പേരില്ലാതെ മരിക്കുന്നവർ

രാത്രിയിലെ പാതിമയക്കത്തിലെപ്പോഴോ
ഗർഭം പൂണ്ട സൃഷ്ടികളായിരുന്നവയത്രയും. 
നേരം വെളുത്ത് പേനയെടുത്തിട്ടെത്ര
കുടഞ്ഞിട്ടുമുഴിഞ്ഞിട്ടും 
ഒരു തുള്ളി പോലും പുറത്തു വന്നില്ല. 
വൈകിയാണറിയാൻ കഴിഞ്ഞത്,
ആ കവിതകളത്രയും 
ഗർഭമലസിപ്പോയെന്ന്!!!!! 

അഡോൾഫ് ഹിറ്റ്ലർ:അവസാനദിനങ്ങൾ -ജോക്കിം ഫെസ്റ്റ്

നാസിസം, ഹിറ്റ്ലർ, ഹിറ്റ്ലറുടെ മരണവും തിരോധാനം  എന്നീ വിഷയങ്ങളെ കുറിച്ചുള്ള പുസ്തകങ്ങൾ ആളുകൾക്കിപ്പോഴും ഉദ്യോഗജനകവും ആകാംക്ഷയും സമ്മാനിക്കുന്ന സംഗതിയാണ്.
അതിനു കാരണങ്ങൾ പലതുമുണ്ട്. ഒരുപക്ഷേ ഹിറ്റ്ലർ 1945ൽ മരണപ്പെട്ടിട്ടില്ലെന്നും അര്ജെൻറീനയിലെക്കോ മറ്റോ രക്ഷപെട്ടെന്നുള്ള കിംവദന്തിയാകാം മുഖ്യകാരണം.ഹിസ്റ്ററി ചാനൽ നടത്തിയ അന്വേഷണങ്ങളുടെ വിശദാംശങ്ങൾ യുടുബീൽ ലഭ്യമാണ്.
വിഷയബാഹുല്യം കാരണം അതിനെ കുറിച്ചുള്ള വിശദാംശങ്ങൾ മറ്റൊരു ലേഖനത്തിൽ ഉൾപ്പെടുത്താമെന്ന് കരുതുന്നു.
രണ്ടാം ലോക മഹായുദ്ധത്തെ ആധാരമാക്കി ഇറങ്ങിയ പല സിനിമകളും കണ്ട കൂട്ടത്തിൽ Der Untergang എന്ന ജർമൻ സിനിമയും കാണുകയുണ്ടായി. അന്നത് കണ്ടപ്പോൾ മനസിനെ വല്ലാതെ സ്പർശിക്കയുണ്ടായി. ഹിറ്റ്ലർ എന്ന വ്യക്തിയെ മാറ്റി നിർത്തിയാൽ ,തന്റെയും കൂട്ടരുടെയും അവസാനമടുത്തു എന്നു മനസ്സിലാക്കുന്ന ഒരു മനുഷ്യന്റെ മനോവ്യാപാരങ്ങളെ വളരെ വ്യക്തമായും ക്രിത്യമായും ഈ സിനിമ രേഖപ്പെടുത്തുന്നുണ്ട്.
ഈയ്യടുത്താണ് ഹിറ്റ്ലറെ ആധാരമാക്കികൊണ്ടുള്ള ഒരു പുസ്തകം അതും മലയാളത്തിൽ വായിക്കാനിടയായത്. പുസ്തകത്തിന്റെ പേര് അഡോൾഫ് ഹിറ്റ്ലർ:അവസാനദിനങ്ങൾ എന്നായിരുന്നു. ജർമനിയിൽ സ്ഥിരതാമസമാക്കിയ മലയാളിയായ തോമസ് ചക്യത്‌  ആണിതിന്റെ രചയിതാവ്. ഈ പുസ്തകം ജർമനിൽ നിന്നും നേരിട്ട് പരിഭാഷപ്പെടുത്തിയതാണ്.ഇതിന്റെ മൂലകൃതി രചിച്ചിരിക്കുന്നത്
ചരിത്രകാരനായ ജോക്കിം ഫെസ്റ്റാണ് .അദ്ദേഹത്തിന്റെ വളരെ പ്രശസതമായ ഒരുപുസ്തകമാണ്. Inside Hitler’s Bunker: The Last Days of the Third Reich.
ജർമ്മൻ ഭാഷയിൽ 2002 ലാണ് ഈ പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത്. 2004 ൽ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും പുറത്തു വന്നു.ഇപ്പോൾ 2019 മദ്ധ്യത്തിൽ അതിന്റെ മലയാള പരിഭാഷയും പുറത്തു വന്നു .ഈ പുസ്തകത്തെ കുറിച്ച് കൂടുതലൽ  അന്വേഷിച്ചപ്പോഴാണ് മുമ്പ് സൂചിപ്പിച്ച 2004 ജർമ്മൻ ചലച്ചിത്രമായ Der Untergang ഈ പുസ്തകത്തിനെ ആധാരമാക്കിയായാണ് പുറത്തിറങ്ങിയത് എന്നു മനസിലായത് . Downfall  എന്നപേരിൽ ആയിരുന്നു ആ സിനിമാ ഇംഗ്ലീഷിൽ ഇറങ്ങിയത്. Imdb ലിങ്ക്  https://www.imdb.com/title/tt0363163/
ഹിറ്റ്ലറെയും നാസിസത്തെയും കുറിച്ച് നിരവധി പുസ്തകങ്ങൾ ഫെസ്റ്റിന്റെതായുണ്ട്. ഹിറ്റ്‌ലറുടെ ഭരണത്തിന്റേയും (ജീവിതത്തിൻടെയും ) അവസാന ആഴ്ചകളിലെ ഒരു പുനർനിർമ്മാണമായി ഈ പുസ്തകത്തെ കാണാം.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിൽ ഹിറ്റ്‌ലറുടെ വർദ്ധിച്ചുവരുന്ന മാനസികവും ശാരീരികവുമായ ശിഥിലീകരണം , ഉൽക്കണ്ഠ എന്നിവയെ കുറിച്ച് വിശദമായി പുസ്തകം  കൈകാര്യം ചെയ്തിരിക്കുന്നു .
1945 ഏപ്രിൽ പകുതിയോടെ സോവിയറ്റ് യൂണിയന്റെ ചെമ്പട  ബെർലിനിനെതിരെ  രണ്ടര ദശലക്ഷത്തിലധികം സൈനികരും നാൽപതിനായിരത്തിലധികം മോർട്ടാറുകളും ഫീൽഡ് തോക്കുകളും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടു.
ബെർലിൻ പിടിച്ചടക്കുക, ജർമനിയെ അടിയറവ് പറയിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഹിറ്റ്ലർക്ക് ഗത്യന്തരമില്ലാതെ പിൻവാങ്ങേണ്ടി വന്നു .
അമേരിക്കൻ പ്രസിഡണ്ട് ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റിന്റെ മരണത്തോടെ പാശ്ചാത്യ സഖ്യകക്ഷികൾ തങ്ങളുടെ ശത്രു റഷ്യയാണെന്ന് തിരിച്ചറിഞ്ഞ് ഹിറ്റ്‌ലറുടെ കൂടെ കുരിശുയുദ്ധത്തിൽ പങ്കുചേരുമെന്ന് ഹിറ്റ്‌ലർ തുടർന്നും ചിന്തിച്ചു. എങ്കിലും നഗരത്തെ പ്രതിരോധിക്കാൻ ഉത്തരവാദിത്തപ്പെട്ട സൈന്യം  കടുത്ത പോരാട്ടം തന്നെ നടത്തി. അപ്പോഴേക്കും ഹിറ്റ്ലർ ശാരീരികമായും  മാനസികമായും ആകെ തകർന്നിരുന്നു  .  സോവിയറ്റ് സൈന്യത്തിന്റെ കൈയ്യില് കിട്ടിയാൽ  തന്നെ ആളുകളുടെ മുന്നിലൂടെ വലിച്ചിഴച്ച് ഒടുവില് കെട്ടി തൂക്കുമെന്ന് ഹിറ്റ്ലർ ഭയന്നു.ഇറ്റലിയിൽ മുസ്സോളിനിക്കുണ്ടായ അത്തരം സ്വീകരണമായിരിക്കണംഹിറ്റ്ലർ അങ്ങനെ ചിന്തിക്കാൻ കാരണം.   
ജീവനോടെയോ അല്ലാതെയോ തന്റെ ശരീരം അവര്ക്കു കിട്ടരുതെന്ന്  ഹിറ്റ്ലർ കൂടെയുള്ളവരെ ഒരമിപ്പിച്ചുകൊണ്ടിരുന്നു . അതുകൊണ്ടാണ് താനൊരിക്കളും ബെർലിൻ വിട്ടുപോകില്ലെന്നും മരിക്കാൻ  പോകുകയാണെന്നും , മരിച്ചു കഴിഞ്ഞാൽ ചെയ്യേണ്ട കര്യങ്ങളെ കുറിച്ച് ഉദ്യോഗസ്ഥരോട്  ചട്ടം കെട്ടുന്നത്. അതിനു വേണ്ടി അവർ പെട്രോൾ കന്നാസുകൾ സംഘടിപ്പിക്കുകയും മരിച്ചു കഴിഞ്ഞു ഹിറ്റ്ലറുടെ ശരീരം കത്തിച്ചു ചാമ്പലാക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ ഹിറ്റ്ലറുടെ മരണവും ഈ കത്തിക്കൽ കഥകളും വെറും കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമാണുള്ളത് . ഹിറ്റ്ലർ സ്വയം വെടിവെച്ചു മരിച്ചോ അതോ ഗാർഡിനെ കൊണ്ടു വെടിപ്പിച്ചോ എന്നൊന്നും വ്യകതമല്ല . കത്തിച്ചുകളഞ്ഞത് ഹിറ്റ്ലറുടെയോ ഭാര്യ ഈവാ ബ്രൗണിന്റെയോ ആണെന്ന് ഒരു തെളിവും ഇല്ല എന്നു പറയാം . ഹിറ്റ്‌ലറുടെ മൃതദേഹത്തിന്റെ വ്യാപകമായി പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകൾ ഒരു തട്ടിപ്പാണെന്ന് ഫെസ്റ്റ് സ്ഥിരീകരിക്കുന്നുണ്ട്. ഹിറ്റ്ലർ മരണപ്പെട്ടു എന്നതിനോട് സ്റ്റാലിൻ പോലും മരണം വരെ വിശ്വാസിച്ചിരുന്നില്ല . കാരണം സ്റ്റാലിന് അറിയാമായിരുന്നു ഹിറ്റ്ലർ ശരിക്കും ആരായിരുന്നുവെന്ന് . ഹിറ്റ്‌ലർ ഒരു അന്തർവാഹിനിയിൽ ജപ്പാനിലേക്ക് രക്ഷപ്പെട്ടുവെന്ന് ഒരിക്കൽ സ്റ്റാലിൻ തന്നെ  പറഞ്ഞതും ഇതേ കാരണം കൊണ്ട് തന്നെയാണ് . എന്നാൽ ഹിറ്റ്ലർ രക്ഷപ്പെട്ടത് ജപ്പാനിലേക്കല്ല മറിച്ച് അര്ജെൻറീന യിലേക്കാണെന്നും ,അതുമല്ല സ്പെയിനിലേക്കാണെന്നും സംസാരമുണ്ടായിരിന്നു . എല്ലാത്തിനും സംശയത്തിന്റെ ആനുകൂല്യമല്ലാതെ ഒരു തെളിവും ഇപ്പോഴും ലഭ്യമല്ല എന്നെ വേണമെങ്കിലൽ  പറയാം.
1943 ന് ശേഷം ബെർലിനിൽ പതിവായി നടത്തിയ വ്യോമാക്രമണത്തിൽ ബ്രിട്ടീഷ്, അമേരിക്കൻ വ്യോമസേന നാസി തലസ്ഥാനത്ത് 65,000 ടൺ ഉയർന്ന സ്ഫോടകവസ്തുക്കൾ പ്രയോഗിക്കയുണ്ടായി . 1945 ഏപ്രിലിലെ അവസാന രണ്ടാഴ്ചയ്ക്കുള്ളിൽ റെഡ് ആർമി മാത്രം 40,000 ടൺ സ്ഫോടകവസ്തുക്കൾ നിക്ഷേപിച്ചു .  മെയ് 2 ന് സോവിയറ്റ് യൂണിയൻ റീച്ച്സ്റ്റാഗ് കെട്ടിടത്തിന്റെ നിലവറകളിൽ നിന്നും ബെർലിന്റെ ഹൃദയഭാഗത്തേക്ക് പോകുമ്പോഴേക്കും അവർ ബെർലിനിലെ 4 ദശലക്ഷം നിവാസികളിൽ ഓരോരുത്തർക്കും 39 ക്യുബിക് യാർഡ് അവശിഷ്ടങ്ങൾ സൃഷ്ടിച്ചിരുന്നു എന്നു വിദഗ്ദർ കണ്ടെത്തിയിട്ടുണ്ട്.
ഹൃദയാഘാതവും അപകടവും രൂക്ഷമാകുമ്പോൾ ഹിറ്റ്ലറുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് എന്ത് സംഭവിച്ചു? ഏത് തരത്തിലുള്ള തീരുമാനങ്ങളാണ് എടുത്ത് നടപ്പിലാക്കിയത്?ബങ്കറിലെ ഹിറ്റ്‌ലറുടെ  അവസാന ദിവസത്തെ ജോക്കിം ഫെസ്റ്റിന്റെ പിടിമുറുക്കുന്ന വിവരണത്തിൽ ചോദിച്ചതും ഉത്തരം നൽകിയതുമായ ചോദ്യങ്ങളാണിവ.
ഹിറ്റ്‌ലറുടെ ബങ്കറിനുള്ളിൽ അവസാനമായി പരിശോധിച്ച ചരിത്രകാരൻ ഹഗ് ട്രെവർറോപ്പർ ആയിരുന്നു. 1945 സെപ്റ്റംബറിൽ ബെർലിനിലേക്ക് ബ്രിട്ടീഷുകാരും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും ഹിറ്റ്‌ലറുടെ വിധി നിർണ്ണയിക്കാൻ അയച്ചു.
ഹിറ്റ്ലറുടെ  യഥാർത്ഥ വിധിക്കു  യഥാർത്ഥത്തിൽ സാക്ഷ്യം വഹിച്ചത് ഒരു കൂട്ടം നിവാസികളാണ്. ട്രെവർറോപ്പർ 1945 അവരിൽ പലരുമായും സംസാരിച്ചു, ഫെസ്റ്റ് ബാക്കിയുള്ളവരുമായി സംസാരിച്ചു, അവരുടെ ഓർമ്മക്കുറിപ്പുകൾ വായിക്കുകയും ബെർലിൻ യുദ്ധത്തെക്കുറിച്ചും ഹിറ്റ്‌ലറുടെ അവസാന നാളുകളെക്കുറിച്ചും പുതിയ വിവരങ്ങൾ  സമ്പാദിക്കുകയും ചെയ്തു. ഹിറ്റ്‌ലറുടെ നായ ബ്‌ളോണ്ടിയുടെ മരണം  സ്ഥിരീകരിച്ചതിന്  ശേഷം ഹിറ്റ്‌ലറും ഇവാ ബ്രൌണും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു തുടർന്ന് അവശിഷ്ടങ്ങൾ ആർഎസ്എസ് ഗാർഡുകൾ കത്തിച്ചു. വിഷം കഴിച്ച ശേഷം ഹിറ്റ്‌ലർ സ്വയം തലയ്ക്ക് വെടിവയ്ക്കുകയോ ഒരു കാവൽക്കാരൻ തലയിൽ വെടിവയ്ക്കുകയോ ചെയ്തു.
പുസ്തകത്തിലെ ശ്രദ്ധേയമായ രണ്ട് സവിശേഷതകൾ  ഹിറ്റ്ലറുടെ സ്വാർത്ഥതയും അവസാന നാളുകളിലെ തീക്ഷ്ണതയുമാണ്. സ്വാർത്ഥത എല്ലായ്പ്പോഴും കൂടെ ഉണ്ടായിരുന്നു. അവസാന നിമിഷങ്ങളിൽ കടുത്ത വിശ്വസ്തരെപ്പോലും കൊല്ലാനോ ,തരംതാഴ്ത്താനോ  ഉദ്ദേശിച്ചുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചു.
നിയമവാഴയിൽ അധിഷിഠിതമായ രാഷ്ടം ,പാശ്ചാത്യ മൂല്യങ്ങൾ എന്നിവയോട് നിർബന്ധിതമായി ഇണങ്ങിച്ചേരേണ്ടി വന്ന നീണ്ട വർഷങ്ങൾക്കു ശേഷം ജർമൻ ജനത തങ്ങളുടെ സ്വത്വം വീണ്ടും ആർജ്ജിക്കുകയായിരുന്നുവെന്നും അതോടെ യൂറോപ്പിൽ പണ്ടുമുതലേ വഹിച്ചിരുന്നതായി കരുതപ്പെട്ട അനശാസ്യമായ പങ്കിലേക്ക് തിരികെ പോവുകയായിരുന്നുവെന്നുമുള്ള പ്രതീതി ജനിക്കാൻ സഹായിച്ചത് അധികാരം പിടിച്ചടക്കലിനെ തുടർന്നുണ്ടായ പുതിയ സാഹചര്യങ്ങളാണ്.ജർമൻ ജനതയെ സാമൂഹിക അച്ചടക്കത്തിന്റെ ഒരു കീഴ്വഴക്കത്തിലേക്ക് നയിക്കാൻ ഹിറ്റ്ലർക്കു സാധ്യമായി. രാജ്യത്തെ രാഷ്ട്രീയ സ്ഥാപനങ്ങളുടെ പരമ്പരാഗതമായ ദൌർബല്യം കൂടി ഇതൊടു കൂട്ടി ചേർത്ത്  വായിച്ചാൽ വ്യക്തി പ്രഭാവമുള്ള നേതാക്കളോട് ജർമൻ ജനതക്കുള്ള ആഭിമുക്യം വളരെ എളുപ്പം മനസ്സിലാക്കാവുന്നതാണ്. ആവശ്യ സാധനങ്ങളുടെ ദൌർലഭ്യവും ശത്രു സൈന്യം വളഞ്ഞാക്രമിക്കുമോ  എന്ന ആശങ്കയും ഒരു വശത്ത്. ഓരോ ദൈനം ദിന പ്രശങ്ങളും ജീവന്മരണ പ്രശ്നമായി പൊക്കി പിടിക്കാനും   എല്ലാ രാഷ്ട്രീയത്തിലും  പൌരാണിക ഉള്ളടക്കം കുത്തിനിറക്കാനുമുള്ള പ്രവണത മറുവശത്ത് . ഹിറ്റ്ലറുടെ ഉയർച്ചയെ തഴയാൻ ശ്രമിച്ച രാഷ്ട്രീയ ശകതികൾ മുന്നോട്ടുള്ള പോക്കിൽ തളർന്നു പോയി. ഹിറ്റ്ലര്ക്കെതിരെ പ്രതിരോധമില്ലാത്ത വിധം രാഷ്ട്രീയ ശക്തികൾ തകർന്നു പോയതെങ്ങനെയെന്ന് ഉത്തരം കിട്ടാത്ത ചോദ്യമായി ഗ്രന്ഥകാരൻ ഉയർത്തികാട്ടുന്നുണ്ട്. കപടനാട്യം ,പ്രതികാരവാഞ്ച ,വിനാശകരമായ ദീർഘവീക്ഷണമില്ലായ്മ എന്നിവയുടെ ഫലമായിരുന്നു യഥാർത്തത്തിൽ യുദ്ധ തോൽവിയുടെ  ഈ സമാധാന ഉടമ്പടിയെന്ന് ഇവിടെ ചൂണ്ടിക്കാട്ടുന്നുണ്ട്.   
ഹിറ്റ്ലറുടെ  അവസാന നാളുകളോട് നീതി പുലർത്തുന്ന ഒരു ഗ്രന്ഥവും നിലവിലൽ ലഭ്യമല്ല. ഈ പുസ്തകം അല്പമെങ്കിലും വസ്തുതകളിൽ ഊന്നിക്കൊണ്ട് വിവരങ്ങൾ തരുന്നുണ്ട് എന്നാശ്വസിക്കാം.   

സ്വേച്ഛാധിപതിയാകുന്നത് എങ്ങനെ: ഇരുപതാം നൂറ്റാണ്ടിലെ വ്യക്തിത്വത്തിന്റെ ആരാധന -Frank Dikotter

ഒരു സ്വേച്ഛാധിപതിക്കും ഭയത്തിലൂടെയും അക്രമത്തിലൂടെയും മാത്രം എക്കാലവും ഭരിക്കാനാവില്ല. താൽക്കാലികമായി നഗ്നശക്തികളെ പിടിച്ചടക്കാം എന്നല്ലാതെ   ഇത് ദീർഘകാലത്തേക്ക് പര്യാപ്തമല്ല എന്നുള്ളത് വാസ്തവമായ സംഗതിയാണ് . തന്നെ പ്രശംസിക്കാൻ സ്വന്തം ജനതയെ നിർബന്ധിക്കാൻ കഴിയുന്ന ഒരു സ്വേച്ഛാധിപതി കൂടുതൽ കാലം നിലനിൽക്കും. ആധുനിക സ്വേച്ഛാധിപതിയുടെ വിരോധാഭാസം, ജനകീയ പിന്തുണയുടെ മിഥ്യാധാരണ അദ്ദേഹം സൃഷ്ടിക്കണം എന്നതാണ്. ഇരുപതാം നൂറ്റാണ്ടിലുടനീളം, ദശലക്ഷക്കണക്കിന് ആളുകൾ ,  നേതാക്കൾ തങ്ങളെ അടിമത്തത്തിന്റെ  വഴിയിൽ കൊണ്ടുപോകുമ്പോഴും സ്വയം ആവേശഭരിതരായി നേതാക്കളെ അഭിനന്ദിക്കാൻ നിർബന്ധിതരായി.

എങ്ങനെ ഒരു സ്വേച്ഛാധിപതിയായി , എന്ന പുസ്തകം രചിച്ച ഫ്രാങ്ക് ഡികോട്ടർ , ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഫലപ്രദമായ എട്ട് വ്യക്തിത്വ ആരാധനപത്രങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു.മുസ്സോളിനി, ഹിറ്റ്‌ലർ, സ്റ്റാലിൻ, മാവോ സെദോംഗ്, കിം ഇൽ-സുംഗ്, നിക്കോളെ ചൗഷസ്ക്യു, എത്യോപ്യയിലെ മെൻജിസ്റ്റു, ഹെയ്തിയിലെ ഡുവാലിയർ എന്നിങ്ങനെ ഇരുപതാം നൂറ്റാണ്ടിനെ ലോകത്തിന്റെ ശ്രദ്ധ കേന്ദ്രമാക്കിയവരാണിവർ.  ഈ സ്വേച്ഛാധിപതികൾ നിരന്തരം സ്വന്തം പ്രതിച്ഛായയിൽ പ്രവർത്തിക്കുകയും ജനങ്ങളെ മഹത്വപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജനാധിപത്യം പിൻവാങ്ങുന്ന ഈ കാലഘട്ടത്തിൽ, ഇന്നത്തെ ചില ലോക നേതാക്കൾക്കിടയിൽ സമാന സാങ്കേതിക വിദ്യകളുടെ പുനരുജ്ജീവനത്തെ നാം കാണുന്നുണ്ടോ?

സമയോചിതമായ ഈ പഠനം, മികച്ച ആഖ്യാനാത്മകതയോടെ ഒരു ആരാധനാരീതി എങ്ങനെ വിത്തിടുന്നു പടരുന്നു , വളരുന്നു, സ്വയം നിലനിർത്തുന്നു എന്ന് പരിശോധിക്കുന്നുണ്ട്  ഈ പുസ്തകം. വ്യക്തിത്വത്തിന്റെ ആരാധനാരീതി അത് ഉൾക്കൊള്ളുന്നിടത്ത്, സ്വേച്ഛാധിപത്യത്തിന്റെ ഹൃദയത്തിൽ തന്നെയാണ് സ്ഥാപിക്കുന്നത് എന്നു  ഈ പുസ്തകം പറഞ്ഞു വെക്കുന്നുണ്ട്.

അവലംബം:ബ്ലൂംസ്ബെറി

ബീഫ് ഫ്രൈ

വണ്ടിയിൽ കുത്തി നിറച്ച് കൊണ്ടോയ

അറവുമാടുകളുടെ വാർത്തയാണ്

അയാളെ വല്ലാതെ കരയിച്ചത്.

ഉറങ്ങാതിരിക്കാൻ കണ്ണിൽ

മുളകു  തേക്കുമെത്ര.

അനങ്ങാതിരിക്കാൻ കാലുകൾ

കൂട്ടിക്കെട്ടുമെത്രെ.

ഇനിയുമങ്ങനെയെത്രയെത്ര.

കരളു പറിഞ്ഞ വേദനയോടെ

ശീതീകരിച്ച ബാറിലിരുന്നു

വെയിറ്ററോടയാൾ ഗർജിച്ചു.

ബീഫ് റോസ്റ്റല്ലെടോ 

ചില്ലി ബീഫ് ഫ്രൈയാണ്

ഞാൻ  ചോദിച്ചത് 

സാഹിത്യ നൊബേൽ 2019- എന്തിനോ വേണ്ടി തിളപ്പികുന്ന വിവാദങ്ങൾ

2018 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഒരു ലൈംഗികഅപവാദത്തിൽ വിവാദമായതിനെ തുടർന്ന് പ്രഖ്യാപിക്കയുണ്ടായില്ല.2019 ൽ അതുംകൂടി ചേർത്താണ് അവാർഡ് പ്രഖ്യാപിച്ചത്. യൂറോപ്പ്യൻ പക്ഷപാതവും വർണ്ണ വർഗ്ഗ വിവേചനവും നോബൽ കമ്മിറ്റിയെ സ്വാധീനിക്കുന്നുണ്ടെന്ന വാദം വളരെ കാലം മുൻപ് തന്നെ നിലനിൽക്കുന്നുണ്ട്.അർഹതപ്പെട്ടെന്നു തോന്നുന്നവർക്ക് അതുകിട്ടാതെ വരുമ്പോൾ സ്വാഭിവികമായും ഉണ്ടായിവന്നിരുന്ന സംശയങ്ങൾ മുന്നോട്ട്  പോകുന്തോറും കൂടിവരുന്നതായികാണാം. എന്നാൽ ഇക്കൊല്ലം വിവാദത്തിനു തിരികൊളുത്തിരിക്കുന്നതിന്റെ വിഷയം മറ്റൊന്നാണ്. 2019 ലെ സാഹിത്യ നോബൽ പീറ്റർ ഹാൻഡെക്  എന്ന ഓസ്ട്രിയൻ എഴുത്തുകാരനാണ് കിട്ടിയിരിക്കുന്നത്.എഴുത്തുകാരന്റെ രാഷ്ട്രീയവും സാംസ്‌കാരിക വീക്ഷണങ്ങളും  അഭിപ്രായപ്രകടനകളുമാണ് സ്വയം പ്രഖ്യാപിത പ്രബുദ്ധ ജനങ്ങളെ വിറളി പിടിപ്പിച്ചിരിക്കുന്നത് .അതിലൊട്ടും അതിശയോക്‌തി  ഇല്ലതാനും.നിയോ ഫാസിസറ് സമീപനങ്ങൾ പരസ്യമായി സ്വീകരിച്ചുപോന്നിട്ടുള്ളയാളാണ്  കക്ഷി.സെർബിയൻ വംശഹത്യയെ ന്യായീകരിക്കുകയും ,സ്ലോബോഡാൻ മിലോസെവിക് എന്ന സെർബിയൻ സ്വേച്ഛാധിപതിയുടെ ഇഷ്ടതോഴനും ആരാധകനുമായിരുന്നു ഹാൻഡെക്. പുരസ്‌കാരങ്ങൾ വെറും പുരസ്‌കാരങ്ങൾ മാത്രമല്ല എന്നാണ് ഒരു ഭാഷ്യം.സാഹിത്യമൂല്യം മാത്രം അല്ലെങ്കിൽ കല-സാംസ്കാരിക സംഭാവനകൾ മാത്രം പരിഗണിച്ചാണോ പുരസ്‌കാരങ്ങൾ തീരുമാനിക്കുകയും സമ്മാനിക്കുകയും ചെയ്യുന്നത് എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്.സാഹിത്യമോ അതിന്റെ രചയിതാവോ സമൂഹത്തിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒന്നല്ല. അതിലൊരു തർക്കവും ഇല്ല. അംഗീകാരങ്ങൾ ലഭിക്കുന്ന വ്യക്തിയുടെ രാഷ്ട്രീയവും നിലപാടുകളും സമൂഹത്തെ പല രീതിയിലും സ്വാധീനിക്കുന്നുണ്ടെന്ന ഒരു വാദമാണ് ഇത്തരം വാദങ്ങളെ ചൂടുപിടിപ്പിക്കുന്നത്.പക്ഷെ അത് ഒരു മാനദണ്ഡമാക്കി ഉയർത്തിക്കാണിക്കാമോ എന്നാണ് ഒരു മറു ചോദ്യം? ഒരു വ്യക്തി ഏതു രാഷ്ട്രീയപ്പാർട്ടിയിൽ വിശ്വസിക്കുന്നു അല്ലെങ്കിൽ ഏതു മതത്തെ പിന്തുണക്കുന്നു എന്നത് പുരസ്‌കാരത്തിന് പരിഗണിക്കുമ്പോൾ മുന്നിൽ വരാമോ? സാഹിത്യ കൃതിയുടെ കനവും മേന്മയും നോക്കി തന്നെയാകണം അവാർഡ് നിർണയം.ബാക്കിയുള്ളതെല്ലാം അതിന്റെ പിന്നിലെ വരുന്നുള്ളൂ. സ്വീഡിഷ് അക്കാദമിക്ക്‌ കൃതികൾ അയക്കുമ്പോൾ ഇനി മുതൽ രചയിതാവിന്റെ മതതാത്പര്യം, രാഷ്ട്രീയ നിലപാടുകൾ,എന്നിവകൂടാതെ സ്വഭാവ സര്ടിഫിക്കറ്റു കൂടി കരുതണമെന്നാണോ ഇക്കൂട്ടർ പറയുന്നത്? അങ്ങനെയാണെങ്കിൽ സിനിമ അഭിനയത്തിന് ഓസ്കാർ കൊടുക്കുമ്പോൾ നായകൻ സിനിമയിൽ പുക വലിക്കുകയോ മദ്യപിക്കുകയോ അതുമല്ലെങ്കിൽ സ്ത്രീകളോട് മോശമായി പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത്തരം രംഗങ്ങൾ സമൂഹത്തെ സ്വാധീനിക്കും എന്ന മുടന്തൻ ന്യായം ഇവിടെ പ്രയോഗികമാണോ? കൂടാതെ വ്യക്തി ജീവിതത്തിലും അയാൾ അങ്ങനെ തന്നെയാണെകിൽ എന്തായിരിക്കും നിലപാട്? അയാൾ അവാർഡിന് ആർഹനല്ല എന്നാണോ? എന്തുകൊണ്ട് ഇതു കലാ സാഹിത്യ രംഗങ്ങളിൽ മാത്രം സംഭവിക്കുന്നു? രാഷ്ട്രീയ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ നമ്മൾ ആരും ഇതു പരിഗണിക്കാത്തത് എന്തു കൊണ്ടാണ്? ഒരു രാഷ്ട്രീയക്കാരൻ അഴിമതി കാണിച്ചാലും പീഡനം നടത്തിയാലും പിന്നെയും പിന്നെയും അയാളെ തന്നെ തിരഞ്ഞെടുക്കുന്നത് എന്തിന്റെ അടിസ്‌ഥാനത്തിലാണ്‌? അവിടങ്ങളിൽ എന്തുകൊണ്ട് അത്തരം ന്യായങ്ങൾ നടപ്പിലാകുന്നില്ല? പീറ്റർ ഹാൻഡിക്കിന്റെ കൃതികൾ മഹത്തായതുകൊണ്ടു തന്നെയാണ് നോബൽ സമ്മാനം  കിട്ടാൻ അദ്ദേഹം അർഹനായത്. പറഞ്ഞു  വരുമ്പോൾ ഈ പീറ്റർ ഹാൻഡെക് ഒരു പ്രതിഭാസം തന്നെയാണെന്നു അദ്ദേഹത്തിന്റെ കൃതികളും കൈവച്ചിട്ടുള്ള സാഹിത്യമേഖലകളും കണ്ടാൽ മനസിലാകും.നാടകം, നോവൽ, തിരക്കഥ കൃത്തു ,പ്രഭാഷകൻ, പ്രബന്ധമെഴുത്തു എന്നിങ്ങനെ സമസ്തമേഖലകിലും അദ്ദേഹത്തിന്റെ  സാന്നിധ്യം കാണാം.ഓസ്ട്രിയയിലെ മിക്ക രാഷ്ട്രീയ സാംസ്‌കാരിക  സംവാദങ്ങളിലും ഹാൻഡെക്നെ കാണാം.A Sorrow Beyond Dreams,The Goalie’s Anxiety at the Penalty Kick,The Left-Handed Woman,Short Letter, Long Farewell,A Moment of True Feeling,Repetition,Three by Peter Handke  എന്നിങ്ങനെ എഴുതിക്കൂട്ടിയ പുസ്തകങ്ങൾ ഇനിയുമുണ്ട്. ലിസ്റ്റ് ഇവിടെ തീരുന്നില്ല. 2014-ൽ ഹാൻഡ്‌കെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നിർത്തലാക്കണമെന്ന് ആവശ്യപ്പെടുകയും അതിനെ “സർക്കസ്” എന്ന് വിളിക്കുകയും ചെയ്ത ആളാണ് നമ്മുടെ ഈ കക്ഷി.കിട്ടിയ അവാര്ഡുകള്ക്കും കണക്കില്ല. ജോർജ്ജ് ബുച്നർ സമ്മാനം , വിലെനിക്ക ഇന്റർനാഷണൽ ലിറ്റററി പ്രൈസ് ,അമേരിക്ക അവാർഡ് ,തോമസ്-മാൻ-പ്രീസ്ഫ്രാ,ൻസ് കാഫ്ക സമ്മാനം, മൾഹൈമർ ഡ്രമാറ്റിക്കർപ്രെയിസ്,, ഇന്റർനാഷണൽ ഇബ്സൻ അവാർഡ് ,ഇപ്പോഴിതാ  സാഹിത്യത്തിനുള്ള നോബലും. പറഞ്ഞു വന്നത് അവാർഡ് കൊടുക്കേണ്ടത് അയാളുടെ സ്വഭാവ മഹിമ നോക്കിയല്ല ,മറിച്ചു   കഴിവ് കണ്ടിട്ടു  തന്നെയാകണം എന്നെ പറയാൻ ഉദ്ദേശിച്ചുള്ളൂ. മറിച്ചാണെങ്കിൽ ഇവിടെ ആർക്കും അവാർഡ് കൊടുക്കാൻ പറ്റില്ല.ഒരു ഉദാഹരണം പറയുകയാണെങ്കിൽ 1953  ലെ സാഹിത്യ ത്തിനുള്ള നോബൽ സമ്മാനം വിൻസ്റ്റൻ ചർച്ചിലിനു കിട്ടിയത് ചോദ്യം ചെയ്യാവുന്ന ഒരു സംഗതിയല്ലേ?.വംശീയ വിശ്വാസങ്ങൾ വച്ചുപുലർത്തിയിരുന്ന ആളായിരുന്നു ചർച്ചിൽ . വെറുപ്പിന്റെ രാഷ്ട്രീയം വച്ചുപുലർത്തിയിരുന്ന, ഇൻഡ്യക്കാരോടും പ്രതേകിച്ചു ഗാന്ധിജിയോടും ചർച്ചിൽ പ്രകടിപ്പിച്ചിരുന്ന അസഹിഷ്ണുത കു പ്രസിദ്ധമാണല്ലോ.1943 ലെ ബംഗാൾ കലാപത്തിന് മുഖ്യ കരണക്കാരനും ഈ ചർച്ചിൽ  ആയിരിന്നു എന്ന് കാണാം.എന്നിട്ടും അദ്ദേഹത്തിന് നൊബേൽ കിട്ടി . എന്ത് വിരോധാഭാസം അല്ലെ? അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ കിടക്കുന്നു.. ഇതൊന്നും കാണാത്തവരാണ് ഇപ്പോഴത്തെ സാഹിത്യ നോബല് പ്രഖ്യാപനം കളങ്കപ്പെട്ടു  എന്നു വിലപിക്കുന്നത്. സ്വീഡിഷ് അക്കാദമി നല്ല  സ്വഭാവത്തിനുള്ള ഒരു നോബല് കൂടി ഉൾപ്പെടുത്തണം  എന്നാണ് എന്റെ ഒരു ഇത് . അല്ലാതെ എന്തു പറയാനാണ്?.  

അവശേഷിപ്പുകൾ


അന്നൊരാ പുഴയുടെ തീരത്തു നിന്നു  ഞാൻ

കണ്ട സ്വപ്നങ്ങളൊക്കെയും

അവളെക്കുറിച്ചുള്ളതായിരുന്നു.

എന്നിലെ നീർമണിപൊട്ടുകളത്രയും

മറ്റാരും കാണാതെയൊളിപ്പിച്ചപ്പോഴൊക്കെയു-

മാപ്പുഴയും ഞാനും തമ്മിലന്നേ

ബന്ധുക്കളായി ചമഞ്ഞു.

അവൾക്കായി പിന്നാലെ നടന്നപ്പോളൊക്കെയും

ഞാനെന്നെ മറന്നു,

പുഴയെ മറന്നു,

മറ്റെല്ലാം മറന്നു.

ഒടുവിലായവളെങ്ങോപ്പോയി മറഞ്ഞപ്പോൾ

ആരുമില്ലാ കൂടെയെന്ന് കണ്ട് തിരികെ നടന്നപ്പോൾ

ആ പുഴയുമെങ്ങോ പോയി മറഞ്ഞിരുന്നു.

എനിക്കായി കൂട്ടിയിട്ട മണൽത്തരികൾ ബാക്കിപത്രം

സ്ഥാനാർത്ഥി


അയാളുടെ ചിരികാണാൻ  നല്ല  ചന്തമെന്നു

 പറഞ്ഞു നടന്നവരാണധികവുമിവിടെ.   

പിന്നെയെപ്പോഴോ  ചിരിയെന്തെന്നുപോലും

മറന്ന അയാളുടെ മുഖം കണ്ടവർ

അഞ്ചും മൂന്നെട്ടും ഏറിയാൽ

പത്തിൽ തികയാത്തവരുണ്ടെങ്കിലെയുള്ളൂ

കാലമേറെ ചെന്ന് അയാളിന്ന്

വീണ്ടും വെളുക്കെയുറക്കെ ചിരിച്ചു

കാണുന്നവരോടൊക്കെ കൈകൾ കൂപ്പി

തന്റെ ചിഹ്നത്തിൽ തന്നെ കുത്തണമെന്ന് പറഞ്ഞു.

പരിസ്ഥിതിവാദി

ആഗോളതാപനത്തെക്കുറിച്ച് നീണ്ട പ്രബന്ധങ്ങളെഴുതി ക്ഷീണിച്ച് അയാൾ ദേഹം തണുപ്പിക്കാൻ ഏസി ഓൺ ചെയ്തു . മനസും ശരീരവും കുളിർത്തപ്പോൾ ആരെയോ ഫോണിൽ വിളിച്ചു പറഞ്ഞു. മുറ്റത്തെ പ്ലാവും മാവും ജാതിമരവും നാളെ തന്നെ വെട്ടിക്കൊണ്ടുപോണം.. ഇവിടെല്ലാം പുല്ലുവിരിയിക്കാനുള്ളതാ..
  

ചരിത്രപരീക്ഷകൾ

ചിലരങ്ങനെയാണ്

ചരിത്രമെഴുതിക്കുന്നവർ.

മറ്റുചിലരുണ്ട്

ചരിത്രം മാറ്റിയെഴുതി

ആളാകുന്നവർ.

രണ്ടായാലുമത്

കാണാപാഠം പഠിച്ചെഴുതിയാലേ

എന്നെ പരീക്ഷയിൽ

ജയിപ്പിക്കുകയുള്ളൂ .

വെളിപാട്

കെട്ടിയവന്റെ  തല്ലു കിട്ടിമടുത്തൊരുന്നാൾ 
തിരിച്ചു തല്ലി കടം വീട്ടിയപ്പോൾ 
എണീക്കാൻ വയ്യാതെ കിടന്ന് 
കണ്ണീരവാർത്തയ്യാളോടായിഅവൾ പറഞ്ഞു 
ഞാൻ കുടിച്ച കണ്ണീരിന്റെയത്രയൊന്നും 
നിങ്ങളൊരു ബാറീന്നും കുടിച്ചിട്ടില്ല മനുഷ്യാ