ഏറ്റവും വൈശിഷ്ട്യമുള്ളതാണ് മനസ്സിലാക്കാൻ ഏറ്റവും പ്രയാസമായിട്ടുള്ളത്. പാവങ്ങളിലെ ഒന്നാം പുസ്തകത്തിലെ ഒരു വാചകമാണിത്. എനിക്കു വായിച്ചു മനസ്സിലാക്കാൻ സമയമെടുത്തതും ,ഇതുവരെ വായിച്ചതിൽ ഏറ്റവും വലിയ പുസ്തകവും പാവങ്ങൾ തന്നെയാണ്. പാവങ്ങളുടെ സംഗ്രഹീത പതിപ്പുകൾ നിരവധി കണ്ടിരുന്നെങ്കിലും , നോവലിനെ അതിന്റെ പൂർണ്ണരൂപത്തിൽ തന്നെ വായിക്കണമെന്നുള്ള ഒരാഗ്രഹമുണ്ടായിരുന്നതുകൊണ്ട് വായിക്കാനെടുത്തത് മാതൃഭൂമി പുറത്തിറക്കിയ നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത മലയാളം പതിപ്പു തന്നെയായിരുന്നു.
വിക്ടർ യൂഗോയുടെ ക്ലാസ്സിക് കൃതിയായ പാവങ്ങൾ ഇത്രയും നാൾ വായിക്കാത്ത ഒരേയൊരു ആൾ ചിലപ്പോൾ ഞാൻ മാത്രമായിരിക്കണം.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ പ്രക്ഷുബ്ധമായ ഫ്രാന്സും, പാരീസുമൊക്കെയാണ് കഥാ പശ്ച്ചാത്തലം. അതുകൊണ്ടു തന്നെ അക്കാലത്തെ ഫ്രഞ്ച് രാഷ്ട്രീയവും, ദാർശനിക പ്രശ്‌നങ്ങളും അതിവിപുലമായി തന്നെ നോവലിൽ വരച്ചു ചേർത്തിട്ടുണ്ട് യൂഗോ. നോവൽ വായനയിലെ ചിലയിടങ്ങളിൽ ഇത്തരം വിഷയങ്ങളെ കുറിച്ചുള്ള തത്വചിന്താപരമായ നീണ്ട കുറിപ്പുകൾ നമ്മെ എവിടെയൊക്കെയോ കൊളുത്തി വലിക്കുമെങ്കിലും , അതിന്റെ ബാഹുല്യം മടുപ്പിക്കുന്നുമുണ്ട്.
അത് ചിലപ്പോൾ എന്റെ വായനയുടെ പരിമിതിയോ, പോരായ്മയോ ആകാനും സാധ്യതയുണ്ട്.
പത്തൊമ്പതു കൊല്ലത്തെ ജയിൽ വാസവും കഴിഞ്ഞ്, അത്രയും കാലം തടവിൽ കിടന്ന് പണി ചെയ്തുണ്ടാക്കിയ 150 ഫ്രാങ്കും ,15 സൂവുമായി പുറത്തുവരുന്ന ഴാങ് വാൻ ഴാങ് ( ഈ പുസ്തകത്തിൽ പേര് ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്) തന്നെയാണ് നോവലിലെ കേന്ദ്ര കഥാപാത്രം എന്നുവേണമെങ്കിൽ പറയാം. 1795 ലെ ഫെവറോളയിലെ പള്ളിക്കടുത്ത് ,അപ്പം ചുട്ടു വിൽക്കുന്ന മോബേർ ഇസബോയുടെ കടയിൽ നിന്നും,നീണ്ട നാളത്തെ വിശപ്പും താങ്ങിയിരിക്കുന്ന തന്റെ പെങ്ങളുടെയും , അവരുടെ നിരവധി മക്കളുടെയും വയർ നിറയക്കാൻ തട്ടിയെടുക്കപ്പെട്ട ഒരപ്പത്തിന്റെ പേരിലാണ് അയാൾ ജയിലിലാകുന്നത്. ഭവന ഭേദനത്തിനും,അതിക്രമിച്ചു കേറിയതിനും നീണ്ട വർഷത്തെ തണ്ടു വലി ശിക്ഷയ്ക്കു അയാൾ അയക്കപ്പെടുകയും ചെയ്യുന്നു. പിന്നീട് നടത്തിയ രണ്ടോ മൂന്നോ ജയിൽ ചട്ട ശ്രമങ്ങളാണ് അയാളുടെ ജയിൽ വാസം 19 വർഷമായി നീളുന്നത്.
എന്നാൽ തിരികെയെത്തിയ വാൻ ഴാങ്ങിനെ ആരും സ്വീകരിക്കുന്നില്ല. കൈയ്യിൽ ആവശ്യത്തിന് പണമുണ്ടായിട്ടും ഹോട്ടലിൽ മുറികൊടുക്കാനോ , ഭക്ഷണം കൊടുക്കാനോ ആരും തയ്യാറാകുന്നില്ല. ‘അതിഭീകരനായ ‘ കുറ്റവാളിയായാണ് സമൂഹം അയാളെ കാണുന്നത്.
ഫ്രാൻസിലെ ആ സമയത്തെ ഒരു പുരോഹിതനായ മോൺസിയർ മരിയൽ മാത്രമേ അയാളെ വീട്ടിലേക്കു ക്ഷണിക്കുന്നുള്ളൂ. പക്ഷേ അന്നത്തെ രാത്രി അയാൾ അവിടുത്തെ വെള്ളി പാത്രങ്ങൾ മോഷ്ടിച്ച് കടന്നു കളയുകയാണ് ചെയ്യുന്നത്. പുരോഹിതൻ പൊലീസിനെ വിളിക്കുന്നില്ലെങ്കിലും അയാൾ പിടിക്കപ്പെട്ട് പുരോഹിതന്റെ വീട്ടിലെത്തുന്നു. പക്ഷേ അയാളുടെ നന്മയെ കരുതി പുരോഹിതൻ കള്ളം പറഞ്ഞു ഴാങ് വാൻ ഴാങ്ങിനെ രക്ഷപ്പെടുത്തുന്നു.
ഴാൻ വാൻ ഴാങ്ങിന്റെ സംഭവ ബഹുലമായ ജീവിതമാണ് പിന്നീട് കാണാനാവുക.
തന്നിലെ കുറ്റവാളിയെ അയാൾ എങ്ങനെ തന്റെ പ്രവർത്തികളിലൂടെ ശുദ്ധീകരിക്കാൻ ശ്രമിക്കുന്നുവെന്നും , എപ്പോഴൊക്കെ അയാൾ അതിൽ വിജയിക്കുന്നുവെന്ന് തോന്നുന്നുവോ അപ്പോഴൊക്കെ നിയമവും വിധിയും വേട്ടയാടപ്പെടുന്നതും നോവലിൽ കാണാം. സ്വയം വിമർശിക്കുകയും അതിലൂടെ ധാർമികതയെ അടയാളപ്പെടുത്തുകയും ചെയ്യുന്ന ഒരാളായി അയാൾ മാറിയിരുന്നു.
ഒരുപക്ഷേ അങ്ങനെ അല്ലായിരുന്നെങ്കിൽ അയാളെ ഒരിക്കലും ആർക്കും തൊടാനാവില്ലായിരുന്നു. മോൺസ്സിയർ മദലിയെൻ എന്ന പേരിൽ മേയർ സ്ഥാനത്ത് അയാൾ വളരെ സുരക്ഷിതനായിരുന്നു. പക്ഷേ ആരിൽ നിന്നു രക്ഷപ്പെട്ടാലും സ്വയം രക്ഷപ്പെടാൻ കഴിയില്ല എന്നൊരു വെളിപാട് അയാൾക്കുണ്ടായിരുന്നുവെന്ന് തോന്നുന്നു.
എന്നാൽ ഇതിൽ നിന്നും നേരെ ചിന്താഗതിയുള്ളയാളാണ് ഇൻസ്പെക്ടർ ഴാവേർ. ഒരാൾ നിയമത്തിലൂടെ മാത്രമേ നീതീകരിക്കപ്പെടുകയുള്ളൂ എന്നു വിശ്വസിക്കുന്ന ഒരു മനുഷ്യൻ. അങ്ങനെ വ്യത്യസ്ത അടരുകളുള്ള കഥാപാത്രങ്ങളുടെ ഒരു നീണ്ട നിരതന്നെ ഈ നോവലിലുണ്ട്.
ഒരു കുറ്റവാളിയിൽ നിന്ന് ഒരു മനുഷ്യസ്‌നേഹിയായി മാറുന്ന ഴാൻ വാൻ ഴാങിന്റെ പരിവർത്തനം ഹ്യൂഗോ നോവലിൽ അടയാളപ്പെടുത്തിയിരിക്കുന്നത് സ്നേഹമമെന്ന വികാരത്തിലൂടെയാണ് . മറ്റുള്ളവരെ കൂടി സ്നേഹിക്കാൻ ശീലിക്കുന്നവന് മാത്രമേ സ്വയം മെച്ചപ്പെടുത്താൻ കഴിയൂ എന്നു ഴാങ് വാൻ ഴാങ്ങിനെ മുൻനിർത്തിക്കൊണ്ട് യൂഗോ സ്ഥാപിക്കുന്നുണ്ട്.
കൊസത്തിനെ കൂടെ കൂട്ടിയതിനുശേഷമുള്ള അയാളുടെ ജീവിതം തന്നെ അതിന്റെ ഉദാഹരണമാണ്. തന്നെക്കാൾ ഭാരം കൂടിയ വെള്ളം നിറച്ച ഒരു ബക്കറ്റുമായി ഏന്തി വലിച്ചു നടക്കുന്ന ഒരു ആറു വയസ്സുകാരി പെണ്കുട്ടിയുടെ കൈയ്യിൽ പിടിച്ചു അയാൾ രക്ഷപ്പെടുത്തിയെടുത്തത് അയാളുടെ മകളുടെ സ്ഥാനത്തേക്കായിരുന്നു. അയാളുടെ ത്യാഗവും സ്നേഹവും തന്നെയാണ് നോവൽ വായിച്ചു അടച്ചു വെയ്ക്കുമ്പോഴും വായനക്കാരുടെ മനസ്സിൽ തങ്ങുക. മറ്റുള്ളവർക്ക് വേണ്ടി അവതരിക്കുമ്പോഴൊക്കെയും വലിയ കുഴപ്പങ്ങളിൽ വന്ന് വീണിട്ടുണ്ടയാൾ . പക്ഷേ തന്റെ ന്യായങ്ങൾക്ക് വേണ്ടി അയാൾ ഒരു വിട്ടു വീഴ്ചയും ചെയ്യുന്നുമില്ല. പശ്ചാത്തപിക്കപ്പെട്ട ഒരു പാപിയെ പോലെ അയാൾ മറ്റുള്ളവരുടെ നന്മക്കു വേണ്ടി ജീവിച്ചു.
വിദ്യാഭ്യാസം, നീതി, സ്ത്രീകളോടുള്ള പെരുമാറ്റം തുടങ്ങിയ മേഖലകളിലെ അന്നത്തെ ഫ്രാൻസിനെ ഹ്യൂഗോ രേഖപ്പെടുത്തുന്നുണ്ട് . കൊസെത്തും ,ഫൻത്തീനുമൊക്കെ കടന്നു വരുന്ന അദ്ധ്യായങ്ങൾ അത്തരത്തിലുള്ളവയാണ്.
വാട്ടർലൂ യുദ്ധത്തിലെ സംഭവങ്ങളെ കുറിച്ചും ദീർഘമായി ഇതിൽ വിവരിച്ചിട്ടുണ്ട് , യുദ്ധം എങ്ങനെയാണ് ചുരുളഴിയുന്നത് എന്നതിനെക്കുറിച്ചുള്ള വിശദമായ വിവരണം ഒരു പ്രധാന ഭാഗമായി തന്നെ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ക്രൂരമായ ഒരു സമൂഹം എങ്ങനെ ആളുകളെ നിരാശയിലേക്കും, മരണത്തിലേക്കും നയിക്കപ്പെടുന്നു എന്നത് ഫൻതീനെന്ന കഥാപാത്രത്തിലൂടെ യൂഗോ അടയാളപ്പെടുത്തിയിട്ടുണ്ട്.
അന്നത്തെ ഫ്രാൻസിലെ ശരി-തെറ്റുകളും , സ്നേഹവും-വെറുപ്പും , നന്മയും,-തിന്മയും , സമ്പന്നതയും-ദാരിദ്ര്യവും ,യുദ്ധവും-സമാധാനവും , രാജവാഴ്ചയും-ജനാധിപത്യവും എന്നു വേണ്ട മനുഷ്യനെ സംബന്ധിക്കുന്ന എല്ലാം ഈ പുസ്തകത്തിൽ നീണ്ടു പരന്നു കിടക്കുന്നുണ്ട്.
ഫ്രാൻസിലെ നീതിന്യായ വ്യവസ്ഥയുടെ അപചയം ഴാങ് വാൻ ഴാങ്ങിലൂടെ നമുക്ക് വായിച്ചെടുക്കാവുന്നതാണ്. ശിക്ഷിക്കപ്പെടേണ്ട പെരുംകള്ളന്മാർ രക്ഷപ്പെട്ടു നടക്കുകയും എന്നാൽ നിസ്സാര കുറ്റം ചെയ്യുന്നവർ കഠിന ശിക്ഷകളിൽ പെട്ട് സ്വന്തം ജീവിതം നശിപ്പിച്ചു കളയുകയും ചെയ്യുന്ന വളരെ പരിതാപകരമായ അവസ്ഥ വളരെ വിദഗ്ദ്ധമായി യൂഗോ തന്റെ നോവലിൽ വരച്ചു ചേർത്തിരിക്കുന്നു.
പാവങ്ങൾ ആദ്യമായി പ്രസിദ്ധീകരിച്ചത് 1862-ലാണ്. നാലപ്പാട്ട് നാരായണ മേനോൻ മലയാളത്തിലേക്ക് ഇത് വിവർത്തനം ചെയ്തത് 1925 ലാണ്. മലയാള സാഹിത്യത്തിലെ ഒരു നാഴികകല്ലായാണ് പാവങ്ങളുടെ വരവിനെ കണക്കാകുന്നത്. രണ്ടു വോള്യങ്ങളിലായി ആയിരത്തി അറുന്നൂറോളം പേജുകളോളമുള്ള പാവങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് മാതൃഭൂമി ബുക്സ് ആണ്. പുതിയ പതിപ്പിൽ എം മുകുന്ദന്റെ അവതാരികയുമുണ്ട്. അതിൽ ഫ്രെഞ്ച് ഭാഷയിൽ തന്നെ ആ നോവൽ വായിക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
പുസ്തകത്തിന്റെ വില 1700 രൂപ. മാതൃഭൂമിയുടെ വെബ്സൈറ്റിൽ 1360 രൂപയ്ക്ക് ലഭ്യമാണ്.