം ജോലിസ്ഥലത്തെത്തുകയും സഹപ്രവർത്തകരിൽ നിന്നും  തന്റെ പണി  നഷ്‌ടപ്പെട്ടുവെന്നറിഞ്ഞു  തിരികെ പോകുകയും  ചെയ്യുന്നു.
പിന്നീട് ഒരു രാത്രിയിൽ, അയാൾ  സിനിമാ തിയേറ്ററിലെ കാഷ്യറായ ഒരു പെൺകുട്ടിയെ  പിന്തുടരുന്നു. അവളുടെ കൂടെ അയാൾ മുൻപും പലതവണ തവണ പോയിട്ടുണ്ട്. ബ്ലോഹ് അപ്പാർട്ട്മെന്റിൽ പോയി അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു.പിറ്റേന്ന് രാവിലെ അവളുമായി സമയം ചെലവഴിക്കവേ വ്യക്തമായ ഒരു കാരണവുമില്ലാതെ അയാൾ അവളെ കൊല്ലുകയും ചെയ്യുന്നു. പിന്നീടുള്ള ബ്ലോഹിന്റെ എണ്ണമറ്റ പ്രവർത്തികളിലൂടെയും ,ചിന്തകളിലൂടെയുമാണ് നോവൽ മുന്നോട്ട് പോകുന്നത്. 

അയാളുടെ  ചിന്തകളും ,പ്രവർത്തികളും പലപ്പോഴും അതിരുകടന്നതും എന്നാൽ ആലസഗതിയിലുള്ളതുമാണ്.വിചിത്രമായ മാനസികാവസ്ഥകളിലൂടെയും , ആകുലതകളുടെയുമൊക്കെ ഇടയിലൂടെയാണ്  നോവലിലുടനീളം ബ്ലോഹ്  നടന്നു തീർക്കുന്നത് . 
പിന്നീടയാൾ  ഓസ്ട്രിയൻ അതിർത്തിയിലെ ഒരു ചെറിയ പട്ടണത്തിലേക്കാണ്  പോകുന്നത് . അവിടെ അയാളുടെ  മുൻ കാമുകി ഒരു ഭക്ഷണശാല നടത്തുന്നുണ്ട്. അവിടെ എത്തിയെങ്കിലും അധികാരികളിൽ നിന്ന് ഓടിയൊളിക്കാൻ ബ്ലോഹ്  അതിവ്യഗ്രതയൊന്നും  കാണിക്കുന്നില്ല. പക്ഷേ പട്ടണത്തിൽ സമയം ചെലവഴിക്കുമ്പോൾ ബ്ലോഹിന്റെ  മനോഭാവത്തിൽ മാറ്റം  വരുന്നു . അയാൾ സംസാരിക്കുന്നത്തിലും  ആശയവിനിമയം നടത്തുന്നതിലും   ഒരു അസാധാരണത്വം കൈവരുന്നു  . ബ്ലോഹ്  തന്റെ ചിന്തകളെ വിശകലനം ചെയ്യാനും, രണ്ടുതവണ പരിശോധിക്കാനും തുടങ്ങുന്നു .അയാളുടെ  മനസ്സിലൂടെ കടന്നുപോകുന്ന വാക്കുകളും, പദപ്രയോഗങ്ങളും  മറ്റുള്ളവരുടെ വാക്കുകളുമായി അദ്ദേഹം ബന്ധപ്പെടുത്തുകയും ,അവയുടെ അർത്ഥങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. മാത്രമല്ല അവയൊക്കെയാണ്   തന്റെ ചിന്തകളെ  മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അയാൾ മനസ്സിലാക്കുന്നു. ഇത്തരം സ്‌കീസോഫ്രീനിയാക്  സംഭവവികാസങ്ങളിലൂടെയാണ്  കഥ മുന്നോട്ട് പോകുന്നത്. 

എന്നാൽ ബ്ലോഹ് ചെയ്തുകൂട്ടുന്ന  യഥാർത്ഥ കാര്യങ്ങളല്ല, മറിച്ച് അയാളുടെ  തലയിലൂടെ ഓടുന്ന കാര്യങ്ങളാണ് ഈ നോവലിനെ  കൗതുകകരമായ വായനയാക്കി മാറ്റുന്നത്.  
എങ്കിലും പെനാൽറ്റി കാക്കുന്ന ഗോളിയുടെ ഉദ്വേഗം ഒരു പ്രയാസകരമായ വായനയാണെന്ന്  സമ്മതിക്കേണ്ടി വരും, അത് ചിലപ്പോൾ എന്റെ നോവൽ വായനയുടെ  ന്യൂനതയാകനും സാധ്യതയുണ്ട്.  മനുഷ്യനെ സ്വന്തം വിവേകവുമായുള്ള  പോരാട്ട ശ്രമമങ്ങളാണ്   ഈ നോവലിന്റെ പ്രമേയമെങ്കിലും,  ബ്ലോഹിന്റെ ജീവിതത്തിലെ വിരസതയെ  അതിസൂക്ഷ്മമായി അവതരിപ്പിക്കുന്നതുകൊണ്ടുണ്ടായതാണ് മേൽസൂചിപ്പിച്ച നോവൽ വായനയിലെ വെല്ലുവിളി  എന്നു  കരുതേണ്ടിയിരിക്കുന്നു.

 കഥാപാത്രങ്ങളുടെ അങ്ങേയറ്റത്തെ മാനസികാവസ്ഥയിലുള്ള  അതിസൂക്ഷമവും,വ്യക്തതയുമുള്ള  വിവരണങ്ങളാണ് ഹാൻഡ്‌കെയുടെ ഒട്ടു മിക്ക നോവലുകളിലുമുള്ളത്‌. 
2019 ലെ സാഹിത്യ നോബൽ പീറ്റർ ഹാൻഡെകിനായിരുന്നു ലഭിച്ചത്. എഴുത്തുകാരന്റെ രാഷ്ട്രീയവും സാംസ്‌കാരിക വീക്ഷണങ്ങളും  അഭിപ്രായപ്രകടനനങ്ങളും സ്വയം പ്രഖ്യാപിത ബുദ്ധി ജീവികളെ  വിറളി പിടിപ്പിച്ചിരുന്നു. 
അതിലൊട്ടും അതിശയോക്‌തിയില്ലതാനും.നിയോ ഫാസിസറ് സമീപനങ്ങൾ പരസ്യമായി സ്വീകരിച്ചുപോന്നിട്ടുള്ളയാളാണ്  കക്ഷി.സെർബിയൻ വംശഹത്യയെ ന്യായീകരിക്കുകയും ,സ്ലോബോഡാൻ മിലോസെവിക് എന്ന സെർബിയൻ സ്വേച്ഛാധിപതിയുടെ ഇഷ്ടതോഴനും ആരാധകനുമായിരുന്നു ഹാൻഡെക്. 

നാടകം, നോവൽ, തിരക്കഥ കൃത്തു ,പ്രഭാഷകൻ, പ്രബന്ധമെഴുത്തു എന്നിങ്ങനെ സമസ്തമേഖലകിലും അദ്ദേഹത്തിന്റെ  സാന്നിധ്യം കാണാം.ഓസ്ട്രിയയിലെ മിക്ക രാഷ്ട്രീയ സാംസ്‌കാരിക  സംവാദങ്ങളിലും ഹാൻഡെക്നെ കാണാം.A Sorrow Beyond Dreams,The Goalie’s Anxiety at the Penalty Kick,The Left-Handed Woman,Short Letter, Long Farewell,A Moment of True Feeling,Repetition,Three by Peter Handke  എന്നിങ്ങനെ എഴുതിക്കൂട്ടിയ പുസ്തകങ്ങൾ ഇനിയുമുണ്ട്. ലിസ്റ്റ് ഇവിടെ തീരുന്നില്ല.

2014-ൽ  സാഹിത്യത്തിനുള്ള നോബൽ സമ്മാനം നിർത്തലാക്കണമെന്ന് ആവശ്യപ്പെടുകയും അതിനെ “സർക്കസ്” എന്ന് വിളിക്കുകയും ചെയ്ത ആളാണ്  ഈ കക്ഷി.കിട്ടിയ ആവാർഡുകൾക്ക്  ഒരു കണക്കുമില്ല. ജോർജ്ജ് ബുച്നർ സമ്മാനം , വിലെനിക്ക ഇന്റർനാഷണൽ ലിറ്റററി പ്രൈസ് ,അമേരിക്ക അവാർഡ് ,തോമസ്-മാൻ-പ്രൈസ് ,  ഫ്രാൻസ് കാഫ്ക സമ്മാനം, മൾഹൈമർ ഡ്രമാറ്റിക്കർപ്രെയിസ്, ഇന്റർനാഷണൽ ഇബ്സൻ അവാർഡ് ,ഇപ്പോഴിതാ  സാഹിത്യത്തിനുള്ള നോബലും. 

മലയാളഭാഷയുടെയും ,സാഹിത്യത്തിന്റെയും,ചിന്തയുടെയും ഇടങ്ങളിൽ വിവർത്തന കൃതികൾ ഉണ്ടാക്കുന്ന ആ കുതിച്ചു ചാട്ടത്തിന് കാരണക്കാരായ പ്രസാധകരെയും, വിവർത്തകരെയും അഭിനന്ദിക്കേണ്ടിയിരിക്കുന്നു. തീർച്ചയായും അതിൽ പോരായ്മകളുണ്ടാകാം. അതെല്ലാം പരിഹരിച്ച് ഈ വിഭാഗം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.

 ഡിസി ബുക്സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വിവർത്തനം ചെയ്തിരിക്കുന്നത് രണ്ടു പേർ ചേർന്നാണ്. പ്രശസ്ത നിരൂപകനായ രഘുനാഥൻ പറളിയും, കെ പി രാജേഷും ചേർന്നാണ് മലയാളത്തിലേക്ക് ഈ പുസ്തകം പരിചയപ്പെടുത്തിയിരിക്കുന്നത്. 2004 ൽ ഇറങ്ങിയ കോപ്പിയാണ് എന്റെ കൈയ്യിലുള്ളത്. ഇതിന്റെ പുതിയ കോപ്പികൾ ഇപ്പോൾ ലഭ്യമല്ല. വില 45 രൂപ. 

പിശാചിന്റെ അഭിഭാഷകൻ

 

ആസ്ട്രേലിയൻ സാഹിത്യത്തിലെ അതികായന്മാരിലൊരാളാണ് മോറിസ് വെസ്റ്റ് ,ഇരുപതാം നൂറ്റാണ്ടിലെ മികച്ച കഥാകാരന്മാരിൽ ഒരാളും. വെസ്റ്റിന്റെ ഏറ്റവും കൂടുതൽ വിറ്റുപോയ നോവലാണ്  ഡെവിൾസ് അഡ്വക്കേറ്റ്. വിശ്വാസത്തിന്റെ അർത്ഥത്തെക്കുറിച്ചുള്ള ഒരു പര്യവേക്ഷണ ശ്രമമാണ്  നോവലിന്റെ ഇതിവൃത്തം.

 രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന വർഷങ്ങളിൽ   ഇറ്റലിയിലെ  കാലാബ്രിയയിലെ ഒരു തരിശു പട്ടണത്തിൽ,ഒരു പ്രാദേശിക കമ്മ്യൂണിസ്റ്റുകളുടെ  കൂട്ടം  ജിയാക്കോമോ നീറോൺ എന്ന ഒരാളെ  വധശിക്ഷയ്ക്ക് വിധിക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നു.  ആ പ്രാദേശിക കൂട്ടങ്ങൾക്കു അയാൾ ഒരു  രാജ്യദ്രോഹിയാണ്. എന്നാൽ യുദ്ധം കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം , കൊല്ലപ്പെട്ട  ജിയാക്കോമോ നെറോണിന് ചുറ്റും ഒരു വിശുദ്ധ ആരാധന വളർന്നു വന്നു . അവിടെ ആ രക്തസാക്ഷിക്കായി ഒരു ആരാധനാലയം ഉയർന്നുവരികയും ചെയ്തു. 

കുടലിൽ അർബുദം ബാധിച്ചു ദിവസങ്ങൾ എണ്ണപ്പെട്ടു കഴിയുന്ന ഇംഗ്ലീഷ് പുരോഹിതനായ ബ്ലെയ്സ് മെറിഡിത്തിനെ റോമിൽ നിന്ന് നെറോണിനെ  ക്കുറിച്ച് അന്വേഷിക്കാൻ അയയ്ക്കുന്നു. മരണം കാത്തുകിടക്കുന്നവനാണെങ്കിലും ബ്ലെയ്സ് മെറിഡിത്ത് മരണത്തെ ഒട്ടും ഭയപ്പെടാത്ത വ്യക്തിയാണ്. അതിശയിപ്പിക്കുന്ന ആസക്തി അയാളുടെ ജീവിതത്തിന്റെ അർത്ഥം വിലയിരുത്താൻ അയാളെ  പ്രേരിപ്പിച്ചു കാണണം.

ഇത് തന്റെ  അവസാന ദൗത്യമായിരിക്കുമെന്ന് അയാൾക്കറിയാം. ആളുകളുമായി കൂടുതൽ അടുക്കുന്നതിലൂടെ അതുവഴി ദൈവവുമായി കൂടുതൽ അടുക്കാമെന്നാണ്  അയാളുടെ  കണക്കുകൂട്ടൽ.

എല്ലാവർക്കും അയാൾ പിശാചിന്റെ അഭിഭാഷകനാണ്. മറ്റൊരു മനുഷ്യന്റെ ജീവിത്തെകുറിച്ചുള്ള ആ അന്വേഷണയാത്രയിലൂടെ നിഗൂഢതയാൽ ചുറ്റപ്പെട്ട ഒരു മനുഷ്യനെ ചുറ്റിപ്പറ്റിയുള്ള വസ്തുതകൾ ക്കൊപ്പം  സ്വന്തം ആത്മാവിന്റെ സമ്പന്നമായ മാനവികതയും  വെളിപ്പെടുന്നു. 

പവിത്രതയും  അശ്ലീലവും എങ്ങനെ കൂടിച്ചേരുന്നുവെന്നും സഭയ്ക്കുള്ളിൽ ഒരേസമയം അവ നിലനിൽക്കുന്നുവെന്നും ,വിശ്വാസം, പാപം, പാപമോചനത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും അതിമനോഹരമായി വെസ്റ്റ് ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു. 

സർവ്വകലാശാലാ പഠനത്തിന് ശേഷം മോറിസ് വെസ്റ്റ് സെമിനാരിയിൽ ചേർന്നെങ്കിലും പൗരോഹിത്യം സ്വീകരിക്കുന്നതിനും മുൻപേ അവിടെ നിന്നും പോരുകയാണുണ്ടായത്.രണ്ടാം ലോകമഹായുദ്ധത്തിലും  പങ്കെടുത്തു. പിന്നീട് പ്രധാനമന്ത്രിയുടെ സെക്രട്ടറിയായി.അത് കഴിഞ്ഞു പത്രപ്രവർത്തകൻെറ വേഷമണിഞ്ഞു. ഇതിനിടെ ഒരു റെക്കോർഡിങ് സ്റ്റുഡിയോ നടത്തി.  പെട്ടെന്നൊരു ദിവസം  ഇതെല്ലം ഉപേക്ഷിച്ചു നോവലെഴുത്തിലേക്കു വീണു.1959 ലാണ്  ഡെവിൾസ് അഡ്വക്കേറ്റ് എന്ന നോവൽ വന്നത്.നോവൽ വമ്പൻ ഹിറ്റായി.അദ്ദേഹം 28 നോവലുകൾ എഴുതി.അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ലോകമെമ്പാടുമായി 70 ദശലക്ഷത്തോളം  കോപ്പികൾ വിറ്റു എന്നാണ് പറയപ്പെടുന്നത്.കൂടാതെ മിക്കതും 28  ലധികം  ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. വെസ്റ്റിന്റെ പല നോവലുകളും സിനിമയാക്കി. അദ്ദേഹത്തിന്റെ പല നോവലുകളുടെയും പശ്ചാത്തലം റോമൻ കത്തോലിക്കാ സഭയാണ്.

മലയാളത്തിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് പ്രശസ്ത എഴുത്തുകാരൻ പി ജെ ജെ ആന്റണിയാണ്. ന്യൂ ബുക്ക്സ് ആണ് പുസ്തക പ്രസാധകർ. 190 പേജുകളുള്ള പുസ്തകത്തിന്റെ വില 140 രൂപ.

എന്‍റെ കുറ്റാന്വേഷണ പരീക്ഷകൾ

 



 1981 ൽ സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ച്  ഡിവൈഎസ് പിയായി റിട്ടയർ ചെയ്തയാളാണ് ഗിൽബെർട്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും സേവനമനുഷ്ഠിച്ചിട്ടുള്ള ഈ  പോലീസുകാരൻ, തന്റെ പോലീസ് ജീവിതത്തിൽ ഏറ്റെടുക്കേണ്ടിവന്നിട്ടുള്ള മിക്ക കേസുകളുടെയും അതിലെ  അനുഭവങ്ങളിലൂടെയും കടന്നു പോയ വിവരണങ്ങളാണ് എന്റെ കുറ്റാന്വേഷണ പരീക്ഷകൾ എന്ന പേരിൽ രണ്ടു ഭാഗങ്ങളായി പുറത്തിറക്കിയിട്ടുള്ള ഈ പുസ്തകങ്ങളിൽ പറഞ്ഞു വെയ്ക്കുന്നത്. ഇത് വെറും കഥകളല്ല എങ്കിൽ കൂടിയും ആസ്വാദന ശേഷിക്കു വേണ്ടി അൽപ സ്വല്പം ഭാവന കലർത്തിയിട്ടുണ്ടെന്നു എഴുത്തുകാരൻ തന്നെ ഒരു മുൻ‌കൂർ ജാമ്യമെടുക്കുന്നുണ്ട്. 

ആദ്യ പുസ്തകത്തിൽ 28 അദ്ധ്യായങ്ങളാണുള്ളത്. പ്രഥമ ദൃഷ്ട്യാ കൊലപാതകമെന്ന് തോന്നിപ്പിക്കുന്ന ബഷീർ മരണ കേസിന്റെ വിവരങ്ങളുമായാണ് പുസ്തകം തുടങ്ങുന്നത്. 

സഹപ്രവർത്തകന്റെ മകളെ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി വശത്താക്കി ഗർഭിണിയാക്കിയ എസ് ഐ തിലകൻ,തെറ്റിദ്ധാരണയുടെ പേരിൽ സ്വന്തം ഭാര്യയെയും കുഞ്ഞിനേയും കൊലപ്പെടുത്തിയ സുരേന്ദ്രൻ , ഭർത്താവിനെ കൊലപ്പെടുത്തിയ വനിതാ കോൺസ്റ്റബിൾ , കളക്ടറുടെ ആവശ്യപ്രകാരം കല്യാണം മുടക്കാൻ എസ് പി യുടെ നിർദേശ പ്രകാരം ഇടപെടുന്നതും അതിനു പിന്നിലെ സത്യാവസ്ഥ അറിയുമ്പോഴത്തെ അവരുടെ അവസ്ഥ , ബാങ്കിൽ തിരിമറി നടത്തി ഷെയർ മാർക്കറ്റിൽ കളിച്ച എസ് ബി റ്റി ഇരിഞ്ഞാലക്കുട ബ്രാഞ്ചിലെ മാനേജരുടെ കേസ്, പാകിസ്താനിയെ കൊന്ന തിരുവനന്തപുരത്തുകാരനറെ കഥ പറയുന്ന സലിം വധ കേസ് അങ്ങനെ നിരവധി വ്യത്യസ്തങ്ങളായ കേസുകളാൽ  നിറഞ്ഞിരിക്കുന്നു പുസ്തകം നിറയെ. 

കുറ്റാന്വേഷണ കഥകൾ പറയുന്ന എല്ലാവർക്കും പറയേണ്ടി വരുന്ന ഒരു പൊതു കഥാപാത്രമുണ്ട് ,അത് സുകുമാര കുറുപ്പിന്റേതാണ്. ഇതിലും സുകുമാര കുറുപ്പ് കടന്നു വരുന്നുണ്ട്, പക്ഷെ നമ്മൾ പൊതുവെ കേൾക്കാത്ത ഒരു കഥയാണെന്ന് മാത്രം.മിക്ക കേസുകളെയുടെയും വർഷം സൂചിപ്പിച്ചിട്ടില്ല. ഉണ്ടായിരുന്നെങ്കിൽ വീടിനടുത്തുള്ള ഇരിഞ്ഞാലക്കുട ബ്രാഞ്ചിലെ കേസുകളെപറ്റി  സൂചിപ്പിച്ചതിനെ കുറിച്ച് കൂടുതൽ  മനസ്സിലാക്കാമായിരുന്നു. 

രണ്ടാമത്തെ പുസ്തകത്തിൽ 20 അദ്ധ്യായങ്ങളാണുള്ളത്. ഒരു സാദാ മരണമെന്ന രീതിയിൽ തേഞ്ഞു മാഞ്ഞു പോകേണ്ടിയിരുന്ന ബെന്നി കൊലപാതക കേസ് ബുദ്ധിപൂർവം തെളിയിച്ചെങ്കിലും ഉന്നത രാഷ്ട്രീയ ബന്ധമുപയോഗിച്ചു വമ്പൻ സ്രാവുകൾ രക്ഷപ്പെട്ടുപോകുന്നത് നോക്കി നിൽക്കേണ്ടി വന്നതും, സമാനമായ മറ്റൊരു കേസ് തെളിയിച്ചെങ്കിലും അതിന്റെ ക്രെഡിറ്റ് ഒരു ഉളുപ്പുമില്ലതെ എസ് പി കൊണ്ടുപോയതുമുൾപ്പെടെ ആകപ്പാടെ സംഭവബഹുലമാണ് രണ്ടു പുസ്തകങ്ങളും. 

പ്രഭാത് ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയത്. ആദ്യ ഭാഗത്തിന് 120 രൂപയും, രണ്ടാമത്തേതിന് 100 രൂപയുമാണ് വില. 

അമിതാവ് ഘോഷിന്റെ തോക്ക് ദ്വീപ്

 

പുതിയ പുസ്തകങ്ങൾ കൈയ്യിൽ കിട്ടിയാൽ അതിന്റെ പുതുമണം മായും മുൻപേ വായിച്ചു തീർക്കണം എന്ന നിർബന്ധ ബുദ്ധിയൊന്നും ഇല്ലാത്തതുകൊണ്ട് അമിതാവ് ഘോഷിന്റെ തോക്ക് ദ്വീപ് എന്ന പുസ്തകം കൈയ്യിൽ വന്നപ്പോൾ പിന്നീട് വായിക്കാനായി മാറ്റിവെക്കാനാണ്‌ ആദ്യം തോന്നിയത്. എന്നാൽ പുസ്തകത്തിന്റെ കവർചിത്രത്തിന്റെ നിറകൂട്ടുകളും ഇതുവരെ കാണാത്ത ആകർഷകമായ ഫോണ്ടും പുസ്തകം ചൂടോടെ തന്നെ വായിക്കാൻ തോന്നിച്ചു എന്നുള്ളതാണ് സത്യം.
അപൂർവ പുസ്‌തകങ്ങളുടെ ഇടപാടുകാരനാണ് ദീനാനാഥ് ദത്ത എന്ന ഡീൻ. ന്യൂയോർക്കിൽ ശാന്തമായ തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിൽ പശ്ചിമ ബംഗാളിലെ സുന്ദർബൻസിലേക്ക് അസാധാരണമായ ഒരു യാത്ര പുറപ്പെടാൻ അദ്ദേഹം ഇടയാകുന്നു.
ഒരു ബന്ധുവിന്റെ മകളുടെ കല്യാണത്തിനു പങ്കെടുക്കവേ അയാളുടെ അകന്ന ബന്ധത്തിൽ പെട്ട കനായി ദത്ത് എന്നൊരാൾ ബൻദൂക്കി ശൌദാഗോർ എന്ന വ്യക്തിയെ കുറിച്ച് കേട്ടിട്ടുണ്ടോ എന്ന ചോദ്യം ദത്തയെ ആ യാത്ര പോകാൻ പ്രേരിപ്പിച്ചു . തോക്ക് വ്യാപാരി എന്നർത്ഥം വരുന്ന ആ പേര് അതിനു മുൻപു അയാളോരിക്കലും കേട്ടിരുന്നില്ല.
1970 നവംബർ 12 ന് ബംഗാൾ തീരത്തു കൂടെ പശ്ചിമ ബംഗാളിലൂടെയും ,കിഴക്കൻ പാക്കിസ്ഥാനിലൂടെയും ചീറിയടിച്ച ഭോല എന്ന ചുഴലിക്കാറ്റ് അരലക്ഷം ആളുകളെ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാക്കി.എന്നാൽ ആ കൊടുംകാറ്റിൽ നിന്നും മാനസാ ദേവിയാൽ സംരക്ഷിക്കപ്പെട്ട, അതിജീവിച്ചവരുടെ ഒരു ചെറുകൂട്ടം താമസിച്ചിരുന്ന, പാമ്പുകളും ,മറ്റു വിഷജീവികളും നിറഞ്ഞ ദ്വീപിനെ കുറിച്ചുള്ളതായിരുന്നു ഡീൻ കേട്ട ഒരു കഥ. വെറുമൊരു നാടോടികഥയുടെ മട്ടിലുള്ളതാണെങ്കിലും സുന്ദർബൻസിലെ പാമ്പുകളുടെ ദേവതയായ മാനസാദേവിക്ക് പതിനേഴാം നൂറ്റാണ്ടിൽ തോക്ക് വ്യാപാരി പണികഴിപ്പിച്ച ആരാധനാലയം കണ്ടെത്താൻ അദ്ദേഹം പാതിമനസ്സോടെ തന്റെ യാത്ര തുടരാൻ തീരുമാനിക്കുന്നു.
ടിപ്പുവെന്ന ആ പ്രദേശത്തെ ഒരു പയ്യനാണ് അയാളെ ബോട്ടിൽ ആ ദ്വീപിനെ കുറിച്ചുള്ള അന്വേഷണത്തിൽ അവിടേക്കു കൊണ്ടുപോകുന്നത്. നോവലിന്റെ ബാക്കി ഭാഗങ്ങൾ ഒരു അന്വേഷണമാണ്. എന്നാൽ മേൽസൂചിപ്പിച്ച ആ നാടോടികഥയുടെ പിന്നാമ്പുറം മാത്രമല്ല നോവൽ പറഞ്ഞു വെയ്ക്കുന്നത്മറിച്ച് അതി ഗൌവരകരമായ മറ്റൊരു വിഷയമാണ്.സുന്ദർബൻസ് മുതൽ വെനീസ് വരെയുള്ള യാത്രകളുടെ ഇടയിൽ വായനക്കാരോട് സംവദികുന്നത് കാലാവസ്ഥാ വ്യതിയാനവും , മനുഷ്യ കുടിയേറ്റവും പോലെയുള്ള വിഷയങ്ങളാണ്.
കാലാവസ്ഥാ പ്രതിസന്ധി സംസ്കാരത്തിന്റെ ഒരു പ്രതിസന്ധികൂടിയാണെന്ന് നോവൽ വെളിപ്പെടുത്തി തരുന്നു. ഘോഷിന്റെ മറ്റ് നോവലുകൾ പോലെ ഈ നോവലിലും വ്യക്തികളും സംഭവങ്ങളും ഭൂമിശാസ്ത്രപരമായ അതിരുകൾ ഭേദിച്ച് ലോകം മുഴുവൻ വ്യാപിക്കുന്നുണ്ട്.
തോക്ക് വ്യാപാരിയെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്താൻ ഡീൻ വെനീസിലേക്ക് പോകുമ്പോൾ, അനേകം ബംഗ്ലാദേശികൾ അനധികൃത കുടിയേറ്റ തൊഴിലാളികളായി അവിടങ്ങളിൽ പണിയെടുക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നുണ്ട്. ഇന്ത്യയും വെനീസും തമ്മിലുള്ള മധ്യകാല സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ വെനീസിലെ പങ്ക് സംബന്ധിച്ച ഗവേഷണം നടത്തുന്ന സിന്റ എന്ന സ്ത്രീ,പിയ റോയ്, ചാരിറ്റബിൾ ഓർഗനൈസേഷനായ ബദാബോൺ ട്രസ്റ്റ് നടത്തുന്ന നിലീമ ബോസ്, അനധികൃത കുടിയേറ്റക്കാർക്കായി പ്രവർത്തിക്കുന്ന ബംഗ്ലാദേശ് കുടിയേറ്റക്കാനായ ലുബ്ന, ടിപ്പുവിനെ സഹായിക്കുന്ന റാഫി എന്നിവർ ഈ നോവലിലെ മറ്റു മുഖ്യ കഥാപാത്രങ്ങളാണ്.
വെനീസിലേക്ക് പോയ വ്യാപാരി എന്ന പേരിൽ ബൻദൂക്കി ശൌദാഗോറും,വെനീസിലെ ബ്ലാക്ക് മഡോണയും, പാമ്പുകളുടെ മാനസാദേവിയും തമ്മിൽ കൂടിയോജിപ്പിക്കുന്ന ഒരു അദൃശ്യ ചരട് നമുക്കിതിൽ കാണാം. ഐതീഹ്യങ്ങളും , കെട്ടു കഥകളും,നാടോടിക്കഥകളും സമകാലിക ലോകത്തിലെ വിഷയങ്ങളുമായി സമന്വയിപ്പിക്കുന്നതിൽ അമിതാവ് ഘോഷ് വിജയിച്ചിട്ടുണ്ടെന്ന് വേണം പറയാൻ.
പാരിസ്ഥിതിക ദുരന്തത്തിന്റെ ആസന്നതയെയും അതിനോടുള്ള നമ്മുടെ അറിവില്ലായ്മയെയും കുറിച്ചു മുന്പും ഈ എഴുത്തുകാരൻ വായനക്കാരോട് തന്റെ എഴുത്തുകളിലൂടെ സംവദിച്ചിട്ടുണ്ട്.കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിയെ സംബന്ധിച്ച് പല എഴുത്തുകാരും പ്രബന്ധങ്ങളിൽ മാത്രം തങ്ങളുടെ എഴുത്തുകൾ പരിമിതപ്പെടുത്തുമ്പോൾ അമിതാവ് ഘോഷ് അവരിൽ നിന്നും വ്യത്യസ്തനാകുന്നു.
പ്രകൃതി, വെള്ളപ്പൊക്കം , ദുരന്തങ്ങൾ എന്നിവ അദ്ദേഹത്തിന്റെ നോവലുകളിൽ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുകാണുന്നുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരൻ എന്നു അമിതാവ് ഘോഷിനെ ധൈര്യമായി വിളിക്കാമെന്നു തോന്നുന്നു.
അമിതാവ് ഘോഷിന്റെ ഒൻപതാമത്തെ നോവലാണ് തോക്ക് ദ്വീപ്. 2018 ൽ ജ്ഞാനപീഠം സമ്മാനം ലഭിച്ച എഴുത്തുകാരൻ കൂടിയാണദ്ദേഹം . ഇംഗ്ലീഷ് ഭാഷയിലെ ഒരു എഴുത്തുകാരന് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്.
കെ ടി രാധാകൃഷ്ണനാണ് പുസ്തകം മലയാളത്തിലേക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. വെസ്റ്റ്‌ലാൻഡിന്റെ ഇംപ്രിന്റായ ഏകയാണ് പ്രസാധനം. വില 399 രൂപ.

ടിപ്പു സുൽത്താന്റെ കഥ പറയുന്ന വാൾത്തലപ്പു കൊണ്ടെഴുതിയ ജീവിതം



ടിപ്പു സുൽത്താനെ കേന്ദ്രീകരിച്ചു അധികം നോവലുകളൊന്നും മലയാളത്തിൽ പുറത്തുവന്നിട്ടില്ല.എന്നാൽ ജീവചരിത്രങ്ങൾ എന്ന നിലയിൽ നിരവധി പുസ്തകങ്ങളുണ്ടുതാനും.ഒന്ന് രണ്ടു വർഷങ്ങൾക്കു മുൻപ് എഴുത്ത്‌ മാസികയിൽ ഒരു പുതിയ നോവൽ ആരംഭിച്ചു. വാൾത്തലപ്പു കൊണ്ടെഴുതിയ ജീവിതം എന്ന പേരിട്ടിരുന്ന അതിലെ ആദ്യ അധ്യായം വായിച്ചു കഴിഞ്ഞപ്പോൾ തന്നെ ഒരു നല്ല നോവലിന്റെ മണമടിച്ചിരുന്നു. പക്ഷെ ചില കാരണങ്ങൾ കൊണ്ട് അവസാനത്തെ കുറച്ചു അദ്ധ്യായങ്ങൾ വായിക്കാൻ കഴിഞ്ഞില്ല.മാസികയുടെ കോപ്പികളും സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. എന്നാൽ ലോഗോസ് ബുക്ക്സ് ആ നോവൽ പുസ്തകമാക്കിയപ്പോളാണ് മുഴുവനായി ആ നോവൽ വായിക്കാൻ കഴിഞ്ഞത്. 

ഇന്ത്യ ചരിത്രത്തിലെ വിവാദ പുരുഷനാണ്  ടിപ്പു സുൽത്താൻ. മതഭ്രാന്തനും ക്രൂരനായ ഭരണാധികാരി എന്ന ഒരു വശവും , ഒരു മാതൃകാ രാജാവും , ആദർശശാലിയും എന്ന രണ്ടാമതൊരു വശവും പകുത്തും  തുന്നി ചേർത്തും ഉള്ള  കഥകളാണ് നമുക്ക് മുന്നിലുള്ളത്. ഇതിലെ ഏതു  വശത്തിലേക്കായിരിയ്ക്കും  യഥാർത്ഥ ടിപ്പു സുൽത്താന്റെ ജീവിതം വീണു കിടക്കുന്നത് എന്നത്‌ ഇന്നും ഒരു വിവാദ വിഷയമാണ് . കെ കെ എൻ കുറുപ്പിനെ പോലുള്ളവരും , സർദാർ കെഎം പണിക്കരും ,പദ്മനാഭ മേനോനും ,ഒക്കെ ടിപ്പുവിന്റെ ചരിത്രം എഴുതിയിട്ടുള്ളവരാണ്. ഇതിന്റെയൊക്കെ ഇടയിൽ നിന്നാണ് ടിപ്പുവിനെ   വെറുമൊരു  മനുഷ്യനായി രേഖപ്പെടുത്താനുളള ശ്രമം കെ പി ഉണ്ണി എന്ന എഴുത്തുകാരൻ നടത്തിയിട്ടുള്ളത്. സംഘർഷങ്ങളുടെയും, അനിശ്ചിതങ്ങളുടെയും  ഇടയിലൂടെയുള്ള ടിപ്പുവിന്റെ ജീവിതമാണ് ഈ നോവലിൽ പ്രതിഫലിച്ചിരിക്കുന്നതെന്നു കാണാം. 

1782 ഡിസംബറിൽ പിതാവായ ഹൈദരാലിയുടെ അകാല മരണത്തെ തുടർന്ന് രാജ്യാധികാരം ഏറ്റെടുത്തതു മുതൽ 1799 മെയ് നാലിന് ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞു ബ്രീട്ടീഷ് സൈനികരാൽ വധിക്കപ്പെടുന്നതുവരെയുള്ള നീണ്ട പതിനേഴു വർഷത്തെ  കാലഘട്ടമാണ് നോവലിന്റെ കഥാ പരിസരം. കഥാ സന്ദർഭത്തിനനുസരിച്ചു ടിപ്പുവിന്റെ അതിദീർഘങ്ങളായ കത്തിടപാടുകളൂം, രേഖപ്പെടുത്തപ്പെട്ട സ്വപ്നങ്ങളും അതേപടി ഈ നോവലിൽ ചേർത്തപ്പെട്ടിട്ടുണ്ടെങ്കിലും വാൾത്തലപ്പു കൊണ്ടെഴുതിയ ജീവിതം  ടിപ്പുവിന്റെ യഥാതഥമായ ഒരു ചരിത്രമല്ല വരച്ചിടുന്നത് എന്ന് ഒരു മുന്നറിയിപ്പ് എഴുത്തുകാരൻ തന്നെ തരുന്നുണ്ട്.

യുദ്ധത്തിന്റെ തിരക്കുകളൊഴിഞ്ഞ ഏതോ ഒരു രാത്രി പൊന്നാനി പുഴയുടെ മണൽ വിരിച്ചിട്ട പായയിൽ തന്റെ ഭൂതകാലത്തെ കുറിച്ച് സ്വപ്നം കണ്ടു കിടക്കുന്ന ടിപ്പുസുൽത്താനെ വിവരിച്ചുകൊണ്ടാണ് നോവൽ തുടങ്ങുന്നത്. മനുഷ്യ സ്നേഹിയായ, യുദ്ധത്തെ ഇഷ്ടപ്പെടാത്ത,രാജ്യാധികാരം താലപര്യമില്ലാഞ്ഞിട്ടും സാഹചര്യത്തിന്റെ ആവശ്യകത കൊണ്ട് മാത്രം സിംഹസനത്തിലേറുന്ന ഒരു ടിപ്പുവിനെയാണ്  നോവലിലുടനീളം നമുക്ക് കാണാണാനാകുക. നോവലിൽ അറുപതിൽ പരം കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും നോവലിനു വേണ്ടി പുതുകഥാപാത്രങ്ങളെ ഇറക്കുമതി ചെയ്തിട്ടില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ടിപ്പുവിന്റെ അന്ത്യ നിമിഷങ്ങൾ വിവരിച്ചിരിക്കുന്നത് അതി മനോഹരമായായാണ്. 

മലബാറിലെ ഒരു നട്ടുച്ച എന്ന അദ്ധ്യായത്തിൽ ടിപ്പു സുൽത്താനെ ഒരു ‘വല്ലാളി’ വീരൻ എന്ന് വിശേഷിപ്പിച്ചു കണ്ടു. വില്ലാളി വീരൻ എന്നായിരിക്കണം ഉദ്ദേശിച്ചത് എന്നു തോന്നുന്നു. എങ്കിലും ടിപ്പു വില്ലൂപയോഗിച്ചിരുന്നുവോ എന്നു വ്യക്തമല്ല . നാട്ടിൻപുറത്തെ രണ്ടു പേർ തമ്മിലുള്ള വെറുമൊരു സംസാരത്തിൽ കടന്നു വരുന്നതാണീ വിശേഷണം. നോവലിലെ നീണ്ട വാചകങ്ങൾ രസംകൊല്ലിയായി തോന്നുന്നുണ്ട്. അവ മിക്കതും വായനക്കാരന്റെ ക്ഷമയെ പരീക്ഷിക്കുന്നതുമാണ്. ഉദാഹരണത്തിന് 115 ആം പേജിലെ “മഹാസേനയുടെ മുന്നേറ്റം… എന്നു തുടങ്ങുന്ന ബ്രിട്ടീഷ് ക്യാമ്പ് എന്ന അദ്ധ്യായത്തിലെ ഒരു വാചകം അവസാനിക്കുന്നത് 117 ആം പേജിലാണ്. മാരത്തോൺ വാചകമായി പോയി അത്. അവിടെ തുടക്കത്തിൽ ചിലയിടങ്ങളിൽ പൂർണ്ണ വിരാമത്തിന് പകരം കോമ യാണ് ഉപയോഗിച്ചിരിക്കുന്നത്. അത്  പൂർണ്ണ വിരാമമാണെന്ന് വായനക്കാർ സങ്കൽപ്പിച്ചാൽ തന്നെയും പേജുകൾ പലതു മറിക്കേണ്ടി വരും ആ വാചകമൊന്നു അവസാനിച്ചു കാണാൻ. 

മഹാ സംസ്കാരങ്ങളുടെ വിളനിലമായ ഈ ഭാരതത്തെ ദുർബലപ്പെടുത്തിയത്  രണ്ടു തരം പ്രവർത്തികളാണ്. ഒന്ന് സഹോദരങ്ങൾ തമ്മിലുള്ള കുടിപ്പക. അതിനു മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രം തന്നെ മികച്ച ഉദാഹരണം. രണ്ടാമത്തേത്  അയ്യൽരാജ്യങ്ങൾ തമ്മിലുള്ള കുടിപ്പകയും പരസ്പരമുള്ള വിശ്വാസരാഹിത്യവും അതു രണ്ടും കൊണ്ടുണ്ടാകുന്ന വിശ്വാസ വഞ്ചനയുമാണ്. ടിപ്പുവിന് ആദ്യത്തെതിൽ നിന്നും വെല്ലുവിളി ഒട്ടും തന്നെയുണ്ടായില്ല. വെല്ലുവിളിയേറെയും അയൽരാജ്യങ്ങളിൽ നിന്നും , സ്വന്തം കൂട്ടത്തിലെ ഒറ്റുകാരിൽ നിന്നുമായിരുന്നു. ഇനിയും വേണ്ടവിധം എഴുതപ്പെടാത്ത ഒരു ചരിത്രം ബാക്കിയുണ്ട് ടിപ്പുവിന്. 

ഗ്രിഗറി ഡേവിഡ് റോബെർട്സിന്റെ ശാന്താറാം എന്ന നോവൽ മലയാളത്തിലേക്ക് പരിചയപ്പെടുത്തിയ കെ പി ഉണ്ണിയുടെ ഒരു ഉജ്ജ്വല നോവൽ തന്നെയാണ് ലോഗോസ് പുറത്തിറക്കിയ വാൾത്തലപ്പു കൊണ്ടെഴുതിയ ജീവിതം എന്ന നോവൽ. വില 230 രൂപ. 

എന്റെ ഗ്രന്ഥശാല

 

വായനശാലയെ കുറിച്ചു പറയുമ്പോൾ നിങ്ങളുടെ മനസ്സിൽ ആദ്യം കടന്നു വരുന്നതെന്താണ്?
ആദ്യമായി ലൈബ്രറിയിൽ പോയ ദിവസം,അല്ലെങ്കിൽ ആദ്യമായി ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകം, കളഞ്ഞു പോയ ലൈബ്രറി പുസ്തകം, അതുമല്ലെങ്കിൽ നാട്ടിൽ ആദ്യമായി ലൈബ്രറി വന്ന ദിവസം.. വായനശാലയിൽ നടത്തിയ നിരവധി ചർച്ചകൾ,പദ്ധതികൾ,അന്വേഷണങ്ങൾ.അങ്ങനെയങ്ങനെ ഓർത്തിരിക്കാൻ തക്കവണ്ണം എന്തെങ്കിലുമൊക്കെ ഉണ്ടാകില്ലേ?
ഗ്രന്ഥാലോകം 2020 ജനുവരി ലക്കത്തിൽ എന്റെ ഗ്രന്ഥശാല എന്ന പംക്തിയിൽ അർഷാദ് ബത്തേരി എഴുതിയിരിക്കുന്നു, പുസ്തകം വായിക്കുന്നവരെല്ലാം നടന്നു പോകുന്ന വായനശാലകളാണെന്നു സങ്കല്പിക്കാറുണ്ടെന്ന്.


ആരാധനാലയങ്ങൾ പുതുക്കി പണിതും, ഭയപ്പെടുത്തിയും, ഉയരത്തിൽ കെട്ടിപൊക്കിയും, ലഹരി നുകരുന്ന ഒരു സമൂഹമായി നമ്മൾ പെരുകുന്ന കാലത്തു വായനശാലയുടെ അനിവാര്യതയെ കുറിച്ചും മുക്കിലും മൂലയിലും പുസ്തകങ്ങൾ വായിക്കാനുള്ള ഇടങ്ങൾ ഒരുക്കേണ്ടതിനെക്കുറിച്ചും നാം നിരന്തരം ഒച്ചവെക്കേണ്ട കാലമാണിത് എന്നു കൂടി പറഞ്ഞു വെക്കുന്നുണ്ട് അദ്ദേഹം. കൂടാതെ അദ്ദേഹത്തിന്റെ നിറം മങ്ങാത്ത വായനശാല ഓർമകളും പങ്കു വെച്ചിട്ടുണ്ട്.
പങ്കു വെയ്ക്കാമോ സ്വന്തം വായനശാലയെക്കുറിച്ചുള്ള നിങ്ങൾക്കുള്ള അനുഭവങ്ങൾ?

അസ്ഥികൾക്കുമേൽ ഉഴുതുമറിക്കട്ടെ നിന്റെ കലപ്പകൾ- ഓള്‍ഗ ടോകാര്‍ചുക്


സമകാലീന സാഹിത്യത്തിൽ‌ ഓള്‍ഗ ടോക്കാർ‌ചുക്കിനെ ശ്രദ്ധേയമാക്കിയ ഒരു കൃതിയാണ് അസ്ഥികൾക്കുമേൽ ഉഴുതുമറിക്കട്ടെ നിന്റെ കലപ്പകൾ എന്ന നോവൽ. 

2009 ൽ ആദ്യമായി പോളിഷ് ഭാഷയിൽ (Prowadź swój pług przez kości umarłych) പ്രസിദ്ധീകരിച്ചതും പിന്നീട് അന്റോണിയ ലോയ്ഡ്-ജോൺസ് Drive Your Plow Over the Bones of the Dead എന്ന പേരിൽ ഇംഗ്ലീഷിലിലേക്കു  വിവർത്തനം ചെയ്തതുമാണ് ഈ പുസ്തകം.

ഉദ്വേഗം , ചെറു ഹാസ്യം, രാഷ്ട്രീയം  എന്നീ ഘടകങ്ങൾ  ഒരു കൂട്ടുത്തരവാദിത്തത്തോടെ നോവലിൽ സമന്യയിപ്പിക്കാൻ   എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട്. 

പ്രകൃതിയെക്കുറിച്ചുള്ള സമകാലിക  ആശങ്കകളെയും അതിൽ മനുഷ്യർ ചെലുത്തുന്ന അസാധാരണ സ്വാധീനത്തെയും തന്റെ സാഹിത്യകൃതിയിലൂടെ കൃത്യമായി പ്രതിഫലിപ്പിക്കാൻ എഴുത്തുകാരി ക്കു സാധിച്ചിട്ടുണ്ട്. 

 നോവലിലെ കേന്ദ്ര കഥാപാത്രവും ആഖ്യാതാവുമായ  ജനീന ദസ്ജെയ്‌കോ , ചെക്ക്-പോളിഷ് അതിർത്തിയിലെ  ആളൊഴിഞ്ഞ പോളിഷ് ഗ്രാമത്തിൽ താമസിക്കുന്ന പ്രായം ചെന്ന സ്ത്രീയാണ് , അവർ  മൃഗങ്ങളോട് അത്യധികം  അഭിനിവേശമുള്ളവരും , വിദ്യാസമ്പന്നയായയുമായ ഒരു  സ്ത്രീയാണ്.പോരാത്തതിന് ഒരു ജ്യോതിഷിയുമാണ്.ഒരു ചെറിയ കത്തോലിക്കാ സ്കൂളിൽ അവൾ ഇംഗ്ലീഷ് പഠിപ്പിക്കുന്നുമുണ്ട്.  വില്യം ബ്ലെയ്ക്കിന്റെ കവിതകൾ വിവർത്തനം ചെയ്യുന്നതിനും സമയം ചെലവഴിക്കുന്നയാളാണ്. 

അവരുടെ ജീവിത രീതികളിലെ പ്രത്യേകതകൾ മൂലം അവർക്കു ചുറ്റുമുള്ള മിക്കവരും  അവൾ ഒരു അരാജകത്വവാദിയാണെന്നു വിശ്വസിക്കുന്നവരാണ്. 

 ജനീനയെ ,കവി ബ്ലെയ്ക്കുമായി വളരെ അടുത്ത് ബന്ധിപ്പിക്കാനുള്ള അതിശക്തമായ ഒരു ശ്രമം എഴുത്തുകാരി നടത്തിയിട്ടുണ്ട്. പ്രകൃതിയെ മനുഷ്യർ കൈയ്യേറ്റം ചെയ്തുവെന്ന ബ്ലെയ്ക്കിന്റെ മൂർച്ചയുള്ള കുറ്റാരോപണത്തെ അംഗീകരിക്കുകയും മൃഗങ്ങളോടുള്ള മനുഷ്യരുടെ ക്രൂരതകളെ എതിർക്കുകയും ചെയ്യുന്നുണ്ട് അവർ. 

ഒരു രാത്രിയിൽ അവരുടെ അയൽവാസിയായ ബിഗ് ഫൂട്ട് മരിച്ചവിവരമറിഞ്ഞ് , ജനീനയും മറ്റൊരു അയൽവാസിയായ ഓഡ്‌ബോളും കൂടി  മൃതദേഹം ശരിയായി  കിടത്താനും തുടർപരിപാടികൾക്കും വേണ്ടി അവിടേക്കു തിരിക്കുന്നതോടെയാണ് കഥയുടെ തുടക്കം. 

താൻ കെണി വെച്ച് പിടിച്ച മാനിന്റെ എല്ലു അത്താഴ വേളയിൽ തൊണ്ടയിൽ കുടുങ്ങി  ശ്വാസം മുട്ടിയാണ് ബിഗ് ഫൂട്ട് മരണപ്പെടുന്നത് . ജനീനയെ സംബന്ധിച്ചിടത്തോളം ഈ മരണമൊരു  ദൈവിക ശിക്ഷയാണ്. 

നാളുകൾക്കു ശേഷം വീണ്ടുമൊരാൾ കൊല്ലപ്പെട്ടു.  കിണറ്റിൽ  വീണു മരിച്ച  നിലയിലാണ് ഒരാളെ  കണ്ടെത്തിയത് . കൊലപാതകമാണെന്നുള്ള സംശയത്തിനെ ശക്തിപ്പെടുത്തികൊണ്ട് പല  തെളിവുകളും കിട്ടുന്നു. എന്നാൽ മറ്റു ചില തെളിവുകളുടെയും ജ്യോതിഷത്തിന്റെയും സഹായത്തോടെ ഇത് ചെയ്യുന്നത്  മൃഗങ്ങളാണെന്ന് ജനീന പോലീസിനോട് പറയുന്നു. മൃഗങ്ങളോട് പ്രതികാരം ചെയ്യുന്നവരെ  മൃഗങ്ങൾ  വേട്ടയാടും എന്നവർ വിശദീകരിക്കുന്നു.

അവരുടെ വെളിപ്പെടുത്തലുകളെ  സാധൂകരിച്ചുകൊണ്ടു പലയിടങ്ങളായി നിരവധി പേർ ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. എല്ലാ  കൊലപാതക സീനിലും   പലവിധ മൃഗങ്ങളുടെയും ജീവികളുടെയും കൊലപതകവുമായി ബന്ധിപ്പിക്കുന്ന സാന്നിധ്യമുണ്ടുതാനും.  ബ്ലേക്കിന്‍റെ കവിതകളുമായി മുന്നോട്ടു നീങ്ങികൊണ്ടിരുന്ന വായനക്കാർ  പൊടുന്നനെ  ഒരു കൊലപതക കഥയുടെ ലോകത്തേക്ക്  വഴുതി വീഴുകയാണ്. 

ആളുകളെ അവരുടെ പേരുകളിൽ പരാമർശിക്കുന്നതിൽ വിമുഖതയുള്ളതുകൊണ്ടു അവർ മറ്റു കഥാപാത്രങ്ങളെ വിളിക്കുന്ന പേരുകൾ വിചിത്രങ്ങളാണ് .  ഓഡ്ബോൾ, ബിഗ് ഫുട്ട്, ഡിസ്സി, ഗുഡ് ന്യൂസ്, ബ്ലാക്ക് കോട്ട്.  എന്നിങ്ങനെ പോകുന്നു അവ. അവരുടെ എല്ലാ പരിചയക്കാർക്കും ഇതുപോലെയുള്ള രസകരമായ വിളിപ്പേരുകളാണുള്ളത്.ഇവരെ കൂടാതെ വളരെ ചുരുക്കം കഥാപാത്രങ്ങളെ ഈ നോവലിൽ ഉള്ളൂ. 

വേട്ടയാടപ്പെടുന്നവരെക്കാൾ വേട്ടക്കാർക്ക് പ്രത്യേക പരിഗണന നൽകുന്ന ഒരു സമൂഹത്തിൽ ജനീനയുടെ ഇടപെടലുകൾ കൃത്യമാണ് . മൃഗങ്ങളുടെ കൊലപാതകം നിയമവിധേയമാക്കുകയും എന്നാൽ മനുഷ്യരുടെ കൊലപാതകത്തെ കുറ്റകരമാക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിലാണവർ കഴിയുന്നത്.  ജനീനയുടെ സ്ഥാനത്ത്‌ നമ്മളാണെങ്കിൽ ഇത്തരം വിഷയങ്ങളിൽ എങ്ങനെയാകും പ്രതികരിക്കുകയും ഇടപെടുകയും ചെയ്യുക എന്നതായിരിക്കും  ഈ നോവൽ നമ്മോടുയർത്തുന്ന ചോദ്യം. നോവലിന് ഒരു ആത്മീയ ഭാവം കൈവരുന്നത് വില്ല്യം ബ്ലെയ്ക്കിന്റെ കവിതകളിലൂടെയാണ്. എല്ലാ അദ്ധ്യായങ്ങളുടെയും തുടക്കത്തിൽ അദ്ദേഹത്തിന്റെ കവിത ചേർത്തിരിക്കുന്നു. നോവലിന്റെ പേരും അദ്ദേഹത്തിന്റെ കവിത തന്നെ!

 മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് സുരേഷ് എം ജി യാണ്.  പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ഗ്രീൻബുക്‌സും , വില 340  രൂപ. 

മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ കഥകൾ – ഡോയൽ ജൂനിയറിന്റെ അലക്സി കഥകൾ

 

കുറ്റാന്വേഷണ കഥകൾക്ക് ഇപ്പോൾ പുഷ്കല കാലമാണ് മലയാളത്തിലിപ്പോൾ. ആ  കാലത്തിലെ  ഇങ്ങേ അറ്റത്തു നിൽക്കുന്ന എഴുത്തുകാരനിലൊരാളാണ് രഞ്ജു കിളിമാനൂർ. സീസൺ ആകുമ്പോൾ പടച്ചുവിടുന്ന നൂറുകണക്കിന്  എഴുത്തുകൾക്ക് നടുവിൽ നിൽക്കുന്ന വായനക്കാർക്ക്  ഏതേടുക്കണം എന്നുള്ള ഒരു ആശയകുഴപ്പം ഉണ്ടാകാറുണ്ട്. ആ ആശയകുഴപ്പം കഥകളുടെ നിലവാരത്തെപറ്റിയാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. കാശുകൊടുത്ത് വാങ്ങിക്കുന്ന സാധാനത്തിന് അത് പുസ്തകമായാലും ,മറ്റെന്തായാലും നഷ്ടം വരാൻ ആരും ആഗ്രഹിക്കില്ലല്ലോ. 

ഫേസ്ബുക്കിലെ ഒരു പോസ്റ്റ് കണ്ടാണ് രഞ്ജു കിളിമാനൂരിന്റെ ‘ഡോയൽ ജൂനിയറിന്റെ അലക്സി കഥകൾ’ എന്ന പുസ്തകം വായിക്കുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ കഥകൾ എന്ന പുസ്തകത്തിന്റെ  പുറം ചട്ടയിലെ വാചകമാണ് സത്യം പറഞ്ഞാൽ ആ പുസ്തകത്തെ ശ്രദ്ധിക്കാൻ തന്നെ കാരണം.പുസ്തകം വിറ്റുപോകാനുള്ള ഇതിനേക്കാൾ മുന്തിയ പരസ്യങ്ങൾ മുന്പ്  പലതവണ കണ്ടിട്ടുള്ളതുകൊണ്ടു അത്തരം അമിത പ്രതീക്ഷകളെ ഒരു മൂലയ്ക്കിരുത്തിക്കൊണ്ടാണ് വായന തുടങ്ങിയത്. 

വായനക്കാരിൽ ഉദ്വേഗം സൃഷ്ടിച്ച് അടുത്തത് ഇനി എന്തായിരിയിക്കും സംഭവിക്കുക എന്ന ആകാംക്ഷ തരുന്ന തരത്തിൽ എഴുതുവാൻ കഴിയുക എന്നത് തന്നെയാണ് ഈ വിഭാഗത്തിലെ ഒരു പൊതു എഴുത്തു രീതി. പക്ഷേ അങ്ങനെ എഴുതി വിജയിക്കണമെങ്കിൽ സൂക്ഷ്മമവും ,പിഴവില്ലാത്തതുമായ ഒരു എഴുത്തു രീതി ആവശ്യമാണ്. അല്ലെങ്കിൽ എട്ടു നിലയിൽ പൊട്ടിപോകുന്ന ഒരു വിഭാഗമാണിത്.

ഹോംസിന്റെ കഥകളോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഡിറ്റക്ടീവ് കഥകളെഴുത്തുവാൻ എഴുത്തുകാരന് പ്രചോദനമായത് എന്നു ആമുഖ്യത്തിൽ കണ്ടു. ഈ പുസ്തകം  വായിക്കുന്നവർക്ക് അതെളുപ്പം പിടികിട്ടും. ഹോംസ്-വാട്സൻ കോമ്പിനേഷൻ പോലെ ഒരു കൂട്ടുകെട്ട് അലക്സി കഥകളിലും കാണാം, അലക്സി എന്ന പ്രൈവറ്റ് ഡിറ്റക്ടീവും സഹായിയായ ജോൺ എന്ന ചങ്ങാതിയും ആണത്. ഹോംസ് കഥകൾ വാട്സനിലൂടെ നമ്മൾ വായിക്കുന്നതുപോലെ ,ഇതിൽ ആ റോൾ ജോൺ ഏറ്റെടുത്തിരിക്കുന്നു. 

അഞ്ചു കേസുകളാണ് ഈ  പുസ്തകത്തിലുൾപ്പെടുത്തിയിരിക്കുന്നത് . മൂന്നു ചിത്രങ്ങളുടെ രഹസ്യം എന്ന ആദ്യ കേസിൽ നിരവധി നിഗൂഡതകളുണ്ട്. അയച്ചു കിട്ടിയ ഒരു ഫോട്ടോയുടെ രഹസ്യം അന്വേഷിച്ചിറങ്ങിയ അലക്സി ,  പക്ഷേ പതിമൂന്ന് വർഷങ്ങളുടെ ഇടവേളകളിൽ അതിവിദഗ്ദമായി നടപ്പാക്കിയ മൂന്നു കൊലപാതകങ്ങളുടെ പിന്നാമ്പുറ രഹസ്യങ്ങളാണ് ചുരുളഴിച്ചിടുന്നത്.

13/ b യിലെ കൊലപാതകം എന്ന കേസിൽ ,ഹോട്ടലിൽ റൂമെടുക്കുന്ന ഒരു കുടുബത്തിലെ ഭർത്താവൊഴികെയുള്ളവർ കൊലപ്പെടുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കിയ ഈ കേസു തെളിയിക്കാൻ അലക്സി എടുക്കുന്ന നീക്കങ്ങൾ അതി ബുദ്ധിപരം തന്നെയാണ്. ഫേസ്ബുക്കും വാട്ട്സ്അപ്പും ഉപയോഗിയ്ക്കാത്ത  സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുന്ന അലക്സി പക്ഷേ കേസ് തെളിയിക്കാൻ അതേ സോഷ്യൽ മീഡിയയെ തന്നെയാണ് ആശ്രയിക്കുന്നത്. സോഷ്യൽ മീഡിയയെ നല്ല കാര്യങ്ങൾക്കു മാത്രം ഉപയോഗിക്കുക എന്നൊരു സന്ദേശം കൂടി എഴുത്തുകാരൻ ഇവിടെ മുന്നോട്ട് വെയ്ക്കുന്നുണ്ട്. 

മൂന്നാമത്തെ തുന്നികെട്ടെന്ന മൂന്നാമത്തെ കേസും അതി സങ്കീർണ്ണമാണ്. കോടീശ്വരനായ ശരത് എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. ശരീരത്തിൽ കാണുന്ന മൂന്നാമത്തെ തുന്നികെട്ടിന് മരണവുമായി ബന്ധമുണ്ടോ എന്ന അന്വേഷണം ഒരു കൊലപാതക പരമ്പരയയ്ക്കു പിന്നിലെ നിഗൂഡതകളാണ് വെളിച്ചത്തു കൊണ്ട് വരുന്നത്. എഡ്വിന് സെബാസ്റ്റായിന്റെ മാജിക് പ്ലാനെറ്റ് എന്ന കഥ മാജിക്കും നിഗൂഡതകളും , ഫ്ലാഷ് ബാക്കുകളും കൊണ്ട് സമ്പന്നമാണ്. അഞ്ചാമത്തെ കഥ സെന്റ് ജോൺസ് ചർച്ചിലെ കോൺവെന്റ് റൂമും ,വായനക്കാരിൽ  ആകാംക്ഷക്കൊപ്പം അല്പം ഭീതിയും സൃഷ്ടിക്കും. 

മുൻപു സൂചിപ്പിച്ച പോലെ കേസ് തെളിയിക്കാൻ സാമൂഹമാധ്യമങ്ങളെയും, ടെക്നോളജിയുടെ അനന്ത സാധ്യതകളും വേണ്ടുവോളം  ഉപയോഗിച്ചിട്ടുണ്ട്. ശാസ്ത്രീയ രീതികളിലെ വിവരങ്ങൾ തികച്ചും വായനക്കാരെ ബോധ്യപ്പെടുത്തുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. യുക്തിയും, ബുദ്ധിയും, കെമികൽ സയൻസ് പോലുള്ള വിഷയങ്ങളും കേസുകളിൽ വേണ്ടുവിധം ഉപയോഗിച്ചിട്ടുണ്ട്. അതതു വിഷയങ്ങൽ  സാമാന്യ ജ്ഞാനമില്ലാതെ ഇത്തരം കാര്യങ്ങൾ എഴുതി പൊലിപ്പിക്കാൻ സാധ്യമല്ല. ഉദാഹരണത്തിന് ക്യാപ്സുൾ വെള്ളത്തിൽ ലയിക്കും ,പക്ഷേ രക്തത്തിൽ ലയിക്കുമോ എന്നത്തിന്റെ വിവരണം തന്നെ. കേസിൽ നിർണ്ണായകമയ ഒരു വിഷയമായിരുന്നു അത്. 

വായനക്കാരെ രണ്ടു മൂന്നു മണിക്കൂർ ഒരു പുസ്തകത്തിൽ തന്നെ പിടിച്ചിരുത്തുക എന്നത് നിസ്സാര കാര്യമല്ല. വായനാ സുഖവും , വ്യത്യസ്തങ്ങളായ കേസുകളും , അന്വേഷണ മാർഗ്ഗങ്ങളും ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. എഴുത്തുകാരന്റെ ബ്രില്ല്യൻസ് എന്നൊന്ന് ഇതിൽ കാണാം. അലക്സി കഥകളുടെ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് . രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാനും. 

ജി ആർ ഇന്ദുഗോപന്റെ വാട്ടർബോഡി-വെള്ളം കൊണ്ടുള്ള ആത്മകഥ

 

വായനക്കാരെ തന്നിലേക്ക് വലിച്ചടുപ്പിക്കാൻ കഴിയുന്ന ഒരു പ്രത്യേകതരം  എഴുത്തുരീതിയാണ്  ജി ആർ ഇന്ദുഗോപന്റെത് .ഭാഷാപോഷിണിയിയിലും,മാതൃഭൂമി ആഴ്ചപ്പതിപ്പിലുമൊക്കെ പ്രത്യക്ഷപ്പെട്ട കഥകളിലൂടെയാണ് ആ എഴുത്തുകാരനെ വായിച്ചു തുടങ്ങിയത്. പതിയെ പതിയെ അദ്ദേഹത്തിന്റെ മറ്റു കൃതികളിലേക്കും അന്വേഷണമായി. പുസ്തകമെടുത്താൽ അതു തീരാതെ  താഴെ വെയ്ക്കാൻ തോന്നിക്കാത്ത വിധമുള്ള രചനാ വൈഭവമാണദ്ദേഹത്തിന്റേത് എന്നാണ്  എനിക്കനുഭവപ്പെട്ടിട്ടുള്ളത്.ഇന്ദുഗോപന്റെ ആ ഭാഷാ സൗന്ദര്യത്തെ കുറിച്ച് പ്രത്യേക മുഖവുര ആവശ്യമില്ലല്ലോ. 

കഴിഞ്ഞ നാലു ദശകങ്ങളായി നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്താണെന്നു ഒരു കൊച്ചു കുട്ടിയുടെ ഔൽസുക്യത്തോടെ തിരിഞ്ഞു നോക്കുകയാണ് വാട്ടർബോഡി -വെള്ളം കൊണ്ടുള്ള ആത്മകഥ എന്ന ഈ നോവലിലൂടെ ഇന്ദുഗോപൻ.പ്രകൃതിയിൽ നിന്നും തിരിഞ്ഞു നടക്കുന്ന മനുഷ്യന്റെ ഇന്നത്തെ അവസ്ഥ വളരെ വ്യക്തമായി വരച്ചു കാട്ടുന്നുണ്ട് എഴുത്തുകാരൻ. ഇത് വായിക്കുമ്പോൾ എഴുത്തുകാരന്റെ ചിന്തകളുമായി നമ്മൾ എളുപ്പം പൊരുത്തപ്പെട്ടു‌പോകും, ഒരു പക്ഷെ അങ്ങനെ തോന്നിപ്പിക്കുന്നതിൽ അയാൾ വിജയിച്ചിരിക്കുന്നു എന്ന് വേണം പറയാൻ.  

ഇതിലെ അദ്ധ്യായങ്ങൾക്കും വെള്ളവുമായി ബന്ധപ്പെട്ട ജീവികളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. കുള അട്ടകൾ,മാക്രി,ഞണ്ട്,ചള്ള,മുരൾ മീൻ,പുളവൻ,മുശി എന്നിങ്ങനെ പോകുന്നു പേരുകൾ.  

മണ്ണും വെള്ളവും തമ്മിലുള്ള മനുഷ്യന്റെ ആത്മബന്ധത്തിന്റെ തീവ്രത നോവലിലുടനീളം കാണാം.വൈദ്യൻ ഒരിക്കൽ അയാളോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് , കുളയട്ടയെ കണ്ടിട്ടുണ്ടോ എന്ന്? ഇന്നത്തെ പുതുതലമുറയിലെ എത്ര കുട്ടികൾക്കു അതിനു കണ്ടിട്ടുണ്ടെന്നു മറുപടി പറയാൻ  കഴിയും? 

മറ്റൊരു രസകരമായ എന്നാൽ ചിന്തിക്കേണ്ടിയിരിക്കുന്ന മറ്റൊരു നിരീക്ഷണം മാക്രി എന്ന അധ്യായത്തിൽ കാണാം. ഡിസംബർ ജനുവരി മാസങ്ങളിൽ വീട്ടിലെ വെളിച്ചെണ്ണ ഉറച്ചു കട്ടി പിടിച്ചിരിക്കും. മടൽപ്പൊളി കൊണ്ട് തോണ്ടി എടുക്കണം എന്ന് പറയുന്നുണ്ട്.   അത്തരമൊരു അനുഭവം ഇതു വായിക്കുന്ന മിക്കവർക്കും ഒരു പത്തു വർഷങ്ങൾക്കു മുൻപേ ഉണ്ടായിട്ടുണ്ടാകും. ശരിയല്ലേ ?

വെളിച്ചെണ്ണ ഉരുകി കിട്ടാൻ വെയിലത്തോ ,പാതാമ്പുറത്തോ  കൊണ്ടു വെയ്ക്കുകയാണ് പതിവ്. എന്നാൽ ഇപ്പോഴോ? കാലാവസ്ഥയുടെ സ്വഭാവം മാറിയിരിക്കുന്നു. കോൺക്രീറ്റ് വീട്ടിൽ ഏതു തണുപ്പ് കാലത്തും വെളിച്ചെണ്ണ ഉറഞ്ഞു കണ്ടിട്ടില്ല. 

ജലം കേന്ദ്ര കഥാപാത്രമായി വരുന്ന ഒരു നോവൽ വായനാനുഭവം ആദ്യമായിട്ടാണെന്നാണ് എനിക്കു തോന്നുന്നുന്നത് .  ജലം കൊണ്ട് സഞ്ചരിക്കുന്ന വയലെന്ന ജീവനാഡി ,വെള്ളമില്ലാത്ത അവസ്ഥയിൽ എത്തിപ്പെടാൻ നാമൊക്കെ തന്നെയാണ് കാരണക്കാർ. നോവൽ പറഞ്ഞു വെയ്ക്കുന്ന സന്ദേശവും , മുന്നറിയിപ്പും അത് തന്നെയാണ്. 

എഴുത്തുകാരൻ തന്റെ  കുട്ടിക്കാലം ചിലവഴിച്ച, വെള്ളത്തിന്റെ ചൂരു മാറാത്ത വയലിന്റെയും , വീടിന്റെയും കഥ പറയുമ്പോൾ വായനക്കാരും തങ്ങളുടെ ഭൂതകാലകുളിരിലേക്കു ഊളയിടും എന്നുറപ്പാണ്. പ്രകൃതിയെ അറിയാനും , പുതുതലമുറയ്ക്ക് അവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി കൊടുക്കുവാനും  വേണ്ടത്ര പ്രാധാന്യത്തോടെ ഈ പുസ്തകം എല്ലാവരും വായിക്കുകയും , വായിക്കാൻ പ്രേരിപ്പിക്കുകയും വേണം.സാമൂഹ്യ പ്രതിബദ്ധതയുള്ള രചനകൾ  എന്ന് പറഞ്ഞു കേൾക്കാറില്ലേ . തെല്ലും സംശയമില്ലാതെ പറയാം. ഇതാണ് ആ പുസ്തകം. 

ചിന്താ പബ്ലിഷേർഴ്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.