Death at My Doorstep

മരണം ആരെയും വിശുദ്ധരാക്കുന്നില്ല!

ഇന്ത്യൻ സാഹിത്യത്തിലെ ഒരു പ്രധാന എഴുത്തുകാരനായ ഖുശ്വന്ത് സിംഗിന്റെ പുസ്തകമാണ് “Death at My Doorstep”. വിവിധ പത്ര-മാസികകളിൽ താൻ എഴുതിയ ലേഖനങ്ങളുടെയും പ്രസിദ്ധരും അല്ലാത്തവരുമായ വ്യക്തികൾക്ക് എഴുതിയ അനുശോചനക്കുറിപ്പുകളുടെയും ഒരു സമാഹാരമാണ് ഈ പുസ്തകം.

മരണമെന്ന കേന്ദ്രപ്രമേയത്തിന് ചുറ്റുമാണ് ഈ രചനകളെല്ലാം കറങ്ങുന്നത്. എന്നാൽ മരണത്തെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന ഒരു പുസ്തകവുമല്ല ഇത് എന്നു പറഞ്ഞുകൊള്ളട്ടെ മറിച്ച്, ജീവിതത്തിന്റെ ക്ഷണികതയെ ഓർമ്മിപ്പിച്ചുകൊണ്ട്, ഓരോ നിമിഷവും അർത്ഥപൂർണ്ണമായി ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു പുസ്തകമാണിത്.

മരിച്ചവരെ കുറിച്ച് നല്ലത് മാത്രമേ പറയാവൂ എന്ന ആശയത്തോട് തനിക്ക് ഒട്ടും യോജിപ്പില്ല എന്നദ്ദേഹം പറയുന്നുണ്ട്. ജീവിച്ചിരുന്നപ്പോൾ പാപകളായിരുന്നവർ മരിച്ചു എന്ന ഒറ്റകാരണത്താൽ സാധുക്കളാകുന്നില്ല . അത്തരം അസത്യങ്ങൾ ശവക്കല്ലറകളിൽ കൊത്തി വയ്ക്കുമ്പോൾ മറച്ചു വയ്ക്കാം. എന്നാൽ സ്മാരണാഞ്ജലികളെഴുതുമ്പോൾ മരിച്ചവരെകുറിച്ചുള്ള ഓർമ്മകുറിപ്പുകളെഴുതുമ്പോൾ അതിന്റെ ആവശ്യമില്ല എന്നും അത് സത്യസന്ധമായിരിക്കണം എന്നും ഖുശ്വന്ത് സിംഗ് പറയുന്നു.

ഖുശ്വന്ത് സിംഗ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ, വാർദ്ധക്യത്തിന്റെ അവശതകളെക്കുറിച്ചും മരണത്തെക്കുറിച്ചുള്ള ചിന്തകളെക്കുറിച്ചും തുറന്നെഴുതുന്നുണ്ട് ഈ പുസ്തകത്തിൽ . പ്രശസ്തരായ വ്യക്തികളുടെ മരണവാർത്തകളോടൊപ്പം, തന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിയോഗത്തെക്കുറിച്ചും അദ്ദേഹം അനുസ്മരിക്കുന്നു. ഈ അനുസ്മരണക്കുറിപ്പുകൾ കേവലം ജീവചരിത്രക്കുറിപ്പുകളല്ല, മറിച്ച്, ജീവിതത്തിന്റെയും മരണത്തിന്റെയും അർത്ഥതലങ്ങളെ സ്പർശിക്കുന്ന ഒരു തരം ദീർഘവീക്ഷണങ്ങളാണ്.

“ട്രെയിൻ ടു പാകിസ്ഥാൻ” എന്ന വിഖ്യാത കൃതിയിലൂടെ ഇന്ത്യാ വിഭജനത്തിന്റെ മുറിവുകൾ വരച്ചുകാട്ടിയ അതേ എഴുത്തുകാരൻ തന്നെയാണ് ഇവിടെ മരണത്തിന്റെ നിഴലിൽ ജീവിതത്തിന്റെ അർത്ഥം തേടുന്നതും. വിഭജനകാലത്തെ ഭീകരതകളും കൂട്ടക്കൊലകളും അനുഭവിച്ചറിഞ്ഞ അദ്ദേഹം, ജീവിതത്തിന്റെ അസ്ഥിരതയെക്കുറിച്ച് തികച്ചും ബോധവാനായിരുന്നു. ആ ബോധ്യമാവാം ഒരുപക്ഷേ, “Death at My Doorstep”-ൽ ഉടനീളം പ്രതിഫലിക്കുന്നത്.

മരണത്തെക്കുറിച്ചുള്ള വ്യത്യസ്ത സംസ്കാരങ്ങളുടെയും മതങ്ങളുടെയും കാഴ്ചപ്പാടുകളും ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട് .മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും അദ്ദേഹം പരിശോധിക്കുന്നുണ്ട് . ആത്മാവിന്റെ നശ്വരതയിൽ വിശ്വസമില്ലാത്ത അദ്ദേഹം പക്ഷേ മരണത്തെ ഭയക്കുന്നുമുണ്ട് പുനർജന്മത്തെ കുറിച്ചും സ്വർഗ്ഗത്തെ കുറിച്ചും അദ്ദേഹം ദലൈലാമയോടും ഓഷോയോടും അദ്ദേഹം ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. കേവലമൊരു മറുപടി അല്ലാതെ ആധികാരികമായ ഒരു മറുപടിയാണ് അദ്ദേഹം പ്രതീക്ഷിക്കുന്നതെങ്കിലും കൃത്യമായതോ എന്നാൽ തന്നെ തൃപ്തിപ്പെടുത്തുന്നതോ ആയ ഒരു മറുപടിയും അദ്ദേഹത്തിന് ലഭിക്കുന്നില്ല എന്നു കാണാം.കേവലം തത്ത്വചിന്തകൾക്കപ്പുറം, സ്വന്തം അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും വെളിച്ചത്തിലാണ് അദ്ദേഹം ഈ വിഷയങ്ങളെ സമീപിക്കുന്നത്.

നർമ്മബോധമാണ് ഈ പുസ്തകത്തിന്റെ മറ്റൊരു സവിശേഷത. മരണമെന്ന ഗൗരവമേറിയ വിഷയത്തെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാനാണ് ഖുശ്വന്ത് സിംഗ് ശ്രമിച്ചിട്ടുള്ളത് . മരണത്തെക്കുറിച്ചുള്ള ഭയം കുറയ്ക്കാനും ജീവിതത്തെ കൂടുതൽ സ്നേഹിക്കാനും വേണ്ട നർമ്മബോധം വായനക്കാരനു പകർന്നു നല്കാൻ തന്റെ എഴുത്തിന് കഴിയുമെന്ന് അദ്ദേഹം കരുതുന്നുണ്ട്.

ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയും ഓരോ നിമിഷവും അർത്ഥപൂർണ്ണമായി ജീവിക്കാൻ നമ്മെഓർമ്മിപ്പിക്കുകയും ചെയ്യുന്ന ഈ പുസ്തകം, ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർക്ക് തീർച്ചയായും വായനയിൽ ഉൾപ്പെടുത്താം. സുരേഷ് എം ജി മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഈ പുസ്തകം ഡിസി ബുക്സ് പുറത്തിറക്കിയിട്ടുണ്ട്. Roli Books ആണ് ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പ്രസാധകർ.

ചങ്ങമ്പുഴയുടെ ‘പ്രതികാര ദുർഗ്ഗ’

തലക്കെട്ട് വായിക്കുമ്പോൾ ഒരുപക്ഷേ അതിലെ ‘ പ്രതികാര ദുർഗ്ഗ’ ചങ്ങമ്പുഴ എഴുതിയ ഏതെങ്കിലും കവിതയുടെ പേരാണോ എന്നു  തോന്നിയേക്കാം.  അദ്ദേഹം   ‘പ്രതികാര ദുർഗ്ഗ’ എന്നപേരിൽ ഒരു കവിത എഴുതിയതായി അറിവില്ല. എന്നാൽ  ഒരു നോവൽ എഴുതിയിട്ടുണ്ട്. അതൊരു വിദേശ നോവലിന്റെ വിവർത്തനമാണ് .  ‘കളിത്തോഴി’ എന്ന പേരിൽ മറ്റൊരു  നോവൽ കൂടി അദ്ദേഹം എഴുതിയിട്ടുണ്ട്. അത് സ്വന്തം നോവലാണ്. ഇതുകൂടാതെ  വേറെ നോവലുകളൊന്നും  അദ്ദേഹം എഴുതിയതായി അറിവില്ല. കവിതകൾ മാത്രമല്ല ചങ്ങമ്പുഴ  എഴുതിയിരുന്നത്. നിരവധി കഥാസമാഹാരങ്ങൾ  അദ്ദേഹത്തിന്റേതായുണ്ട്. അതിൽ  ചിലത് വിവർത്തനങ്ങളാണ്. ഗോർക്കി,  സൊളോഗബ് , ചെക്കോവ് , ടോൾസ്റ്റോയ് , മാർക് ട്വയിൻ , അലക്സാണ്ടർ കുപ്രിൻ, മോപ്പസാങ് ,  ജാൻ നെരൂദ തുടങ്ങിയവരുടെ ചില കഥകൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട് . വിശ്വസാഹിത്യത്തിൽ നിന്നുള്ള പ്രശസ്ത നാടകങ്ങളും അദ്ദേഹം മലയാളത്തിലേക്കാക്കി നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.    

പ്രതികാര ദുർഗ്ഗ’ എന്ന പേര്  ‘Gunnar’s Daughter’ എന്ന നോവലിന്റെ മലയാള പരിഭാഷയുടെ പേരാണ്. 1928 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ നോർവീജിയൻ എഴുത്തുകാരിയാണ് സിഗ്രിഡ് ഉൻസെറ്റ്.   സിഗ്രിഡ് ഉൻസെറ്റിന്റെ ‘പ്രതികാര ദുർഗ്ഗ’  പതിനൊന്നാം നൂറ്റാണ്ടിലെ നോർവേ  പശ്ചാത്തലമാക്കിയിരിക്കുന്ന   വീര്യവും പ്രതികാരവും ഇഴചേർന്ന ഒരു ചരിത്ര നോവലാണ്. 1909 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ , ഉൻസെറ്റിന്റെ ആദ്യകാല രചനകളിൽ ശ്രദ്ധേയമായ ഒന്നാണ്. മധ്യകാലഘട്ടത്തിലെ സ്കാൻഡിനേവിയൻ ജീവിതത്തെ സൂക്ഷ്മമായും യാഥാർത്ഥ്യബോധത്തോടെയും ചിത്രീകരിച്ചിരിക്കുന്ന  ഈ നോവൽ, പ്രധാനമായും വിഗ്ഡിസ്  എന്ന യുവതിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്.ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ഒരു നോവലാണ് ‘പ്രതികാര ദുർഗ്ഗ. 

 1907-ൽ “Fru Marta Oulie” എന്ന നോവലിലൂടെയാണ് ഉൻസെറ്റ് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ‘Gunnar’s Daughter’ (1909) ഉൾപ്പെടെയുള്ള നോവലുകൾ പ്രസിദ്ധീകരിച്ചു. ഈ ആദ്യകാല കൃതികൾ അവരുടെ പ്രതിഭ വിളിച്ചുപറയുന്നതായിരുന്നു .   ഉൻസെറ്റിന്റെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘Kristin Lavransdatter‘ ത്രയം (“The Wreath,” “The Wife,” “The Cross” എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ) 1920-1922 കാലഘട്ടത്തിലാണ് പ്രസിദ്ധീകരിച്ചത്. പതിനാലാം നൂറ്റാണ്ടിലെ നോർവേയുടെ പശ്ചാത്തലത്തിൽ ഒരു സ്ത്രീയുടെ ജീവിതം മുഴുവൻ പിന്തുടരുന്നതാണ്  ഈ കൃതി.റിയലിസ്റ്റിക് ആഖ്യാനവും മനഃശാസ്ത്രപരമായ ഉൾക്കാഴ്ചയും ഉൻസെറ്റിന്റെ രചനകളുടെ സവിശേഷതകളാണ്. വളരെ ലളിതമായ ഭാഷയായിരുന്നു അവരുടേത് , എന്നാൽ വളരെ ശക്തവുമായിരുന്നു.സ്നേഹം, വിവാഹം, മതം, കുടുംബം, ചരിത്രം, സ്ത്രീകളുടെ ജീവിതം തുടങ്ങിയവയായിരുന്നു ഉൻസെറ്റിന്റെ കൃതികളിലെ പ്രധാന പ്രമേയങ്ങൾ. രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി ജർമ്മനിയുടെ നോർവേ അധിനിവേശത്തെ എതിർത്ത ഉൻസെറ്റ് 1940-ൽ അമേരിക്കയിലേക്ക് പലായനം ചെയ്തു. യുദ്ധാനന്തരം നോർവേയിൽ തിരിച്ചെത്തി. മരണവും നോർവേയിൽ വച്ചു തന്നെയായിരുന്നു. 

‘പ്രതികാര ദുർഗ്ഗ’ യിലെ  കഥ ആരംഭിക്കുന്നത് വിഗ്ഡിസ് ഗണ്ണർസ്ഡാറ്ററിന്റെ ബാല്യകാലം മുതലാണ്. സമ്പന്നനും ആദരണീയനുമായ ഗണ്ണറിന്റെ മകളായ വിഗ്ഡിസ്  , സ്വാതന്ത്ര്യവും ധൈര്യവും തുളുമ്പുന്ന ഒരു പെൺകുട്ടിയായി വളരുന്നു. ഒരു വൈക്കിംഗ് കടൽക്കൊള്ളക്കാരനാൽ ബലാത്സംഗം ചെയ്യപ്പെടുന്നതോടെ അവളുടെ ജീവിതം പാടെ  തകിടം മറിയുന്നു. തനിക്ക് നേരിട്ട   അതിക്രമം അവളെ ശാരീരികമായും മാനസികമായും തളർത്തുന്നു. മാത്രമല്ല, സമൂഹത്തിൽ അവൾക്ക് അവമതിപ്പും ഏകാന്തതയും അനുഭവിക്കേണ്ടി വരുന്നു.

ഈ സംഭവത്തിനുശേഷം, വിഗ്ഡിസിന്റെ ജീവിതം പ്രതികാരത്തിനായുള്ള ഒരു യാത്രയായി മാറുകയാണ്.. ദുരന്തങ്ങൾ അത്രത്തോളം അനുഭവിക്കുന്നുണ്ടെങ്കിലും, അവൾ ഒരിക്കലും തളരുന്നില്ല. . തന്റെ അപമാനത്തിന് കാരണക്കാരനായ വ്യക്തിയെ കണ്ടെത്താനും ശിക്ഷിക്കാനും അവൾ ദൃഢനിശ്ചയം ചെയ്യുന്നു. ക്രമേണ  കഠിനഹൃദയയും നിശ്ചയദാർഢ്യവുമുള്ള ഒരു സ്ത്രീയായി അവൾ മാറുകയാണ് . പ്രതികാരത്തിനായുള്ള കടുത്ത തീരുമാനങ്ങൾ  അവളെ സ്നേഹത്തിൽ നിന്നും സന്തോഷത്തിൽ നിന്നും അകറ്റുന്ന ഒന്നായി മാറുകയും ചെയ്യുന്നു. 

‘പ്രതികാര ദുർഗ്ഗ’ വെറുമൊരു പ്രതികാരത്തിന്റെ കഥയല്ല. മധ്യകാലഘട്ടത്തിലെ സ്ത്രീകളുടെ ജീവിതത്തെയും, അന്നത്തെ സമൂഹത്തിൽ അവർ നേരിട്ട വെല്ലുവിളികളെയും കുറിച്ചൊക്കെ ഈ നോവലിൽ പ്രതിപാദിക്കുന്നുണ്ട്.  ‘വിഗ്ഡിസിന്റെ കഥയിലൂടെ, അക്കാലത്തെ സമൂഹത്തിന്റെ കാപട്യവും, സ്ത്രീകൾക്ക് നേരെയുള്ള അനീതിയും ‘ഉൻസെറ്റ്’  തുറന്നുകാട്ടുന്നു. ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീക്ക് നീതി ലഭിക്കുക എന്നത് എത്രത്തോളം ദുഷ്കരമായിരുന്നുവെന്നും, അവൾക്ക് സമൂഹത്തിൽ നിന്ന് എങ്ങനെ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരുന്നുവെന്നും നോവലിൽ കാണാം.

അക്കാലത്തെ  ആചാരങ്ങൾ, വിശ്വാസങ്ങൾ, ജീവിതരീതികൾ എന്നിവയെല്ലാം നോവലിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. കൈകാര്യം ചെയ്യുന്ന വിഷയം ഇത്തരത്തിലുള്ള ഒന്നായതുകൊണ്ടു തന്നെ കഥാപാത്രം അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെയും , വിചാരങ്ങളെയും വായനക്കാരെ സ്പർശിക്കുന്ന തരത്തിൽ കൈകാര്യം ചെയ്യുക എന്നുള്ളത് എളുപ്പമല്ല . അതിന്  എഴുത്തിൽ നല്ലവണ്ണം കയ്യടക്കം വന്ന ആളുകൾക്കേ കഴിയുകയുള്ളൂ.  അത്തരത്തിൽ  വിഗ്ഡിസിന്റെ ആന്തരിക സംഘർഷങ്ങളും, വേദനയും, പ്രതികാര താല്പര്യങ്ങളുമൊക്കെ    വായനക്കാർക്ക്  അനുഭവവേദ്യമാകുന്ന രീതിയിലാണ് എഴുത്തുകാരി  അവതരിപ്പിച്ചിരിക്കുന്നത്. സിഗ്രിഡ് ഉൻസെറ്റിന്റെ    മികച്ച രചനകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന  കൃതിയാണ്  ‘പ്രതികാര ദുർഗ്ഗ’  .ചരിത്രത്തിലും മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളിലും താല്പര്യമുള്ളവർക്ക് വായിക്കാൻ തിരഞ്ഞെടുക്കാവുന്ന  ഒരു പുസ്തകമാണിത്. ‘മൈത്രി ബുക്സ്’ ആണ് ഈ നോവൽ  മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് . കൂടാതെ പിരപ്പൻകോട് മുരളി സമ്പാദനവും പഠനവും നടത്തി കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ചങ്ങമ്പുഴയുടെ സമ്പൂർണ്ണ ഗദ്യകൃതികൾ’ എന്ന പുസ്തകത്തിലും ഈ നോവൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട് :മാതൃഭൂമി

മഞ്ഞു രാജകുമാരി-സ്വീഡിഷ് അഗതാ ക്രിസ്റ്റിയുടെ ആദ്യ നോവൽ

വായനക്കാരെ സസ്പെൻസിന്റെയും നിഗൂഢതകളുടെയും ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്ന ഒരു പ്രമേയമാണ് തൻ്റെ എഴുത്തുജീവിതത്തിന് തുടക്കമിട്ട ‘മഞ്ഞു രാജകുമാരി’ എന്ന ഈ നോവലിൽ സ്വീഡിഷ് എഴുത്തുകാരിയായ കാമില ലക്ക്ബെറി, കൈകാര്യം ചെയ്തിരിക്കുന്നത് . നോർഡിക് കുറ്റാന്വേഷണ സാഹിത്യത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ ഇടയിലാണ് ഇവരുടെ സ്ഥാനം. അതുകൊണ്ട് തന്നെ ഇവരെ സ്വീഡിഷ് അഗതാ ക്രിസ്റ്റി എന്നും വിശേഷിപ്പിക്കുന്നുണ്ട്.

സ്വീഡനിലെ ഒരു തീരദേശ ഗ്രാമമായ ഫ്യാൽബാക്കയിലാണ് കഥ നടക്കുന്നത്. അവിടെ അലക്‌സാന്ദ്ര ബെക്‌നർ എന്ന യുവതിയുടെ ദാരുണമായ മരണം ആ നാടിനെ പിടിച്ചു കുലുക്കുകയാണ് . മരണപ്പെട്ട അന്ന് അലക്‌സാന്ദ്രയുടെ വയറ്റിലുണ്ടായിരുന്നത് ഫിഷ് കാസറോളും അൽപ്പം ആപ്പിൾ മദ്യവുമാണ് .അടുക്കള തിണ്ണയിൽ ഒരു കുപ്പി വെളുത്ത വൈൻ ഇരിപ്പുണ്ടായിരുന്നു. അതിൽ നിന്ന് ഒരു ഗ്ലാസ്സ് എടുത്തിട്ടുണ്ട് . എന്നാൽ അലക്‌സാന്ദ്രയുടെ വയറ്റിൽ വൈനുണ്ടായിരുന്നില്ല. അടുക്കളയിലെ സിങ്കിൽ രണ്ടു ഗ്ലാസ്സുകൾ കിടന്നിരുന്നു . ഒരു ഗ്ലാസ്സിൽ അലക്‌സാന്ദ്രയുടെ വിരലടയാളം കൃത്യമായി പതിഞ്ഞിട്ടുണ്ട് . മറ്റേ ഗ്ലാസ്സിൽ ഒന്നും തന്നെയില്ല . അതോടെ ഇതൊരു വെറും മരണമല്ല എന്നു തെളിയുകയാണ്. ഡിറ്റക്റ്റീവ് പാട്രിക് ഹെഡ്‌സ്‌ട്രോം ഈ കേസിലേക്ക് ചൂഴ്ന്നിറങ്ങുന്നതോടെ , അലക്‌സാന്ദ്രയുടെ ജീവിതത്തിലെ സങ്കീർണ്ണമായ പല പാളികളും തുറക്കപ്പെടുകയാണ്. നഗരത്തിലെ ഇറുകിയ ജനസഞ്ചയത്തിനുള്ളിൽ കുഴിച്ചിട്ട പല രഹസ്യങ്ങളും അയാൾ വലിച്ചു പുറത്തിടാൻ ശ്രമിക്കുമ്പോൾ നോവൽ മറ്റൊരു തലത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

സമൃദ്ധമായി വികസിപ്പിച്ച കഥാപാത്രങ്ങളാണ് നോവലിലുള്ളത് . നോവലിൻ്റെ വലിപ്പം കൂടാൻ അതൊരു കാരണമാണെന്ന് തോന്നുന്നു .മറ്റൊരു കാര്യം ഡിറ്റക്റ്റീവ് പാട്രിക് ഹെഡ്‌സ്‌ട്രോമിൻ്റെത് ഒരു അതിമാനുഷിക കഥാപാത്രമല്ല എന്നുള്ളതാണ്. വായനക്കാരുമായി ഇടപഴകുന്ന ഒരു നായകനാണയാൾ. അന്വേഷണവുമായി മുന്നോട്ട് പോകുമ്പോൾ അയാളുടെ ബുദ്ധിയും സഹാനുഭൂതിയും മറ്റു മാനുഷിക ദുർബലതകളുമൊക്കെ നമുക്കു മുന്നിൽ വെളിപ്പെടും. അത്രമേൽ സങ്കീർണ്ണമായാണ് അയാളുടെ വ്യക്തിജീവിതം നോവലിൽ എഴുതി ചേർത്തിരിക്കുന്നത്.

കഥാപാത്രങ്ങളുടെ പല രഹസ്യങ്ങളും മുൻകാല സംഭവങ്ങളുമൊക്കെ ഉൾക്കൊള്ളുന്ന വ്യത്യസ്തമായ നിരവധി വ്യക്തിത്വങ്ങളുടെ ഒരു കൂട്ടം തന്നെ എഴുത്തുകാരി നോവലിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് . ഇരയുടെ മാതാപിതാക്കൾ മുതൽ അവളുടെ ബാല്യകാല സുഹൃത്തുക്കൾ വരെയുള്ള കഥാപാത്രങ്ങൾ ആഴത്തിലും സൂക്ഷ്മതയിലും ഇവിടെ അവതരിപ്പിക്കപ്പെടുന്നുണ്ട് .

കഥയുടെ മുന്നോട്ടുള്ള ഗതിയിൽ വിഷാദവും അസ്വസ്ഥതയും കൂടിക്കലർന്ന ഒരു അവസ്ഥയിൽ നോവൽ എത്തിച്ചേരുന്നുണ്ട് . സ്കാൻഡിനേവിയലിലെ ഭൂപ്രകൃതിയും, അവിടുത്തെ കടുത്ത ശൈത്യകാലവും വിജനമായ സൗന്ദര്യവുമൊക്കെ കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥകളുടെ ഒരു പ്രതിഫലനമായാണ് അനുഭവപ്പെടുന്നത്. കഥാപാത്രങ്ങളുടെ കുടുംബബന്ധങ്ങളുടെ സങ്കീർണ്ണതകൾ, വ്യക്തിജീവിതത്തിലെ ദുരന്തത്തിന്റെ ആഘാതം, ഭൂതകാലവും വർത്തമാനവും തമ്മിലുള്ള പരസ്പരബന്ധം എന്നിവയൊക്കെ സമൃദ്ധമായി അടയാളപ്പെടുത്താൻ എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട് . .

ട്വിസ്റ്റുകകളെ കൃത്യമായി പ്രതിഷ്ഠിക്കുന്നതിൽ ലക്ക്ബെറിയുടെ ആഖ്യാന വൈദഗ്ദ്ധ്യം പലയിടങ്ങളിലും പ്രകടമാണ്. തങ്ങൾ സത്യം തുറന്നുകാട്ടിയെന്ന് വായനക്കാർ വിശ്വസിക്കാൻ തുടങ്ങുമ്പോൾ തന്നെ അപ്രതീക്ഷിതമായ വെളിപ്പെടുത്തലുകളിലൂടെ അവരെ തിരികെയിരുത്താൻ ഒരു പരിധി വരെ അവർക്ക് സാധിച്ചിട്ടുമുണ്ട് . ഉദ്വേഗം നിലനിർത്തിക്കൊണ്ട് തന്നെ കഥാപാത്രങ്ങളുടെ മാനസിക ആഴങ്ങൾ ആസ്വദിക്കാൻ വായനക്കാർക്ക് വഴിയൊരുക്കുന്നതിൽ അവർ ഒരുപരിധി വരെ വിജയിച്ചിട്ടുണ്ടെന്ന് പറയാം. .

രഹസ്യങ്ങളുടെ സങ്കീർണ്ണമായ വലയും, വേട്ടയാടുന്ന അന്തരീക്ഷവും കൊണ്ട് വായനക്കാരെ ആകർഷിക്കുന്ന, ആവേശകരവും ചിന്തിപ്പിക്കുന്നതുമായ ഒരു നോവലായി കമീല ലക്ബെറിയുടെ മഞ്ഞു രാജകുമാരിയെ വിശേഷിപ്പിക്കാം . കഥാപാത്രവികസനത്തിന്റെ ആഴം, തണുത്തുറഞ്ഞ സ്കാൻഡിനേവിയൻ പശ്ചാത്തലം, ഗഹനമായ തീമുകളുടെ പര്യവേക്ഷണം എന്നിവ ഈ നോവലിനെ അതിന്റേതായ ഒരു ക്ലാസിലേക്ക് ഉയർത്തുന്നുമുണ്ട്.

സ്വഭാവവികസനത്തിലും, സൂക്ഷ്മവിവരണങ്ങളിലുമുള്ള ലക്ബെറിയുടെ ശ്രദ്ധ നോവലിനെ സമ്പന്നമാക്കുമ്പോൾ തന്നെ ചില വായനക്കാർക്ക് നോവൽ വായന ചിലപ്പോൾ അൽപ്പം മന്ദഗതിയിലായേക്കാം. ഇതിവൃത്തത്തിന്റെ ക്രമാനുഗതമായ വികാസം, ആഴത്തിലുള്ള അനുഭവത്തിന്റെ അവിഭാജ്യഘടകമാണെങ്കിലും മഞ്ഞു രാജകുമാരിയെന്ന ഈ നോവൽ , വേഗതയേറിയ ക്രൈം ത്രില്ലർ അന്വേഷിക്കുന്നവരുടെ ക്ഷമ പരീക്ഷിച്ചേക്കാൻ നല്ല സാധ്യതയുണ്ട്

സിക്സ്ഇയർപ്ലാൻബുക്സ് ആണ് പുസ്തകം മലയാളത്തിൽ പുറത്തിറക്കിയിരിക്കുന്നത്, വിവർത്തനം ചെയ്തിരിക്കുന്നത് ശ്രീദേവി വടക്കേടത്തും. 480 പേജുകളുള്ള പുസ്തകത്തിന്റെ വില 596 രൂപ.

മൂന്നു കുരുടൻ ചുണ്ടെലികളും മറ്റു കഥകളും

വിവർത്തനത്തിൽ നഷ്ടപ്പെടുന്നതെന്താണോ അതെത്രെ കവിത എന്നു പറഞ്ഞത് റോബർട്ട് ഫോസ്റ്റാണ്. ഇവിടെ ഈ പുസ്തകത്തിൽ നഷ്ടപ്പെട്ടത് അതിന്റെ ആത്മാവാണെന്ന് ഞാൻ പറയും. അഗതാ ക്രിസ്റ്റിയുടെ ചില കുറ്റാന്വേഷണ കഥകളാണ് സിസി ബുക്സ് ഇറക്കിയ ‘മൂന്നു കുരുടൻ ചുണ്ടെലികളും മറ്റു കഥകളും’ എന്ന പുസ്തകത്തിലുള്ളത്.

പൊയ്റോട്ട് ആൻഡ് ദി റെഗുലർ കസ്റ്റമർ, ദി കിഡ്നാപ്പിങ്ങ് ഓഫ് ജോണി വേവർലി , ദി തേർഡ് ഫോർ ഫ്ലാറ്റ് തുടങ്ങിയ കഥകളൊക്കെ വായിച്ചിട്ടുള്ളവർ ഇതിന്റെ മലയാള പരിഭാഷ, വെറുതെ സമയം കൊല്ലാൻ വേണ്ടി മാത്രം വായിക്കണമെന്നുണ്ടെങ്കിൽ മാത്രം വായിക്കാനെടുക്കുന്നതാണ് നല്ലത്.ശരാശരി നിലവാരത്തിൽ താഴെയുള്ള , നാടകീയത മുഴച്ചു നിൽക്കുന്ന ചെടിപ്പിക്കുന്ന വിവർത്തന ഭാഷ നിങ്ങളെ നിരാശരാക്കിയില്ലെങ്കിൽ അത്ഭുതമെന്നേ പറയേണ്ടൂ.

ഉന്മാദിയുടെ യാത്ര

പ്രശസ്ത നിരൂപകനായ റിച്ചാർഡ് ലകായോ തയാറാക്കിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 നോവലുകളുടെ പട്ടികയിൽ ഉൾപ്പെട്ട നോവലാണ് ജാക്ക് കെറോവാക്കിന്റെ ഓൺ ദി റോഡ് എന്ന നോവൽ. 1957 ൽ പ്രസിദ്ധീകരിച്ച ഇത് കെറോവാക്കിന്റെ ആത്മകഥാപരമായ നോവലായാണ് കരുതപ്പെടുന്നത് . മലയാളത്തിലേക്കു ഉന്മാദിയുടെ യാത്ര എന്നപേരിൽ ഈ നോവൽ വിവർത്തനം ചെയ്തിരിക്കുന്നത് ഡോ. അശോക് ഡിക്രൂസാണ്. അദ്ദേഹത്തിന്റെ മികച്ച ഒരു വിവർത്തനം തന്നെയാണ് ഉന്മാദിയുടെ യാത്ര.

അമേരിക്കൻ നോവലിസ്റ്റും ബീറ്റ് ജനറേഷന്റെ ഭാഗമായ ഒരു കവിയുമായിരുന്നു കെറോവാക്ക്. അമേരിക്കയുടെ സുവർണ്ണകാലം എന്ന് പലരും വിശേഷിപ്പിക്കുന്ന ഒരു കാലഘട്ടത്തിൻറെ വിവരണമാണ് ഈ നോവലിൽ കാണാനാകുക.

മദ്യം, ലൈംഗികത, മയക്കുമരുന്ന്,സംഗീതം എന്നിവയാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന സാൽ, ഡീൻ എന്ന രണ്ട് സുഹൃത്തുക്കളെക്കുറിച്ചാണ് ഈ നോവൽ മുഖ്യമായും പറയുന്നത്. സാലും, സുഹൃത്തുക്കളും സാമൂഹിക ഉത്തരവാദിത്വങ്ങളെ കുറിച്ചുള്ള ബോധങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് യാതൊരുവിധത്തിലുള്ള നിബന്ധനകളോ കെട്ടുപാടുകളോ ഇല്ലാതെ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഭാവിയെ കുറിച്ചുള്ള ആശങ്ക തെല്ലുമില്ലാതെ അവരുടെ യാത്ര മുന്നോട്ടുപോകുമ്പോൾ തീർച്ചയായും വായനക്കാർക്കും അത്തരമൊരു ജീവിതത്തെക്കുറിച്ചു സ്വപ്നം കാണാൻ തോന്നിയാൽ തെല്ലും അത്ഭുതമില്ല. നോവലിൽ,മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി വിവരണങ്ങൾ കാണാം. ലൈംഗികതയുൾപ്പെടെയുള്ള ഇതേ വിഷയങ്ങളുടെ ദുരുപയോഗത്തെ മഹത്വപ്പെടുത്തുന്ന പരാമർശങ്ങൾ നോവലിൽ പലയിടത്തും കാണാനാകും.

ചില സമയത്തുള്ള തുടർച്ചയായ സന്തോഷം, പലപ്പോഴും മറ്റുള്ളവരെ വേദനിപ്പിക്കുന്നതിലൂടെ നേടിയെടുക്കുന്ന ഒരു തരം ഫാസിസമാണ് . നോവലിലെ സാലിന്റെ പ്രിയ സുഹൃത്തു ഡീൻ, അത്തരമൊരു കഥാപാത്രമാണ്. പണം കണ്ടെത്താൻ ഏതുവഴിയും സ്വീകരിക്കുന്നയാളാണ് ഡീൻ. കാറുകളോ സൂപ്പർമാർക്കറ്റിൽനിന്നും ഭക്ഷണം മോഷ്ടിക്കുന്നതൊ അയാൾക്കൊരു പ്രശ്നമേയല്ല.
അയാൾക്ക്‌ പ്രധാനം വിനോദം മാത്രമാണ്, മറ്റുള്ളവരുമായുള്ള ബന്ധങ്ങൾക്ക്‌ അയാൾ വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല . ഉറ്റസുഹൃത്തായിരുന്നിയിട്ടു കൂടി മെക്സിക്കോയിൽ വച്ച് സാലിന് പനി ബാധിച്ച സമയത്തു ഡീൻ അവനെ ഉപേക്ഷിച്ചു പോകുന്നുണ്ട്.

സാലിന്റെയും ഡീനിന്റെയും അമേരിക്കയിലൂടെയും മെക്സിക്കോയിലൂടെയുമൊക്കെയുള്ള സഞ്ചാരങ്ങൾ വായനക്കാരുടെ മനസ്സിനെ അലോസരപ്പെടുത്താൻ തക്കവിധമുള്ളതാണ് .അവർ എല്ലായ്പ്പോഴും സന്തുഷ്ടരാണ്.അല്ലെങ്കിൽ അങ്ങനെ കരുതാൻ ഇഷ്ടപ്പെടുന്നവരാണ്.മുന്നോട്ടുള്ള യാത്രകളിൽ അവർ പലരീതിയിലും പണം സമ്പാദിക്കുന്നുണ്ട്‌. അതിലെ ശരികേടുകളെ കുറിച്ച് അവർ ഒരിക്കൽ പോലും ചിന്തിക്കുന്നേയില്ല.

പാറ്റേഴ്സൺ മുതൽ മരിൻ സിറ്റി വരെയും റോക്കി മൗണ്ട് മുതൽ സാൻ ഫ്രാൻസിസ്കോ വരെയും ഡെൻവർ മുതൽ ലോംഗ് ഐലൻഡ് വരെയും ഏറ്റവും ഒടുവിൽ ന്യൂയോർക്ക് മുതൽ മെക്സിക്കോ സിറ്റി വരെയും എന്നിങ്ങനെ നാല് യാത്രകളിലായാണ് നോവൽ വിഭജിക്കപ്പെട്ടിരിക്കുന്നത്. ഉന്മാദിയുടെ യാത്ര ഒരു നോവലാണെകിലും ഓർമ്മക്കുറിപ്പിനോട് അനുസ്മരിപ്പിക്കും വിധത്തിലാണ് അതിന്റെ ആഖ്യാനം.

വാസ്തവത്തിൽ നോവലിലെ സാലും ഡീനും മറ്റാരുമല്ല, കെറോവാക്കും അദ്ദേഹത്തിന്റെ സുഹൃത്ത് നീൽ കസാഡിയുമാണ്. യഥാർത്ഥ ജീവിതത്തിൽ കെറോവാക്ക് തന്റെ സുഹൃത്തിൽ പൂർണ്ണമായും ആകൃഷ്ടനായതുപോലെ .നോവലിലെ നായകനും ഡീനിനെ ആരാധിക്കുന്നതായി കാണാം. ആത്മകഥാപരമായ നോവലായതുകൊണ്ട് തന്നെ നോവൽ പുറത്തിറങ്ങിയ നാൾ മുതൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒരു കുറവും ഉണ്ടായിട്ടില്ല. ലൈംഗിക ബന്ധങ്ങളെക്കുറിച്ചുള്ള തുറന്നെഴുത്തുകൾ പിന്നീട് മാറ്റിയെഴുതിയാണ് പിന്നീട് ഈ കാണുന്ന രൂപത്തിൽ നോവൽ പ്രസിദ്ധീകരിച്ചതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. മയക്കുമരുന്ന്, മദ്യം, ലൈംഗികത എന്നിവക്കപ്പുറം സ്വതന്ത്ര ജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ക്ലാസിക് നോവലായി തന്നെയാണ് മിക്ക നിരൂപകരും ഈ പുസ്തകത്തെ കണക്കാക്കുന്നത്.

ആദ്യത്തെ ഒന്ന് രണ്ടദ്ധ്യായങ്ങൾ കഴിഞ്ഞാൽ നോവലിന്റെ ഒഴുക്ക് വളരെ വേഗത്തിലാണ്. അതിനുള്ളിൽ വായന മടുത്തു നിർത്തി പോയാൽ നഷ്ടമായിരിക്കും എന്ന് ഓർമിപ്പിച്ചുകൊള്ളട്ടെ. ഡിസി ബുക്ക്സ് ആണ് മലയാളത്തിൽ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്, വില 460 രൂപ.

ക്ലിയോപാട്രയോടൊപ്പം ഒരു രാത്രി

കവി,നോവലിസ്റ്റ്,നാടകകൃത്ത്,ചിത്രകാരൻ,സാഹിത്യ-കലാനിരൂപകൻ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള ഒരു ബഹുമുഖ പ്രതിഭയായിരുന്നു തിയോഫിൽ ഗോത്തിയെ. ഈജിപ്തിലെ രാജ്ഞിയായ ക്ലിയോപാട്രയുടെ ജീവിതത്തിലെ ഒരു സാങ്കൽപ്പിക പ്രണയവും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ക്ലിയോപാട്രയോടൊപ്പം ഒരു രാത്രി എന്ന ചെറുകഥയുടെ ചട്ടക്കൂടിൽ കൊള്ളുന്ന ഈ പുസ്തകത്തിന്റെ പ്രമേയം.

1867 ലാണ് ഈ കഥ ഫ്രഞ്ച് ഭാഷയിൽ ആദ്യമായി വെളിച്ചം കാണുന്നത്. തന്റെ വേനൽക്കാല കൊട്ടാരത്തിലേക്ക് നൈൽ നദിയിലൂടെ യാത്ര ചെയ്യുന്ന ക്ലിയോപാട്രയെ വിവരിച്ചുകൊണ്ടാണ് ഈ കഥ ആരംഭിക്കുന്നത്.യാത്രാ മദ്ധ്യേ ഒരു രാത്രിയിൽ, “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് എഴുതിയിരിക്കുന്ന ഒരു പാപ്പിറസ് ചുരുൾ കിട്ടിയപ്പോഴാണ് തന്നെ അഗാധമായി പ്രണയിക്കുന്ന മിയാമോൺ എന്ന യുവാവിനെക്കുറിച്ചറിയുന്നതും അത്രയും ദൂരം അവൻ നൈൽ നദിയിലൂടെ തന്നെ പിന്തുടരുകയുമായിരുന്നു എന്നും റാണി മനസ്സിലാക്കുന്നത്.

അടുത്ത ദിവസം തന്റെ നീരാട്ട് ആസ്വദിച്ചു കൊണ്ട് നിൽക്കുന്ന മിയാമോണിനെ റാണി ആദ്യം മരണ ശിക്ഷ വിധിക്കുകയും പിന്നീട് അവനോടു ക്ഷമിക്കുകയുമാണ് ചെയുന്നത്. പക്ഷേ അവളെ അമ്പരിപ്പിച്ചുകൊണ്ടു അവൻ തന്റെ മരണത്തിനായി യാചിക്കുകയാണ് ചെയ്തത്. അതിനു മുൻപ് തന്റെ ഒരു അതിഗംഭീരമായഒരു സ്വപ്നം സാക്ഷാത്കരിക്കണമെന്ന അവന്റെ ആവശ്യം റാണി സമ്മതിക്കുകയും ചെയ്യുന്നു. മഹത്തായ ആ രാത്രിക്കു ശേഷമുള്ള സംഭവങ്ങളും മാർക് ആന്റണിയുടെ വരവുമാണ് പിന്നീടുള്ള സംഭവവികാസങ്ങൾ. 1887 ൽ ഫ്രഞ്ച് ചിത്രകാരനായ അലക്സാന്ദ്രെ കാബനെൽ വരച്ച തന്റെ തടവുകാരിൽ വിഷം പ്രയോഗ പരീക്ഷണം നടത്തുന്ന ക്ലിയോപാട്ര യുടെ ചിത്രമാണ് മലയാള വിവർത്തന പുസ്തകത്തിന്റെ മുഖചിത്രമായി കൊടുത്തിരിക്കുന്നത്. ആ ചിത്രം ഈ കഥയുമായി അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.

വർണ്ണങ്ങളേക്കാൾ വാക്കുകൾ കൊണ്ട് വരയ്ക്കുന്നത് എളുപ്പമാണ് എന്നഭിപ്രായപ്പെട്ടിരുന്ന ഗോത്തിയെ,പ്രണയത്തിന്റെ എഴുത്തുകാരനുമായിരുന്നു. പ്രണയത്തിന്റെ ആ കാവ്യഭംഗി കഥയിലുടനീളം അവതരിപ്പിക്കാൻ കലാകാരനായ ഗോത്തിയേക്ക് അനായാസം കഴിഞ്ഞിട്ടുണ്ട്.

ഫ്രഞ്ച് കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയെ ആധാരമാക്കിയാണ് സജയ് കെ വി ഇതിന്റെ മലയാള വിവർത്തനം ചെയ്തിട്ടുള്ളത്. 1882 ൽ പുറത്തിറങ്ങിയ ലാഫ്കാഡിയോ ഹെർനിൻ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത One of Cleopatra’s Nights and Other Fantastic Romances എന്ന ചെറുകഥാ സമാഹാരത്തിലാണ് ഈ കഥ കണ്ടിട്ടുള്ളത്. ഈ പുസ്തകത്തെ അടിസ്‌ഥാനപ്പെടുത്തിയാകും സജയ് ഇതിന്റെ മലയാള വിവർത്തനം നടത്തിയിട്ടുണ്ടാകുക എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. സുഭാഷ് ചന്ദ്രന്റെ അവതാരികയോടു കൂടി പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് മാതൃഭൂമി ബുക്സാണ്.

സുജാതയുടെ രണ്ടു കുറ്റാന്വേഷണ നോവലുകൾ

തമിഴിലെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ എഴുത്തുകാരിലൊരാളാണ് എസ്.രംഗരാജൻ. പക്ഷെ സുജാത എന്നപേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. തമിഴിലെ അതിനാടകീയത നിറഞ്ഞ ചരിത്ര സാമൂഹ്യ നോവലുകളുടെ ബഹളത്തിനിടയിൽ സുജാതയുടെ നോവലുകൾ വേറിട്ടു നിന്നു . കുറ്റാന്വേഷണത്തിനായി അദ്ദേഹം സൃഷ്‌ടിച്ച ഗണേഷ്-വസന്ത് കഥാപാത്രങ്ങൾ വലിയ തോതിൽ അവിടെ സ്വീകരിക്കപ്പെട്ടു. ഈ രണ്ടു കഥാപാത്രങ്ങളുടെ ഒരു അന്വേഷണ രീതി പെറിമേസൺ കൃതികളെ ഓർമിപ്പിക്കുന്നവയാണ് . ഗണേഷും വസന്തും പ്രത്യക്ഷപ്പെടുന്ന മറുപടിയും ഗണേഷ്,വിപരീത കോട്പാട് എന്നീ കൃതികളാണ് അവതാര പുരുഷൻ, വെട്ടിമാറ്റിയ അക്ഷരങ്ങൾ എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ പുസ്തകത്തിൽ രണ്ടു നോവലുകളും ചേർത്തിട്ടുണ്ട്.

1978 കാലഘട്ടത്തിലെ ഒരു കഥയാണ് അവതാരപുരുഷൻ എന്ന നോവലിൽ പറയുന്നത്. അപ്രത്യക്ഷമായി എന്ന് പറയപ്പെടുന്ന തന്റെ ഭാര്യയിൽ നിന്നും തനിക്ക് വിവാഹമോചനം വേണമെന്നു ആവശ്യപ്പെട്ടുകൊണ്ട് കുറ്റാന്വേഷണസംഘത്തെ സമീപിക്കുന്ന സ്വാമിനാഥനിലൂടെയാണ് കഥ ആരംഭിക്കുന്നത്. തന്റെ ഭാര്യ പ്രതിമ എങ്ങോട്ടു പോയെന്നു അയാൾക്ക്‌ ഒരുപിടിയുമില്ല. പരപുരുഷ ബന്ധമാണ് സ്വാമിനാഥൻ അവളിൽ ആരോപിക്കുന്നത്.എന്നാൽ അവരെ പൂർണ്ണമായി തള്ളിക്കളയാൻ അയാൾക്ക്‌ കഴിയുന്നുമില്ല. തന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന തരുണ എന്ന സ്ത്രീയെ വിവാഹം കഴിക്കാൻ സ്വാമിനാഥന് തന്റെ ഭാര്യയിൽ നിന്നും വിവാഹമോചനം നേടേണ്ടതുണ്ട്. അവരെ അന്വേഷിക്കാൻ ഇറങ്ങിത്തിരിക്കുകയാണ് ഗണേഷും വസന്തും. . അത്യന്തം നാടകീയമായ സംഭവ വികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.അതിചടുലമായി തന്നെ കഥ പറയുന്നതിൽ എഴുത്തുകാരൻ വിജയിച്ചിട്ടുണ്ട്.സാഹസികത നിറഞ്ഞ തന്ങ്ങളുടെ നീക്കങ്ങളിലൂടെ പ്രതിമയ്ക്ക് എന്ത് സംഭവിച്ചു എന്ന് തെളിയിക്കുകയാണ് ഗണേഷും വസന്തും.

വെട്ടിമാറ്റിയ അക്ഷരങ്ങൾ എന്ന നോവലിലെ പ്രധാന കഥാപാത്രങ്ങൾ ശൈലജയും പ്രഭാകറുമാണ്. ആഗ്രഹിച്ചതൊക്കെ നേടിയ വ്യക്തിയാണ് പ്രഭാകർ.ജോലിയിലും,നിത്യ ജീവിതത്തിലും അയാൾ വിജയിയായ ഒരു മനുഷ്യനാണ്. പക്ഷെ എട്ടു വർഷത്തെ ദാമ്പത്യ ജീവിതത്തിൽ അയാൾക്ക്‌ ഒരു കുഞ്ഞു പിറന്നിട്ടില്ല എന്നൊരു ചെറിയൊരു ദുഃഖം അയാളെ വേട്ടയാടിക്കൊണ്ടിരിന്നു. ശൈലജയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഗണേഷും വസന്തും രംഗത്തെത്തുന്നത്. ശൈലജക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്ന് പ്രഭാകറിന് സംശയമുണ്ട്. അതുകൊണ്ടയാൾ ബിസിനെസ്സ് ആവശ്യത്തിനായി യാത്ര തിരിക്കുന്നതിന് മുന്നേ തന്റെ ഭാര്യയെ നിരീക്ഷിക്കാൻ ഒരാളെ ഏർപ്പാടാക്കുകയാണ് . ഒന്ന് രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു വരുന്നതു വരെ തന്റെ ഭാര്യ എവിടെയൊക്കെ പോകുന്നു ആരെയൊക്കെ കാണുന്നു എന്നൊക്കെ കണ്ടുപിടിക്കാൻ അയാൾക്ക്‌ കഴിഞ്ഞേക്കും എന്ന് പ്രഭാകരക്കുറപ്പായിരുന്നു. പക്ഷെ ഭാര്യയുടെ മരണ വാർത്തയാണ് പിന്നീടയാളെ കാത്തിരുന്നത്. ഇതിലെ കുറ്റാന്വേഷണത്തിനു വഴിത്തിരിവാകുന്ന സമാനമായ ഒരു സംഭവം ഫോറൻസിക് ഫയൽസ് എന്ന സീരീസിൽ കണ്ടിട്ടുണ്ട്. സാധാരണ കണ്ടു വരുന്നപോലെ കഥയുടെ അവസാന ഭാഗത്തുമാത്രം കുറ്റകൃത്യത്തിനു പിന്നിലുള്ള ആളെ വെളിച്ചത്തു കൊണ്ട് വരുന്നതിനു പകരം ഈ കഥയിൽ ഒരു ഭാഗത്തു വച്ച് കുറ്റവാളിയെ നമുക്ക് മുന്നിലേക്ക്‌ ഇട്ടു തരികയാണ് എഴുത്തുകാരൻ ചെയ്തിട്ടുള്ളത്. കുറ്റവാളിയെ ആദ്യമേ നമുക്ക് വെളിപ്പെടുത്തുകയും എന്നാൽ കേസ് ആത്മഹത്യയിലേക്കും എഴുതിത്തള്ളുന്ന ഈ സംഭവത്തിന്റെ പിറകിലുള്ള സത്യം അത്യതം ബുദ്ധിപരമായ നീക്കങ്ങളിലൂടെ പുറത്തുകൊണ്ടുവരികയാണ് ഗണേഷും വസന്തും.

ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് ഡോ രാധാകൃഷ്ണൻ പാട്യമാണ്. വില 170 രൂപ

ദ്രൗപദി-ആന്ധ്രയിൽ കോളിളക്കം സൃഷ്ടിച്ച നോവൽ

കഥാപാത്രങ്ങളുടെ എണ്ണം കൊണ്ടും സംഭവങ്ങളുടെ ബാഹുല്യം കൊണ്ടും ഒരു അക്ഷയഖനി തന്നെയാണ് മഹാഭാരതം . ഏതു തരത്തിലുളള കഥാപാത്രങ്ങളെയും ഇതിൽ കണ്ടെത്താനാകും. മനുഷ്യന്റെ എല്ലാത്തരത്തിലുമുള്ള സ്വഭാവ സവിശേഷതകൾ ഇതിൽ കാണാനാകുമെന്നുള്ളതാണ് മഹാഭാരതത്തിന്റെ ഒരു പ്രത്യേകത. മനുഷ്യ മനസ്സുകളെക്കുറിച്ച് ഇത്രത്തോളം കൈകാര്യം ചെയ്തിട്ടുള്ള ഒരു സാഹിത്യ കൃതി വേറെ ഉണ്ടോ എന്ന് സംശയമാണ്. ഒരു പക്ഷെ അക്കാരണം കൊണ്ടാകാം ‘ഇതിലുള്ളത് മറ്റു പലതിലും കണ്ടേക്കാം.ഇതിലില്ലാത്തത് മാറ്റൊരിടത്തും കാണുകയില്ല’ എന്ന് മഹാഭാരതത്തെ കുറിച്ചു പറയുന്നത്.

മഹാഭാരതം പോലുള്ള പുരാണകഥകളിൽ നിന്ന് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുകയും അവരെ മനുഷ്യത്വപരമായ വീക്ഷണകോണിൽ നിന്നുകൊണ്ട് ആധുനിക ജീവിത ചലനാത്മകതയോടെ പുന:രവതരിപ്പിക്കുകയുമാണ് പൊതുവെ സാഹിത്യകാരന്മാർ ചെയ്തുപോന്നിട്ടുള്ളത്. യാർലഗഡ്ഡ ലക്ഷ്മി പ്രസാദിന്റെ ‘ദ്രൗപദി’ എന്ന നോവലിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം വേണ്ടുവോളം എടുത്തുപോയോഗിച്ചിട്ടുള്ള നോവലാണിത്. ദ്രൗപദിയുടെ ജനന രഹസ്യം മുതൽ മരണം വരെയുള്ള സംഭവങ്ങളാണ് നോവലിന്റെ പ്രമേയം.

കൃഷ്ണ വർണ്ണമുള്ളതിനാൽ കൃഷ്ണ,ദ്രുപദന്റെ പുത്രിയായതിനാൽ ദ്രൗപദി,യജ്ഞവേദിയിൽ നിന്നും ജനിച്ചതിനാൽ യാജ്ഞസേനി,പാഞ്ചാല രാജപുത്രിയായതിനാൽ പാഞ്ചാലി. അങ്ങനെ പേരുകൾ നിരവധിയുണ്ട് കഥാ നായികയ്ക്ക്. ദ്രുപദ പുത്രിയും പാണ്ഡവരുടെ പത്നിയുമായ ദ്രൗപദിയുടെ കഥയെ ആധുനിക പശ്ചാത്തലത്തിൽ വിലയിരുത്തുന്നതോടൊപ്പം കഥാപാത്രത്തിന്റെ മനഃശാസ്ത്രപരമായ ഒരു അപഗ്രഥനം കൂടി ഇവിടെ നടത്തുന്നുണ്ട്.

കുരുക്ഷേത്രയുദ്ധത്തിന്റെ അവസാന നാളുകളിലെ ഒരു സുപ്രഭാതത്തിലാണ് കഥ തുടങ്ങുന്നത്. യുദ്ധത്തിന്റെ ദാരുണമായ അനന്തരഫലങ്ങളിൽ ദുഃഖിതയായ ദ്രൗപദി, അശ്വത്ഥമാവ് നടത്തിയ കൂട്ടക്കൊലയിൽ തന്റെ പങ്കിനെക്കുറിച്ച് ആത്മപരിശോധന നടത്തുവാൻ നിർബന്ധിതയായിരിക്കുക്കുന്ന ആ ഒരു നിമിഷം മുതൽ അവരുടെ പൊയ്‌പ്പോയ ജീവിതമത്രയും നമ്മുടെ മുന്നിൽ തെളിയുകയാണ്. രാവിലെ ദ്രൗപതിയെ ഉണർത്തിയ നകുലൻ, ദ്രൗപതിയുടെ അഞ്ച് പുത്രന്മാരെ രാത്രിയിൽ അശ്വത്ഥാമാവ് വധിച്ച കഥ പറയുകയാണ് . യുദ്ധക്കളത്തിൽ തന്റെ സഹോദരന്റെയും പുത്രന്മാരുടെയും മൃതദേഹങ്ങൾ കണ്ടപ്പോൾ ദ്രൗപതിക്ക് സങ്കടവും ദേഷ്യവും തോന്നി. അവൾ അശ്വത്ഥാമാവിനെ കൊല്ലുവാനും ,അവരുടെ ചെയ്തികൾക്ക് പ്രതികാരം ചെയ്യാൻ ഭർത്താക്കന്മാരെ പ്രേരിപ്പിക്കുകയും ചെയ്തു.എന്നാൽ അശ്വത്ഥാമാവിനെ വധിക്കാൻ ഭീമനെയും കൂട്ടരെയും അയച്ചു കഴിയുമ്പോഴേക്കും തനിക്കുണ്ടായ ആ ചിന്തയിൽ അവർ പശ്ചാത്തപിക്കുന്നുണ്ട്. ഇപ്പോൾ അവസാനിക്കാനിരിക്കുന്ന ആ മഹായുദ്ധത്തിന്റെ പഴിമുഴുവൻ തനിക്കു മേലെ ചാർത്തിതരാൻ ലോകം മുഴുവൻ കാത്തിരിക്കുന്നുണ്ടെന്ന ബോധ്യമാകാം അത്തരമൊരു പുനർചിന്തയുടെ ഒരു കാരണം. അതുമല്ലങ്കിൽ താൻ കാരണം ഇനിയും ഒരു ചോരപ്പുഴ ഒഴുകുന്നത് കാണാൻ ശക്തിയില്ലാഞ്ഞിട്ടുകൂടിയാകാം.

ദ്രൗപദിയുടെ ആത്മസംഘർഷങ്ങളുടെ കെട്ടഴിഞ്ഞു വീഴുന്നത് സ്വയംവരത്തിന് ശേഷമുള്ള ധർമപുത്രരുമായുള്ള ആദ്യരാത്രിയിലാണ്. അദ്ദേഹത്തിന്റെ സ്വഭാവത്തെ അടുത്തറിയുന്നതും, മനസ്സിലാക്കുന്നതും അപ്പോൾ മാത്രമാണ് . ആദ്യരാത്രികൊണ്ടു തന്നെ ഒരു സ്ത്രീ എങ്ങനെയാണ് ആതമവഞ്ചന നടത്തേണ്ടതെന്ന് ദ്രൗപദി മനസ്സിലാക്കി.വസ്ത്രാക്ഷേപ സഭയിൽ ദുര്യോധന സഹോദരനായ വികർണ്ണൻ കാണിച്ച നീതിമര്യാദകളും,ഔചിത്യ ബോധവും അവിടെ ഉണ്ടായിരുന്ന മഹാരഥർക്കുണ്ടായിരുന്നില്ല.എന്നാൽ സത്യം പറയുന്നവരെ വിഡ്ഢിയാക്കി ചെറുതാക്കി മൂലക്കിരുത്തുന്ന സ്വഭാവം തന്നെയാണ് കർണ്ണൻ അപ്പോളവിടെ ചെയ്തത്. ഒരു മനുഷ്യനിൽ തന്നെ അധമവും,ഉന്നതവുമായ വ്യക്തിത്വം ഒരുമിച്ചുണ്ടാകുമോ എന്ന സംശയം ആ നിമിഷം ദ്രൗപദിക്കുണ്ടായി. തന്റെ സ്വയംവര ദിവസം കർണ്ണന്റെ സംസ്കാരവും,വസ്ത്രാക്ഷേപ സമയത്ത് നീചത്വവും അവൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടിരുന്നു .

നോവലിൽ ദ്രൗപദിയുടെ ഏറ്റവും അടുത്ത സുഹൃത്ത് അവരുടെ അമ്മായിയമ്മയായ കുന്തിയാണ് . ദ്രൗപദിയ്‌ക്ക്‌ കുന്തിയുമായുള്ള അടുപ്പം വളരെ വ്യക്തമായി നോവലിൽ വരച്ചു കാട്ടുന്നുണ്ട്. അവർക്കു തമ്മിൽ ചില കാര്യങ്ങളിലെങ്കിലും സമാനതകളുണ്ടല്ലോ. ദ്രൗപതിയെപ്പോലെ കുന്തിക്കും വ്യതിരിക്തമായ പുരുഷ ബന്ധങ്ങളുണ്ടായിരുന്നു . ദ്രൗപദിയുടെ ജീവിതത്തിൽ കടന്നു വന്ന പല സങ്കീർണ്ണ ഘട്ടങ്ങളിലെയും മാനസിക സംഘർഷങ്ങളും ധർമ്മസങ്കടങ്ങളും മനസ്സിലാക്കുകയും അവർക്കു മാനസിക സാന്ത്വനം നല്കാൻ ശ്രമിക്കുന്നതും കുന്തിയാണ്.
പ്രതികാരം ചെയ്യാനുള്ള ആഗ്രഹത്തിന്റെ കാര്യത്തിൽ സ്വാർത്ഥമനസ്സുള്ളവളായി കണ്ട് എപ്പോഴും വിമർശിക്കപ്പെടുന്ന ഒരു കഥാപത്രമാണ് ദ്രൗപദി . കൗരവ സഭയിൽ എല്ലാവരാലും എല്ലാ രീതിയിലും അപമാനിക്കപ്പെട്ട ഒരു സ്ത്രീ തന്നെ അപമാനിച്ചവരോട് കണക്ക് ചോദിക്കുന്നതിൽ തെറ്റ് കാണാനാവില്ല.

മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ അടിസ്ഥാന സ്വഭാവങ്ങൾക്കും ലക്ഷ്യങ്ങൾക്കും വിരുദ്ധവും വ്യത്യസ്തവുമായാണ് ഈ നോവലിലെ കഥാപാത്ര നിർമ്മിതിയെങ്കിലും ദ്രൗപദിയെ ആധുനിക സ്ത്രീവാദ പരിപ്രേഷ്യത്തിൽ അവതരിപ്പിക്കുവാനുള്ള ഒരു ശ്രമമാണ് എഴുത്തുകാരനിവിടെ നടത്തിയിട്ടുള്ളത് .ദ്രൗപതിയുടെ സ്വഭാവം സൂക്ഷ്മമായ വൈവിധ്യത്തോടെ അവതരിപ്പിക്കുന്നതിൽ എഴുത്തുകാരൻ പൂർണ്ണമായി വിജയിച്ചിട്ടുണ്ടോ എന്നുള്ളതും സംശയമാണ്. മഹാഭാരതത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും പൊളിച്ചെഴുതാനുള്ള ഒരു ശ്രമം എഴുത്തുകാരന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. പഞ്ചപാണ്ഡവന്മാർ ,ധൃതരാഷ്ട്രർ, ഭീഷ്മർ, ദ്രോണർ തുടങ്ങി ശ്രീകൃഷ്ണനെ വരെ ആ പരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

അടിസ്ഥാന വിശ്വാസങ്ങളെ ലംഘിക്കുന്ന മാറ്റങ്ങളെ ഒരു സമൂഹവും സ്വാഗതം ചെയ്യില്ല. ആ മാറ്റങ്ങൾ ആ കഥാപാത്രങ്ങളുടെ തലത്തെ അഗാധത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ , സ്വാഭാവികമായും വായനക്കാരുടെ വികാരങ്ങൾ മുറിവേൽപ്പിക്കപ്പെടും .ലക്ഷ്മി പ്രസാദിന്റെ ദ്രൗപദി എന്ന നോവലിനും സംഭവിച്ചത് അത് തന്നെയായിരുന്നു. നോവൽ പുറത്തിറങ്ങിയപ്പോൾ ആന്ധ്രയിൽ ഒരു കോളിളക്കം തന്നെ അത് സൃഷ്‌ടിച്ചു . ദ്രൗപദിയെ ഒരു കാമഭ്രാന്തിയാക്കി ചിത്രീകരിച്ചു എന്നുള്ളതായിരുന്നു ആ വിവാദത്തിന്റെ പിന്നിൽ. ദ്രൗപദിയെയും പാണ്ഡവരെയും ശ്രീകൃഷ്ണനെയും മോശമായി കാണിക്കുകയും , ദ്രൗപദിയും ശ്രീകൃഷ്ണനും തമ്മിലുള്ള ബന്ധത്തെ അവിഹിത പ്രണയബന്ധമായി അവതരിപ്പിച്ചതും ഒട്ടേറെ പേരെ ചൊടിപ്പിച്ചു. വസ്ത്രാക്ഷേപ സമയത്തു ആ സഭയിലുണ്ടായിരുന്ന ധൃതരാഷ്ട്രരുൾപ്പെടെയുള്ള മുതിർന്നവർ പോലും ദ്രൗപദിയുടെ സൗന്ദര്യം കാണാൻ ആഗ്രഹിച്ചു.അത് നേരിൽ കാണാൻ കഴിയാതെ തന്റെ അന്ധതയെ ശപിക്കുന്നുണ്ടിവിടെ കൗരവ രാജാവ്. ദ്രൗപദി അപ്പോൾ ഒരു ദാസിയാണെന്നുള്ള കാര്യത്തിൽ സന്തോഷമുണ്ടാക്കുകയും തന്റെ അന്ധതയ്ക്ക് കാരണമായ സ്വന്തം അമ്മയെ മനസ്സിൽ പഴിക്കുകയും ചെയ്യുന്നുണ്ട് ധൃതരാഷ്ട്രർ. വ്യാസൻ സൃഷ്‌ടിച്ച ശ്രീകൃഷ്ണ ദ്രൗപദി ബന്ധത്തെ കാമം നിറഞ്ഞ പ്രണയമാക്കി മാറ്റുക വഴി തങ്ങളുടെ ആരാധനാ പുരുഷനെയും പഞ്ചകന്യകമാരിൽ ഒരാളായി കരുതി പൂജിക്കുന്ന ദ്രൗപദിയെയും എഴുത്തുകാരൻ മോശമായി ചിത്രീകരിച്ചു എന്നു വിമർശകർ ആരോപിച്ചു.

രാമായണത്തെയും മഹാഭാരതത്തെയും ആസ്പദമാക്കി നിരവധി കൃതികൾ പല ഭാഷകളിൽ രചിക്കപ്പെട്ടിട്ടുണ്ട്. പലതരത്തിലുള്ള വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. ദ്രൗപതി എന്ന ഈ നോവലിന്റെ കാര്യത്തിലും അത്തരത്തിൽ പരിഗണിക്കേണ്ട ഒരു വിഷയം മാത്രമേ ഉണ്ടായിട്ടുള്ളൂ .ഇത് മഹാഭാരതത്തിലെ വ്യാസന്റെ ദ്രൗപദിയല്ല . ലക്ഷി പ്രസാദിന്റെ ദ്രൗപദിയാണ് .അതിനെ വ്യാസഭാരതവുമായി താരതമ്യപ്പെടുത്തുന്നതിൽ ഒരർത്ഥവുമില്ല .ഈ നോവൽ അതേപടി നോവൽ വ്യാസമഹാഭാരതത്തെ പിന്തുടരുകയാണെങ്കിൽ പിന്നെ ഈ നോവലിൽ എന്ത് പുതുമയാണുണ്ടാകുക? പക്ഷെ ഇത് വായിച്ചിട്ടു അപ്പോൾ ഇതായിരുന്നു മഹാഭാരതത്തിലെ ദ്രൗപദി എന്ന് പറയുന്നവരോട് സഹതാപം മാത്രമേ തോന്നുകയുള്ളൂ.

മുൻപ് സൂചിപ്പിച്ചപ്പോലെ മഹാഭാരതത്തിൽ നിന്നും ഉണ്ടായിടുള്ള സാഹിത്യകാരന്മാരുടെ ദ്രൗപദി സൃഷ്ടികൾ ഇത് ആദ്യത്തേതോന്നുമല്ല .

‘തേജസ്വിനി ദ്രൗപദി’ (ഡോ:പദ്മാകർ വിഷ്ണു വർതക് )-മറാത്തി
‘കൃഷ്ണ, കുന്തി, ഏവം കൗന്തേയൊ’ (നൃസിംഗപ്രസാദ് ഭാദുരി)-ബംഗാളി
‘ദ്രൗപദി’ (പരിണീത ശർമ്മ)-ആസാമീസ്
ദ്രൗപദി’ (രാജേന്ദ്ര താപ്പ)-നേപ്പാളി
ദ്രൗപദി’ (ഡോ:പ്രതിഭ റോയ് )-നേപ്പാളി
ദ്രൗപദി’ (കാജൽ ഓജ വൈദ്യ ) -ഗുജറാത്തി
യാജ്ഞസേനി (പ്രതിഭ റോയ്)-ഒറിയ
കൃഷ്ണ’ (സുരേന്ദ്രനാഥ് സത്പതി)-ഒറിയ
ഗാന്ധാരി കുന്തി ദ്രൗപതി (കുലമണി ജെന)–ഒറിയ
ദ്രൗപദി (ശുകദേവ സാഹു)–ഒറിയ
‘പാഞ്ചാലി’ (ബച്ചൻ സിങ്ങ്)-ഹിന്ദി
ദ്രൗപദി കി ആത്മകഥ–ഹിന്ദി
പാഞ്ചാലി’ (സുശീൽ കുമാർ )-ഹിന്ദി
യാജ്ഞസേനി (രാജേശ്വർ വസിഷ്ഠ)-ഹിന്ദി
‘പാഞ്ചാലി’ (സാച്ചി മിശ്ര )-ഹിന്ദി
സൗശില്യ ദ്രൗപദി (കസ്തൂരി മുരളീകൃഷ്ണ ) -തെലുങ്ക്
യാജ്ഞസേനി (ത്രോവാഗുണ്ടവെങ്കട സുബ്രഹ്മണ്യ)–തെലുങ്ക്
തെലുഗിന്തികൊച്ചിന ദ്രൗപതി (എം.വി. രമണ റെഡ്ഡി)–തെലുങ്ക്
ദ പാലസ് ഓഫ് ഇല്യൂഷൻസ് (ചിത്ര ബാനർജി ദിവകരുണി)-ഇംഗ്ലീഷ്
ദ്രൗപദി ദ അബാൻഡൺഡ് ക്വീൻ’ (താക്കൂർ സിൻഹ)-ഇംഗ്ലീഷ്
Ms Draupadi Kuru: After the Pandavas (തൃഷ ദാസ്)–ഇംഗ്ലീഷ്
PANCHAALI THE PRINCESS OF PEACE (സാനിയ ഇനാംദാർ)-ഇംഗ്ലീഷ്
Draupadi: The Fire-Born Princess (സരസ്വതി നാഗ്‌പാൽ )-ഇംഗ്ലീഷ്
SONG OF DRAUPADI-(ഇറാ മുഖോതി)–ഇംഗ്ലീഷ്
Draupadi: The Tale of an Empress(സായി സ്വരൂപ ഐയ്യർ )-ഇംഗ്ലീഷ്
I am ‘DRAUPADI’ – Me through My own eyes(സൗരവ് ഖന്ന)-ഇംഗ്ലീഷ്
Draupadi: A Saga of Love, Life & Destiny (ഇഷിത സെൻ)–ഇംഗ്ലീഷ്
യാജ്ഞസേനി (തിരുവല്ല ശ്രീനി)-മലയാളം
യാജ്ഞസേനി (ഡോ :കെ പി രജനി )-മലയാളം
ദ്രൗപദി (പ്രതിഭാ റായ്)-മലയാളം (വിവർത്തനം)
മായാമന്ദിരം (ചിത്രാ ബാനർജി)-മലയാളം (വിവർത്തനം)
പാഞ്ചാലിയുടെ ഏഴുരാത്രികൾ (വിനയശ്രീ)-മലയാളം

തുടങ്ങിയവ അവയിൽ ചിലതു മാത്രം.

ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഡോക്ടറേറ്റ് നേടിയ ഗവേഷകൻ കൂടിയാണ് യാർലഗഡ്ഡ ലക്ഷ്മി പ്രസാദ് .തന്റെ ഈ നോവൽ ഹിന്ദിയിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് അദ്ദേഹം തന്നെയാണ്. 2010 ലെ കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് നേടിയ കൃതികൂടിയാണ് ദ്രൗപദി. ഈ നോവൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് ആർ ശശിധരനും , സി രാധാമണിയും ചേർന്നാണ്. പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കേന്ദ്ര സാഹിത്യ അക്കാദമിയും. 280 പേജുകളുള്ള പുസ്തകത്തിന്റെ വില 140 രൂപ.

റാണി ചെന്നമ്മ കിത്തൂരിലെ വീരവനിത

കർണ്ണാടകത്തിൽ ബൽഗാരിനും ധാർവാറിനും മദ്ധ്യത്തിൽ പൂനെ-ബാംഗ്ലൂർ ദേശീയ പാതയോടു ചേർന്നുള്ള രണ്ടു ചെറിയ കുന്നുകൾകൾക്കപ്പുറം കാണപ്പെടുന്ന നഗരമാണ് ഇന്നത്തെ കിട്ടൂർ. ഈ സ്ഥലത്തെ റാണിയായയിരുന്ന ചെന്നമ്മയാണ് ഇന്ത്യയിൽ ആദ്യമായി ശക്തമായ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായി തലയുയർത്തിയ നാട്ടുരാജ്യ പ്രമാണി. ചരിത്രത്തെ നാടോടി രേഖകൾക്കപ്പുറം സത്യസന്ധമായ ഒരു ജീവചരിത്രമാണ് റാണി ചെന്നമ്മ എന്ന പുസ്തകമെന്ന് ഇതിന്റെ എഴുത്തുകാരൻ സദാശിവ വോഡയാർ പറയുന്നു. കിട്ടൂർ രാജവംശത്തിന്റെ സ്ഥാപകരായ ഹീരെ മല്ല ഷെട്ടിയും ചീക്കാമല്ല ഷെട്ടിയും അവരുടെ ആ രാജവംശവും 1585 മുതൽ 1824 വരെ 239 കൊല്ലമാണ് ഭരണം നടത്തിയത് . വീരപ്പ ഗോഡറുടെ ഭരണകാലത്താണ് കിട്ടൂരിനെ ഹൈദരാലി ആക്രമിക്കുന്നത്, 1778 ൽ. അദ്ദേഹത്തിന്റെ മരണത്തോടെ മല്ലസർജ്ജനെ കുടുംബത്തിലേക്ക് ദത്തെടുക്കുകയുണ്ടായി. കിട്ടൂർ രാജവംശത്തിലെ പന്ത്രണ്ടു രാജാക്കന്മാരിലും വച്ച് ഏറ്റവും സമർത്ഥനായ രാജാവായിരുന്നു മല്ലസർജ്ജൻ. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്ന ചെന്നമ്മയാണ് ഇവിടുത്തെ വീരനായിക.

നിസ്സാരവും വ്യക്തിപരമായ താല്പര്യങ്ങളിൽ കലഹിച്ചിരുന്ന നാട്ടുരാജാക്കന്മാരുടെ ഇടയിലും മികച്ച ഭരണം നടത്താൻ മല്ലസർജ്ജനു കഴിഞ്ഞിരുന്നു. കിട്ടൂരിന്റെ ഭരണ ചരിത്രത്തിൽ ഏറ്റവും മഹനീയവും വിഷമം പിടിച്ച കാലഘട്ടവും ഇത് തന്നെയായിരുന്നു. പ്രതിവർഷം ലക്ഷക്കണക്കിന് രൂപ നികുതി ലഭിച്ചിരുന്ന കിട്ടൂരിന് സ്വന്തമായി ഒരു കമ്മട്ടം തന്നെ ഉണ്ടായിരുന്നുവെത്രെ. ആ രാജ്യത്തിന്റെ ശാപം അവിടുത്തെ ഐശ്വര്യം തന്നെയായിരുന്നു. സിംഹാസനത്തിലേറി മൂന്നു വർഷം തികയുന്നതിനു മുൻപെ ടിപ്പു കിട്ടൂരിന്റെ വടക്കുഭാഗത്തെ കോട്ടആക്രമിച്ചു. പക്ഷേ ടിപ്പുവിനെ തുരത്തിയോടിക്കുകയാണുണ്ടായത്. മല്ലസർജ്ജന്റെ ആദ്യ റാണി രുദ്രമ്മ ഈ യുദ്ധത്തിൽ പങ്കെടുത്തതായി പറയപ്പെടുന്നുണ്ട്. അവർ തല്ലൂരിലെ ദേസായിയുടെ പ്രസിദ്ധ കുടുംബത്തിൽപ്പെട്ടവളായിരുന്നു. ആ കുടുംബത്തിന്റെ അനന്തര തലമുറക്കാർ ഇപ്പോഴുമുണ്ട് എന്നു പറയപ്പെടുന്നു.

ഏതാനും മാസങ്ങൾക്ക് ശേഷം രണ്ടാം ആക്രമണം ഉണ്ടായി. മൂന്നു വർഷത്തോളം തടവുപുള്ളിയായി കിടക്കേണ്ടി വന്നു മല്ലസർജ്ജന്. അദ്ദേഹത്തിന്റെ മരണ ശേഷം മൂത്ത പുത്രൻ ശിവലിംഗ രുദ്ര സർജ്ജൻ രാജ്യഭരണം ഏറ്റെടുത്തു. എട്ടു വർഷത്തെ ഭരണത്തിനു ശേഷം അദ്ദേഹത്തിന്റെ മരണത്തോടെ റാണി ചെന്നമ്മ പരിപൂർണ്ണ അധികാരം ഏറ്റെടുത്തുകൊണ്ടു കിട്ടൂരിലെ രാജ്ഞിയായി. ബ്രിട്ടീഷുകാരുമുണ്ടായ യുദ്ധത്തിൽ ധീരമായ ചെറുത്തുനിൽപ്പാണ് അവർ നടത്തിയത്. കോട്ടയെ പ്രതിരോധിച്ചു നിർത്തുന്നതിൽ പ്രകടിപ്പിച്ച വൈഭവം ബ്രിട്ടീഷുകാരെ അമ്പരിപ്പിച്ചു കളഞ്ഞു. ഉടമ്പടി ഉണ്ടാക്കി ചതിയിൽപ്പെടുത്തുക എന്ന ഒരു തന്ത്രം ബ്രിട്ടീഷുകാർ ഇവിടെയും പ്രയോഗിച്ചു. പോരാത്തതിന് സ്വന്തം പാളയത്തിലും ചതിപ്രയോഗം നടന്നു. വെടിമരുന്നിൽ മായം കലർത്തിയായിരുന്നു അത്. ചെറിയ സംസ്ഥാനത്തിന്റെ കൊച്ചുസൈന്യത്തെ ഭീമമായ ബ്രിട്ടീഷ് സൈന്യം കൂട്ടകൊല ചെയ്തു. അഞ്ചു കൊല്ലത്തോളം ഹോംഗൽ കോട്ടയിൽ തടവിൽ കിടന്ന ശേഷമായിരുന്നു അവരുടെ മരണം.

ചെറുത്തു നില്പിനായുള്ള ചെറിയ ശ്രമങ്ങൾ അങ്ങിങ്ങായി ഉണ്ടായിരുന്നുവെങ്കിലും തദ്ദേശീയരായ ആളുകളുടെ ചതിപ്രയോഗങ്ങൾ അതിനെയെല്ലാം തല്ലിക്കെടുത്തി. ഇത്തരം സംഭവങ്ങൾ സ്വന്തം സാമ്രാജ്യം ഏകീകരിക്കാൻ ബ്രിട്ടീഷുകാർക്ക് സഹായകവുമായി. ചെന്നമ്മയുടെ പുത്രവധുവായ വീരച്ചയെ ധാർവാർ കളക്ടറായിരുന്ന ഒരു മിസ്റ്റർ ബാബർ വിഷം കൊടുത്തു കൊന്നതായാണ് പറയപ്പെടുന്നത്.
(ഈ ബാബർ തന്നെയാണോ പഴശ്ശി രാജയെ പിടികൂടിയ ബാബർ എന്നൊരു സംശയമുണ്ട്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചെങ്കിലും ലഭ്യമായില്ല)

പിന്നീട് തുടർച്ചയായി ലഹളകൾ നടന്നു. 1833,1836,1837,1845,1857 വർഷങ്ങളിൽ ഒക്കെ നടന്ന ലഹളകളിൽ നിരവധിപേർ മരിച്ചുവീണു. ഈ കലാപങ്ങളാണ് ബഹുജനപ്രക്ഷോഭങ്ങളുടെ നാന്ദി കുറിച്ചതെന്ന് പറയപ്പെടുന്നു. 1857 ലെ ആദ്യത്തെ സ്വതന്ത്ര്യസമരത്തിന്റെ വിത്ത് വിതച്ചത് റാണി ചെന്നമ്മയുടെ യുദ്ധമായിരുന്നു. അവരുടെ നേതൃത്വ പാടവവും,ധൈര്യവും, ദേശഭക്തിയും സാഹസികതയും തെല്ലൊന്നുമല്ല ബ്രിട്ടീഷുകാരെ വലച്ചത്. അവരുടെ അവസാന കാലത്തെ പോരാട്ടങ്ങളെ കുറിച്ച് പുസ്തകം വിശദമായി കൈകാര്യം ചെയ്യുന്നുണ്ട്. അവരുടെ ജീവ ചരിത്രത്തെ സംബന്ധിച്ച് മലയാളത്തിൽ വേറെ പുസ്തകങ്ങൾ ഉണ്ടോ എന്നറിഞ്ഞുകൂടാ. സദാശിവ വൊഡയാർ എഴുതിയ ഈ പുസ്തകം നാഷണൽ ബുക്ക് ട്രസ്ട് ഓഫ് ഇന്ത്യ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പക്ഷേ ആരാണ് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതെന്നുള്ള വിവരം ലഭ്യമായില്ല.

ഹെൻറിറ്റ ടെംപിളും ചന്തുമേനോന്റെ ഇന്ദുലേഖയും

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ ഡിസ്രേലി 1837 ൽ ലോർഡ് ബീക്കൺസ്‌ ഫീൽഡ് എന്ന തൂലികാ നാമത്തിൽ എഴുതിയ നോവലാണ് ഹെൻറിറ്റ ടെംപിൾ. ചന്തുമേനോന്റെ ഇന്ദുലേഖയിൽ പരാമർശവിഷയമായ നോവലാണിത്.അതുകൊണ്ടു തന്നെ ഈ നോവൽ പലപ്പോഴും ചർച്ചാവിഷയമായിരുന്നു.അതിനു പിന്നിലെ കഥ വിശദമായി പുസ്തകത്തിന്റെ അവതാരികയിൽ ശ്രീ എം എം ബഷീർ വിവരിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ മലയാള വിവർത്തകയായ ശോഭ നമ്പൂതിരിപ്പാട് എങ്ങനെ ഇതിലേക്കെത്തപ്പെട്ടുവെന്നും വിവർത്തനസമയത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും അദ്ദേഹം പറയുന്നുണ്ട്. അവരുടെ വിവർത്തനം കണ്ടിട്ടാകണം പരിഭാഷ സർഗ്ഗ പ്രക്രിയക്ക് സമാനമാണ് അദ്ദേഹം ഇവിടെ അഭിപ്രായപ്പെട്ടിട്ടുള്ളത്. നോവൽ പുറത്തിറങ്ങിയിട്ടു 128 വർഷങ്ങൾക്കു ശേഷമാണ് ഹെൻറിറ്റ ടെംപിൾ എന്ന നോവലിന് മലയാളത്തിൽ ഒരു വിവർത്തനം വരുന്നത്. ബെഞ്ചമിൻ ഡിസ്രേലിയുടെ ആത്മകഥാംശമുള്ള ഒരു നോവൽ കൂടിയാണിത്.

ഒരു കുലീന കത്തോലിക്കാ കുടുംബത്തിൽ പിറന്നയാളാണ് ഫെർഡിനാൻഡ് ആർമിൻ. തന്റെ പൂർവികരുടെ ജീവിതശൈലി കാരണം ഇപ്പോൾ അവരുടെ കുടുംബം കടക്കെണിയിൽപെട്ടുകിടക്കുകയാണ്. ഫെർഡിനാൻഡ് തന്റെ മാതൃപിതാവായ ലോർഡ് ഗ്രാൻഡിസനു ഏറെ പ്രിയപ്പെട്ടവനാണ് . അതുകൊണ്ടു തന്നെ അദ്ദേത്തിന്റെ കാലശേഷം ഗ്രാൻഡിസന്റെ എസ്റ്റേറ്റ് അവകാശം തനിക്കു തന്നെ വന്നു ചേരുമെന്ന് മറ്റുള്ളവരെ പോലെ തന്നെ ഫെർഡിനാൻഡും കരുതിപോന്നു.വമ്പിച്ച സ്വത്തു കൈവരും എന്ന പ്രതീക്ഷയിൽ അതിരുവിട്ട ജീവിതശൈലി നയിക്കുന്ന ഫെർഡിനാൻഡ് വലിയ കടങ്ങൾ വാങ്ങികൂട്ടുന്നു. എന്നാൽ പ്രതീക്ഷിച്ചതിൽ നിന്നും വിഭിന്നമായി ഗ്രാൻഡിസൺ മരണ ശേഷം സ്വത്തുക്കളെല്ലാം അദ്ദേഹത്തിന്റെ ചെറുമകൾ കാതറിന് വന്നു ചേരുകയാണ്. ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തിയ ഫെർഡിനാൻഡ് തന്റെ കടം വീട്ടാനുള്ള ഏക പോംവഴി തന്റെ ബന്ധുവായ കാതറിനെ വിവാഹം കഴിക്കുകയാണെന്ന് മനസ്സിലാക്കുകയും അവളോട് തന്റെ വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്യുന്നു. അത്തരമൊരു അസുഖകരമായ മാനസികാവസ്ഥയിൽ അലയുന്ന ഫെർഡിനാൻഡ് തൊട്ടടുത്ത എസ്റ്റേറ്റിലെ വാടകക്കാരായ ഹെൻറിറ്റ ടെമ്പിളിനെയും അവളുടെ പിതാവിനെയും കണ്ടുമുട്ടുന്നു. ഫെർഡിനാൻഡും ഹെൻറിറ്റയും തൽക്ഷണം പ്രണയത്തിലാകുകയും വിവാഹഉടമ്പടി രഹസ്യമായി നടത്തുകയും ചെയ്യുന്നു. കാതറിനുമായുള്ള വിവാഹനിശ്ചയം അവസാനിപ്പിക്കണമെന്ന് കരുതി കാര്യങ്ങൾ മുന്നോട്ടു നീങ്ങവേ അവിടം സംങ്കീർണ്ണമാക്കിക്കൊണ്ടു നിരവധി സംഭവ പരമ്പരകൾ അരങ്ങേറുകയാണ്.

പുസ്തകം അതിന്റെ രചനകാലഘട്ടത്തെ സാമൂഹികാവസ്ഥകളെയും, നടപ്പുരീതികളെയും കുറിച്ച് മനസ്സിലാക്കാൻ വായനക്കാരെ സഹായിക്കും. പൊതുവേ രാഷ്ട്രീയവിഷയങ്ങൾ കടന്നു വരാറുള്ള ഡിസ്രേലിയുടെ രചനകളിൽ നിന്നും വ്യത്യസ്തമായി ഒരു പ്രണയകഥയാണ് ഹെൻറിറ്റ ടെംപിളിൽ പറയാൻ ശ്രമിച്ചിട്ടുള്ളത്.

നോവൽ പ്രസിദ്ധീകൃതമായപ്പോൾ മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചത്. കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഈ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് ശോഭ നമ്പൂതിരിപ്പാടാണ്. വില 450 രൂപ.