അവസാനത്തെ വായനക്കാരനും കിണറ്റിലെ ശവശരീരവും

 

 
പുസ്തകങ്ങളെകുറിച്ചും,വായനയെക്കുറിച്ചുമൊക്കെ പരാമർശിക്കുന്ന നിരവധി നോവലുകളുണ്ട് . മലയാളത്തിലും  അത്തരത്തിലുള്ളവയെ കാണാൻ കഴിയും. സൂസന്നയുടെ ഗ്രന്ഥപ്പുരയും,കിളിമഞ്ജാരോ ബുക്സ്റ്റാളൊക്കെ അത്തരത്തിലുള്ളവയാണ്. പുസ്തകങ്ങൾ വഴികാട്ടിയാണെന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ടാകുമല്ലോ . എന്നാൽ താനകപ്പെട്ട കുഴപ്പം പിടിച്ച ഒരു പ്രശ്നത്തിൽ നിന്നും പുസ്തകങ്ങൾ രക്ഷിക്കാനെത്തുന്ന ഒരു പ്രമേയമാണ് മെക്സിക്കൻ നോവലിസ്റ്റായ  ഡേവിഡ് ടോസ്കാനയുടെ ലാസ്റ്റ് റീഡർ എന്ന  നോവലിൽ കാണാനാകുക. എഴുത്തുകാരന്റെ  ആഖ്യാന ശാസ്ത്രത്തെ മാജിക് റിയലിസത്തിന്റെ വേറൊരുതലമെന്ന് വിശേഷിപ്പിക്കാവുന്നതരത്തിലുള്ള  നോവൽകൂടിയാണ്  ലാസ്റ്റ് റീഡർ.

ഒറ്റപ്പെട്ട ഒരു മെക്സിക്കൻ ഗ്രാമമാണ്  ഇകാമോൾ.വർഷങ്ങളായി അവിടെ മഴ പെയ്യാത്തതുകൊണ്ടു എല്ലാവരുടെയും കിണറുകൾ വറ്റിപ്പോയിരിക്കുന്നു. എന്നാൽ വെള്ളമില്ലാത്തത്തിന്റെ പ്രശ്നമൊന്നും അന്നാട്ടുകാരനായ റെമിഗിയോക്കില്ല. അയാളുടെ കിണറ്റിൽ നിറച്ചും വെള്ളമുണ്ട്. എന്നാൽ പെട്ടെന്നൊരു ദിവസം കിണറ്റിനടിയിൽ ഒരു ശവശരീരം കണ്ടെത്തുന്നതോടെ  കഥ മാറുകയാണ്. കണ്ടാൽ പതിമൂന്ന് വയസ്സു തോന്നിക്കുന്ന സുന്ദരിയായ  ആ പെൺകുട്ടി കിണറ്റിൽ തനിയെ വീണതല്ല. ആരോ അവളെ തള്ളിയിട്ടതാണ്. ആരാണ് അത് ചെയ്തതെന്നൊ ,എന്തിനു വേണ്ടി എന്നൊക്കെയുള്ള കാര്യങ്ങൾ വ്യക്തമല്ല. 

ആ നാട്ടിലെ ലൈബ്രേറിയനാണ് ലൂസിയോ. ആദ്യമൊക്കെ പുസ്തകങ്ങൾക്കായി ഫണ്ട് ലഭിച്ചിരുന്നുവെങ്കിലും പോകെ പോകെ അതു നിലച്ചു. അങ്ങനെ ആരും ഉപയോഗിയ്ക്കാൻ മെനക്കിടാത്ത ആ ലൈബ്രറിയിൽ പുസ്തകങ്ങൾക്കൊപ്പം ജീവിക്കുകയാണ് ലൂസിയോ. ലൂസിയോ  റെമിഗിയോയുടെ പിതാവ് കൂടിയാണ്. മരിച്ച ആ പെൺകുട്ടിയെ അന്വേഷിക്കുന്ന ഏതെങ്കിലും ബന്ധുക്കളോ മറ്റോ  ഉണ്ടാകാമെന്നും  അന്വേഷണം വന്നാൽ ആദ്യം കുടുങ്ങുന്നത് താനായിരിക്കുമെന്നും  റെമിഗിയോക്കറിയാം. അത് മനസ്സിലാക്കികൊണ്ട് ഈ കുഴപ്പം പിടിച്ച സംഗതിയിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് തന്റെ പിതാവായ  ലൂസിയോയുടെ അഭിപ്രായം തേടുകയാണ് റെമിഗിയോ.  ഡോൺ ക്വിക്സോട്ടിനെ ഇഷ്ടപ്പെടുന്ന ലൂസിയോ, താൻ വായിച്ച പുസ്തകങ്ങളിലൂടെ തന്റെ ജീവിതം നയിക്കുന്നയാളാണ്. ഈ പ്രശ്നത്തിൽ നിന്നും ഊരിപോരാനുള്ള ആശയങ്ങൾ താൻ  വായിച്ച പുസ്തകങ്ങളിൽ നിന്നുമാണ് ലൂസിയോ നടപ്പിലാക്കുന്നത്. പെൺകുട്ടിയുടെ തിരോധാനത്തെക്കുറിച്ച്  പോലീസ് ഊർജ്ജിതമായി അന്വേഷണം തുടരുകയാണ്. ആരാണ് ആ പെൺകുട്ടി , എങ്ങനെ റെമിജിയോയുടെ കിണറ്റിൽ അവൾ വീണു ?ആരാണതിന്റെ പിറകിൽ എന്നെല്ലാം ദുരൂഹമാണ്.

 അവസാനത്തെ വായനക്കാരൻ എന്ന പേരിൽ ഈ നോവൽ മലയാളത്തിൽ ഡിസിബുക്സ് പുറത്തിറക്കിയിട്ടുണ്ട്. വിവർത്തനം ചെയ്തിരിക്കുന്നത് പ്രഭാ സക്കറിയാസാണ്. 160 പേജുകളുള്ള പുസ്തകത്തിന് 120 രൂപയാണ് വില. 

ജമൈക്ക-ഇന്നിലെ നിഗൂഡതകൾ

 


ബ്രിട്ടീഷ് എഴുത്തുകാരിയായ ഡാഫ്നി ഡു മൊറിയെയുടെ ക്ലാസ്സിക് കൃതികളുടെ ഗണത്തിൽ പ്പെടുത്താവുന്ന ഒരു നോവലാണ് ജമൈക്ക ഇൻ.
വായനക്കാരെകൊണ്ട് ഏറ്റവും വേഗത്തിൽ കഥ വായിപ്പിക്കാൻ സാധിക്കണമെന്ന് തന്നെയാണല്ലോ  ത്രില്ലർ എഴുത്തുകാരുടെ ഏറ്റവും വലിയ വെല്ലുവിളി.തന്റെ ഇരുപത്തൊമ്പതാം വയസ്സിൽ എഴുതപ്പെട്ട ഈ നോവൽ  വളരെയധികം സ്വീകരിക്കപ്പെട്ടു.നോവലിനെ ആസ്പദമാക്കി നിരവധി സിനിമകളും പിറന്നു. 


 മേരി യെലാന്  ഇരുപത്തിമൂന്ന് വയസ്സുള്ളപ്പോളാണ്  അവളുടെ അമ്മ മരിക്കുന്നത്.അനാഥയായ അവൾ അമ്മയുടെ ആഗ്രഹപ്രകാരം വീടെല്ലാം വിറ്റു അമ്മയുടെ സഹോദരിയായ പേഷ്യൻസ് ആന്റിയുടെ  അടുത്തേക്ക് പോവുകയാണ്.  ജമൈക്ക ഇൻ എന്നറിയപ്പെടുന്ന ഒരു ഹോട്ടൽ നടത്തുകയാണ് അവളുടെ ആന്റിയും ഭർത്താവ് ജോസ് മെർലിനും. അത്രയും  വിവരങ്ങളെ യാത്ര തുടങ്ങുമ്പോൾ മേരിക്കുമറിയൂ. പോകുന്ന വഴിയിൽ വച്ച് തന്നെ കുതിരവണ്ടിക്കാരനിൽ നിന്നും യാത്രക്കാരിൽ നിന്നും ജമൈക്ക ഇന്നിൽ എന്തോ ദുരൂഹമായ പേടിപ്പെടുത്തുന്ന എന്തോ ഉണ്ടെന്ന് മേരി മനസ്സിലാക്കുന്നുണ്ട്. തനിക്കു വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ടു മാത്രമാണ് മേരി സത്രത്തിലേക്കു കേറി ചെല്ലുന്നത്. സത്രത്തിനടുത്തേക്ക് പോകാൻ നാട്ടുകാർ എന്തുകൊണ്ടാണ് ഭയപ്പെടുന്നെന്നു മേരി അപ്പോളും അറിയുന്നില്ല.അവൾ പ്രതീക്ഷിച്ച ഒരു സ്വീകരണമായിരുന്നില്ല അവൾക്കവിടെ ലഭിച്ചത്. ഒരു പക്ഷെ ജമൈക്ക ഇന്നിൽ വച്ചായിരിക്കണം  മേരി ആദ്യമായി ഭയം എന്തെന്ന് അറിയുന്നത് തന്നെ.വിചിത്രമായി പെരുമാറുന്ന അവളുടെ അങ്കിൾ ജോസ് മെർലിനും,എപ്പോഴും ആരെയൊക്കെയോ ഭയപ്പെട്ടു ജീവിക്കുന്ന അവളുടെ അമ്മായിയും, സത്രത്തിൽ  ചില സമയങ്ങളിൽ മാത്രം നടക്കുന്ന നിഗൂഢമായ സംഭവങ്ങളും വായനക്കാരിലും ഉദ്വേഗം വാരി നിറയ്ക്കും.
അല്ലെങ്കിലും പ്രധാനപാതയിൽ ഒരു സത്രം നടത്തുകയും എന്നിട്ട് ഒരു യാത്രക്കാരനു പോലും ഉപയോഗമല്ലാത്ത രീതിയിൽ അത് അടച്ചുപൂട്ടി നിഗൂഢമായി വയ്ക്കുകയും ചെയ്യുന്നതിൽ  അസ്വാഭാവികതയല്ലെങ്കിൽ പിന്നെ എന്ത് തോന്നാനാണ്?

 ഒരു സൈക്കോളജിക്കൽ ക്രൈം ത്രില്ലർ വിഭഗത്തിലുള്ള  ഈ നോവൽ  വായനക്കാരെ പലപ്പോഴും നിഗൂഢവും ചിലപ്പോൾ ഭയപ്പെടുത്തുന്നതുമായ ഒരു യാത്രയിലേക്ക് കൊണ്ടുപോകുന്നുണ്ട് .പുസ്തകത്തിലെ  ഗോഥിക് അന്തരീക്ഷം തന്നെയാണ് അതിന്റെ ഹൈലൈറ്റ്. നിഗൂഢതകളും സാഹസികതയും വേണ്ടുവോളമുണ്ടെങ്കിലും പ്രണയത്തിനും ഒരിടം നൽകിയിട്ടുണ്ട് എഴുത്തുകാരി.ഡാഫ്‌നി മോറിയെയുടെ ഈ പുസ്തകം വായിച്ചു മടക്കിയാൽ  വായനക്കാർ അവരുടെ മറ്റു പുസ്തകങ്ങൾ തേടിപോകുമെന്നു ഉറപ്പാണ്.

ആൽഫ്രഡ് ഹിച്ച്‌കോക്ക് ഈ നോവലിനെ അതേ പേരിൽ 1939 ൽ സിനിമയാക്കിയിരുന്നു. വാണീജ്യവിജയം നേടിയെങ്കിലും ഹിച്ച്കോക്കിന്റെ മോശം സിനിമകളിലൊന്ന് ചിലപ്പോൾ ഇതായിരിക്കാം. നോവൽ സൃഷ്‌ടിച്ച  പിരിമുറുക്കങ്ങളും , നിഗൂതകളും,ജോസ് മെലാന്റെയുൾപ്പെടയുള്ള പ്രധാന  കഥാപാത്രത്തിന്റെ സ്വഭാവങ്ങളും എന്തുകൊണ്ടോ  സിനിമയിൽ  വേണ്ടവിധം പ്രതിഫലിച്ചു കണ്ടില്ല. എഴുത്തുകാരിയും ഈ  സിനിമയിൽ തൃപ്തയായിരുന്നില്ല എന്ന് കേൾക്കുന്നു.1983 ൽ ഇറങ്ങിയ ലോറൻസ് ഗോർഡൻ ക്ലാർക്കിന്റെ സംവിധാനത്തിൽ ഇറങ്ങിയ നോവലിന്റെ അതെ പേരിലുള്ള സിനിമയും, മൂന്നു എപ്പിസോഡുകളിലായി ബിബിസി ഇറക്കിയ സീരീസും നോവലിനോട് നീതി പുലർത്തിയിട്ടുണ്ട്. 

 

1931 ൽ പുറത്തുവന്ന ദി ലിവിങ് സ്പിരിറ്റ് ആണ് മൊറിയെയുടെ ആദ്യ കൃതി.അവരുടെ ഇരുപത്തൊന്നാം വയസ്സിൽ എഴുതപ്പെട്ട  കഥകൾ  2011 ൽ  കണ്ടെത്തി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.സാധാരണ വിവർത്തനങ്ങളിൽ സംഭവിക്കാറുള്ള ഒരു ചോർച്ച ഇവിടെ അനുഭവിക്കാൻ സാധ്യതയില്ല. അത്രക്കും മികച്ച രീതിയൽ തന്നെയാണ് ഒട്ടും മുഷിപ്പിക്കാതെ ഇതൊരു വിവർത്തനമാണെന്നു തോന്നിപ്പിക്കാത്ത രീതിയിൽ  മീര രമേഷ് ജമൈക്ക ഇൻ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത്. ഹാരിയറ്റ് ജേക്കബ്സിന്റെ ഒരു അടിമ പെൺകുട്ടിയുടെ ജീവിതാനുഭവങ്ങൾ വിവർത്തനം ചെയ്തിരിക്കുന്നതും അവർ തന്നെയാണ്.  സൈകതം ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 

മെസെൻസ്കിലെ ലേഡി മാക്ബത്ത്

നോവലിസ്റ്റ്,കഥാകൃത്ത്,നാടകകൃത്ത് ,ജേണലിസ്റ്റ് എന്നിങ്ങനെ ഒട്ടേറെ  ബഹുമതികൾ പേറുന്ന  പ്രസിദ്ധ റഷ്യൻ എഴുത്തുകാരനായ നിക്കോളെ ലെസ്ക്കോവിന്റെ 1865 ൽ പുറത്തുവന്ന  നോവലാണ്  മെസെൻസ്കിലെ ലേഡി മാക്ബത്ത്. നിക്കോളെ സെമ്യോണോവിച്ച് ലെസ്ക്കോവ് എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്.  സ്റ്റെബ്നിറ്റ്സ്കി എന്ന പേരിലായിരുന്നു മുൻകാലങ്ങളിൽ അദ്ദേഹത്തിന്റെ രചനകൾ പ്രത്യക്ഷപ്പെട്ടിരുന്നത്. നിശബ്ദതയുടെ മറവിൽ മറഞ്ഞിരിക്കുന്ന വിനാശകരമായ വികാരങ്ങളെക്കുറിച്ചാണ് ലെസ്ക്കോവിന്റെ ഈ നോവലിൽ  പ്രതിപാദിക്കുന്നത്. മെസെൻസ്കിലെ ലേഡി മാക്ബത്ത് എന്ന   നോവൽ ആദ്യം പ്രത്യക്ഷപ്പെട്ടത് ദസ്തയേവ്സ്കിയുടെ ഏപോക്ക് (epoch )എന്ന മാഗസിനിലായിരുന്നു. 1865 ലായിരുന്നു അത്. റഷ്യൻ ക്ലാസിക്കുകളിൽ   ഏറ്റവും ചർച്ച ചെയ്യപ്പെട്ട നോവലുകളിലൊന്നായി പിന്നീടത് മാറി.
 
പരമ്പരാഗതമായി ധാന്യമാവ് കച്ചവടക്കാരനായിരുന്ന സിനോവി ഇസ്മയിലോവിന്റെ ഭാര്യ കാതറീനയിലൂടെയാണ് നോവൽ ഗതിവികാസം പ്രാപിക്കുന്നത്. ഒരു ദരിദ്ര കുടുംബത്തിൽ പിറന്നതുകൊണ്ട്  സ്വന്തം ഇഷ്ടത്തിനനുസരിച്ച് തന്റെ ഭർത്താവിനെ തിരഞ്ഞെടുക്കാനവൾക്ക് കഴിഞ്ഞില്ല. സിനോവിയുടെ രണ്ടാം കെട്ടായിരുന്നു ഇത്. ആദ്യ ഭാര്യയിൽ കുട്ടികളുണ്ടാകാത്തതിനെ തുടർന്നാണ് സിനോവി കാതറിനെ വിവാഹം കഴിക്കുന്നത്.

ഉയർന്ന മതിൽകെട്ടും ,സദാ സ്വൈരവിഹാരം നടത്തുന്ന കാവൽ നായ്ക്കളുള്ള അടച്ചുപൂട്ടിയ മണിമാളികയിൽ അനുഭവപ്പെടുന്ന മടുപ്പും ഏകാന്തതയും അസംതൃപ്തികളും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ കഥയാണ് നോവൽ പറഞ്ഞു വയ്ക്കുന്നത്.വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല . വീട്ടിലെ അമ്പരിപ്പിക്കുന്ന നിശബദ്ധതയും,ശൂന്യതയും എങ്ങനയൊക്കെ ഒരു സ്ത്രീയെ മാനസികമായി കീഴ്പ്പെടുത്തിക്കളയും എന്നു കാതറീന വായനക്കാർക്കു ബോധ്യപ്പെടുത്തി തരുന്നുണ്ട്. ഭർത്താവിന്റെ അഭാവം തന്റെ മേൽ അധികാരം സ്ഥാപിക്കുന്ന ഒരാളുകൂടി  കുറഞ്ഞുകിട്ടിയതായി ആശ്വാസം കൊള്ളുന്നവളുമാണ് കാതറീന.

ഭർത്താവ് വളരെക്കാലമായി അകലെയായിരുന്നപ്പോൾ, കാതറീന തന്റെ ഭർത്താവിന്റെ  ഗുമസ്തനായ സെർജിയുമായി പ്രണയത്തിലായി. ആ സ്നേഹം അവളെ   പൂർണ്ണമായും പിടിച്ചെടുക്കുകയും ചെയ്തു. അഭിനിവേശത്തിന് ഒരു വ്യക്തിയെ തന്റെ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളെ മറികടക്കാൻ ചിലപ്പോൾ അത്ഭുതങ്ങൾ തന്നെ പ്രവർത്തിച്ചെന്നു വരും.ഇതേ അഭിനിവേശത്തിന്  ഒരു വ്യക്തിയെ  കുറ്റകൃത്യത്തിലേക്ക് നയിക്കാനും  അവരുടെ  ജീവിതം  തൽക്ഷണം നശിപ്പിക്കാനും കഴിയും .കാതറീനയുടെ അഭിനിവേശം   അവളുടെ  ചുറ്റുമുള്ള എല്ലാവരെയും നശിപ്പിച്ചുകൊണ്ടായിരുന്നു. മോശമായി ആരംഭിച്ചതെല്ലാം തിന്മയാൽ ശക്തിപ്പെടുന്നു എന്ന കണക്കെ ഒന്നിനു പിറകെ ഒന്നൊന്നായി ആ അഭിനിവേശത്തിനു പിറകെ കാതറീന  നയിക്കപ്പെട്ടു. ഒരു സ്ത്രീ തന്റെ ശരീരത്തിലും ആത്മാവിലും ശക്തയാണ്. അവൾ  സ്വാതന്ത്ര്യസ്നേഹിയും വികാരഭരിതയും  ലക്ഷ്യബോധമുള്ളവളുമാണ്.നോവലിലെ കതറീന ഈ വിശേഷണങ്ങളുടെ  അങ്ങേ തലത്തിൽ നിൽക്കുന്നവളുമാണ്.

ഒരു ചെറിയ നോവലിൽ , നിരവധി വലിയ സംഭവങ്ങൾ ഉൾക്കൊള്ളാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. മറ്റു റഷ്യൻ ക്ലാസ്സിക്കുകളുടെതു പോലെ ഒരു വമ്പൻ നൊവാലൊന്നുമല്ല മെസെൻസ്കിലെ ലേഡി മാക്ബത്ത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അത്തരം സാർവത്രിക പരിവേഷങ്ങൾ  വികസിപ്പിക്കാൻ ലെസ്ക്കോവ് എന്ന എഴുത്തുകാരന്  കഴിഞ്ഞിട്ടുണ്ട്,

റഷ്യൻ ക്ലാസിക്കുകളിൽ അക്കാലത്ത് പൊതുവേ പ്രകടമായിരുന്ന  ധാർമ്മികതയുടെ  പാഠങ്ങൾ ഈ നോവലിലും കാണാം. നോവലിന്  ഗുസ്താവ് ഫ്ലോബ്ബറിന്റെ മദാം ബോവറിയുമായുള്ള സാമ്യതകൾ നിരൂപകർ അന്ന് തൊട്ടേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഒരു സ്ത്രീയുടെ ജീവിതത്തിൽ എത്രമാത്രം വികാരങ്ങളും പുരുഷ ശ്രദ്ധയും അർത്ഥമാക്കുന്നുവെന്നും ഒരു സ്ത്രീയുടെ ആത്മാവിന് ഏകതാനത എത്രമാത്രം വിനാശകരമാണെന്നും മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു നോവൽ കൂടിയാണിത്. ലെസ്കോവ് തന്റെ കൃതികളിൽ പൊതുവേ ഉപയോഗിച്ചുകാണാറുള്ള നാടൻ കഥകളുടെയും വാമൊഴി പാരമ്പര്യത്തിന്റെയും  നുറുങ്ങുകൾ ഈ നോവലിലും  ഉപയോഗിച്ചിട്ടുണ്ട്.

2016 ൽ പുറത്തിറങ്ങിയ വില്യം ഓൾഡ്റൊയ്ഡ്  സംവിധാനം ചെയ്ത് ഫ്ലോറെൻസ് പ്യൂ മുഖ്യവേഷത്തിൽ പ്രത്യക്ഷപ്പെട്ട  ലേഡി മാക്ബത്ത് എന്ന ഇംഗ്ലീഷ് സിനിമ ഈ നോവലിനെ ആസ്പദമാക്കിയതാണ്. 
 

മലയാളത്തിൽ ആദ്യമായിട്ടാണ് ലെസ്ക്കോവിന്റെ പുസ്തകം വരുന്നത്.H&C ബുക്സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് തുമ്പൂര്‍ ലോഹിതാക്ഷനാണ്. 

ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ -വായനക്കാരെ അസ്വസ്ഥതപ്പെടുത്തുന്ന നോവൽ -2020 ലെ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി

 

 

 

 

അപരത്വത്തെ അസ്ഥിത്വത്തിന്റെ  അടിസ്ഥാനമാണെന്ന്  അഭിപ്രായപ്പെട്ടത് മിഖായിൽ ബക്തിനാണ്. അപരത്വത്തിൽ നിന്നു മാത്രമേ ഒരാൾക്ക് തന്റെ സ്വത്വത്തെ വീണ്ടെടുക്കാൻ കഴിയൂ എന്ന  ബക്തിന്റെ നിർവചനത്തോട് ചേർന്ന് നിൽക്കുന്ന ഒരു നോവലാണ് എലെന ഫെറാന്റേയുടെ ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ. 2002 ൽ ഇറ്റാലിയൻ ഭാഷയിൽ I giorni dell’abbandono എന്ന പേരിൽ ഇറങ്ങിയ നോവൽ പിന്നെയും മൂന്നു വർഷങ്ങൾ കഴിഞ്ഞാണ് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടത്. ആൻ ഗോൾഡ്സ്റ്റീൻ ആയിരുന്നു അത് പരിഭാഷപ്പെടുത്തിയത്. സമൂഹഭാവന സാമൂഹിക രാഷ്ട്രീയ മാറ്റങ്ങൾക്കനുസരിച്ച് പുതുരൂപം പ്രാപിച്ചാണ് നിലകൊള്ളുന്നത്.സ്വാഭാവികമായും അത്തരം പരിണാമങ്ങൾ സാഹിത്യ രചനകളെയും പലതരത്തിൽ സ്വാധീനിക്കാനിടയുണ്ട് .സമകാലിക ജീവിതത്തിന്റെ വിരസതയും,കുടുംബജീവിതത്തിന്റെ ആസ്വാസ്ഥ്യങ്ങളും,മടുപ്പും ആകാംക്ഷകളുമൊക്കെ സംഭവിക്കുന്ന ഒരു കുടുംബിനിയുടെ ജീവിതമാണ് ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ എന്ന നോവലിൽ നിറഞ്ഞു നിൽക്കുന്നത്. സ്ത്രീകളുടെ പൊതുവേയുള്ള അവബോധത്തിന്റെയും, സംവേദനക്ഷമതയുടെയും,അവരുടെ ശക്തിയും ബലഹീനതയും സംബന്ധിച്ച  വശങ്ങളെക്കുറിച്ചുമൊക്കെ കൈകാര്യം ചെയ്യുന്ന ഒരു നോവൽ കൂടിയാണിത്.
 
ഓൾഗയ്ക്കും മരിയോയ്ക്കും ജാന്നിയെന്നും ,ഇലാരിയെന്നും പേരുള്ള രണ്ടു കുട്ടികളും ഒരു നായയുമുണ്ട്,ശാന്തനും,ഭാര്യയെ നല്ലപോലെ  മനസ്സിലാക്കിയവനും,വീടും കുടുംബവും ഒഴിച്ചു കൂടാത്തവനുമൊക്കെയായാണ്  ഓൾഗ തന്റെ ഭർത്താവിനെ തുടക്കത്തിൽ വിശേഷിപ്പിക്കുന്നത്.അവരുടെ ആ വൈവാഹിക ജീവിതത്തിലുടനീളം  ഓൾഗ തന്റെ ഭർത്താവിന്റെ കാര്യങ്ങൾ നോക്കുന്നതിനും അയാളെ തൃപ്തിപ്പെടുത്തുന്നതിനും വേണ്ടികൂടുതൽ സമയം ചെലവഴിച്ചു. അയാൾ അവളുടേതാണെന്ന് ഉറപ്പുവരുത്താൻ അയാൾക്കിഷ്ടമുള്ളതെല്ലാം വെച്ചു വിളമ്പി.ഒട്ടുമിക്ക സ്ത്രീകളെയും പോലെ തന്റെ ഭർത്താവിനെ നേടിയെന്ന മിഥ്യാധാരണ വച്ചു പുലർത്തിക്കൊണ്ട് ഓൾഗയും ഒരു  വീട്ടമ്മയായി ജീവിച്ചു പോന്നു.
 
പതിനഞ്ചു വർഷത്തെ ദാമ്പത്യത്തിനു ശേഷം  പെട്ടെന്നൊരു ദിവസം തന്നെ വിട്ടുപോകുമെന്നു പ്രഖ്യാപിക്കുന്ന  ഭർത്താവിന്റെ വാക്കുകളെ ആദ്യമൊന്നും അവൾ വിലക്കെടുക്കുന്നില്ല.  വീടു വിട്ടുപോകാനുള്ള അയാളുടെ  പ്രഖ്യാപനം മുൻപും പലതവണ നടപ്പാക്കിയിരുന്നതിനാൽ കുറച്ചു ദിവസങ്ങളുടെ മടുപ്പിന് ശേഷം അയാൾ തിരികെയെത്തുമെന്ന് അവൾ വിശ്വസിച്ചു.  ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനോടുവിൽ അയാളുടെ വാക്കുകളിലെ ആത്മാർഥത അവൾ തിരിച്ചറിഞ്ഞു.ടൂറിനിലെ വീട്ടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിൽ അവൾ സ്വയം തടവിലാക്കപ്പെട്ടു.
 
പ്രക്ഷുബ്ധമായ മാനസ്സികാവസ്ഥയിലിരുന്നുകൊണ്ട് സ്വയം ശാന്തമാകാൻ നേരം പുലരുന്നതുവരെ എഴുതുക എന്ന ശീലത്തിലേക്കു അവർ വഴുതിവീണു. മരിയോവിനു അവർ എഴുതുന്ന  കത്തുകളുടെ ഉള്ളടക്കം   വായനക്കാരുമായി പങ്കുവെയ്ക്കാൻ അവർ ഒരിക്കലൂം തയ്യാറാകുന്നുമില്ല. അയക്കാതെ വച്ചിരിക്കുന്ന ആ കത്തുകൾ എപ്പോഴെങ്കിലും അയാൾ വായിക്കുമെന്നും  എല്ലാം മനസ്സിലാക്കി അയാൾ കുടുംബത്തിലേക്ക് തിരിച്ചു വരുമെന്നും അവർ കരുതി. മരിയോ ഉപേക്ഷിച്ചതോടുകൂടി കുടുംബത്തിന്റെ സാമ്പത്തിക ഭാവിയും താറുമാറായി.അവഗണനയുടെ  പ്രഹരങ്ങൾക്കടിപ്പെട്ടു നുറുങ്ങിപ്പോയി  ഭ്രാന്തെടുത്തു ചാകുന്ന ഒരു പെണ്ണായി കരുതാൻ അവൾ  ശ്രമിച്ചു.ഒരു ശസ്ത്രക്രിയയ്ക്കിടെ ഒരു രോഗിയുടെ രക്തവും ഉമിനീരും കഫവും പോലെ ജീവിതം എന്നിൽ നിന്ന് ഒഴുകിപ്പോയി എന്നവൾ വിലപിക്കുന്നുണ്ട്. 
 
ഓൾഗയെ കൂടുതൽ ആഴത്തിൽ കഷ്ടപ്പെടുത്തിയത്  സ്വയം നഷ്ടപ്പെട്ടുപോകുന്നുവെന്ന  അവളുടെ മാനസികാവസ്ഥയാണ് .യുക്തിക്കും,ഭ്രാന്തിനും അതിജീവനത്തിനുമിടയിൽ കലുഷിതമായ അവരുടെ മനസ്സ്  അടിയന്തിര സാഹചര്യങ്ങളിൽ  വേണ്ടവിധം തീർച്ചപ്പെടുത്തേണ്ട  ചിന്തകളെയും പ്രവർത്തികളെയും നോവലിൽ കൃത്യമായി  അടയാളപ്പെടുത്തിയിരിക്കുന്നു.
ഭർത്താവ്  ഉപേക്ഷിച്ചു പോയതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഓൾഗയുടെതു മാത്രമായി ചുരുക്കപ്പെട്ടു . അതിന്റെ  ആഘാതത്തിൽ പലപ്പോഴും അവർക്കു  തന്റെ കുട്ടികളെ അവഗണിക്കേണ്ടിവന്നു. പലകാര്യങ്ങൾക്കും  മൂത്തമകൾ ജാന്നിയെ  വളരെയധികം ആശ്രയിക്കേണ്ടിവന്നു.   ജീവിതം മാറിയിരിക്കുന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ കഴിയാതെ   ഭ്രമാത്മകതകളുടെ  ഒരു ലോകത്തേക്ക് അവൾ പ്രവേശിക്കപ്പെട്ടു. ആ ലോകം അവൾക്ക് മുന്നിൽ  ഒരു ശൂന്യത പോലെ വളർന്നു വന്നു.
 
മാനസിക വേദന ലഘൂകരിക്കുന്നതിനും , അപ്പോഴത്തെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും  താൻ  ഇപ്പോഴും ആകർഷകമാണെന്ന് സ്വയം പറയാൻ ശ്രമിച്ചുകൊണ്ടു തന്നെയാണ്  അയൽവാസിയായ കാരാനോയുടെ അടുത്ത് അവളെത്തുന്നത് . ആ ബന്ധം  ഒരു പ്രണയത്തിലേക്കൊന്നും എത്തുന്നുമില്ല . അത്പക്ഷെ   അവളിൽ സ്വയം വെറുപ്പും നിരാശയും ഉണ്ടാക്കിയതെയുള്ളൂ . കരാനോയുടെ മുറിയിൽ വച്ച് അയാളുമായി  രമിക്കാൻ ശ്രമിക്കുമ്പോളും തന്റെ ഭർത്താവും അവരുടെ പുതിയ കാമുകിയും അതുപോലൊക്കെ ചെയ്തുകാണും എന്നവൾ ചിന്തിക്കുന്നുണ്ട്. ഒരുപക്ഷേ കരാനോയുമായുള്ള ആ ബന്ധം  മാരിയോടുള്ള പ്രതിഷേധത്തിന്റെ സൂചകമായി മാത്രം  കരുതാനാകില്ല  . രാത്രിവേളകളിലെ അവരുടെ സുഖാനുഭവങ്ങളുടെ ചുണ്ടുകളിലേക്ക് ഞാനെന്റെത് പ്രതികാരത്തോടെ ചേർത്തുവയ്ക്കും എന്നവൾ  പ്രഖ്യാപിക്കുന്നുമുണ്ട്.
എൻ പ്രഭാകരന്റെ കാമസൂത്രം എന്ന ചെറുകഥയിലെ ലീല എന്ന കഥാപാത്രം തന്റെ  ഓഫീസിൽ  കൂടെ ജോലി ചെയ്യുന്ന ജെയിംസിനോടൊപ്പം ഹോട്ടൽ മുറിയിലെത്തിയതിനു  ശേഷം  കാര്യത്തോടടുക്കുന്ന സമയത്ത്   തന്റെ ഭർത്താവിനെ  ഓർക്കുമ്പോളുണ്ടാകുന്ന ധാർമികതയുടെ  ചെന്നിനോവൊന്നും ഇവിടെ  ഓൾഗക്കു സംഭവിക്കുന്നില്ല.
 
ഉപേക്ഷിക്കപ്പെടലിന്റെ അപമാനത്തിൽ ഒരു സ്ത്രീ  പിരിമുറുക്കവും സങ്കടവും കൊണ്ട് തളർന്നു നിൽക്കുമ്പോൾ അവളുടെ മനസ്സ് എപ്രകാരമായിരിക്കും എന്നു പ്രവചിക്കുക അസാധ്യമാണ്.ഇവിടെ അവർ ഒരു അമ്മ കൂടിയാണ്.  ഭദ്രമായ ഒരു കുടുംബത്തിന്റെ അഭാവത്തിൽ മാതൃത്വം, ഏകാന്തത ,നിരാശ,ഉൽക്കണ്ഠ ,അനിശ്ചിതത്വം  എന്നിവകൊണ്ട് കലുഷിതമായ  മാനസികഭാവങ്ങളിലൂടെ കടന്നുപോകുന്ന   ഒരു സ്ത്രീയുടെ  ഭാഷയാണ് നോവലിനുള്ളത് . ആഖ്യാനത്തിലെ കൃത്യതയും ഭാഷയും വായനക്കാരുടെ മനസ്സിൽ ആഘാതം സൃഷ്ടിക്കുകയും ചെയ്യും.
 
 
ഇറ്റലിയിലെ ഏറ്റവും അറിയപ്പെടുന്ന സമകാലിക എഴുത്തുകാരിൽ ഒരാളാണ് എലെന ഫെറാന്റെ. അവരുടെ ഒട്ടുമിക്ക നോവലുകളും ശ്രദ്ധയാകർഷിക്കപ്പെട്ടവയാണ്. 1992 ലാണ് എലെന ഫെറാന്റേയുടെ ആദ്യ നോവലായ ട്രൌബ്ലിങ് ലവ് പുറത്തുവരുന്നത്. 2006 ൽ അതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തു വന്നു.  
2016 ൽ അവരുടെദി സ്റ്റോറി ഓഫ് ദി ലോസ്റ്റ് ചൈൽഡ്എന്നതിന്റെ ഇംഗ്ലീഷ് പതിപ്പ് മാൻ ബുക്കർ ഇന്റർനാഷണൽ ചുരുക്കപട്ടികയിൽ ഇടം പിടിക്കുകയുണ്ടായി.ആ വർഷം തന്നെ  ടൈം മാഗസിൻ എലീന ഫെറാന്റെയെ ഏറ്റവും സ്വാധീനിച്ച 100 പേരിൽ ഒരാളായി പ്രഖ്യാപിച്ചു.
 
പക്ഷെ ഇത്തരത്തിലുള്ള അന്താരാഷ്ട്ര പ്രശസ്തിയൊക്കെ ഉണ്ടായിട്ടും എഴുത്തുകാരിയെ കുറിച്ച് കൂടുതലായി ആർക്കും ഒന്നും അറിഞ്ഞുകൂടാ.അജ്ഞാതമായി എഴുതുന്നത് പുതിയ കാര്യമല്ലെങ്കിലും  എലെന ഫെറാന്റേ എന്ന എഴുത്തുകാരിയുടെ പേരിനു പിന്നിൽ ശരിക്കും ആരാണ് എന്നതിന്  ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ല.
മലയാളത്തിൽ ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് എഴുത്തുകാരിയായ സംഗീത ശ്രീനിവാസനാണ്.
ഒരുപക്ഷെ ഭാഷയുടെ സാംസ്‌കാരിക അതിർവരമ്പുകളെ ഒട്ടുമേ വകവെയ്ക്കാതെ തന്നെയാണ് ഈ നോവലിന്റെ വിവർത്തനം കൈകാര്യം ചെയ്തതെന്ന് പറയേണ്ടി വരും. അതിനു വേണ്ടി മാന്യമായ വാക്കുകൾ അന്വേഷിച്ചു പോകാൻ എഴുത്തുകാരി മെനക്കെട്ടിട്ടില്ല. ഒരുപക്ഷെ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ വിവർത്തനത്തിൽ പാളിച്ചകളുണ്ടാകുമായിരുന്നേനെ. 2020 ലെ വിവർത്തനത്തിനുള്ള സാഹിത്യ അക്കാദമി അവാർഡ് സംഗീത ശ്രീനിവാസന് ലഭിച്ചത് ഈ പുസ്തകത്തിനാണ് . എലെന ഫെറാന്റേയുടെ വിവർത്തനം ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നതും മലയാളത്തിലാണ്. മേഘ ബുക്ക്സ് ആണ് പ്രസാധകർ.

പുസ്തകഭ്രാന്തനായ ഒരു കള്ളന്റെ കഥ

 

ബിബ്ലിയോഫൈൽ എന്ന പദത്തിന്  പുസ്തകപ്രേമി എന്നാണർത്ഥം, ബിബ്ലിയോമാനിയ  എന്നതിന് പുസ്തകഭ്രാന്തെന്നും. ഇവ തമ്മിലുള്ള അതിർവരമ്പ് വളരെ നേർത്തതാണ്. ഈ രണ്ടു വാക്കുകളും ആദ്യമായി ഉപയോഗിച്ചത് 1809 ൽ   ഒരു ഇംഗ്ലീഷ് പുരോഹിതനായ ഫ്രോനാൽ ഡിബ്ഡിൻ ആയിരുന്നു.Bibliomania or Book Madness എന്ന പുസ്തകത്തിലായിരുന്നു അവ പ്രത്യക്ഷപ്പെട്ടത് . (https://www.gutenberg.org/ എന്ന വെബ്സൈറ്റ് ൽ ആ പുസ്തകം വായിക്കാൻ സാധിക്കും)

ഈ വായനാ ഗ്രൂപ്പിലുള്ള പലരെയും മേല്പറഞ്ഞ പുസ്തകപ്രേമികളുടെയും,പുസ്തകഭ്രാന്തരുടെയും  കള്ളികളിൽ  ഉൾപ്പെടുത്തിയാൽ ഏതിലായിരിക്കും ഏറ്റവും കൂടുതൽ ആളുകളുണ്ടാകുക?
പുസ്തകങ്ങളെ മോഷ്ടിക്കാൻ വേണ്ടി മാത്രം പുസ്തകങ്ങളെ സ്നേഹിച്ച ജോൺ ഗിൽക്കി എന്ന  കള്ളന്റെ കഥയാണ് പുസ്തകങ്ങളെ അതിരുവിട്ടു സ്നേഹിച്ചവൻ എന്ന ആലിസൺ ഹൂവർ ബാർട്ലെറ്റിന്റെ നോവൽ പറയുന്നത്. ഇതുവരെ വായിച്ചതിൽ വച്ച് പുസ്തകങ്ങൾ ഇത്ര ധാരാളമായി  കടന്നു വരുന്ന നോവലുകളിൽ  എത്രാമത്തെ പുസ്തകമാണ് ഈ  നോവൽ എന്നത് കൃത്യമായി ഓർമ്മയില്ല. മലയാളത്തിലെ കാര്യമായെടുത്താൽ അത്തരമൊരു പ്രമേയം കൈകാര്യം ചെയ്തവർ അപൂർവ്വമാണ് എന്നാണ് തോന്നുന്നത് . സൂസന്നയുടെ ഗ്രന്ഥപ്പുര പോലുള്ള പുസ്തകങ്ങളാണ്  പെട്ടെന്നു ഓർമ വരുന്നത്. 

പലവിധ സ്ഥലങ്ങളിൽ നടക്കുന്ന  പുസ്തകമേളകളിൽ നിന്നും  ലൈബ്രറികളിൽ നിന്നും ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന, അപൂർവ പുസ്തകങ്ങൾ മോഷ്ടിക്കുന്ന ശീലമുള്ളയാണ്  ജോൺ ഗിൽക്കിയെങ്കിലും അയാൾക്കതിൽ  ഒരു തരി പോലും പശ്ചാത്താപം തോന്നുന്നില്ല എന്നുള്ളതാണ് കൗതുകകരമായ ഒരു സംഗതി. നാല് വർഷത്തിനിടയിൽ മാത്രം ഈ  ജോൺ ചാൾസ് ഗിൽക്കി ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന അപൂർവ പുസ്തകങ്ങലാളാണ് ശേഖരിച്ചു കൂട്ടിയത്.  പാർട്ട് ടൈം ജോലി ചെയ്യുന്ന ഗിൽക്കി, പുസ്തകങ്ങൾ മോഷ്ടിക്കുന്നതിന്റെ പല രീതികൾ നോവലിൽ കാണാം . കള്ളനെ പിടിക്കാൻ കെൻ സാന്ഡേഴ്സൻ എന്ന ഡിറ്റക്ടീവ് ജോലിയിൽ താൽപ്പര്യമുള്ള ഒരു പുസ്തക ഇടപാടുകാരൻ ഗിൽക്കിയെ അകത്താക്കാൻ  പിന്നാലെ തന്നെയുണ്ട്.

 പുസ്തകങ്ങളെ അതിരുവിട്ടു സ്നേഹിച്ചവൻ എന്ന ഈ പുസ്തകത്തിന്റെ പേര് ഒരുപക്ഷെ ഒട്ടുമിക്ക പുസ്തകപ്രേമികളെയും  ആകർഷിക്കാൻ സാധ്യതയുണ്ട്. നിങ്ങളൊരു പുസ്തകപ്രേമിയാണെങ്കിൽ ഈ പുസ്തകത്തിന്റെ പേരു കേൾക്കുമ്പോൾ തന്നെ  എവിടെയൊക്കെയോ നമ്മളെയും ബന്ധപ്പെടുത്തുന്ന, കണ്ണിചേർക്കാൻ കഴിയുന്ന എന്തോ ഇതിലുണ്ട് എന്ന്  വെറുതെയെങ്കിലും തോന്നിപോകാനിടയുണ്ട് . തീർച്ചയായും പുസ്തകപ്രേമികളുടെ  കൗതുകകരമായ സ്വഭാവങ്ങളെ പരാമർശിച്ചുപോകുന്ന  നിരവധി വിശേഷണങ്ങൾ  ഈ നോവലിലുണ്ട്.

 ജോൺ ഗിൽക്കി അമൂല്യമായ പുസ്തകങ്ങളെ മോഷ്ടിക്കാറുള്ളൂ എന്ന് പറഞ്ഞല്ലോ. ഉദാഹരണമായി എച് ജി വെൽസിന്റെ വാർ ഓഫ് ദി വേൾഡ്സ് എന്ന പുസ്തകത്തിന്റെ ഒന്നാം എഡിഷൻ,അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി ഒപ്പിട്ട സ്റ്റാറ്റജി ഓഫ് പീസ്,പിനോകിയോ യുടെ ഇറ്റാലിയൻ ഭാഷയിലെ ആദ്യ എഡിഷൻ, തുടങ്ങിയ പോലുള്ള പുസ്തകങ്ങളിലാണ് അയാളുടെ കണ്ണ്. പേരുകേട്ട പുസ്തകങ്ങൾ ശേഖരിച്ചാൽ അത് ആദരവ് നേടി തരുമെന്ന് അയാൾ കരുതുന്നുണ്ട്.പക്ഷെ പുസ്തക മോഷ്ടാവ് എന്നതിനപ്പുറം അയാൾ നല്ലൊരു വായനക്കാരനും കൂടിയാണ്. പ്രസിദ്ധീകരിച്ച കാലത്തേക്കാൾ ഇന്നത്തെ കാലത്തു വിലമതിക്കുന്ന പുസ്തകങ്ങളാണ് അയാളുടെ പക്കലുള്ളതും , അയാൾ മോഷ്‌ടിക്കാൻ ശ്രമിക്കുന്നതും അത്തരം പുസ്തകങ്ങളാണ്. 

ഒരു പുസ്തകമേളയിൽ കയറി ചെല്ലുമ്പോൾ,അവിടെയുള്ള  പതിനായിരക്കണക്കിന്  പുസ്തകങ്ങളെ ഒരുമിച്ചു കാണുമ്പോൾ പുസ്തക പനി വരുന്നുണ്ടെന്നു തോന്നാറുണ്ടോ ? ഉണ്ടെങ്കിൽ നിങ്ങളൊരു ബിബ്ലിയോമാനിയാക് ആണ്. അതുപോലെ പുസ്തകങ്ങളെ കുറിച്ചുള്ള കൗതുകകരമായ വിവരങ്ങൾ ശേഖരിക്കുന്ന ആളുകളെയും,അതിനു പിന്നാലെ എല്ലാം മറന്നു പിറകെ പോകുന്നവരെയും കണ്ടിട്ടുണ്ട്. വായനക്കാർക്ക്‌ മാത്രമല്ല ഓരോ പുസ്തകവ്യാപാരിക്കും വ്യത്യസ്തമായ കഥകൾ പറയാനുണ്ടാകും.അത് പുസ്തകങ്ങളെ കുറിച്ചാകാം, എഴുത്തുകാരെക്കുറിച്ചാകാം, അതുമല്ലെങ്കിൽ വായനക്കാരെ സംബന്ധിച്ചതാകാം.പുസ്തകാരാധനയിൽ നിന്നും പുസ്തക മോഷ്ടാവിലേക്കുള്ള അതിർവരമ്പ് വളരെ നേർത്തതാണെന്ന് നോവലിലെ ഒരു കഥാപാത്രം തന്നെ പറയുന്നുണ്ട്.അഭിരുചി,അറിവ്,ആഢ്യത്വം  എന്നിവയുടെയൊക്കെ ഏലസ്സാണത്രെ പുസ്തകശേഖരണം. ഇ-ബുക്കുകൾ വ്യാപകമായി വന്നാലും കട്ടി ബയന്റു ചെയ്ത പുസ്തകങ്ങൾ അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ്  ഗിൽക്കിയുടെ അഭിപ്രായം. 

അതിയായി ആഗ്രഹിക്കുകയും എന്നാൽ കണ്ടെത്താൻ കഴിയാത്തതുമായ പുസ്തകങ്ങൾ  വേണമെന്ന് നിങ്ങൾക്കും തോന്നാറില്ലേ? ഉണ്ടെങ്കിൽ അവ ഏതൊക്കെയാണ് എന്നറിയുന്നതിൽ ഒരു കൗതുകം കൂടിയുണ്ടാകും മറ്റുള്ളവർക്കും.  ഇതൊരു ഫിക്ഷൻ കാറ്റഗറിയിൽപ്പെടുന്ന പുസ്തകമല്ല. ട്രൂ ക്രൈം അല്ലെങ്കിൽ ബയോഗ്രഫി വിഭാഗത്തിൽപ്പെടുന്ന ഒന്നാണ്. നല്ലൊരു പുസ്തകത്തിന് വേണ്ടി ജയിലിൽ വരെ പോകാൻ തയ്യാറായ ഒരാളുടെ സംഭവ കഥയാണിത്. ജോൺ ഗിൽക്കിയെക്കുറിച്ചുള്ള എഴുത്തുകാരിയായ ആലീസൺ ഹൂവർ ബാർട്ലെറ്റിന്റെ  ലേഖനം 2007 ലെ മികച്ച അമേരിക്കൻ ക്രൈം റിപ്പോർട്ടിങ് വിഭാഗത്തിൽ  ഉൾപ്പെടുത്തിയിട്ടുണ്ട് . മാതൃഭൂമി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്,പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത് പി ജെ മാത്യുവും.

യുഗന്ധരൻ-ശിവജി സാവന്തിന്റെ മറ്റൊരു മാസ്റ്റർപീസ്

 




കൃഷ്ണൻ എന്നാൽ കർഷണം ചെയ്യുന്നവൻ എന്നാണർത്ഥം, എന്ന് വച്ചാൽ  ആകർഷിക്കുന്നവൻ.എല്ലാവരെയും മോഹിപ്പിക്കുന്ന മോഹന കൃഷ്ണനായാണ് ഭക്തിയുമായി ബന്ധപ്പെടുത്തി സംസാരിക്കുമ്പോഴും കൃഷ്‌ണനെ അവതരിപ്പിച്ചു കണ്ടിട്ടുള്ളൂ. എത്രയോ അധികം  വർഷങ്ങളായി ശ്രീകൃഷ്ണൻ  ഇന്ത്യൻ സമൂഹത്തിലും സംസ്കാരത്തിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ശിവജി സാവന്തിന്റെ മറ്റൊരു നോവലാണ് യുഗന്ധരൻ .ആയിരത്തോളം പേജുകളിൽ അത്ഭുതങ്ങളില്ലാതെ കൃഷ്ണ കഥാപാത്രത്തെ  അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള   ഒരു അത്യുജ്ജ്വല  സൃഷ്ടിയാണിത്. ദൈവീക പരിവേഷങ്ങളെ മാറ്റിവെച്ചുകൊണ്ട് , ലോകത്തിലെ ഏറ്റവും വലിയ ശക്തി സ്നേഹമാണെന്ന് ജനങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്ന,എല്ലാ ജീവജാലങ്ങളും  തന്റെ പ്രിയപ്പെട്ടവരായി കണക്കാക്കുന്ന വെറുമൊരു  മനുഷ്യൻ എന്ന നിലയിലാണ് ഈ നോവലിൽ കൃഷ്ണനെ അടയാളപ്പെടുത്തിയിരിക്കുന്നത്. 

ശ്രീകൃഷ്ണന്റെ ജനനം മുതൽ മരണം വരെയുള്ള സംഭവ വികാസങ്ങൾ പ്രധാനമായും ഏഴു കഥാപാത്രങ്ങളിലൂടെയാണ് പറഞ്ഞു പോയിട്ടുള്ളത്. തന്റെ കഥ തുടക്കമിട്ടു വയ്ക്കുന്നത് ശ്രീകൃഷ്‌ണൻ തന്നെയാണ്. ജനനം,ബാല്യം,വിദ്യാഭ്യാസം തുടങ്ങി ജരാസന്ധ വധത്തിനുള്ള ശ്രമങ്ങൾ വരെയുള്ള കഥ അദ്ദേഹം പറഞ്ഞു വയ്ക്കുമ്പോൾ രുക്മിണി,ദാരുകൻ, ദ്രൗപദി, അർജ്ജുനൻ, സാത്യകി, ഉദ്ധവൻ തുടങ്ങിയവരിലൂടെ ആ ജീവിത കഥ പൂർത്തീകരിക്കപ്പെടുന്നു. ഓരോ അദ്ധ്യായങ്ങളിലും അവരവരുടെ കണ്ണിലൂടെയുള്ള കൃഷ്ണന്റെ രൂപത്തെയും, സ്വഭാവത്തെയും,അവർ കടന്നു പോയിട്ടുള്ള സംഭവങ്ങളെയും  വിവരിക്കാനാണ് ശ്രമിച്ചരിക്കുന്നത്. പാണ്ഡവരുമായുള്ള ചങ്ങാത്തത്തിൽ എത്തുന്നതോടെ മഹാഭാരത കഥ യുടെ ഒരു ഭാഗം  തന്നെ നമ്മുടെ മുന്നിലെത്തുന്നുണ്ട് . തീർച്ചയായും കൃഷ്ണന്റെ ജീവിതത്തിലേക്ക് എത്തിനോക്കാൻ ശ്രമിക്കുന്ന  ഈ നോവൽ  വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് തന്നെ നൽകുന്നുണ്ട്. 

ശ്രീകൃഷ്ണനുമായുള്ള വിവാഹത്തിന്റെയും  ദ്വാരകയുടെയും  കഥയാണ് രുക്മിണി പറയുന്നത്. അവരുടെ സഹഭാര്യമാരെക്കുറിച്ചും അവർ എങ്ങനെ കൃഷ്ണന്റെ ജീവിതത്തിലേക്ക് വന്നുവെന്നും രുക്മിണിയുടെ അദ്ധ്യായത്തിൽ പറയുന്നു. ദാരുകനാകട്ടെ  അവർ   നടത്തിയ വിവിധ യുദ്ധങ്ങളുടെയും കഥ പറയുന്നു. അർജുനൻ  തന്റെ സൗഹൃദത്തെക്കുറിച്ചും ഭക്തിയെക്കുറിച്ചും പിന്നീട് മഹാഭാരത യുദ്ധത്തിലെ സംഭവങ്ങളും പറയുന്നു. ദ്രൗപതി യുടെ കഥയിൽ ഇന്ദ്രപ്രസ്ഥവും, പാണ്ഢവരും കടന്നു വരുന്നു.സാത്യകി യുടെ അദ്ധ്യായത്തിലാണ്  കൃഷ്ണൻ നടത്തിയ യുദ്ധങ്ങളെക്കുറിച്ചും , അതിലെ തന്ത്രങ്ങളെക്കുറിച്ചും വളരെ ആധികാരികമായി മനസ്സിലാക്കാൻ സാധിക്കുന്നത്.  കൃഷ്ണന്റെ ബന്ധുവായ ഉദ്ധവനാകട്ടെ തന്റെ , ഏറ്റവും അടുത്ത സുഹൃത്തും , ശ്രീകൃഷ്ണന്റെ  നിഴൽ പോലെ ജീവിച്ച ഒരാളായി നടന്നതിന്റെ കഥകളാണ് പറയുന്നത്.   ശ്രീകൃഷ്ണന്റെ അവസാന നിമിഷം വരെ കൂടെയുണ്ടായിരുന്നതും ഉദ്ധവനാണ് . ഇന്നത്തെ സമൂഹത്തിന്റെ പ്രതിനിധിയയാണ് കൃഷ്ണ പുത്രൻ സാംബൻ നോവലിൽ പ്രത്യക്ഷപ്പെടുന്നത്. ഭരണം ,സമ്പത്ത്‌, സ്ത്രീ,അപര വിദ്വേഷം എന്നിവയോടുള്ള നിസ്സീമമായ ആഗ്രഹം കാരണമാണ് യുദ്ധങ്ങൾ പൊട്ടിപുറപ്പെടുന്നത് എന്ന് നോവലിൽ പറഞ്ഞു വെയ്ക്കുന്നുണ്ട്. ഇന്നത്തെ കാലത്തും ആ പറഞ്ഞ കാര്യങ്ങൾക്കും വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല, ആ മേല്പറഞ്ഞ കാരണങ്ങൾ കൂടത്തെ മതം എന്നൊരു സംഗതി കൂടി ഉൾപ്പെടുത്തിയാൽ മാത്രം മതി. അതാകാട്ടെ അപര വിദ്വേഷത്തിനുള്ളിൽ ഉൾപ്പെടുന്ന വിഷയം കൂടിയാണല്ലോ. 


ശിവാജി സാവന്തിന്റെ കർണ്ണനെ ഈ നോവലിൽ  കാണാൻ കഴിയില്ല . കാരണം കർണ്ണൻ കർണ്ണനായിത്തന്നെ ഇതിൽ പ്രത്യക്ഷപ്പെടുന്നു എന്നുള്ളതാണ്. അഹങ്കാരം പലപ്പോഴും കള്ളനെ പോലെ മനസ്സിൽ കയറിക്കൂടിയ, വഴിപിഴച്ച ജീവിതത്തിന്റെ കൂട്ടാളികൾക്കൊപ്പമാണ് എല്ലായ് പ്പോഴും  കർണ്ണൻ. അയാളുടെ ദുര മൂത്ത മനസ്ഥിതി അയാളറിയാതെ  തന്നെ ഇടയ്ക്കിടെ പുറത്തുചാടുന്നുന്നുമുണ്ട്. 

ഈ നോവലിൽ  വളരെ വ്യക്തമായി അവതരിപ്പിക്കുന്ന കൃഷ്ണന്റെ മറ്റൊരു വശം സ്ത്രീകളോടുള്ള  കാഴ്ചപ്പാടാണ് . അദ്ദേഹത്തിന്റെ സ്വന്തം കുടുംബത്തിലെ സ്ത്രീകളായാലും അല്ലെങ്കിൽ അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളായാലും അവരോടു മാന്യമായി  പെരുമാറാൻ നിങ്ങൾ ഒരു രാജാവാകേണ്ടതില്ലെന്നും ശ്രീകൃഷ്ണൻ കാണിച്ചു തരുന്നുണ്ട്.  ഗോകുലത്തിലെ രാധ തൊട്ട് ദ്രൌപദിയോടും,കുന്തിയോടും, ഗാന്ധാരിയോടും അയാള് ഇടപെട്ടത് എങ്ങനെ ആയിരുന്നുവെന്നത് അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങൾ മാത്രം. 

തീർച്ചയായും ശിവാജി സാവന്തിന്റെ മറ്റൊരു മാസ്റ്റർപീസ് തന്നെയാണ് യുഗന്ധരൻ എന്ന നോവൽ . 1994 ൽ പ്രശസ്തമായ മൂർത്തിദേവി അവാർഡ് ലഭിച്ച ആദ്യത്തെ മറാത്തി എഴുത്തുകാരൻ കൂടിയാണ്  ശിവാജി സാവന്ത്.സാഹിത്യ അക്കാദമി ഡെൽഹിയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് പി കെ ചന്ദ്രനും. 

വിഗ്രഹമോഷ്ടാവ്



ഓസ്‌ട്രേലിയൻ പ്രധാമന്ത്രി ടോണി അബോട്ടിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ചു കൗതുകകരമായ  ഒരു വാർത്ത കൂടി 2014 സെപ്റ്റംബർ ആദ്യവാരങ്ങളിലെ  പത്രവാർത്തകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പതിനൊന്നാം നൂറ്റാണ്ടിലെ,കൊള്ളയടിക്കപ്പെട്ട ചില വിഗ്രഹങ്ങൾ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി,മോദിക്ക് തിരികെ നൽകുന്നു എന്നതായിരുന്നു വാർത്ത.
 
 അന്നത്തെ സന്ദർശനത്തിൽ ,ഓസ്‌ട്രേലിയയിലെ ആർട്ട് ഗാലറികൾ വാങ്ങുന്നതിനും മുമ്പ് പിടിക്കപ്പെട്ടതും, തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിച്ചതായി 
ആരോപിക്കപ്പെടുന്നതുമായ രണ്ട് പുരാതന ഹിന്ദു ദേവതകളുടെ പ്രതിമകൾ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട് ഇന്ത്യൻ ഇന്ത്യൻ നരേന്ദ്ര മോദിക്ക് കൈമാറുകയും ചെയ്തു. പതിനൊന്നാം നൂറ്റാണ്ടിലെ  ചോള രാജവംശത്തിൽപ്പെട്ട  നൃത്തം ചെയ്യുന്ന ശിവൻ എന്നറിയപ്പെടുന്ന നടരാജവിഗ്രഹമായിരുന്നു ഒന്ന്. അർദ്ധ പെൺ രൂപത്തിൽ ശിവനെ പ്രതിനിധീകരിക്കുന്ന അർദ്ധനരിശ്വരനാണ്‌ മറ്റൊരു ശില്പം. രണ്ട് പ്രതിമകളും തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിച്ചതായിരുന്നുവന്നു സ്ഥിരീകരിക്കുകയും ചെയ്തു . 

1970 ലെ ഐക്യരാഷ്ട്രസഭയുടെ തീരുമാനം ഇന്ത്യ ആദ്യമായി ഉപകാരപ്പെടുത്തിയ  അവസരമായിരുന്നു അത്. 
സാംസ്കാരിക വസ്തുക്കളുടെ അനധികൃത കച്ചവടത്തെ ചെറുക്കുന്നതിനായി ഒപ്പുവച്ചതാണ് 1970 നവംബർ 14 ന് ഒപ്പുവെച്ച ഈ ഉടമ്പടി.  ഇതു പ്രകാരം പഴക്കമുള്ള പുരാവസ്തു രേഖകൾ  അത് സ്വീകരിക്കുന്ന രാജ്യം നഷ്ടപരിഹാരം ഇല്ലാതെ  കണ്ടു കെട്ടേണ്ടതാണ് . 1972 ൽ ഇന്ത്യാ ഗവണ്മെണ്ടും ഒരു നിയമം പാസ്സാക്കിയിരുന്നു. അതു പ്രകാരം 100 വർഷത്തിലധികം പഴക്കമുള്ള ഒരു പുരാവസ്തുവും, രാജ്യത്തിന് പുറത്തേക്കു കൊണ്ടുപോയതായി കണ്ടുപിടിക്കപ്പെട്ടാൽ ഐക്യരാഷ്ട്രസഭയുടെ നിയമം പ്രകാരം തിരിച്ചേൽപ്പിക്കേണ്ടതാണ്. മേൽസൂചിപ്പിച്ച ആ രണ്ടു വിഗ്രഹ മോഷണം  നടത്തിയ ആ വ്യക്തിയുടെ പേരാണ് സുഭാഷ് കപൂർ. 

കള്ളക്കടത്തുകാരനും കലാ വ്യാപാരിയുമായ സുഭാഷ് കപൂറിന്റെ യഥാർത്ഥ കഥ പറയുകയാണ്  വിഗ്രഹമോഷ്ടാവ് എന്ന പുസ്തകത്തിലൂടെ എസ് .വിജയകുമാർ. കലാ ലോകത്തെ സുപരിചിതനാണ്  ഇന്ത്യൻ വംശജനായ ഈ അമേരിക്കൻ പൗരൻ. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന  പ്രശസ്ത കലാശില്പ  കച്ചവടക്കാരനായിരുന്നു സുഭാഷ് കപൂർ.ആർട്ട് ഓഫ് ദ പാസ്റ്റ് എന്ന ഗ്യാലറി നടത്തിയിരുന്ന  അയാൾ മൂന്നു പതിറ്റാണ്ടുകളോളം തന്റെ ഈ ജോലി തുടർന്നിരുന്നു. 

യുഎസ് അധികൃതർ 2012  ൽ വിഗ്രഹക്കച്ചവടക്കാരനായ സുഭാഷ് കപൂറിന്റെ ഗോഡൗണുകൾ റെയ്ഡ് ചെയ്തപ്പോൾ 100 മില്യൺ ഡോളർ വിലമതിക്കുന്ന  വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. പക്ഷെ അതിനും മുൻപ് അയാളിലൂടെ വിറ്റുപോയ ശില്പങ്ങളുടെ മൂല്യം ഇപ്പോൾ കണ്ടെത്തിയതിനെക്കാളും അനേകമടങ്ങു  ഇരട്ടിയാണ്.

2010  ൽ എ.ഡി. 12-ആം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലെ നടരാജന്റെയും ശിവകാമിയുടെയും വിഗ്രഹങ്ങൾ 8.5 മില്യൺ ഡോളറിനാണ്  കപൂർ വിൽപ്പനയ്ക്ക് വച്ചത്. അതാകട്ടെ നിസ്സാര വിലയ്ക്കു കടത്തിക്കൊണ്ടു വന്നതും. എങ്ങനെയാണു മോഷണം നടത്തുന്നതെന്നും, മോഷണം നടത്തേണ്ട ഇത്തരം ശില്പങ്ങൾ എങ്ങനെ കണ്ടെത്തുന്നുവെന്നും , എല്ലാം കഴിഞ്ഞു ടൺ കണക്കിന് ഭാരമുള്ള ഇത്തരം ശില്പങ്ങളും വിഗ്രഹങ്ങളും എങ്ങനെ ഇന്ത്യയിൽ നിന്നും വിദേശ രാജ്യത്തേക്ക് കടത്തുന്നുവെന്നും ഈ പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 

കപൂറുമായി ബന്ധപ്പെട്ട പുരാതന വസ്തുക്കൾ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നും  പതിയെ ആണെങ്കിലും പുറത്തു വന്നുകൊണ്ടിരുന്നു. കപൂറിന്റെ വ്യാപാര ശൃംഖല അത്രയ്ക്കും  വിപുലമായിരുന്നു. എന്തുകൊണ്ടാണ് തമിഴ്‌നാട്ടിലെ പുരാതന ക്ഷേത്രങ്ങൾ അവർ കൂടുതലായും ലക്ഷ്യമിട്ടതെന്ന് എഴുത്തുകാരൻ  വിശദീകരിക്കുന്നുണ്ട് ഈ  പുസ്തകത്തിൽ. 

ലോകമെമ്പാടുമുള്ള മ്യൂസിയങ്ങൾക്ക് നിരവധി അപൂർവ കരകൗശല വസ്തുക്കൾ, കപൂർ സ്വന്തം പേരിലും തന്റെ കുടുംബാംഗങ്ങളുടെ  പേരിലും സമ്മാനമായി നൽകിയിരുന്നു. വിലകൂടിയ ഇത്തരം സംഭാവനകളിലൂടെ അദ്ദേഹം ഇത്തരക്കാരുടെ സൗഹൃദം പിടിച്ചുപറ്റി. പിന്നീട് വില്പനകൾ വരുമ്പോൾ ഒട്ടും സംശയവും മറ്റു തടസ്സങ്ങളൊന്നുമില്ലാതെ ഇവർക്ക് കരകൗശല വസ്തുക്കൾ കൊടുക്കാനും കപൂറിന് സാധിച്ചു.  ഇതൊരു നോൺ ഫിക്ഷൻ  പുസ്തകമാണെങ്കിലും  ഒരു ക്രൈം ത്രില്ലറിന്റെ എല്ലാ ഘടകങ്ങളും ഇതിൽ  കാണാം. 

കലാ മോഷണവും അതുമായി ബന്ധപ്പെട്ട കള്ളക്കടത്തും സമൂഹത്തിന്റെ ദൃഷ്ടിയിൽ അത്ര ഗൗരവകരമായ ഒരു സംഗതിയല്ല . കാരണം ഇത്തരം മോഷണങ്ങൾ വ്യക്തിപരമായി ആരെയും അധികം വേദനിപ്പിക്കില്ല.കല എന്നത് പൊതുജനത്തിന് അവകാശപ്പെട്ടതാണല്ലോ . അപ്പോൾ നഷ്ടം വ്യക്തിപരമല്ല എന്നത് തന്നെ കാരണം . അന്വേഷണങ്ങൾക്കും , പരാതികൾക്കും വേണ്ടത്ര ആർജ്ജവ്വം ഇല്ലാതെ പോകുന്നതും അതുകൊണ്ടാണ് . ഇത് തടയുന്നതിനായി ശക്തവുമായ നിയമങ്ങളുടെ അഭാവങ്ങൾ തന്നെയാണ് ഒരു കാരണം എന്ന് എഴുത്തുകാരൻ പറയുന്നു. 

സിംഗപ്പൂർ ആസ്ഥാനമായുള്ള ഒരു വൻകിട കയറ്റുമതി കമ്പനിയിലെ ധനകാര്യ, ഷിപ്പിംഗ് വിദഗ്ദ്ധനാണ് എസ്. വിജയ് കുമാർ.2007-08 ൽ അദ്ദേഹം ഇന്ത്യൻ കലയെക്കുറിച്ച് https://poetryinstone.in/en/ എന്ന   ഒരു ബ്ലോഗ് ആരംഭിച്ചു. വിഗ്രഹ മോഷണം, കള്ളക്കടത്ത് എന്നീ കേസുകൾ അന്വേഷിക്കുന്ന ഇന്ത്യൻ, അമേരിക്കൻ നാടുകളിലെ അധികാരികളുമായി  വിജയ് ചേർന്നു . 2010 ൽ ആയിരുന്നു അത് .ഈ ഏജൻസികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകം പിറന്നത് . നിരവധി വിഗ്രഹ മോഷ്ടാക്കളെയും കള്ളക്കടത്തുകാരെയും പിടികൂടുന്നതിന് പിറകിൽ  വിജയുടെ ശ്രമങ്ങൾ  ഇടയായിട്ടുണ്ട് . അദ്ദേഹത്തിന്റെ  ആദ്യ പുസ്തകമാണിത്.


മാരിയോ പൂസോയുടെ ഗോഡ്ഫാദർ പോലുള്ള പുസ്തകങ്ങൾ മലയാളത്തിലേക്ക് പരിചയപ്പെടുത്തിയിരിക്കുന്ന ജോർജ് പുല്ലാട്ട് ആണ് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്. മഞ്ജുൾ പബ്ലിഷിങ് ഹൌസ് ആണ് പ്രസാധകർ. വില 299 രൂപ.