മമൂട്ടിയുടെ മഞ്ഞ കണ്ണട

 

മമ്മൂട്ടിയുടെ ഓർമകളും, കാഴ്ചപ്പാടുകളെയുമൊക്കെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് രേഖപ്പെടുത്തിയിരികുന്ന ഒരു പുസ്തകമാണ് മഞ്ഞകണ്ണട.മമ്മൂട്ടി എന്ന മഹാനടന്റെ ഓർമകുറിപ്പുകൾ എന്ന് കാണുമ്പോൾ ആ പ്രതീക്ഷയും വെച്ചു ഈ പുസ്തകമെടുത്താൽ തെല്ലു നിരാശരാകേണ്ടിവരും വയനക്കാർക്ക്. 

ഓർമകുറിപ്പുകൾ ആണെങ്കിലും അങ്ങനെ വിശദമായി  ഒന്നിനെകുറിച്ചും  പരാമർശിച്ചിട്ടില്ല. ഒന്നോ രണ്ടോ പേജിൽ ഒതുങ്ങുന്ന വളരെ ചെറിയ കുറിപ്പുകളാണിവ.

 അബദ്ധധാരണകളുടെ മഞ്ഞ നിറത്തെ ഓർമിപ്പിക്കുന്ന ഒരു കണ്ണട വച്ച് മമ്മൂട്ടി തന്നിലേക്കും തന്റെ ചുറ്റുപാടുകളിലേക്കും   നോക്കികാണുകാണുകയാണിവിടെ. മനുഷ്യനെ സംബന്ധിക്കുന്ന പല വിഷയങ്ങളെ കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ടെങ്കിലും,വിഷയങ്ങളെ ആധികാരികമായി സംബോധന ചെയ്തിട്ടുമില്ല. ഓർമകളും, സിനിമയും, ജീവിതവുമൊക്കെ കടന്നുവരുന്ന ഈ പുസ്തകത്തിൽ പതിനാറ് അദ്ധ്യായങ്ങളുണ്ട്. കൂടുതലും ചിത്രങ്ങളാണ്. വെറും 56 പേജുകൾ മാത്രമുള്ള പുസ്തകത്തിൽ പകുതിയിലേറെയും ചിത്രങ്ങൾ കയ്യടക്കിയിരിക്കുന്നു. 

കഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആര്‍, പ ത്രപ്രവർത്തകനായ കമല്‍ റാം സജീവ് എന്നിവരാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് .  പുസ്തകം പുറത്തിറക്കിയിരിക്കുന്നത്  ഡി സി ബുക്‌സിന്റെ തന്നെ  ലിറ്റ്മസ് ആണ് ,വില 50 രൂപ. 

ശത്രുഘ്നൻ എഴുതിയ ഭരതന്റെ ജാതകം

രാമായണത്തിൽ നിന്നും  പ്രചോദനമുൾക്കൊണ്ടുകൊണ്ട് നിരവധി സാഹിത്യകൃതികൾ പിറവിയെടുത്തിട്ടുണ്ട്. രാമായണത്തിന്  നിരവധി ഭാഷ്യങ്ങൾ ഉണ്ടായതുപോലെ അതിൽ നിന്നും ഉരുത്തിരിഞ്ഞ  കഥകളും ,കഥാപാത്രങ്ങളും നിരവധിയാണ്. അത്തരത്തിൽ പിറവികൊണ്ട ഒരു കൃതിയാണ് ഭരതജാതകം എന്ന നോവൽ. ഭരതന്റെ ഈ ജാതകം എഴുതിയതാകട്ടെ ശത്രുഘ്‌നനും. രാമന്റെ ഏറ്റവും ഇളയ സഹോദരനും ലക്ഷ്മണന്റെ ഇരട്ട സഹോദരനുമായ സുമിത്രാപുത്രൻ ശത്രുഘ്നനല്ല ഈ ശത്രുഘ്നൻ. വി ഗോവിന്ദൻകുട്ടി മേനോൻ എന്ന എഴുത്തുകാരന്റെ മറ്റൊരു പേരാണ് ശത്രുഘ്നൻ. ശത്രുഘ്നന്റെ ഭരതജാതകത്തെ കുറിച്ചാണ് ഇത്തവണത്തെ  പുസ്തകപരിചയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 


പേരു സൂചിപ്പിക്കുന്നപോലെ ഭരതന്റെ വീക്ഷണകോണിൽ നിന്നുകൊണ്ടുള്ള ഒരു കഥപറച്ചിലാണ് ഭരതജാതകത്തിൽ നമുക്ക് കാണാനാവുക. നീതിശാസ്ത്രത്തിലും, രാജദണ്ഡശാസ്ത്രങ്ങളിലും,അസ്ത്രവിദ്യയിലും അതീവ താല്പര്യമുള്ളവനാണ് ഭരതൻ. പതിനാലു വർഷത്തെ വനവാസത്തിനു ശേഷം രാമൻ മടങ്ങിവരുമെന്നു പറഞ്ഞിരുന്ന ആ ദിവസത്തിലാണ്  നോവലാരംഭം കുറിച്ചിരിക്കുന്നത്. കഥ പിന്നീട് ഭരതനറെ ഓർമ്മകളിലൂടെ  മുന്നോട്ടു പോകുകയും ഒടുവിലെത്തുമ്പോൾ മാത്രം കഥ നേരിട്ട് നമ്മളോട് പറയുകയും ചെയ്യുന്നു. 

രാമായണത്തിലെന്ന പോലെ മന്ഥര ഇവിടെയും അതേ  വേഷം തന്നെ കെട്ടിയാടുകയാണ്. ചെറുപ്പം തൊട്ടേ ഭരതമുഖത്തേക്ക് അസൂയയുടെ വലകൾ നെയ്തു പിടിപ്പിക്കുന്നത് ഈ മന്ഥര തന്നെയാണ്.  തന്റെ മകന് വേണ്ടിയുള്ള കൈകേയിയുടെ രാജ്യാധികാരതൃഷ്ണ ഉരുവം കൊണ്ടത് മന്ഥര മൂലമാണെന്നാണല്ലോ പറയപ്പെടുന്നത്. 

അയോദ്ധ്യ ഭരതന് അവകാശപ്പെട്ട രാജ്യമാണെന്നാണ് കൈകേയി ഭരതനോട് എപ്പോഴും ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് തട്ടിയെടുത്ത് രാമനു നൽകാനുള്ള ഗൂഢാലോചനയാണ് ദശരഥൻ നടത്തിയതെന്നാണ് കൈകേയി യുടെ ആരോപണം. എന്നാൽ മൂത്ത പുത്രനും  ആയോധന വിദ്യയിലും, ശാസ്ത്ര,രാജ്യവിചാര ശാസ്ത്രത്തിലുമൊക്കെ നിപുണനുമായ ഒരാൾ പാരമ്പര്യമനുസരിച്ചു രാജ്യാധികാരം ഏറ്റെടുക്കേണ്ടയിടത്ത്, ഏതു ന്യായത്തിന്റെ പുറത്താണ് രാജ്യം ഭരതന് മാത്രം അവകാശപെട്ടതാകുന്നതെന്നു കൈകേയി പറയുന്നില്ല. 

കൈകേയി മാത്രമല്ല  ഈ പുസ്തകത്തിൽ ഒരിടത്തും അതിനെ പറ്റി ആരും പറയുന്നില്ല. കൈകേയി ദശരഥനോട്  ചോദിക്കാനായി ഒളിപ്പിച്ചു വെച്ചിരുന്ന ആ രണ്ട്‌ ആഗ്രഹങ്ങളുടെ ,വരങ്ങളുടെ പുറത്താകണം രാജ്യാധികാരം തന്റെ മകന് അവകാശപ്പെടുന്നതെന്നു വേണം അനുമാനിക്കാൻ. 

സൂത്രത്തിൽ രാമനു അധികാരം കൈമാറാൻ വേണ്ടിയും, അവിടെ എതിർപ്പുണ്ടാകതിരിക്കാനും വേണ്ടിയാണത്രെ ഭരതനെയും ശത്രുഘ്നനെയും അമ്മവീടായ കേകയത്തിലേക്കു അയച്ചത്.കേകേയ രാജാക്കന്മാർ അതറിഞ്ഞാൽ ദശരഥന്റെ ആ തീരുമാനം അനുവദിക്കില്ലായിരുന്നെന്നുവെന്നും കൈകേയി പറയുന്നുണ്ട്. ഏതു യുക്തിയുടെ പുറത്താണ് കേകേയ രാജാക്കന്മാർ അങ്ങനെ ചിന്തിക്കുന്നതെന്നും ഇതിലെ ഒരു കഥാപാത്രവും  പറയുന്നില്ല. അവരുടെ യുദ്ധനിപുണതയ്ക്കു മുന്നിൽ ദശരഥന്റെ അയോധ്യക്ക് തോൽവി സംഭവിക്കുമെന്നാണ് കൈകേയി പറയുന്നത്. ദേവകൾക്കു പോലും തോൽപ്പിക്കാൻ കഴിയാതിരുന്ന ,ദേവലോകം വിറപ്പിച്ച രാക്ഷസന്മാരെ വരെ പത്തു ദിക്കിൽ നിന്ന് കൊണ്ട് പോലും അമ്പുകളെയ്തു  തോറ്റോടിപ്പിച്ചുകൊണ്ട്  ഇന്ദ്രനെ പോലും സഹായിച്ച ദശരഥന്, തൊട്ടപ്പുറത്തു കിടക്കുന്ന  ഒരു കേകേയ രാജ്യത്തിലെ രാജാക്കൻമാരെ തോൽപ്പിക്കാനാവില്ല എന്നൊക്കെ കൈകേയിലൂടെ വായനക്കാരെ പറഞ്ഞു വിശ്വസിപ്പിക്കാൻ എഴുത്തുകാരൻ നന്നായി പാടുപെട്ടിട്ടുണ്ട്. 

സാധാരണ ഇത്തരം നോവലുകളിൽ തനറെ കഥാപാത്രത്തെ ഉയർത്തികാണിക്കുന്നതിനായും, അവരുടെ വാക്കുകളെ ന്യായീകരിക്കുന്നതിനും വേണ്ടി പുതുകഥാപാത്രങ്ങളെയും , സംഭവങ്ങളെയും എഴുത്തുകാർ തനറെ നോവലുകളിൽ  സൃഷ്ടിക്കാറുണ്ട്. അത്തരത്തിലുള്ള എന്തെങ്കിലുമൊക്കെ   ഈ ഭാഗങ്ങളിൽ എഴുത്തുകാരൻ ചേർത്തിരുന്നുവെങ്കിൽ വായനക്കാർക്ക് കൂടുതൽ വിശ്വാസയോഗ്യമാകുമായിരുന്നു. 

എന്നാൽ ഈ പുസ്തകത്തിൽ മറ്റു ചില ഭാഗങ്ങളിൽ അത്തരം സംഭവങ്ങൾ ധാരാളമായി ചേർത്തിട്ടുമുണ്ട്. രാവണൻ സീതയെ തിരിച്ചു തരുമെങ്കിൽ രാമന് അവകാശപ്പെട്ട അയോദ്ധ്യ രാവണന് നൽകാമെന്ന് രാമൻ രാവണനോട് അപേക്ഷിച്ചിരുന്നു  എന്നത് അതിന്റെ ഒരുദാഹരണം മാത്രം. അതുപോലെ ഹനുമാന്റെ അഹങ്കാരം ഭരതൻ തീർക്കുന്നതും മറ്റൊരു ഉദാഹരണം.
  
സാഹചര്യങ്ങളുടെ സമ്മർദ്ദവും, പ്രതികൂലചുറ്റുപാടുകളുമാണ് ഒരിക്കലൂം ആഗ്രഹിച്ചിട്ടില്ലാത്ത  ഈ രാജ്യഭാരം തനിക്കു ഏൽക്കേണ്ടി വന്നതെന്ന് പേർത്തും പേർത്തും ഭരതൻ ഉദ്‌ഘോഷിക്കുന്നുണ്ട്. അച്ഛന്റെ വാക്കുകൾ സത്യമാക്കാൻ ജ്യേഷ്ഠന് പകരം ഭരതൻ പതിനാലു സംവത്സരം വനവാസം അനുഷ്ഠിക്കുമെന്നും  അങ്ങനെ സംഭവിച്ചില്ലെങ്കിൽ പിന്നെ ആ  ഭൂമുഖത്തു ഭരതൻ ഉണ്ടാകില്ല എന്നു  പ്രപഞ്ചം മുഴുവനും നടുക്കിയ ഒരു പ്രതിജ്ഞ കൗസല്ല്യയുടെ മുൻപിൽ വച്ച് നടത്തിയ ഭരതൻ, ആ പ്രതിജ്ഞയ്ക്ക് പിന്നീടെന്തു പറ്റി എന്ന് ഒരക്ഷരം മിണ്ടുന്നില്ല. കൊടുത്ത വാക്കും, പ്രതിജ്ഞയും പാലിക്കാൻ ഏതറ്റവും പോകുന്നവരാണ് ഈ  കഥാപാത്രങ്ങൾ എന്ന് ഓർമ വേണം. 

മാത്രവുമല്ല അയോദ്ധ്യ രാവണന് നൽകാമെന്ന് രാമൻ പറഞ്ഞിരുന്നുവെന്ന് അറിയുമ്പോൾ അതെങ്ങനെ ശരിയാകും, ഇപ്പോൾ രാജ്യാധികാരം ഇല്ലാത്ത ഒരാൾക്ക് അങ്ങനെയൊരു വാഗ്ദാനം നല്കാനാകുമോ എന്നും, താൻ അതിനു അനുവദിക്കുമോ എന്നെല്ലാം ഭരതൻ ചിന്തിക്കുന്നുമുണ്ട്. രാമൻ അധികാരമോഹിയാണെന്നും , ഭരതൻ രാജ്യാധികാരാകാംക്ഷിയല്ല എന്നുമൊക്ക   കാണിക്കാൻ വേണ്ടി നിരവധി സന്ദർഭങ്ങൾ നോവലിൽ ചേർത്തിട്ടുണ്ടെങ്കിലും  ഇത്തരം ചിന്തകളിലൂടെ,രാജ്യവും  രാജ്യാധികാരത്തിന്റെ സുഖവും  ഭരതനും ഉള്ളാലെ ആഗ്രഹിച്ചിരുന്നുവെന്നു വേണം കരുതാൻ. 

വാല്മീകി രാമായണത്തിലെ അയോദ്ധ്യാകാണ്ഡം ഒന്നുകൂടെ എടുത്തു വായിക്കാൻ ഈ നോവൽ ഇടയാക്കി എന്നുള്ളതാണ് സത്യം. ഈ നോവൽ പിറന്നതിനു പിന്നിലെ അയോധ്യാകാണ്ഡത്തിലെ വിപ്രോഷിതശ്ച … എന്ന് തുടങ്ങുന്ന വരികൾ എഴുത്തുകാരൻ പുസ്തകത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചതു  കൊണ്ടു മാത്രമല്ല അത്. ഓരോ വായനയിലും പുതു അർത്ഥങ്ങളും ,ഭാഷ്യങ്ങളും ചമയ്ക്കാൻ രാമായണത്തിന് കഴിയുന്നുണ്ടല്ലോ എന്ന തിരിച്ചറിവുകൂടിയാണ് അതിനു കാരണം. 
 
ശത്രുഘ്നൻ എന്ന  വി ഗോവിന്ദൻകുട്ടി മേനോന്റെ തിരക്കഥയിൽ പിറന്ന സിനിമകളാണ് ഈ പുഴയും കടന്ന് ,കളിയൂഞ്ഞാല്,നക്ഷത്രതാരാട്ട്,സ്പർശം,നിറം എന്നിവ. സത്യഭാമ ,മായാമുരളി ,മഥുരാപുരി തുടങ്ങിയവയാണ് മറ്റു കൃതികൾ. പൂർണ്ണ പബ്ലിക്കേഷൻസ് ആണ് ഭരതജാതകത്തിന്റെ പ്രസാധകർ, വില 200 രൂപ. 

അമോസ് ഓസിന്റെ അതേ കടൽ

 

ഇസ്രായേലി എഴുത്തുകാരനും പത്രപ്രവർത്തകനുമായ ആമോസ് ഓസിന്റെ ഒരു നോവലാണ് അതേ കടൽ.ഇസ്രയേലിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് ഓസ്. 


വർഷങ്ങൾക്ക് മുൻപ്  മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഏതോ ഒരു ലേഖനമാണ് അമോസ് ഓസിനെ കുറിച്ച് അറിയാനിട വന്നത്.ഹീബ്രു ഭാഷയിലാണ് ഓസ് തന്റെ പുസ്തകങ്ങൾ എഴുതുന്നത് എന്നൊക്കെ അന്ന് വായിച്ചതായി ഓർക്കുന്നു. 
 
അമോസ് ഓസിന്റെ ഒരു ഉത്തരാധുനിക നോവലുകളുടെ ഗണത്തിൽ പെടുന്ന ഒരു നോവലാണ് ഒരേ കടൽ എന്ന നോവൽ.സാമ്പ്രദായിക നോവൽ രീതികളിൽ നിന്നും വ്യത്യസ്ത അവകാശപ്പെടാവുന്ന ഒരു കൃതിയാണിത്. ഇതിൽ വാക്കുകൾ കവിതകളായും കവിതകൾ ശില്പങ്ങളായും ഒരു പരകായ പ്രവേശം നടത്തിയതായി കാണാം .വേണമെങ്കിൽ ഇതിനെ ഒരു വിപുലീകൃത ഗദ്യ കവിത എന്ന്  പറയാമെന്നു തോന്നുന്നു. കവിത പോലെയാണ് മിക്ക അധ്യായങ്ങളും ഒരുക്കിയിരിക്കുന്നത്. നോബൽ സമ്മാനത്തിന് പരിഗണിക്കപ്പെട്ട ഒരു നോവൽ കൂടിയാണിത്. 
    
അക്കൗണ്ടന്റായിരുന്ന ആൽബർട്ട് ഡാനോൻ  ടെൽ അവീവിനടുത്തുള്ള ബാറ്റ്യാമിലാണ് താമസിക്കുന്നത് .അയാളുടെ   പ്രിയപ്പെട്ട ഭാര്യ നാദിയ കാൻസർ  ബാധിച്ച് അടുത്തിടെയാണ് മരിച്ചു പോയത്. മകൻ റിക്കോയാകട്ടെ  ടിബറ്റ്, ബംഗ്ലാദേശ്, ഇന്ത്യ പോലുള്ള സ്ഥലങ്ങളിൽ ജീവിതത്തിന്റെ അർത്ഥമന്വേഷിച്ചു  കറങ്ങി നടക്കുകയാണ്. മരിച്ചെങ്കിലും നാദിയ തന്റെ യാത്രകളിൽ മകനെ അഭിസംബോധന ചെയ്യുകയും പരസ്പരം  സ്വപ്നങ്ങളിലൂടെ സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. 

 എഴുത്തുകാരിയായ ഡിറ്റയെ  സംവിധായകൻ ദുബി ഡിമിട്രോവ് വഞ്ചിക്കുകയും അവൾ വീട്ടിൽ നിന്നും പുറത്താവുകയും ചെയ്യുന്നു. റിക്കോയുടെ കാമുകി ഡിറ്റ പക്ഷെ ആൽബർട്ടിന്റെ കൂടെയാണ്.താമസിക്കാൻ മറ്റൊരിടം  കണ്ടെത്തുന്നതുവരെ അവൾ ആൽബർട്ടിന്റെ കൂടെ താമസമാക്കുകയാണ് . അത് പക്ഷെ അവർ തമ്മിൽ ഒരു ബന്ധം ഉടലെടുക്കാൻ ഇടയാക്കുകയും ചെയ്യുന്നു. അവളാകട്ടെ ഹോട്ടൽ റിസെപ്ഷനിസ്റ്റീന്റെ ജോലി യെടുക്കാൻ  നിർബന്ധിതയായി തീരുകയും ചെയ്യുന്നു. ഇതിനിടയിൽ റിക്കോ , മരിയ എന്ന പോർച്ചുഗീസ് വനിതയുമായി മറ്റൊരു ബന്ധവും ഉണ്ടാക്കി കഴിഞ്ഞു. ഇതൊന്നുമറിയാതെ റിക്കോ തന്റെ നീണ്ട  യാത്രകളിൽ കുരുങ്ങി കിടക്കുകയാണ്.
ലഡാക്കിലെ പ്രാകൃതമായ ഒരു  വിവാഹ സമ്പ്രദായത്തെ കുറിച്ച് രണ്ടിടങ്ങളിൽ പരാമർശമുണ്ട്‌. മൂന്നോ നാലോ സഹോദരന്മാർക്ക് ഒരു വധുവിനെ വിവാഹം ചെയ്തുകൊടുക്കുന്നതാണ് ഈ ഏർപ്പാട്. 

തന്റെ വീട്ടിൽ ഒറ്റയ്‌ക്ക് താമസിക്കുന്ന അക്കൗണ്ടന്റ്ന്റും   സുഹൃത്തുമായ  ബെറ്റിൻ കാർമൽ ആൽബർട്ടിനെ  പലപ്പോഴും സന്ദർശിക്കാറുണ്ട്. നിശബ്ദതയുടെ ഉദ്ദേശ്യം നിശബ്ദതയാണ് എന്ന് പറഞ്ഞുകൊണ്ടാണ് എഴുത്തുകാരൻ നോവൽ  സംഗ്രഹിച്ചിരിക്കുന്നത്.

നിശബ്ദതയും,പാടുന്ന പക്ഷിയും, മരുഭൂമിയും ,അനന്തമായ  കടലും ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട് നോവലിൽ.ചിലയിടങ്ങളിൽ അതിന്റെ മാറ്റു കൂട്ടാനായി  ബൈബിളിലെ ചില  ഭാഗങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും  കടന്നു വരുന്നു.ആഖ്യാതാവ് ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ സ്വന്തം മരണമെന്ന  പൊതു ഭയത്തിന്റെ നിഴലിലാണ് ജീവിക്കുന്നത്.കാവ്യാത്മകതയും , ഗദ്യവും ഇടകലർന്നു വരുന്ന ഓരോ അദ്ധ്യായത്തിനും  രണ്ടോ മൂന്നോ പേജുകളുടെ ആയുസ്സേ നോവലിസ്റ്റ് കൊടുത്തിട്ടുള്ളൂ.
 ധ്യാനം, വിലാപം, ജീവിതത്തിന്റെ അർത്ഥത്തിനായുള്ള അന്വേഷണം, കുടുംബസ്നേഹത്തിന്റെ ഭദ്രത,അതിന്റെ  ആകുലത  ഇവയൊക്കെയാണ് ഈ  കാവ്യാത്മക ഗദ്യ കവിതയിലെ പ്രമേയങ്ങൾ.സന്തോഷവും സൗന്ദര്യവും ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്ന് അംഗീകരിക്കാൻ തയ്യാറാകാത്ത, വിഷാദം ബാധിച്ച ഒരു വ്യക്തിയുടെ ജീവിതത്തിലെ  ചില കാഴ്ചകൾ അതെ കടലിൽ കാണാം. 

നമ്മൾ വായിച്ചു ശീലിച്ചിട്ടുള്ള നോവലെഴുത്തു സമ്പ്രദായങ്ങളിൽ  നിന്നും പാടെ വ്യത്യസ്തമായതിനാൽ ചിലരെയെങ്കിലും അതേ കടൽ  നിരാശപ്പെടുത്താനിടയുണ്ട്. 
നോവൽ ഹീബ്രുവിൽ നിന്നും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് നിക്കോളാസ് ഡി ലാംഗെയാണ്. 2001 ൽ അത് പുറത്തു വന്നു. ആമോസ് ഓസിന്റെ പതിനാറോളം പുസ്തകങ്ങൾ ലാംഗെ വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ഗ്രീൻ ബുക്ക്സ് ആണ്. വിവർത്തനം ചെയ്തിരിക്കുന്നത് പി എൻ ഗോപീകൃഷ്ണൻ ,  വില 325 രൂപ.  

കാളിദാസനും മേഘയാത്രികനും

 

ഭാരതീയ സാഹിത്യത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വ്യക്‌തിത്വം തന്നെയാണ് കാളിദാസൻ.നൂറ്റാണ്ടുകൾക്കിപ്പുറവും ധാരാളമായി വായിക്കപ്പെടുകയും , നിരവധി പഠനങ്ങൾ നടത്തപ്പെടുകയും ചെയ്യുന്നവയാണ് കാളിദാസ കൃതികൾ. അദ്ദേഹത്തിന്റെ ജീവിതകാലത്തെ കുറിച്ചോ ,കുടുംബത്തെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. അതെ കുറിച്ച് പല കഥകൾ കേൾക്കാമെങ്കിലും ഒന്നിനും ഒരു തീർച്ചയില്ല എന്നുള്ളത് ഒരു ന്യൂനത തന്നെയാണ്.

വിക്രമാദിത്യരാജ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു കാളിദാസൻ എന്ന് മാത്രമാണ് നമുക്കറിയാവുന്നത്‌. പക്ഷെ ഏതു വിക്രമാദിത്യൻ ആയിരുന്നു ആ രാജാവ് എന്ന് ചോദിച്ചാൽ കണ്ണു മിഴിക്കേണ്ടി വരും. എങ്കിൽ കൂടിയും ബിസി ഒന്നാം നൂറ്റാണ്ടാണ് കാളിദാസന്റെ ജീവിതകാലമെന്നാണ് അനുമാനിക്കപ്പെടുന്നത്. എന്നാൽ കാളിദാസൻ ഒരു സാങ്കൽപ്പിക കഥാപാത്രമാണെന്നും ചിലർ അഭിപ്രായപ്പെട്ടു കണ്ടിട്ടുണ്ട്.

കാളിദാസന്റെ ജീവിത കഥയെ ആധാരമാക്കി നിരവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന ഒരു വിഡ്ഢിയുടെയും , ദേവിയുടെ അനുഗ്രഹം നേടി പണ്ഡിതനായ കഥകളുമൊക്കെ അക്കൂട്ടത്തിൽ പെടുന്നു. ഏഴു കൃതികളാണ് കാളിദാസന്റേതായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ആ ഏഴെണ്ണത്തിൽ കാവ്യ വിഭാഗത്തിൽ പെടുന്ന ഒരു കൃതിയാണ് മേഘദൂതം. ബാക്കിയുള്ളവ നാടക ഗ്രന്ഥങ്ങളാണ്.

കാളിദാസനെ കഥാപാത്രമാക്കി മലയാളത്തിൽ അത്രയൊന്നും നോവലുകൾ വന്നിട്ടില്ല. കൂടുതലും പഠനങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. കാളിദാസന്റെ മേഘദൂത് എന്ന കൃതി രചിക്കാനിടയായ സംഭവങ്ങളെ നോവൽ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് സുധീർ പറൂര് എന്ന എഴുത്തുകാരൻ.
സുഹൃത്തുക്കളായ മൂന്നു ചെറുപ്പക്കാർ ഒരു ഹിമാലയ പര്യടനം നടത്തുന്നതോടെയാണ് നോവൽ അതിന്റെ കാഴ്ചകളുടെ കെട്ടഴിച്ചു വിട്ടിരിക്കുന്നത്. പലരെയും വഴി തെറ്റിച്ചിട്ടുളളപോലെ ആ ഹിമാലയൻ യാത്ര അവരെയും വേറൊരിടത്തേക്കു കൊണ്ടുപോയി. ബാബജി എന്ന് വിളിക്കുന്ന ഒരു പണ്ഡിതനായ വൃദ്ധനെയാണവർ അവിടെ കണ്ടുമുട്ടിയത് . അവിടെ വെച്ച് പഴക്കം ചെന്ന ഒരു താളിയോലക്കെട്ടു പരിശോധിക്കാൻ അവർക്കു സാധിക്കുന്നു. കാളിദാസന്റെ ജീവിതവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അതിലുണ്ടായിരുന്നു. ഭോജരാജ സദസ്സിലെ ശങ്കരകവി എഴുതിവെച്ച ചില കുറിപ്പുകളായിരുന്നു അതിലുണ്ടായിരുന്നത്.

അതിൽ കാളിദാസന്റെ മനസിനെ കീഴടക്കിയ ഒരു പെൺകുട്ടിയെ കുറിച്ചു പറയുന്നുണ്ട്. പരസ്പരം ഇഷ്ടപ്പെട്ടിരുന്ന അവർക്കിടയിൽ ഒരു പ്രതിബന്ധമായി നിന്നിരുന്നത് സാക്ഷാൽ ഭോജരാജാവ് തന്നെയായിരുന്നു. രാജാവിനിഷ്ടപ്പെട്ട ആ പെൺകുട്ടിയെ കാളിദാസന് എങ്ങനെ സ്വന്തമാക്കാനാണ്?
കാളിദാസൻ രാജാവിന് ഏറ്റവും പ്രിയപ്പെട്ടവൻ തന്നെയാണ്, പക്ഷേ കാളിദാസന് അവളോടുള്ള താല്പര്യം രാജാവിന് അത്ര സുഖിച്ചില്ല എന്ന് മാത്രമല്ല,കാളിദാസനെ ഒഴിവാക്കാൻ കടന്ന കൈകൾ തന്നെ കൈകൊള്ളുകയും ചെയ്തു. പക്ഷേ ആ പ്രതിസന്ധികളൊക്കെ കാളിദാസൻ അതിജീവിക്കുകയും ചെയ്തു . ആ പെൺകുട്ടിയുടെ മാതാവിന്റെ നീക്കങ്ങൾ അദ്ദേഹത്തെ രക്ഷപ്പെടുത്തി എന്നാണ് പറയപ്പെടുന്നത് . കാളിദാസനെ മോഹിപ്പിച്ച ആ പെൺകുട്ടിയാണ് മാളവിക.

തന്റെ സാഹിത്യ ലോകവും, രാജാവിന്റെ സൗഹൃദവും , സ്നേഹഭാജനവുംമൊക്കെ സൃഷ്ടിക്കുന്ന ആത്മസംഘർഷങ്ങളും ,വിരഹവും, വെല്ലുവിളികളുമൊക്കെയാണ് മനോഹരമായി നോവലിൽ വരച്ചു വെച്ചിരിക്കുന്നത്. കാളിദാസന്റെ കഥകളെ അവതരിപ്പിക്കുമ്പോൾ ഉണ്ടായിരിക്കേണ്ട ഭാഷയും, പ്രയോഗങ്ങളും അതിന്റെ നിലവാര സാമർഥ്യവും വേണ്ടയിടങ്ങളിൽ പ്രതിഷ്ഠിച്ചുകൊണ്ടു തന്നെയാണ് എഴുത്തുകാരൻ ഈ നോവലിനെ മികച്ചതാക്കിയിരിക്കുന്നത്.
സാഹിത്യത്തിൽ സന്ദേശകാവ്യങ്ങൾക്ക് വഴികാട്ടിയായി ഭവിച്ചത് മേഘസന്ദേശമാണ് എന്നാണ് പറയപ്പെടുന്നത്. പ്രിയജന വിരഹം എങ്ങനെ മനുഷ്യ മനസ്സിനെ ബാധിക്കുന്നു എന്നതാണല്ലോ മേഘസന്ദേശത്തിന്റെ ഉള്ളടക്കം. സ്വാനുഭവത്തിൽ നിന്നുമെടുത്താണ് ഈ കൃതി കാളിദാസൻ രചിച്ചത് എന്നാണ് കഥകൾ.
സുധീർ പറൂര് ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത് കാളിദാസനെ സംബന്ധിച്ച ഒരു ഒരു കഥയെ ആസ്പദമാക്കിയാണെന്ന് സൂചിപ്പിച്ചല്ലോ . മേഘസന്ദേശം പിറന്നതിന് പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട്. കാളിദാസൻ സ്നേഹിച്ചത് രാജാവിന്റെ തന്നെ സഹോദരിയെ തന്നെയായിരുന്നു എന്നതായിരുന്നു ആ കഥയിലുള്ളത്.

കഥകൾ എന്തു തന്നെയായാലും കാളിദാസന്റെ ഒരു അത്യുജ്ജ്വല കൃതി തന്നെയാണ് മേഘസന്ദേശം എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ആകാശത്ത് കുട്ടികൊമ്പനെ പോലെ തോന്നിക്കുന്ന മേഘകൂട്ടത്തിനോട് നായകൻ തന്റെ പ്രണയ സന്ദേശം പ്രണയിനിയ്ക്ക് എത്തിക്കാൻ വേണ്ടി പറഞ്ഞ് കേൾപ്പിക്കുന്നതാണല്ലോ മേഘസന്ദേശം. കാളിദാസന്റെ കൃതികളുടെ പ്രകൃതി വർണ്ണനകളും ,ഉപമകളും അതി മനോഹരമാണ്. മേഘയാത്രികൻ എന്ന നോവലിലും അതിന്റെ ചില അനുരണനങ്ങൾ കാണാം.

തീർച്ചയായും മലയാളത്തിൽ വന്നിട്ടുള്ള മികച്ച കൃതികകളുടെ തട്ടിൽ കയറ്റിയിരുത്തേണ്ട നോവൽ തന്നെയാണ് മേഘയാത്രികൻ എന്ന നോവൽ. ഗ്രീൻ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 170 രൂപ


 

ജെയിംസ് ഹാഡ്‌ലി ചെയ്സിന്റെ മരണം വിതച്ച കുപ്പായം

റെനെ ലോഡ്ജ് ബ്രാബസോൺ റെയ്മോണ്ട് എന്ന പേര് പലർക്കും അപരിചിതമായിരിക്കും.  ത്രില്ലറുകളുടെ രാജാവ്  എന്നറിയപ്പെടുന്ന ജെയിംസ് ഹാഡ്‌ലി ചെയ്‌സിന്റെ യഥാർത്ഥ പേരാണിത്. ജെയിംസ് ഹെഡ്‌ലി ചെയ്‌സ് എന്നത് അദ്ദേഹത്തിന്റെ നിരവധി   തൂലികാ നാമങ്ങളിൽ ഒന്ന് മാത്രമാണ്.
മലയാളത്തിൽ വിവർത്തനം വന്നിട്ടുള്ള ചെയ്‌സിന്റെ ഒരു ത്രില്ലറാണ്   മരണം വിതച്ച കുപ്പായം എന്ന നോവൽ.

 
അംഗരക്ഷനെ ആവശ്യമുണ്ടെന്ന് കാണിച്ചുള്ള ഒരു പത്ര പരസ്യം കണ്ട് മോഡേൺ എൻറർപ്രൈസ് എന്ന കമ്പനിയിലേക്ക് അപേക്ഷ അയക്കുകയും അവിടുത്തെ അസാധാരണ സംഭവങ്ങളിലും, വിചിത്രമായി പെരുമാറുന്ന ആളുകളെയും വകവെയ്ക്കാതെ അവിടെതന്നെ ജോലിയ്ക്ക് കേറുന്ന ആളാണ് നമ്മുടെ കഥാനായകനായ ഫ്രാങ്ക് മിച്ചൽ. നെറ്റ എന്ന സുഹൃത്തിന്റെ അപ്പാർട്മെന്റിൽ അവളുടെ കാരുണ്യം കൊണ്ടാണ്  അയാൾ കഴിഞ്ഞു കൂടുന്നത്. പുതിയ ജോലി ,തനിക്കൊരു  ആശ്വാസമാകുമെന്നും,അതുകൊണ്ടു  അവളുടെ ഔദാര്യം പറ്റുന്നതിൽ നിന്നും രക്ഷപ്പെടാമെന്നും  ഫ്രാങ്ക് കണക്കുകൂട്ടുന്നു. 


നെറ്റയാണെങ്കിൽ ഫ്രാങ്ക് മിച്ചലിനുമേൽ  അത്രമേൽ താല്പര്യമുള്ളവളുമാണ് . അയാൾക്ക് വേണ്ടി എന്തും  സഹിക്കാൻ അവൾ ഒരുക്കമാണ്. അയാൾ എപ്പോളും അവളുടെ കൂടെ ഉണ്ടായിരുന്നാൽ മാത്രം മതി എന്നൊരു നിർബന്ധം മാത്രമേ അവൾക്കുള്ളൂ. 

പക്ഷേ ആ പ്രലോഭനങ്ങളെയെല്ലാം അതിജീവിച്ച്   ഫ്രാങ്ക് മിച്ചൽ ,ഹെൻറി സാരെക്കിന്റെ അംഗരക്ഷകനായി ജോലി ഏറ്റെടുക്കുന്നു.
അയാൾ സാരെക്കിന്റെ  വീട്ടിൽ തമാസമാക്കുന്നു. സാരെക്കിന് ഇതിനോടകം തന്നെ മൂന്നു ഭീഷണി കത്തുകൾ വന്നു കഴിഞ്ഞു. അതാരാണെന്ന്  കണ്ട് പിടിക്കണം, സാരെക്കിനെ എതിരാളികളിൽ നിന്നും സംരക്ഷിക്കുകയും വേണം. അയാൾ ജോലിയ്ക്ക് കയറിയതിനു ശേഷവും അയാൾക്ക് ഭീഷണിപ്പെടുത്തുന്ന കത്തുകൾ ലഭിക്കുന്നുമുണ്ട് .സാരെക്കിന്റെ ഭാര്യ റീത്ത വളരെ സുന്ദരിയാണെങ്കിലും ഫ്രാങ്കിനെ അവൾക്കിഷ്ടപ്പെടുന്നില്ല. 
ഓഫീസിൽ വച്ച് സാരെക്കിന്റെ വിശ്വസ്തയാണെന്ന് പറയപ്പെടുന്ന  സെക്രട്ടറി എമ്മി പേളിനെയും ഫ്രാങ്ക് മിച്ചൽ പരിചയപ്പെടുന്നുണ്ട് . പക്ഷേ അധികമാർക്കും പിടികൊടുക്കാത്ത ഒരു സ്വഭാവമാണ് അവളുടേത്. 

ബ്ലാക്ക് മാർക്കറ്റിലെ  വജ്രവില്പ്പനക്കാരനാണ് സാരെക്ക്.  അധികമാർക്കും  വെളിപ്പെടാത്ത ഒരാൾ. അയാളുടെ നീക്കങ്ങളും പ്രവർത്തികളുമെല്ലാം നിഗൂഡമാണ്. ഫ്രാങ്ക് അയാളുടെ രഹസ്യങ്ങളെ മനസ്സിലാക്കാന്നുള്ള ഒരു അന്വേഷണം നടത്തുന്നു. പക്ഷേ അയാൾക്ക് മുന്നില് വെളിപ്പെട്ടത് നിരവധി രഹസ്യങ്ങളാണ്. അതിന്റെ പിന്നാലെ പോയി നിരവധി കുഴപ്പങ്ങളിലും ഫ്രാങ്ക്  വന്നു വീഴുകയാണ്. 


എങ്ങോട്ടാണ് കഥയുടെ പോക്ക് എന്ന് ഊഹിക്കാൻ ഒരു സാധ്യതയും ചെയ്സ് വായനക്കാരന് നല്കുന്നില്ല .പക്ഷേ ചെയ്സിന്റെ മറ്റു നോവലുകളിലെ പോലെ നിരവധി കഥാപാത്രങ്ങളൊന്നും ഇതിലില്ല. പതിയെ മാത്രം തുടങ്ങുന്ന ഒരു നോവലാണിത്.

ഒരു പക്ഷേ  ഫ്രാങ്ക് മിച്ചലിനെ ഇപ്പോഴാണ് അവതരിപ്പിച്ചിരുന്നതെങ്കിൽ സ്ത്രീപക്ഷ വാദികൾ അയാളെ പൊങ്കാലയിട്ടെനെ. ചെയ്സിനെതിരെ പ്രചാരണങ്ങൾ ഇറങ്ങിയേനെ. സ്ത്രീ വിരുദ്ധത കൊണ്ട് നടക്കുന്ന ആളാണ് ഈ നോവലിലെ നായകൻ. സ്ത്രീകളിൽ നിന്നും ആജ്ഞകൾ സ്വീകരിക്കാൻ ഇഷ്ടമില്ലാത്തയാളാണ് അയാൾ. അത്തരമൊരു അവസ്ഥ വന്നാൽ കിട്ടിയ ജോലി പോലും രാജി വെച്ചു കളയും എന്നുവരെ ഫ്രാങ്ക് പറയുന്നുണ്ട്. തുടക്കത്തിൽ നെറ്റയുടെ കൂടെയായിരുന്നു താമസം എന്ന് പറഞ്ഞുവല്ലോ, അവൾ കാണിക്കുന്ന അത്ര താല്പര്യമൊന്നും ഫ്രാങ്കിന് തിരിച്ചങ്ങോട്ടില്ല. അവളുടെ സ്നേഹപ്രകടനനങ്ങളോടും അയാൾക്ക് വലിയ മതിപ്പില്ല. ചപ്പുചവറുകളും പ്രേമകഥകളും  വായിക്കുന്നവരാണ് എല്ലാ സ്ത്രീകളും. തൊഴിൽ പരമായ കാര്യങ്ങൾ  അവരെ എൽപ്പിക്കാൻ ഇഷ്ടമില്ലാത്ത അക്കൂട്ടരുടെ സ്ഥാനം വീട്ടിലാണെന്നാണ് പുള്ളിയുടെ പക്ഷം. 

ഈ നോവൽ പുറത്ത് വന്ന സമയത്ത് ഇത്തരം പരാമർശങ്ങൾ കൊണ്ട്   ഇതൊരു വിവാദമായോ എന്നറിഞ്ഞുകൂടാ. പക്ഷേ ഇപ്പോഴെങ്ങാനും ആയിരുന്നെങ്കിൽ എന്താകുമായിരുന്നു എഴുത്തുകാരന്റെ അവസ്ഥ എന്നൂഹിക്കാവുന്നതെയുള്ളൂ.
 
മരണം വിതച്ച കുപ്പായം എന്നാണ് മലയാളത്തിൽ ഈ പുസ്തകത്തിന്റെ പേരെന്ന് പറഞ്ഞുവല്ലോ. പക്ഷേ ഈ പുസ്തകത്തിൽ അതിന്റെ  യഥാർഥ പേര് എവിടെയും കൊടുത്തിട്ടില്ല. മനപ്പൂർവം ചേർക്കാഞ്ഞതാണോ അതോ വിട്ടുപോയതാണോ എന്നറിയില്ല . In a Vain  Shadow എന്ന പേരിൽ 1951 ൽ പുറത്തിറങ്ങിയ നോവലാണിത്.  പിന്നീട് Never Trust a  Woman  എന്ന പേരിൽ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. നായക കഥാപാത്രം നോവലിന്റെ  പേരിനോട് നീതി പുലർത്തുകയും ചെയ്തു.

നോവൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത്  ഭാസ്കരൻ പയ്യന്നൂർ ആണ്. ജെയിംസ് ഹാഡ്‌ലി ചെയ്‌സിന്റെ എഴുപതിൽ പരം കൃതികൾ അദ്ദേഹം മലയാളത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. പുസ്തകം പുറത്തിറക്കിയിരിക്കുന്നത് പുസ്തക പ്രസാധന രംഗത്ത്‌ ശ്രദ്ധേയമായ ചുവടുവെയ്പുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഡോൺ ബുക്ക്സ് ആണ്. ചെയ്‌സിന്റെ നിരവധി പുസ്തകങ്ങൾ ഇതിനകം ഡോൺ ബുക്ക്സ് പുറത്തിറക്കി കഴിഞ്ഞു. അണിയറയിൽ ചെയ്‌സിന്റെ നിരവധി വിവർത്തന പുസ്തകങ്ങൾ ഒരുങ്ങുന്നുമുണ്ട്. പുസ്തകത്തിന്റെ വില 220 രൂപ. 



ഓബ്ലോമോവുമാരെ കാണാത്തവരാരുണ്ട് ?

 


പുതുവർഷത്തിൽ  നന്നാവണമെന്നും ,അതുപോലുള്ള പുതിയ തീരുമാനങ്ങളൊക്കെയെടുത്ത് എല്ലാം  നടപ്പിൽ വരുത്തണമെന്നോക്കെ  കട്ട പ്ലാനിങ് നടത്തുന്ന ആളുകളുണ്ട്.  എന്നാൽ ആ സമയമാകുമ്പോൾ അടുത്ത കൊല്ലം നന്നായിക്കോളാം എന്ന് പറഞ്ഞ് ആ പരിപാടി മാറ്റിവെയ്ക്കുന്ന ആളുകളെ കണ്ടിട്ടില്ലേ ? ഓബ്ലോമോവിസം എന്ന ഒരു അവസ്ഥയെയാണ് അത് സൂചിപ്പിക്കുന്നത്. 
ഏത് ഗുരുതര പ്രതിസന്ധിയിലും തികഞ്ഞ അനാസ്ഥയോടെയിരിക്കുക,ഉത്തരവാദിത്വം ആവുന്നിടത്തോളം ഏറ്റെടുക്കാതെ അതൊക്കെ മറ്റുള്ളവർക്ക് കൈമാറി കൈകഴുകിയിരിക്കുക,ചെയ്യേണ്ട കാര്യങ്ങൾ പരമാവധി നീട്ടിവെയ്പ്പിക്കുക   ഇതൊക്കെയാണ് ഒബ്ളമോവിസ്റ്റുകളുടെ അടിസ്ഥാന സ്വഭാവങ്ങൾ. അതുകൊണ്ടു തന്നെ  സംഭവരഹിതവും വിരസവുമായിരിക്കും പൊതുവിൽ ഇവരുടെ ജീവിതം. 



ഓബ്ലോമോവിസം എന്ന വാക്കിന് ഇത്രകണ്ട് പ്രചാരം കിട്ടാനിടയായ എഴുത്തുകാരനാണ് ഇവാൻ ഗഞ്ച്റോവ്. മുഴുവൻ പേര് ഇവാൻ അലക്സാൺട്രോവിച്ച് ഗഞ്ച്റോവ്. 1812 ൽ റഷ്യയിലായിരുന്നു ഇവാൻ ഗഞ്ച്റോവിന്റെ ജനനം . ആദ്യ നോവലായ  എ കോമൺ സ്റ്റോറി 1847 ൽ പുറത്തു വന്നു. 1859-ൽ പ്രസിദ്ധീകരിച്ച ഒബ്ലോമോവ് എന്ന നോവൽ പക്ഷേ  പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യൻ സാഹിത്യരംഗത്തിൽ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. സാമൂഹിക വിമർശനവും, ബ്ലാക്ക് ഹ്യൂമറുമൊക്കെയായിരുന്നു നോവൽ പ്രമേയം. നോവൽ പുറത്തുവന്നു കഴിഞ്ഞപ്പോൾ സാക്ഷാൽ ടോൾസ്റ്റോയ് പോലും അതിനെ അഭിനന്ദിച്ചു. നോവൽ നല്ല രീതിയിൽ റഷ്യയിൽ സ്വീകരിക്കപ്പെട്ടുകയും ചെയ്തു. 

നോവൽ അക്കാലത്തെ റഷ്യൻ പ്രഭുക്കന്മാരെയും, സിവിൽ സർവീസ് ജീവിതത്തെയും കണക്കിന് വിമർശിച്ചു. സ്വന്തംഭാവനയിൽ അഭിരമിച്ച് ജീവിക്കുകയും,എന്നാൽ ജീവിതത്തിൽ മുന്നേറാൻ ഒരു ചെറുവിരൽ പോലും അനക്കാത്ത  അലസരായ ഉറക്കം തൂങ്ങികളെ എടുത്തു കാണിക്കുകയായിരുന്നു നോവലിന്റെ ലക്ഷ്യം. നിഷ്ക്രിയത, ശാന്തത, അലസത എന്നീ സ്വഭാവങ്ങളെ വിവരിക്കുക വഴി അന്നത്തെ ഫ്യൂഡൽ റഷ്യയിൽ നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥയുടെ ഒരു പൊതു സ്വഭാവം വെളിച്ചത്തു  കൊണ്ട് വരാൻ ഗഞ്ച്റോവിന്  കഴിഞ്ഞു. അതുകൊണ്ടുതന്നെ  പത്തൊൻപതാം നൂറ്റാണ്ടിലെ റഷ്യയുടെ വിജയകരമായ ഒരു പ്രാതിനിധ്യമായി ഒബ്ലോമോവിനെ കണക്കാക്കുന്നവരുണ്ട്. 


റഷ്യയിലെ ഒരു കുലീന കുടുംബ ഉടമയുടെ ഏകമകനാണ് മൂപ്പതുകളില് എത്തി നിൽക്കുന്ന ഒബ്ലോമോവ്. ചെറുപ്പത്തിലേ  ഒരു ജോലിയും ചെയ്യാതെ വളർന്ന ഒബ്ലോമോവിന്റെ എല്ലാ കാര്യത്തിനും വേലക്കാർ വേണം. അത് പക്ഷേ അയാളെ ഒരു അലസനാക്കി കളഞ്ഞു. അയാളുടെ സെന്റ് പീറ്റേഴ്‌സ്ബർഗിലെ  അപ്പാർട്ട്മെന്റിൽ വേലക്കാരനായ സഹർ ആണ് കൂടെയുള്ളത് . കിടക്കയിൽ ഉറങ്ങാനും  പകൽ സ്വപ്നം കാണാനും മാത്രം അയാൾ  കൂടുതൽ സമയം ചെലവഴിച്ചു. തന്റെ ജീവിത നിലവാരങ്ങളിൽ ഒരു കഴിവും വളർത്തിയെടുക്കാത്ത ഒബ്ലോമോവ് പലതും ചെയ്യണമെന്ന് സ്വപ്നം കണ്ടു  . പക്ഷേ അതിനു വേണ്ടി ഒരിക്കലും ഒരു ശ്രമവും നടത്തിയതുമില്ല.

ഒരു കത്ത് വന്നാൽ   അതിനു മറുപടി അയക്കണമെന്നും , അതിലേക്ക് എന്തൊക്കെ ചെയ്യണമെന്നൊക്കെ അയാൾ കിടക്ക പായിൽ വച്ച് തന്നെ ദിവസങ്ങളോളം സമയമെടുത്ത്   ആലോചിച്ചു തീരുമാനിക്കും. പക്ഷേ  ഈ ആലോചന മാത്രമേ നടക്കാറുള്ളൂ . എഴുത്തിന് മറുപടി അടുത്ത ദിവസം അയക്കാമെന്നായാൾ തീരുമാനിക്കും. ഈ പ്രക്രിയയിങ്ങനെ നീണ്ടു പോകും. കത്തിന് ഒരിക്കലും ഒരു  മറുപടി അയക്കുകയുമില്ല. കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ സൌബിൻ അവതരിപ്പിച്ച കഥാപാത്രവുമായി എവിടെയൊക്കെയോ സാമ്യമുണ്ട് ഒബ്ലോമോവിന്  . പ്രവർത്തിക്കേണ്ട സമയമാകുമ്പോൾ ഛെ .. മൂഡ് പോയി ഇന്നിനി വേണ്ട   എന്ന് പറഞ്ഞുകൊണ്ടു വീണ്ടും കട്ടിലിൽ കയറി കിടന്നു അടുത്ത പദ്ധതി ആലോചിക്കുന്ന സ്വഭാവക്കാരനാണ് ഈ ഒബ്ലോമോവ്. 

എപ്പോഴും ഒരു സേഫ് സോണിൽ നിന്നുകൊണ്ട് മാത്രം  അയാൾ തീരുമാനങ്ങളെടു
ക്കുകയും, പ്രശ്നങ്ങളെ പേടിക്കുകയും ,കലഹമുണ്ടാകാതിരിക്കാനും  ശ്രമിച്ചു . തന്റെ സമാധാനത്തിനും ശാന്തതയ്ക്കും അപകടകരമായേക്കാവുന്ന എന്തിനെയും അയാൾ ഭയപ്പെടുകയും, അകറ്റി നിർത്തുകയും ചെയ്തു. 

ആ സ്വഭാവത്തിന്റെ  ഫലമായി ആളുകൾ അയാളെ  നല്ല രീതിയിൽ തന്നെ  മുതലെടുത്തു. അയാളുടെ തന്നെ കൃഷിക്കാർ അയാളുടെ എസ്റ്റേറ്റിന്റെ വരുമാനത്തെക്കുറിച്ച് കള്ളം പറഞ്ഞു പണം തട്ടിയെടുത്തു.  സ്വന്തം പണി സ്ഥലത്തു എത്ര പണിക്കാറുണ്ടെന്ന് പോലും അയാൾക്കറിഞ്ഞുകൂടാ . അവിടം കുഴപ്പങ്ങൾ വന്നപ്പോൾ ഒന്ന് പോയി അന്വേഷിക്കാൻ പോലും അയാൾ മടി കാണിച്ചു. സ്വന്തം വേലക്കാരനായ സഹർ  വരെ അയാളിൽ നിന്നും  തക്കം കിട്ടുമ്പോഴൊക്കെ മോഷ്ടിച്ചു .
 
എന്നാൽ  ഒബ്ലോമോവിന്റെ കഥാപാത്രത്തിന്റെ  സ്വഭാവത്തിന്റെ നേർവിപരീത സ്വഭാവമുള്ള ഒരാളെയും  ഈ നോവലിൽ കാണാം  . ജർമ്മൻ വംശജനും  ഒബ്ലോമോവിന്റെ പ്രിയ സുഹൃത്തുമായ  സ്റ്റോൾട്സ്  ആണാ കഥാപാത്രം. സൂചിപ്പിച്ച പോലെ  കഠിനാധ്വാനിയും,ശുഭാപ്തിവിശ്വാസക്കാരനും, ജീവിതത്തിൽ അച്ചടക്കമുള്ളവനുമാണ് ഈ സ്റ്റോൾട്സ്.  ഒബ്ലോമോവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സ്റ്റോൾസ് മാത്രമാണ് ആത്മാർഥമായി ശ്രമിക്കുന്നുള്ളൂ.ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല എന്ന് പറഞ്ഞുകൊണ്ടാണ്  ഒബ്ലോമോവിനെ നേരെയാക്കാൻ സ്റ്റോൾസ് ഇടപെടുന്നത്. 
ഓൾഗ എന്ന പെൺകുട്ടിയുമായി അടുക്കുന്നതോടെയാണ് ഒബ്ലോമോവ്  നേരെ നടക്കാൻ   തുടങ്ങിയത് തന്നെ.പക്ഷെ താൻ അവൾക്ക് യോജിച്ചതല്ല എന്ന ചിന്ത മനസ്സിൽ കയറിപ്പറ്റുന്നതോടെ അയാൾ അവളിൽ നിന്നും അകലാൻ തുടങ്ങുകയും ചെയ്യുന്നു. അതോടെ അയാൾ  കിടക്കപ്പായിൽ തന്നെ മുഴുവൻ സമയം ചിലവഴിക്കുന്ന ആ പഴയ സ്വഭാവത്തിലേക്ക് വീണ്ടും തിരിച്ചു വരികയും ചെയ്തു. 

എസ്റ്റേറ്റിൽ നിന്നുമുള്ള വരുമാനം കുറഞ്ഞതോടെ അയാൾക്ക് തൻറെ താമസ സ്ഥലം ഒഴിഞ്ഞു കൊടുക്കേണ്ടിവന്നു.രണ്ടു മക്കളുള്ള വിധവയുമായ അഗാഫ്യ മത്വെയ്ന എന്ന യുവതിയുടെ വീട്ടിലേക്കു താമസം മാറേണ്ടി വന്നതോട് കൂടി കഥ പിന്നെയും മുന്നോട്ടുപോകുകയാണ്.  
  
കലാപരവും ,സാംസ്കാരികപരവുമായ പ്രാധാന്യം  കൊണ്ട് ക്ലാസിക് നിലവാരത്തിലെത്തി നിൽക്കുന്ന ഒരു കൃതിയാണ് ഒബ്ലോമോവ് എന്ന നോവൽ. പ്രധാന റഷ്യൻ റിയലിസ്റ്റുകളിലൊരാളായും ഗഞ്ച്റോവിനെ കണക്കാക്കുന്നവരുണ്ട്.  
ഒരുപക്ഷേ നൂറ്റി അറുപതോളം വർഷങ്ങൾക്ക് മുൻപേ ഈ നോവൽ എഴുതപ്പെട്ടെങ്കിലും ആ കാലഘട്ടത്തിലോ , സാമൂഹ്യ പരിസരങ്ങളിലോ മാത്രം ഒതുങ്ങിപോകുന്ന ഒരു  കഥാപാത്രമല്ല ഒബ്ലോമോവ് .  ഈ  വർത്തമാന കാലത്തിലും നമുക്ക് ചുറ്റിലും  നിരവധി ഒബ്ലോമോവുമാരെ കാണാനാകും. 

ഇംഗ്ലീഷ് വിവർത്തനം ചെയ്തിരിക്കുന്നത് ഡേവിഡ് മഗാർഷെക്കാണ്.പെൻഗ്വിൻ ബുക്ക്സ് ആണ് പുസ്തകം ഇറക്കിയിട്ടുള്ളത്.മാത്തുക്കുട്ടി ജെ കുന്നപ്പിള്ളി പുനരാഖ്യാനം ചെയ്ത ഇതിന്റെ മലയാളം പതിപ്പ് ഡിസി ബുക്‌സും ഇറക്കിയിട്ടുണ്ട്. 

വാക്കുകൾ കൊണ്ട് നെയ്തെടുത്ത പായകൾ

 


ചിലരുടെ ഓർമ്മകുറിപ്പുകൾ വായിക്കുമ്പോൾ മനസ്സിന്റെ കോണിൽ എവിടെയോ മറന്നിട്ടു പോയ സംഭവങ്ങളെ ഓർക്കാനിടവരുത്താറുണ്ട് . ചിലതു വായിക്കുമ്പോൾ ഇത് എന്റെ കഥ തന്നെയല്ലെയോ എന്ന് സന്ദേഹപ്പെടാറുമുണ്ട്. പുസ്തകാസ്വാദനം പോലെത്തന്നെയാണ് ഈ ഓർമ്മകുറിപ്പുകളുടെ കാര്യവും. എനിക്ക് വായിച്ചു ഇഷ്ടപ്പെട്ടതും, ഓർമ്മകളുടെ തിരശീല നീക്കി പുറത്തുവന്നതുമായ അനുഭവങ്ങൾ മറ്റൊരാൾക്ക് അതേപോലെ അനുഭവപ്പെടണമെന്നില്ല. മറ്റു ചിലരുണ്ട്, തങ്ങളുടെ ഭാഷയുടെ സൗന്ദര്യം കൊണ്ട് അവരുടെ അത്തരം കുറിപ്പുകൾ നമ്മെ ഇരുത്തി വായിപ്പിച്ചു കളയും. അവസാനം പറഞ്ഞവിഭാഗത്തിൽപ്പെട്ട ഒന്നാണ് മനോജ് വെങ്ങാലയെഴുതിയ പായ എന്ന പുസ്തകം. പുസ്തകങ്ങളും,മനുഷ്യരും ,ജീവിതങ്ങളുമൊക്കെയായി പായ പോലെ  നീണ്ടു പരന്നു കിടപ്പുണ്ട് അനുഭവങ്ങളും ഓർമകളും ഈ പുസ്തകത്തിൽ.

അനുഭവങ്ങൾ പേറുന്ന ഓർമകളുടെ ഭാരം ഒന്നു ഇറക്കിവെയ്ക്കാനുള്ള   ഒരു ശ്രമമാണ്  മനോജ് വെങ്ങോല നടത്തിയിരിക്കുന്നത്. ഓർമകളുടെ കൂട്ടപ്പൊരിച്ചിലുകൾ   വീട്ടിൽ നിന്നും ,അച്ഛനിൽ നിന്നും തുടങ്ങി  ജീവിതത്തിൽ പലപ്പോഴായി കണ്ടുമുട്ടിയ വ്യക്തികളെയും , അഭിമുഖീകരിക്കേണ്ടി വന്ന സംഭവങ്ങളിലും നിറഞ്ഞു നിൽക്കുന്നു  . ഫേസ്ബുക്കിലെ പുസ്തക ചലഞ്ച് ആണ് ഇത്തരം കുറിപ്പുകൾ എഴുതാൻ  ഇടയായതെന്ന് എഴുത്തുകാരൻ സൂചിപ്പിച്ചിട്ടുണ്ട്. പിന്നീട് ആ കുറിപ്പുകൾ മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി പുസ്തകമാക്കുകയായിരുന്നു.

 പുസ്തകത്തിന്റെ അവതാരികയിൽ പറഞ്ഞിരിക്കുന്നതുപോലെ വാക്കുകൾ കൊണ്ട് ജീവിതം നെയ്തെടുക്കുകയാണോ,ജീവിതങ്ങൾ കൊണ്ട് വാക്ക് ഉരുവം കൊള്ളുകയാണോ എന്ന് സന്ദേഹിപ്പിക്കുന്ന കുറിപ്പുകൾ തന്നെയാണിത് .ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അറബിനോവലെന്ന് എഡ്വേർഡ് സൈദ് പരാമർശിച്ച സീസൺ ഓഫ് മൈഗ്രേഷൻ ടു  ദി നോർത്തിന്റെ രചയിതാവ് തയ്യിബ് സാലിഹ് ഒരിക്കൽ ഇങ്ങനെയെഴുതിയെത്രെ “വളരെയധികം വായിക്കുന്ന ഒരാൾ സ്വന്തം നോവൽ എഴുതാൻ മറന്നു പോകുന്നത് സ്വാഭാവികമാണ്“. മനോജ് വെങ്ങോലയെ അങ്ങനെ സ്വന്തം നോവലെഴുതാൻ മറന്നു പോയ ഒരാളായാണ് സൂചിപ്പിച്ചിരിക്കുന്നത്. 

അഗസ്റ്റിൻ ചേട്ടനും,സരസ്വതിയും അവരുടെ മകനും,അമ്പല പറമ്പിലെ നാടകവും ,കമ്പ രാമായണത്തിലെ പറയാത്ത കഥകൾ പറഞ്ഞ സത്യഭാമ കുഞ്ഞമ്മയും പല അദ്ധ്യായങ്ങളിലായി നമുക്ക് മുന്നിലെത്തുന്നു. എഴുതിയിട്ട വാക്കുകളുടെ കനം അത്രമേൽ ഈ പുസ്തകത്തെ ഇഷ്ടപ്പെടാൻ ഇടയാക്കുമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഇതിലെ ഒരു വാചകം എനിക്കേറ്റവും ഇഷ്ടപ്പെട്ടു അതിതാണ് 
സാഹിത്യ പ്രതിഭയല്ല ,ഭാഷാവരം ഒട്ടുമില്ല,ദർശനികതയുടെ കാര്യം പിന്നെ പറയേണ്ടല്ലോ.ചില  വായിക്കുമ്പോൾ അറിയാതെ എഴുതിപ്പോകുന്നതാണ്.എഴുത്തു എന്നും പറയാനാവില്ല.എഴുതാനുള്ള ശ്രമങ്ങൾ മാത്രം .വീട്ടുപരിസരങ്ങളിൽ ചുറ്റി പറന്നു നടക്കുന്ന ശലഭയാത്രകൾ” . (അദ്ധ്യായം എഴുത്ത്:പേജ് 100 ).തന്റെ എഴുത്തിനെ കുറിച്ച് പറയുമ്പോൾ  വിനയാന്വിതനാകുകയാണ് എഴുത്തുകാരൻ. 
ഒരുപക്ഷേ ലൈബ്രറി മേളയിൽ പോയിരുന്നിലെങ്കിൽ  ഈ പുസ്തകമെന്റെ  കണ്ണിൽപ്പെടില്ലായിരുന്നു. പ്രമുഖരുടെ മാത്രം തിരക്കി നടന്നിരുന്നെങ്കിൽ  ഈ പുസ്തകം കൈയ്യിൽ വരില്ലായിരുന്നു. പുസ്തകം മറിച്ചു നോക്കി ഒന്നു രണ്ടു പേജുകൾ ഒന്നോടിച്ചു വായിച്ചപ്പോഴേക്കും ഈ പുസ്തകം  വായിക്കേണ്ട ഒന്നാണെന്ന് മനസ്സിലായി. 

ഭാഷാവരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ ഉഗ്രൻ പായ നെയ്തെടുക്കും പോലെ വാക്കുകൾ കൊരുത്തെടുക്കുന്നത്  കാണുമ്പോൾ അസൂയ തോന്നാതിരിക്കുന്നതെങ്ങനെ.


യെസ് പ്രസ് ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് , വില 160 രൂപ .

പ്രവാസവും പിന്നെ എം മുകുന്ദനും

 

പ്രവാസത്തെ സംബന്ധിച്ച നോവലുകളോ,കഥകളോ വായിക്കാത്ത ഏതെങ്കിലും ഒരു മലയാളി ഉണ്ടാകുമോ എന്ന് സംശയമാണ്. മലയാളികളുമായി അത്രമേൽ ഇഴ ചേർന്നു കിടക്കുന്ന  ഒന്നാണീ പ്രവാസം. അതിന്റെ ചൂടും ചൂരും നിറഞ്ഞ അതിജീവനത്തിന്റെ,രക്ഷപ്പെടലിന്റെ, കഷ്ടപ്പാടിന്റെ എത്രയെത്ര കഥകളാണ് ഓരോരുത്തർക്കും പറയാനുണ്ടാകുക.
ഒരുപക്ഷേ എം. മുകുന്ദനോളം പ്രവാസത്തെ ഇത്ര കണ്ട് അടയാളപ്പെടുത്തിയ ഒരു എഴുത്തുകാരൻ വേറെയുണ്ടാകില്ല.  അദ്ദേഹത്തിന്റെ മിക്ക നോവലുകളിലും ഒരു മുഖ്യ വിഷയമല്ലെങ്കിൽ പോലും പ്രവാസം കടന്നു വന്നിട്ടുണ്ട്. അത് നൃത്തം ചെയ്യുന്ന കുടകളിലായാലും,കുട നന്നാക്കുന്ന ചോയിയായാലും, ദൈവത്തിന്റെ വികൃതികളായാലും വായനക്കാരെ പ്രവാസത്തിന്റെ കടൽ കടത്താതെ  ഇരുന്നിട്ടില്ല. പക്ഷേ  ഈ നോവലിൽ പ്രവാസത്തിന്റെ നിരവധി മുഖങ്ങളും ,കാലവും, ഇടങ്ങളും മാറുമ്പോൾ പ്രവാസത്തിലുണ്ടാകുന്ന മാറ്റങ്ങളെയും എടുത്തു കാട്ടാൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്. 
 മലയാള നോവൽ സാഹിത്യത്തെ തന്നെ മാറ്റിത്തീർക്കാനുതകുന്ന ശക്തി സൗന്ദര്യങ്ങൾ ഈ നോവലിനുണ്ടെങ്കിലും എം. മുകുന്ദന്റെ സാഹിത്യ ജീവിതത്തിലെ ശ്രദ്ധേയമായൊരു  ചുവടുവയ്പ്പായാണ് പ്രവാസമെന്ന നോവൽ അടയാളപ്പെടുത്തിയിരിക്കുന്നത് എന്ന പ്രസാധക കുറിപ്പിനോട്  മുഴുവനുമായി അംഗീകരിച്ചുകൊടുക്കാനാകില്ല. മുകുന്ദന്റെ എഴുത്തിനെ മേല്പറഞ്ഞ ആ ചുവടുവെയ്പപ്പിലേക്ക് കൊണ്ടെത്തിച്ച മറ്റു ചില ശ്രദ്ധേയ കൃതികൾ വേറെയുണ്ട്.  അതെന്തായാലും പ്രവാസമെന്ന ഈ നോവൽ അല്ലേയല്ല എന്ന് പറയേണ്ടി വരും. എങ്കിലും  മുകുന്ദന്റെ മികച്ച കൃതികളിൽ ഒന്നു തന്നെയാണ് പ്രവാസമെന്ന ഈ നോവൽ. 
ചോയികുട്ടിയച്ഛന്റെ എതിർപ്പ് മറികടന്ന്  ബർമ്മയിലേക്ക് പോയ  കൊറ്റിയത്ത് കുമാരനിലൂടെയാണ് പ്രവാസത്തിന്റെ കഥ തുടങ്ങുന്നത്.അത് പക്ഷേ അയാളുടെ തറവാട്ടിൽ തിന്നാനും കുടിയ്ക്കാനും ഇല്ലാത്ത അവസ്ഥയായിട്ടൊന്നുമല്ലായിരുന്നു .ബർമ്മയിലെത്തിയ  കുമാരന് പക്ഷേ പിടിച്ചു നിൽക്കാൻ നന്നായി കഷ്ടപ്പെടേണ്ടി വന്നു. വർഷങ്ങൾക്ക് ശേഷം  നിരവധി സംഭവപരമ്പരകൾക്കൊടുവിൽ കൈയ്യിൽ കാൽകാശില്ലാതെ കുമാരൻ  തിരിച്ചു വന്നു.നാട്ടുകാർ അയാൾക്ക് റങ്കൂണ്‍ കുമാരന്‍ എന്ന പേരു സമ്മാനിച്ചു.വെറും കുമാരൻ അങ്ങനെ റങ്കൂണ്‍ കുമാരനാകുകയും, കഥ അയാളുടെ മകൻ ഗിരിയിലൂടെയും ,ഗിരിയുടെ  മകൻ അശോകനിലൂടെയും മുന്നോട്ട് പോകുകയും ചെയ്യുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ പ്രധിനീകരിക്കുന്ന അശോകനിലൂടെ പ്രവാസമെന്ന പ്രക്രിയ തുടരുകയാണ് ചെയ്യുന്നത് . കഥാ പരിസരം കേരളത്തിൽ മാത്രമൊതുങ്ങുന്നില്ല എന്നുള്ളതാണ് മറ്റൊരു കാര്യം . ബര്‍മ്മയിൽ തുടങ്ങി,ഗൾഫിലും,ഡെൽഹിയിലും,ജര്‍മ്മനിയിലും  അമേരിക്കയിലും ഒക്കെ നീണ്ടു പരന്നു കിടക്കുകയാണ് കഥാ സന്ദർഭങ്ങൾ. 
മാധവൻ എന്ന പേരിനോട് മുകുന്ദന് എന്തോ പ്രത്യക ഇഷ്ടമുണ്ടെന്ന് തോന്നുന്നു. മിക്ക നോവലുകളിലും ഒരു കഥാപാത്രത്തിന്റെയെങ്കിലും പേര് മാധവൻ എന്നായിരിക്കും. ഇതിലുമുണ്ട് ഒരു മാധവൻ. വിപ്ലവകാരിയായ മിച്ചിലോട്ട് മാധവൻ.
എല്ലാ കമ്മ്യൂണിസ്റ്കാരെയും പോലെ  ശുഭാപ്തി വിശ്വാസക്കാരനായ മിച്ചിലോട്ട് മാധവനാണ് കഥയെ ഫ്രാൻസിലോട്ട് ഇടയ്ക്ക് പറിച്ചു നടുന്നത്.മാഹിയെന്ന ഫ്രഞ്ച് അധീന പ്രദേശത്തു  ജനിച്ചു വീണ അയാൾക്ക്‌ ഫ്രാൻസുമായി കെട്ടുപിണഞ്ഞു കിടക്കുന്ന നിരവധി ബന്ധങ്ങളുണ്ട്.അതുപോലെ കഥാ സന്ദർഭങ്ങളെ മറ്റു നാടുകളിലേക്ക് പറിച്ചു നടുന്ന നിരവധി കഥാപാത്രങ്ങൾക്കൊണ്ട് സമ്പുഷ്ടമാണ് പ്രവാസമെന്ന ഈ നോവൽ. വായനക്കാർ മുകുന്ദനെ ആഘോഷിച്ചു വായിച്ച മറ്റു കൃതികളിലെ പോലെ മനുഷ്യ ജീവിതത്തിന്റെ സങ്കീർണ്ണതകളെ ആവിഷ്ക്കരിക്കാനുള്ള ഒരു ശ്രമം ഈ നോവലിലും  എഴുത്തുകാരൻ നടത്തിയിട്ടുണ്ട്.  
നാടൻ പ്രേമവും,വിഷകന്യകയും,പുള്ളിമാനുമൊക്കെ എഴുതിയ, മലയാളികളുടെ പ്രിയ സഞ്ചാരസാഹിത്യകാരൻ കൂടിയായ പൊറ്റെക്കാട്ടിലൂടെയാണ് ആദ്യ ഭാഗങ്ങളിൽ  കഥ നമ്മോടു പറഞ്ഞ് തുടങ്ങുന്നത്. വിശപ്പിന്റെ കഥകളെഴുതാത്ത,തന്റെ കഥകളിൽ കാല്പനികത കൂടുതലുള്ള ഈ ശങ്കരൻ കുട്ടി  നോവലിലെ ഒരു കഥാപാത്രം കൂടിയാണ്. ഒരു തലമുറയുടെ കഥകൾ മുഴുവൻ നമ്മോടു പറഞ്ഞതിനു ശേഷം ,കഥ പറയാനുള്ള അവസരം പുതുതലമുറയിലെ എഴുത്തുകാരനായ മുകുന്ദന് തന്നെ  വിട്ടുകൊടുത്തിരിക്കയാണ് അദ്ദേഹം.  കൊറ്റിയത്ത് കുമാരൻ 1930 കളിൽ കപ്പലിൽ കയറി ബർമ്മയിൽ  പോയ സംഭവത്തോടെയാണ് ശങ്കരൻ കുട്ടി കഥപറച്ചിൽ തുടങ്ങിവെച്ചത്. അരനൂറ്റാണ്ടിന് ശേഷം ശങ്കരൻ കുട്ടിയുടെ മരണത്തിന് ശേഷം 1982 ഓടു കൂടി ആ കഥപറച്ചിൽ നോവലിസ്റ്റ് തന്നെ സ്വയം ഏറ്റെടുക്കുകയാണ്.  
ജീവിതത്തിന്റെ നിഗൂഢതകളിലേക്കു ഊളയിടുന്ന സാഹിത്യകാരനല്ല ശങ്കരൻ കുട്ടി എന്നാണ് കുമാരന്റെ പക്ഷം. ബർമ്മയിലെത്തിയ കുമാരൻ സാഹിത്യകാരനായ ശങ്കരൻ കുട്ടിയോട് ചോദിയ്ക്കാൻ കുറെ ചോദ്യങ്ങൾ എടുത്തു വെക്കുന്നുണ്ട്. ജീവിതത്തിലെ പ്രതിസന്ധികളിൽ ,ഉത്തരം കിട്ടാത്ത പ്രഹേളികകളിൽ അതിന്റെ മറുപടി നല്കാൻ  ശങ്കരൻ കുട്ടിയെ പോലുള്ള സാഹിത്യകാരൻമാർക്കെ കഴിയൂ എന്നയ്യാൾ വിശ്വസിക്കുന്നു. നോവലിലെ കഥാപാത്രങ്ങളുടെ ജീവിതം വഴിമുട്ടി നിൽക്കുമ്പോഴൊക്കെ അവയെ മുന്നോട്ട് കൊണ്ടുപോകാൻ എഴുത്തുകാർക്ക് വളരെയെളുപ്പം കഴിയും.അവിടെ എഴുത്തുകാരന്റെ ന്യായങ്ങളുമായി വായനക്കാർക്ക് പൊരുത്തപ്പെടേണ്ടിവരും. കുമാരന് പക്ഷേ അതറിയില്ലയിരിക്കാം. എങ്കിലും  ഒരുപിടി ചോദ്യങ്ങളുമായി അയാൾ തന്റെ  കാത്തിരിപ്പ് തുടരുകയാണ്. 
തലമുറകൾ മാറി മറഞ്ഞു വരുമ്പോൾ കമ്മ്യൂണിസത്തിനും ,അതിന്റെ ആശയങ്ങൾക്കും അതിന്റെ പ്രസക്തിയിൽ ഏറ്റകുറച്ചിലുകൾ സംഭവിച്ചിട്ടുണ്ട് എന്നൊരു സന്ദേഹം നോവൽ പങ്കു വെയ്ക്കുന്നുണ്ട് . ഒളിവിൽ കഴിയുന്ന ഗിരിയോട് സുനന്ദ പറയുന്നുണ്ട് , അറിവിന്റെ ഉലയിലെ തീച്ചൂടിൽ വിളക്കിയെടുക്കുന്നതായിരിക്കണം രാഷ്ട്രീയ പ്രബുദ്ധത.പഠിപ്പും,അറിവുമുള്ള ആൾക്കാർക്കെ നല്ല രാഷ്ട്രീയപ്രവർത്തകരാകാൻ കഴിയൂ. ഗിരി പക്ഷേ വിപ്ലവചൂടിൽ അതൊന്നും ശ്രദ്ധിക്കാൻ കൂട്ടാക്കുന്നില്ല. 
 പ്രവാസത്തിന്റെ  കഥ പറച്ചിൽ മുകുന്ദൻ ഏറ്റെടുക്കുന്നതോടെ  തന്റെ വീക്ഷണങ്ങളും,അഭിപ്രായങ്ങളും ,നിരീക്ഷണങ്ങളും നോവലിൽ നേരിട്ട് അവതരിപ്പിക്കാനുള്ള ധൈര്യം കാണിക്കുന്നുണ്ട് . ശങ്കരൻ കുട്ടി പറഞ്ഞ് മുഴുമിപ്പിക്കാതെപോയതെല്ലാം പറയാനുള്ള വലിയ ഉത്തരവാദിത്വം എഴുത്തുകാരനുണ്ട് എന്ന് സ്വയം വിശ്വസിക്കുന്നയാൾ,മാനവികത,നവോദ്ധാനം സാമൂഹ്യനീതി,അധിനിവേശം, പ്രതിരോധം ഇതൊന്നും പാഠപുസ്തകങ്ങളിലില്ലാത്ത ഒരു പഠിപ്പും പഠിപ്പല്ല എന്ന് കരുതുന്ന ഒരാൾ, അങ്ങനെയുള്ള എഴുത്തുകാരന്റെ ആത്മാവിശ്വാസത്തിന്റെയും,ആത്മരതിയുടെയും കണികകൾ നോവലിൽ പലയിടത്തായി ചിതറി തെറിച്ചു കിടപ്പുണ്ട്. 
മുകുന്ദൻ ,തന്നെ നോവലിൽ സ്വയം ആധുനികതയുടെ യുവ സാഹിത്യകാരൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പ്രവാസികളായ വിജയനും,കാക്കനാടനും,മുകുന്ദനും എത്ര നന്നായി എഴുതുന്നു.അവരുടെ എഴുത്തിൽ പുതുമയുണ്ട്. പ്രവാസം കാരണമാണോ അവരിങ്ങനെ എഴുതുന്നത് എന്നൊക്കെയാണ് ആത്മഭാഷണം നടത്തുന്നത്. എഴുത്തുകാരൻ സ്വയം ഒരു കൃതിയിൽ സ്വന്തം പേരിൽ പ്രത്യക്ഷപ്പെടുന്നത് ഇപ്പോൾ ഒരു പുതുമായൊന്നുമല്ല. സമുദ്രശിലയിൽ സുഭാഷ് ചന്ദ്രൻ സ്വയം ഒരു കഥാപാത്രമായി  അവതരിപ്പിക്കപ്പെട്ടതും ,അതുമായി ബന്ധപ്പെട്ട് നോവൽ വിമർശിക്കപ്പെട്ടതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. 
യുവാക്കളെ ചരസ്സു വലിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്തുകാരെക്കാൾ ആപൽക്കാരികളായ എഴുത്തുകാർ ഭാഷയിൽ വേറെയുണ്ടെന്ന തിരിച്ചറിവായിരിക്കാം  ഗൾഫിലെ യാഥാസ്ഥിതികരായ മലയാളി സംഘടനകൾ  എഴുത്തുകാരന്റെ മേലുള്ള നിരോധനം പിൻവലിച്ചതെന്ന് നോവലിലെ മുകുന്ദൻ പറയുന്നുണ്ട്. അക്കാലങ്ങളിൽ താൻ നേരിട്ട വിമർശനങ്ങൾക്ക് നോവലിലൂടെ ഒരു മറുപടി കൊടുക്കാൻ മുകുന്ദൻ ശ്രമിക്കുന്നുണ്ട്. 
2008 ആഗസ്റ്റിൽ അഞ്ചു പതിപ്പുകളുമായി പതിനായിരം കോപ്പികൾ ,അതും അഞ്ചു വ്യത്യസ്ത പുറംചട്ടകളുമായി പുറത്തിറങ്ങിയ നോവലാണിത്. എഴുത്തുകാരന്റെ വാക്കുകൾ  കടമെടുക്കുകയാണെങ്കിൽ മഴവെള്ളം വന്നു നിറഞ്ഞ തോട്ടിൽ പരൽ മീനുകൾ നീന്തിക്കളിക്കുന്നതുപോലെ മനസ്സിൽ നീന്തിനടക്കുന്ന കഥകളെ പകർത്തിയെഴുതിയിരിക്കുകയാണിതിൽ. സമ്പുഷ്ടമായ  കഥാപാത്രങ്ങളും കഥാപരിസരവും നോവലിനു കരുത്ത് പകരുന്നുണ്ട്. കഥാപാത്രങ്ങളുടെ ബാഹുല്യം കൊണ്ടാകണം വായനക്കാർക്ക് എളുപ്പം നോക്കി മനസ്സിലാക്കാൻ കഥാപാത്ര സൂചികയും പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്. ഡിസി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 410 രൂപ. 

കാന്തമലചരിതം -അഖിനാതന്റെ നിധി

 


കാന്തമലചരിതം ഇപ്പോഴാണ് വായിക്കാനൊത്തത്.  
ഒരുപക്ഷെ ഈ പുസ്തകം ഇത്രയും വളരെ വൈകി വായിക്കുന്ന ഒരു ആൾ ഞാനാകാനാണ് സാധ്യത. അടുത്തിടെ  റിലീസ് ചെയ്ത ഒരു സൂപ്പർ ഹിറ്റ് പടം വളരെ വൈകി കാണുന്ന ഒരാളുടെ ആ ഒരു അവസ്ഥയില്ലേ അതുപോലെയാണെനിക്കു തോന്നുന്നത്. ഈ പുസ്തകം വായിച്ചവരെല്ലാം നല്ല നല്ല കുറിപ്പുകൾ എഫ് ബി യിൽ പങ്കുവെയ്ക്കുമ്പോഴൊക്കെ  ഞാൻ വിചാരിക്കാറുണ്ട് , ഉടനെ തന്നെ ഇത് വായിക്കണം ഒരു ചെറുകുറിപ്പ് എനിക്കും ഇടണം എന്നൊക്കെ . പക്ഷെ എന്തുകൊണ്ടോ ,വളരെ നേരത്തെ തന്നെ പുസ്തകം കൈയ്യിലെത്തിയിട്ടും വായന മാത്രം നീണ്ടു നീണ്ടു പോയി  .

വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം നാട്ടിലേക്ക് പോകാനെടുത്ത ബാഗിൽ വായിക്കാനായി പുസ്തകങ്ങൾ കുത്തി നിറച്ചു വച്ചപ്പോൾ, എന്തോ കാന്തമലചരിതം അപ്പോഴും കണ്ണിൽ പെട്ടില്ല.പക്ഷെ പുസ്തകങ്ങളും,ലാപ്ടോപ്പും ഒക്കെ വച്ച് കഴിഞ്ഞ്   ബാഗ് ഒന്ന് പൊക്കിനോക്കിയപ്പോൾ   രണ്ടു മൂന്നു അമ്മിക്കല്ലിന്റെ ഭാരം!.  എടുത്തുവച്ച, പുസ്തകങ്ങളെല്ലാം തിരികെ ഷെൽഫിൽ തന്നെ കയറ്റി. കാന്തമല ചരിതം അപ്പോൾ മാത്രമാണ്  കൈയിൽ തടഞ്ഞത്. 

ട്രെയിനിൽ ഇരിക്കുമ്പോൾ വായിക്കാൻ എനിക്ക് പുസ്തകങ്ങൾ നിർബന്ധമാണ്. ആറേഴു മണിക്കൂർ നേരത്തെ യാത്രയുടെ മുരടിപ്പ് മാറ്റാൻ പലവഴികളുമുണ്ട്. എനിക്ക് പക്ഷേ പുസ്തകവായന മാത്രമാണ് ശരണം . കൊറോണ വന്നതിനു ശേഷം ഏതാണ്ട് ഒരു വർഷമായിരിക്കുന്നു ട്രെയിനിൽ കയറിയിട്ട്. ഒരുകൊല്ലത്തെ പുറത്തെ മാറിയ കാഴ്ചകൾ കാണാൻ ബാക്കിയുണ്ട്.എന്നാലും പുസ്തകം കൈയ്യിലുണ്ടെങ്കിൽ  മറ്റൊന്നും വേണ്ട. ചിറയിൻകീഴ്‌ കഴിഞ്ഞപ്പോഴാണ് കാന്തമലചരിതം വായിക്കാനെടുത്തത്. വായിച്ചു വായിച്ചു ട്രെയിനിനേക്കാൾ വേഗത്തിൽ ഞാൻ മുന്നോട്ടു നീങ്ങി. വായനയുടെ രസത്തിൽ പുറംകാഴ്ചകളും , പുസ്തകത്തിലെ താളുകൾ  കടന്നു പോയിക്കൊണ്ടിരുന്നതും  അറിഞ്ഞതേയില്ല. വിഷ്ണു ,ഇതിൽ സൃഷ്‌ടിച്ച മിത്തുകളും,ഭാവനയുടെ ലോകവും യാഥാർഥ്യവുമായി കൂടിക്കുഴഞ്ഞ് ഏതാണ് ശരിക്കുമുള്ളത് എന്ന ആശയക്കുഴപ്പത്തിൽ വീണുപോയി എന്നുള്ളതാണ് സത്യം .അടുത്തതെന്ത് എന്തെന്നറിയാനുള്ള ഒരു ആകാംക്ഷ സൃഷ്ടിക്കാൻ വിഷ്ണുവിന് കഴിഞ്ഞിട്ടുണ്ട്. വെറുതെയല്ല കാന്തമല ചരിതം ഇത്ര കണ്ട് ആഘോഷിക്കപ്പെട്ടത്.

ചെറുപ്പത്തിൽ രാമനാഥൻ മാഷിന്റെ പുസ്തകങ്ങളാണ് ഇതേപോലെ ഞാൻ വായിച്ചു രസിച്ച് അത്ഭുതപ്പെട്ടിട്ടുള്ളതെന്ന് തോന്നുന്നു. പുതുകാലത്ത് ഒരുപാടുപുസ്തകങ്ങൾ ഈ വിഭാഗത്തിൽ ഇറങ്ങുന്നുണ്ട്. അവയിൽ എത്രയെണ്ണം നേരാംവണ്ണം വായിക്കപ്പെടുന്നു  എന്നത് ഒരു ചോദ്യമാണ്. വായനക്കാരുണ്ടാകുമ്പോഴാണല്ലോ ആ പുസ്തകവും,എഴുത്തുകാരനും നിലനിൽക്കപ്പെടുകയുള്ളൂ. കാന്തമലചരിതം എന്തായാലും വായനക്കാർ ഏറ്റെടുത്തു കഴിഞ്ഞു. അതിന്റെ അടുത്ത ഭാഗത്തിനായി ഇപ്പോൾ ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയും ചെയ്യുന്നു. ഒരു കഥ ആളുകളെ പിടിച്ചിരുത്തി വായിപ്പിക്കണമെങ്കിൽ കഥപറച്ചിലിലും കഥാ പരിസരത്തിലും  ,കഥാ ഘടനയിലും വേണ്ട  ഘടകങ്ങൾ നല്ല രീതിയിൽ  വേണ്ടയിടങ്ങളിൽ കൃത്യമായി തന്നെ പ്രതിഷ്ഠിക്കേണ്ടതുണ്ട്.കാന്തമല ചരിതത്തിൽ ഈ കാര്യങ്ങൾ നല്ലവിധം കൈകാര്യം ചെയ്തിട്ടുമുണ്ട്.

പ്രാദേശികതകളിൽ നമ്മൾ കേട്ടു പഴകിയതും,കേൾക്കാത്തതുമായ  മിത്തുകളിൽ നിന്നും, കഥകളിൽ നിന്നും ലോകപരിസരങ്ങളിലെ ചരിത്രത്തിലേക്കും ഭവനകളിലേക്കും കഥയെ പ്രതിഷ്ഠിക്കാനും, കഥയുടെ രസച്ചരട് മുറിയാത്ത തരത്തിൽ അവയെ കണ്ണി ചേർക്കാനും  അസാധ്യ പരിശ്രമം നടത്തിയിട്ടുണ്ട് വിഷ്ണു . 
ഒടുവിൽ പുസ്തകത്തിന്റെ അവസാന താളും കടന്ന് വായനാമൂർച്ചയുടെ  
ആലസ്യത്തിൽ വിശ്രമിക്കാനിരിക്കുമ്പോഴും   ട്രെയിൻ എനിക്കിറങ്ങേണ്ടയിടത്തെത്താൻ കുതിച്ചുകൊണ്ടിരിക്കയായിരുന്നു.

പുസ്തകത്തെ കുറിച്ച് എഫ് ബി യിൽ കുറിപ്പോന്നും  എഴുതേണ്ടന്നാണ് എനിക്ക് അപ്പോൾ  തോന്നിയത്. 
ഒരുപാടു പേർ അതിഗംഭീരമായി,നല്ല ഭാഷയിൽ വായിപ്പിക്കാൻ കൊതിപ്പിക്കുന്ന രീതിയിൽ  പുസ്തകത്തെ കുറിച്ച് വിശേഷങ്ങൾ പങ്കുവെച്ചുകഴിഞ്ഞു. 
സത്യം പറഞ്ഞാൽ ഇതേ കുറിച്ചെഴുതാൻ  വാക്കുകളോന്നും കിട്ടാതെയിരുന്ന  ഒരു അവസ്ഥയിൽ തോന്നിയതായിരുന്നു അങ്ങനെയൊക്കെ  .പായ എന്ന പുസ്തകത്തിൽ  മനോജ് വെങ്ങോല എഴുതിയത് പകർത്തിയാൽ “സാഹിത്യ പ്രതിഭയല്ല ,ഭാഷാവരം ഒട്ടുമില്ല.ദാർശനികതയുടെ കാര്യം പിന്നെ പറയേണ്ടല്ലോ.ചില ഉഗ്രന്മാരെ വായിക്കുമ്പോൾ അറിയാതെ എഴുതിപ്പോകുന്നതാണ്.എഴുത്ത് എന്നും പറയാനാവില്ല.എഴുതാനുള്ള ശ്രമങ്ങൾ മാത്രം”. ആ വരികളാണ് ഓർമ വന്നത്. ചില പുസ്തകങ്ങളെ പരിചയപ്പെടുത്താൻ അസാമാന്യ ജ്ഞാനം വേണം. അങ്ങനെ രണ്ടു വരിപോലും എഴുതാൻ കഴിയാതെ വായിച്ചു വച്ച പുസ്തകങ്ങൾ നിരവധിയുണ്ട്.പക്ഷേ  പുസ്തകം വായിച്ച്  അത് ഇഷ്ടപ്പെട്ട കാര്യം വിഷ്ണുവിനോട് പറയാതിരിക്കാനും കഴിഞ്ഞില്ല.

എഫ് ബി യിലെ ഉഗ്രന്മാർ നല്ല രീതിയിൽ എഴുതിയിട്ടുപോയ പുസ്തകമാണ് കാന്തമലചരിതം . അപ്പോൾ അതാണ് കാര്യം..  അങ്ങനെയുള്ളപ്പോൾ ഇനി  ഞാൻ അതിനെപ്പറ്റി കൂടുതൽ എന്തെഴുതാനാണ് .

സന്തോഷ് ജോർജ് കുളങ്ങരയുടെ ബാൾട്ടിക് ഡയറി

 

മികച്ച യാത്രാ വിവരണത്തിനുള്ള 2012 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതിയാണ് സന്തോഷ് ജോർജ് കുളങ്ങരയുടെ ബാൾട്ടിക് ഡയറി എന്ന  പുസ്തകം. ലാത്‌വിയ,ലിത്വാനിയ,എസ്റ്റോണിയ,പോളണ്ട്  എന്നിവയാണ് ബാൾട്ടിക് രാജ്യങ്ങൾ.

ബാൾട്ടിക് കടലിന്റെ കിഴക്കൻ കരയിലെ രാജ്യങ്ങളായതിനാലാണ് അവയ്ക്കാ പേര് വന്നതെന്നു പറയപ്പെടുന്നു. യുദ്ധങ്ങളും,കെടുതികളുമൊക്കെയായി വേണ്ടരീതിയിൽ പ്രസിദ്ധി നേടിയ രാജ്യങ്ങളാണല്ലോ ഇവയും.

 യാത്രകളും ,യാത്രാ  വിവരണങ്ങളും ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും  വ്യത്യസ്തമായൊരു വായനാനുഭവമായിരിക്കും ബാൾട്ടിക് ഡയറി.അവതാരികയിൽ എം വി നികേഷ് കുമാർ  കുറിച്ചതുപോലെ ഒരിക്കലെങ്കിലും ഇവിടെയൊക്കെ ചുറ്റണം എന്ന് വായനക്കാരെ മോഹിപ്പിക്കും വിധം സമൃദ്ധമാണ് ഈ പുസ്തകം. 

സോവിയറ്റ് യൂണിയൻ നിലനിന്നിരുന്ന സമയത്ത് അതിലെ അംഗരാജ്യങ്ങളായിരുന്നു നേരത്തെ സൂചിപ്പിച്ച ബാൽട്ടിക് രാജ്യങ്ങൾ. യാത്രയ്ക്കിടയിൽ അലക്സ് എന്ന ഒരു ലാത്വിയൻ നാട്ടുകാരനെ എഴുത്തുകാരൻ വിമാനത്തിൽ വെച്ചു കണ്ടപ്പോൾ , ഭരിക്കാനാറിയാത്ത കഴുതകളാണിപ്പോൾ അവിടയുള്ളതെന്നും ,സോവിയറ്റ് യൂണിയന്റെ കാലത്തുണ്ടായിരുന്ന പല ഫാക്ടറികളും പൂട്ടികഴിഞ്ഞെന്നും  അയാൾ പറയുന്നുണ്ട് .എന്നാൽ അവിടെയെത്തിയപ്പോൾ അലക്സ് പറഞ്ഞ പലകാര്യങ്ങളും പൂർണ്ണമായി  ശരിയല്ല എന്ന അഭിപ്രായത്തിലെത്തുകയാണ് സന്തോഷ് ജോർജ്ജ് കുളങ്ങര . 

ആളുകൾ ഉപേക്ഷിച്ചു പോയ പാൾഡിസ്കി എന്ന നഗരത്തിലൂടെ തനിയെ സഞ്ചരിച്ച അനുഭവം വിവരിക്കുമ്പോൾ വായനക്കാർക്കും സമാനമായൊരു കൌതുകം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. റഷ്യൻ ചക്രവർത്തിമാരുടെ കാലത്ത് അവരുടെ സാമ്രാജ്യത്തിലെ ഏറ്റവും തിരക്കുള്ള മൂന്നാമത്തെ തുറമുഖമായിരുന്നുവെത്രെ പാൾഡിസ്കി. അവരത് ഒരു രഹസ്യ നഗരം തന്നെയാക്കി മാറ്റി. പിന്നീട് അവർ ഒഴിഞ്ഞുപോയിട്ടും  നഗരം പക്ഷേ അതിന്റെ രഹസ്യസ്വഭാവം കൈവിടാതെ നില്കുകയാണുണ്ടായത്. 
 
ആളുകൾ ഉപേക്ഷിച്ചു പോയ നഗരത്തേകുറിച്ച് പിന്നീടെപ്പോഴോ അതിലൂടെ സഞ്ചരിച്ച ഏതോ ഒരു നാട്ടുകാരൻ ഇന്റർനെറ്റിൽ  അതിനെക്കുറിച്ച് ഒരു ബ്ലോഗിൽ ആ യാത്രാവിവവരണം പ്രസിദ്ധപ്പെടുത്തി.  അദ്ഭുതം ജനിപ്പിക്കുന്ന ആ കഥകൾ ആളുകളെ വീണ്ടും ഇങ്ങോട്ടേക്ക് ആകർഷിച്ചു തുടങ്ങിയിട്ടുണ്ട്. 

ലിത്വാനിയയുടെ തലസ്ഥാനമായ വിൽനിയസ്സിൽ നിന്നും ട്രക്കായിലേയ്ക്കുള്ള കാർയാത്രക്കിടെ ഡ്രൈവറായ  പോൾ പങ്കു വെയ്ക്കുന്ന ഒരു വിവരണമാണ് പൻറൂയ് വനക്കൂട്ടത്തിനടത്തുള്ള കില്ലിങ് ഫീൽഡി ലേക്ക് യാത്ര തിരിയുന്നത് . രണ്ടാം ലോക മഹായുദ്ധകാലത്ത് ഒരു ലക്ഷത്തിലധികം ആളുകളെ കൂട്ടകൊല ചെയ്ത സ്ഥലമാണിത്. നമുക്കറിയാവുന്ന അത്തരം ചില സ്ഥലങ്ങൾ ചിലപ്പോൾ ഓഷ്വിറ്റ്സിലും ,ദെക്കാവുവിലും ,ബുച്ചൻവാൾഡിലുമൊക്കെ പരിമിതപ്പെട്ടു കിടക്കുകയായിരിക്കും. മ്യൂണിക്കിൽ പോയ സമയത്താണ് ഞാൻ ദെക്കാവുവിനെ കുറിച്ച് കേൾക്കുന്നത് തന്നെ. പേരുള്ളതും ,ഇല്ലാത്തതുമായ ഇത്തരം നിരവധി സ്ഥലങ്ങൾ പലയിടങ്ങളിലായി ചിതറികിടക്കുന്നുണ്ട്. 

ക്രാക്കോവിലെ നിരവധി അനുഭവങ്ങളും പുസ്തകത്തിലുണ്ട്. ഇപ്പോഴും പോളണ്ടിന്റെ സാംസ്കാരിക തലസ്ഥാനമായി ഇരിക്കുന്നയിടം കൂടിയാണ് പോളണ്ടിന്റെ ഈ പഴയ തലസ്ഥാനമായ ക്രാക്കോവ്. സ്പിൽ ബെർഗ്ഗീന്റെ ഷിന്റലർസ് ലിസ്റ്റ് സിനിമയിലെ ശരിക്കും നടന്ന ഷിന്റലറുടെ ഫാക്ടറി ഈ ക്രാക്കോവിലാണ് ഉള്ളത്. 

കലാകാരന്മാരും,പാട്ടുകാരും, കച്ചവടക്കാരും നിറഞ്ഞ ക്രാക്കോവിലെ മാർക്കറ്റ് സ്ക്വയറിന്റെ വിവരണം ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ ഓൾഡ് ടൌൺ സ്ക്വയറിനെ ഓർമ്മിപ്പിച്ചു. പ്രാഗിലെ ഓൾഡ് ടൌൺ സ്ക്വയറിൽ നിന്നും ക്രാക്കോവിലേക്കു അഞ്ഞൂറ് കിലോമീറ്ററേയുള്ളൂ ,ഒരു   5 മണിക്കൂറിന്റെ യാത്ര. 

രണ്ടും സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്ന രാജ്യങ്ങളായിരുന്നു. എന്തൊക്കെ ഇല്ലാതായാലും,ആരൊക്കെ ഉപേക്ഷിച്ചു പോയാലും ചിലതൊക്കെ എവിടെയെങ്കിലുമൊക്കെ അവശേഷിക്കുമല്ലോ. ബാൾട്ടിക് രാജ്യങ്ങളിൽ പെടാത്തതുകൊണ്ടു പക്ഷെ പ്രാഗിനെ കുറിച്ച് ഒരു പരാമർശവും പുസ്തകത്തിൽ ഇല്ല. 

ലേബർ ഇന്ത്യ വിദ്യാഭാസ ഗവേഷണകേന്ദ്രമാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ,104 പേജുകളുള്ള പുസ്തകത്തിന്റെ വില 140 രൂപയാണ്.